മലങ്കാട്- 20
മാട്ടുപ്പെട്ടിയായിരുന്നു കമ്പനിയുടെ ബിസിനസ് സ്പോട്ട് എന്ന് കാളിയപ്പൻ പറഞ്ഞു. പ്രാചീന മൂന്നാറിന്റെ എല്ലാ ഇടപാടുകളും മാട്ടുപ്പെട്ടിയെ ആശ്രയിച്ചായിരുന്നു. സുബ്ബൻ ചെട്ടിയാരുടെ ചന്ത ഇവിടെയുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇന്നത്തെ മാട്ടുപ്പെട്ടി ഡാം സ്ഥിതി ചെയ്യുന്ന സ്ഥലമായിരുന്നു കമ്പനിയുടെ കേന്ദ്രപ്രദേശം. എല്ലാ ഇടപാടുകളും കൃത്യമായി നടന്നിരുന്ന സ്ഥലം കുട്ടിയാറാണ്. ഇന്നത്തെ ഡാമിലായിരുന്നു മാട്ടുപ്പെട്ടി എസ്റ്റേറ്റ്. അവിടം മുതൽ മൂന്നാർ പോസ്റ്റ് ഓഫീസിന്റെ സമീപം വരെ പടർന്നുകിടന്ന ആ കാട് കുട്ടിയാർവേലി എന്നാണറിയപ്പെടുന്നത്. കുട്ടിയാർ എന്നാൽ ചെറിയ ആറ് എന്നർത്ഥം. കുണ്ടലയാറിന്റെ പോഷക ഘടകമാണ് കുട്ടിയാർ. പാലാർ കഴിഞ്ഞാൽ മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ കുട്ടിയാറാണ് പ്രശസ്തം.
1924- നുമുമ്പ് മാട്ടുപ്പെട്ടി എസ്റ്റേറ്റിന്റെ ഒരു ഡിവിഷനായിരുന്നു കുട്ടിയാർ. ചെറിയ ഒരു തോടിന്റെ തെരട്ടിലായിരുന്നു പ്രാചീന കുട്ടിയാർ ഡിവിഷൻ. അവിടെ 40 ലയങ്ങളുണ്ടായിരുന്നു. കരുമാരിയമ്മനായിരുന്നു കുട്ടിയാർ മക്കളുടെ കുലദൈവം. 1924 ആഗസ്റ്റ് വരെ നാല് ട്രെയിനുകൾ അങ്ങോളമിങ്ങോളം ചൂളം വിളിച്ചോടിയ സ്ഥലം. കമ്പനി ആസ്ഥാനം ഇവിടെയായിരുന്നു. ടീ മാനുഫാക്ചറിങ്ങിന്റെ ഹോട്ടസ്റ്റ് പ്ലേസായിരുന്നു ഇത്.
ഗുണ്ടുമല എസ്റ്റേറ്റിൽ നിന്ന് കുടിയേറിയ സുബ്ബു തേവരുടെ മകനായ മരതനായകം കങ്കാണിയായിരുന്നു കുട്ടിയാറിലെ വലിയ കങ്കാണി. മാരിമുത്തു, മാനുത്തേവർ, രാമുത്തേവർ, ദേവരാജ്, തിരുമായാണ്ടി, കറുപ്പൻ, ചെല്ലമുത്തു, മൈക്കൾ, കാണി, സാമിനാഥൻ, മുത്തുവീരൻ തുടങ്ങിയവരായിരുന്നു കുട്ടിയാറിലെ ആദ്യകാല കങ്കാണിമാർ. പെത്തുസാമി നായിഡു, രാജയ്യ നായിഡു, വേലിച്ചാമി റെഡ്ഡിയാർ, മനുവേൽ റെഡ്ഡിയാർ, അണ്ണാമല റെഡ്ഡിയാർ തുടങ്ങിയവരും പ്രമുഖരായിരുന്നു. വേദസഹായം, മരുതനായകം, യോവാൻ, മരിയദേവൻ തുടങ്ങിയവരും കമ്പനിയുടെ പ്രധാന പണികൾ ചെയ്തിരുന്നവരായിരുന്നു. വേദസഹായം കുതിരവണ്ടികളും കാളവണ്ടികളും ഓടിച്ചിരുന്നു.
1924- ലെ മഹാപ്രളയത്തിൽ കുട്ടിയാർ മുങ്ങിപ്പോയെന്ന് ബാലയ്യ പറഞ്ഞു. തങ്ങളുടെ വീട്ടിലുണ്ടായിരുന്ന 40 പശുക്കളെ ആ വെള്ളപ്പൊക്കം കൊണ്ടുപോയെന്ന് കരുമാരിയമ്മൻ കോവിലിൽ പണ്ടാരമായിരുന്ന പാണ്ഡ്യരാജൻ പറഞ്ഞു.
കാഞ്ചിപുരത്തും മറ്റു വടക്കൻ ജില്ലകളിലും കുടിയേറി പാർത്തിരുന്ന റെഢ്യാർമാരെയും നായിഡുമാരെയും ലക്ഷ്യം വെച്ച് കമ്പനിക്കാർ പ്രവർത്തിച്ചിരുന്നു. ഇവരുടെ കൈവശം ധാരാളം പണ്ണ അടിമകളുണ്ടായിരുന്നതുകൊണ്ട് ഇവരെ തന്നെ കങ്കാണികളാക്കി എസ്റ്റേറ്റിലേക്ക് കൊണ്ടുവന്നതായി പറയപ്പെടുന്നു. ഇവരിൽ രണ്ടു തലമുറ മാത്രമാണ് അവിടെ ജീവിച്ചത്. മറ്റുള്ളവർ കൊടും തണുപ്പും എസ്റ്റേറ്റിലെ ദാരിദ്ര്യവും താങ്ങാൻ വയ്യാതെ തമിഴ്നാട്ടിലേക്ക് തിരിച്ചുപോയി. ഭൂരിഭാഗവും ഭൂവുടമകളായതുകൊണ്ട് കമ്പനിക്കാർ അതിനു വഴങ്ങി. മറ്റുള്ള തൊഴിലാളികളെ കൊത്തടിമകളായി നടത്തിയപ്പോൾ തേവർ, റെഡ്ഡിയാർ, നായിഡു വിഭാഗത്തിൽ പെട്ട തൊഴിലാളികളോട് കമ്പനിക്കാർ മൃദുസമീപനമാണ് സ്വീകരിച്ചത്. ഈ മേൽജാതിക്കാരുടെ തലമുറയിൽ പെട്ടവരെല്ലാം കങ്കാണിമാർ തന്നെയായിരുന്നു. അവശേഷിക്കുന്ന ഒന്നോ രണ്ടോ കുടുംബങ്ങൾ ഇപ്പോഴും കങ്കാണിമാരായിട്ടാണ് അവിടെ ജീവിക്കുന്നതെന്ന് പാണ്ഡ്യരാജ് പറഞ്ഞു.
1924- ലെ മഹാപ്രളയത്തിൽ കുട്ടിയാർ മുങ്ങിപ്പോയെന്ന് ബാലയ്യ പറഞ്ഞു. തങ്ങളുടെ വീട്ടിലുണ്ടായിരുന്ന 40 പശുക്കളെ ആ വെള്ളപ്പൊക്കം കൊണ്ടുപോയെന്ന് കരുമാരിയമ്മൻ കോവിലിൽ പണ്ടാരമായിരുന്ന പാണ്ഡ്യരാജൻ പറഞ്ഞു. മൂന്നു നാല് ലയങ്ങൾ മുഴുവനും മണ്ണിനടിയിലായി എന്ന് എന്റെ അച്ഛനും പറഞ്ഞിട്ടുണ്ട്.
മൂന്നാറിലുണ്ടായിരുന്ന സർവതും മുങ്ങിപ്പോകുകയും ജനങ്ങൾ അക്ഷരാർഥത്തിൽ ആറ്റിൽ ഒഴുകിനടക്കുന്ന അവസ്ഥയിലാകുകയും ചെയ്തു. ദുരിതം മാസങ്ങളോളം നീണ്ടു. ഓരോ എസ്റ്റേറ്റുകളിലുമുള്ള തൊഴിലാളികൾ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. കുട്ടിയാർ എന്ന സ്ഥലം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി, ഒരുവിധ അവശേഷിപ്പുകളുമില്ലാതെ. കുട്ടിയാർ മുങ്ങിയപ്പോൾഒപ്പം തൊഴിലാളികളും കാളകളും ഒരേപോലെ മുങ്ങിപ്പോയി എന്നു ചിലർ പറയുന്നു. അവരെ കമ്പനിക്കാർ രക്ഷപ്പെടുത്തി എന്നും ചിലർ പറയുന്നുണ്ട്.
1924- ലെ മഹാപ്രളയത്തിൽ ഫാക്ടറി മുഴുവനും മണ്ണിനടിയിലായി. പറഞ്ഞുവന്നാൽ ഒരു മിനി നഗരം മണ്ണിനടിയിൽ മാഞ്ഞുപോയി. ആ നഗരത്തിന്റെ അടയാളങ്ങൾ മാത്രം ഇന്നും അവശേഷിക്കുന്നു.
1940- കളിലാണ് അവിടെ ഡാം പണിയാൻ കമ്പനി തീരുമാനിച്ചതെന്ന് സോളമൻ പറഞ്ഞു. പ്രളയം മിച്ചം വെച്ച ജീവനുകളെ പെറുക്കിയെടുത്താണ് സായിപ്പൻമാർ പുതിയ കുട്ടിയാർ പടുത്തുയർത്തിയത്. പുതിയ കുട്ടിയാറിൽ പഴയ തലമുറയിലെ ആൾക്കാർ വളരെ കുറവായിരുന്നു. പ്രളയം മാട്ടുപ്പെട്ടിയെ കവർന്നതോടെ മിച്ചമുള്ള തൊഴിലാളികളെ കമ്പനിക്കാർ മറ്റു സ്ഥലങ്ങളിൽ കൊണ്ടുവിട്ടു. മറ്റു എസ്റ്റേറ്റുകളിൽ നിന്ന് തൊഴിലാളികളെ കുട്ടിയാർ ഭാഗത്തേക്ക് കൊണ്ടുവരുകയും ചെയ്തു. ഈ ആൾമാറാട്ടം കമ്പനിയുടെ കപട തന്ത്രമായിരുന്നു. പ്രളയത്തിൽ മരിച്ചവരെ അടയാളപ്പെടുത്താതിരിക്കാനാണ് ഇത്തരം തന്ത്രങ്ങൾ പയറ്റിയതെന്ന് എട്ടയ്യൻ പറഞ്ഞു. ഫാക്ടറി മുഴുവനും മണ്ണിനടിയിലായി. പറഞ്ഞുവന്നാൽ ഒരു മിനി നഗരം മണ്ണിനടിയിൽ മാഞ്ഞുപോയി. ആ നഗരത്തിന്റെ അടയാളങ്ങൾ മാത്രം ഇന്നും അവശേഷിക്കുന്നു. വരൾച്ചക്കാലത്തോ മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകൾ പൂർണ്ണമായി തുറക്കുമ്പോഴോ ആ മിനി നഗരത്തെ തൊഴിലാളികൾക്ക് കാണാൻ സാധിക്കും എന്നാണ് മാട്ടുപ്പെട്ടിയിലെ തൊഴിലാളികൾ പറയുന്നത്. റെയിൽപാതകൾ, കരുമാരിയമ്മൻ കോയിൽ ഗോപുരം, പണ്ടത്തെ ലയങ്ങളുടെ അവശേഷിപ്പുകൾ, ഫാക്ടറി അവശേഷിപ്പുകൾ തുടങ്ങിയവയും കാണാൻ കഴിയുമെന്ന് ദൊറരാജ് പറഞ്ഞു.
കുട്ടിയാർ എന്ന സ്ഥലത്തിന് അടുത്താണ് തെന്മല, ഗുണ്ടുമല എസ്റ്റേറ്റുകൾ. മലയുടെ മുകളിലുള്ള ഈ എസ്റ്റേറ്റുകളിൽ നിന്നാണ് കപ്പമൊട്ട അല്ലെങ്കിൽ കപ്പിത്തേരികൾ വഴി പഴയ മാട്ടുപ്പെട്ടി ഫാക്ടറിയിലേക്ക് കൊളുന്തുകൾ എത്തിച്ചത്. പ്രാചീന ടീ പാക്കിങ് സെന്ററിന്റെ ഓർമക്കായാണ് ആധുനിക മാട്ടുപ്പെട്ടിയിലെ R&D ടീ റിസർച്ച് സെന്റർ രൂപപ്പെടുത്തിയെടുത്തത് എന്ന് സൗന്ദരരാജൻ പറഞ്ഞു. പഴയ ഹോസ്പിറ്റൽ ഇന്നത്തെ ഡാമിന്റെ എതിർവശത്തായിരുന്നു. ആ സ്ഥലം ഹോസ്പിറ്റൽമുക്ക് എന്നറിയപ്പെടുന്നു.
കുട്ടിയാറിലെ പൂർവ്വികരിൽ ഇന്നും ജീവിച്ചിരിക്കുന്നത് പാണ്ഡ്യരാജ് പണ്ടാരവും ഏകാംബരവുമാണ്. 130 വർഷം മുമ്പ് പണിത ആ കോവിലിന്റെ പൂജാരികളായിരുന്നു പാണ്ഡ്യരാജിന്റെ പൂർവികർ.
വേലായുധ പുതുക്കാട്, ചെല്ലക്കാട്, 45 ഏക്കർ കാട് തുടങ്ങിയ കാടുകൾ മാട്ടുപ്പെട്ടി എസ്റ്റേറ്റിന്റെ പഴയ തേയിലക്കാടുകളാണ്. മാട്ടുപ്പെട്ടിയും ഗുണ്ടുമലയും ബന്ധിപ്പിക്കുന്ന മറ്റൊരു സ്ഥലത്ത് അര കിലോമീറ്ററോളം കനാലുണ്ട്- കാൽവായ് എന്നാണ് തൊഴിലാളികൾ പറയുന്നത്. 18-ാം നമ്പർ കാട്ടിലാണ് ഗുഹ പോലുള്ള കനാൽ. വേനൽകാലത്ത് അവിടെ നിന്നു നോക്കിയാൽ മാട്ടുപ്പെട്ടി ഡാമിന്റെ കുറച്ചു ഭാഗങ്ങൾ കാണാമെന്ന് സൗന്ദരരാജൻ പറഞ്ഞു.
കുട്ടിയാർവേലി എന്ന വനഭാഗം പൂർണ്ണമായും ബ്രിട്ടീഷുകാരുടെ അകമ്പടിയിലായിരുന്നു. ചുറ്റും യൂക്കാലിപ്റ്റസ്, ഗ്രാണ്ടിസ്, കപ്പര മരങ്ങൾ മാത്രമായിരുന്നു. ആ വലിയ കാട്ടുപകുതി മാട്ടുപ്പെട്ടി ഡാമിന്റെ താഴ് വാരങ്ങളിലായിരുന്നു. ഞാറ്റുകൾ ഉൽപ്പാദിപ്പിക്കാൻ സായിപ്പന്മാർ അവിടെ തവരണ എന്നറിയപ്പെടുന്ന നഴ്‌സറി സ്ഥാപിച്ചെടുത്തു. തേയില റിസർച്ച് സെന്റർ R&D എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീന മൂന്നാറിന്റെ ആ അവശേഷിച്ച സ്ഥലത്താണ് ഇന്ന് മാട്ടുപ്പെട്ടിയിൽ രൂപപ്പെടുത്തിയെടുത്തിരിക്കുന്ന ടീ റിസർച്ച് സെന്റർ.
കുട്ടിയാർ ഡിവിഷനിലെ രണ്ടാം തലമുറയിൽപ്പെട്ട ഒരാൾ മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്- 93 വയസ്സായ ഏകാംബരം. അദ്ദേഹവും നെറ്റിമേട് ഡിവിഷനിലെ സോളമോനും (92) ഈയിടെ മരിച്ച കറുപ്പായിയുമാണ് പ്രാചീന മാട്ടുപ്പെട്ടിയെക്കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ. ഇവരിൽ തിരുനെൽവേലി പാളയംകോട്ട് താമസിക്കുന്ന സോളമോനു മാത്രമാണ് ഓർമ്മകളെ വീണ്ടെടുക്കാനുള്ള ശേഷിയുള്ളത്. ആ പ്രളയത്തിൽ തൊഴിലാളികൾ മരിച്ചതായി സോളമോന്റെ ഓർമ്മയിലില്ല. ഒരു നഗരം മൊത്തം വെള്ളം കവർന്നപ്പോൾ മനുഷ്യ ജീവൻ എങ്ങനെയാണ് രക്ഷപ്പെട്ടത് എന്നതിൽ ആശയക്കുഴപ്പമുണ്ട്. സോളമോന്റെ സമപ്രായക്കാരിൽ ആരും ജീവിച്ചിരിപ്പില്ല, അതുകൊണ്ട് പ്രളയത്തിൽ എത്ര തൊഴിലാളികൾ മരിച്ചുവെന്ന് തൊഴിലാളികൾക്കുപോലും കൃത്യമായി അറിയാനിടയില്ല.
ഡാമിൽ അവശേഷിക്കുന്ന മാരിയമ്മൻ കോവിലിൽ നിന്ന് ശിലയെടുത്താണ് പുതിയ കുട്ടിയാറിൽ തൊഴിലാളികൾ ചന്ദന മാരിയമ്മയെ പ്രതിഷ്ഠിച്ചതെന്ന് മാടപ്പൻ പറഞ്ഞു. കുട്ടിയാറിലെ പൂർവ്വികരിൽ ഇന്നും ജീവിച്ചിരിക്കുന്നത് പാണ്ഡ്യരാജ് പണ്ടാരവും ഏകാംബരവുമാണ്. 130 വർഷം മുമ്പ് പണിത ആ കോവിലിന്റെ പൂജാരികളായിരുന്നു പാണ്ഡ്യരാജിന്റെ പൂർവികർ. മറ്റുള്ളവർ നാടുവിടുകയും മറ്റു എസ്റ്റേറ്റുകളിൽ മാറി താമസിക്കുകയും ചെയ്തു. പ്രളയത്തിനുശേഷം കമ്പനിക്കാർ മറ്റു എസ്റ്റേറ്റിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്നാണ് പുതിയ കുട്ടിയാർഡിവിഷനെ പ്രവർത്തിപ്പിച്ചത്.
പ്രാചീന മാട്ടുപ്പെട്ടി പട്ടണമാണ് ഇന്നത്തെ മാട്ടുപ്പെട്ടി ഡാം. ഈ ഡാമിലാണ് അന്ന് മാട്ടുപ്പെട്ടി ഉണ്ടായിരുന്നത് എന്ന് ഏകാംബരം പറഞ്ഞു. കുട്ടിയാർ, ടോപ്പ് ഡിവിഷൻ, നെത്തിമേട് തുടങ്ങിയ മൂന്നു ഡിവിഷനുകളും 40 ലയങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളും അവിടെയാണ് താമസിച്ചിരുന്നത്. ഇന്ന് ഡാം സ്ഥിതി ചെയ്യുന്ന നാലു കിലോമീറ്ററിലാണ് അന്നത്തെ മാട്ടുപ്പെട്ടി പട്ടണം സ്ഥിതി ചെയ്തിരുന്നത്. കമ്പനിയുടെ ധാന്യപ്പുരയും ഓഫീസുകളും ഹോസ്പിറ്റലും അവിടുത്തെ ജീവനക്കാരും തൊഴിലാളികളും പാർക്കുന്ന പാർപ്പിടവും ഡാമിനകത്ത് ഇന്നും അവശേഷിക്കുന്നുവെന്ന് പാണ്ഡ്യരാജൻ പറഞ്ഞു. 40 ലയങ്ങളും ഡാമിന്റെ അങ്ങോളമിങ്ങോളം കാണാൻ കഴിയും. ഇത്രയും വലിയ പ്രപഞ്ചമാണ് ഡാമിനകത്ത് മറഞ്ഞുകിടക്കുന്നത്.
1924-ലുണ്ടായ മഹാപ്രളയത്തിനുശേഷം കുട്ടിയാർവേലി എന്നറിയപ്പെടുന്ന മാട്ടുപ്പെട്ടി ലോകത്തുനിന്ന് മാഞ്ഞുപോയി. എത്ര ആൾക്കാർ മരിച്ചു എന്നതിന് കൃത്യമായി കണക്കില്ല. തിരുവിതാംകൂർ മാനുവൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന ലീ സായിപ്പും ഭാര്യയും ആ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട കഥയുണ്ട്. മാത്രമല്ല, തൊഴിലാളികളെ കൂലി എന്നാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കൂലികൾ രക്ഷപ്പെട്ടോ മരിച്ചുവോ എന്നത് അവ്യക്തമാണ്. ഇതുപോലെ തന്നെയാണ് മറ്റു എസ്റ്റേറ്റുകളിലെ മഴ ലഭ്യതയും.
എങ്കിലും അന്നത്തെ ജീവിതം കഥകളായി ഡാമിൽഇന്നും അവിശേഷിക്കുന്നു. അതുകൊണ്ടാണ് മാട്ടുപ്പെട്ടിയെ ചുറ്റി നെത്തിമേട്, ടോപ്പ് ഡിവിഷൻ, കുട്ടിയാർ തുടങ്ങിയ സ്ഥലങ്ങളിലുള്ള തൊഴിലാളികൾ ഡാം തുറക്കുന്ന സമയത്തോ വരൾച്ചാസമയത്തോ ഡാമിന്റെ ഇടയിലുള്ള കരുമാരിയമ്മൻ കോവിലിൽ പൊങ്കാലയിടുന്നത്. മാട്ടുപ്പെട്ടി ഡാം വെറും അണക്കെട്ടല്ല, പ്രാചീന തൊഴിലാളി വർഗ്ഗത്തിന്റെ ജീവിതമുദ്ര കൂടിയാണ്. ആദ്യ തലമുറ നശിച്ചുപോയതുകൊണ്ടും പിന്നീടുള്ളവർ അത്തക്കൂലികളായി ജീവിച്ചതുകൊണ്ടും അക്കാലത്തെ ജീവിതത്തെക്കുറിച്ച് അവർക്ക് വലിയ പിടിയില്ല.
ആദ്യ തലമുറ പൂർണമായി നശിച്ചപ്പോൾ കമ്പനിക്കാർ കമ്പനിയെ മാത്രമല്ല പുനർനിർമിച്ചത്, പാരമ്പര്യ തൊഴിലാളികളുടെ ജീവിതത്തെ കൂടിയാണ്. രാജമല, കണ്ണിമല, പെരിയകനാൽ, ഗുണ്ടല, സൈലന്റ് വേലി, ഗൂഢാരവിളൈ തുടങ്ങിയ എസ്റ്റേറ്റുകളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് കുട്ടിയാറിൽ പാർപ്പിച്ചു. 1936-ൽ സമാനമായ ഒരു വെള്ളപ്പൊക്കത്തിന്റെ വക്കിൽ മാട്ടുപ്പെട്ടി എത്തിയപ്പോഴാണ് കമ്പനിക്കാർ അവിടെ ഡാം പണിയാൻ മുതിർന്നതെന്ന് സെൽവരാജ് പറഞ്ഞു. അത്തകൂലികളുടെ ഉയിരിന് എന്ത് സംരക്ഷണം? കറുപ്പസാമി കങ്കാണിയുടെ പേരൻ വീരൻ ചോദിക്കുന്നു.
പൂമാരിയമ്മൻ, ചപ്പാണിമാടൻ, കാളിയമ്മൻ തുടങ്ങിയ കുലദൈവങ്ങളെയാണ് മാട്ടുപ്പെട്ടിയിലെ ജനങ്ങൾ ആരാധിച്ചിരുന്നത്. പ്രളയശേഷം കുറച്ചു വർഷങ്ങൾ കഴിഞ്ഞ് വെള്ളക്കെട്ട് വറ്റിയപ്പോൾ കുട്ടിയാറിൽ വീണ്ടും കമ്പനി പ്രവർത്തനം തുടങ്ങാൻതീരുമാനിച്ചു. എങ്കിലും പിന്നീടുള്ള മഴക്കാലങ്ങളിൽ വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കങ്ങളും പതിവായതോടെ തൊഴിലാളികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി തുടങ്ങി. അങ്ങനെയാണ് മാട്ടുപ്പെട്ടി, ഗുണ്ടുമല, ഗുഢാരവിളൈ ഗ്യാപ്പുകളിൽ നെത്തിമേടു ഡിവിഷനും മറ്റൊരു ഭാഗത്ത് ടോപ്പ് ഡിവിഷനും താഴ് വാരങ്ങളിൽ പുതിയ കുട്ടിയാർ ഡിവിഷനും രൂപപ്പെട്ടത്. കമ്പനിയുടെ ആശുപത്രി നശിച്ചതോടെ നല്ലതണ്ണി ഭാഗത്ത് പുതിയ ഹോസ്പിറ്റൽ പണിതു. ഫാക്ടറി നശിച്ചതോടെ മൂന്ന് ഡിവിഷനുകളെയും ബന്ധിപ്പിക്കുന്ന ജംഗ്ഷന്റെ മുകൾ ഭാഗത്താണ് പുതിയ ഫാക്ടറി പണിതത്.
ആദ്യ തലമുറ പൂർണമായി നശിച്ചപ്പോൾ കമ്പനിക്കാർ കമ്പനിയെ മാത്രമല്ല പുനർനിർമിച്ചത്, പാരമ്പര്യ തൊഴിലാളികളുടെ ജീവിതത്തെ കൂടിയാണ്.
ഇന്നു കാണുന്ന മാട്ടുപ്പെട്ടി ആധുനിക സൃഷ്ടിയാണ്. മാട്ടുപ്പെട്ടിയിൽ നിന്ന് മനസ്സില്ലാ മനസ്സോടെ പിരിഞ്ഞുപോയ തൊഴിലാളികൾ, അവർപോയ സ്ഥലങ്ങളിൽ വിശ്വാസങ്ങളെ പ്രതിഷ്ഠിച്ചെടുത്തത് അങ്ങനെയാണ്. നെത്തിമേട് ഡിവിഷനിലെത്തിയ തൊഴിലാളികൾ സപ്പാണി മാടൻ എന്ന ദൈവത്തെയും പുതിയ കുട്ടിയാർ ഡിവിഷനിലെത്തിയവർ പൂമാരിയമ്മയെയും ടോപ്പ് ഡിവിഷനിലെത്തിയവർ കാളിയമ്മയെയും ദൈവങ്ങളായി ആരാധിച്ചുവരുന്നു. മാത്രമല്ല, മൂന്നാറിൽ തന്നെ ആദ്യമായി രൂപപ്പെട്ട അമ്പലം എന്നാണ് ഡാമിനുള്ളിൽ പുതഞ്ഞിരിക്കുന്ന കരുമാരിയമ്മൻ അമ്പലത്തെ തൊഴിലാളികൾ വിശേഷിപ്പിക്കുന്നത്. അവിടത്തെ ജനങ്ങൾ ഇന്നുവരെ കണ്ടുവരുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് എല്ലാ ഏപ്രിലിലും ഡാം വറ്റുമ്പോൾ അല്ലെങ്കിൽ ഡാം തുറന്നുവിടുമ്പോൾ പ്രത്യക്ഷപ്പെടുന്ന ആ മാരിയമ്മൻ കോവിലിൽ ചെന്ന് പൊങ്കാലയിട്ടു പൂജ നടത്തുന്നത്. ഐക്യ മാട്ടുപ്പെട്ടിയുടെ ചരിത്രരേഖ കൂടിയാണ് ഡാം പണിത സ്ഥലവും മാരിയമ്മൻ കോവിലും. എല്ലാ അവശേഷിപ്പുകളെയും ഈ സമയത്ത് ഡാമിൽ കാണാൻ കഴിയും എന്ന് കുമാർ പറഞ്ഞു.
(തുടരും)