മേജർ ജെ.ആർ.എസ്. മക്‌കെ സായിപ്പ് പിടിച്ച ഇരവികുളം ട്രൗട്ട് മത്സ്യം. സഹായിയായ രാജു തേവൻ സമീപം / Photo: universityofglasgowlibrary

ശമ്പളം ഒരണയിൽ നിന്ന്
ഒരു രൂപയാകാനെടുത്തത്
അര നൂറ്റാണ്ട്

ആദ്യ കാലത്ത് ഒരണ ശമ്പളത്തിന് ജോലി തുടങ്ങിയ തൊഴിലാളികൾക്ക് ഒരു രൂപ ശമ്പളം വാങ്ങാൻ 50 വർഷം വരെ തലമുറതലമുറകളായി ആ തേയിലക്കാട്ടിൽ പണിയെടുക്കേണ്ടിവന്നു.

മലങ്കാട്- 32

കാലവർഷത്തിലും തുലാവർഷത്തിലും ഒരേപോലെ മഴ ലഭിക്കുന്നതുകൊണ്ട് മൂന്നാറിൽ, പ്രത്യേകിച്ച് കുണ്ടല, മാട്ടുപ്പെട്ടി തുടങ്ങിയ ഭാഗങ്ങളിൽ വെള്ളക്കെട്ട് പതിവായി. ചെറിയ പുഴകളെപ്പോലെ ഒരു നീണ്ട ജലപ്രതിഭാസം പടർന്നുകിടക്കുന്നത് സായിപ്പന്മാർ നിരീക്ഷിച്ചു. മാട്ടുപ്പെട്ടി കുട്ടിയാർ ഭാഗത്താണ് ഇത്തരമൊരു വെള്ളക്കെട്ട് പ്രളയത്തിനുശേഷം പതിവായി രൂപപ്പെടുന്നത് എന്ന് അവർ കണ്ടെത്തി. ഇംഗ്ലണ്ടിൽ നിന്നെത്തിയ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ കുട്ടിയാർ ഭാഗത്ത് ഡാം പണിതാൽ വെള്ളം ഹെഡ് വേഴ്സ് ഡാമിലേക്കും അവിടെ നിന്ന് പള്ളിവാസൽ ഭാഗത്തേക്കും തിരിച്ചുവിടാനാകുമെന്ന് കണ്ടെത്തി. അങ്ങനെ 1950 -54 കാലത്ത് മാട്ടുപ്പെട്ടി ഡാം പണി തുടങ്ങി. തിരുവിതാംകൂർ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഹൈഡ്രോ ഇലക്ട്രിക് പവർ എന്ന ആവശ്യത്തിനുവേണ്ടിയാണ് ഡാം പണിയാൻ തുടങ്ങിയത്.

തുടക്കത്തിൽ, ഡാം മഴയിൽ ഒലിച്ചുപോകുമോ എന്ന പേടിയുണ്ടായിരുന്നു. അതുകൊണ്ട് ഇംഗ്ലണ്ടിലെപോലെ ആർച്ച് ഡാം പണിയാനാണ് തീരുമാനിച്ചത്. അത് മികച്ച തീരുമാനമായിരുന്നു. കാരണം, മലയിൽ നിന്ന് തെക്കേ ഭാഗത്തേക്ക് ഒഴുകിവരുന്ന വെള്ളവും പശ്ചിമഭാഗത്തുനിന്ന് ഒഴുകിവരുന്ന വെള്ളവും ക്രമീകരിച്ച് മൂന്നാറിലെ മുതിരപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന ഭാഗത്തേക്ക് തിരിച്ചുവിടുമ്പോൾ അവിടെ നിന്ന് പള്ളിവാസൽ, കല്ലാർ എന്നിവിടങ്ങളിലേക്കും വെള്ളം ഒഴുകിയെത്തും. പിന്നീട് ആ വെള്ളം കല്ലാർകുട്ടി ഡാമിലെത്തും. ഈ ബോധ്യത്തോടെയാണ് സായിപ്പന്മാർ ഡാം പണിതത്.

