ഞാൻ ഒരു കാലത്ത് ഫെമിനിസത്തെ പുച്ഛിച്ച് തള്ളിയിരുന്നു. പിന്നീട് ഞാൻ ഫെമിനിസം പഠിച്ചു. ഫെമിനിസ്റ്റ് ആയി. പക്ഷേ എന്റെ വീട്ടിലാണ് ഞാൻ ഫെമിനിസത്തിന്റെ തിളങ്ങുന്ന പ്രതീകം കണ്ടത്. എന്റെ പ്രിയസഖിയിൽ. ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ, അത് എന്റെയൊപ്പം ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളിലും ചക്രവാതക്കണ്ണുകളിലും പൊരുതി നിൽക്കാൻ എനിക്കൊരു പങ്കാളി, സഖി ഒപ്പമുണ്ടായിരുന്നതിനാൽ മാത്രമാണ്. അവൾക്കു ഞാൻ നൽകുന്ന സ്ഥാനം നിങ്ങൾക്ക് സങ്കല്പിക്കാനാവുന്നതിനപ്പുറത്താണ് എന്ന് മാത്രം പറയുന്നു.
ഇത് വായിക്കുന്ന പ്രിയസുഹൃത്തേ, ഈ വെയിൽക്കാലങ്ങൾക്ക്, പൂർണവിരാമമിടുന്ന അദ്ധ്യായമാണ് ഞാൻ എഴുതിത്തുടങ്ങുന്നത്. "വെയിൽക്കാലങ്ങൾ' എന്ന തലക്കെട്ട് എങ്ങനെ എന്റെ മനസ്സിൽ ഉദിച്ചു എന്നെനിക്കറിയില്ല. വെറുതേ വെള്ളത്താളിൽ മനസ്സിൽ വന്ന ഒരു വാക്ക് അങ്ങെഴുതുകയായിരുന്നു.
ഓരോ അദ്ധ്യായം എഴുതുമ്പോഴും ആ വാക്ക് എന്റെ ഓർമകൾക്ക് എത്രയോ യോജിച്ചതാണെന്ന് എനിക്ക് തോന്നുന്നുണ്ടായിരുന്നു.
ചില തുറന്നു പറച്ചിലുകൾ ചിലരെ മുഷിപ്പിച്ചേക്കാം. എങ്കിലും പറയാൻ തോന്നുന്നത് പറയാതെ പോയാൽ ഇനി പറയാനുള്ളതിനു കാമ്പും കഴമ്പുമില്ലാതാവും. എനിക്ക് വ്യക്തിപരമായി ഇന്നും സ്വാതന്ത്ര്യത്തോടെ ഇടപെടാനാവുന്ന ഒന്നാമത്തെ നേതാവ് എം.എ. ബേബിയാണ്. സുരേഷ് കുറുപ്പും തോമസ് ഐസക്കും അതുപോലെ എനിക്ക് എന്തും പറയുകയും ചോദിക്കുകയും ചെയ്യാവുന്നവരാണ്. ഇതിൽ ബേബിയോട് എസ്.എഫ്.ഐയുടെ വളർച്ചയുടെ ഘട്ടങ്ങളെക്കുറിച്ച് പറയാൻ ആവശ്യപ്പെട്ടപ്പോൾ എന്നെ അതിശയിപ്പിച്ചു കൊണ്ട് ഉടൻ വിശദമായ ഒരു അവലോകനം അയച്ചു തന്നു. അതേസമയം ആ വളർച്ചയുടെ വേറൊരു ഘട്ടം കാണുകയും അതിൽ നിർണായകമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുള്ള ഒരാൾ അയാളെ ചിത്രീകരിച്ച രീതി "പൈങ്കിളി' ആയിപ്പോയി എന്ന് പറയുന്നു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്ന് പറയുക മാത്രമല്ല, എന്റെ പരമ്പരയിൽ പിന്നീട് പേരുമാത്രം പറഞ്ഞു പോകുന്ന നിലയിലേക്ക് അയാളെപ്പറ്റിയുള്ള പരാമർശങ്ങൾ ചുരുക്കുകയും ചെയ്തു. അത്തരം അഭിപ്രായപ്രകടനങ്ങൾക്ക് സൗഹൃദത്തിന്റെ മുഖാവരണം കൂടി ഉപയോഗിക്കാവുന്നതിനാൽ പിന്നീട്, "അയ്യോ, ഞാൻ അതൊന്നും തന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല..' എന്നൊരു ലൈൻ സ്വീകരിച്ച് ഹരിശ്ചന്ദ്രന്മാരാവാം.
എനിക്ക് പറയാനുള്ളതേ ഞാൻ പറയൂ. അത് പറയാതിരിക്കില്ല.
1974 അവസാനം ആയിരിക്കണം എം.എ. ബേബി പ്രസിഡന്റായ എസ്.എഫ്.ഐയുടെ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്. അതിന്റെ ഭാഗമായി വലിയ പണച്ചെലവുണ്ടാകാത്ത (എസ്.എഫ്.ഐ അന്ന് ഒരു സമ്പന്ന സംഘടന അല്ലായിരുന്നു) സാഹിത്യ- കലാമത്സരങ്ങൾ നടത്താൻ തെരഞ്ഞെടുത്ത കമ്മിറ്റിയിൽ ഞാനും ഉണ്ടായിരുന്നു. എനിക്ക് വളരെ സന്തോഷം തോന്നി. ദേശാഭിമാനി സ്റ്റഡി സർക്കിൾ എന്ന വിഷമവൃത്തത്തിൽ വളരെ "സിനിക്കൽ' ആയ കുറെ സോ - കോൾഡ് സാഹിത്യ ഉപദേശികൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ അത്തരം ദോഷൈകദൃക്കുകളുടെ കാലഹരണപ്പെട്ട ചിന്താപദ്ധതികളിൽ കുരുങ്ങി വെറും "സോദ്ദേശ്യ' സാഹിത്യ "നിർമാതാക്ക'ളായി ചുരുങ്ങിപ്പോകാതിരിക്കാൻ ബോധപൂർവമുള്ള ശ്രമങ്ങൾ നടത്തേണ്ടിയിരുന്നു. അതിനുള്ള കരുത്തോ ഘടനകളോ ഞങ്ങൾക്ക് പ്രാപ്യമല്ലെന്ന് അറിയാമായിരുന്നെങ്കിലും വഴിതെളിക്കുക എന്നതിനപ്പുറം നല്ല സാഹിത്യമാണ് നമുക്ക് വേണ്ടത് എന്ന നിലപാട് ധൈര്യപൂർവ്വം മുന്നോട്ട് വയ്ക്കുക എന്ന ചരിത്രപരമായ ദൗത്യം കൂടിയാണ് ഞങ്ങൾ ഏറ്റെടുത്തത്.
പതിവിനു വിപരീതമായി തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ചില കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആ കൂട്ടത്തിൽ വിടർന്ന വലിയ കണ്ണുകളും അല്ലലില്ലാത്ത ചിരിയുമായി എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചുകൊണ്ടിരുന്ന ഒരു ചീനിമുളകുണ്ടായിരുന്നു: പ്രീ ഡിഗ്രി
വിദ്യാർത്ഥിനിയായ ബീനാ അലക്‌സ്. പ്രസംഗവേദിയിലും ചെറുകഥാരചനയിലും ഉപന്യാസത്തിലും എല്ലാം ആ കുട്ടി തന്നെക്കാൾ എത്രയോ സീനിയർ ക്ലാസുകളിലെ വിദ്യാർത്ഥിനികളെ പരാജയപ്പെടുത്തിയാണ് സമ്മേളനപ്പന്തലിൽ നിന്ന് പോയത്.
അതിനു ശേഷം അടിയന്തരാവസ്ഥ.
എന്നെ ചവിട്ടിത്തേക്കാം എന്ന് വ്യർത്ഥ സ്വപ്നം കണ്ടിരുന്ന ചിന്തയിലെ "വെള്ള' മനുഷ്യന്റെയും അയാളുടെ മേലുദ്യോഗസ്ഥന്റെയും മാർക്കടമുഷ്ടിക്കു വഴങ്ങി, പബ്ലിക് ലൈബ്രറിയിൽ നിന്ന് ഞാൻ പണ്ട് വായിച്ച് അഭിമാനം കൊണ്ട "ജീവിച്ചിടുന്നു മൃതിയിൽ' (മന്മഥനാഥ് ഗുപ്ത: ഭാഷാന്തരം - രവിവർമ്മ) എന്ന പുസ്തകം പകർത്തിയെഴുതുക എന്ന ദാസ്യപ്രവൃത്തിക്ക് ( ആ പ്രവർത്തിയുടെ "ഓമനപ്പേര്' Data Collection) ഞാൻ തയാറായ സമയം.
ഒരു ദിവസം ലൈബ്രറിയിൽ നിന്ന് ഉച്ചക്കുമുമ്പുതന്നെ പണി തീർത്ത് ഞാൻ ചിന്ത ആഫീസിലേക്ക് നടക്കുകയാണ്. സെക്രട്ടേറിയറ്റിന്റെ വടക്കേ ഗെയ്റ്റ് എത്തിയപ്പോൾ അതാ ഒരു ചെറിയ വിദ്യാർത്ഥിക്കൂട്ടം. എ.ഐ.എസ്.എഫിന്റെ ബാനർ കണ്ടു. ഒന്നുകൂടി നോക്കിയപ്പോൾ ഹാഫ് സാരിയുടുത്ത ഒരു പെൺകുട്ടി തട്ടിക്കൂട്ടിയ ഒരു പോഡിയത്തിന്മേൽ നിന്ന് വീറോടെ സംസാരിക്കുന്നു. അധികസമയം ഞാൻ നിന്നില്ല. കാരണം ആ പ്രസംഗത്തിന്റെ തീപ്പൊരി വീണ് എനിക്ക് കൂടി തീ പിടിച്ചേനെ!
ആ പ്രാസംഗികയുടെ വിടർന്ന കണ്ണുകളിൽ അഗ്‌നിയുണ്ടായിരുന്നു.
ആ കുട്ടി തന്നെ! ബീനാ അലക്‌സ് ! അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്ന സംസാരമായിരുന്നെങ്കിലും ആ കുട്ടിയുടെ വീറും വാശിയും എനിക്ക് ഒരുപാടിഷ്ടമായി.
പിന്നീട് ഞാൻ ബീനാ അലക്‌സിനെ കണ്ടത് അടിയന്തരാവസ്ഥയുടെ ഏതോ ഒരു ഘട്ടത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ ഞങ്ങളുടെ പിന്തുടർച്ചക്കാർ ഏറ്റു വാങ്ങിയ യു.സി.എസ്.എഫ്. നടത്തിയ ഒരു കവിസമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ്. ബുദ്ധിശാലിയായ ഈ കുട്ടി അടിയന്തരാവസ്ഥയെ അന്ധമായി പിന്തുണയ്ക്കുന്ന സി.പി.ഐയുടെ വിദ്യാർത്ഥി സംഘടനയിൽ ചെന്ന് വീണു പോയല്ലോ എന്ന് ഞാൻ ആലോചിക്കുകയും അവൾക്ക് നല്ല അടുപ്പമുണ്ടായിരുന്ന തോമസ് ജോർജ്ജിനോട് അത് സൂചിപ്പിക്കയും ചെയ്തു. തോമസ് ജോർജ്ജ് ചിരിച്ചു തള്ളി.
"അവൾ എവിടെയെങ്കിലും ചേരട്ടെടോ, തനിക്കെന്താ?' എന്ന് മുന വച്ച് ഒരു ചോദ്യവും ചോദിച്ച് അയാൾ എന്നെ തഴഞ്ഞു.
ഞാൻ എം.എയ്ക്ക് ചേരുമ്പോൾ ബീനാ അലക്‌സ് യൂണിവേഴ്സിറ്റി കോളേജിൽ
ബി.എ. ജോഗ്രഫി രണ്ടാം വർഷമായിരുന്നു. അപ്പോഴേക്ക് സാരിയിലേക്ക് അവൾ സ്വയം പ്രൊമോട്ട് ചെയ്തിരുന്നു. ജിയോഗ്രാഫി വിഭാഗത്തിൽ നാല് പെൺകുട്ടികളെ ഉണ്ടായിരുന്നുള്ളു. അതിലെ സ്റ്റാർ; അതിലെ മാത്രമല്ല; കോളേജിലെ തന്നെ ഒരു താരപ്രഭ ബീനാ അലക്‌സ് തന്നെ ആയിരുന്നു.
സുഹാസിനിയ്ക്കു മുൻപേ വന്ന സുഹാസിനി!
ഞങ്ങളുടെ കാലത്ത് സുഹാസിനി എന്നൊരു താരമില്ല!
ഞാൻ ബീനയുമായി സംസാരിക്കുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്.
ഒരു നാൾ മലയാളനാട് വാരികയിൽ ബീനയുടെ ഒരു കഥ കണ്ടു. അല്പം പൈങ്കിളിയാത്മകമായിരുന്നെങ്കിലും ചടുലമായ ആ ഭാഷ എനിക്ക് വല്ലാതങ്ങ് ബോധിച്ചു. ഞാൻ യൂണിവേഴ്സിറ്റി ആഫീസിൽ പോയി വരുന്ന സമയം ഞങ്ങൾ സർവകലാശാലയുടെ പ്രധാന ഗെയ്റ്റിനടുത്ത് കണ്ടുമുട്ടി.
കഥയെക്കുറിച്ചാണ് സംസാരിച്ചു തുടങ്ങിയത്.
ഞങ്ങൾ വളരെക്കുറച്ചു പ്രാവശ്യമേ പരസ്പരം ശ്രദ്ധിച്ചിട്ടുള്ളു.
പക്ഷെ അന്നത്തെ സംസാരം നീണ്ടുപോയി. പിന്നെ ഞങ്ങളൊന്നിച്ചു നടന്നു ലൈബ്രറി കാന്റീനിൽ നിന്ന് ചായ കുടിച്ച് കുറേക്കൂടി വർത്തമാനം പറഞ്ഞു പിരിഞ്ഞു. പിറ്റേന്നും അതിന്റെ പിറ്റേന്നും. ഏതോ ഒരു കാര്യം പറയാതെ വിട്ടു പോകും; എന്നും. ""അത് നാളെ പറയാം'' എന്ന ഉറപ്പിൽ പിരിയും. അതങ്ങനെ നീണ്ടു പോയി.
1979 ജൂൺ 17 ന് ഞങ്ങൾ ഒന്നിച്ച് താമസം തുടങ്ങി.
കുറെ ദിവസം കുമാരേട്ടന്റെ (കെ.പി.) എൽ.ഐ.സി. കോളനിയിലെ വീട്ടിൽ. അതിനു ശേഷം എൻ.സി.സി. റോഡിൽ. പിന്നീട് എന്റെ സഖി എം.എയ്ക്ക് ചേർന്നു. എം.എയ്ക്ക് പഠിക്കുമ്പോൾ തന്നെ അവൾ ഗർഭിണിയായി; ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെയൊപ്പം അവൾ എം.എ. പരീക്ഷയെഴുതി കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം റാങ്കും ഒന്നാം ക്ലാസും നേടി.
ഞങ്ങളുടെ മോൾക്ക് ഒരു വയസ്സായത് ഞങ്ങൾ നാട് വിട്ടതിനു ശേഷമാണ്. ഞങ്ങളുടെ ജീവിതം മാതൃകാപരമാണെന്നോ ഞങ്ങൾ മാതൃകാദമ്പതി മാരാണെന്നോ ഞാൻ അവകാശപ്പെടില്ല.
പക്ഷെ എന്റെ സഖിയെപ്പോലെ വേറെ ഒരു സ്ത്രീ ഈ ലോകത്തില്ല. എന്റെ കുറവുകൾ, എന്റെ വഴിപ്പിഴകൾ ഇതെല്ലാം കണ്ട് സർവംസഹയായി ജീവിക്കുന്ന ഒരു സാധ്വിയല്ല എന്റെ സഖി. ഞങ്ങളുടെ പ്രണയവും ദാമ്പത്യവും എപ്പോഴൊക്കെ വെല്ലുവിളിക്കപ്പെട്ടിട്ടുണ്ടോ, അപ്പോഴൊക്കെ ഞാനായിരുന്നില്ല, അവയ്ക്കു മുന്നിൽ നിന്ന് അസ്ത്രങ്ങളേറ്റു വാങ്ങി, നിശ്ശബ്ദം രക്തം വാർന്നുകൊണ്ടിരുന്നത്.
ഞങ്ങളുടെ പ്രണയം കോളേജ് മുഴുവൻ അംഗീകരിച്ച പ്രണയമായിരുന്നു.
ഹൃദയകുമാരി ടീച്ചറുടെ മൗനത്തിൽ പൊതിഞ്ഞ സമ്മതം ഞങ്ങൾക്കുണ്ടായിരുന്നു. ഇംഗ്ലീഷ് വിഭാഗം തലൈവി ആയിരുന്ന സാധുവായ ഹെഫ്സിബ യേശുദാസൻ എന്ന ടീച്ചർക്കും ഞങ്ങളെക്കുറിച്ച് അറിയാമായിരുന്നു.
അതിന്റെ ഒരു ഉദാഹരണം ഞങ്ങളുടെ ഒരു കാലത്തെ ഹിസ്റ്ററി പ്രൊഫസർ ഗോപാലൻ നായർ പറഞ്ഞു ഞങ്ങൾ കേട്ടിട്ടുണ്ട്. ഗോപാലൻ നായർ സാർ അന്നത്തെ പ്രിൻസിപ്പൽ മധുസൂദന പെരുമാളിന്റെ ആഫീസിൽ ഇരിക്കുന്നു.
സമയം ഉച്ച തിരിഞ്ഞ് 4:30. ആയിടെ മറ്റേതോ കോളേജിൽ നിന്ന് സ്ഥലം മാറി വന്ന ഒരു അറ്റൻഡർ വന്നു പെരുമാൾ സാറിനോട് ഒരു പരാതി പറയുകയാണ്. ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെൻറിനു മുന്നിലെ പടിക്കെട്ടിൽ രണ്ടുപേർ ചേർന്നിരുന്ന് സല്ലപിച്ച് തകർക്കുന്നു. ("സൊള്ളുക' എന്നാണത്രെഅയാൾ പറഞ്ഞത്). അയാൾ പല പ്രാവശ്യം അവർക്കു മുന്നിലൂടെ നടന്നു നോക്കി. അവർ കണ്ട മട്ടില്ല. പിടിച്ച് വെളിയിലാക്കട്ടെ സാർ?
മധുസൂദന പെരുമാൾ സാറിനെപ്പോലെ ഇത്രയും വിദ്യാർത്ഥികളെ സ്‌നേഹിക്കുന്ന അദ്ധ്യാപകർ ചുരുക്കമാണ്. അദ്ദേഹം ആ ആൾക്കാരെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ ഗോപാലൻ നായർ സാർ പറഞ്ഞു; "അത് നമ്മുടെ ജയചന്ദ്രനും അയാൾ വിവാഹം കഴിക്കാൻ പോകുന്ന ബീനാ അലക്സും ആയിരിക്കും. അവർ മാത്രമേ അവിടെ വന്നിരിക്കാറുള്ളു. അത് ഒരു ഓപ്പൺ സ്പെയ്സ് അല്ലെ.'
ഞാൻ ബി.എയ്ക്ക് പഠിക്കുമ്പോൾ എന്റെ സംഗീതത്തിന്റെ വലിയൊരു രസികനായിരുന്നു പെരുമാൾ സാർ. വർഷങ്ങൾക്കുശേഷം സാറിനെ പബ്ലിക് ലൈബ്രറിയുടെ മുന്നിലെ പുതിയ ബസ് സ്റ്റോപ്പിൽ കണ്ടപ്പോൾ അദ്ദേഹം നെടുമങ്ങാട് ഗവ. കോളേജിലെ പ്രിൻസിപ്പലായി സ്ഥലം മാറിയിരുന്നു. ബസിൽ കയറാൻ പോകുന്നതിനിടെ അദ്ദേഹം എന്നോടന്വേഷിച്ചു; "ജയചന്ദ്രന്റെ മകൾക്ക് സംഗീതം ഉണ്ടോ?'
"നിർഭാഗ്യം സാർ, ഇല്ല '; അത് പറഞ്ഞു തീരും മുൻപ് സാർ ബസിൽ ചാടിക്കയറിക്കഴിഞ്ഞിരുന്നു. അങ്ങനെയുള്ള അദ്ധ്യാപകരുണ്ടായിരുന്നു.
പെരുമാൾ സാർ അറ്റൻഡറോട് ഇങ്ങനെ പറഞ്ഞു എന്നാണ് ഗോപാലൻ നായർ സാർ ഞങ്ങളോട് വിശദീകരിച്ചത്: "എഡോ, അവർ രണ്ടുപേരും അവിടെ എന്നല്ല, ഈ കോളേജിൽ എവിടെ ഇരിക്കുന്നത് കണ്ടാലും താൻ പരാതി പറയാൻ ഇങ്ങോട്ടു വരണ്ട. എനിക്ക് അവരെ രണ്ട് പേരെയും നന്നായറിയാം. അവർ വേറെ വൃത്തികേടിനൊന്നുമല്ല അവിടെ ഇരിക്കുന്നത്.'
അറ്റൻഡറുടെ ശ്വാസം നിലച്ചു പോയിട്ടുണ്ടാവും. ഇത് വെറും "തള്ള'ല്ല.
ഗോപാലൻ നായർ സാറിന്റെ വീട്ടിൽ വച്ച് അദ്ദേഹത്തിന്റെ മകനും കൂടി നിൽക്കുമ്പോഴാണ് അദ്ദേഹം ഇത് ഓർമിച്ചു പറഞ്ഞത്; 1982 ൽ.
ഞങ്ങളുടെ സ്‌നേഹം ഇന്നും തെളിഞ്ഞു കത്തുന്ന ഒരു നാളമായി നിൽക്കുന്നതിനു കാരണം അവളുടെ ഹൃദയശുദ്ധിയും ആത്മാർപ്പണവും മാത്രമാണ്. നാല് ദശകങ്ങളിലെ ദാമ്പത്യത്തിൽ എത്ര സംഘർഷങ്ങൾ, എത്ര കൊടുങ്കാറ്റുകൾ ഉണ്ടായിരിക്കാം; എത്ര പെരുമഴക്കാലങ്ങൾ ഉണ്ടായിരിക്കാം. അവയെല്ലാം ശമിക്കാൻ എന്ത് നൽകാനും തയാറാവുന്ന ഒരാളുണ്ട്: അവളാണ് സ്ത്രീ. അവൾ ശക്തിയും സൗന്ദര്യവുമാണ് എന്ന് പറയുന്നത് വെറും ഒരു അലങ്കാരപ്രയോഗം മാത്രമല്ല.
ഞാൻ ഒരു കാലത്ത് ഫെമിനിസത്തെ പുച്ഛിച്ച് തള്ളിയിരുന്നു. പിന്നീട് ഞാൻ ഫെമിനിസം പഠിച്ചു. ഫെമിനിസ്റ്റ് ആയി. പക്ഷേ എന്റെ വീട്ടിലാണ് ഞാൻ ഫെമിനിസത്തിന്റെ തിളങ്ങുന്ന പ്രതീകം കണ്ടത്. എന്റെ പ്രിയസഖിയിൽ. ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ, അത് എന്റെയൊപ്പം ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളിലും ചക്രവാതക്കണ്ണുകളിലും പൊരുതി നിൽക്കാൻ എനിക്കൊരു പങ്കാളി, സഖി ഒപ്പമുണ്ടായിരുന്നതിനാൽ മാത്രമാണ്. അവൾക്കു ഞാൻ നൽകുന്ന സ്ഥാനം നിങ്ങൾക്ക് സങ്കല്പിക്കാനാവുന്നതിനപ്പുറത്താണ് എന്ന് മാത്രം പറയുന്നു.
23 ആഴ്ചകളായി ഈ താളുകളിൽ ഞാൻ തുറന്നു വച്ചത് ജീവിതത്തിലെ ഏറ്റവും ചെറിയ ഒരു ഭാഗം മാത്രമാണ്. എന്റെ ജീവിതമെന്നാൽ കുറെ കലാലയങ്ങളിൽ ഉയർന്നു പൊങ്ങിയ ഇൻക്വിലാബ് വിളികളിലും സംഘർഷങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യയിൽ ജീവിച്ചതിലേറെക്കാലം മറ്റൊരു ഭൂഖണ്ഡത്തിൽ ജീവിക്കുകയും ജീവിതത്തിന്റെ സുന്ദരവും അസുന്ദരവുമായ മുഖങ്ങൾ ഒട്ടേറെ കാണുകയും ചെയ്ത നാല് ദശകങ്ങൾ.
തിരികെ നാട്ടിലെത്തിക്കഴിഞ്ഞ് ഞാൻ ചില പത്രമാസികകളോട് അന്വേഷിച്ചു; എന്റെ ആഫ്രിക്കൻ ജീവിതയാത്രയെപ്പറ്റി എഴുതട്ടെ; പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിക്കുമോ?
അങ്ങനെ ഒരാൾ ചോദിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ "ക്ഷമിക്കണം. ഞങ്ങൾക്ക് അതിൽ താൽപ്പര്യമില്ല’ എന്നെങ്കിലും ഒരു പ്രതികരണം നൽകാൻ ഈ "പത്രാധിപർ' എന്ന് ബഹുവചനത്തിൽ സ്വയം പ്രഘോഷിക്കുന്നയാൾക്ക് ഉത്തരവാദിത്വമില്ലേ? ഞാൻ കണ്ടിട്ടുള്ള ഏറ്റവും മഹാന്മാരായ പത്രാധിപന്മാരാണ് കാമ്പിശ്ശേരി കരുണാകരനും വൈക്കം ചന്ദ്രശേഖരൻ നായരും കെ.എസ്. ചന്ദ്രനും. അവരുടെ ആഫീസുകൾക്കു മുന്നിൽ ഗൂർഖകളോ മറ്റു കാവൽക്കാരോ ഇല്ലായിരുന്നു. അവരുടെ അനുവാദത്തോടെ ആർക്കും അവരുടെ ആഫീസിൽ കടന്നു ചെല്ലാം.
ഒരുപക്ഷേ സാഹചര്യങ്ങൾ മാറിയിരിക്കാം. പക്ഷെ മനുഷ്യനിൽ അന്തർലീനമായി ഉണ്ടാവുമെന്ന് നാം കരുതുന്ന സാമൂഹ്യമര്യാദകൾ; മനുഷ്യത്വം എന്ന ചെറിയ ഗുണം; അവയൊക്കെ മറന്നു കൊണ്ട് പ്രവർത്തിക്കാൻ ഒരു പത്രാധിപനും ദിവ്യമായ അധികാരമൊന്നുമില്ല. (മെഗലോമാനിയാക്കുകൾ!) അതറിയണമെങ്കിൽ ന്യൂയോർക്ക് ടൈംസിനോ ഗാർഡിയനോ എഡിറ്ററുടെ പേരിൽ ഒന്നെഴുതി നോക്കൂ. ഇരുപത്തിനാലു മണിക്കൂറിനകം നിങ്ങൾക്കവർ നേരിട്ട് മറുപടി തന്നിരിക്കും.
ഇത്രയും പറയേണ്ടി വന്നതിൽ ദുഃഖമില്ല; ലജ്ജയുണ്ട്.▮(അവസാനിച്ചു)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.