മൂന്നാർ തോട്ടംമേഖലയിലെ ആദ്യകാല പ്രമുഖ ട്രേഡ് യൂണിയൻ നേതാവും ഐ.എൻ.ടി.യു.സി. മുൻ ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന ആർ.കുപ്പുസ്വാമി

തൊഴിലാളിഐക്യത്തിലേക്കുണരുന്ന മൂന്നാർ

ഗർഭിണികൾക്ക് കഞ്ഞി കുടിക്കാനും പണിക്കുപോകുമ്പോൾ കുഞ്ഞുങ്ങളെ സംരക്ഷിക്കാനും തൊഴിലാളികൾക്ക് ആഴ്ചയിലൊരിക്കൽ അവധിക്കുവേണ്ടിയുമൊക്കെയാണ് മൂന്നാറിൽ തൊഴിലാളി സമരങ്ങൾ നടന്നതിരുന്നത്. യൂണിയനുകളുടെ വരവോടെ സമരങ്ങൾക്ക് സംഘടിതരൂപമുണ്ടായി, കമ്പനികൾക്ക് കീഴടങ്ങേണ്ടിവന്നു.

മലങ്കാട്- 30

മിഴ്നാട്ടിൽ വിക്രമപാണ്ഡ്യ പുരത്തുനിന്ന് കോയമ്പത്തൂരിലെ മിൽതൊഴിലാളികളെ സംഘടിപ്പിക്കുന്ന നേതാവായിരുന്നു കുപ്പുസാമി. പിന്നീടദ്ദേഹം മൂന്നാറിലെ തൊഴിലാളി വർഗ്ഗത്തിന്റെ ശബ്ദമായി. ഇന്ദിരാഗാന്ധിയുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടു. നൂറു കണക്കിന് സമരങ്ങളാണ് അദ്ദേഹവും സിറിൽ ഫ്രാൻസിസും കെ.എം. കുമാറും മുത്തുസാമിയും കൂടി നയിച്ചത്. കമ്പനിക്കെതിരായി തൊഴിലാളി സമൂഹത്തെ രാഷ്ട്രീയവൽക്കരിക്കുക എന്ന ഉത്തരവാദിത്വം അതിലൂടെ അവർ ഏറ്റെടുത്തു.

ക്വിറ്റിന്ത്യ മൂവ്മെന്റിന്റെ ഭാഗമായി ഉയർന്നുവന്ന ‘വെള്ളയനെ വെളിയേരു’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തമിഴ്നാട്ടിലും കേരളത്തിലും തൊഴിലാളികൾ തെരുവിലിറങ്ങി ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിനെതിരെ ശബ്ദിച്ചു തുടങ്ങിയത്. രാഷ്ട്രീയം കാണാത്ത ഭൂഖണ്ഡത്തിൽ സോഷ്യലിസത്തിന്റെ രാഷ്ട്രീയം പടുത്തുയർത്തിയത് കുപ്പുസാമിയായിരുന്നു. കുപ്പുസാമിയുടെ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (SIPW) സജീവമായി. മലകളും കുന്നുകളും തേയിലക്കാടുകളും കയറിയിറങ്ങി തൊഴിലാളികളെ വിമോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ പ്രവർത്തിച്ചിരുന്നത്.

ക്വിറ്റിന്ത്യ മൂവ്മെന്റിന്റെ ഭാഗമായി ഉയർന്നുവന്ന ‘വെള്ളയനെ വെളിയേരു’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തമിഴ്നാട്ടിലും കേരളത്തിലും തൊഴിലാളികൾ തെരുവിലിറങ്ങി ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിനെതിരെ ശബ്ദിച്ചു തുടങ്ങിയത്.

എന്റെ ബന്ധുവായ വേലാങ്കണി അദ്ദേഹത്തിന്റെ അനുയായിരുന്നു. SIPW യൂണിയൻ ഐ.എൻ.ടി.യു.സിയുടെ ഭാഗമായിരുന്നു. മൂന്നാറിലെ പ്രാദേശിക നേതാക്കൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ഐ.എൻ.ടി.യു.സിയിൽ നിന്ന് ആ യൂണിയൻ വേർതിരിഞ്ഞ് പ്രവർത്തിച്ചു. കുപ്പുസാമി മരിക്കുന്ന കാലം വരെ അത് തുടർന്നു. ഈ കാലത്ത് ഞാൻ ഡിഗ്രി വിദ്യാർഥിയാണ്. മൂന്നാറിൽ യാദൃച്ഛികമായി മാമന്റെ ഒപ്പം കണ്ട സമയത്താണ് ഞാൻ കുപ്പുസ്വാമിയെ പരിചയപ്പെട്ടത്. മൂന്നാറിൽ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ ചർച്ച തീപ്പാറുന്ന സമയം കൂടിയായിരുന്നു അത്.

മൂന്നാറിനെ രാഷ്ട്രീയമായി രൂപ​പ്പെടുത്തി​യെടുത്ത അനുഭവം അദ്ദേഹം അന്ന് പറഞ്ഞു: ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അദ്ദേഹം രാഷ്ട്രീയത്തെ അടുത്തറിയാൻ ശ്രമിക്കുന്നത്. കോൺഗ്രസിന്റെ സുവർണ കാലം കൂടിയാണത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ തെന്നിന്ത്യ തൊഴിലാളി യൂണിയൻ അതായത്, സൗത്തിന്ത്യൻ പാന്റേഷൻ വർക്കേഴ്സ് (SIPW) യൂണിയൻ രൂപീകരിക്കാൻ തീരുമാനിച്ചു. തൊഴിലാളികളെ, പ്രത്യേകിച്ച് തോട്ടം തൊഴിലാളികളെ, സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പോരാടാനും തീരുമാനിച്ച കാലം. കാമരാജും മറ്റു പ്രമുഖ നേതാക്കളും വിക്രമപാണ്ഡ്യപുരത്തുനിന്ന് മില്ലുകളുള്ള സ്ഥലങ്ങളിലേക്ക് രാഷ്ട്രീയപ്രവർത്തനത്തിന് പറഞ്ഞയച്ചവരിൽ പെട്ടയാളാണ് കുപ്പുസ്വാമി. കുപ്പുസ്വാമിക്കൊപ്പം പ്രവർത്തിച്ചിരുന്ന യുവ നേതാക്കളെയെല്ലാം തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലേക്കും ഫാക്ടറികളിലേക്കും യൂണിയനുകൾ കെട്ടിപ്പടുക്കാൻ അയച്ചിരുന്നു. കോയമ്പത്തൂരിൽ പ്രവർത്തിക്കുമ്പോഴാണ് മൂന്നാർ മേഖലയിൽ തൊഴിലാളി യൂണിയനുണ്ടാക്കാനുള്ള ചുമതല കുപ്പുസ്വാമിയെ ഏൽപ്പിച്ചത്. അങ്ങനെ മുത്തുസാമിക്കൊപ്പം കുപ്പുസ്വാമി മൂന്നാറിലെത്തി. കുപ്പുസ്വാമിയുടെ സമകാലികനായിരുന്ന മൂന്നാർ മണിയും ഈ ഓർമകൾ പങ്കിടുന്നുണ്ട്.

ആർ.എസ് മണി

ഒരുകാലത്ത് മൂന്നാറിൽ ഐ.എൻ.ടി.യു.സി മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. 12- 14 മണിക്കൂർ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറാക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് കുപ്പുസാമിയാണ്. അതിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സമരം നടന്നു. മൂന്നാർ മണിയും എന്റെ വല്യച്ഛനായ മന്നാരും ഈ കാര്യം ആവേശപൂർവ്വം പറയാറുണ്ട്.

ഗർഭിണികൾക്ക് കഞ്ഞി കുടിക്കാനുള്ള അവകാശത്തിനും അമ്മമാർക്ക് മുലപ്പാൽ കൊടുക്കാനുള്ള അവകാശത്തിനും വേണ്ടിയാണ് കുപ്പസാമിയുടെ നേതൃത്വത്തിൽ പുള്ളക്കഞ്ചി സമരം നടന്നത്.

കൂടാതെ, കങ്കാണിമാരുടെ അസോസിയേഷൻ രൂപീകരിക്കാനും കുപ്പുസ്വാമി മുൻകൈയെടുത്തു. വിദ്യാസമ്പന്നനായിരുന്നതിനാൽ കമ്പനിയുടെ അടക്കുമുറ ചട്ടങ്ങൾക്കെതിരായി ആഞ്ഞടിക്കാൻ അദ്ദേഹത്തിനുകഴിഞ്ഞു. അദ്ദേഹം കമ്പനിക്കെതിരായി പയറ്റിയ ഒരു തന്ത്രവും പാളിയിട്ടില്ല എന്നാണ് അക്കാലത്തെ രാഷ്ട്രീയം നിരീക്ഷിച്ചവർ ഓർത്തെടുക്കുന്നത്.

തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ സമരങ്ങൾ. തൊഴിലാളികൾക്ക് സൗജന്യമായി കാട്ടുകമ്പിളി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഒരു സമരം. കമ്പനിക്കാർക്ക് അത് അംഗീകരിക്കേണ്ടി വന്നു. പിന്നീട് പുള്ളക്കഞ്ചി സമരമായിരുന്നു. എസ്റ്റേറ്റുകളിലെ പുൽക്കുടിലുകളായിരുന്നു തൊഴിലാളികളുടെ കുഞ്ഞുങ്ങൾ ഉറങ്ങിയിരുന്നത്. ഓരോ ഫീൽഡിലുമുണ്ടായിരുന്ന ഇത്തരം കുടിലുകളിൽ കുഞ്ഞുങ്ങളെ കിടത്തിയാണ് സ്ത്രീകൾ കൊളുന്തു പറിക്കാൻ കിലോമീറ്ററുകളോളം താഴ്ചയുള്ള സ്ഥലങ്ങളിലേക്ക് പോയിരുന്നത്. കുഞ്ഞുങ്ങൾ പാലു കിട്ടാതെയും അട്ട കടിച്ചും മരിച്ചുപോയ നിരവധി സംഭവങ്ങളുണ്ടായി. താഴെനിന്ന് മുകളിലെത്തി കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുക എളുപ്പമായിരുന്നില്ല. തേയിലക്കാടുകളുടെ ഘടന അങ്ങനെയാണ്. കുഞ്ഞുങ്ങളുടെ ഈ മരണങ്ങളെല്ലാം മറയ്ക്കപ്പെട്ട ചരിത്രം കൂടിയാണ്.

മന്നാർ, പ്രഭാഹരൻ കെ. മൂന്നാറിൻറെ വല്ല്യച്ചൻ

ഗർഭിണികൾക്ക് കഞ്ഞി കുടിക്കാനുള്ള അവകാശത്തിനും അമ്മമാർക്ക് മുലപ്പാൽ കൊടുക്കാനുള്ള അവകാശത്തിനും വേണ്ടിയാണ് കുപ്പസാമിയുടെ നേതൃത്വത്തിൽ പുള്ളക്കഞ്ചി സമരം നടന്നത്. ഷെഡുകൾക്ക് തൊട്ടടുത്ത് ഗർഭിണികളെയും അല്ലെങ്കിൽ പ്രസവിച്ച സ്ത്രീകളെയും പണിക്കിരുത്തണം എന്നായിരുന്നു ആവശ്യം. അത് നടപ്പിലായാൽ ഗർഭിണികൾക്ക് അധികം ബുദ്ധിമുട്ടുണ്ടാവില്ല. പ്രസവിച്ച സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ നോക്കാം, പാലു കൊടുക്കുകയും ചെയ്യാം. ഷെഡ്ഡുകളിൽ കുഞ്ഞുങ്ങളെ നോക്കാൻ പറ്റാത്തതിനാൽ അതിനായി പ്രത്യേകമായി ഒരാളെ ഏർപ്പെടുത്തണമെന്നും ക്രച്ചർ പണിതുകൊടുക്കണം എന്നും തൊഴിലാളികൾ ആവശ്യ​പ്പെട്ടു. ഒരുപാട് പോരാട്ടങ്ങൾക്കുശേഷം കമ്പനി ഈ സൗകര്യങ്ങൾ എല്ലാ എസ്റ്റേറ്റിലും ഒരു പരിധിവരെ നടപ്പിലാക്കി. പെരട്ടുകളം എന്ന സ്ഥലത്ത് തൊഴിലാളികളുടെ കുഞ്ഞുങ്ങളെ നോക്കാൻ കമ്പനിക്കാർ ഒരാളെ ചുമതലപ്പെടുത്തി.

എന്റെ മുത്തശ്ശി അന്നത്തെ ഗർഭിണികളെ കുറിച്ച് പറയാറുണ്ട്. ഗർഭിണികളും കൈക്കുഞ്ഞുള്ളവരുമെല്ലാം ഒരേപോലെ പണിയെടുക്കാൻ നിർബന്ധിതരായിരുന്നു. നിരവധി സമരങ്ങളിലൂടെ റോസമ്മയും കുപ്പുസാമിയും മൂന്നാറിലെ തൊഴിലാളികളുടെ ജീവിതം തിരുത്തി എഴുതി. ഞായറാഴ്ച അവധി വേണം എന്ന ആവശ്യത്തിന് ബ്രിട്ടീഷുകാർ വഴങ്ങിയില്ല. ഉത്സവ ദിവസങ്ങളിൽ ശമ്പളത്തോടു കൂടിയ ലീവ് വേണമെന്ന ആവശ്യവും തൊഴിലാളികൾ ഉയർത്തുകയും അതിനു വേണ്ടി പോരാടുകയും ചെയ്തു. അതിന് കമ്പനിക്കാർക്ക് വഴങ്ങണ്ടിവന്നു. ഭാഗികമായി ചില അവകാശങ്ങൾ അംഗീകരിച്ചു കൊടുത്തു. ആടി എന്നറിയപ്പെടുന്ന കർക്കടക ദിവസവും ദീപാവലിക്കും ലീവ് കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ആദ്യമായി തൊഴിലാളികൾ ഉത്സവദിവസങ്ങളിൽ കുടുംബത്തോടൊപ്പം വിശ്രമിച്ചുതുടങ്ങിയത്. ആ ദിവസങ്ങളിൽ മാടിനെയും കോഴിയെയും കറി വച്ചുതിന്നാണ് ചെലവഴിച്ചിരുന്നതെന്ന് മുത്തശ്ശൻ പറയാറുണ്ട്.
തൊഴിലാളി സമര ചരിത്രത്തിലെ പ്രധാന കാൽവെപ്പുകളായിരുന്നു ഇതെല്ലാം.

തൊഴിലാളികൾക്ക് മൂന്നാർ കാണാനുള്ള സാധ്യത വളരെ കുറവായിരുന്നു. കാരണം ചിറ്റിവരയിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ് മൂന്നാർ. ഗുണ്ടലവേലി വരെ നടന്ന കഥകൾ മുത്തപ്പനും മുത്തമ്മയും പറയാറുണ്ട്. മാത്രമല്ല, മൂന്നാർ എന്നത് അവരുടെ സ്വപ്നത്തിൽ പോലും ഇല്ലാത്ത സ്ഥലമായിരുന്നു.

ബീഫ് മസാല അകത്തുവച്ച റാഗിയോ കൊഴുക്കട്ടയോ ആയിരുന്നു ആദ്യകാലത്ത് തങ്ങളുടെ പ്രിയ ഭക്ഷണമെന്ന് വല്യച്ഛനും വല്യമ്മയും ഓർക്കുന്നു. ചന്തക്കടകൾ വന്നുതുടങ്ങിയതോടെ തൊഴിലാളികൾ ഓട്ടക്കാലണ എന്നറിയപ്പെടുന്ന തുളയുള്ള നാണയങ്ങളാണ് ചന്തയിലേക്ക് കൊണ്ടുപോയിരുന്നത്. ചിറ്റിവര, ചെണ്ടുവര, എല്ലപ്പെട്ടി, ഗുണ്ടല എന്നിവിടങ്ങളിൽനിന്ന് ഗുണ്ടല ഡാമിനടുത്തുണ്ടായിരുന്ന നൂറടി ചന്തയിലേക്ക് ഞായറാഴ്ചകളിൽ തൊഴിലാളികൾ ഒഴുകിയെത്തും. മൂന്നാർ വികസിച്ചുതുടങ്ങിയതോടെ പങ്കജം ട്രാവൽസ് എന്ന കമ്പനിയുടെ ബസ് സർവീസ് മൂന്നാർ മുതൽ ടോപ്പ് സ്റ്റേഷൻ വരെ ഓടിത്തുടങ്ങി. മൂന്നാർ- ഉടുമലപ്പേട്ട റൂട്ടിൽ വേലുച്ചാമി നാടാർ ട്രാവൽസും സി.വി.എൻ.എം.എസ് ബസ് സർവീസും മൂന്നാർ ബോഡിമെട്ട് ഭാഗത്ത് കിംഗ് മോട്ടോഴ്സ് ബസ് സർവീസും അന്ന് പ്രശസ്തമായിരുന്നു. പിന്നീട് എം.എം.പി.ടി ട്രാവൽസ്, സുരാജ് ട്രാൻസ്പോർട്ട്, ദേശപ്പന്ത് ട്രാൻസ്പോർട്ട് തുടങ്ങിയ കമ്പനികളും സർവീസ് നടത്തി. അങ്ങനെ മൂന്നാറിലെ തൊഴിലാളികൾ ഒരു എസ്റ്റേറ്റിൽ നിന്ന് മറ്റൊരു എസ്റ്റേറ്റിലേക്ക് യാത്ര ചെയ്യാൻ തുടങ്ങി. എങ്കിലും ഹൈറേഞ്ചായതുകൊണ്ട് പരിമിത സാഹചര്യത്തിലായിരുന്നു ഈ സർവീസുകളെല്ലാം. റോഡുകൾ വേണ്ടത്ര ഇല്ലാതിരുന്നതിനാൽ മൂന്നാർ ടൗണിൽ നിന്ന് ഉടുമലപ്പേട്ട വരെ ചെല്ലുന്ന ബസ് ആദ്യകാലത്ത് ഒരു ദിവസം വരെ ഓടിയെത്താനെടുത്തിരുന്നു എന്ന് തൊഴിലാളികൾ പറയുന്നു. നടന്നാൽ ബസിനേക്കാൾ വേഗത്തിൽ തൊട്ടടുത്ത ടൗണിലെത്തും.

കമ്പനിക്കാരെ ആദ്യ കാലങ്ങളിൽ സഹായിച്ചിരുന്ന കച്ചവട പ്രമുഖൻ സുപ്പൻ ചെട്ടി, പങ്കജം കമ്പനി ഉടമ

1950- നുശേഷമാണ് സൈറസ്, ജോർജ്, പ്രാച്ചർ, കുട്ടി പ്രാച്ചർ തുടങ്ങിയ സഹോദരങ്ങൾ നാഗർകോവിലിൽനിന്ന് മൂന്നാറിലെത്തി ടാക്സി- ബസ് സർവീസുകൾ തുടങ്ങുന്നത്. അന്ന് വളരെ ചുരുക്കം പേരാണ് ടാക്സി ഉപയോഗിക്കാറ്. ഇംഗ്ലണ്ടിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ചെറിയ ജീപ്പുകളായിരുന്നു സായിപ്പന്മാർ അധികവും ഉപയോഗിച്ചിരുന്നത്. പിന്നീട് തേയിലക്കാട്ടിൽ മോട്ടോർ വാഹനങ്ങളെത്തി. 1969- ൽ ബ്രിട്ടീഷുകാർ മൂന്നാർ വിടുന്നതുവരെ കുതിരവണ്ടികളും കാറുകളും ജീപ്പുകളും ഉപയോഗിച്ചായിരുന്നു യാത്ര. തൊഴിലാളികൾ വാനുകളിലും.

തവസിയപ്പൻ കടലാറിലും, ചെല്ലയ്യ ഗുണ്ടുമലയിലും, സുന്ദരേശൻ രാജമലയിലും പെയിൽ ഗുണ്ടുമലയിലും നീലകണ്ഠപ്പിള്ള മാട്ടുപ്പെട്ടിയിലും സർവീസ് നടത്തി. മാട്ടുപ്പെട്ടി കഴിഞ്ഞാൽ പിന്നീട് വാൻ സർവീസ് വളരെ കുറവായിരുന്നു. ആദ്യകാലത്ത് ചിറ്റിവര, ചെണ്ടുവര, എല്ലപ്പെട്ടി, ഗുണ്ടല, അരുവിക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാനും ജീപ്പും ഇല്ലായിരുന്നു. 1950-ൽ പങ്കജം ബസ് മാത്രമായിരുന്നു തൊഴിലാളികളുടെ യാത്രാമാർഗ്ഗം. ഇക്കാര്യത്തിൽ ഇപ്പോഴും വലിയ പുരോഗതിയുണ്ടായിട്ടില്ല. തമിഴ്നാടിന്റെ അതിർത്തിയോടുചേർന്ന ഈ ഭാഗങ്ങളിലേക്ക് വണ്ടിയെത്താൻ പ്രയാസമായതുകൊണ്ട് കമ്പനിക്കാർ തന്നെ മുൻകൈയെടുത്ത് അഴകപ്പൻ ചെട്ടിയാരുടെ നേതൃത്വത്തിൽ പങ്കജം സർവീസ് തുടങ്ങിയതായി മൂന്നാർ മണി പറയാറുണ്ട്. മാത്രമല്ല, മൂന്നാറിൽ ആദ്യകാലത്ത് പങ്കജം തിയേറ്റർ ഉണ്ടായിരുന്നു. അഴകപ്പൻ ചെട്ടിയാരുമായി കമ്പനിക്കുണ്ടായിരുന്ന ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത്.

പങ്കജം തിയേറ്റർ

എന്റെ വല്യച്ചനും വല്യമ്മയും മൂന്നാറിലേക്ക് ബസ് യാത്ര ചെയ്തിരുന്ന ആദ്യ കാലങ്ങളെക്കുറിച്ച് ഇപ്പോഴും ഓർക്കാറുണ്ട്. ‘അതുക്കു മുന്നാലെ മൂന്നാരെ പാത്തതേയില്ല’ എന്നാണ് മാട്ടുപ്പെട്ടി മുതൽ ചിട്ടിവര എസ്റ്റേറ്റ് വരെ ജീവിച്ചിരുന്ന തൊഴിലാളികൾ പറയാറ്. അവരുടെ ആദ്യ തലമുറക്കാരും രണ്ടാം തലമുറക്കാരും അങ്ങനെത്തന്നെയാണ് ജീവിച്ചത്. അതിനുമുമ്പ്, തൊഴിലാളികൾക്ക് മൂന്നാർ കാണാനുള്ള സാധ്യത വളരെ കുറവായിരുന്നു. കാരണം ചിറ്റിവരയിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ് മൂന്നാർ. ഗുണ്ടലവേലി വരെ നടന്ന കഥകൾ മുത്തപ്പനും മുത്തമ്മയും പറയാറുണ്ട്. മാത്രമല്ല, മൂന്നാർ എന്നത് അവരുടെ സ്വപ്നത്തിൽ പോലും ഇല്ലാത്ത സ്ഥലമായിരുന്നു.

പരിമിതികളിൽനിന്ന് പരിമിതികളിലേക്കു ചുരുങ്ങിയ ആ കാലം ഓരോ തൊഴിലാളിയുടെയും ഒടുങ്ങാത്ത ഓർമകളാണിന്നും. ബസ് ഓടിത്തുടങ്ങിയതോടെ 1950- നുശേഷമാണ്, അതായത് കുരങ്ങിണി മലയിലെത്തി ജീവിതം തുടങ്ങി 60 വർഷങ്ങൾക്കു ശേഷമാണ്, മൂന്നാർ എന്ന നഗരം അവർ ഒരു നോക്കു കാണുന്നത്. മൂന്നാറിനെ കുറിച്ചുള്ള കഥകൾ കേട്ടിട്ടുണ്ടെങ്കിലും 1924- ലുണ്ടായ മഹാപ്രളയത്തിൽ മൂന്നാർ മാഞ്ഞുപോയി എന്നത്, ആരോ പറഞ്ഞുകേട്ട കഥ മാത്രമാണ് അവർക്ക്.

(തുടരും)

Comments