Representational Image

സീതാദേവിക്കിഷ്​ടപ്പെട്ട കൊഴുക്കട്ട,
ബട്​ലർ സായിപ്പിന്റെ ബീഫ്​

ദേവികുളം ആയിരുന്നു 1870-കളിലെ കമ്പനിയുടെ സെന്‍ട്രല്‍ സ്‌പോട്ട്. അവിടെ നിന്നാണ് കിഴക്കുഭാഗത്തേക്ക് ആള്‍ക്കാര്‍ ഒഴുകിയെത്തിയത്.

മലങ്കാട്​ 16

ബോഡിനായ്ക്ക​ന്നൂരില്‍ നിന്ന്​ പെരുമാള്‍ കോയില്‍ വഴി മുകളിലേക്ക് നടക്കുമ്പോള്‍ പത്തു കിലോമീറ്റർ മുകളിൽ, ഒരു കാട്ടുപാത തുടങ്ങും. പണ്ട് സായിപ്പന്‍മാരുടെ കുതിരകള്‍ മാത്രം സഞ്ചരിച്ചിരുന്ന ആ പാത കുതിരപ്പാത എന്നാണറിയപ്പെടുന്നത്. മറ്റൊരു പാത കഴുതപ്പാതയാണ്, പൊതി ചുമക്കാന്‍ കഴുതകള്‍ സഞ്ചരിച്ചിരുന്ന പാത.

കുതിരപ്പാതയുടെ സമീപമുള്ളത്​ ചതുരംഗപ്പാറയാണ് എന്ന്​ മൊക്കരാസ് പറഞ്ഞു. പുലിയൂത്തില്‍ നിന്ന്​ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്ന ആ സ്ഥലം കുതിരപാഞ്ചമേട് എന്നാണറിയപ്പെടുന്നത്. പണ്ട് ബോഡിമെട്ട് എന്ന സ്ഥലമില്ലായിരുന്നു. ആ ചുറ്റുപാത പാറകളാലും മലകളാലും ചുറ്റപ്പെട്ടതായിരുന്നു. കൊരങ്ങണി പാതയുടെ മറ്റൊരു വശത്താണ് ഈ പാത. 1970- കളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പാതയുണ്ടാക്കിയെടുക്കുന്നതുവരെ ഈ പാത കുതിരപ്പാത, കഴുതപ്പാത എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോഴും പൂപ്പാറ, ശാന്തംപാറ, പെരിയകനാല്‍, സൈലൻറ്​വാലി, പഴയ ദേവികുളം തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ ആ പാതയെ അങ്ങനെ തന്നെയാണ് വിശേഷിപ്പിക്കുന്നത്. പുലിയൂത്തില്‍ നിന്ന്​ കുത്തനെ നീണ്ടു കിടക്കുന്ന ഈ കാട്ടുപാത സായിപ്പന്‍മാരുടെ മറ്റൊരു കണ്ടെത്തലാണ്. ഈ പാത ഇപ്പോള്‍ മെട്ടുപ്പാത അല്ലെങ്കില്‍ ബോഡിമെട്ട് എന്നാണറിയപ്പെടുന്നത്.

തമിഴകത്തിന്റെ തേനി, ബോഡി തുടങ്ങിയ ജില്ലകളാണ് ആ പട്ടിണിക്കൂട്ടങ്ങള്‍ എത്തിപ്പെട്ട നിരപ്പായ സ്ഥലം. പിന്നീട് ഈ ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ്​ അവര്‍ക്ക് കുത്തനെ മല കയറേണ്ടി വന്നത്. കിഴക്ക് കൊരങ്ങണി പാതയും വടക്ക് കമ്പംമെട്ടുമാണ്​.
കണ്ണപ്പന്‍ പറഞ്ഞു; അങ്കെയും ജനം കൂട്ടം കൂട്ടമാ പോകുതു…
പാറു മരുതവേല്‍ പറഞ്ഞു; ആമ ഓയി, നമ്മളെപ്പോലാണ് അവരും.

തേവാരത്തില്‍ നിന്ന്​ തെക്കേ ഭാഗത്തേക്ക് നടന്നു നീങ്ങിയ കൂട്ടങ്ങള്‍ കുതിരകളെപ്പോലെ കിതച്ചു കിതച്ചു കയറി. കങ്കാണിമാരും സായിപ്പന്‍മാരും അവരെക്കൊണ്ട്​ പാതവെട്ടി തെളിക്കുകയാണ്. ഒരേ മലയുടെ തന്നെ മറുവശത്തായാണ് ഈ ദൗത്യം. ബട്‌ലര്‍ സായിപ്പിന്റെ നേതൃത്വത്തിലായിരുന്നു ആ സംഘം പ്രവര്‍ത്തിച്ചിരുന്നത്. അവര്‍ മാസങ്ങളോളം പാതകള്‍ വെട്ടിത്തെളിച്ചു. പക്ഷേ അതിനുമുമ്പു തന്നെ അവിടെ പാതകളുണ്ടാകാനുള്ള സാധ്യത ധാരാളമാണ്.

ഒ.ഡി.കെ ഡിവിഷന്‍ എന്നറിപ്പെട്ട ഓൾഡ്​ ദേവികുളം എന്ന സ്ഥലത്തേക്കാണ് ആദ്യം തൊഴിലാളികളെ കൊണ്ടെത്തിച്ചതെന്നും അവിടെ നിന്നാണ്​ മൂന്നാറിലെ മറ്റു എസ്റ്റേറ്റുകളിലേക്ക് ആള്‍ക്കാരെ തിരിച്ചുവിട്ടതെന്നും ഒന്നാം തലമുറയിലെ ആള്‍ക്കാര്‍ പറയാറുണ്ട്.

രാജാക്കന്മാര്‍ പാര്‍ത്തിരുന്ന ഹൈറേഞ്ചിലെ മലനിരകളാണവ. ബോഡിമെട്ട് പാത തുടങ്ങുന്നത് മുന്തലില്‍ നിന്ന് തന്നെയാണ്. മുകളിലോട്ട് ചെന്നാല്‍ കുരങ്ങണിപാതയും. കൊടേക്കനാല്‍ പോലെ ചുറ്റും ഹെയര്‍പിൻ വളവുകള്‍ കയറി വേണം ബോഡിമെട്ടു പാതിയിലെത്താൻ. തോണ്ടിമല, പൂപ്പാറ, ശാന്തംപാറ വഴി സഞ്ചരിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് പെരിയകനാല്‍ എസ്റ്റേറ്റ് ആണ്. ഇതാണ് കമ്പനിയുടെ ആ പാതയിലെ ആദ്യ എസ്റ്റേറ്റ്. അതിന്റെ ഇരുവശങ്ങളിലും മലകളാണ്. ആ എസ്റ്റേറ്റിന്റെ മറ്റൊരു ഭാഗമായി വരുന്ന സ്ഥലങ്ങളാണ് ചിന്നക്കനാല്‍, സൂര്യനെല്ലി തുടങ്ങിയവ. കൊഴുക്കുമലയുടെ ഒരു അറ്റത്തായാണ് സൂര്യനെല്ലി എസ്റ്റേറ്റ്. മീശപ്പുലിമലയുടെ മറുവശവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഈ സ്ഥലങ്ങളില്‍ തേയിലയും ഏലവും ഒരേ തോതിലാണ്​​ കൃഷി ചെയ്യുന്നത്​. പെരിയകനാലിന്റെ കിഴക്ക് പന്നയാര്‍, ആനയിറങ്ങല്‍ എസ്റ്റേറ്റുകളും സൂര്യനെല്ലിയിലെ തേയില തോട്ടങ്ങളും ഹാരിസ് മലയാളം പ്ലാന്റേഷന്‍ എസ്റ്റേറ്റുകളുമാണ്. വലിയ കനാലുകള്‍ നിറഞ്ഞ ഈ സ്ഥലത്തിന് പെരിയകനാല്‍ എന്നു പേരിട്ടു. ചുറ്റുമുള്ള മലകളില്‍ നിന്നൊഴുകിയെത്തുന്ന വെള്ളം 10 കിലോമീറ്ററോളം സഞ്ചരിച്ച് ആനയിറങ്ങല്‍ ഡാമിലാണെത്തുന്നത്​. മൂന്നാറിന്റെ വടക്കുഭാഗത്താണ് ഈ എസ്റ്റേറ്റ്.

Photo: organikos.net

ലോവര്‍, ടോപ്പ് എന്നീ രണ്ട് ഡിവിഷനുകളാണ് ആദ്യമുണ്ടായിരുന്നത്.
മാടപ്പന്‍ പറഞ്ഞു; ഞങ്ങടെ മുത്തശ്ശനും മുത്തമ്മയും കുതിരപ്പാത വഴിയാണ് ഇവിടെ എത്തിപ്പെട്ടത്.
ഷണ്‍മുഖയ്യ പറഞ്ഞു; കുതിരപ്പാതയിലിരുന്തു മൊട്ടചോല വഴി വന്നാല്‍ ശാന്തംപാറയും അങ്കയിരുന്തു പെരിയകനാലിലും എത്താം.
ചെല്ലയ്യ പറഞ്ഞു; പെരിയകനാല്‍ പിന്നെ തൊരന്ത എസ്റ്റേറ്റാം, എങ്ക താത്ത മാണിക്കവേലു സെല്ലുവാരു...
ഒ.ഡി.കെ ഡിവിഷന്‍ എന്നറിപ്പെട്ട ഓൾഡ്​ ദേവികുളം എന്ന സ്ഥലത്തേക്കാണ് ആദ്യം തൊഴിലാളികളെ കൊണ്ടെത്തിച്ചതെന്നും അവിടെ നിന്നാണ്​ മൂന്നാറിലെ മറ്റു എസ്റ്റേറ്റുകളിലേക്ക് ആള്‍ക്കാരെ തിരിച്ചുവിട്ടതെന്നും ഒന്നാം തലമുറയിലെ ആള്‍ക്കാര്‍ പറയാറുണ്ട്. രണ്ടാം തലമുറയില്‍പെട്ട മുതിര്‍ന്നവരും ഈ കഥകള്‍ പറയാറുണ്ട്. കൊരങ്ങണിയുടെ തൊട്ടടുത്ത മലമ്പാതയായ കുതിരപ്പാത വഴിയായിരുന്നു കൊരങ്ങണി പാതയിലേതു പോലെ തൊഴിലാളികളെ കൂട്ടംകൂട്ടമായി ഈ ഭാഗത്തേക്ക് എത്തിച്ചിരുന്നത്. പഴയ ദേവികുളമായിരുന്നു അവരുടെ ആദ്യ വാസസ്ഥലം. 1908- ലാണ് ദേവികുളത്ത്​ ഫാക്ടറി വന്നത്​. പെരിയകനാല്‍ ഫാക്ടറി പിന്നീട് 1925- കളിലാണ് രൂപപ്പെട്ടത്. അതുവരെ ഇവിടത്തെ തൊഴിലാളികള്‍ ദേവികുളം ഫാക്ടറി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്​. ഇന്നത്തെ കൊച്ചി- ധനുഷ്‌കോടി പാത സ്ഥിതി ചെയ്യുന്ന ആ മലനിരകളിലാണ് പെരിയകനാല്‍, ഗുഡാരവളൈ, സൈലന്റ് വാലി, ദേവികുളം, ചൊക്കനാട്, പഴയ മൂന്നാര്‍ തുടങ്ങിയ എസ്റ്റേറ്റുകള്‍. കൊരങ്ങണി പാതയില്‍ പഴയ ചിട്ടിവര, ചിട്ടിവര എന്നതുപോലെയാണ് കുതിരപ്പാതയിലെ പഴയ ദേവികുളവും ദേവികുളവും. ഇപ്പോഴത്തെ ദേവികുളം എന്ന സങ്കല്‍പ്പവും പഴയ ദേവികുളം എന്ന സങ്കല്‍പ്പവും തമ്മില്‍ ഒരു ചരിത്രമുണ്ട്​. ദേവികുളത്ത്​ ആദ്യം 25 ഏക്കറില്‍ പയറ്റിയെടുത്ത ആ തന്ത്രം വിജയിച്ച ശേഷം പിന്നീട് ആ പ്രദേശങ്ങള്‍ കീഴടക്കി സായിപ്പന്മാര്‍ തേയില നട്ടു. വലിയ വലിയ എസ്റ്റേറ്റുകള്‍ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ തന്ത്രം. അതുകൊണ്ടാണ് പഴയ ദേവികുളവും പുതിയ ദേവികുളവും എന്ന വ്യത്യാസം വരുന്നത്.

Photo: munnartourism.co.in

ചിട്ടിവരയിലും സമാന സ്ഥലങ്ങളുണ്ട്. മൂന്നാര്‍ മലനിരകളിലെ നിരവധി എസ്റ്റേറ്റുകളില്‍ പഴയക്കാട്, പുതുക്കാട് എന്ന പ്രയോഗങ്ങളും ഉണ്ട്. പെരിയകനാലില്‍ നിന്ന്​ 14 കിലോമീറ്റര്‍ ദൂരത്തില്‍ മലമുകളിലുള്ള ഗൂഡാരവളൈയില്‍ ആദ്യം രണ്ട് ഡിവിഷനുകളായിരുന്നു- ഗൂഡാരവളൈ ഡിവിഷന്‍, ടോപ്പ് ഡിവിഷന്‍ എന്നിവ. ഗൂഡാരവളൈ ടോപ്പ് ഡിവിഷനെ വികസിപ്പിച്ചാണ് സൈലൻറ്​ വാലി എസ്റ്റേറ്റ് രൂപപ്പെടുത്തിയത്. ഈ എസ്റ്റേറ്റില്‍ ഇന്ന് മൂന്നു ഡിവിഷനുകളുണ്ട്​- ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് ഡിവിഷനുകൾ. സൈലന്റ് വാലിയെയും പെരിയ കനാലിനെയും ബന്ധിപ്പിക്കുന്നത് പവര്‍ഹൗസ് എന്ന സ്ഥലമാണ്. പള്ളിവാസല്‍ ഹൈഡ്രോ ഇലക്​ട്രിക്​ പവര്‍ സ്റ്റേഷനെ പോലെ പെരിയകനാലിലും ഒരു പവര്‍ ഹൗസുണ്ട്.

തമിഴ്നാട്ടില്‍ മുന്തല്‍ ചെക്ക് പോസ്റ്റ് മുതല്‍ ദേവികുളം വരെ നീണ്ടുനില്‍ക്കുന്ന ഈ പാത വളരെ വിചിത്രമായ പാത കൂടിയാണ്. താഴെയും മുകള്‍ ഭാഗത്തും നിന്നിരുന്ന ഒരുപാട് മലകളെ പൊട്ടിച്ചായിരിക്കും ഈ പാത രൂപപ്പെടുത്തിയത് എന്ന് തോന്നിപ്പോകും.

പണ്ണയാര്‍ ഡാമിന്റെ മറ്റൊരു പേരാണ് ആനയിറങ്ങല്‍ ഡാം. പൊതുവേ പെരിയകനാല്‍ കഴിഞ്ഞാല്‍ പെരിയകനാലില്‍ നിന്ന്​ ആറ് കിലോമീറ്റര്‍ ഓളം വളഞ്ഞുപുളഞ്ഞ് കാട്ടുപാതയിലൂടെ സഞ്ചരിക്കുന്ന ആ ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആനയിറങ്ങല്‍ എന്ന വിളിപ്പേരുണ്ട്.

പൂനാച്ചി മലയെ ചുറ്റി വാല്‍പ്പാറ എസ്റ്റേറ്റുകള്‍ എന്നപോലെ കൊരങ്ങണി മലയെ ചുറ്റി മൂന്നാറിലെ എസ്റ്റേറ്റുകളാണ്.
കൊമരാണ്ടി പറഞ്ഞു; എണ്ണ എളവോ എല്ലാം മലപോലാണ് തോന്നുന്നത്.
ഇരുളാണ്ടി പറഞ്ഞു; ഇങ്ക ജനങ്ക എപ്പടി ജീവിക്കുതോ?
ചൊക്കമ്മയും, രാക്കമ്മയും, മുത്തമ്മയും ചോല വഴി നടക്കുമ്പോള്‍ സോര സോര പറഞ്ഞു തുടങ്ങി.

ആനയിറങ്ങല്‍ ഡാം / Photo: Wikipedia

ചുറ്റും ഏലക്കാടുകളും നടുവില്‍ തേയിലക്കാടുകളും ചേര്‍ന്നതാണ് ഈ മലങ്കാട്. ചുറ്റും ആനക്കാടുകളും; പഴനിച്ചാമി കൂട്ടിച്ചേര്‍ത്തു. ദേവികുളത്ത്​ എത്തിയ അവരെ കങ്കാണിമാരായ കൊമരാണ്ടി, കോവിന്ദന്‍, മാരിമുത്തു, വെള്ളപ്പന്‍, മകാലിംഗം, കുട്ടിയാണ്ടി, ഗുരുസാമി, ജ്ഞാനയ്യ, മോസ, തവസി, സുപ്പന്‍, ശിവന്‍ തുടങ്ങിയവര്‍ കൂട്ടങ്ങളെ നയിച്ചു. തങ്കയ്യാ കങ്കാണിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം തൊഴിലാളികള്‍ പഴയ ദേവികുളത്തുനിന്ന്​ മറ്റൊരു മലനിരകളിലേക്ക് നടന്നുനീങ്ങുന്നു.

ആ കൂട്ടങ്ങള്‍ മലഞ്ചെരിവുകളിലൂടെ നടന്നു നീങ്ങുമ്പോള്‍ തേയിലക്കാടുകൾ കണ്ടു.
നാത്തു കാടായില്ലെയിരുക്കു; സുപ്പമ്മ കവിളില്‍ വിരല്‍ വെച്ചു.
ഇതാം തേയില നാത്താം, പളനിവേലുവും ചൊക്കനും പറഞ്ഞു.
അവരുടെ കണ്ണെത്തും ദൂരം വരെ പൊട്ടലില്‍ നാത്തുകള്‍ മാത്രമാണ് നട്ടിരുന്നത്.
ചോലയമ്മ പറഞ്ഞു; ആ കാണുന്ന മലയിലേക്കാണ് നമ്മള്‍ പോകുന്നത്.
കൂട്ടം പഴയ ദേവികുളത്തുനിന്ന്​ കിതച്ചു കിതച്ച് ചപ്പക്കാട്ട് വഴി ഗൂഡാരവളൈ ടോപ്പ് ഡിവിഷനിലേക്കെത്തി. അവരും ആ മലനിരകളില്‍ ജീവിക്കാന്‍ തുടങ്ങി. പുലിയൂത്തില്‍ നിന്നും കുതിരപാഞ്ചാന്‍മേട്ടിലെത്തുമ്പോള്‍ കുത്തനെ കയറ്റം മാത്രമാണ്. അതുകൊണ്ട് ഈ പാത ഇന്നും കാട്ടുപാതയായി തുടരുന്നു.

തമിഴ്നാട്ടില്‍ മുന്തല്‍ ചെക്ക് പോസ്റ്റ് മുതല്‍ ദേവികുളം വരെ നീണ്ടുനില്‍ക്കുന്ന ഈ പാത വളരെ വിചിത്രമായ പാത കൂടിയാണ്. താഴെയും മുകള്‍ ഭാഗത്തും നിന്നിരുന്ന ഒരുപാട് മലകളെ പൊട്ടിച്ചായിരിക്കും ഈ പാത രൂപപ്പെടുത്തിയത് എന്ന് തോന്നിപ്പോകും. മനുഷ്യസാധ്യമായ ആ പാത നിര്‍മ്മിച്ചെടുത്തത് ബ്രിട്ടീഷുകാരുടെ കാലത്താണെന്നാലോചിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് കടപ്പാറ പോലെയും പൊക്ലെയ്ന്‍ മെഷീനുകള്‍ പോലെയും പണിയെടുക്കേണ്ടിവന്നിരിക്കും. മുത്തപ്പന്‍ പറഞ്ഞു; ഈ കല്ലുകളെ എങ്ങനെ പൊട്ടിച്ചോ? ചിന്നച്ചാമി ആ പാത നോക്കി അന്തം വിട്ടു നിന്നു.

Photo: needpix

ഈ പാതയിലൂടെയാണ് പെരിയകനാല്‍, ദേവികുളം, ഗൂഢാരവളൈ തുടങ്ങിയ എസ്റ്റേറ്റുകളിലേക്ക് ഭക്ഷ്യസാധനങ്ങളും കമ്പനി പ്രവര്‍ത്തിക്കാനുള്ള മറ്റു സാധനങ്ങളും എത്തിച്ചത്​. മൂന്നാറില്‍ മാത്രമാണ് ഗതാഗത സംവിധാനമുണ്ടായിരുന്നത്. മൂന്നാറില്‍ നിന്ന്​ മറ്റൊരു മലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത്​ കഴുതകളും കുതിരകളുമായിരുന്നു വാഹനങ്ങളെപ്പോലെ പ്രവര്‍ത്തിച്ചിരുന്നത്. പൊതിചുമക്കുന്ന കഴുതകള്‍ ഒരു പാതയിലും, സായിപ്പന്മാര്‍ മാത്രം സഞ്ചരിക്കുന്ന കുതിരകള്‍ മറ്റൊരു പാതയിലും സഞ്ചരിച്ചു. ഇതായിരുന്നു ആ കാലത്തെ ഗതാഗത ക്രമീകരണം.

ദേവികുളത്തുനിന്ന്​ മൂന്നാറും കൊരങ്ങണിയും വിചിത്രമായ മലകളില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് ദേവികുളം സോണലിലെ എസ്റ്റേറ്റുകള്‍ ഏറെക്കാലങ്ങളായി ഗതാഗതത്തിന് ബുദ്ധിമുട്ടേണ്ടിവന്നു. കഴുതകള്‍ക്കൊപ്പവും കുതിരകള്‍ക്കൊപ്പവും കാളവണ്ടികള്‍ക്കൊപ്പവും അവര്‍ വര്‍ഷങ്ങളോളം ജീവിച്ചു.

കഴുതകളെക്കാളും കുതിരകള്‍ വേഗം സഞ്ചരിക്കും. അതുകൊണ്ട് പൊതി ചുമക്കുന്ന കഴുതകള്‍ക്ക്​ മെല്ലെ സഞ്ചരിക്കാന്‍ തക്ക വണ്ണം കഴുതപ്പാതയെ സായിപ്പമാര്‍ ക്രമീകരിച്ചു. പിന്നീട് സായിപ്പന്മാര്‍ കമ്പനി ആവശ്യത്തിന്​ ഓട്ടപ്പാച്ചിലായിരുന്നു. അതുകൊണ്ട് കുതിരപ്പാതയ്ക്ക് സമാനമായ ഒരു പാതയും ആ ഭാഗത്ത് അവര്‍ രൂപപ്പെടുത്തിയെടുത്തു. ഇങ്ങനെയാണ് പഴയ ദേവികുളം മേഖല ഏറെ കാലങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. ദേവികുളത്തുനിന്ന്​ മൂന്നാറും കൊരങ്ങണിയും വിചിത്രമായ മലകളില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് ദേവികുളം സോണലിലെ എസ്റ്റേറ്റുകള്‍ ഏറെക്കാലങ്ങളായി ഗതാഗതത്തിന് ബുദ്ധിമുട്ടേണ്ടിവന്നു. കഴുതകള്‍ക്കൊപ്പവും കുതിരകള്‍ക്കൊപ്പവും കാളവണ്ടികള്‍ക്കൊപ്പവും അവര്‍ വര്‍ഷങ്ങളോളം ജീവിച്ചു. ചില സമയത്തില്‍ കഴുതകളെ പോലെയും ചില സമയത്ത് കുതിരകളെ പോലെയും അവര്‍ക്ക് പണിയെടുക്കേണ്ടിവന്നു. നുള്ളുന്ന കൊളുന്തുകൾ ചുമക്കുക, കാളവണ്ടിയില്‍ കയറ്റി വിടുക, എന്നു മാത്രമല്ല കുന്നുകളും ചെരിവുകളും മലകളും കയറിയിറങ്ങി കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും വേണം. സമതലങ്ങളില്‍നിന്ന്​ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊരങ്ങണി മലയുടെ മറ്റൊരു ഭാഗത്ത് ജീവിക്കുന്ന ഇവര്‍ക്ക് അപ്പര്‍ എഡ്ജില്‍ ജീവിക്കേണ്ടി വന്നു. വര്‍ഷങ്ങളോളം ദേവികുളം ഫാക്ടറിയെ ആശ്രയിച്ചാണ് ഇവര്‍ ജീവിച്ചിരുന്നത്.

1910- കളില്‍ ദേവികുളത്ത്​ ഫാക്ടറി രൂപപ്പെട്ടതോടെ തേയിലകള്‍ കപ്പിത്തേരിയില്‍ നിന്ന്​ മൂന്നാറിലേക്ക് എത്തിപ്പെട്ടു. പിന്നീട് ഹൈറേഞ്ച് എന്നറിയപ്പെട്ട ട്രെയിനില്‍ കയറ്റി ടോപ്പ് സ്റ്റേഷനിലേക്കെത്തിച്ചു. പക്ഷേ, പെരിയകനാല്‍ പോലുള്ള എസ്റ്റേറ്റുകളില്‍ നിന്നും ദേവികുളം ഫാക്ടറിയിലേക്ക് എത്തിക്കാന്‍ പാടായിരുന്നു. ഇറക്കം ഇല്ലാത്ത സ്ഥലമായതുകൊണ്ട് ചില സ്ഥലങ്ങളില്‍ നിന്നും കാട്ടുപാതകളിലൂടെ തൊഴിലാളികള്‍ക്ക് തലചുമടായി മലമുകളിലെ വളവുകള്‍ കടന്ന്​ മൂന്നാം നമ്പര്‍ കാടു വഴി ദേവികുളം ഫാക്ടറിയിലേക്ക് കൊളുന്തുകള്‍ എത്തിക്കേണ്ടി വന്നു. ഇത് മറ്റു മേഖലകളില്‍ നിന്ന്​ വളരെ സങ്കീര്‍ണ്ണമായിരുന്നുവെങ്കിലും സായിപ്പന്മാര്‍ തൊഴിലാളികളെ കൊണ്ട് അത് സാധിപ്പിച്ചെടുത്തു.

ദേവികുളത്തുനിന്ന്​ മൂന്നാറും കൊരങ്ങണിയും വിചിത്രമായ മലകളില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് ദേവികുളം സോണലിലെ എസ്റ്റേറ്റുകള്‍ ഏറെക്കാലങ്ങളായി ഗതാഗതത്തിന് ബുദ്ധിമുട്ടേണ്ടിവന്നു. കഴുതകള്‍ക്കൊപ്പവും കുതിരകള്‍ക്കൊപ്പവും കാളവണ്ടികള്‍ക്കൊപ്പവും അവര്‍ വര്‍ഷങ്ങളോളം ജീവിച്ചു.

ദേവികുളം മേഖലയില്‍ കമ്പനിയുടെ സൂത്രധാരനായിരുന്ന ബട്‌ലര്‍ സായിപ്പ് ആണ് മൂന്നാറില്‍ ആദ്യമായി കാട്ടുപോത്തിന്റെ മാംസം അത്രമേല്‍ രുചിച്ച കച്ചവടക്കാരന്‍. എല്ലാ ശനിയാഴ്ചകളിലും സായിപ്പ് ഒരു കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലുകയും ഒപ്പം വേട്ടയാടാനെത്തിയവര്‍ക്ക് മാംസം ഭക്ഷിക്കാന്‍ നല്‍കുകയും വീക്കെൻഡ്​ ആഘോഷിക്കുകയും ചെയ്തിരുന്നു. അടിമകള്‍ക്ക് വേട്ടയാടാന്‍ അവകാശമുണ്ടായിരുന്നു എന്ന് ചിലര്‍ പറയുന്നു. പക്ഷേ ചിലര്‍ അത് അമ്പാടെ നിരസിക്കുന്നു. എന്തായാലും നമ്മുടെ ആള്‍ക്കാരും എന്തെങ്കിലുമൊക്കെ വേട്ടയാടി തിന്നു കാണുമെന്ന്​ മായവന്‍ പറഞ്ഞു.
മാരിയപ്പന്‍ അതിനൊരു മറുപടി പറഞ്ഞു: നിമിന്നു നിക്കരുതുക്കേ ഉരിമയില്ലയാം, അതുലവേറെ വേട്ടയാ? എടുപിടി ആയിരുപ്പാങ്കെ…

ബട്‌ലര്‍ സായിപ്പ് പോത്തിറച്ചിയുടെ രുചി അനുഭവിപ്പിച്ചതുകൊണ്ടായിരിക്കാം, ബീഫ് മൂന്നാറിന്റെ ദേശീയ ഭക്ഷണമായത്.

ബട്‌ലര്‍ സായിപ്പ് പോത്തിറച്ചിയുടെ രുചി അനുഭവിപ്പിച്ചതുകൊണ്ടായിരിക്കാം, ബീഫ് മൂന്നാറിന്റെ ദേശീയ ഭക്ഷണമായത്. വേലാണ്ടി പറഞ്ഞു; മാനും കോഴിയുമൊക്കെ പഞ്ചകാലത്തില്‍ വേട്ടയാടി ഭക്ഷിച്ചിട്ടുണ്ട് എന്ന് താത്ത പറയും. കാട്ടുപോത്തിന്റെ കാര്യം അറിയില്ല. സായിപ്പന്മാര്‍ ആയിരിക്കും അതിനെ വേട്ടയാടി തിന്നത്. നമുക്ക് കേപ്പക്കളിയും കര്‍ണക്കീര തുവയലും താണ ...

പഴയ ദേവികുളം വികസിച്ചാണ് ആ സോണലില്‍ മറ്റുള്ള എസ്റ്റേറ്റുകള്‍ രൂപപ്പെട്ടത്. പെരിയകനാലില്‍ മറ്റൊരു ഫാക്ടറി രൂപപ്പെടുന്നത് വരെ ബുദ്ധിമുട്ടേണ്ടി വന്നുവെന്ന്​ കനകസുപ്പു പറഞ്ഞു. ചതുരംഗപ്പാതയായിരുന്നു പ്രധാന സ്ഥലം. മുട്ടുകാട് എന്നറിയപ്പെടുന്ന ചിന്നക്കനാലിന്റെ സമീപമുള്ള സ്ഥലത്തായിരുന്നു ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. അവിടെ നിന്നാണ്​ എല്ലാ എസ്റ്റേറ്റുകള്‍ക്കും സപ്ലൈ ചെയ്തിരുന്നത്.

ദേവികുളം മേഖലയില്‍ കമ്പനിയുടെ സൂത്രധാരനായിരുന്ന ബട്‌ലര്‍ സായിപ്പ് ആണ് മൂന്നാറില്‍ ആദ്യമായി കാട്ടുപോത്തിന്റെ മാംസം അത്രമേല്‍ രുചിച്ച കച്ചവടക്കാരന്‍. / Photo: Manitoba Historical Society

ചതുരംഗപ്പാറയില്‍ നിന്ന്​ ഒരു കൂട്ടം നടന്നു നീങ്ങി. പിച്ചാണ്ടിയും മുനിയാണ്ടിയും കണ്ണിയപ്പനും വേലുച്ചാമിയും കപ്പിമൊട്ടകള്‍ ലക്ഷ്യം വെച്ച് നടക്കുകയാണ്. പഴയ ദേവികുളത്തേക്ക്​ കൊളുന്ത്​ എത്തിക്കുക എന്നത് അത്ര എളുപ്പമല്ല എങ്കിലും തൊഴിലാളികളെ കൊണ്ട് ആ ദൗത്യം സായിപ്പന്മാര്‍ നിറവേറ്റി. കങ്കാണിമാര്‍ മറ്റു എസ്റ്റേറ്റുകളെ പോലെ ഗൂഡാരവളൈ, പെരിയകനാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കൊളുന്തു ചുമന്നു.

രാമായണത്തില്‍ സീതാദേവി 14 വര്‍ഷം കാട്ടിലാണ് ജീവിച്ചിരുന്നത് എന്നുണ്ട്​.​ മുതുമല കാടുകളില്‍ സീതാദേവി ജീവിച്ചിരുന്നു എന്ന് ദേവികുളത്തെ ഒ.ഡി.കെ ഡിവിഷനില്‍ ആദ്യ കാലത്ത്​ കുടിയേറി പാര്‍ത്ത തൊഴിലാളികള്‍ വിശ്വസിച്ചിരുന്നു. സീതാദേവി കുളിച്ച കുളമാണ് ദേവികുളം എന്നും ആ സ്ഥലമാണ് പിന്നീട് ദേവികുളം ആയത് എന്നും പറയുന്നുണ്ട്​. ഇന്നത്തെ സീത ലാക്കിന്റെ പുറകു വശത്തുള്ള മലയാണ് ആ കാലത്തെ പോലെ ദേവിമല എന്നറിയപ്പെട്ടിരുന്നത്. ദേവിയമ്മ എന്നാണ് ആ ദൈവത്തെ അവര്‍ വിളിച്ചത്​. പഞ്ചപാണ്ഡവര്‍ മല എന്നു പറയുന്ന പോലെയാണ് ദേവികുളം എന്ന സ്ഥലവും. ദക്ഷിണേന്ത്യയില്‍ ഈ സ്ഥലം പ്രാചീന കാല മിത്തായ രാമായണത്തിന്റെ സ്വാധീനത്തെ ഓര്‍മ്മിപ്പിക്കുന്നു മാത്രമല്ല, സീതാദേവിയും രാമനും കാടിന്റെ മക്കളാണ് എന്ന അര്‍ത്ഥത്തിലാണ് ദേവിമല എന്ന മലയെ അവര്‍ കണ്ടിരുന്നത്.

ഓൾഡ്​ ദേവികുളം എന്നറിയപ്പെടുന്ന സ്ഥലത്തിലും പാര്‍വതി എസ്റ്റേറ്റിലുമാണ് കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവന്നതും ആദ്യമായി തേയില വെച്ചു പിടിപ്പിച്ചതും എന്ന കഥയുണ്ട്​.

തമിഴ്‌നാട്ടില്‍ നിന്ന്​ മറ്റൊരു പാതയായ കഴുതപ്പാതയിലൂടെ വന്നവര്‍ പെരിയകനാലില്‍ നിന്ന്​ ഇരച്ചപ്പാറ കുറുക്കുവഴിയിയൂടെയാണ്​ ദേവികുളത്ത്​ എത്തിയത്​. 1907- കളില്‍ ഇന്നത്തെ ലാക്കിന്റെ പുറകുവശമാണ് കമ്പനിക്കാര്‍ ഫാക്ടറി പണിതത്. പ്രളയത്തില്‍ ഫാക്ടറി നശിച്ചതോടെയാണ് 1927- കളില്‍ പുതിയ ഫാക്ടറി മറ്റൊരു സ്ഥലത്ത് പണിതത്. അതിനുമുമ്പ് മലയുടെ പുറകുവശത്തുണ്ടായിരുന്ന കപ്പി സെന്ററില്‍ നിന്നും മറ്റു എസ്റ്റേറ്റുകളിലെ മല പ്രദേശത്തില്‍ കുത്തനെ സ്ഥാപിക്കപ്പെട്ടിരുന്ന കപ്പി സെന്ററുകളില്‍ നിന്ന്​ കൊളുന്തുകള്‍ ഈ ഫാക്ടറിലേക്ക് മാത്രമാണ് എത്തിച്ചിരുന്നത്​. ഈ പ്രക്രിയയെ തൊഴിലാളികള്‍ വലിയൊരു വിനോദമായാണ് കണ്ടിരുന്നത്. കാരണം, മലയുടെ അപ്പുറം ഒരു ജീവിതമുണ്ടെന്ന് അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഒരിക്കലും ഊഹിക്കാന്‍ പറ്റാത്ത ഒരു ചുറ്റുപാടാണ് അവിടെ നിലനിന്നിരുന്നത്. പക്ഷേ കമ്പനിയുടെ വിദഗ്ധന്മാര്‍ ഈ എസ്റ്റേറ്റിനെ മറ്റു എസ്റ്റേറ്റുകളുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ കപ്പിത്തേരി അല്ലെങ്കില്‍ കപ്പി സെന്ററുകള്‍ രൂപപ്പെടുത്തിയെടുത്തതായി രാമസാമി പറഞ്ഞു.

മുതുമല കാടുകളില്‍ സീതാദേവി ജീവിച്ചിരുന്നു എന്ന് ദേവികുളത്തെ ഒ.ഡി.കെ ഡിവിഷനില്‍ ആദ്യ കാലത്ത്​ കുടിയേറി പാര്‍ത്ത തൊഴിലാളികള്‍ വിശ്വസിച്ചിരുന്നു. / Photo: Wikimedia Commons

ചീമകാള ലയന്‍സ് എന്നറിയപ്പെട്ടിരുന്ന രണ്ട് മുറി ലയങ്ങളിലായിരുന്നു കാളകളെ പാര്‍പ്പിച്ചത്. മിഡില്‍ഡിവിഷനില്‍ തന്നെ കമ്പനിക്ക് ഒരു സത്രമുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന തൊഴിലാളികളെ ആ സത്രത്തിലാണ് ആദ്യം പാര്‍പ്പിച്ചിരുന്നത്. അവിടെ നിന്നാണ്​ മറ്റു എസ്റ്റേറ്റുകളിലേക്ക് തിരിച്ചുവിട്ടത്. മൂന്നാറിന്റെ പഴങ്കഥകളില്‍ ഇതും ഒന്നാണ്. കാരണം, ഓൾഡ്​ ദേവികുളം എന്നറിയപ്പെടുന്ന ഈ സ്ഥലത്തിലും പാര്‍വതി എസ്റ്റേറ്റിലുമാണ് കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവന്നതും ആദ്യമായി തേയില വെച്ചു പിടിപ്പിച്ചതും എന്ന കഥയുണ്ട്​. ഇവിടെ നിന്നാണ്​ ആള്‍ക്കാരെ പാര്‍വതി ഡിവിഷനിലേക്ക് കൊണ്ടുപോയതെന്നു താത്ത പറഞ്ഞിരുന്ന കാര്യം അമ്മാവാസ ഓർത്തു. പാര്‍വതി എസ്റ്റേറ്റിലും ഇവിടെയും തേയില വെച്ചുപിടിച്ചത്​ ഒരേ സമയത്തായിരുന്നു എന്ന്​ എല്ലപ്പെട്ടി വെസ്റ്റ് ഡിവിഷനില്‍ കുടിയേറി പാര്‍ത്തവരും ചെണ്ടുവര എസ്റ്റേറ്റില്‍ കുടിയേറി പാര്‍ത്തവരും പറയും.

ദ്രാവിഡ ഗോത്രവര്‍ഗ്ഗത്തിന്റെ സ്വഭാവം സ്ത്രീദൈവങ്ങളെ ആരാധിക്കലാണ്. അതുകൊണ്ടാണ് രാമനെ പ്രതിഷ്ഠിക്കാതെ അവര്‍ സീതയെ പ്രതിഷ്ഠിച്ചത്.

മുത്തശ്ശന്മാരുടെ കാലത്ത്​ തങ്ങളെല്ലാവരും ദേവികുളത്തുനിന്നാണ്​ വന്നതെന്ന് മന്നാര്‍ പറഞ്ഞു.(ദേവികുളത്തുനിന്ന്​ ഇവിടെയെത്തിയ എന്റെ വലിയച്​ഛൻ മുത്തന്റെ മകനാണ്​ മന്നാര്‍). ഡിണ്ടിവനം, കാഞ്ചിപുരം, വിഴുപ്പുരം ജനങ്കയെല്ലാം ചിട്ടിവര, ചെണ്ടുവര, എല്ലപ്പെട്ടി, അരുവിക്കാട് തുടങ്ങിയ എസ്റ്റേറ്റുകളിലേക്ക് ഇവിടെനിന്നും പിരിഞ്ഞു പോയവരാണ്. തമിഴ്‌നാട്ടിലെ തെക്കേഭാഗത്തുനിന്ന്​ കുടിയേറി പാര്‍ത്ത ജനങ്ങള്‍ മാടസാമി, കറുപ്പസാമി, മാരിയമ്മ, ചുടലൈമാടന്‍ തുടങ്ങിയ ദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. പക്ഷേ, കാഞ്ചിപുരം ജില്ലയില്‍ നിന്ന് കുടിയേറി പാര്‍ത്ത തൊഴിലാളികള്‍ രാമനെയും സീതയെയും ആരാധിച്ചിട്ടുണ്ട്. അത് സാംസ്‌കാരിക ബഹുസ്വരതയെ അടയാളപ്പെടുത്തുന്നു. അങ്ങനെയാണ് ദേവികുളത്ത്​ സീതാദേവിയുടെ മിത്ത് രൂപപ്പെട്ടത്. അവര്‍ രാമനു പകരം സീതയെയാണ് സ്ഥാപിച്ചത്​.

ദ്രാവിഡ ഗോത്രവര്‍ഗ്ഗത്തിന്റെ സ്വഭാവം സ്ത്രീദൈവങ്ങളെ ആരാധിക്കലാണ്. അതുകൊണ്ടാണ് രാമനെ പ്രതിഷ്ഠിക്കാതെ അവര്‍ സീതയെ പ്രതിഷ്ഠിച്ചത്. ഇപ്പോഴും ആ എസ്റ്റേറ്റുകളില്‍ സീതാദേവിയുടെ ദേവിയമ്മന്‍ കോവിൽ ഉത്സവം പ്രശസ്തമാണ്. ഹൈറേഞ്ചിലെ ഏക ദേവിഅമ്മന്‍ ക്ഷേത്രം ദേവികുളത്താണ്​. പ്രാചീന ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രം തിരുത്തിയെഴുതപ്പെട്ട ഒരിടം കൂടിയായി അങ്ങനെ ദേവികുളം​. മിത്തുകളിൽ വിശ്വസിക്കുകയും അവയെ തങ്ങളുടെ ജീവിതശൈലിയില്‍ ലയിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ദ്രാവിഡ ഗോത്രവര്‍ഗ്ഗത്തിന്റെ സ്ത്രീദൈവാരാധന. സീതാദേവി കുളിച്ചതായി വിശ്വസിക്കുന്ന കുളം ദേവികുളത്തുണ്ട്​.

ദേവികുളത്തിലെ സീതാദേവി കുളിച്ചതായി വിശ്വസിക്കുന്ന കുളം / Photo: Screenshot Steps and Miles Youtube

സീത അവരുടെ കുലദൈവമാണ്. അവര്‍ അവള്‍ക്ക് കൊഴുക്കട്ടയുണ്ടാക്കി കൊടുത്തിരുന്നു. ഉപ്പ് കുറഞ്ഞതുകൊണ്ട് പകുതി കഴിച്ച്​ ഒരു പാറയുടെ പുറത്ത് ആ കൊഴുക്കട്ട വെച്ച്​ സീതാദേവി പോയി. അതെടുത്ത്​ ബാക്കിയുള്ളവര്‍ സീതാദേവിയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചിരുന്നു എന്നാണ്​ മിത്ത്. ഇപ്പോഴും, പകുതി കൊഴുക്കട്ടയുണ്ടാക്കി വെച്ചാല്‍ സീതാദേവി നമ്മുടെ കൂടെയുണ്ടാവും എന്ന വിശ്വാസം ഓള്‍ഡ് ദേവികുളം ഡിവിഷനിലുണ്ട്​. വീടുകളില്‍ അരിയാഹാരമുണ്ടാക്കുന്നത് ദ്രാവിഡ ഗോത്രവര്‍ഗങ്ങളുടെ സ്വഭാവമായിരുന്നു. അതുകൊണ്ട് അവര്‍ ഭക്ഷിച്ച സാധനങ്ങള്‍ തന്നെയാണ്​ കുല ദൈവങ്ങള്‍ക്ക് (കാവില്‍ ദൈവങ്ങള്‍ക്ക് ) കൊടുത്തിരുന്നത്. രാമായണത്തിലെ സീതാദേവിയുമായി ബന്ധപ്പെട്ട്​ ഇത്തരത്തിലുള്ള കഥകള്‍ ദേവികുളത്തുമാത്രമാണ്​ കേൾക്കാനാകുക.
മാരിയപ്പന്‍ പറഞ്ഞു; ദേവിയമ്മ എങ്ക കൊല ദൈവം, ഞങ്ങളുടെ അപ്പൂപ്പന്റെ കാലം തൊട്ട് അവള്‍ ഞങ്ങളുടെ കുലത്തിന്റെ എതിര്‍ വശത്തിലുള്ള മലയിലാണ് ജീവിക്കുന്നത്. ശക്തിയുള്ള ദൈവമാണ് എന്ന്​ മതുരം പറഞ്ഞു.

ചീമകാളയും കുതിരയും കഴുതയും എല്ലാ ദിശകളിലും സഞ്ചരിച്ചുകൊണ്ടേയിരുന്നു. ദേവികുളം ആയിരുന്നു 1870-കളിലെ കമ്പനിയുടെ സെന്‍ട്രല്‍ സ്‌പോട്ട്. അവിടെ നിന്നാണ് കിഴക്കേ ഭാഗത്തേക്ക് ആള്‍ക്കാര്‍ ഒഴുകിയെത്തിയത്. കമ്പനി രൂപപ്പെട്ട് കുറച്ചു കാലങ്ങള്‍ക്കുശേഷമാണ് മറ്റുള്ള ആള്‍ക്കാരെ കൊരങ്ങിണിപ്പാത വഴി കൊണ്ടുവന്നതെന്ന് മറ്റൊരു കഥയുമുണ്ട്. ഇവിടങ്ങളില്‍ എവിടെയാണ്​ തൊഴിലാളികള്‍ ആദ്യം വന്നെത്തിയത് എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പാര്‍വതിയില്‍ ആദ്യം തേയില നട്ടുപിടിപ്പിച്ചത് ദേവികുളത്ത്​ ആദ്യം കുടിയേറിപ്പാർത്ത തൊഴിലാളികളാണ്. സീതാദേവി കുടിയിരിക്കുന്നത് ഈ മലയിലാണ് എന്നാണ് വിശ്വാസം. കണ്ണിമല ഏഴ് കണ്ണികളുടെ സ്ഥലമായതുകൊണ്ട് കണ്ണിമല എന്നറിയപ്പെട്ടു. അതുപോലെ, സീതാദേവി കുടിയിരിക്കുന്ന ആ മല ദേവിമല എന്നും അറിയപ്പെട്ടു. മലയില്‍ നിന്നിറങ്ങിവന്ന ദേവി കുളത്തില്‍ കുളിച്ചതു കൊണ്ടാണ് ആ സ്ഥലത്തിന് ദേവികുളം എന്ന പേര് വന്നതെന്ന്​ മാരിയപ്പന്‍ പറഞ്ഞു.
(തുടരും)

Comments