കടം കയറി ‘മരുന്ന്’ കുടിച്ച് മരിച്ചവരുടെ ശ്മശാനം

‘‘ഞങ്ങളുടെ ആൾക്കാർ ഇന്നും 56 വർഷം എസ്റ്റേറ്റിൽ അധ്വാനിച്ചു കഴിഞ്ഞ് അവിടെ കിട്ടുന്ന ചെറിയ ജോലികളിൽ തുടരുകയാണ്. മാത്രമല്ല പഞ്ചായത്ത് പണിക്കും മറ്റും പോകാനും അവർ തയ്യാറാണ്. കാരണം, മരിക്കുന്നതുവരെ അധ്വാനിച്ചാലേ അവർക്ക് കഞ്ഞി കുടിച്ചു ജീവിക്കാൻ പറ്റൂ’’- പ്രഭാഹരൻ കെ. മൂന്നാർ എഴുതിയ ആത്മകഥ, ‘മലങ്കാട്’ തുടരുന്നു.

മലങ്കാട്- 46

ജീവിതാവശ്യങ്ങൾ കൂടിയപ്പോൾ ശമ്പളം തികയാതായി. തൊഴിലാളികൾ കടമെടുത്ത് കുട്ടികളെ പഠിപ്പിച്ചു. മാരക രോഗം വരുമ്പോൾ പലിശക്കാരുടെ അടു​ത്തേക്ക് ഓടി. ഏക ആശുപത്രിയായ ടാറ്റാ ടീ ജനറൽ ഹോസ്പിറ്റലിനെ മാത്രം ആശ്രയിച്ച് നൂറ്റാണ്ടുകളായി ജീവിച്ചിരുന്ന തൊഴിലാളികൾ തേനി, ബോഡി തുടങ്ങിയ തമിഴ്നാട്ടിലെ ജില്ലകളിലെ ആശുപത്രികളെ ആ​ശ്രയിച്ചുതുടങ്ങി.

ഇതിനിടയിൽ സ്വന്തമായി ജീപ്പ് വാങ്ങിച്ചവരും ചെറിയ തൊഴിലുകൾ ചെയ്തവരുമുണ്ട്. ജീപ്പ് മൂന്നാറിന്റെ മുഖമുദ്രയായി മാറിയശേഷം യുവാക്കളെയും വയോധികരെയും കുട്ടികളെയും ഒരേപോലെ ആ വാഹനം വ്യാമോഹിപ്പിച്ചു. ജീപ്പു ഡ്രൈവറാവുന്നതും ക്ലീനറാവുന്നതും വലിയ അഭിമാനമായി കണ്ട് ജീവിതം തുലച്ച ബാല്യകാല സ്നേഹിതർ ഏറെയാണ് മൂന്നാറിൽ. ഞങ്ങളെല്ലാം പഠിച്ചു മുന്നേറണമെന്നുകരുതി പുറം ലോകത്തിലേക്കെത്തിയപ്പോൾ ഞങ്ങളുടെ സമൂഹം വീണ്ടും മൂന്നാറിലെ അടിമജീവിതങ്ങളിലേക്ക് ചുരുങ്ങി.

ജീപ്പ് മൂന്നാറിന്റെ മുഖമുദ്രയായി മാറിയശേഷം യുവാക്കളെയും വയോധികരെയും കുട്ടികളെയും ഒരേപോലെ ആ വാഹനം വ്യാമോഹിപ്പിച്ചു. ജീപ്പു ഡ്രൈവറാവുന്നതും ക്ലീനറാവുന്നതും വലിയ അഭിമാനമായി കണ്ട് ജീവിതം തുലച്ച ബാല്യകാല സ്നേഹിതർ ഏറെയാണ് മൂന്നാറിൽ. Photo / wallacefsk, flickr

പഞ്ചായത്ത് പ്രവർത്തനം വ്യാപിച്ചതോടെ മൂന്നാറുകാർക്ക് കൃഷി ചെയ്യാൻ വിത്തും കീടനാശിനികളും കള മരുന്നുകളും കിട്ടിത്തുടങ്ങി. എൻ്റെ കുഞ്ഞുനാളിൽ ഒരു ദിവസം സ്കൂളിൽനിന്ന് തിരിച്ചുവരുമ്പോൾ ഞങ്ങളുടെ തൊട്ടടുത്ത ലൈൻസിൽ ആൾക്കാരുടെ കരച്ചിൽ ശബ്ദം കേൾക്കുന്നു. ആരോ മരിച്ചുവെന്ന് മനസ്സിലായി, ആരെന്ന് തിരിച്ചറിയാനും പറ്റിയിട്ടില്ല. അതേ ലൈൻസിൽ ഒരു വീട്ടിൽ കല്യാണമായിരുന്നു.

കുരിശടി കഴിഞ്ഞ് ഹോസ്പിറ്റലിനടുത്തേക്ക് എത്തുമ്പോൾ ഒരു മാമനും ആന്റിയും പരസ്പരം നീട്ടിവലിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ മരിച്ചത് ആരാണെന്ന് മനസ്സിലായി. മുത്തയ്യ മരിച്ചുവെന്ന് പിന്നെ കിളവികളും മറ്റു ലൈൻസുകളിലെ ആൾക്കാരും പിറുപിറുത്തുകൊണ്ടിരുന്നു.

മുത്തയ്യ മാമൻ മരിച്ച വിവരം തീ പോലെ പടർന്നു. മനസ്സ് ആ കനലിൽ ഉരുകുകയാണ്. കുഞ്ഞുനാൾ മുതൽ കണ്ട മുഖമാണ്. മാമന്റെ മകൻ രാജേഷ് ബാല്യകാല സ്നേഹിതനും സ്കൂൾ മേറ്റുമാണ്. അവന്റെ അമ്മ സുടലമാടിയും അനിയൻ ശങ്കർ ഗണേഷും അനിയത്തി തമിഴ്ശെൽവിയും കണ്ണുകളിൽ നിറഞ്ഞുനിന്നു. കുഞ്ഞുനാൾ മുതൽ ഒരുപാട് മരണങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഈ മരണത്തിന്റെ ദുഃഖം മനസ്സിൽ വല്ലാതെ തുളച്ചുകയറിയതുപോലെ, വേറൊരു മരണത്തിലും ഇല്ലാത്തവിധം.

മൂന്നാറിലെ ടാറ്റ ആശുപത്രി

മരണത്തിന്റെ കാരണങ്ങളെ കുറിച്ച് ഓരോരുത്തരും പല രീതിയിൽ പറഞ്ഞുവെച്ചു. കടം തിരിച്ചു കൊടുക്കാനാകാതെ, പലിശക്കാരുടെയും ബന്ധുക്കളുടെയും പരിഹാസം ഏറ്റു വാങ്ങേണ്ടിവരുമെന്നതുകൊണ്ട് ബ്രാണ്ടിയിൽ പഞ്ചായത്തിൽ നിന്ന് കിട്ടിയ മരുന്ന് കലർത്തി കുടിക്കുകയായിരുന്നു. രാജേഷിന്റെ അമ്മ, തമിഴ്നാട്ടിൽ പഠിക്കുന്ന അവനെയും അനിയത്തിയെയും കാണാൻ പോയിരിക്കുകയായിരുന്നു. വീട്ടിൽ ആളില്ലാത്തതും മരണത്തിനുപറ്റിയ സന്ദർഭമായി അയാൾ കരുതിയിരിക്കാം.

കാരറ്റ്, ബീറ്റ്റൂട്ട് കൃഷി ചെയ്തിരുന്നതുകൊണ്ട് കള മരുന്നോ കീടനാശിനിയോ കുടിച്ചിട്ടായിരിക്കും മരണമെന്ന് ആൾക്കാർ നിഗമനത്തിലെത്തി. ഇങ്ങനെ, എന്റെ കുഞ്ഞുനാൾ മുതൽ ഒരുപാട് മരണങ്ങൾ എസ്റ്റേറ്റിൽ തുടർക്കഥയാണ്. മൂന്നാറിൽ ജനിച്ച ഓരോരുത്തർക്കും ഇതുപോലുള്ള മരണക്കഥകൾ പറയാനുണ്ടാവും. ഒരു എസ്റ്റേറ്റ് തൊഴിലാളിയെ സംബന്ധിച്ച് എപ്പോൾ വേണമെങ്കിലും ആത്മഹത്യ ചെയ്യാവുന്ന സാഹചര്യമാണുണ്ടായിരുന്നത്. മരുന്നു കുടിച്ചു മരിച്ചവരും രക്ഷപ്പെട്ടവരും ഏറെയാണ് മൂന്നാറിൽ. ചിറ്റിവര എസ്റ്റേറ്റിലെ സൗത്ത് ഡിവിഷനിൽ മാത്രം അഞ്ചോ ആറോ പേരാണ് മരണങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്.

ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷൻ

പത്താം ക്ലാസ് കഴിഞ്ഞശേഷം, സ്വന്തം കുടുംബത്തിൽ ഇത്തരമൊരു മരണം കാണേണ്ടിവന്നു. അമ്മയുടെ ചേച്ചിയാണ് പലിശക്കാരന്റെ രൂക്ഷമായ ചീത്ത വിളിയിൽ മനം നൊന്ത് മരണത്തിന് കീഴടങ്ങിയത്. ഗുണ്ടല, ചെണ്ടുവര, ചിറ്റിവര, എല്ലപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന പലിശക്കാരനായ മീനയ്യയാണ് വല്യമ്മയുടെ മരണത്തിന് കാരണമായത്. മകനെ പഠിപ്പിക്കാനും മകളെ കല്യാണം കഴിപ്പിക്കാനും വേണ്ടിയാണ് അയാളുടെ കയ്യിൽ നിന്ന് അവർ പലിശയ്ക്ക് പൈസ എടുത്തത്. ജോലി ചെയ്യാൻ പറ്റാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ട് വല്യമ്മ ജോലിയിൽ നിന്ന് മെല്ലെ മാറി തുടങ്ങി. ഒരാളുടെ വരുമാനം കൊണ്ടുമാത്രം കുടുംബം പോറ്റാനും പലിശ തുക അടയ്ക്കാനും അവർക്ക് സാധിക്കുമായിരുന്നില്ല. സഹോദരിയായ എന്റെ അമ്മയും സമാന അവസ്ഥയിലായതിനാൽ സാമ്പത്തികമായി അവരെ സഹായിക്കാൻ ഞങ്ങൾക്കുമായില്ല.

പെട്ടെന്ന് ഒരു ദിവസം രാത്രി മരണവാർത്ത അറിയിക്കാൻ ഒരു ചേട്ടൻ വീടുകയറി വരുന്നു, രാജേശ്വരി ഹോസ്പിറ്റലിൽ കിടക്കുകയാണ്, നിങ്ങളെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു എന്ന് പറഞ്ഞു. ഞങ്ങൾ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും വല്യമ്മ മരിച്ചു. ആ രാത്രിയുടെ ദുഃഖം ഇതുവരെ മനസ്സിൽ നിന്ന് നീങ്ങിയിട്ടില്ല. അടുത്ത ദിവസം രാവിലെ പോസ്റ്റ്മോർട്ടത്തിന് ചിത്രാപുരം വരെ കൊണ്ടുപോയി. വീട്ടിൽ നിന്ന് 60 കിലോമീറ്റർ ദൂരെയാണ് ചിത്രാപുരം. എസ്റ്റേറ്റ് ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസിൽ കൊണ്ടുപോയി വൈകുന്നേരമാണ് തിരിച്ചുകൊണ്ടുവന്നത്. ഇങ്ങനെ വാങ്ങിയ പൈസ തിരിച്ചുകൊടുക്കാനാകാതെ ആത്മഹത്യ ചെയ്ത അനവധി തൊഴിലാളികളുടെ ശരീരങ്ങൾ പുതഞ്ഞു കിടക്കുന്ന മരണഭൂമി കൂടിയാണ് മൂന്നാറിലെ തേയിലക്കാടുകൾ. 1998 മുതൽ 2005 വരെയുള്ള മൂന്നാറിലെ ആത്മഹത്യകളുടെ കണക്കെടുത്താൽ, മിക്കവാറും പഞ്ചായത്തിൽനിന്ന് കിട്ടിയ മരുന്നു കഴിച്ച് മരിച്ചവരായിരിക്കും കൂടുതലും. മൂന്നാറിലെ മറ്റു എസ്റ്റേറ്റുകളിലും മരുന്നു കഴിച്ചുള്ള മരണം പതിവായിരുന്നു.

ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷൻ ടാറ്റാ ടീ ഗ്രൂപ്പ് ഹോസ്പിറ്റലിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ബ്രിട്ടീഷ് കാലം മുതൽ ഉപയോഗിച്ചിരുന്ന കെട്ടിടം. 'വൈയ കമര' എന്നാണ് എസ്‌റ്റേറ്റിൽ ജീവിക്കുന്നവർക്കിടയിൽ ഈ കെട്ടിടം അറിയപ്പെടുന്നത്‌

മറ്റുള്ളവരെ പോലെ തങ്ങളുടെ മക്കളും പഠിക്കണം, തങ്ങളുടെ മക്കളെയും കല്യാണം കഴിച്ചയക്കണം എന്നെല്ലാം ആഗ്രഹിക്കുന്ന ഒരു തൊഴിലാളി തന്റെ വരുമാനത്തിൽ ഒതുങ്ങാത്ത ഒരു ജീവിതമാണ് സ്വപ്നം കാണുന്നത്. ആ സ്വപ്നങ്ങളാണ് അവരെ ​ആത്മഹത്യകളിലേക്കു തള്ളിവിട്ടത്. അടിമ ജീവിതം നയിച്ചിരുന്ന മനുഷ്യർ സ്വപ്നം കണ്ടു തുടങ്ങിയപ്പോൾ, അവർക്ക് തുണയായത് മരണമാണ് എന്നത് ജീവിതത്തിന്റെ അനവധി വൈരുദ്ധ്യങ്ങളിൽ ഒന്നാകാം.

മൂന്നാറിലെ തൊഴിലാളികളെ രണ്ട് രീതിയിൽ വ്യാഖ്യാനിക്കാം: ഒന്ന്, കമ്പനിക്കാരുടെ അടിമകളും അവരുടെ വിശ്വസ്തരും. രണ്ട്, മറ്റൊരു വഴിയുമില്ലാത്തതുകൊണ്ട് അടിമ ജീവിതം മനസ്സില്ലാ മനസ്സോടെ നയിക്കുന്നവർ. ബഹുഭൂരിപക്ഷവും രണ്ടാം ഗണത്തിൽ പെട്ടവരാണ്. പക്ഷേ അവർ ആദ്യ ഗണത്തിൽ പെട്ടവരോട് പരിഭാഷപ്പെട്ട് ജീവിതം നയിക്കുകയാണ്. ആ ജീവിതത്തിന്റെ പിന്തുടർച്ച ഇന്ന് വേറൊരു രീതിയിൽ അരങ്ങേറുന്നുവെന്നുമാത്രം.

കുടുംബ പ്രശ്നങ്ങൾ കൊണ്ട് മരണത്തിനോട് മല്ലടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന മുത്തമ്മയേയും ചെല്ലത്തയേയും ഒരിക്കലും മറക്കാനാകില്ല. കെട്ടിത്തൂങ്ങിയ മുത്തമ്മയെ ലൈൻസുകാർ എങ്ങനെയൊക്കെയോ രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. കൂട്ടുകാരന്റെ അമ്മ ചെല്ലമ്മ മക്കളുടെ പഠനത്തിന് പലിശയ്ക്ക് പണം വാങ്ങി, അവരുടെ ചീത്ത കേട്ട് മടുത്ത് വിറക് അടുക്കുന്ന പരൺ എന്നറിയപ്പെടുന്ന സ്ഥലത്തുകയറിനിന്ന് മരുന്നു കഴിക്കുമ്പോൾ, ശ്വാസത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു. വീട്ടുകാർ അവരെ രക്ഷപ്പെടുത്തുകയായിരുന്നു.

പ്ലാൻറേഷൻ തൊഴിലാളികൾക്ക് നല്‍കുന്ന പിരുതി എന്നറിയപ്പെടുന്ന സാലറി സ്ലിപ്പ്

ഇതൊക്കെ മൂന്നാറിന്റെ മറയ്ക്കപ്പെട്ട ചരിത്രങ്ങളാണ്. എത്ര തൊഴിലാളികൾ ഇങ്ങനെ മരിച്ചിട്ടുണ്ടാകുമെന്നതിന് കൃത്യമായ കണക്കില്ല.

മൂന്നാറിലെ തൊഴിലാളി എല്ലാ നിലകളിലും കടക്കാരായിരിക്കും. കടം വാങ്ങാനുള്ള രണ്ട് മാർഗങ്ങൾ സൊസൈറ്റി ലോണും ബോണസുമാണ്. എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി തുടങ്ങിയ തൊഴിലാളി യൂണിയനുകൾക്ക് സ്വന്തമായി സൊസൈറ്റികളുണ്ട്. അതിൽ അംഗമായാൽ സൊസൈറ്റി ലോൺ ലഭിക്കും. ആദ്യകാലത്ത് 4000 രൂപയായിരുന്നു. ഇപ്പോൾ 30,000 രൂപ വരെ കിട്ടും.
2007- നുശേഷമാണ് സി.ഐ.ടി.യുവിന് മൂന്നാറിൽ അംഗീകാരം ലഭിച്ചത്. അതിനുമുമ്പ് എ.ഐ.ടി.യു.സിയും ഐ.എൻ.ടി.സിയും ആയിരുന്നു സൊസൈറ്റി ലോണുകൾ കൊടുത്തിരുന്നത്. ലോൺ എടുക്കാൻ നോമിനിയായി മറ്റ് രണ്ട് പെർമനൻ്റ് തൊഴിലാളികളുടെ ഒപ്പ് മാത്രം മതി. മാസ ശമ്പളത്തിൽ നിന്ന് കമ്പനിക്കാർ പൈസ പിടിച്ച് സൊസൈറ്റിക്ക് കൊടുക്കും. തൊഴിലാളികളുടെ സാക്ഷി പിരുതി എന്നറിയപ്പെടുന്ന സാലറി സ്ലിപ്പാണ്. സൊസൈറ്റി ലോണും പെൻഷനും പി.എഫും പിടിച്ചിട്ടുണ്ടോ, ശരിയായ ജോലി ദിവസങ്ങൾക്കാണോ ശമ്പളം ഈടാക്കിയിട്ടുള്ളത്, അടുത്ത മാസം കമ്പനിക്ക് എത്ര പൈസ അടയ്ക്കണം തുടങ്ങിയവയെല്ലാം അറിയുന്നത് ഇതിലൂടെയാണ്.

സർവീസിന്റെ അവസാനം വർഷം വരെ സൊസൈറ്റി ലോൺ കിട്ടും. 36 വർഷം സർവീസ് കഴിഞ്ഞ് കമ്പനിയിൽ നിന്നിറങ്ങുമ്പോൾ തിരിച്ചടയ്ക്കേണ്ടിവരും. ബാക്കി ഒരു ലക്ഷം രൂപയിൽ താഴെയാകും ഓരോ തൊഴിലാളിയുടെയും ജീവിതകാല സമ്പാദ്യത്തിൽ ബാക്കിയാവുന്നത്. ഒരു ലക്ഷം രൂപയിൽ താഴെ ഗ്രാറ്റിവിറ്റി ലഭിക്കുന്ന ഏക സമൂഹമായിരിക്കും ഞങ്ങൾ.

ഞങ്ങളുടെ ആൾക്കാർ ഇന്നും 56 വർഷം എസ്റ്റേറ്റിൽ അധ്വാനിച്ചു കഴിഞ്ഞ് അവിടെ കിട്ടുന്ന ചെറിയ ജോലികളിൽ തുടരുകയാണ്. മാത്രമല്ല പഞ്ചായത്ത് പണിക്കും മറ്റും പോകാനും അവർ തയ്യാറാണ്. കാരണം, മരിക്കുന്നതുവരെ അധ്വാനിച്ചാലേ അവർക്ക് കഞ്ഞി കുടിച്ചു ജീവിക്കാൻ പറ്റൂ.

(തുടരും)

Comments