പി. കുഞ്ഞിരാമൻ നായർ / Photo: Keralaculture.org

പി. കുഞ്ഞിരാമൻ നായർ ചോദിച്ചു; ഡോ സഖാവേ,
​പൈസെണ്ടോ തന്റെ കയ്യില്, ഒരു നൂറു റുപ്യ?'

വെയിൽക്കാലങ്ങൾ- 22

വേനൽക്കാല തിരുവനന്തപുരത്തിന്റെ ആ രാത്രിയിൽ, സത്രത്തിനു മുന്നിൽ അദ്ദേഹത്തെ ഇറക്കി വിട്ടു തിരികെ പോരുമ്പോൾ എന്തിനോ, മനസ്സിലേക്ക് നൊമ്പരത്തിന്റെ നിലാവ് ഊറി വീണുകൊണ്ടിരുന്നു, കാറിന്റെ ജനാലയിലൂടെ

വെയിലിന്റെ മക്കൾ തന്നെയാണ് മഴകൾ. അല്ലേ?

ഞങ്ങളുടെ വെയിൽ- കാലങ്ങൾ അവയുടെ ചൂടുകൊണ്ട് ഞങ്ങളെ പൊള്ളിച്ചുവെങ്കിലും അവയുടെ വെളിച്ചത്തിന് ജീവനുണ്ടായിരുന്നു.
അതൊരു വലിയ വ്യത്യാസമാണ്. യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രധാന കെട്ടിടങ്ങൾക്ക്​ രാമനാഥൻ തെക്കുഭാഗത്ത് ഒരു നിര ക്ലാസുമുറികൾ പണിഞ്ഞു, ജനാധിപത്യ ഭരണകാലത്ത്. ഞാൻ ആ കോളേജിൽ ഒന്നാം വർഷം ഡിഗ്രിക്ക് ചേർന്നപ്പോൾ ചില മലയാളം (സെക്കൻഡ് ലാംഗ്വേജ്) ക്ലാസുകൾ ആ "പുതിയ' ക്ലാസുമുറികളിൽ നടന്നിരുന്നു. നബീസാ ഉമ്മാൾ ടീച്ചർ ആ മുറികളിലൊന്നായിരുന്നു എപ്പോഴും തെരഞ്ഞെടുത്തിരുന്നത്. ആ മുറികളെ കൂട്ടമായി യൂണിവേഴ്‌സിറ്റി കോളേജിലെ നല്ലവരായ വിദ്യാർത്ഥികൾ (വൈൽഡ് ബോയ്‌സും എസ്.എഫ്.ഐക്കാരും ഒന്നുമല്ല) ‘ബഹുമാനപുരസ്സരം' വിളിച്ചിരുന്നത് "കാലിത്തൊഴുത്ത്' (കൗ ഷെഡ്) എന്നായിരുന്നു. ആ ക്ലാസുമുറികൾ യാതൊരു വിധത്തിലും കാലിത്തൊഴുത്തിനു സമാനമായിരുന്നില്ല. അവയ്ക്ക് ആ പേര് വീഴാൻ കാരണം അറിയാവുന്നവർ ഉണ്ടോ ആവോ. ആത്മനിന്ദയുടെ ഏറ്റവും അധമമായ അഴുക്കുചാലിൽ മരുവിയ ഒരു തലമുറയായിരിക്കണം ആ ക്ലാസുമുറികൾക്ക് അങ്ങനെയൊരു പേര് നൽകിയത്. ഇപ്പോൾ ആ ക്ലാസുമുറികളിൽ പഠനം നടക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. നബീസ ഉമ്മാൾ ടീച്ചറുടെ ക്ലാസ്സുകളിൽ നിന്ന് ഞാൻ അന്ന് പഠിച്ച ഒരു വാക്കാണ് "ഉഡ്ഡയനം'. ട്രാൻസെൻഡൻസ് എന്നതിന്റെ "മലയാളം' ആണ് അതെന്നു ആദ്യം അറിഞ്ഞത് ആ നല്ല ടീച്ചറിൽ നിന്നാണ്. അവർ പക്ഷെ, അധികകാലം ഞങ്ങളുടെ കോളേജിൽ പഠിപ്പിച്ചില്ല. വിമൻസ് കോളേജിലേക്ക് മാറ്റമായി പോയി. എന്നിട്ടും ടീച്ചർ എന്നെ മറന്നില്ല. എവിടെ വച്ച് കണ്ടാലും പേരുവിളിച്ച് വിവരങ്ങളന്വേഷിച്ചിരുന്നു. പേര് ചിലപ്പോൾ "ജയചന്ദ്രൻ' എന്നതിനുപകരം "വിനയചന്ദ്രൻ' ആയിപ്പോകുമായിരുന്നു എന്നേയുള്ളു.

പ്രൊഫസർ എ. നബീസ ഉമ്മാൾ / Photo: സദ്‌റുദ്ദീൻ വാഴക്കാട്‌
പ്രൊഫസർ എ. നബീസ ഉമ്മാൾ / Photo: സദ്‌റുദ്ദീൻ വാഴക്കാട്‌

കഴിഞ്ഞ അധ്യായത്തിലെ ‘വൈൽഡ് ബോയ്‌സ്’ പുരാവൃത്തം വായിച്ച് അതിശയം കൊണ്ടവർ അനേകം. കൂടുതൽ പേരുടെയും അതിശയത്തിനു കാരണം സാത്വികനും കർണാടക- ഹിന്ദുസ്ഥാനി സംഗീതമേഖലകളിൽ അപാര ജ്ഞാനിയും ആയ രവികുമാർ എന്ന സൗമ്യന്, മൃദുവചസ്സിന്, ‘എം.ഡി. രാമനാഥൻ' രചിച്ചയാൾക്ക് എങ്ങനെ ‘വൈൽഡ് ബോയ്’ ആവാൻ കഴിയും... അത് കണ്ടു തന്നെ അറിയണമായിരുന്നു. രവിയും കൂട്ടുകാരും അന്നുയർത്തിയ കലാപത്തിന്റെ സംഗരകാഹളം ഇന്നും രവിയുടെ ഉള്ളിന്റെയുള്ളിൽ തുടിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കാറ്റത്തെ ഇല പോലെ, അല്ലെങ്കിൽ തൂവൽ പോലെ പറന്നു നടന്ന മഹാകവി പി. കുഞ്ഞിരാമൻ നായർ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ സാക്ഷാൽ ശ്രീപദ്മനാഭന്റെ മണ്ണിലാണ് ചെലവഴിച്ചത്.

മേഘരൂപനെ കണ്ട കാലം. അതാണ് ഞാൻ പറയാൻ വന്നത്.
വർഷം 1974-'75. കോളേജ് ഡേയുടെ സമയം അടുത്തുവരുന്നു.
ഒരു പ്രധാന പ്രാസംഗികനെ കിട്ടിയിട്ടില്ല. ആയിടയ്ക്ക് വിഷ്ണുനാരായണൻ നമ്പൂതിരി മാസ്റ്ററുടെ ‘അപരാജിത’യിൽ പോയപ്പോൾ പി. കുഞ്ഞിരാമൻ നായരുടെ അപദാനങ്ങൾ ധാരാളം കേട്ടു. അതിൽ എനിക്ക് ഏറ്റവും ‘ത്രില്ലിംഗ്' ആയി തോന്നിയ സംഭവം പി. ദേശീയ സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കാൻ ഡൽഹിയിൽ എത്തിയപ്പോൾ അന്നത്തെ റെയിൽവേ മന്ത്രി ആയിരുന്ന കമലാപതി ത്രിപാഠിയുമായി സംസ്‌കൃതത്തിൽ സംഭാഷണം നടത്തിയതാണ്. കമലാപതി ത്രിപാഠി നൈസർഗ്ഗിക നന്മയുള്ള ഒരു കോൺഗ്രസ്സുകാരനായിരുന്നു. അദ്ദേഹം സംഭാഷണമദ്ധ്യേ പി. യോട് ചോദിച്ചു; ""എന്താണ് അങ്ങയുടെ ഏറ്റവും വലിയ ആഗ്രഹം? മോഹം?''
​വികാരഭരിതനായി പി. ഇങ്ങനെ പറഞ്ഞത്രേ, "ഭാരതം മുഴുവൻ ചുറ്റി എല്ലാ പുണ്യസ്ഥാനങ്ങളും കണ്ട് വരണം. അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.'

കമലാപതി ത്രിപാഠി റെയിൽവേ മന്ത്രി എന്ന നിലയ്ക്ക് പി. കുഞ്ഞിരാമൻ നായർക്ക് വേണ്ടി ഒരു കല്പന പുറപ്പെടുവിച്ചു. അതിന്റെ രത്‌നച്ചുരുക്കം ഇതായിരുന്നു:""ഈ കത്തുമായി വരുന്നയാൾ മഹാകവി പി. കുഞ്ഞിരാമൻ നായർ എന്ന വ്യക്തിയാകുന്നു. ഇദ്ദേഹം ഇന്ത്യൻ റെയിൽവേയുടെ വിശിഷ്ടാതിഥി ആണ്. ഇദ്ദേഹം വന്നിറങ്ങുന്ന സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ഔദ്യോഗിക ചുമതല, ഇദ്ദേഹത്തെ ഒരു വിശിഷ്ടാതിഥിയായി സ്വീകരിച്ച് അദ്ദേഹത്തിന്റെ തുടർന്നുള്ള യാത്രയ്ക്ക് ഏറ്റവും നല്ല സൗകര്യങ്ങൾ അവിടെ നിന്ന് പുറപ്പെടുന്നതോ ആ വഴി കടന്നു പോകുന്നതോ ആയ ട്രെയിനിൽ ചെയ്തു കൊടുത്ത് ഇദ്ദേഹത്തെ യാത്രയാക്കുക എന്നതാണ്. ഇത് ഇന്ത്യൻ റെയിൽവേ മന്ത്രി കമലാപതി ത്രിപാഠി പുറപ്പെടുവിക്കുന്ന ഉത്തരവ്.'’

കമലാപതി ത്രിപാഠി
കമലാപതി ത്രിപാഠി

ആ കൂടിക്കാഴ്ചയ്ക്കു ശേഷം പി. ചില പുണ്യസ്ഥലങ്ങളെല്ലാം സന്ദർശിച്ചതായി കേട്ടിട്ടുണ്ട്. അതേസമയം ആ കല്പനയടങ്ങിയ പി.യുടെ ബാഗ് ഒരു യാത്രയ്ക്കിടയിൽ നഷ്ടപ്പെടുകയും അങ്ങനെ ത്രിപാഠി ജിയുടെ ആശിസ്സുകളോടെ തുടങ്ങിയ ഭാരതപര്യടനം പൂർത്തിയാക്കാനാവാതെ പി.യ്ക്ക് നാട്ടിലേക്ക് മടങ്ങിയെത്തേണ്ടി വന്നു എന്നും ഒരു ഭാഗം കൂടിയുണ്ട് ആ കഥയ്ക്ക് എന്ന് ഈ അടുത്ത കാലത്താണ് ഞാൻ അറിഞ്ഞത്. അതിൽ എനിക്ക് അതിശയം തോന്നിയതേയില്ല. ബാഗ് മാത്രമേ നഷ്ടപ്പെട്ടുള്ളുവല്ലോ എന്ന കാര്യമായിരുന്നു അതിശയം.

ആ "മഹാൻ' അത്രയും പറഞ്ഞു തീർത്തപ്പോൾ സദസ്സ് നിശ്ചലമായിരുന്നു.
അയാൾ പ്രതീക്ഷിച്ച പോലെ ഒരു കുഞ്ഞു പോലും അയാളുടെ വാക്കുകൾക്ക് കയ്യടിച്ചില്ല. പി. യെ ആ വാക്കുകൾ ചൊടിപ്പിച്ചിരിക്കണം

അങ്ങനെ കാറ്റത്തെ ഇല പോലെ, അല്ലെങ്കിൽ തൂവൽ പോലെ പറന്നു നടന്ന മഹാകവി പി. കുഞ്ഞിരാമൻ നായർ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ സാക്ഷാൽ ശ്രീപദ്മനാഭന്റെ മണ്ണിലാണ് ചെലവഴിച്ചത്.
സായാഹ്നസൂര്യന്റെ പതിഞ്ഞാട്ടം ആ ഇടറാത്ത കാൽവയ്പുകളുടെ ഗതിവേഗം മാത്രമേ കുറച്ചുള്ളു. നിവർന്നു തന്നെയായിരുന്നു അന്നും നടത്തം. പണ്ടത്തെ ആര്യഭവൻ ഹോട്ടലിനോടുചേർന്നുള്ള സി. പി. സത്രത്തിലായിരുന്നു (ഇപ്പോഴത്തെ "യാത്രി നിവാസ്') താമസം. പി. തിരുവനന്തപുരത്ത് സത്രത്തിൽ താമസിക്കുന്നുണ്ടെന്നറിഞ്ഞത് വിഷ്ണുനാരായണൻനമ്പൂതിരി മാസ്റ്റർ പറഞ്ഞാണ്. ‘കവിയുടെ കാൽപ്പാടുകൾ' എന്ന കവിതാമയമായ ആത്മകഥ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുന്ന സമയം. ഇന്നത്തെപ്പോലെ "പുസ്തകപ്രകാശനം' എന്നത് ഒരു പബ്ലിക് റിലേഷൻ വ്യായാമമായി മാറിയിരുന്നില്ല അന്ന്; (1974-'75 കാലം).

വിഷ്ണുനാരായണൻ നമ്പൂതിരി
വിഷ്ണുനാരായണൻ നമ്പൂതിരി

മുൻപ് ഈ ഓർമക്കുറിപ്പുകളിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്; അക്കാലത്ത് തിരുവനന്തപുരത്ത് ചടങ്ങുകൾ നടത്താൻ അധികം ഹാളുകൾ ഒന്നും ഇല്ലായിരുന്നു. പി. എൻ. പണിക്കരുടെ നേതൃത്വത്തിൽ നടന്നിരുന്ന ഗ്രന്ഥശാലാസംഘം വക ഹാൾ ധാരാളമായി ഉപയോഗിച്ചിരുന്നു.‘കവിയുടെ കാൽപ്പാടുകൾ' പ്രകാശനവും അവിടെത്തന്നെ ആയിരുന്നു. ആ ചടങ്ങിൽ എൻ. വി. കൃഷ്ണവാര്യർ മുതൽ കരൂർ ശശി വരെയുള്ളവർ പങ്കെടുത്തു. എനിക്ക് ആ ചടങ്ങ് പ്രത്യേകം സ്മരണീയമാണ്. പി.യുടെ"കളിയച്ഛൻ' കവിതയിലെ കുറെ വരികൾ ചൊല്ലാൻ വിഷ്ണുനാരായണൻ നമ്പൂതിരി മാഷ് എന്നെയാണ് ഏൽപ്പിച്ചത്. പി.യുടെ പുസ്തകം അതിനു മുൻപ് ഒരു പ്രശസ്ത വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നതാണെങ്കിലും തല മുതിർന്നവർ പലരും ആ രൂപത്തിൽ ‘കവിയുടെ കാൽപ്പാടുകൾ’ വായിച്ചിരുന്നില്ല. അതിനാൽ പലരും ഒഴുക്കൻ മട്ടിൽ കവിയെ പുകഴ്ത്തി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഖണ്ഡശഃ വായിച്ച് "അന്തം വിട്ട' ഒരു മഹാ ഹാസസാഹിത്യകാരൻ ആ വേദിയിലുണ്ടായിരുന്നു. നഗരത്തിലെ ഒരു സ്ഥാപനത്തിൽ മാതൃഭാഷാവിഭാഗത്തിന്റെ അദ്ധ്യക്ഷനും കൂടി ആയിരുന്നു ആ ദേഹം. അദ്ദേഹം കവിയെ അനുമോദിച്ച് പ്രസംഗിച്ചപ്പോൾ പറഞ്ഞത് ഏതാണ്ട് ഇപ്രകാരമാണ്: ഈ പി. കുഞ്ഞിരാമൻ നായർ ഒരു വല്ലാത്ത മനുഷ്യൻ തന്നെ. ഇയാൾ ഏതോ ഒരു സ്ത്രീക്ക് വിവാഹവാഗ്ദാനം നൽകിയിട്ട് അവളെ കല്യാണം കഴിക്കാമെന്ന് ഏറ്റ ദിവസം വേറൊരുത്തിയുടെ വീട്ടിൽ അന്തിയുറങ്ങി. അത് പോട്ടെ. ഒരു മാസമോ ഒന്നര മാസമോ മറ്റോ കഴിഞ്ഞ് ഇയാൾ ആദ്യം വിവാഹവാഗ്ദാനം നൽകി എന്ന് ഞാൻ പറഞ്ഞില്ലേ, അവരുടെ വീട്ടിലേക്ക് യാതൊരു നാണവുമില്ലാതെ കൂട് കൂട്ടാൻ ചെന്ന് കയറിയിരിക്കുന്നു! ഇയാൾ എന്ത് മനുഷ്യനാണ്!

സാമൂഹികനീതിയുടെയും സ്ത്രീവിരുദ്ധതയുടെയും അളവുകോൽ വച്ച് പി. ചെയ്തത് വിമർശിക്കപ്പെടേണ്ടതുതന്നെ. പക്ഷെ ഈ വിമർശനം നടത്തിയ "ഹാസ'സാഹിത്യകാരനാവട്ടെ, തന്റെ ഡിപ്പാർട്ട്‌മെന്റിൽ ബിരുദാനന്തരബിരുദ ക്‌ളാസുകളിലുള്ള പെൺകുട്ടികളിൽ പലരെയും പലവിധ പ്രലോഭനങ്ങൾ നൽകി ലൈംഗികാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നുവെന്ന്​ കുപ്രസിദ്ധി ആർജ്ജിച്ച ഒരു അധമനായിരുന്നു. കഴിഞ്ഞ ആഴ്ച പോലും, അക്കാലത്ത് എനിക്ക് സൗഹൃദമുണ്ടായിരുന്ന ഒരാളുമായി സംസാരിക്കവെ ഈ വ്യക്തിയുടെ പേര് കടന്നു വന്നു. എന്റെ ആ സുഹൃത്ത് പറഞ്ഞു, ""ജയൻ, അയാളെയൊക്കെ "സാർ' എന്ന് വിളിക്കേണ്ടി വന്നതിൽ എനിക്ക് ദുഃഖം തോന്നുന്നു.''

ആ "മഹാൻ' അത്രയും പറഞ്ഞു തീർത്തപ്പോൾ സദസ്സ് നിശ്ചലമായിരുന്നു.
അയാൾ പ്രതീക്ഷിച്ച പോലെ ഒരു കുഞ്ഞു പോലും അയാളുടെ വാക്കുകൾക്ക് കയ്യടിച്ചില്ല. പി. യെ ആ വാക്കുകൾ ചൊടിപ്പിച്ചിരിക്കണം. അദ്ദേഹം മറുപടി പ്രസംഗത്തിൽ ഇത്രയും പറഞ്ഞു: ‘‘എന്റെ വഷളത്തത്തെപ്പറ്റി ഇവിടെ ................ വിസ്തരിച്ച് പറഞ്ഞൂല്ലോ. ഒരു പൂന്തോട്ടം. അതിൽ നിറയെ പലവർണ്ണത്തിലും വാസനയിലുമുള്ള പൂക്കൾ. കുറെ ചിത്രശലഭങ്ങളെ അവിടേക്ക് തുറന്നു വിറ്റാൽ അവർ എന്താണ് ചെയ്യുക? പറന്നു നടന്ന് പൂക്കൾ വാസനിക്കും; മധു നുകരും. അതെ സമയം കുറെ പന്നികളെയാണ് തുറന്നു വിടുന്നത് എങ്കിൽ? അവർ നേരെ ചെടികളുടെ മൂട്ടിലെ വൃത്തികേടുകൾ നോക്കി പോകും. അല്ലെ? എന്റെ വഴികളിൽ വൃത്തികേടുകളില്ല എന്ന് ഞാൻ പറയില്ല. പക്ഷെ ഇവിടെ സംസാരിച്ച ആ മാന്യൻ ഞാൻ രണ്ടാമത് പറഞ്ഞ ആ മൃഗത്തിന്റെ ധർമം ആണ് നിർവഹിക്കുന്നത്. അത്ര മാത്രം ഞാൻ പറയുന്നു.’’

ഞങ്ങൾ കോളേജ് ഡേ പ്രാസംഗികന്മാരെ തേടിയപ്പോൾ മനസ്സിൽ തറച്ച ഒരു രൂപം പി.യുടേതായിരുന്നു. പി.യെ കൊണ്ട് സമ്മതിപ്പിക്കാനുള്ള ചുമതല പ്രധാനമായും എന്റെ തലയിൽ വന്നു വീണു

ഹാൾ നടുങ്ങുമാറ് കരഘോഷം ഉയർന്നു. അന്നത്തെ പരിപാടി കഴിഞ്ഞ്​അവസാനമായി പിരിഞ്ഞവരിൽ ഒരാളായിരുന്നു ഞാൻ. പി. എന്നെ വിളിച്ചു, "ഡോ സഖാവേ, തന്റെ പേരെന്താ?' ജുബ്ബയുടെ പോക്കറ്റിൽ നിന്ന് മൂന്നു നാലു മിട്ടായികൾ എടുത്ത് നീട്ടിക്കൊണ്ട് പറഞ്ഞു, "നന്നായി, തന്റെ ചൊല്ലല് ട്ടോ.'
ഞാൻ രണ്ട് കയ്യും നീട്ടി ആ മിട്ടായികൾ വാങ്ങി.
അതായിരുന്നു അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ച.

കിള്ളക്കുറിശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ ഭവനത്തിൽ സൂക്ഷിച്ച പിയുടെ കൈപ്പട
കിള്ളക്കുറിശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ ഭവനത്തിൽ സൂക്ഷിച്ച പിയുടെ കൈപ്പട

അതിനു ശേഷം പലപ്പോഴും ഞങ്ങളുടെ രാത്രിസഞ്ചാരത്തിനിടയിൽ പി.യെ കണ്ടിട്ടുണ്ട്. ഈ അടുത്ത നാൾ പി. രവികുമാറുമായി സംസാരിക്കേ അദ്ദേഹം പറഞ്ഞ ഒരു കാര്യം മറക്കാനാവുന്നില്ല. രവിയും താണുപിള്ളയും ചേർന്ന്, ഷാൻ ഷെനെയുടെ ‘മെയ്ഡ്‌സ്' ഭാഷാന്തരപ്പെടുത്തിയിരുന്നത് കിഴക്കേകോട്ടയിലുള്ള അധികമാരും ശ്രദ്ധിക്കാത്ത ഒരു ചായപ്പീടികയിൽ ഇരുന്നാണ്. വൈകുന്നേരം അഞ്ചുമണി മുതൽ കട അടയ്ക്കും വരെ (രാത്രി 11 മണി) അവർ അവിടെയിരുന്നു, രണ്ടാഴ്ച കൊണ്ടത് ചെയ്തു തീർത്തു. ആ ദിവസങ്ങളിൽ പലപ്പോഴും പി. ആ കടയിൽ വന്നിരുന്നു. വെറുതെ, ചായയൊക്കെ കുടിച്ച്, രവിയോടും താണുപിള്ളയോടും കുശലങ്ങൾ ചോദിച്ചും പറഞ്ഞും, പീടികയുടമയോട് സ്‌നേഹാന്വേഷണങ്ങൾ നടത്തിയും കുറെ നേരം അവിടെയിരുന്നിട്ട് പോകുമ്പോൾ എന്തോ ആലോചിച്ചുകൊണ്ട് ആരോടും മിണ്ടാതെ നടന്നങ്ങു പോയിരുന്നു, ആ മേഘരൂപൻ.

ഞങ്ങൾ കോളേജ് ഡേ പ്രാസംഗികന്മാരെ തേടിയപ്പോൾ മനസ്സിൽ തറച്ച ഒരു രൂപം പി.യുടേതായിരുന്നു. പി.യെ കൊണ്ട് സമ്മതിപ്പിക്കാനുള്ള ചുമതല പ്രധാനമായും എന്റെ തലയിൽ വന്നു വീണു. മിക്ക ദിവസവും വൈകുന്നേരം സി. പി. സത്രത്തിനടുത്ത് പോയി കവി വന്നെത്തുന്ന സമയം ചാടി വീഴാമെന്നോർത്ത് നിന്നെങ്കിലും, അതൊന്നും സഫലമായില്ല. അദ്ദേഹം എവിടെയോ യാത്രയിലായിരുന്നു. ഞങ്ങൾ മൂന്നു നാലുപേർ ഇതിനായി തുനിഞ്ഞിറങ്ങി. ഞങ്ങളുടെ വൈകുന്നേരത്തെ ‘പോസ്റ്റിങ്' സി. പി. സത്രത്തിന്റെ പരിസരങ്ങളിലായി. അങ്ങനെ നിൽക്കുമ്പോൾ ഒരു രാത്രി തോളിൽ ഒരു സഞ്ചിയുമായി നടന്നു വരുന്നു കവി. നിർഭീകമായ നടത്തം. അടുത്തെത്തിയപ്പോൾ ഞാൻ മുന്നോട്ടു നീങ്ങി നിന്ന് വണങ്ങി. എന്നെ സൂക്ഷിച്ചൊന്നു നോക്കി.

പി. കുഞ്ഞിരാമൻ നായർ
പി. കുഞ്ഞിരാമൻ നായർ

"എന്താടോ സഖാവേ?' ചിരപരിചിതനോടെന്നപോലെ അദ്ദേഹം ചോദിച്ചു.
ഞാൻ കൂടെ ഉണ്ടായിരുന്ന തോമസ് എബ്രഹാമിനേയും ബി. എസ്. രാജീവിനെയും തോമസ് ജോർജ്ജിനെയും പരിചയപ്പെടുത്തി.
‘എന്റെ ഒപ്പം വന്നോളൂ,' പറഞ്ഞുകൊണ്ട് പി. നടക്കുകയാണ്.
സത്രത്തിലെ മുറിയിൽ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, ‘സ്ഥലം ഉള്ളേടത്തോക്കെ ഇരുന്നോളിൻ. ഇവിടെ ഒരു കസാലയെ ള്ളൂ,' അതിൽ അമർന്നിരുന്നുകൊണ്ട് കവി പ്രഖ്യാപിച്ചു.
ഞങ്ങൾ അവിടെ ഉണ്ടായിരുന്ന കട്ടിലിലും ജനാലപ്പടിയിലും എല്ലാമായി ഇരുന്നു. കാര്യം പറഞ്ഞപ്പോൾ അദ്ദേഹം തീയതി മാത്രമേ അന്വേഷിച്ചുള്ളൂ. ഇ. കെ. നായനാരും വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ പി.യ്ക്ക് ബഹു സന്തോഷം. ‘കുറേ കാലായി അയാളെ കണ്ടിട്ട്,' കവി അന്നും ബാഗിൽ നിന്ന് മിഠായി എടുത്ത് ഞങ്ങൾക്കെല്ലാം തന്നു.

എന്റെ സഖാക്കളിൽ ചിലർക്ക് സംശയമുണ്ടായിരുന്നു, കവി വാക്കു പാലിക്കുമോ എന്ന്. ആ ശങ്ക അസ്ഥാനത്തായിരുന്നു. പറഞ്ഞ ദിവസം, പറഞ്ഞ സമയം കവി തയാറായി നിന്നു. കോളേജിൽ വന്നു. അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു.
കണ്ടവരുമായെല്ലാം അദ്ദേഹത്തിനുമാത്രം കഴിയുന്ന ശൈലിയിൽ സൗഹൃദം സ്ഥാപിച്ചു. തന്റെ ഊഴമെത്തിയപ്പോൾ സുന്ദരമായ ഒരു പ്രസംഗം നടത്തി എല്ലാവരെയും പാട്ടിലാക്കി; മറിമായൻ കവി!

കവിയുടെ മരണവാർത്ത അറിയുമ്പോൾ തുറമുഖനഗരത്തിലെ പത്രത്തിൽ സഹപത്രാധിപരായിരുന്നു ഞാൻ. ആ വാർത്ത എഴുതി കൊടുക്കുവാനുള്ള നിയോഗം ഈ കൈകൾക്കായിരുന്നു

മീറ്റിങ് കഴിഞ്ഞു. അതിഥികൾ യാത്രയായിത്തുടങ്ങി. പി. സെനറ്റ് ഹാളിന്റെ വരാന്തയിൽ ഏകാകിയായി നിൽക്കുന്നു. ഞാൻ അടുത്ത് ചെന്ന് "അങ്ങേക്ക് പോകാൻ കാർ റെഡിയാണ്. പോകാറാവുമ്പോൾ പറഞ്ഞാൽ മതി’ എന്നു പറഞ്ഞു.
കവി കണ്ണടച്ചില്ലിലൂടെ എന്നെ സൂക്ഷിച്ചു നോക്കി; "ഡോ സഖാവേ, പൈസെണ്ടോ തന്റെ കയ്യില്, ഒരു നൂറുറുപ്യ?'
എന്റെ ശ്വാസം നിന്നുപോയി. നൂറുറുപ്യ...അത് കണ്ടിട്ടെത്ര കാലമായി! പക്ഷെ, ഇക്കവിക്ക് നൂറല്ല, ആയിരം കൊടുത്താലും വേണ്ടില്ല...
"അങ്ങ് ഇവിടെത്തന്നെ നില്ക്കു. ഞാൻ ഇതാ വരുന്നു’; ഇത്രയും പറഞ്ഞ് ഞാൻ ഓടി.

ഞങ്ങളുടെ കൂട്ടത്തിലെ "പ്രഭു' എന്ന്​ ഞാൻ കളിയാക്കി വിളിക്കാറുള്ള (അദ്ദേഹം ഉദ്യോഗത്തിൽ നിന്ന് അവധിയെടുത്താണ് ഞങ്ങൾക്കൊപ്പം പഠിക്കാൻ വന്നത്. അതാണ് കാര്യം) തോമസ് ജോർജ്ജിനെ കണ്ടുപിടിച്ച് കാര്യം പറഞ്ഞു. അയാൾ എവിടെ നിന്നോ പണം കണ്ടുപിടിച്ച് എന്നെ ഏൽപ്പിച്ചു. ഞാൻ കവിയുടെ അടുത്തേക്കോടി. പണം കയ്യിൽ വച്ച് കൊടുത്തു. കവി നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു, ‘കാറുണ്ട്. അതിൽ പോകാം.'
അദ്ദേഹത്തെ കാറിൽ കയറ്റി, ഞാനും കൂടെ കയറി.
മടക്കയാത്രയിൽ കവി തീർത്തും മൗനിയായിരുന്നു.

വേനൽക്കാല തിരുവനന്തപുരത്തിന്റെ ആ രാത്രിയിൽ, സത്രത്തിനു മുന്നിൽ അദ്ദേഹത്തെ ഇറക്കി വിട്ടു തിരികെ പോരുമ്പോൾ എന്തിനോ, മനസ്സിലേക്ക് നൊമ്പരത്തിന്റെ നിലാവ് ഊറി വീണുകൊണ്ടിരുന്നു, കാറിന്റെ ജനാലയിലൂടെ.
മേഘരൂപൻ രാത്രിയുടെ വെളിച്ചങ്ങൾക്കപ്പുറത്ത് എവിടെയോ മറഞ്ഞു കഴിഞ്ഞിരുന്നു.

പി. ഗോവിന്ദപ്പിള്ള / Photo: Wikimedia Commons
പി. ഗോവിന്ദപ്പിള്ള / Photo: Wikimedia Commons

മൂന്നു വർഷങ്ങൾക്കു ശേഷം കവിയുടെ മരണവാർത്ത അറിയുമ്പോൾ തുറമുഖനഗരത്തിലെ പത്രത്തിൽ സഹപത്രാധിപരായിരുന്നു ഞാൻ. ആ വാർത്ത എഴുതി കൊടുക്കുവാനുള്ള നിയോഗം ഈ കൈകൾക്കായിരുന്നു. ഞങ്ങളുടെ പത്രം മാത്രമായിരിക്കണം അന്ന് "ഭക്തകവി പി. കുഞ്ഞിരാമൻ നായർ അന്തരിച്ചു' എന്ന തലക്കെട്ട് നൽകി ആ വാർത്ത പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തെ ഒരു ഫുൾ ഫ്‌ളെഡ്​ജ്​ഡ്​ ‘മഹാകവി' എന്നു വിളിക്കാൻ എന്തോ ഞങ്ങളുടെ പത്രാധിപർക്ക് ഇഷ്ടമില്ലായിരുന്നു എന്നുഞാൻ അനുമാനിച്ചു. ‘ഭക്ത കവി' എന്ന വിശേഷണം പി. യെ ഇകഴ്​ത്താൻ വേണ്ടി ചേർക്കുകയാണ് എന്നെനിക്ക് മനസ്സിലായി (ആർക്കാണ് മനസ്സിലാവാത്തത്!). എന്നെക്കാളൊക്കെ എത്രയോ ഉയരത്തിലുള്ള പി. ജി.യോട് ‘അങ്ങനെ എഴുതാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് പി. ജി,'' എന്നുപറഞ്ഞ് ഞാൻ ഒഴിഞ്ഞു. പത്രാധിപരുടെ ഇച്ഛാനുസരണം മറ്റാരോ അത് എഴുതിക്കൊടുത്തു. പി. ജി.ക്ക് എന്റെ ഒഴിഞ്ഞുമാറ്റം തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിലും അതേപ്പറ്റി പിന്നീട് ഒരു സംസാരവും ഉണ്ടായില്ല.

സോവിയറ്റ് എന്നത് പടിഞ്ഞാറൻ നാട്ടിലെവിടെയോ നിർമിക്കപ്പെടുന്ന ‘ട്രെൻഡിങ്' വസ്ത്രങ്ങളല്ല; ഒരു മഹത്തായ ആശയത്തിന്റെ ചിതാഭസ്മ പേടകമാണ്

അതിനുശേഷം അന്നത്തെ യൂണിവേഴ്‌സിറ്റി യൂണിയനെക്കൊണ്ട് (സുരേഷ് കുറുപ്പ് ചെയർമാൻ ) ‘പി. കാവ്യസംഗീതിക'' എന്നൊരു പരിപാടി സംഘടിപ്പിക്കാനും അതിൽ എം.ജി. രാധാകൃഷ്ണൻ, സുശീലാദേവി ടീച്ചർ, കെ.എസ്. ബീന തുടങ്ങിയവരെ പങ്കെടുപ്പിക്കാനും മുൻകൈയ്യെടുത്തു പ്രവർത്തിക്കാൻ എനിക്കു സാധിച്ചു എന്നത് കൃതാർത്ഥത നൽകുന്ന കാര്യമാണ്. യൂണിവേഴ്‌സിറ്റി യൂണിയൻ അദ്ദേഹത്തെ മഹാകവി എന്നു തന്നെ വിശേഷിപ്പിച്ചു. ഒരു കവിയ്ക്കു വേണ്ടി യൂണിവേഴ്‌സിറ്റി യൂണിയൻ ആദ്യം നടത്തിയ പരിപാടിയും ആയിരുന്നു അത്.
അതിനു മുൻപ്, യൂണിവേഴ്‌സിറ്റി യൂണിയൻ ഞങ്ങൾക്ക് അപ്രാപ്യമായിരുന്ന കാലത്ത് വയലാർ അന്തരിച്ച് ഏറെക്കഴിയും മുൻപാണ് ഞങ്ങൾ ആദ്യത്തെ ‘കാവ്യസംഗീതിക' അന്നത്തെ ‘സോവിയറ്റ്' (പുതിയ തലമുറ കേൾക്കുക: സോവിയറ്റ് എന്നത് പടിഞ്ഞാറൻ നാട്ടിലെവിടെയോ നിർമിക്കപ്പെടുന്ന ‘ട്രെൻഡിങ്' വസ്ത്രങ്ങളല്ല; ഒരു മഹത്തായ ആശയത്തിന്റെ ചിതാഭസ്മ പേടകമാണ്) കൾച്ചറൽ സെന്ററിൽ ആണ് ഞങ്ങൾ അത് നടത്തിയത്. (അതേപ്പറ്റി മുൻപൊരു അദ്ധ്യായത്തിൽ വിശദീകരിച്ചിരുന്നു.)

പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തിലെ വഴിപ്പിഴകളുടെയോ സ്വഭാവവൈകല്യങ്ങളുടെയോ ഒരു ചെക്ക് ലിസ്റ്റ് അല്ല ഈ ഓർമ:
വഴിയിൽ കത്തി നിന്ന താരകങ്ങളെ ചില നിമിഷാർദ്ധങ്ങളിൽ കൈക്കുമ്പിളിൽ കോരിയെടുക്കാൻ കഴിഞ്ഞൊരാളുടെ ഓർമത്താളുകളിലെ ശ്ലഥബിംബങ്ങൾ.
പൂർവജന്മമുണ്ടായിരുന്നെങ്കിൽ, അതിന്റെ സുകൃതം. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments