Photo: evonshiregreens.com

ഹൈറേഞ്ച്, അതൊരു വേറിട്ട ജീവിതമാണ്

ഭൂരിഭാഗവും തൊഴിലാളികളായതുകൊണ്ട് ജാതി-മത വ്യത്യാസങ്ങൾക്കതീതമായ സാമൂഹിക ഘടനയാണ് മൂന്നാറിൽ രൂപം കൊണ്ടത്. തൊട്ടടുത്ത വീടുകളിലുള്ളവരെ അവർ ബന്ധുക്കളെ പോലെയാണ് കണ്ടത്. അതാണ് ഹൈറേഞ്ചിലെ ജീവിതങ്ങളെ മറ്റു ജീവിതങ്ങളിൽ നിന്ന് വ്യത്യാസപ്പെടുത്തുന്നത്.

മലങ്കാട്- 21

ന്നത്തെ കുട്ടിയാറിൽ നെടുകെയും കുറുകെയുമായാണ് ഫാക്ടറി ഡിവിഷൻ, നെത്തിമേട്, ടോപ്പ് ഡിവിഷൻ തുടങ്ങിയ ഡിവിഷനുകൾ സ്ഥിതിചെയ്തിരുന്നത്. ഗുണ്ടല ഡാമിന്റെ ഒരറ്റത്തുനിന്ന് തുടങ്ങുന്നതായി തോന്നുന്ന മാട്ടുപ്പെട്ടി ഡാം ഏറ്റവും നീളം കൂടിയ ഡാം ആണ്. അതുകൊണ്ട് മാട്ടുപ്പെട്ടി ഡാം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റവും വലിയ കാടായിരുന്നു. തേയില, ഗ്രാൻഡിസ്, യൂക്കാലിപ്പ്സ്, കപ്പര, ചവുക്ക, ചടചവുക്ക, നീർചൂട, പൈൻ, കരുവ തുടങ്ങിയ മരങ്ങളാണ് ഡാമിന്റെ അക്കരയിലുണ്ടാവുക. ഹെഡ്സ് വർക്ക് ഡാം അല്ലാതെ മറ്റു ഡാമുകളായ മാട്ടുപ്പെട്ടി, ഗുണ്ടല , ആനയിറങ്ങൽ തുടങ്ങിയ ഹൈറേഞ്ചിലെ ഡാമുകളുടെ ചുറ്റും ഇങ്ങനെ തന്നെയാണ്. പ്രത്യേകിച്ച് കാരണമില്ല, ഒരു ഭംഗിയാണ് ഇത്തരം കാടുകൾ കാണാൻ. അതുകൊണ്ടാണ് സായിപ്പന്മാർ ഈ കാടുകളെ രൂപപ്പെടുത്തിയെടുത്തതും.

ഗുണ്ടല ഡാമിന്റെ ഒരറ്റത്തായി 50 ഏക്കറോളം കാടുകളുടെ നടുവിലുള്ള ഗുണ്ടല ക്ലബ്ബിലെ കാവൽക്കാരനായിരുന്നു കറുപ്പസാമി. മകൻ സ്റ്റീഫനും ഭാര്യയും മക്കളും ഇപ്പോഴും ഈ ക്ലബ്ബിലാണ് പണിക്കാരായി ജീവിച്ചുവരുന്നത്. കറുപ്പസാമിക്ക് ആ കാട്ടിൽ ഒരു ഇല അടങ്ങിയാൽ പോലും അറിയാം. ചിട്ടിവാരയിൽ നിന്നും എല്ലപ്പെട്ടിയിൽനിന്നും നാലു കിലോമീറ്റർ, ചെണ്ടുവാരയിൽ നിന്ന് മൂന്നു കിലോമീറ്റർ, ചുറ്റും കാടും ഗോൾഫ് ഗ്രൗണ്ടും നടുക്കെ ഒരു ബംഗ്ലാവും- ഇതാണ് ഗുണ്ടല ക്ലബ്ബിന്റെ ഇരിപ്പുവശം. ഇവിടെ മാത്രം എങ്ങനെയാണ് അന്നത്തെ കാലത്ത് വൈദ്യുതി എത്തിച്ചത് എന്നതിൽ ഇന്നും അവ്യക്തതയുണ്ട്. കാരണം ചെണ്ടുവാരയിലും, ചിറ്റിവാരയിലും, ഗുണ്ടലയിലും അന്ന് ഫാക്ടറികൾ ഉണ്ടായിരുന്നില്ല.

ഗുണ്ടല ക്ലബ്ബിലെ സൺഡെ മീറ്റ് 1930ൽ എടുത്ത ചിത്രം

1904-ൽ ഗുണ്ടലവേളി മേഖലയിലെ എല്ലപ്പെട്ടിയിൽ മാത്രമാണ് ഫാക്ടറിയുള്ളത്. എല്ലപ്പെട്ടിയിലെ കരിങ്കുളം എന്നറിയപ്പെടുന്ന കെ.കെ ഡിവിഷനിലാണ് ഫാക്ടറിയുണ്ടായിരുന്നത്. 1924- ന് മുമ്പു തന്നെ ഗുണ്ടല ക്ലബ്ബിന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. സായിപ്പന്മാർ ഗോൾഫ് കളിക്കാനും മറ്റു വിനോദങ്ങൾക്കും ഞായറാഴ്ചകളിൽ ഇവിടെയെത്തും. ഡാമിന്റെ വൃഷ്ടിഭാഗങ്ങളിലുള്ള അടർന്ന കാടുകളിൽ വേട്ടയാടുകയും കിട്ടിയ ഇരയെ ഭക്ഷിക്കുകയും ചെയ്യും. (അന്ന് മാട്ടുപ്പെട്ടി ഡാമും കുണ്ടല ഡാമും ഇല്ല. ഗുണ്ടലയാറിന്റെ കൈവഴി പാതകളായിരുന്നു ഇന്നത്തെ ഈ രണ്ടു ഡാമുകളും എന്ന് ഏകാംബരം പറഞ്ഞു.

നൂറു വർഷങ്ങൾക്കു ശേഷവും കമ്പനി മാനേജർമാർവേട്ടയാടൽ തുടരുന്നു. ക്ലബ്ബിലെ പാതയിലൂടെ അന്യർക്ക് പ്രവേശനമില്ല. പ്രത്യേകിച്ച് ഗോൾഫ് കളിക്കുന്ന ഞായറാഴ്ചകളിൽ മറ്റുള്ള ആരെയും ആ സർക്കിളിൽ കടത്തിവിടില്ല. എസ്റ്റേറ്റിലെ തൊഴിലാളികൾക്കും അതാണ് അവസ്ഥ. മരപ്പാലം കഴിഞ്ഞാൽ പിന്നീട് യൂറോപ്പ് എന്ന് തോന്നിക്കുന്ന രീതിയിൽ അങ്ങോളമിങ്ങോളം പടർന്നുകിടക്കുന്ന പുല്ലുമേടുകൾ, തീപ്പെട്ടി മരങ്ങൾ , പൈൻ മരങ്ങൾ മാത്രമല്ല, യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്ത ചിലയിനം പേരറിയാത്ത മരങ്ങളും അവിടത്തെ വ്യത്യസ്ത കാഴ്ചകളാണ്. ബംഗ്ലാവിനു ചുറ്റും ആയിരക്കണക്കിന് പൂച്ചെടികളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഈ ക്ലബ്ബിന്റെ കവാടത്തിൽ വലിയ പൈൻ മരങ്ങളുമുണ്ട്. അതിന്റെ പുറകുവശം രണ്ട് മൂന്ന് കിലോമീറ്ററുകളോളം മരങ്ങളാൽ ചുറ്റപ്പെട്ട കാടുകളാണ്. അത്തരം കാടുകളിൽ കാട്ടുപോത്തുകളും, മാനുകളും, കേളകളും, മറ്റു വന്യമൃഗങ്ങളും മനുഷ്യരും സമരസപ്പെട്ടു ജീവിക്കുകയാണ്.

ഗുണ്ടല ഗോൾഫ് ക്ലബ്ബ്‌

മാട്ടുപ്പെട്ടിയിൽ നിന്ന് തെക്കു ഭാഗത്താണ് നെറ്റിമേടു ഡിവിഷൻ. തലയുച്ചിയിലെ നെറ്റി പോലുള്ള കയറ്റമായതുകൊണ്ടാണ് നെറ്റിമേട് എന്നറിയപ്പെടുന്നതെന്ന് തുറരാജ് പറഞ്ഞു. 1920- കളിലാണ് ഇങ്ങനെയൊരു ഡിവിഷൻ രൂപപ്പെട്ടതെന്ന് അപ്പാ ശൊല്ലുവാരു. മാട്ടുപ്പെട്ടി ഡാമിന്റെ ഓരത്തുണ്ടിയിരുന്ന ഒരു സംസ്‌കാരം മുങ്ങിത്തീർന്നപ്പോൾ അവശിഷ്ടങ്ങളുടെ പേരിൽ അവകാശവാദങ്ങൾ കുലദൈവങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളുയർന്നു. അവർ ദൈവങ്ങളെ ഭാഗിച്ചെടുത്തു. തിരുനെൽവേലി, ശങ്കരൻ കോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ തൊഴിലാളികളിൽ ഭൂരിഭാഗവും നെത്തിമേട്ടിലാണ് പാർത്തിരുന്നത്. അവർ ഡാമിൽ മുങ്ങിപ്പോയ തങ്ങളുടെ സംസ്‌കാരനാഥനായ ചപ്പാണിമാടനെ സ്വന്തമാക്കി. ടോപ്പ് ഡിവിഷനിലെത്തിയവർ കാളിയമ്മയെ പ്രതിഷ്ഠിച്ചു. ഉൽസവദിനങ്ങളിൽ മാത്രമല്ല, മറ്റു ദിവസങ്ങളിലും മൂന്നാറുകാരുടെ ഉൽസവമാണ് ഈ കുലദൈവങ്ങൾ. ദ്രാവിഡ ഗോത്രവർഗ്ഗത്തിന്റെ എല്ലാ സ്വഭാവവും മൂന്നാറിലെ തൊഴിലാളികൾക്കിടയിൽ കാണാം. ബഹുസ്വര സംസ്‌കാരത്തെ ഉൾക്കൊണ്ടതുകൊണ്ട് എല്ലാ രീതിയിലുമുള്ള ആരാധനകളും അവർക്ക് ഒന്നാണ്. അങ്ങനെയാണ് മൂന്നാറിൽ സമത്വം നിലനിൽക്കുന്നത്. ഭൂരിഭാഗവും തൊഴിലാളികളായതുകൊണ്ട് ജാതി-മത വ്യത്യാസങ്ങൾക്കതീതമായ സാമൂഹിക ഘടനയാണ് മൂന്നാറിൽ രൂപം കൊണ്ടത്. തൊട്ടടുത്ത വീടുകളിലുള്ളവരെ അവർ ബന്ധുക്കളെ പോലെയാണ് കണ്ടത്. ഒരേതരം ജീവിതം ജീവിച്ചുതീർക്കുന്ന തൊഴിലാളി കൂട്ടങ്ങൾ പാർക്കുന്ന തേയിലക്കാട്ടിൽ മാത്രമല്ല, ഇടുക്കി മലനിരകളിലുള്ള കാപ്പി, ഏലം തോട്ടങ്ങളിലും ഇത്തരമൊരു സംസ്‌കാരം കാണാം. അതാണ് ഹൈറേഞ്ചിലെ ജീവിതങ്ങളെ മറ്റു ജീവിതങ്ങളിൽ നിന്ന് വ്യത്യസ്തപ്പെടുത്തുന്നതെന്ന് കറുപ്പസ്വാമി പറഞ്ഞു.

ചാലമോനും തായമ്മയുമായിരുന്നു നെത്തിമേട്ടിലെ പെരിയ ആളുകൾ. മൂക്കൻ കങ്കാണി, പഴവേശൻ കങ്കാണി, തലയാൻ കങ്കാണി, അരുണചാലം കങ്കാണി, യോവൻ കങ്കാണി, മരിയ കങ്കാണി, ചെല്ലയ്യ, ചപ്പാണിമുത്തു, മരിയദാസ്, പൂച്ചി, സീത, തങ്കപാണ്ടി തേവർ, ഡാനിയൽ, കടക്കര, കതിരവേൽ, ആത്തിയപ്പൻ തുടങ്ങിയവരും അവരുടെ സന്തതികളുമായിരുന്നു മാട്ടുപ്പെട്ടിയിലെ കുട്ടിയാർ, നെത്തിമേട്, ടോപ്പ് തുടങ്ങിയ ഡിവിഷനുകളിൽ താമസിച്ചിരുന്നത്. മൂന്നാം തലമുറക്കാരും മറ്റു എസ്റ്റേറ്റുകളിൽ നിന്ന് എത്തിയവരുമാണ് ഇപ്പോൾ അവിടെ ജീവിക്കുന്നതെന്ന് രത്‌നസാമി പറഞ്ഞു.

മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടിയേയും ഗുണ്ടുമലയേയും ബന്ധിപ്പിക്കുന്ന പാത കോരി പാത എന്നറിയപ്പെടുന്നു. പ്രാചീനകാലത്ത് ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യ സാധനങ്ങളും കൊളുന്തുകളും തെൻമല, ഗുണ്ടുമല എസ്റ്റേറ്റുകളിൽ നിന്ന് മാട്ടുപ്പെട്ടി ഭാഗങ്ങളിലേക്കും മാട്ടുപ്പെട്ടിയിൽ നിന്ന് മറ്റു എസ്റ്റേറ്റുകളിലേക്കും എത്തിച്ചത് ടോപ്പ് സ്റ്റേഷനിൽ നിന്നെത്തുന്ന മാട്ടുപ്പെട്ടി എക്‌സ്പ്രസ് അഥവാ ബക്കനൻ എക്‌സ്പ്രസ് എന്ന ട്രെയിനിലാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ തേയിലക്കച്ചവടം ആ കാലത്ത് നടന്നിരുന്നത് മാട്ടുപ്പെട്ടി കേന്ദ്രീകരിച്ചായിരുന്നു. ഇന്നത്തെ മാട്ടുപ്പെട്ടി ഡാമിലായിരുന്നു ആ പ്രവർത്തനങ്ങളെല്ലാം നടന്നിരുന്നത്. ഗുണ്ടുമല, തെന്മല എസ്റ്റേറ്റുകളിൽ നിന്ന് കൊളുന്തുകൾ ഡാമിനകത്തെ താഴ് വാരങ്ങളിൽ അവശേഷിക്കുന്ന ആ ഫാക്ടറിയിലേക്കാണ് എത്തിച്ചത്. അവിടെ നിന്ന് എല്ലാ വസ്തുക്കളും പണ്ടങ്ങളും കോറിപ്പാത എന്നറിയപ്പെടുന്ന കാട്ടുപാത വഴിയാണ് മുകളിലേക്ക് എത്തിച്ചതെന്ന് മുരുകയ്യ പറഞ്ഞു.

കോറിപാതയിലൂടെയാണ് കഴുതയും കുതിരയും ഭക്ഷണപ്പൊതികൾ ചുമന്ന് മുകളിലെ എസ്റ്റേറ്റുകളിലേക്ക് എത്തിച്ചത്. ആ കാട്ടുപാതയെ ആശ്രയിച്ചാണ് ജനങ്ങൾ ഇപ്പോഴും ജീവിക്കുന്നത്. അന്ന് അത് വെറുമൊരു ഒറ്റയടി പാതയായിരുന്നു. ഈ പാതയിൽ കൂടിയാണ് തൊഴിലാളി കൂട്ടങ്ങൾ നടന്നുനടന്ന് ജീവിച്ചുതീർത്തത്. ഇന്നും ആ അവസ്ഥ തുടരുന്നു. പക്ഷേ ജീപ്പും കമ്പനി ട്രാക്ടറുകളും മാത്രം ഓടിക്കുന്ന മറ്റൊരു പാതയും കൂടി പിന്നീട് കമ്പനിക്കാർ ആ ഭാഗത്ത് നിർമിച്ചു. അങ്ങനെ മാട്ടുപ്പെട്ടി ഡാമിന്റെ മറുവശത്തുള്ള ചെക്ക് പോസ്റ്റിൽനിന്ന് മുകളിലേക്ക് കയറിച്ചെന്നാൽ മറയൂരുമായി ബന്ധപ്പെട്ട് കിടക്കുന്ന ഗുണ്ടുമലയി​ലേക്കും തെന്മലയിലേക്കും എത്താം. കൂടാതെ കുട്ടിയാർവേലി ഭാഗത്തുനിന്ന് ഇടതുവശത്തെ കാട്ടിലൂടെ സഞ്ചരിച്ചാൽ മറ്റൊരു വഴിയിലെത്തും. നെറ്റികുടി എന്നാണ് ആ എസ്റ്റേറ്റിന്റെ പേരെന്ന് രത്‌നവേലു പറഞ്ഞു.

മാട്ടുപെട്ടി ഡാം നിർമാണ സമയത്ത്‌

ഈ എസ്റ്റേറ്റിൽ സെൻട്രൽ, ടോപ്പ്, ലോവർ എന്നീ മൂന്ന് ഡിവിഷനുകളാണുള്ളത്. സെൻട്രൽ ഡിവിഷനിലെ ചേരുവാരൻ കങ്കാണി, അയ്യാസാമി കങ്കാണി, കുമരേസൻ കങ്കാണി, കറുപ്പൻ കങ്കാണി എന്നിവരും ലോവർ ഡിവിഷനിലെ സുബ്രഹ്മണി കങ്കാണി, കിട്ണസാമി കങ്കാണി, കറുപ്പസാമി കങ്കാണി, പൊന്നയ്യ കങ്കാണി തുടങ്ങിയവരും ടോപ്പ് ഡിവിഷനിലെ പരമ ശിവൻ, കതിരേശൻ തുടങ്ങിയ കങ്കാണിമാരുമായിരുന്നു നെറ്റികുടിയിൽ ആളുകളെ കൊണ്ടെത്തിച്ചത്. ആ എസ്റ്റേറ്റിന് സ്വന്തമായി ഒരു ഫാക്ടറിയുണ്ടായിരുന്നു. 20 വർഷം മുമ്പാണ് അത് പൂട്ടിയതെന്ന് ഗോവിന്ദരാജ് പറഞ്ഞു.

ഹെഡ്‌വർക്ക്‌സ് ഡാം Photo: flickr / Benjamin Weber

സെൻട്രൽ ഡിവിഷനിൽ ഒന്നാം നമ്പർ കാട് ഇള്ളിയമ്മ കാട് എന്നാണറിയപ്പെടുന്നത്. ഇള്ളിയമ്മ എന്ന സ്ത്രീ തൊഴിലാളി ഈ കാട്ടിൽ വച്ച് മരിച്ചു. അവരുടെ ഓർമ്മക്ക് അവരെ ദൈവമായി കാണുകയും ഒരു കല്ല് പ്രതിഷ്ഠിക്കുകയും ചെയ്തു. ഇള്ളിയമ്മയെ അവർ ദൈവമായി വണങ്ങുന്നു എന്ന് അവിടത്തെ തൊഴിലാളികൾ പറഞ്ഞു. ഈ ദൈവത്തിന് പ്രത്യേക രൂപമില്ല. മുഖക്കല്ല് എന്നറിയപ്പെടുന്ന കല്ലുകൾ സ്ഥാപിച്ചാണ് പ്രാർഥന. എസ്റ്റേറ്റിൽ ഇത്തരം ആരാധനകൾ പതിവാണ്. മാരിയമ്മൻ, മാടസാമി, കാളിയമ്മ തുടങ്ങിയ ദൈവങ്ങളല്ലാതെ മറ്റു ദൈവങ്ങളെല്ലാം ഇത്തരം കല്ല് പ്രതിഷ്ഠകളാണ്. തമിഴ്‌നാട്ടിലും സമാനമായ കല്ല് പ്രതിഷ്ഠകളുണ്ട്. ഇവ ദ്രാവിഡ സംസ്‌കാരത്തിന്റെ ശൈലിയാണ്. ആദിവാസി ഗോത്ര വർഗങ്ങളുടെയും മറ്റു ദലിത് - പിന്നാക്ക വിഭാഗക്കാരുടെയും ആരാധനകളാണിവ. തമിഴ് സാംസ്‌കാരിക ഗവേഷകൻ തൊ. പരമശിവൻ ഇത്തരം ആരാധനകളെ നടുക്കൽ വഴിപാടുകളുടെ മറ്റൊരു പതിപ്പായിട്ടാണ് കണക്കാക്കുന്നത്. ദ്രാവിഡ ഗോത്രവർഗത്തിൽ മരിച്ചവരെ കുഴിച്ചുമൂടുമ്പോൾ അടയാളത്തിനായി വലിയ ഒരു കല്ല് അവരുടെ തല ഭാഗത്ത് സ്ഥാപിച്ചിരുന്നുവെന്ന് ശിലാലിഖിത ഗവേഷകർ പറയുന്നു. 2000- വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന ആ സംസ്‌കാരത്തിന്റെ അടയാളങ്ങൾ തമിഴ് കൃതികളിൽ കാണാം. തമിഴ് സംഘസാഹിത്യം നടുക്കൽ വഴിപാട് എന്നാണ് ഇത്തരം ആരാധനകളെ പരാമർശിക്കുന്നത്. മൂന്നാറിലെ അടർന്ന കാടുകളിലുള്ള തൊഴിലാളികളും ഇത്തരം കല്ലുകൾ നട്ടുപിടിപ്പിച്ച് ആരാധിച്ചുവരുന്നു. ദ്രാവിഡ സംസ്‌കാരത്തിന്റെ അവശേഷിപ്പുകൾ ഗോത്രവർഗ്ഗക്കാരിലും ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും കാണാം.

നെറ്റിക്കുടി സെൻട്രൽ ഡിവിഷനിൽ ഏഴു കാടുകളാണുള്ളത്. മൂന്ന്, അഞ്ച് നമ്പർ കാടുകൾക്കിടയിൽ തേൻപാറ. ഈ പാറയുടെ ഇടുക്കുകളിൽ ധാരാളം തേൻ കൂടുകളുണ്ട്. ഈ ഇടുക്കുകളിൽ ഒരുപാടു നിഗൂഢതകളൊപ്പിച്ചിട്ടുള്ള വലിയ ഗുഹയുണ്ട്. ആ ഗുഹയിലാണ് ആദിമ കാലത്ത് മനുഷ്യർ പാർത്തതിന്റെ അവശേഷിപ്പുകൾ കാണാൻ കഴിയുന്നത്. ആ ഗുഹയിലേക്ക് ആർക്കും കടന്നുചെല്ലാൻ പറ്റില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്. സെൻട്രൽ ഡിവിഷനിലെ തൊഴിലാളികൾ ആ ഗുഹയെ അത്ഭുതമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരം ചെറിയ കനാലുകൾ പോലുള്ള ഗുഹകൾ മാട്ടുപ്പെട്ടി ഭാഗത്തുമുണ്ട് എന്ന് തൊഴിലാളികൾ പറയുന്നു. ഈ എസ്റ്റേറ്റ് കുട്ടിയാർവേലിയോട് ചേർന്നായതുകൊണ്ട് ഇവിടെ നിന്ന് ഗൂഢാരവിള എസ്റ്റേറ്റ് വളരെയടുത്താണ്. ഒരു കിലോമീറ്ററിനപ്പുറം സഞ്ചരിച്ചാൽ ദേവികുളത്ത് എത്തും.

ഗുണ്ടല ഡാം

ഇങ്ങനെയാണ് മാട്ടുപ്പെട്ടിയുടെ താഴ് വാരങ്ങളിൽ കിടക്കുന്ന എസ്റ്റേറ്റുകളുടെ ഇരുപ്പുവശം. മറ്റൊരു ഭാഗത്ത് കൊരണ്ടിക്കാട്, ഗ്രാംസലന്റ് തുടങ്ങി രണ്ട് ഡിവിഷനുകളും ചേർന്ന് ഗ്രാംസലന്റ് എന്ന ഒറ്റൊരു എസ്റ്റേറ്റ് മാത്രമായിരുന്നു. മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഘടനയാണ് ഗ്രാംസലന്റ്, കൊരണ്ടിക്കാട് തുടങ്ങിയ സ്ഥലങ്ങൾക്കുള്ളത്. ഇവിടെ നിന്ന് രണ്ട് വളവു കഴിഞ്ഞാൽ പുതിയ മൂന്നാറിലെത്താം. മൂന്നാർ വാസ്തവത്തിൽ എവിടെ നിന്നു തുടങ്ങി എവിടെ അവസാനിക്കുന്നു എന്ന് ആർക്കും കൃത്യമായി പറയാൻ പറ്റാത്ത രൂപഘടനയുള്ള ഭൂപ്രദേശമാണ്. അതുകൊണ്ട് എസ്റ്റേറ്റിൽ ജീവിക്കാത്ത ഒരാൾക്ക് മൂന്നാറിന്റെ മലനിരകളെ തിരിച്ചറിയാൻ കഴിയില്ല.

ഒരുപക്ഷേ, 1919- ലെ വെള്ളപ്പൊക്കം മൂന്നാറിനെ കവർന്നില്ലായിരുന്നുവെങ്കിൽ ഇന്നത്തെ മാട്ടുപ്പെട്ടി, ഗുണ്ടല ഡാമുകളിൽ വലിയ രണ്ട് നഗരങ്ങൾ നിലനിൽക്കാൻ സാധ്യതയുണ്ടായിരുന്നു. മാട്ടുപ്പെട്ടി ഡാം പോലെ ഗുണ്ടല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും ചന്തകളും പാർപ്പിടങ്ങളും ഉണ്ടായിരുന്നു എന്ന് മന്നാർ പറഞ്ഞു. പക്ഷേ ഡാമിന്റെ കരയോരത്തെ വനപ്രദേശങ്ങളിലായിരുന്നു അത്തരം ചന്തകളും മറ്റു സ്ഥാപനങ്ങളും. അന്ന് ഡാം ഇല്ല. പിന്നീട് ഡാം പണിയുമ്പോൾ അവിടത്തെ സ്ഥലങ്ങൾ എടുക്കേണ്ടിവന്നു. അതുകൊണ്ട് കടകളും ചന്തകളും ഇന്നത്തെ ചെണ്ടുവാര ഫാക്ടറിക്ക് സമീപമുള്ള സ്ഥലത്തേക്ക് മാറ്റി എന്ന് ചിറ്റിവാരയിലും, എല്ലപ്പെട്ടിയിലും, ഗുണ്ടലയിലും ജീവിച്ചിരുന്ന പണ്ടത്തെ തൊഴിലാളികൾ പറയാറുണ്ട്. ആ ചന്തയുടെ അവശേഷിപ്പുകൾ കുറേ വർഷങ്ങൾക്കുമുമ്പ് വരെ ചെറിയ വർക്ക്‌ഷോപ്പായി പ്രവർത്തിച്ചിരുന്നു.

ഇതുപോലെ ചുറ്റുമുള്ള എസ്റ്റേറ്റുകളിൽ പ്രളയത്തിനുശേഷം ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ആധുനിക മൂന്നാർ പ്രാചീന മൂന്നാറിൽ നിന്ന് വളരെ വ്യത്യസ്തമായ രൂപഘടനയുള്ളതാണ്. അന്നത്തെ മൂന്നാർ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നാണ് അവിടെ ജീവിച്ചിരുന്ന ആദ്യകാല തൊഴിലാളികൾ പറയുന്നത്. അവരിൽ ആരും ജീവിച്ചിരിപ്പില്ല.

ചിറ്റിവാര എസ്റ്റേറ്റിൽ വലിയ കങ്കാണിയായിരുന്ന സവരിയാർ കങ്കാണിയും അദ്ദേഹത്തിന്റെ ഭാര്യ അന്തോണിയമ്മയും മാത്രമാണ് ജീവിച്ചിരിപ്പുള്ളത്. എന്റെ അമ്മയുടെ ചെറിയമ്മയായ ചിന്നകുളന്ത രണ്ടു വർഷം മുമ്പ് മരിച്ചു. അവരിൽ നിന്നാണ് പ്രാചീന മൂന്നാറിന്റെ കഥകൾ കേട്ടറിയാൻ കഴിഞ്ഞത്. മാത്രമല്ല, അച്ഛന്റെ ചെറിയമ്മയായ ലക്ഷ്മിക്കിളവിയും ഇത്തരം കഥകൾ പറയുമായിരുന്നു. ഇവർ രണ്ടുപേരും 95 വയസ്സു വരെ ചിറ്റിവാര എസ്റ്റേറ്റിൽ തന്നെ ജനിച്ച് അവിടെ തന്നെ ജീവിച്ച് മരിച്ചവരാണ്. ഗുണ്ടലവേളി എന്നറിയപ്പെട്ട ഈ നാല് എസ്റ്റേറ്റുകളെയും ചുറ്റി ജീവിച്ചതുകൊണ്ട് അവിടത്തെ പ്രാചീനകാല ജീവിതങ്ങളെ കുറിച്ച് ഇടയ്ക്കിടെ ഓർത്തെടുക്കാറുണ്ട്.

(തുടരും)

Comments