മലങ്കാട്- 37
ഗുണ്ടല ഡാം പണിതതോടെ അവിടത്തെ ചന്തകൾ ചരിത്രത്തിൽ നിന്ന് മാഞ്ഞുപോയി. ഇന്നും ഡാമിന്റെ ഇടതുവശത്ത് കാട്ടിനകത്ത് കോഴിപ്പാറ എന്ന സ്ഥലം അവശേഷിക്കുന്നുണ്ട്. ഗുണ്ടലയിൽ നിന്ന് ചെണ്ടുവരക്കുപോകുന്ന പാതയിൽ കാണുന്ന പടുക്കപ്പാറയും ശിലായുഗത്തിൽ മനുഷ്യർ ജീവിച്ചിരുന്നു എന്ന ചരിത്രം സൂചിപ്പിക്കുന്നു.
മാത്രമല്ല, ചെണ്ടുവരയുടെ ഭൂപ്രകൃതി വ്യത്യസ്തമാണ്. ചെണ്ടുവരയ്ക്കും ചിറ്റിവരയ്ക്കും ഇടയിലെ കാടുകൾ ആദ്യകാല മനുഷ്യരുടെ ജീവിതരീതികളെ ചരിത്രപരമായി പഠിച്ചെടുക്കാൻ സഹായിച്ചേക്കാം. ചെണ്ടുവര സൂപ്പർ ഫാക്ടറിയുടെ തൊട്ടടുത്തുള്ള ഒരു ബിൽഡിംഗ് പണ്ടത്തെ ചന്തയായിരുന്നു എന്ന് മുത്തശ്ശൻ പറയാറുണ്ട്. 1974-ൽ ഈ ചന്തയിലായിരുന്നു ഗവൺമെൻറ് സ്കൂൾ തുടങ്ങിയത്. അന്ന് പ്രൈമറി വിദ്യാലയമായിരുന്നു. അതിനുശേഷം സൂപ്പർ ഫാക്ടറി പണിതതോടെ പണ്ടത്തെ ഫാക്ടറിയിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. ഹൈസ്കൂൾ വരെയാണ് അവിടെ പ്രവർത്തിച്ചിരുന്നത്. ഞാൻ ആ സ്കൂളിലാണ് അഞ്ചു മുതൽ 10 വരെ പഠിച്ചത്. അന്ന് ബസില്ലാത്തതിനാൽ ചിറ്റിവര, എല്ലപ്പെട്ടി, ഗുണ്ടല, പുതുക്കടി വരെയുള്ള എസ്റ്റേറ്റ് മേഖലകളിലുള്ള തൊഴിലാളികളുടെ മക്കൾ ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്. 2000- വരെ ആ പഴയ ഫാക്ടറിയിലായിരുന്നു ഞങ്ങളുടെ ചെണ്ടുവര ഗവൺമെൻറ് ഹൈസ്കൂൾ. അന്നത്തെ ഹെഡ്മാസ്റ്റർ ഇൻ ചാർജായിരുന്ന എ.എം. ജാഹിർ ഹുസൈൻ സാറിന്റെയും പി.ടി.എ പ്രസിഡണ്ടായിരുന്ന ചെല്ലയ്യയുടെയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന അയ്യനാറിന്റെയും ചെണ്ടുവര നിവാസികളുടെയും നിരന്തര ഇടപെടൽ കാരണം സ്കൂളിന് സ്വന്തമായി സ്ഥലം കണ്ടെത്തി. അത് വെട്ടിത്തെളിക്കാൻ വിദ്യാർത്ഥികളും നാട്ടുകാരും തൊഴിലാളികളും ഒന്നിച്ചിറങ്ങി. അങ്ങനെ വർഷങ്ങൾക്കുശേഷമാണ്, അതായത് 1956 നുശേഷമാണ്, ഐക്യ കേരളത്തിൽ ഗുണ്ടലവേലിക്ക് സ്വന്തമായി സ്കൂൾ കെട്ടിടം പണിയാൻ ഒരു സ്ഥലം കിട്ടിയത്, എന്റെ കുട്ടിക്കാലത്തെ ഓർമകളിലെ മറക്കാനാകാത്ത ഒരു ചരിത്ര സംഭവമായിരുന്നു അത്.
ഞാൻ പത്താം ക്ലാസ് പൂർത്തീകരിച്ചശേഷം 2002- ലാണ് ജൂനിയർ ബാച്ചിൽ പഠിച്ചിരുന്നവർക്ക് സ്വന്തമായി ഒരു സ്കൂൾ കെട്ടിടത്തിൽ പഠിക്കാൻ അവസരമുണ്ടായത്. തമിഴ്നാട്ടിലും ഡൽഹിയിലും ഹൈദരാബാദിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ചെണ്ടുവര സ്കൂളിലെ വിദ്യാർഥികൾ എത്തപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാക്കപ്പെട്ട ജീവിതങ്ങൾ കാഴ്ചയിലേക്കെത്തപ്പെട്ടത് 1925-നുശേഷമാണെന്ന് ഞങ്ങളുടെ ആൾക്കാർ പറയാറുണ്ട്. കാരണം 1910- ൽ തന്നെ വലിയ റെയിൽവേ സ്റ്റേഷനുകളും വലിയ കച്ചവട സ്ഥലങ്ങളുമായിരുന്ന ഈ പ്രദേശത്ത് അന്നുവരെ സ്കൂളുകൾ ഒന്നുമില്ലാതിരുന്നത് വലിയ അത്ഭുതമായാണ് ഞങ്ങളുടെ ചെറുപ്പത്തിൽ വിദ്യാർത്ഥി- അധ്യാപക സമൂഹം നോക്കി കണ്ടിരുന്നത്.