മാട്ടുപ്പെട്ടി ഡാം നിർ‌മ്മാണ സമയത്ത് / Photo: Munnar, facebook

മാട്ടുപ്പെട്ടിയിൽ ഡാം പണിയുന്നതോടെ ചിത്രാപുരത്തിലേക്ക് പല മടങ്ങ് വെള്ളം ഒഴുകിയെത്തും എന്നതിൽ അവർക്ക് സംശയമില്ലായിരുന്നു. ഡാം പണിയാൻ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്നു. അവരിൽ ഒരാളായ പാപ്പു മേസ്തിരി പിൽക്കാലത്ത് കമ്പനിയുടെ പ്രധാന മേസ്തിരിയായി.

ഓരോ തൊഴിലാളി കുടുംബങ്ങൾക്കും 10 സെൻറ് ഭൂമി വീതമാണ് കമ്പനിക്കാർ കൃഷി ചെയ്യാൻ വിട്ടുകൊടുത്തത്.

ഇ.യു. ഫിലിപ്പോസ് എന്ന എഞ്ചിനീയറാണ് ഡാം നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. 83.35 മീറ്റർ ഉയരത്തിലും 237.74 മീറ്റർ വീതിയിലുമാണ് ഡാം. മൂന്നാറിലെ ഏറ്റവും നീളം കൂടിയ ഡാം കൂടിയാണിത്. മാട്ടുപ്പെട്ടിയിൽ ഡാം പണിതതോടെയാണ് മാട്ടുപ്പെട്ടിയുടെ ഇപ്പുറമുള്ള അരുവിക്കാട്, കുണ്ടല, എല്ലപ്പെട്ടി, ചിറ്റിവാര, ചെണ്ടുവര, ടോപ്പ് സ്റ്റേഷൻ തുടങ്ങി കമ്പനിയുടെ കിഴക്കു ഭാഗങ്ങളിലേക്ക് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതേസമയം മാട്ടുപ്പെട്ടി മുതൽ ടോപ്പ് സ്റ്റേഷൻ വരെയുള്ള പ്രദേശങ്ങളിൽ ഗതാഗത സംവിധാനം പരിതാപകരമായിരുന്നു.

ഇ.യു. ഫിലിപ്പോസ്

സ്വീട്ടർ സായിപ്പ് കമ്പനി മാനേജിങ് ഡയറക്ടറായി ചുമതലയേറ്റശേഷം കോൾ സായിപ്പും സ്വീട്ടർ സായിപ്പും ചേർന്നാണ് ഇത്തരത്തിലുള്ള ഗതാഗത സംവിധാനം വീ​ണ്ടെടുത്തതെന്ന് കമ്പനി രേഖകൾ പറയുന്നു. എസ്റ്റേറ്റ് മേഖലകൾ വികസിച്ചു തുടങ്ങിയതോടെ കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, പയർവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്തു തുടങ്ങി. തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചക്കറികൾക്ക് പുറമെ മൂന്നാറിന്റെ തനതായ രീതിയിൽ പച്ചക്കറി കൃഷി ഈ കാലഘട്ടത്തിലാണ് തുടങ്ങുന്നത്. ഓരോ തൊഴിലാളി കുടുംബങ്ങൾക്കും 10 സെൻറ് ഭൂമി വീതമാണ് കമ്പനിക്കാർ കൃഷി ചെയ്യാൻ വിട്ടുകൊടുത്തത്.

തൊഴിലാളി യൂണിയനുകളുടെ പോരാട്ടത്തിലൂടെയാണ് ഇത്തരം സൗകര്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞത് എന്ന് മുത്തശ്ശൻ പറയാറുണ്ട്. മാത്രമല്ല, തൊഴുത്തുകൾ പണിതു കൊടുക്കണമെന്ന ആവശ്യവും യൂണിയനുകൾ മുന്നോട്ടുവച്ചു എന്നാണ് വല്യമ്മ ഓർത്തെടുക്കുന്നത്. അങ്ങനെ 1950 നു ശേഷം മൂന്നാറിൽ തൊഴിലാളികളും മുതലാളിമാരും മറ്റൊരു ജീവിതശൈലിയിലേക്ക് മാറി. സ്കോട്ട്ലാൻഡിൽ നിന്നെത്തിയ സായിപ്പന്മാരായിരുന്നു ഭൂരിഭാഗവുമെന്നതിനാൽ ‘സ്കോട്ടിഷ് മോഡൽ’ മൂന്നാറിലും പയറ്റി. ലോഡ്ജ് ഹെതർ എന്ന സ്കോട്ട്ലാൻഡിലെ പ്രശസ്ത ലോഡ്ജിന്റെ ഒരു മോഡൽ മൂന്നാറിലും പണിയണമെന്ന് അവർ തീരുമാനിച്ചു. അങ്ങനെ കിഴക്കു ഭാഗത്ത് ഗ്രാന്റ് ലോഡ്ജ് എന്നറിയപ്പെടുന്ന ലോഡ്ജ് ഹെതർ മൂന്നാറിലും പണിതു. ഈ വലിയ കൊട്ടാരം പണിയാൻ വർഷങ്ങൾ വേണ്ടിവന്നു. സ്കോട്ട് ലാൻഡ് ബിൽഡിംഗ് മോഡലിലാണ് ഇത് പണിതത്. ബിസിനസ് കാര്യങ്ങൾ സംസാരിക്കാനാണ് അവർ ഈ ലോഡ്ജിനെ ഉപയോഗപ്പെടുത്തിയത്. 1962 നു ശേഷമാണ് സ്കോട്ടിഷ് ഗ്രാൻഡ് ലോഡ്ജ് ഓഫ് ഇന്ത്യ എന്ന് പേര് മാറ്റിയത്. അതിനുമുമ്പ് സ്കോട്ടിഷ് ഗ്രാൻഡ് ലോഡ്ജ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂറോപ്പിലെ പോലെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കാൻ സായിപ്പന്മാർ നിർമിച്ചതാണ് സ്കോട്ടിഷ് ഗ്രാൻഡ് ലോഡ്ജ് എന്ന ഈ വലിയ സൗധം. ഇവിടെയാണ് അവർ വാരാന്ത്യങ്ങൾ ആഘോഷിച്ചിരുന്നത്. വേട്ടയാടുന്ന മൃഗങ്ങളെ ഭക്ഷിച്ചും ഗോൾഫ് കളിച്ചും ശനിയാഴ്ച തള്ളിനീക്കും. ഇന്നും മൂന്നാറിൽ ഹൈറേഞ്ച് ക്ലബ് എന്ന പേരിൽ ഇത്തരം ആഡംബര ജീവിതം തുടരുന്നു. കുണ്ടല ഭാഗത്തും കുണ്ടല ക്ലബ്ബ് എന്നൊരു ക്ലബ് ഹൗസുണ്ട്. ഇവിടങ്ങളിൽ ചെല്ലുമ്പോൾ യൂറോപ്പിലെത്തിപ്പെട്ടതുപോലെ ഒരു തോന്നൽ അനുഭവപ്പെടും. എന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായാണ് കുണ്ടല ക്ലബ്ബ്. സ്വിറ്റ്സർലാൻഡ്, സ്കോട്ട്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പുൽമേടുകളെ ഓർമിപ്പിക്കുന്നതാണ് ഇതിന്റെ രൂപഘടന.

Photo: keralaarchaeology.blogspot.com

തണുപ്പ് കൂടുതലുള്ള നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ഈ പ്രദേശങ്ങൾ മഞ്ഞു വീണും പച്ചപ്പു നിറഞ്ഞും യൂറോപ്പിനെപ്പോലെയാകും. അതുകൊണ്ടാണ് സായിപ്പന്മാർ മൂന്നാറിൽ ഒരു മിനി യൂറോപ്പ് പണിതെടുത്തത്. മൂന്നാറിന്റെ ചുറ്റുമുള്ള 100 കിലോമീറ്ററോളം സ്ഥലങ്ങളെ വ്യത്യസ്ത ഭൂമികളായി സായിപ്പന്മാർ രൂപപ്പെടുത്തിയെടുത്തു. തേയില കൂടാതെ മരങ്ങളും ചെടികളും പൂക്കളും കൊണ്ട് വ്യത്യസ്തമായ ഒരു ഭൂപ്രകൃതിയായി മൂന്നാർ ഇന്നും ഭംഗിയോടെ നിലനിൽക്കാൻ കാരണം സായിപ്പന്മാരുടെ പ്ലാനിങ്ങാണെന്ന് പഴയ തലമുറയിലെ തൊഴിലാളികൾ മുതൽ ഇപ്പോഴുള്ളവർ വരെ പറയാറുണ്ട്. മൂന്നാർ മറ്റു വികസിത രാജ്യങ്ങൾക്കൊപ്പമായി. മോട്ടോർ വാഹനങ്ങളും ലോറികളും ട്രാക്കുകളും മൂന്നാർ മലനിരകളിൽ ഓടി തുടങ്ങി. തൊഴിലാളികളുടെ ജീവിതം ചെറിയ രീതിയിൽ മെച്ചപ്പെട്ടു തുടങ്ങി. അവർ അവകാശങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.

