മലങ്കാട്- 49
2004- നുശേഷം ടാറ്റ ടീ ലിമിറ്റഡ് എന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചായ കമ്പനി ഉടമസ്ഥാവകാശം കണ്ണൻ ദേവൻ കമ്പനിക്ക് കൈമാറി. അതുവരെ, ചായയുടെ പര്യായം കൂടിയായിരുന്നുവല്ലോ ടാറ്റ എന്നത്. ടാറ്റയുടെ ചക്ര ഗോൾഡ് ടീയുടെയും ബ്രൂക്ക് ബോണ്ട് ടീയുടെയും പരസ്യങ്ങളാണ് ചായപ്രേമികളെ ആകർഷിച്ചിട്ടുണ്ടാവുക. ചായയും കോഫിയും ഇല്ലാതെ കേരളീയരുടെ ജീവിതം പുലരില്ല എന്ന അവസ്ഥയുമുണ്ടല്ലോ.
മൂന്നാറിലെ ശരാശരി മനുഷ്യന്റെ ചിന്തകളെയും പ്രവൃത്തികളെയും ഉണർത്തുന്നത് ഒരു ഗ്ലാസ് കട്ടൻ ചായയാണ്. ദിവസം ഒരു തൊഴിലാളി ശരാശരി നാല് ഗ്ലാസ് കട്ടൻ ചായ വരെ കുടിക്കും. മഴക്കാലത്തും മഞ്ഞുകാലത്തും ഇതിന്റെ ഇരട്ടിയാകും.
തമിഴ്നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ കാപ്പിക്കാണ് മുൻഗണന. ചായ സെക്കൻഡ് ഓപ്ഷനാണ്.
1970-കൾ മുതൽ 2005 വരെയാണ് മൂന്നാർ പ്ലാന്റേഷനിൽ ടാറ്റയുടെ തേയില കച്ചവടം വ്യാപിക്കുകയും നിലയുറപ്പിക്കുകയും ചെയ്തത്. തൊട്ടതെല്ലാം പൊന്ന് എന്ന മട്ടിലാണ് രത്തൻ ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ കച്ചവടക്കാരനായി ജ്വലിച്ചത്. ഇന്ത്യ കണ്ട ഏറ്റവും വലിയ കച്ചവടക്കാരനായി രത്തൻ ടാറ്റയെ വളർത്തിയെടുത്തത് മൂന്നാറിലെ തേയില കച്ചവടമാണ് എന്ന് ഉറപ്പിച്ചുപറയാനാവും.
കണ്ണൻ ദേവൻ വരുമ്പോൾ തൊഴിലാളികൾക്ക് വൻ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, തൊഴിലാളികളുടെ ജീവിതം ദുരിതത്തിലേക്കാണ് നീങ്ങിയത്.
ആദ്യം കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷനായിരുന്നു. അത് ഫിൻലേ ആന്റ് മൂർ കമ്പനിയായി. പിന്നീട് ടാറ്റ - ഫിൻലേയും ടാറ്റ ടീ ലിമിറ്റഡുമായി. 2005- നുശേഷം വീണ്ടും കണ്ണൻ ദേവൻ എന്ന പേരിൽ ചായത്തോട്ടങ്ങൾ പ്രവർത്തനം തുടരുന്നു.
കണ്ണൻദേവൻ വന്നശേഷം തൊഴിലാളികളുടെ ജീവിതം ദുരിതത്തിലേക്കാണ് നീങ്ങിയത്. കണ്ണൻ ദേവൻ വരുമ്പോൾ തൊഴിലാളികൾക്ക് വൻ പ്രതീക്ഷയുണ്ടായിരുന്നു. കമ്പനി തൊഴിലാളികളുമായി സൗഹൃദം പുലർത്തുമെന്ന് അവർ സ്വപ്നം കണ്ടു. എന്നാൽ നാളിതുവരെ തൊഴിലാളികളായി ജീവിച്ചുവന്നവരെ തങ്ങളുടെ ഇഷ്ട അടിമകളായി മാറ്റാൻ കണ്ണൻ ദേവൻ ഒരു തന്ത്രം പയറ്റി- തൊഴിലാളികളെ കമ്പനിയുടെ ഓഹരി പങ്കാളികളാക്കുക. ആധുനിക മുതലാളിത്തത്തിന്റെ അതേ തന്ത്രം. ഈ വിവരം തൊഴിലാളികളിൽ അങ്കലാപ്പും ആവേശവും ഉണ്ടാക്കി.
‘ഞങ്ങളെല്ലാം ഓഹരി പങ്കാളികളാകാം’ -2005- ൽ ഞാൻ ഏറ്റവും കൂടുതൽ കേട്ട വാചകം ഇതായിരുന്നു. അടിമകളെ സംബന്ധിച്ച് അതൊരു ഗൗരവ പട്ടമായാണ് തൊഴിലാളികൾ കണ്ടത്. കമ്പനിയുടെ ലാഭത്തിലും നഷ്ടത്തിലും തൊഴിലാളികൾ പങ്കാളികളാണ്, അതുകൊണ്ട് ലാഭവീതവും നഷ്ടവീതവും തൊഴിലാളികളും മുതലാളികളും ചേർന്ന് അനുഭവിക്കും എന്ന മട്ടിലായിരുന്നു എസ്റ്റേറ്റുകളിൽ പ്രചാരണം. എല്ലാ തൊഴിലാളികളും ആ കരാറിൽ ഒപ്പിട്ടു. എല്ലാ വർഷവും ഒരു തൊഴിലാളിക്ക് 1000 രൂപ വീതം കിട്ടും. അതായത് കണ്ണൻ ദേവൻ കമ്പനിയിൽ പണിയെടുക്കുന്ന 20,000 തൊഴിലാളികൾ കമ്പനിയുടെ പങ്കാളികളാണ്. ഒരു വർഷത്തിലുണ്ടാവുന്ന വരുമാനത്തിൽ അവർക്ക് പങ്കുവെച്ചു കൊടുക്കുന്ന പണമാണ് ഒരു ഷെയർ- 240 രൂപ. ഈ തുക ചെക്കായി കിട്ടും. ഇത് കൂട്ടിവച്ച് സർവീസ് തീരുമ്പോൾ വാങ്ങുന്നവരുമുണ്ട്. അല്ലെങ്കിൽ മക്കളുടെ അക്കൗണ്ടിലേക്കിടും. 2019-ൽ വിരമിച്ച അമ്മയ്ക്ക് 18,000 രൂപയോളമാണ് ഷെയർ തുകയായി ലഭിച്ചത്. അത് അമ്മയുടെ കയ്യിൽ നേരിട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മറിച്ച്, ചേട്ടന്റെ ഷെയറിലേക്ക് ചേർത്തുവിടാമെന്നാണ് പറയുന്നത്. പക്ഷേ അതിനുശേഷം ആർക്കും ഷെയറിന്റെ പണം ലഭിച്ചിട്ടില്ല. അതായത്, 15 വർഷത്തിലേറെ ഓഹരിയുടമയായിരുന്ന അമ്മയ്ക്കും അമ്മക്കുശേഷം നാലഞ്ചു കൊല്ലത്തിനകത്ത് വിരമിച്ചവർക്കും ഏതാണ്ട് സമാന തുകയാണ് ഷെയർ ആയി ലഭിച്ചത്. കമ്പനിയിൽ അന്വേഷിച്ചാൽ ഇതുസംബന്ധിച്ച് കൃത്യമായ മറുപടി കിട്ടാറില്ല.
ടാറ്റാ ടീയുടെ കാലത്ത് ലൈൻസുകൾ കൃത്യമായി അറ്റകുറ്റപ്പണി ചെയ്തിരുന്നു. കണ്ണൻദേവൻ എത്തിയശേഷം പണിക്കാരുടെ എണ്ണം കുറഞ്ഞു. ഓരോ ഡിവിഷനിൽ നിന്നും 50 തൊഴിലാളികളെങ്കിലും വി ആർ എസിൽ വിരമിച്ചതു കൊണ്ട് അവരുടെ ജോലിയും മറ്റു തൊഴിലാളികളിൽ അടിച്ചേൽപ്പിച്ചു.
ടാറ്റയുടെ കാലത്ത് ഒരു ഡിവിഷനിൽ 150-ലേറെ തൊഴിലാളി കുടുംബങ്ങളുണ്ടായിരുന്നു. ലൈൻസും പരിസരങ്ങളും വൃത്തിയാക്കാൻ എട്ടു പേരെങ്കിലും ഉണ്ടായിരുന്നു. കണ്ണൻ ദേവൻ വന്നശേഷം അതേ ഡിവിഷൻ വൃത്തിയാക്കാൻ നാല് തൊഴിലാളികൾ മാത്രം. മറ്റുള്ളവർ ഫീൽഡിൽ പണിയെടുത്താൽ മതി എന്നാണ് കമ്പനി പറഞ്ഞത്. ശുചിത്വ തൊഴിലാളികൾക്ക് ജോലിഭാരം അധികമാണ്. ഇതുപോലെ, മറ്റു തൊഴിലുകളിലും തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. 50 പേർ ചലിപ്പിച്ച ഫാക്ടറിയിൽ 30 പേർ പണിയെടുക്കേണ്ട അവസ്ഥയായി. തേയിലക്കാട്ടിൽ കൊളുന്ത് നുള്ളുന്ന തൊഴിലാളികളുടെ എണ്ണത്തിലും വലിയ മാറ്റമുണ്ടായി. കൈകൊണ്ട് നുള്ളുന്ന പരമ്പരാഗത രീതികൾക്ക് മാറ്റം വന്നു.
എഴുപതും എൺപതും പേർ ചെയ്തുകൊണ്ടിരുന്ന അതേ ജോലി ഇപ്പോൾ 40 തൊഴിലാളികളെ കൊണ്ടാണ് ചെയ്യിപ്പിക്കുന്നത്.
തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ മെഷീൻ വെട്ട് പരിചയപ്പെടുത്തി. കുറച്ച് ആൾക്കാരെ ആ ജോലി പരിശീലിപ്പിച്ചു. നാല് തൊഴിലാളികൾ ചെയ്യുന്ന പണിക്ക് ഒരു യന്ത്രം മതി എന്ന കണക്കുകൂട്ടലിയായിരുന്നു കമ്പനി. പക്ഷേ മനുഷ്യൻ ചെയ്യുന്നത്ര വൃത്തിയായി യന്ത്രം കൊണ്ട് ചെയ്യാനാകില്ല എന്ന് കമ്പനിക്കാർ തിരിച്ചറിഞ്ഞു. ആ മെഷീൻ പോലും മനുഷ്യന്റെ യുക്തി കൊണ്ടു മാത്രമേ ചലിക്കുകയുള്ളൂ എന്ന് അവർ തിരിച്ചറിഞ്ഞു. അതുകൊണ്ട് പരമ്പരാഗത രീതികളിൽ ചില വഴിമുറകൾ പിന്തുടരേണ്ടിവന്നു. എങ്കിലും കൈകൊണ്ട് പറിക്കുന്ന രീതി ഇല്ലാതായി. കത്തിരി കൊണ്ട് വെട്ടിയെടുക്കുന്ന രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. എഴുപതും എൺപതും പേർ ചെയ്തുകൊണ്ടിരുന്ന അതേ ജോലി ഇപ്പോൾ 40 തൊഴിലാളികളെ കൊണ്ടാണ് ചെയ്യിപ്പിക്കുന്നത്.
ഒരു തൊഴിലാളി ദിവസം 30 കിലോയെങ്കിലും വെട്ടണം എന്നത് നിർബന്ധമാണ്, സീസണിൽ ഇത് 50 കിലോയാകും. സീസണിൽ കേടുവരാതെ കൊളുന്തുകൾ കൃത്യമായി പറിച്ചെടുക്കാൻ കമ്പനിക്കാർ നിയോഗിച്ച ഏറ്റവും വലിയ തന്ത്രങ്ങളിലൊന്നാണ് ഇൻസെന്റീവ്. അതായത് നിശ്ചയിച്ച 40 കിലോയ്ക്കുമുകളിൽ വെട്ടിയാൽ ഒരു കിലോയ്ക്ക് ഒരു രൂപ വരെ ഇൻസെന്റീവ്. 100 കിലോ വെട്ടിയാലാണ് നേരത്തെ വെട്ടിയ 40 കിലോയിൽ നിന്ന് ഒരു കിലോയ്ക്ക് ഒരു രൂപ ലഭിക്കുക. 20 അല്ലെങ്കിൽ 24 ദിവസം കൊണ്ട് ഒരു തൊഴിലാളിക്ക് അധികമായി എത്ര കിലോ വെട്ടാൻ പറ്റുന്നു അത്രയും പൈസ ഇൻസെന്റീവ് ലഭിക്കും. ആ ഓഫർ തൊഴിലാളികൾ ആവേശമായി ഏറ്റെടുത്തു. തുടർച്ചയായി രണ്ടോ മൂന്നോ കൊല്ലങ്ങൾ വരെ അങ്ങനെ ജോലി ചെയ്ത ഭൂരിഭാഗം സ്ത്രീകൾക്കും എല്ലുമായി ബന്ധപ്പെട്ട അസുഖങ്ങൾ വന്നിട്ടുണ്ട്. പക്ഷേ 2005 മുതൽ അഞ്ചുകൊല്ലമെങ്കിലും ഈ രീതി എല്ലാ എസ്റ്റേറ്റുകളിലും തൊഴിലാളികൾ പിന്തുടർന്നു. അതായത് 20,000 തൊഴിലാളികൾ ചെയ്തിരുന്ന അതേ പണി 15,000 തൊഴിലാളികളെ കൊണ്ട് ചെയ്യിപ്പിച്ചു.
ശമ്പളത്തിൽ 1000 രൂപ കൂടുതൽ കിട്ടുന്നത് തൊഴിലാളികൾ വളരെ ആശ്വാസമായി കണ്ടു. അതുകൊണ്ട് യന്ത്രത്തെപ്പോലെ അവർ കൊളുന്തുകൾ വെട്ടാൻ വെട്ടാൻ തുടങ്ങി. ആർക്കോ ലാഭമുണ്ടാക്കാൻ സ്വന്തം ശരീരം നശിപ്പിച്ചു. മൂന്നാറിലെ തൊഴിലാളികളുടെ മറയ്ക്കപ്പെട്ട ചരിത്രത്തിൽ ഒന്നാണിത്. ജീവിക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ കമ്പനിക്കാരുടെ കൊത്തടിമയായി എന്നും അവർക്ക് ജോലി ചെയ്യേണ്ടിവരുന്നു. കമ്പനിക്കാർ തങ്ങളുടെ അധ്വാനം ചൂഷണം ചെയ്യുന്നു എന്നറിഞ്ഞിട്ടും മറ്റ് മാർഗ്ഗങ്ങളില്ലാത്തതുകൊണ്ട് അടിമ തൊഴിൽ മനസ്സില്ലാമനസ്സോടെ അവർ തുടരുന്നു. തൊഴിലാളികൾ അനുഭവിക്കുന്ന വേദനകൾ അമ്മയിൽനിന്നും അവരുടെ കൂട്ടുകാരികളിൽനിന്നും നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇൻസെന്റീവ് എന്ന ആകർഷണത്തിൽ മുങ്ങി ഓരോ സ്ത്രീതൊഴിലാളികളും എത്ര വേണമെങ്കിലും പണിയെടുക്കാൻ അന്ന് തയ്യാറായിരുന്നു. പക്ഷേ ശരീരം നശിച്ചുപോകുന്നത് അവരറിഞ്ഞില്ല. മാരകരോഗങ്ങൾ വന്നുതുടങ്ങിയപ്പോഴാണ് കമ്പനിക്കാരുടെ കുതന്ത്രങ്ങളിലൊന്നാണ് ഇൻസെന്റീവ് എന്ന് അവർ തിരിച്ചറിഞ്ഞത്. ഇതുവരെ അത് മനസ്സിലാക്കാത്ത തൊഴിലാളികളും എസ്റ്റേറ്റിൽ ജീവിക്കുന്നുണ്ട്.
തമിഴ്നാട്ടിൽ നിന്ന് ഇവിടെയെത്തി പൂർവികരായി തുടുരുന്ന തൊഴിലാളികളെ കമ്പനിക്കാർ പിഴിയുകയാണ് ചെയ്തത്. സർക്കാരിന്റെ കൃത്യമായ നിരീക്ഷണമില്ലാത്തതുകൊണ്ട് കമ്പനിക്കാർ രാജാക്കൻമാരെ പോലെയാണ് തൊഴിലാളികളെ ഭരിക്കുന്നത്. തൊഴിലാളി യൂണിയനുകൾക്ക് ചില കാര്യങ്ങളിൽ മാത്രമാണ് ഇടപെടാൻ കഴിയുക. മൂന്നാറിലെ തൊഴിലാളികൾക്ക് സ്വന്തമായി ഒരു സെൻറ് ഭൂമി പോലുമില്ല എന്ന് യാഥാർഥ്യം ചൂഷണം ചെയ്താണ് കമ്പനി അവരെ ഇത്ര ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്.
ടാറ്റയുടെ കാലത്ത് അസുഖം വന്നാലും ജോലിക്കിടെ അപകടമുണ്ടായാലും നഷ്ടപരിഹാരം നൽകിയിരുന്നു. പക്ഷേ കണ്ണൻ ദേവൻ അത്തരം നഷ്ടതുകകൾ നൽകാറില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്.
കണ്ണൻ ദേവൻ ഉടമസ്ഥാവകാശം ഏറ്റെടുത്തശേഷം ടാറ്റ പൂർണമായി മൂന്നാറിൽ നിന്ന് മാറിയിട്ടില്ല. ടാറ്റയും കണ്ണൻ ദേവനും ഉണ്ടാക്കിയ അവ്യക്തമായ ബോണ്ടിന്റെ കാര്യം തൊഴിലാളികൾക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല. പെരിയക്കനൽ, നല്ലതണ്ണി, ഐ.ടി.ഡി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളെ കൈവശപ്പെടുത്തി, 32 ലേറെ എസ്റ്റേറ്റകളെയാണ് ടാറ്റ കണ്ണൻദേവന് വിട്ടു നൽകിയത്. ഇതിൽ പള്ളിവാസലും നല്ലതണ്ണിയും കമ്പനിയുടെ കച്ചവട കേന്ദ്രങ്ങളാണ്, പ്രശസ്ത എസ്റ്റേറ്റുകളും കൂടിയാണ്.
ടാറ്റാ ടീ കമ്പനി തൊഴിലാളികൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ റദ്ദ് ചെയ്യുകയാണ് കണ്ണൻ ദേവൻ. ടാറ്റയുടെ കാലത്ത് അസുഖം വന്നാലും ജോലിക്കിടെ അപകടമുണ്ടായാലും നഷ്ടപരിഹാരം നൽകിയിരുന്നു. പക്ഷേ കണ്ണൻ ദേവൻ അത്തരം നഷ്ടതുകകൾ നൽകാറില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്. ലൈൻസിൽ ഒറ്റമുറി വീട്ടിൽ വലിയ മാറ്റമൊന്നും 20 വർഷത്തിനിടയിൽ ഉണ്ടായിട്ടില്ല. പക്ഷേ ടാറ്റയുടെ കാലത്ത് ലൈൻസുകളുടെയും റോഡുകളുടെയും മറ്റു കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി കൃത്യമായി നടത്തുമായിരുന്നു. ഇപ്പോൾ വിറക് തടിക്ക് പൈസ, വിറക് ശേഖരണത്തിന് നിയന്ത്രണം എന്നൊക്കെ പുതുതായി കേൾക്കുന്നു. ഇതൊന്നും ടാറ്റയുടെ കാലത്ത് കേട്ടിട്ടില്ലാത്തവയാണ്.
കമ്പനി കൈമാറിയപ്പോൾ തൊഴിലാളികൾ കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നു. ഇതിനേക്കാൾ നല്ലത് ടാറ്റയുടെ കാലമാണ് എന്ന് ഇന്നത്തെ തൊഴിലാളികളുടെ പറച്ചലിൽ നിന്ന് മനസിലാവുന്നു.
(തുടരും)