ഇരുപത്തിനാല്
ഒന്ന്
അവനിൽ ഏതുഘട്ടം മുതൽക്കാണ് മാറ്റങ്ങൾ വന്നുതുടങ്ങിയത്, മാറ്റങ്ങളുടെ സ്വഭാവം എന്തായിരുന്നു, ദ്വന്ദാത്മകത ഏതൊക്കെ തലത്തിലാണ് പ്രവർത്തിച്ചത്, അവൻ മിഥ്യാസങ്കൽപങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്നതിന്റെ ആദ്യഘട്ടം ഏതായിരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റിയൊന്നും കൃത്യമായൊരു ധാരണ സ്വരൂപിക്കാൻ എനിക്ക് കഴിഞ്ഞില്ല.
1975 അവസാനം മുതൽ 80 മാർച്ച് വരെയുള്ള നാലുകൊല്ലത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം (ഈ കാലത്തും മൂന്നുനാല് മാസം കൂടുമ്പോൾ ഏതാനും ദിവസങ്ങൾ ഞാൻ എരിപുരത്തുണ്ടായിരുന്നു.) ഞാൻ മിക്കവാറും എല്ലാ ഞായറാഴ്ചകളിലും അവനെ കാണുന്നുണ്ടായിരുന്നു. ഓണം, ക്രിസ്മസ് അവധിക്കാലത്തും സമ്മർവെക്കേഷനിലും ഏതാണ്ട് എല്ലാ ദിവസവും അവനോട് എന്തെങ്കിലുമൊക്കെയായി ഞാൻ സംസാരിച്ചിരുന്നു.
പക്ഷേ, 1982 മുതൽ പടിപടിയായി സ്‌കിസോഫ്രേനിയ അവന്റെ മാനസികവ്യാപാരങ്ങൾക്കുമേൽ പിടിമുറുക്കുകയായിരുന്നു എന്ന കാര്യം എനിക്ക് മനസ്സിലായില്ല. 1990 മുതൽക്കാണ് അവൻ ശരിക്കും രോഗിയായത്. അതിനു മുമ്പ് അലസത, ഉത്തരവാദിത്വങ്ങളിൽനിന്ന് പിന്മാറാനുള്ള വാസന ഇവയൊക്കെയാണ് അവൻ പ്രദർശിപ്പിച്ചിരുന്നത്. 82 മുതൽ തുടർച്ചയായി അവൻ പഠനത്തിൽ നിന്നും പരീക്ഷകളിൽ നിന്നും പിൻവാങ്ങുമ്പോൾ അത് മനോരോഗത്തിലേക്ക് വീണുതുടങ്ങുന്നതിന്റെ ലക്ഷണമാണെന്നൊന്നും ആരും മനസ്സിലാക്കിയില്ല. അവന്റെ സ്വഭാവത്തിലും സാധാരണ പെരുമാറ്റത്തിലും രോഗത്തിന്റെ യാതൊരു സൂചനയും ഇല്ലായിരുന്നു.
ചെറുപ്പത്തിലേ അവൻ സഹോദരിമാരോട് ചിലപ്പോഴൊക്കെ ദേഷ്യപ്പെട്ട് സംസാരിക്കാറുണ്ടായിരുന്നു, അടിപിടി കൂടാറുണ്ടായിരുന്നു, അതൊക്കെ കുട്ടിക്കളിയായി മാത്രമേ അവർ കണക്കാക്കിയിരുന്നുള്ളൂ. ഒരു കാര്യത്തിൽ വളരെ താൽപര്യപൂർവം ഇടപെട്ടുകൊണ്ടിരിക്കെ പെട്ടെന്ന് അതിൽ നിന്ന് പിന്മാറി രണ്ടോ മൂന്നോ ദിവസത്തേക്ക് ആരുമായും ബന്ധപ്പെടാതിരിക്കുന്ന സ്വഭാവമുണ്ടായിരുന്നു അവന് എന്ന് അവന്റെ മരണാനന്തരമാണ് സുഹൃത്തുക്കളിൽ നിന്നറിയാൻ
കഴിഞ്ഞത്. അവസാനത്തെ ഒന്നൊന്നര വർഷക്കാലത്തിനിടയിൽ ഒന്നുരണ്ട് തവണ അവന്റെ പെരുമാറ്റം അൽപം പരുക്കനായിരുന്നതൊഴിച്ചാൽ ഒരിക്കലും അവൻ എന്നോട് മോശമായി പെരുമാറിയിരുന്നില്ല. രോഗിയായിരിക്കെത്തന്നെ പല ദിവസങ്ങളിലും, ചിലപ്പോൾ ആഴ്ചകളോളം തന്നെ അവന്റെ സംസാരത്തിലോ
പെരുമാറ്റത്തിലോ രോഗത്തിന്റെ ഒരു സൂചനയും ഉണ്ടായിരുന്നില്ല. തികച്ചും
നോർമലായി വളരെ അച്ചടക്കത്തോടെ കാര്യങ്ങളെല്ലാം ചെയ്യുന്ന
പ്രകൃതമായിരുന്നു അപ്പോഴൊക്കെ അവന്റേത്.
ഞാൻ അവന്റെ കഥകൾ മോഷ്ടിക്കുന്നു എന്ന തോന്നലുണ്ടായിക്കൊണ്ടിരുന്നപ്പോഴും എന്റെ എഴുത്തിനെ അവൻ അത്യധികം ഇഷ്ടപ്പെടുന്നുണ്ടായിരുന്നു
സ്‌കിസോഫ്രേനിയയുടെ ലക്ഷണങ്ങളിലൊന്നായ മിഥ്യാബോധമാണ് രോഗം ഒരുഘട്ടം പിന്നിട്ടപ്പോൾ അവന് പ്രധാനമായും ഉണ്ടായിരുന്നത്. അവനെഴുതുന്നതെല്ലാം മോഷ്ടിച്ച് ഞാൻ എന്റെ പേരിൽ പ്രസിദ്ധീകരിക്കുന്നു എന്ന തോന്നൽ അവൻ ആദ്യം വിജയൻ മാഷുടെ മുന്നിലും പിന്നെ മറ്റ് ചിലരുടെ അടുത്തും വെളിപ്പെടുത്തിയതിനു ശേഷം മാത്രമാണ് അവൻ ശരിക്കും രോഗിയായിത്തീർന്നിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായത്. അപ്പോൾ പോലും അതൊരു താൽക്കാലികാവസ്ഥയായിരിക്കുമെന്നും വേണ്ടത്ര ആത്മവിശ്വാസം സൃഷ്ടിക്കാൻ പറ്റുമെങ്കിൽ അവൻ അതിൽ നിന്ന് രക്ഷപ്പെടുമെന്നും ഞാനും സുഹൃത്തുക്കളും ആദ്യമൊക്കെ ആഗ്രഹിച്ചുപോയിരുന്നു; അല്ലെങ്കിൽ തെറ്റിദ്ധരിച്ചു പോയിരുന്നു. എത്ര ശ്രമിച്ചാലും അത് നടക്കില്ലെന്ന് വളരെ വൈകിയേ ഞങ്ങൾക്ക് ബോധ്യപ്പെട്ടുള്ളൂ. അപ്പോൾപ്പോലും ഞങ്ങൾ ശ്രമം ഉപേക്ഷിച്ചില്ല.
ഒരു സിനിമ സംവിധാനം ചെയ്യണം, ധാരാളം കഥകളെഴുതണം എന്നൊക്കെയായിരുന്നു അവസാന മാസങ്ങളിൽ അവന്റെ ആഗ്രഹം. സിനിമ സംവിധാനം ചെയ്യുന്നതിന്റെ പ്രായോഗിക പ്രയാസങ്ങളെക്കുറിച്ചൊന്നും അവൻ ആലോചിച്ചിരുന്നതേയില്ല. താനൊരു സിനിമ ഉണ്ടാക്കും എന്ന് തീരുമാനിച്ചുറച്ച മട്ടിലായിരുന്നു അവന്റെ സംസാരം. അതിനൊക്കെ ഒരുപാട് ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ പറഞ്ഞത് അവൻ കാര്യമാക്കിയതേയില്ല. കുറച്ചുനാൾ ഈയൊരു മോഹത്തിന്റെ പുറകെ നടന്ന് അത് ഉപേക്ഷിച്ചുകൊള്ളും, തുടരെത്തുടരെ നിരുത്സാഹപ്പെടുത്തുന്നു എന്ന തോന്നലുണ്ടാക്കേണ്ട എന്നു കരുതി സിനിമാ സംസാരം ഞാൻ പെട്ടെന്ന് നിർത്തിയിരുന്നു.
ഞാൻ ഗൗരവത്തിലെടുക്കുന്നില്ല എന്ന് മനസ്സിലായതോടെ സിനിമയെപ്പറ്റി എന്നോട് സംസാരിക്കുന്നത് അവനും നിർത്തിയിരുന്നു. കുറേനാൾ സിനിമ കാണൽ തന്നെയായിരുന്നു അവന്റെ ജോലി എന്ന് അവന്റെ മരണശേഷം മാത്രമാണ് ഞാൻ അറിഞ്ഞത്. അവന് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ അടൂർ ഗോപാലകൃഷ്ണന്റെ "അനന്തര'മായിരുന്നു. ഞാൻ അവന്റെ കഥകൾ മോഷ്ടിക്കുന്നു എന്ന തോന്നലുണ്ടായിക്കൊണ്ടിരുന്നപ്പോഴും എന്റെ എഴുത്തിനെ അവൻ അത്യധികം ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. വിദേശ എഴുത്തുകാരിൽ അവന് ഏറ്റവും പ്രിയപ്പെട്ട ആൾ ഡോസ്റ്റോയെവ്സ്‌കി ആയിരുന്നു. മറ്റ് വൈദേശിക സാഹിത്യകാരന്മാരുടെ കൃതികൾ വായിക്കുന്നതിൽ അവൻ വലിയ താൽപര്യം കാണിച്ചിരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
ജീവിതകാലം മുഴുവൻ ചികിത്സിക്കുകയാണെങ്കിൽ രോഗിയെ ഒരു വിധത്തിൽ നിലനിന്നു പോകാൻ സഹായിക്കാനാവും, അതിനപ്പുറം ഒന്നും ചെയ്യാനാവില്ല എന്നിടത്തു തന്നെയാണ് മനോരോഗചികിത്സ ഇപ്പോഴും നിൽക്കുന്നത്
രണ്ട്
സ്‌കിസോഫ്രേനിയയുടെ ലക്ഷണങ്ങൾ വിസ്തരിക്കുന്നതിനപ്പുറം കടന്ന് ഈ രോഗത്തിന്റെ കാരണങ്ങളെക്കുറിച്ച് ഉറപ്പായി എന്തെങ്കിലും പറയാനോ, രോഗത്തെ പ്രതിരോധിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് വ്യക്തമാക്കുന്നതിനോ മനോരോഗവിദഗ്ധർക്ക് കഴിഞ്ഞിട്ടുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ജനിതകഘടകങ്ങൾ, മസ്തിഷ്‌കത്തിന് സംഭവിക്കുന്ന ഘടനാപരവും രാസപരവുമായ മാറ്റങ്ങൾ, ശൈശവത്തിൽ ഏൽക്കുന്ന മാനസികാഘാതങ്ങൾ ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾ ഇവയെല്ലാറ്റിന്റെയും ഫലമായാണ് ഒരു വ്യക്തി സ്‌കിസോഫ്രേനിയയിൽ എത്തിച്ചേരുന്നത് എന്നേ ഇപ്പോഴും അവർക്ക് പറയാനാവുന്നുള്ളൂ. ചികിത്സയുടെ കാര്യത്തിലും ഇതേവരെ കാര്യമായൊരു പുരോഗതിയുണ്ടായതായി കരുതാനാവില്ല. ജീവിതകാലം മുഴുവൻ ചികിത്സിക്കുകയാണെങ്കിൽ രോഗിയെ ഒരു വിധത്തിൽ നിലനിന്നു പോകാൻ സഹായിക്കാനാവും, അതിനപ്പുറം ഒന്നും ചെയ്യാനാവില്ല എന്നിടത്തു തന്നെയാണ് മനോരോഗചികിത്സ ഇപ്പോഴും നിൽക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും
കൗൺസിലർമാരിൽ നിന്നും ചികിത്സകരിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുകയാണെങ്കിൽ രോഗിക്ക് ഒരു വിധത്തിൽ മുന്നോട്ട് പോവാനാവും എന്ന് കൂടുതൽ കൂടുതലാളുകൾ മനസ്സിലാക്കി വരുന്നുണ്ടെന്ന് തോന്നുന്നു. അത് നല്ലതുതന്നെ. മസ്തിഷ്‌കത്തിൽ സംഭവിക്കുന്ന രാസമാറ്റങ്ങളാണ് സ്‌കിസോഫ്രേനിയക്ക് കാരണമാവുന്നത്, അതുകൊണ്ട് അതിനെ ആദ്യമായും മസ്തിഷ്‌കസംബന്ധിയായ ഒരു രോഗമായിത്തന്നെ മനസ്സിലാക്കണം എന്നും അതല്ല ജനിതക കാരണങ്ങൾ കൊണ്ടു തന്നെയാണ് ഈ രോഗം ഉണ്ടാവുന്നത് ജീവിത സാഹചര്യങ്ങൾ അതിനെ ത്വരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും ഞാൻ വായിച്ചിട്ടുണ്ട്. എന്റെ അനിയന്റെ അനുഭവം വെച്ച് ഈ പറയുന്ന രണ്ട് കാര്യങ്ങളും എനിക്ക് നിഷേധിക്കാനാവില്ല.
ഗാർഹികാന്തരീക്ഷം സുഖകരമാവുക, വീട്ടിലുള്ള ആരിൽനിന്നും ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒരു വാക്ക് പോലും കേൾക്കാൻ ഇടവരാതിരിക്കുക, കടുത്ത സാമ്പത്തിക പ്രയാസങ്ങൾ ഇല്ലാതിരിക്കുക, സമൂഹത്തിൽ നിന്ന് സമ്മർദ്ദങ്ങളൊന്നും ഉണ്ടാവാതിരിക്കുക, വിദ്യാർത്ഥിയാണെങ്കിൽ നല്ല തിരിച്ചറിവും ബൗദ്ധിക നിലവാരവുമുള്ള അധ്യാപകരുടെ പിന്തുണ ലഭിക്കുക, സഹപാഠികളിൽ കുറച്ചുപേർ അടുത്ത സുഹൃത്തുക്കളായി ഉണ്ടായിരിക്കുക, പണത്തോടും പദവിയോടുമുള്ള ആസക്തിക്ക് പകരം ചില മൂല്യങ്ങൾ മുറുകെ പിടിക്കാനും സൗഹാർദ്ദപൂർണവും ഊർജസ്വലവുമായ സാംസ്‌കാരികാന്തരീക്ഷം നാടൊട്ടുക്ക് നിലനിർത്താനും രാഷ്ട്രീയപ്പാർട്ടികൾ ജാഗ്രത പുലർത്തുക ഇത്രയുമൊക്കെ സംഭവിക്കുകയാണെങ്കിൽ സ്‌കിസോഫ്രേനിയ എന്ന രോഗാവസ്ഥയിലേക്ക്
വീഴാൻ സാധ്യതയുള്ള ഒരാൾക്ക് ആ അപകടത്തിൽ നിന്ന് രക്ഷപ്പെടാനാവും. പറയാൻ എളുപ്പമാണെങ്കിലും ഇത്രയും കാര്യങ്ങൾ സംഭവിച്ചുകിട്ടുക പ്രയാസം തന്നെയാണ് എന്നതാണ് വസ്തുത.
മൂന്ന്
സത്യസന്ധമായ സാംസ്‌കാരിക പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ വളരെ സജീവമായ ഒരു ഭാഗമായിത്തീരുകയാണെങ്കിൽ പൊതുവിൽ എല്ലാ വിഭാഗം ജനങ്ങളുടെയും മാനസിക ജീവിതത്തിൽ വലിയ മാറ്റമുണ്ടാവും. കൗമാരപ്രായക്കാർക്കാണ് ഇത്തരം രാഷ്ട്രീയത്തിന്റെ ആവശ്യകത ഏറ്റവും കൂടുതലായി ഉണ്ടാവുക. കേരളീയ നവോത്ഥാനത്തിന്റെ കാലം മുതൽ ഇങ്ങോട്ട് പല ഘട്ടങ്ങളിൽ പരിമിതമായ അളവിലും രീതിയിലുമെങ്കിലും ഇവിടെ അത്തരമൊരു രാഷ്ട്രീയം ഉണ്ടായിട്ടുണ്ട്. 1980കളോടെയാണ് അത് ദുർബലമായിത്തുടങ്ങിയത്. പിന്നീടിങ്ങോട്ടുള്ള കാലത്തും ഇവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നുണ്ടെങ്കിലും
വലിയൊരളവോളം അത് ഔപചാരികമാണ്.
ഒരു വിഷയമോ പുസ്തകമോ ചർച്ചയ്ക്കെടുക്കുമ്പോൾ അന്തിമമായി എത്തിച്ചേരേണ്ടുന്ന അഭിപ്രായം ഇന്നതാണെന്ന് സംഘാടകർ മുൻകൂട്ടി തീരുമാനിക്കുകയാണെങ്കിൽ ആ ചർച്ച കൊണ്ട് പിന്നെ കാര്യമായ പ്രയോജനമൊന്നുമുണ്ടാവില്ല. അത് അതിൽ പങ്കെടുക്കുന്നവർക്ക് ബൗദ്ധികമോ വൈകാരികമോ ആയ ഉണർവുണ്ടാക്കില്ല. പുതിയ ഏതെങ്കിലും തിരിച്ചറിവുകൾ കൈവന്നതിന്റെ ആനന്ദം അവർക്ക് അനുഭവിക്കാനാവില്ല. അവരിൽ ഉയർന്ന ഭാവുകത്വവും ധൈഷണികശേഷിയുമുള്ളവർക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ പോലും ഉണ്ടാവും.
നമ്മൾ തമ്മിൽ ഏതാണ്ട് പതിനാലര വർഷക്കാലത്തെ പ്രായവ്യത്യാസമുണ്ടെന്ന കാര്യം നിനക്കറിയാമല്ലോ. ഇത് നമുക്കിടയിൽ വലിയ ഒരു വിടവുണ്ടാക്കിയിരുന്നു
നാല്
കുട്ടാ,
നിനക്ക് ഞാൻ ജീവിതത്തിലൊരിക്കലും ഒരു കത്തയച്ചിട്ടില്ല. പല കാരണങ്ങൾകൊണ്ടാണ് അങ്ങനെ സംഭവിച്ചുപോയത്. സഹോദരന്മാർക്കിടയിലാവുമ്പോൾ കത്തെഴുത്ത് വളരെ അത്യാവശ്യത്തിനു മാത്രം ചെയ്യേണ്ടതാണ്. അത്തരത്തിൽ വളരെ അത്യാവശ്യമായി നിന്നെ അറിയിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. പിന്നെ, നീ ജീവിച്ചിരുന്ന ഇരുപത്തേഴ് വർഷത്തിൽ ഏറെക്കാലവും നാം തമ്മിൽ ആഴ്ചയിലൊരിക്കലെങ്കിലും കണ്ടിരുന്നു. ദീർഘനേരം തമ്മിൽ സംസാരിച്ചിരുന്ന അനുഭവം ഇല്ലെങ്കിലും അത്യാവശ്യകാര്യങ്ങളൊക്കെ പരസ്പരം അറിയിച്ചിരുന്നു. നമ്മൾ തമ്മിൽ ഏതാണ്ട് പതിനാലര വർഷക്കാലത്തെ പ്രായവ്യത്യാസമുണ്ടെന്ന കാര്യം നിനക്കറിയാമല്ലോ. ഇത് നമുക്കിടയിൽ വലിയ ഒരു വിടവുണ്ടാക്കിയിരുന്നു. നിനക്ക് പത്തിരുപത് വയസ്സാവും വരെയും നിന്നെ ഞാൻ ഒരു കുട്ടിയായിട്ടാണ് കണ്ടിരുന്നത്. എന്റെ വികാരവിചാരങ്ങൾ അൽപമായിപ്പോലും പങ്കുവെക്കാനാവാത്ത ഒരു കുട്ടി. പിന്നീടുള്ള കാലത്തും നമ്മൾ തമ്മിൽ വേണ്ടത്ര കമ്യൂണിക്കേഷൻ ഉണ്ടായില്ല. അവസാനത്തെ രണ്ട് വർഷക്കാലം നീ ശരിക്കും രോഗിയായിരുന്നു. രോഗത്തിന്റെ യഥാർത്ഥ സ്വഭാവം ഞാൻ മനസ്സിലാക്കുന്നത് നിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതിനു ശേഷം മാത്രമാണ്. പിന്നീടങ്ങോട്ട് പലപ്പോഴും ഒരു കാര്യവും പറഞ്ഞാൽ മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു നീ.
ലോകത്തിലെ മനുഷ്യർക്ക് പൊതുവായി പല കാര്യങ്ങളുമുണ്ട്. പക്ഷേ, ഓരോ മനുഷ്യനും പല തലങ്ങളിൽ മറ്റ് മനുഷ്യരിൽ നിന്ന് വ്യത്യസ്തരുമാണ്. ഒരാളുടെ പ്രശ്നം മറ്റൊരാൾക്ക് പൂർണാർത്ഥത്തിൽ മനസ്സിലാവില്ല. ഈ വ്യത്യാസങ്ങളിൽ
ഊന്നിയല്ല നാം സമൂഹത്തിൽ ജീവിക്കുന്നത് എന്നത് ശരിയാണ്. പക്ഷേ, ചില സന്ദർഭങ്ങളിൽ നാം വ്യത്യാസങ്ങളെ ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടിവരും. അതിന് തയ്യാറാവുന്നില്ലെങ്കിൽ വ്യക്തിയുടെ പ്രശ്നങ്ങൾ അപരിഹാര്യമായി തുടരും. സാധാരണ ഗതിയിൽ, സമൂഹം തന്നെ ശരിയാംവണ്ണം മനസ്സിലാക്കാൻ ശ്രമിക്കുന്നതേയില്ല എന്ന വാസ്തവത്തിന് വ്യക്തി വലിയ ഊന്നൽ നൽകാതെ ജീവിച്ചു മുന്നോട്ട് പോവും. പക്ഷേ, എല്ലായ്പ്പോഴും അത് സാധ്യമാവില്ല.
എന്റെ മക്കൾക്ക് നൽകിയ അത്രയും തന്നെ സ്നേഹം നിനക്കും തരേണ്ടതായിരുന്നു, അവരോട് പെരുമാറിയ അത്രയും തന്നെ വാത്സല്യത്തോടെ നിന്നോട് ഞാൻ പെരുമാറേണ്ടതായിരുന്നു, അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരു വേള നീ രക്ഷപ്പെടുമായിരുന്നു എന്നൊക്കെ ഇന്ന് ഞാൻ ചിന്തിക്കുന്നുണ്ട്
സ്‌കിസോഫ്രേനിയയുടെ ലക്ഷണങ്ങളായി മന:ശാസ്ത്ര ഗ്രന്ഥങ്ങളിലും ഡോക്ടർമാർ എഴുതിയ ലേഖനങ്ങളിലും പറയുന്ന കാര്യങ്ങളെ നിന്റെ ജീവിതവുമായി ഞാൻ ചേർത്തുവെച്ചു നോക്കി. ശരിയാണ് ജീവിതത്തിന്റെ അവസാനഘട്ടത്തിൽ നിനക്ക് മിഥ്യാഭ്രമം ഉണ്ടായിരുന്നു. ജീവിതത്തോട് ചേർന്നു നിൽക്കാനുള്ള നിന്റെ ശ്രമങ്ങളെ ഏതാനും നാളുകൾ കഴിയുമ്പോൾ നീ തന്നെ തകർക്കാറുണ്ടായിരുന്നു. ഈയൊരു ഘട്ടത്തിൽ എത്തുന്നതിനു മുമ്പുള്ള നീ എങ്ങനെയായിരുന്നു? എന്നോടുള്ള നിന്റെ പെരുമാറ്റം എല്ലായ്പ്പോഴും വളരെ സ്നേഹപൂർണമായിരുന്നു. നീ എന്നെ വിശ്വസിക്കുകയും എന്റെ സ്നേഹത്തിനുവേണ്ടി ദാഹിക്കുകയും ചെയ്തിരുന്നു. നിന്നോട് ഞാൻ മോശമായി പെരുമാറിയിരുന്നില്ല. ഏത് സന്ദർഭത്തിലും ആകാവുന്നത്ര സ്നേഹത്തിൽ തന്നെയാണ് നീയുമായി ഞാൻ ഇടപഴകിയിരുന്നത്. പക്ഷേ, അത്രയൊന്നും പോരായിരുന്നു. എന്റെ മക്കൾക്ക് നൽകിയ അത്രയും തന്നെ സ്നേഹം നിനക്കും തരേണ്ടതായിരുന്നു, അവരോട് പെരുമാറിയ അത്രയും തന്നെ വാത്സല്യത്തോടെ നിന്നോട് ഞാൻ പെരുമാറേണ്ടതായിരുന്നു, അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരു വേള നീ രക്ഷപ്പെടുമായിരുന്നു എന്നൊക്കെ ഇന്ന് ഞാൻ ചിന്തിക്കുന്നുണ്ട്. ഈ ചിന്തകൾ വളരെ യുക്തിസഹമല്ലെന്നും അത്തരമൊരു പെരുമാറ്റം ആർക്കായാലും സാധ്യമാവില്ലെന്നും അടുത്ത നിമിഷത്തിൽ ഞാൻ തിരിച്ചു ചിന്തിക്കാറുമുണ്ട്.
എന്തായാലും, പശ്ചാത്താപംകൊണ്ട് യാതൊരു പ്രയോജനവുമില്ല. നീ ഉള്ളുകൊണ്ട് ആഗ്രഹിച്ചിരുന്നതായി ഇന്നു ഞാൻ മനസ്സിലാക്കുന്ന അത്രയും സ്നേഹം എന്തുകൊണ്ടാണ് എനിക്ക് തരാൻ പറ്റാതെ പോയത്? നമ്മൾ തമ്മിലുള്ള പ്രായവ്യത്യാസം കാര്യമായ ഒരു തടസ്സം തന്നെയായിരുന്നു. നിനക്ക് എന്നോട് നിന്റെ പ്രയാസങ്ങൾ മുഴുവനായും പറയാൻ പറ്റിയിരുന്നില്ല. നിന്റെ താൽപര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ കൃത്യമായി മനസ്സിലാക്കിയിരുന്നുമില്ല. സാഹിത്യത്തിലും സിനിമയിലുമൊക്കെ നിനക്ക് ആഴമേറിയ താൽപര്യമുണ്ടായിരുന്നുവെന്ന് ഞാൻ കൃത്യമായി മനസ്സിലാക്കുന്നത് നിന്റെ മരണശേഷമാണ്. തുറന്നു പറയാം, ആ താൽപര്യം തന്നെയും രോഗാവസ്ഥയിൽ ഒരു രക്ഷാമാർഗമെന്നപോലെ അബോധമായി നീ കണ്ടെത്തിയതാണോ എന്നെനിക്ക് സംശയമുണ്ട്. അങ്ങനെയായാൽത്തന്നെയും കുഴപ്പമൊന്നും ഇല്ല. ഒരാളുടെ സർഗാത്മക ജീവിതം രൂപപ്പെടുന്നതിന്റെ മന:ശാസ്ത്ര പരിസരത്തെക്കുറിച്ചുള്ള നിരീക്ഷണം ആ ജീവിതത്തിന്റെ മൂല്യനിർണയത്തിന് ആധാരമായിക്കൂടാത്തതു തന്നെയാണ്.
നീ എഴുതിയ രണ്ട് കഥകൾ നീ എന്നെ കാണിച്ചിരുന്നു. ഞാൻ അഭിപ്രായമൊന്നും പറഞ്ഞിരുന്നില്ല എന്നാണോർമ. ആഘട്ടമാവുമ്പോഴേക്കും നിന്റെ മനോനില ഏതാണ്ട് പൂർണമായിത്തന്നെ തെറ്റിയിരുന്നു. അതുകൊണ്ട് ആ കഥകളുടെ ഉള്ളടക്കം എവിടെയും എത്തിയിരുന്നില്ല. എഴുത്തും നന്നായിരുന്നില്ല. എങ്കിലും ആരെയും അനുകരിക്കാതെ വളരെ വ്യത്യസ്തമായ വിഷയങ്ങൾ കണ്ടെത്തി എഴുതാൻ ശ്രമിച്ച നിനയ്ക്ക് എഴുത്തിൽ മുന്നോട്ട് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഇന്നു ഞാൻ വെറുതെ ആശിച്ചു പോവുന്നു.
ആരെയും വേദനിപ്പിക്കരുത്, ആരോടും തെറ്റായി ഒന്നും ചെയ്യരുത്, ആർക്കും ഒരുനഷ്ടവും വരുത്തിവെക്കരുത് എന്നൊക്കെ കരുതി ജീവിച്ച ആളാണ് നീ. മരിക്കുന്നതിന് തലേന്ന് പോലും വീട്ടിലുള്ള മറ്റുള്ളവരുടെ കാര്യത്തിൽ നീ ശ്രദ്ധിച്ചിരുന്നു. നിന്റെ രോഗത്തെ, നിന്നെ കീഴടക്കിയ മിഥ്യാഭ്രമം എന്ന അവസ്ഥയെ നീ ഇടക്കിടെ തിരിച്ചറിയുന്നുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. അതിൽ നിന്ന് കരകയറാനുള്ള ഒരു ശ്രമവും വിജയിക്കുന്നില്ല എന്ന തോന്നൽ നിന്നെ അടിമുടി തളർത്തിയിട്ടുണ്ടാവും.
ലോകത്തിൽ നിന്ന് നിനക്ക് മോശമായ അനുഭവങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടാവും. നിന്നെപ്പോലെ സ്വഭാവനൈർമല്യമുള്ള ഒരാളെ വേണ്ടും വണ്ണം തിരിച്ചറിഞ്ഞ് സ്നേഹത്തോടും ആത്മധൈര്യം പകരുന്ന വിധത്തിലും പെരുമാറാൻ ശ്രമിക്കുന്ന, അതിൽ കൃത്യമായി മനസ്സ് വെക്കുന്ന വളരെ കുറച്ചു പേരേ ഉണ്ടാവൂ. പവിത്രൻ, ദിവാകരൻ, ഹരി, അരുൺ എന്നീ സുഹൃത്തുക്കൾ നിന്നോട് നന്നായി പെരുമാറിയിരുന്നു. അവരുമായി നിനയ്ക്ക് നല്ലൊരു പരിധിവരെ ആശയവിനിമയം സാധിക്കുകയും ചെയ്തിരുന്നു.ദിവാകരന്റെയും ഹരിയുടെയും വീട്ടിൽ നീ ഇടക്കിടെ പോവാറുണ്ടായിരുന്നു, പവിത്രനോട് നീ ദീർഘനേരം ഡോസ്റ്റോയെവ്സ്‌കിയെപ്പറ്റി സംസാരിച്ചിരുന്നു. പക്ഷേ, നിനക്ക് നിന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കൃത്യമായ വരുമാനം ഉറപ്പാക്കുന്ന ഒരു ജോലിയിൽ എത്താനും പറ്റിയില്ല. അവസാനഘട്ടത്തിൽ, നീ മരിക്കുന്നിതിന് മാസങ്ങൾ മുമ്പ് മണിയും (പ്രസന്ന) ഉണ്ണിയും (പ്രസൂന) നിനക്ക് താൽക്കാലികമായെങ്കിലും ജോലി ശരിയാക്കിത്തന്നിരുന്നു. പക്ഷേ, അതിലൊന്നും പിടിച്ചു നിൽക്കാൻ നിനക്ക് കഴിഞ്ഞില്ല.
ലോകം നമ്മളിൽ നിന്ന് ആവശ്യപ്പെടുന്ന നന്മയുടെ എത്രയോ മടങ്ങ് സാമർത്ഥ്യം നാം സ്വന്തമാക്കണം. എങ്കിലേ ഈ ലോകത്ത് ജീവിച്ചുപോവാനാവൂ
നീ എത്തിച്ചേർന്ന മനോനിലയുടെ എല്ലാം വിശദാംശങ്ങളും ഞാൻ അപ്പപ്പോൾ മനസ്സിലാക്കേണ്ടതായിരുന്നു. സാധാരണ ജിവിതത്തിന് തീരെ അനുയോജ്യമല്ലാത്ത മോഹങ്ങളും വിചാരങ്ങളും നിന്നെ കീഴടക്കുമ്പോൾ ഓരോ ഘട്ടത്തിലും ഞാൻ നിന്നെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതായിരുന്നു. അതിനുള്ള ശ്രമങ്ങൾ എന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്നില്ല. ഇന്നു ഞാൻ സങ്കൽപിക്കുന്ന അത്ര എളുപ്പത്തിൽ അത് സാധ്യമാവുമോ എന്നും പറയാനാവില്ല. നിന്നേക്കാൾ എത്രയോ ബൗദ്ധിക ശേഷി കുറഞ്ഞ ആളുകൾ ജീവിതത്തിൽ വിജയിച്ച് മുന്നേറിയിട്ടുണ്ട്. കൂടുതൽ പണമുണ്ടാക്കുക, കൂടുതൽ സുഖകരമായ സാഹചര്യത്തിൽ ജീവിക്കാനാവുക, ഇഷ്ടം പോലെ യാത്ര ചെയ്യാനാവുക, സ്വന്തമായി നല്ലൊരു കുടുംബജീവിതം കെട്ടിപ്പടക്കുക ഇതൊക്കെ അത്ര വലിയ കാര്യങ്ങളാണോ എന്ന് നീ ചോദിച്ചേക്കാം. ഞാനും അതിനൊന്നും ഒരു പരിധിക്കപ്പുറം പ്രാധാന്യം കൽപിക്കുന്നില്ല. എങ്കിലും പരാജയപ്പെട്ട് പിന്മാറി ആത്മഹത്യയിൽ അഭയം തേടേണ്ടി വരിക എന്നത് ആർക്കായാലും ആഗ്രഹിക്കത്തക്ക കാര്യമല്ലല്ലോ. ജീവിതം അതിനെ നിലനിർത്തിക്കൊണ്ടു പോവുന്നതിലേക്കായി ആവശ്യപ്പെടുന്ന സാമർത്ഥ്യത്തിന്റെ ചെറിയ അളവ് പോലും നിനക്കുണ്ടായിരുന്നില്ല. പ്രായോഗികത എന്നത് ആലോചനയിൽ വന്നാലും അതിനെ അധികനേരം പിടിച്ചു നിർത്താൻ നിനയ്ക്ക് കഴിഞ്ഞില്ല. ജനിതക കാരണങ്ങൾ കൊണ്ടു തന്നെയാവാം അതിനുള്ള ശേഷി നിനയ്ക്ക് തീരെ ഇല്ലാതെ പോയത്.
ലോകം നമ്മളിൽ നിന്ന് ആവശ്യപ്പെടുന്ന നന്മയുടെ എത്രയോ മടങ്ങ് സാമർത്ഥ്യം നാം സ്വന്തമാക്കണം. എങ്കിലേ ഈ ലോകത്ത് ജീവിച്ചുപോവാനാവൂ. ഒരു കാര്യവും നേർവഴിക്കല്ലാതെ ചെയ്യാൻ പറ്റാത്ത ആളായിരുന്നു നീ. നിന്റെ നേരെ എതിർ ദിശയിൽ നിൽക്കുന്ന, അതായത് വളഞ്ഞ വഴിയിലൂടെ മാത്രമേ ഏത് കാര്യവും സാധിക്കാനാവൂ, അതുകൊണ്ട് വളഞ്ഞ വഴികൾ പഠിച്ചുറപ്പിക്കുന്നതിനാണ് ഓരോ മനുഷ്യനും ഏറ്റവും കൂടുതൽ സമയം ചെലവഴിക്കേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് നിന്റെ തലമുറയിലെയും എന്റെ തലമുറയിലെയും ഇപ്പോഴത്തെ തലമുറയിലെയുമെല്ലാം ബഹുഭൂരിപക്ഷമാളുകളും. അവർ ജീവിക്കുന്ന ലോകം, അവരുടെ ചുറ്റുപാടുകൾ, അവർ നേടുന്ന വിദ്യാഭ്യാസം, അവർ ബന്ധപ്പെടുന്ന സ്ഥാപനങ്ങൾ, അവർ പങ്കാളികളാവുന്ന സാംസ്‌കാരിക പ്രവർത്തനങ്ങൾ എല്ലാം അവരെ അതാവാം പഠിപ്പിക്കുന്നത്.
നീ സ്വയം ജീവനൊടുക്കി പല വർഷങ്ങൾക്കു ശേഷം യാദൃച്ഛികമായി എ.വി. പവിത്രനിൽ നിന്നും മറ്റൊരു സുഹൃത്തിൽ നിന്നും അറിയാനിടയായ ഒരു സംഗതി എന്നെ ഞെട്ടിച്ചുകളഞ്ഞ ഒന്നാണ്. നിന്നിൽ മനോരോഗത്തിന്റെ ലക്ഷണങ്ങൾ
മറ്റുള്ളവർക്ക് കൃത്യമായി മനസ്സിലാവും വിധം പ്രകടമായിത്തുടങ്ങുന്നതിന് മുമ്പുള്ള ഏതാനും മാസക്കാലം നീ സദാസമയവും കയ്യിൽ കൊണ്ടുനടന്നിരുന്നത് ഡോസ്റ്റോയെവ്സ്‌കിയുടെ "ഇഡിയറ്റ് 'എന്ന നോവലാണ്. മനോഹരമായി പൊതിയിട്ട് സൂക്ഷിച്ചിരുന്ന ആ പുസ്‌കമായിരുന്നു നിന്റെ ഏറ്റവും വലിയ സമ്പാദ്യം. ആ പുസ്‌കത്തോട് നിനയ്ക്ക് അത്രമേൽ മമത തോന്നിയതിന്റെ കാരണം ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. അത് ഇനിയെനിക്ക് പൂർണമായി
മനസ്സിലാക്കിയെടുക്കാനാവുമെന്നും തോന്നുന്നില്ല. "ഇഡിയറ്റി'ലെ വളരെ ശ്രദ്ധേയമായ ചില സംഗതികൾ, എന്നെയും നിന്നെയും സംബന്ധിച്ചിടത്തോളം അത്യധികം ശ്രദ്ധേയവും ഒരിക്കലും മറന്നുകൂട്ടാത്തവയുമായ ചില സംഗതികൾ കഴിഞ്ഞദിവസങ്ങളിലായി നടത്തിയ രണ്ടാം വായനയിൽ മാത്രമാണ് എനിക്ക് മനസ്സിലായത്. ഈ വായനയിൽ മാത്രമാണ് ഞാനത് പ്രത്യേകം ശ്രദ്ധിച്ചത് എന്ന് പറയുന്നതാവും കൂടുതൽ ശരി. വേണു വി.ദേശത്തിന്റെ "ഇഡിയറ്റ്' പരിഭാഷയ്ക്ക് ജി.എൻ.പണിക്കർ എഴുതിയ അവതാരികയിൽ നിന്ന് ഒരു പാരഗ്രാഫ് ഞാൻ ഉദ്ധരിക്കാം.
"യേശുദേവനോട് ഡോസ്റ്റോയേഫ്സ്‌കിക്കുണ്ടായിരുന്ന അളവറ്റ ആഭിമുഖ്യം വ്യക്തമാക്കുന്ന ഒരു പ്രസ്താവമുണ്ട് അദ്ദേഹത്തിന്റെതായി. സത്യവും യേശുവും ഉള്ളതിൽ ഒന്നിനെ തിരഞ്ഞെടുക്കേണ്ടി വന്നാൽ ഞാൻ യേശുവിനെയാണ് സ്വീകരിക്കുക. ഇഡിയറ്റിന്റെ കയ്യെഴുത്തുകോപ്പികളിലൊന്നിൽ ഒരിടത്ത് മൈഷ്‌കിൻ പ്രിൻസ് ക്രിസ്തുവായി പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. പ്രിൻസ് മൈഷ്‌ക്കിന്റെ വർണന നമ്മുടെ ഓർമയിലെത്തിക്കുന്നതും ക്രിസ്തുവിനെത്തന്നെ. കാര്യമായ വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലെങ്കിലും ആറാമതൊരിന്ദ്രിയത്താൽ ധന്യനാണ് പ്രിൻസ് മൈഷ്‌കിൻ. ചുരുക്കത്തിൽ, പൂർണ മനുഷ്യനും ക്രിസ്തുതുല്യനുമായ പ്രിൻസ് മൈഷ്‌കിൻ പരാജയപ്പെടുകയാണ് ആധുനികലോകത്തിൽ. അതാണ് ഇഡിയറ്റ്.' നോവലിന്റെ ഇഡിയറ്റ് എന്ന പേര് "പച്ചപ്പാവം' എന്ന് തർജമ ചെയ്യുകയാണ് നല്ലതെന്ന് എം,ഗോവിന്ദൻ നിർദ്ദേശിച്ച കാര്യം അവതാരികയിൽ പണിക്കർ ഓർക്കുന്നുണ്ട്. ഇത്രയുമൊക്കെ വായിച്ചപ്പോൾ ഞാൻ എത്രമേൽ ഞെട്ടിപ്പോയി എന്ന് പറഞ്ഞറിയിക്കാനാവില്ല. നീ എന്നോ മറന്നുപോയിരിക്കാവുന്ന ഒരു സംഭവമുണ്ട്. ഞാനും ദീർഘകാലമായി അതിനെ ഓർമയിലേക്ക് കൊണ്ടുവരാറുണ്ടായിരുന്നില്ല. ഈയിടെ നിന്റെ ഓർമ എന്നെ നിരന്തരം മഥിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അത് പലവട്ടം ഓർമിച്ചു. നീ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം. നിനക്ക് ആറ് വയസ്സ്. എനിക്ക് ഇരുപത് കഴിഞ്ഞു. ഞാൻ ഒന്നാം വർഷ എം.എ വിദ്യാർത്ഥി. ഒരു ദിവസം പകൽ നേരത്ത് ഞാനും നീയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അന്ന് ഒരു പ്രവൃത്തി ദിവസം തന്നെയായിരുന്നെങ്കിലും ഞാൻ കോളേജിൽ പോയിരുന്നില്ല. നീ സ്‌കൂളിലും.
പെട്ടെന്ന് പതിഞ്ഞതും വിറക്കുന്നതുമായ ശബ്ദത്തിൽ നീ എന്നോട് പറഞ്ഞു: "ഏട്ടാ, എനിക്ക് വലുതായാൽ യേശുവാകണം' ഒരു വലിയ മോഹം എന്റെ മുന്നിൽ അവതരിപ്പിക്കുന്നതു പോലെത്തന്നെയാണ് നീയത് പറഞ്ഞത്
വീട്ടിൽ ഒരു കോഴിക്കുഞ്ഞിനെ വാങ്ങിയിരുന്നു. കറുത്ത ഒരു കോഴിക്കുഞ്ഞിനെ. നമ്മൾ പൂമുഖത്തിരിക്കെ അത് മുറ്റത്ത് ചിക്കിച്ചിനക്കി നടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്തോ ഒക്കെ വീഴുന്നതുപോലെയോ മറ്റോ ഒരൊച്ചകേട്ടു. ഒപ്പം കോഴിക്കുഞ്ഞ് കരഞ്ഞുവിളിച്ച് പറന്ന് ഇത്തിരിയകലെ ചെന്നു വീഴുന്നതും കണ്ടു. ഒരു പരുന്ത് ആ കോഴിക്കുഞ്ഞിനെ റാഞ്ചാൻ ശ്രമിച്ചതായിരുന്നു. ഞാനും പിന്നാലെ നീയും മുറ്റത്തേക്ക് ചാടിയിറങ്ങി. അപ്പോഴേക്കും പരുന്ത് അതിനെ ഉപേക്ഷിച്ച് പറന്നകന്നിരുന്നു. കോഴിക്കുഞ്ഞിന്റെ കഴുത്തിന്റെ ഒരു വശത്തുനിന്ന്
ചെറിയൊരു ഭാഗം പരുന്ത് കൊത്തിയെടുത്തിരുന്നു. അതിന്റെ പിടച്ചിലും പതിഞ്ഞതും ഭയവും പാരവശ്യവും കൊണ്ട് ചിതറിപ്പോവുന്നതുമായ വല്ലാത്ത ശബ്ദത്തിലുള്ള കരച്ചിലും അപ്പോഴും തുടരുന്നുണ്ടായിരുന്നു. "ഞാൻ മരുന്നെടുത്തിട്ട് വരാം. നീകോഴീനേം നോക്കിക്കൊണ്ടു ഈടത്തന്നെ നിൽക്കണം. ആ പരുന്ത് ഇനീം വന്നേക്കും' എന്ന് നിന്നോട് പറഞ്ഞ് ഞാൻ അടുക്കളയിലേക്ക് പോയി. ഒരു കഷണം മഞ്ഞൾ അമ്മിയിൽ അരച്ചെടുത്ത് ഞാൻ വേഗം തന്നെ മടങ്ങിവന്നു. ആ മഞ്ഞൾക്കുഴമ്പ് കോഴിയുടെ കഴുത്തിൽ സാവകാശത്തിൽ പുരട്ടിക്കൊടുത്ത് അതിനെ എടുത്ത് ഞാൻ പൂമുഖത്തിന്റെ ഒരു മൂലയിൽ കൊണ്ടു നിർത്തി. അത് അവശനായി അവിടെ അനങ്ങാതെ നിൽക്കുന്നത് അൽപനേരം നമ്മൾ നോക്കിനിന്നു. നിന്റെ മുഖം വല്ലാതെ വാടിയിരുന്നു. കരഞ്ഞിരുന്നില്ലെങ്കിലും നീ കരച്ചിലിന്റെ വക്കത്തായിരുന്നു. പെട്ടെന്ന് പതിഞ്ഞതും വിറക്കുന്നതുമായ ശബ്ദത്തിൽ നീ എന്നോട് പറഞ്ഞു: "ഏട്ടാ, എനിക്ക് വലുതായാൽ യേശുവാകണം' ഒരു വലിയ മോഹം എന്റെ മുന്നിൽ അവതരിപ്പിക്കുന്നതു പോലെത്തന്നെയാണ് നീയത് പറഞ്ഞത്. യേശുവിന്റെ കഥ നീ എവിടെ നിന്നോ കേട്ടിട്ടുണ്ടാവും. അല്ലെങ്കിൽ നിന്റെ മാഷ് തന്നെ ക്ലാസിൽ ക്രിസ്തുവിനെപ്പറ്റി പറഞ്ഞിരിക്കാം. ക്രിസ്തുവിന്റെ സ്‌നേഹത്തെയും കാരുണ്യത്തെയും ത്യാഗത്തെയും പറ്റിയൊക്കെയാകാം അദ്ദേഹം പറഞ്ഞിരിക്കുക. ചെറിയ കുട്ടികളെ വേദനിപ്പിക്കേണ്ടെന്നു കരുതി കുരിശുമരണത്തിന്റെ കാര്യം വിസ്തരിച്ചിരിക്കാൻ ഇടയില്ല. യേശുവിന്റെ ജീവിതകഥയിലെ ആ ഭാഗം കുട്ടികളുടെ മനസ്സിൽ പതിയാത്ത വിധത്തിലാവാം അദ്ദേഹം അവതരിപ്പിച്ചിരിക്കുക അതിനാണ് സാധ്യത. ഇനി അങ്ങനെയല്ലെങ്കിലും യേശുവിന്റെ സ്നേഹം, കാരുണ്യം എന്നീ ഘടകങ്ങൾ മാത്രമായിരുന്നിരിക്കാം നിന്റെ മനസ്സിൽ പതിഞ്ഞിരിക്കുക. വലുതാവുക എന്നതിന് യേശുവിനെപ്പോലെ സ്നേഹം കൊടുക്കാൻ കഴിയുന്ന ആളാവുക എന്ന അർത്ഥമാണ് നീ മനസ്സിൽ കൽപിച്ചത്. ആ ജീവിത കഥ നിന്നെ അത്രമേൽ സ്പർശിച്ചതിനാലും കുഞ്ഞുപ്രായമായതിനാലും വലുതായാൽ ജീവിതത്തിൽ സാധിക്കേണ്ട മറ്റൊരു കാര്യത്തെപ്പറ്റിയും നിനയ്ക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല.
ഇങ്ങനെയുള്ള ആലോചനകളുടെയെല്ലാം പൊട്ടും പൊടിയും ആ നിമിഷങ്ങളിൽ എന്റെ മനസ്സിൽ വന്ന് വീണിട്ടുണ്ടാവാം. ആകെ വല്ലാതായിപ്പോയെങ്കിലും ഒന്നും പുറത്തുകാട്ടാതെ ഞാൻ പറഞ്ഞു: "നമ്മക്ക് നോക്കാം. വലുതാവുമ്പോ
നോക്കാം' അന്ന് ഞാൻ പറഞ്ഞത് പിന്നീട് പത്തിരുപത്തൊന്ന് വർഷത്തിനു ശേഷം എവ്വിധത്തിൽ യാഥാർത്ഥ്യമായിത്തീർന്നു എന്നാലോചിക്കുമ്പോൾ ഞാൻ ഞെട്ടി വിറച്ചുപോകുന്നു. കുട്ടാ, നീ പരിശുദ്ധനായിരുന്നു. പരമ പരിശുദ്ധൻ. പച്ചപ്പാവം.
ഇനി മറ്റൊരു കാര്യം കൂടി ഞാൻ പറയാം:
"ഇഡിയറ്റി'ൽ റൊഷോഗിന്റെ വീട്ടിലെ ഇരുണ്ട ചുമരിൽ ഹോൾബിൻ വരച്ച യേശു (The Body of the Dead Christ in the Tomb- Hans Holbein the Younger ) വിന്റെ ചിത്രം കാണുന്നതിന്റെ അനുഭവം ഇപ്പോലിറ്റ് എന്ന കഥാപാത്രം താൻ എഴുതി വായിക്കുന്ന "അനിവാര്യമായ വിവരണം' എന്ന നീണ്ട കുറിപ്പിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
മനോരോഗം യഥാസമയം തിരിച്ചറിയപ്പെടാതിരിക്കുകയും രോഗികൾക്ക് ആവശ്യമായ സ്നേഹവും പരിചരണവും കിട്ടാതിരിക്കുകയും ചെയ്യുന്ന അനുഭവം ലോകത്തെല്ലായിടത്തുമുണ്ട്
നാം സാധാരണ കണ്ടു വരുന്ന ചിത്രങ്ങളിലേതു പോലെ കഠിനമായ വേദനയ്ക്കിടയിലും ക്രൂശിതനായ യേശുവിൽ വറ്റാതെ നിൽക്കുന്ന സൗന്ദര്യം ആ ചിത്രത്തിലില്ല."കരാളമായ പ്രകൃതിയെയും അലംഘനീയമായ പ്രകൃതിനിയമങ്ങളെയും ആ മനുഷ്യൻ അതിജീവിക്കുമെന്ന് ചിത്രം കാണുന്ന ഒരാൾക്ക് തോന്നാനാവാത്ത വിധത്തിലാണ്' യേശുവിനെ അതിൽ ചിത്രീകരിച്ചിട്ടുള്ളത്. ഇപ്പോലിറ്റിന്റെ ഈ വിവരണത്തിലെത്തുന്നതിന് വളരെ മുമ്പ് തന്നെ ഇഡിയറ്റിന്റെ ഭാഗം 2-ൽ അധ്യായം 4-ൽ മിഷ്‌കിൻ റൊഷോഗിന്റെ മുറിയിൽ വെച്ച് ചിത്രം കണ്ട് അസ്വസ്ഥനാകുന്നത് വായനക്കാർ കാണുണ്ട്. "ഈ ചിത്രം നോക്കിയിരുന്നാൽ വിശ്വാസികൾ പോലും സംശയാത്മക്കളായി മാറും' എന്ന് മിഷ്‌കിൻ ഖേദിക്കുമ്പോൾ "അതെ; അതാണ് സംഭവിക്കുക' എന്ന് കൂസലില്ലാതെ പറയുകയാണ് ഹിംസയിൽ അഭിരമിക്കുന്നവനും നിരീശ്വരവാദിയുമായ റൊഷോഗിൻ. ഹോൾബിന്റെ ഈ പെയിന്റിംഗിന്റെ ഒറിജിനൽ നേരിട്ട് കണ്ടപ്പോൾ വല്ലാതെ അസ്വസ്ഥനായ ഡോസ്റ്റോയെവ്സ്‌കി "ഇതുപോലൊരു ചിത്രം വിശ്വാസത്തെ ഇല്ലായ്മ ചെയ്തുകളയും' എന്ന് വേദനയോടെ പറഞ്ഞതായി അന്നാ ഡോസ്റ്റോയെവ്സികി തന്റെ ഡയറിക്കുറിപ്പുകളിലൊരിടത്ത് പറയുന്നുണ്ട്.
കടുത്ത വിശാസിയായ ഡോസ്റ്റോയെവ്സികി ഹോൾബിന്റെ ഈ ചിത്രത്തെ ഇഡിയറ്റിലെ ഒരുകേന്ദ്രബിംബമെന്ന പോലെ അവതരിപ്പിച്ചതിലൂടെ എന്തൊക്കെയാണ് അർത്ഥമാക്കിയിട്ടുണ്ടാവുക? യേശുവിനെപ്പോലൊരാളെ ഉൾക്കൊള്ളാനാവാത്ത ഒരു ഭീകരജീർണ സ്ഥലമായി ഈ ലോകം ഇപ്പോഴും തുടരുകയാണ് എന്ന് നമ്മെ ഓർമിപ്പിക്കുകയായിരുന്നോ മഹാനായ ആ എഴുത്തുകാരൻ? ഹോൾബിൻ ജൂനിയറുടെ ഈ ചിത്രത്തെ ഡോസ്റ്റെയെവ്സ്‌കി എന്തിന് മനസ്സുകൊണ്ട് വിടാതെ പിൻതുടർന്നു? എന്തിന് "ഇഡിയറ്റി'ൽ അതിന് ഇടം നൽകി? ഈ ചോദ്യങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ള ഏറെ ശ്രദ്ധേയമായ ഉത്തരം ഇതാണ്: "തന്റെ വിശ്വാസത്തെ അതിനെ നിഷേധിക്കുന്ന എല്ലാറ്റിന്റെയും എതിരെ നിർത്തിക്കൊണ്ടു തന്നെ അഭിമുഖീകരിക്കുക. എന്നിട്ട് പുനരുദ്ദീപിപ്പിക്കപ്പെട്ട വിശ്വാസദാർഢ്യം കൊണ്ട് അവയെയെല്ലാം മറികടക്കുക. തന്റെ ഈ ആന്തരികപ്രേരണയുടെ പ്രതിഫലനം തന്നെയാവാം ഡോസ്റ്റെയെവ്സ്‌കി ഹോൾബിന്റെ ചിത്രത്തിൽ ദർശിച്ചിരിക്കുക'
അഞ്ച്
പ്രത്യേകതരം ജീൻവ്യതിയാനങ്ങൾ ചില വ്യക്തികളിൽ വിഷാദരോഗത്തിനും സ്‌കിസോഫ്രേനിയയ്ക്കും അനുകൂലമായ മനോനില ഉണ്ടാക്കുന്നുണ്ട്. ഈ വ്യതിയാനങ്ങളുടെ സ്വഭാവം പൂർണരൂപത്തിൽ മനസ്സിലാക്കാനായാൽ വൈദ്യശാസ്ത്രത്തിന് അതിൽ ഇടപെടൽ സാധിക്കും. എങ്കിൽ വിഷാദരോഗത്തെയും സ്‌കിസോഫ്രേനിയയെയും നേരിടുന്നതിൽ അതൊരു വലിയ മുന്നേറ്റം തന്നെയായിരിക്കും. പല പകർച്ച വ്യാധികളെയും അവയ്ക്ക് കാരണമാവുന്ന
പാരിസ്ഥിതികപ്രശ്നങ്ങൾ ഒഴിവാക്കിക്കൊണ്ട് പരിഹരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഒരാളുടെ വ്യക്തിത്വത്തിൽ അന്തർലീനമായിരിക്കുന്ന മനോരോഗസാധ്യതകളെ ഉത്തേജിപ്പിക്കുന്ന പാരിസ്ഥിതകാരണങ്ങൾ ഇല്ലായ്മ ചെയ്തേ മതിയാവൂ എന്ന തിരിച്ചറിവ് നമ്മുടെ പൊതുബോധത്തിന്റെ ഭാഗമാവുകയാണെങ്കിൽ ഭാവിയിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരിക തന്നെ ചെയ്യും: ഇതൊക്കെ പലേടത്തുനിന്നായി ഞാൻ വായിച്ചറിഞ്ഞ സംഗതികളാണ്. മനോരോഗം യഥാസമയം തിരിച്ചറിയപ്പെടാതിരിക്കുകയും രോഗികൾക്ക് ആവശ്യമായ സ്നേഹവും പരിചരണവും കിട്ടാതിരിക്കുകയും ചെയ്യുന്ന അനുഭവം ലോകത്തെല്ലായിടത്തുമുണ്ട്. നല്ല സാമ്പത്തികശേഷിയും മികച്ച ചികിത്സാസംവിധാനങ്ങളുമുള്ള രാജ്യങ്ങളിൽ പോലും മനോരോഗികൾ അവഗണിക്കപ്പെടുന്നുണ്ട്. പലേടത്തും അവർ പരിഗണനയിലേ വരുന്നില്ല. ഔദ്യോഗികരേഖകളിൽ വരുന്ന മനോരോഗികളുടെ എണ്ണം വളരെ കുറവായിരിക്കുന്ന ജപ്പാൻ ഉയർന്ന ആത്മഹത്യാനിരക്കുള്ള രാജ്യമാണ്. നൈജീരിയയിൽ മനോരോഗം ജനങ്ങളുടെ സംസാരത്തിൽ വരുന്ന ഒരു വിഷയമേ അല്ല. ആ ഒരു കാര്യം മാത്രം കണക്കിലെടുത്ത് നൈജീരയയിൽ മനോരോഗികളില്ല എന്ന നിഗമനത്തിൽ എത്താനാവില്ല.
കേരളത്തിൽ ഇപ്പോൾ അനേകം പേർ മനോരോഗചികിത്സകരുടെയും കൗൺസിലർമാരുടെയും സഹായം തേടിവരുന്നുണ്ട്. പലരും അതിന്റെ ഗുണഫലം അനുഭവിക്കുന്നുമുണ്ട്. എങ്കിലും രോഗം ഒഴിവാക്കുന്നതിന് സഹായകമാവുന്ന സാഹചര്യങ്ങളുടെ നിർമിതിയെക്കുറിച്ച് ഗൗരവമായ ആലോചനകളൊന്നും ഇവിടെ നടന്നുവരുന്നതായി കാണുന്നില്ല. രാഷ്ട്രീയപ്പാർട്ടികളും സാംസ്‌കാരിക സംഘടനകളും ഇക്കാര്യത്തിൽ ഉദാസീനരാണ്. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിൽ
വിദ്യാലയങ്ങൾക്കും ഗ്രന്ഥാലയങ്ങൾക്കും കലാസമിതികൾക്കുമെല്ലാം വലിയ സംഭാവനകൾ നൽകാനാവും.
സ്‌കിസോഫ്രേനിയക്ക് കാരണമായേക്കാവുന്ന പ്രത്യേകതരം ജനറ്റിക് മെക്കാനിസം കണ്ടെത്തപ്പെട്ടതായി ഒരിക്കൽ ഞാൻ വായിച്ചിരുന്നു. പക്ഷേ, അതിന്റെ തുടർവിവരങ്ങളൊന്നും എവിടെയും കണ്ടില്ല. എന്തായാലും ഒറ്റയൊരു ജീനോ അല്ലെങ്കിൽ അതിന്റെ വ്യതിയാനമോ ആണ് മനോരോഗമുണ്ടാക്കുന്നത് എന്ന ധാരണ കാലഹരണപ്പെട്ടു കഴിഞ്ഞു. അനേകം ജീനുകൾ മറ്റ് പല ജനികേതര ഘടകങ്ങളുമായി പ്രവർത്തിച്ചാണ് വ്യക്തിമനസ്സിന്റെ താളം തെറ്റിക്കുന്നതെന്നാണ് ഇപ്പോൾ മന:ശാസ്ത്രകാരന്മാർ കരുതുന്നത്. ഒന്നോ അതിലധികമോ ന്യൂറോട്രാൻസ്മിറ്ററുകളുടെ അസന്തുലിതാവസ്ഥയാണ് രോഗം ഉണ്ടാക്കുന്നതെന്നും ഏതാനും മരുന്നുകൾ കൊണ്ട് അവയെ നിയന്ത്രണവിധേയമാക്കാം എന്നുമുള്ള ധാരണയ്ക്കും പഴയതു പോലെ വിലകൽപിക്കപ്പെടുന്നില്ല. താരതമ്യേന നിസ്സാരമായ രോഗങ്ങളുടെ കാര്യത്തിൽ മാത്രമേ മരുന്നുകൾക്ക് തീർത്തും ഫലപ്രദമായ ഇടപെടൽ സാധ്യമാവുന്നുള്ളൂ എന്ന കാര്യം വ്യക്തമായിക്കഴിഞ്ഞു. ജനറ്റിക്സും
ന്യൂറോസയൻസും പുതിയ ചില ചുവടുകൾ കൂടി വെക്കുന്നതോടെ മനോരോഗത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണകൾ സ്വരൂപിക്കാനാവുമെന്നാണ് ലോകം കരുതുന്നത്.
അച്ഛനമ്മമാരുടെ സാമ്പത്തിക സ്ഥിതിയും സ്വഭാവം, ശീലം എന്നിവയും ഉൾപ്പെടെ കുടുംബസാഹചര്യം രൂപപ്പെടുത്തുന്ന ഘടകങ്ങൾ, ജനനക്രമം(സഹോദരങ്ങളിൽ എത്രാമതായി വരുന്നു എന്നത് ) തുടങ്ങിയ കാര്യങ്ങൾ ഒരാളുടെ വ്യക്തിത്വത്തിന്റെ രൂപീകരണത്തിൽ എത്രത്തോളം പങ്കുവഹിക്കുന്നു എന്നതിനെപ്പറ്റി മന:ശാസ്ത്രജ്ഞർ പറഞ്ഞുവെച്ചിരിക്കുന്ന കാര്യങ്ങളൊന്നും സാമാന്യവൽക്കരിക്കാൻ പറ്റുന്നവയല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തീരെ ഉത്തരവാദിത്വബോധമില്ലാതെയും ക്രൂരമായും പെരുമാറുന്ന അച്ഛന്റെയും ഒട്ടും കാര്യപ്രാപ്തിയില്ലാത്ത അമ്മയുടെയും മക്കളായി വളർന്ന പലരും വളരെയേറെ ഗൗരവബോധത്തോടെ ജീവിതത്തെ നേരിട്ട് വിജയിച്ച് മുന്നേറുന്നതായി കണ്ടിട്ടുണ്ട്. മൂത്ത കുട്ടി ഒട്ടും കാര്യപ്രാപ്തി കാണിക്കാതിരിക്കുമ്പോൾ ഏറ്റവും ഇളയ ആൾ ഏറെ കുടുംബസ്നേഹവും ഉത്തരവാദിത്വബോധവും കാണിക്കുന്നതും കാണാറുണ്ട്. മറിച്ചുള്ള ഉദാഹരണങ്ങളും എത്രയെങ്കിലും ഉണ്ടാവും. സഹോദരങ്ങൾ തമ്മിൽ ചെറുപ്പം മുതൽക്കേ കടുത്ത മത്സരം നിലനിൽക്കുന്ന കുടുംബങ്ങളും കടുത്ത ഇല്ലായ്മകൾക്കിടയിൽ സഹോദരങ്ങൾ ആത്മാർത്ഥമായി പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുന്ന കുടുംബങ്ങളും ഉണ്ട്. കയ്യിൽ വരുന്ന ഡാറ്റയ്ക്കനുസരിച്ച് സിദ്ധാന്തരൂപീകരണത്തിന് ശ്രമിക്കുന്ന മന:ശാസ്ത്രജ്ഞൻ പറയുന്ന കാര്യങ്ങൾ പൊതുവായ ശരിയിൽ എത്തിച്ചേരുകയില്ല. എന്റെ നിരീക്ഷണത്തിൽ ബോധ്യപ്പെട്ടിട്ടുള്ള കാര്യം ഒന്നുമാത്രമാണ്: രക്ഷിതാക്കളിലൊരാളോ രണ്ടുംപേരും തന്നെയോ ദൈനംദിനജീവിത വ്യവഹാരങ്ങളിൽ കാപട്യം വെച്ചു പുലർത്തുന്നവരാണെങ്കിൽ മക്കളിൽ അതിന്റെ തുടർച്ച കൃത്യമായി കാണാനാവും. ലൈംഗികതയുടെ കാര്യത്തിലെ ഏറ്റക്കുറച്ചിലുകൾക്കും രക്ഷിതാക്കളുടെ ഇക്കാര്യത്തിലുള്ള പ്രകൃതം അടിസ്ഥാനമായി വർത്തിക്കുന്നുണ്ട് എന്നുതന്നെ വേണം കരുതാൻ.
ഒരാൾ പതുക്കെപ്പതുക്കെ എല്ലാറ്റിൽ നിന്നും പിന്മാറി മിഥ്യാധാരണകളുടെയും മതിഭ്രമങ്ങളുടെയും ലോകത്തിൽ ചെന്നുവീണുപോകുന്നത് എന്തുകൊണ്ടാണ്
ഒരാൾ മനസ്സുകൊണ്ട് അങ്ങേയറ്റം ദുർബലനും ലോകത്തിന്റെ കാപട്യങ്ങളൊന്നും പങ്കുപറ്റാൻ തയ്യാറില്ലാത്തവനുമായി തീരുന്നത് എന്തുകൊണ്ടാണ്. ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടുപോകുന്നതിൽ വൻപരാജയമാകുന്നത് എന്തുകൊണ്ടാണ്. സാഹിത്യം, സിനിമ തുടങ്ങിയവയെക്കുറിച്ചൊക്കെ വളരെ ഉയർന്ന ചില ബോധ്യങ്ങളുണ്ടാവുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ താൽപര്യം കാണിക്കുകയും ചെയ്തുപോന്ന ഒരാൾ പതുക്കെപ്പതുക്കെ എല്ലാറ്റിൽ നിന്നും പിന്മാറി മിഥ്യാധാരണകളുടെയും മതിഭ്രമങ്ങളുടെയും ലോകത്തിൽ ചെന്നുവീണുപോകുന്നത് എന്തുകൊണ്ടാണ്.
കുട്ടാ, സഹോദരങ്ങളാരും നിന്നെ വേണ്ടത്ര മനസ്സിലാക്കിയില്ല എന്ന് എന്തോ ഒക്കെ കാരണങ്ങളാൽ നിനയ്ക്ക് തോന്നിപ്പോയിട്ടുണ്ടാവാം. പക്ഷേ, അവരാരും നിന്നെ വെറുക്കുകയോ നിന്നോട് മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. എന്നിട്ടും നിനക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ്?▮
(ഈ അധ്യായം അവസാനിച്ചിട്ടില്ല)