മനസ്സില്ലാ മനസ്സോടെയാണ് ഇന്ത്യ വിട്ടു പോകാൻ സായിപ്പന്മാർ തീരുമാനിച്ചത് എന്ന് അവരുടെ കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കാം.

1962- ഓടെയാണ് ഇന്ത്യൻ വംശജരായ വ്യാപാരികൾക്ക് സായിപ്പന്മാർ എസ്റ്റേറ്റ് വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. മനസ്സില്ലാ മനസ്സോടെയാണ് ഇന്ത്യ വിട്ടു പോകാൻ തീരുമാനിച്ചത് എന്ന് അവരുടെ കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കാം. പ്രത്യേകിച്ച് മൂന്നാർ വിട്ടു പോവാൻ സായിപ്പന്മാർക്ക് താല്പര്യമില്ലായിരുന്നു എന്നു തോന്നുന്നു. അതുകൊണ്ടാണ് 1947-ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മുതൽ അവർ മൂന്നാറിൽ തുടർന്നത്. ഭാഗികമായി വിദ്യാഭ്യാസം നൽകിയും മറ്റു അടിസ്ഥാന സൗകര്യങ്ങൾ അംഗീകരിച്ചു കൊടുത്തും ഇവിടത്തെ ഭരണകൂടത്തിന്റെ എല്ലാ സഹായങ്ങളും കൈപ്പറ്റിയുമാണ് അവർ ഇവിടെ തുടർന്നത്. മൂന്നാറിനെ കൈവശപ്പെടുത്താൻ പലരീതിയിലും അവർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

കുണ്ടല ഗോൾഫ് ക്ലബ്ബ്

മൂന്നാർ സായിപ്പന്മാരുടെ സ്വപ്നഭൂമിയായി മാറിയതിന് ഒരുപാട് കാരണങ്ങളുണ്ടെങ്കിലും കാലാവസ്ഥയും പ്രകൃതിഭംഗിയുമാണ് അതിൽ പ്രധാനം. സായിപ്പന്മാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫിഷിംഗ് സംവിധാനം മാത്രം ആദ്യകാലത്ത് മൂന്നാറിൽ സാധ്യമായിരുന്നില്ല. 1903-ൽ രാജമല ഇരവികുളത്തിലെ അടർന്ന കാടുകളിൽ ശുദ്ധജല അരുവികൾ രൂപപ്പെടുത്തിയെടുത്ത് അതിൽ മീൻ വളർത്താൻ ശ്രമിച്ചു. തുടക്കത്തിൽ ബ്രിട്ടീഷുകാരുടെ പ്രിയ മത്സ്യമായ ട്രൗട്ട് എന്ന മീനിനെ മൂന്നാറിലെ ശുദ്ധജല തടാകങ്ങളിൽ ബ്രീഡ് ചെയ്യാനായില്ല. കാരണം, അറ്റ്ലാൻറിക് സമുദ്രത്തിൽ മാത്രമാണ് ഈ മീൻ ഉണ്ടായിരുന്നത്. ലോകത്തിലെ തന്നെ രുചി കൂടിയ മത്സ്യമാണിത്. ഇന്ന് മൂന്നാറിൽ ഈയൊരു മീനിന് ആയിരം രൂപ വരെ വിലയുണ്ട്. സായിപ്പൻമാർ പല പ്രാവശ്യം മൂന്നാറിലേക്ക് ഈ മത്സ്യം കൊണ്ടുവരുകയും മുട്ട വിരിയിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ദൗത്യം അമ്പാടെ പരാജയപ്പെട്ടു എന്നാണ് കമ്പനി രേഖകളിൽ കാണുന്നത്.

ഇടുക്കിയുടെ പല ഡാമുകളിലും കിട്ടുന്ന മത്സ്യങ്ങളെല്ലാം ആദ്യകാലങ്ങളിൽ പരീക്ഷിച്ചത് സായിപ്പന്മാരാണ്.

വിചാരിച്ചതെന്തോ അത് സാധിച്ചെടുക്കുകയായിരുന്നു സായിപ്പൻമാരുടെ ശൈലി. ട്രൗട്ട് മത്സ്യം മൂന്നാറിലെത്തിക്കാനുള്ള ശ്രമങ്ങൾ 1924 വരെ തുടർച്ചയായി പരാജയപ്പെട്ടു കൊണ്ടിരുന്നു. ഒടുവിൽ അവർ ബ്രൗൺ ട്രൗട്ട് ഹാച്ചറി എന്ന ദൗത്യം പരീക്ഷിച്ചു. കാശ്മീരിലും നീലഗിരിയിലും വിജയിച്ച പരീക്ഷണമാണിത്. ഇത് മൂന്നാറിൽ വിജയിച്ചില്ല. പിന്നീട് മറ്റൊരു ഇനത്തിൽപ്പെട്ട ട്രൗട്ട് മത്സ്യത്തെ ബ്രീഡ് ചെയ്യുകയായിരുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെ മാത്രമാണ് ഇവയുടെ ബ്രീഡിങ് സീസൺ. ഈ മീനുകൾ മാത്രമല്ല, ഇന്ന് ഇടുക്കിയുടെ പല ഡാമുകളിലും കിട്ടുന്ന മത്സ്യങ്ങളെല്ലാം ആദ്യകാലങ്ങളിൽ പരീക്ഷിച്ചത് സായിപ്പന്മാരാണ്. പേരറിയാത്ത എത്രയെത്ര മീനുകൾ ഇന്നും സായിപ്പന്മാരുടെ ഓർമയ്ക്കായി ഡാമുകളിൽ കഴിയുന്നുണ്ട്.

ഇ.എച്ച് ഫ്രാൻസിസ് സായിപ്പ് / Photo: universityofglasgowlibrary

ഇതോടൊപ്പം, റെയ്സ് ഹോഴ്സും വേട്ടയാടലും അരങ്ങേറി. രാജമല ഭാഗത്ത് സ്കോട്ടിഷ് സായിപ്പന്മാരുടെ മീൻ വളർത്തൽ കേന്ദ്രം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കടുത്ത ശൈത്യത്തിലും ശുദ്ധജലത്തിലും മാത്രം ജീവിക്കുന്ന ട്രൗട്ട് മീനാണ് അവർ അവിടെ വളർത്തിയത്. ഞായറാഴ്ച സായിപ്പന്മാർ തമ്പടിച്ച് ചൂണ്ടയിട്ട് മീൻ പിടിക്കുകയും കാട്ടിലെ മൃഗങ്ങളെ വേട്ടയാടുകയും ചെയ്യും. രാജമല എസ്റ്റേറ്റിലെ മാടസാമി, ചെറുപ്പത്തിൽ കേട്ട ഇത്തരം കഥകൾ ഇപ്പോഴും ഓർക്കാറുണ്ട്.

അങ്ങനെ കുതിര സവാരിയും വേട്ടയാടലും മീൻപിടുത്തവും സായിപ്പന്മാരുടെ ഹരമായി മാറി. അതുകൊണ്ടാണ് അവർക്കിവിടം വിട്ടു പോകാൻ വിഷമം തോന്നിയതെന്ന് കുണ്ടല ക്ലബ്ബിലെ ബട്ലറായിരുന്ന കറുപ്പസാമി മാമൻ പറയും. ചെണ്ടുവര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ എല്ലാ വിദ്യാർത്ഥികളോടും വാത്സല്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു മാമൻ. മാമന്റെ അപ്പനും അപ്പൂപ്പനും തലമുറകളായി കുണ്ടല ക്ലബ് എന്ന ബംഗ്ലാവിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ് നടത്തിപ്പുകാരായും കാവലാളികളായും ജോലി ചെയ്തിരുന്നത്. അന്ന് മാമന്റെ അച്ഛനും അമ്മയും പറഞ്ഞ കഥകൾ ഞങ്ങളോട് പങ്കുവയ്ക്കും. ചിറ്റിവരയിലെ കടകളിൽ സാധനങ്ങൾ വാങ്ങാൻ കിലോമീറ്ററോളം നടന്നാണ് അദ്ദേഹം എത്തിയിരുന്നത്. കിലോമീറ്ററോളം പടർന്നു കിടക്കുന്ന ആ കാട്ടിൽ കാട്ടുപോത്തുകളും മാനും മുള്ളൻ പന്നിയും മറ്റു വന്യമൃഗങ്ങളും എപ്പോഴുമുണ്ടാകും. വനത്തിൽ ചെറു ചലനമുണ്ടായാൽ പോലും അത് അയാൾക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

കുണ്ടല ക്ലബ്

അങ്ങനെ കൊളോണിയലിസത്തിന്റെ വലിയൊരു സൗന്ദര്യസങ്കല്പമായാണ് ചിറ്റിവര മുതൽ കുണ്ടല ക്ലബ് വരെയുള്ള വനമേഖല ഇപ്പോഴും നിലനിൽക്കുന്നത്. 1963-ലാണ് ഗ്രാൻഡ് ലോഡ്ജ് എന്ന ബിസിനസ് തന്ത്രം എൻ. എസ്. ദാർ എന്ന ഇന്ത്യൻ വംശജനായ കച്ചവടക്കാരന്റെ കയ്യിലേൽപ്പിച്ച് സായിപ്പന്മാർ തിരിച്ചു പോകാൻ തീരുമാനിച്ചതെന്ന് കുറിപ്പുകളിലുണ്ട്. പക്ഷേ 1969 വരെ സായിപ്പന്മാർ അവിടെ തുടർന്നു എന്നാണ് ഞങ്ങളുടെ ആൾക്കാർ പറയാറ്. 1963- 1969 കാലത്താണ് അവർ ഇന്ത്യ വിട്ടു പോകുന്നത് എന്നും മനസ്സിലാവുന്നു.

മൂന്നാർ നഗരം വികസിക്കുന്തോറും തൊഴിലാളികളുടെ ജോലിഭാരവും പലമടങ്ങായി. മെഷീനുകളില്ലാത്ത കാലത്തെ പോലെ തന്നെയാണ് മോട്ടോർ വാഹനങ്ങൾ പ്രവർത്തിച്ചു തുടങ്ങിയ കാലത്തും തൊഴിലാളികൾ പണിയെടുത്തിരുന്നത് എന്ന് മുത്തശ്ശിയുടെ അനിയത്തി ചിന്നക്കുളന്തെ കിളവി എപ്പോഴും പറയാറുണ്ട്. മൂന്നാറിൽ വെള്ളക്കാർക്ക് കൊണ്ടുവരാൻ കഴിയാതിരുന്നത് വിമാനവും കടലും മാത്രമാണെന്ന് മാടസാമി പറയും. മനുഷ്യസാധ്യമായ മറ്റെല്ലാം മൂന്നാറിൽ പരീക്ഷിച്ചു. പക്ഷേ തൊഴിലാളികളുടെ ജീവിതം ദുരിതമയമായി തുടർന്നു.

എല്ലപ്പെട്ടി കൃഷിപ്പാടങ്ങൾ

1890-കളിൽ കമ്പനി ജോലിക്കായി എത്തിയ പുരുഷന്മാർക്ക് ഒരണയും സ്ത്രീകൾക്ക് മുക്കാലോ അരയോ അണയുമായിരുന്നു ശമ്പളം. എസ്റ്റേറ്റ് ജോലിയിൽ കടുത്ത സ്ത്രീ- പുരുഷ വിവേചനമുണ്ടായിരുന്നു. അധിക ഭാരമുള്ള ജോലികൾ പുരുഷന്മാരാണ് ചെയ്തിരുന്നത്. കൊളുന്ത് നുള്ളൽ സ്ത്രീകളാണ് ചെയ്യുന്നത്. കാടുകൾ വെട്ടിതെളിക്കുന്നതും മരുന്നടിക്കുന്നതും പുരുഷന്മാരാണ്. ആദ്യ കാലത്ത് ഒരണ ശമ്പളത്തിന് ജോലി തുടങ്ങിയ അവർക്ക് ഒരു രൂപ ശമ്പളം വാങ്ങാൻ 50 വർഷം വരെ തലമുറതലമുറകളായി ആ തേയിലക്കാട്ടിൽ പണിയെടുക്കേണ്ടിവന്നു. 1950 കളിലാണ് ഒരു രൂപ 13 പൈസ ശമ്പളം തൊഴിലാളികൾക്ക് ദിവസവേതനമായി കിട്ടിത്തുടങ്ങിയത് എന്ന് മാടസാമി പറഞ്ഞു.

(തുടരും)

Comments