ദൈവം, മതം, വിശ്വാസം: തിരുത്തൽ പ്രക്രിയയുടെ സാധ്യതകൾ

വർഗ്ഗസമരത്തിലൂന്നിയ ദർശനങ്ങൾ, രാഷ്ട്രീയ സംഘാടനങ്ങൾ എന്നിവ ദൈവ-വിശ്വാസങ്ങളുടെ ചട്ടക്കൂടുകളിലേക്ക് അബോധത്തിൽ നീങ്ങുന്നതും തിരിച്ച് ദൈവ-മത-വിശ്വാസ ധാർമികതകളുടെ അസ്തിത്വത്തെ പൂർണമായി തള്ളിക്കളയുന്നതും ഒരുപോലെ അബദ്ധമാണ്.

ഇസ്ലാമിക തിയോളജിയിൽ കാണുന്ന ശരീഅത്ത്, ത്വരീഖത്ത്, ഹക്കീക്കത്ത് എന്ന സങ്കല്പനം പ്രായോഗിക ദൈവത്തിൽനിന്ന് ദാർശനിക ദൈവത്തിലേക്കുള്ള വളർച്ചയെ അടയാളപ്പെടുത്തുന്ന സങ്കല്പനമാണ്. വിശ്വാസത്തെയും മതത്തെയും പുറമെനിന്ന് നിരീക്ഷിക്കുമ്പോഴാണ് വിശ്വാസത്തിന്റെ ഈ ത്രിത്വം ഇത്തരത്തിൽ അനുഭവവേദ്യമാവുക. മതവിശ്വാസത്തിനകത്തുള്ളവരെ സംബന്ധിച്ച് ഇത് അങ്ങനെയല്ല. ശരീഅത്ത് ബാഹ്യനിയമങ്ങളാകുമ്പോൾ ത്വരീഖത്ത് ദൈവത്തെ ആന്തരികമായിക്കൂടി മനസ്സിലാക്കുന്നതാണ്. ഹഖീഖത്ത് ദൈവത്തെക്കുറിച്ചുള്ള നിഗൂഢമായ ജ്ഞാനം ആർജ്ജിക്കലാണ്. ഇത് മൂന്നും ചേരുമ്പോഴാണ് സമ്പൂർണ്ണമായ വിശ്വാസം എന്നു പറയും. അതേസമയം സാധാരണക്കാർക്ക് ആദ്യഘട്ടം മാത്രം മതിയാവുകയും ചെയ്യും. പ്രാഥമികയുക്തിയിൽ ചോദ്യം ചെയ്യപ്പെടുമ്പോഴും ദാർശനികമായി ദൈവം നിലനിൽക്കുന്നു എന്നു പറയാനല്ല, വിശ്വാസം തന്നെ പല തലങ്ങളിൽ അതിനെ ന്യായീകരിക്കാനുള്ള യുക്തികൾ നിരത്തുന്നു എന്നു വിശദീകരിക്കാനാണ് ഇത് പറയുന്നത്.

മനുഷ്യസമൂഹത്തിന്റെ ഒരുമാതിരിപ്പെട്ട സംഘാടനങ്ങളെയൊക്കെ നിർണയിക്കുന്ന അടിസ്ഥാന ഡിസൈനുകളിലൊന്നാണ് ഏതെങ്കിലുമൊരു ദൈവസങ്കല്പത്തിലൂന്നിയ മതം. മതവിരുദ്ധ/ദൈവവിരുദ്ധപ്രസ്ഥാനങ്ങളുടെ പോലും സംഘാടനം മതങ്ങളുടെ ചട്ടക്കൂട്ടിലാണ്. ഭരണകൂടത്തിനും ജനങ്ങൾക്കുമിടയിൽ മാർക്സിസം സങ്കല്പിച്ച ഒന്നാണ് പാർട്ടി. റഷ്യയിൽ ലെനിൻ പാർട്ടി സംഘടിപ്പിച്ചപ്പോൾ അതിന് ക്രിസ്ത്യൻസഭയുടെ രൂപമായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സംഘടനാ ചട്ടക്കൂടുകളിൽ മാത്രമല്ല, സംഘടനയെ നിലനിർത്തുന്ന പ്രത്യയശാസ്ത്രബോധ്യങ്ങളെ സംബന്ധിച്ചും കേവലവിശ്വാസത്തിലൂന്നിയ ഒരു പ്രാഥമികതലവും അത്യന്തം ദാർശനികമായ ഒരു ഉപരിതലവുമുണ്ട്. നൂറുശതമാനം പ്രത്യയശാസ്ത്രബോധ്യം സംഘടനാസംവിധാനത്തിന്റെ വിവിധ തട്ടുകളിലെ നേതാക്കാന്മാർക്കുപോലും കാണില്ല. ഈ സാഹചര്യത്തിലാണ് പ്രത്യയശാസ്ത്രബോധ്യമുള്ള ആചാര്യന്മാർ ഉണ്ടാകുന്നത്. വർത്തമാനകാലസമസ്യകളെ വിശദീകരിക്കാൻ കഴിയുന്ന കേന്ദ്രനേതൃത്വത്തോടൊപ്പം ചരിത്രത്തെയും ഭാവിയെയും വിശദീകരിക്കാൻ കഴിയുന്ന (ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ) ആചാര്യന്മാർകൂടി ചേർന്നതാണ് പാർട്ടി. പാർട്ടിയുടെ സംഘടനാരൂപത്തിൽ ആചാര്യന്മാരെ കാണാൻ പറ്റില്ലെങ്കിലും ഓർമകളായും ചിത്രങ്ങളായും പ്രതിമകളായും പുഷ്പാർച്ചനകളായും ഈ ആചാര്യസങ്കല്പം ദൈവസങ്കല്പം പോലെ ദൃശ്യസാന്നിധ്യമാണ്.

വിശ്വാസിയും അവിശ്വാസിയുമൊക്കെയടങ്ങുന്ന സമൂഹത്തെ നിലനിർത്തുന്ന ധാർമികത മിക്കപ്പോഴും മതവിശ്വാസയുക്തിയിൽനിന്ന് രൂപപ്പെടുന്നതാകും. കേരളത്തെ മുൻനിർത്തി ആലോചിച്ചാൽ പരസ്പരവൈരുധ്യമുള്ള വിശ്വാസികളും മതമില്ലാത്തവരും പൊതുവെ പിന്തുടരുന്ന ധാർമ്മികതയുടെ ഒരു ചട്ടക്കൂടുണ്ട്. ഇതിനകത്താണ് എല്ലാവരും പെരുമാറുന്നത്. സ്വ-പരജീവിതങ്ങൾ കൂട്ടിമുട്ടാതെ മുന്നോട്ടുപോകുന്നത് ഈ ധാർമിക ചട്ടക്കൂടിനകത്താണ്.

സാമൂഹ്യജീവിതത്തിന്റെ അലകും പിടിയും രൂപപ്പെടുത്തിയത് മതങ്ങൾ മാത്രമാണ് എന്നല്ല പറയുന്നത്. ജീവശാസ്ത്രപരമായും പ്രകൃതിയുമായുള്ള അതിജീവന പോരാട്ടങ്ങളുടെ ഭാഗമായും രൂപപ്പെട്ടതുകൂടിയാണ് സമൂഹത്തെ നിലനിർത്തുന്ന ധാർമികത. ഇതിനെ മതങ്ങൾ സ്വീകരിക്കുകയും അതാതിന്റെ കാഴ്ചപ്പാടുകളിൽ പരിഷ്‌കരിക്കുകയും പിന്നീട് മതമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ആധുനികമായ സാമൂഹികചുറ്റുപാടിൽ ഇത്തരം ധാർമികതകളിൽ പലതും ആവശ്യമില്ലാത്തപ്പോഴും ഒരു നിരീശ്വരവാദ/യുക്തിവാദപ്രസ്ഥാനത്തിന് അതിനെ പൂർണമായി മറികടക്കാനാകാത്തത് മതങ്ങളുണ്ടാക്കിയ ധാർമികതാ ബോധങ്ങളിലാണ് അതിന്റെ സംഘാടനം എന്നതിനാലാണ്. സാമൂഹികമായി രൂപപ്പെടുന്ന പൊതുവിശ്വാസങ്ങളെയും ധാർമികതയെയും മറികടന്ന് സ്വന്തമായ ധാർമ്മികസംഹിത നടപ്പിലാക്കാൻ മതങ്ങൾക്കും കഴിയില്ല. മതങ്ങളും സംഘടിപ്പിക്കപ്പെടുന്നത് ചില പൂർവ്വരൂപങ്ങളിൽനിന്നാണ് എന്നർത്ഥം. പിന്നിൽനിന്ന് വരുന്നതുപോലെ ഇത് മുന്നോട്ടും വളരും.

മതനിയമങ്ങളും വിശ്വാസവുമനുസരിച്ച് മുസ്ലിംകൾക്ക് പുനർജന്മമില്ല. അതുകൊണ്ടുതന്നെ അലഞ്ഞുതിരിയുന്ന പരേതാത്മാക്കളെയും പ്രേതങ്ങളെയുമൊന്നും വിശ്വസിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. കേരളത്തിലെ ഒരു ശരാശരി മുസ്ലിമിനെ പരിഗണിച്ചാൽ അയാൾ ഇത്തരം ഭയങ്ങളുള്ള ഒരാളായിരിക്കും. പള്ളിയോടുചേർന്ന ശ്മശാനത്തിൽനിന്ന് ഒരു പ്രേതാത്മാവും ഇറങ്ങിവരില്ലെന്ന് അയാൾ പഠിച്ചുറച്ചതാണെങ്കിലും പാതിരാത്രിക്ക് പള്ളിക്കാട്ടിൽ ഒറ്റയ്ക്കുപോവുന്ന കാര്യം ആലോചിക്കുമ്പോൾ ഭയം വരുന്നത് കേരളത്തിന്റെ പൊതുവിശ്വാസത്തിൽ രൂഢമൂലമായ പ്രേതസങ്കല്പം അയാളിൽനിന്ന് ഇറങ്ങിപ്പോകാത്തതുകൊണ്ടാണ്. അനൈച്ഛികമായ ഇത്തരം വിശ്വാസങ്ങൾ കൂടി ചേർന്നാണ് മതങ്ങൾ. സംഘടിതമതങ്ങൾ വ്യത്യസ്ത സംസ്‌കാരഘടനകൾക്കകത്ത് എങ്ങനെയാണ് അതിന്റെ വിശ്വാസാദർശങ്ങളും ധാർമ്മികതകളും പരിചരിക്കുന്നത് എന്നു നിരീക്ഷിക്കുമ്പോൾ കാണുന്ന വൈവിധ്യങ്ങൾ ചരിത്രത്തിൽനിന്ന് ലംബമാനമായും ചുറ്റുപാടിൽനിന്ന് തിരശ്ചീനമായും വന്നുചേരുന്ന അനൈച്ഛികമായ വിശ്വാസധാരകളുണ്ടാക്കുന്ന കലർപ്പ് വ്യക്തമാകും.

പ്രകൃതിനിർദ്ധാരണത്തിന്റെ ഭാഗമായിത്തന്നെ രൂപപ്പെട്ടതായി ദൈവങ്ങളെയും വിശ്വാസങ്ങളെയും കാണണം. ജനിതകമായ രൂപപ്പെടലുകളുടെ ഒരു തുടർച്ച സാമൂഹികനിയമങ്ങളിലും കാണുന്ന സോഷ്യൽ ഡാർവിനിസം ഇക്കാര്യം പ്രാഥമികമായി വിശദീകരിക്കാൻ പര്യാപ്തമാണ്. എന്നാൽ അർഹതയുള്ളവരല്ലാത്തവർകൂടി അതിജീവിക്കുന്നിടത്താണ് മനുഷ്യസംസ്‌കാരം ആരംഭിക്കുന്നതും മറ്റ് ജിവിവർഗ്ഗങ്ങളിൽനിന്ന് വേറിട്ട ഒന്നാകുന്നതും. മനുഷ്യസംസ്‌കാരത്തെ സംബന്ധിച്ച ഈ വൈരുദ്ധ്യം മാർക്സിസ്റ്റ് വർഗ്ഗസിദ്ധാന്തത്തിനുമുമ്പുതന്നെ തിരിച്ചറിയുന്നത് മതങ്ങളാണ്. സെമിറ്റിക്- ബുദ്ധ- ജൈന ദർശനങ്ങളെയൊക്കെ നിരീക്ഷിച്ചാൽ അതിനകത്ത് സ്വാഭാവികമായി രൂപപ്പെടുന്നതും സോർഷ്യൽ ഡാർവിനിസ്റ്റ് രീതിയിൽ വിശദീകരിക്കാവുന്നതുമായ ദൈവ- മത- ധാർമികതകളെ തിരുത്തുന്ന ഒരു ഘടകം കണ്ടെത്താനാകും. ഈ മതങ്ങളൊക്കെ അതിന്റെ ആദ്യകാലങ്ങളിലെങ്കിലും ചൂഷണത്തിലധിഷ്ഠിതമായ സാമൂഹികധാർമ്മികതകൾക്ക് തിരുത്തു നിർദ്ദേശിച്ചവയാണ്. ഇന്ത്യയിലെ ഭക്തിപ്രസ്ഥാനവും ഇത്തരത്തിൽ കൃത്യമായ തിരുത്തുകൾ നിർദ്ദേശിച്ചിട്ടുണ്ട്. മാർക്സിസ്റ്റ് ചിന്തകൾ അതിന്റെ ആദ്യകാലത്ത് മതങ്ങളെയും വിശ്വാസങ്ങളെയും വിശദീകരിക്കുന്നതിൽ വരുത്തിയ തെറ്റ് മതങ്ങളുടെ തന്നെ ഈ തിരുത്തൽ ശേഷി മനസ്സിലാക്കാൻ സാധിക്കാതെ പോയതുകൊണ്ടുകൂടിയാണ്. മനുഷ്യന്റെ സാമൂഹികസ്വരൂപത്തിൽ വിശ്വാസവും മതവുമൊക്കെ സ്വാഭാവികമായ ഒന്നാണ്. അതിനെ പൂർണമായി തള്ളിക്കളയാൻ ശ്രമിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് സോവിയറ്റ് യൂണിയനിൽനിന്നുള്ള ഉഹാരണങ്ങൾ കാണിച്ചു തരും. മോസ്‌കോയിലും സെന്റ് പീറ്റേഴ്സ് ബർഗിലുമൊക്കെ സോവിയറ്റ് കാലത്ത് മ്യൂസിയങ്ങളോ ചരിത്രസ്മാരകങ്ങളോ ഒക്കെയായി മാറിയിരുന്ന ചർച്ചുകൾ സോവിയറ്റാനന്തരകാലത്ത് തിരിച്ച് വിശ്വാസികൾ നിറഞ്ഞ ചർച്ചുകളായി മാറി. സോവിയറ്റ് യൂണിയനിൽ ഉൾപ്പെട്ട റിപ്പബ്ലിക്കുകളിൽ പലതും മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളായിരുന്നു. സോവിയറ്റ് കാലത്തും അതിനുശേഷവും ഇവരുടെ വിശ്വാസവും ആചരാനുഷ്ഠാനങ്ങളും എങ്ങനെയാണ് മാറിമറിഞ്ഞത് എന്നതും കൗതുകകരമായ അന്വേഷണവിഷയമാണ്.

ഓട്ടോമൻ കാലത്തും അത്താത്തുർക്കിന്റെ പ്രഭാവകാലത്തും ഉർദുഗാന്റെ കാലത്തും തുർക്കിയിലെ മുസ്ലിം പള്ളികൾക്കും ആരാധനാരീതികൾക്കും വന്ന മാറ്റങ്ങൾ നിരീക്ഷിക്കപ്പെട്ടതാണ്. ദശകങ്ങളോളം അറബിയിലുള്ള ബാങ്കുവിളികൾക്ക് വിലക്കുണ്ടായിരുന്ന തുർക്കിയിലെ പള്ളികളിൽനിന്നുള്ള പുതിയ ബാങ്കുവിളികളെക്കുറിച്ച് മഹമൂദ് കൂരിയയും ഞാനും ചേർന്ന് ട്രൂക്കോപ്പിയിലെഴുതിയ സഞ്ചാരക്കുറിപ്പുകളിൽ പറഞ്ഞത് ഓർക്കുന്നു.
വ്യക്തിപരമായി ഒരാൾക്ക് അവിശ്വാസിയായി ജീവിക്കാൻ സാധിക്കും. ഒരു സമൂഹത്തിന് ഒരിക്കലും അതിനു സാധിക്കില്ല. വിശ്വാസാദർശങ്ങളും അതിൽനിന്നുണ്ടാകുന്ന ധാർമ്മികതകളും മാറ്റിവെച്ച് ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രത്തിനും അതിന്റെ സംഘടനാരൂപത്തിനും സൈദ്ധാന്തികമായി നിലനിൽക്കാനാകും. വ്യക്തിയിൽ അനൈച്ഛികമായി രൂപപ്പെടുന്ന സാമൂഹികധാർമ്മികതാബോധ്യങ്ങളായി അതു കടന്നുവരും. ദൈവങ്ങളെയും മതവിശ്വാസത്തെയും പുറത്തുനിർത്തുന്ന ഒരു പ്രത്യയശാസ്ത്രത്തിലേക്കും സംഘടനാരൂപങ്ങളായും ചിഹ്നങ്ങളായും മറ്റും മതവിശ്വാസങ്ങളിൽനിന്നു രൂപംകൊണ്ട യുക്തികൾ ഇപ്രകാരം അനൈച്ഛികമായി സ്വീകരിക്കേണ്ടിവരും. സൂക്ഷ്മപരിശോധനയിൽ വ്യക്തികളെ സ്വാധീനിക്കുന്ന വിശ്വാസപരമായ ധാർമ്മികബോധ്യങ്ങൾ സംഘടനയിലേക്കുകൂടി വ്യാപിക്കും. മതസമൂഹങ്ങളുണ്ടാക്കിയ ധാർമ്മികബോധ്യങ്ങൾ മതരഹിതപ്രസ്ഥാനങ്ങളിലേക്കു കടന്നുവരുന്ന പ്രധാനമാധ്യമം ഭാഷയാണ്. ഭാഷയുടെ ഓരോ അംശത്തിലും വിശ്വാസപരമായ ധാർമ്മികതയും മറ്റു ഘടകങ്ങളും കടന്നുകയറിയിട്ടുണ്ടാകും. ഏറെ സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കിൽ എല്ലാ പ്രത്യയശാസ്ത്ര ബോധ്യങ്ങളെയും ഭാഷ അട്ടിമറിച്ചുകളയും. മതരഹിത പ്രത്യയശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രത്തിൽ സ്വന്തമായ പദസമ്പത്തും പ്രയോഗവും ഭാഷയിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുമ്പോൾത്തന്നെ പല അടരുകളിലായി സഞ്ചരിക്കുന്ന വിശ്വാസത്തിന്റെ യുക്തികൾ അകത്തു കയറിക്കഴിയും. നേരത്തേ സൂചിപ്പിച്ചപോലെ മതങ്ങളെയും ദൈവങ്ങളെയും സംബന്ധിച്ചു പ്രവർത്തിക്കുന്ന ആന്തരഘടന ഇത്തരം സംഘാടനങ്ങളെയും ബാധിക്കുന്നുണ്ട് എന്നു മനസ്സിലാക്കണം. നിരീശ്വരവാദം മറ്റൊരു മതമാണ് എന്നു പറയാൻ പറ്റുന്നത് ഇതുകൊണ്ടാണ്.

മനുഷ്യന്റെ നിർവാഹകത്വത്തിനു തടസ്സമാകുന്ന ഒരു ചൂഷണോപാധിയായി മതവും വിശ്വാസങ്ങളും നാട്ടാചാരങ്ങളും നിലനിൽക്കുന്നതിനെ പ്രശ്നവൽക്കരിച്ചുകൊണ്ട് മുന്നേറേണ്ടത് പ്രകൃതിനിർദ്ധാരണത്തിന് സമാന്തരമായി മുന്നേറേണ്ട മനുഷ്യസംസ്‌കാരത്തിന്റെ ഒന്നാമത്തെ ബാധ്യതയാണ്. വ്യവസായവൽക്കരണനാന്തരം ഈ ധർമം ഏറ്റെടുത്തിട്ടുള്ളത് മാർക്സിസ്റ്റ് ദർശനവും അതിന്റെ തുടർച്ചകളുമാണ്. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് എല്ലാ സാമൂഹികവിമർശനങ്ങളും മതവിമർശനത്തിൽനിന്നാണ് ആരംഭിക്കേണ്ടത് എന്ന് കാൾ മാർക്സ് പറയുന്നത്. മതം ഒരു അധികാരശക്തിയായി, ചൂഷണോപാധിയായി നിലനിൽക്കുന്ന കാലത്തൊക്കെയും അത് വിമർശിക്കപ്പെടുകയും അതിന്റെ അധികാരശക്തികളെ മുട്ടുകുത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുകയും ചെയ്യും. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള കലഹമായിട്ടല്ല വർഗ്ഗസമരങ്ങളുടെ അടിസ്ഥാനത്തിലുള്ള അനിവാര്യമായ സംഘർഷങ്ങളായാണ് ഇവയെ കാണേണ്ടത്. നിർഭാഗ്യവശാൽ സമീകരിക്കാവുന്നതല്ലെങ്കിലും മാർക്സിസം, ജനാധിപത്യം തുടങ്ങിയ ആധുനിക രാഷ്ട്രീയമൂല്യങ്ങൾക്കുമേൽ മതവും വിശ്വാസവുമൊക്കെ നിർണായകമായ അധികാരശക്തിയായി ശക്തമായി തിരിച്ചുവരുന്ന ലോകസാഹചര്യത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അപ്പോൾപ്പോലും ദൈവം, മതം, വിശ്വാസം എന്നിവയുടെ സാമൂഹികമായ നിലനിൽപിനെ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്തുകൊണ്ടല്ലാതെ ഈ തിരുത്തൽ പ്രക്രിയ സാധ്യമല്ല.

വർഗ്ഗസമരത്തിലൂന്നിയ ദർശനങ്ങൾ, രാഷ്ട്രീയ സംഘാടനങ്ങൾ എന്നിവ ദൈവ-വിശ്വാസങ്ങളുടെ ചട്ടക്കൂടുകളിലേക്ക് അബോധത്തിൽ നീങ്ങുന്നതും തിരിച്ച് ദൈവ-മത-വിശ്വാസ ധാർമികതകളുടെ അസ്തിത്വത്തെ പൂർണമായി തള്ളിക്കളയുന്നതും ഒരുപോലെ അബദ്ധമാണ്. ഈശ്വരൻ ഉണ്ട് എന്നു പറയുന്നതും ഇല്ല എന്നു പറയുന്നതും ഒരേ സമയം നുണയാകുന്നതിന്റെ ദാർശനികവും ചരിത്രപരവുമായ പശ്ചാത്തലം ഇതാണ്

( ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 98 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഒരു ഭാഗം)


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments