truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
West Bengal

Bengal Election

'ജൊയ് ബാംഗ്ലാ,
ജൊയ് ദീദി'

'ജൊയ് ബാംഗ്ലാ, ജൊയ് ദീദി'

മമതയുടെ രാഷ്ട്രീയവീര്യം കെടുകയോ നയത്തിന്റെ കാര്യത്തില്‍ തൃണമൂലിന്റെ കാലാവസ്ഥ മാറുകയോ ചെയ്തല്ലാതെ ബംഗാളില്‍ കാവി പടര്‍ത്തുന്ന പ്രക്രിയ പൂര്‍ത്തീകരിക്കുക എന്നത് എളുപ്പമാവില്ല ബി.ജെപിയ്ക്ക്. 

3 May 2021, 03:27 PM

വി.എസ്. സനോജ്‌

മിഷ്ഠി കഴിച്ച്, സന്ദേശും രസഗുളയും വിതരണം ചെയ്ത് ബംഗാളിലെ ജനം ഇന്നലെ പറഞ്ഞിട്ടുണ്ടാവുക; "ജൊയ് ബാംഗ്ലാ, ജൊയ് ദീദീ'- എന്നായിരിക്കും. ഇടതുപക്ഷ സര്‍ക്കാരിലുള്ള വിശ്വാസവും പിണറായി വിജയന്റെ നേതൃപാടവവും കേരളത്തില്‍ ഇടതിനെ തുണച്ചപ്പോള്‍ ബംഗാളിലും അതേ വികാരം തന്നെ പ്രവര്‍ത്തിച്ചു, മമതയുടെ കാര്യത്തില്‍. ഇടതിനും കോണ്‍ഗ്രസിനും അവിടെ ഓക്‌സിജന്‍ പോലും കിട്ടാത്ത സ്ഥിതിയായി ഫലം വന്നപ്പോള്‍. ബംഗാളിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത അത്ര വര്‍ഗീയമായ ചേരിതിരിവും രാഷ്ട്രീയ വിഴുപ്പലക്കും സംഘര്‍ഷവും നടന്നു ഇത്തവണ.

മമതയെ ‘മമതാബീഗം’ എന്നും ‘വീല്‍ചെയര്‍ ദീദി രോഹിങ്ക്യകളുടെ ആന്റി’ എന്നുമെല്ലാം വിളിച്ചു പരിഹസിച്ചു ബി.ജെ.പി. നേതൃത്വം. നാക്കിന്റെ കാര്യത്തില്‍ ബംഗാളിലെ പി.സി. ജോര്‍ജാണ് ബി.ജെ.പി. അധ്യക്ഷനായ ദിലീപ് ഘോഷ്. ഘോഷ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ബി.ജെ.പി. നേതൃത്വം വിലക്കിയില്ല. അതിന് കിട്ടിയ കയ്യടി ഗുണം ചെയ്യുമെന്ന് കരുതുകയും ചെയ്തു. സ്ത്രീവോട്ടുകളെ ഇത് അകറ്റി. വടക്കന്‍ ബംഗാളിലും തെക്കന്‍ മേഖലയിലും ഹിന്ദു പോളറൈസേഷന്‍ നടത്താനുള്ള ബി.ജെ.പി ശ്രമത്തിന്​ ചിലയിടത്ത് ഫലവുമുണ്ടായി. അതിനപ്പുറം സംസ്ഥാനത്താകെ അത് ക്ലച്ച് പിടിച്ചതുമില്ല. അമിത് ഷായുടെ തന്ത്രങ്ങളെ നേരിടാനും പലയിടത്തും അവരെ വേരോടെ പിഴുതെടുക്കാനും മമതയെ പോലൊരു സ്ട്രീറ്റ് ഫൈറ്റര്‍ക്ക് കഴിഞ്ഞു.

