മലങ്കാട്- 27
പ്രളയം തകർത്തെറിഞ്ഞ മൂന്നാറിനെ പുനർ നിർമിക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. കമ്പനിക്കാർ 1890- കളിൽ കച്ചവടമുറപ്പിക്കാൻ കണ്ണൻദേവൻ ഓർഗനൈസേഷൻ സൊസൈറ്റി രൂപീകരിച്ചു. സ്കോട്ട്‌ലന്റിൽ നിന്നും ബ്രിട്ടനിൽ നിന്നും ജർമനിയിൽ നിന്നും കച്ചവടത്തിനെത്തിയ സായിപ്പന്മാർ ഒത്തൊരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഗതാഗതവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയശേഷമാണ് 1895-ൽ ജോൺ ഡാനിയൽ മുൻട്രോ മൂന്നാറിൽ തേയില കച്ചവടം എന്ന തന്ത്രം മുറുകെപ്പിടിച്ച് പ്രവർത്തിച്ചത്. സൊസൈറ്റി രൂപപ്പെട്ടശേഷം അദ്ദേഹം വണ്ടിപ്പെരിയാർ, പീരുമേട് തുടങ്ങിയ മേഖലകളിൽ സമാന കച്ചവടതന്ത്രം മെനയാൻ മൂന്നാർ വിട്ടുപോയി.
1923 വരെ മൂന്നാർ ചരിത്രത്തിൽ ഞെട്ടിക്കും വിധം വളർന്നുവന്നു. പുറംലോകവുമായി എത്രത്തോളം ബന്ധപ്പെടാൻ പറ്റുമോ അത്രത്തോളം മൂന്നാറിനെ ബന്ധപ്പെടുത്തിനിർത്തി സായിപ്പന്മാർ. ഉടുമലപ്പേട്ട, മുന്തൽ തുടങ്ങിയ സ്ഥലങ്ങളിൽ കമ്പനിക്കാർക്ക് സ്വന്തമായി ചെക്ക് പോസ്റ്റുകളുണ്ടായിരുന്നു. തൊഴിലാളികൾ കമ്പനിയുടെ കൊടും പിടിയിൽ നിന്ന് രക്ഷപ്പെടാതിരിക്കാനാണ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതെന്ന് കമ്പനി കുറിപ്പുകളിൽ പറയുന്നു. രക്ഷപ്പെടാൻ ശ്രമിച്ച കന്നിമലയിലെ നൂറിൽപരം തൊഴിലാളികളെ പിടിച്ചു എന്നും കമ്പനിക്കാർ പരാമർശിക്കുന്നുണ്ട്. ആദ്യകാലത്ത് ഈ അവസ്ഥ എല്ലാ എസ്റ്റേറ്റിലും തുടർന്നു.