കല്ലുവണ്ടികളിലും മണൽ വണ്ടികളിലും കൊളുന്തു വണ്ടികളിലും കട്ട കേറ്റുന്ന ട്രാക്ടറുകളിലും ഞങ്ങളെ കയറ്റി ചെണ്ടുവരയിൽ നിന്ന് ആറേഴു കിലോമീറ്റർ അകലെയുള്ള ചിറ്റിവര എസ്റ്റേറ്റ് ഗ്രൗണ്ടിൽ ഇറക്കിവിട്ടിരുന്ന ഡ്രൈവർമാരെ ഇന്നും സ്നേഹത്തോടെ ഓർക്കുകയാണ്.
ചെണ്ടുവര സ്കൂളിൽ 1998- നുശേഷം വലിയ മാറ്റമുണ്ടായി. 1980-കളിൽ തുടങ്ങിയ ഈ സ്കൂളിലേക്ക് തൊഴിലാളികളുടെ മക്കൾ ആറോ, ഏഴോ കിലോമീറ്ററുകളോളം നടന്നാണ് എത്തിയിരുന്നത്. മൂന്നാർ പഞ്ചായത്ത് മുൻകൈയെടുത്ത് 1997-ലാണ് സ്കൂൾ ബസ് തുടങ്ങിയത്. പഞ്ചായത്ത് ബസാണെങ്കിലും ഡ്രൈവർക്കും കണ്ടക്ടർക്കും അറ്റകുറ്റപ്പണിക്കും ചെലവ് കണ്ടെത്തേണ്ട ചുമതല പഞ്ചായത്തിനാണെന്നുപറഞ്ഞ് തൊഴിലാളികളുടെ മക്കളുടെ കയ്യിൽ നിന്ന് മാസം 300 രൂപ കൈപ്പറ്റിയിരുന്നു. തൊഴിലാളി കുടുംബത്തിന് മക്കളെ ബസിൽ അയക്കാനുള്ള പ്രാപ്തിയില്ലാതായതോടെ മാസങ്ങൾക്കുശേഷം ആ ബസും നിർത്തി.
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഇത്തരമൊരു സംവിധാനവുമില്ലായിരുന്നു. എസ്റ്റേറ്റിൽ കൊളുന്തെടുക്കാൻ വരുന്ന ഡ്രൈവർമാരുടെ കാരുണ്യമുണ്ടെങ്കിൽ മാത്രം കിലോമീറ്ററോളം നടക്കുന്ന ഭാരം ചിലപ്പോൾ ഒഴിഞ്ഞുമാറും. ചിലപ്പോൾ പത്തോ, ഇരുപതോ കുട്ടികളെ വണ്ടിയിൽ കേറ്റി മാനേജർമാരുടെ കണ്ണിൽ പെടാതെ മരപ്പാലവും സിമൻറ് പാലവും കഴിഞ്ഞ് ഇന്നത്തെ കുരിശ്ശടിയുടെ താഴെ എത്തിക്കും. കുട്ടികൾ മാനേജർമാരും എസ്റ്റേറ്റ് ഉദ്യോഗസ്ഥരും കാണാത്ത സ്ഥലങ്ങളിലേക്ക് പോകും. അതായത് മത്താപ്പ് കുറുക്ക് എന്ന സ്ഥലത്തുകൂടി കാട്ടുവഴികളിലൂടെ ഷോർട്ട്കട്ട് പാതയിൽ സഞ്ചരിച്ചാണ് താഴോട്ട് എത്തുന്നത്. ചിലർ വണ്ടികളിൽ ഓടിക്കയറാൻ ശ്രമിക്കും, ചില ഡ്രൈവർമാർ വണ്ടി നിർത്തി സ്നേഹത്തോടെ കുട്ടികളെ വണ്ടിയിൽ കയറ്റും. ചില ഡ്രൈവർമാർ കുട്ടികളെ ഇറക്കി വിടും. ഇതാണ് ഞങ്ങളുടെ സ്കൂൾ അനുഭവം.
മാത്രമല്ല, പാറമടയിൽ കമ്പനി ആവശ്യങ്ങൾക്ക് മണലെടുക്കാൻ വരുന്ന മേസ്തിരിവണ്ടികളിലും എന്റെ കൂട്ടുകാർ കയറാൻ ശ്രമിക്കാറുണ്ട്. അങ്ങനെ ചില ഡ്രൈവർമാർ ഞങ്ങളെ മണലോടൊപ്പം കൊണ്ടുവന്നിറക്കുന്ന പതിവുമുണ്ട്. പാറമട എന്നറിയപ്പെടുന്ന വലിയ മടയിൽനിന്ന് പൊട്ടിച്ചെടുത്ത കല്ലുമായി പോകുന്ന വണ്ടികളിൽ കൂട്ടുകാർ കയറാൻ ശ്രമിക്കുന്നതും ഡ്രൈവർമാർ അവരെ ഇറക്കിവിടുന്നതും പതിവാണ്. ഇങ്ങനെ ദിവസവും സ്കൂളിലെത്തുന്നത് ഓരോ കടമ്പകൾ കടന്നാണ്.
മഴയിൽ മരങ്ങൾ കടപുഴകുന്നത് കുട്ടികളായിരുന്ന ഞങ്ങളെ പേടിപ്പിച്ചിരുന്നില്ല. മഴ മൂലം സ്കൂൾ അവധിയാണ് എന്നറിയാതെ എട്ടു കിലോമീറ്ററോളം നടന്നുപോയി തിരിച്ചുപോന്നതും ഓർമയുണ്ട്. കല്ലുവണ്ടികളിലും മണൽ വണ്ടികളിലും കൊളുന്തു വണ്ടികളിലും കട്ട കേറ്റുന്ന ട്രാക്ടറുകളിലും ഞങ്ങളെ കയറ്റി ചെണ്ടുവരയിൽ നിന്ന് ആറേഴു കിലോമീറ്റർ അകലെയുള്ള ചിറ്റിവര എസ്റ്റേറ്റ് ഗ്രൗണ്ടിൽ ഇറക്കിവിട്ടിരുന്ന ഡ്രൈവർമാരെ ഇന്നും സ്നേഹത്തോടെ ഓർക്കുകയാണ്. മേസ്തിരി വണ്ടി ഓടിച്ചിരുന്ന ദാസ് മാമൻ സ്കൂൾ പിള്ളേരുടെ ഇഷ്ട താരമാണ്. മേരിദാസ് ബസിൽ കയറി പതിനെട്ടാം മൈൽ വരെ ഇറങ്ങിയ കാലങ്ങളുമുണ്ട്. സ്കൂൾ പി.ടി.എ പ്രസിഡന്റായിരുന്ന ചില സാറിനെയും ചെണ്ടുവരയിലെ അമ്മാവാസ താത്തയുടെ ചായക്കടയെയും നന്ദിയോടെ സ്മരിക്കുന്നു.
എസ്റ്റേറ്റിൽ രണ്ടു തൊഴിലാളികൾ പണിയെടുക്കുന്ന വീടുകളിൽ പോലും വലിയ കഷ്ടപ്പാടുണ്ടെങ്കിലും കുട്ടികളെ ഫീസടച്ച് തമിഴ്നാട്ടിലോ കാന്തല്ലൂരിലെ സേക്രഡ്‌ഹാർട്ട് ഹൈസ്കൂളിലോ ചേർക്കുന്നത് ഈ നടത്തം ഒഴിവാക്കാനാണ്. ഞങ്ങളും ചെറുപ്പത്തിൽ തൊഴിലാളികളെ പോലെ തന്നെയാണ് കാടും മലയും കയറി പഠനം പൂർത്തിയാക്കിയത്.
ചില എസ്റ്റേറ്റുകളിലെ ടീച്ചർമാരും ഫീൽഡ് ഓഫീസർമാരും തൊഴിലാളികളും തിരുപ്പൂർ, ചെന്നൈ എന്നിവിടങ്ങളിൽ കൂലിപ്പണിക്കാരായും ഡ്രൈവർമാരായും പ്രവർത്തിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഇത്തരം കാര്യങ്ങൾ ഓർത്തെടുക്കാറുണ്ട്. എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതം അങ്ങനെയാണ്, എല്ലാ കാലത്തും ഓർക്കാൻ എന്തെങ്കിലുമുണ്ടാവും. ഞങ്ങളുടെ മാമന്മാർ സൂപ്പർ ഫാക്ടറിയിലേക്ക് പണിയെടുക്കാൻ വരുന്ന കാലമാണ് ഇപ്പോഴും ഓർക്കുന്നത്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മൂന്നാം തലമുറക്കാർ ഈ കാടുകൾ വഴിയാണ് താൽക്കാലിക ഫാക്ടറി തൊഴിലാളിയായി സൂപ്പർ ഫാക്ടറിയിലേക്ക് നടന്നുവന്നത്. ഒരു തൊഴിലാളി ജീവൻ പണയം വെച്ച് കൊടുംകാട്ടിലൂടെ അഞ്ചാറു കിലോമീറ്റർ നടന്നുവന്ന് ഷിഫ്റ്റിൽ പണിയെടുക്കും. ഞങ്ങൾ സ്കൂളിൽ പോകുമ്പോൾ, രാത്രി പത്തുമണി ഷിഫ്റ്റിൽ പണിയെടുക്കാൻ ചെന്നവർ നിറകണ്ണുകളുമായി ജീവനില്ലാജീവനോടെ മത്താപ്പു കുറുക്കിലോ പത്ത് പൈസ കുറുക്കിലോ മരപ്പാലത്തിന്റെയോ സിമന്റ് പാലത്തിന്റെയോ അടുത്തോ എത്തും. ആ തൊഴിലാളികൾ ഞങ്ങളോട് പറയും; കഷ്ടപ്പെടാതിരിക്കാൻ പഠിച്ച് ഏതാവതു ഒരു നല്ല വേലക്കു പോങ്ക ...
മുരുകനും ദാസനും പെരിയണ്ണനും ഈ വാക്കുകൾ എപ്പോഴും ഓർത്തെടുക്കും.
സോഷ്യലിസ്റ്റ് ബോധമുള്ള അച്ഛൻ രാഷ്ട്രീയപാർട്ടികളെയും രാഷ്ട്രീയക്കാരെയും ഒരു പരിധിവരെ വിമർശിക്കാറുണ്ട്. പ്രവർത്തി കൊണ്ട് എന്നും കമ്യൂണിസ്റ്റായിരുന്ന അച്ഛൻ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്നതിൽ ഉറച്ചുനിന്നു.
എന്റെ അച്ഛൻ എട്ടാം ക്ലാസ് വരെ പഠിച്ചതുകൊണ്ട് കത്തെഴുതിക്കാനും വായിപ്പിക്കാനും വീട്ടിൽ തൊഴിലാളികൾ വരും. തമിഴും അത്യാവശ്യം ഇംഗ്ലീഷും കൈകാര്യം ചെയ്യാനറിയുന്ന അച്ഛൻ വ്യത്യസ്തമായ ജീവിതമാണ് എസ്റ്റേറ്റിൽ നയിച്ചിരുന്നത്. എട്ടാം ക്ലാസ് വരെ തമിഴ്നാട്ടിലെ കണ്ണീശ്വരൻ പെട്ടിയിൽ പഠിച്ച അച്ഛൻ വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് മിക്ചറും ചേവും വിൽക്കുന്ന ചെട്ടിയാരുടെ കൂടെ ബോഡിയിൽ നിന്ന് മലകയറി വീണ്ടും എസ്റ്റേറ്റിലെത്തി എന്നാണ് അമ്മായി പറയാറ്. അതുകൊണ്ടുതന്നെയാണ് അച്ഛൻ എസ്റ്റേറ്റിൽ ഒരിക്കലും തൊഴിലാളിയായി പ്രവർത്തിക്കാൻ തയ്യാറാവാത്തത് എന്ന് പിന്നീടാണ് മനസ്സിലായത്. സോഷ്യലിസ്റ്റ് ബോധമുള്ള അച്ഛൻ രാഷ്ട്രീയപാർട്ടികളെയും രാഷ്ട്രീയക്കാരെയും ഒരു പരിധിവരെ വിമർശിക്കാറുണ്ട്. പ്രവർത്തി കൊണ്ട് എന്നും കമ്യൂണിസ്റ്റായിരുന്ന അച്ഛൻ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്നതിൽ ഉറച്ചുനിന്നു.
അന്നത്തെ മേസ്തിരി പണിക്കാരനായിരുന്ന അച്ഛൻ ചെങ്കൽചൂള കോൺട്രാക്ടറായിരുന്നു. തൊഴിലാളികളെ മുതലാളി എന്ന നിലയ്ക്ക് അച്ഛൻ ഭരിച്ചിരുന്നില്ല. എല്ലാ പണിക്കാരോടും ഭയങ്കര സ്നേഹമായിരുന്നു. അവരോട് അച്ഛൻ ഇടയ്ക്കിടെ പറയും, മക്കളെ നന്നായി പഠിപ്പിക്കണം.
ചെങ്കൽചൂളയിൽ പണിയെടുക്കുന്നവരോട് മേസ്തിരി മുഖാന്തരം എഴുതിക്കൊടുത്ത കടലാസിൽ എസ്റ്റേറ്റ് കടകളിൽ നിന്ന് അരിയും പലചരക്ക് സാധനങ്ങളും വാങ്ങാൻ പറയും. ഒരു ദിവസം ഇത്ര പേർക്ക് ഭക്ഷണം നൽകണമെന്നതിനാൽ, ചിലപ്പോൾ ഞങ്ങൾക്ക് ഭക്ഷണമുണ്ടാകില്ല. മറ്റുള്ളവർക്ക് എങ്ങനെയെങ്കിലും ഭക്ഷണം കൊടുക്കുക എന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത് എന്ന് പിന്നീടാണ് ഞങ്ങൾക്ക് മനസ്സിലായത്.
മാട്ടുപ്പെട്ടി മുതൽ ചിറ്റിവര വരെ 1990-ൽ പണിത എല്ലാ കെട്ടിടങ്ങളിലെയും ഇഷ്ടികകളിൽ അച്ഛന്റെയും ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷൻ ചെങ്കൽച്ചൂള തൊഴിലാളികളുടെയും വിയർപ്പും അധ്വാനവുമുണ്ട്. പക്ഷേ അതിന്റെ നേരവകാശികൾ കോട്ടയത്തുനിന്നെത്തിയ മുതലാളിമാരാണ്. ഇങ്ങനെ ചൂഷണം ചെയ്യപ്പെട്ട തൊഴിലാളികളുടെ ജീവിതം മൂന്നാറിന്റെ ഉള്ളറകളിൽ ധാരാളമായി കാണാം.
ഒരിക്കലും അച്ഛൻ അടിമ ജീവിതം ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് എസ്റ്റേറ്റ് മാനേജർമാരേയോ അധികാരികളെയോ സലാം ചെയ്യുന്നതും നമിക്കുന്നതും അവരോട് വിനയപ്പെടുന്നതും അച്ഛന് ഇഷ്ടമില്ലായിരുന്നു. ചെറുപ്പത്തിൽ ഒരിക്കൽ അറിയാതെ ഒരു മാനേജറെ ഞാൻ സലാം ചെയ്തപ്പോൾ അച്ഛൻ എന്നെ ചീത്ത പറഞ്ഞു. ‘നീ അവന്റെ അടിമയല്ല, അതുകൊണ്ട് ഇനി ഒരുത്തനെയും കണ്ട് സലാം ചെയ്യരുത്’ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അന്നത് അത്ര കാര്യമാക്കിയില്ല. എങ്കിലും, അച്ഛന്റെ മുമ്പിൽവച്ച് ഒരിക്കലും ആരെയും സലാം ചെയ്യില്ല എന്ന് തീരുമാനിച്ചു. പിന്നീട് എഴുതാനും വായിക്കാനും തുടങ്ങിയപ്പോഴാണ് എനിക്ക് അച്ഛൻ പറഞ്ഞ വാക്കുകളുമായി യോജിക്കാൻ പറ്റിയത്. മറ്റു രക്ഷിതാക്കളിൽനിന്ന് ഭിന്നനായി, വിദ്യാഭ്യാസത്തെക്കുറിച്ചുമാത്രം വിചാരിച്ചുനടക്കുന്ന ഒരാളായിരുന്നില്ല അച്ഛൻ.
വിദ്യാഭ്യാസം ഒരു തൊഴിലാളി സമൂഹത്തെ മാറ്റി ചിന്തിപ്പിക്കും എന്ന് മൂന്നാം തലമുറക്കാർ ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങളുടെ തലമുറയിലുള്ളവരെല്ലാം അത് പിന്തുടർന്നു, അങ്ങനെ ഒരു പരിധിവരെ അവർക്ക് ആ എസ്റ്റേറ്റ് ജീവിതം ഉപേക്ഷിക്കാനുമായി.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ കവിത എഴുതാനും വായിക്കാനും ശ്രമിച്ചു. മൂന്നാർ ന്യൂസ് എന്ന മാഗസിനിലാണ് ആദ്യമായി കവിത പ്രസിദ്ധീകരിച്ചുവരുന്നത്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ അധ്യാപകരിൽ ചിലർ എന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. ഇത്തരം ചിന്തകളാണ് എന്നെയും അടിമജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രേരിപ്പിച്ചത്. എസ്റ്റേറ്റിൽ, മൂന്നുപതിറ്റാണ്ടുമുമ്പുവരെ പഠിച്ചവരെ കണ്ടെത്താനും അവരുടെ ജീവിതം മനസ്സിലാക്കാനും ചെറുപ്പം മുതൽ എനിക്കാഗ്രഹമുണ്ടായിരുന്നു.
വിദ്യാഭ്യാസം ഒരു തൊഴിലാളി സമൂഹത്തെ മാറ്റി ചിന്തിപ്പിക്കും എന്ന് മൂന്നാം തലമുറക്കാർ ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങളുടെ തലമുറയിലുള്ളവരെല്ലാം അത് പിന്തുടർന്നു, അങ്ങനെ ഒരു പരിധിവരെ അവർക്ക് ആ എസ്റ്റേറ്റ് ജീവിതം ഉപേക്ഷിക്കാനുമായി. പക്ഷേ ഭൂരിഭാഗവും ഇന്നും ആ എസ്റ്റേറ്റുകളെ ചുറ്റിയാണ് ജീവിക്കുന്നത്. എസ്റ്റേറ്റുകളിലെ അടിമ ജീവിതങ്ങൾക്ക് പോംവഴി എന്താണെന്ന് ഇന്നുവരെ കണ്ടെത്താൻ അവർക്കായിട്ടില്ല.
അച്ഛന് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിന് സംവിധാനമില്ലാതിരുന്നതുകൊണ്ടാണ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നതെന്ന് അച്ഛൻ പറയാറുണ്ട്. അച്ഛന്റെ തലമുറയിലെ നിരവധി പേരുടെ സ്കൂൾ ജീവിതവും ഇങ്ങനെയാണ് അവസാനിച്ചത്. വല്യച്ഛനും അമ്മാവനും തൊട്ടടുത്ത വീടുകളിൽ താമസിച്ചിരുന്ന വിക്ടർ മാമനും വില്യം മാമനും വേളാങ്കണ്ണി മാമനും ഭാഗ്യസാമിയും മുത്തുരംഗും കാസിയപ്പനും സെബാസ്റ്റ്യനും ചെണ്ടുവര എസ്റ്റേറ്റിലെ അയ്യനാർ മാമൻ, ഗാന്ധിമുത്തയ്യ തുടങ്ങിയവരും ഈ കഥകൾ പറയാറുണ്ട്. എന്റെ കൂട്ടുകാരുടെ അച്ഛന്മാരായ സെൽവരാജ്, മനോഹരൻ തുടങ്ങിയവരും ഗൂഢാരവള എസ്റ്റേറ്റിൽ സമാന ജീവിതം നയിച്ചിട്ടുണ്ട്.
പുതുക്കടിയിൽ നിന്ന് 10 കിലോമീറ്റർ നടന്നാണ് ആ സ്കൂളിലേക്ക് തൊഴിലാളികളുടെ മക്കൾ എത്തിയത്. ചിറ്റിവരയിൽ നിന്നും ഒ.സി.ഡിവിഷനിൽ നിന്നും പഴത്തോട്ടത്തിൽ നിന്നുമൊക്കെ 8 കിലോമീറ്ററാണ് സ്കൂളിലേക്ക് നടക്കാനുള്ളത്.
ചിറ്റിവരയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ബോഡിനായ്ക്കന്നൂർ. പക്ഷേ കുരങ്ങണി പാതയിലൂടെ മാത്രമേ ബോഡിയിലെത്താൻ കഴിയുമായിരുന്നുള്ളൂ എന്നതിനാൽ മറയൂർ മുതൽ പടർന്നു കിടക്കുന്ന മലനിരകളിൽ നിന്ന് 100 കിലോമീറ്റർ നടന്നോ മറ്റു മാർഗ്ഗങ്ങളിലൂടെയോ തമിഴ്നാട്ടിലേക്ക് വിദ്യാഭ്യാസം തേടിപ്പോയ ചരിത്രം കൂടി മൂന്നാം തലമുറക്കാർക്കുണ്ടെന്ന് മനസ്സിലാവുന്നു. അവധിക്ക് ഹോസ്റ്റലുകൾ പൂട്ടുമ്പോൾ വൈകുന്നേരങ്ങളിൽ ബോഡി ബസ് സ്റ്റാന്റിൽ കിടക്കുകയും അടുത്ത ദിവസം രാവിലെ കുരങ്ങണി പാത വഴി നടന്ന് വൈകുന്നേരമാവുമ്പോൾ വീട്ടിലെത്തിപ്പെടുകയും ചെയ്തിരുന്നു എന്ന് അച്ഛൻ പറയാറുണ്ട്.
ഞങ്ങൾ കുരങ്ങണിക്കടുത്തുള്ള എസ്റ്റേറ്റുകാരാണ്. പക്ഷേ എല്ലപ്പെട്ടി, ഗുണ്ടല, മാട്ടുപ്പെട്ടി, വെസ്റ്റ് റീജിയണൽ എസ്റ്റേറ്റുകളിൽ താമസിച്ചിരുന്നവർ എങ്ങനെയാണ് ഇത്രയും ദൂരം നടന്നെത്തിയത് എന്ന് ആലോചിക്കാൻ പോലും വയ്യ. അവരും ഇതുപോലെ കുരങ്ങണി, ടോപ്പ് സ്റ്റേഷൻ, മുന്തൽ തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലും വീട്ടുവരാന്തകളിലും രാത്രി കിടന്നുറങ്ങി പുലർച്ചക്കെഴുന്നേറ്റ് വീടുകളിൽ എത്തുമായിരുന്നു എന്ന് കൂട്ടുകാരുടെ അച്ഛന്മാർ പറയാറുണ്ട്. മൂന്നാർ തൊഴിലാളികളുടെ മൂന്നാം തലമുറക്കാർ എസ്റ്റേറ്റ് സ്കൂളുകളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. യു.പി-ഹൈസ്കൂൾ തലം തമിഴ്നാട്ടിലെ സ്കൂളുകളിലായിരുന്നു.
ഗുണ്ടല മേഖലയിൽ 1974- ലാണല്ലോ സ്കൂൾ വന്നത്. അതുകൊണ്ട് അതിനുശേഷം പഠിക്കാൻ തുടങ്ങിയവർ സ്കൂൾ സംവിധാനം കൃത്യമായി ഉപയോഗിക്കാൻ തുടങ്ങി. എങ്കിലും, 1985, 90 -കൾക്കുശേഷമാണ് ആ സ്കൂളിൽ ഒട്ടേറെ വിദ്യാർഥികൾ പഠിക്കാൻ തുടങ്ങിയത് എന്ന് സ്കൂൾ റെക്കോർഡുകൾ രേഖപ്പെടുത്തുന്നു. പുതുക്കടിയിൽ നിന്ന് 10 കിലോമീറ്റർ നടന്നാണ് ആ സ്കൂളിലേക്ക് തൊഴിലാളികളുടെ മക്കൾ എത്തിയത്. ചിറ്റിവരയിൽ നിന്നും ഒ.സി.ഡിവിഷനിൽ നിന്നും പഴത്തോട്ടത്തിൽ നിന്നുമൊക്കെ 8 കിലോമീറ്ററാണ് സ്കൂളിലേക്ക് നടക്കാനുള്ളത്. എല്ലപ്പെട്ടിയിൽ നിന്ന് രണ്ട് വഴികളുണ്ട്. കാട്ടുപോത്തും ആനകളും പാർത്തിരിക്കുന്ന കാടുകളാണവ. ഈ കാടുകളിൽ തൊഴിലാളികൾ പണിയെടുക്കുന്നതിനാൽ ഇതിലൂടെ സ്കൂളിലേക്ക് നടന്നെത്താൻ കുട്ടികൾ ധൈര്യപ്പെട്ടു. എല്ലപ്പെട്ടി സെൻട്രൽ ഡിവിഷനിൽ നിന്ന് ഹൈസ്കൂളിലെത്താൻ അഞ്ചാറ് കിലോമീറ്റർ വേണ്ടിവരും. ഗുണ്ടല ക്ലബ്ബിൽ കൂടി നടന്നാലും അത്ര ദൂരമാണ്. പത്താം ക്ലാസ് വരെ ഇത്തരം സാഹചര്യത്തിൽ നടന്നു പഠിച്ചിരുന്ന ഞങ്ങൾക്ക് പിന്നീട് ആ നടത്തത്തെ കുറിച്ച് ആലോചിക്കാൻ പോലും പറ്റുന്നില്ല.
അനിയത്തിയും ഞാനും ആറേഴു കിലോമീറ്റർ നടന്നാണ് ഹൈസ്കൂളും ഹയർ സെക്കൻഡറിയും പൂർത്തിയാക്കിയത്. മറ്റ് എസ്റ്റേറ്റുകളിലുള്ള തൊഴിലാളികളുടെ മക്കൾക്കും സമാന അവസ്ഥയായിരുന്നു. ചിലർ അവിടെ നിന്ന് പഠിച്ച് രക്ഷപ്പെടുകയും ചിലർ പഠനം ഉപേക്ഷിച്ച് തേയിലക്കാടുകളിലേക്ക് പണിക്കുപോകുകയും ചെയ്തു. നാലാം തലമുറക്കാരെ നിർബന്ധമായി പഠിപ്പിക്കാൻ ഞങ്ങളുടെ അച്ഛനമ്മമാർ ആത്മാർത്ഥമായി ശ്രമിച്ചച്ചു. പക്ഷേ ആ ജീവിതത്തിൽ നിന്ന് രക്ഷ നേടിയവർ ചുരുക്കമാണ്.
മൂന്നാറിലെ വലിയ ചന്തകളിലൊന്നായ ഗുണ്ടല ചന്ത 1950- നുശേഷം 20 വർഷത്തിലേറെ ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. ഈ കാലത്ത് മൂന്നാർ ഒരുപാട് മാറി. എങ്കിലും, ജീവിതം അതുപോലെ തുടർന്നു. വാഹനങ്ങളില്ലാത്തതുകൊണ്ട് ‘മത്തായി ചേട്ടന്റെ വണ്ടി’ എന്നറിയപ്പെടുന്ന ബി.എം.എസിനെയാണ് ജനം ആശ്രയിച്ചിരുന്നത്. ഈ ബസ് മൂന്നാറിൽ നിന്ന് ഗുണ്ടല ഡാം വഴി ചെണ്ടുവരയിലെത്തി അവിടെ നിന്ന് പതിനെട്ടാം മൈൽ ടോപ്പ്സ്റ്റേഷനിലെത്തും.
ആദ്യകാലത്ത് തൊഴിലാളികൾ മൂന്നാറിനെക്കാളും ആശ്രയിച്ചിരുന്നത് ബോഡിയെയാണ്. കാരണം അവർക്ക് മൂന്നാർ ടൗണിലേക്ക് ചെല്ലാൻ വലിയ പ്രയാസമായിരുന്നു. വണ്ടിയിൽ രാവിലെ കയറിയാൽ ഉച്ചക്ക് മൂന്നാറിലെത്തും. സാധനം വാങ്ങി വൈകീട്ടാണ് എസ്റ്റേറ്റിലേക്ക് തിരിക്കാനാകുക. അതുകൊണ്ട് ബോഡിയിൽ നിന്നെത്തുന്ന ചെട്ടിയാർമാർ സാധനങ്ങൾ ടോപ്പ് സ്റ്റേഷനിൽ കൊണ്ടുവന്ന് അവിടെ നിന്ന് മത്തായി ചേട്ടന്റെ വണ്ടിയിലോ നടന്നോ ചിറ്റിവര, ചെണ്ടുവര, എല്ലപ്പെട്ടി, ഗുണ്ടല തുടങ്ങിയ സ്ഥലങ്ങളിൽ കച്ചവടം ചെയ്തിരുന്നു. ഇന്നും അത്തരം കച്ചവടക്കാർ അവിടെയുണ്ട്.
അച്ഛന്റെ കാലത്ത് എണ്ണക്കാര ചെട്ടിയാർ, ചേവുക്കാര ചെട്ടിയാർ, ജൗളിക്കാര ചെട്ടിയാർ തുടങ്ങിയവർ കച്ചവടത്തിന് ചിറ്റിവരയിലും ചുറ്റുമുള്ള എസ്റ്റേറ്റുകളിലും എത്തുമായിരുന്നു. അവർ തൊഴിലാളികൾക്ക് മാസപ്പറ്റിന് അരി മുതൽ മാംസവും തുണിയും വീട്ടുപയോഗ സാധനങ്ങളുമെല്ലാം കൊടുക്കും. മാസത്തിലൊരിക്കൽ കിട്ടുന്ന ശമ്പളത്തിന്റെ പേരിലാണ് ഈ സാധനങ്ങളെല്ലാം അവർക്ക് കിട്ടിയത്. ആദ്യകാലത്ത് കങ്കാണിമാരെ വിശ്വാസത്തിലെടുത്താണ് കച്ചവടക്കാർ എസ്റ്റേറ്റ് ഭാഗത്ത് വിൽപന നടത്തിയിരുന്നത്. പിന്നീട് നേരിട്ട് ലയങ്ങളിൽ കയറുകയും അവിടത്തെ ചായക്കടകളിൽ താമസിക്കുകയും സാധനങ്ങൾ കൊടുക്കുകയും ശമ്പളം കിട്ടുന്ന മുറയ്ക്ക മാസപ്പറ്റ് പിരിക്കാൻ വരികയും ചെയ്യും.
മൂന്നാറിലെ തൊഴിലാളികൾ സ്ഥിരതാമസം ഉറപ്പിച്ചതോടെ തേനി, ബോഡി തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാർ മൂന്നാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. കൃത്യമായി പൈസ കൊടുക്കുന്നവർക്കുമാത്രമാണ് അവർ സാധനങ്ങൾ കൊടുക്കുക. മുത്തച്ഛന്റെ കാലം തൊട്ട് ഇങ്ങനെയായിരുന്നു പതിവ്. എന്റെ ചെറുപ്പത്തിൽ ഇത്തരം കാഴ്ചകൾ പതിവായിരുന്നു. 2010- വരെ ഈ കച്ചവടരീതി എല്ലാ എസ്റ്റേറ്റുകളിലും ഉണ്ടായിരുന്നു.
ചിറ്റിവരയിൽ പൂക്കാരൻ, മസാലപ്പൊടിക്കാരൻ, അച്ചാർക്കാരൻ തുടങ്ങിയവരും മിക്ച്ചർ, ചേവുകാരൻ തുടങ്ങിയവരും തമിഴ്നാട്ടിൽ നിന്നെത്തുന്നവരാണ്. തുച്ഛ ശമ്പളം കൊണ്ട് അവശ്യ സാധനങ്ങൾ വാങ്ങാനാകില്ല. അതുകൊണ്ടാണ് ഈ കച്ചവടക്കാരെ ആശ്രയിച്ച് അര നൂറ്റാണ്ടോളം ജീവിച്ചത്. ഇന്നും ആ രീതി ചെറിയ തോതിൽ തുടരുന്നു. എല്ലാ എസ്റ്റേറ്റുകളിലും കറിക്കട എന്നറിയപ്പെടുന്ന ബീഫ് സ്റ്റാളുകളുണ്ട്. ബീഫും നാടൻ കോഴിയും മാത്രമായിരുന്നു ആദ്യം കച്ചവടം ചെയ്തിരുന്നത്. പിന്നീടാണ് മട്ടൻ വെട്ടാൻ തുടങ്ങിയത് എന്ന് മുത്തശ്ശൻ പറയും.
അമ്മാവനും അച്ഛനും തമിഴ്നാട്ടിൽ അന്ന് പടർന്നുപിടിച്ച വസൂരിയെ പേടിച്ചിട്ടാണ് പഠനം മതിയാക്കിയത്. അങ്ങനെ അവർ തേയില കാടുകളിലേക്ക് മടങ്ങി. മൂന്നാമത്തെ തലമുറക്കാരും എസ്റ്റേറ്റിൽ പണിയെടുക്കാൻ വിധിക്കപ്പെട്ടു.
പറ്റിക്കുന്ന കച്ചവടക്കാരെ തിരിച്ചറിയാനുള്ള ശേഷി തൊഴിലാളികൾക്ക് വന്നിട്ടുണ്ട്. ഭക്ഷണവും ഒപ്പം ആരോഗ്യവും മെച്ചപ്പെടുത്താൻ തൊഴിലാളികൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അധ്വാനിക്കുന്നത് കഴിക്കാൻ വേണ്ടി മാത്രമാണ് എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവർ ജീവിതത്തെ ചലിപ്പിച്ചിരുന്നത്. ഭൂരിപക്ഷം തൊഴിലാളികളും വ്യത്യസ്ത രീതികളിലാണ് ഇപ്പോൾ ജീവിതത്തെ നോക്കിക്കാണുന്നത്. ആദ്യം അന്നത്തിനു വേണ്ടി മാത്രമാണ് ഇത്രയും കഷ്ടപ്പെട്ടിരുന്നതെന്ന് മുത്തശ്ശന്മാർ പറയും. പക്ഷേ ഇന്ന് മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടി ശ്രമിക്കുന്ന എത്രയോ തൊഴിലാളികളുണ്ട്. രണ്ടാം തലമുറയിലെ തൊഴിലാളികൾ അധ്വാനിക്കാനാണ് ജീവിതം മാറ്റിവെച്ചത്. മൂന്നാം തലമുറ പരിമിതികളിലൊതുങ്ങിയ ഒരു മുന്നേറ്റമാണ് സ്വന്തം ജീവിതം കൊണ്ട് കാഴ്ചവെച്ചത്. വിദ്യാഭ്യാസം വിദൂരമായിരുന്ന ഒരിടത്തുനിന്ന് ആ സ്വപ്നത്തിലേക്ക് തങ്ങളുടെ മക്കളെ എത്തിക്കാൻ രണ്ടാം തലമുറയിലെ എന്റെ മുത്തശ്ശൻ ഏകാംബരവും അച്ഛച്ചൻ രാമസ്വാമിയും ജോർജ് കങ്കാണിയും സവരിയാർ കങ്കാണിയും പരമാവധി ശ്രമിച്ചു. കാരണം ഇവരുടെ മക്കൾ ചിറ്റിവരയിൽ നിന്ന് 50 കിലോമീറ്റർ താഴേക്ക് നടന്നാണ് ബോഡിയിലും തേനിയിലും രായപ്പൻ പെട്ടി, കണ്ണീശ്വരൻ പെട്ടി, ചിന്നമണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലുമുള്ള സ്കൂളുകളിൽ പഠനം തുടർന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ ചിലർ എസ്റ്റേറ്റിലേക്ക് മടങ്ങി. അച്ഛൻ കണ്ണീശ്വരൻ പെട്ടിയിൽ സ്ഥിതിചെയ്യുന്ന സെൻറ് അലോഷ്യസ് സ്കൂളിലാണ് ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയത്. പക്ഷേ എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. അമ്മാവനും അവിടെയാണ് പഠിച്ചത്. അമ്മാവനും അച്ഛനും തമിഴ്നാട്ടിൽ അന്ന് പടർന്നുപിടിച്ച വസൂരിയെ പേടിച്ചിട്ടാണ് പഠനം മതിയാക്കിയത്. അങ്ങനെ അവർ തേയില കാടുകളിലേക്ക് മടങ്ങി. മൂന്നാമത്തെ തലമുറക്കാരും എസ്റ്റേറ്റിൽ പണിയെടുക്കാൻ വിധിക്കപ്പെട്ടു. സമാന ജീവിതമാണ് ഗുണ്ടല വേലി എസ്റ്റേറ്റുകളിലെ മൂന്നാം തലമുറക്കും സംഭവിച്ചത്. മാത്രമല്ല ഗൂഡാരവള, സൈലന്റ് വാലി, വാഗുവര തുടങ്ങിയ മേഖലകളിലെ തൊഴിലാളികളുടെ ജീവിതവും ഇങ്ങനെ തന്നെയാണെന്ന് കൂട്ടുകാരുടെ അച്ഛൻമാർ പറയുന്നു. ഗതാഗതസൗകര്യമില്ലാത്തതും കുടുംബത്തിലെ കഷ്ടപ്പാടും മറ്റും മൂന്നാം തലമുറക്കാരുടെ പഠനത്തെ വൻതോതിൽ ബാധിച്ചു.
ചിരങ്ങ് എന്നറിയപ്പെടുന്ന വസൂരിയിൽനിന്ന് രക്ഷപ്പെടാൻ പഠനമുപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിവന്ന കഥയാണ് മൂന്നാം തലമുറക്കാർക്ക് പറയാനുള്ളത്. അവരിൽ വിരലിലെണ്ണാവുന്നവർക്കുമാത്രമാണ് വിദ്യാഭ്യാസം ലഭിച്ചത്. ചിറ്റിവരയിൽ സവരിയാർ കങ്കാണിയുടെ മകൻ വിൻസൻറ് ചെന്നൈ ലയോള കോളേജിൽ പ്രൊഫസറാണ്. അദ്ദേഹത്തിനുശേഷം രക്ഷപ്പെട്ടു എന്നുപറയാൻ ആരുമില്ല. മറ്റു എസ്റ്റേറ്റുകളിലെ കുറച്ചു പേർ അസിസ്റ്റൻറ് പ്രൊഫസർമാരയും ടീച്ചർമാരായും ജോലി ചെയ്യുന്നുണ്ട്. പക്ഷേ അവർ മാത്രമാണ് എസ്റ്റേറ്റിൽ നിന്ന് രക്ഷപ്പെട്ടത്. അവരുടെ കുടുംബത്തിലെ മറ്റുള്ളവരോ അടുത്ത തലമുറക്കാരോ ഇന്നും എസ്റ്റേറ്റിൽ തുടരുന്നു. എങ്കിലും പരിമിതമായ ജീവിതങ്ങളെക്കാൾ മെച്ചമായ ഒരു ജീവിതമാണ് അവർക്ക് ലഭിച്ചത്. അവരിൽ പലരും കേരളത്തിലും തമിഴ്നാട്ടിലുമുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്. മൂന്നാറിലെ ജനങ്ങൾ ജോലിക്ക് എത്ര ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടോ അതുപോലെ തന്നെയാണ് വിദ്യാഭ്യാസത്തിനുവേണ്ടിയുമുള്ള ദുരിതം.
(തുടരും)