റോസമ്മ പുന്നൂസ്

കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള
അവകാശത്തിനായി ഒരു തൊഴിലാളി സമരം

തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് മുല കൊടുക്കാനുള്ള അവകാശം കമ്പനികൾ സ്ത്രീകൾക്ക് നിഷേധിച്ചിരുന്നു. മുലപ്പാൽ കൊടുക്കാനുള്ള അവകാശത്തിനുവേണ്ടി റോസമ്മ പുന്നൂസിന്റെ നേതൃത്വത്തിൽ നടന്ന സമരം, കേരള ചരിത്രത്തിൽ രേഖപ്പെടുത്താത്ത ഒന്നാണ്. കമ്പനിക്കാർക്ക് ഒരു പരിധിവരെ ആ ഡിമാൻഡ് അംഗീകരിക്കേണ്ടിവന്നു.

മലങ്കാട്- 29

ണ്ടാം ലോക മഹായുദ്ധത്തിൽ യൂറോപ്യൻ ശക്തികൾക്ക് അടിപതറിയപ്പോൾ യൂറോപ്യൻ കൊളോണിയൽ ആധിപത്യത്തിൽ ജീവിച്ചിരുന്ന ജനങ്ങളെല്ലാം വിമോചനസ്വപ്നങ്ങൾ കണ്ടു തുടങ്ങി. ബ്രിട്ടനും ഫ്രാൻസും ഇറ്റലിയുമെല്ലാം അടി പതറിയപ്പോൾ ആ പ്രത്യാഘാതം മൂന്നാറിലും പ്രതിഫലിച്ചു. നീലഗിരിയിലും വാൽപ്പാറയിലും മൂന്നാറിലും വയനാട്ടിലും പീരുമേട്ടിലും ഏലപ്പാറയിലും ഉടുമ്പൻചോലയിലുമുള്ള തേയില- കാപ്പി എസ്റ്റേറ്റുകളിലും ഏലക്കാടുകളിലും ജീവിച്ചിരുന്ന തൊഴിലാളികൾ പുത്തണുണർവിന് കാത്തിരുന്നു.

തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച് അതിശക്തമായ പ്രവർത്തനം തുടങ്ങിയിരുന്ന ആ കാലത്ത് കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ചെത്തു തൊഴിലാളികളും ബ്രിട്ടീഷുകാരുടെ ഫാക്ടറികളിൽ തൊഴിൽ ചെയ്തിരുന്നവരും കൂലി വർദ്ധനവിനും തൊഴിൽ സമയം കുറയ്ക്കാനും ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നിരന്തര പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു. പാർട്ടി ശക്തിപ്പെട്ടു തുടങ്ങിയപ്പോൾ ബ്രിട്ടീഷുകാർക്ക് ചില കാര്യങ്ങളിൽ വഴങ്ങേണ്ടിവന്നു. അങ്ങനെ മൂന്നാർ മലനിരകളിലും തൊഴിലാളി യൂണിയനുകൾ സംഘടിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും മുന്നൊരുക്കം നടത്തി.

ബി.കെ നായർ, കുപ്പുസാമി

1940- കളിൽ ചെറിയ തോതിൽ പ്രവർത്തിക്കാൻ തുടങ്ങിയ ട്രേഡ് യൂണിയൻ മൂവ്മെന്റുകൾ പ്രത്യക്ഷത്തിലുണ്ടായിരുന്നില്ല. കമ്പനിയെ ഒളിച്ചും പാത്തുമാണ് തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തമിഴ്നാട്ടിലും തിരുവിതാംകൂറിലും നിന്നെത്തിയ നേതാക്കൾ തന്ത്രം മെനഞ്ഞത്. ആദ്യകാല പ്രവർത്തനങ്ങളിലൂടെ തൊഴിലാളി കുടുംബങ്ങളിൽനിന്ന് നേതാക്കൾ ഉയർന്നു വന്നില്ല. കാരണം, അവരെ എന്തു വില കൊടുത്തും ഇല്ലാതാക്കാൻ ഫിൻലെ ആന്റ് മ്യൂർ കമ്പനി തയ്യാറായി.

തിരുവിതാംകൂറിൽനിന്ന് നേതാക്കൾ എത്തുന്നതിനു മുൻപേ തമിഴ്നാട്ടിൽ നിന്ന് കാമരാജിന്റെ നേതൃത്വത്തിൽ ഐ.എൻ.ടി.യു.സി കെട്ടിപ്പടുക്കാൻ നേതാക്കളെ ഹൈറേഞ്ചിലേക്ക് പറഞ്ഞുവിടാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും കമ്പനിയുടെ പിടിയിൽനിന്ന് തൊഴിലാളികളെ വിമോചിപ്പിക്കുക വെല്ലുവിളിയായിരുന്നു. കമ്പനിക്കെതിരായി പ്രവർത്തിക്കാൻ ആരെയും കിട്ടുമായിരുന്നില്ല. എങ്കിലും കോൺഗ്രസ് ബി.കെ. നായരുടെ നേതൃത്വത്തിൽ കെ.എം. കുമാർ, സി.എ. റഹ്മാൻ, സിറിൽ ഫ്രാൻസിസ് തുടങ്ങിയവരെ മൂന്നാറിലേക്ക് പറഞ്ഞയച്ചു.

മൂന്നാർ നഗരം വികസിച്ചു തുടങ്ങിയതോടെ കങ്കാണിമാരുടെ നേതൃത്വത്തിൽ പീരുമേട് -മൂന്നാർ കങ്കാണിമാർ അസോസിയേഷൻ എന്ന സംഘടന രൂപപ്പെട്ടു. ഐ.എൻ.ടി.യു.സി ആദ്യം ലക്ഷ്യമിട്ടത് കങ്കാണിമാരെയാണ്. കങ്കാണിമാരെ ബോധവൽക്കരിച്ചശേഷം തൊഴിലാളികളെ സംഘടിപ്പിക്കാൻ എളുപ്പമാകും എന്നവർ കരുതി. കോയമ്പത്തൂർ മില്ലിൽ പണിക്കാരായിരുന്ന കുപ്പുസാമി, രാജഗോപാൽ, മുത്തുച്ചാമി, കറുപ്പയ്യ തുടങ്ങിയവരെ ഹൈറേഞ്ചിൽ തൊഴിലാളി യൂണിയൻ രൂപീകരിക്കാനുള്ള ദൗത്യത്തിന് നിയോഗിക്കണമെന്ന് മദ്രാസ് പ്രസിഡൻസിയിലെ കോൺഗ്രസ് തീരുമാനിച്ചു. അതനുസരിച്ചാണ് പിന്നീട് മൂന്നാർ കോൺഗ്രസ് നേതാവായി മാറിയ കുപ്പുസാമി എസ്റ്റേറ്റിലേക്കെത്തുന്നത്. അവർ മൂന്നാറിൽ താമസിച്ച് തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചു . ആദ്യമായി മൂന്നാറിൽ രൂപപ്പെടുന്ന തൊഴിലാളി യൂണിയൻ കോൺഗ്രസിന്റെ South Indian Plantation Workers Union (SIPW) ആയിരുന്നു. ഈ യൂണിയൻ ഐ.എൻ.ടി.യു.സിയുടെ പോഷക സംഘടനയായിരുന്നു.

സുന്ദരമാണിക്യം, പി.ടി. പുന്നൂസ്

റോസമ്മയും പി.ടി. പുന്നൂസും മറ്റു നേതാക്കളും എത്തിയതോടെ കമ്യൂണിസ്റ്റ് പാർട്ടി ഹൈറേഞ്ചിൽ വേരുപിടിക്കാൻ തുടങ്ങി. അതിനു മുമ്പേ അവിടെ പാർട്ടി പ്രവർത്തനം തുടങ്ങിയിരുന്നു എന്നാണ് മുത്തശ്ശൻ പറയാറ്. സുബയ്യ നാടാർ, കന്നിമലയിലെ കാക്കയ്യൻ കങ്കാണി, ചൊക്കനാട്ടിലെ രത്നസാമി കങ്കാണി, തെൻമലയിലെ ബാലയ്യ കങ്കാണി, എല്ലപെട്ടിയിലെ ചെല്ലയ്യ, പെരുമാൾ, ചിറ്റിവര ഒ.സി ഡിവിഷനിലെ ജോസഫ്, ദേവികുളത്തെ പൊന്നുച്ചാമി, ചിറ്റിവര സൗത്ത് ഡിവിഷനിലെ സി.ഐ.ഡി സുബ്രഹ്മണി, വേലുച്ചാമി, രാജ് തേവർ, കണ്ണയ്യ തേവർ, നോർത്ത് ഡിവിഷനിലെ പൊന്നയ്യ (മണ്ടയ്യൻ), ചെണ്ടുവാരയിലെ വീരാച്ചാമി ചെട്ടിയാർ, സൗത്ത് ഡിവിഷനിലെ ഡേവിഡ് കങ്കാണി, എൻ.സി. ഡിവിഷനിലെസുബയ്യ തലവർ, പോലീസ് തേവർ, പൊന്നയ്യ തപാൽ, പെരിയക്കനാലിലെ സുബ്ബയാവ്, സൈലൻറ് വാലി എസ്റ്റേറ്റിലെ കട്ടിയപ്പൻ എന്നറിയപ്പെടുന്ന വരദൻ, സുന്ദരമാണിക്യം (മുൻ എം.എൽ.എമാർ), പോൾരാജ് (സി.പി.എം ഇടുക്കി മുൻ ജില്ലാ കമ്മിറ്റി അംഗം) തുടങ്ങിയവരാണ് പാർട്ടി നേതൃത്വത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ടത്. ഇവരുടെ തലമുറക്കാർ- മൂന്നാം തലമുറക്കാർ- ഇപ്പോഴും മൂന്നാർ മേഖലയിൽ പ്രവർത്തിച്ചുവരുന്നു.

ചിറ്റിവര എസ്റ്റേറ്റിൽ രാഷ്ട്രീയം എന്നു പറഞ്ഞാൽ തൊഴിലാളികൾക്ക് പേടിസ്വപ്നമായിരുന്നു. കമ്പനിയുടെ ചാണക്യനായിരുന്ന മാർട്ടിൻ സായിപ്പിന്റെ മേൽനോട്ടത്തിലുണ്ടായിരുന്ന ആദ്യത്തെ എസ്റ്റേറ്റ് ചിറ്റിവര ആയിരുന്നു. അതുകൊണ്ട് അവിടെ രാഷ്ട്രീയം ഒരിക്കലും സാധ്യമല്ലായിരുന്നു. പിന്നീടാണ് മറ്റു എസ്റ്റേറ്റുകളിൽ നിന്ന് തേയിലക്കാടും ചോലകൾ വഴിയും ചിറ്റിവരയിലെത്തിയ നേതാക്കൾ രാഷ്ട്രീയം പയറ്റിയത്.

എസ്. മാടസാമി

എല്ലപ്പെട്ടിയിലെ ചെല്ലയ്യയും പെരുമാളുമാണ് കൊടിമരം നട്ടുപിടിപ്പിച്ചത് എന്ന് പഴയ തൊഴിലാളികൾ പറയാറുണ്ട്. അതിന്റെ പേരിൽ കമ്പനിക്കാർ പലപ്രാവശ്യം അവരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പോലീസിനെ ഉപയോഗിച്ച് ഉപദ്രവിച്ചിട്ടുണ്ട് എന്നും തൊഴിലാളികൾ ഓർക്കുന്നു. ശേഖർ എന്ന നേതാവായിരുന്നു എല്ലപ്പെട്ടിയിലെ ജനങ്ങളെ കമ്യൂണിസ്റ്റ് പാർട്ടിയുമായി അടുപ്പിച്ചത്. അദ്ദേഹത്തിൻറെ മകൻ പൂവേശ് ഗുപ്ത ഇപ്പോഴും ആ പ്രദേശത്തെ എ.ഐ.ടി.യു.സി സംഘടനാ നേതാവാണ്. കുണ്ടല എസ്റ്റേറ്റിലെ തൊഴിലാളി കുടുംബത്തിൽ ജനിച്ച മാടസാമി കങ്കാണി 2020- ൽ മരിക്കുന്നതുവരെ കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു.

കോൺഗ്രസിൽ എടുത്തു പറയത്തക്ക നേതാക്കൾ ഉയർന്നു വരാത്ത പ്രദേശമാണ് ചിറ്റിവരയും എല്ലപ്പെട്ടിയും. പക്ഷേ ചെണ്ടുവരയിലെ സ്ഥിതി വ്യത്യസ്തമാണ്. തങ്കയ്യ, അമാവാസൈ, തുറൈരാജ്, കുമാർ തുടങ്ങിയവർ കോൺഗ്രസിന്റെ ശക്തരായ നേതാക്കളായിരുന്നു.

കോൺഗ്രസിന്റെ മെല്ലെപ്പോക്ക് ചോദ്യം ചെയ്തു കൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി കമ്പനിക്കെതിരെ സമരങ്ങൾക്ക് നേതൃത്വം നൽകിയത്. ആദ്യകാലത്ത് തൊഴിലാളികളെ സംഘടിപ്പിക്കുക മാത്രമായിരുന്നു പാർട്ടി ലക്ഷ്യം. ലയങ്ങളിലും കാടുകളിലും പാർട്ടി നേതാക്കൾ ഒളിവിൽ താമസിച്ചാണ് യൂണിയൻ പ്രവർത്തനം നടത്തിയതെന്ന് മുത്തശ്ശനും പണ്ടത്തെ തൊഴിലാളികളും പറയും. ആദ്യ കാലത്ത് ചിറ്റിവരയിലും ടോപ്പ് സ്റ്റേഷനിലും മൂന്നാർ ടൗണിന്റെ ചുറ്റുമുള്ള ഒന്നുരണ്ട് എസ്റ്റേറ്റുകളിലും ഒരു രാഷ്ട്രീയപാർട്ടിക്കും തൊഴിലാളികളെ സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. കാരണം, ഇവ നേരിട്ട് ബ്രിട്ടീഷുകാരുടെ അകമ്പടിയിലുള്ള സ്ഥലങ്ങളാണ്. എന്തുവില കൊടുത്തും യൂണിയനുകളെ പരാജയപ്പെടുത്തണമെന്ന് കമ്പനിക്കാർ തീരുമാനിച്ചിരുന്നു. ഈ സമയത്താണ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായ റോസമ്മ പുന്നൂസ് ലയങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. സ്ത്രീതൊഴിലാളികൾക്കുവേണ്ടിയുള്ള അവകാശ പോരാട്ടങ്ങളിലാണ് അവർ ആദ്യകാലത്ത് ഇടപെട്ടത്. സ്വാതന്ത്ര്യം കിട്ടിയിട്ടും തൊഴിലാളികൾക്ക് കിട്ടാതെ പോയ അവകാശങ്ങൾക്കുവേണ്ടി പോരാടണം എന്ന് തൊഴിലാളികളെ പഠിപ്പിച്ചത് റോസമ്മ പുന്നൂസ് ആയിരുന്നു. എന്റെ വല്യമ്മയുടെ കുട്ടിക്കാലത്ത് ചിറ്റിവര എസ്റ്റേറ്റിൽ കറുപ്പസാമി കോവിൽ മുതൽ റോസമ്മ നയിച്ച സമരത്തിന് സ്ത്രീകളുടെ പിന്തുണയുണ്ടായിരുന്നു എന്ന് വല്യമ്മ ഇപ്പോഴും പറയാറുണ്ട്. വല്യമ്മയുടെ ചെറുപ്പത്തിൽ റോസമ്മയുടെ നേതൃത്വത്തിൽ നടന്ന ഓരോ ജാഥയിലും കുട്ടികളും സ്ത്രീകളും ആവേശത്തോടെ പങ്കെടുത്തിരുന്നു.

ദേവികുളം എം.എൽ.എമാരായിരുന്ന കോൺഗ്രസിന്റെ ടി. മുരുകേശനും മൂന്നാർ തേയില തൊഴിലാളി കുടുബംത്തിൽ നിന്ന് ആദ്യമായി എം.എൽ.എയായ സി.പി.എമ്മിന്റെ ജി. വരദനും

തേയിലക്കാട്ടിൽ കൊടും ഇറക്കത്തിൽ പണിയെടുത്തിരുന്ന സ്ത്രീകൾ കയറ്റത്തിൽ പണിത ഷെഡുകളിൽ തൊട്ടിൽ കെട്ടി കുട്ടികളെ കിടത്തിയിട്ടിട്ടാണ് ജോലി ചെയ്തിരുന്നത്. ഹൈറേഞ്ചിലെ തേയില, കാപ്പി, ഏലം തോട്ടങ്ങളിൽ പണിയെടുത്തിരുന്ന സ്ത്രീകളുടെ അവസ്ഥ ഇതായിരുന്നു. ഇപ്പോഴും സമാന അവസ്ഥയുണ്ടെങ്കിലും പ്രസവകാല അവധിയുണ്ട്. അന്ന് പ്രസവിച്ചു കഴിഞ്ഞാൽ പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞ് ജോലിക്കെത്തണമെന്ന് മുത്തമ്മ (മുത്തശ്ശി ) പറയാറുണ്ട്.

തൊഴിലാളികളുടെ ഇത്തരം ദുരിതങ്ങൾ കണ്ടറിഞ്ഞാണ് റോസമ്മ പുന്നൂസ് തേയിലക്കാടുകളിലേക്കിറങ്ങിയത്. തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കുടിക്കാനുള്ള അവകാശ സമരമായിരുന്നു അതിലൊന്ന്. കേരള ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്താത്ത ഒരു സമരമാണിത്. കുഞ്ഞുങ്ങൾക്ക് മുല കൊടുക്കാനുള്ള അവകാശം പോലും കമ്പനി നിഷേധിച്ചിരുന്നു. അതിനെതിരെ റോസമ്മ പുന്നൂസ് തൊഴിലാളികളെ അണിനിരത്തി. കമ്പനിക്കാർ ഒരു പരിധിവരെ ആ ഡിമാൻഡ് അംഗീകരിച്ചു എന്നാണ് അന്നത്തെ തൊഴിലാളികൾ പറയുന്നത്. മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായ സി.എ. കുര്യനും സ്റ്റാൻലിയും ഗുണ്ടലവേലിയിലെ മാടസാമിയും ഇക്കാര്യം ഓർക്കുന്നുണ്ട്.

പ്രഭാഹരൻ കെ. മൂന്നാറും വല്ല്യമ്മ എട്ടിയമ്മയും

തിരുവിതാംകൂർ സംസ്ഥാനത്ത് അടിമത്തം നിലനിന്നിരുന്ന കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് റോസമ്മ പുന്നൂസ് ജനിക്കുന്നത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അവരെ 1939 ൽ ബ്രിട്ടീഷ് ഗവൺമെന്റ് ജയിലിലടച്ചു. സമാന ചിന്താഗതിക്കാരനായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാവ് പി.ടി. പുന്നൂസിനെയാണ് അവർ വിവാഹം കഴിച്ചത്. ഇതേതുടർന്ന് 1948-ൽ അവർ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. റോസമ്മയും പി.ടി. പുന്നൂസും ദലിതർക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും പള്ളിയിൽ പ്രവേശിക്കാനുള്ള അവകാശത്തിനു വേണ്ടി നിരന്തരം ശബ്ദിച്ചു. അന്നത്തെ ക്രിസ്ത്യൻ മത സംവിധാനം അവരെ പള്ളിയിൽ നിന്ന് പുറത്താക്കി. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി ഇരുവരെയും തൊഴിലാളികളെ സംഘടിപ്പിക്കാൻ മൂന്നാറിലേക്കയക്കുകയായിരുന്നു. റോസമ്മയുടെ സമരവീര്യത്തെ ഹൈറേഞ്ചിലെ ജനങ്ങൾ എപ്പോഴും ഓർത്തെടുക്കാറുണ്ട്. റോസമ്മയുടെ ഇടപെടലിനെതുടർന്നാണ് വിശക്കുന്ന കുട്ടികൾക്ക് മുലപ്പാലു കൊടുക്കാനുള്ള അവകാശം സ്ത്രീകൾക്ക് ലഭിച്ചതെന്ന് തലയാറിൽ തൊഴിലാളിയായിരുന്ന സുബ്ബയ്യയും ചൊക്കനാട്ടിലെ പാൽരാജും മുരുകമ്മയുമെല്ലാം ഓർക്കുന്നു.

മൂന്നാറിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായ സി.എ. കുര്യൻ

കമ്പനിക്കാരെ നേരിട്ടെടതിർത്ത ആദ്യ വനിതാ നേതാവു കൂടിയാണ് റോസമ്മ. കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനത്ത് ഭരണം നടത്തുന്ന കാലത്തും തൊഴിലാളികൾക്ക് ശമ്പളവും ബോണസും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 20 ദിവസം മൂന്നാർ ടൗണിൽ റോസമ്മ നിരാഹാര സമരം നടത്തിയിരുന്നുവെന്ന് മൂന്നാറിലെ ആദ്യകാല പാർട്ടി നേതാവായിരുന്ന ആർ.എസ്. മണി പറഞ്ഞു. തലയാർ മുതൽ ചിറ്റിവര വരെ നടത്തിയ ആ ഐതിഹാസിക സമരത്തെ കക്ഷിരാഷ്ട്രീയ ഭേദമന്യേ തൊഴിലാളികൾ ഏറ്റെടുത്തു. മൂന്നാർ തേയിലക്കാടുകളിൽ റോസമ്മ എത്താത്ത ഇടങ്ങൾ വിരളമാണ്.

തലയാർ തൊഴിലാളി കുടുംബത്തിലെ കോൺഗ്രസ് അനുഭാവിയായ ഗാന്ധി റോസമ്മയുടെ ഈ സമരം ഓർത്തെടുക്കാറുണ്ട്. ഈയിടെ പുറത്തിറങ്ങിയ മൂന്നാർ വണ്ടി എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ, റോസമ്മയാണ് മൂന്നാറിന്റെ ചരിത്ര നായിക എന്ന് എം.എം. മണി വി​ശേഷിപ്പിച്ചിരുന്നു. മൂന്നാർ എന്നാൽ റോസമ്മ കൂടിയാണ്. മൂന്നാറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ റോസമ്മയുടെ അവകാശ പോരാട്ടങ്ങൾ എന്നും നിലനിൽക്കും.

(തുടരും)

Comments