ബി.ജെ.പിയുടെ കുതിപ്പിനെ തടഞ്ഞത് മമതയുടെ ധീരമായ നീക്കമാണ്, അത് മോദി പാര്‍ട്ടി, റൈറ്റേഴ്‌സ് ബില്‍ഡിങ് വാഴാനെത്തിയത് അഞ്ചു കൊല്ലത്തേക്ക് കൂടി തടഞ്ഞിരിക്കുന്നു, എക്കാലവും അതിന് കഴിഞ്ഞെന്നുവരില്ലായെങ്കിലും. ബംഗാളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ബംഗാളില്‍ ബി.ജെ.പി. വളരുന്നുണ്ട്, പരാജയപ്പെട്ടത് മോദി - അമിത് ഷാ തന്ത്രം മാത്രമാണ് എന്ന വിമര്‍ശനം അവരുടെ പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്നുവെന്ന് വാര്‍ത്തകളുണ്ട്. 

ALSO READ

ഇടതുപക്ഷത്തിനെങ്ങനെ ഇങ്ങനെയൊരു ജയമുണ്ടായി?

വളരെ തിരക്കിട്ടാണ് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയതന്ത്രം തയ്യാറാക്കാൻ തന്നെ വിളിച്ചത് എന്നും പെട്ടെന്നാണ് തൃണമൂല്‍ ടീമിനൊപ്പം ചേർന്നത്​ എന്നും പക്ഷേ ഭരണം പിടിക്കാൻ മമതയും സംഘവുമെടുത്ത അധ്വാനം രാജ്യത്തെ കോണ്‍ഗ്രസ് കണ്ടുപഠിക്കേണ്ട വസ്തുതയാണെന്നും മമതയുടെ രാഷ്ട്രീയ ഉപദേശകനായ പ്രശാന്ത് കിഷോര്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

നൂറ് സീറ്റില്‍ കൂടുതല്‍ ബി.ജെ.പി. ബംഗാളില്‍ പിടിച്ചാല്‍ താനീ പണി എന്നന്നേക്കുമായി നിര്‍ത്തുമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം നില്‍ക്കേ പറഞ്ഞിരുന്നു. ഏതായാലും പ്രശാന്ത് കിഷോറിന് ഇനിയും ഈ പണി ചെയ്യാനുള്ള കോപ്പ് ബംഗാള്‍ ഫലം നല്കുന്നുണ്ട്.

കോവിഡ് പ്രതിസന്ധിയിലും വര്‍ഗീയ ചേരിതിരിവിലും പെട്രോള്‍ വില വര്‍ധനയിലും കേന്ദ്രത്തെ ആക്രമിച്ച് ഒരു ശത്രുവിനെ ജനത്തിന് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതില്‍ മമത വിജയിച്ചു. ആകെ 23 ജില്ലകളില്‍ 16 ഇടത്തെങ്കിലും തൃണമൂല്‍ മിന്നുന്ന മേധാവിത്വം പ്രകടമാക്കി. പലതരം അടവുകളിലൂടെ മമത അമിത് ഷായുടെ കുതന്ത്രങ്ങളെ നേരിട്ടു. ബി.ജെ.പിയെ വരത്തന്മാരായും മുസ്‌ലിം ന്യൂനപക്ഷത്തെ പൗരത്വ ബില്ലിന്റെ പേരിലുള്ള ആശങ്ക ബോധ്യപ്പെടുത്താനും അത് വോട്ടാക്കാനും തൃണമൂലിന് കഴിഞ്ഞു, ഒപ്പം പട്ടികജാതി- വര്‍ഗ മേഖലയിലെ പഴയ കോണ്‍ഗ്രസ് - കമ്യൂണിസ്റ്റ് വിശ്വാസം തൃണമൂലിലേക്ക് വഴിമാറുകയും ചെയ്തു. 

kishore
പ്രശാന്ത് കിഷോര്‍

ഏത് പ്രതിസന്ധിയിലും കൂടെ നില്ക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ മമത വിജയിച്ചു. പ്രാദേശിക ഘടകങ്ങള്‍ പലതും അവര്‍ക്ക് ബോണസ് വോട്ടായപ്പോള്‍ ചില മേഖലകളിലെ ഹിന്ദുധ്രുവീകരണം തൃണമൂലിനെ കുഴപ്പത്തില്‍ ചാടിച്ചു. അതാണ് ബി.ജെ.പിയുടെ സീറ്റ് നില 80 ലേക്ക് എത്തിച്ചതും.

ബാങ്കുര, ബീര്‍ഭും, ജാര്‍ഗ്രാം, സൗത്ത് പർഗാനാസ്, ഹൂഗ്ലി, ഹൗറ മേഖലകളിലെ വോട്ട് ശരാശരി നോക്കിയാലിത് കാണാനാവും. തൃണമൂല്‍ ചേരിയില്‍ നിന്ന് തന്നെ നേതാക്കളെ അടര്‍ത്തി ഭരണം പിടിക്കാനുള്ള നീക്കം ഫലിച്ചില്ലെങ്കിലും സീറ്റുനിലയില്‍ വലിയ വര്‍ധനവ് വരുത്താന്‍ ബി.ജെ.പിയ്ക്കായി. അമിത് ഷായ്ക്ക് സന്തോഷിക്കാനുള്ള വകയും ബംഗാള്‍ നല്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്ന് സീറ്റില്‍ നിന്ന് 80 സീറ്റിലേക്കുള്ള വളർച്ച ചില്ലറ്റ കാര്യമല്ല. അവരുടെ പ്രതീക്ഷകൾ മുന്നോട്ടുതന്നെയാണ്. അതിന് തടയിടാനുള്ള വീറും വാശിയുമായി മമതയുണ്ട് മറുവശത്ത് എന്നുമാത്രം. മമതയുടെ രാഷ്ട്രീയവീര്യം കെടുകയോ നയത്തിന്റെ കാര്യത്തില്‍ തൃണമൂലിന്റെ കാലാവസ്ഥ മാറുകയോ ചെയ്തല്ലാതെ ബംഗാളില്‍ കാവി പടര്‍ത്തുന്ന പ്രക്രിയ പൂര്‍ത്തീകരിക്കുക എന്നത് എളുപ്പമാവില്ല ബി.ജെപിയ്ക്ക്. 

mamatha
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനർജി 

കൗതുകരമായ നിരവധി സംഭവങ്ങളും അനുബന്ധങ്ങളും ഇത്തവണ ബംഗാളില്‍ അരങ്ങേറി. ബംഗാളിലേക്കുള്ള അമിത് ഷായുടെ പാര്‍ട്ടിയുടെ വരവിനെ ബംഗാളിന്റെ പൊതുശീലമല്ലാത്ത ഭിന്നിപ്പിന്റെ രാഷ്ട്രീയം എന്ന് പറഞ്ഞാണ് മമതയും കൂട്ടരും നേരിട്ടത്. ‘ബൊഹിരാഗതോ’ എന്ന് ഷായെ വിളിച്ചതും അതുകൊണ്ടുതന്നെ. ഹിന്ദി സംസാരിക്കുന്നവരുടെ പാര്‍ട്ടിയായതിനാല്‍ വരത്തന്മാരുടെ പാര്‍ട്ടിയാണത് എന്നായിരുന്നു ബംഗാളികളോട് മമത പറഞ്ഞത്. ഭാഷയിലും സ്വ സംസ്‌കാരത്തിലും പുളകം കൊള്ളുന്ന ബംഗാളിയോട് ‘ബൊഹിരാഗതോ’കളെ പുറത്താക്കണമെന്നാണ് മമത പറഞ്ഞുകൊണ്ടിരുന്നത്​.

ഇത് പ്രാദേശികവാദമാണെന്ന് ബി.ജെ.പിയും തിരിച്ചടിച്ചു. മതപരമായ ഭിന്നിപ്പിന് മറുപടി ബംഗാളി സ്വത്വവും പ്രാദേശികതയുമായി. ഒരുകാലത്ത് വലംകൈയ്യും ഇടംകൈയ്യുമായിരുന്ന ശുഭേന്ദു അധികാരിയെ പോലെയുള്ള നേതാക്കളെ അടര്‍ത്തിമാറ്റി ബി.ജെ.പി. തൃണമൂലിനെ ഞെട്ടിക്കുകയും അതൊരു തുടര്‍ തന്ത്രമാക്കുകയും​ ചെയ്​തു. മുകുള്‍ റോയ് പോയതുപോലെയായിരുന്നില്ല ശുഭേന്ദുവിന്റ പോക്ക്. മമതയുമായി നേരിട്ടുള്ള യുദ്ധത്തിന് തയ്യാറെടുത്തായിരുന്നു ആ പോക്ക്. ഏറ്റവും വലിയ അടുപ്പക്കാര്‍ ശത്രുക്കളായാല്‍ പോര്‍ മൂക്കുമെന്നതിന്റെ തെളിവായി പിന്നീടുള്ള സംഭവങ്ങള്‍. വൈരാഗ്യം മൂത്തു ഇരുപക്ഷത്തും. മമതയ്ക്ക് അഭിമാനപ്രശ്‌നമായി ശുഭേന്ദുവിന്റെ നീക്കം. അതുകൊണ്ടാണ് ഭവാനിപുരിന്റെ സുരക്ഷിതത്വം പോലും വേണ്ടെന്ന് വെച്ച് മടയിൽ പോയി പുലിയെ നേരിടാനുള്ള ചങ്കൂറ്റം ആ സ്ത്രീ കാണിച്ചത്. 

ALSO READ

ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 23 സൗജന്യമായി വായിക്കാം

സൗത്ത് ബംഗാളില്‍ തൃണമൂല്‍ വിട്ട ബി.ജെ.പി നേതാക്കളുടെ പ്രകടനം വലിയ ചലനം സൃഷ്ടിച്ചില്ലെങ്കില്‍ നോര്‍ത്ത് ബംഗാളില്‍ അത് വലിയ ചലനമുണ്ടാക്കി എന്നാണ് ഫലം സൂചിപ്പിക്കുന്നത്. ആ നീക്കം തൃണമൂലിനേക്കാള്‍ ആഘാതമായത് കോണ്‍ഗ്രസിനും സി.പിഎമ്മിനുമാണ്. സിലിഗുരി മേഖലയില്‍ അശോക് ഭട്ടാചാര്യയെ പോലൊരു തലയെടുപ്പുള്ള സി.പി.എം നേതാവിനെ വീഴ്ത്താനായത് ബി.ജെ.പിയിലേക്ക് കൂറുമാറിയ തൃണമൂല്‍ നേതാവിനാണ്. സൗരവ് ഗാംഗുലിയുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ് ഭട്ടാചാര്യ. നോര്‍ത്ത് ബംഗാളിലെ ജനപ്രിയമുഖമായിരുന്നു.

കോണ്‍ഗ്രസിന്റെ ആ മേഖലയിലെ എക്കാലത്തെയും കരുത്തനായിരുന്ന മോഹിത് സെന്‍ ഗുപ്തയും ഇത്തവണ മൂക്കുംകുത്തി വീണു. 50 വര്‍ഷത്തെ വിജയ ചരിത്രങ്ങളാണ് ഈ മേഖലയില്‍ പലയിടത്തും കടപുഴകിയത്. ഐഷി ഘോഷ് പരാജയം രുചിച്ച ജമുരിയ സി.പി.എമ്മിന്റെ കയ്യില്‍ നിന്ന് ചരിത്രത്തിലാദ്യമായാണ് പോകുന്നത്. ഇതുപോലെ കഥ, ഡസന്‍ കണക്കിന്‍ മേഖലകള്‍ക്ക് ഇത്തവണത്തെ ഫലത്തില്‍ പറയാനാകും.

നോര്‍ത്ത് ഈസ്റ്റിന്റെ ഭാഗമായി ചേര്‍ന്നുകിടക്കുന്ന ഡാര്‍ജിലിങ് മേഖല ബി.ജെ.പിയെ തന്നെ തുണച്ചു. എന്നാല്‍ സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ മേഖലകള്‍ പക്ഷേ ഇത്തവണ തൃണമൂലിനെയാണ് കൂടുതലും സഹായിച്ചത്. സി.പി.എമ്മിനും കോണ്‍ഗ്രസിനും ഇതോടെ ഈ പ്രദേശങ്ങളില്‍ വലിയ നഷ്ടമുണ്ടായി. ഒ.ബി.സി. വോട്ടുകള്‍ സംസ്ഥാനത്ത് പൊതുവില്‍ ബി.ജെ.പിയെ സഹായിച്ചു. റാണാഘട്ട് പോലെയുള്ള ഇടങ്ങള്‍ ഉദാഹരണം. 

aishi gosh
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഐഷി ഘോഷ്

മാഥുവ വിഭാഗം പൗരത്വബില്ലിനെ അനുകൂലിച്ച് രംഗത്തുവന്നതും അവരുടെ വോട്ടുകള്‍ കണ്‍സോളിഡേറ്റ് ചെയ്തതും ബി.ജെ.പിയ്ക്ക് ഗുണമായി. അഞ്ചോളം ജില്ലകളില്‍ ബി.ജെ.പിയെ നല്ല രീതിയില്‍ സഹായിക്കാനായി ഇവര്‍ക്ക്. മൂര്‍ഷിബാദ്, മാല്‍ഡ, ദിനാജ്പുര്‍- പഴയ കോട്ടകളിലെല്ലാം കോണ്‍ഗ്രസ് ഒന്നുമല്ലാതായി, മിഡ്‌നാപുരിലും ബാങ്കുരയിലും ബര്‍ദ്വാനിലും ആലിപുര്‍ദ്വാറിലുമടക്കം സി.പി.എമ്മും തകര്‍ന്നടിഞ്ഞു. ഇവിടത്തെ ന്യൂനപക്ഷ - പട്ടികജാതി വോട്ടുകള്‍ തൃണമൂലിനായി ഏകീകരിക്കപ്പെട്ടതായാണ് കണക്കുകളില്‍ കാണുന്നത്.

മോദി വിരുദ്ധതയും ബംഗാള്‍ സ്വത്വം പറഞ്ഞുള്ള വോട്ട് പിടുത്തവും ഒപ്പം ഭരണപരമായ പല പദ്ധതികളും തൃണമൂലിന് ഗുണം ചെയ്തു. ഫോണിലൂടെ പരാതി പറയാനാകുന്ന ‘ദീദിക്കെ ബോലോ’ പോലെ ജനങ്ങളില്‍ നിന്ന് പരാതി നേരിട്ട് കേട്ട് തീര്‍പ്പാക്കുന്ന ദുവാരേ സര്‍ക്കാര്‍, ‘സ്വാസ്ഥ്യാ സാഥി’ പോലുള്ള പാവപ്പെട്ടവര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള കന്യാധന്‍ സഹായനിധി, വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള സൈക്കിള്‍‌ വിതരണം തുടങ്ങിയ പല പദ്ധതികളും ക്ലിക്കായി.

തൃണമൂല്‍ നേതാക്കളുടെ കമീഷന്‍ രാജിനെയും ഗുണ്ടായിസത്തെ തടയാനും ‘ദീദിക്കെ ബോലോ’ പരിപാടി സഹായിച്ചുവെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാനും അവർക്കായി. അഴിമതിയും കമീഷനും ഗുണ്ടായിസവും തൃണമൂലിന് ഒഴിവാക്കാനാവില്ലെങ്കിലും അതിലും വലിയ പ്രതിസന്ധിയാണ് വർഗീയ സംഘർഷവും ഭിന്നിപ്പുമെന്നും അതിനാണ് ബി.ജെ.പിയുടെ വരവെന്നും പറഞ്ഞ് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള ശ്രമം നല്ലൊരു പരിധി വിജയിച്ചുവെന്ന് പറയേണ്ടിവരും. 

മദ്രസകള്‍ക്കും മൊല്ലമാര്‍ക്കും പെന്‍ഷന്‍, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവ ഏര്‍പ്പെടുത്തിയ മമത ദുര്‍ഗാ പൂജയ്ക്കും സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ചു. ‘ജയ് ശ്രീറാം’ പറഞ്ഞ് വന്നിറങ്ങുന്ന ബി.ജെ.പി. നേതാക്കളോട് ‘ജയ് കാളി മാ’ എന്ന് തിരിച്ചുവിളിച്ച് നേരിട്ടു. ഹിന്ദുമന്ത്രങ്ങള്‍ ചൊല്ലേണ്ടിടത്ത് അത് ചൊല്ലി, ന്യൂനപക്ഷങ്ങളെ അവരുടെ രീതിയില്‍ അഭിവാദ്യം ചെയ്തു. സകല തുറുപ്പുചീട്ടും മമത ഇറക്കിയെന്ന് പറയാം, പോരാത്തതിന് ബംഗാളിന്റെ സ്വത്വത്തെ ഓര്‍മിപ്പിച്ച്​ ഇത്തവണ വോട്ട് പിടിച്ചു. ബംഗാളിന്റെ സംസ്‌കാരമറിയാത്തവരായി തന്നെ ബി.ജെ.പിയെ അവതരിപ്പിക്കാനായി അവര്‍ക്ക്. ടാഗോറിനെ കൂടെകൂട്ടി. ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണം ബി.ജെ.പിയ്‌ക്കെതിരെ ഉപയോഗിച്ചു. ബംഗാളി അറിയാത്തവരുടെ വരവായി ബി.ജെ.പിയുടെ വരവിനെ കണ്ടു.

എന്നിട്ടും ഏതാണ്ട് 50 ലക്ഷത്തിനു മുകളില്‍ നോണ്‍- ബംഗാളി വോട്ടര്‍മാരിലെ നല്ലൊരു ശതമാനവും തൃണമൂലിനെയാണ് പിന്തുണച്ചത്. അമിത് ഷാ അടക്കമുള്ളവരുടെ കേന്ദ്രാധികാരം ഉപയോഗിച്ചുള്ള ചില നീക്കങ്ങള്‍ വിമര്‍ശനമാക്കി മാറ്റുന്നതില്‍ മമത വിജയിച്ചു. അതിനിടെയാണ് മമതയ്ക്ക് പരിക്ക് പറ്റുന്നതും ആക്രമണം നടന്നുവെന്ന് ആരോപിച്ച് വീല്‍ചെയറിലെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും. ഒപ്പം ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ഇന്ധനവില വര്‍ധനവിനെതിരായ തൃണമൂലിന്റെ പ്രതിഷേധവും കോവിഡ് പ്രതിസന്ധിയും സ്ത്രീവോട്ടര്‍മാരെയും മറ്റും മമതയുടെ കൂടെ നിർത്തി.

amith sha
ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ

 പക്ഷേ ഇങ്ങനെയെല്ലമായിട്ടും ശുഭേന്ദുവിന്റെ കോട്ടയില്‍, തൃണമൂലിന്റെ വളര്‍ച്ചയ്ക്ക് കൊടിനാട്ടിയ നന്ദിഗ്രാമില്‍ തന്നെ മമതയ്ക്ക് പരാജയം രുചിക്കേണ്ടിയുംവന്നു. തൃണമൂലിന്റെ ആധികാരിക വിജയം അവരെ നന്ദിഗ്രാം പരാജയത്തിന്റെ വിഷമവൃത്തത്തില്‍ നിന്ന് അകറ്റിയേക്കാം. രാഷ്ട്രീയമായി അതൊരു പ്രതിസന്ധിയല്ല. നന്ദിഗ്രാമില്‍ മമത ജയിച്ചില്ലെങ്കിലും ആ വാശിയും വീറും നന്ദിഗ്രാമിനു പുറത്ത് തൃണമൂലിന് കൂടുതല്‍ തിളക്കത്തോടെ വിജയമുണ്ടാക്കിയെന്ന് പറയാം. മമതയ്ക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കാനുള്ള സന്നദ്ധത അവരുടെ നേതാക്കള്‍ കാണിക്കും. ഖര്‍ദയില്‍ തെരഞ്ഞെടുപ്പിന് മുന്നേ കോവിഡ് ബാധിച്ച മരിച്ച തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ഇവിടെ ഉപതെരഞ്ഞെടുപ്പുണ്ടാകും.

പക്ഷേ നന്ദിഗ്രാമില്‍ അടക്കം തെര. കമ്മീഷന്റെ ഇടപെടലുകള്‍ക്കെതിരെ മമതയും പ്രശാന്ത് കിഷോറും വിമര്‍ശനം ഉന്നയിച്ചുകഴിഞ്ഞു. ബി.ജെ.പി. മെഷിനറിയായി കമീഷന്‍ മാറിയെന്നും നന്ദിഗ്രാമിലെ പരാജയം അതിന്റെ തെളിവാണെന്നും തൃണമൂല്‍ പറയുന്നു. 

ALSO READ

അത്ര കൃത്യമാണോ തെരഞ്ഞെടുപ്പു സര്‍വേകള്‍?

ഒരു കാര്യം വ്യക്തമാണ്. പൊളിറ്റിക്കല്‍ വോട്ടിങ് നല്ല രീതിയില്‍ നടന്ന തെരഞ്ഞെടുപ്പാണിത്. ഓരോ പ്രദേശത്തെയും പോക്കറ്റുകളിലെ ജാതി-വോട്ട് സ്വാധീനിച്ചതിന്റെ കണക്കിലേക്ക് മാത്രം തല പൂഴ്​ത്തുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയ മാധ്യമ വിശകലന രീതിയില്‍ നിന്നുമാറി, പൊളിറ്റിക്കല്‍ വോട്ട് എന്ന ഫാക്ടറിനെ കൂടി പ്രസക്തമായി കണക്കിലെടുക്കേണ്ടതുണ്ട്. മമതാ ബീഗം എന്ന് എതിര്‍പക്ഷം വിളിച്ച മമതയ്ക്ക് ഏതെണ്ടെല്ലാ മേഖലയിലും വോട്ടര്‍മാരുടെ വിശ്വാസം നേടാനായി. കുറച്ചുകൂടി നിലവാരമുള്ള സ്‌ക്രിപ്റ്റ് അമിത് ഷായും മോദിയും ബംഗാളില്‍ അവതരിപ്പിക്കേണ്ടിയിരുന്നുവെന്നും അവരുടെ പരാജയം മാത്രമാണ് ഇതെന്നുമുള്ള വിമര്‍ശനം വന്നുകഴിഞ്ഞു.

ഭരണവിരുദ്ധ തരംഗം ഉണ്ടാകാനിടയുണ്ടായിട്ടും ഇടതുപക്ഷം കേരളത്തിലും തൃണമൂൽ ബംഗാളിലും വലിയ വിജയം നേടി. അതിലൊരു രാഷ്ട്രീയമുണ്ട്. മറ്റ് ജാതി- മത സമവാക്യങ്ങളുടെ അന്തിച്ചര്‍ച്ചകള്‍ക്കപ്പുറം അതില്‍ ജനം കാണിച്ച പ്രതീക്ഷയും വിശ്വാസവും ഏറെ പ്രസക്തമാണ്. പ്രതിസന്ധികളില്‍ അകപ്പെടുന്ന ജനം ചില പ്രസ്ഥാനങ്ങളോട് പ്രകടിപ്പിക്കുന്ന വിശ്വാസത്തെ പൊളിറ്റിക്കലാക്കി മാറ്റാനായി എന്നതിന്റെ കാഴ്ച്ചയാണത്. അതുകൊണ്ടാണ് രണ്ടിടത്തും ഭരണവിരുദ്ധതരംഗം ഏശാതെ പോയത്. ഏതായാലും സംഘപ്രസ്ഥാനത്തിന്റെ താത്വികാചാര്യനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മനാട്ടില്‍ കാവിക്കൊടി പാറിക്കാനുള്ള മോദി- അമിത് ഷാ ആഗ്രഹത്തിന് ഇനിയും കാത്തിരിക്കണമെന്നാണ് ബംഗാള്‍ ഫലം ബോധ്യപ്പെടുത്തുന്നത്.

വി.എസ്. സനോജ്‌  

ജേണലിസ്റ്റ്, സംവിധായകന്‍

  • Tags
  • #Bengal Election
  • #Mamata Banerjee
  • #VS SANOJ
  • #BJP
  • #Amit Shah
  • #All India Trinamool Congress
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
bbc

National Politics

പ്രമോദ് പുഴങ്കര

ബി.ബി.സി ഡോക്യുമെന്ററി കാണിച്ചുതരുന്നു; ഫാഷിസം തുടര്‍ച്ചയാണ്, അതിന്  ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല

Jan 26, 2023

9 Minutes Read

 banner_27.jpg

National Politics

കെ.ടി. കുഞ്ഞിക്കണ്ണൻ

കോൺഗ്രസിന്റെ ചരിത്രം പറയും, അനിൽ ആൻറണിമാർ ഒരപവാദമല്ല

Jan 25, 2023

6 Minutes Read

john brittas

Interview

ജോണ്‍ ബ്രിട്ടാസ്

മോദി - ഷാ കൂട്ടുകെട്ടിനെ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് ബി.ജെ.പി. എം.പിമാര്‍

Jan 16, 2023

35 Minutes Watch

John Brittas

Interview

ജോണ്‍ ബ്രിട്ടാസ്

മുജാഹിദ് സമ്മേളന വിവാദത്തിനുപുറകിലുണ്ട് സംഘ്പരിവാറിന്റെ ‘ഗ്രാൻറ്​ സ്ട്രാറ്റജി’

Jan 05, 2023

5 Minutes Read

john brittas

Interview

ജോണ്‍ ബ്രിട്ടാസ്

‘‘ഫോണെടുക്കാന്‍ പറ്റാത്ത തരത്തിലുള്ള ഭീഷണികള്‍ എനിക്ക് വന്നുകൊണ്ടിരിക്കുന്നു’’

Jan 05, 2023

2 Minutes Read

John Brittas

Interview

ജോണ്‍ ബ്രിട്ടാസ്

ബ്രിട്ടാസിനെതിരെ നിരന്തര ഭീഷണി; പിന്നില്‍ സംഘപരിവാര്‍ പൊളിഞ്ഞതിന്റെ പരിഭ്രാന്തി

Jan 04, 2023

12 Minutes Read

mujahid

KNM conference

മുജീബ് റഹ്​മാന്‍ കിനാലൂര്‍ 

ചരിത്രത്തിലാദ്യമായി മുജാഹിദ് സമ്മേളനവേദിയില്‍ ദേശീയഗാനം മുഴങ്ങിയത് യാദൃച്ഛികമല്ല

Dec 31, 2022

6 Minutes Read

PATHAAN

Cultural Studies

ഡോ. ടി.എസ്. ശ്യാംകുമാര്‍

രതിയുടെയും കാമത്തിന്റെയും ഇന്ത്യ

Dec 16, 2022

10 Minutes Read

Next Article

തോറ്റെങ്കിലും മമതയ്ക്ക് മുഖ്യമന്ത്രിയാകാം; പക്ഷെ...

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster