പ്രൊഫ ടി. ശോഭീന്ദ്രൻ / ഫോട്ടോ : മുഹമ്മദ് ഹനാൻ

​കന്നട നാടകത്തിന്റെ നാട്ടരങ്ങിൽ

മൊളക്കാൽമുരുവെന്ന പാഠപുസ്തകം- 8

ഇരുപത്തിയാറ്

കന്നട നാടകത്തിന്റെ നാട്ടരങ്ങിൽ

ട്ടാമത്തെ വയസ്സിൽ സ്‌കൂളിൽ നിന്ന് ഒരു നാടകത്തിൽ അഭിനയിച്ച ശേഷം രണ്ടാമതൊരു നാടകത്തിൽ അഭിനയിച്ചത് മൊളക്കാൽമുരുവിൽ വച്ചാണ്. ഒരു കന്നട നാടകത്തിൽ. ഒരു സ്വാതന്ത്ര്യദിനത്തിൽ. 1974 ലായിരുന്നു അത്.
രാജ്യമെങ്ങും ഇരുപത്തി ഏഴാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു. മൊളക്കാൽമുരുവിലെ ചെറുപ്പക്കാരും അവിടെ ജോലിചെയ്തുവരുന്ന ഉദ്യോഗസ്ഥരും കൾച്ചറൽ ക്ലബിലിരുന്ന് ആലോചിച്ചു.
ഇത്തവണ സ്വാതന്ത്ര്യദിനത്തിൽ എന്തു പരിപാടി
നടത്തും ?
പല ചർച്ചകൾക്കും അഭിപ്രായങ്ങൾക്കും ശേഷം ഒരു തീരുമാനമുണ്ടായി. നമുക്കൊരു നാടകം കളിക്കാം. നാടകം ഉണ്ടെന്നറിഞ്ഞാൽ നാട്ടുകാർ മുഴുവനും അത് കാണാനായി എത്തിച്ചേരും. പരിപാടി ഗംഭീരമാവും. അതായിരുന്നു കണക്കുകൂട്ടൽ.
സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ കാഷ്യറായ ശങ്കരനാരായണയും ബ്ലോക്ക് വികസന ഓഫീസറായ കൃഷ്ണപ്പയും കൂടി ഒരു ദിവസം ലൈബ്രറിയിൽ ചെന്ന് സുഗുണയ്യയോട് പറഞ്ഞു.""സ്വാതന്ത്ര്യദിനത്തിൽ കളിക്കാൻ പറ്റിയ ഒരു നാടകം വേണം.''
സുഗുണയ്യ പല നാടകങ്ങളും എടുത്തു കൊടുത്തു. നല്ല നാടകങ്ങൾ പലതും കിട്ടി. പക്ഷെ അതിലെല്ലാം സ്ത്രീകഥാപാത്രങ്ങൾ കൂടിയുണ്ടായിരുന്നു. സ്ത്രീകൾ ഇല്ലാത്ത ഒരു നാടകം എവിടുന്നു കിട്ടും? അന്വേഷിച്ചന്വേഷിച്ച് ഒടുവിൽ എവിടെ നിന്നോ ഒരു നാടകം സംഘടിപ്പിച്ചു.
മൂന്നാഴ്ച കൊണ്ട് നാടകം റെഡിയാക്കിയെടുക്കണം.
നാടകത്തിനുള്ള റിഹേഴ്സൽ നടന്നത് എന്റെ മുറിയോട് ചേർന്ന നീളൻ വരാന്തയിൽ വച്ചായിരുന്നു. കൃഷ്ണപ്പയായിരുന്നു സംവിധായകൻ. നാടകത്തിൽ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങളും അന്നാട്ടുകാരുമായിരുന്നു.
കൃഷ്ണപ്പ നാടകത്തിന്റെ കഥ എല്ലാവരോടുമായി പറഞ്ഞു. ഗ്രാമത്തിലെ ഒരു ജന്മിയുടെ ക്രൂരതയിൽ നിന്ന് ഒരധ്യാപകന്റെ പരിശ്രമഫലമായി കുടിയാന്മാർക്ക് നീതി തിരിച്ചു കിട്ടുന്ന ഒരു കഥയായിരുന്നു അത്.

മൊളക്കാൽമുരു ബസ്റ്റാൻറ്
മൊളക്കാൽമുരു ബസ്റ്റാൻറ്

കഥ കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു.

ഒരു ജന്മി, ജന്മിയുടെ ഒരു കാര്യദർശി, ആറോളം കുടിയാൻമാർ ഒരു അധ്യാപകൻ ഇങ്ങനെ ഈ നാടകത്തിൽ ഒമ്പതു കഥാപാത്രങ്ങളുണ്ടായിരുന്നു. ഓരോരുത്തർക്കുമുള്ള വേഷങ്ങൾ കൃഷ്ണപ്പ പറഞ്ഞുകൊടുത്തു. അതോടൊപ്പം ഓരോരുത്തരുടെയും ഡയലോഗുകൾ അവരവർ ഒരു നോട്ടു ബുക്കിൽ എഴുതിയെടുത്തു കൊണ്ടുപോവുകയും ചെയ്തു.
രണ്ടാംദിവസം നാടകത്തിന്റെ പ്രാക്ടീസ് തുടങ്ങി.
കൃഷ്ണപ്പ നാടകത്തിന്റെ ആദ്യരംഗത്തെക്കുറിച്ച് വിശദീകരിച്ചു. കാളകളെയും തെളിച്ചുകൊണ്ട് വയൽ ഉഴുതുമറിക്കാൻ പോകുന്ന ഒരു കർഷകൻ. സ്റ്റേജിന്റെ ഒരറ്റത്തു നിന്ന് വന്ന് മറ്റൊരറ്റത്തേക്ക് അയാൾ നടന്നു മറയുന്നു.
സ്റ്റേജിന്റെ രണ്ടു ഭാഗത്തു നിന്നുമായി കുറെ കർഷകർ എത്തിച്ചേരുന്നു. അവർ കുനിഞ്ഞു നിന്ന് ഞാറു നടന്നു. വിയർപ്പു തുള്ളികൾ തുടച്ചുകളഞ്ഞ് വേദി ഒന്നു ചുറ്റിയശേഷം അടുത്ത ഘട്ടത്തിൽ കള പറിക്കുന്നു. അതു കഴിഞ്ഞ് വീണ്ടും വേദിയിൽ ഒന്നുകൂടി ചുറ്റിവന്ന് നെല്ലു കൊയ്യുന്നു. പിന്നണിയിൽ ഒരു വായ്ത്താരിയുണ്ട്. കുറച്ചു മാത്രം സംഭാഷണങ്ങളും.

അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങളാണെങ്കിലും ആദ്യഭാഗം എല്ലാവരും വേഗത്തിൽത്തന്നെ പഠിച്ചെടുത്തു. നാടകത്തിന്റെ അടുത്തരംഗം ജന്മി വയലിലേക്ക് വരുന്നതും തങ്ങളുടെ അടിമകളായ കുടിയാന്മാരോട് കൊയ്ത നെല്ലെല്ലാം തന്റെ വീട്ടിൽ കൊണ്ടുപാകാൻ കല്പിക്കുകയും ചെയ്യുന്നതാണ്. ആ ഭാഗവും രണ്ടു മൂന്നു ദിവസംകൊണ്ട് ഒരു വിധം നന്നായി ചെയ്തെടുത്തു.
കുടിയാന്മാരുടെ ദുരിതങ്ങൾ മനസ്സിലാക്കി അധ്യാപകൻ രംഗത്തെത്തുകയും അനീതി ചോദ്യം ചെയ്യുന്നതുമായ ഭാഗമാണ് മൂന്നാംരംഗം. കട്ടിയേറിയ നീളൻ ഡയലോഗുകളായിരുന്നു ഈ ഭാഗത്തുണ്ടായിരുന്നത്. അധ്യാപകനായി അഭിനയിക്കുന്ന ആൾ ഡയലോഗിനു മുന്നിൽ പലപ്പോഴും അടി പതറി.
കൃഷ്ണപ്പ എന്നോട് പറഞ്ഞു.""മേഷൊന്നു പ്രോംപ്റ്റ് ചെയ്തു കൊടുക്കണം.''
ഞാൻ അധ്യാപകന്റെ ഡയലോഗുകൾ പ്രോംപ്റ്റ് ചെയ്തുകൊടുത്തു. എന്നിട്ടും ഡയലോഗ് അവതരണവും അഭിനയവും ശരിയാവുന്നില്ല. ഇനി രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. എല്ലാവരും നിരാശരായിത്തുടങ്ങി.

റിഹേഴ്സൽ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയിക്കഴിഞ്ഞ ആ രാത്രികാലങ്ങളിൽ വരാന്തയിൽ നിന്നുകൊണ്ട് ജന്മിയെ വിചാരണചെയ്യുന്ന തീപ്പൊരി ഡയലോഗുകൾ ഞാൻ ഉച്ചത്തിൽ ഉരുവിട്ടു നിൽക്കും

ഒരു ദിവസം റിഹേഴ്സൽ കഴിഞ്ഞ് എല്ലാവരും പോകാൻ നേരം അധ്യാപകനായി വേഷമിടുന്ന ആൾ എന്റെ അടുത്തു വന്നു പറഞ്ഞു.""മാഷൊന്നു സഹായിക്കണം അധ്യാപകന്റെ വേഷം മാഷ് ചെയ്താൽ നന്നായിരുന്നു.''
കുറച്ച് കഴിഞ്ഞ് കൃഷ്ണപ്പയും എന്റെ അടുത്തു വന്ന് അതുതന്നെ പറഞ്ഞു.
അങ്ങനെ പിറ്റേന്നു മുതൽ ഞാനും നാടകത്തിലെ ഒരാളായി. നേരത്തെ പ്രോംപറ്റ് ചെയ്തുകൊടുത്തതുകൊണ്ട് എനിക്ക് ഡയലോഗുകൾ ഏറെക്കുറെ കാണാപാഠമായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ഭാഗം വേഗത്തിൽത്തന്നെ ഞാൻ പരിശീലിച്ചെടുത്തു. കൃഷ്ണപ്പ എന്റെ കാര്യത്തിൽ ഹാപ്പിയുമായിരുന്നു.
റിഹേഴ്സൽ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയിക്കഴിഞ്ഞ ആ രാത്രികാലങ്ങളിൽ വരാന്തയിൽ നിന്നുകൊണ്ട് ജന്മിയെ വിചാരണചെയ്യുന്ന തീപ്പൊരി ഡയലോഗുകൾ ഞാൻ ഉച്ചത്തിൽ ഉരുവിട്ടു നിൽക്കും. ആദ്യദിവസങ്ങളിൽ ഡയലോഗുകൾ പറയുന്ന ഉച്ചത്തിലുള്ള എന്റെ ശബ്ദം കേട്ട് സീതണ്ണയും സുഖരാജുമൊക്കെ വാതിൽ തുറന്നുനോക്കുകയും ചിരിച്ചുകൊണ്ട് അവരവരുടെ മുറികളിലേക്ക് തന്നെ തിരിച്ചുപോവുകയും ചെയ്തു.

ആഗസ്ത് പതിനഞ്ചെത്തി.

പ്രൊഫ ടി. ശോഭീന്ദ്രൻ / ഫോട്ടോ : മുഹമ്മദ് ഹനാൻ
പ്രൊഫ ടി. ശോഭീന്ദ്രൻ / ഫോട്ടോ : മുഹമ്മദ് ഹനാൻ

മൊളക്കാൽമുരു ബ്ലോക്ക് ഓഫീസിനടുത്തുള്ള ഗായത്രിശാല സ്‌കൂൾ മൈതാനത്താണ് സ്റ്റേജ് ഒരുക്കിവച്ചിരുന്നത്. സന്ധ്യയോടെ മേക്കപ്പ് മാൻ വന്നു. ഓരോരുത്തരായി അവരുടെ വേഷത്തിലേക്ക് രൂപംകൊണ്ട് മാറിക്കൊണ്ടിരിക്കുന്നു.
എന്റെ വേഷം ഒരധ്യാപകന്റെ പരമ്പരാഗതമായ വേഷമാണ്. മലയാളികളുടെ ചുറ്റിവരിഞ്ഞുള്ള മുണ്ടുടുപ്പ് അല്ല അത്. കർണാടക ശൈലിയിലെ ദോത്തി. മുമ്പിൽ നിന്ന് പിറകിലേക്ക് കോർത്തു വലിച്ചു ഉടുക്കുന്ന രീതിയിൽ ആരൊക്കെയോ ചേർന്ന് എന്നെ ദോത്തി ഉടുപ്പിച്ചു. അതുമായി ഒന്നു പൊരുത്തപ്പെടാൻ തന്നെ ഞാൻ കുറച്ച് സമയമെടുത്തിരുന്നു. ദോത്തി അഴിഞ്ഞുപോകുമോ എന്ന ഭയമായിരുന്നു ആദ്യം. അതുമാറ്റാൻ ഒരു ബെൽട്ടുകൊണ്ട് ചുറ്റി വരിഞ്ഞു. അതോടെ ആ പ്രശ്നം മാറിക്കിട്ടി. രണ്ടാമത്തെ പ്രശ്നം നടക്കുമ്പോൾ അത് കാലിലുരഞ്ഞ് ഒരു അലോസരം മാതിരി. കുറെസമയം അതുമിട്ട് നടന്നുകൊണ്ടുതന്നെ അതും മാറ്റിയെടുത്തു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രസംഗ പരിപാടികൾ കഴിയുമ്പോഴേക്കും സമയം രാത്രി ഒമ്പതു മണിയായിരുന്നു. നാടകം കാണാൻ മൊളക്കാൽമുരുവിലെ ജനാവലിയാകെത്തന്നെയുണ്ട്. നാടകത്തിലെ രംഗങ്ങളെല്ലാം നന്നായിത്തന്നെ മുന്നോട്ടു പോയി. ഒരു അധ്യാപകനായി കന്നടക്കാരുടെ വേഷത്തിൽ എത്തിയ എന്നെ ആളുകൾ തിരിച്ചറിഞ്ഞിരിക്കണം. അവർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.
സ്വതന്ത്ര ഇന്ത്യയിലെ ഒരു പൗരൻ സാമൂഹികനീതിക്കു വേണ്ടി ജന്മിയോട് വാദിക്കുന്നത് അവിടത്തെ സാധാരണക്കാരായ ആളുകളെയെല്ലാം ആവേശം കൊള്ളിച്ചിട്ടുണ്ടാകണം.
ഈ മണ്ണിനെ പച്ചയാക്കി, കതിരാക്കി.
അന്നമാക്കി മാറ്റുന്നവൻ
അവന് തിന്നാൻ നിങ്ങളെന്തുകൊടുക്കുന്നു?
പട്ടിണിമാത്രം തിന്ന് അവരിവിടെ മരിച്ചുവീഴുമ്പോൾ
ആ ശവംപോലും വളമെന്ന് കരുതി നിങ്ങളിവിടെ
സുഖമായി ജീവിക്കുന്നു.
കാലം നിങ്ങളോട് പൊറുക്കില്ല.
നിങ്ങൾ ആരാധിക്കുന്ന ദൈവങ്ങളും നിങ്ങളുടെ കൂടെയുണ്ടാവില്ല.
എന്നവസാനിക്കുന്ന ശാപമുനയുള്ള വാക്കുകൾ പറയുന്നതോടെ ജന്മി ഭയന്നുപോവുകയും തന്റെ തെറ്റു മനസ്സിലാക്കി കർഷകർക്ക് അനുകൂലമായി ചില കാര്യങ്ങൾ നടപ്പിലാക്കുന്നതായി പറയുകയും ചെയ്യുന്നു. കർഷകരെല്ലാം അധ്യാപകനെ തോളിലേറ്റി നൃത്തംവയ്ക്കുന്നു. നാടകത്തിന്റെ കർട്ടൻ വീണപ്പോൾ നിർത്താത്ത കയ്യടിയായിരുന്നു.

കർഷകരും കൂലിപ്പണിക്കാരുമായ ആളുകളുടെ വീടുകളാണ്. ഇല്ലായ്മയുടെ ചുറ്റുപാടുകൾ. എങ്കിലും അവരുടെ മനസ്സിലെ സ്നേഹം ഒന്നുകൊണ്ടു മാത്രം അവർ ഈ ലോകത്തിലെ ഏറ്റവും സമ്പന്നരായി പെരുമാറാൻ അവർക്ക് കഴിഞ്ഞിരുന്നു.

പിറ്റേ ദിവസം കോളെജിൽ ചെന്നപ്പോൾ കുട്ടികളിൽ ചിലർ പറഞ്ഞു.""മേഷെ, മേഷെുടെ കന്നട ഡയലോഗുകൾ ഉഷാറായിരുന്നു.''
ഞാൻ തിരിച്ചു ചോദിച്ചു. ""കന്നട മാത്രമേ ഉഷാറായുള്ളൂ?''
അവർ ചിരിച്ചുകൊണ്ടു പറഞ്ഞു.എല്ലാം ഉഷാറായിരുന്നു മേഷെ. ഡയലോഗും അഭിനയവുമെല്ലാം.
അതു കേട്ട് സന്തോഷിച്ചുകൊണ്ട് ഞാൻ ഹുസൈനിയുടെ അടുത്ത് ചെന്നിരുന്നു. ഹുസൈനിയുടെ ഉർദു ശായരികളിൽ മുഴുകി അന്നത്തെ വൈകുന്നേരവും കടന്നുപോയി.

ഇരുപത്തി എഴ്

മറുനാട്ടുകാരന്റെ പെരുന്നാൾ പൊതികൾ

മൊളക്കാൽമുരു ജൂനിയർ കോളെജിൽ പഠിക്കുന്ന കുട്ടികളിൽ കൂടുതൽപേരും അന്നാട്ടുകാർ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ നാട്ടിൽ ഉത്സവങ്ങൾ നടക്കുന്ന സമയത്തും പെരുന്നാൾ കാലത്തുമൊക്കെ മറുനാട്ടുകാരനായ എന്നെ താത്പര്യത്തോടെ അവർ വീട്ടിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. മൊളക്കാൽമുരുവിലെ ബാഹ്യലോകത്തുനിന്ന് ആ ഗ്രാമത്തിന്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കാൻ ഇത്തരം യാത്രകളിലൂടെയാണ് എനിക്ക് സാധിച്ചത്.
നോമ്പുകാലത്ത് കുട്ടികൾ വന്ന് എന്നോട് പറഞ്ഞു.
മേഷെ നാളെ എന്റെ വീട്ടിലേക്ക് വരണം.
ഇതുപോലെ കുട്ടികളിൽ പലരും വന്നു വിളിക്കുന്നു.
ഓരോ ദിവസവും വൈകുന്നേരം ആറു മണിയോടടുക്കുമ്പോൾ ക്ഷണിച്ച കുട്ടികൾ മുറിയിൽ ഹാജരായിട്ടുണ്ടാവും.
ആദ്യദിവസം ഞാൻ സീതണ്ണയുടെ അടുത്തു ചെന്നു ചോദിച്ചു.
കുട്ടികൾ വന്നിട്ടുണ്ട്. മേഷ് വരുന്നില്ലേ ?
സീതണ്ണയെയും ഇവിടെ താമസമാക്കിയ മറ്റുള്ളവരെയും ഇതുപോലെ കുട്ടികൾ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്.
സുഖരാജിനോടും ചിന്നപ്പയ്യയോടും മൂർത്തിയോടും ചോദിച്ചു. പക്ഷെ അവരാരും കുട്ടികളുടെ വീടുകളിലേക്ക് പോകാൻ എന്തുകൊണ്ടോ താത്പര്യം കാണിച്ചില്ല.
അവരെല്ലാവരും കൂടി പറഞ്ഞു.
മേഷ് പോയ് വരൂ. മേഷാകുമ്പോൾ കുട്ടികളോടൊപ്പമുള്ള യാത്രയും ഇഷ്ടമാവും.
എനിക്ക് ഒരു താത്പര്യക്കേടും തോന്നിയിരുന്നില്ല. കാരണം അവർ അത്രയും ആത്മാർത്ഥമായാണ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാൻ വന്നു നിൽക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവർക്കും വേണ്ടി കുട്ടികളുടെയും വീട്ടുകാരുടെയും സന്തോഷത്തിനു വേണ്ടി ഇഷ്ടത്തോടെത്തന്നെ അവരോടൊപ്പം യാത്രയായി. താമസസ്ഥലത്തു നിന്ന് നടക്കാവുന്ന ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കർഷകരും കൂലിപ്പണിക്കാരുമായ ആളുകളുടെ വീടുകളാണ്. ഇല്ലായ്മയുടെ ചുറ്റുപാടുകളാണ് മിക്ക വീടുകളുടെയും കാഴ്ച. എങ്കിലും അവരുടെ മനസ്സിലെ സ്നേഹം ഒന്നുകൊണ്ടു മാത്രം അവർ ഈ ലോകത്തിലെ ഏറ്റവും സമ്പന്നരായി പെരുമാറാൻ അവർക്ക് കഴിഞ്ഞിരുന്നു.

വീടുകളിലെത്തിയാൽ അവരോട് കന്നടമാത്രം പറയാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരു മറുനാട്ടുകാരനെ ആദ്യമായി കാണുന്നവരായിരുന്നു വീടുകളിലുള്ള പലരും. ഒരു മറുനാട്ടുകാരൻ വീട്ടിൽ വന്നിരുന്ന് കന്നട സംസാരിക്കുന്നത് അവരിൽ പലർക്കും അത്ഭുതമായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് എന്നോട് സംസാരിക്കാൻ ഭാഷ ഒരു പ്രശ്നമായിരുന്നില്ല.
വീട്ടിലെ പ്രായമായ ആളുകൾക്കാണ് വിശേഷങ്ങൾ ചോദിക്കാൻ കൗതുകം കൂടുതലുള്ളത്.

പ്രൊഫ ടി. ശോഭീന്ദ്രൻ
പ്രൊഫ ടി. ശോഭീന്ദ്രൻ

നാട്, വീട്, വീട്ടുവിശേഷങ്ങൾ ഒക്കെയും അവർക്ക് ചോദിച്ചറിയണം. എന്നാലേ ഒരതിഥിയെ വേണ്ടവണ്ണം സത്കരിച്ചതായി അവർക്ക് തോന്നുകയുള്ളൂ. കോളെജ് വിശേഷങ്ങളിലെത്തിച്ചേരുമ്പോൾ എല്ലാവരും ഹിദായത്തുള്ള ഹുസൈനിയെപ്പറ്റി ചോദിച്ചു. എല്ലാവർക്കും ഹുസൈനിയെ നല്ലതുപോലെ അറിയാമായിരുന്നു.
ചിലർ പറഞ്ഞു. പലപ്പോഴായി മേഷെ ഞാൻ കണ്ടിട്ടുണ്ട്. ചില വേദികളിൽ ഹുസൈനി മേഷുടെ കൂടെ.
അതു കേട്ട് ഞാനവരോട് മറുപടി പറഞ്ഞു.
എനിക്ക് ഹൂസൈനിയുടെ പ്രഭാഷണവും ശായരികളും ഇഷ്ടമാണ്.
അതുകൂടി കേൾക്കുമ്പോഴേക്കും ഒരു മറുനാട്ടുകാരൻ എന്ന കൗതുത്തിനപ്പുറം അവരെന്നെ അടുത്ത ഒരു ബന്ധുവായി കാണുകയും ആ സ്നേഹത്തോടെ കുറേ നേരം പലതും സംസാരിച്ചിരിക്കുകയും ചെയ്യും.
നോമ്പുതുറയ്ക്ക് പലഹാരങ്ങൾ പലതും നിരത്തിവച്ചിരുന്നു. അവയിൽ പലതും വേണ്ടത്ര കഴിക്കാറുമുണ്ടായിരുന്നു. എന്നിട്ടും യാത്രപറഞ്ഞു തിരിച്ചിറങ്ങുമ്പോൾ ഒരു പൊതി കൂടി കുട്ടികളുടെ കൈയിൽ ഏൽപിച്ചിട്ട് ഉമ്മമാർ പറയും
മേഷ് വീട്ടിൽ നിന്ന് വിട്ടുനിൽക്കുകയല്ലേ വിശക്കുമ്പോൾ
എടുത്തു കഴിക്കാൻ വേണ്ടിയാണിത്.
അവിടത്തെ വീടുകളൊക്കെയും അടുത്തടുത്തു തന്നെയായിരുന്നു. ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ അടുത്ത വീട്ടിലെ കുട്ടി വഴിയരികിൽ കാത്തുനിൽക്കുന്നുണ്ടാവും.
എന്നെ കണ്ട ഉടനെ പറയും.
മേഷെ, അക്കാണുന്നതാണ് എന്റെ വീട്. ഒന്നു കയറിയിട്ടുപോകാം. ഇങ്ങനെ ഓരോ ദിവസവും മൂന്നോ നാലോ വീടുകളിൽ കയറിയിറങ്ങുകയും വീട്ടുകാരെ പരിചയപ്പെടുകയും ശേഷം യാത്രപറയുകയും ചെയ്യും. മടങ്ങുന്നതിനിടയിൽ ചില വീട്ടുകാർ പലഹാരം പൊതിഞ്ഞു കയ്യിൽ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു.
മുറിയിൽ മറ്റു അധ്യാപകരും കൂടിയില്ലേ അവർക്കും
കൂടി കൊടുക്കാൻ വേണ്ടിയാണ്.
എല്ലാ വീടുകളിൽനിന്നും മടങ്ങുമ്പോൾ ഒരുപലഹാര പൊതി കൂടി തന്നുവിടുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണോ എന്നു ഞാൻ സംശയിച്ചു പോയിരുന്നു. എന്നാൽ അത് അവരുടെ കരുതലിന്റെയും സ്നേഹത്തിന്റെയും പൊതികളാണെന്ന് പിന്നീട് എനിക്ക് മനസ്സിലാവുകയും ചെയ്തു. ഒരു രാത്രിയിലെ സൽക്കാരം കഴിഞ്ഞ് മുറിയിലെത്തുമ്പോഴേക്കും മറ്റുള്ളവർ ബസണ്ണയുടെ കടയിൽ നിന്ന് ഭക്ഷണം കഴിച്ച് തിരിച്ചെത്തിയിട്ടുണ്ടാവും.
കാലങ്ങൾക്കുശേഷം ഒരു ബന്ധു കൈനിറയെ പലഹാരങ്ങളുമായി ബന്ധുവീട്ടിൽ എത്തിച്ചേരുന്ന പോലെ ഞാൻ താമസ സ്ഥലത്ത് എത്തിച്ചേരും. അവിടെയെത്തിയാൽ ഞാൻ ഓരോരുത്തരെയായി വിളിക്കും.
സീതണ്ണാ ഇങ്ങോട്ട് വരൂ.
സുഖരാജ്, സുഗുണയ്യാ വരൂ.
വിളിക്ക് കാതോർത്തിരിക്കുന്നപോലെ അക്ഷണത്തിൽ അവരെല്ലാം എത്തിച്ചേരും. ക്ലബിലെ ചീട്ടുകളിയുടെ സമയമായതിനാൽ ചിന്നപ്പയ്യ ആ നേരത്തൊന്നും അവിടെ ഉണ്ടാകാറില്ലായിരുന്നു.
അവർ ഓരോ പൊതിയും തുറന്നു നോക്കി. ഓരോതരം പലഹാരങ്ങൾ പലവിധ രുചികൾ. കൊണ്ടുവന്നതെല്ലാം എല്ലാവരും കൂടി പങ്കിട്ടു കഴിക്കുകയും മധുരം തിന്ന് ചെടിച്ച് ആ മധുരരാത്രികളിൽ പതിവിലും നേരത്തെ അവരൊക്കെയും ഉറക്കത്തിലേക്ക് വഴുതുകയും ചെയ്തു.

എന്നെ അനുഗമിക്കുന്ന കുട്ടികളുടെ കയ്യിൽ ബിരിയാണിയുടെ ഓരോ പൊതികൾ ആ പെരുന്നാൾ ദിവസങ്ങളിലും വീട്ടുകാർ കൊടുത്തു വിട്ടിരുന്നു. ഉച്ചമയക്കം കഴിഞ്ഞ് മുറിയിലെ ചങ്ങാതിമാർ ഉണരുന്നത് ഈ ബിരിയാണി മണത്തിലാണ്

പെരുന്നാൾ ദിവസവും ഇതുപോലെ കാര്യമായി കുട്ടികളുടെ ക്ഷണമുണ്ടായിരുന്നു. അതിൽ പലരുടെയും ക്ഷണത്തെ ഇനിയൊരിക്കൽ ആവാമെന്ന് പറഞ്ഞു മാറ്റി മാറ്റി വയ്ക്കാൻ ശ്രമിക്കും. എത്ര മാറ്റി വച്ചാലും ഒടുക്കം രണ്ടുമൂന്നുപേരുടെ നിർബന്ധത്തിന് മുന്നിൽ കീഴടങ്ങേണ്ടി വരും.
ഒരു ദിവസം അൻസാരി വന്ന് പറഞ്ഞു.
മേഷെ, അബ്ദുള്ളയുടെ വീട്ടിലേക്ക് പോകാമെന്ന്
പറഞ്ഞിട്ടില്ലേ. അവന്റെ തൊട്ടടുത്താണ് എന്റെയും വീട്. ഇത്തരത്തിലാണ് ഒരു നേരത്തെ പെരുന്നാൾ സൽക്കാരം മൂന്നും നാലും വീടുകളിലേക്കുള്ള യാത്രയായി പരിണമിക്കുന്നത്.
ഒരിടത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ അടുത്ത വീട്ടിലേക്ക് കൊണ്ടുപോകാനായി കുട്ടികൾ മുറ്റത്ത് റെഡിയായി നിൽക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ ഓരോ വീട്ടിൽ നിന്നും കുറച്ചുമാത്രം കഴിച്ച് അടുത്ത വീടുകൾ സന്ദർശിച്ച് പെരുന്നാൾ യാത്രകൾ പൂർത്തിയാക്കലായിരുന്നു പതിവ്.
മേഷ് തീരെ കഴിച്ചില്ല എന്ന് പരിഭവത്തോടെ ഓരോ വീട്ടുകാരും യാത്രയാക്കുമ്പോൾ വയറും മനസ്സും നിറഞ്ഞ സന്തോഷത്തോടെ ഞാൻ നന്ദി പറഞ്ഞ് ഇറങ്ങും. എന്നെ അനുഗമിക്കുന്ന കുട്ടികളുടെ കയ്യിൽ ബിരിയാണിയുടെ ഓരോ പൊതികൾ ആ പെരുന്നാൾ ദിവസങ്ങളിലും വീട്ടുകാർ കൊടുത്തു വിട്ടിരുന്നു. ഉച്ചമയക്കം കഴിഞ്ഞ് മുറിയിലെ ചങ്ങാതിമാർ ഉണരുന്നത് ഈ ബിരിയാണി മണത്തിലാണ്. എത്രതിന്നാലും ബാക്കിയാവാത്ത പൊതികളോട് മത്സരിച്ച് ആ വൈകുന്നേരത്ത് അവരും അവരുടെ മൊളക്കാൽമുരുവിലെ പെരുന്നാൾ ആഘോഷിച്ചു.

ഇരുപത്തി ഏട്ട്

മൊളക്കാൽമുരുവിലെ രാപ്പകലുകൾ

സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ വന്ന് പോസ്റ്റുമാൻ എന്റെ പേര് വിളിച്ചു. ഒരു ടെലഗ്രാമുണ്ട്.
ഞാൻ ട്രെലഗ്രാം വാങ്ങി ആകാംക്ഷയോടെ അതിലെ അക്ഷരങ്ങൾ വായിച്ചു.Selected. Join on 10 th November 1975.
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളെജിൽ നിന്നാണ്. സന്തോഷം കൊണ്ട് എന്റെ മനസ്സ് നിറഞ്ഞു. അതേസമയം നവംബർ പത്ത് എന്ന വാചകത്തിൽ ഞാൻ തപ്പിത്തടഞ്ഞ് നിന്നുപോവുകയും ചെയ്തു. ഇനി ബാക്കിയുള്ളത് വെറും മൂന്നുദിവസം മാത്രം.
ഞാൻ എന്റെയുള്ളിലേക്ക് തന്നെ ഒരു നിമിഷം നോക്കി. മൊളക്കാൽമുരുവിൽ വേരാഴ്ത്തി നിൽക്കുന്ന ഒരു മരമായി ഞാനിപ്പോൾ മാറിയിരിക്കുന്നു. ഈ മണ്ണിൽനിന്ന് വേരുപൊട്ടിച്ച് അങ്ങേയറ്റത്തെ വേദനകളേറ്റുവാങ്ങി വേണം ഇവിടെ നിന്ന് യാത്രയാവാൻ. എന്റെ മുഖത്തെ ഭാവപ്പകർച്ച കണ്ട് വാസുദേവമൂർത്തി അടുത്തു വന്നു ചോദിച്ചു.""എന്തുപറ്റി മേഷെ ?''
ഞാൻ ടെലഗ്രാം കാണിച്ചുകൊടുത്തു. വാസുദേവ മൂർത്തി സന്തോഷത്തോടെ എനിക്ക് നേരെ കൈനീട്ടി. കൈപിടിച്ചു കുലുക്കിക്കൊണ്ട് അഭിനന്ദിച്ചു. എന്റെ ഉള്ളിലും ടെലഗ്രാം സന്ദേശത്തിന്റെ സന്തോഷമുണ്ടായിരുന്നു. നാട്ടിലേക്കുള്ള വഴിയും ആകാശവുമാണ് തുറന്നു കിടക്കുന്നത്. നാടിന്റെ മണം, കാറ്റ്, നാട്ടുപച്ചകൾ എല്ലാം എന്റെ മനസ്സിന്റെ അടിത്തട്ടിൽ എന്നും ആഗ്രഹിക്കുന്നവ തന്നെയായിരുന്നു. എങ്കിലും ഒരു വിഷാദവും ആധിയും അതോടൊപ്പംതന്നെ എന്റെയുള്ളിൽ തളംകെട്ടി നിന്നു.

പ്രകാശയും ശോഭീന്ദ്രനും
പ്രകാശയും ശോഭീന്ദ്രനും

കഴിഞ്ഞതെല്ലാം ഒരു സ്വപ്നംപോലെ മനസ്സിൽ വന്നുതൊട്ടുനിൽക്കുന്നു. പ്രകാശയെ ആദ്യമായി കണ്ടുമുട്ടിയ പൊടിമണ്ണ് പാറുന്ന ഗ്രൗണ്ടിലേക്ക് ഞാൻ നോക്കി. ആദ്യമായി വന്ന ദിവസം ബസവരാജിനൊപ്പം കിടന്നുറങ്ങിയ കോളെജിലെ സ്പോർട്സ് മുറി. ഉറക്കം വരാതെ രാത്രിയിൽ വന്നിരുന്ന കോളെജിലെ ഈ നീളൻ വരാന്ത. ബസ്സ്റ്റാൻഡിൽ എട്ടുംപൊട്ടു മറിയാതെ നിന്നപ്പോൾ കോളെജ് വരെ കൂടെ വന്ന് വഴികാട്ടിയായിത്തീർന്ന ചന്ദ്രണ്ണ. വന്ന അന്നുമുതൽ ഇന്നുവരെ എന്നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്ന ഇവിടത്തെ സ്നേഹസമ്പന്നരായ കുട്ടികൾ.
ഞാൻ ഓരോന്നും ഓർത്തുകൊണ്ട് വരാന്തയിൽ നിൽക്കുമ്പോൾ ഹുസൈനി എന്റെ അടുത്തേക്ക് നടന്നുവന്നു ചോദിച്ചു.""മേഷ് പോവുകയാണല്ലേ ?''
ഞാൻ പറഞ്ഞു. ""പോണം മാഷെ, വീട്ടുകാർ ഒരുപാട് ആഗ്രഹിക്കുന്നു.'' നടന്നുപോവുമ്പോൾ ഹുസൈനി എനിക്കുവേണ്ടി ഒരു ശായരി മൂളി. ""ജുദാ ഹോനെ തോ കിസ്മത് കി ബാത് ഹെ പർ ജുദായി കാ മത്ലബ് ഭുലാനാ നഹി ഹോത്താ''
(വേർപാട് വിധിഹിതമാണ് പക്ഷെ
അതിന്റെ അർത്ഥം മറന്നുപോവലല്ല)

പള്ളി മിനാരങ്ങളിൽ നിന്നുള്ള ബാങ്ക് വിളിക്കൊപ്പം ഹുസൈനി നടന്നുപോവുന്നത് താമസസ്ഥലത്തെ വരാന്തയിൽനിന്ന് ഞാൻ നോക്കി നിന്നു. അതേസമയംതന്നെ പിരിയൻ ഗോവണി കയറി ഒരു സ്ത്രീ അടുത്തേക്ക് വന്ന് എന്നോട് പറഞ്ഞു. മേഷെ ഞാൻ ബസന്ത്കുമാറിന്റെ അക്ക. വീട്ടിൽ വന്ന് തിരിച്ചുപോകുന്നതിനിടയിൽ മാഷെ കണ്ട് ഇതു തന്നിട്ടുപോകാമെന്ന് കരുതി വന്നതാണ്. അതും പറഞ്ഞ് അവർ എനിക്ക് നേരെ ഒരു പൊതിനീട്ടി.
ഇത് മേഷിനുള്ളതാണ് എന്നു പറഞ്ഞ് അത് കയ്യിൽത്തന്ന ശേഷം അവർ ബസ്സ്റ്റാൻഡിലേക്ക് നടന്നുപോയി. അന്ന് വൈകുന്നേരത്തെ ചായകുടിക്കു മുമ്പായി ആ പൊതി ഞാൻ എല്ലാവർക്കുമായി പകുത്തു നൽകി. ഹോളിഗെയും മധുരം നിറച്ച ചില പലഹാരങ്ങളുമായിരുന്നു അത്. ഇതിനു മുമ്പും കുട്ടികളുടെ അക്കമാർ പൊതിഞ്ഞുകൊണ്ടുവന്ന എല്ലാ മധുരങ്ങളെയും മനസ്സിലോർത്തുകൊണ്ട് അവരോടൊപ്പം ഞാനും അതു കഴിച്ചു. മധുരം നുണയുന്നതിനിടയിൽ ചിന്നപ്പയ്യ എന്നോട് ചോദിച്ചു.""മേഷ് ജോയിൻ ചെയ്യുന്ന കോളെജ് ഏതാണ് ?''
ഞാൻ പറഞ്ഞു. ""സാമൂതിരി രാജവംശത്തിന്റെ കോളെജ്. ഞാൻ എം.എക്കു പഠിച്ചത് അവിടെയാണ്. ഇനി അതേ ഡിപ്പാർട്ടുമെന്റിൽ പഠിപ്പിക്കാൻ പോകുന്നു. ഗുരുവായൂരപ്പൻ കോളെജ് വിദൂരതയിൽ നിന്ന് എന്നെ മാടിവിളിക്കുന്നു.'' ഞാനാണെങ്കിൽ മുറിച്ചുമാറ്റാൻ എളുപ്പം കഴിയാത്ത ബന്ധനങ്ങളുടെ തടവറയിൽ പെട്ടുപോവുകയും ചെയ്യുന്നു.
സന്ധ്യയോടെ പ്രകാശ എങ്ങനെയോ വിവരമറിഞ്ഞ് മുറിയിൽ വന്നു. കനത്ത ഒരു നിശബ്ദതയോടെ കുറെ നേരമിരുന്നു. ഇറങ്ങിപ്പോകാൻ നേരം ഞാൻ പ്രകാശയോട് പറഞ്ഞു.""എനിക്ക് രായദുർഗ വരെ ഒന്നു പോകണമായിരുന്നു.''
എന്തിനാണ് എന്ന് പ്രകാശ ചോദിച്ചില്ല.
വരൂ എന്ന് പറഞ്ഞു സ്‌കൂട്ടർ സ്റ്റാർട്ടാക്കി.
ഞങ്ങൾ രായദുർഗയിൽ പോയി വന്നു.
അമ്മയ്ക്ക് ഒരു പട്ടുസാരി. അതാണ് ഇവിടത്തെ ഓരോർമ്മയായി അമ്മയ്ക്കു നൽകാനുള്ള എന്റെ സമ്മാനം. വന്നശേഷം സ്‌കൂട്ടറിൽ തന്നെ പ്രകാശയുടെ വീടുവരെ പോയി. അമ്മയേയും അച്ഛനെയും അംബുജത്തെയും കണ്ട് യാത്ര പറഞ്ഞു. അംബുജ പറഞ്ഞു.""കുട്ടികളാരും ഇതറിഞ്ഞിട്ടില്ലല്ലോ മേഷെ.''
നാളെ എല്ലാവരും അറിയും. വൈകുന്നേരം മടങ്ങുകയും വേണം. പ്രകാശ എന്നെ മുറിയിലേക്ക് തിരിച്ചു സ്‌കൂട്ടറിൽ വിട്ടു തന്നു. പോകാൻ നേരം പ്രകാശ ചോദിച്ചു.""മേഷിന് പോകാതിരിക്കാൻ പറ്റില്ലല്ലോ അല്ലേ ?''
പ്രകാശയുടെ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നു.
ഞാൻ പറഞ്ഞു. ""പോകണം പ്രകാശ. എന്നായാലും എനിക്ക് ഇതുപോലെ പോകേണ്ടി വരില്ലേ ?''
പ്രകാശ ഒന്നു മൂളുകമാത്രം ചെയ്തു.

അന്ന് രാത്രിയിൽ നേരമേറെ കഴിഞ്ഞിട്ടും എനിക്കു മാത്രം ഉറക്കം വന്നില്ല. മൂന്നു വർഷങ്ങൾക്കു മുമ്പ് ഇവിടെ എത്തിച്ചേർന്ന അതേ രാത്രിപോലൊന്ന് ഇന്ന് വീണ്ടും വന്നുചേർന്നിരിക്കുന്നു.

ഇരുട്ടിലേക്ക് വെളിച്ചം പായിച്ചുകൊണ്ട് പ്രകാശ അകന്നകന്നു പോകുന്നത് ഞാൻ നോക്കി നിന്നു.
ബസമ്മയോടും ബസണ്ണയോടും പറഞ്ഞു.""നാളെ മുതൽ ഭക്ഷണം വേണ്ട.''
എന്നും പാലു മുറിയിൽ കൊണ്ടുവന്നു തരാറുള്ള ഒരു മുത്തശ്ശിയുണ്ടായിരുന്നു. അവരോട് പറഞ്ഞു.""നാളെ മുതൽ പാല് വേണ്ട.''
എന്റെ കയ്യിൽ ഒരു മണ്ണെണ്ണ സ്റ്റൗ ഉണ്ടായിരുന്നു. സുഗുണയ്യ പാലു ചൂടാക്കി പാൽക്കട്ടികളുണ്ടാക്കാൻ മിടുക്കനായിരുന്നു. അതുകൊണ്ട് ഞാനത് സുഗുണയ്യയെ ഏൽപിച്ചു. ചന്ദ്രശേഖര ഗൗഡ, ശിവജി വാഞ്ച്റെ, തിപ്പസ്വാമി, നരഹരി ഇവരൊക്കെയും മുറിയിൽ വന്നു കണ്ടു പോയി.
അന്ന് രാത്രിയിൽ നേരമേറെ കഴിഞ്ഞിട്ടും എനിക്കു മാത്രം ഉറക്കം വന്നില്ല. മൂന്നു വർഷങ്ങൾക്കു മുമ്പ് ഇവിടെ എത്തിച്ചേർന്ന അതേ രാത്രിപോലൊന്ന് ഇന്ന് വീണ്ടും വന്നുചേർന്നിരിക്കുന്നു. ഉറക്കം വരാതെ ഞാൻ വരാന്തയിൽ ചെന്നു നിന്നു.
ഞാനോർക്കുകയായിരുന്നു അന്നാദ്യമായി ഇവിടെ എത്തിച്ചേർന്ന ആ ദിവസം. അന്ന് എനിക്ക് ഉറക്കം വരാതിരുന്നത് എന്തുകൊണ്ടായിരുന്നു ?
അവിചാരിതവും അപരിചിതവുമായ ഒരു രാത്രിയായിരുന്നു അന്നത്തേത്. അതിനുശേഷം ഇവിടത്തെ രാപ്പകലുകളോരോന്നും എന്റെ കൂടി സ്വന്തമായി മാറി. ഞാനതിൽ അലിഞ്ഞുചേരുകയും കുട്ടികളോടൊപ്പം സ്വയം മറന്ന് ഒഴുകിപ്പോവുകയും ചെയ്തു. അന്ന് ആ രാത്രി കഴിഞ്ഞ് തിരിച്ചുപോവാൻ തിടുക്കം കൂട്ടിയ മനസ്സ് ഇപ്പോൾ ഇവിടം വിട്ട് പോവുന്നതിനെച്ചൊല്ലി വേദനിക്കുന്നു. ഉറക്കംവരാതെ, ആരുമറിയാതെ ഉള്ളിലൂറിക്കൂടുന്ന വേദനകളിൽ നിന്നുകൊണ്ട് എന്തിനോവേണ്ടി നിലവിളിക്കുന്നു.

പിറ്റേ ദിവസം ക്ലാസിൽ ചെന്ന് ഞാൻ പറഞ്ഞു.""എന്റെ മൊളക്കാൽമുരുവിലെ ജീവിതം അവസാനിക്കുന്നു.''
ഞാൻ പോകുന്നു.
കുട്ടികൾ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്.
യാത്ര പറയലിനും യാത്ര അയയ്ക്കലിനുമൊന്നും ചിലപ്പോൾ കാലം സമയം അനുവദിക്കാറില്ല. വേദനയിൽ പൊള്ളുന്ന നേരങ്ങളിൽ നീട്ടിക്കിട്ടുന്ന സമയം പോലെ വേദനാഭരിതമായി മറ്റൊന്നില്ല. അന്ന് വൈകുന്നേരം ഭീമാചാരിയുടെ മുമ്പാകെ ചെന്ന് അവിടത്തെ രജിസ്റ്ററിൽ ഞാൻ അവസാനത്തെ ഒപ്പിട്ടു. ഭീമാചാരി എന്നെ കെട്ടിപ്പിടിച്ചു.

മൊളക്കാൽമുരു ഗവ. ജൂനിയർ കോളേജ്​
മൊളക്കാൽമുരു ഗവ. ജൂനിയർ കോളേജ്​

കുട്ടികളിൽ പലരും വെറ്റിലയും അടക്കയുമൊന്നുമില്ലാതെ എന്റെ അടുത്തേക്ക് വന്ന് കാൽതൊട്ട് അനുഗ്രഹം തേടി. മുറിയടച്ച് പിരിയൻഗോവണി ഇറങ്ങുമ്പോൾ ഒന്നു കൂടി നോക്കി നുങ്കെമലയോട് ഞാൻ യാത്രപറഞ്ഞു.
ശ്രീവത്സയും സെയ്ഫുള്ളയും എന്റെ ബാഗ് എടുത്തു നടന്നു. അവരുടെ ഒപ്പം കുറച്ച് കുട്ടികളുമുണ്ടായിരുന്നു.
അവരെല്ലാവരും കൂടി എന്നോട് ചോദിച്ചു""മേഷ് ഇനിയും വരില്ലേ ?''
ഞാനവരോട് പറഞ്ഞു. തീർച്ചയായും വരും.
സീതണ്ണയും സുഖരാജും വാസുദേവമൂർത്തിയും ചിന്നപ്പയ്യയും നാട്ടിലേക്ക് വരുമെന്നും ഇതുപോലെ കുറച്ചു ദിവസം ഒന്നിച്ചു കൂടുമെന്നും ഉറപ്പു തന്നു.
ശിവജിയും ഗൗഡയും നരഹരിയും തിപ്പസിയും അരികിൽത്തന്നെ നിന്നു. ബസ് വന്നപ്പോൾ പ്രകാശ എന്നെ ഹൃദയത്തോട് ചേർത്തു നിർത്തി കെട്ടിപ്പിടിച്ചു. കണ്ണീർ പൊടിയുന്ന ഒരു നോട്ടത്തിൽ പറയാനുള്ള എല്ലാ വാക്കുകളത്രയും പകർത്തി വച്ചുകൊണ്ട് ഞങ്ങൾ ഒരു നിമിഷം മുഖാമുഖം നോക്കി. ബസ് നീങ്ങാൻ നേരം മൊളക്കാൽമുരുവിലെ പ്രിയപ്പെട്ടവരൊക്കെയും എനിക്കു നേരെ കൈവീശി. അവർക്കുനേരെ എന്റെ കൈകളും വായുവിൽ ഒഴുകി. സ്വന്തം നാട്ടിലേക്ക് കണ്ണീരോടെ ഒരു യാത്ര.

ബസ്സിൽ നിന്ന് വഴിയോരക്കാഴ്ചകളെ ആർത്തിയോടെ എത്തിനോക്കാറുള്ള കണ്ണുകളിൽ ഇപ്പോൾ മങ്ങിയ കാഴ്ച മാത്രമേയുള്ളൂ. ഞാൻ കണ്ണുകൾ ഇറുകെയടച്ച് ബസ്സിലിരുന്നു.
മൊളക്കാൽമുരുവിലെ വഴിത്താരകളോരോന്നും മനസ്സിൽ തെളിഞ്ഞു വരുന്നു. കിഴക്കൻഘട്ടമലനിരകളിൽ നിന്ന് പശ്ചിമഘട്ടമലനിരകളുടെ താഴ്വരയിലേക്കാണ് ഈ യാത്ര. ഉരുളക്കിഴങ്ങ് രൂപത്തിലുള്ള പാറക്കൽ മലനിരകളിൽ അസ്തമനം തൊട്ടു നിൽക്കുന്നു. മൊളക്കാൽമുരുവിലെ സ്നേഹഭരിതമായ രാപ്പകലുകളിൽ നിന്ന് ഞാൻ അകന്നകന്നു പോയി. എന്നെന്നേക്കുമായി.

ഇരുപത്തിയൊമ്പത്

നാൽപതു വർഷങ്ങൾക്കു ശേഷം

നാൽപതു വർഷങ്ങൾക്കുശേഷം മൊളക്കാൽമുരുവിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. 16 വർഷംമുമ്പ് വിരിച്ചിട്ട പാളങ്ങളിലൂടെ തീവണ്ടി പാഞ്ഞുപോകുന്നു. കഥയും കാലവുമെല്ലാം മാറി. മനസ്സ് പുരാതനമായ ഓർമ്മകളിലേക്ക് നോക്കി അതിനെ വീണ്ടെടുക്കാനുള്ള ഏകാന്തമായ ഒരു ശ്രമം നടത്തുന്നു.

വീണ്ടും വരാമെന്ന് പറഞ്ഞ വാക്കുകൾക്ക് നാൽപതുവർഷത്തെ നീളമുണ്ടാകുമെന്ന് അന്ന് കരുതിയതേയില്ല. പ്രകാശ എവിടെ ? ശ്രീവത്സയും മറ്റു കുട്ടികളും ? അറിയില്ല. എന്റെ ജീവിതം എന്നും എത്തിയ കരകളിലെ വട്ടംചുറ്റലായിരുന്നു. അതുകൊണ്ടുതന്നെ ഇക്കാലത്തിനിടയ്ക്ക് ഹൃദയത്തോട് ചേർത്തുനിർത്തേണ്ടിയിരുന്ന പല സ്നേഹബന്ധങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെടുകയും തിരിച്ചുകിട്ടാത്തവിധം വേർപ്പെട്ടുപോവുകയും ചെയ്തിട്ടുണ്ട്.
ഓർമ്മകളുടെ കണക്കുപുസ്തകത്തിൽ ഇതുപോലെ തീരാനഷ്ടങ്ങളുടെ ശിഷ്ടങ്ങളും ആവർത്തനങ്ങളും മാത്രം. എല്ലാം കഴിയുമ്പോൾ ജീവിതത്തിൽ അവശേഷിക്കുന്നത് എന്തായിരിക്കും. ഓർമ്മകൾ മാത്രമോ ? ഓർമ്മകൾക്ക് ജീവൻ നഷ്ടപ്പെട്ട് ഒടുവിൽ അതും മാഞ്ഞുപോകില്ലേ ? ശൂന്യമായ ഒരാകാശത്ത് മേഘങ്ങൾ വന്നുപോവുന്നതുപോലെ. ശൂന്യതയിൽ നിന്ന് ശൂന്യതയിലേക്കുള്ള ഒരു പോക്കുവരവായി ജീവിതം മാറുന്നു.

വണ്ടി പാഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ താടിരോമങ്ങളിലൂടെ വിരലോടിക്കുകയും അതിന്റെ അറ്റംപിടിച്ചു ഒന്നു നോക്കുകയും ചെയ്തു. അന്ന് കറുത്തു മുറ്റിനിന്നിരുന്ന താടിരോമങ്ങളെല്ലാം ഇന്ന് വെളുത്തു കഴിഞ്ഞു. കാലം ഇതുപോലെ ഓരോരുത്തരുടെ മേലും എത്രയോ മാറ്റങ്ങൾ വരച്ചുവച്ചു കൊണ്ടിരിക്കുന്നു, അനന്തകാലങ്ങളായി. മൊളക്കാൽമുരുവിലെത്തിയാൽ എന്നെ തിരിച്ചറിയുന്നവർ ആരുണ്ടാകും? ഒന്നും അറിയില്ല. പരിചിതമായ ഒരിടത്തേക്ക് കാലങ്ങൾക്കുശേഷം പോകുന്ന യാത്രകളെല്ലാം ആദ്യമായി പോകുന്നതുപോലെ തികച്ചും അപരിചിതമോ അന്യമോ ആയി മാറുന്നു. മൊളക്കാൽമുരുവിലേക്ക് വരുന്ന കാര്യം ആരെയും അറിയിച്ചിട്ടില്ല. അതറിയിക്കാനുള്ള വഴികളൊന്നും തുറന്നുകിട്ടിയതുമില്ല. അന്നാദ്യമായി പോകുന്ന സമയത്തെന്നപോലെ അനിശ്ചിതമായ വഴികളിലൂടെതന്നെയാണ് യാത്രയും മനസ്സും ഇന്നുംസഞ്ചരിക്കുന്നത്.

കാണുന്ന ആൾരൂപങ്ങളിൽ പരിചിതരായ ആരെങ്കിലുമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പ്രകാശയുടെ സ്‌കൂട്ടർ സഞ്ചരിച്ചിരുന്ന വഴികൾക്ക് ഇപ്പോൾ വീതിയേറെക്കൂടി. പ്രകാശയെ ഇന്നു കണ്ടാൽ തിരിച്ചറിയുമോ ? ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചുപോകുന്നു

തീവണ്ടി ഡെക്കാൻ പീഠഭൂമിലേക്ക് പ്രവേശിക്കുന്നു. ആ നേരത്ത് ഞാൻ സുഹൃത്തായ അബ്രഹാം ബെൻഹറിനോട് പറഞ്ഞു. എന്നെ പാകപ്പെടുത്തിയ മണ്ണാണിത്. മനസ്സിന്റെ ശിലാപാളികളിൽ ഒരുപാട് ഓർമ്മകൾ കൊത്തിവച്ച മണ്ണ്.
ബെൻഹർ മഹാശിലാസംസ്‌കാരങ്ങളെക്കുറിച്ച് പഠിക്കുന്നു. മനുഷ്യവംശത്തിന്റെ പുരാതനകാലത്ത് ബ്രഹ്‌മഗിരിയുടെ താഴ്വരകളിൽ അവശേഷിപ്പിച്ചുപോയ കല്ലറകൾ തേടിയാണ് ബെൻഹറിന്റെ യാത്ര. ഞാനാണെങ്കിൽ ഒരുജന്മത്തിന്റെ പതിറ്റാണ്ടുകൾക്കപ്പുറത്തെ ഓർമ്മകളുടെ അവശിഷ്ടഭൂമിയിലേക്കും.
ബെൻഹറിനോട് ഞാൻ പറഞ്ഞു.
വാസുദേവമൂർത്തിയും സീതണ്ണയുമൊക്കെ വീട്ടിൽ വന്നിരുന്നു. രണ്ടുമൂന്ന് ദിവസം താമസിച്ചാണ് അന്ന് മടങ്ങിയത്. മൊളക്കാൽമുരുവിലെ കഥകളിൽ പലതും ബെൻഹറിന് അറിയാമായിരുന്നു. അവരെയും.
വണ്ടി മൊളക്കാൽമുരു റെയിൽവേ സ്റ്റേഷനിൽ വന്നുനിന്നു. സ്റ്റേഷനിൽ നിന്ന് ഒന്നരകിലോ മീറ്റർ അകലെയാണ് ബസ്സ്റ്റാൻഡ്. ഞങ്ങൾ ഒരു ഓട്ടോവിൽ കയറി.""ഇവിടെ താമസിക്കാൻ ഒരു മുറി കിട്ടുമോ ?''
ഞാൻ ഡ്രൈവറോട് ചോദിച്ചു.
അയാൾ പറഞ്ഞു. ഒരു ലോഡ്ജുണ്ട് രാജരാജേശ്വരി.
ഓട്ടോ ഓടിക്കൊണ്ടിരിക്കുമ്പോൾ വഴികളും വഴിവക്കുകളും ഞാൻ കൊതിയോടെ നോക്കി.
കാണുന്ന ആൾരൂപങ്ങളിൽ പരിചിതരായ ആരെങ്കിലുമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പ്രകാശയുടെ സ്‌കൂട്ടർ സഞ്ചരിച്ചിരുന്ന വഴികൾക്ക് ഇപ്പോൾ വീതിയേറെക്കൂടി. പ്രകാശയെ ഇന്നു കണ്ടാൽ തിരിച്ചറിയുമോ ? ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചുപോകുന്നു. നീളൻ തലമുടികളാകെ നരച്ചുപോയ ഒരു പ്രകാശയെ ഞാൻ മനസ്സിൽ കണ്ടു. എത്രകാലം കഴിഞ്ഞാലും ഞങ്ങൾക്ക് പരസ്പരം തിരിച്ചറിയാൻ കഴിയുമെന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

റിസപ്ഷനിൽ ഉണ്ടായിരുന്നത് ഇരുപത്തഞ്ചോളം വയസ്സുതോന്നിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു. കൗണ്ടറിൽ നിന്ന് രജിസ്റ്റർ ബുക്കിൽ അഡ്രസ്സെഴുതുമ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ഞാൻ പഠിപ്പിച്ച, പേരോ മുഖച്ഛായയോ ഓർമ്മയില്ലാത്ത എത്രയോ കുട്ടികൾ ഈ മൊളക്കാൽമുരുവിലുണ്ട്. അവരിൽ ആരുടെയെങ്കിലും മകളായിരിക്കുമോ ഇവൾ ? ഓരോ അപരിചിതമുഖങ്ങളിലും അദൃശ്യമായിക്കിടക്കുന്ന അടുത്ത ബന്ധത്തിന്റെ സാധ്യതകളെ മനസ്സ് എന്തിനോ ചികഞ്ഞുനോക്കുന്നു.
കുളികഴിഞ്ഞ് സന്ധ്യയോടെ പുറത്തിറങ്ങാൻ നേരം ഞാൻ അവളോട് പ്രകാശയുടെ പേര് പറഞ്ഞു. അവൾക്ക് പ്രകാശയെ അറിയില്ലായിരുന്നു. പ്രകാശയെ അറിയാത്ത ഒരാൾ ഈ മൊളക്കാൽമുരുവിലുണ്ടാകുമോ ?
ഞാൻ അടുത്ത പേര് പറഞ്ഞു. ""ശിവജി വാഞ്ച്റെ ?, ചന്ദ്രശേഖര ഗൗഡ ?''
അവൾ പറഞ്ഞു. ""അറിയാം. അറിയാം.''
പക്ഷെ, അവൾക്ക് അവരുടെയൊന്നും ഫോൺനമ്പർ അറിഞ്ഞുകൂടായിരുന്നു. ഭക്ഷണം കഴിച്ചു വരുമ്പോഴേക്കും നമ്പർ സംഘടിപ്പിച്ചു തരാമെന്നും അവൾ പറഞ്ഞു. എനിക്ക് അത് വലിയ സന്തോഷം തന്നു. ഞങ്ങൾ രണ്ടുപേരും നടന്നു. ബസ്സ്റ്റാൻഡ് തൊട്ടടുത്ത് തന്നെയാണ്. റോഡിന്റെ ഇരുവശങ്ങളിലും പുതുതായി കുറെ കടകൾ പലതുമുണ്ട്. മൊളക്കാൽമുരു ഒരു ടൗൺഷിപ്പായി മാറിയിരിക്കുന്നു. ബസ്സ്റ്റാൻഡിലെ പെട്ടിക്കടകളെല്ലാം ഇല്ലാതായി. പകരം പുതിയകെട്ടിടങ്ങൾ. ബസ്സ്റ്റാൻഡിനടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ഞങ്ങൾ രാത്രിഭക്ഷണം കഴിച്ചു.
പ്രകാശയുടെ ബിൽഡിംഗ് പഴയതുപോലെത്തന്നെ. താഴെ ലൈബ്രറിയുടെ സ്ഥാനത്ത് ഒരു ബേക്കറിയാണുള്ളത്. സുഗുണയ്യ എന്നായിരിക്കും ഇവിടത്തെ പുസ്തകങ്ങളിൽ നിന്ന് വേർപ്പെട്ട് പോയിട്ടുണ്ടാവുക ? നാൽപതു വർഷങ്ങൾക്കുശേഷം വീണ്ടും ഞാൻ ആ പിരിയൻ ഗോവണിപ്പടികൾ കയറി.
ആറു മുറികൾ അതേപ്പോലെത്തന്നെ. ഞാൻ എന്റെ മുറിയുടെ മുന്നിൽചെന്നു നിന്നു. അടച്ചിട്ട വാതിലിനുള്ളിലെ അപരിചിതനായ താമസക്കാരൻ ആരാണെന്ന് എനിക്കറിഞ്ഞു കൂടാ. ഞാൻ വിചാരിച്ചു. അകത്ത് ആളുണ്ടായിരുന്നെങ്കിലോ ? വാതിലിനു മുന്നിൽ നിൽക്കുന്ന ഈ വഴിയാത്രക്കാരനെ അയാൾക്കും അറിയില്ലല്ലോ. താമസിക്കുന്ന. മുറിയും ഭൂമിയും സ്വന്തമെന്നത് ഒരു തോന്നൽ മാത്രമാണ് നമ്മളുപേക്ഷിക്കുന്നതോടെ അതെല്ലാം മറ്റാരുടെയോ ആയിത്തീരുന്നു.

ഞാൻ ബെൻഹറിനോട് പറഞ്ഞു.""അത് ചിന്നപ്പയ്യയുടെ മുറിയായിരുന്നു. ഇത് സീതണ്ണയുടേത്.''
മൂർത്തി ഇവിടെയും സുഗുണയ്യ അവിടെയുമായിരുന്നു.
സുഖരാജ് അങ്ങേയറ്റത്തായിരുന്നു.

അന്നത്തെ രാപ്പകലുകൾ കൺമുമ്പിൽ വന്നു നിൽക്കുന്നു. അടയ്ക്കയും വെറ്റിലയുമായി വന്ന കുട്ടികളുടെ സ്നേഹത്തിന്റെ കൈസ്പർശങ്ങൾ. ചിന്നപ്പയ്യയുടെ ചായയും മുളക്ബജിയും. സീതണ്ണയുടെ പാട്ട്, എനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രകാശ. ഈ നേരത്ത് ആരെങ്കിലും ഒരാൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ വിചാരിച്ചുപോയി. എത്തിച്ചേരാൻ വൈകുന്തോറും നഷ്ടത്തിന്റെ മഹാശൂന്യത പകരം നൽകി മറ്റൊരുകാലം ജീവിതത്തിന്റെ മുന്നിൽ വന്നുനിൽക്കുന്നു.

വരാന്തയിൽ നിന്ന് ബസ്സ്റ്റാൻഡിലേക്ക് കൊതിയോടെ, വേദനയോടെ ഞാൻ നോക്കി നിന്നു. ചിത്രദുർഗയിലേക്കും രായദുർഗയിലേക്കുമുള്ള ബസ്സുകൾ വന്നും പോയും കൊണ്ടിരുന്നു. ഞാൻ ബസ്സിന്റെ ബോർഡുകളിൽ മൃത്യുഞ്ജയ മോട്ടോർ സർവ്വീസ് എന്ന പേര് പരതിക്കൊണ്ടിരുന്നു. നുങ്കെമല ഇരുളിലാണ്ടു കിടക്കുന്നു. ആകാശം നക്ഷത്രക്കണ്ണുകൾ തുറന്ന് അന്നെന്നപോലെ ഇന്നും നോക്കുന്നു. ദൂരെയാകാശവും നക്ഷത്രങ്ങളും അതേപ്പോലെത്തന്നെ. പക്ഷെ താഴെ ഭൂമിയിൽ എല്ലാം മാറിക്കൊണ്ടിരിക്കുന്നു. എല്ലാം.
എത്രനേരം അങ്ങനെ അവിടെ നിന്നു എന്നറിയില്ല. കുറേക്കഴിഞ്ഞപ്പോൾ ബെൻഹർ പറഞ്ഞു.""നമുക്ക് ഇറങ്ങാം.''
കടകളെല്ലാം അടച്ചു തുടങ്ങുന്നു. തിരികെ ചെന്നപ്പോൾ റിസപ്ഷനിലെ പെൺകുട്ടി വീട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. എങ്കിലും രാവിലെ അവൾ ശിവജിയുടെയും ഗൗഡയുടെയും ഫോൺ നമ്പറുകൾ തന്നു.
ഞാൻ രണ്ടുപേരെയും വിളിച്ചു.
രണ്ടുപേരും ഓടി വന്നു.
​നാൽപതു വർഷങ്ങൾക്കുശേഷം ജീവിതത്തിന്റെ സായം കാലത്തിൽ ഞങ്ങൾ തമ്മിൽ കണ്ടു. എല്ലാവരും വയോധികർ. വെള്ളിനരകളുടെ കൂട്ടുകെട്ടുകാർ. മുഖത്തു വന്ന മാറ്റങ്ങളോരോന്നും ഒറ്റക്കാഴ്ചയിൽ എണ്ണിപ്പെറുക്കിക്കൊണ്ട് ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്തു.
ഞാൻ ചോദിച്ചു.""പ്രകാശയുടെ നമ്പർ കിട്ടിയില്ല. അവൻ എവിടെ ?''
ശിവജി ഒന്നും പറഞ്ഞില്ല.
ഗൗഡ എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
പ്രകാശ ഇന്നില്ല. ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പേ.
വിശ്വസിക്കാൻ ആവാതെ ഞാൻ ഞെട്ടിത്തരിച്ചു നിന്നു.
കൂടിക്കാഴ്ചയിലെ സന്തോഷം ഒരുനിമിഷംകൊണ്ടുതന്നെ കെട്ടുപോവുന്നു. പരസ്പരം മിണ്ടാനുള്ള വാക്കുകൾ പെട്ടെന്ന് നഷ്ടപ്പെടുന്നു.
ശിവജി വിഷയം മാറ്റാൻവേണ്ടിത്തന്നെ സംസാരിച്ചു. പഴയകഥകൾ പലതും അയവിറക്കി. ചിരി പൊട്ടിവരുന്ന കൗമാരകാലകഥകൾ.
ഇതിനിടയിലും ഞാൻ പ്രകാശയെപ്പറ്റിത്തന്നെ ആലോചിക്കുകയായിരുന്നു.""പ്രകാശയുടെ വീട്ടുകാർ ?'' ഞാൻ ചോദിച്ചു.
ശിവജി പറഞ്ഞു. മൊളക്കാൽമുരുവിൽ ഇപ്പോൾ പ്രകാശയുടേതായി ഒന്നും അവിശേഷിക്കുന്നില്ല. മാഷ് താമസിച്ച ബിൽഡിംഗും അവന്റെ വീടും ബസ്സുകളും ഒക്കെ വിറ്റുപോയി. ഭാര്യയും മൂന്നു മക്കളും ഇപ്പോൾ ദാവണിഗരെയിലാണ്. ചിത്രദുർഗയ്ക്കും അപ്പുറം.

മൊളക്കാൽമുരു ഗ്രാമം
മൊളക്കാൽമുരു ഗ്രാമം

പ്രകാശയുടെ മകനെ ഞാൻ മനസ്സിൽ കണ്ടു. പ്രകാശയെപ്പോലെയായിരിക്കുമോ അവനും. അവന്റെ പ്രായം ഞാൻ കണക്കു കൂട്ടി. പ്രകാശയെ ഞാൻ അന്നു കണ്ടതിനേക്കാൾ പ്രായമുണ്ടായിരിക്കും അവനിപ്പോൾ. കാലം ജീവിതത്തിലുണ്ടാക്കുന്ന മാറ്റത്തെ മാറിനിന്നു നോക്കിക്കാണുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ് മുന്നിൽ തെളിഞ്ഞുവരിക.
പിറ്റേ ദിവസം ഗൗഡ ഞങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രഭാതഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ ബ്രഹ്‌മഗിരിയിലേക്ക് പോയി. ബ്രഹ്‌മഗിരിയുടെ താഴ്വരകളിലുള്ള നൂറുകണക്കിന് ശവക്കല്ലറകൾ. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആദിമജനതയുടെ ശേഷിപ്പുകൾ കൽപാളികളിൽ അടക്കം ചെയ്തിരിക്കുന്നു. മരണത്തെ അനശ്വരമാക്കിയ കൽപ്പാളികൾ ഓരോ കാലത്തെയും നോക്കി ജീവിതത്തിന്റെ കഥയും ചരിത്രവും പറഞ്ഞുകൊണ്ടിരുക്കുന്നു. ബെൻഹർ എഴുതുന്ന മഹാശിലാ സംസ്‌കാരം എന്ന പുസ്തകത്തിലേക്കുവേണ്ടി അതിന്റെ ഫോട്ടോകൾ എടുത്തുവച്ചു.

മടങ്ങുന്ന വഴി ഗൗഡ ചോദിച്ചു.""ഇതെന്താണ് രണ്ടുപേരും പച്ചവേഷത്തിൽ.''
ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു.""ഇവിടുന്നു പോയശേഷം ഇതാണെന്റെ വേഷം.ഞങ്ങൾ ഒരു ഗ്രീൻ മൂവ്മെന്റിന്റെ പ്രവർത്തകരാണ്.''
ഗൗഡയുടെ കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. പട്ടേൽ തിപ്പസ്വാമിക്കു ശേഷം മൊളക്കാൽമുരുവിലെ ഇപ്പോഴത്തെ ഗൗഡ ചന്ദ്രശേഖരയാണ്.

ഞാൻ ചങ്ങാതിയുടെ പക്വമായ കണ്ണുകളിലേക്ക് നോക്കി ഒന്നു മന്ദഹിച്ചുകൊണ്ടു കൈചേർത്തു പിടിച്ചു.
ഞങ്ങൾ ഒരു ദിവസം കൂടി മൊളക്കാൽമുരുവിൽ തന്നെ താമസിച്ചു. സന്ധ്യയ്ക്ക് പള്ളിയുടെ മിനാരങ്ങളിൽനിന്ന് മഗ്രിബ് നിസ്‌കാരത്തിനുള്ള ബാങ്കുവിളി ശബ്ദം വർഷങ്ങൾക്കു ശേഷം ഞാൻ വീണ്ടും കേട്ടു.
എനിക്ക് ഹിദായത്ത് ഹുസൈനിയെ ഓർമ്മവന്നു.
വാസുദേവ മൂർത്തി അന്നേ പറഞ്ഞിരുന്നു.
മരണത്തിന്റെ ഒരു ശായരിയും പാടി ഹുസൈനിയും മറഞ്ഞുപോയി.
കുറച്ചു കഴിഞ്ഞ് തിപ്പസി സന്ധ്യയോടെ ഞങ്ങളെ കാണാൻ വന്നു. തിപ്പസി ഏറെക്കുറെ ക്ഷീണിച്ചിരുന്നു. ക്യാൻസർ രോഗത്തെ ഉള്ളിൽ വഹിച്ചുകൊണ്ടാണെങ്കിലും നിറഞ്ഞ ചിരിയോടെ അദ്ദേഹം ഞങ്ങളുടെ കൂടെ ഇരുന്നു. പ്രകാശയെപ്പറ്റി എന്താണ് ഇനി തിപ്പസിയോട് ചോദിക്കാനുള്ളത്. മരണത്തിന്റെയും ജീവിതത്തിന്റെയും കണക്കെടുപ്പുകൾ പലപ്പോഴും നിഷ്പ്രയോജനമായിത്തീരുന്നു. എന്നിട്ടും ഞാൻ ചോദിച്ചു.
""പ്രകാശയ്ക്ക് എന്തു പറ്റിയതായിരുന്നു ?''
തിപ്പസി അതോർക്കുന്നു.

പ്രകാശയും കുടുംബവും
പ്രകാശയും കുടുംബവും

ജോഗിമഠിൽ കുടുംബത്തോടൊപ്പം പോയതായിരുന്നു. കുട്ടികളെ രസിപ്പിക്കാൻ മാവിന്റെ കൊമ്പിൽ കാല് കുരുക്കിയിട്ട് തലകീഴായ് തൂങ്ങി നിന്നു ചിരിച്ചു. കാലുവിട്ടു താഴെവീണു. നടുവൊടിഞ്ഞ് 56 ദിവസം ആശുപത്രിയിൽ കിടന്നു. തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ 46 ദിവസങ്ങൾക്കു ശേഷം മനസ്സ് ഡിപ്രഷിനിലേക്ക് വഴുതി വീണു. പിന്നെ തിരിച്ചു വന്നില്ല.
കിടക്കുന്നേരം എല്ലാവരെയും ഓർത്ത് ഓരോന്നും പറയാറുണ്ടായിരുന്നു. മാഷെപ്പറ്റിയും. ഓർമ്മയുടെ ആ നേരങ്ങളിൽ കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞിരുന്നു.
ഫോൺ ശബ്ദിക്കുന്നു.
ശോഭിന്ദർ എന്ന വിളി അങ്ങേയറ്റത്ത്. ആരാണെന്നു എനിക്ക് മനസ്സിലായില്ല. എന്നോട് ചോദിക്കുന്നു.
അന്ന് കന്നടയിൽ പ്രസംഗിച്ചത് ഓർമ്മയുണ്ടോ ? മനസ്സ് പെട്ടെന്നുതന്നെ രാജ്യോത്സവത്തിലേക്ക് പോയി.
നരഹരി റാവു.
അതെ എന്ന മറുമൊഴിയോടൊപ്പം അപ്പുറത്തു നിന്നൊരു പൊട്ടിച്ചിരി കൂടി ഉയർന്നു.
ഗൗഡയുടെ വണ്ടിയിൽ ഞങ്ങൾ നരഹരിയുടെ അടുത്തേക്ക് ചെന്നു. വീട്ടിൽ നരഹരി മാത്രമേയുണ്ടായിരുന്നുള്ളൂ.
നരഹരി ആകെപ്പാടെ മാറിപ്പോയിരുന്നു. കയ്യിൽ പൊള്ളിയതിന്റെ പാടുകളും.
ഞാൻ ചോദിച്ചു ഭാര്യ, കുട്ടികൾ ?
ആരുമില്ല മേഷേ. ഞാൻ മാത്രമേ ഇവിടെയുള്ളൂ.
നരഹരി സ്വന്തം ജീവിതകഥ പറഞ്ഞു.
ആദ്യ ഭാര്യ കാൻസർ ബാധിച്ചു മരിച്ചു.
അതിജീവിക്കാൻ വേണ്ടി വീണ്ടും ഒരു കല്യാണം കൂടി. അവളോടൊപ്പം തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു, രാത്രിയായിരുന്നു. തീവണ്ടിക്കു തീ പിടിച്ചു അവൾ മരിച്ചു. അതോടൊപ്പം കുറേപ്പേരും. പൊള്ളലേറ്റ് ഞാൻ ബാക്കിയാവുകയും ചെയ്തു.

പ്രൊഫ ടി. ശോഭീന്ദ്രൻ
പ്രൊഫ ടി. ശോഭീന്ദ്രൻ

നരഹരി ഉള്ളിലെ വേദനകളെയെല്ലാം അമർത്തിവച്ച് വേഗംതന്നെ സന്തോഷത്തിന്റെ ആ പഴയകാലത്തിലേക്ക് പോകാൻ ശ്രമിച്ചു. അന്നത്തെ നാടകം, കന്നട ഡിപ്ലോമ അങ്ങനെ പലതും ഓർത്തെടുക്കുന്നു. മുഖത്ത് അതോർക്കുന്നതിന്റെ പ്രസാദം നിറഞ്ഞുവരുന്നു. യാത്ര പറയാൻ നേരം നരഹരിയുടെ കൈകൾ ചേർത്തുപിടിച്ച് കുറച്ചുനേരം നിന്നു. വാക്കുകൾ കൊണ്ട് കൈമാറാനാവാത്തത് ഒരുനോട്ടംകൊണ്ടുമാത്രം കൈമാറി ഞങ്ങൾ പിരിഞ്ഞു.
രാവിലെ വളരെ നേരത്തെ ഞാനും ബെൻഹറും കോളെജ് വരെ പോയി. അന്നു വഴികാട്ടിയായിരുന്ന ചന്ദ്രണ്ണ ജീവിച്ചിരിപ്പുണ്ടാകുമോ ?
ബസവരാജ ? ഭീമാചാരി ?

ഗേറ്റു തുറന്ന് പല കാൽപ്പാടുകൾ പതിഞ്ഞ മണൽവഴികളിലൂടെ ഞാൻ നടന്നു. അന്നത്തേക്കാൾ വളർന്നു വലുതായ തണൽമരങ്ങൾ. അതിനോട് ചേർന്നുള്ള ഇരിപ്പിടങ്ങൾ. ഞങ്ങൾ ഒരു മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു. കുട്ടികൾ കാത്തിരുന്നു ഒരുമിച്ചു പോയതും ഒന്നിച്ചുവന്നതുമായ വഴിത്താരകൾ വിജനമായിരിക്കുന്നു.
എനിക്ക് ഉച്ചത്തിൻ വിളിച്ചു പറയണമെന്നുണ്ടായിരുന്നു.
ഞാൻ ഇവിടെ വന്നൂ... കുട്ടികളെ നിങ്ങളെവിടെ...?
ഞാൻ ഉള്ളിൽ പറഞ്ഞത്. ആരെങ്കിലും കേട്ടുവോ ? ഇളകിയാടുന്ന മരച്ചില്ലകൾ പരിചയം പറഞ്ഞ് ഉത്തരം തരികയാണോ ? ഇങ്ങനെ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുമ്പോൾ ഇന്ദ്രിയാനുഭവങ്ങൾക്ക് മനസ്സുകൊണ്ട് മാത്രം കേൾക്കാവുന്ന പല അർത്ഥങ്ങളും കൈവരുന്നു. കുറച്ചുനേരം കൂടി എന്തൊക്കെയോ കേൾക്കുകയും പറയുകയും ചെയ്യുന്നു. ചുറ്റുവട്ടവും അതുതന്നെ ചെയ്യുന്നു. മൊളക്കാൽമുരുവിലെ ഓരോ മണൽത്തരിക്കും അറിയാമായിരുന്ന പ്രകാശയെ പുതിയ തലമുറകൾ അറിയാതെയാവുന്നു. ഓർമ്മയുടെ കാൽപ്പാടുകളൊക്കയും മറവിവന്നു മായ്ച്ചു കളയുകയും അവിടങ്ങളിലൊക്കെ പുതിയ ഓർമ്മകൾ മുളച്ചുപൊന്തുകയും ചെയ്യുന്നു. മനുഷ്യവംശത്തോളം നീണ്ടുനിൽക്കുന്ന ഒരു തനിയാവർത്തനമായി അത് മാറുന്നുണ്ടായിരിക്കണം.
തിരിച്ചുപോകുമ്പോൾ ശിവജിയും ഗൗഡയും റെയിൽവേസ്റ്റേഷൻ വരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞാൻ ചോദിച്ചു ഗുഡ്ദേർ ബാവിയിൽ ഇപ്പോഴും വെള്ളമില്ലേ ?

മൊളക്കാൽമുരു റയിൽവേ സ്‌റ്റേഷൻ
മൊളക്കാൽമുരു റയിൽവേ സ്‌റ്റേഷൻ

ഗൗഡ പറഞ്ഞു. അതൊന്നും ഇന്നില്ല. വയലും കുളവും ഒക്കെ മാറി ഇന്നവിടമെല്ലാം വീടുകൾ മാത്രമേയുള്ളൂ. മേഷിന് അവിടെ ചെന്നാൽ സ്ഥലംപോലും മനസ്സിലാവില്ല.
ഞാൻ ചോദിച്ചു. എന്റെ സ്റ്റുഡന്റ് ശ്രീവത്സ?
ഇപ്പോൾ ബാംഗ്ലൂരിലാണ് താമസിക്കുന്നത്. ലാൽബാഗിൽ ഹോർട്ടികൾച്ചർ ഡയറക്ടറായി. നാൽപതുവർഷം മുമ്പ് ബസ്സ്റ്റാൻഡിൽ വച്ച് ശ്രീവത്സയും കുട്ടികളും ചോദിച്ചത് ഒന്നു കൂടി ഓർത്തു പോകുന്നു.
മേഷ് ഇനിയും വരില്ലേ ?
അന്ന് വാക്കു കൊടുത്തതുപോലെ ഞാൻ വന്നു. പക്ഷെ അത് ഒരുപാട് ഒരുപാട് വൈകിപ്പോയിരിക്കുന്നു.
ട്രെയിനിൽ കയറുമ്പോൾ ശിവജി ചോദിച്ചു.
ഇനിയെപ്പോഴാ ?
അതിന് എനിക്ക് ഉത്തരമില്ലായിരുന്നു.
ഒരു ചിരിയിൽ ഞാൻ എല്ലാമൊതുക്കി.
ഒരു ജന്മത്തിന്റെ ചിരി കൂടി ഞാൻ അതിലൊതുക്കി വച്ചിരുന്നതായി അവർക്ക് തോന്നിയോ എന്തോ ? ▮

(അവസാനിച്ചു) എഴുത്ത്​: ഡോ. ദീ​പേഷ്​ കരിമ്പുങ്കര


പ്രൊഫ. ടി. ശോഭീന്ദ്രൻ

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, അധ്യാപകൻ. അമ്മ അറിയാൻ (1986) ഷട്ടർ (2013), എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments