യൂണിവേഴ്സിറ്റി കൊളേജ്, തിരുവനന്തപുരം

സുഭാഷ്​ ചന്ദ്രബോസ്​; സി.പി.എമ്മി​ന്റെ നഷ്​ടം

വെയിൽക്കാലങ്ങൾ- 23

അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാർട്ടിയിൽ ചേരാൻ ഉറ്റ സുഹൃത്തും ഒരു കാലത്തെ സമരസഖാവുമായിരുന്ന ഫിലിപ്പ്​ എം. പ്രസാദ് ക്ഷണിച്ചിട്ടു പോലും ഇളകാത്ത ബോസിനെ ഉൾക്കൊള്ളാനുള്ള മഹാമനസ്‌കത സി.പി.എം. കാണിച്ചില്ല

ഞാനെഴുതുന്ന ഈ കുറിപ്പുകൾക്ക് അവസാനമുണ്ടാവില്ല. ഡയറിക്കുറിപ്പുകൾ എഴുതാൻ ചെറിയ ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന സാമുവൽ സാർ നിർബ്ബന്ധിച്ചിരുന്നു. മൂന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും പഠിക്കുമ്പോൾ എഴുതുന്ന ഡയറിക്കുറിപ്പുകൾ ഒരു പേജ് തികയ്ക്കാൻ എന്തു പ്രയാസപ്പെട്ടിട്ടുണ്ട്! ആ ക്ലാസ്‌റൂം പഠിത്തത്തിനപ്പുറം ഡയറിയെഴുത്ത് ഒരു കലാരൂപമായി വളർത്താവുന്നതാണെന്ന് കണ്ടു പിടിച്ചത് പതിനൊന്നു വയസ്സുള്ളപ്പോൾ വായിച്ച "തുടിക്കുന്ന താളുകൾ' എന്ന, ചങ്ങമ്പുഴയുടെ അദ്ഭുതകരമായ ആത്മകഥ കണ്ട പ്പോഴാണ്. ഡയറിയിലെ താളുകളിൽ നിന്ന് ക്രമാനുഗതമായി, ചങ്ങമ്പുഴയ്ക്കു മാത്രം സാദ്ധ്യമായ കൈവഴക്കത്തോടെ തന്റെ ജീവിതകഥയിലേക്ക് ആ പുസ്തകത്തിലെ ആഖ്യാനം വളരുന്നത് അദ്ഭുതത്തോടെയും ആരാധനയോടെയും കൂടിയല്ലാതെ എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നും ആ അപൂർണ്ണമായ ആത്മകഥ തന്നെയാണ് ഞാൻ വായിച്ചിട്ടുള്ള സ്വജീവിതാഖ്യാനങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ വിനയാന്വിതനാക്കുന്നത്. (പതിനൊന്നു വയസ്സുള്ളപ്പോഴാണ് ഞാൻ അത് 'ആദ്യം വായിച്ചത്' എന്ന് പറഞ്ഞല്ലോ. "കട്ട് വായിച്ചത്' എന്നും കൂടി ചേർത്തില്ലെങ്കിൽ തെറ്റായിപ്പോകും. ചങ്ങമ്പുഴയും മറ്റും മുതിർന്നവർ (എന്റെ അമ്മയും അച്ഛനും ഉൾപ്പെടെ) ധാരാളമായി വായിക്കുകയും അവരുടെ സദസ്സുകളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. അതൊന്നും ഞങ്ങൾക്ക് മനസ്സിലാവില്ലല്ലോ. പക്ഷെ പതിനൊന്നാം വയസ്സിൽ ചങ്ങമ്പുഴയുടെ ആത്മകഥയിൽ നിന്ന് "സാഡിസ്റ്റ്' എന്ന വാക്കിന്റെ അർഥം ഞാൻ മനസ്സിലാക്കിയിരുന്നു).

ചങ്ങമ്പുഴശൈലി അനുകരിക്കുക എന്ന അവിവേകത്തിനു ഞാൻ ഒരിടത്തും മുതിർന്നിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതാഖ്യാനശൈലി ചിലപ്പോൾ ചില കാര്യങ്ങളിൽ എന്റെ രചനയെ സ്വാധീനിച്ചിരിക്കാം. അത്രമാത്രം.
എന്തു തന്നെ ആയാലും അന്ത്യമില്ലാത്ത ഒന്നായിപ്പോകും എന്റെ ഓർമ്മകൾ എന്ന് എനിക്കു നല്ല നിശ്ചയമുള്ളതിനാൽ ഇവയ്ക്ക് ആസന്നഭാവിയിൽ ഒരു അവസാനാദ്ധ്യായം ഉണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു.
കലാലയത്തിൽ നിന്നാണ് ഞാൻ തുടങ്ങിയത്. കലാലയത്തിലേക്ക് വീണ്ടും വീണ്ടും ഞാൻ നിങ്ങളെ തിരികെ കൊണ്ടു പോയിട്ടുണ്ട്. എന്നെ സംബന്ധിച്ച് ജീവിതത്തിലെ യാഥാർത്ഥ്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ഞാൻ കണ്ടെത്തിയ ഒരിടമായിരുന്നു എന്റെ കലാലയങ്ങൾ. അതിൽ ഏറ്റവും പ്രിയപ്പെട്ടത് എക്കാലവും യൂണിവേഴ്‌സിറ്റി കോളേജ് തന്നെ. ഇന്നും, ആ കലാലയത്തിന്റെ പടി ഇറങ്ങിയിട്ട് നാല് ദശാബ്ദങ്ങൾ കഴിഞ്ഞെങ്കിലും, ആ ഗെയിറ്റിനകത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ അസാധാരണമായ ഒരു sense of belonging എന്നിൽ നിറയുന്നു. ഞങ്ങൾ നടന്ന നടപ്പാതകളും പെൺകുട്ടികളുടെ "കാത്തിരിപ്പു പുര'യ്ക്കരികിൽ പൂവാലസംഘം തമ്പടിച്ചിരുന്ന പ്ലാവിൻ ചുവടും, തെക്കേ ഭാഗത്തുള്ള കൂറ്റൻ മതിൽക്കെട്ടും ഞങ്ങളുടെ കാലത്ത് "ന്യൂ ഹാൾ' എന്നു വിളിച്ചിരുന്ന പുതിയൊരു ക്ലാസ് മുറിയും എല്ലാം അവിടെ ഉണ്ട്. എന്നാൽ, ഉണ്ടോ? (ആ ഭാഗം പിന്നീട് ഭൂമിശാസ്ത്ര വകുപ്പ് ആക്കി. ഭൂമിശാസ്ത്രവകുപ്പായിരുന്ന കാലത്ത് ആ മുറികൾ കോളേജിലെ ഏറ്റവും വായുസഞ്ചാരമുള്ള, വലിയ ഗോതിക് ജാലകങ്ങളിലൂടെ തെക്കോട്ട് അഗസ്ത്യകൂടം വരെ (അത് അതിശയോക്തിയാണ്!) കാണാവുന്ന വിധത്തിൽ "ലേ ഔട്ട്' ചെയ്ത ഒരിടമായിരുന്നു. ഭൂമിശാസ്ത്രം പോലെ ഒരു വിഷയം പഠിക്കാൻ അനുയോജ്യമായ, തുറസ്സായ ഒരിടം).

യൂണിവേഴ്‌സിറ്റി കോളേജിൽ വന്നു ചേർന്ന ആദ്യ കാലങ്ങളിൽ മനസ്സിൽ കമ്മ്യൂണിസം കത്തി നിന്നിരുന്നെങ്കിലും കോളേജിലെ എസ്.എഫ്.ഐയിൽ നിന്ന് ഞാൻ അകലം പാലിച്ചു

ഇന്ന്, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അവിടെ ഒന്നു കയറി നോക്കൂ. നിത്യവും ഉപയോഗിക്കുന്നവയാണെങ്കിൽക്കൂടി, പൊടി പിടിച്ച് കൈകൊണ്ടു തൊടാനാവാത്ത കസേരകൾ. അടഞ്ഞ ജനാലകൾ. അവിടത്തെ സ്വാഭാവിക വെളിച്ചം നഷ്ടമായിട്ട് വർഷങ്ങളായെന്നു തോന്നും. എന്റെ സഖിയുടെ ജൂനിയർ ആയ ഒരു സ്ത്രീയായിരുന്നു ഞങ്ങൾ അവിടെ ചെല്ലുമ്പോൾ (2017ൽ) ആ വകുപ്പിന്റെ മേധാവി. അവരോട് ഞങ്ങൾ ആ വിഭാഗത്തിന്റെ രൂപഭദ്രതയ്‌ക്കേറ്റ കനത്ത പാരിസ്ഥിതികപ്രഹരത്തെപ്പറ്റിയൊന്നും സംസാരിച്ചില്ല. സ്വന്തം ജീവിതം സുരക്ഷിതമാക്കുന്ന തിരക്കിലാണല്ലോ നമ്മുടെ അക്കാദമീഷ്യന്മാർ പോലും. അവരോട് പരിസ്ഥിതി പ്രശ്‌നങ്ങൾ പറയാൻ പോയാൽ, ""ഓ,വന്നിരിക്കുന്നു, പഠിപ്പിക്കാൻ. ഇത്രയുംകാലം എവിടെയായിരുന്നു?'' എന്നൊക്കെ പറയാതെ പറഞ്ഞും കൊണ്ട് നമ്മെ യാത്രയാക്കും.

യൂണിവേഴ്സിറ്റി കൊളേജിലെ ക്രിസ്തുമസ് ആഘോഷം / Photo: IP Binu, Fb

ഞങ്ങൾ വളരെ ഏറെ സമയം (ക്ലാസ്സുകൾ കഴിഞ്ഞ്) ചെലവഴിച്ചിട്ടുള്ള ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ കയറി. കുമാരപിള്ള സാറിന്, (അദ്ദേഹം പോയതിനു ശേഷം ഹൃദയകുമാരി ടീച്ചറിന്റെയായിരുന്നു) ഒരിടമുണ്ട്, ആ മുറിയിൽ. പ്രധാന കവാടം കടന്നു കെട്ടിടത്തിന്റെ അകവരാന്തയിൽ ഇറങ്ങി നിന്ന് വലത്തോട്ടു നടന്നാൽ ഒരുവലിയ വാതിലിനു മുന്നിൽ ചെല്ലും. ആ വാതിലിനകത്ത് വരാന്തയ്ക്കഭിമുഖമായി ഒരു കസേരയിട്ടാണ് സാർ ഇരുന്നിരുന്നത്. അതേ സ്ഥാനത്ത് പിൽക്കാലം ടീച്ചറും. ഞാൻ ഡിപ്പാർട്ട്‌മെന്റിന്റെ സ്റ്റാഫ് റൂമിലേക്ക് കയറിച്ചെന്നു. അവിടെ രണ്ട് യുവതികൾ തിരക്കിട്ട് എന്തോ എഴുതിക്കൊണ്ടിരുന്നു. ഒരു സർക്കാർ ആപ്പീസിൽ ചെന്ന് കയറിയ പ്രതീതി.

എന്നെ കണ്ട് അതിലൊരാൾ ചാടിയെഴുന്നേറ്റു. എന്തിനായിരുന്നു അതെന്ന് മനസ്സിലായില്ല. അയാളെ പിന്തുടർന്നു മറ്റേ കുട്ടിയും. "ഞങ്ങൾ പൂർവ വിദ്യാർത്ഥികൾ ആണ്. ഡിപ്പാർട്ടുമെന്റൊക്കെ ഒന്ന് കണ്ടിട്ടു പോകാമെന്നു വിചാരിച്ച് കയറിയതാണ്.' എന്ന് പറഞ്ഞു ഞാൻ ആ കസേര ചൂണ്ടി അവരോട് പറഞ്ഞു, "ആ കസേരയില്ലേ, അതിലാണ് ഹൃദയകുമാരി ടീച്ചർ ഇരുന്നിരുന്നത്.' എന്റെ വാക്കുകൾ ആ മുഖങ്ങളിൽ പ്രത്യേകിച്ച് ഒരു വികാരവും ജനിപ്പിച്ചില്ല.
കൂടുതൽ പറയാൻ നിൽക്കാതെ ഞങ്ങൾ ഇറങ്ങി.

ബി. ഹൃദയകുമാരി, ജി. കുമാര പിള്ള

കോളേജിന്റെ തെക്കേ മതിൽ പിസാ ഗോപുരം പോലെ ചെരിഞ്ഞു ചെരിഞ്ഞ് പിന്നിലെ റോഡിനെ തൊടാറായി. ഞങ്ങൾ ചെന്ന ദിവസം തെക്കേ ഗെയ്റ്റും പൂട്ടിയിരിക്കയായിരുന്നു. ഞാൻ '72 ൽ അവിടെ ചേരുമ്പോൾ ബോട്ടണി ഡിപ്പാർട്ട്‌മെന്റിന് പിറകിലൂടെ തമിഴ്, അറബിക് ഡിപ്പാർട്‌മെന്റുകളുടെയും ഫിലോസഫി ഡിപ്പാർട്ട്‌മെന്റിനും മുന്നിൽകൂടെ പിന്നിലെ ഗെയ്റ്റ് വഴി യൂണിവേഴ്‌സിറ്റി ആഫീസിലേക്കും തമിഴ്- അറബിക് വിഭാഗങ്ങളുടെ മുന്നിലൂടെ കുറെ പടവുകൾ കയറി ലൈബ്രറിയിലേക്കും വഴികളുണ്ടായിരുന്നു. ആ അറബിക്- തമിഴ് വിഭാഗത്തിന് മുന്നിൽ മതിലിനോട് ചേർന്ന് വലിയൊരു ബോഗൻ വില്ല പടർന്നു കിടന്നിരുന്നു. അതിന്റെ ശാഖകളും ശാഖോപശാഖകളും ഒരു സുഖദമായ വള്ളിക്കുടിൽ തീർത്തിരുന്നു.
പടിക്കെട്ടുകൾ കയറി ലൈബ്രറിയിലേക്കെത്താനുള്ള വഴി പിന്നീട് അടച്ചു.
പിന്നെ എപ്പോഴോ ഫിലോസഫി വിഭാഗത്തിന് പിന്നിലുണ്ടായിരുന്ന ഗെയ്റ്റും എടുത്ത് മാറ്റി.

യൂണിവേഴ്‌സിറ്റി കോളേജിൽ വന്നു ചേർന്ന ആദ്യ കാലങ്ങളിൽ മനസ്സിൽ കമ്മ്യൂണിസം കത്തി നിന്നിരുന്നെങ്കിലും കോളേജിലെ എസ്.എഫ്.ഐയിൽ നിന്ന് ഞാൻ അകലം പാലിച്ചു. പല കാരണങ്ങളായിരുന്നു അതിനു പിന്നിൽ. നഗരത്തിലെ കോളേജ്. അഥവാ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മുത്തശ്ശി. അതിനു മുൻപുള്ള വർഷങ്ങളിൽ സംഘർഷം കാരണം പോലീസ് വലയത്തിനുള്ളിലായിരുന്നത്രേ അവിടുത്തെ തെരഞ്ഞെടുപ്പ് നടന്നത്. അതിനും മുൻപ്, ആ കോളേജിന്റെ മുന്നിലായിരുന്ന യു.എസ്.ഐ.എസ്ൻറെ ഒരു ജീപ്പിന് തീയിട്ടതിന്റെ പേരിൽ ആ കോളേജിലെ വിദ്യാർത്ഥികൾ കൂടി കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു. ചേർത്തല കോളേജിലുണ്ടായ പ്രശ്‌നങ്ങളാവർത്തിക്കില്ലെന്ന് അമ്മക്ക്​ നൽകിയ വാക്ക്.

സി. ഭാസ്കരൻ

ഇതെല്ലാം തകർത്തത് സി. ഭാസ്‌കരന്റെ കോളേജ് സന്ദർശനമായിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് എന്നെ കണ്ട സഖാവ് സ്വിച്ചിട്ടാൽ പോലുള്ള ചിരിയുമായി എന്നെ വിളിച്ച് ജി. ശക്തിധരനും പുരുഷോത്തമനും (എസ്.എഫ്.ഐയുടെ കോളേജ് യൂണിറ്റ് സെക്രട്ടറി) അടങ്ങുന്ന യൂണിറ്റ് നേതാക്കൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെയാണ് തിരുവനന്തപുരത്തെ എന്റെ എസ്.എഫ്.ഐ. വെയിൽക്കാലം ആരംഭിച്ചത്. ശരിയായി പറഞ്ഞാൽ ഡിഗ്രി രണ്ടാം വർഷം മുതലായിരുന്നു ഞങ്ങളുടെ ബന്ധം പരസ്പരപൂരകമായത്. അതിനു കാരണക്കാരൻ സ. ജി. സുധാകരൻ ആയിരുന്നു. ആ കാലത്ത് സ്റ്റുഡന്റ് മാസിക തെറ്റിയും തെറിച്ചും മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്. അങ്ങനെ സുധാകരന്റെ മുൻകൈയിൽ പ്രസിദ്ധീകരിച്ച സ്റ്റുഡന്റിന്റെ ഒരു പ്രത്യേക പതിപ്പിലേക്ക് ഞാൻ "ഫീനിക്‌സിന്റെ ചിറകടിപ്പാട്ട്' എന്ന തലക്കെട്ടിൽ ഒരു കവിത (പട്ടാമ്പിയിലെ സെയ്താലിയെ മനസ്സിൽ കണ്ട് കൊണ്ടെഴുതിയതാണ്) അയച്ചു. സ. സുധാകരന് കവിത വളരെ ഇഷ്ടമായി. അത് ആ പതിപ്പിലെ പ്രധാന കവിതയായി ഫീച്ചർ ചെയ്തു. സുധാകരന്റെ സ്വാതന്ത്ര്യവാഞ്ഛ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഏറ്റവും ആകർഷകമായ ഘടകമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ചില അരാഷ്ട്രീയ സിനിമകളും എഴുത്തുകാരും പ്രചരിപ്പിക്കും പോലെ എല്ലാ ദിവസവും കൊടിയും പിടിച്ച് പ്രിൻസിപ്പലിനെ ഘെരാവോ ചെയ്യുക എന്ന പരിപാടി അല്ല എസ്.എഫ്.ഐ അന്ന് നടപ്പാക്കിയിരുന്നത്.

ഭാസ്‌കരൻ പ്രസിഡന്റായിരുന്ന കാലത്ത് ആരംഭിച്ച സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം സുധാകരന്റെ വരവോടെ കൂടുതൽ ഊർജ്ജസ്വലമായി. പിൽക്കാലത്ത് എസ്.എഫ്.ഐ. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ കൈവരിച്ച എല്ലാ (രാഷ്ട്രീയ)നേട്ടങ്ങൾക്കും കാരണം സ്‌കൂളുകൾ കേന്ദ്രീകരിച്ചു നടന്ന പ്രവർത്തനങ്ങൾ ആണ്. അതിൽ സത്യസന്ധത ഉണ്ടായിരുന്നു. ചില അരാഷ്ട്രീയ സിനിമകളും എഴുത്തുകാരും പ്രചരിപ്പിക്കും പോലെ എല്ലാ ദിവസവും കൊടിയും പിടിച്ച് പ്രിൻസിപ്പലിനെ ഘെരാവോ ചെയ്യുക എന്ന പരിപാടി അല്ല എസ്.എഫ്.ഐ അന്ന് നടപ്പാക്കിയിരുന്നത്.

ജി. സുധാകരൻ

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, കാലാകാലങ്ങളിൽ സി.പി.എമ്മും അതിനു പിറകെ എസ്.എഫ്.ഐയും തീവ്രവാദപാത തേടിപ്പോയ സഖാക്കളെ തേജോവധം ചെയ്യാൻ കാണിച്ചിരുന്ന വ്യഗ്രതയാണ് എന്റെയുള്ളിലെ സന്ദേഹങ്ങൾക്ക് തീ കൊളുത്തിക്കൊണ്ടിരുന്നത്. വർഗ്ഗീസിന്റെ മരണം കൊല ആയിരിക്കാമെന്ന സന്ദേഹം ആദ്യമുയർത്തിയത് ദേശാഭിമാനി ആണെങ്കിലും അതിനപ്പുറത്തേക്ക് വർഗ്ഗീസിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് പാർട്ടി അന്ന് എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

പാർട്ടിയിൽ നിന്ന് വിട്ടു പോയിട്ടും മറ്റൊരു രാഷ്ട്രീയസംഘടനയിലേക്കും ചെന്ന് വീഴാതെ നിന്ന സുഭാഷ് ചന്ദ്രബോസിനെപ്പോലെ മുൻകാലത്തെ പ്രമുഖനായ ഒരു വിദ്യാർത്ഥി നേതാവിനെ ഏതെങ്കിലും വിധത്തിൽ ഉൾക്കൊള്ളാൻ പാർട്ടി ശ്രമിച്ചതായി കേട്ടിട്ടില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാർട്ടിയിൽ ചേരാൻ ഉറ്റ സുഹൃത്തും ഒരു കാലത്തെ സമരസഖാവുമായിരുന്ന ഫിലിപ് എം. പ്രസാദ് ക്ഷണിച്ചിട്ടു പോലും ഇളകാത്ത ബോസിനെ ഉൾക്കൊള്ളാനുള്ള മഹാമനസ്‌കത സി.പി.എം. കാണിച്ചില്ല. ഞങ്ങൾ "സ്റ്റുഡന്റ്' പുനരുജ്ജീവിപ്പിക്കുന്ന കാലത്ത് ബോസ് രാമനിലയത്തിൽ ഇ.എൻ. മുരളി സാറിന്റെ "നവധാര'യുടെ ആഫീസിലാണ് താമസിച്ചിരുന്നത്. മാഗസീൻ ലേഔട്ടിലും മറ്റും ഞങ്ങൾക്ക് ധാരാളം നിർദ്ദേശങ്ങൾ നൽകി സഹായിച്ചിരുന്നു; അങ്ങോട്ട് ചെന്ന് കെഞ്ചാതെ തന്നെ. ഞങ്ങളുടെ മുറിയിൽ വന്നിരുന്ന എല്ലാ എസ്.എഫ്.ഐ. നേതാക്കളുമായും ബോസിന് വാസ്തവികമായ (positive) ബന്ധമാണ് ഉണ്ടായിരുന്നത്.

1986 ൽ അവധിക്കാലത്ത് നാട്ടിൽ വന്നപ്പോൾ പാളയം വഴിയുള്ള യാത്രയിൽ കിച്ചന്റെ പരസ്യപ്പലകകൾ ഞാൻ തിരഞ്ഞു. ജീൻ ജംഗ്ഷനിൽ ഞാൻ കയറി. നിറം മങ്ങിയ മഴവില്ലുകൾ പോലെ അവിടെ പഴമയുടെ വിരൽപ്പാടുകൾ പതിഞ്ഞ അലങ്കാരവസ്തുക്കൾ.

അടിയന്തരാവസ്ഥയുടെ മുഴുവൻ സമയവും 1975 മുതൽ 1977 വരെ ബോസിനെ ഭരണകൂടം തടവിൽ പാർപ്പിച്ചു. തികച്ചും ഒരു ഒറ്റയാൾ പട്ടാളം ആയിരുന്ന ബോസിനെ എന്തിനാണ് അവർ അത്ര ഭയപ്പെട്ടിരുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല. തിരിച്ചു വന്ന ബോസ് കാഴ്ചയിൽ ക്ഷീണിതനായിരുന്നു. ജയിലിൽ വച്ച് അയാളുടെ മീശ കൊഴിഞ്ഞു പോകാൻ തുടങ്ങി. തിരികെ "രാമനിലയ'ത്തിൽ തന്റെ ഏകാംഗാപ്പോരാട്ടത്തിന്റെ രണ്ടാം അങ്കം തുടങ്ങാൻ തയാറെടുക്കുമ്പോഴാണ് ബോസ് തന്റെ മീശയുടെ ദുരന്തം എങ്ങനെ മാനേജ് ചെയ്യുമെന്ന് ചിന്തിക്കുന്നത്. ദയവായി ഇത് എന്റെ വിലകുറഞ്ഞ തമാശയായി കണക്കാക്കാതിരിക്കുക. കുറച്ചു നാൾ ബോസ് മീശ കൊഴിഞ്ഞു പോയ അത്രയും ഭാഗത്ത് കറുത്ത ചായം (വെറും ചായമല്ല, സൗന്ദര്യസംവർദ്ധക ഉൽപ്പന്നം തന്നെ) തേച്ച് ഒപ്പിച്ചു പോന്നു. അപ്പോൾ ഒരു കുഴപ്പം. വെയിലുള്ളപ്പോൾ എത്ര വില പിടിച്ച ചായമാണെങ്കിലും വിയർപ്പിൽ അൽപ്പം നനവ് തട്ടുമല്ലോ. അങ്ങനെ ആ ശ്രമം പാളിപ്പോയപ്പോൾ ബോസ് തീരുമാനിച്ചു, മീശ വേണ്ടാ എന്ന്. ( ഒരു ഗാർഷ്യ മർകേസ് നോവലിന്റെ "ടച്ച്' അല്ലേ?)ബോസിന്റെ വ്യക്തിത്വത്തിനു രൂക്ഷത നൽകിയിരുന്ന ഒരു കാര്യമായിരുന്നു അദ്ദേഹത്തിന്റെ മീശ. പക്ഷേ അത് വേണ്ടെന്നു വച്ചപ്പോഴും ബോസിന്റെ "അപ്പീൽ' ഒട്ടും കുറഞ്ഞില്ല. സ്വന്തം മുറി നഷ്ടപ്പെട്ടതിനെക്കുറിച്ച് ബോസ് ആരോടും പരാതിപ്പെട്ടതായി ഞാൻ ഓർക്കുന്നില്ല.

എ. വർഗ്ഗീസ് / Photo: Wikimedia Commons

മറ്റു പല പദ്ധതികളിലും ബോസ് ഏർപ്പെട്ടു നോക്കി. ബോസിന്റെ ഉറ്റ സുഹൃത്തായിരുന്ന ശ്രീനിവാസൻ (വളരെ നല്ല ഒരു സംഗീതരസികൻ എന്നല്ലാതെ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്കറിയില്ല), പിന്നെയും വേറെ ചിലർ കൂടിച്ചേർന്ന് ഒരു സ്‌പോർട്‌സ് മാസിക നടത്തി. അത് അൽപായുസ്സായിപ്പോയി. അതിനു ശേഷം രാമനിലയത്തിനോട് ചേർന്നുണ്ടായിരുന്ന "എവെരിബഡീസ് ക്‌ളോത് സ്റ്റോഴ്‌സ്' എന്ന ജൗളിക്കടയുടെ ഉടമസ്ഥൻ, വീരൻ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിച്ചിരുന്ന റെഡ്ഡ്യാരുമായിച്ചേർന്നു അയാളുടെ കടയുടെ പരസ്യം തയാറാക്കാനായി ശ്രീവരാഹം ബാലകൃഷ്ണൻസാറിനെ സഹായിച്ചിരുന്നു.

വീരന്റെ പരമ്പരാഗത ജൗളിക്കച്ചവടത്തിന് ഒരു ഭീഷണി ഉയർന്നിരുന്നു. അതില്ലായിരുന്നെങ്കിൽ വീരൻ "കേരളകൗമുദി'യുടെ മുൻപേജിൽ "ഇയർ പാനൽ' വാടകയ്‌ക്കെടുത്ത് എല്ലാ ദിവസവും തന്റെ സ്ഥാപനത്തെപ്പറ്റി തിരുവനന്തപുരം നിവാസികളെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കയില്ലായിരുന്നു. വീരന്റെ ഭീഷണി ഉയർന്നിരുന്നത് "കൃഷ്ണാ സ്റ്റോഴ്‌സി’ൽ നിന്നും ആയിരുന്നു. അടുത്ത കാലം വരെ യാഥാസ്ഥിതിക വിപണനം മാത്രം ചെയ്തിരുന്ന നഗരത്തിലെ അറിയപ്പെട്ട ജൗളിക്കടയായ "കൃഷ്ണാ സ്റ്റോഴ്‌സ്' വിപ്ലവകരമായ ചില ചടുലനീക്കങ്ങളുമായി ഇരുപതാം നൂറ്റാണ്ടിലേക്ക് കുതിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. ആ ശ്രമത്തിനു പിന്നിൽ (മുന്നിലും) ഉണ്ടായിരുന്ന വ്യക്തി കൃഷ്ണാ സ്റ്റോഴ്‌സ് ഉടമയുടെപുത്രൻ കിച്ചൻ (കൃഷ്ണൻ) എന്ന യുവാവായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദമെടുത്ത കിച്ചൻ ഇംഗ്ലീഷ് ഭാഷയിൽ അസാമാന്യമായ പ്രാവീണ്യമുള്ള ഒരാളായിരുന്നു എന്നും കേട്ടിട്ടുണ്ട്. ഹൃദയകുമാരി ടീച്ചറുടെ ഒരു പ്രിയ വിദ്യാർത്ഥി ആയിരുന്നു കിച്ചൻ.

കിച്ചൻ കൃഷ്ണാ സ്റ്റോഴ്‌സ് ഏറ്റേടുത്തതോടെ ആ കടയുടെ പേരിൽ ഒരു മാറ്റം വരുത്തി; "KRISHNA STORES: incorporating Jean Junction' ആ പേര് തന്നെ ഒരു തകർപ്പൻ പേരായിരുന്നു. പിന്നീടാണ് ഞങ്ങൾ കിച്ചന്റെ മാജിക്ക് കണ്ടറിഞ്ഞത്. പാളയം മുതൽ കിഴക്കേ കോട്ട വരെ തമ്പാനൂർ വഴി ഹോർഡിംഗുകളുടെ ഒരു പരേഡ് തന്നെ ആയിരുന്നു. അത് അവതരിപ്പിച്ചപ്പോൾ എല്ലാ ആഴ്ചയിലും ആ ഹോർഡിംഗുകളിലെ "ലെജൻഡ്' മാറിക്കൊണ്ടിരുന്നു. പണ്ടൊക്കെ ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചിരുന്ന ശ്രീകുമാർ തീയേറ്റർ പുതുക്കിപ്പണി കഴിഞ്ഞു വീണ്ടും തുറന്നിട്ട് അധികനാൾ ആയിരുന്നില്ല.

പീറ്റർ സെല്ലേഴ്‌സിന്റെ "ദ പാർട്ടി' ആയിരുന്നു ഉദ്ഘാടനചിത്രം. മെല്ലെ മെല്ലെ പിങ്ക് പാന്തർ സിനിമകൾ എത്തിത്തുടങ്ങി. കിച്ചന്റെ ജീൻ ജംഗ്ഷൻന്റെ എല്ലാ പരസ്യവാചകങ്ങളും ആ സിനിമകളുമായി ബന്ധപ്പെട്ടവയായിരുന്നു. ആദ്യം ഓരോ ആഴ്ചയിലും മാറ്റിയിരുന്നു ഹോർഡിംഗുകൾ പിന്നെപ്പിന്നെ എല്ലാ രാത്രിയിലും മാറ്റപ്പെട്ടുകൊണ്ടിരുന്നു. കിച്ചനും അയാളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും രാത്രി മുഴുവൻ അതിനു വേണ്ടി മെനക്കെട്ടിരുന്നു. ഒന്നോർത്തു നോക്കണം. എല്ലാ രാത്രിയിലും പരസ്യത്തിലെ ഗ്രാഫിക്‌സും വാചകങ്ങളും മാറ്റുകയാണ്. പലരും പറഞ്ഞു, കിച്ചന് പണത്തിന്റെ അഹങ്കാരമാണെന്ന്. മറ്റു പലരും "അവനു വട്ടാ...' എന്ന് പറഞ്ഞു സ്വയം സമാധാനിച്ചു.

കുറച്ചു നാൾ ആ നവീന പരസ്യ ക്യാംപെയ്ൻ നഗരത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു. കാലക്രമേണ കിച്ചന്റെ പരീക്ഷണത്തിന്റെ നവീനതയ്ക്ക് മങ്ങലേൽക്കാൻ തുടങ്ങിയിട്ടുണ്ടാവണം. 1986 ൽ അവധിക്കാലത്ത് നാട്ടിൽ വന്നപ്പോൾ പാളയം വഴിയുള്ള യാത്രയിൽ കിച്ചന്റെ പരസ്യപ്പലകകൾ ഞാൻ തിരഞ്ഞു. ജീൻ ജംഗ്ഷനിൽ ഞാൻ കയറി. നിറം മങ്ങിയ മഴവില്ലുകൾ പോലെ അവിടെ പഴമയുടെ വിരൽപ്പാടുകൾ പതിഞ്ഞ അലങ്കാരവസ്തുക്കൾ. ഒന്നും വാങ്ങാതെ ഞാൻ തിരിച്ചു പോന്നു. പിന്നീടെപ്പോഴോ കിച്ചനെക്കുറിച്ച് അന്വേഷിച്ചപ്പോൾ കേട്ടത് അയാൾ ബിസിനസ്സെല്ലാം വിറ്റ് മുംബൈയിൽ ഏതോ പരസ്യക്കമ്പനിയിൽ കോപ്പിറൈറ്റർ ആയി ജോലി ചെയ്യുകയാണ് എന്ന്. അതിനു ശേഷം എന്തുണ്ടായെന്നു എനിക്കറിയില്ല.

സുഭാഷ് ചന്ദ്രബോസിന്റെ പലവിധ പരിശ്രമങ്ങളുടെ പരാജയങ്ങൾക്കൊടുവിൽ അദ്ദേഹം ഉൾ വലിയുന്ന ഒരു ഘട്ടമായിരുന്നു 1979. എന്റെ വിവാഹം കഴിഞ്ഞ് ഞങ്ങൾ എൻ.സി.സി റോഡിൽ താമസിക്കുമ്പോൾ ഒരിക്കൽ ഞാൻ എന്റെ സഖിയുമൊത്ത് രാമനിലയത്തിൽ പോയി ബോസിനെ കണ്ടു. വീട്ടിലേക്ക് വരാമെന്നെല്ലാം പറഞ്ഞാണ് പിരിഞ്ഞത്. അതും കഴിഞ്ഞ് എന്റെ അമ്മ ഞങ്ങളോടൊപ്പം കുറച്ചു നാൾ വന്നു നിന്നപ്പോൾ തിരുവോണത്തിന് ബോസിനെക്കൂടി ഉച്ചയ്ക്ക് ഊണിന് വിളിക്കാം എന്ന് വിചാരിച്ചു. "പമ്പരം'ആഫീസിലേക്ക് പോകുന്ന വഴി ഞാൻ രാമനിലയത്തിൽ കയറി. ബോസിന്റെ മുറി പൂട്ടിയിരുന്നു. മാനേജരും പോയിരിക്കുന്നു. അവിടെയുള്ള മറ്റൊരു ജോലിക്കാരൻ ഓടി വന്നു. "ഓണത്തിന് അമ്മേടെ കൂടെ ഊണ് കഴിക്കണം എന്നും പറഞ്ഞ് രാവിലേ പോയി. ഇനി മൂന്നാം ഓണം കഴിഞ്ഞിട്ട് നോക്കിയാൽ മതി.'

പിറ്റേന്നത്തെ പത്രത്തിൽ ബോസിന്റെ മരണവാർത്തയാണ് ഞാൻ കണ്ടത്.
ഞെട്ടിത്തരിച്ചു പോയി എന്ന് പറഞ്ഞാൽ അപ്പോഴത്തെ എന്റെ മാനസികാവസ്ഥയ്ക്ക് ചേർന്ന വിശദീകരണമാവില്ല.

എനിക്ക് അല്പം നിരാശ തോന്നിയെങ്കിലും അമ്മയോടൊപ്പം ഓണമുണ്ണാൻ പോയതാണെന്ന് ഓർത്തപ്പോൾ സന്തോഷവും തോന്നി. അങ്ങനെയൊരു പതിവുണ്ടായിരുന്നോ ബോസിന്? ഓർമ്മയില്ല.
പിറ്റേന്ന് പത്രം ഇല്ലല്ലോ. അതിന്റെ പിറ്റേന്നത്തെ പത്രത്തിൽ ബോസിന്റെ മരണവാർത്തയാണ് ഞാൻ കണ്ടത്.
ഞെട്ടിത്തരിച്ചു പോയി എന്ന് പറഞ്ഞാൽ അപ്പോഴത്തെ എന്റെ മാനസികാവസ്ഥയ്ക്ക് ചേർന്ന വിശദീകരണമാവില്ല. ഞാൻ പണ്ടത്തെപ്പോലെ യുവാക്കൾ മാത്രമുള്ള ഒരു ലോഡ്ജിലല്ല താമസിക്കുന്നത്. അതിനാൽ ദുഃഖവാർത്ത ബോസിനെ അടുത്തറിഞ്ഞിരുന്ന മറ്റാരുമായും "ഷെയർ' ചെയ്യാനായില്ല. എന്റെ സഖിക്ക് അറിയാം ബോസുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം.

ആ സംഭവം കഴിഞ്ഞിട്ട് പിറ്റേന്ന് ഞാൻ ജോലിക്കു പോയി. "പമ്പരം' മാസികയിലെ ആർട്ടിസ്റ്റുകളിൽ എസ്. രാജേന്ദ്രൻ മാത്രമായിരുന്നു ബോസുമായി എനിക്കുള്ള ബന്ധം നന്നായി അറിയാമായിരുന്ന ആൾ. 38 വയസ്സിൽ മരണമടഞ്ഞ ബോസ് എത്രയോ കാലം കൂടി ജീവിക്കേണ്ടിയിരുന്നു. ബോസിന്റെ വിപ്ലവ സങ്കൽപ്പങ്ങൾ എന്തായിരുന്നു എന്ന് എനിക്കറിയില്ല. 1974- '79 ഈ അഞ്ചു വർഷങ്ങളിൽ രണ്ട് വർഷം ബോസ് ജയിലിൽ ആയിരുന്നു. രാമനിലയത്തിൽ താമസിക്കുമ്പോൾപ്പോലും ബോസ് തന്നിൽ എളിയവരോട് വിനയം വിട്ടു പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല. രാമനിലയത്തിനു നേരെ എതിര്ഭാഗത്ത് സഹദേവൻ എന്ന പഴയ കമ്മ്യൂണിസ്‌റ് സഖാവിന്റെ "പി.പി പ്രസ്സ്' ആയിരുന്നു. അതിനോട് ചേർന്നുള്ള ഒരു ഒഴിഞ്ഞ വരാന്തയിൽ തുന്നിക്കൊണ്ടിരുന്ന ഒരു വൃദ്ധൻ ഉണ്ടായിരുന്നു. "മേസ്തിരി' എന്നാണ് ബോസ് അയാളെ വിളിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും ആ ജോലിയില്ലാത്ത തുന്നൽക്കാരന് പ്രാതൽ വാങ്ങിക്കൊടുക്കുന്നത് ബോസ് ആയിരുന്നു.
സുഭാഷ് ചന്ദ്രബോസ്, നിങ്ങളെ അറിഞ്ഞവരുടെയെല്ലാം മനസ്സിൽ എന്നും നിങ്ങളുണ്ട്. ഞങ്ങളുടെ മനസ്സിൽ നിശ്ചയമായും ഉണ്ട്.
നിങ്ങളെ അറിയാൻ കഴിഞ്ഞതിൽ കാലത്തോട് ഞാൻ നന്ദി പറയുന്നു.
തിരുവനന്തപുരത്തിന്റെ ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളെ ഓർത്തില്ലെങ്കിൽ ഞാൻ പിന്നെ എത്ര സഞ്ചരിച്ചിട്ടെന്തു കാര്യം? അറിയാനായത് ഒരു ബഹുമതിയായിത്തന്നെ കരുതുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments