ഇന്ദു മേനോൻ / Photo: Indu Menon, FB

എന്റെയുമവന്റെയും, പന്നിവാലുള്ള മനുഷ്യക്കുഞ്ഞ്;
രാക്ഷസയുറുമ്പുകൾക്ക് തിന്നാനാകാത്ത അദൃശ്യക്കുഞ്ഞ്

ലോകത്തിലെ ഏറ്റവും മഹത്തരമായ പുസ്തകമാണോ ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എന്ന ചോദ്യത്തിന് ഉത്തരമറിയില്ല. എന്നാൽ എന്നെ പ്രതി അതേറ്റവും മഹത്തരമായ പുസ്​തകമായിരുന്നു

എന്റെ ജിപ്‌സിക്കാന്ത യാത്രാജീവിതം

ഴുതണമെന്ന് ആഗ്രഹമുള്ള പുസ്തകം ഏതാണ്?
വായിക്കണമെന്ന് സദാ ആഗ്രഹിക്കുന്ന പുസ്തകം ഏതാണ്?
കഥാപാത്രമായി ജീവിക്കണം എന്നാഗ്രഹിക്കുന്ന പുസ്തകമേതാണ്?
ഏതാണ്?

ഈ ചോദ്യങ്ങൾക്കെല്ലാം ഒറ്റ ഉത്തരം മാത്രമേ എനിക്ക് പറയാനുള്ളൂ; ഏകാന്തതയുടെ നൂറുവർഷങ്ങൾ.
ലോകത്തിലെ ഏറ്റവും മഹത്തരമായ പുസ്തകമാണോ അതെന്ന ചോദ്യത്തിന് ഉത്തരമറിയില്ല. എന്നാൽ എന്നെ പ്രതി അതേറ്റവും മഹത്തരമായ പുസ്​തകമായിരുന്നു. ചിന്തയെ ദ്യോതിപ്പിച്ച, വായനയെ അമ്പരപ്പിച്ച, എന്നിലെ എഴുത്തുകാരിയെ വെല്ലുവിളിച്ച ഒരു പുസ്തകം.

ഏകാന്തതയുടെ നൂറു വർഷത്തേക്കാളും മനോഹരമായ നിരവധി പുസ്തകങ്ങൾ ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. പക്ഷേ വൈകാരികവും ആത്മീയവും ക്രിയാത്മകവുമായി എന്നെ അടിമുടി സ്പർശിക്കുകയും മാറ്റിമറിയ്ക്കുകയും ചെയ്ത അത്ഭുതകരമായ പുസ്തകമായിരുന്നു അത്.

ഏകാന്തത എന്താണ് എന്ന് ജീവിതത്തിൽ അറിയുന്നതിനുമുമ്പ്, എന്തിന്, വാച്യാർഥം അറിയുംമുമ്പുതന്നെ ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന പുസ്തകം ഞാൻ കണ്ടിരുന്നു. ഒരു ലൈബ്രറിയിലെ ചിട്ടയായി ഒതുക്കിയ അലമാരയുടെ ഓരത്ത് ഒരേ എഴുത്തുകാരന്റെ മൂന്ന് തടിയൻ പുസ്തകങ്ങൾ.

One Hundred Years of Solitude The Autumn of the Patriarch General at his labyrinth

എനിക്കന്ന് പത്തു വയസ്സാണ്.
അച്ഛന്റെ സുഹൃത്ത് തുറവൂർ മാമ എന്ന് ഞങ്ങൾ വിളിക്കുന്ന തുറവൂർ രാമചന്ദ്രന്റെ വീട്ടിലാണ് ഞാനത് കണ്ടെത്തിയത്. കല്ലായി റെയിൽവേ സ്റ്റേഷനുപുറകിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെ വിശാല ലൈബ്രറിയിൽ വെച്ച്.
‘വീട്ടുലൈബ്രറിയിലെ പുസ്തകങ്ങൾ’ എന്ന പ്രൊജക്ട് സ്‌കൂളിലേയ്ക്കുവേണ്ടി ചെയ്യാനായിരുന്നു അച്ഛനെയും കൂട്ടി ആ ലൈബ്രറിയിലേക്ക് പോയത്. എന്റെ വീട്ടിലെ ലൈബ്രറിയിൽ മുഴുവനും സംഗീതപുസ്തകങ്ങളും കുട്ടികൾക്കുള്ള പുസ്തകങ്ങളുമായിരുന്നു. അത്​ പോരയെന്നും അൽപം കൂടി അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയാവണമെന്നും ഞാൻ കരുതി. മറ്റുപല പുസ്തകങ്ങൾക്കൊപ്പം ഈ മൂന്ന് പുസ്തകങ്ങളുടെയും പേര് ഞാനെഴുതിവെച്ചു. അവയിലൊരു പുസ്തകം എന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന കൊടിയ കൊടുങ്കാറ്റാണെന്ന് ഞാനെന്ന് അറിഞ്ഞതേയില്ല.

General at his labyrinth പുതുപുത്തൻ പുസ്തകമാണ്. നല്ല മണമുള്ള ഒന്ന്.
തുറവൂർ മാമന് ഏതോ വിദേശ സുഹൃത്ത് നൽകിയതായിരുന്നു അത്. മലയാളത്തിൽ അന്നടിച്ചുകൊണ്ടിരുന്ന മാർകേസ്​ അലയൊലിയിൽ വിവർത്തനോദ്ദേശ്യത്തോടെ വന്ന പുസ്തകം. രണ്ടാമത്തെ പുസ്തകത്തിന്റെ നീലച്ചട്ടയിൽ മുഴുച്ചന്ദ്രന്റെ പടമുള്ളതായി ഓർക്കുന്നു. ഏകാന്തതാപുസ്തകത്തിലാകട്ടെ, കപ്പലിന്റെ അസ്ഥികൂടം തെളിഞ്ഞുനിന്നു.

കഥയെഴുത്തിന്​ സമ്മാനം കിട്ടിയ ഡിക്ഷണറിയുടെ സഹായത്തോടെ ഏകാന്തതയുടെ നൂറുവർഷങ്ങൾ വായിച്ചപ്പോൾ തന്നെ ആ കഥ എന്നെ അത്ഭുതപ്പെടുത്തി. ആദ്യ ഖണ്ഡികയാണ് പെറുക്കിപ്പെറുക്കി വായിച്ചത്.

അഞ്ചാം ക്ലാസിലെ ആ പ്രൊജക്റ്റിൽ പുസ്തകങ്ങളുടെ പേരെഴുതി നൽകിയെന്നല്ലാതെ അതിനകത്തെന്തെന്ന് എനിക്കറിയുമായിരുന്നില്ല.
അറിയേണ്ട ആവശ്യവും അന്നുണ്ടാണ്ടായിരുന്നില്ല.

ഒമ്പതാം ക്ലാസിലെ അടുത്ത പദ്ധതിയ്ക്കായി, വർഷങ്ങൾക്കുശേഷം ഞാൻ വീണ്ടും തുറവൂർ മാമന്റെ അതേ ലൈബ്രറിയിൽ പോയി. വാടകവീടായിരുന്നോ മുമ്പത്തെയെന്ന്​ ഓർമ കിട്ടുന്നില്ല. എന്തായാലും വീട് മാറിയിരുന്നു. ഇംഗ്ലീഷ് നോവലിന്റെ ഒരധ്യായം വായിച്ച് പ്രെസ്സി എഴുതുകയോ മറ്റോ ആയിരുന്നു വേണ്ടിയിരുന്നത്. എനിക്കൊന്നും മനസ്സിലായില്ല. ആദ്യവരി തൊട്ടിങ്ങോട്ട് ഒന്നുമേ പിടികിട്ടിയില്ല. എന്റെ 14 വർഷജീവിതം സ്വായത്തമാക്കിയ മലയാളം മീഡിയം ഇംഗ്ലീഷിന്​ താങ്ങാനുള്ള കെൽപ്പ്​ കുറവായിരുന്നുവെന്നുവേണം അനുമാനിയ്ക്കാൻ.

അതേ വേനലവധിക്കാലത്ത് പുസ്തകങ്ങൾ വായിച്ചുവായിച്ച് ഉന്മാദം കൊള്ളവേ വീണ്ടും മറ്റൊരു ഏകാന്തതയുടെ പുസ്തകം കയ്യിൽ തടഞ്ഞു. / Photo: Flickr

പിന്മാറാൻ പറ്റില്ലല്ലോ. കഥയെഴുത്തിന്​ സമ്മാനം കിട്ടിയ ഡിക്ഷണറിയുടെ സഹായത്തോടെ ഏകാന്തതയുടെ നൂറുവർഷങ്ങൾ വായിച്ചപ്പോൾ തന്നെ ആ കഥ എന്നെ അത്ഭുതപ്പെടുത്തി. ആദ്യ ഖണ്ഡികയാണ് പെറുക്കിപ്പെറുക്കി വായിച്ചത്. അത്ഭുതം മറ്റൊന്നുമായിരുന്നില്ല; ഞാനിത് എങ്ങനെ വായിച്ചുതീർക്കും, ഒരു പേജെന്റെ പടച്ചോനെ എന്നതായിരുന്നു.
അക്കാലത്ത് ഇംഗ്ലീഷ് വലിയ വശമില്ലായിരുന്നു. ഒരു കുന്തമൊഴിച്ച് ഒന്നും തിരിഞ്ഞില്ല... ആദ്യ അധ്യായം വായിച്ച്​ ബോറടിക്കേ ഇടയ്ക്കിടെ മാറ്റിവായിക്കാൻ ശ്രമിച്ചു.

നിരന്തരമായി നഗരത്തിൽ മഴ പെയ്തുവെന്നും വാഴച്ചെടിക്കൂട്ടങ്ങളും തോട്ടങ്ങളും കടയോടെ ചീഞ്ഞുപോയെന്നും മാത്രം മനസ്സിലായി. പക്ഷെ എന്ത്, എങ്ങനെയെന്നൊന്നും എനിക്ക് മനസ്സിലായതേയില്ല. ഭേദം ഒന്നാമധ്യായം തന്നെയായിരുന്നു. സ്വന്തമായി പൂർത്തിയാവാത്തതിനാൽ അയൽവാസി സുരേട്ടന്റെ സഹായം തേടി. മൂപ്പരു കഥ പറഞ്ഞുതന്നു.

അതേ വേനലവധിക്കാലത്ത് പുസ്തകങ്ങൾ വായിച്ചുവായിച്ച് ഉന്മാദം കൊള്ളവേ വീണ്ടും മറ്റൊരു ഏകാന്തതയുടെ പുസ്തകം കൈയിൽ തടഞ്ഞു. പച്ചപിടിച്ച കാടും മഞ്ഞപൂമ്പാറ്റകളും കിളികളുമാർന്ന ആവാസ വ്യവസ്ഥയായിരുന്നു കവർ. കൊളംബിയയുടെ പ്രകൃതിയും കൈതച്ചക്കയുമൊക്കെ മിഴിവാർന്നു നിന്നിരുന്നു.

പിന്നീടുപിന്നീട് ഓരോ വായനയിലും, ഓരോ കാലഘട്ടങ്ങളിലും എന്നെ ആക്രമണകരമായ ഉത്സുകതയോടെ ഓരോ കഥാപാത്രങ്ങൾ ബാധിക്കുകയുണ്ടായി. വായനക്കാരിയെന്ന രീതിയിൽ ഒരു സ്ത്രീയുടെ ജീവിതം ഞാൻ സാക്ഷ്യം വെച്ചു നോക്കി.

മയ്യനാട് കുഞ്ഞികൃഷ്ണൻ എന്ന അച്ഛന്റെ മച്ചുനിയന്റെ, എന്റെ കിണ്ണമ്മാമയുടെ ഉമയനല്ലൂരിലെ വീട്ടിലെ ബ്രറിയായിരുന്നു അത്. അൽപം കൂടി എളുപ്പമായിരുന്നു അത്തവണത്തെ ഒന്നാമധ്യായവായന. ഒരു വായനക്കാരിയെന്ന നിലയിൽ ഞാൻ എന്നെ ഒരെഴുത്തിൽ ലയിപ്പിക്കുന്ന പ്രക്രിയ ആരംഭിച്ചു. ഡിക്ഷണറിയിൽ നിന്ന്​ 10 തിരഞ്ഞെടുത്ത പദങ്ങൾ പഠിക്കുക എന്ന രീതി എനിക്കെന്റെ വൊക്കാബുലറിയെ ഒന്ന് മെച്ചപ്പെടുത്തി നൽകിയിരുന്നു. അന്ന് ആ വായനയിൽ എന്നിൽ തടഞ്ഞ ഒരേയൊരു കഥാപാത്രം മെൽക്യുഡിയാസ്​ എന്ന നാടോടി ജിപ്‌സിയായിരുന്നു.

പിന്നീടുപിന്നീട് ഓരോ വായനയിലും, ഓരോ കാലഘട്ടങ്ങളിലും എന്നെ ആക്രമണകരമായ ഉത്സുകതയോടെ ഓരോ കഥാപാത്രങ്ങൾ ബാധിക്കുകയുണ്ടായി. വായനക്കാരിയെന്ന രീതിയിൽ ഒരു സ്ത്രീയുടെ ജീവിതം ഞാൻ സാക്ഷ്യം വെച്ചു നോക്കി. എന്റെ മാനസിക- ശാരീരിക അവസ്ഥകൾ അക്കാലത്ത് സങ്കീർണമായിരുന്നു. എഴുത്തിലും വായനയിലും മുങ്ങിമരിച്ച ദിവസങ്ങൾ. 8, 9, 10 ക്ലാസ്​ കാലങ്ങളിൽ എന്റെ ബാലവിഷാദം അതിന്റെ മൂർധന്യം പ്രാപിച്ച അവസ്ഥയിലായിരുന്നു. ചെന്നിക്കുത്തുമതേ. വായനയിൽ നിന്ന്​എഴുത്തിലേയ്ക്ക്​ പരിവർത്തനപ്പെട്ട ഭീകര കൂറയെപ്പോലെ ഞാൻ പതറിക്കൊണ്ടിരുന്നു. എഴുത്തിന്റെ ആദ്യ വിഹ്വലതകളും വായനയുണ്ടാക്കുന്ന ഭീതികളും എല്ലാ മനുഷ്യർക്കിടയിലും തനിച്ചെന്ന തോന്നലും എനിക്ക് ഏകാന്തതയെന്ന അവസ്ഥയെക്കുറിച്ച് ആദ്യമായി സൂചനകൾ നൽകി.

മെൽക്യുഡിയാസ് എന്ന ചുരുൾ ഞാൻ മുടിയൻ

എന്നെപ്പോലെ ചുരുണ്ട നൂഡിൽസ്​ മുടിയുള്ള, ഉന്മാദവും പ്രേതാവേശതയും പരീക്ഷണപ്പിരാന്തുമായുള്ള ഒരു ജിപ്‌സി മെൽക്യുഡിയാസ് ഒന്നാം അധ്യായത്തിൽ തന്നെ കടന്നുവരുന്നതായി ഞാനറിഞ്ഞു. എനിക്കയാളെപ്പോലെ ചിന്തകളാൽ സദാ ഉരുകിത്തുടങ്ങിയ തലയായിരുന്നു.

‘‘അവൻ അതേ പഴഞ്ചൻ വസ്ത്രവും കാക്കയുടെ ചിറകുകൾ പോലെ തോന്നിക്കുന്ന തൊപ്പിയും ധരിച്ചിരുന്നു, അവന്റെ വിളറിയ ക്ഷേത്രങ്ങളിൽ നിന്ന് കൊഴുപ്പ് ഒഴുകുന്നു. ഔറേലിയാനോയും ജോസ് ആർക്കാഡിയോയും കുട്ടികളായിരിക്കുമ്പോൾ അവനെ കണ്ടതുപോലെ, ചൂടിൽ ഉരുകിയ അവന്റെ തല. അയാൾ ചെയ്യുന്നതെന്തെന്ന് എനിയ്ക്ക് കൃത്യമായി മനസ്സിലായി.''

മക്കോണ്ടാ നഗരത്തിൽ അയാസ്സ് കാന്തവുമേന്തി അയാൾ നടക്കെ, മാന്ത്രിക കുഴലൂത്തുകാരനുപിറകിൽ പോയ പൈതങ്ങളെപ്പോലെ വീട്ടിലെ ഇരുമ്പുവസ്തുക്കൾ അയാൾക്കുപുറകിൽ സഞ്ചരിച്ചു. ഒരുപക്ഷെ നിത്യേന അയാളെപ്പോലെ കാന്തം കെട്ടിവലിച്ച് നാട്ടിലൂടെ നടന്നുപോയ ഒരു മാന്ത്രികയാവാൻ, യാത്രക്കാരി ജിപ്‌സിയാവാൻ എനിക്കേ കഴിയുമായിരുന്നുള്ളൂ. റേഡിയോയുടെയും ടേപ് റിക്കോർഡറുകളുടെയും ഉള്ളിലുള്ള വട്ടത്തിലെ കാന്തങ്ങൾ ശേഖരിക്കുക അക്കാലത്ത് എനിക്കൊരു ഹോബിയായിരുന്നു. ഒന്നാംക്ലാസ് മുതലാണെന്നു തോന്നുന്നു, റേഡിയോ പൊളിക്കുന്നതിന്റെ പേരിൽ നാട്ടിൽ ഞാൻ കുപ്രസിദ്ധയായിത്തീർന്നത്. ഏത് റേഡിയോ കണ്ടാലും പോക്കറ്റിൽ വച്ചിരിക്കുന്ന സ്‌ക്രൂഡ്രൈവർ വെച്ച് തുറന്നുപരിശോധിച്ച്​ നന്നാക്കുന്ന ഒരു കലാപരിപാടി ആ ആകർഷണീയതയിൽ നിന്നാണ് തുടങ്ങിയത്.

ഒന്നാം ക്ലാസ് മുതലാണെന്നു തോന്നുന്നു, റേഡിയോ പൊളിക്കുന്നതിന്റെ പേരിൽ നാട്ടിൽ ഞാൻ കുപ്രസിദ്ധയായിത്തീർന്നത്. / Photo: Piqsels

സ്‌കൂൾ ശാസ്ത്രമേളാ പ്രദർശനത്തിന് സോപ്പുംപെട്ടിയിൽ റേഡിയോ ഉണ്ടാക്കാൻ സ്‌കൂളിൽ ഒരാൾ വന്ന്​ പഠിപ്പിച്ചശേഷം തുടങ്ങിയ ഒരു ഭ്രാന്ത് ആയിരുന്നു അത്. ഏഴാം ക്ലാസിലെ കുട്ടികൾക്ക് ശാസ്ത്രമേളയ്ക്ക് കൊണ്ടുപോകാനും പ്രദർശിപ്പിക്കാനുമുള്ള അത്ഭുത റേഡിയോ കണ്ട്​ കുഴപ്പക്കാരിയായ ഞാൻ വാ പൊളിച്ചുനിന്നു. ഞാനും ശാസ്ത്രമേളയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എം.എസ് സി കെമിസ്​ട്രിക്കാരൻ പ്രവിയേട്ടന്റെ പെരയിൽ ചെന്ന്​ വലിയവായിൽ നിലവിളിച്ച വകയിൽ കിട്ടിയ ഗ്ലാസ് ജാറും പൊള്ളുന്ന ഹൈഡ്രോക്ലോറിക് ആസിഡും രണ്ടു മുട്ടകളും- അതായിരുന്നു എന്റെ സാമഗ്രികൾ.
ഒന്നൊരാണ്മുട്ട, രണ്ടൊരു പെണ്മുട്ട.
വലിയ കണ്ണുകൾ വരച്ചുചേർത്ത് രണ്ട് കോഴിമുട്ടകൾ. അവയുടെ ചുവന്ന ചുണ്ടുകളിൽ തിളക്കമാർന്ന ക്യൂട്ടെക്‌സ് പുഞ്ചിരി. മൂക്കിൽ ഒരു മൂക്കുത്തി. കണ്ണാടിജാറിനകത്തെ വാതകോത്പാദനത്തിൽ എന്റെ രണ്ടു മുട്ടകളും നൃത്തം ചെയ്യുന്ന അത്ഭുതകരമായ വിദ്യ കാണിച്ചുകൊണ്ട് എന്റെ ക്ലാസിൽ ഞാൻ കൈയടി നേടി. എന്നാൽ സബ് ജില്ലാ കലാമേളയിൽ എന്നെപ്പോലെ തന്നെ എന്റെ പ്രദർശനവും വെറും പിസ്സറായി കണക്കാക്കപ്പെട്ടു. ആരാണീ ചുരുണ്ടമുടിക്കാരിയെന്ന്​ വലിയ കുട്ടികൾ പുച്ഛിച്ചു. വലിയ കൗതുകങ്ങൾ കാണാൻ വന്ന കാഴ്ചക്കാർക്ക് എന്റെ മുട്ടയുടെ നൃത്തം ഇഷ്ടമായിരുന്നില്ല. ഉടലില്ലാ നാഗറാണിയുടെ സംസാരിയ്ക്കുന്ന തലയും മൂലയിലെ ചിരിയ്ക്കുന്ന സുന്ദരി അസ്ഥികൂടമാവുന്നതും കാണാൻ വേണ്ടി മാത്രം ആളുകൾ വന്നു. ആദ്യമൽപ്പം കരഞ്ഞെങ്കിലും മറ്റു പ്രദർശനങ്ങളുടെ ഗാംഭീര്യം ഞാനും തിരിച്ചറിഞ്ഞു. എന്റെ പ്രദർശനം നിർത്തിവെച്ച് ഏട്ടന്മാരുടെ റേഡിയോ മൂലയിലേയ്ക്കു ഞാൻ പോയി, അവർക്കൊപ്പം വിവരിയ്ക്കാൻ നിന്നു. അതൊരു വലിയ പെട്ടിയിലെ റേഡിയോ ആയിരുന്നു. സോപ്പു പെട്ടികളിൽ ഏട്ടന്മാർ റേഡിയോ ഉണ്ടാക്കിക്കൊണ്ടിരുന്നു. വട്ടക്കാന്തം കണ്ട് കണ്ണ് മിഴിഞ്ഞുപോയി, കുറേ നോക്കിനിന്നു. ഞാനും അവരെപ്പോലെ സോപ്പുപെട്ടിയിൽ റേഡിയോ ഉണ്ടാകുമെന്ന് തീരുമാനിച്ചുറച്ചു.

രോഗികളായ റേഡിയോക്കൊരു ഡോക്​ടറായി ഞാൻ സ്വയം മാറി.
തക്കം കിട്ടിയാൽ ആരും കാണാതെ സ്‌ക്രൂ അഴിച്ചു. ‘അള്ളാ, ഇസ്‌കൂറ് അയ്‌ച്ചോ പണ്ടാരപ്പഹ്‌ച്ച്യേ?' ആയിസുമ്മ നെഞ്ചിലടിച്ചു.

വീട്ടിലെത്തിയപ്പോൾ എങ്ങനെ- എന്ത് എന്നൊന്നുമറിയില്ലെങ്കിലും അച്ഛന്റെ നാഷനൽ പാനസോണിക് ഞാൻ നന്നാക്കി. നന്നായി പാടുമായിരുന്ന അത് പിന്നീടൊരിക്കലും പാടിയില്ല. വീട്ടിൽ വന്ന റേഡിയോ ടെക്​നീഷ്യൻ എന്നെ നോക്കിചിരിച്ചു: ‘‘ദ് നന്നാവൂലാ മാഷെ. കൊറേ സാനങ്ങള് പോയിണ്. ഇനി പുദീത് വാങ്ങണാതാണ് നല്ലത്. ഫിലിപ്പിന്റെ റേഡിയോ കേട്ടിണോ.''

റേഡിയോക്കുള്ളിലെ കാന്തം എനിയ്ക്കു നൽകപ്പെട്ടു.
വീട്ടിലെ പുതിയ റേഡിയോ കേടായാൽ നന്നാക്കാൻ തരാമെന്ന് അച്ഛൻ വാക്കും തന്നു. പക്ഷെ, തലയ്ക്കടിച്ചാൽ മാത്രം പാട്ടു വരുന്ന ആശാരിമാമയുടെ റേഡിയോ, എ.എമ്മിൽ നിന്ന്​ വിവിധ ഭാരതിയിലേയ്ക്കു പോകാത്ത ചന്ദ്രേട്ടന്റെ റേഡിയോ, സദാ പിരിപിരാ പാട്ട് ചിലമ്പുന്ന മൊയ്ദുണ്ണീടെ റേഡിയോ... രോഗികളായ റേഡിയോക്കൊരു ഡോക്​ടറായി ഞാൻ സ്വയം മാറി.
തക്കം കിട്ടിയാൽ ആരും കാണാതെ സ്‌ക്രൂ അഴിച്ചു.
‘അള്ളാ, ഇസ്‌കൂറ് അയ്‌ച്ചോ പണ്ടാരപ്പഹ്‌ച്ച്യേ?' ആയിസുമ്മ നെഞ്ചിലടിച്ചു.
‘ഇന്റെ വള്ള്യേ, ആ പൈത പറേണത് ഇജി മുണ്ടാണ്ട് മുണുങ്ങ്യാ? എത്താ ബളെപ്പം അന്റെ കഥ?' കാന്തവുമായി നിൽക്കുന്ന എന്നെക്കണ്ട് കിളിയൻ തലക്ക്​ കൈ വെച്ചു. മുറുക്കാൻ വാ പിളർത്തി. വള്ളിയെന്നെ നോക്കിച്ചിരിച്ചു.

നാട്ടുകാരുടെ റേഡിയോ അനുമതിയില്ലാതെ എടുത്തുകളിക്കാൻ ഞാനാരംഭിച്ചു. റേഡിയോ നന്നായില്ലെങ്കിലും അതിനകത്തുള്ള കാന്തമെടുക്കാൻ എനിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. ആ കാന്തങ്ങൾ എന്റെ അലൂമിനിയം പെട്ടിയിലെ വിലപിടിച്ച വസ്തുക്കളായി മാറി. അയൽപക്കക്കാർ അമ്മയോട് പരാതി പറയുന്ന കാലം വരെ ഞാൻ എന്റെ റേഡിയോ ക്രൂരകൃത്യങ്ങൾ തുടർന്നു.

‘ഏകാന്തത' എന്ന സങ്കല്പം പോലും കൃത്യമായി മനസ്സിലാകാത്ത എനിക്ക് ജിപ്‌സികളുടെ വരവും അവർ കൊണ്ടുവരുന്ന അത്ഭുത വസ്തുക്കളും കൗതുകകരമായി മാറി. / Photo: Pixabay

രഹസ്യമായി പുറത്തെടുത്ത് മൂന്നോ നാലോ കാന്തങ്ങൾ ഒരുമിച്ച് കയറിൽ കെട്ടി ഒരറ്റം പിടിച്ച് പൂഴിമണലിൽ കൂടെ നടക്കുമ്പോൾ മണ്ണിനടിയിൽ നിന്ന്​അത്ഭുതകരമായ വസ്തുക്കളും മറ്റും ഇതിലേയ്ക്ക് ചാടിച്ചാടിക്കയറി വരും. പഴയ കുഞ്ഞാണികൾ, ചെറിയ മൺതരികൾ, ഇരുമ്പും നിക്കലും ചേർന്ന മണ്ണുകട്ടകൾ, അയിരുമണൽ അങ്ങനെ പലതും കടന്നുവരുമായിരുന്നു. കുഞ്ഞുറുമ്പുകളോ ജന്തുക്കളോ കയറിവരുന്നതുപോലെ കാന്തത്തിലേയ്ക്കവ ചാടിപ്പാഞ്ഞുകയറി. ന്യൂസ് പേപ്പറിൽ ആ തരികൾ കൂട്ടിയിട്ട് അതിനടിയിൽ കാന്തം വച്ച് കളിക്കുന്ന ഒരു കലാപരിപാടിയും എനിക്കുണ്ടായിരുന്നു. തരികളെല്ലാം ഷോക്കേറ്റ മൊട്ടത്തലയിലെ ഇത്തിരി മുടി പോലെ പൊന്തിനിന്നു.
നാട്ടുകാർ മാത്രമല്ല, വീട്ടുകാരും എന്നെ പ്രാകി. ഭ്രാന്തിയെന്ന്​ അപഹസിച്ചു.
‘പിരാന്തിയേ', ‘പ്രാന്തിച്ചി'... എന്നെ കാണുമ്പോൾ അവരെല്ലാം കളിയാക്കി.

ഏകാന്തതയുടെ നൂറുവർഷം വായിച്ചപ്പോൾ ഒരാൾ ഈ ലോകത്ത് ഒരു കഥയിലെങ്കിലും എന്നെപ്പോലെ ജീവിച്ചിരുന്നു എന്ന അറിവ് എനിക്കാഹ്ലാദകരമായിരുന്നു. ‘ഏകാന്തത' എന്ന സങ്കല്പം പോലും കൃത്യമായി മനസ്സിലാകാത്ത എനിക്ക് ജിപ്‌സികളുടെ വരവും അവർ കൊണ്ടുവരുന്ന അത്ഭുത വസ്തുക്കളും കൗതുകകരമായി മാറി. കാന്തം എത്രമാത്രം പ്രിയങ്കരമാണ് മുതിർന്നവർക്കുപോലുമെന്ന്​ മാർക്കേസ്​ വിവരിച്ചു.
നാട്ടുകാരുടെ പരാതിയിൽ, ‘മനുഷ്യരു ചെയ്യുമോ ഇദൊക്കെ ?' എന്ന്​ വടിവീശിയ അമ്മയെ ഞാനാ അധ്യായം കാണിച്ചു.

എഴുത്തും വാക്കും കഥാപാത്രങ്ങളും അത്ഭുത മാന്ത്രികലോകവുമായി മാർക്കേസ്​ മുമ്പിൽ വന്നുനിന്നപ്പോൾ ചെറിയ അറിവും ബുദ്ധിയും വച്ച് ആ മൂന്നാംവട്ടം എനിക്കതിലേയ്ക്ക് പ്രവേശിക്കാനായത് മെൽക്ക്യുഡിയാസിലൂടെയാണ്.

ഞാൻ ആശ്വസിച്ചു. ലോകത്ത് കാന്തം മണ്ണിലൂടെ വലിയ്ക്കുന്നതിന്റെ സുഖവും സന്തോഷവുമുള്ള മറ്റനേകം മനുഷ്യരുണ്ടെന്നത് എത്ര സന്തോഷമുണ്ടാക്കുന്നു. മെൽക്ക്യുഡിയാസ് എന്ന ജിപ്‌സിയും ഇതെല്ലാം ചെയ്യുമെന്നും അതിന്റെ അനിതര സാധാരണമായ ആഹ്ലാദം അനുഭവിയ്ക്കുമെന്നും മനസ്സിലായി. കാന്തത്തിനുവേണ്ടി കെഞ്ചിയ റൈസാദും മമ്മിയും ഷാനവാസും പ്രജിതയും ജോസ് ആർക്കേഡിയോ ബ്യുണ്ടിയമാരായി.

എഴുത്തും വാക്കും കഥാപാത്രങ്ങളും അത്ഭുത മാന്ത്രികലോകവുമായി മാർക്കേസ്​ മുമ്പിൽ വന്നുനിന്നപ്പോൾ ചെറിയ അറിവും ബുദ്ധിയും വച്ച് ആ മൂന്നാംവട്ടം എനിക്കതിലേയ്ക്ക് പ്രവേശിക്കാനായത് മെൽക്ക്യുഡിയാസിലൂടെയാണ്. ആത്മീയമായും വൈകാരികമായുമുള്ള എന്റെ ആദ്യ പ്രവേശമായിരുന്നു അത്.

മാർക്കേസ്​ / Photo: Wikimedia Commons

ഐസ്​ കഷണങ്ങളോടുള്ള വിഭ്രമാത്മകമായ ആർത്തിയുള്ളവളും ദൂരദർശിനിക്കുഴലിലൂടെ ലോകത്തെ എന്നിലേയ്ക്കടുപ്പിക്കാനാകുന്ന മന്ത്രക്കാരിയും പാതിരാകാശത്ത് നക്ഷത്രനോട്ടങ്ങൾ നടത്തുന്നവളും പറക്കാൻ കഴിയുന്ന മാന്ത്രിക പരവതാനി കൈവശമുള്ളവളുമായ എന്റെ നാട്ടിലെ ഒരേയൊരു മെൽക്യുഡിയാസ് ഞാനായിരുന്നു. ജോസ് ആർക്കാഡിയോ ബ്യൂണ്ടിയ മെൽക്യുഡിയാസിന്​ പരീക്ഷണങ്ങൾക്കായി ഒരു മുറി പണിതു നൽകിയതുപോലെ, ഇന്ദു ഭവൻ, വൈദ്യരങ്ങാടി പി.ഒ.യ്ക്ക്​ ഒരു മുൻമുറി കൂടി അച്ഛൻ പണിതു. നിലവിലെ വീട്ടിൽ എന്റെ ഇമ്മാതിരി സാധനങ്ങളുടെ പെരുപ്പം വലിയ വഴക്കിന്​ കാരണമായിരുന്നു. ദാസേട്ടന്റെ അയൽവക്കത്തറവാട് പൊളിച്ചപ്പോൾ കിട്ടിയ കൂറ്റൻ മരജനലായിരുന്നു ആ മുറിയ്ക്കായി പണിതത്. ചെറിയ ചുമരലമാരികലുണ്ടായിരുന്നു. ഇരട്ടക്കട്ടകൾ വെച്ചു പണിത ആ മുറിയുടെ ഭിത്തികളിലൊക്കെ എന്റെ വിചിത്ര ചിത്രങ്ങൾ നിറഞ്ഞു. പെട്ടികളും സഞ്ചികളും പുസ്തകക്കെട്ടുകളും നിറഞ്ഞു.
‘‘പാമ്പുവളരത്തു കേന്ദ്രം'' എന്നമ്മ പിറുപിറുത്തു.

കുട്ടിക്കാലത്തു തന്നെ മരണത്തെക്കുറിച്ചുള്ള ആദിമഭീതികൾ എന്നെ ചൂഴ്ന്നിരുന്നു.
‘‘ഞാൻ മരിച്ചാൽ എന്നെ കത്തിക്കരുത്‌ട്ടോ അമ്മേ'', ഞാനമ്മയെ ചട്ടം കെട്ടി.
‘‘അതെന്തിനാ കുട്ട്യേ?''
‘‘എനിക്ക് പ്രേതായിട്ട് തിരിച്ചുവരണ്ടേ അമ്മെ?''

ഒരുപക്ഷെ മരണശേഷവും അച്ഛനെനിക്കായി പണിത പരീക്ഷണമുറിയിലേയ്ക്ക് തിരികെ വരണമെന്ന്​ സ്വപ്നം കണ്ട എനിയ്ക്ക് മെൽക്യുഡിയാസ്​ മരണത്തിനുശേഷം ‘ഏകാന്തത സഹിക്കാനാകാതെ' തിരികെ വന്നത് അത്ഭുതകരമായി തോന്നി. ചിന്തയിലെ സമാനതയെന്നു ഞാൻ നെടുവീർപ്പിട്ടു.

വേശുമുത്തശ്ശിയെ ഞാൻ കാണുമ്പോൾ തന്നെ കുരുടിയായ പക്ഷിയെപ്പോലെ ചുങ്ങിച്ചുളിഞ്ഞിരുന്നു. ‘നാൽപ്പതുമുറി വീട്’ എന്നറിയപ്പെടുന്ന പനോളി വീട്ടിലെ ഏറ്റവും മുതിർന്ന കാരണോത്തി. തൊണ്ണൂറ്റു വയസ്സിന്റെ ചുളിവിൽ പതുപതുങ്ങുന്ന വലയടയാളത്തൊലി.

കുട്ടിക്കാലത്തെ ഓരോ ഞാനും മെൽക്യുഡിയാസുമാർ തന്നെയായിരുന്നു. പരീക്ഷിക്കാനും നിരീക്ഷിയ്ക്കാനും കാതങ്ങളോളം ജിപ്​സി ജീവിതയാത്രകൾ തെണ്ടിത്തിരിഞ്ഞു നടത്താനും പരിശ്രമിയ്ക്കുന്ന ഞാൻ. എന്നെപ്പോലുള്ള അസംഖ്യം കുട്ടികൾ. കാനൽ ജലത്തിൽ കണ്ണാടികൊണ്ട് നഗരമുണ്ടാക്കാനാകുമെന്ന് ​ഉറപ്പായും വിശ്വസിക്കുന്നവർ. പ്രേതഡയറിയും മരണനിഘണ്ടുവും ഉണ്ടാക്കുന്നവർ. മാർക്കേസിന്റെ മെൽക്ക്യുഡിയാസ് എഴുത്തുകാരനുള്ളിൽ തന്നെ ഒളിഞ്ഞുകിടക്കുന്ന കൗതുകബാല്യത്തിന്റെ അനുരണനമാണ്. മെൽക്യുഡിയാസ്​ എന്ന ജിപ്​സി പലപ്പോഴും കുട്ടിയായ മാർക്കേസ്​ തന്നെയായിരുന്നുവെന്ന്​ എനിക്ക് തോന്നും. എനിക്ക് കുട്ടിക്കാലത്തു തന്നെ എന്നെ കണ്ടറിയാൻ സാധിച്ച കഥാപാത്രം. തന്മയീഭാവപ്പെടാൻ കഴിഞ്ഞ കഥാപാത്രം.

ചെറിയ പെൺ കരടി എന്ന നാപ്പതുമുറിയിലെ വേശുവമ്മ

വേശുമുത്തശ്ശിയെ ഞാൻ കാണുമ്പോൾ തന്നെ കുരുടിയായ പക്ഷിയെപ്പോലെ ചുങ്ങിച്ചുളിഞ്ഞിരുന്നു. ‘നാൽപ്പതുമുറി വീട്’ എന്നറിയപ്പെടുന്ന പനോളി വീട്ടിലെ ഏറ്റവും മുതിർന്ന കാരണോത്തി. തൊണ്ണൂറ്റു വയസ്സിന്റെ ചുളിവിൽ പതുപതുങ്ങുന്ന വലയടയാളത്തൊലി. പഞ്ഞിനൂറ്റ പോലെ വെളുവെളുത്ത നൂലന്മുടി. സ്വർണ തോടയണിഞ്ഞ മണിക്കാത് ബുദ്ധഭിക്ഷുക്കളുടേതുപോലെ തൂങ്ങിയിരുന്നു. പല്ലുകൾ ശിലായുഗകാലത്തെ ചുണ്ണാമ്പ് കുറ്റികൾ പോലെയായിരുന്നു. ഭൂപടദേഹിനിയെന്നു തോന്നുംവിധം വരകളും കുറികളുമാർന്ന കൂനിയുടൽ. കൈത്തണ്ടയിലും കാൽത്തണ്ടയിലുമുള്ള രോമങ്ങളാണ് ഹൈലൈറ്റ്. വലിയ കൃതാവുമുണ്ട്.

‘‘കരടിച്ചീന്നായ്ര്ന്ന് ഇന്റെ തീയ്യൻ വിളിക്കല്''
മുത്തശ്ശി കുണുങ്ങിച്ചിരിച്ചപ്പോൾ പഞ്ഞിയമ്മിഞ്ഞ കുലുങ്ങി.
വള്ളിയിൽ നിന്നേ പഴുത്തുചീഞ്ഞ ഇരട്ടച്ചെരവക്കായയുടെ ഇളം മഞ്ഞനിറം അവയിൽ തുളുമ്പി. പൊടുന്നനെ ഞാൻ ഉർസ്വല ഇഗ്വാറനെ ഓർമിച്ചു. പത്തുവർഷങ്ങൾക്കിപ്പുറം മുത്തശ്ശിയുടെ തീയ്യരുപറമ്പിലെ നാൽപ്പതുമുറി വീട്ടിൽ നൂറിന്റെ തിളക്കത്തിൽ മോണ ചിരിച്ചു. ഏകാന്തതയുടെ വായനാശേഷമാണ് മുത്തശ്ശിയ്ക്കും ഉർസുലയ്ക്കുമുള്ള സാമ്യതകൾ ഞാൻ ഓരോന്നായി കണ്ടെത്തിയത്.

‘‘ചെറിയ പെൺ കരടി'' പ്രേമിക്കുമ്പോൾ ജോസ് ആർക്കേഡിയോ ബ്യൂണ്ടിയ അവളുടെ, ഉർസുലാ ഇഗ്വാറന്റെ ചെവിയിൽ കാമാതുരമായി മൂളി.
‘ഇന്റെ കരടിച്ചീ', വൈശ്യത്തീയ്യൻ മുറുക്കാൻ തുപ്പി ഉറക്കെ വിളിച്ചു.
വേശുമുത്തശ്ശിയുടെ പത്തുമക്കളും മക്കളുടെ മക്കളും കൊച്ചുമക്കളും ചേർന്ന് തീയ്യരുപറമ്പിലെ പനോളിക്കണ്ടിയിൽ നാൽപ്പതുമുറി വീടായി മാറിയിരുന്നു. തറവാടിനോട് ചേർന്ന് ചെറുചെറു വീടുകൾ. ആറേഴ് തലമുറയുണ്ടായിരുന്നു അവിടെ. കാരണോത്തിയായി വേശുമുത്തശ്ശിയും. കുട്ടിക്കാലത്ത്
‘‘വിന്ദൂട്ട്യേ എന്താ ഈ മണം?'' എന്ന്​ ഒരുമ്മയ്ക്കുശേഷം ചോദിക്കയുണ്ടായി.
‘‘കുട്ടിക്കൂറാ പൗഡർ. നല്ലതാ?''
‘‘വിന്ദൂട്ട്യേ ഇനിക്ക് ഇത്തിരി കുട്ടിക്കൂറാ പൗഡർ തരൂ''
‘‘മുത്തശ്ശി പൗഡർ ഇടൂവോ?'' ഞാൻ ശരിയ്ക്കും കൗതുകംപൂണ്ടു.
‘‘വെല്ല്യമ്മ പൗഡർ മാത്രമല്ല, ഫേറെൻ ലൗലീം തേക്കും'', ഷീജാമ്മു സത്യം വിളിച്ചുപറഞ്ഞു.
‘‘ഫേറൻ ലവ്‌ലിയോ?''
‘‘മുമ്പേ വീക്കോ റ്റെർമെറിക്ക് ക്രീമും ബോറോലിനും തേയ്ക്കും. കാലിന്റടീലൊക്കെ തേച്ചാ നന്ന്‌ത്രേ''
‘‘സുഗന്ധമുള്ള ആൻറിസെപ്റ്റിക് ക്രീം ബോറോലിൻ''- ടി.വി. പരസ്യം ഞാനോർത്തുപാടി.
അപ്പോൾ അതാണ് കാര്യം. സ്വർണമുലകളും വയറും കവിളുമൊക്കെ തിളങ്ങുന്നതിന്റെ മഹാരഹസ്യം.
‘‘അമ്മിണിയെട്ത്തീന്റെ ഫെയർ ലൗലി ഒക്കെ വെല്ലിമ്മ തേക്കുന്ന പേരില് ഇബടെ വെല്ല്യേ കച്ചറ്യാര്ന്നു. ഒടുക്കം വല്ല്യുട്ട്യേട്ടൻ ടൗണി പോയ്യാണ്ട് വല്യമ്മയ്ക്ക് പുദീതെന്നെ വാങ്ങിക്കൊടുത്തു.''
ഷീജാമ്മു വാപൊത്തിച്ചിരിച്ചു.
‘‘ഇജി വെല്ല്യേമ്മേന്റെ മുറി കണ്ടിക്കിണാ? ഒന്ന് കേറ്യാണ്ട്​ മുറ്യൊന്നു കണ്ടോക്കൂ''
വേശു മുത്തശ്ശിയുടെ മുറിയിൽ ഞാൻ അന്നോളം കയറിയിരുന്നില്ല. വൃദ്ധരുടെ മുറികളുടെ മണം എനിയ്ക്കിഷ്ടമായിരുന്നില്ല. കൊട്ടൻചുക്കാദിയുടെയും ധന്വന്തരം കുഴമ്പിന്റെയും മണം എന്നെ അസ്വസ്ഥപ്പെടുത്തി. ഭയപ്പെടുത്തി. അമ്മയ്‌ക്കൊപ്പം കിടപ്പിലായ വൃദ്ധരെ കാണാൻ പോകുകയും ഈ മണം അനുഭവിക്കുകയും ചെയ്തുകഴിഞ്ഞാൽ മൂന്നാമതോ നാലാമതോ ദിവസം അവരുടെ മരണം കേട്ടു. ഞാനതിനാൽ ഭയപ്പെട്ടു. എണ്ണമണക്കുന്ന മനുഷ്യരെ, മുറികളെ ഞാൻ ഭയപ്പെട്ടു. മരണമണമായി ഞാനതിനെ അടയാളപ്പെടുത്തി.

എഴുത്തിന്റെ ആദ്യ വിഹ്വലതകളും വായനയുണ്ടാക്കുന്ന ഭീതികളും എല്ലാ മനുഷ്യർക്കിടയിലും തനിച്ചെന്ന തോന്നലും എനിക്ക് ഏകാന്തതയെന്ന അവസ്ഥയെക്കുറിച്ച് ആദ്യമായി സൂചനകൾ നൽകി. Photo: Indu Menon, Facebook

എന്നാൽ കോണിച്ചോട്ടിന്റെ വടക്കുള്ള മുത്തശ്ശിയുടെ മുറി നല്ലതായിരുന്നു. വയസ്സന്മാർ താമസിക്കുന്ന പതിവ് ഇടുങ്ങിയ മുറിയായിരുന്നില്ല അത്.
​വിശാലമായ വലിയ മുറി. അരിമാവ് കൈപ്പത്തികൾ- എന്റെ തന്നെ- പതിപ്പിച്ച വാതിൽ കട്ടളകൾ. ഒരുവശത്ത് തന്നെ മൂന്നുഭാഗത്തായി മൂന്ന് വലിയ ജനാലകൾ. അവയിലിരുന്ന്​ പുറത്തേയ്ക്കു നോക്കാനാകുന്ന തിണ്ടുകൾ. ഉയരമേറിയ സപ്രമഞ്ചക്കട്ടിൽ. വൃത്തിയുള്ള വെള്ളവിരിപ്പ്. സൂര്യപ്രകാശം കയറി വെടിപ്പാർന്ന ചുവരുകൾ. പേരറിയാത്ത പൂക്കളുടെ മണം. തെളിഞ്ഞ ചില്ലുള്ള റാന്തൽ വിളക്ക്.

വേശുമുത്തശ്ശി ഗോദ്റേ​ജിന്റെ വലിയ അലമാരി തുറന്നപ്പോൾ കൂറ മുട്ടായിയുടെ മണവും ഉണക്കച്ചെമ്പക പൂമണവും ഒന്നിച്ചു പൂത്തു. വല്ല്യ ടാട്ടന്റെ കൂർമ്പൻ പണപ്പെട്ടി മുത്തശ്ശിയുടെ അലമാരയിൽ ഞാൻ കണ്ടു
‘‘ഇദ് വല്ല്യ ടാട്ടന്റെയല്ലെ?''
‘‘അദെ മോളെ. ഓനിന്നെ മാത്രേ വിസ്വാസള്ളൂ. കുട്ട്യാരോറ്റും പെട്ടി കണ്ട വിവരം പറയണ്ടട്ടോ'' മുത്തശ്ശി ചിരിച്ചു. പേരക്കുട്ടികളുടെ പോലും പണം കൈകാര്യം ചെയ്യുന്ന പദവിയും അംഗീകാരവും ഉള്ള മുത്തശ്ശി. ബ്യൂണ്ടിയ കുടുംബത്തിലെ ഉർസുല തന്നെ.

തടിയലമാര തുറന്നപ്പോൾ ഗൾഫിലെ ഷോപ്പിൽ പോയ പോലെ കണ്ണുതള്ളി. പോണ്ട്​സ്​ ക്രീം, ഊദിന്റെ അത്തറ്, വീക്കോ വജ്രദന്തി, ലിറിൽ സോപ്പ്, കണ്മഷി, ജാ ഈ കാജൽ, കുങ്കുമം.
‘‘ഇന്റെ തീയ്യനിദൊക്കെ വല്ല്യെഷ്ടാ''
അപ്പുറത്തെ മുറിയിലെ കട്ടിലിൽ കൂനിക്കിടന്ന് സദാ കൂർക്കം വലിച്ചുറങ്ങുന്ന വൃദ്ധനായ വൈശ്യത്തീയ്യനാണ് മുത്തശ്ശിയുടെ ഭർത്താവ്. ഏതാണ്ട് കിടപ്പിലായിരുന്നു. സപ്രമഞ്ചലിലേയ്‌ക്കൊന്നും കേറാനാകാത്തതിനാൽ അപ്പുറത്തെ മുറിയിൽ തന്നെയാണ് കിടപ്പ്. ഫലിതവും ഭയകഥകളും പറയുന്നതിൽ മിടുക്കിയായിരുന്നു മുത്തശ്ശി. സുഹൃത്തുക്കളേറെയും പേരക്കുട്ടികളുടെ ചങ്ങായിച്ചിമാർ. പേരക്കുട്ടിയുടെ കുട്ടിയുടെ കുട്ടിയായ എന്നെപ്പോലുള്ളവരും സുഹൃത്തുക്കളാണ്. മൈലാഞ്ചിയും കഞ്ഞുണ്ണിയും കൊടുക്കുന്ന മുസ്തഫ, കാട്ടുമഞ്ഞൾ കൊടുക്കുന്ന പാലു. അങ്ങനെ ആ നിര നീളുന്നു. തായം കളിയ്ക്കാൻ വരുന്ന ബീനാച്ചി, സബിത, കൊച്ചുട്ടൻ.

വൈശ്യത്തീയ്യന്റെ ചോന്ന കടുക്കനിൽ വേശാമണിയുടെ കണ്ണുകൾ തിളങ്ങി. അവൾ കൈകൾ നീട്ടിയയാളെ കെട്ടിപ്പുണർന്നു. മണിക്കൊന്നക്കണിപ്പൂക്കൾ തുരുതുരാ തൊഴിഞ്ഞുകൊണ്ടിരുന്നു.

അയൽപക്കത്തെ പണിക്കർ മുത്തച്ഛനെ പറ്റി നെല്ലിക്കുത്ത് പുരയിലിരുന്ന്​ സ്ത്രീകൾ തോന്ന്യാസം പറഞ്ഞുചിരിക്കുമ്പോൾ മുത്തശ്ശിയും പൊട്ടിപ്പൊട്ടി ചിരിക്കുകയായിരുന്നു. എന്തിനാണെന്നു ചോദിച്ചപ്പോൾ മറുപടിയായി മുത്തശ്ശി എന്തോ പറഞ്ഞു. എന്ത് പറഞ്ഞുവെന്ന് എനിക്കറിയില്ല. എന്നാൽ അവിടെ ഏറ്റവും വലിയ പൊട്ടിച്ചിരിയുയർന്നത് മുത്തശ്ശിയുടെ ആ വർത്തമാനത്തിനുശേഷമാണ്.

മുല ചെത്തിയെടുത്ത ശൂർപ്പണഖയെക്കുറിച്ചും ചുമച്ചി നാരായണിയെക്കുറിച്ചും തൊണ്ടച്ചൻ ദൈവത്തെപ്പറ്റിയും വൈശ്യത്തീയന്റെ പൂമാല സേവയെപ്പറ്റിയുമൊക്കെ എനിക്ക് കുട്ടിപ്രായകഥകൾ പറഞ്ഞുതന്നിരുന്ന ആളാണ് മുത്തശ്ശി. കലിയനു വെക്കലും കാമനു വെക്കലും കൂത്തുപറമ്പിൽ പുത്തരിച്ചടങ്ങായ കൈതയുമൊക്കെ ഞാൻ മുത്തശ്ശിയ്‌ക്കൊപ്പം ആഘോഷിച്ചു.

ഞാൻ വളരുന്നതിനൊപ്പം കഥകളിലും വർത്തമാനങ്ങളിലും വളർച്ചയുണ്ടായി. കഥകൾക്ക് പ്രായപൂർത്തിയായി. വലിയവർക്കുള്ള തമാശകൾ എന്റെ ചെവിയിൽ പറഞ്ഞ്​ മുത്തശ്ശി പൊട്ടിച്ചിരിച്ചു. പുഷ്പരാജിന്റെ ചിറ്റം, ഷീജാമ്മൂന് മച്ചിനിയനുമായുള്ള ചുറ്റിക്കളി, വള്ളിയുടെ ദാമ്പത്യപ്രശ്‌നം, വയസ്സറിയിച്ച ശേഷം നാട്ടിലെ പുരുഷന്മാരെക്കുറിച്ചുള്ള കഥകൾ ഒക്കെ എന്നോട് നിർലജ്ജം പറഞ്ഞു. തന്നോളം വളർന്നവരെ താനെന്നു വിളിയ്ക്കുന്ന പ്രകൃതമായിരുന്നു മൂപ്പത്ത്യാരുടേത്.
ഒരിക്കൽ മുത്തശ്ശ്യാരുടെ തന്നെ സ്വന്തം കഥയും പറഞ്ഞു.

‘‘ഇന്തീയ്യാനാ, മണ്ടേലെഴ്തീത് കുണ്ടീലൂത്യാ പോക്വോ? ഞാനെ കെട്ടാൻ പാടില്ലാത്ത ഒരു ചെക്കനെയാണ് കെട്ട്യേത്.''
‘‘ആരെ? വൈശ്യത്തീയ്യനെയോ?''
‘‘എന്ത് ചെയ്യും, പറ്റിപ്പോയില്ലേ? വേറെ എന്താ ചെയ്യാ.?'' എന്നിലെ കൗമാരക്കാരി സംശയക്കണ്ണുകൾ വിടർത്തിച്ചിമ്മി.
‘‘പറയാം കുട്ട്യേ. പെങ്കുട്ട്യാളതൊക്കെ കേക്കണം. അറയണം''

കൂത്തുപറമ്പിലെ രൈരുവപ്പന്റെ മാന്തോട്ടത്തിൽ മാവുകൾ കുലച്ചുനിന്ന ഒരു വിഷുക്കാലത്ത്, സെൻറ്​ ജോസഫ് ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി വേശാമണി അവധിയാഘോഷിയ്ക്കാൻ വന്നതാണ്. കാകിത്തോട്ടിലെ കലക്കവെള്ളത്തിൽ മീൻ പിടിച്ച് ഓള് ചേറായ കുപ്പായം കഴുകുകയായിരുന്നു.
‘‘നെറച്ചും വെള്ളള്ള ഒരു കെണറാരുന്നു അദ്. നല്ല തണപ്പ്ള്ള വെള്ളം. ഇമ്പളീ കന്യാസ്ത്രീയമ്മാരെ ഹോസ്റ്റെലീന്ന് ബക്കറ്റില്​ റേഷൻ പിടിച്ച് കുള്യല്ലെ. വെള്ളം കണ്ടപ്പോ ഇനിയ്ക്ക് സഹിച്ചില്ല്യാ. രണ്ടുമൂന്ന് തൊട്ടി ഞാമ്പാർന്ന്.
അപ്പളാ ഓറ് ഇന്നെ പിന്നിന്ന് പൂണ്ടടക്കം പിടിച്ചത്, കിണറിന്റെ മറവിലേയ്ക്ക് വീഴാൻ പോയി'' മുത്തശ്ശിയുടെ മുഖത്ത് ഓർമയിരമ്പി.

ഞാൻ വളരുന്നതിനൊപ്പം കഥകളിലും വർത്തമാനങ്ങളിലും വളർച്ചയുണ്ടായി. കഥകൾക്ക് പ്രായപൂർത്തിയായി. വലിയവർക്കുള്ള തമാശകൾ എന്റെ ചെവിയിൽ പറഞ്ഞ്​ മുത്തശ്ശി പൊട്ടിച്ചിരിച്ചു. / Photo: Indu Menon, Facebook

‘‘ഓല് വൈദ്യം പഠിക്കാൻ വല്ല്യേ വൈശ്യത്തീയ്യന്റെട്ത്ത് പോയിറ്റ് മടങ്ങേയ്‌നി''
അയാളുടെ പൂണ്ടടക്കം പിടുത്തം വിഷു വളർന്ന, മഞ്ഞക്കണിമണിക്കൊന്നപ്പൂക്കളുടെ പരവതാനിയിലേയ്ക്ക് ഭ്രാന്താവേശിതമായി... ആദ്യത്തെ ഭയം വിട്ട് അയാളുടെ ഭംഗിയാർന്ന കുടുമയിലേയ്ക്കും വിടർന്ന വലിയ കണ്ണിലേയ്ക്കും അവൾ നോക്കെ പ്രേമവും വസന്തവും പൂത്തുകൊണ്ടേയിരുന്നു.
‘‘ഓറെ കണ്ടാ ഏദു പെണ്ണും മയങ്ങും മോളെ'', മുത്തശ്ശി കൊന്നമരം പോലെ പൂത്തുചിരിച്ചു.
‘‘ആടെ വയ്യാണ്ട് കെടക്ക്ന്ന ഓറെല്ല്യെ ഇങ്ങളൊക്കെ കണ്ട്റ്റ്ള്ളൂ. തൊട്ടാ ചോര തെറ്ക്കിന്ന തീയ്യനെ കാണണം മോളെ''

വൈശ്യത്തീയ്യന്റെ ചോന്ന കടുക്കനിൽ വേശാമണിയുടെ കണ്ണുകൾ തിളങ്ങി. അവൾ കൈകൾ നീട്ടിയയാളെ കെട്ടിപ്പുണർന്നു. മണിക്കൊന്നക്കണിപ്പൂക്കൾ തുരുതുരാ തൊഴിഞ്ഞുകൊണ്ടിരുന്നു. വിഷുപ്പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേട്ടു...
വൈശ്യത്തീയ്യൻ കന്യാരക്ത ചുവപ്പിന്റെ മുദ്രവെയ്ക്കുന്ന ആ ഉച്ചയിൽ വേശുവിനു വയസ്സ് 14.

‘‘ഓറെ മണണ്ടല്ലോ മോ​ളേ, പച്ച്മരുന്നു പീട്യേക്ക് പോയ ചേൽക്കാ... ചുണ്ടിനു കുറുന്തോട്ടീന്റെ കയ്​പ്​ണ്ടേയ്‌നി''
‘‘മധുരിയ്ക്കുന്നു...'' വേശാമണി കുലുങ്ങിച്ചിരിച്ചു..
‘‘ചെല മരുന്നുകൂട്ട് ചോര്യായിറ്റ് ചേരുമ്പോ അങ്ങനെന്ന്യാ'', വൈശ്യത്തീയ്യൻ തന്റെ വിജ്ഞാനം വെളിപ്പെടുത്തി

‘‘ഓരിന്റെ അച്ഛന്റെ കുടുംബക്കാരനാണ്. സാമൂരിന്റെ വൈശ്യക്കുടുമ്മല്ലെ? എല്ലാം കയ്ഞ്ഞിറ്റാ അദൊക്കെ നോക്കുന്നത്. ഓറെ ഇനിക്ക് മംഗലം കയിക്കാൻ പറ്റൂല. ഒരു തറവാടാ. ആങ്ങള- പെങ്ങള ബന്ധം. രാരിച്ചൻ ഗുരുക്കള് ഓലെ അമ്മാമനാണ്. ഓറിദറിഞ്ഞപ്പോ ചങ്കുപൊട്ടി വീണീനു'', മുത്തശ്ശിയുടെ മുഖം ആർദ്രമായി.

‘‘എന്ത്ത്താ വേശ്വോ ആടെ ഇണ്ടായദ്ന്ന്'' ചോയ്ച്ചാണ്ട് ഇന്റെ പാപ്പൻ ഉപ്പൂറ്റി കുഞ്ഞി വൈശ്യറ് ഓലെ നാഭിയ്ക്ക് പെരുഞ്ച്വിട്ടാ ചവിട്ടി.
‘‘ഒന്നിണ്ടായില്ല്യ പാപ്പ. ആട കൊന്ന പൂത്തത് പൊട്ടിക്കാൻ നോക്ക്യേദാ'' ഇന്ന് പറഞ്ഞ് അന്ന് ഓറെ ഞാൻ കയിച്ചിലാക്കി. ഇന്നിറ്റോ, ഇക്ക് കുളി തെറ്റി മോളെ. സ്‌കൂളിലെ കന്യാസ്ത്രീയമ്മാര് അച്ഛനെ വിളിച്ചുവരുത്തി. ഇനിക്ക് പള്ളയിൽ ആയിലേ മോളേ. ന്യെന്താ ചെയ്യാ?''
ഞാൻ കണ്ണുതള്ളിയിരിയ്ക്കയാണ്. ആങ്ങള ഗർഭിണിയാക്കിയ പെങ്ങൾ.

കന്യാസ്ത്രീമാരുടെ ഉപദേശത്തിന് അച്ഛൻ വഴങ്ങി. വയറ്റിലെ കുട്ടിയെ ഇല്ലാതാക്കിയില്ല. ഗർഭിണിയായ പെണ്ണിനെ രക്തബന്ധം നോക്കാതെ, കുടുംബക്കാരുടെയും തറവാട്ടുകാരുടെയും ഇല്ലക്കാരുടെയും എതിർപ്പ് നോക്കാതെ വൈശ്യത്തീയ്യന് വിവാഹം ചെയ്തുകൊടുത്തു.

‘‘അച്ഛനൊരു സമാദാനൊം ഇല്ലായിരുന്നു മോളെ. ഓറും നല്ല വൈശ്യറാന്ന്. ആങ്ങളക്ക്​ പെങ്ങളില്​ ജനിച്ച കുട്ട്യാക്ക് തുമ്പിക്കൈ ണ്ടാക്വോലോ. അദോർത്തോർത്ത് ഓറ് ഉരുക്വേയിനു.''
‘‘തുമ്പിക്കൈ ഇണ്ടാക്വേ? ആര് പറഞ്ഞത്?'' ഉർസ്വല ഇഗ്വറാന്റെ പന്നിവാൽ എന്റെ തലയിൽ കൊള്ളിയാൻ മിന്നി.
‘‘മ്പളെ പഴമക്കാര് അല്ലാണ്ടാരാ?''
‘‘ശരിക്കും അങ്ങനെ നമ്മുടെ നാട്ടിൽ ഉണ്ടോ?''

‘‘ഇണ്ട് കു​ട്ടിയേ, ഇണ്ട്​. പച്ച സത്യാ ദ്. ചോരബന്ധമുള്ള ഒരു കല്യാണം കയ്ക്കുക. കഴിച്ചാലുണ്ടാകുന്ന കുട്ട്യാക്ക് തുമ്പിക്കൈയ്യിണ്ടാകും.''

കൊളംബിയയിൽ മാത്രമല്ല, കേരളത്തിലിങ്ങ് ഈ കുഗ്രാമത്തിൽ പേങ്ങാട്ട് അങ്ങാടിയിലും ഉണ്ട് അതേ കഥ. ചോരപ്പരിശക്കാരും മുലകുടിപരിശക്കാരും തമ്മിലുള്ള വിവാഹം മുടക്കാൻ പ്രചരിപ്പിച്ച കഥ.

‘‘ഇയ്ക്ക് പൂമാല തേവി ശിക്ഷ വിധിച്ചു മോളേ. ആദ്യം ഞാൻ പെറ്റത് മനുഷ്യ കുട്ടിന്യല്ല. ആടിന്റെ ഒടലും എലീന്റെ മോന്തേള്ള തുമ്പിക്കൈള്ള ഒരു ജന്തുനെ''

40 മുറിവീട്ടിലെ ഇരുണ്ട പേറ്റുമുറിയിൽ ആ കുട്ടിയെ കണ്ടു പേറ്റിച്ചിയും പെറ്റതള്ളയും ആർപ്പിട്ട് നിലവിളിച്ചു.
‘‘നൊലോൾക്കല്ലാണ്ട് എന്തീയ്യാനാ?''

ദേവകി വല്യമ്മ പറഞ്ഞ്​ ഞാൻ ആ കഥ കേട്ടിരുന്നു.
40 മുറിയിൽ പിറന്ന, തുമ്പിക്കൈയുള്ള മൃഗമുഖക്കുഞ്ഞിന്റെ കഥ.
ആശാരി മാമയുടെ അമ്മയാണ് ആ കഥ ദേവകി വല്യമ്മയ്ക്ക് പറഞ്ഞുകൊടുത്തത്.
‘‘തറവാട്ടിലെ ആണുങ്ങളാരോ നെലോളി കേട്ട് പാഞ്ഞിവന്ന്. ആജ്ജന്തു ചൊമരുമ്മെ പറ്റി മോളിക്ക് പോക്വേനി. കൈക്കോട്ടോണ്ട്​ അടിച്ചു കൊന്നാൾഞ്ഞ്, അത്രന്നെ.''

അഗമ്യഗമന സന്താനം ശാപമെന്ന് അന്നുമിന്നും എല്ലാ സമൂഹങ്ങളും വിശ്വസിക്കുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലും വിശ്വസിയ്ക്കപ്പെടുന്നു.

‘‘പിന്നെ ഞാൻ ഓടിയൊളിക്കാൻ തുടങ്ങി. ഓല് നൂലും മന്ത്രോം പ്രാർഥനീം പൂശാരിച്ചിക്കാവില് പൂജയുമൊക്കെ നടത്തി.''
കന്യാകവചം ധരിച്ചുനടന്ന ഉർസുല.

‘‘പിന്നെ ഞാനും പത്ത് പെറ്റില്ലേ മോളെ?''

ഉർസുല ഇഗ്വാറൻ എന്ന എന്റെയുള്ളിലെ കഥാപാത്രം ജീവൻപൂണ്ടുനിന്നു. അവിടെ പന്നിവാലെങ്കിൽ ഇവിടെ തുമ്പിക്കൈ. അത്രമാത്രം.
മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമായി നൂറുവയസിനിപ്പുറവും ആദിമ ഹവ്വയെ പോലെ ആദ്യപാപം ചെയ്ത്​ സന്താനങ്ങളെപ്പെറ്റുപെരുകിനിന്ന ആദ്യ സ്ത്രീയായ ഉർസുലയെപ്പോലൊരുവൾ. സമാനതകൾ ഇനിയുമനവധിയുണ്ടായിരുന്നു. മക്കോണ്ടയുണ്ടാക്കിയ ആദ്യ സ്ത്രീയെപ്പോലെ, ഉർസുലയെപ്പോലെ, നാല്പതുമുറിയിൽ നൂറുവർഷങ്ങൾ കഴിഞ്ഞവൾ. ഭർത്താവൊത്തു ശയിച്ച പട്ടരുകട്ടിലിൽ ഒറ്റയ്ക്കു കിടന്നവൾ.
കരടിയെപ്പോലൊരുവൾ.

ഓരോ തലമുറയിലെ പുരുഷന്മാരും കുടുംബം ഉപേക്ഷിച്ച് പലയിടങ്ങളിലായി ചിതറിപ്പോകുന്നത് നാം ഏകാന്തതയിൽ കണ്ടു, അന്നേരമെല്ലാം ഉർസുല അവളുടെ കുടുംബത്തിലെ പ്രാഥമിക തീരുമാനമെടുത്തു. കാരണോത്തിയായി വേശു മുത്തശ്ശിയുമതേ- ആജ്ഞാശക്തിയുടെയും അധികാരത്തിന്റെയും നൂറുവർഷമായ സ്ത്രീയായി.

കാലം, കഥാപാത്രം, ഉറക്കക്കുഴിയിലെ ഞാൻ

ജീവിതകാലം മുഴുവൻ കണ്ടുമുട്ടിയ ഓരോ മനുഷ്യരിലും ഞാനിതുപോലെ സമാനമായ മാർകേസ്​ പാത്രങ്ങളെ കണ്ടു. സന്ദർഭങ്ങൾ കണ്ടു.
എഴുതിയാൽ 1000 പേജുകൾ തീരാത്ത കഥകളറിഞ്ഞു. സമാനതകൾ അനുഭവിച്ചു. റെമഡിയോസ്​ സുന്ദരിയെപ്പോലെ അതിസുന്ദരിയായ തമിഴൻ ഓട്ടോറിക്ഷാക്കാരനെ വിവാഹം ചെയ്ത അഞ്ജലിച്ചേച്ചി.
കാമുകൻ ചത്തതും പഠിത്തം കഴിയാതെ കുഞ്ഞുമായി കുടുംബത്തിലേയ്ക്ക് വന്നതും അതിനെ ഒളിച്ചുവളർത്തിയതും.
തന്നിൽ നിന്ന്​ മാറിത്താമസിയ്ക്കുന്ന ഭാര്യയുടെ കാമുകനും തനിയ്‌ക്കൊപ്പം താമസിയ്ക്കുന്ന കാമുകിയുടെ ഭർത്താവുമായ അറീലിനിയോ സെഗുണ്ടോയുടെ തനിപ്പകർപ്പായ അവറു എന്ന ഗോപാലകൃഷ്ണൻ.
‘‘ഓളെ ഞാൻ കാര്യം തീർത്തിറ്റൊന്നുമല്ല'' എന്ന് തന്റെ ഭാര്യാപ്രേമത്തെ ന്യായീകരിക്കുന്നവൻ.

അറീലിനിയോ ബാബിലോണിയയെപ്പോലെ തന്റെ ചെറിയമ്മയ്‌ക്കൊപ്പം ഇണചേർന്ന് അവരെ ഗർഭിണിയാക്കിയ സ്‌കീസോഫ്രീനിയക്കാരൻ പ്രദീപ്.
ജോസ് ആർക്കാഡിയോ ബ്യൂണ്ടിയപ്പോലെ ഏകാന്തതയുടെ 76 വർഷങ്ങൾ അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന എന്റെയച്ഛൻ.

അവരെല്ലാം ഇതെഴുതുമ്പോഴും ഓരോ മനുഷ്യരായി എന്റെ മുന്നിൽ വന്നുനിന്നു. കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകത്തിൽ ഇവരെല്ലാം കയറിവന്നു...

ജീവിതത്തിൽ മരിച്ചവളായിട്ടും മരണത്തിന്റെ ഏകാന്തത സഹിക്കാനാതെ മെൽക്യുഡിയാസിനെപ്പോലെ ഞാൻ എന്റെ വീട്ടിലേയ്ക്കു തിരികെവന്നു. പ്രേതസ്വരൂപിണിയായിരുന്നു ഞാൻ. അച്ഛൻ പണിതുതന്നെ മുറിയുടെ ജനാലകൾ ഞാൻ കടുത്ത നിരാസത്തോടെ തുറന്നു. ശവക്കുഴിയുടെ തിട്ടുനീക്കുന്ന പ്രേതക്കയ്യുകളെപ്പോലെ...
ഏകാന്തത ഈറക്കാറ്റായി...
ഏകാന്തത തണുപ്പായി...
ഏകാന്തത ഡിസംബർ പാതിരകളിൽ പൂത്തുമണത്ത ലാംഗിലാംഗികളായി...
ചന്ദ്രനെ, നിലാവിനെ മേഘം മൂടി...
ഏകാന്തത എന്നെ ഭക്ഷിച്ച ഇരുളായി...
ഞാനെന്റെ ഏകാന്തതയിൽ ഇരട്ടക്കട്ടിലിൽ ഇണയില്ലാതെ ആത്മീയസൗഖ്യത്തോടെ ഉറങ്ങി...

ഞാൻ എന്റെ അതേ പാതിരാസ്വപ്നത്തിൽ അമരാന്റ ഉർസുലയെപ്പോലെ കൈകൾ നീട്ടി. നിലാവുവീണു നനഞ്ഞ കട്ടിലിൽ അയാളുണ്ടായിരുന്നു.
‘‘എന്റെ നരഭോജിച്ചെറുക്കായെന്ന്'' പ്രേമത്തോടെ അയാളെ വിളിച്ചു.
എന്റെ അറീലിനിയോ ബാബിലോണിയ. എന്റെ കുഞ്ഞും കാമുകനുമായവൻ. ആനച്ചെവികളും സൂര്യവൃത്തക്കണ്ണുകളുള്ള കോലന്മുടിക്കാരൻ.
എന്റെ പൊക്കിളുകളുടെ ഇരുൾക്കയത്തിൽ അയാൾ മുങ്ങിമരിച്ചു. എന്റെ കണ്ണുകളുടെ പ്രേമപ്രകാശത്തിൽ അയാൾ ചിരിക്കുകയുണ്ടായി.
എന്റെ മുലകളുടെ അത്യുഷ്ണത്തിൽ അയാളുരുകി.
എന്റെ ചുണ്ടുകളുടെ ജ്വരത്തിൽ അയാൾ വെന്തു.
അയാളുടെ പൊൻവർണമാർന്ന ആന്തൂറിയത്തൊലി.
ചുവന്ന എല്ലുകൾ... ഭംഗിയേറിയ വിരലുകൾ... മജ്ജയുടെ കൊഴുന്ന കടൽ...
എല്ലാം എന്നിൽ ചേർന്നു. മുലകളുടെ പ്രാകൃതമായ ഇടുക്കിൽ, രഹസ്യത്തിൽ ലാവക്കടലായുറഞ്ഞു.
എന്റെ നെഞ്ച് ചെന്നിറമാർന്നു.
ആത്മാവിന്റെ അതിതീവ്ര നഗ്‌നതയിൽ ഞാൻ ലജ്ജിതയായി.
‘‘എന്നെ നോക്കൂ, എന്റെ കണ്ണുകളിലേയ്ക്കു നോക്കൂ'', അവൻ എന്റെ കൈകളെ ബലമായി അടർത്തിമാറ്റി.

മനുഷ്യരെ തിന്നുന്ന രാക്ഷസനുറുമ്പുകൾ ഞങ്ങളെ കാത്തുനിന്നു.
പന്നിവാലുള്ള ഓമനക്കുഞ്ഞിന്റെ ഇളംമാംസത്തിനായി അവറ്റകൾ കാത്തുനിന്നു.

അച്ഛൻ പണിതു തന്നെ മുറിയുടെ ജനാലകൾ ഞാൻ കടുത്ത നിരാസത്തോടെ തുറന്നു. / Photo: Unsplash

ഒന്നുമുണ്ടായില്ല, അല്ലെങ്കിൽ തന്നെ ആത്മാവുകളുടെ ഇണചേരലിൽ എന്തുണ്ടാകാനാണ്?
ഒരിക്കലും ഞങ്ങൾക്കൊരു സന്താനം പിറകൊള്ളുകയില്ല.
ഞാൻ ദുർവാശിയോടെ കരഞ്ഞു.

‘‘വരിക രാക്ഷസയുറുമ്പുകളേ, നിങ്ങൾ ഞങ്ങളെ തിന്നുക. ഞങ്ങളുടെ പന്നിവാലുള്ള ആൺകുഞ്ഞിനുപകരം ഞങ്ങളെ തിന്നുക''
ഞങ്ങൾ പ്രേമത്തോടെ കണ്ണുകൾ ചിമ്മി. കണ്ണാടികൊണ്ട് കാനൽജലത്തിൽ ഞങ്ങൾ പണിത ഞങ്ങളുടെ മക്കോണ്ട തകർന്നു തരിപ്പണമായി. ഞങ്ങളുടെ പൂർവികർ പണിത നഗരത്തെരുവുകൾ, വിളക്കുമാടങ്ങൾ, വാഴത്തോട്ടങ്ങൾ, വിപ്ലവമുറഞ്ഞ മ്യൂളുകളുടെ ചന്തകൾ... എല്ലാം ഓരോന്നായി പുറ്റൂർന്നു, തകർന്നു.

മെൽക്യുഡിയാസ് എന്ന അലയൻ ജിപ്‌സിയുടെ പ്രേതം കാന്തവും കൊണ്ട് ആകാശത്തിലൂടെ പാഞ്ഞു. അയാളുടെ ചുരുൾമുടിയിൽ മഴ കനത്തു.

ഞങ്ങളുടെ ആത്മാവ് ആ കാന്തത്തിൽ ഒട്ടി...
ഏകാന്തതയുടെ നൂറുവർഷങ്ങൾ...
ഏകാന്തതയുടെ ആയിരം വർഷങ്ങൾ...
ഏകാന്തതയുടെ പന്തീരായിരം വർഷങ്ങൾ...

പ്രപഞ്ചം തകരുന്നതും
ഞാനുമവനും അതിലമർന്നു പോകുന്നതും കാത്ത്
ഉറക്കക്കുഴിയിൽ
ഏകാകിയായ ഞാൻ സ്വപ്നം മുറിയാതെ കിടന്നു... ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments