വേണു നാഗവള്ളി, എം. ഗോവിന്ദൻ

എം. ഗോവിന്ദനും വേണു നാഗവള്ളിയും

വെയിൽക്കാലങ്ങൾ- 12

സി.പി.എമ്മുമായുള്ള ബന്ധം എനിക്ക് ഓർമ്മ വച്ച കാലം മുതൽക്കുള്ളതാണ്. അതിന് പാർട്ടി കാർഡിന്റെ ഉടമസ്ഥാവകാശമില്ല.

ന്നലെ എന്റെ സഖി (എന്റെ ആദ്യ വായനക്കാരി) എന്നോടുപറഞ്ഞു; ""ജയൻ ഇത് എസ്.എഫ്.ഐയുടെ ചരിത്രമായിട്ടല്ലേ എഴുതിത്തുടങ്ങിയത്? അതിൽനിന്ന് ഒരുപാടു മാറി, ഒരു ആത്മകഥയുടെ രൂപത്തിലേക്ക് വളർന്നു, ഈ വെയിൽക്കാലങ്ങൾ!''

തിരിച്ച് ഒന്നും പറയാൻ എനിക്കായില്ല. ശരിയായിരിക്കാം.
പറഞ്ഞു വന്നപ്പോൾ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ചില അനുഭവങ്ങൾ ഇവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സി.പി.എമ്മുമായുള്ള ബന്ധം എനിക്ക് ഓർമ വച്ച കാലം മുതൽക്കുള്ളതാണ്. അതിന് പാർട്ടി കാർഡിന്റെ ഉടമസ്ഥാവകാശമില്ല. അതില്ലാതെ തന്നെ സി.പി.എമ്മിനെ ഞാൻ എനിക്ക് കേരളത്തിൽ ഏറ്റവും യോജിച്ചു പ്രവർത്തിക്കാവുന്ന ഒരു പ്രസ്ഥാനമായി ഇന്നും ഇന്നലെയും നാളെയും കാണുന്നു. പ്രവർത്തിക്കാവുന്ന എന്നുപറയുമ്പോൾ, എല്ലാ മീറ്റിങ്ങുകൾക്കും ഹാജരാവുകയും കൊടി പിടിച്ച് എല്ലാ ജാഥകളുടെയും അണിചേരുകയും ചെയ്യുന്ന ഒരു കുഞ്ഞാടായല്ല. മാനസികമായി ഏറ്റവും ഐക്യപ്പെടാവുന്ന ഒരു പ്രസ്ഥാനമായി ഞാൻ ആ പാർട്ടിയെ കാണുന്നു. എസ്.എഫ്.ഐയുമായുള്ള ബന്ധം കമ്യൂണിസവുമായുള്ള ബന്ധത്തിന്റെ ഒരു ഭാഗമാണ്. എന്റെ രാഷ്ട്രീയം വളരെ വൈകാരികമായിരുന്ന ഒരു കാലഘട്ടമാണ് ഈ വെയിൽക്കാലങ്ങൾ അനാവരണം ചെയ്യുന്നത്. അങ്ങനെ വൈകാരികമായി രാഷ്ട്രീയത്തിൽ ഇടപെടേണ്ടതുണ്ടോ എന്നൊക്കെയുള്ള ചർച്ച ഒരുപാടു ബുദ്ധിയുള്ളവർ നടത്തിക്കൊള്ളട്ടെ. എനിക്ക് വൈകാരികമായി എന്റെ രാഷ്ട്രീയാഭിപ്രായങ്ങൾ വച്ചുപുലർത്താൻ അവകാശമുണ്ട്.

എം. സുകുമാരൻ

എം. സുകുമാരനെ ഇന്ത്യൻ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് പുറത്താക്കിയപ്പോൾ, അല്ലെങ്കിൽ സുകുമാരൻ സ്വയം അവിടെനിന്ന് ഇറങ്ങിപ്പോയപ്പോൾ സുകുമാരനെ പരിഹസിച്ച ഒരു താത്വികൻ ഉണ്ടായിരുന്നത്രെ. അദ്ദേഹം ഉപയോഗിച്ച വാക്ക് "റൊമാന്റിക് റെവലൂഷനറി' എന്നായിരുന്നു എന്നും കേട്ടിട്ടുണ്ട്. സുകുമാരൻ പക്ഷെ, മരിക്കും വരെ കമ്യൂണിസ്‌റ്റ് ആയിരുന്നുവെന്നത് ആ പരിഹസിച്ച താത്വികനോ അയാളുടെ സ്തുതിപാഠകർക്കോ മനസ്സിലായിട്ടുണ്ടാവില്ല. സുകുമാരൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ അറിയാനും അൽപം അടുത്തിടപഴകാനും കഴിഞ്ഞ ഒരാൾ എന്ന നിലയിൽ എനിക്ക് ഏറ്റവും അതിശയം തോന്നിയത് സുകുമാരൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ ആദ്യം ഓടിയെത്തിയ ഒരാൾ ബി.ജെ.പി നേതാവായ എം.എസ്. കുമാർ ആണ് എന്നതാണ്. അവിടെയെത്തിയ കുമാർ എന്നെ ഫോൺ ചെയ്തു പറയുമ്പോഴാണ് സുകുമാരന്റെ മരണവിവരം ഞാൻ അറിഞ്ഞത്. അപ്പോൾ തന്നെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി.

പകൽ മുഴുവൻ ‘മധു സാർ, മധു സാർ' എന്നുപറഞ്ഞ് വിനയമൂർത്തിയയായി ‘ഇസ്തിരി' ഇട്ട മേനോൻ ആയി നിൽക്കുന്ന പി. എൻ, വൈകുന്നേരം രണ്ടു സ്മാൾ ഒക്കെ ചെന്നുകഴിയുമ്പോഴേക്ക് ‘മധുവോ? ഏതു മധു?' എന്ന് കുഴയുന്ന നാവെടുത്ത് അന്വേഷിക്കുന്ന രസാവഹമായ കാഴ്ച കണ്ട് വേണു നാഗവള്ളി ആദ്യമെല്ലാം അതിശയിച്ചു

ഇതെല്ലാം പറഞ്ഞ് എന്റെ വിഷയത്തിൽ നിന്ന് വീണ്ടും അകന്നുപോകുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിനൊപ്പം എന്നെ കാണാൻ അന്ന് ‘ലാലിഭവ'നിൽ വന്ന കെ.എൻ. ഷാജി പിന്നീട് എന്റെ സുഹൃത്തുക്കളായ
വി. കെ. ഉണ്ണികൃഷ്ണനും പ്രിയദാസ് ജി. മംഗലത്തുമായി ചേർന്ന് സംക്രമണം എന്ന മാസിക നന്നായി നടത്തി. അതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ അവിസ്മരണീയമായ ഒരു കൂടിക്കാഴ്ചയെപ്പറ്റിക്കൂടി പറഞ്ഞില്ലെങ്കിൽ ഇത് അപൂർണമാകും. ഭാഷാപോഷിണി ആർഭാടമായി "മാസ്‌കോട്ട് ഹോട്ടലി'ലോ മറ്റോ ഒരു ചടങ്ങ് സംഘടിപ്പിച്ചു. അതിലെ വിശിഷ്ടാതിഥി എം. ഗോവിന്ദൻ ആയിരുന്നു.
അദ്ദേഹം തിരുവനന്തപുരത്തു വന്നാൽ സാധാരണ എം.എൽ.എ ക്വാർട്ടേഴ്‌സിലാണ് താമസിക്കുക. അതും എനിക്ക് പുതിയ അറിവായിരുന്നു. ഞാൻ ഭാഷപോഷിണിയുടെ ചടങ്ങിനൊന്നും പോയില്ല. എനിക്ക് ക്ഷണവുമില്ല. പിന്നെ എന്തിനവിടെ പോയി നിൽക്കണം? ഗോവിന്ദനെ കണ്ടാൽ കൊള്ളാം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ‘അതിനി മദ്രാസിൽ പോയിട്ടാണെങ്കിലും കാണാമല്ലോ' എന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ചു.

എം.എസ്. കുമാർ

പമ്പരം മാസികയുടെ അസ്തമയ കാലം ആരംഭിച്ച ദിനങ്ങളായിരുന്നു അവ. അവിടത്തെ ജോലിയെലാം കഴിഞ്ഞ്, യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ വേലപ്പൻ നായരുമായി സംസാരിച്ചിരിക്കെ പ്രിയദാസ് അങ്ങോട്ട് കടന്നുവന്നു; ‘നിന്നെ നോക്കി ഞാൻ എവിടെയെല്ലാം പോയി...അത്യാവശ്യമായി എം. എൽ. എ ക്വർട്ടേഴ്‌സിലേക്ക് ഒന്നുവരണം. ഇന്നല്ലെങ്കിൽ നാളെ. ഒരാൾ നിന്നെ അന്വേഷിക്കുന്നുണ്ട്.'‘ആരാണ് എന്നെ അന്വേഷിക്കുന്ന എം.എൽ.എ?'‘എം.എൽ.എ അല്ല, എം. ഗോവിന്ദൻ.'

ഞാൻ രണ്ടാമതൊന്ന് ആലോചിക്കാൻ നിന്നില്ല.
അക്കാലത്ത് ഞാൻ കുഞ്ചുപിള്ളയെ ‘ശ്രീനീലപത്മം' എന്ന കുഞ്ചുവിന്റെ പ്രസിൽ സ്ഥിരമായി കാണാറുണ്ടായിരുന്നു.
അപ്പോഴേക്ക് എന്റെ സഖി തിരുവനന്തപുരം വിട്ട് ചിറ്റൂർ (എന്റെ ജില്ലയിൽ) ഗവണ്മെൻറ്​ കോളേജിൽ ജ്യോഗ്രഫി എം.എക്ക് ചേർന്നിരുന്നു. അങ്ങനെ ഞാൻ ഏകാന്തവാസത്തിൽ കഴിയവെയാണ് കുഞ്ചുപിള്ളയുടെ ക്ഷണിതാവായി പനവിള ജംഗ്ഷനടുത്ത് മുറ്റത്ത് ഒരു ചന്ദനമരവും പവിഴമല്ലിയുമുള്ള ഒരു വീട്ടിൽ കുറച്ചുനാൾ തങ്ങിയത്. ആ വീട്ടിലെ അക്കാലത്തെ സ്ഥിരം സന്ദർശകർ സുരേഷ് കുറുപ്പ്, എം.എസ്. കുമാർ, വേണു നാഗവള്ളി, ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിൽ ഒരുയർന്ന ഉദ്യോഗസ്ഥനായിരുന്ന പൂഞ്ഞാർ ചീഫിന്റെ മകൻ ശങ്കരൻകുട്ടി ചേട്ടൻ (വി.കെ.എൻ ആരാധകനായിരുന്നു ശങ്കരൻ കുട്ടിച്ചേട്ടൻ ഈയിടെ അന്തരിച്ചെന്നറിഞ്ഞു. അനന്യമായ നർമബോധം കൊണ്ട് സംഭാഷണം ഒരു കലയാക്കി മാറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം), എറണാകുളത്തുനിന്ന് സി. എൻ. ഉണ്ണികൃഷ്ണൻ, ഏതു സന്ദർഭത്തിലും എവിടെയും പ്രത്യക്ഷപ്പെടാവുന്ന "മോൻ കുട്ടൻ' എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന കാവാലം പത്മനാഭൻ... ഇങ്ങനെ വൈവിധ്യമാർന്ന സന്ദർശകസംഘം ചിലപ്പോഴൊക്കെ ഒറ്റയ്ക്കും തെറ്റയ്ക്കും, ചിലപ്പോൾ കൂട്ടമായും അവിടെ വന്നുകയറിയിയിരുന്നു.

കുഞ്ചുവിന് അപ്പോഴേക്ക് കുട്ടനാട്ടിൽ നിന്നൊരു അസിസ്റ്റന്റിനെ കിട്ടിയിരുന്നു. ഏതാണ്ട് പതിനാറു വയസ്സുള്ള ഒരു പയ്യൻസ്. അവന്റെ പേര് മറന്നു. വലിയ കുഴപ്പമില്ലാതെ പാചകം ചെയ്തിരുന്നു. സത്യസന്ധതയ്ക്ക് വലിയ മൂല്യമുണ്ടെന്ന് വിശ്വസിക്കുന്നതിനാൽ ഒരു കാര്യം കൂടി പറയുന്നു. ഞങ്ങളുടെ താമസസ്ഥലത്തിന് തൊട്ടപ്പുറത്ത് ഒരു ലേഡീസ് ഹോസ്റ്റൽ ഉണ്ടായിരുന്നു. കുഞ്ചുവും ഞാനും ആ ഭാഗത്തേക്കുള്ള ജനാലകൾ സ്ഥിരമായി അടച്ചിട്ടിരുന്നുവെങ്കിലും അവിടെ വന്നിരുന്ന ചില "കുബുദ്ധികൾ' ആ അടച്ചിട്ട ജാലകങ്ങൾക്കരികിൽ നിന്ന് ചില കടുത്ത ആത്മഗതങ്ങൾ നടത്താറുണ്ടായിരുന്നു. അവർ ആരൊക്കെ എന്നു പറയുന്നത് മലയാളിയുടെ സദാചാര സങ്കൽപങ്ങൾക്ക് ലഭിക്കാൻ പോകുന്ന ഒരു കനത്ത പ്രഹരമായിപ്പോകും (ഇത്രയും സത്യസന്ധത വേണോ എന്ന് ഉള്ളിരുന്ന് ഒരു കുഞ്ഞിക്കിളി ചോദിക്കുന്നു).

പി. എൻ. മേനോന്റെ ദുരവസ്ഥ കണ്ട് മനമലിഞ്ഞ മധു അയാൾക്ക് തിരിച്ചു വരാൻ ഒരു സാഹചര്യം ഒരുക്കാമെന്ന ആഗ്രഹത്തിലാണ് ‘അർച്ചനടീച്ചർ' നിർമിച്ചത്. എന്നാൽ അത് വിജയിച്ചില്ല.

വേണു ആ സമയം ‘സാഥ് പാ കെ ബന്ധാ' (ഹിന്ദിയിൽ ‘കോറാ കാഗസ്') എന്ന ബംഗാളി ചിത്രത്തിന്റെ മലയാളം പുനർനിർമിതിയായ ‘അർച്ചന ടീച്ചർ' എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. ഉമ സ്റ്റുഡിയോയിലെ ഷൂട്ടിംഗ് കഴിഞ്ഞ് മിക്ക ദിവസവും ഞങ്ങളുടെയടുത്തുവന്ന് ചെറിയ സൽക്കാരങ്ങൾ സ്വീകരിച്ചതിനുശേഷമായിരുന്നു വീട്ടിലേക്കു പോകുക. പി.എൻ. മേനോൻ ആയിരുന്നു ആ ചിത്രം സംവിധാനം ചെയ്തത്. പകൽ മുഴുവൻ ‘മധു സാർ, മധു സാർ' എന്നുപറഞ്ഞ് വിനയമൂർത്തിയയായി ‘ഇസ്തിരി' ഇട്ട മേനോൻ ആയി നിൽക്കുന്ന പി. എൻ, വൈകുന്നേരം രണ്ടു സ്മാൾ ഒക്കെ ചെന്നുകഴിയുമ്പോഴേക്ക് ഭാഷയും മറ്റുമെല്ലാം മാറ്റി 'മധുവോ? ഏതു മധു?' എന്ന് കുഴയുന്ന നാവെടുത്ത് അന്വേഷിക്കുന്ന രസാവഹമായ കാഴ്ച കണ്ട് വേണു ആദ്യമെല്ലാം അതിശയിച്ചെങ്കിലും, പിന്നീട് ഇതൊരു സ്ഥിരം കലാപരിപാടിയാണെന്നു മനസ്സിലാക്കി. പി. എൻ. മേനോന്റെ ദുരവസ്ഥ കണ്ട് മനമലിഞ്ഞ മധു അയാൾക്ക് തിരിച്ചു വരാൻ ഒരു സാഹചര്യം ഒരുക്കാമെന്ന ആഗ്രഹത്തിലാണ് ‘അർച്ചനടീച്ചർ' നിർമിച്ചത്. എന്നാൽ അത് വിജയിച്ചില്ല.

'അർച്ചന ടീച്ചർ' ചലച്ചിത്രത്തിൽ സീമയും വേണു നാഗവള്ളിയും

അന്നൊക്കെ സുഹൃദ് സംഘങ്ങളിൽ എത്ര മദ്യപിച്ചാലും വേണു വളരെ ‘ജോവിയൽ' ആയ ഒരു കഥാപാത്രമായിരുന്നു. വേണുവിന്റെ ഉറ്റ സുഹൃത്ത് വേണുവിന്റെ മോട്ടോർ ബൈക്ക് ആയിരുന്നു. ഒരു പഴയ ബുള്ളറ്റ് ആയിരുന്നു എന്നാണ് എന്റെ ഓർമ. ആ യന്ത്രത്തിന് അതിന്റേതായ ഭാഷയിൽ വേണുവിന്റെ യാത്രാസംബന്ധിയായ വ്യഥകൾ മനസ്സിലാക്കാനും വേണുവിനെ എന്തുത്യാഗം സഹിച്ചും ലക്ഷ്യത്തിലെത്തിക്കാനും കഴിഞ്ഞിരുന്നു. പ്രായമേറെ ചെന്നതിനാലാവണം അൽപനേരത്തെ ‘കോക്‌സിംഗ്' (coaxing) ഉണ്ടെങ്കിലേ അദ്ദേഹം ഉണർന്ന് യാത്രയ്ക്ക് തയാറാവൂ. അവരിരുവരും തമ്മിൽ വളരെ രസകരമായ ഒരു ബന്ധമാണുണ്ടായിരുന്നത്. വേണു പറഞ്ഞിരുന്നു, തന്റെ എല്ലാ സ്വകാര്യങ്ങളും അറിയാവുന്ന ഒരു വ്യക്തിയാണ് ‘അവൻ' എന്ന്. തന്റെ ഏതോ ചിത്രത്തിൽ ഒരു കഥാപാത്രത്തെക്കൊണ്ട് സ്വന്തം വാഹനത്തോട് ഇത്തരത്തിൽ
സംസാരിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

കുഞ്ചുവിനെപ്പോലെ രസികന്മാരെ കണ്ടുകിട്ടുക പൂർവ്വജന്മസുകൃതം എന്നെ പറയാനാവൂ. കൊല്ലത്തെ ഒരു സിനിമാസംഘടന നടത്തിയ അവാർഡ് നിശയിൽ കുഞ്ചുവും മറ്റു ചില സ്‌നേഹിതരും നല്ല ‘ഫോമിൽ' നിൽക്കുമ്പോൾ ആരോ വന്നു പറഞ്ഞത്രേ; ‘...ൻ വരുന്നു. മാറി നിൽക്ക്!' ഒരു വൻ താരത്തിന്റെ പേരാണ് പറഞ്ഞത്.
കുഞ്ചുവിന് ഇത്തരം ‘വെല്ലുവിളികൾ' ഹരമായിരുന്നു. (വിപ്ലവത്തിന്റെ ചെമ്മാനത്തിനു കീഴിൽ ചില മാടമ്പിത്തകരകളും സഖാക്കൾ വളർത്തിയിരുന്നു...) ‘....ന് എന്താ പകർച്ചവ്യാധിയുണ്ടോ, ഞങ്ങൾ മാറിനിൽക്കാൻ?' കുഞ്ചുവിന്റെ നിലപാട് മാറ്റാൻ സംഘടനയുടെ നേതാക്കൾ വരേണ്ടി വന്നു എന്നാണ് ഐതിഹ്യം.

‘ഞാൻ ഒരു മാർക്‌സിസ്റ്റ് ആണ്, പക്ഷെ എന്റെ സ്‌നേഹിതർ ആരായിരിക്കണം എന്ന് പാർട്ടി തീരുമാനിക്കേണ്ട, അത് തീരുമാനിക്കാനുള്ള വിവേകവും വിവേചനശക്തിയും മാർക്‌സിസം തന്നെ എനിക്ക് നൽകിയിട്ടുണ്ട്' എന്ന് പറഞ്ഞയാളുടെ പേരാണ് ഇ. എൻ. മുരളീധരൻ നായർ.

അങ്ങനെയൊക്കെയുള്ള കുഞ്ചു സാധാരണനിലയിൽ മൃദുഭാഷിയും ഉത്സാഹിയും ആർക്കും തന്നാൽ ആവുന്ന കൈത്താങ്ങ് നല്കാൻ തയാറായിരുന്നയാളും ആയിരുന്നു. കുഞ്ചുപിള്ളയിലെ കവിയെ കുഞ്ചുപിള്ള തന്നെ തടവിലിട്ടതാണെന്നാണ് എനിക്കുതോന്നുന്നത്.
അങ്ങനെയൊക്കെയുള്ള കുഞ്ചുപിള്ളയുമായിട്ടാണ് ഞാൻ പിറ്റേന്ന് രാവിലെ എം. ഗോവിന്ദൻ എന്ന മഹാപ്രതിഭയെ കാണാൻ ചെന്നത്. അദ്ദേഹം എം.എൽ.എ. ക്വാർട്ടേഴ്‌സിൽ തന്റെ മുറിയിലിരുന്ന് ഞങ്ങളോട് വളരെ നേരം സംസാരിച്ചു. സംക്രമണം മാസികയിൽ ഞാനെഴുതിയ ‘കഴുതപ്പാട്ട്' എന്ന കൊച്ചു കവിത തനിക്ക് ഏറെ ഇഷ്ടമായെന്നും എന്റെ മറ്റു ചില കുഞ്ഞിക്കവിതകളിലും (അദ്ദേഹം എടുത്തു പറഞ്ഞ ഒന്ന് ‘നഗരമേ, നന്ദി!'.) അതുപോലെ മൂർച്ചയുള്ള കാവ്യസന്ദേശങ്ങൾ ഉണ്ടെന്നുമെല്ലാം അദ്ദേഹം പറഞ്ഞു. എന്റെ ജോലിക്കാര്യത്തിൽ അദ്ദേഹം ഏറെ താൽപര്യം കാണിച്ചു. ‘മണിയെ (എം.എസ്. മണി) ഒന്നുപോയി കാണൂ’; അദ്ദേഹം പറഞ്ഞു.

ഇ.എൻ. മുരളീധരൻ നായർ

എം. ഗോവിന്ദൻ മാസ്റ്ററുടെ ഏറ്റവും വിശ്വസ്ത സുഹൃത്ത് ആരെന്ന് അന്നാണ് ഞാനറിഞ്ഞത്. മറ്റാരുമല്ല, യുഗരശ്മി പത്രാധിപർ ഇ. എൻ. മുരളീധരൻ നായർ സർ. സംസ്ഥാനവ്യാപകമായി ഏതാണ്ട് സംഘടിതമായിത്തന്നെ സാഹിത്യത്തിലെ നവതരംഗങ്ങൾക്കെതിരെ ദേശാഭിമാനി സ്റ്റഡി സർക്കിളും മാർക്‌സിസ്റ്റ് ബുദ്ധിജീവികളും എം. ഗോവിന്ദനെ അമേരിക്കൻ ചാരൻ, സി.ഐ.എ. ഏജൻറ്​ എന്നെല്ലാം വിളിച്ച് അധിക്ഷേപിച്ചു കൊണ്ടിരുന്ന കാലത്തും നിവർന്നുനിന്ന്, ‘ഞാൻ ഒരു മാർക്‌സിസ്റ്റ് ആണ്, പക്ഷെ എന്റെ സ്‌നേഹിതർ ആരായിരിക്കണം എന്ന് പാർട്ടി തീരുമാനിക്കേണ്ട, അത് തീരുമാനിക്കാനുള്ള വിവേകവും വിവേചനശക്തിയും മാർക്‌സിസം തന്നെ എനിക്ക് നൽകിയിട്ടുണ്ട്. എം. ഗോവിന്ദൻ എനിക്ക് ഗുരുതുല്യനാണ്' എന്ന് പറഞ്ഞയാളുടെ പേരാണ് ഇ. എൻ. മുരളീധരൻ നായർ.

സുഭാഷ് ചന്ദ്രബോസ് എന്ന ഒറ്റയാൻ ജയിൽവാസം കഴിഞ്ഞ് ‘രാമനിലയ' ത്തിൽ വന്നുകയറിയപ്പോഴും അതാണുണ്ടായത്. ബോസിന് മുറിയില്ല. വേറെ മുറി അവർ കൊടുക്കുകയുമില്ല. മുരളി സർ തന്റെ മുറിയുടെ താക്കോൽ ബോസിന്റെ കയ്യിൽ വച്ച് കൊടുത്തിട്ടു പറഞ്ഞു; ‘ഇന്നുമുതൽ നവധാര ഓഫീസ് തന്റെ ഓഫീസും കൂടിയാണ്. എത്ര കാലം വേണമെങ്കിലും തനിക്ക് അവിടെ താമസിക്കാം. ആരും തന്നെ ഇറക്കി വിടില്ല. ഞാനാണ് പറയുന്നത്.’ ഇതും മുരളി സർ പറഞ്ഞതാണ്. 1979 ലെ ഓണക്കാലത്താണ് ബോസ് പിന്നീട് ആ മുറി വിട്ടിറങ്ങിയത്. ആ യാത്ര അയാളുടെ അന്ത്യയാത്ര ആയിരുന്നു.

എം. ഗോവിന്ദൻ മാസ്റ്ററെ രണ്ടു പ്രാവശ്യം ഞാൻ ചെന്നൈ ഹാരിസൺ റോഡിലെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്. ഒരു തവണ പോയത് എന്റെ സഖിയുമൊത്താണ്. അദ്ദേഹത്തിന്റെ പത്‌നി ഡോ. പത്മാവതിയും വീട്ടിലുണ്ടായിരുന്നു. ഒരുപാടു നേരം അന്ന് സംസാരിച്ചിരുന്നു. ഞങ്ങൾ (ബീനയും ഞാനും) പറയത്തക്ക ജോലികൾ ഒന്നുമില്ലാതെയിരിക്കുന്ന കാലം. അന്ന് ഗോവിന്ദൻ മാസ്റ്റർ എനിക്ക് പോളണ്ടിലെ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങൾ തന്നിട്ട് പറഞ്ഞു, ‘വായിച്ചു നോക്കൂ. വായിച്ചു കഴിഞ്ഞിട്ട് മുരളിയെ ഏൽപ്പിച്ചാൽ മതി.'

‘അസമിലൊന്നും എഴുത്തുകാർക്ക് നമ്മുടെ നാട്ടിലെപ്പോലെ തിരക്കൊന്നുമില്ല. ഉദ്ഘാടനങ്ങളും സിമ്പോസിയങ്ങളും ഒക്കെ കുറവാണ്. എന്റെ പേര് പറഞ്ഞോളൂ. കാണാൻ വേഗം സമ്മതിക്കും’; എം. ​ഗോവിന്ദൻ പറഞ്ഞു

പിന്നെയൊരിക്കൽ ഒരു ഭൂട്ടാൻ യാത്രാമദ്ധ്യേ ചെന്നൈയിൽ ഒരു പകൽ മുഴുവൻ കണക്ഷൻ ട്രെയിന് കാത്തുനിൽക്കേണ്ടി വന്നപ്പോൾ ഒപ്പമുണ്ടായിരുന്ന അവറാച്ചൻ എന്ന കോട്ടയംകാരനുമൊത്ത് ഗോവിന്ദൻ മാസ്റ്ററുടെ വീട്ടിൽ പോയി. ആ വർഷം ജ്ഞാനപീഠം ലഭിച്ചത് ഒരു അസമിയ സാഹിത്യകാരനായിരുന്നു. കൽക്കത്തയിൽ നിന്ന് കാമരൂപ് എക്‌സ്​പ്രസിനാണ്​ ഞാൻ പോകുന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു; ‘ജയചന്ദ്രൻ പോകുന്ന സ്ഥലത്തു നിന്ന് അസമിലേക്ക് റോഡ് മാർഗം പോകാൻ കഴിയും. സൗകര്യം കിട്ടിയാൽ അയാളെ ഒന്നുകണ്ടോളൂ. പോകുന്നതിനു മുൻപ് ഒരു കത്തയച്ചാൽ മതി. അവിടെയൊന്നും എഴുത്തുകാർക്ക് നമ്മുടെ നാട്ടിലെപ്പോലെ തിരക്കൊന്നുമില്ല. ഉദ്ഘാടനങ്ങളും സിമ്പോസിയങ്ങളും ഒക്കെ കുറവാണ്. എന്റെ പേര് പറഞ്ഞോളൂ. കാണാൻ വേഗം സമ്മതിക്കും.'

എനിക്ക് ആ അസം സാഹിത്യകാരനെ കാണാൻ കഴിഞ്ഞില്ല. യാത്ര സിലിഗുരി വഴിയായിരുന്നു. തിരികെ നാട്ടിൽ വന്നിട്ടും പിന്നീട് ഗോവിന്ദൻ മാസ്റ്ററെ കാണാൻ കഴിഞ്ഞില്ല. അതിന് സമയം കിട്ടിയില്ല എന്നതാണ് സത്യം. കാരണം അപ്പോഴേക്ക് നാടുവിടാൻ സമയമായിരുന്നു. എന്റെ ഭാഗധേയം നിർണയിക്കപ്പെട്ടിരുന്നത് ഏതാണ്ട് 9000 നോട്ടിക്കൽ മൈൽ അകലെ, ഏതോ വെള്ളക്കാർ തെറ്റായി നാമകരണം ചെയ്ത് ഇന്നും നാം ‘ഇരുണ്ട ഭൂഖണ്ഡം' എന്ന് വിളിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്ക എന്ന നിറഞ്ഞ വെളിച്ചത്തിന്റെ നാട്ടിലായിരുന്നു. ആഫ്രിക്കൻമാർ അവരുടെ നാടിനെ ‘സൂര്യന്റെയും ആകാശത്തിന്റെയും മാംസം' (Flesh of the Sun and flesh of the skies) എന്നാണ് വിളിക്കുന്നത്.

1986 ൽ നാട്ടിൽ വന്നപ്പോൾ എന്നെ ഞെട്ടിച്ച ഒരു അപരിചിതത്വം ഉണ്ടായി. ഒരിക്കലും മറക്കില്ലെന്ന് ഉറപ്പുണ്ടായിരുന്ന ഒരു വ്യക്തിയിൽ നിന്ന് അത് വന്നു തറച്ചത് മനുഷ്യനിലുള്ള വിശ്വാസത്തിൽ തന്നെ ആയിരുന്നു. ▮


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments