മൂന്നു വര്‍ഷങ്ങളായി ഞാന്‍ അവർക്കു പിന്നാലെ ആയിരുന്നു. അദ്ഭുതപ്പെടുത്തുന്ന ഒരു ആഗോളസഞ്ചാരത്തിന്റെ ചിത്രമാണ് അവരിലൂടെ തുറന്നുകിട്ടിയത്. എത്രയധികം രാജ്യങ്ങളിലേക്ക് എത്രയധികം പ്രതിബന്ധങ്ങള്‍ താണ്ടിയാണ് നമ്മുടെ ധീരരായ സ്ത്രീകള്‍ സഞ്ചരിച്ചത്. അതില്‍ ഭൂരിപക്ഷവും പുരുഷനു മുന്‍പേയുള്ള യാത്രകളായിരുന്നു. അവ പക്ഷേ എവിടെയും വേണ്ടവണ്ണം രേഖപ്പെടുത്തപ്പെട്ടില്ല എന്നുമാത്രം. അതിനുള്ള എളിയ ശ്രമമാണ് ‘നിശബ്ദ സഞ്ചാരങ്ങൾ’
14 Jul 2020, 03:19 PM
ആമുഖം
മലയാളി നഴ്‌സുമാരുടെ ആഗോളസഞ്ചാരം ആസ്പദമാക്കി എഴുതിയ ഒരു നോവലാണിത്. എന്നാല്‍ പുതിയ ലോകസാഹചര്യത്തില്‍ അവരുടെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടുമ്പോഴല്ല ഇങ്ങനെ ഒരു നോവല്‍ ഉരുവം കൊള്ളുന്നത്. അതിനൊക്കെയും ഏറെ മുന്‍പേ 2017-ല്‍ പ്രസിദ്ധീകരിച്ച ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍'ക്കുശേഷം അടുത്ത ഇരുപതു വര്‍ഷങ്ങളില്‍ പെടുന്ന ‘പ്രവാസവര്‍ഷങ്ങള്‍' എങ്ങനെ രൂപപ്പെടുത്തണം എന്നാലോചിച്ചുകൊണ്ടിരിക്കുന്ന കാലം. പുരുഷകേന്ദ്രീകൃതമായ യാത്രകളെക്കുറിച്ച് ധാരാളം നോവലുകള്‍ ഇതിനോടകം വന്നിട്ടുള്ളതുകൊണ്ട് ഒരു വ്യക്തത കിട്ടാതെ ശൂന്യതയില്‍ നില്‍ക്കുന്ന ദിവസങ്ങളൊന്നില്‍ ഞാന്‍ പ്രമുഖ ഇംഗ്ലീഷ് പ്രസാധകരായ ജെഗര്‍നെട്ടിന്റെ ഉടമസ്ഥയും പബ്ലിഷറുമായ ചിക്കി സര്‍ക്കാരിന്റെ ദില്ലിയിലെ ഫ്ളാറ്റില്‍ പോയി. തുടര്‍ന്നുവരുന്ന നോവല്‍ പരിഭാഷകളെക്കുറിച്ച് സംസാരിക്കാനാണ് പോയതെങ്കിലും ഞാനും ചിക്കി സര്‍ക്കാരും അവരുടെ ഭര്‍ത്താവ് അലക്‌സ് ട്രവേലിയും ചേര്‍ന്നുള്ള സംസാരം വളരെ വേഗം കേരളത്തിനെക്കുറിച്ചും പ്രത്യേകിച്ച് തിരുവിതാംകൂറിനെക്കുറിച്ചുമായി മാറി. അതിനിടയില്‍ എപ്പോഴോ ആണ് സ്ത്രീകള്‍ നടത്തിയ യാത്രകളെക്കുറിച്ച് ഒരു പരാമര്‍ശം ഉണ്ടാവുന്നത്. അന്ന് എനിക്കറിയാവുന്ന കുറേ വിവരങ്ങള്‍ ഞാനവരുമായി പങ്കുവച്ചു. എങ്കില്‍ അതിനെ അധികരിച്ച് എന്തുകൊണ്ട് ഒരു നോവല്‍ എഴുതുക്കൂടാ എന്നൊരാശയം ചിക്കി സര്‍ക്കാരാണ് അപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്. അതൊരു തെളിച്ചമുള്ള സാധ്യതയായി തോന്നി ഞാനതിനു സമ്മതം മൂളി എന്നുമാത്രമല്ല എന്നോ ഒരിക്കല്‍ എഴുതപ്പെടാന്‍ പോകുന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കുള്ള കരാറിലും ഏര്‍പ്പെട്ട ശേഷമാണ് അന്നു ഞങ്ങള്‍ പിരിയുന്നത്. മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലില്‍ ഒരിക്കല്‍ മാത്രം വന്നുപോകുന്ന ഒരു കഥാപാത്രമായിരുന്നു അപ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത്. അവരുടെ ചരിത്രമോ സഞ്ചാരപഥങ്ങളോ എനിക്കറിവുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഞാന്‍ അതിന്റെ പിന്നാലെ ആയിരുന്നു. അദ്ഭുതപ്പെടുത്തുന്ന ഒരു ആഗോളസഞ്ചാരത്തിന്റെ ചിത്രമാണ് എനിക്കു മുന്നില്‍ അവരിലൂടെ തുറന്നുകിട്ടിയത്. എത്രയധികം രാജ്യങ്ങളിലേക്ക് എത്രയധികം പ്രതിബന്ധങ്ങള്‍ താണ്ടിയാണ് നമ്മുടെ ധീരരായ സ്ത്രീകള്‍ സഞ്ചരിച്ചത്. കാനഡയിലെ മഞ്ഞുവീണ ആര്‍ടിക് പ്രദേശങ്ങളിലും മരുഭൂമിയിലെ ബദുക്കളുടെ ഗ്രാമങ്ങളിലും ആഫ്രിക്കയിലെ ഉള്‍നാടുകളിലും യൂറോപ്പില്‍ പരക്കെയും അവര്‍ എത്തിപ്പെട്ടു. അതില്‍ ഭൂരിപക്ഷവും പുരുഷനു മുന്‍പേയുള്ള യാത്രകളായിരുന്നു. അവ പക്ഷേ എവിടെയും വേണ്ടവണ്ണം രേഖപ്പെടുത്തപ്പെട്ടില്ല എന്നുമാത്രം. അതിനുള്ള എളിയ ശ്രമമാണ് ഞാന്‍ നടത്തിയത്.
ഈ രചന ഏതാണ്ട് മുക്കാല്‍ ഭാഗം പിന്നിടുമ്പോഴാണ് കോവിഡ് വ്യാപനം ലോകത്തെ ബാധിക്കുന്നതും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടുന്നതും. വീടിനുള്ളില്‍ അടയ്ക്കപ്പെട്ട ആ ദിവസങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ രചന ഞാന്‍ പൂര്‍ത്തിയാക്കുന്നത്. നമ്മുടെ പതിവുകളെ ആകെ അട്ടിമറിച്ച പുതിയ ലോകസാഹചര്യം കൂടി ഈ നോവലിന്റെ ഭാഗമായി മാറുന്നുണ്ട്.
ആകാശസഞ്ചാരങ്ങള്‍ പരക്കെ റദ്ദാക്കപ്പെട്ട് ഭാവിയാത്രകളെക്കുറിച്ച് ആകുലപ്പെട്ടിരിക്കുന്ന ഇക്കാലത്തും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് പല വിദേശരാജ്യങ്ങളിലേക്കും വിമാനങ്ങള്‍ പറന്നുയര്‍ന്നു. നമ്മുടെ നേഴ്സുമാരുടെ മികവ് തിരിച്ചറിഞ്ഞ് അവരെ അന്വേഷിച്ചുവന്ന വിമാനങ്ങളായിരുന്നു അവ. അതില്‍ കയറിപ്പോയതില്‍ ബഹുഭൂരിപക്ഷവും ചെറുപ്രായക്കാരായ പുതിയ നേഴ്സുമാരായിരുന്നു. പകര്‍ച്ചവ്യാധി എന്ന ഭീഷണിയൊന്നും അവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. ഏതാണ്ട് എട്ടുപതിറ്റാണ്ടുകള്‍ക്ക് മുന്‍പു തുടങ്ങിയ നഴ്സുമാരുടെ ആ ധീരസഞ്ചാരം ഇപ്പോഴും അനസ്യൂതം തുടരുന്നു എന്നര്‍ത്ഥം. എന്നാല്‍ നമ്മില്‍ ഭൂരിപക്ഷവും അതറിയുന്നില്ല എന്നുമാത്രം. കാരണം അവയത്രയും ഒച്ചയും ബഹളവും ആരവവങ്ങളുമില്ലാത്ത സഞ്ചാരങ്ങളായിരുന്നു. തീര്‍ത്തും നിശബ്ദസഞ്ചാരങ്ങള്‍!
അധ്യായം 1.
ഏകാന്തതയുടെ പര്യായം
നീണ്ട ഇരുപതു വര്‍ഷത്തിന്റെ നീളമുണ്ടെന്ന് തോന്നിച്ച ഇരുപതു ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഇന്നലെയാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തുന്നത്. മുള്‍ക്കാടുകള്‍ക്കിടയില്‍ കൊമ്പ് കുടുങ്ങിപ്പോയ കലമാന്‍ വല്ലവിധേനയും തലവലിച്ച് ഓടിരക്ഷപ്പെടുന്നതു മാതിരിയാണ് ഞാന്‍ ആ ആശുപത്രിക്കിടക്കയില്‍ നിന്നും രക്ഷപെട്ടുപോന്നത്.
ഒന്നുമില്ല, വെറുതെ ഒരു വൈറല്‍ ഫീവര്‍ വന്നതാണ്. ഞാനത് ശ്രദ്ധിക്കാതെ കുറച്ചുദിവസം കൊണ്ടുനടന്നു. ആഹാരശേഷം മമ്മി തന്ന ഗുളികകളും കഫ് സിറപ്പും ഞാന്‍ നിസാരഭാവത്തോടെ മേശപ്പുറത്ത് ഉപേക്ഷിച്ച് പാട്ടു കേള്‍ക്കുകയും നെറ്റ്ഫ്ലിക്‌സ് കാണുകയും ചെയ്തു. ഒരുദിവസം പുറത്തു പോയിവന്ന ഞാന്‍ മുറ്റത്തു തളര്‍ന്നുവീണു. ബൈക്ക് സ്റ്റാന്റില്‍ കയറ്റിവച്ചത് എനിക്കോര്‍മയുണ്ട്. പുല്‍മേട്ടില്‍ നിഴലു പരക്കുന്നതു പോലെ മയക്കം എന്റെ ബോധത്തെ വന്നുമൂടുന്നത് ഞാനറിഞ്ഞു. കൈനീട്ടി സിറ്റൌട്ടിന്റെ ഗ്രില്ലില്‍ പിടിക്കാന്‍ നോക്കി. അത്രതന്നെ.
ഭാഗ്യം, രണ്ടു മിനുറ്റ് നേരത്തെ ആയിരുന്നെങ്കില്‍ ബൈക്കുമായി ഞാന്‍ റോഡിലെവിടെയെങ്കിലും വീഴുമായിരുന്നു. മുറ്റത്തുകിടന്ന എന്നെ എത്രയോ നേരം കഴിഞ്ഞ് എപ്പോഴോ ആണ് മമ്മി കാണുന്നത്. ബൈക്ക് വന്നു നിന്ന ശബ്ദം അടുക്കളയില്‍ കുക്കറിന്റെയും മിക്സിയുടെയും കീഴിലായിരുന്ന മമ്മി ശ്രദ്ധിച്ചു കാണില്ല. പപ്പ വീട്ടില്‍ ഉണ്ടായിരുന്നില്ല താനും. മമ്മിയുടെ നിലവിളി കേട്ട് ഓടിവന്ന അടുത്ത വീട്ടിലെ രാജു അങ്കിള്‍ എന്നെ അപ്പോള്‍ തന്നെ വാരിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. മൂന്നാം മണിക്കൂറിലാണ് എനിക്ക് ബോധം തിരിച്ചു കിട്ടുന്നത്. പനി ശ്രദ്ധിക്കാതെ ന്യുമോണിയ ആയി മാറിയിരുന്നു. പിന്നെ മെനഞ്ചൈറ്റിസ് ആണെന്നോ ലിവറില്‍ പ്രശ്‌നമെന്നോ, പാന്‍ക്രിയാസില്‍ പ്രശ്നമെന്നോ എന്തൊക്കെയോ ഡോക്ടേഴ്സ് പറഞ്ഞു. പിന്നത്തെ അഞ്ചു ദിവസങ്ങളില്‍ ഞാന്‍ ഐ.സി.യു വിലെ കടുത്ത നിരീക്ഷണത്തിലായിരുന്നു. തലവേദനയുടെയും പനിയുടെയും കുളിരിന്റെയും കിടുകിടുപ്പിന്റെയും ശര്‍ദ്ദിലിന്റെയും വയറിളക്കത്തിന്റെയും തളര്‍ച്ചയുടെയും ക്ഷീണത്തിന്റെയും അഞ്ച് പീഡനദിവസങ്ങള്‍. മഞ്ഞിലൂടെ കാലുവലിച്ചു നടക്കുന്ന ഒരു മുടന്തന്‍ കരടിയെക്കാളും പതിയെ നീങ്ങിയ അഞ്ച് ഉറുമ്പ് വര്‍ഷങ്ങള്‍.
ഐ.സി.യുവില്‍ സന്ദര്‍ശകര്‍ക്ക് കനത്ത വിലക്കുണ്ടായിരുന്നു. അനുവദിച്ചിരിക്കുന്ന സമയത്ത് രണ്ടുപേര്‍ക്ക് ഇത്തിരിനേരം കേറിക്കാണാം. അപ്പോള്‍ പപ്പയും മമ്മിയും വന്ന് സുഖാന്വേഷണം നടത്തും. നിര്‍ബന്ധിച്ച് ചായ കുടിപ്പിക്കും. ബിസ്‌കറ്റ് വായില്‍ വച്ചു തരും. അപ്പോഴേക്കും സമയമായി എന്നുപറഞ്ഞ് അവരെ ഇറക്കി വിടും. മുഴുവന്‍ സമയവും അവര്‍ പുറത്തുണ്ട് എന്നെനിക്കറിയാം. പക്ഷേ അവര്‍ നിസ്സഹായരായിരുന്നു. രണ്ടു ദിവസം വൈകുന്നേരം ജാനകി വന്നു. അടുത്തിരുന്ന് ഇത്തിരി നേരം കരഞ്ഞു. ആ ദിവസങ്ങളില്‍ ഞങ്ങളൊന്നിച്ച് ബീച്ചില്‍ പോയിരുന്നു. കാറ്റ് കൊണ്ട്, കപ്പലണ്ടി കൊറിച്ച്, ഐസ് ക്രീം നുണഞ്ഞ് ഞങ്ങള്‍ കുറേ നടന്നു. അന്നേ എനിക്കൊരു ചെറിയ ചുമ ഉണ്ടായിരുന്നു. അവള്‍ കാരണമാണ് അസുഖം കൂടിയത് എന്നു പറഞ്ഞ് സ്വയം കുറ്റമേറ്റ കരച്ചിലായിരുന്നു അത്. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ സ്വയം കുരിശിലേറാന്‍ ശ്രമിക്കുന്ന നാടകം എനിക്കിഷ്ടമല്ലാത്തതിനാല്‍ ഞാനവളെ ചീത്ത പറഞ്ഞോടിച്ചു. പിന്നെ ഒരു ദിവസം പപ്പയുടെ പെങ്ങള്‍ ലാലി ആന്റി വന്നു. ആന്റിയുടെ മകന്‍ ജെറിനു ദോഹയില്‍ പുതിയ ജോലി കിട്ടിയ കാര്യം പറഞ്ഞു. പോയി. ഒരു ദിവസം രാജു അങ്കിള്‍ വന്നു. അതേയുള്ളൂ. ബാക്കിനേരമെല്ലാം കണ്ണിനും സീലിംഗിനും ഇടയിലുള്ള ഇത്തിരി ശൂന്യതയില്‍ നോക്കി ഒരേ കിടപ്പു തന്നെ. ഏകാന്തത ഒരു തോന്നല്‍ അല്ല അനുഭവമാണ് എന്ന് ആ കിടപ്പില്‍ എനിക്ക് മനസിലായി. ആരെങ്കിലും ഒരാള്‍ എന്റെ അടുത്തിരുന്ന് ഇത്തിരി നേരം വര്‍ത്തമാനം പറഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയ നിമിഷങ്ങള്‍.
വാര്‍ഡില്‍ ഉണ്ടായിരുന്ന നേഴ്സുമാര്‍ മാത്രമായിരുന്നു ആ ദിവസങ്ങളില്‍ എനിക്ക് ശരിക്കും ആശ്വാസം. തൊട്ടടുത്ത കട്ടിലിലുകളില്‍ കിടന്ന് കുറുകുകയും കരയുകയും ചെയ്യുന്ന മറ്റ് രോഗികളെ ഒന്ന് കണ്ണുയര്‍ത്തി നോക്കാന്‍ പോലും എനിക്കാവതില്ലായിരുന്നു.

പ്രതീക്ഷയുടെ അകമ്പടിയോടെ ചിലരൊക്കെ അങ്ങോട്ട് വരികയും നിലവിളിയുടെ അകമ്പടിയോടെ ചിലരൊക്കെ മടങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. ഒന്നും ഗൗനിക്കാനാവാതെ ഞാന്‍ കട്ടിലില്‍ തളര്‍ന്നു കിടക്കുമ്പോള്‍ ചില ഭ്രമാത്മകസ്വപ്നങ്ങള്‍ എന്നെ വന്നുപൊതിയും. നിറയെ പോപ്പി ചെടികള്‍ പൂത്തു നില്‍ക്കുന്ന നീളന്‍ പടങ്ങള്‍. തലയ്ക്കു ചുറ്റും ചിറകു വിറപ്പിച്ചു പറക്കുന്ന മുഴുത്ത പൂമ്പാറ്റകള്‍. ആകാശത്ത് മഞ്ഞു പാടയ്ക്കിടയിലൂടെ പൊഴിഞ്ഞു വീഴുന്ന മഞ്ഞ നിറമുള്ള അപ്പൂപ്പന്‍ താടികള്‍. കണ്ണെത്താ ദൂരത്തോളം കൂനകൂട്ടിയിട്ടിരിക്കുന്ന പല വര്‍ണ്ണത്തിലുള്ള മുഠായികള്‍. പറന്നു നടക്കുന്ന ഒട്ടകങ്ങള്‍. വള്ളം തുഴഞ്ഞു പോകുന്ന കുട്ടിയാനകള്‍. ജിമിക്കി കമ്മലിട്ട് നൃത്തം ചവുട്ടുന്ന മാന്‍പേടകള്‍. ക്രിക്കറ്റ് കളിക്കുന്ന ജിറാഫുകള്‍. സൈക്കിളില്‍ ഡബിളിരുന്നു പോകുന്ന വെള്ളക്കരടികള്‍. ചെവി കടിച്ചെടുക്കാനായി വരുന്ന നീല വവ്വാലുകള്‍.
സ്വപ്നക്കാഴ്ചകള്‍ക്കിടയില്‍ പെട്ടെന്നെനിക്ക് ശര്‍ദ്ദിക്കാന്‍ വരും. ബെഡ് പാനുമായി സിസ്റ്റര്‍ ഓടി വരുമ്പോഴേക്കും ഞാന്‍ ഉടുപ്പിലും കിടക്കയിലുമായി ശര്‍ദ്ദിച്ചു കഴിഞ്ഞിരിക്കും. എനിക്ക് എന്നോടു തന്നെ ഈര്‍ഷയും ദേഷ്യവും തോന്നിപ്പോകുന്ന നിമിഷങ്ങള്‍. വല്ലവിധത്തിലും ഞാനത് സ്വയം കഴുകിത്തുടയ്ക്കാന്‍ നോക്കുമ്പോള്‍ അവര്‍ വന്നു തടയും. ഇത് ഞങ്ങളുടെ ഡ്യുട്ടിയാണ് എന്നു പറഞ്ഞുകൊണ്ട് എന്റെ മുഖം കഴുകിത്തരും. ഉടുപ്പ് മാറ്റും. ബെഡ് ഷീറ്റ് മാറ്റും. തറ തുടപ്പിക്കും. ഇത്തിരി കഴിയുമ്പോള്‍ ഞാന്‍ വീണ്ടും ശര്‍ദ്ദിക്കും. ഒരു ഈര്‍ഷയുമില്ലാതെ അവര്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കും.

അക്കൂട്ടത്തില്‍ മരിയ ജോണ്‍ എന്നു പേരായ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവളായിരുന്നു അതില്‍ ഏറ്റവും മിടുക്കി. എന്തൊരു ചുറുചുറുക്കാണവള്‍ക്ക്. ജോലിയ്ക്ക് ചേര്‍ന്നിട്ട് അധികം നാളുകള്‍ ആയിട്ടില്ല. എന്നാലും മുതിര്‍ന്നവരെക്കാള്‍ ഉത്സാഹത്തോടെയാണ് അവള്‍ കിടക്കയില്‍ നിന്ന് കിടക്കയിലേക്ക് ഓടുന്നത്. ഒന്നിലും ഒരു സന്ദേഹവുമില്ല. ആര്‍ക്ക് എന്തുവേണമെന്ന് അവള്‍ക്കറിയാം. ഡോക്ടര്‍ വരുന്ന സമയം. മരുന്ന് കൊടുക്കേണ്ട സമയം. ബ്ലഡ് എടുക്കേണ്ട സമയം. ഷീറ്റ് മാറ്റേണ്ട സമയം. അതിനിടയില്‍ ഓരോരുത്തരോടും ഇത്തിരി കുശലാന്വേഷണം നടത്തും. ‘കഞ്ഞി കുടിച്ചേ മരുന്നു കഴിച്ചേ, ഇവിടിങ്ങനെ കിടന്നാ മതിയോ? വീട്ടില്‍ പോകണ്ടേ?' എന്നിങ്ങനെ സ്നേഹപൂര്‍വ്വം ശാസിക്കും. പിന്നെ ‘വേഗം സുഖമാവും കേട്ടോ' എന്ന് നെറ്റിയില്‍ തലോടി സമാശ്വസിപ്പിക്കും. എല്ലാവരുടെയും അടുത്ത് പോയിട്ട് ഏറ്റവും ഒടുവിലേ എന്റെ അടുക്കല്‍ വരൂ. കസേര വലിച്ച് എന്റെ കിടയ്ക്ക് അരുകില്‍ അവള്‍ ഇത്തിരിനേരം ഇരിക്കും. നെറ്റിയില്‍ കൈവച്ച് ചൂടുണ്ടോ എന്നു നോക്കും. നനഞ്ഞ തുണി നെറ്റിയില്‍ ഇട്ടുതരും. ക്ഷീണം മാറാന്‍ ചൂടുവെള്ളം തരട്ടേ എന്ന് ചോദിക്കും. ‘കാമുകി വന്ന് കരയുന്നത് കണ്ടു, എന്താ ആ കുട്ടിയേടെ പേര്, ജാനകി, അല്ലേ? സുന്ദരിയാണ് കേട്ടോ. അവളെ കൂട്ടി കടപ്പുറത്ത് പോകണ്ടേ. ദാ ഈ മരുന്ന് വേഗം കുടിച്ചേ..' എന്ന് കുട്ടികളെപ്പോലെ കളിയാക്കും.
ഡ്രിപ്പ് വഴി മരുന്നുകള്‍ കയറുമ്പോള്‍ അസഹനീയമായ വേദനയാണ്. ഞരമ്പ് പിടച്ചു വരും. കൈ കഴയ്ക്കും. എന്റെ കണ്ണുകള്‍ അപ്പോള്‍ അറിയാതെ നിറയും. അപ്പോഴൊക്കെ അവള്‍ വന്ന് എന്റെ കൈ പതിയെ തിരുമ്മിത്തരും. സാരമില്ല വേഗം സുഖമാകാനല്ലേ എന്ന് ആശ്വസിപ്പിക്കും.
രോഗം വല്ലാതെ മൂര്‍ച്ഛിച്ച് തളര്‍ന്നു കിടന്ന ദിവസങ്ങളില്‍ ഒന്നില്‍ എനിക്ക് പെട്ടെന്ന് ടോയ്ലെറ്റില്‍ പോകാന്‍ മുട്ടി. വല്ലവിധത്തിലും കിടക്കയില്‍ നിന്നെഴുനേറ്റ് ഡ്രിപ്പിന്റെ സ്റ്റാന്റും വലിച്ച് പാതിവഴി എത്തിയപ്പോഴേക്കും, പിടിച്ചുനിറുത്താനുള്ള എല്ലാ കീഴ്പേശീശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് എന്റെ വയര്‍ അണപൊട്ടി ഒഴുകിപ്പോയി. തറ മുഴുവന്‍ നാറുന്ന ദ്രാവകം പടര്‍ന്നു. ആശുപത്രിവസ്ത്രത്തില്‍ അളിഞ്ഞ നനവ്. മരിയ അത് കണ്ടു നില്‍ക്കുകയാണ്. ഒരു ഇരുപത്തിമൂന്നു വയസുകാരന് ഇതില്‍പരം മറ്റെന്ത് അപമാനം വരാനാണ്. അത്രയും വലിയൊരു സ്വയം നിന്ദ എനിക്കൊരിക്കലും തോന്നിയിട്ടില്ല. നിന്ന നില്‍പ്പില്‍ എന്നൊയൊരു മുതല വിഴുങ്ങിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയ നിമിഷം. പക്ഷേ മരിയ ഓടി വന്നു. ഒന്നും സംഭവിക്കാത്തതുപോലെ എന്നെ ടോയ്ലെറ്റിലേക്ക് കൈപിടിച്ചു നയിച്ചു. എന്റെ ഉടുപ്പ് മാറാന്‍ സഹായിച്ചു. ദേഹം കഴുകാന്‍ സഹായിച്ചു. ക്ലീനേഴ്സിനെ വിളിച്ച് തറ തുടപ്പിച്ചു. പുത്തന്‍ ആശുപത്രി വസ്ത്രം ധരിപ്പിച്ചു. പിന്നെ എന്നെ കൈപിടിച്ച് കട്ടിലില്‍ കൊണ്ടുകിടത്തി. ഞാന്‍ ആ പെണ്‍കുട്ടിയോട് ക്ഷമാപണം നടത്തി. എന്നാല്‍ ‘ഇതൊക്കെ രോഗികള്‍ക്ക് പതിവല്ലേ' എന്നായിരുന്നു അവളുടെ പുഞ്ചിരിച്ചുകൊണ്ടുള്ള മറുപടി.
അന്നു മുഴുവന്‍ എനിക്ക് വയറിളക്കമായിരുന്നു. ഞാന്‍ എന്നെ തന്നെ ശപിച്ചുപോയ നിമിഷങ്ങള്‍. പിന്നെയും ഒന്നോ രണ്ടോ തവണ ടോയ്ലെറ്റില്‍ വരെ എത്തിപ്പെടാനാകാതെ ഞാന്‍ വഴിയില്‍ ഉരുകിയൊലിച്ചപ്പോള്‍ മരിയ എനിക്ക് ബെഡ് പാന്‍ കൊണ്ടുത്തന്നു. ഇനി അതില്‍ സാധിച്ചുകൊള്ളാന്‍ പറഞ്ഞു. ഓരോ തവണയും അവള്‍ അതെടുത്തുകൊണ്ടുപോയി കഴുകി തിരിച്ചുകൊണ്ടുവച്ചു.

മൂന്നോ നാലോ തവണ എന്റെ ആശുപത്രിവസ്ത്രം അവര്‍ക്ക് മാറ്റേണ്ടി വന്നു. എന്നെ കമഴ്ത്തിക്കിടത്തി ഒരു കുഞ്ഞിനെ എന്നപോലെ തുടച്ചെടുക്കേണ്ടി വന്നു. അപ്പോഴൊന്നും മുഷിവിന്റെ ഒരു കണികപോലും ആ മുഖങ്ങളില്‍ ഞാന്‍ കണ്ടില്ല. കാലത്ത് കണ്ട അതേ പുഞ്ചിരി വൈകുന്നേരം വരെ മാഞ്ഞതുമില്ല.
അവര്‍ ശരിക്കും ജീവിക്കുകയാണോ അഭിനയിക്കുകയാണോ എന്ന് ആദ്യം എനിക്ക് മനസിലായതേയില്ല. എന്നാലതൊന്നും ശമ്പളത്തിനുവേണ്ടിയുള്ള നാട്യങ്ങളല്ല എന്ന് പിന്നെ ഞാന്‍ അനുഭവിച്ചറിഞ്ഞു.
ഒരുദിവസം അതികാലത്ത് ഞാന്‍ മയക്കത്തില്‍ നിന്നുണരുമ്പോള്‍ മരിയ, ഇളം ചൂടുവെള്ളത്തില്‍ എന്റെ ദേഹം തുടച്ചു വൃത്തിയാക്കുകയാണ്. അതവരുടെ പതിവ് ജോലിയാണ്. ദേഹം തുടച്ച് കൈ തുടച്ച് മുഖം തുടച്ച് കഴുത്ത് തുടച്ച് കക്ഷം തുടച്ച് കയ്യും കാലും തുടച്ച് അവള്‍ എന്റെ ഗുഹ്യഭാഗങ്ങള്‍ തുടയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ ശരിക്കും ഞാന്‍ നാണം കൊണ്ട് ചൂളി. ‘അതൊന്നും വേണ്ട കുട്ടി' എന്ന് ഞാനവളെ തടഞ്ഞു.

എന്നാല്‍ അവള്‍ സമ്മതിച്ചതേയില്ല. ‘നോക്ക്, ഇന്നലെ മുഴുവന്‍ നിനക്ക് വയറിളക്കമായിരുന്നു. അതുകൊണ്ട് എല്ലായിടവും നല്ലോണം വൃത്തിയാക്കണം. അല്ലെങ്കില്‍ വല്ല അണുബാധയും ഉണ്ടാവും.' അവള്‍ പറഞ്ഞു. എന്നിട്ട് അവള്‍ എന്റെ ലിംഗം എടുത്ത് തുടയ്ക്കാന്‍ തുടങ്ങി. എന്റെ ജീവന്‍ പാതാളത്തിലേക്ക് ഊളിയിട്ടു പോകുന്നതുപോലെ ഒരു അഭിമാനക്ഷയം എനിക്കുണ്ടായി. എന്നാല്‍ അവള്‍ക്കൊരു കൂസലും ഉണ്ടായിരുന്നില്ല. ഒരു സാധാരണ പ്രവര്‍ത്തി ചെയ്യുന്നതുപോലെ നിസംഗത മാത്രമേ അപ്പോഴും അവളുടെ മുഖത്തുണ്ടായിരുന്നുള്ളൂ.
എല്ലാം കഴിഞ്ഞ് അവള്‍ പോയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കവിളുകളില്‍ ഞാനനുഭവിച്ചു. എനിക്കത് നിയന്ത്രിക്കാന്‍ കഴിഞ്ഞതേയില്ല. എന്തിനെന്ന് എനിക്കറിയില്ലായിരുന്നു. എന്നിട്ടും ഞാന്‍ കരഞ്ഞു.
പെട്ടെന്നെന്റെ ഓര്‍മ്മകള്‍ പിന്നോട്ടോടി ബാല്യത്തില്‍ ചെന്ന് തട്ടിനിന്നു. എനിക്ക് കുപ്പിപ്പാല്‍ തന്ന് പപ്പയോടൊപ്പം ചേര്‍ത്തു കിടത്തിയിട്ട് ഡ്യൂട്ടിയ്ക്കു പോകുന്ന രാത്രിയിലെ മമ്മി. എന്റെ വാവിട്ട കരച്ചില്‍ വകവയ്ക്കാതെ എന്നെ ബേബി സിറ്റര്‍ക്ക് കൈമാറുന്ന പ്രഭാതങ്ങളിലെ മമ്മി. എന്റെ സ്‌കൂളിലെ ഏതെങ്കിലും പരിപാടിയ്ക്ക് വന്നാല്‍ ഡ്യൂട്ടി എന്നു പറഞ്ഞ് പാതിസമയത്ത് ഇറങ്ങിയോടുന്ന മമ്മി. ഒരു അവധി ദിവസം കിട്ടിയാല്‍ ഒരു പാര്‍ക്കില്‍ പോലും പോകാനാവാതെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മാണ്ടുകിടന്നുറങ്ങുന്ന മമ്മി.
അന്നൊക്കെ ആ വെള്ളവസ്ത്രത്തോട് എനിക്ക് വല്ലാത്ത കലിയായിരുന്നു. മമ്മി അത് ധരിക്കാന്‍ തുടങ്ങുമ്പോള്‍ എനിക്ക് സങ്കടവും ദേഷ്യവും ഒന്നിച്ച് വരും. എത്രയോ ദിവസങ്ങളില്‍ ഞാന്‍ ആ വസ്ത്രങ്ങള്‍ കോമ്പസ് കൊണ്ട് കുത്തിക്കീറിയിരിക്കുന്നു. മമ്മി നേഴ്സ് ആയിരിക്കുന്നതിനോട് എനിക്കൊരിക്കലും പൊരുത്തപ്പെടാന്‍ സാധിച്ചതേയില്ല. എല്ലാക്കാലത്തും ഞാനതിനെ വെറുത്തു. എന്നാല്‍ ഈ കിടപ്പില്‍ എനിക്ക് മനസിലാവുന്നു, ഇതുപോലെ ആരൊക്കെയോ നിസ്സഹായകരായ മനുഷ്യരെ സഹായിക്കാനുള്ള ഓട്ടമായിരുന്നു അതൊക്കെ എന്ന്. എന്നെക്കാളധികം അവര്‍ക്ക് മമ്മിയുടെ സേവനം ആവശ്യമുണ്ടായിരുന്നു എന്ന്.
രണ്ടു ദിവസം കഴിഞ്ഞ് എന്നെ ഐ.സി.യുവില്‍ നിന്നും മുറിയിലേക്ക് മാറ്റി. പിന്നത്തെ പതിനഞ്ച് ദിവസങ്ങള്‍ ഞാന്‍ ആ മുറിയില്‍ ഉണ്ടായിരുന്നു. നേഴ്സ് എന്ന ജോലിയോട് എനിക്കുണ്ടായിരുന്ന ദേഷ്യവും പുച്ഛവും അലിയിച്ചു കളഞ്ഞ ദിവസങ്ങളായിരുന്നു അത്. മനുഷ്യന്‍ ഏറ്റവും ദുര്‍ബലനായിപ്പോകുന്ന നിമിഷത്തില്‍ അവനെ ദയാപൂര്‍വ്വം താങ്ങുക എന്നതിനോളും മഹനീയമായി മറ്റെന്തുണ്ട് ഈ ഭൂമിയില്‍.

എന്റെ കുടുംബത്തില്‍ ഒരുകൂട്ടം നേഴ്സുമാര്‍ ഉണ്ടെങ്കിലും ഒരിക്കലും അവര്‍ ചെയ്യുന്ന പ്രവൃത്തിയോട് എനിക്കൊരാദരവോ മതിപ്പോ ഉണ്ടായിരുന്നില്ല. പഠിത്തത്തില്‍ പിന്നിലായതുകൊണ്ടോ മറ്റൊരു ജോലിയും കിട്ടാത്തതുകൊണ്ടോ മാത്രമാണ് അവര്‍ ഈ ജോലി തിരഞ്ഞെടുത്തത് എന്ന് ഞാന്‍ പലപ്പോഴും പുച്ഛിച്ചിരുന്നു. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് രണ്ട് സൂചി വയ്ക്കുക, ഉറക്കഗുളിക കൊടുത്ത് മയക്കി കിടത്തുക എന്നതിനപ്പുറത്ത് എന്തു ജോലിയാണ് നിങ്ങള്‍ ചെയ്യുന്നത് എന്ന് ഞാന്‍ പലപ്പോഴും കളിയാക്കിയിരുന്നു. എന്നാല്‍ മരിയയും കൂട്ടുകാരികളും എന്റെ ചിന്തകളെ അത്രയും മാറ്റിമറിച്ചുകളഞ്ഞു. വെറും തൊഴില്‍ എന്നു മാത്രം വിചാരിച്ച് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് ഇത്രയും ആത്മാര്‍ത്ഥമായിരിക്കാനും മനുഷ്യരെ ഇങ്ങനെ ദയാപൂര്‍വ്വം പരിഗണിക്കാനും കഴിയില്ല. അതിനപ്പുറത്ത് ഒരു സമര്‍പ്പണം അവര്‍ക്കുണ്ട്. നിശ്ചയം.
ചികിത്സ അവസാനിപ്പിച്ച് ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനു മുന്‍പ് ഒരു ദിവസം മമ്മിയെക്കൊണ്ട് ഒരു ചെറിയ സമ്മാനം വാങ്ങി ഞാന്‍ മരിയയ്ക്ക് കൊടുത്തു. എന്നാല്‍ അവളത് സ്നേഹപൂര്‍വ്വം നിരസിച്ചു കളഞ്ഞു.
‘ഒന്നും വേണ്ട, ഞാന്‍ എന്റെ ജോലി ചെയ്തു എന്നുമാത്രം. ഒന്നും പ്രതീക്ഷിച്ചല്ല ഞാനത് ചെയ്യുന്നത്. വല്ലപ്പോഴും ഞങ്ങളെ ഓര്‍ക്കുക. അതാണ് ഞങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനം'
പേരുകളുടെ സാമ്യമാണോ എന്നറിയില്ല, മരിയ എന്ന പെണ്‍കുട്ടിയെക്കുറിച്ച് സാകൂതം ചിന്തിച്ചുകൊണ്ട് ആ ആശുപത്രിക്കിടക്കയില്‍ വിശ്രമിക്കുമ്പോഴൊക്കെ എന്റെ മനസില്‍ അറിയാതെ തെളിഞ്ഞു വന്നത് മറിയാമ്മ എന്ന മറ്റൊരു പേരായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നില്‍ തീര്‍ത്തും അവിചാരിതമായി കണ്ടെത്തുകയും ഞാന്‍ അങ്ങനെ തന്നെ അവഗണിച്ചു കളയുകയും ചെയ്ത ഒരു പേരായിരുന്നു അത്.
ബെന്യാമിനോട് ജീവിതത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍
Kanjirakadan
12 Aug 2020, 07:01 PM
അനുഭവിക്കുന്ന നിമിഷംതന്ന മറന്നുപോകാൻ ആഗ്രഹിക്കുന്ന ദുർബലതകളെയാണ് ബെന്യാമിൻ ഒന്നാം അധ്യായത്തിലൂടെ വാരി പുറത്തിട്ടിരിക്കുന്നത് , അനധികൃതമായി ഒളിപ്പിച്ചു വയ്ക്കലുകളെ റൈഡ് നടത്തി കണ്ടെത്തുന്ന കർക്കശക്കാരനായ ഉദ്യോഗസ്ഥന്റെ ശീക്രത ! നോവലിനയി കാത്തിരിക്കുന്നു .
പ്രദീപ് കുനിശേരി
7 Aug 2020, 09:08 PM
ആടുജീവിതത്തിനു ശേഷം അടുത്ത ബെസ്റ്റ് സെല്ലർ .. ആശംസകൾ
Vineeth
27 Jul 2020, 11:51 AM
മനസ്സിൽ ധാരണകളെ മാറ്റിമറിക്കുന്ന രചന. പ്രിത്യേകമായും ആരും അത്ര കൃത്യമായി പറയാൻ മടിക്കുന്ന സാഹചര്യങ്ങൾ എന്നാൽ സത്യത്തിൽ അതുതന്നെയാണ് യാഥാർഥ്യവും. ഒരാളുടെ മാത്രമല്ല ഒരുപാട് മനുഷ്യ ജീവിതങ്ങളിലൂടെയുള്ള നിശബ്ദമായ സഞ്ചാരങ്ങൾ...
Sudheesh
25 Jul 2020, 06:37 PM
നമ്മൾ ഇപ്പൊൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ കെട്ട കാലത്തിൽ നമുക്ക് താങ്ങും തണലുമായി ഒരയിരം ' മരിയ 'മാർ ഉണ്ട് .അവർക്കു ഒരു പ്രചോദനം കൂടി ആവട്ടെ ഈ നോവൽ, മരിയയെ കൂടുതൽ അറിയാൻ കാത്തിരിക്കുന്നു...
JPriya (atha
18 Jul 2020, 08:27 PM
മനുഷത്വം മരവിച്ചിട്ടില്ലാതെ എല്ലാവരും കാത്തിരിക്കുന്നീ നോവൽ കൈകളിലെത്താൻ.
Sreelekshmi
17 Jul 2020, 05:16 PM
Ethente jeevithamanu......10 varshathil kuduthalayi oru nurse ayi joli cheyyunnu.....ethu kannu nirayathe vayikan kazhinjilla
Ashok
17 Jul 2020, 12:27 PM
Beautiful, പറയേണ്ട ഒരു കഥ തന്നെയാണിത്... inthesar rahega.
അഖിലേഷ് നന്ദകുമാർ
17 Jul 2020, 05:11 AM
ബെന്നിയേട്ടാ.... നല്ല തുടക്കം. ഒപ്പംആകാംക്ഷാഭരിതനായി ബാക്കി വായിക്കാൻ കാത്തിരിപ്പും....
Sameer
16 Jul 2020, 01:47 PM
നഴ്സുമാരോടുള്ള എന്റെ തെറ്റിധാരണയും ഇത് വായിച്ചതോടെ കൂടി മാറി
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
Aju V Chacko
7 Sep 2020, 09:24 AM
15 ദിവസത്തോളം അർദ്ധ ബോധാവസ്ഥയിലായിരുന്ന അവസ്ഥയിൽ ICU വിനുള്ളിൽ ഈ മാലാഖമാരുടെ മഹത്തായ സേവനം എനിക്ക് കിട്ടിയിട്ടുണ്ട്. അത് ഒരു പുനർജന്മമായിരുന്നു. ഇത് വായിച്ചപ്പോൾ അതോർത്തുപ്പോയി. സേവനത്തിന്റെ പര്യായപദമാണ് നഴ്സിങ്ങ് .