മലങ്കാട്- 19
മീശപ്പുലിമലയിൽ നിന്ന് കിലോമീറ്ററോളം ഒഴുകി വരുന്ന വെള്ളം ടോപ്പ് ഡിവിഷനിലെ പതിനെട്ടാം നമ്പർ കാട്ടിലൂടെ ഒഴുകി അരുവിക്കാടായി മാറുന്നു. അതുകൊണ്ടാണ് ആ എസ്റ്റേറ്റിന് അരുവിക്കാട് എന്ന പേരു വന്നത് എന്ന് സെലേത്തമ്മാൾ പറഞ്ഞു. അരുവിക്കാട്, മാട്ടുപ്പെട്ടി, ഗുഢാരവിളൈ തുടങ്ങിയ എസ്റ്റേറ്റുകൾ ഒരു മലയുടെ ചുറ്റുമായാണ് സ്ഥിതിചെയ്യുന്നത്. മൂന്നാറുകാർക്കല്ലാതെ മറ്റുള്ളവർക്ക് ആ ഇരുപ്പുവശം മനസ്സിലാവാൻ ബുദ്ധിമുട്ടാണ്. ഗുണ്ടലവേളി റെയിൽ ദൗത്യം ഈ കാട്ടുപാതയിലൂടെയാണ് യാഥാർത്ഥ്യമാക്കിയത്. 1924 ലെ പ്രളയത്തിനുശേഷം മൺമൂടിപ്പോയ ആ കാട്ടുപാതയിലെ റെയിൽപാളങ്ങൾ തെളിഞ്ഞുകണ്ടതും ഈ ഭാഗത്താണ്.
എല്ലപ്പെട്ടി കരുങ്കുളം ഡിവിഷനിൽ നിന്ന് തുടങ്ങുന്നതായി തോന്നുന്ന ആ കാട് വാസ്തവത്തിൽ കൊരങ്ങണിയിൽ നിന്നു തുടങ്ങി ഹൈറേഞ്ചിലെ എല്ലാ എസ്റ്റേറ്റുകളെയും കൃത്യമായി ബന്ധിപ്പിക്കുന്നു. ബ്രിട്ടീഷുകാർ ഏറ്റെടുത്ത ആ ദൗത്യം ഇത്രയും സൂക്ഷ്മമായി നിറവേറ്റിയതുകൊണ്ടാണ് അവിടെ അവർക്ക് കച്ചവടത്തിൽ വിജയിക്കാൻ കഴിഞ്ഞതെന്ന് മയിൽ ചാമി പറഞ്ഞു. മലമുകളിൽ നിന്ന് 15 കിലോമീറ്ററോളം ഒഴുകി മാട്ടുപ്പെട്ടിയിലെ പാലാറിലേക്ക് വന്നെത്തുന്ന അരുവി പശ്ചിമഘട്ടത്തിലെ മറ്റൊരു മഹാൽഭുതമാണ്.
സമാനമായ ഒരുപാട് അരുവികൾ കൊടൈക്കനാൽ മലയിലും ആനമുടി റീജ്യനിലും ദേവികുളം റീജിയനിലും ഉണ്ട്. പക്ഷേ എല്ലപ്പെട്ടി മലനിരകളിലൂടെ അങ്ങോളമിങ്ങോളം ഒഴുകുന്ന ചെറിയ അരുവികൾ മൂന്നാറിന്റെ ഭാഗത്തേക്കല്ല ഒഴുകിയെത്തുന്നത്. മറിച്ച് കൊടൈക്കനാൽ മലയുടെ നെറുകയിലേക്കാണ് ഒഴുകുന്നത്. മലയുടെ താഴ് വാരങ്ങളിലും മലയുച്ചിയുടെ മറുവശത്തുള്ള താഴ് വാരങ്ങളിലും ഒരേപോലെയാണ് മനുഷ്യർ ജീവിക്കുന്നത്. എല്ലപ്പെട്ടി മലയുടെ പുറകുവശത്ത് കൊടൈക്കനാലിലെ എസ്റ്റേറ്റുകളാണ്. എല്ലപ്പെട്ടി വെസ്റ്റ് ഡിവിഷനിലെ മലമുകളിൽ നിന്നോ ചിറ്റിവാര എസ്റ്റേറ്റിന്റെ N. C ഡിവിഷനിലെ മലപ്പാതയിലൂടെയോ സഞ്ചരിച്ചാൽ ടോപ് ഡിവിഷന്റെ മറുവശത്തുള്ള അഞ്ചുനാട്ടിന്റെ മറ്റൊരു ഭാഗമായ പഴത്തോട്ടത്തിൽ നിന്നും വട്ടവടയിൽ നിന്നും കാട്ടുപാതയിലൂടെ കവുങ്കിലേക്ക് എത്താം. അവിടെ നിന്ന് കൊടൈക്കനാലിലേക്ക് വളരെ വേഗം എത്താം. ഈസ്റ്റ് ഡിവിഷനിൽ അങ്ങോളമിങ്ങോളം പടർന്നു കിടക്കുന്ന ഏതൊരു എസ്റ്റേറ്റിൽ നിന്നും സഞ്ചരിച്ചാലും കൊടേക്കനാലിലേക്കെത്താം.
ചുറ്റും അടർന്ന കാടുകളായതുകൊണ്ട് ഒന്നോ രണ്ടോ പാതകളിലാണ് ആ യാത്ര സാധ്യമാകുന്നതെന്ന് മുത്തൻ പറഞ്ഞു. അരുവിക്കാടിന്റെ നെറുകയിൽ ഒഴുകിയെത്തുന്ന അരുവി മേപ്പരട്ട് എന്നറിയപ്പെടുന്ന വെസ്റ്റ് ഡിവിഷനിലൂടെ സഞ്ചരിച്ച് അവിടെ നിന്ന് ഈസ്റ്റ് ഡിവിഷനിലെത്തി ഫാക്ടറി ഡിവിഷനിലേക്ക് ഒഴുകിയെത്തി മറ്റൊരു ഭാഗത്തുനിന്ന് റോഡിന്റെ മറുവശത്തുകൂടി ഒഴുകിവരുന്ന ചരിത്ര പ്രശസ്തമായ ഗുണ്ടലയാറിലാണ് സംഗമിക്കുന്നത്. ആ സ്ഥലം പാലാർ എന്നറിയപ്പെടുന്നു. മലമുകളില്‍ നിന്ന് കിലോമീറ്ററോളം പാൽ പോലെ ഒഴുകിയെത്തുന്ന ആറ് ആയതുകൊണ്ട് പാലാർ എന്ന പേര് സ്വീകരിക്കുന്നു.
1930- കളോടെയാണ് അരുവിക്കാട് തനിയൊരു എസ്റ്റേറ്റായി പ്രവർത്തിച്ചു തുടങ്ങിയതെന്ന് സ്റ്റീഫൻ പറഞ്ഞു. അതിനുമുമ്പ് ആനകളും പുലികളും മാത്രം പാർത്തിരുന്ന കാടായിരുന്നു അരുവിക്കാട്. ഗൂഢാരവളൈ, മാട്ടുപ്പെട്ടി എസ്റ്റേറ്റുകളെ ബന്ധിപ്പിക്കുന്ന വലിയ മലഞ്ചെരിവാണ് അരുവിക്കാട്. അരുവിക്കാട്ടിലെ പതിനാലാം നമ്പർ കാടുവഴി മുകളിലേക്ക് കയറിച്ചെന്നാൽ സൈലന്റ് വേലി എസ്റ്റേറ്റിലെത്തും. മാട്ടുപ്പെട്ടിയിലെ നെത്തിമേട് ഡിവിഷനിൽ നിന്ന് ഈ സ്ഥലങ്ങളിലേക്കെത്താമെന്ന് സെൽവരാജ് പറഞ്ഞു. ചുറ്റും കാട്ടുപാതയായതുകൊണ്ട് കാട്ടിൽ ജീവിക്കുന്ന ആൾക്കാർക്ക് മാത്രമാണ് ആ പാതകൾ മനസ്സിലാക്കാൻ കഴിയുക.
ചരിത്രപ്രശസ്തമായ കൊരങ്ങണി മലയുടെ തുടർച്ചയാണ് ഈ മലകൾ. ഈ മലകളിൽ നിന്ന് 50 കിലോമീറ്ററുകളോളം ചുറ്റുമുള്ള കാടുകളാണ് പണ്ട് സായിപ്പന്മാർ വേട്ടയാടാൻ തെരഞ്ഞെടുത്തിരുന്നത്. തിരുവിതാംകൂർ മാന്വലിൽ അത് കൃത്യമായി പരാമർശിക്കുന്നുണ്ട്.
ദേവിമല, ചൊക്കർമല, ആനമുടി എന്ന മൂന്ന് വലിയ റീജ്യനുകളാണ് ബ്രിട്ടീഷ് ഇന്ത്യ കാലത്തുള്ള ഹൈറേഞ്ച്. ഇതാണ് പ്രാചീനകാല മൂന്നാർ. 1860-ൽ ഹൈറേഞ്ച് രൂപപ്പെടുത്തിയെടുത്ത പ്രമുഖ സായിപ്പന്മാരിൽ ഒരാളായിരുന്നു വെല്ലസ്ലി പ്രഭു. ടിപ്പു സുൽത്താനുശേഷം ഹൈറേഞ്ചിനെ സ്പർശിച്ച വേട്ടക്കാരായിരുന്നു വെല്ലസ്ലിയും ടർണറും. കൊടൈക്കനാലിൽ നിന്ന് ടോപ്പ് സ്റ്റേഷൻ വഴി ചിറ്റിവര, എല്ലപ്പെട്ടി, ഗുണ്ടല, പുതുക്കടി കഴിഞ്ഞാൽ പാലാർ ചെക്ക് പോസ്റ്റിന്റെ മറുവശം സ്ഥിതി ചെയ്യുന്നതാണ് അരുവിക്കാട് എസ്റ്റേറ്റ്. ഈ എസ്റ്റേറ്റിന്റെ വെസ്റ്റ് ഡിവിഷനിലെ പ്രമുഖ കങ്കാണിയായിരുന്നു ധർമലിംഗം.
ധർമ്മലിംഗത്തിന്റെ കഥ വ്യത്യസ്തമാണ്. നയമക്കാട്ടിലേക്കാണ് ആദ്യം ധർമ്മലിംഗത്തിന്റെ അച്ഛൻ മാടസാമി എത്തിയത്. തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ തേയില കാട്ടിലൂടെ അലഞ്ഞു തിരിഞ്ഞിരുന്ന ധർമ്മലിംഗം ജനിച്ചു വീണതും ഈ തേയിലക്കാട്ടിൽ തന്നെയാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ കോലിയാത്ത് ബീഡി, 1210 നമ്പർ ബീഡി തുടങ്ങിയ ബീഡികളായിരുന്നു തൊഴിലാളികളുടെ ഏറ്റവും പ്രിയപ്പെട്ട ബീഡികൾ.
കാട്ടിൽ സായിപ്പന്മാർ അങ്ങോളമിങ്ങോളം സഞ്ചരിക്കുമ്പോൾ ഒരു സഹായിയെ കൂടെ കൂട്ടുമായിരുന്നു. ഫീൽഡിൽ പണിയെടുക്കാത്ത ചെറിയ കുട്ടികളെയാണ് അന്ന് സായിപ്പന്മാർ ഇത്തരത്തിൽ കൊണ്ടുപോയിരുന്നത്. അവരെ കാട്ടുപൊടിയൻ അല്ലെങ്കിൽ മുൻപൊടിയൻ എന്നാണ് വിളിച്ചിരുന്നത്. സായിപ്പന്മാർ കുതിരകളെ നിർത്തിയാൽ അത് കെട്ടിയിടാനും സായിപ്പ് തേയില നിരകളിലിറങ്ങി നിരീക്ഷിക്കുമ്പോൾ അവരുടെ സംരക്ഷകനുമായിട്ടാണ് ഇത്തരം പൊടിയന്മാർ കൂടെയുണ്ടാവുന്നത്.
ചില ഫീൽഡുകളിൽ ഊടുകളിലും വെട്ടുകളിലും സായിപ്പന്മാർ ഇറങ്ങിച്ചെല്ലുന്നതിനു മുൻപേ കാട്ടുപൊടിയനായിരിക്കും ആ പാത കാണിച്ചുകൊടുക്കുന്നത്. പ്രാചീനകാലത്ത് തൊഴിലാളി കുടുംബത്തിൽ ജനിച്ച കുട്ടികൾക്ക് ഇത്തരം അടിമപ്പണികൾ എല്ലാ എസ്റ്റേറ്റുകളിലും പതിവായിരുന്നു. 12ാം വയസ്സിലാണ് 'ക' റേറ്റിൽ പതിഞ്ഞ് എസ്റ്റേറ്റിൽ ഔദ്യോഗികമായി ജോലിയിൽ ഒരു തൊഴിലാളി പ്രവേശിച്ചിരുന്നത്. അതിനുമുമ്പ് കാട്ടുപൊടിയൻ, മുൻപൊടിയൻ എന്നീ പേരുകളിലാണ് തൊഴിലാളികളുടെ കുട്ടികൾ അറിയപ്പെട്ടിരുന്നത്.
നയമക്കാട് എസ്റ്റേറ്റിലെ കാട്ടുപൊടിയനായിരുന്ന ധർമലിംഗം സായിപ്പിന്റെ കൂടെ ഫീൽഡിൽ ചെല്ലുമായിരുന്നു. ഈ സമയം ഒരു ദിവസം നല്ല തണുത്ത കാലാവസ്ഥയിൽ സായിപ്പിന് ഒരു ചുരുട്ട് വലിക്കാൻ തോന്നി. അന്നത്തെ കാലത്ത് തൊഴിലാളികൾ സായിപ്പന്മാരും കങ്കാണിമാരും അറിയാതെയാണ് ബീഡി വലിച്ചിരുന്നത്. കങ്കാണിമാരും സായിപ്പന്മാരും കണ്ടാൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കും, പിന്നീട് ചാട്ടയടി തുടങ്ങിയ ശിക്ഷകളും.
അക്കാലത്ത് തങ്ങൾ ബീഡി വലിക്കാൻ ആരുടെയും കണ്ണിൽപെടാതെ കാട്ടിനുള്ളിൽ പോകുമായിരുന്നുവെന്നും മണം ഇല്ലാതാകാൻ ആനപുളിച്ചാൻ, മുള്ളിപ്പഴം, കാട്ടുപുളിച്ചാൻ, കൊട്ടിലാൻ ഇല, കൊളുന്തിന്റെ പക്കവാത് തുടങ്ങിയ ഏതെങ്കിലും ഇലകളോ പഴങ്ങളോ ചവയ്ക്കുമായിരുന്നുവെന്നും തൊഴിലാളികൾ പറയുന്നു. ചില കങ്കാണിമാർ അത് മണത്ത് കണ്ടുപിടിക്കും. അങ്ങനെ കണ്ടുപിടിച്ചാൽ അത് പറഞ്ഞ് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. മാത്രമല്ല കങ്കാണിമാർ പറയുന്ന എല്ലാം അനുസരിക്കാൻ നിർബന്ധിക്കപ്പെടും, ശമ്പളം പിടിച്ചുവയ്ക്കും, അവരറിയാതെ തന്നെ അവരുടെ തുക മോഷ്ടിക്കും, കൂടാതെ കള്ളക്കണക്ക് എഴുതുകയും ചെയ്യും.
തണുപ്പ് സഹിക്കാൻ വയ്യാതെ ബീഡി വലിച്ചതിന് എത്രയോ തൊഴിലാളികൾ ഹൈറേഞ്ചിലെ തേയിലക്കാടുകളിൽ ഇങ്ങനെ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ചിറ്റിവാരയിൽ അഴിഞ്ഞമേട്ടിലെ 32 ഏക്കർ കാടോട് ചേർന്നുകിടക്കുന്ന ആ കാട്ടിൽ സുബ്ബനും മാരിയപ്പനും ബീഡി വലിച്ചതിന് ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് കസപ്പ പറഞ്ഞു. ധർമലിംഗം കങ്കാണിമാരെ ഭയന്ന് എന്നും ചപ്പക്കാട്ടിൽ പോയി ബീഡി വലിക്കുമായിരുന്നു. ഫീൽഡ് വിസിറ്റിനെത്തിയ സായിപ്പ് പതിവുപോലെ ചുരുട്ട് പുകച്ചുകൊണ്ടാണ് അവിടെ എത്തിയത്. പക്ഷേ കൊടും തണുപ്പിൽ സായിപ്പിന്റെ കൈയിലിരുന്ന ചുരുട്ട് കെട്ടുപോയി. സായിപ്പ് കങ്കാണിയോട് തീപ്പെട്ടി ചോദിച്ചു. കങ്കാണിയുടെയോ മറ്റു തൊഴിലാളികളുടെയോ കൈയിൽ തീപ്പെട്ടി ഇല്ലായിരുന്നു. തീപ്പെട്ടി ഉണ്ടെങ്കിലും സായിപ്പ് ചോദിച്ചതുകൊണ്ട് പേടി കാരണം ആരും കൊടുക്കില്ല. പക്ഷേ നിഷ്കളങ്കനായ ധർമലിംഗം തന്റെ കയ്യിലുള്ള തീപ്പെട്ടി എടുത്ത് നീട്ടി. തൊഴിലാളികളെ അത് അത്ഭുതപ്പെടുത്തി. എന്തായാലും അടി ഉറപ്പാണ്, തൊഴിലാളികളെല്ലാം ധർമ്മലിംഗത്തെ പരിതാപകരമായി നോക്കിനിന്നു. സായിപ്പ് പറഞ്ഞു, ഈ പയ്യനെ ബംഗ്ലാവിലേക്ക് പറഞ്ഞയക്കണം. കങ്കാണി അതിൻ പ്രകാരം ധർമ്മലിംഗത്തെ ബംഗ്ലാവിലേക്ക് പറഞ്ഞുവിട്ടു.
ധർമലിംഗവും അച്ഛനും പേടിച്ചു പേടിച്ച് ബംഗ്ലാവിന്റെ വാതിലിലെത്തി. സായിപ്പ് അവനെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ‘നീ ഇനിമുതൽ ബംഗ്ലാവിൽ എൻ്റെ ജോലിക്കാരനായി ഉണ്ടാവണം, ബംഗ്ലാവിലാണ് നിനക്ക് ജോലി’, അത് കേട്ട് ധർമലിംഗം അമ്പരന്നു. പിന്നീട് സായിപ്പ് പോകുന്ന എല്ലാ സ്ഥലങ്ങളിലേക്കും ധർമലിംഗത്തെ കൊണ്ടുപോയി. അങ്ങനെ ഒരു ദിവസം അടർന്ന കാടുകളിലെത്തിയപ്പോൾ ധർമലിംഗത്തിന്റെ കയ്യിൽ സായിപ്പ് തോക്ക് കൊടുക്കുന്നു. ഇതിനുമുമ്പ് അങ്ങനെയൊരു വസ്തുവിനെ കാണാത്ത ആ പയ്യൻ എന്തു ചെയ്യണമെന്നറിയാതെ അമ്പരന്നു. സായിപ്പ് അവനെക്കൊണ്ട് തോക്കു പിടിപ്പിച്ചു, എന്നിട്ട് കൈകൊണ്ട് അമർത്താൻ പറഞ്ഞു.
അവൻ അത് അമർത്തിപ്പിടിച്ചു. ദൂരെ കാട്ടിൽ നിന്ന് ഒരു പുലി ആ വെടിയേറ്റ് പിടഞ്ഞുവീണു. എല്ലാം യാദൃച്ഛികമായിരുന്നു.
അന്നുമുതൽ അടർന്ന കാടുകളിൽ എന്നും സായിപ്പിന് കൂട്ടായി എന്നും ധർമലിംഗം ഉണ്ടായിരുന്നു. തുടർന്ന് അവിടെ നിന്ന് അരുവിക്കാട്ടിലേക്ക് കങ്കാണിയായി സ്ഥാനക്കേറ്റം ലഭിച്ചു. 1935- ൽ അരുവിക്കാട് തനി എസ്റ്റേറ്റായപ്പോൾ വലിയ കങ്കാണിയായിരുന്നു ധർമ്മലിംഗം. തമിഴ്നാട്ടിൽ നിന്ന് ഒരുപാട് തൊഴിലാളികളെ ആ എസ്റ്റേറ്റിലേക്കെത്തിച്ച്, സായിപ്പമാരുടെ സമ്മാനങ്ങൾ ഏറ്റുവാങ്ങി. അങ്ങനെ അരുവിക്കാട് വെസ്റ്റ് ഡിവിഷനിലെ സായിപ്പുമാരുടെ പ്രിയങ്കരനായി മാറി ധർമലിംഗം. മൂന്ന് എസ്റ്റേറ്റുകളിലായിട്ടാണ് അയാൾ ജീവിച്ചത്. നയമക്കാട്ടിൽനിന്ന് ഗുരുമല ഡിവിഷനിലേക്കും (നല്ലതണ്ണി) പിന്നീട് കങ്കാണിയായി അരുവിക്കാട്ടിലേക്കും ധർമ്മലിംഗം മാറിയതായി മകൻ സ്റ്റീഫൻ പറഞ്ഞു. കവാത്ത് വെട്ടുന്നതിൽ കേമനായിരുന്നതുകൊണ്ട് കവാത്ത് കങ്കാണി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്റ്റീഫനും സെലേത്തമ്മാളുമാണ് അരുവിക്കാട്ടിൽ ജീവിച്ചിരിക്കുന്ന തൊഴിലാളി വർഗ്ഗത്തിലെ മുതിർന്നവർ.
പച്ചക്കാട് ഡിവിഷൻ, ഫാക്ടറി ഡിവിഷൻ, വെസ്റ്റ് ഡിവിഷൻ തുടങ്ങിയവ ചേർന്നതാണ് അരുവിക്കാട് എസ്റ്റേറ്റ്. ഈ എസ്റ്റേറ്റിലെ പച്ചക്കാട് ഡിവിഷൻ പുതുക്കടി ചോലയോട് ചേർന്നു കിടക്കുന്നു. മലഞ്ചരിവിലെ 15 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന മാട്ടുപ്പെട്ടി എന്ന ആ ഡാം അന്ന് ഇല്ലായിരുന്നു. ആ സ്ഥലം പാലാർ എന്നാണറിയപ്പെട്ടത്. മലമുകലിൽ നിന്നൊഴുകിയെത്തുന്ന അരുവി പാൽനിറമുള്ള ശുദ്ധജലവും കൊണ്ടുവരുന്നതുകൊണ്ട് ഈ ആറിന് പാലാർ എന്ന പേരു കിട്ടിയെന്ന് പെരുമാൾ പറഞ്ഞു. വെള്ളച്ചാമി തേവർ, തവസി തേവർ, പഞ്ചു തേവർ, പരമൻ തേവർ, ചിന്നമുത്തു തേവർ, ഊർക്കാളൻ കറുപ്പൻ എന്നവരായിരുന്നു പച്ചക്കാട് എന്നറിപ്പെടുന്ന ഈസ്റ്റ് ഡിവിഷനിലെ പ്രമുഖ കങ്കാണിമാർ. വീരനതേവർ, പൊന്നുസാമി, ഈസുകുട്ടി മേസ്തിരി, ശൺമുഖം കങ്കാണി, ആറുമുഖം കങ്കാണി, നഗുലൻ കങ്കാണി, അപ്പു കങ്കാണി, അയ്യാകണ്ണ്, വെള്ളയ്യ ഗൗണ്ടർ, സുപ്പൻ കങ്കാണി തുടങ്ങിയവരായിരുന്നു പഴയ കങ്കാണിമാർ.
ഈ സോണലിൽ ആദ്യമായി ഫാക്ടറി രൂപപ്പെട്ടത് മാട്ടുപ്പെട്ടിയിലാണ്, അതുകൊണ്ട് അരുവിക്കാട്, ഗൂഢാരവളൈ, കൊരണ്ടിക്കാട്, ഗ്രാംസലന്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇവിടേക്കാണ് കപ്പിത്തേരികൾ വഴി കൊളുന്തുകൾ എത്തിച്ചത്. മാടപ്പൻ കങ്കാണിയും, ചൊക്കനാഥൻ കങ്കാണിയും, കണ്ണിയപ്പനും, ചൊള്ളമുത്തുവും, വീരാചാമിയും, കറുപ്പയ്യയും കുട്ടിയാറിൽ പ്രമുഖരായിരുന്നു. 1900- കാലത്ത് മാട്ടുപ്പെട്ടി കുട്ടിയാർ ആയിരുന്നു കമ്പനി തലസ്ഥാനം. കമ്പനിയുടെ ഗതിചലനങ്ങളെ വിലയിരുത്തുന്ന സെൻട്രൽ സ്പോട്ട് ആയിരുന്നു മാട്ടുപ്പെട്ടി. ലീ ദൊരൈയായിരുന്നു മാനേജിംഗ് ഡയറക്ടർ. ലി ദൊരൈയുടെ ബംഗ്ലാവ് കുട്ടിയാറിലാണ്. കമ്പനിയുടെ എക്കാലത്തെയും മുഖ്യധാരാ ഫാക്ടറിയാണ് മാട്ടുപ്പെട്ടി. ഇന്നും അങ്ങനെയാണ് ആ ഫാക്ടറി തുടരുന്നത്. ഈ ഫാക്ടറി പ്രവർത്തിക്കാത്ത ദിവസങ്ങൾ ചുരുക്കമാണ്. ടി പാക്കിംഗും മാനുഫാക്ചറിങ്ങും എല്ലാം ഒരുമിച്ച് നടക്കുന്ന സ്ഥലമാണ് മാട്ടുപ്പെട്ടി ഫാക്ടറി. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് മാട്ടുപ്പെട്ടി ഫാക്ടറി വലിപ്പത്തിലും പ്രവർത്തനത്തിലും എക്കാലത്തും വ്യത്യസ്തമാണ് 24 മണിക്കൂറും പ്രവർത്തിക്കുക എന്നതാണ് മാട്ടുപ്പെട്ടി ഫാക്ടറിയുടെ ശൈലി. കമ്പനിയിൽ 1904-ൽ പ്രവർത്തിച്ചുതുടങ്ങിയ ഈ ഫാക്ടറി, 120 വർഷം കഴിയുമ്പോഴും ഒരു മാറ്റവുമില്ലാതെ പ്രവർത്തിക്കുകയാണ്.
ഓർഗാനിക് ടീ എന്ന ദൗത്യം ടാറ്റാ കമ്പനി ആദ്യം പയറ്റിയതും മാട്ടുപ്പെട്ടി ഫാക്ടറിയിലായിരുന്നു. 10 കിലോമീറ്ററോളം പരന്നു കിടക്കുന്ന എസ്റ്റേറ്റുകളിൽ നിന്ന് കൊളുന്തുകൾ എത്തിക്കുന്നത് ഈ ഫാക്ടറിയിലേക്കാണ്. അത്ഭുതകരമായ ഒരു സ്ഥലത്താണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്.
കൊളുന്തുകൾ കുന്നിൽനിന്ന് കുത്തനെ ഇറക്കുന്നത് കണ്ട് ചെല്ലയ്യ പറഞ്ഞു, ഇനി നമുക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും. കമ്പനിയുടെ സെൻട്രൽ സ്പോട്ട് ആയതുകൊണ്ടും ട്രെയിൻ വന്നു തുടങ്ങിയതോടെയും തൊഴിലാളികൾ മാട്ടുപ്പെട്ടി നഗരിയിൽ ഉറക്കമില്ലാത്ത ജീവിതം നയിച്ചുതുടങ്ങി. അവർ കുടിലുകളേക്കാൾ കൂടുതൽ താമസിച്ചത് ഫാക്ടറികളിലും കാടുകളിലുമാണ്. ഫാക്ടറിയും ഭക്ഷ്യസാധനങ്ങളെത്തുന്ന കമ്പനി ആസ്ഥാനവും ഇവിടെയായതുകൊണ്ട് തൊഴിലാളികൾക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നുവെന്ന് ശിവൻ പറഞ്ഞു. മാനേജരെ കണ്ടാൽ കൈ തൊഴുത് കുമ്പിടണം. പണിയെടുക്കാൻ വേണ്ടി മാത്രമേ നിവർന്നു നിൽക്കാൻ പാടുള്ളൂ.
കമ്പനിയുടെ ആസ്ഥാന സ്ഥലമായതുകൊണ്ടാണ് ആ സ്ഥലത്തിന് മാട്ടുപ്പെട്ടി എന്ന പേര് വന്നതെന്ന് പരമൻ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നും മറ്റുള്ള പ്രദേശങ്ങളിൽ നിന്നും എത്തിച്ച ചീമ കാളകളെ അവിടെയുള്ള ഒരു ഫാമിലാണ് പാർപ്പിച്ചിരുന്നത്. മാട് എന്നാൽ പശു എന്നും പട്ടി എന്നാൽ പശുക്കളെ കെട്ടിയിടുന്ന സ്ഥലം എന്നുമാണ് തമിഴ് അർത്ഥം.
ചെല്ലപ്പനും, രാമയ്യനും, ആറുമുഖവും, കണ്ണിച്ചാമിയും കവാത്ത് വെട്ടി കാടുകൾ വൃത്തിയാക്കുമായിരുന്നു. കമ്പനിക്ക് ആയിരക്കണക്കിന് കാളകളുണ്ടായിരുന്നു . ഓരോ എസ്റ്റേറ്റുകളിലും കാള ലൈൻസുകൾ ഉണ്ടായിരുന്നു. ഓരോ ഡിവിഷനുകളിലും ഇത്തരം ലൈൻസുകളിലും കാളയും കാളവണ്ടികളും ഉണ്ടായിരുന്നു. പ്രാചീന മൂന്നാറിന്റെ വാഹനമായിരുന്നു കാളവണ്ടികൾ എന്ന് ഏകാംബരം പറഞ്ഞു (എന്റെ അമ്മയുടെ അച്ഛനാണ് ഏകാംബരം. ഇദ്ദേഹം ബ്രിട്ടീഷുകാരുടെ കാളവണ്ടികൾ ഓടിച്ചതുകൊണ്ട് വണ്ടിയാൻ കങ്കാണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചിറ്റിവാര എസ്റ്റേറ്റിലെ നോർത്ത് ഡിവിഷനിലും സമാനമായ പേരുള്ള ഒരു കങ്കാണിയുണ്ടായിരുന്നു. ഇവരൊക്കെ കാഞ്ചീപുരം ജില്ലയിലെ മരുതാട് എന്ന ഗ്രാമത്തിൽ നിന്നും മറ്റു ഗ്രാമങ്ങളിൽ നിന്നും ഓൾഡ് ചിറ്റിവര എന്നറിയപ്പെടുന്ന പഴയ ചിറ്റിവരയിലേക്കാണ് ആദ്യം കുടിയേറിയത്).
(തുടരും)