ബ്രഹ്‌മഗിരിയിലെ അശോക ശിലാശാസന സംരക്ഷിത കെട്ടിടം

​ബ്രഹ്‌മഗിരിയിലേക്കൊരു ചരിത്രയാത്ര

മൊളക്കാൽമുരുവെന്ന പാഠപുസ്തകം- 7

ഇരുപത്തിനാല്

രു ദിവസം ഞാൻ പ്രകാശയോട് പറഞ്ഞു അശോക സിദ്ധാപുരത്തേക്ക് കുട്ടികളെ കൊണ്ടുപോകണം. ഒരു ട്രിപ്പ് ഞങ്ങൾക്കു വേണ്ടി ഓടുമോ?
പ്രകാശ പറഞ്ഞു. ""മേഷ് തീരുമാനിച്ചോളൂ. നമുക്ക് പോകാം.''
അശോകചക്രവർത്തി ബിസി. മൂന്നാം നൂറ്റാണ്ടിൽ കൊത്തിവച്ച പ്രധാനപ്പെട്ട രണ്ടു ശാസനങ്ങൾ ബ്രഹ്‌മഗിരിയിലും അശോക സിദ്ധാപുരത്തുമുണ്ട്. ഇതു കാണാനായി ഒരു ശനിയാഴ്ച നാൽപതോളം കുട്ടികളുമായി ഞങ്ങൾ പുറപ്പെട്ടു.
ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്.
എല്ലാവരും നല്ല ആവേശത്തിലാണ്. മൊളക്കാൽമുരുവിൽനിന്ന് ഒരു മണിക്കൂറോളം ദൂരം മാത്രമേ അശോകസിദ്ധാപുരത്തേക്കുള്ളൂ. എങ്കിൽപോലും അവർക്ക് അതൊരു വിനോദയാത്രയാണ്. അതുകൊണ്ടുതന്നെ അവർ ബസിലിരുന്ന് പാടുകയും ചുവടുവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ കടന്നുപോകുന്ന വഴിയുടെ ഇരുഭാഗത്തുമായി മലനിരകൾ ഉയർന്നുനിന്നു. അത് പിന്നീട് അടുത്തടുത്തു വരികയും രണ്ടു മലനിരകൾക്കിടയിൽ ഒരു റോഡ് കടന്നുപോകാൻ മാത്രമുള്ള നിരപ്പാർന്ന ഒരു വഴിയായിത്തീരുകയും ചെയ്തു.
പ്രകാശ പറഞ്ഞു. നമുക്ക് ആദ്യം ബ്രഹ്‌മഗിരിയിലേക്ക് പോകാം മേഷെ അതാണ് നന്നാവുക. അതനുസരിച്ച് ബ്രഹ്‌മഗിരി മലയുടെ താഴ്വരയിൽ ബസ് നിർത്തി. വൈകുന്നേരം മൂന്നരമണിയോടെ വരാമെന്ന് പറഞ്ഞ് പ്രകാശയും ബസ്സും തിരിച്ചുപോവുകയും ചെയ്തു.

ബ്രഹ്‌മഗിരിയിലെ അശോകശിലാശാസനം

ബ്രഹ്‌മഗിരി മലയുടെ താഴ്വരയിലാണ് കർണാടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അശോകശാസനം നിലകൊള്ളുന്നത്. ബ്രിട്ടീഷുകാർ പാറക്കല്ലുകൾക്കിടയിൽ അർദ്ധവൃത്താകൃതിയിലുള്ള ഒരു കെട്ടിടം പണികഴിപ്പിച്ച് ശാസനത്തെ സംരക്ഷിച്ചു വച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ പുറം ചുമരിലൂടെ ചുറ്റിപ്പോകുന്ന കോവണിപ്പടികൾ കയറി ഞങ്ങൾ അതിന്റെ മുകൾത്തട്ടിലെത്തി. അർദ്ധവൃത്താകൃതിയിലുള്ള ആ തട്ടിൽനിന്ന് നോക്കുമ്പോൾ അല്പം താഴെയായി കാണുന്ന നിരപ്പായ ഒരു പാറക്കല്ലിലാണ് ശാസനങ്ങൾ കൊത്തിവച്ചിരിക്കുന്നത്.

ഞങ്ങൾ ചെന്ന സമയത്ത് അവിടെ വേറെ സന്ദർശകരാരും ഉണ്ടായിരുന്നില്ല. ശാസനത്തിന്റെ സൂക്ഷിപ്പുകാരനായ ഒരാളും കാര്യങ്ങൾ വിവരിച്ചു തരാനായി ഒരു ഗൈഡും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അദ്ദേഹം ഞങ്ങളെ പരിചയപ്പെടുകയും വളരെ താത്പര്യത്തോടെ ശാസനത്തിന്റെ ചരിത്രം കുട്ടികളുടെ മുന്നിൽ വിശദീകരിച്ചുതരികയും ചെയ്തു. മൗര്യചക്രവർത്തിയായ അശോകൻ ബി.സി മൂന്നാം നൂറ്റാണ്ടിൽ പുറപ്പെടുവിച്ച ശിലാശാസനമാണിത്. ദേവാനാം പ്രിയനായ അശോകന്റെ കല്പന പ്രകാരം ആര്യപുത്ര സുവർണഗിരിയിൽനിന്നും ഇസില എന്നുപേരായ ഈ ദേശക്കാരുടെ അറിവിലേക്കായാണ് ശാസനം കൊത്തിവച്ചിരിക്കുന്നത്.

കലിംഗയുദ്ധത്തിനുശേഷം അശോകൻ ബുദ്ധമതം സ്വീകരിക്കുകയും ബുദ്ധന്റെ അഹിംസാമാർഗങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇവിടെയും ശാസനരൂപത്തിൽ സന്ദേശം കൊത്തിവച്ചത്.
ബ്രാഹ്‌മിഭാഷയുടെ പ്രാകൃത ലിപിയിലെഴുതിയ ശാസനവാക്യം ഗൈഡ് അതേഭാഷയിൽ തന്നെ വായിച്ചുകേൾപ്പിച്ച ശേഷം കുട്ടികളോട് ചോദിച്ചു. ""ബുദ്ധമതം സ്വീകരിച്ച അശോകൻ എന്തൊക്കെയാണ് ജനങ്ങളെ പഠിപ്പിക്കാൻ ശ്രമിച്ചതെന്നറിയാമോ ?''
ആരോ പറഞ്ഞു. ""ശാന്തിയും സമാധാനവും.''
അതു പറഞ്ഞയാളെ അദ്ദേഹം അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. അച്ഛനമ്മമാരെയും മുതിർന്നവരെയും ബഹുമാനിക്കണമെന്നു കൂടി ഈ ശാസനത്തിൽ പറയുന്നുണ്ട്.
നിങ്ങളെല്ലാവരും അതു ചെയ്യാറില്ലേ?
കുട്ടികൾ പരസ്പരം നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.""ഉണ്ട്. ഉണ്ട്.''
ഇങ്ങനെ ചില കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും ശാസനത്തിലെ ഏറ്റവും പ്രധാനസന്ദേശം മൃഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കരുത്. അവരെയും കൂടി സംരക്ഷിക്കണം എന്നാണെന്നു കൂടി അദ്ദേഹം പറഞ്ഞു. 13 വരികളിലായി എഴുതിയ സന്ദേശത്തിന്റ അർത്ഥവും അതിന്റെ ചരിത്രപരമായ പ്രാധാന്യവും അദ്ദേഹം വിവരിച്ചു തന്നു.

ഇത്രയും അടുത്തുള്ള ഈ ചരിത്രപ്രസിദ്ധമായ സ്ഥലത്ത് കുട്ടികളാരും ഇതുവരെ എത്തിച്ചേർന്നിരുന്നില്ല. അവിടെ നിന്ന് താഴെയിറങ്ങിയപ്പോൾ
സെയ്ഫുള്ള പറഞ്ഞു.""ഇത്ര അടുത്തായിട്ടും ഞാനിത് ആദ്യമായി കാണുകയാണ് മേഷെ.''
അതു കേട്ട് ഗൈഡ് പറഞ്ഞു. ""കുട്ടികൾ ആദ്യം പഠിക്കേണ്ടത് നമ്മുടെ ചുറ്റുവട്ടത്തുള്ള കാര്യങ്ങളാണ്.''
എനിക്കും അത് ശരിയാണെന്നു തോന്നി.
ഞാൻ ഗൈഡിനോട് ചോദിച്ചു. ""അശോകസിദ്ധാപുരം ഇവിടുന്ന് എത്ര ദൂരമുണ്ടാകും.'' അദ്ദേഹം പറഞ്ഞു.""ഈ കാണുന്ന വഴിയിലൂടെ പത്തു മിനിട്ട് നടക്കാനുള്ള ദൂരമേയുള്ളൂ. വഴിയറിയില്ലെങ്കിൽ ഞാനും കൂടെ വരാം.'' അദ്ദേഹവും ഞങ്ങളുടെ കൂടെ വന്നു.

ബ്രഹ്‌മഗിരിയുടെ താഴ്‌വരയിലെ പുരാതന ജൈനക്ഷേത്രം

നിരപ്പായതും കുറ്റിക്കാടുകൾ വളർന്നു നിൽക്കുന്നതുമായ വഴികളിൽ കൂടി ഞങ്ങൾ നടന്നു. ഉരുളക്കിഴങ്ങ് കൂട്ടിയിട്ടതുപോലെ വലിയ മിനുക്കമേറിയ കൂറ്റൻ പാറക്കല്ലുകൾ നിറഞ്ഞ ബ്രഹ്‌മഗിരി മലനിരകൾ അരികിലായി നീണ്ടുകിടക്കുന്നു.
കൂട്ടികൾ കൂട്ടം കൂടിയും കൂട്ടം തെറ്റിയും നടക്കുന്നു.
ഗൈഡ് പറഞ്ഞു. ""ബ്രഹ്‌മഗിരിയിലും സിദ്ധാപുരത്തുമുള്ള ശാസനത്തിന്റെ സന്ദേശം ഒന്നു തന്നെയാണ്. പക്ഷെ ബ്രഹ്‌മഗിരിയിലെ ശാസനത്തിന്റെ അത്ര വ്യക്തത സിദ്ധാപുരത്തെ ശാസനത്തിനില്ല.''
വലിയൊരു ഉരുളൻ പാറക്കല്ല് നിലകൊള്ളുന്ന ഒരു ചെരിവിലെ ബെയ്സ്മെന്റിലാണ് സിദ്ധാപുരത്ത് ശിലാശാസനം കൊത്തിവച്ചിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് കല്ലിന്റെ മേൽഭാഗത്തെ പാളികൾ അടർന്നു തുടങ്ങിയിരുന്നു.

രണ്ടു പ്രധാനശാസനങ്ങളും കണ്ടുകഴിഞ്ഞശേഷം കുട്ടികൾ പറഞ്ഞു.""മേഷെ നാമഗെ ബെട്ട ഹത്തു ബേക്കു''
(മാഷെ, ഞങ്ങൾക്ക് മല കയറണം)
കൂഗോബെട്ടയിൽ കുറച്ച് കുട്ടികളോടൊപ്പം പോയതറിഞ്ഞതു മുതൽ ഒരു ട്രക്കിംഗിനു ഞങ്ങളെയും കൊണ്ടുപോകണമെന്ന് പെൺകുട്ടികൾ പലപ്പോഴായി പറഞ്ഞിരുന്നു.
ഗൈഡും ഞാനും കൂടി കുട്ടികളോടൊപ്പം മല കയറി.
സീതപ്പഴത്തിന്റെ ചെടികൾ പാറക്കൂട്ടങ്ങൾക്കിടയിൽ സമൃദ്ധമായി വളർന്നു നിൽക്കുന്നു. പക്ഷെ സീതപ്പഴങ്ങളുണ്ടാകുന്ന കാലമായിരുന്നില്ല അത്.
ഞങ്ങൾ പാറക്കല്ലുകൾ ചവിട്ടിക്കയറി മലയുടെ ഉച്ചിയിലെത്തി. ദിഗംബര ജൈനന്റെ ഒരു പാറക്കൽ ക്ഷേത്രം വിദൂരതയിലൊരിടത്ത് നിലകൊള്ളുന്നതായി ഗൈഡ് കാണിച്ചുതന്നു. മറ്റൊരു ഭാഗത്തായി ബ്രഹ്‌മഗിരിയിൽ നിന്ന് ഉത്ഭവിച്ച് ഒരു നേർവരപോലെ ഒഴുകുന്ന വേദാവതി നദിയെയും അവിടെ നിന്നുകണ്ടു.
സെയ്ഫുള്ളയും ചില കുട്ടികളും കൂഗോ മലയിലെന്നതുപോലെ ഇക്കോശബ്ദം ഉണ്ടാകുമെന്ന് കരുതി ഉച്ചത്തിൽ കൂകാൻ തുടങ്ങി. പക്ഷെ ഇവിടെ ശബ്ദത്തിന് മറുശബ്ദം ഉണ്ടായിരുന്നില്ല. അവരുടെ ശ്രമം പരാജയപ്പെട്ടപ്പോൾ അതുകണ്ടു നിന്നവരെല്ലാം അവരെ കൂക്കിത്തോൽപിച്ചു.
കുട്ടികൾ പാറക്കല്ലുകൾക്കിടയിൽ അവിടെയും ഇവിടെയുമായി ചിതറി നടന്നു.
ജീജാഭായി കൈപിന്നിലേക്ക് മടക്കിവച്ചുകൊണ്ട് കുറച്ച് പെൺകുട്ടികളോടൊപ്പം എന്റെ അടുത്ത് വന്നു ചോദിച്ചു""ഈ ട്രിപ്പ് മേഷ് ഞങ്ങൾക്ക് ഒരു സമ്മാനമായി തന്നതല്ലേ. ഞങ്ങളുടെ നാട്ടിലെ ഒരു സാധനം മേഷിന് സമ്മാനമായി ത്തരട്ടെ.'' ഒരു സമ്മാനം കിട്ടുക എന്നത് എപ്പോഴും സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഞാൻ തന്നോളൂ എന്നു പറഞ്ഞ് സന്തോഷത്തോടെ കൈനീട്ടി.
കുട്ടികൾ എന്നോട് പറഞ്ഞു.""തരണമെങ്കിൽ മേഷ് കണ്ണടയ്ക്കണം.''
ഞാൻ കണ്ണടച്ചു നിന്നു.
കനമുള്ളതെന്തോ സമ്മാനമായി കയ്യിൽ തന്നിട്ടുണ്ട്.
കുട്ടികൾ മെല്ലെ കണ്ണുതുറക്കാൻ പറഞ്ഞു.
ഞാൻ കണ്ണു തുറന്നതേയുള്ളൂ. ഞെട്ടിവിറച്ച് പാറയിൽ നിന്ന് മുകളിലേക്ക് ആവുന്നത്രയും ഉയരത്തിലേക്ക് അറിയാതെ തുള്ളിപ്പോയി. ഒന്നരയടിയോളം നീളമുള്ളതും ഒരു പാമ്പിന്റെ അത്രയും വലിപ്പമുള്ളതുമായ തടിച്ചുകൊഴുത്ത ഒരു തേരട്ട. തുള്ളുന്നതിനിടയിൽ കയ്യിൽനിന്ന് അത് എങ്ങോ തെറിച്ചു വീണിരിക്കുന്നു.
ഉയരത്തിലുള്ള എന്റെ തുള്ളലും മുഖഭാവവും കണ്ട് കുട്ടികൾ പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്റെ പേടി മാറ്റാനായി ഓരോരുത്തരും മാറി മാറി ഒരു വലിയ വളപോലെ അതിനെ കയ്യിലിട്ട് നടന്നു. ഒരാളുടെ കയ്യിൽകണ്ടത് പിന്നെപ്പിന്നെ ഓരോരുത്തരുടെ കയ്യിലും കാണാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പലപാടുമായി ചിതറി നടക്കുന്ന എല്ലാ കുട്ടികളെയും വിളിച്ച് പാറക്കല്ലിനുമേൽ വട്ടത്തിലിരിക്കാൻ പറഞ്ഞു.
കുട്ടികളെല്ലാവരും പാറക്കല്ലുകളിൽ വന്നിരുന്നു.
ഞാൻ എല്ലാവരോടുമായി പറഞ്ഞു.""ഈ മലമുകളിൽ എത്തിച്ചേർന്ന നാം ഇനിയൊരിക്കലും ഇതുപോലെ ഒത്തുകൂടി എന്നു വരില്ല. അതാണ് ഈ ദിവസത്തിന്റെയും ഇന്നത്തെ ഈ യാത്രയുടെയുടെയും പ്രാധാന്യം. യാത്രികരും യാത്രകളും വഴിയും എന്നും മാറിക്കൊണ്ടിരിക്കും. അതുകൊണ്ടു നമുക്ക് ഇത്തിരി നേരം ഒന്നിരിക്കാം. ഒന്നിച്ചിരിക്കാം.''
കുട്ടികൾ അനുസരണയോടെ മിഴി കൂർപ്പിച്ചിരുന്നു. ഞാൻ അവരോടായി പറഞ്ഞു. ഇനി എല്ലാവരും കണ്ണടച്ചിരിക്കണം.
കുട്ടികൾ കണ്ണുകൾ ഇറുകിയടച്ചിരുന്നു.
തണുത്ത കാറ്റ് ഒഴുകി വന്ന് തഴുകുന്നുണ്ടായിരുന്നു.
ഞാൻ പറഞ്ഞു.""നമ്മളിപ്പോൾ എവിടെയാണെന്നറിയാമോ?''
ആരൊക്കെയോ പറഞ്ഞു. ""ബ്രഹ്‌മഗിരിയിലാണ് മേഷെ.''
ചിലർ പറഞ്ഞു. ""ചിത്രദുർഗയിൽ.''
കാറ്റ് മന്ത്രിക്കും പോലെ ഞാൻ പതുക്കെ ചോദിച്ചു.""അതെവിടെയാണ് ?''
കർണ്ണാടകയിൽ എന്ന് ഒരുവിധം എല്ലാവരും മറുമന്ത്രമോതി. ഞാൻ പിന്നെയും ചോദിച്ചു.""കർണാടക?''""ഇന്ത്യയിൽ''
ഇന്ത്യ? ഏഷ്യയിൽ. ഈ ഭൂമിയിൽ. ചിരപുരാതനമായ ഈ ഭൂമിയിൽ. കരയും കടലും ആകാശവുമുള്ള ഒരു ഭൂമിയെ അവർ മനസ്സിൽ കാണുന്നു. സൗരയൂഥത്തിലെ ഒരു ഗ്രഹമായ ഭൂമി. ജീവൻ നിലകൊള്ളുന്ന ഒരേ ഒരു ഭൂമി. അത് ശൂന്യമായ ഒരാകാശത്ത് നിലകൊണ്ടു കറങ്ങുന്നത് അവർ മനസ്സിൽ കാണുന്നു.
ധ്യാനാവസ്ഥയിൽ കുട്ടികളുടെ മനസ്സിന്റെ ചക്രവാളം വികസ്വരമാവുന്നതും ഓരോ മുഖത്തും അതിന്റെ തെളിച്ചം പ്രസരിക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു. ഉച്ചവെയിലിൽ പതച്ചു നിൽക്കുന്ന ആകാശം പൊടുന്നനെ മേഘാവരണങ്ങളാൽ പൊതിഞ്ഞ് ഒരു തണൽക്കുട വിരിച്ചുതരുന്നു.
ഞാൻ എല്ലാവരോടുമായി പറഞ്ഞു.""നമ്മുടെ വാഹനം നമ്മൾ ജീവിക്കുന്ന ഈ ഭൂമിയാണ്. സൂര്യനെചുറ്റിക്കൊണ്ടിരിക്കുന്ന ഭൂമിയാകുന്ന വാഹനത്തിലേറി ഈയൊരു കാലത്ത് നമ്മളൊന്നിച്ച് ഒരു യാത്ര ചെയ്യുകയാണ്. അടുത്ത കാലത്ത് നമ്മളിവിടെ ഉണ്ടാവില്ല. അതുകൊണ്ട് ഇത് മറ്റൊരിക്കലും ആവർത്തിക്കാത്ത ഒരു ജീവിതയാത്രയാണ്. ഭൂമിയോടൊപ്പം നമ്മൾ സഞ്ചരിക്കുന്ന ദൂരത്തിന്റെ പേരാണ് ജീവിതം. ഇതുമാത്രമാണ് ജീവിതത്തിന്റെ പരമമായ സത്യം.''
കുട്ടികളുടെ മനസ്സ് ആകാശത്തിലെ വെൺമേഘങ്ങൾ പോലെ കനമറ്റ് പറക്കുകയായിരുന്നു.

ബ്രഹ്‌മഗിരിയിലെ കാഴ്ചകൾ

ഞാൻ അവരോടായി പറഞ്ഞു.""ഇനി വളരെ സാവകാശം നിങ്ങൾക്ക് കണ്ണുകൾ തുറക്കാം. '' ഓരോരുത്തരായി പതിയെപ്പതിയെ കണ്ണുകൾ തുറന്നു. അവരുടെ കണ്ണുകളിൽ പുതിയൊരു തെളിച്ചമുണ്ടായിരുന്നു. ആയൊരു തെളിച്ചത്തോടു കൂടി അവർ ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുന്നു. ആദ്യമായി കാണും പോലെ.
ഒരിക്കൽ കൂടി ഞാനവരോട് ചോദിച്ചു.""നമ്മൾ എവിടെയാണ് ?''
എല്ലാവരും ചേർന്നു പറഞ്ഞു. ""ഭൂമിയിലാണ് മേഷെ.''
ശൂന്യകാശത്തിൽ നിലകൊള്ളുന്ന ഭൂമിയിൽ.
ഞാൻ പറഞ്ഞു. ""നാം എവിടെയാണ് എന്ന അറിവാണ് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ അറിവ്. പാഠപുസ്തകത്തിൽ നിന്നോ നമ്മുടെ സിലബസിൽ നിന്നോ ഈ അറിവ് നിങ്ങൾക്ക് ലഭിച്ചു എന്നു വരില്ല. കണ്ണുകൾ തുറന്നു വച്ച് പരതി നടന്നാലും ഇത് കിട്ടണമെന്നില്ല. കണ്ണുകളടച്ച് മനസ്സിന്റെ ഉള്ളറകളിലേക്ക് നോക്കുമ്പോൾ വിശ്വപ്രപഞ്ചത്തെയും അതിലൊന്നായ നിങ്ങളെയും ഏറ്റവും വ്യക്തമായിത്തന്നെ കാണാൻ കഴിയും. അവിടെ ദേശവും രാജ്യവും ജാതിമതങ്ങളും അതിരുകളും ഒന്നുമില്ല. നാമരൂപാദികൾക്കപ്പുറം നമ്മൾ ജീവനെന്ന പരമമായ സത്യം മാത്രമായിത്തീരുന്നു. ജീവിതത്തിന്റെയും അറിവിന്റെയും ഒരോയൊരു വഴി അതാണ്. സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും വഴിയും അതു തന്നെയാണ്. ഇതാണ് ഈ യാത്രയുടെ പാഠം. ഇനിയുള്ള ജീവിതയാത്രയിൽ ഈയൊരു പാഠം കൂടി നിങ്ങളുടെ കൂടെയുണ്ടാവട്ടെ.''

അത്രയേറെ പതമുള്ള ഒരു പാറക്കല്ലു കണക്കെ കുട്ടികൾ അനക്കമറ്റ് ഇരിക്കുകയായിരുന്നു. ഇനിയുമെന്തോ കേൾക്കാനുണ്ടെന്ന പ്രതീക്ഷയിൽ. ഞാൻ എല്ലാവരോടും എഴുന്നേറ്റു നിൽക്കാൻ പറഞ്ഞു. കുട്ടികൾ ചെറുതെങ്കിലും അത്ര ചെറുതല്ലാത്ത ഒരു ബോധോദയത്തിലേക്ക് എഴുന്നേറ്റു നിന്നു.
ഞാൻ ദൂരേക്ക് വിരൽചൂണ്ടിക്കൊണ്ട് പറഞ്ഞു.

പ്രൊഫ ടി. ശോഭീന്ദ്രൻ

ഇവിടേക്ക് നോക്കൂ. കുട്ടികളെല്ലാവരും എന്റെ വിരലിനറ്റത്തേക്ക് നോക്കി നിന്നു. ഞാൻ പറഞ്ഞു. ""ഈ ബ്രഹ്‌മഗിരി മലനിരകളിൽ എത്രയോ പാറക്കല്ലുകളുണ്ട്. പക്ഷെ രണ്ടേരണ്ടു പാറക്കല്ലുകൾ മാത്രമാണ് ചരിത്രത്തിൽ ഇടം പിടിച്ചിട്ടുള്ളത്. ജീവിതത്തിന്റെ പാറക്കല്ലിൽ ഒരു ഉളിക്കൊത്ത് വീഴ്ത്തി മായാത്ത മുദ്ര പതിപ്പിച്ചാൽ ചരിത്രമുള്ളിടത്തോളം കാലം നിലനിൽക്കും. നിങ്ങളോരോരുത്തരും ജീവിതത്തെ ഇതുപോലെ ഉളികൊണ്ടു കൊത്തി കാലത്തിലേക്ക് അടയാളപ്പെടുത്തണം. അല്ലെങ്കിൽ നമ്മളും ഈ കൂട്ടത്തിലുള്ളകല്ലുകൾ പോലെ നാമമോ രൂപമോ വ്യക്തിത്വമോ ഇല്ലാത്ത ഒന്നുമാത്രമായിപ്പോകും.'' കുട്ടികളുടെ മനസ്സ് കാലവും ജീവിതവും ഇടകലർന്ന വഴികളിലൂടെ സഞ്ചരിക്കുന്നു.
ഗൈഡു പറഞ്ഞു നമുക്കിനി താഴെയിറങ്ങാം.
എല്ലാവരും മലയിറങ്ങാൻ തുടങ്ങി. തേരട്ടയെ കയ്യിലിട്ട് കുട്ടികൾ നടന്നുപോവുന്നതു കണ്ടപ്പോൾ ഗൈഡ് പറഞ്ഞു. അശോകൻ ഇവിടത്തെ ശാസനത്തിൽ കൊത്തി വച്ചത് നിങ്ങൾ മറന്നോ? അവർക്ക് പെട്ടെന്ന് കാര്യം മനസ്സിലായില്ല. ഗൈഡ് പറഞ്ഞു. ഒരു ജീവിയേയും ഉപദ്രവിക്കരുത്. നിങ്ങളിപ്പോൾ ചെയ്യുന്നത് അതാണ്. അതുകേട്ടപ്പോൾ തേരട്ടയെ അവർ പാറകൾക്കിടയിൽ ഉപേക്ഷിച്ചു.

എല്ലാവരും ഭക്ഷണം പൊതിഞ്ഞു കൊണ്ടു വന്നിട്ടുണ്ടായിരുന്നു. മൂന്നര മണിയാകാൻ ഇനിയും ഒരു മണിക്കൂറോളം ബാക്കി ഉണ്ടായിരുന്നു. ഭക്ഷണശേഷം കുട്ടികൾ ഓടുകയും ചാടുകയും ഓരോരോ കളികളിൽ ഏർപ്പെടുകയും ചെയ്തു.
ഞാൻ അശോകന്റെ ജീവിതവഴികളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ ചോരപ്പുഴയിൽ നിന്ന് ലോകത്തിലെ ഏറ്റവും മഹാനായ ചക്രവർത്തിയായി മാറിയ അശോകന്റെ ജീവിത പരിണതികളെക്കുറിച്ച്.
ആകാശത്ത് കാർമേഘങ്ങൾ പടയോട്ടം തുടങ്ങുന്നുണ്ടായിരുന്നു. കാറ്റിന്റെ കടിഞ്ഞാൺപിടിയിൽ മേഘങ്ങൾ കുതിരകളെപ്പോലെ കുതിച്ചുപായുന്നു. കുതിരകളെ മാത്രം സ്വപ്നം കണ്ട് ജീവിക്കുന്ന ബാംഗ്ലൂരിലെ സുഹൃത്ത് ഡെന്നീസ് ഒരു നിമിഷം മനസ്സിലേക്ക് കയറി വന്നു. അതിനിടയിൽ ബസ്സെത്തിച്ചേർന്നു. പ്രകാശ എല്ലാവരെയും വിളിച്ച് ബസ്സിനകത്തെത്തിച്ചു. ഗൈഡിനോട് യാത്രപറഞ്ഞു. ബ്രഹ്‌മഗിരിമലനിരകൾ ഞങ്ങളോട് യാത്ര പറയുന്നു. ബസ്സ് നീങ്ങിക്കൊണ്ടിരുന്നപ്പോൾ സരസ്വതി ഒരു ഒരു നാടൻപാട്ട് നീട്ടിച്ചൊല്ലി. ബ്രഹ്‌മഗിരിയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ വേദാവതിയെപ്പോലെ കന്നടിഗരുടെ കാവേരിയെക്കുറിച്ചുള്ള ഒരു പാട്ട്""ബെള്ളാന കാവേരി ബെളഗുത്ത ബാറവ്വ അല്ലല്ല ഹരഡിരുവ ബെളതിങ്കളു...'' പാട്ട് കേട്ട് എല്ലാവരും കയ്യടിച്ചു. പ്രകാശ എന്റെ അടുത്തു വന്നിരുന്നു. അശോകന്റെ കാലത്തു നിന്ന് മൊളക്കാൽമുരുവിലെ വർത്തമാനകാലത്തിലേക്ക് മൃത്യുഞ്ജയ ബസ് വേഗത്തിൽ പായുകയായിരുന്നു.

ഡെന്നീസിന്റെ സ്വപ്നക്കുതിരകൾ

ബാംഗ്ലൂരിൽ അമ്മാവന്റെ വീട്ടിലെത്തിച്ചേരുന്ന അവസരങ്ങളിലൊക്കെ ഞാൻ ഡെന്നീസിനെ കാണാറുണ്ടായിരുന്നു. അവിടെയുള്ള കാലത്ത് ഡെന്നീസ് എന്നോട് സംസാരിച്ചതത്രയും കുതിരകളെക്കുറിച്ചായിരുന്നു. അവൻ ബാംഗ്ലൂരിലെ ഹോഴ്സ് റൈഡിംഗ് സ്‌കൂളിൽ ചേരുകയും എല്ലാദിവസവും കുതിരയോട്ട പരിശീലനത്തിനു പോവുകയും ചെയ്തിരുന്നു.

ഇതിഹാസങ്ങളിലും പുരാണങ്ങളിലും നിറഞ്ഞു നിന്ന കുതിരകൾ. മഹായുദ്ധങ്ങൾ കണ്ട കുതിരകൾ. പടയോട്ടങ്ങളിലേക്കും പലായനങ്ങളിലേക്കും പാഞ്ഞുപോയ പലതരം കുതിരകൾ. ഇവയൊക്കെയും ഡെന്നീസിന്റെ വർത്തമാനങ്ങളിൽ നിറഞ്ഞുനിന്നു. കുതിരകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഡെന്നീസിന് അറിയാമായിരുന്നു. ചെസ്നട്ടും കറുപ്പും വെളുപ്പും നിറമാർന്ന കുതിരകൾ. ഇവയൊക്കെയും ഡെന്നീസിന്റെ മനസ്സിൽ നിന്നും എന്റെ മനസ്സിലേക്ക് പലതരം കുതിരകളായി ഓടിക്കിതച്ചു വന്നു.

ഡെന്നീസിനെ ഒരു കുതിരക്കമ്പക്കാരനാക്കിയത് ഇംഗ്ലീഷ് സിനിമകളായിരുന്നു. കൗബോയ് സിനിമകളിലെ കുതിരകളെ കണ്ടുകണ്ട് ഡെന്നീസ് കുതിരകളെ മറ്റെന്തിനെക്കാളുമധികമായി സ്നേഹിച്ചു. ബാംഗ്ലൂരിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ലഭിച്ച ജോലിയിൽ ഡെന്നീസ് ഒരുപാട് സന്തോഷിച്ചു. അതിനുള്ള പ്രധാനകാരണം ബാംഗ്ലൂരിലെ ഹോഴ്സ് റൈഡിംഗ് സ്‌കൂളിലെ കുതിരകളായിരുന്നു.

ഡെന്നീസ് അതിരാവിലെ എന്നും സൈക്കിളിൽ റൈഡിംഗ് സ്‌കൂളിലേക്ക് യാത്രയാവും. ആറു കിലോമീറ്റർ അകലെ ബാംഗ്ലൂരിലെ മിലിട്ടറി ഏരിയയായ മുനിരഡ്ഡിപ്പാളയത്താണ് കുതിരയോട്ട പരിശീലനകേന്ദ്രം. ഒരിക്കൽ ഞാൻ ബാംഗ്ലൂരിൽ അമ്മാവന്റെ വീട്ടിൽ എത്തിയ സമയത്ത് ഞങ്ങൾ സുഹൃത്തുക്കളെല്ലാരും കൂടിയിരിക്കുകയായിരുന്നു. ഡെന്നീസ് എല്ലാവരോടുമായി പറഞ്ഞു.

ഡെന്നീസ് കുതിരപ്പുറത്ത്‌

""ഞാനെന്റെ ബേൺബുറോ കുതിരയുമായി ഇന്ന് ഏറ്റവും നല്ല കുതിപ്പ് നടത്തി. എന്റെ കടിഞ്ഞാൺ പിടിയിൽ അവന്റെ കുതിപ്പു കണ്ട് ഇന്നെല്ലാവരും കയ്യടിച്ചു. മൊരടനായ ആ ക്യാപ്റ്റൻ പോലും.'' ലഫ്റ്റ്നന്റ് ക്യാപ്റ്റൻ കേണൽ രുദ്രപ്പയാണ് കുതിരയോട്ടം പരിശീലിപ്പിക്കുന്നത്. ഡെന്നീസ് പരിശീലകനെ ക്യാപ്റ്റൻ എന്നാണ് വിളിച്ചിരുന്നത്. ചിലപ്പോൾ മൊരടനെന്നും അയാളെ വിളിക്കും. അതിന് കാരണം നാലു വർഷം പിന്നീട്ടിട്ടും മലയാളിയായതുകൊണ്ട് കുതിരയോട്ട മത്സരത്തിൽ പങ്കെടുക്കാനുള്ള ലൈസൻസ് അയാൾ അനുവദിക്കാത്തതായിരുന്നു. എന്റെ കുതിരയുടെ പേരിൽ ആളുകൾ ബെറ്റ് വയ്ക്കുന്നതും വിജയക്കുതിപ്പിലൂടെ തന്നിൽ വിശ്വാസമർപ്പിച്ചവർക്ക് ഇരട്ടിലാഭം തിരിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു ദിവസത്തിനുവേണ്ടി ഡെന്നീസ് കാത്തിരുന്നു. മൈതാനത്ത് കുതിരകൾ മത്സരിച്ചോടുമ്പോൾ ഗാലറികളിൽ പണമെറിഞ്ഞുള്ള വാതുവയ്പ്പും കുതിരക്കച്ചവടവും നടക്കുന്നത് ഡെന്നീസ് എന്നും കാണാറുള്ളതാണ്.

ഒരിക്കൽ ഡെന്നീസ് എന്നോട് പറഞ്ഞു.""ശോഭി ഒരു ദിവസം റൈഡിംഗ് സ്‌കൂളിലേക്ക് വരണം. എന്റെ ബേൺബുറോ എന്നെയും കൊണ്ടു കുതിക്കുന്നത് കാണണം.''
ഞാൻ പറഞ്ഞു. വരാം എനിക്കും അത് കാണണമെന്നുണ്ട്. അതു പ്രകാരം ഒരു ദിവസം ഞാനങ്ങോട്ട് ചെന്നു.
ഡെന്നീസ് പറഞ്ഞതനുസരിച്ച് ഇരുപത് ഗേറ്റുകളുള്ളതിൽ ആ വലിയ മൈതാനത്തെ പന്ത്രണ്ടാമത്തെ ഗെയിറ്റിൽ ഞാൻ ചെന്നു. കുതിരകൾ പലതും പാഞ്ഞുപോകുന്നു. തലയിൽ തൊപ്പി ചൂടിയ പാഴ്സികളായിരുന്നു കുതിരയോട്ടക്കാരിൽ കൂടുതലും. ചുണ്ടിൽ വിസിലുമൂതിക്കൊണ്ട് ഒരു കുതിരപ്പുറത്ത് ഉലാത്തിക്കൊണ്ടിരുന്ന ക്യാപ്റ്റൻ രുദ്രപ്പയെ അവിടത്തെ ലായത്തിലെ കുതിരകളുടെ ഒരു പരിചാരകൻ എനിക്ക് ചൂണ്ടിക്കാട്ടിത്തന്നു.
ഞാൻ ഡെന്നീസിനെ അവിടമാകെ തിരഞ്ഞു.
സൂര്യൻ ഉദിച്ചുയരുന്നതേയുണ്ടായിരുന്നുള്ളൂ. തണുത്ത പ്രഭാതത്തിൽ കിഴക്കു ദിക്കിലേക്ക് നോക്കുമ്പോൾ കുതിരകളും അതിനോടൊപ്പം സപ്താശ്വരഥനായി പതുക്കെ പാഞ്ഞുവരുന്ന സൂര്യനെയും കാണാമായിരുന്നു. വെളിച്ചത്തിന്റെ സ്വർണ്ണരേഖകൾക്കിടയിലൂടെ പാഞ്ഞുവരുന്ന കുതിരകളെ ഒരു ചെറിയ പൊട്ടുപോലെയെ കാണാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ.

ഡെന്നീസ് എവിടെ ?
ഓരോ കുതിര പാഞ്ഞുവരുമ്പോഴും അത് ഡെന്നീസായിരിക്കുമെന്ന് കരുതി എന്റെ കണ്ണുകൾ ജാഗരൂഗമായി. പക്ഷെ അടുത്തെത്തുമ്പോൾ എനിക്ക് മനസ്സിലാവുന്നു. അത് ഡെന്നീസല്ല.
ലായത്തിലെ പരിചാരകൻ എന്നോട് പറഞ്ഞു.""ഇവിടെ 20 ഓളം കുതിരകളുണ്ട്.''
സിനിമയിലെന്നതുപോലെ കുതിരക്കുളമ്പടികൾക്ക് വേണ്ടി ഞാൻ കാതോർത്തു. പക്ഷെ പുൽമൈതാനങ്ങളിൽ കുതിരക്കുളമ്പടികൾ മൂകമായിരുന്നു.
ഏതായിരിക്കും ഡെന്നീസിന്റെ കുതിര ?
അപ്പോഴാണ് ഞാൻ ഓർത്തത്. ഡെന്നീസിന് ഏറ്റവും ഇഷ്ടമുള്ള കുതിര ബേൺബുറോ ആയിരുന്നു. ഇന്ന് ഡെന്നീസ് അതിനോടൊപ്പം തന്നെയായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.
ഞാൻ ലായത്തിലെ പരിചാരകനോട് ചോദിച്ചു.""ബേൺബുറോ വരുമ്പോൾ എനിക്ക് കാണിച്ചുതരണം.''
അയാൾ തലയാട്ടി. അതോടൊപ്പം എനിക്ക് നേരെ കൈനീട്ടുകയും ചെയ്തു.
അയാളുടെ കയ്യിൽ ഞാൻ രണ്ടു രൂപയുടെ ഒരു നോട്ട് വച്ചുകൊടുത്തു. അയാളുടെ മുഖം വിടർന്നു. ഒരു കുതിരയെപ്പോലെ അയാൾ ഉത്സാഹവാനായി.
അയാൾ കമ്പിവേലികൾ കടന്നു ക്യാപ്റ്റന്റെ അടുത്തേക്ക് ഓടിച്ചെന്ന് എന്തോ ആരാഞ്ഞു. അതിനുശേഷം തിരികെ എന്റെ അടുത്തേക്ക് ഓടി വന്ന് പറഞ്ഞു.""ബേൺബുറോ റൈഡിനുണ്ട്. ഉടൻ വരും.''
അന്നത്തെ ആ തണുത്ത പ്രഭാതത്തിലും കുതിരയോട്ടം കാണാൻ കുറച്ചെങ്കിലും ആളുകൾ ഉണ്ടായിരുന്നു. ഒരു കുതിര പാഞ്ഞുവരുമ്പോൾ ലായത്തിലെ കുതിരകളുടെ പരിചാരകൻ അയാളുടെ തീക്ഷ്ണങ്ങളായി കണ്ണുകൾകൊണ്ട് ഉറ്റുനോക്കി. അയാൾ എന്നോടായി പറഞ്ഞു.""സ്വാമി, ഇതാണ് ബേൺബുറോ''
ഞാൻ ബേൺബുറോ അടുത്തടുത്തു വരുന്നത് കൗതുകത്തോടെ നോക്കി നിന്നു. ആ നിമിഷങ്ങളിൽ കുതിരയെ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. കുതിരക്കാരനെ കാണാതെപോവുകയും ചെയ്യുന്നു. ബേൺബുറോ ചെസ്നട്ട് നിറമുള്ള ഒരു കുതിരയായിരുന്നു. അതേറെ അടുത്തെത്തിയിട്ടും ഞാൻ കുതിരയെത്തന്നെ നോക്കിനിന്നു. എണ്ണമിനുപ്പുള്ള ഒരു ഉശിരൻ കുതിര. കുതിരക്കാരൻ അതിന്റെ പുറത്തുണ്ടായിരുന്നു. കുതിരക്കാരനെയും ഞാൻ ഒരു നോക്ക് കണ്ടു.

അത് ഡെന്നീസായിരുന്നു.
ഞാൻ ആർത്തു വിളിച്ചു.""ഡെന്നീസ്....അപ്പ് ... അപ്പ് ... അപ്പ്....''
ആളുകൾക്കിടയിൽ കൈവീശിക്കൊണ്ട് അഭിവാദ്യം ചെയ്യുകയും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന എന്നെ കടന്നുപോകുന്നതിന്റെ ഞൊടിയിടയിൽ ഡെന്നീസ് കണ്ടിരിക്കണം. കുറച്ചുനേരം കഴിഞ്ഞ് ബേൺബുറോയുമായി ഡെന്നീസ് എന്റെ അടുത്തു വന്നു.
ഞാൻ അവേശം കൊണ്ട് വളച്ചുകെട്ടിയ കമ്പിവേലികൾക്കിടിയിലൂടെ നൂണു മൈതാനത്തേക്ക് കടക്കാൻ നോക്കി. കണ്ടു നിന്ന ആളുകളൊക്കെ അലറിവിളിച്ചു പിന്തിരിപ്പിച്ചു. ഡെന്നീസും അതു പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. അപരിചിതരായ ആളുകൾ പിറകിൽ വന്നു നിന്നാൽ കുതിര അതിന്റെ കാലുകൊണ്ട് ചവിട്ടിത്തെറിപ്പിക്കും എന്ന അറിവ് എനിക്കില്ലായിരുന്നു. കുതിരയുടെ ബലിഷ്ഠമായ കാലുകൾകൊണ്ടുള്ള തട്ടിൽ മാരകമായ പരിക്കോ മരണംപോലുമോ സംഭവിക്കാവുന്നതായിരുന്നു.

എങ്കിലും കമ്പിവേലികൾക്കുള്ളിലൂടെ കൈയിട്ട് ഞാൻ ഡെന്നീസിന്റെ കുതിരയെ തൊട്ടു. ഞാൻ ജീവിതത്തിൽ ആദ്യമായിത്തൊട്ട ഒരു കുതിര അതായിരുന്നു. അതിന്റെ മിനുസമേറിയ രോമങ്ങളിലൂടെ വിരൽ പായിക്കുമ്പോൾ അവൻ എന്നെ ഒന്നു നോക്കി. തമ്മിൽ പരിചയമുള്ളതുപോലെയുള്ള ഒരു നോട്ടം. ജീവിതത്തിൽ ആദ്യമായും അവസാനമായും ഒരു മൃഗവും മനുഷ്യനും തമ്മിൽ കണ്ണുകളുടക്കി തമ്മിൽ കാണുന്നു. ഡെന്നീസ് കുതിരയുടെ കടിഞാൺ പിടിച്ചു വലിച്ചു. കുതിര ഡെന്നീസിനെയും കൊണ്ട് പിന്നെയും പിന്നെയും പാഞ്ഞു.
ലായത്തിലെ പരിചാരകൻ എന്നെ റൈഡിംഗ് സ്‌കൂളിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി.

അയാൾ എന്നോട് പറഞ്ഞു.""കുതിരയോട്ടം പഠിച്ചാൽ സ്വാമിക്ക് നല്ലൊരു ജോക്കിയാവാം.'' ശരീരം കൊണ്ട് ജോക്കിയാവാനുള്ള ലക്ഷണങ്ങളെല്ലാം അയാൾ എന്നിൽ കണ്ടെത്തിയതായി പറഞ്ഞു. ""അധികം ഉയരമില്ല. ശരീരവലുപ്പമില്ല. ഭാരവും അധികമില്ല. മാസം അറുപതു രൂപ ഫീസ് കൊടുത്താൽ മാത്രം മതി.''
ഞാൻ പറഞ്ഞു.""ഞാൻ ഇവിടെ ഉണ്ടാകാറില്ല. ജോലി മൊളക്കാൽമുരുവിലാണ്.'' അയാൾക്ക് മൊളക്കാൽമുരു എവിടെയെന്ന് അറിയില്ലായിരുന്നു. കുതിരകളെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അയാൾക്ക് അറിയില്ലെന്ന് എനിക്ക് തോന്നി.
അയാൾ ഒരു മാഗസിൻ എടുത്ത് എന്റെ നേരെ നീട്ടി. 1973ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ നടന്ന ഗ്രാൻഡ് നാഷണൽ കുതിരയോട്ടമത്സരത്തിന്റെ ചിത്രങ്ങളടങ്ങിയ ഒരു പതിപ്പ്. ആസ്ട്രേലിയൻ കുതിരയായ ക്രിപ്സിനെ ഫിനിഷിംഗ് പോയന്റിൽ തോൽപിച്ച് അയർലാൻഡിന് വിജയകിരീടം നൽകിയ റെഡ് റമ്മും ജോക്കി ബ്രിയാൻ ഫ്ളെച്ചറും പേജുകളിലൊക്കെയും നിറഞ്ഞു നിൽക്കുന്നു. കരുത്തനായ ക്രിസ്പിനെ അവസാനനിമിഷം വരെ കുതിപ്പിച്ച റിച്ചാർഡ് പിറ്റ്മാനുമായുള്ള ഇന്റർവ്യൂയും അതിലുണ്ടായിരുന്നു.

പിറ്റ്മാനും കരുത്തനായ ക്രിസ്പും ഫിനിഷിംഗ് പോയന്റിന് തൊട്ടു മുന്നിൽ നിൽക്കുന്ന ചിത്രം. ജോക്കിയായ പിറ്റ്മാൻ പറയുന്നു. ഫിനിഷിംഗ് പോയന്റിൽ എത്താറായപ്പോൾ എന്റെ കാതുകളിൽ റെഡ് റമ്മിന്റെ കുളമ്പടിയൊച്ചകൾ അടുത്തടുത്തു വരുന്നതായി ഞാൻ അറിയുന്നുണ്ടായിരുന്നു. പക്ഷെ, തീവണ്ടി പാഞ്ഞുവരുമ്പോൾ പാളത്തിൽ ബന്ധിക്കപ്പെട്ട ഒരാളെപ്പോലെ ആ നിമിഷത്തിൽ എനിക്ക് അസാധാരണമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്റെ ക്രിസ്പിനെ റം നൂലിടവ്യത്യാസത്തിൽ മറികടന്നു. പക്ഷെ... അവനത്രനേരവും മുന്നിൽ തന്നെയായിരുന്നു.

എത്രനേരം മുന്നിലായിരുന്നാലും അവസാനനിമിഷം തന്നെ മറികടന്നുപോകുന്ന ഒന്നിന് വിജയം പതിച്ചു നൽകുന്ന ജീവിതത്തിലെ പലപാട് കളികളെയും ഓർത്തുകൊണ്ട് അന്നു ഉച്ചതിരിഞ്ഞശേഷം ഞാൻ മൊളക്കാൽമുരുവിലേക്ക് മടങ്ങി. ഡെന്നീസ് എന്നെങ്കിലും ഇതുപോലെ മത്സരയോട്ടങ്ങളിൽ ബേൺബുറോവുമായി കുതിക്കുമോ ? അല്ലെങ്കിൽ മറ്റേതെങ്കിലും കുതിരയുമായി ? എങ്കിൽ അത് കാണാൻ ഗാലറിയുടെ ഏറ്റവും മുൻനിരയിൽ ഞാനുണ്ടാവും എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് യാത്ര തുടർന്നു.

അശ്വരഥാരൂഡനായ സൂര്യൻ തന്റെ വെള്ളക്കുതിരകളെ പടിഞ്ഞാറൻ ദിക്കിലേക്ക് പായിച്ചുകൊണ്ടിരിക്കുന്നു. പകരം രാത്രിയുടെ കറുത്ത കുതിരകൾ ആകാശത്ത് കൂടി പാഞ്ഞുവന്ന് ഭൂമിയെ പൊതിഞ്ഞുകൊണ്ടിരിക്കുന്നു. അതും നോക്കി ഞാൻ മൊളക്കാൽമുരുവിലേക്ക് യാത്ര തുടർന്നുകൊണ്ടിരുന്നു.▮

(തുടരും)

എഴുത്ത്​: ഡോ. ദീ​പേഷ്​ കരിമ്പുങ്കര


പ്രൊഫ. ടി. ശോഭീന്ദ്രൻ

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, അധ്യാപകൻ. അമ്മ അറിയാൻ (1986) ഷട്ടർ (2013), എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments