ബാലചന്ദ്രൻ ചുള്ളിക്കാട് ജി. അരവിന്ദന്റെ പോക്കുവെയിലിൽ / Photo: Wikimedia Commons

കറ പുരളാത്ത ഒരു കവി- ശബ്ദം

വെയിൽക്കാലങ്ങൾ- 11

ബാലചന്ദ്രൻ ‘യാത്രാമൊഴി' ചൊല്ലിത്തുടങ്ങിയപ്പോൾ അടുത്ത മുറിയിലെ കുട്ടിച്ചൻ ഒന്നുരണ്ടു സുഹൃത്തുക്കളുമായി വാതിൽക്കൽ വന്ന് എന്നോട് നിശ്ശബ്ദമായി ‘അകത്തേക്ക് വന്നോട്ടെ' എന്നു അനുവാദം ചോദിച്ചു. അതിനു പിറകെ മറ്റുള്ളവരും വന്നു തുടങ്ങി. കവിത ചൊല്ലിക്കഴിഞ്ഞപ്പോൾ സൂചി നിലത്തു വീണാൽ മുഴങ്ങുന്ന നിശ്ശബ്ദത.

ളരെ നേരത്തെ പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും വായിക്കാൻ തുടങ്ങിയ ഒരു കുട്ടിയാണ് ഞാൻ. ധാരാളം പ്രസിദ്ധീകരണങ്ങൾ വീട്ടിൽ വന്നിരുന്നതും വായന ഒരു ചര്യയായി മാറാൻ അങ്ങേയറ്റം സഹായിച്ചു. മാതൃഭൂമി, മലയാളരാജ്യം, ജനയുഗം, പിന്നീട് ദേശബന്ധു (സി. എൻ. പത്രാധിപരായ കാലം) അങ്ങനെ എല്ലാ ആഴ്ചപ്പതിപ്പുകളും "ആദ്യം' വായിക്കാൻ ഞങ്ങൾ കുട്ടികൾ പോരടിച്ചിരുന്ന ഒരു കാലം. സിനിമാ നിരൂപണങ്ങൾ വിടാതെ വായിച്ചിരുന്നത് മാതൃഭൂമിയിൽ "സിനിക്ക്' എഴുതിയിരുന്നവ; പിന്നെ മലയാളരാജ്യത്തിൽ "ബാലൻ' എഴുതിയിരുന്നവ. അങ്ങനെ "ബാലൻ' എഴുതിയിരുന്ന ഓരോ നിരൂപണവും ഒരു വാക്കും വിടാതെ വായിച്ചിരുന്ന ഞാൻ എന്ന കുട്ടി "ബാല'ന്റെ ഒരു നിരൂപണത്തിലെ ഒരു വാക്ക് കാരണം ""കുട്ടിക്കാലത്തന്നെ വഷളത്തം'' പഠിക്കാനിടയായി രണ്ടാഴ്ചത്തേക്ക് ഒരു വാരികയും വായിക്കേണ്ട എന്ന വിധിക്കു പിറകേ നാരായണീയം ""ഒടുക്കത്തെ പത്ത് ''മുഴുവൻ ഹൃദിസ്ഥമാക്കുക എന്നൊരു അനുബന്ധത്തോടെ ലൗകികജീവിതത്തിൽ നിന്ന് അകറ്റിനിർത്തപ്പെട്ട സംഭവം എങ്ങനെ മറക്കാനാണ്? വികടനായിത്തീർന്ന ആ വാക്ക് എന്തെന്നല്ലേ? പറയാം.

"സെക്‌സിൻ' എന്ന മാരകമായ എന്തോ ഒന്ന് സിനിമകളിലെല്ലാം "കയ്യാങ്കളി' നടത്തുന്നുണ്ട്. അതാരാണ്, ഇത്രയുമേ ഞാൻ അമ്മയോട് ചോദിച്ചുള്ളൂ...