കൊത്തടിമകളായി ഇവിടെയെത്തിയ ജനങ്ങൾ എന്തുകൊണ്ട് തിരിച്ചു പോയില്ല എന്ന് പലരും ചോദിക്കും. മറുപടി ഇങ്ങനെയാണ്: ഈ അടിമ ജീവിതത്തിൽനിന്ന് രക്ഷപ്പെടാനാകാതെ കമ്പനിക്കാർ ചുറ്റും കെണികൾ വെച്ചിരുന്നു. കുടുങ്ങുന്ന തൊഴിലാളികൾ മരിക്കും, അല്ലെങ്കിൽ ബന്ധുക്കളെയും കുടുംബത്തെയും വിട്ട് ജീവിക്കേണ്ടിവരും. തമിഴ് തൊഴിലാളികളായതുകൊണ്ട് കമ്പനിക്കാർ കൃത്യമായി ബോഡി, തേനി തുടങ്ങിയ സ്ഥലങ്ങളിൽ സായിപ്പൻമാരെ സഹായിക്കാൻ ഒരുകൂട്ടം മുതലാളികളെ കൈവശപ്പെടുത്തിയിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
ഇവിടെ നിന്ന് വിട്ടുപോയി കമ്പനിയുടെ പണം എവിടെയെങ്കിലും കൊടുത്തു കഴിഞ്ഞാൽ അവൻ രക്ഷപ്പെട്ടവൻ എന്നുകരുതി ഒറ്റുകാർ അവനെ പിടിച്ച് കമ്പനിക്ക് കൊടുക്കും. അതിനായി കമ്പനി ചില സമ്മാനങ്ങൾ അവർക്ക് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് പഴയ ആൾക്കാർ പറയുന്നത്. അങ്ങനെയാണ്, എസ്റ്റേറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തൊഴിലാളികൾ വീണ്ടും അവരുടെ പിടിയിലകപ്പെടുന്നത്. 1925- ഓടെ മൂന്നാറിൽ എല്ലാ മതവിഭാഗങ്ങളും എത്തി. അതിനുമുമ്പുതന്നെ മൂന്നാർ മലനിരയിൽ സുബ്രഹ്മണ്യസ്വാമി കോവിൽ എന്നറിയപ്പെടുന്ന മുരുകൻ കോവിലുണ്ടായിരുന്നു എന്ന് മുത്തച്ഛൻ പറയാറുണ്ട്. കമ്പനി രേഖകളിൽ അത് സൂചിപ്പിക്കുന്നുണ്ട്.
പ്രളയത്തിൽ ഭാഗികമായി തകർന്ന മൂന്നാർ ടൗണിലുണ്ടായിരുന്ന സുബ്രഹ്മണ്യസ്വാമി കോവിൽ പുനർനിർമിച്ചു എന്നാണ് കമ്പനിക്കാർ പറയുന്നത്. മാത്രമല്ല, റോമൻ കാത്തലിക് ചർച്ച് എന്നറിയപ്പെടുന്ന മൗന്റ് കാർമേൽ ചർച്ച് 1898- ൽ തന്നെ മൂന്നാർ ടൗണിൽ സ്ഥാപിച്ചെടുത്തു എന്നും മുസ്‍ലിംകൾക്കായി മുഹമ്മദീൻ പള്ളിയും ഉണ്ടായിരുന്നു എന്നും അവർ തമ്മിൽ ഒത്തൊരുമയോടെ പ്രാർത്ഥന നടത്തിയിരുന്നു മൂന്നാർ മണി പറയാറുണ്ട്. കമ്പനി റിപ്പോർട്ടുകളിൽ ഇത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. മലമുകളിൽ രൂപപ്പെട്ട തികച്ചും വ്യത്യസ്തമായ ഈ സംസ്കാരം മൂന്നാറിൽ ഒരു സോഷ്യലിസ്റ്റ് സമൂഹത്തെയാണ് രൂപപ്പെടുത്തിയത്.
വിശ്വാസങ്ങളുടെ പേരിൽ തൊഴിലാളികൾ ഒരിക്കലും തമ്മിലടിച്ച് പിരിഞ്ഞിട്ടില്ല. ചെറിയ തോതിൽ ജാതി വ്യത്യസ്തതകളുണ്ടായിരുന്നെങ്കിലും ബഹുഭൂരിപക്ഷവും തൊഴിലാളികളായതുകൊണ്ടും ഇംഗ്ലീഷുകാരുടെ സംസ്കാരം ഇടകലർന്നതു കൊണ്ടും മൂന്നാറിൽ രൂപപ്പെട്ടത് തനിമയുള്ള ഒരു സംസ്കാരമാണ്. കേരളത്തിലും തമിഴ്നാട്ടിലും ഇത്തരം സാംസ്കാരിക ഐഡന്റിറ്റികളെ കാണാൻ കഴിയില്ല. വാൽപ്പാറയിലും ഊട്ടിയിലും സമാനമായ തേയിലക്കാടുകളുണ്ടെങ്കിലും ഇത്തരത്തിൽ കൃത്യമായ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള സമൂഹം രൂപപ്പെട്ടിട്ടില്ല എന്നാണ് സാമൂഹിക ഗവേഷകർ പറയുന്നത്.
ബഹുഭൂരിപക്ഷവും സ്കോട്ട്ലന്റിൽ നിന്ന് കുടിയേറിയ സായിപ്പന്മാരായിരുന്നു. അവർ ബ്രിട്ടനിൽ നിന്നു വന്ന സായിപ്പന്മാരിൽ നിന്ന് വ്യത്യസ്തരായിരുന്നു. അധികാരബോധവും സാമ്രാജ്യത്തസ്വഭാവവുമുള്ള അവരിൽ എവിടെയൊക്കെയോ മനുഷ്യത്വവും ഉണ്ടായിരുന്നു എന്നാണ് ഊഹിച്ചെടുക്കാൻ കഴിയുന്നത്. സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പുതന്നെ തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകണമെന്ന് അവർക്ക് തോന്നിയിരുന്നു. മാത്രമല്ല തെക്കേ തിരുവിതാംകൂറിൽ മലമുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതുകൊണ്ട് രാജാക്കളുടെയോ രാജഭരണത്തിന്റെയോ സ്വാധീനം മൂന്നാറിൽ എത്തിയില്ല. മറിച്ച് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണമായിരുന്നു. സാക്ഷാൽ മൂന്നാർ എന്ന ഭൂപ്രകൃതിയെ പോലും സൃഷ്ടിച്ചെടുത്തത് അവരുടെ താല്പര്യമനുസരിച്ചായിരുന്നു. അതുകൊണ്ട് മൂന്നാറിൽ പുരോഗമന ചിന്തയുള്ള ഒരു സംസ്കാരം രൂപപ്പെട്ടു. സായിപ്പന്മാർ ഒരു ലിബറൽ സമൂഹത്തെയാണ് മൂന്നാറിൽ വാർത്തെടുക്കാൻ ശ്രമിച്ചത്. അതുകൊണ്ടാണ് പ്രളയം തകർത്ത മൂന്നാറിനെ അവർ പുനർനിർമിച്ചത്.
1925- നുശേഷം അൽബിയോൺ ലോറികൾ ഉപയോഗിച്ചാണ് ഗതാഗത സംവിധാനം വീണ്ടും ഒരുക്കിയത്. ബ്രിട്ടനിൽ നിന്നെത്തിയ സ്പെയർപാർട്സുകൾ കൊണ്ട് മൂന്നാറിൽ തന്നെ വർക്ക്ഷോപ്പ് സ്ഥാപിച്ച് വാഹനങ്ങളുണ്ടാക്കി. മൂന്നുനാലു വർഷങ്ങൾക്കുള്ളിൽ മൂന്നാറിനെ തിരക്കേറിയ കച്ചവടസ്ഥലമായി മാറ്റാൻ അവർക്ക് സാധിച്ചു. മാത്രമല്ല, മൂന്നാറിൽ ടൗൺ ഡെവലപ്മെൻറ് കൗൺസിൽ രൂപീകരിച്ച് ചന്തക്കടകൾ എന്നറിയപ്പെടുന്ന മാർക്കറ്റുകൾ തുടങ്ങി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അതിനായി സ്ഥലം വിട്ടുനൽകി. വൃത്തിയായി ആ സ്ഥലം സൂക്ഷിക്കാൻ പണിക്കാരെ നിയോഗിച്ചു. മൂന്നാർ നഗരം എന്നാൽ ശുദ്ധമായ നഗരം എന്നാണ് സായിപ്പന്മാർ കുറിച്ചിട്ടത്. എല്ലാ എസ്റ്റേറ്റുകളിലും അസിസ്റ്റന്റ് മാനേജർമാരെ നിയോഗിച്ചു. റൈറ്റർ, ഫീൽഡ് ഓഫീസർ, അസിസ്റ്റൻറ് മാനേജർ എന്നിവർ ഒരു എസ്റ്റേറ്റിൽ ഉറപ്പായും ഉണ്ടാകും. ചിലപ്പോൾ അത് റൊട്ടേഷൻ ബേസിൽ പ്രവർത്തിക്കും. കൃത്യമായ കോഡുകളും ചെക്ക് റോളുകളും സൂക്ഷിച്ചിരുന്നു എന്നാണ് കമ്പനി കുറിപ്പുകളിലുള്ളത്. ഞങ്ങളുടെ മുൻ തലമുറക്കാർ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. രാവിലെ 5.30 മുതൽ വൈകുന്നേരം 6.30 വരെ ഏഴുദിവസവും തൊഴിലാളികൾ പണിയെടുത്തിരുന്നു. 1880 മുതൽ കുടിയേറിയ തൊഴിലാളികളുടെ അവസ്ഥ അത്രയും പരിതാപകരമായിരുന്നു.
ഞങ്ങളുടെ തലമുറയിൽ ആദ്യം എത്തിയ പൂങ്കാൻ മുത്തശ്ശനും മരുമകനായ വണ്ടിയാൻ കങ്കാണിയും എല്ലപ്പെട്ടി എസ്റ്റേറ്റിലെ ഞങ്ങളുടെ ബന്ധുവായ കുള്ളനും ഈ കാര്യങ്ങൾ മൂന്നാം തലമുറയിൽപ്പെട്ട ഞങ്ങളുടെ അമ്മാവൻമാരോടും വല്യച്ചന്മാരോടും വല്യമ്മമാരോടും പറയാറുണ്ട്. പ്രളയശേഷവും യാതൊരു മാറ്റവുമില്ലാതെയാണ് അവർ ജീവിച്ചത്, പഞ്ഞം നിറഞ്ഞ ജീവിതം. ചീനിവാഴക്കിഴങ്ങ്, ചിക്കാരിക്കിഴങ്ങ്, ബീൻസ്, ചീര എന്നിവയായിരുന്നു ഭക്ഷണം. കമ്പനിക്കാർ കൊടുക്കുന്ന പോലെയാണ് ഇവ വിതരണം ചെയ്തിരുന്നത് എന്ന് മുത്തശ്ശൻ ഏകാംബരവും കുണ്ടലയിലെ മാടസാമി തലവരും പെരിയവാരയിലെ റോസമ്മയും ഓർത്തെടുക്കാറുണ്ട്. റോസമ്മ ജീവിച്ചിരിപ്പുണ്ട്.
എന്റെ അമ്മൂമ്മ അമരാവതി വൈദ്യച്ചിയായിരുന്നു. ഞങ്ങളുടെ എസ്റ്റേറ്റുകളിലെ സ്ത്രീകൾക്ക് പേരുകാല മരുന്ന് എന്നറിയപ്പെടുന്ന നാടൻ മരുന്നുകൾ അവരാണ് ഉണ്ടാക്കിയിരുന്നത്.
1924- നുശേഷം ജനിച്ചവരിൽ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഒരേ കഥയാണ് പറയാറുള്ളത്. തിന്നാനും കുടിക്കാനും ഒന്നുമില്ല, കിട്ടുന്നത് തിന്നും.
തലയാർ മുതൽ ചിറ്റിവാര വരെ ഈ അവസ്ഥയായിരുന്നു. പക്ഷേ പെരിയകനാൽ, ദേവികുളം, സൈലൻറ് വാലി, ഗൂഢാരവിള തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനേക്കാളും രൂക്ഷമായ പഞ്ഞമായിരുന്നു എന്ന് അന്നത്തെ തലമുറ പറയാറുണ്ട് എന്ന് പിന്മുറക്കാർ ഓർക്കുന്നു. ചിക്കാരിക്കിഴങ്ങ് എന്നറിയപ്പെടുന്ന ചീനിക്കിഴങ്ങ് (മധുരക്കിഴങ്ങ് ) പുതുക്കടി ഭാഗത്ത് കമ്പനിക്കാർ കൃഷി ചെയ്തിരുന്നു. അവിടെനിന്ന് എല്ലാ എസ്റ്റേറ്റുകൾക്കും വിതരണം ചെയ്തു. ധാന്യങ്ങളില്ലാതായതോടെ കമ്പനിയെ സഹായിക്കാൻ തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നും മുതലാളിമാർ തയ്യാറായി. സുബൻ ചെട്ടിയാർ, അഴകപ്പൻ ചെട്ടിയാർ, മരക്കാർ, പൂവലിങ്കം നാടാർ, രത്നം നാടാർ തുടങ്ങിയവർ കമ്പനിക്കാർക്ക് കൈത്താങ്ങായി നിന്നു. സായിപ്പമാരുടെ മാത്രമല്ല തൊഴിലാളികളുടെയും അന്നദാതാക്കളായിരുന്നു അവർ. ചിറ്റിവര, ചെണ്ടുവര, എല്ലപ്പെട്ടി, കുണ്ടല തുടങ്ങിയ സ്ഥലങ്ങളിൽ പൂവലിംഗം നാടാരും വി.എൻ.ആർ എന്നറിയപ്പെട്ട രത്നസാമി നാടാരും പലചരക്ക് കടകൾ തുടങ്ങി.
കമ്പനിക്കാരുടെ അനുവാദമില്ലാതെ കച്ചവടക്കാർക്കുപോലും എസ്റ്റേറ്റിലേക്ക് വരാൻ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. അവിടെ നിന്നാണ് സുപ്പൻ ചെട്ടിയാർ, അഴകപ്പൻ ചെട്ടിയാർ തുടങ്ങിയവർ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് കുണ്ടലയിലും മാട്ടുപ്പെട്ടിയിലും ചന്തകൾ തുടങ്ങിയത്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. അന്നത്തെ തൊഴിലാളികൾ ജീവിച്ചിരുന്നത് തിന്നാനും കുടിക്കാനും വേണ്ടി മാത്രമാണ്. മറ്റു സ്വപ്നങ്ങളൊന്നും അവർക്കില്ലായിരുന്നു. സ്വാതന്ത്ര്യം എന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കമ്പനിക്കാർ തൊഴിലാളികളെ അവരുടെ അകമ്പടിയിൽ സൂക്ഷിച്ചു. എന്തെങ്കിലുമൊക്കെ വേണം എന്നാവശ്യപ്പെടുന്നവരെയും എതിർക്കുന്നവരെയും സായിപ്പന്മാർ കൊല്ലാക്കൊല ചെയ്തു.
ചെറിയ ഹെൽത്ത് സെൻററുകളുണ്ടായിരുന്നു എങ്കിലും തൊഴിലാളികൾ നാട്ടുവൈദ്യമാണ് ആശ്രയിച്ചത്. പ്രസവത്തിന് ലയങ്ങൾ സാക്ഷിയായി.
മൂന്നാർ ബഹുദൂരം മുന്നേറി, പക്ഷേ തൊഴിലാളി ജീവിതങ്ങളിൽ ഒരു മാറ്റവുമുണ്ടായില്ല. 10 സെൻറ് സ്ഥലം തൊഴിലാളികൾക്ക് കൃഷി ചെയ്യാൻ അനുവദിച്ചു. അവിടെ പയറും കിഴങ്ങും കൃഷി ചെയ്തു. കന്നുകാലികളെ വളർത്താൻ തുടങ്ങിയപ്പോൾ തൊഴിലാളികളുടെ മക്കൾക്ക് പാൽ കിട്ടിത്തുടങ്ങി. എല്ലാ വീടുകളിലും കീർസെന്ന വിളക്ക് കത്താൻ തുടങ്ങി. വിളക്കണ്ണ എന്നറിയപ്പെടുന്ന ആവണക്ക് എണ്ണയും എസ്റ്റേറ്റുകളിലെത്തി. പൂവലിംഗ നാടാരും രത്നസാമി നാടാരുമാണ് ഇത്തരം എണ്ണകൾ ഹൈറേഞ്ചിലെത്തിച്ചത്. അരിയല്ലാതെ മറ്റ് എല്ലാ ധാന്യങ്ങളും ഹൈറേഞ്ചിലേക്കെത്തിച്ചത് മരയ്ക്കാർ, സുബ്ബൻ ചെട്ടിയാർ തുടങ്ങിയ പ്രമുഖ തമിഴ് വ്യവസായികളുടെ സഹായത്തോടെയാണ്. അങ്ങനെയാണ് തൊഴിലാളി വീടുകൾ മഴക്കാലം ഒഴികെ മറ്റു കാലങ്ങളിൽ പഞ്ഞവും പട്ടിണിയുമില്ലാതെ ജീവിച്ചത്.
ചെറിയ ഹെൽത്ത് സെൻററുകളുണ്ടായിരുന്നു എങ്കിലും തൊഴിലാളികൾ നാട്ടുവൈദ്യമാണ് ആശ്രയിച്ചത്. പ്രസവത്തിന് ലയങ്ങൾ സാക്ഷിയായി. പേരുകാല ജാമാൻ എന്നാൽ പ്രസവകാലത്ത് സ്ത്രീകൾക്ക് കൊടുക്കേണ്ട ആയുർവേദ ഭക്ഷണങ്ങളാണ്. പേരുകാല എന്നാൽ പ്രസവിക്കുന്ന കാലം. പേരുകാല ചെലവ് എന്നാൽ പ്രസവിച്ച സ്ത്രീക്ക് നൽകേണ്ട ഭക്ഷണരീതി. ഇതെല്ലാം ഇന്നും മൂന്നാറിലെ എസ്റ്റേറ്റുകളിൽ കാണാം.
എന്റെ അമ്മൂമ്മ അമരാവതി വൈദ്യച്ചിയായിരുന്നു. ഞങ്ങളുടെ എസ്റ്റേറ്റുകളിലെ സ്ത്രീകൾക്ക് പേരുകാല മരുന്ന് എന്നറിയപ്പെടുന്ന നാടൻ മരുന്നുകൾ അവരാണ് ഉണ്ടാക്കിയിരുന്നത്. ഞങ്ങളുടെ ചെറുപ്പത്തിൽ ഇത് കണ്ടിട്ടുമുണ്ട്. തമിഴ്നാട്ടിലെ ബോഡി, തേനി ജില്ലകളിൽനിന്നുള്ള മരുന്ന് സാധനങ്ങൾ എസ്റ്റേറ്റിലേക്ക് എത്തിയത് കുണ്ടയാറ്റിന്റെ കരയിൽ ചന്ത വന്നശേഷമാണ്, ഏതാണ്ട് 1935 നു ശേഷം. ഉപ്പു മുതൽ കർപ്പൂരം വരെ എല്ലാ സാധനങ്ങളും കുണ്ടല ചന്തയിൽ ലഭിക്കുമായിരുന്നു എന്ന് പൂർവികർ പറയാറുണ്ട്. ഞായറാഴ്ച മാത്രമാണ് കുണ്ടലയിലെ ചന്തക്കട ഉണ്ടാവുകയുള്ളൂ എന്ന് മുത്തശ്ശൻ പറഞ്ഞിട്ടുണ്ട്. പശുവിന് പുല്ല് വെട്ടാൻ കുണ്ടല ക്ലബ്ബിലേക്ക് മുത്തശ്ശനൊപ്പം ചെറുപ്പത്തിൽ ഞാനും ചേട്ടനും അമ്മാവന്റെ മക്കളും കൂടി നടന്നുപോകുമ്പോഴാണ് ഈ കഥകൾ പറയുന്നത്. ഒരണയുണ്ടെങ്കിൽ ഒരു കുടുംബത്തിന് ഒരാഴ്ച കഴിഞ്ഞുപോകാനുള്ള സാധനങ്ങൾ വാങ്ങാനാകുമായിരുന്നു. ചിറ്റിവാരയിൽ നിന്ന് ഈ ചന്തയിലേക്ക് അഞ്ചാറ് കിലോമീറ്റർ നടന്നാണ് പോകുക. തിരിച്ചുവരുമ്പോൾ നിലക്കടലയും തേങ്ങയും കിട്ടുമായിരുന്നെന്ന് മുത്തശ്ശൻ പറയും. മുത്തശ്ശൻ കാളവണ്ടി ഓടിച്ചിരുന്നതിനാൽ ടോപ് സ്റ്റേഷനിലെ കുറച്ച് കച്ചവടക്കാരെ കൂട്ടുകാരാക്കി. അതുകൊണ്ട് അവിടെ നിന്ന് അത്യാവശ്യ സാധനങ്ങൾ കിട്ടും. ചാക്കുകണക്കിന് ഗോതമ്പ് അവിടെനിന്ന് കൊണ്ടുവന്നിട്ടുണ്ട് എന്നു പറയും. അരവക്കൽ എന്നറിയപ്പെടുന്ന ഉരലിലിട്ട് കുത്തിപ്പൊട്ടിച്ച് ഗോതമ്പുകഞ്ഞിയുണ്ടാക്കി കഴിക്കാറാണ് പതിവെന്ന് മുത്തശ്ശന്റെയും മുത്തമ്മയുടെയും മറ്റും തലമുറയിൽ പെട്ട വല്യച്ഛനും വല്യമ്മയും പറയാറുണ്ട്.
എല്ലാ എസ്റ്റേറ്റുകളിലും ജീവിതം ഇങ്ങനെ തന്നെയായിരുന്നു. മൂന്നാറിലെ എസ്റ്റേറ്റുകളിലെ ഭക്ഷണരീതിയും ഇതുതന്നെയായിരുന്നു. ചെഞ്ചോളം കൊണ്ടുണ്ടാക്കുന്ന ഇഡ്ഢലിയായിരുന്നു അന്ന്. കമ്പ്, ഗോതമ്പ്, കേപ്പ തുടങ്ങിയ ധാന്യങ്ങളിൽ അരച്ചുണ്ടാക്കിയ കൊഴുക്കട്ട, കളി (കുറുക്കിയത്), ദോശ തുടങ്ങിയ പലഹാരങ്ങളുണ്ടായിരുന്നു. ചന്തകളിൽ കറുവാട് എന്നറിയപ്പെടുന്ന ഉണക്കമീനുണ്ടാകും. അതായിരുന്നു തൊഴിലാളികളുടെ മാംസഭക്ഷണം. ചൂടകരുവാട്, നെത്തിലികരുവാട് തുടങ്ങിയവയായിരുന്നു മൂന്നാറുകാരുടെ ഇഷ്ടവിഭവം. കറുവാട്ടുകുളമ്പും കേപ്പകളിയുമാണ് തന്റെ ഇഷ്ടഭക്ഷണമെന്ന് മുത്തശ്ശൻ പറയാറുണ്ട്. മൂന്നാറിലെത്തിയ രണ്ടാം തലമുറക്കാർ തികച്ചും നാടൻ ഭക്ഷണങ്ങളും വൈദ്യവുമാണ് പിന്തുടർന്നത്. മാത്രമല്ല, ഈ സാംസ്കാരിക തനിമയെ മൂന്നാം തലമുറക്കാർക്കും അവർ പകർന്നു.