പതിനാറ്
1968 -70 കാലത്താണ് ഞാൻ പയ്യന്നൂർ കോളേജിൽ പ്രിഡിഗ്രിക്ക് പഠിച്ചത്.1965ൽ പ്രവർത്തനമാരംഭിച്ച കോളേജിന് അക്കാലത്ത് ബാലാരിഷ്ടതകൾ പലതുമുണ്ടായിരുന്നു. എങ്കിലും കോളേജിന്റെ പഠനാന്തരീക്ഷം ഭേദപ്പെട്ടതു
തന്നെയായിരുന്നു. പ്രൊഫ.പി.കെ.സുരേന്ദ്രനാഥായിരുന്നു അന്ന് പ്രിൻസിപ്പാൾ. തേഡ് ഗ്രൂപ്പിലാണ് ഞാൻ ചേർന്നത്. ഞങ്ങളുടെ അധ്യാപകരിൽ മലയാളവിഭാഗത്തിലുള്ളവരെ ഒഴിച്ചു നിർത്തിയാൽ ഞാൻ പ്രത്യേകമായി ഓർക്കുന്നവർ ഇംഗ്ലീഷിലെ ഫിലോമിനടീച്ചർ, ഇക്കണോമിക്സിലെ ഇന്ദിര ടീച്ചർ, ജനറൽ സയൻസ് പഠിപ്പിച്ച കുഞ്ഞികൃഷ്ണൻ മാഷ്, ഹിസ്റ്ററിയിലെ ലക്ഷ്മണൻ മാഷ്, ദാമോദരൻ മാഷ് എന്നിവരെയാണ്. ഞാൻ ക്ലാസ്റൂമിനു പുറത്തുവെച്ച് നേരിട്ട് മൂന്നോ നാലോ വാക്കെങ്കിലും പറഞ്ഞിട്ടുള്ളത് ഇവരോടു മാത്രമാണ്. ഇവരിൽ ഏറ്റവും രസകരമായ ഒരു സംഭാഷണം ഉണ്ടായത് ഫിലോമിന ടീച്ചറുമായിട്ടാണ്.
വളരെ കുറച്ചുകാലം മാത്രമേ അവർ പയ്യന്നൂർ കോളേജിൽ പഠിപ്പിച്ചിരുന്നുള്ളൂ എന്നാണ് തോന്നുന്നത്. മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ടീച്ചർ ഉയർന്ന സാഹിത്യബോധമുള്ള ആളാണെന്നാണ് എനിക്ക് തോന്നിയത്. കവിത പഠിപ്പിക്കുന്നതിൽ അവർക്ക് സവിശേഷമായ താൽപര്യവും വൈദഗ്ധ്യവും ഉണ്ടായിരുന്നു. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഇംഗ്ലീഷ് ക്ലാസുകൾ അവരുടെതായിരുന്നു. അങ്ങനെയിരിക്കെ, അവരുടെ കല്യാണം നടക്കാൻ പോവുകയാണ്, അടുത്ത ആഴ്ച മുതൽ അവർ ഉണ്ടാവില്ല എന്നൊരു വാർത്ത ഞങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ പരന്നു. എനിക്ക് വളരെയേറെ മനോവിഷമമുണ്ടാക്കിയ വാർത്തയായിരുന്നു അത്. കല്യാണം കഴിഞ്ഞാലും ടീച്ചർ കോളേജിൽ വരാതിരിക്കില്ല എന്ന ആഗ്രഹചിന്തയിൽ ഞാൻ തൂങ്ങിപ്പിടിച്ചു നിന്നു. ടീച്ചറുടെ ക്ലാസുകൾ ഇല്ലാതായാൽ കോളേജ് ജീവിതത്തിൽ വന്നുചേരാനിടയുള്ള ശൂന്യതയുമായി പൊരുത്തപ്പെടുന്ന കാര്യം എനിക്ക് ആലോചിക്കാനേ പറ്റില്ലായിരുന്നു. ഒടുവിൽ മടിച്ചുമടിച്ചാണെങ്കിലും ഞാൻ നേരെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലേക്ക് പോയി അവരോട് ചോദിച്ചു:"അടുത്തയാഴ്ച മുതൽ ടീച്ചർ വരില്ലെന്ന് കേട്ടു. ശരിയാണോ?'‘യെസ്, ഐ ഗോട്ട് എ ബെറ്റർ ജോബ്' ചിരിച്ചു കൊണ്ട് ടീച്ചർ തന്ന മറുപടി ഇതായിരുന്നു.
ഹയർസെക്കന്ററി മുതൽ ഡിഗ്രി വരെയുള്ള ക്ലാസുകളിലെ സിലബസ്സിൽ ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ജനറൽ സയൻസും സയൻസ് വിദ്യാർത്ഥികൾക്ക് സംസ്‌കാരപഠനവും നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്
ജനറൽ സയൻസ് പഠിപ്പിച്ച കുഞ്ഞികൃഷ്ണൻ മാഷ് സുവോളജി ഡിപ്പാർട്ടുമെന്റിലെ ട്യൂട്ടറായിരുന്നു. തീർത്തും അനൗപചാരികമായിരുന്നു അദ്ദേഹത്തിന്റെ ചലനങ്ങൾ. ഒഴുകിയെത്തുന്നതുപോലെയാണ് മുണ്ടും ഷർട്ടുമിട്ട അദ്ദേഹത്തിന്റെ
മെലിഞ്ഞ രൂപം ക്ലാസിലെത്തുക. ക്ലാസ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമെല്ലാം അതേ അനായാസതയോടെ. വളരെ ചെറിയൊരു കാലയളവിലേ അദ്ദേഹം പയ്യന്നൂർ കോളേജിൽ ഉണ്ടായിരുന്നുള്ളൂ.
പിന്നെ ദൂരദർശനിലേക്കുപോയി. ഡൽഹിയിലും തിരുവനന്തപുരത്തും ദൂരദർശൻ കേന്ദ്രങ്ങളിൽ ഉയർന്ന പദവികൾ വഹിച്ച ശേഷമാണ് നല്ലൊരു വിവർത്തകൻ കൂടിയായ അദ്ദേഹം ഉദ്യോഗത്തിൽ നിന്ന് വിരമിച്ചത്. വളരെ മനോഹരമായിരുന്നു കുഞ്ഞികൃഷ്ണൻ മാഷുടെ ക്ലാസുകൾ. ആ ക്ലാസുകളെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം എനിക്ക് തോന്നാറുള്ള ഒരു കാര്യമുണ്ട്. ഹയർസെക്കന്ററി മുതൽ ഡിഗ്രി വരെയുള്ള ക്ലാസുകളിലെ സിലബസ്സിൽ ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ജനറൽ സയൻസും സയൻസ് വിദ്യാർത്ഥികൾക്ക് സംസ്‌കാരപഠനവും നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. (ഭാഷയും സാഹിത്യവും പഠിക്കുന്നവർ കൂടി സയൻസ് ഒരു പേപ്പറായിത്തന്നെ പഠിക്കണം.) എല്ലാ വിഭാഗം വിദ്യാർത്ഥികളുടെയും പഠനത്തെ കൂടുതൽ അർത്ഥപൂർണവും ആഹ്ലാദകരവുമാക്കാൻ അത് സഹായിക്കും.
പയ്യന്നൂർ കോളേജിൽ വിദ്യാർത്ഥികൾക്കിടയിൽ രാഷ്ട്രീയ ചേരിതിരിവ് ശക്തമായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയോട് അനുഭാവം പുലർത്തിയിരുന്ന കെ.എസ്.എഫ് (കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ), കോൺഗ്രസ് അനുകൂലികളായ കെ.എസ്.യു (കേരള സ്റ്റുഡന്റ്സ് യൂണിയൻ) എന്നിവ തന്നെയായിരുന്ന പ്രധാന സംഘടനകൾ. ഈ രണ്ട് സംഘടനകളിലും പെടുന്നവർക്കു പുറമെ കെ.എസ്.യു അനുഭാവികളായി അറിയപ്പെട്ടിരുന്നവരും അതേസമയം രാഷ്ട്രീയത്തിലേറെ കോളേജിന്റെ നിയന്ത്രണം തങ്ങളുടെ കയ്യിലാണെന്ന് ഭാവിക്കുന്നതിൽ ആഹ്ലാദിച്ചിരുന്നവരുമായ അഞ്ചെട്ട് പ്രമാണിമാർ വേറെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വഴി അധികാരത്തിലെത്തുന്ന കോളേജ് യൂണിയൻ ഭാരവാഹികളേക്കാൾ മുകളിലാണ് തങ്ങളെന്നാണ് അവർ ഭാവിച്ചിരുന്നത്. അവരിൽ ചിലരെ പ്രിൻസിപ്പാളും മറ്റ് ചില അധ്യാപകരും വേണ്ടത്ര വക വെക്കാതിരിക്കുകയും ചെറിയ തോതിലെങ്കിലും നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമാണെന്നു തോന്നുന്നു ഒരു ദിവസം രാവിലെ ഞങ്ങൾ കോളേജിലെത്തുമ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് കാണേണ്ടി വന്നത്.
വിദ്യാർത്ഥി രാഷ്ട്രീയം കോളേജിൽ വളരെ സജീവമായിരുന്നു എന്നു പറയാനാവില്ല. കെ.എസ്.എഫുകാർ എണ്ണത്തിൽ വളരെ കുറവായിരുന്നു. രാഷ്ട്രീയ വിഷയങ്ങളെ മുൻനിർത്തിയുള്ള ചർച്ചകളൊന്നും കോളേജിനകത്ത് സംഘടിപ്പിക്കപ്പെട്ടിരുന്നില്ല
ഓരോ ക്ലാസ് മുറിയും വൈകുന്നേരം പ്യൂൺ പൂട്ടിട്ട് പൂട്ടിയിട്ടാണ് പോവുക.
പിറ്റേന്ന് രാവിലെ കുട്ടികൾ എത്തിത്തുടങ്ങുന്നതോടെയേ പൂട്ട് തുറക്കുകയുള്ളൂ. ആ പൂട്ടുകളെല്ലാം മലം കൊണ്ട് പൊതിഞ്ഞുവെച്ചിരുന്നു. പിന്നെ കോളേജിന്റെ ചുമരുകൾ നിറയെ കരിക്കട്ട കൊണ്ടും പച്ചിലച്ചായം കൊണ്ടും പച്ചത്തെറി എഴുതിവെക്കുകയും അങ്ങിങ്ങ് ചില രതിചിത്രങ്ങൾ വരച്ചുവെക്കുകയും ചെയ്തിരുന്നു. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങളെ സൂചിപ്പിക്കുന്നതിനുള്ള നാടൻ വാക്കുകൾ സമൃദ്ധമായി ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു തെറികൾ. വിദ്യാർത്ഥികളും അധ്യാപകരും ഇതെല്ലാം കണ്ട് അന്തം വിട്ടുനിന്നു. ആര് എപ്പോഴാണ് ഈ പണിയത്രയും
ചെയ്തുവെച്ചത് എന്നതിനെപ്പറ്റി അധികൃതർക്ക് ഒരൂഹവും കിട്ടിയില്ല. പ്രിൻസിപ്പാൾ അദ്ദേഹത്തിന്റെ മുറിക്കുമുന്നിൽ കോളേജ് മുറ്റത്ത് കൂടി നിന്ന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് അങ്ങേയറ്റം വിഷാദാത്മകമായ ഒരു ചെറുപ്രസംഗം നടത്തി: "മൈ ഡിയർ സ്റ്റുഡന്റ്സ്, ദിസ് ഈസ് ദി സാഡസ്റ്റ് ഡെ ഇൻ മൈ ലൈഫ്' എന്നതായിരുന്നു പ്രസംഗത്തിലെ ആദ്യവാക്യം. തുടർന്ന് അദ്ദേഹം എന്തൊക്കെ പറഞ്ഞു എന്ന് ഓർത്തെടുക്കാനാവുന്നില്ല. ഏതായാലും മൂന്ന് ദിവസത്തേക്ക് കോളേജ് അടച്ചിട്ടു. വീണ്ടും തുറന്നപ്പോൾ വിദ്യാർത്ഥികളുടെ സംസാരത്തിൽ ചുമരിൽ എഴുതപ്പെട്ടതായി തങ്ങൾ കണ്ട വാചകങ്ങൾ പലതും തമാശയെന്നപോലെ ആവർത്തിക്കപ്പെട്ടു. ചുമരെഴുത്തും ചിത്രം വരയുമൊക്കെ നടത്തിയവരെന്ന് സംശയിക്കപ്പെട്ട ഏതാനും വിദ്യാർത്ഥി പ്രമുഖർ പുറത്താക്കപ്പെടുകയും ചെയ്തു. നിരാഹാരവും കോലാഹലവുമൊക്കെ കഴിഞ്ഞ് അവരെ തിരിച്ചെടുത്തു എന്നാണോർമ. കോളേജ് വരാന്തയിലൂടെയുള്ള പ്രിൻസിപ്പലിന്റെ പതിവു നടത്തം അപ്പോഴേക്കും ഇല്ലാതായിക്കഴിഞ്ഞിരുന്നു. ഒന്നുരണ്ടാഴ്ചയിലേറെ കോളേജ് അന്തരീക്ഷം മൂടിക്കെട്ടി നിന്നു. പിന്നെ എല്ലാം സാധാരണമട്ടിലായി. ഏത് വലിയ സംഭവവും വളരെ പെട്ടെന്ന് ആളുകളുടെ മറവിയിലേക്ക് പോവും. അല്ലെങ്കിൽ മറന്നതായി എല്ലാവരും ഭാവിക്കും.
എല്ലാവരെയും ഞെട്ടിച്ച ഒറ്റപ്പെട്ട ഒരു സംഭവമുണ്ടായി എന്നതൊഴിച്ചാൽ പയ്യന്നൂർ കോളേജിലെ വിദ്യാർത്ഥി ജീവിതം ശാന്തവും ആഹ്ലാദകരവുമായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം കോളേജിൽ വളരെ സജീവമായിരുന്നു എന്നു പറയാനാവില്ല. കെ.എസ്.എഫുകാർ എണ്ണത്തിൽ വളരെ കുറവായിരുന്നു. രാഷ്ട്രീയ വിഷയങ്ങളെ മുൻനിർത്തിയുള്ള ചർച്ചകളൊന്നും കോളേജിനകത്ത് സംഘടിപ്പിക്കപ്പെട്ടിരുന്നില്ല. "ചലനം' എന്ന പേരിൽ ഞങ്ങളിൽ ചിലർ ചേർന്ന് പുറത്തിറക്കിയിരുന്ന കൈയെഴുത്ത് മാസികയിൽ രാഷ്ട്രീയത്തിനും സാമൂഹ്യവിമർശനത്തിനുമൊക്കെ ഇടം നൽകിയിരുന്നു എന്നു മാത്രം. ആ മാസിക മിക്കവാറും തേഡ്ഗ്രൂപ്പുകാർ മാത്രമാണ് കണ്ടിരുന്നത്.
പ്രീ ഡിഗ്രി കാലത്ത് ഞാൻ രാഷ്ട്രീയം സംസാരിച്ചിരുന്ന മറ്റൊരു സുഹൃത്ത് സ്‌കറിയ ആണ്. അടിയുറച്ച ഒരു കമ്യൂണിസ്റ്റുകാരനായിട്ടാണ് സ്‌കറിയ എല്ലാ കാര്യങ്ങളെയും വിശകലനം ചെയ്തിരുന്നത്. അത്രയും ഗൗരവവും പക്വതയും പ്രദർശിപ്പിച്ച ഒരു വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനെ ഞാൻ അതിനുമുമ്പ് കണ്ടിരുന്നില്ല
കെ.എസ്.എഫുകാരായി എന്റെ ക്ലാസിൽ അധികം പേരുണ്ടായിരുന്നില്ല. പ്രധാനമായും രണ്ടുപേരുമായി മാത്രമാണ് ഞാൻ രാഷ്ട്രീയം സംസാരിച്ചിരുന്നത്. ഒന്ന്, എന്റെ ബെഞ്ചിൽ തൊട്ടടുത്തു തന്നെ ഇരുന്നിരുന്ന സി. ഉണ്ണികൃഷ്ണനുമായിട്ട്.
ഉണ്ണികൃഷ്ണനെ കോളേജ് അഡ്മിഷനു വന്ന ദിവസമാണ് ആദ്യമായി കണ്ടത്. അന്നു മുതൽ ഇന്നുവരെ അടുത്ത സുഹൃത്ത് തന്നെ. കോ ഓപ്പറേറ്റിവ് ഇൻസ്പെക്ടറായിരുന്ന ഉണ്ണികൃഷ്ണൻ റിട്ടയർമെന്റിനു ശേഷം പയ്യന്നൂർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സി.ഇ.ഒ ആയി ജോലി ചെയ്യുകയാണ്. പ്രീ ഡിഗ്രി കാലത്ത് ഞാൻ രാഷ്ട്രീയം സംസാരിച്ചിരുന്ന മറ്റൊരു സുഹൃത്ത് സ്‌കറിയ ആണ്. സ്‌കറിയ ചെറുപുഴക്കാരനായിരുന്നു. പക്ഷേ, സ്‌കറിയയുടെ വീട്ടുകാർ കോളേജ്
സ്ഥിതിചെയ്യുന്ന എടാട്ടേക്ക് താമസം മാറ്റിയിരുന്നു. കട്ടിച്ചില്ലുള്ള കണ്ണട ധരിച്ചിരുന്ന സ്‌കറിയ അന്നേ ഞങ്ങളേക്കാൾ പല മടങ്ങ് പക്വതയുള്ള ആളായിരുന്നു. അടിയുറച്ച ഒരു കമ്യൂണിസ്റ്റുകാരനായിട്ടാണ് സ്‌കറിയ എല്ലാ കാര്യങ്ങളെയും വിശകലനം ചെയ്തിരുന്നത്. അത്രയും ഗൗരവവും പക്വതയും പ്രദർശിപ്പിച്ച ഒരു വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനെ ഞാൻ അതിനുമുമ്പ് കണ്ടിരുന്നില്ല. ഞങ്ങളുടെ സീനിയറായിരുന്ന ഒ.കെ.കുഞ്ഞികൃഷ്ണനായിരുന്നു കോളേജിലെ മറ്റൊരു കെ.എസ്.എഫ് നേതാവ്. കുഞ്ഞികൃഷ്ണൻ അന്ന് കെ.എസ്.എഫിന്റെ സംസ്ഥാനകമ്മിറ്റി മെമ്പറായിരുന്നു. രാമന്തളിക്കാർ കഴിഞ്ഞ അമ്പതുവർഷമായി ആവേശപൂർവം അനുസ്മരിക്കുന്ന രക്തസാക്ഷി ഒ.കെ.കുഞ്ഞിക്കണ്ണന്റെ മരുമകനായ സൗമ്യപ്രകൃതിയായ ഈ സുഹൃത്ത് ജീവിതത്തിലുടനീളം ആദർശശാലിയായ ഒരു കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന ആഗ്രഹം ആവർത്തിച്ച് പറയുമായിരുന്നു അന്നൊക്കെ. ഇപ്പോൾ വക്കീൽ ജോലിയുമായി കാഞ്ഞങ്ങാടും രാമന്തളിയിലുമായി കഴിയുകയാണ് കുഞ്ഞികൃഷ്ണൻ. രാമചന്ദ്രൻ നമ്പ്യാർ,ടി.വി.മാധവൻ എന്നിവരായിരുന്നു പയ്യന്നൂർ കോളേജിലെ അക്കാലത്തെ മറ്റ് പ്രമുഖ കെ.എസ്.എഫ് നേതാക്കൾ. രാമചന്ദ്രൻ ഇപ്പോൾ ചെന്നെയിലെ തിരക്കുപിടിച്ച അഭിഭാഷകനാണ്. ഏറ്റവും വിലപിടിപ്പുള്ള അഭിഭാഷകരിലൊരാൾ എന്നു തന്നെ പറയാം. മാധവൻ ഉയർന്ന ബാങ്ക് ഓഫീസർ പദവിയിലിരുന്ന് റിട്ടയർ ചെയ്തു.
കെ.എസ്.എഫിൽ അല്ലാതിരുന്നിട്ടും ആശയവനിമയത്തിൽ യാതൊരു തടസ്സവും അനുഭവപ്പെടുത്താതിരുന്ന രണ്ട് സുഹൃത്തുക്കൾ കെ.യു.രാധാകൃഷ്ണനും പപ്പൻ എന്ന പത്മനാഭനുമാണ്. രാധാകൃഷ്ണൻ ഇപ്പോൾ പയ്യന്നൂർ നഗരസഭയിൽ മാർക്സിസ്റ്റുപാർട്ടി കൗൺസിലറാണ്. പപ്പൻ ശക്തനായ സി.ഐ.ടി.യു നേതാവും. പയ്യന്നൂർ കോളേജ് വിട്ടതിനു ശേഷം 1980 വരെ ഇടയ്ക്കൊക്കെ കാണാറുണ്ടായിരുന്ന ഒ.കെ കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നാൽപതു വർഷമായി
കണ്ടിട്ടില്ല. സ്‌കറിയയെ കണ്ടിട്ട് അതിലും കൂടുതലായി. നാലഞ്ച് വർഷം മുമ്പ് സ്‌കറിയയുടെ ഒരു ഫോൺകാൾ വന്നു. അമേരിക്കയിൽ നിന്ന്. അവിടെ ജോലി ചെയ്യുന്ന ഭാര്യയോടൊപ്പം അങ്ങോട്ട് പോയ സ്‌കറിയ ചെറിയ ഒരു ബിസിനസ് സ്ഥാപനവുമായി അവിടെ സ്വസ്ഥമായി കഴിയുകയാണ്. രാമചന്ദ്രൻ നമ്പ്യാരെ നാല്പത്തഞ്ച് വർഷത്തിനുശേഷം 2015ൽ പയ്യന്നൂർ ഗാന്ധിമൈതാനിയിൽ വെച്ച് കണ്ടു. പിന്നെ ഒന്നുരണ്ട് ഫോൺവിളികളിലൂടെ ഓർമ പുതുക്കുകയും ചെയ്തു. മാധവനെ ഇടയിലെപ്പോഴോ ഒരു തവണ കണ്ടിരുന്നു. ഈ സുഹൃത്തുക്കളെക്കുറിച്ചെല്ലാം ഓർക്കുമ്പോൾ രണ്ടു മൂന്ന് കാര്യങ്ങൾ ഞാൻ അനുബന്ധമായി ആലോചിക്കാറുണ്ട്.
അനേകവർഷങ്ങൾക്കു ശേഷം പോയകാലത്തിലെ ഒരു ബിന്ദുവിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കാലം എത്ര വേഗത്തിലാണ് കടന്നുപോയത് എന്നോർത്ത് ആരായാലും അമ്പരന്നുപോവും. ദശകങ്ങൾ പലത് പിന്നിട്ടു കഴിഞ്ഞതിനുശേഷവും പഴയ നമ്മളെ ഒരു വ്യത്യാസവുമില്ലാതെ ഓർമയിൽ നമുക്ക് പുനഃസൃഷ്ടിക്കാനാവും. അതുകൊണ്ടാണ് കാലത്തിന്റെ പോക്ക് അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു എന്ന് തോന്നിപ്പോവുന്നത്.
ഒരു കാലത്ത് ചിന്തിച്ചിരുന്ന കാര്യങ്ങളും ലോകത്തെ സമീപിച്ച രീതികളും എത്രമേൽ അർത്ഥശൂന്യമായിരുന്നു, യാഥാർത്ഥ്യബോധത്തോടെ ഭാവിയെപ്പറ്റി ആലോചിക്കാൻ കഴിഞ്ഞില്ലല്ലോ, പല ദശകങ്ങളോളം പ്രായോഗിക ബുദ്ധി മാറ്റിവെച്ചാണല്ലോ ജീവിച്ചത് എന്നിങ്ങനെയുള്ള ആത്മവിചാരണകളാൽ ഉള്ള് പൊള്ളിപ്പോവുന്നതും ഓർമകളുടെ വീണ്ടെടുപ്പിന്റെ ഭാഗമായി സാധാരണ സംഭവിക്കാറുള്ളതാണ്.
മറ്റൊരത്ഭുതം ദൂരം സംബന്ധിച്ചുള്ളതാണ്.
വളരെ അടുത്തായിരിക്കുമ്പോഴും കാണാൻ നിർബന്ധിക്കുന്ന കാരണങ്ങളില്ലെങ്കിൽ ഏറ്റവുമടുത്ത സുഹൃത്തുക്കൾ പോലും എത്രകാലം വേണമെങ്കിലും തമ്മിൽ കാണാതെ കഴിയും. അതേ കുറിച്ച് ഓർക്കാനിടവന്നാൽ ഇതെങ്ങനെ സാധിച്ചു, കടന്നുപോയ വർഷങ്ങളിൽ ഏതെങ്കിലുമൊരു ദിവസം നീക്കിവെക്കാൻ മനസ്സുണ്ടായിരുന്നെങ്കിൽ തമ്മിൽ കാണുന്നതിന് ഒരു വിഷമവുമുണ്ടായിരുന്നില്ലല്ലോ, അത് ചെയ്തില്ലല്ലോ എന്നൊക്കെ ഓർത്ത് വല്ലാത്ത വിഷമവും ആത്മപുച്ഛവും തോന്നിപ്പോവും. ഒരു കാലത്ത് ചിന്തിച്ചിരുന്ന കാര്യങ്ങളും ലോകത്തെ സമീപിച്ച രീതികളും എത്രമേൽ അർത്ഥശൂന്യമായിരുന്നു, യാഥാർത്ഥ്യബോധത്തോടെ ഭാവിയെപ്പറ്റി ആലോചിക്കാൻ കഴിഞ്ഞില്ലല്ലോ, പല ദശകങ്ങളോളം പ്രായോഗിക ബുദ്ധി മാറ്റിവെച്ചാണല്ലോ ജീവിച്ചത് എന്നിങ്ങനെയുള്ള ആത്മവിചാരണകളാൽ ഉള്ള് പൊള്ളിപ്പോവുന്നതും ഓർമകളുടെ വീണ്ടെടുപ്പിന്റെ ഭാഗമായി സാധാരണ സംഭവിക്കാറുള്ളതാണ്.
ഈ അധ്യായത്തിന്റെ ആരംഭത്തിൽ കോളേജിലെ അധ്യാപകരെപ്പറ്റി പറഞ്ഞപ്പോൾ മലയാളവിഭാഗത്തിലെ അധ്യാപകരെ ഞാൻ ഒഴിച്ചുനിർത്തിയിരുന്നു. ഞാൻ ഏറ്റവും കൂടുതലായി ബന്ധപ്പെട്ടതും എന്നെ ഏറ്റവുമധികം സ്വാധീനിച്ചതും അവരാണ്. ഇനി അവരിലേക്ക് വരാം. എം.ആർ.ചന്ദ്രശേഖരൻ, എം.കേശവ പട്ടേരി, മേലത്ത് ചന്ദ്രശേഖരൻ എന്നിവരാണ് എന്റെ പ്രീ ഡിഗ്രി പഠനകാലത്ത് പയ്യന്നൂർ കോളേജിലെ മലയാളവിഭാഗത്തിൽ ഉണ്ടായിരുന്നത്. മൂന്ന് പേരുടെയും അധ്യാപനശൈലി വളരെ വ്യത്യസ്തമായിരുന്നു. എം.ആർ.സി മാഷ് ഏത് കഥയും കവിതയും പഠിപ്പിച്ചിരുന്നത് അതിനെ സാമൂഹ്യരാഷ്ട്രീയ സംഭവങ്ങളുമായും ആശയങ്ങളുമായും ഏതെങ്കിലും തരത്തിൽ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു. പൊതുവേദിയിൽ അദ്ദേഹം നടത്തിയിരുന്ന ഓജസ്സുറ്റ പ്രസംഗങ്ങളുടേതിൽ നിന്ന് സാരമായ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ അധ്യാപന ശൈലിക്ക്. എം.ആർ.സിയുടെ ഓരോ ക്ലാസ് കഴിയുമ്പോഴും പുതിയ ഒരാർജവം കൈവന്നതു പോലെ തോന്നും ഓരോ വിദ്യാർത്ഥിക്കും. ഗദ്യത്തോട്, വിശേഷിച്ചും കഥാസാഹിത്യത്തോട് മാഷിന് പ്രത്യേക അടുപ്പമുണ്ടായിരുന്നു. എന്നാൽ ആധുനികരോട് അദ്ദേഹത്തിന് വലിയ താൽപര്യമുള്ളതായി തോന്നിയിരുന്നില്ല. അവർക്ക് മുമ്പുള്ള തലമുറകളിലെ കഥയെഴുത്തുകാരെയും നോവലിസ്റ്റുകളെയും കുറിച്ച് വളരെ ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും അദ്ദേഹം ക്ലാസിൽ അവതരിപ്പിക്കാറുണ്ടായിരുന്നു. കോളേജിനടുത്തു തന്നെ ഒരു വാടകവീട്ടിലായിരുന്നു എം.ആർ.സി മാഷിന്റെ താമസം. കോളേജ് വിട്ടാൽ ചില വൈകുന്നേരങ്ങളിൽ ആ വീട്ടിൽ പോയി മാഷിനോട് സാഹിത്യം സംസാരിച്ചിരിക്കുന്നതിന്റെ സന്തോഷം ഞാൻ ഉൾപ്പെടെ ഏതാനും ചിലർ അനുഭവിച്ചിരുന്നു. പട്ടേരി മാഷ് വളരെ അച്ചടക്കത്തിൽ ഓരോ കാര്യവും വളരെ വ്യക്തതയോടെ പറഞ്ഞ് പാഠത്തിനു പുറത്തേക്ക് വലിയ സ്വതന്ത്ര സഞ്ചാരങ്ങൾക്ക് മുതിരാതെയാണ് ക്ലാസ്സെടുത്തിരുന്നത്. മൊത്തത്തിൽ നല്ല ചിട്ടയും വെടിപ്പുമുള്ള ക്ലാസുകൾ. പ്രസാദം നിറഞ്ഞ സൗമ്യമായ പെരുമാറ്റം കാരണം വിദ്യാർത്ഥികൾ അദ്ദേഹത്തെയും വളരെ ഇഷ്ടപ്പെട്ടിരുന്നു.
മേലത്ത് മാഷാണ് ഏറ്റവും പുതിയ സാഹിതീയ ഭാവുകത്വത്തിന്റെ ചൂരും ചൂടും തെളിച്ചങ്ങളും ക്ലാസ്മുറിയിൽ എത്തിക്കുന്നതിൽ ഏറ്റവും മുന്നിൽ നിന്നിരുന്നത്. അസ്തിത്വവാദത്തെ കുറിച്ചും എഴുതുന്നയാൾ തന്റെ സർഗാത്മകതയുടെ ആവിഷ്‌കാരത്തിൽ സാക്ഷാത്കരിക്കുന്ന സർവതന്ത്ര സ്വാതന്ത്ര്യത്താൽ എഴുത്ത്, അത് ഏത് സാഹിത്യരൂപം കൈക്കൊള്ളുന്നതുമാകട്ടെ, സുന്ദരമായിത്തീരേണ്ടതിനെക്കുറിച്ചും കവിത മനുഷ്യജീവിതത്തിന്റെ
ആഴങ്ങളിലേക്ക് സഞ്ചരിക്കേണ്ടതിനെ കുറിച്ചുമെല്ലാം ആശയാവിഷ്‌കാരത്തിന് തന്റേതായൊരുയൊരു താളം കൈക്കൊണ്ട്, അല്പം സ്ത്രൈണത കലർന്ന ശബ്ദത്തിൽ രൂപകാത്മക ഭാഷയിലാണ് മേലത്ത് ക്ലാസെടുത്തിരുന്നത്. വിദ്യാർത്ഥികളുടെ ഭാവുകത്വത്തെ അടിമുടി നവീകരിക്കാനും സാഹിത്യത്തെ ഉപകരണയുക്തിയോടെ സമീപിക്കാൻ പ്രേരിപ്പിക്കുന്ന ആശയങ്ങളിൽ നിന്നെല്ലാം അകലേക്കകലേക്ക് കൊണ്ടുപോവാനും സദാ ജാഗരൂകനായിരിക്കാനുള്ള ഉത്തരവാദിത്വം ആഹ്ലാദപൂർവം ഏറ്റെടുത്തതുപോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം.
1968- 70 കാലത്തെ ഒരു മലയാളം അധ്യാപകനിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിൽ വളരെ കൂടുതലായിരുന്നു മേലത്ത് വൈദേശിക സാഹിത്യത്തിലെ പല ധാരകളെയും കുറിച്ച് വിദ്യാർത്ഥികൾ നൽകിയ വിവരങ്ങൾ
കവികളിൽ പി, വൈലോപ്പിള്ളി എന്നിവരെയാണ് അദ്ദേഹം കൂടെക്കൂടെ പരാമർശിച്ചിരുന്നത്. അയ്യപ്പപണിക്കർ, എൻ.എൻ.കക്കാട്, സുഗതകുമാരി തുടങ്ങിയ അന്നത്തെ പുതുകവികളും ഇടക്കിടെ കടന്നുവരും. കാമു, കാഫ്ക, സാർത്ര്, ലൂയി പിരാൻഡലോ തുടങ്ങിയ പേരുകൾ ഞാൻ ആദ്യമായി കേട്ടത് മേലത്തിന്റെ ക്ലാസിൽ നിന്നാണ്. മലയാളത്തിലെ കഥാകാരന്മാരോടും നാടകകാരന്മാരോടുമൊന്നും അല്പവും അനാദരവ് കാണിച്ചിരുന്നില്ലെങ്കിലും മേലത്ത് മാതൃകകളായി ഉയർത്തിക്കാട്ടിയത് യൂറോപ്യൻ എഴുത്തുകാരെയായിരുന്നു.1968- 70 കാലത്തെ ഒരു മലയാളം അധ്യാപകനിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിൽ വളരെ കൂടുതലായിരുന്നു മേലത്ത് വൈദേശിക സാഹിത്യത്തിലെ പല ധാരകളെയും കുറിച്ച് വിദ്യാർത്ഥികൾ നൽകിയ വിവരങ്ങൾ. കേവലം വിവരവിതരണം എന്ന നിലയ്ക്കല്ല ലോക സാഹിത്യവുമായി ആത്മബന്ധം സ്ഥാപിക്കാനുള്ള ആവേശകരമായ പ്രേരണകളായിത്തന്നെയാണ് വിദ്യാർത്ഥികൾക്ക് അവ അനുഭവപ്പെട്ടത്. അവയെ അങ്ങനെ ആക്കിത്തീർക്കുന്ന സർഗാത്മക സൗന്ദര്യമുണ്ടായിരുന്നു മേലത്തിന്റെ ക്ലാസുകൾക്ക്.
പ്രീ ഡിഗ്രി രണ്ടാം വർഷത്തിന്റെ അവസാനം എന്റെ ഓട്ടോഗ്രാഫിൽ മേലത്ത് കുറിച്ചു തന്നത് "പറന്നു പറന്നു നീ പോവുക സ്വാതന്ത്ര്യത്തിൻ പറവേ, പാരം ധന്യമാകട്ടെയപാരത!' എന്ന ഒ.എൻ.വിയുടെ വരികളാണ്.
കടന്നുപോയ നാലര പതിറ്റാണ്ടു കാലത്തിനിടയിൽ ഈ വരികൾ ഞാൻ എത്ര വട്ടം നിശ്ശബ്ദമായി ഉരുവിട്ടിട്ടുണ്ടെന്ന് പറയാനാവില്ല.
2016 ഒക്ടോബർ 21 ന് മേലത്ത് മാഷ് അന്തരിച്ചു. ആത്മാവിനെ പക്ഷിയായി സങ്കല്പിക്കുന്ന രീതി പല ജനവംശങ്ങൾക്കും ഉള്ളതാണ്. ശരീരത്തിന്റെയും ജീവനോടെ ഇരിക്കുമ്പോൾ ഒരു മനുഷ്യനെ വലയം ചെയ്യുന്ന ബൗദ്ധികവും അല്ലാത്തതുമായ നാനാതരം വ്യവഹാരങ്ങളുടെയും കെട്ടുപാടുകളിൽ നിന്ന് മരണത്തോടെ ആത്മാവ് സ്വതന്ത്രമാവുന്നുവെന്ന് ആത്മാവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരാൾക്ക് തീർച്ചയായും സങ്കൽപിക്കാം. ആ സങ്കൽപത്തെ തൽക്കാലത്തേക്ക് കടം വാങ്ങി പ്രിയപ്പെട്ട മേലത്ത് മാഷിന്റെ ആത്മാവിന്
അദ്ദേഹം ഒരിക്കൽ എനിക്ക് തന്ന ആശംസ ഞാൻ തിരിച്ചു നൽകുന്നു: "പറന്നു പറന്നു നീ പോവുക സ്വാതന്ത്ര്യത്തിൻ പറവേ, പാരം ധന്യമാകട്ടെയപാരത!'
പതിനേഴ്
ഒരേ ഫ്രെയിമിൽ വരില്ല ഈ ഓർമച്ചിത്രങ്ങൾ
വയസ്സ് 68 പിന്നിടുന്ന ഒരാൾക്ക് എന്നെന്നേക്കുമായി തന്നെ വിട്ടുപിരിഞ്ഞ
ഒരുപാട് പേരെ ഓർക്കാനുണ്ടാവും. അവരിൽ ഒരു മനുഷ്യായുസ്സ് എന്നു നാം സാധാരണ പറഞ്ഞുവരുന്നതിന്റെ സമീപംവരെയൊക്കെ എത്തി മരണത്തിന്
കീഴടങ്ങിയവരെക്കുറിച്ചുള്ള ഓർമകൾ, അവർ എത്ര അടുത്ത ബന്ധുക്കളായാലും, ഏതാനും വർഷങ്ങൾ, മിക്കവാറും മാസങ്ങൾ തന്നെ കഴിയുമ്പോഴേക്കും അയാളെ വലിയ തോതിൽ അലട്ടാതാവും. എന്നാൽ ഒരു ഘട്ടത്തിൽ നമുക്ക് ആത്മബന്ധം സാധ്യമായവരുടെ കാര്യം അങ്ങനെയല്ല. അകാലത്തിലാണ് മരണം അവരെ തട്ടിയെടുക്കുന്നതെങ്കിൽ, ഒരു പ്രതിരോധവും സാധ്യമാവില്ല; ഇടയ്ക്കിടെ അവർ നമ്മുടെ ഓർമയിലേക്ക് കടന്നുവരും. രക്തബന്ധത്തിന്റെ അകന്ന കണ്ണികൾ പോലും അവരിലേക്കെത്തിച്ചേരുന്നില്ലെങ്കിലും അക്കാര്യത്തിൽ വ്യത്യാസമുണ്ടാവില്ല. എന്തെങ്കിലും കാരണത്താൽ കടുത്ത ഏകാന്തത അനുഭവിക്കുന്ന ഘട്ടത്തിലാണ് ആ വരവെങ്കിൽ തീർച്ചയായും അത് നമ്മെ അതിരറ്റ് വേദനിപ്പിക്കും.
തികച്ചും നിഷ്‌കളങ്കനായ വെറുമൊരു കുട്ടിയായിരുന്നു പതിനാറാം വയസ്സിലും സുരേശൻ. രോഗം അവന്റെ ശരീരത്തെ തളർത്തുക മാത്രമല്ല മനസ്സിനെ ബാല്യത്തിനപ്പുറത്തേക്ക് വളരാൻ അനുവദിക്കാതിരിക്കുക കൂടി ചെയ്തിരുന്നു
കുട്ടിക്കാലത്തെ സുഹൃത്തുക്കളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ
സുരേശനായിരുന്നു. "കാവ്ക്കാർ' എന്ന് എരിപുരത്തും അയൽഗ്രാമങ്ങളിലുമുള്ളവർ പറയുന്ന പിടാരന്മാരുടെ ഒരു കുടുംബത്തിൽ പെട്ട കുട്ടിയായിരുന്നു സുരേശൻ. മാടായിക്കാവുമായി ഏതെങ്കിലും തരത്തിൽ
ബന്ധപ്പെട്ടുകഴിയുന്നവരായതുകൊണ്ടാണ് പിടാരന്മാരെ മറ്റുള്ളവർ "കാവ്ക്കാർ'
എന്നു പറയുന്നത്. സുരേശന്റെ കുടുംബം പക്ഷേ, കാവുമായി ബന്ധപ്പെട്ട
ജോലിയൊന്നും ചെയ്യുന്നവരായിരുന്നില്ല. ജാതിവഴിയും കാവിനടുത്തുള്ള താമസം വഴിയും അവരും കാവ്ക്കാരായി എന്നു മാത്രം. സുരേശന്റെ അച്ഛൻ പഴയങ്ങാടി
സബ് രജിസ്ട്രാർ ഓഫീസിനടുത്ത് മുദ്രപത്രം വിൽക്കുന്ന വേണ്ടറായിരുന്നു. അമ്മ
സാധാരണ വീട്ടമ്മയും. സ്‌കൂളിൽ വെച്ചാണ് സുരേശനെ ഞാൻ പരിചയപ്പെടുന്നത്. പ്രകൃതത്തിലുള്ള പൊരുത്തം കൊണ്ടായിരിക്കാം ഞങ്ങൾക്ക് ആവേശപൂർവം സംസാരിക്കാൻ ഒരുപാട് വിഷയങ്ങൾ കിട്ടി. കുട്ടിക്കാലത്തെ എത്രയോ കൗതുകങ്ങൾ, ജിജ്ഞാസകൾ, അറിവുകൾ എല്ലാം ഞങ്ങൾ പങ്കുവെച്ചു. ഒന്നിച്ചുള്ള കളികളേക്കാളേറെ ഇങ്ങനെയുള്ള കാര്യങ്ങളാണ് ഞങ്ങളെ അടുപ്പിച്ചത്. വായന പാഠപുസത്കങ്ങൾക്കു പുറത്തേക്ക് കടന്നപ്പോൾ വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ചയിലും ഞങ്ങൾ ആനന്ദം കണ്ടെത്തി.
സുരേശന്റെ അച്ഛനും അമ്മയും വായനക്കാരായിരുന്നില്ല. എന്നിട്ടും,
എങ്ങനെയാണെന്നറിയില്ല അവന്റെ വീട്ടിൽ ഏതാനും പുസ്തകങ്ങളുണ്ടായിരുന്നു. കെ.പി.കേശവമേനോന്റെ ബിലാത്തി വിശേഷവും ഇത് ആകാശമല്ല എന്ന ഒരു നാടകവും (നാടകകൃത്തിന്റെ പേര് ഓർമയിലില്ല) ഞാൻ സുരേശന്റെ വീട്ടിൽ നിന്നെടുത്താണ് വായിച്ചത്. 15 വയസ്സാവുമ്പോഴേക്കും സുരേശൻ കടുത്ത ഹൃദ്രോഗിയായി മാറിക്കഴിഞ്ഞിരുന്നു. അക്കാലത്ത് ലഭ്യമായിരുന്ന ഏറ്റവും നല്ല ചികിത്സ തന്നെ വീട്ടുകാർ അവന് നൽകിയിരുന്നു. പക്ഷേ, വയസ്സ് 17 ആവുന്നതിനു മുമ്പ് അവൻ മരിച്ചു. രോഗിയായി പുറത്തെങ്ങും പോവാതെ വീട്ടിൽത്തന്നെ കഴിഞ്ഞിരുന്ന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പും ദേശമിത്രം വാരികയുമായിരുന്നു അവന് കൂട്ട്. തികച്ചും നിഷ്‌കളങ്കനായ വെറുമൊരു കുട്ടിയായിരുന്നു പതിനാറാം വയസ്സിലും സുരേശൻ. രോഗം അവന്റെ ശരീരത്തെ തളർത്തുക മാത്രമല്ല മനസ്സിനെ ബാല്യത്തിനപ്പുറത്തേക്ക് വളരാൻ അനുവദിക്കാതിരിക്കുക കൂടി ചെയ്തിരുന്നു.
അക്കാലത്ത് ഒരു ദിവസം ഞാൻ സുരേശന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചാരുകസേരയിൽ തളർന്നുകിടക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ ആഹ്ലാദപൂർണമെങ്കിലും നന്നേ പരിക്ഷീണമായ ചിരിയോടെ അവൻ പറഞ്ഞു: "നിന്റെ കവിത ഞാൻ വായിച്ചു.ഇഷ്ടപ്പെട്ടു.'
ആ ആഴ്ച ഞാൻ ദേശമിത്രം വാരികയിൽ എഴുതിയ ഒരു പ്രണയ കവിതയെ ഉദ്ദേശിച്ചാണ് അവൻ അങ്ങനെ പറഞ്ഞത്. ഇന്നേവരെയുള്ള ജീവിതത്തിൽ എന്റെ ഒരു സാഹിത്യരചനയെക്കുറിച്ച് കേൾക്കാനിടയായ ഏറ്റവും വേദനാജനകമായ അഭിപ്രായ പ്രകടനമായിരുന്നു അത്. സുരേശന് ഞാൻ ആ കവിതയിൽ ആവിഷ്‌കരിച്ച വിഷയം ശരിയായ അർത്ഥത്തിൽ മനസ്സിലായിരിക്കുമോ, മനസ്സിലായെങ്കിൽ തനിക്കിനി സാക്ഷാത്കരിക്കാനാവില്ല എന്ന് ഉറപ്പുള്ള ആ അനുഭവത്തെച്ചൊല്ലി അവൻ വല്ലാതെ വേദനിച്ചിരിക്കില്ലേ എന്നൊക്കെ ആലോചിച്ച് ഞാൻ ശരിക്കും തളർന്നുപോയിട്ടുണ്ട്. പിറ്റേദിവസം ഞാൻ സുരേശനെ കാണാൻ പോയില്ല. അതിന്റെ പിറ്റേ ദിവസം അവൻ മരിച്ചു.
പിന്നീടൊരിക്കൽ ആ വീട്ടിൽ പോയപ്പോൾ അറിഞ്ഞു: മരിക്കുന്നതിന് ഏതാനും മിനുട്ടുകൾ മുമ്പ് അവൻ എന്നെ അന്വേഷിച്ചിരുന്നു. സുരേശന്റെ മരണത്തെ ഞാൻ എന്നോ മറന്നുകഴിഞ്ഞതാണ് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ, അവനെ കുറിച്ചുള്ള ഓർമകൾ അവന്റെ സഹോദരങ്ങളുടെ ഉള്ളിൽ ഇപ്പോഴും അവശേഷിപ്പിക്കാനിടയുള്ള വേദന അതേ അളവിൽ, ഒരു പക്ഷേ അതിലും കൂടിയ അളവിൽ, അവൻ ഈ ഭൂമിയിൽ നിന്ന് പോയി അമ്പതിലേറെ വർഷം കഴിഞ്ഞിട്ടും ഇടയ്ക്കിടെ ഞാനും അനുഭവിക്കുന്നുണ്ടെന്നതാണ് സത്യം. ഓരോ വ്യക്തിയിൽ നിന്നും അവന്റെ/ അവളുടെ നിലനിൽപിന് ഈ ലോകം നിർബന്ധപൂർവം ആവശ്യപ്പെടുന്ന ചെറുതും വലുതുമായ കാപട്യങ്ങളെ മുഖാമുഖം കാണുംമുമ്പ് മരണത്തിന്റെ ലോകത്തേക്കു പോയ സുരേശന്റെ ഓർമ എന്നെ സംബന്ധിച്ചിടത്തോളം എന്തെന്തൊക്കെയാണെന്ന് കൃത്യമായി പറഞ്ഞുവെക്കാനാവില്ല.
പ്രിയപ്പെട്ടവരുടെ ഓർമകളെപ്പറ്റി പറയുമ്പോൾ വിലപ്പെട്ട എന്നും പൊതുജീവിതത്തിന് വലിയ സംഭാവനകൾ നൽകിയ ഒരാളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുമ്പോൾ കനപ്പെട്ട നഷ്ടം അല്ലെങ്കിൽ നികത്താനാവത്ത നഷ്ടം എന്നും പറയേണ്ടി വരുന്നത് നമ്മുടെ ചിന്താജീവിതത്തിനും ഭാഷയ്ക്കു തന്നെയുമുള്ള വലിയൊരു പരിമിതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ലാഭനഷ്ടങ്ങളുമായി വിദൂരബന്ധം പോലുമില്ലാത്ത അനുഭവങ്ങളെ പരാമർശിക്കുമ്പോഴും വില, നഷ്ടം എന്നീ വാക്കുകൾ ഉപയോഗിക്കേണ്ടി വരുന്നത് എന്തിനെയാണ് വെളിവാക്കുന്നത് എന്ന ആലോചനയിലേക്ക് എല്ലാവരും എത്തിച്ചേരുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
1966- 67 കാലത്തു തന്നെ, സ്ത്രീകൾ പുരുഷന്മാരെ ഭയപ്പെടേണ്ട കാര്യമില്ല, അവിവാഹിതരായ യുവതീയുവാക്കൾ മാടായി പാറപ്പുറത്ത് ഒന്നിച്ചുനടക്കുന്നതിൽ യാതൊരു തെറ്റുമില്ല, പെണ്ണുങ്ങൾ അടുക്കളയിൽ
തളച്ചിടപ്പെടേണ്ടവരല്ല എന്നൊക്കെ ഭാരതിദേവി വെട്ടിത്തുറന്നു പറഞ്ഞിരുന്നു
ഇനി എരിപുരവും മാടായിയുമായുള്ള എന്റെ ബന്ധത്തെ കുറിച്ചുള്ള ഓർമകളുടെ
ആദ്യനാളുകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോവുന്ന മറ്റൊരാളെക്കുറിച്ച്
പറയാം. ഭാരതിദേവി എന്നാണ് അവരുടെ പേര്. എന്നെക്കാൾ നാല് വയസ്സ് കൂടുതലുള്ള ഭാരതിദേവിയെ എനിക്ക് ചെറിയ പ്രായം മുതൽക്കേ പരിചയമുണ്ട്. അവരുടെ സഹോദരി കാഞ്ചന എന്റെ കൂടെ പഠിച്ചതാണ്. കേരളത്തിലെ ഫെമിനിസ്റ്റുകൾ സ്ത്രീസ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങൾ, പുരുഷാധിപത്യസമൂഹത്തിന്റെ നെറികേടുകൾ ഇവയെക്കുറിച്ചൊക്കെ
വീറോടെ സംസാരിച്ചു തുടങ്ങുന്നതിനുമുമ്പ്, 1966- 67 കാലത്തു തന്നെ, സ്ത്രീകൾ
പുരുഷന്മാരെ ഭയപ്പെടേണ്ട കാര്യമില്ല, അവിവാഹിതരായ യുവതീയുവാക്കൾ കാമുകീ കാമുകന്മാരായാലും അല്ലെങ്കിലും മാടായി പാറപ്പുറത്ത് ഒന്നിച്ചു
നടക്കുന്നതിൽ യാതൊരു തെറ്റുമില്ല, പെണ്ണുങ്ങൾ അടുക്കളയിൽ
തളച്ചിടപ്പെടേണ്ടവരല്ല, അടുക്കളപ്പണി ആണുങ്ങൾക്കും
ചെയ്യാവുന്നതേയുള്ളൂ, അവർ അത് ചെയ്യേണ്ടതാണ് എന്നൊക്കെ ഭാരതിദേവി
വെട്ടിത്തുറന്നു പറഞ്ഞിരുന്നു. നാട്ടിൽ യുക്തിവാദികളും പുരോഗമനവാദികളുമൊക്കെയായി കുറെ പേർ ഉണ്ടായിരുന്നെങ്കിലും അവരെയെല്ലാം അസ്വസ്ഥരാക്കും വിധം തീവ്രമായിരുന്ന ഭാരതിയുടെ നിലപാടുകൾ. അക്കാലത്ത് ബ്രണ്ണൻ കോളേജിൽ പഠിച്ചതു വഴി കൈവന്ന കൂസലില്ലായ്ക അവരുടെ സ്വതേയുള്ള തന്റേടത്തെ ഒന്നുകൂടി ബലപ്പെടുത്തി.
"പഠിക്കുന്നെങ്കിൽ പഠിക്കണെടാ ബ്രണ്ണൻ കോളേജിൽ'; പയ്യന്നൂർ കോളേജിലെ പ്രീ ഡിഗ്രിക്കാരനായിരുന്ന എന്നെ വല്ലപ്പോഴും കാണുമ്പോഴെല്ലാം അവർ പറയുമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം നേടിയ ഭാരതിദേവിയുടെ ജീവിതാഭിലാഷം ബ്രണ്ണൻ കോളേജിലെ മലയാളവിഭാഗത്തിൽ അധ്യാപികയാവുക എന്നതായിരുന്നു അത് സഫലമായില്ല. പകരം അവർ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും രാഷ്ട്രീയക്കാരിയുമൊക്കെയായി. അതിലൊന്നും തന്റെ വ്യക്തിത്വത്തെ തൃപ്തികരമാം വിധം ആവിഷ്‌കരിക്കാനാവുന്നില്ല എന്ന് തോന്നിയതുകൊണ്ടാകാം ഭർത്താവിനോടൊപ്പം ഒമാനിലേക്ക് പോയ ഭാരതിദേവി സലാല പാക്കിസ്ഥാൻ കോളേജ് പ്രിൻസിപ്പാൾ, ഒമാൻ എഫ്.എം.റേഡിയോവിലെ ഇംഗ്ലീഷ് പ്രോഗ്രാം ഡയരക്ടർ, ഒമാൻ ഇന്ത്യൻ സ്‌കൂളുകളുടെ ഗവേണിംഗ് കമ്മറ്റി മെമ്പർ, സലാല ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു.
"നാടുവിട്ട് ഒമാനിലേക്ക് പോയത് എത്രയോ നന്നായി. ലോകം എന്താണ്, മനുഷ്യർ എത്രയൊക്കെ തരക്കാരാണ്, ഓരോ ജനവിഭാഗത്തിന്റെയും സംസ്‌കാരമെന്നത് എന്തൊരത്ഭുതമാണ് എന്നിങ്ങനെയുള്ള നൂറുകൂട്ടം കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവിടെ ജീവിച്ചതുകൊണ്ടാണ്. നാട്ടിൽത്തന്നെ ചടഞ്ഞുകൂടിയിരുന്നെങ്കിൽ ഞാൻ ലോകവിവരമില്ലാത്തവളായി,വെറും കൂപമണ്ഡൂകമായി അവസാനിച്ചുപോകുമായിരുന്നു.’; ഒമാനിലെ ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ച് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു ദിവസം അവർ എന്നോട് പറഞ്ഞു. ഒമാനിൽ നിന്ന് തനിക്ക് കിട്ടിയ മറ്റെല്ലാ പുതിയ അറിവുകളെക്കാളും ഹൃദയസ്പർശിയായി ഭാരതിദേവിക്ക് തോന്നിയത് ഒമാനിലെ അറബികളുടെ നാടോടിസംഗീതത്തിനും ചില ഫോക് കലാരൂപങ്ങൾക്കും വടക്കൻ കേരളത്തിലെ നാടോടി സംഗീതത്തോടും തെയ്യങ്ങളോടും മറ്റുമുള്ള സാദൃശ്യമാണ്. ഈ വിഷയത്തിൽ ഒരു ഗൈഡിന്റെയും മേൽനോട്ടത്തിലല്ലാതെ സ്വതന്ത്രമായി ഗവേഷണം നടത്താനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ഭാരതിദേവി നടത്തിയിരുന്നു. ആ ഘട്ടത്തിൽ ഒരു ദിവസം അവർ ബ്രണ്ണൻ കോളേജിലേക്ക് വന്നു. ചില സംശയങ്ങൾ തീർക്കാൻ അറബിക് ഡിപ്പാർട്ടുമെന്റിലെ അധ്യാപകരെ കാണേണ്ടതുണ്ടെന്ന് പറഞ്ഞ അവരെ ഞാൻ അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുപോവുകയുണ്ടായി. ആ ഗവേഷണം പൂർത്തിയാക്കാൻ ഭാരതിക്ക് സാധിച്ചിരുന്നോ എന്നറിയില്ല. അവർ എഴുതിയ ലാവ, പാറമക്കൾ (നോവലുകൾ), നിത്യകല്യാണി (കഥാസമാഹാരം), അൽസറാബ് (അനുഭവവിവരണം), വോയ്‌സ് ഓഫ് ദി ഫോക് (പഠനം) എന്നീ കൃതികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇവനെൻ പ്രിയ സഖാവ് എന്ന ശീർഷകത്തിൽ എം.വി. രാഘവനെ പ്രധാനകഥാപാത്രമാക്കി നോവൽരൂപത്തിൽ ഭാരതിദേവി എഴുതിയ കൃതി ഏറെ ജനശ്രദ്ധ നേടിയിരുന്നു. 2014 നവംബർ 11ന് എം.വി.രാഘവൻ അന്തരിച്ചു. തൊട്ടടുത്ത ദിവസങ്ങളിലായി ഭാരതീദേവിയുടെ ഭർത്താവ് അനന്തൻ നമ്പ്യാരും ഭാരതീദേവിയും.
ഏത് കാര്യവും സ്വന്തം തീരുമാനങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചു മാത്രം ചെയ്തിരുന്ന ഈ സ്ത്രീ അരനൂറ്റാണ്ടിനു മുമ്പു തന്നെ എരിപുരത്തിന്റെ പൊതുബോധവുമായി പൊരുത്തപ്പെടാത്ത ചിന്തകളുമായാണല്ലോ ജീവിച്ചത് എന്നോർക്കുമ്പോൾ പല കാര്യങ്ങളുടെയും പ്രാധാന്യം വളരെ വൈകി മാത്രമാണ് നാം മനസ്സിലാക്കുന്നത് എന്ന തിരിച്ചറിവിന്റെ ഭാരം ഞാൻ അനുഭവിക്കുന്നു
മരണത്തിന് ഏകദേശം ഒന്നൊന്നര വർഷം മുമ്പായിരിക്കണം ഭാര്യയോടും
മകനോടുമൊപ്പം അവരുടെ വീട്ടിൽ ചെന്ന് ഭാരതീദേവിയെ ഞാൻ അവസാനമായി കണ്ടത്. ശാരീരക അവശതകളുണ്ടായിട്ടും അന്നും അവർ വലിയ ഉത്സാഹത്തിൽ ഒരു മണിക്കൂറിലേറെ സംസാരിച്ചു. ഏത് കാര്യവും സ്വന്തം തീരുമാനങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചു മാത്രം ചെയ്തിരുന്ന ഈ സ്ത്രീ അരനൂറ്റാണ്ടിനു മുമ്പു തന്നെ എരിപുരത്തിന്റെ പൊതുബോധവുമായി പൊരുത്തപ്പെടാത്ത ചിന്തകളുമായാണല്ലോ ജീവിച്ചത് എന്നോർക്കുമ്പോൾ പല കാര്യങ്ങളുടെയും പ്രാധാന്യം വളരെ വൈകി മാത്രമാണ് നാം മനസ്സിലാക്കുന്നത് എന്ന തിരിച്ചറിവിന്റെ ഭാരം ഞാൻ അനുഭവിക്കുന്നു.
ഇനി എഴുതാനുള്ളത് ബാലചന്ദ്രൻ എന്ന വാച്ച് റിപ്പയററെയും ഗോപിനാഥ് മാവുങ്കൽ എന്ന കവിയെയും കുറിച്ചാണ്. ബാലചന്ദ്രൻ എറണാകുളത്തുകാരനായിരുന്നു. അദ്ദേഹം എങ്ങനെ എരിപുരത്തെത്തി എന്നറിയില്ല. എന്റെ സഹപാഠിയായ തമ്പാൻ ചമ്മിഞ്ചേരിയുടെ സഹോദരിയെയാണ് ബാലചന്ദ്രൻ വിവാഹം കഴിച്ചത്. ഗംഭീരമായ ശബ്ദവും കൂസലില്ലായ്ക പ്രകടമാക്കുന്ന അഭിനയ ശൈലിയും കൈമുതലായുണ്ടായിരുന്ന തമ്പാൻ മാടായി, അടുത്തില, നെരുവമ്പ്രം, മാതമംഗലം പ്രദേശങ്ങളിലെ നാടകപ്രേക്ഷകർക്ക് പ്രിയംകരനായ നടനായിരുന്നു. സുരാസുവിന്റെ വിശ്വരൂപമാണ് തമ്പാൻ തിമർത്താടിയ നാടകങ്ങളിലൊന്ന്. ശബ്ദത്തിന്റെ ഗാംഭീര്യം അനൗൺസ്‌മെന്റ് രംഗത്തും തമ്പാനെ ശ്രദ്ധേയനാക്കി. സിനിമാ അനൗൺസ്‌മെന്റ് എന്നാൽ തമ്പാന്റെ അനൗൺസ്‌മെന്റായിരുന്നു ഒരു കാലത്ത് എന്റെ നാട്ടുകാർക്ക്. സിനിമയുടെ പരസ്യവണ്ടി പോകാതായിട്ട് വർഷങ്ങളായി. തമ്പാന്റെ ശബദ്ം എന്നെന്നേക്കുമായി നിലയക്കുകയും ചെയ്തു.
തമ്പാന്റെ സഹോദരിയുടെ ഭർത്താവായ ബാലചന്ദ്രനെ ഞാൻ എപ്പോൾ, എങ്ങനെ
പരിചയപ്പെട്ടു എന്ന് കൃത്യമായി ഓർക്കുന്നില്ല. ഞങ്ങൾ തമ്മിലുള്ള അടുപ്പത്തിന്റെ ആധാരം സാഹിത്യത്തോടുള്ള താൽപര്യമായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ, പോഞ്ഞിക്കര റാഫി, ഉറൂബ് ഇവരെയൊക്കെ താൻ നേരിൽ കണ്ട്
സംസാരിച്ചിട്ടുണ്ടെന്നും ഉറൂബുമായി കുറച്ചധികം അടുപ്പമുണ്ടായിരുന്നു
എന്നും ബാലചന്ദ്രൻ എന്നോട് പറഞ്ഞിരുന്നു. മിണ്ടാപ്പെണ്ണ്, ഉമ്മാച്ചു എന്നീ
പുസ്തകങ്ങൾ ഉറൂബ് ഒപ്പിട്ടു നൽകിയത് അദേഹം എനിക്ക് കാണിച്ചു തരികയും
ചെയ്തു. ഒരു വിദ്യാർത്ഥിയായിരുന്ന എനിക്ക് ഇക്കാരണങ്ങൾ കൊണ്ടുതന്നെ
അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി. മെലിഞ്ഞ് നന്നേ അവശത തോന്നിക്കുന്ന ശരീരമായിരുന്നു ബാലചന്ദ്രന്റെത്. പക്ഷേ, സാഹിത്യത്തെ കുറിച്ച്
സംസാരിക്കുമ്പോൾ ആ ഉടലിൽ അസാധാരണമായ ഊർജവും ഉന്മേഷവും വന്നു
നിറയും. സാഹിത്യം എന്താണെന്നതിനെക്കുറിച്ച്, അതിന്റെ നിർമാണം എങ്ങനെ
സംഭവിക്കുന്നുവെന്നതിനെക്കുറിച്ച് നാട്ടിലെ മറ്റ് വായനക്കാർക്ക്
ഉണ്ടായിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തവും സൂക്ഷ്മവുമായിരുന്നു ബാലചന്ദ്രന്റെ ധാരണകൾ. ബാലചന്ദ്രന്റെ വാച്ച് റിപ്പയറിംഗ് ഷോപ്പ് കുറച്ചുകാലമേ എരിപുരത്തുണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹം എങ്ങോട്ടു പോയെന്ന് എനിക്കറിയില്ലായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ്
ബാലചന്ദ്രനും പിന്നെ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചുപോയി എന്നാണ് ഈയിടെ
ഒരു സുഹൃത്തിൽ നിന്ന് ലഭിച്ച വിവരം.
1969 - 75 കാലത്ത് എരിപുരത്തിന്റെ സാംസ്‌കാരികജീവിതത്തിൽ നാട്ടുകാരല്ലാത്ത പലരുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു. മാടായി ഹൈസ്‌കൂളിലും പാരൽ കോളേജുകളിലും അധ്യാപകരായും ചില സർക്കാർ ഓഫീസുകളിൽ ക്ലർക്കുമാരായും എത്തിയ തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് വായനയും
സാഹിത്യചർച്ചകളിലെ പങ്കാളിത്തവും വഴി നാട്ടുകാരുടെ സ്‌നേഹവും അംഗീകാരവും നേടിയത്. ഇവരിലൊരാളാണ് ഗോപിനാഥ് മാവുങ്കൽ എന്ന കവി. വെള്ളനാട്ടെ മിത്രനികേതനും മറ്റു ചില സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായൊക്കെ ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള മാവുങ്കൽ എങ്ങനെയോ എരിപുരത്തെത്തി. എഴുപതുകളിൽ ഇവിടെ വളരെ നന്നായി പ്രവർത്തിച്ചിരുന്ന "വിശ്വഭാരതി' എന്ന ട്യൂട്ടോറിയിൽ കോളേജിൽ അദ്ദേഹം അധ്യാപകനായി. മാടായി എൽ.പി.സ്‌കൂളിനടുത്തുള്ള ലൈൻമുറികളിലൊന്നിലാണ് മാവുങ്കൽ താമസിച്ചിരുന്നത്. "വിശ്വഭാരതി'യിൽ ഹൈസ്‌കൂൾ കുട്ടികളെ മലയാളവും കണക്കും പഠിപ്പിച്ചിരുന്ന ഈ കവി എരിപുരത്തെ സാഹിത്യപ്രണയികളുടെ അടുത്ത സുഹൃത്തായി മാറാൻ ഏറെ സമയമെടുത്തില്ല. ഒരു പ്രാദേശിക കലാസമിതിയുടെ നാടകാവതാരണത്തെ ഗാന രചനകൊണ്ട് സഹായി ക്കുകയുണ്ടായി മാവുങ്കൽ. എൻ.വി.കൃഷ്ണവാരിയരുടെ നീണ്ട കവിതകളുടെ ശൈലിയിൽ അദ്ദേഹം എഴുതിയിരുന്ന കവിതകളിലൊന്ന് അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വന്നതോടെ സാഹിത്യസംബന്ധിയായ മാവുങ്കലിന്റെ അഭിപ്രായങ്ങൾക്ക് ആളുകൾ ആധികാരികത കൽപിച്ചുതുടങ്ങി. എറണാകുളം നഗരത്തെ നന്നായി അറിയുന്ന മാവുങ്കൽ നഗരത്തിലെ വീടും കുടിയുമില്ലാത്ത തെണ്ടികളുടെ ജീവിതമാണ് തന്റെ ചില കവിതകൾക്ക് വിഷയമാക്കിയിരുന്നത്. മാതൃഭൂമിയിൽ വന്ന കവിതയിൽ രാത്രിയിൽ തെരുവോരത്ത് ട്രാൻസിസ്റ്റർ കേട്ടുകൊണ്ടിരിക്കുന്ന ഒരു തെണ്ടിയുടെ ചിത്രം അദ്ദേഹം നല്ല തെളിമയോടെ വാക്കുകളിൽ വരച്ചുവെച്ചത് ഞാൻ ഓർക്കുന്നു.
അസ്തിത്വ ദുഃഖവും സാമൂഹ്യോത്കണ്ഠകളുമെല്ലാം പങ്കുവെച്ച് ചന്ദ്രനും ഞാനും ദിവസവും പാറ കയറും. ചന്ദ്രന് ചുറ്റിനടക്കാനുള്ള നേരം പരിമിതമാണെന്നതുകൊണ്ട് പറയാനൊരുപാട് ബാക്കിവെച്ച് ഞങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കുന്നിറങ്ങും
ആധുനികസാഹിത്യത്തോട് മൊത്തത്തിൽ കടുത്ത താൽപര്യക്കേടുള്ളയാളായിരുന്ന മാവുങ്കൽ, എഴുത്ത് അടിത്തട്ടിലെ ജീവിതാനുഭവങ്ങളുടെ നേർപ്പകർപ്പായിരിക്കണം എന്ന് നിർബന്ധമുള്ളയാളായിരുന്നു. എത്രയോ സന്ധ്യകളിൽ മാടായിപാറപ്പുറത്തെ
നടത്തത്തിനിടയിൽ ഈ നിലപാടിന്റെ വിശദാംശങ്ങളെക്കുറിച്ച് ഞങ്ങൾ
തർക്കിക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മാവുങ്കൽ ഒരു
നടനായിരുന്നില്ല. എങ്കിലും അദ്ദേഹം 1971ൽ വിക്രമൻ നായർ ട്രോഫി നേടിയ
എന്റെ "ശിബിരം' എന്ന എക്സ്പ്രഷനിസ്റ്റ് സ്വഭാവമുള്ള നാടകത്തിൽ "കവി'
എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. സംവിധായകൻ ഇബ്രാഹിം
വെങ്ങരയാണ് പല ദിവസങ്ങൾ പരിശീലിപ്പിച്ച് ഈ റോൾ സാമാന്യം ഭംഗിയായി ചെയ്യാൻ മാവുങ്കിലിനെ പ്രാപ്തനാക്കിയത്. എരിപുരത്തു നിന്ന് പോയതിനു ശേഷം ഗോപിനാഥ് മാവുങ്കൽ ഏതാനും വർഷങ്ങൾ തിരുവനന്തപുരത്ത് ചിന്താ പബ്ലിക്കേഷൻസിൽ ജോലിചെയ്തതായി അറിയാം. മാവുങ്കലും ഇന്ന് ജീവിച്ചിരിപ്പില്ല.
1969 മുതൽ ഞാൻ സൗഹൃദം സൂക്ഷിക്കുന്ന, ഇപ്പോഴും ഇടയ്ക്കിടെ ഞാനുമായി
ആശയവിനിമയം നടത്തുന്ന ചന്ദ്രൻ എന്ന അങ്കമാലിക്കാരനെ കുറിച്ചാണ് ഇനി
പറയാനുള്ളത്. ചന്ദ്രൻ ആദ്യം എം.എസ്.പിയിലായിരുന്നു. എം.എസ്.പിയിൽ നിന്ന്
കുറെ പേരെ 1969ൽ സി.ആർ.പിയിലേക്ക് മാറ്റി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സെൻട്രൽ റിസർവ് പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കണം എന്നൊരു തീരുമാനം കേന്ദ്രഗവണ്മെന്റ് കൈക്കൊണ്ടതിനെ തുടർന്നായിരുന്നുവത്രെ ഈ മാറ്റം. അങ്ങനെ 1969 ൽ ചന്ദ്രനും ചില എം.എസ്.പിക്കാരും സി.ആർ.പിക്കാരായി പഴയങ്ങാടി പോലീസ് സ്‌റ്റേഷനിൽ എത്തി. സാധാരണ പോലീസുകാരും ഇവരും ഒരേ പോലീസ് സ്‌റ്റേഷന്റെ രണ്ടു ഭാഗങ്ങളിലായി കഴിഞ്ഞു. ആറ് മാസമേ ചന്ദ്രൻ പഴയങ്ങാടി പോലീസ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് വായന ഒരു ലഹരി തന്നെയായിരുന്നു ചന്ദ്രന്. ചെറുപ്പക്കാരായ മറ്റ് വായനക്കാരെപ്പോലെ ചന്ദ്രനും ആധുനികസാഹിത്യത്തിന്റെ ആരാധകനായിരുന്നു അക്കാലത്ത്. പക്ഷേ, മനുഷ്യന്റെ ജീവിതവ്യവഹാരങ്ങളെ
സാമൂഹ്യായാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തി പരിശോധിക്കുന്ന
സാഹിത്യത്തോടുള്ള സ്‌നേഹബഹുമാനങ്ങൾ മനസ്സിന്റെ ഒരു വശത്ത് അദ്ദേഹം
ഭദ്രമായി സൂക്ഷിച്ചിരുന്നു. പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തിയ ചന്ദ്രൻ തികച്ചും അപരിചിതമായിരുന്ന ആ നാട്ടിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ തനിക്ക് പറ്റിയ ഇടം കണ്ടെത്തി: എരിപുരം പബ്ലിക് ലൈബ്രറി.
വൈകുന്നേരങ്ങളിൽ അവിടെ ഏതാണ്ട് പതിവുകാരനായിരുന്ന എന്നെ ചന്ദ്രൻ വളരെ വേഗം പരിചയപ്പെട്ടു. പരിചയം അടുത്ത സൗഹൃദമായി മാറാൻ ഏതാനും ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. അസ്തിത്വ ദുഃഖവും സാമൂഹ്യോത്കണ്ഠകളുമെല്ലാം പങ്കുവെച്ച് ചന്ദ്രനും ഞാനും ദിവസവും പാറ കയറും. ചന്ദ്രന് ചുറ്റിനടക്കാനുള്ള നേരം പരിമിതമാണെന്നതുകൊണ്ട് പറയാനൊരുപാട് ബാക്കിവെച്ച് ഞങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കുന്നിറങ്ങും. ചന്ദ്രൻ പോലീസ് സ്‌റ്റേഷനിലേക്കും ഞാൻ വീട്ടിലേക്കും പോവും. ആറുമാസം കഴിഞ്ഞപ്പോൾ ചന്ദ്രൻ ഉൾപ്പെടുന്ന സി.ആർ.പി സംഘത്തെ നാഗാലാന്റിലേക്ക് സ്ഥലം മാറ്റി. പിന്നെ കൽക്കത്തയിലേക്കും. കൽക്കത്തയിൽ നിന്ന് 1971ൽ ഒരു ദിവസം നാട്ടിലെത്തിയ ചന്ദ്രൻ എന്നെ കാണാൻ എരിപുരത്തേക്ക് വന്നു. അദ്ദേഹത്തിന് ഞാനുമായി പങ്കുവെക്കാനുണ്ടായിരുന്ന പ്രധാന വിശേഷം കൽക്കത്തയിൽ വെച്ച് ബിമൽ മിത്രയെ നേരിൽ കണ്ടു എന്നതായിരുന്നു; "വിലയ്ക്കു വാങ്ങാം' എന്ന നോവലിലൂടെ ഒരു കാലത്ത് മലയാളികൾ നെഞ്ചിലേറ്റിയ ബിമൽ മിത്രയെ.
"1969 കാലം മോശപ്പെട്ട ഒരു കാലമായിരുന്നു. ഒരു വകതിരിവുമില്ലാത്ത
ചെറുപ്പക്കാരുടെ കാലം.' ഈയിടെ ഒരു ദിവസം വിളിച്ചപ്പോൾ ചന്ദ്രൻ പറഞ്ഞു
ദശകങ്ങളുടെ ഇടവേളയ്ക്കു ശേഷം രണ്ടുമൂന്ന് വർഷം മുമ്പ് ചന്ദ്രനെ ഞാൻ
കണ്ടു. അദ്ദേഹം കണ്ണപുരത്തുനിന്നാണ് കല്യാണം കഴിച്ചത്.
കണ്ണപുരത്തിനടുത്തു തന്നെ പാളിയത്ത് വളപ്പ് എന്ന സ്ഥലത്ത് സ്വന്തമായി
വീട് വെച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഭാര്യ മരിച്ചു. ഇപ്പോൾ ചന്ദ്രൻ വീട്ടിൽ ഒറ്റയ്ക്കാണ്. മകൻ ഇറാഖിൽ ജോലി ചെയ്യുന്നു. വിവാഹിതയായ മകൾ അങ്കമാലിയിലും. ചന്ദ്രന്റെ ജീവിതവീക്ഷണത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. പണ്ട് രാഷ്ട്രീയത്തിൽ കാര്യമായ താൽപര്യമൊന്നുമില്ലാതിരുന്ന ചന്ദ്രൻ ഇപ്പോൾ മാർക്‌സിസ്റ്റ് പാർട്ടിയുടെ ശക്തനായ അനുഭാവിയാണ്. തളിപ്പറമ്പിലെ "സഞ്ജീവനി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി'യുടെ പ്രവർത്തകനും പറശ്ശിനിക്കടവിലെ ലയൺസ് ക്ലബ്ബി ൽ അംഗവുമാണ്.
"1969 കാലം മോശപ്പെട്ട ഒരു കാലമായിരുന്നു. ഒരു വകതിരിവുമില്ലാത്ത
ചെറുപ്പക്കാരുടെ കാലം.' ഈയിടെ ഒരു ദിവസം വിളിച്ചപ്പോൾ ചന്ദ്രൻ പറഞ്ഞു:"പഴയതുപോലെയൊന്നുമില്ലെങ്കിലും ഇപ്പോഴും ഞാൻ പുസ്തകം
വായിക്കുന്നുണ്ട്. പണ്ട് വായിച്ചതിനെക്കുറിച്ചൊന്നും ഇന്നെനി ക്ക് ഒരു
മതിപ്പും തോന്നുന്നില്ല. ആധുനിക സാഹിത്യമായിരുന്നല്ലോ അന്നത്തെ സാഹിത്യം. ആ സാഹിത്യം എന്റെ ജീവിതത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. ആരെയും കുറ്റം പറയുന്നില്ല. ആ കാലം അങ്ങനെയായിരുന്നു. ഹിപ്പികളുടെ കാലം, രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞ കാലം, തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊണ്ട് നാടാകെ പൊറുതി മുട്ടിയ കാലം. ങ്ഹും... അതും ഒരു കാലം. ' ; പണ്ടേ തന്നെ അൽപം ഫിലസോഫിക്കലായ ടോണിൽ സംസാരിക്കാറുണ്ടായിരുന്ന ചന്ദ്രൻ ആ പഴയ രീതിയെ ഓർമിപ്പിക്കും വിധത്തിൽ തുടർന്നു: "ജീവിതംന്ന് പറയുന്നത് നമ്മള്
വിചാരിക്കുന്ന വഴിയിലൊന്നുമല്ല പോവുക. പക്ഷേ, അത് വിചാരിച്ച് ദുഃഖിച്ചു
കഴിയേണ്ട അവസ്ഥയിലൊന്നും ഞാൻ എത്തിയിട്ടില്ല. സാമ്പത്തികമായി എനിക്ക്
ബുദ്ധിമുട്ടൊന്നുമില്ല. എന്നെക്കാൾ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ ഞാൻ
എപ്പോഴും മനസ്സ് വെക്കാറുണ്ട്. എനിക്ക് മോഹങ്ങളൊന്നും ഇല്ല. അതുകൊണ്ടു
തന്നെ ദുഃഖവും ഇല്ല. പുതിയ കഥകളും നോവലുകളുമൊന്നും എന്നെ
അത്ഭുതപ്പെടുത്തുന്നില്ല. കഥാപാത്രങ്ങളായി വരുന്നവർക്ക് പറയാനാവുന്ന വലിയ
കാര്യങ്ങളൊക്കെ പഴയ കഥാപാത്രങ്ങൾ പറഞ്ഞു കഴിഞ്ഞു എന്നാണെനിക്ക്
തോന്നുന്നത്. സാഹിത്യം മാത്രമല്ല ഒന്നും ഇന്നെന്നെ അത്ഭുതപ്പെടുത്തുന്നില്ല.ഒരു ചാനൽ ചർച്ചയിൽ നാല് രാഷ്ട്രീയപ്പാർട്ടികളുടെ ആളുകൾ വന്നിരുന്നാൽ അവർ എന്ത് പറയും, അല്ലെങ്കിൽ ഇന്നതേ അവർക്ക് പറയാനാവൂ എന്ന് ചർച്ച കേൾക്കുന്നതിനു മുമ്പേ എനിക്ക് അറിയാൻ കഴിയും. ഇതുപോലെയാണ്
ഒട്ടുമിക്ക കാര്യങ്ങളും. എല്ലാം ഏതറ്റം വരെ പോവും എന്ന് എനിക്ക് മുൻകൂട്ടി
കാണാനാവുന്നുണ്ട്. ഒരുപക്ഷേ, പണ്ട് വായിച്ച മികച്ച ചില സാഹിത്യകൃതികൾ
തന്നതാവും ഈ കഴിവ്. അങ്ങനെയാണ് ഞാൻ വിചാരിക്കുന്നത്. ജീവിതത്തെക്കുറി ച്ച് വളരെ വലിയ കാര്യങ്ങളൊന്നും ഒരാൾക്ക് കണ്ടെത്താനില്ല. കുറച്ചു നേരം
സാവകാശത്തിൽ ഇരുന്നാലോചിച്ചാൽ കിട്ടുന്ന സംഗതികളേ ഇതിനകത്തുള്ളൂ.
ആലോചിച്ചു വിഷമിക്കാൻ മാത്രമായി ഒന്നിനെക്കുറിച്ചും ഞാനിപ്പോൾ
ആലോചിക്കാറില്ല. അതിന്റെ ആവശ്യം ഇനിയില്ല.'
സുരേശൻ, ഭാരതിദേവി, ബാലചന്ദ്രൻ, തമ്പാൻ, ഗോപിനാഥ് മാവുങ്കൽ, ചന്ദ്രൻ
എന്നിവരിലൂടെയൊക്കെ ഒരിക്കൽക്കൂടി ഞാൻ അമ്പത് വർഷത്തിനു മുമ്പുള്ള
എരിപുരത്തെത്തി. മറ്റു ചില സുഹൃത്തുക്കളെക്കുറിച്ചു കൂടി പറയാൻ പറ്റുന്ന
സന്ദർഭമാണിത്.
1962- 66 കാലത്ത് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചനേരത്ത് എന്റെ വീട്ടിൽ മാടായി ഹൈസ്‌കൂളിലെ അഞ്ചാറ് വിദ്യാർത്ഥികൾ ഊണ്
കഴിക്കാനെത്തുമായിരുന്നു. വീട്ടിൽനിന്ന് വരുമ്പോൾ അവർ ചോറ്റുപാത്രത്തിൽ
ഉച്ചഭക്ഷണം കൊണ്ടുവരും. സ്‌കൂളിൽ വെച്ച് ഊണ് കഴിക്കുക സുഖമുള്ള
ഏർപ്പാടല്ല. കൈ കഴുകാനും ഊണിനുശേഷം വായും മുഖവും കഴുകാനുമുള്ള വെള്ളം കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ്. സൗകര്യപ്രദമായി ഇരുന്ന് ഊണ് കഴിക്കാൻ
പറ്റുന്ന ഇടമായി അവർ കണ്ടത്തെയിത് എന്റെ വീടിനെയാണ്. സ്‌കൂളിൽ നിന്ന്
കഷ്ടിച്ച് ഒരു ഫർലോംഗ് മാത്രം ദൂരമേയുള്ളൂ വീട്ടിലേക്ക് എന്നത് അവർക്ക്
വലിയ സൗകര്യമായിരുന്നു. അന്ന് വീട്ടിൽ ഊണ് കഴിക്കാനെത്തിയവരിൽ അധികവും ആൺകുട്ടികളായിരുന്നു. അവരിൽ ഇ.വി.രാമകൃഷ്ണനെ മാത്രമേ സ്‌കൂൾകാലത്തിനു ശേഷം ഞാൻ കണ്ടിട്ടുള്ളൂ. മലയാളത്തിലും ഇംഗ്ലീഷിലുമായി ശ്രദ്ധേയമായ പല നിരൂപണകൃതികളും രാമകൃഷ്ണന്റെതായുണ്ട്. ഇംഗ്‌ളീഷിൽ മൂന്ന്
കവിതാസമാഹാരങ്ങളും. മഹാരാഷ്ട്രയിലും ഗുജറാത്തിലും അധ്യാപകനായിരുന്ന
ഡോ.ഇ.വി.രാമകൃഷ്ണൻ ഔദ്യോഗിക ജീവിതത്തിന്റെ അവസാനഘട്ടത്തിൽ സെൻട്രൽ യൂനിവേഴ്‌സിറ്റി ഓഫ് ഗുജറാത്തിലെ സ്‌കൂൾ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസിൽ പ്രൊഫസർ എമിറിറ്റസ് ആയിരുന്നു. നമ്മുടെ സാഹിത്യനിരൂപണത്തിന്റെയും പഠനത്തിന്റെയും മേഖലകളിൽ ഇപ്പോഴും വളരെ
സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന, സാഹിത്യ സൈദ്ധാന്തികനെന്ന നിലയിൽ
അഖിലേന്ത്യാതലത്തിൽ തന്നെ അംഗീകൃതനായിട്ടുള്ള രാമകൃഷ്ണന്റെ ട്രൗസറും ഹാഫ് സ്ലീവ് ഷർട്ടുമിട്ട പഴയ പയ്യൻ രൂപത്തിന് എന്റെ മനസ്സിൽ ഇപ്പോഴും അൽപവും മങ്ങലേറ്റിട്ടില്ല. മാടായി ഹൈസ്‌കൂളിലേക്ക് രാമകൃഷ്ണന്റെ നാടായ വിളയാങ്കോട് എന്ന സ്ഥലത്തു നിന്ന് 8 കിലോമീറ്ററിലധികം ദൂരമുണ്ട്.13 കിലോമീറ്റർ അകലെയുള്ള കടന്നപ്പള്ളിയിൽ നിന്നും അവിടെ നിന്ന് പിന്നെയും രണ്ട് കിലോമീറ്റലധികം അപ്പുറത്തുള്ള മാതമംഗലത്തുനിന്നുമെല്ലാം അക്കാലത്ത് മാടായി ഹൈസ്‌കൂളിലേക്ക് കുട്ടികൾ വന്നിരുന്നു. ബസ് സൗകര്യം നന്നേ കുറവായിരുന്നതുകൊണ്ട് മിക്ക ദിവസവും ഇത്രയും ദൂരം നടന്നാണ് അവർ
സ്‌കൂളിലെത്തിയിരുന്നത്. വൈകുന്നേരം സ്‌കൂൾ വിട്ട് പോകുമ്പോഴും ഇതേ നടത്തം തന്നെ.
പക്ഷേ, ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന സംഘം ഉച്ചത്തിൽ ചിരിച്ചും വർത്തമാനം പറഞ്ഞും സ്‌കൂളിലേക്കുള്ള വരവും പോക്കും ആഘോഷമാക്കി മാറ്റിയിരുന്നു. പലവിധ പ്രയാസങ്ങൾക്കിടയിൽ പഠനം അവർക്ക് പാൽപായസമായിരുന്നിരിക്കാൻ യാതൊരു സാധ്യതയുമില്ല. എങ്കിലും അവർ സ്‌കൂളിനെ സ്‌നേഹിച്ചിരുന്നു. സ്‌കൂൾ ജീവിതം ആവുന്നത്ര ആസ്വാദ്യമാക്കിയിരുന്നു. വിദ്യാർത്ഥികളിൽ പലരും പല കാരണങ്ങളാൽ വലിയ മാനസിക സമ്മർദ്ദമനുഭവിച്ചിരുന്ന കാലമാണത്. കുട്ടികൾ സ്‌കൂൾ അസംബ്‌ളിയിൽ തലചുറ്റി വീഴുന്നതും മുതിർന്ന പെൺകുട്ടികളിൽ ഒന്നോ രണ്ടോ പേർ അപസ്മാരബാധിതരായി വീഴുന്നതും സാധാരണമായിരുന്നു. അപ്‌സമാരം വന്ന് വായിൽ നുരയും പതയുമായി വിറച്ചുവിറച്ചു വീഴുന്നവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ അവരുടെ കയ്യിൽ ആണിയോ കമ്പിയോ വെച്ചുകൊടുക്കുമായിരുന്നു. ഇരുമ്പ് കൊണ്ടുള്ള എന്തെങ്കിലുമൊരു സാധനം കുറച്ചുനേരം മുറുകെ പിടിച്ച് കിടന്നാൽ വിറയൽ അവസാനിക്കുന്നതായി കാണാം. പിന്നെ ചെറുതായ മയക്കം പോലൊരവസ്ഥ. അതു കഴിഞ്ഞ് എഴുന്നൽക്കുമ്പോൾ അവർക്ക് കുടിക്കാൻ ചായയോ കാപ്പിയോ കൊണ്ടുക്കൊടുക്കും.അത് കുടിച്ച് എഴുന്നേറ്റു വരുമ്പോൾ അവരിൽ ചിലരുടെ മുഖത്ത് കണ്ടിരുന്ന ക്ഷീണവും വിഷാദവും പേടി കലർന്ന അപരിചിതഭാവവും എന്റെ മനസ്സിലുണ്ട്. മുഖത്ത് ആ ഭാവങ്ങൾ തെളിയിച്ച മനസ്സുകളിൽ എന്തൊക്കെയായിരുന്നിരിക്കും എന്ന് ഇത്രയും കാലത്തിനു ശേഷം ഭാവന ചെയ്യാൻ ശ്രമിക്കുമ്പോൾ ഞാൻ എത്തിച്ചേരുന്നത് ഇല്ലായ്മയുടെയും പൊറുതികേടുകളുടെയും ഏതൊക്കെ ലോകങ്ങളിലാണ്!
(തുടരും)
ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 07-ൽ പ്രസിദ്ധീകരിച്ചത്.