1960കളുടെ ആദ്യപകുതിയെ കണ്ണീരിലാഴ്​ത്തിയ ഒരു മെലോഡ്രാമയുണ്ട് തമിഴിൽ; "കല്യാണപ്പരിശ്' എന്ന ആദ്യചിത്രത്തിലൂടെ തമിഴ് സിനിമയുടെ ഭാവുകത്വത്തിന് പുതിയ ചക്രവാളങ്ങളിലേക്കൊരു ചൂണ്ടുപലകയായ ശ്രീധർ എന്ന യുവ സംവിധായകന്റെ രണ്ടാമത്തെ (ആണെന്ന് തോന്നുന്നു) ചിത്രമായ "നെഞ്ചിൽ ഓർ ആലയം'. താരതമ്യേന അപ്രശസ്തരായ മുത്തുരാമൻ, ദേവിക, കന്നഡ നടനായ കല്യാൺ കുമാർ എന്നിവരെകൊണ്ട് ഒരുപാടു കരയിച്ചും സൂപ്പർ പാട്ടുകൾ പാടിച്ചും (മുത്താന മുത്തല്ലവോ, എങ്കിരുന്താലും വാഴ്ക, ശൊന്നതു നീ താനാ... എല്ലാം ഹിറ്റുകൾ) ചിത്രം തെന്നിന്ത്യയെ കണ്ണീരിലാഴ്ത്തി.

'നെഞ്ചിൽ ഓർ ആലയം' പോസ്റ്റർ

എന്റെ നിർഭാഗ്യമെന്നു പറയട്ടെ, "ബാലൻ' എഴുതിയ നിരൂപണം തുടങ്ങുന്നത് ഈ വാക്കുകളോടെയാണ്:
"സെക്‌സിന്റെ കയ്യാങ്കളിയില്ലാതെ'....പല ആവർത്തി വായിച്ചിട്ടും പത്തു വയസ്സിന് മനസ്സിലായില്ല. ഏറ്റവും സൗകര്യമുള്ള നിഘണ്ടു അമ്മയാണ്. ഇംഗ്ലീഷ് ഡിക്ഷ്ണറി നോക്കണമെങ്കിൽ വാക്കിന്റെ സ്‌പെല്ലിംഗ് അറിയണ്ടേ? "സെക്‌സിന്റെ' എന്നാൽ "സെക്‌സിൻ' എന്ന മാരകമായ എന്തോ ഒന്ന് സിനിമകളിലെല്ലാം "കയ്യാങ്കളി' നടത്തുന്നുണ്ട്. അതാരാണ്, ഇത്രയുമേ ഞാൻ അമ്മയോട് ചോദിച്ചുള്ളൂ. "ഇവിടെ കൊണ്ടുവരൂ ആ ആഴ്ചപ്പതിപ്പ്!'
പതിവുള്ള മാർദ്ദവമേയില്ല ആ ശബ്ദത്തിൽ. കൊണ്ടുപോയി കൊടുത്തപ്പോൾ കിട്ടിയ ഉത്തരം മഹാവിചിത്രം.
"കുട്ടിക്കാലത്തന്നെ വഷളത്തം പഠിക്കാനാണ് തോന്നീത്?'
ഞാൻ വായിച്ചിരുന്ന എല്ലാ ആഴ്ചപ്പതിപ്പുകളും സ്‌നേഹപൂർവ്വം "കണ്ടു കെട്ടപ്പെട്ടു'. മുഖ്യവിധിന്യായം പിന്നാലെ വരികയും ചെയ്തു. "നാരായണീയത്തിലെ അവസാനത്തെ പത്തു ശ്ലോകങ്ങൾ- "ഒടുക്കത്തെ പത്ത്'-അത് കേശാദിപാദവർണനയാണ്. എന്നും നാമജപം കഴിഞ്ഞാൽ അത് വായിക്കുക നിർബന്ധമാണ്. ശിക്ഷാവിധിയിൽ വെറുതെ വായിച്ചാൽ പോരാ; ഹൃദിസ്ഥമാക്കുക തന്നെ വേണം. "സെക്‌സി'ന്റെ അർത്ഥം തേടിയുള്ള അന്വേഷണം പിന്നെയും കുറച്ചു നാൾ നീണ്ടു. എന്റെ വിചാരം ആ നിരൂപണമെല്ലാം എഴുതിയിരുന്നത് ജനയുഗം ലീഗിലെ "ബാലേട്ടൻ' ആയിരുന്ന തെങ്ങമം ബാലകൃഷ്ണൻ ആയിരുന്നു എന്നാണ്. ഞാൻ മനസ്സിൽ അദ്ദേഹത്തെ ശപിച്ചു; അറിയാതെയാണെങ്കിലും എന്നെ ഒരു അബദ്ധത്തിൽ കൊണ്ടുപോയി ചാടിച്ചതിന്. ഈ കഥ; അല്ല ഈ സംഭവം പരിണമിക്കുന്നത് കണ്ടോളൂ.

ശ്രീവരാഹം സാർ നല്ല ഒരു കോപ്പി റൈറ്റർ ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് ഒരു പക്ഷെ നിരാശ തോന്നാനിടയുള്ള ഒരേയൊരു കാര്യം താൻ തിരക്കഥ എഴുതിയ ചിത്രങ്ങൾ വേണ്ടത്ര വിജയിച്ചില്ല എന്നതാവാം

എനിക്ക് യാതൊരു മുൻപരിചയവുമില്ലാത്ത "അരവിന്ദകുമാരദാസ്' എന്നൊരാൾ ഒരു ദിവസം എന്റെയൊപ്പം പാളയം മുതൽ നടന്നുവന്നു. ഞാൻ അയാളെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫീസിൽ വച്ച് ഒന്ന് കണ്ടതേയുള്ളു. ഞങ്ങൾ ആയുർവേദ കോളേജിനടുത്തെത്തിയപ്പോൾ നിരത്തുമുറിച്ചു കടന്ന് "സ്വാമീസ് ബുക് സെന്ററി'ലേക്ക് നടന്നു കയറുന്ന ഒരു ശുഭ്രവസ്ത്രധാരിയെ ചൂണ്ടി എന്നോടയാൾ ചോദിച്ചു, "ആ പോകുന്ന ആളെ അറിയാമോ? അതാണ് ശ്രീവരാഹം ബാലകൃഷ്ണൻ. പരിചയപ്പെടണോ?'

സ്വാമീസിൽ നിന്ന് എന്തോ വാങ്ങി വായിക്കുന്ന ശ്രീവരാഹത്തെ യാതൊരു കൂസലുമില്ലാതെ അരവിന്ദകുമാരദാസ് നേരിട്ടു. "സാർ, ഇതാ ഇയാൾ സാറിനെ പരിചയപ്പെടാനായി നടക്കുകയാണ്.' എന്നെ പിടിച്ച് അദ്ദേഹത്തിന്റെ മുന്നിലേക്ക് നീക്കിനിർത്തിക്കൊണ്ടാണ് ഈ ഡയലോഗ്. ശ്രീവരാഹം സാർ സൗമ്യമായി ചിരിച്ച് എന്റെ പേരും മറ്റും ചോദിച്ചു. അദ്ദേഹം ഞാനുമായി സംസാരിക്കാൻ തുടങ്ങി ഒരു മിനിറ്റ് കഴിഞ്ഞു; ഞാൻ അരവിന്ദകുമാരദാസിനെ നോക്കിയപ്പോൾ കാണാനില്ല. അയാളെ ഞാൻ പിന്നീട് കണ്ടത് 1976 ലാണ്. തക്കലയ്ക്കടുത്തുള്ള ഒരു അമ്പലത്തിൽ ഞങ്ങളുടെ ഗാനമേള ഉണ്ടായിരുന്നു; ഒരു ഉത്സവകാലത്ത്. അന്ന് കണ്ടപ്പോൾ പണ്ടൊരിക്കൽ കണ്ട കാര്യമൊന്നും കുമാരദാസ് ചോദിച്ചില്ല. കണ്ടതിൽ ഒരുപാടു സന്തോഷമായെന്ന് അയാളുടെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസ്സിലായി. അരവിന്ദകുമാരദാസ് ശ്രീവരാഹം സാറിന്റെ വിദ്യാർത്ഥി ആവുമെന്നാണ് ഞാൻ നിനച്ചത്. സർ പക്ഷെ അന്നത്തെ ഒന്നര മിനിട്ടിനു മുൻപും പിൻപും അയാളെ കണ്ടിട്ടില്ല.

ശ്രീവരാഹം സാർ കാരണം സിനിമാമേഖലയിൽ വിജയിച്ച പലരുമുണ്ട്. ആരൊക്കെയെന്ന് പേരെടുത്ത് പറയുന്നില്ല.

ശ്രീവരാഹം സാറുമായി അന്നു തുടങ്ങിയ ബന്ധം ഇന്നും മുറിഞ്ഞു പോയിട്ടില്ല. ഇടയ്ക്ക് ഭംഗം വന്നിരിക്കാം. പക്ഷെ സാറിന്റെ ഉള്ളിൽ എക്കാലവും എന്നോട് സ്‌നേഹവാത്സല്യങ്ങൾ മാത്രമേയുള്ളു എന്ന് എനിക്കറിയാം.
അദ്ദേഹവുമായുള്ള അടുപ്പം ഒരുപാട് പുതിയ അറിവുകളുടെ ലോകത്തേക്ക് (പ്രത്യേകിച്ചും സിനിമയെ സംബന്ധിച്ച്) എന്നെ നയിച്ചിട്ടുണ്ട്. അദ്ദേഹം അന്ന് ധനുവച്ചപുരം എൻ.എസ്.എസ് കോളേജിലായിരുന്നു പഠിപ്പിച്ചിരുന്നത്. സർ ഒരു "ഫൈവ് സ്റ്റാർ' അധ്യാപകൻ തന്നെ ആയിരുന്നു. ഞാൻ ചില വിക്ടോറിയൻ കവികളെ പഠിക്കാൻ ശ്രീവരാഹം സാറിനെ സമീപിച്ചിട്ടുണ്ട്. അതെല്ലാം തന്നെ അവിസ്മരണീയമായ അനുഭവങ്ങളാക്കി മാറ്റിയത് അദ്ദേഹത്തിന്റെ തികച്ചും വ്യത്യസ്തമായ അധ്യാപനശൈലി തന്നെയാണ്.

റോബർട്ട് ബ്രൗണിംഗിന്റെ "ഒന്നിച്ചുള്ള അവസാനത്തെ സവാരി'യും ഹോപ്കിൻസ് കവിതകളുമെല്ലാം ശ്രീവരാഹം സാറിന് വളരെ പ്രിയപ്പെട്ടവയായിരുന്നു. അദ്ദേഹവുമായുള്ള വർഷങ്ങൾ നീണ്ട സ്‌നേഹബന്ധത്തിനിടയിലെപ്പോഴോ അദ്ദേഹം പറഞ്ഞു, മലയാളരാജ്യം ചിത്രവാരികയിൽ "ബാലൻ' എന്ന പേരിൽ നിരൂപണം എഴുതിയിരുന്നത് താനാണെന്ന്. അന്ന് ഞാൻ എന്റെ "കദനകഥ' വിസ്തരിച്ച് പറയുകയും കേട്ടിരുന്ന സുഹൃദ് സംഘം നന്നായി ആസ്വദിക്കുകയും ചെയ്തു.

ശ്രീവരാഹം ബാലകൃഷ്ണൻ

ശ്രീവരാഹം സാർ നല്ല ഒരു കോപ്പി റൈറ്റർ ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് ഒരു പക്ഷെ നിരാശ തോന്നാനിടയുള്ള ഒരേയൊരു കാര്യം താൻ തിരക്കഥ എഴുതിയ ചിത്രങ്ങൾ വേണ്ടത്ര വിജയിച്ചില്ല എന്നതാവാം. പക്ഷേ അദ്ദേഹം ഒരു കാലത്തെഴുതിയ കഥകളിൽ പലതും ഇന്നും പുതുമ നഷ്ടപ്പെടാതെ അന്നത്തെ വായനക്കാരുടെ മനസിലുണ്ട്. ശ്രീവരാഹം സാർ കാരണം സിനിമാമേഖലയിൽ വിജയിച്ച പലരുമുണ്ട്. ആരൊക്കെയെന്ന് പേരെടുത്ത് പറയുന്നില്ല.

ശ്രീവരാഹം ബാലകൃഷ്ണനിലൂടെയാണ് ഞാൻ കെ. പി. കുമാരനെ പരിചയപ്പെട്ടത്. അതിഥിയുടെ പണി തുടങ്ങുന്നതിനെല്ലാം മുൻപ് ഒരിക്കൽ അദ്ദേഹം "സ്വാമീസി'ൽ വന്നിരുന്നു. ശ്രീവരാഹത്തെ പരിചയപ്പെട്ടശേഷം "സ്വാമീസ്' ഞങ്ങളിൽ പലരുടെയും ഒരു "മീറ്റിങ് പോയിന്റ്' ആയി മാറി. കുമാരേട്ടനുമായുള്ള പരിചയം പിന്നീട് വളർന്നു. അന്നും ഇന്നും എനിക്ക് ഏറ്റവും അനായാസമായി "കണക്ട്' ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിയാണ് കുമാരേട്ടൻ. തിരുവനന്തപുരത്ത് വന്നശേഷം കാണുകയും ഇടപെടുകയും ചെയ്‌യ വലിയ മനുഷ്യരിൽ "ഏട്ടൻ' എന്ന് ആത്മാർത്ഥമായി ഞാൻ വിളിച്ച ഒരേ ഒരാൾ.

എന്റെ സഖി ബീനയ്ക്കും എനിക്കും ഒരിക്കലും മറക്കാനാവാത്ത വ്യക്തികളാണ് കുമാരേട്ടനും ശാന്തചേച്ചിയും അവരുടെ മൂന്നു മക്കളും. വിവാഹം രജിസ്റ്റർ ചെയ്ത ദിവസം ഞങ്ങൾക്ക് ഒന്നാന്തരമൊരു സദ്യയൊരുക്കിത്തന്നതു ചേച്ചി. രജിസ്റ്റർ ചെയ്തിട്ട് ഞങ്ങൾ സ്വന്തം താമസസ്ഥലങ്ങളിലേക്ക് പോയി.

അങ്ങനെ നിൽക്കുമ്പോൾ രണ്ടു അവശശരീരങ്ങൾ നടന്നു വരുന്നു. ഉയരം കുറഞ്ഞ ഒരാളും അൽപം ഉയരക്കൂടുതലുള്ള മറ്റൊരാളും. അനാഗതശ്മശ്രുക്കളാണ്.

അത് പരീക്ഷക്കുമുൻപ്. പരീക്ഷ കഴിഞ്ഞ് ഏതാനും നാളുകൾക്കു ശേഷം ഞാൻ തന്നെ നേരിട്ട് ബീനയുടെ വീട്ടിൽ ചെന്ന് അവളെ വിളിച്ചു. അങ്ങനെ ഞങ്ങൾ ഒന്നിച്ചിറങ്ങിയപ്പോൾ എനിക്ക് കൊണ്ടുപോകാൻ ഉണ്ടായിരുന്ന ഒരേയൊരു സ്ഥലം കുമാരേട്ടന്റെ വീട് ആയിരുന്നു. ആ വർഷം കുമാരേട്ടന് തിരക്കുള്ള സമയമായിരുന്നു. തേൻതുള്ളി, അതിനു പിന്നാലെ നിർവൃതി, അതിനുശേഷം കുമാരേട്ടന്റെ വളരെ അണ്ടർ റേറ്റഡ് ആയ ഒരു ചിത്രം "ആദിപാപം'. ഞാൻ എന്റെ വധുവുമൊത്ത് അവിടെ ചെല്ലുമ്പോൾ ചേച്ചിയും മൂന്നു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു ഞങ്ങളെ സ്വീകരിക്കാൻ. ഒരു വീട് ശരിയാവും വരെ ഞങ്ങൾ അവിടെ താമസിച്ചു. "പമ്പരം' എനിക്ക് കുറെ ദിവസത്തെ ഓഫ് തന്നു. ഞങ്ങൾ പിന്നീട് താമസിച്ചത് എൻ.സി.സി റോഡ് എന്നയിടത്തായിരുന്നു.

പമ്പരത്തിൽ എത്തിച്ചേരുന്നതിനുമൊക്കെ മുൻപ് എനിക്ക് ദേശാഭിമാനിയിൽ വേറൊരു ജീവിതം ഉണ്ടായിരുന്നല്ലോ. ആ ജീവിതവും ഞാൻ ഒരു ലഹരിയായിത്തന്നെ ആസ്വദിച്ചു. ദേശാഭിമാനിയിൽ ഞാൻ ചിലപ്പോഴൊക്കെ പകലും രാത്രിയും ആരുടെയെങ്കിലുമൊക്കെ ഷിഫ്റ്റുകളിൽ ജോലി ചെയ്തു. പണത്തിനല്ല; ഹരം.

അങ്ങനെ ഒരു നാൾ രാത്രി ഷിഫ്റ്റ് കഴിഞ്ഞുവന്ന് ഞാൻ താമസിച്ചിരുന്ന ""ലാലിഭവ''ന്റെ അടുത്തുള്ള സ്വാമിയുടെ ഹോട്ടലിൽ നിന്ന് കടുപ്പത്തിലൊരു ചായ കുടിച്ച് ഒരു പനാമയൊക്കെ വലിച്ച് അങ്ങനെ നിൽക്കുമ്പോൾ രണ്ടു അവശശരീരങ്ങൾ നടന്നു വരുന്നു. ഉയരം കുറഞ്ഞ ഒരാളും അൽപം ഉയരക്കൂടുതലുള്ള മറ്റൊരാളും. അനാഗതശ്മശ്രുക്കളാണ്. എന്നെ മുമ്പ് കണ്ടിട്ടില്ലാത്തവരാണെന്ന് എനിക്ക് മനസ്സിലായി.
"ഇവിടെയല്ലേ യു. ജയചന്ദ്രൻ താമസിക്കുന്നത്?'
"അതെ.' കൂടുതൽ ചോദ്യോത്തരത്തിനും സസ്‌പെൻസിനും ഇടയാക്കണ്ടാ എന്നുകരുതി ഞാൻ എന്റെ അനന്യത വെളിപ്പെടുത്തി.
"എന്റെ പേര് കെ. എൻ. ഷാജി. ഇത് ബാലചന്ദ്രൻ ചുള്ളിക്കാട്. സുഗതകുമാരി ടീച്ചർ പറഞ്ഞിരുന്നു, നിങ്ങൾ ഇവിടെ ഉണ്ടെന്ന്.'

ഞാൻ ഇരുവരെയും എന്റെ മുറിയിലേക്ക് ക്ഷണിച്ചു. സത്യത്തിൽ ഞാൻ ബാലന്റെ കവിതകൾ ഒന്നും കണ്ടിരുന്നില്ല, ആ സമയം. അവർ വന്നത് ഷാജിയും ചില സുഹൃത്തുക്കളും ചേർന്ന് "സംക്രമണം' എന്നൊരു മാസിക തുടങ്ങുന്നു; അതിന് എല്ലാ എഴുത്തുകാരുടെയും സപ്പോർട്ട് വേണം. എഴുതണം. ഇതൊക്കെയായിരുന്നു അവരുടെ സംഭാഷണത്തിന്റെ ചുരുക്കം. ഞങ്ങൾ ഒന്നിച്ച് ബ്രെക് ഫാസ്റ്റും കഴിച്ചാണ് അന്ന് പിരിഞ്ഞത്. ബാലചന്ദ്രൻ അന്ന് നാട്ടിൽ കവിത ചൊല്ലി നടക്കുന്ന ഒരു മിൻസ്‌ട്രെൽ അല്ലെങ്കിൽ ഒരു "മിനിസ്‌ട്രേൽ ഇൻ ദ് മെയ്ക്കിംഗ്' ആണെന്ന് എനിക്കുതോന്നി. കെ. എൻ ഷാജിയുമൊത്ത് ലാലിഭവനിലെ എന്റെ മുറിയിൽ വന്നുപോയ ശേഷം ബാലചന്ദ്രൻ തനിയെ എന്റെ മുറിയിൽ വന്നു. അന്ന് ആദ്യമായി അവൻ എന്നെ "യാത്രാമൊഴി' എന്ന കവിത ചൊല്ലിക്കേൾപ്പിച്ചു. ഇനിപ്പറയുന്നത് അതിശയോക്തിയല്ല; കവിത ചൊല്ലിത്തുടങ്ങിയപ്പോൾ അടുത്ത മുറിയിലെ കുട്ടിച്ചൻ തന്റെ ഒന്നുരണ്ടു സുഹൃത്തുക്കളുമായി വാതിൽക്കൽ വന്ന് എന്നോട് നിശ്ശബ്ദമായി "അകത്തേക്ക് വന്നോട്ടെ' എന്നു അനുവാദം ചോദിച്ചു. അതിനു പിറകെ മറ്റുള്ളവരും വന്നു തുടങ്ങി. കവിത ചൊല്ലിക്കഴിഞ്ഞപ്പോൾ സൂചി നിലത്തു വീണാൽ മുഴങ്ങുന്ന നിശ്ശബ്ദത. ഞാൻ ആ സുഹൃത്തുക്കളെ മുഷിച്ചിലില്ലാതെ പറഞ്ഞയച്ചു. എത്രയോ കാലത്തിനു ശേഷമാണ് ഞാൻ കറ പുരളാത്ത ഒരു കവിശബ്ദം കേട്ടത് എന്നെനിക്കു തോന്നി.
"ഇത് എവിടെയാണ് പ്രസിദ്ധീകരിച്ചത്?' ഞാൻ അന്വേഷിച്ചു.
"എവിടെയും പ്രസിദ്ധീകരിച്ചില്ല. മാതൃഭൂമി തിരിച്ചയച്ചു’; ബാലന്റെ ശബ്ദത്തിൽ അനുഭവത്തിന്റെ കയ്പ് ചുവച്ചിരുന്നു.

പെട്ടെന്നൊരു ദിവസം ബാലചന്ദ്രൻ വീണ്ടും വന്നു. എന്നെ തേടിത്തന്നെ. അന്ന് എനിക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്ത അവൻ അറിയിച്ചു. താൻ പ്രീ ഡിഗ്രി പ്രൈവറ്റായി എഴുതാൻ തീരുമാനിച്ചിരിക്കുന്നു. അതിന്റെ അപേക്ഷ നൽകാൻ വന്നതാണ്.

ബാലൻ പിന്നെയും പല കവിതകളും ചൊല്ലി. കവിത ചൊല്ലി നടക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അന്ന് അവൻ പറഞ്ഞു. ഞാൻ ബാലനോട് പഠനം തുടരേണ്ടത് അത്യാവശ്യമാണെന്ന് സമർത്ഥിക്കാൻ ശ്രമിച്ചു. അന്നെന്തോ ബാലചന്ദ്രന്റെ മനസ്സ് അത് അംഗീകരിച്ചില്ല. പിറ്റേന്ന് രാവിലെ ബാലൻ പോയി. പിന്നെയും ബാലൻ വന്നു. ഒരു തവണ ദേശാഭിമാനി ഓഫീസിലും വന്നു. ഞാൻ എറണാകുളം വിട്ടതിനു ശേഷം കുറെ കാലത്തേക്ക് ബാലചന്ദ്രനെ കണ്ടില്ല. പെട്ടെന്നൊരു ദിവസം അവൻ വീണ്ടും വന്നു. എന്നെ തേടിത്തന്നെ. യൂണിവേഴ്‌സിറ്റി കോളേജിൽ. അന്ന് എനിക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്ത അവൻ അറിയിച്ചു. താൻ പ്രീ ഡിഗ്രി പ്രൈവറ്റായി എഴുതാൻ തീരുമാനിച്ചിരിക്കുന്നു. അതിന്റെ അപേക്ഷ നൽകാൻ വന്നതാണ്. അത് അറ്റസ്റ്റ് ചെയ്യണം. നിർഭാഗ്യവശാൽ അവന് ആവശ്യമുള്ള ചില രേഖകളുടെ ഒറിജിനൽ കൈവശമില്ല. "ട്രൂ കോപ്പി' മാത്രമേയുള്ളൂ. കോളേജിൽ ആരെക്കൊണ്ടെങ്കിലും അറ്റസ്റ്റ് ചെയ്യിക്കാനാവുമോ എന്നറിയാനാണ് എന്നെ തേടിയത്. ഞാൻ ബാലനെയും കൂട്ടി ഫിലോസഫി വകുപ്പിലെ ഡോ. ശരത്ചന്ദ്രൻ സാറിന്റെ ഓഫീസിൽ ചെന്നു. നിമിഷ മാത്രയിൽ അദ്ദേഹം എല്ലാം അറ്റസ്റ്റ് ചെയ്തു.

ഗീത ഹിരണ്യൻ

ബാലൻ അപേക്ഷയും കൊണ്ട് യൂണിവേഴ്‌സിറ്റി ഓഫീസിലേക്ക് പോയി. പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടത് "പമ്പരം' കാലത്താണ്. അപ്പോഴേക്ക് "മാപ്പുസാക്ഷി' വന്നു കഴിഞ്ഞിരുന്നു. പക്ഷെ "യാത്രാമൊഴി' എങ്ങും അച്ചടിച്ചുകണ്ടില്ല. അങ്ങനെ ഞാൻ ബാലനെ എഴുത്തയച്ച് തിരുവനന്തപുരത്തു വരുത്തുകയായിരുന്നു; ആ ഒരു കവിതയ്ക്കായി. തൈക്കാട്ടെ "ജാസ് ഹോട്ടലി'ൽ കെ. സി. ജോർജ്ജ് എന്ന സുഹൃത്തും ഞാനും ബാലനോട് ആ കവിത എഴുതി വാങ്ങി. അതിന്റെ ചിത്രീകരണം നടത്തിയത് എസ്. രാജേന്ദ്രൻ ആയിരുന്നു. പമ്പരം മാസികയുടെ മൂന്നാമത്തെ ലക്കത്തിൽ വളരെ പ്രാധാന്യത്തോടെ ഞങ്ങൾ ആ കവിത പ്രസിദ്ധീകരിച്ചു. അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ പറയുന്നതല്ല; അത് പ്രസിദ്ധീകരിക്കാൻ നിമിത്തമായതിൽ എനിക്ക് അഭിമാനമുണ്ട്. ഈ അടുത്ത കാലത്ത് ബാലൻ തന്നെ എവിടെയോ പറയുമ്പോഴാണ് ഞാൻ അറിയുന്നത്, അതിനും മുൻപ് ജെ. ആർ. പ്രസാദ് രാഷ്ട്രശിൽപിയുടെ അച്ചടിച്ച പതിപ്പിൽ അത് കൊടുത്തിരുന്നു എന്ന്. അത് ഒരു പ്രശ്‌നമായി ഞാൻ കരുതുന്നില്ല. എന്നും കാണുന്നില്ലെങ്കിലും ബാലന്റെ വിവരങ്ങൾ കെ. എൻ. ഷാജിയും മറ്റും പറഞ്ഞ് ഞാൻ അറിയുന്നുണ്ടായിരുന്നു.

ബാലൻ മഹാരാജാസ്​ ഹോസ്റ്റലിൽ താമസിക്കുന്നു. വിജയലക്ഷ്മി വിമൻസ് ഹോസ്റ്റലിലും. അന്ന് ഞാൻ ബാലനെ കാണാൻ ചെന്നത് കുറച്ചു പണം കടം ചോദിക്കാനാണ്. ചോദിച്ച മുന്നൂറിന് പകരം അവനെനിക്ക് 400 രൂപ തന്നു.

അതിനുശേഷം ""പോക്കുവെയിൽ''. പോക്കുവെയിലിന്റെ കാലത്തൊരിക്കൽ ബാലനും ഞാനുമൊന്നിച്ച് അയ്യപ്പപണിക്കർ സാറിനോടൊപ്പം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ഒരു കവിസമ്മേളനത്തിൽ പങ്കെടുത്തു. അന്ന് ഞാൻ വല്ലപ്പോഴും കലാകൗമുദിയിൽ നിന്ന് കിട്ടുന്ന ഫീച്ചറുകളെ ആശ്രയിച്ച് കഴിയുകയായിരുന്നു. നാട്ടിലെ ജീവിതം ദിനംപ്രതി ദുസ്സഹമായിക്കൊണ്ടിരുന്ന കാലം. അങ്ങനെയുള്ള എന്റെ ദേശാടനങ്ങൾക്കിടയിൽ ഒരിക്കൽ ഞാൻ മഹാരാജാസിലെത്തി. ബാലൻ ഹോസ്റ്റലിൽ താമസിക്കുന്നു. വിജയലക്ഷ്മി വിമൻസ് ഹോസ്റ്റലിലും. അന്ന് ഞാൻ ബാലനെ കാണാൻ ചെന്നത് കുറച്ചു പണം കടം ചോദിക്കാനാണ്. ചോദിച്ച മുന്നൂറിന് പകരം അവനെനിക്ക് 400 രൂപ തന്നു.

പോക്കുവെയിലിലെ ഒരു രംഗം

എന്നെ "ചിയർ അപ്പ് ' ചെയ്യാനായി ബാലൻ അന്നെന്നെ ഒരു സിനിമയ്ക്ക് കൊണ്ടുപോയി; വിജയലക്ഷ്മിയും ഉണ്ടായിരുന്നു. "പറങ്കിമല' ആയിരുന്നു ചിത്രം. മഹാബോറൻ പടം. അതുകഴിഞ്ഞ് കുറച്ചു മാസങ്ങൾക്കു ശേഷം എന്റെ ആദ്യത്തെ വിദേശയാത്ര സംഭവിച്ചു. എനിക്ക് ആദ്യം കിട്ടിയ ശമ്പളത്തിൽ നിന്ന് ഞാൻ വീട്ടിയ ഒരേയൊരു കടം ബാലന്റേതായിരുന്നു. നാട്ടിൽ ആദ്യത്തെ അവധിക്കു വന്നപ്പോൾ (1982 ജൂലായ്) ബാലനെയും വിജിയെയും ഞാൻ കണ്ടു; അവർ ഗീത ഹിരണ്യനെ കാണാൻ വന്നതാണെന്നാണ് എന്റെ ഓർമ. ഗീതയും ഹിരണ്യനും ഒപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളേജിനടുത്തുള്ളൊരു ലോഡ്ജിലായിരുന്നു ഗീതയും ഹിരണ്യനും. ബാലനെ അതിനു ശേഷം ഞാൻ നേരിൽ കണ്ടിട്ടില്ല. സിനിമകളിൽ ധാരാളം കണ്ടിട്ടുണ്ട്. തമ്മിൽ കാണാറില്ലെങ്കിലും ഞങ്ങൾ ഇന്നും സുഹൃത്തുക്കൾ തന്നെ.▮


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments