ഭാരതത്തിലെ ക്രൈസ്തവരുടെ യഥാർത്ഥ സ്വത്വം എന്താണ്? പലപ്പോഴും ഈ ചോദ്യത്തിനുള്ള ഉത്തരം അന്വേഷകനെ കൊണ്ടെത്തിക്കുന്നത് സുറിയാനി ക്രിസ്ത്യാനിയന്നോ കാത്തലിക് അല്ലെങ്കിൽ നെസ്തോറിയൻ അല്ലെങ്കിൽ പ്രൊട്ടസ്റ്റന്റ് ഇടങ്ങളിലേക്കാണ്. പക്ഷേ അതാണോ അവരുടെ യഥാർത്ഥ സ്വത്വം?
ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല വീക്ഷണങ്ങളും നിലപാടുകളും നമ്മുടെ ഇടയിലുണ്ട്. അതിൽ പ്രബലമായത് ക്രിസ്തുശിഷ്യൻ തോമസിന്റെ സുവിശേഷവൽക്കരണപ്രക്രിയ വഴി ഒരു ക്രൈസ്തവ സമൂഹവും ഇവിടെ ഉടലെടുത്തു എന്നാണ്. നിലവിൽ തോമസ് കേരളത്തിൽ വന്ന് സഭ സ്ഥാപിച്ചു എന്നുപറയുന്ന ചരിത്രം വളരെ സൂക്ഷ്മമായ പരിശോധനകൾക്ക് വിധേയപ്പെടുന്ന സാഹചര്യമാണുള്ളത്. നവീന ശാസ്ത്രീയ ഗവേഷണ പഠനങ്ങൾ പ്രകാരം തോമസ് കേരളത്തിൽ വന്നിട്ടില്ല എന്ന സിദ്ധാന്തം / വസ്തുത ശക്തി പ്രാപിച്ചിട്ടുണ്ട്.
ഉദാഹരണമായി, ചരിത്രകാരനായ എം.ജി.എസ്. നാരായണൻ അഭിപ്രായപ്പെടുന്നത്, തോമസ് കേരളത്തിൽ വന്നിട്ടില്ല എന്നും ഉന്നത ജാതിയിൽപ്പെട്ട ഹിന്ദു കുടുംബങ്ങളെ ക്രിസ്ത്യാനികൾ ആക്കിയില്ല എന്നുമാണ്. കൂടാതെ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. രാജൻ ഗുരുക്കളും തോമസിന്റെ ഭാരത സുവിശേഷ പ്രവർത്തനങ്ങൾ ഒരു മിത്താണെന്നും വാദിക്കുന്നുണ്ട്. ഡോ. ജി. മിലിനെരെ The Syrian church എന്ന ഗ്രന്ഥത്തിൽ തോമസിന്റെ ഭാരതപര്യടനം ഐതിഹ്യത്തിന്റെ നിഴലിലാണ് നോക്കിക്കാണുന്നത്. ഇതിനോടൊപ്പം, 2022-ൽ ജീവൻ ഫിലിപ്പ് എഴുതി പ്രസിദ്ധീകരിച്ച 'അൺമാസ്‌കിംഗ് ദി സിറിയക്‌സ്' എന്ന പുസ്തകത്തെകുറിച്ച് മാധ്യമങ്ങളിലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വിവിധ ഗ്രൂപ്പുകളിലും ഇപ്പോൾ നടക്കുന്ന ചൂടേറിയ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ ഉത്ഭവവും വികാസവും എന്ന വിഷയം വളരെ പ്രാധാന്യമർഹിക്കുന്നു. അതിനുള്ള കാരണം, അദ്ദേഹം ആ പുസ്തകത്തിൽ നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾക്ക് കൃത്യമായ ഒരുത്തരം നൽകാനോ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ തെറ്റാണെന്ന് തെളിയിക്കാനോ ആർക്കും സാധിച്ചിട്ടില്ല എന്നതാണ്.
ക്രൈസ്തവ സഭകൾ പലരും പല കാലഘട്ടങ്ങളിൽ പറഞ്ഞ ചരിത്രം ഏറ്റുപാടുകയാണ് പതിവ്, എന്നാൽ പല ചരിത്രകാരരും ഭാരതത്തിലെ ക്രൈസ്തവർ ഒരു ജാതീയ സമൂഹമായിരുന്നു എന്നത് വളരെ വ്യക്തമായി തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കുന്നുണ്ട്. (എന്നാൽ അത് ക്രൈസ്തവസഭകൾ അംഗീകരിക്കാൻ പൂർണമായി തയ്യാറുമല്ല). പ്രശസ്ത സ്കോട്ടിഷ് ചരിത്രകാരനായ വില്യം വിൽസൺ ഹംണ്ടർ 1886-ൽ പ്രസിദ്ധീകരിച്ച "The Imperial Gazetteer of India"-യിൽ (Volume 6) പ്രതിപാദിക്കുന്നത്, പോർച്ചുഗീസ് വരവിനു മുമ്പുതന്നെ ഭാരതത്തിലെ ക്രിസ്ത്യാനികൾ ഒരു ജാതീയ സമൂഹമായി വിശ്വസിക്കപ്പെട്ടിരുന്നു എന്നാണ്. പ്രശസ്ത സ്കോട്ടിഷ് വേദശാസ്ത്രജ്ഞനായ ഡ്യുകൻ ബി. ഫോസ്റ്ററിന്റെ ( Ducan B Foster) Caste & Christianity എന്ന പുസ്തകവും ഭാരതത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ജാതീയവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് വാദിക്കുന്നുണ്ട്.
റോബർട്ട് എറിക് ഫ്രൈകെൻബർഗിന്റെ പഠനത്തിൽ (Christianity in India from Beginnings to the Present- Robert Eric Frykenberg) രേഖപ്പെടുത്തിയിരിക്കുന്നത്, കേരളത്തിലെ ക്രൈസ്തവർ ഒരു ഉന്നത ജാതീയ സമൂഹവും, മലയാളം സംസാരിക്കുന്ന പൂർവിക പാരമ്പര്യമുള്ളവരാണെന്നുമാണ്. കാലാന്തരത്തിൽ പല അധിനിവേശങ്ങളുടെയും ചുവടുപിടിച്ച് ഈ ജാതീയ സമൂഹം പല ക്രിസ്തീയ സഭകളായി വിഭജിച്ച് വളർന്നു എന്നുവേണം മനസ്സിലാക്കാൻ. എന്നാൽ ആ സമൂഹത്തിന്റെ തദ്ദേശീയ ചരിത്രമോ, സംസ്കാരമോ എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ ശ്രമം നടന്നിട്ടില്ല.
ഈ ചിന്തകളുടെ പുറകെ സഞ്ചരിച്ച് നേടിയെടുത്ത തിരിച്ചറിവുകളുടെ പ്രതിഫലനമാണ് ജോർജ് അലക്സാണ്ടർ, ഗ്രീഷ്മ റെഡി, സ്കറിയ റോയി, ജോസഫ് നൗൻ എന്നിവർ ചേർന്ന് എഴുതിയ 'എ ഹിന്ദു ചർച്ച് ആൻഡ് ആൻ ഇന്ത്യൻ ക്രൈസ്റ്റ്' എന്ന പുസ്തകം. ഒമ്പത് അധ്യായങ്ങളുള്ള പുസ്തകം 'മലൈ നാട്ടുകരയിൽ' (ഇന്നത്തെ കേരളത്തിൽ) ഉത്ഭവിച്ച മലങ്കര സഭയെക്കുറിച്ചും (Church on the Shore of മലൈനാട്ടുകര്) അതിന്റെ അംഗങ്ങളായ തദ്ദേശീയരായ മലങ്കര നസ്രാണികളെകുറിച്ചും (ഹിന്ദു നസ്രാണി), അവരുടെ സംസ്കാരവും വിശ്വാസവും എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള നിരീക്ഷണങ്ങളാണ്. ഇംഗ്ലീഷിൽ എഴുതപ്പെട്ട 342 പേജുള്ള ഈ പുസ്തകം വായിക്കാനും മനസ്സിലാക്കാനും വളരെ എളുപ്പമാണ്. മാത്രമല്ല, വായിക്കാൻ തുടങ്ങുന്ന വ്യക്തിയെ പിടിച്ചിരുത്തി ചിന്തിപ്പിക്കും, വായിച്ചുതീർക്കാനും പ്രേരിപ്പിക്കും. ഏഴ് അധ്യായങ്ങൾ ജോർജ് അലക്സാണ്ടറും, ഓരോ അധ്യായങ്ങൾ മറ്റുള്ളവരും രചിച്ചിരിക്കുന്നു. യേശുവിനെക്കുറിച്ച് മലങ്കരയിൽ തനതായി രൂപം കൊണ്ട വിശ്വാസത്തെക്കുറിച്ചും, സംസകാരത്തെക്കുറിച്ചുമാണ് പുസ്തകം സംസാരിക്കുന്നത്. മലങ്കര സഭയുടെ ഉത്ഭവം മുതൽ ഈ കാലഘട്ടം വരെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഈ പുസ്തകത്തിലൂടെ ചർച്ച ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
യൂറോപ്യൻ അല്ലെങ്കിൽ മിഡിൽ ഈസ്റ്റേൺ മിഷനറി പ്രവർത്തനങ്ങളുടെയോ ഉൽപ്പന്നങ്ങളല്ല, മറിച്ച് വൈദേശിക കൊളോണിയലിസ്റ്റുകൾ ഇവിടെ നടത്തിയ പ്രവർത്തനങ്ങളുടെ ഇരകളായി തീർന്നവരാണ് ഭാരതത്തിലെ ക്രൈസ്തവർ എന്ന് പുസ്തകം അടിവരയിട്ട് പറയുന്നു.
ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തെ കാവി പുതപ്പിക്കാൻ ശ്രമിക്കുന്ന പുസ്തകമാണിത് എന്ന് ഇതിന്റെ പേരു കേൾക്കുന്നവർക്ക് തോന്നിയേക്കാം. ('ഹിന്ദു ചർച്ചും ഒരു ഇന്ത്യൻ ക്രിസ്തുവും') പക്ഷേ ആ തോന്നലുകൾക്ക് വിപരീതമാണ് പുസ്തകത്തിന്റെ പശ്ചാത്തലവും അതിലെ ആശയവികസനവും.
മലങ്കര സഭയെ കുറിച്ചുള്ള പല പുസ്തകങ്ങളും സുറിയാനി, ലാറ്റിൻ, ആംഗ്ലിക്കൻ സഭകളും മലങ്കര സഭയുമായിട്ടുള്ള വടംവലികളും സംഘർഷങ്ങളും കൂടുതലായി ചർച്ച ചെയ്യുമ്പോൾ, അതിൽ നിന്നെല്ലാം വിഭിന്നമായി ഭാരത്തിൽ തന്നെ ഉടെലെടുത്ത മലങ്കര സഭയുടെ സ്വത്വത്തിലേക്കും അതിന്റെ ചരിത്രപശ്ചാത്തലത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നു. യൂറോപ്യൻ അല്ലെങ്കിൽ മിഡിൽ ഈസ്റ്റേൺ മിഷനറി പ്രവർത്തനങ്ങളുടെയോ ഉൽപ്പന്നങ്ങളല്ല, മറിച്ച് വൈദേശിക കൊളോണിയലിസ്റ്റുകൾ ഇവിടെ നടത്തിയ പ്രവർത്തനങ്ങളുടെ ഇരകളായി തീർന്നവരാണ് ഭാരതത്തിലെ ക്രൈസ്തവർ എന്ന് പുസ്തകം അടിവരയിട്ട് പറയുന്നു.
14ാം നൂറ്റാണ്ടിനു മുൻപ് ഒരു സുറിയാനി ബന്ധം ഭാരതത്തിലെ ക്രിസ്ത്യാനികൾക്കുണ്ട് എന്ന് തെളിയിക്കാൻ സാധിക്കുന്ന ആർക്കിയോളജിക്കൽ തെളിവുകളും ഇന്നുവരെ കണ്ടെത്തിയിട്ടില്ല എന്നു മാത്രമല്ല ഇന്ത്യയിലുണ്ടായ പോർച്ചുഗീസ് കോളനിവൽക്കരണവും ബ്രിട്ടീഷ് കോളനിവൽക്കരണവും ഇവിടെയുണ്ടായിരുന്ന തദ്ദേശീയ ക്രിസ്തീയ സമൂഹത്തിലേക്ക് മിഷനറി പ്രവർത്തനങ്ങൾ വഴിയായി കൊണ്ടുവരികയാണ് ചെയ്തതെന്നും പുസ്തകം പറഞ്ഞുവെക്കുന്നു. നസ്രേയക്കാരനായ യേശുവിന്റെ അനുനായികളായി നാട്ടുകരയിൽ ഉത്ഭവിച്ച ഒരു ‘പ്രീ- പ്രോട്ടോ-ഓർത്തഡോൿസ്’ സമൂഹമാണ് മലങ്കര നസ്രാണികൾ എന്നാണ് ജോർജ് അലക്സാണ്ടർ പുസ്തകത്തിൽ അഭിപ്രായപ്പെടുന്നത്. (ഇന്ന് ലോകത്ത് നിലനിൽക്കുന്ന ക്രിസ്തീയ സമൂഹത്തിലെ ഓർത്തഡോക്സ് കാത്തലിക് വിശ്വാസങ്ങൾ രൂപീകരിക്കുന്നതിനുമുൻപ് നിലനിന്നിരുന്ന ക്രിസ്തുവിന്റെ അനുയായികളുടെ സമൂഹമാണ് പ്രീ- പ്രോട്ടോ- ഓർത്തഡോൿസ്’ സമൂഹം). അതിനുള്ള തെളിവും അദ്ദേഹം നിരത്തുന്നുണ്ട്.
പുസ്തകം ദീർഘമായ സംഭാഷണത്തിൽ നിന്നാണ് തുടങ്ങുന്നത്. തീവ്ര സംഘപരിവാർ അജണ്ട കാത്തുസൂക്ഷിക്കുന്ന ഒരു പ്രവർത്തകനും, സ്വത്വബോധം എവിടെയാണ് എന്നറിയാതെ ജീവിക്കുന്ന നസ്രാണിയും ഒരു കോർപ്പറേറ്റ് കത്തോലിക്കാ സഭാ വിശ്വാസിയും തമ്മിൽ ഭാരതീയ ക്രിസ്ത്യാനികളെ കുറിച്ച് സംവാദിക്കുന്നതാണ് പശ്ചാത്തലം. രസകരവും ചിന്തോദ്ദീപകവുമായ രീതിയിലാണ് അവരുടെ സംഭാഷണം ക്രമീകരിച്ചിരിക്കുന്നത്. എന്താണ് മലങ്കര സഭയെന്നും ആരാണ് മലങ്കര നസ്രാണികളെന്നും എന്താണ് അവരുടെ പ്രത്യേകതകളെന്നും ഈ സംവാദത്തിലൂടെ വായനക്കാർക്ക് ലളിതമായി മനസ്സിലാക്കാം. ചരിത്രവും സമകാലിക സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളും ഈ സംവാദത്തിന്റെ ഭാഗമാകുന്നുണ്ട്.
ഭാരത്തിലുള്ള എല്ലാ ക്രിസ്ത്യാനികളും മലങ്കര നസ്രാണികളല്ല എന്ന സത്യം ഈ സംവാദത്തിലൂടെ വായനക്കാരിലേക്ക് എത്തിക്കുകയും അതിനുള്ള വസ്തുതകൾ വിശദ ചർച്ചക്ക് വിധേയമാക്കുകയും ചെയ്‌തിട്ടുണ്ട്. കേരളത്തിൽ നിലനിൽക്കുന്ന ക്രിസ്തീയ സഭകളുടെ ഭരണസംവിധാനങ്ങളും സാംസ്കാരിക പശ്ചാത്തലവും വിശ്വാസപ്രമാണങ്ങളും നിരീക്ഷിച്ചുകൊണ്ടാണ് കേരളത്തിലെ എല്ലാ ക്രിസ്ത്യാനികളും മലങ്കര നസ്രാണികളല്ല എന്ന് എഴുത്തുകാരൻ വാദിക്കുന്നത്. മാത്രമല്ല, മലങ്കര നസ്രാണികൾ ഒരു കാലഘട്ടത്തിലും മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കാത്തവരും ഇവിടേക്കുവന്ന മറ്റു ക്രൈസ്തവ വിഭാഗങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ചവരും പിന്നീട് സ്വീകരിക്കപ്പെട്ടവരാൽ തന്നെ അടിച്ചമർത്തപ്പെട്ട സമൂഹവുമാണ് എന്ന് പ്രാരംഭത്തിലെ സംഭാഷണം വിശദമാക്കുന്നു. കേരളത്തിലെ ക്രൈസ്തവസഭയിൽപ്പെടുന്ന മലങ്കര ഓർത്തഡോക്സ് സഭ മലങ്കര നസ്രാണി സമൂഹത്തിൽ പെടുന്നവരാണ് എന്ന് വാദിക്കുമ്പോൾ സീറോ മലബാർ സഭ പൂർണമായും മലങ്കര നസ്രാണികൾ അല്ല എന്ന് പറയുവാൻ കാരണം, അവരുടെമേൽ ആഗോള കത്തോലിക്കാ സഭയുടെ സ്വാധീനമാണ് എന്ന് പുസ്തകം വിശദീകരിക്കുന്നു.
ഒരു പ്രീ പ്രോട്ടോ ഓർത്തഡോക്സ് സമൂഹമായി തുടർന്നിരുന്ന മലങ്കര നസ്രാണികൾക്ക് ഭാരതത്തിലുണ്ടായ വൈദേശിക അധിനിവേശങ്ങൾ കാരണം നേരിടേണ്ടിവന്ന പ്രശ്നങ്ങളെ കൃത്യമായി നിരീക്ഷിക്കുന്ന പുസ്തകം ഈ അധിനിവേശത്തെ മലങ്കര നസ്രാണികൾ അറിഞ്ഞോ അറിയാതെയോ ഒരു കണ്ഠാഭരണമായി സ്വീകരിച്ചുപോയതിന്റെ അപചയങ്ങളെക്കുറിച്ചും വിശദമാക്കുന്നു.
മലങ്കര നസ്രാണികളുടെ
ഐഡന്റിറ്റി ക്രൈസിസ്
ജോസഫ് നൗണിന്റെ മലങ്കര നസ്രാണികളെ കുറിച്ചുള്ള അറിവുകളും വീക്ഷണങ്ങളും പ്രതിഫലിപ്പിച്ചുകൊണ്ടാണ് പുസ്തകം ഒന്നാം അധ്യായത്തിലേക്ക് പ്രവേശിക്കുന്നത്. മലങ്കര സഭയുടെ ഉത്ഭവവും പരിണാമവും അതിന്റെ പാശ്ചാത്യവൽക്കരണ പ്രക്രിയയുമാണ് ആദ്യ അധ്യായത്തിൽ വിശദീകരിക്കുന്നത്. കൂടാതെ കേരളത്തിൽ ക്രിസ്തുമത ഉത്ഭവവുമായി ബന്ധപ്പെട്ട് വായനക്കാർക്കു പരിചയമുള്ളതും അല്ലാത്തതുമായ അഞ്ചു സിദ്ധാന്തങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
മാധ്യമങ്ങളിൽ, പ്രത്യേകിച്ച് സിനിമയിൽ, മലങ്കര സഭയുടെയും മലങ്കര നസ്രാണികളുടെയും സാന്നിധ്യം എന്ന ഒരു അധ്യായം തന്നെ ഈ പുസ്തത്തിലുണ്ട്. സാധാരണ മറ്റ് പുസ്തകങ്ങളിൽ ചർച്ച ചെയ്യാത്ത ഒരു വിഷയമാണിത്.
സുറിയാനി, ലാറ്റിൻ, ആംഗ്ലിക്കൻ ക്രിസ്ത്യൻ അല്ല മലങ്കര നസ്രാണികളുടെ പാരമ്പര്യം, എന്നാൽ അവരുടേതല്ലാത്ത സ്വത്വബോധം പേറി നടക്കേണ്ടി വരുന്ന ഒരു സമൂഹമാണ്. കൊളോണിയൽ വേലിയേറ്റത്തിന്റെ ഭാഗമായി മലങ്കരയുടെ മണ്ണിലേക്ക് കയറിവന്ന സുറിയാനി, ലാറ്റിൻ, ആംഗ്ലിക്കൻ സഭകളുടെ 'ഐഡന്റിറ്റിയിൽ' അറിയാൻ വിധിക്കപ്പെട്ടവരാണ് മലങ്കര നസ്രാണികളെന്ന് പുസ്തകം പറയുന്നു. അറിഞ്ഞോ അറിയാതെയോ മലങ്കര നസ്രാണികൾ വന്നുകയറിയ വിശ്വാസങ്ങളും രീതികളും സാംശീകരിക്കുകയും, അവരുടെ യഥാർത്ഥ സ്വത്വബോധം അവഗണിക്കപ്പെടുകയും ചെയ്തെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ എഴുത്തുകാരൻ സമർത്ഥിക്കുന്നു.
കാലഘട്ടത്തിനനുസൃതമായി എഴുതപ്പെട്ട ഈ പുസ്തകം, തെളിവുകൾ നിരത്തുന്നതിലും, റഫറൻസുകൾ നൽകുന്നതിലും യാതൊരു കുറവും വരുത്തിയിട്ടില്ല. പുരാതന ലത്തീൻ- മലങ്കര നസ്രാണി ബന്ധങ്ങൾ മുതൽ അടുത്ത കാലത്തുണ്ടായ ഇറ്റാലിയൻ നേവൽ ഓഫീസർമാരുടെ കേസിൽ നടത്തിയ കത്തോലിക്കാ സഭയുടെ ഇടപെടലുകൾ വരെ ചർച്ച ചെയ്യുന്നുണ്ട്. റഫറൻസുകളും, നോട്ടുകളും ഉൾപ്പെടെ 714 സൂചനകൾ കൊണ്ട് സമ്പുഷ്ടമാണ് ഈ പുസ്തകം.
നാലുപേരുടെ പ്രയത്നത്തിന്റെ ഫലമാണ് ഈ പുസ്തകം എന്നത് മറ്റൊരു പ്രധാന വസ്തുതയാണ്. അതായത് മലങ്കര നസ്രാണികൾ മാത്രമല്ല, ഹൈന്ദവർ ഉൾപ്പെടെ പുറത്തുനിന്നുള്ളവരും അവരുടെ വീക്ഷണങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഗ്രീഷ്മ റെഡി എഴുതിയ 'I choose to Remain a Hindu, Yet Stay Connected to Christ' എന്ന ലേഖനം ഭാരതത്തിലെ ഹിന്ദു സമൂഹം തങ്ങളുടെ വിശ്വാസത്തിൽ നിലനിന്നുകൊണ്ടുതന്നെ ക്രിസ്തു എന്ന ഗുരുവിനെ എങ്ങനെ വീക്ഷിക്കുന്നു എന്നും അത് തങ്ങളുടെ ജീവിതത്തിൽ ഏതു തരത്തിലുള്ള സ്വാധീനമാണെന്ന് തരുന്നതെന്നും വിശദീകരിക്കുന്നു. ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ നിരീക്ഷണത്തിൽ അത് വിരൽചൂണ്ടുന്നത്, ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തിൽ മതങ്ങളെയും ജാതികളെയും ഭിന്നിപ്പിച്ചുഭരിക്കുക എന്ന ആശയം തകർക്കപ്പെടേണ്ടതിന്റെ ആവശ്യകതയാണ്.
രസകരമെന്നു പറയട്ടെ, മാധ്യമങ്ങളിൽ, പ്രത്യേകിച്ച് സിനിമയിൽ, മലങ്കര സഭയുടെയും മലങ്കര നസ്രാണികളുടെയും സാന്നിധ്യം എന്ന ഒരു അധ്യായം തന്നെ ഈ പുസ്തത്തിലുണ്ട്. സാധാരണ മറ്റ് പുസ്തകങ്ങളിൽ ചർച്ച ചെയ്യാത്ത ഒരു വിഷയമാണിത്. മാധ്യമ- സിനിമാ മേഖലയിലുള്ള റോമൻ കത്തോലിക്കാസഭയുടെ വെല്ലുവിളികളില്ലാത്ത ആധിപത്യത്തെ ഈ അധ്യായം വ്യക്തമായി വരച്ചുകാട്ടുന്നു. 2016 എന്ന സിനിമയുടെ സംവിധായകൻ സുജിത്ത് വാസുദേവ്, പൃഥ്വീരാജിനെ നായകനാക്കി ചെയ്ത ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിൽ പോലും ഒരു മലങ്കര നസ്രാണി ദേവാലയമായ നിരണം പള്ളി കാണിക്കുമ്പോഴും അതിനുള്ളിൽ നടക്കുന്ന വിവാഹം കത്തോലിക്കാസഭാ രീതിയിലുള്ളതാണ് എന്ന് എഴുത്തുകാരൻ പറയുന്നു. പക്ഷെ ചില സിനിമാ- മാധ്യമങ്ങളെങ്കിലും 2018- നുശേഷം ഇന്ത്യയിലെ തദ്ദേശീയ സമൂഹമായ മലങ്കര നസ്രാണികളുടെ സംസ്ക്കാരവും പൈതൃകവും മനസിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ലേഖനം വിശദീകരിക്കുന്നു.
ഇന്ത്യയിലെ ക്രിസ്തുമതത്തെ ഹൈന്ദവത്കരിക്കാനുള്ള ശ്രമമാണ് പുസ്തകമെന്ന് ചില വായനക്കാർക്കെങ്കിലും തോന്നിയേക്കാം. വായനക്കുശേഷം ഗ്രന്ഥകർത്താവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്, അദ്ദേഹം അത്തരത്തിൽ ഒരു വീക്ഷണം പുലർത്തുന്നില്ല എന്ന് പറയുകയുണ്ടായി.
മലങ്കര സഭ ഭാവിയിൽ എങ്ങനെ അറിയപ്പെടണമെന്നും മലങ്കര സമൂഹത്തിന്റെ ഭാവി ആരുടെ കരങ്ങളിലായിരക്കണമെന്നും ഗ്രന്ഥകർത്താക്കൾ വിശകലനം ചെയ്യുന്നു. മലങ്കര സഭ എങ്ങനെ അതിന്റെ സംസ്കാരത്തെ കൂടുതൽ സാംശീകരിക്കണമെന്നും ആ സംസ്കാരം ഇന്ത്യൻ സംസ്കാരത്തോട് ചേർന്നുനിൽക്കണമെന്നും എഴുത്തുകാരൻ പറയുന്നുണ്ട്. കാലാകാലങ്ങളിൽ ഈസ്റ്റ് സിറിയക് സമൂഹങ്ങളുടെയും പോർച്ചുഗീസ് കത്തോലിക്കാ സമൂഹങ്ങളുടെയും പിന്നീട് ബ്രിട്ടീഷ് ആംഗ്ലിക്കൺ സമൂഹങ്ങളുടെയും അധിനിവേശങ്ങൾ കൊണ്ട് മലങ്കരയിൽ നിലനിന്നിരുന്ന, എന്നാൽ ഇന്ന് കാണാമറയത്താക്കപ്പെട്ട തനതായ 101 അനുഷ്ഠാനങ്ങളെക്കുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു. അതിലൂടെ, മലങ്കര നസ്രാണികൾ തനത് ഇന്ത്യൻ സംസ്കാരത്തിന്റെ പരിണിതഫലമാണെന്ന് സ്ഥാപിക്കുന്നു. 101 സാംസ്കാരിക അനുഷ്ഠാനങ്ങളിൽ ഇന്ന് നിലനിൽക്കുന്നതിൽ ആദ്യത്തേത് താലികെട്ട് ആണ്. നസ്രാണി സമൂഹത്തിനിടയിൽ പലതരം ക്രിസ്തിയ വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ആ വിശ്വാസങ്ങൾ നിലനിർത്തിക്കൊണ്ട് ഭാരതീയ സംസ്കാരം കാത്തുസൂക്ഷിക്കാൻ എപ്പോഴും അവർ ശ്രമിച്ചിട്ടുണ്ട്. യോഗയെക്കുറിച്ചും പൗരസ്ത്യ ക്രിസ്തുമതത്തെക്കുറിച്ചുമുള്ള അധ്യായം അത്തരമൊരുദാഹരണമാണ്. യോഗയെ കിഴക്കൻ, പാശ്ചാത്യ ക്രിസ്ത്യൻ സഭകൾ ഒരുപോലെ നിശിതമായി വിമർശിക്കുകയും അത് തെറ്റായ കാര്യമാണെന്നും അതിൽ നിന്ന് മാറിനിൽക്കാൻ വിശ്വാസികളോട് അഭ്യർത്ഥിക്കുയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, യോഗ എങ്ങനെ മലങ്കര നസ്രാണി സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും, ക്രൈസ്തവർക്ക് അതെങ്ങനെ പരിശീലിക്കാമെന്നും ഗ്രന്ഥകർത്താവ് വ്യക്തിപരമായ അനുഭവത്തിൽ നിന്നുകൊണ്ട് സംസാരിക്കുന്നു.
സുറിയാനിവൽകൃതമായ മലങ്കര സഭ എങ്ങനെ സുറിയാനി സംസ്കാരത്തിന്റെ വലയത്തിൽ നിന്ന് മലങ്കര നസ്രാണി സംസ്കാരത്തിന്റെ വക്താക്കളായി മാറണമെന്ന് സ്കറിയ റോയിയുടെ ലേഖനം സംവദിക്കുന്നു. എന്നാൽ ഈ ലേഖനം പുസ്തകത്തിന്റെ തലക്കെട്ടിനോട് എത്രമാത്രം നീതിപുലർത്തുന്നുണ്ട് എന്ന് വായനക്കാരൻ എന്ന നിലയിൽ എനിക്ക് സംശയമുണ്ട്. അതിനുകാരണം ആരംഭത്തിൽ ലേഖനകർത്താവ് സുറിയാനി വൽക്കരണത്തെ തടയാൻ മലങ്കര സഭാംഗങ്ങൾ ഗ്രീക്ക് പാരമ്പര്യത്തിൽ പെടുന്ന ഐക്കണുകൾ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയുമ്പോൾ തന്നെ മറ്റൊരിടത്ത്, മലങ്കരയിലെ സഭ ഇന്ത്യൻ രീതിയിലുള്ള ഐക്കണുകൾ സൃഷ്ടിക്കാൻ ശ്രമിക്കണം എന്നും പറയുന്നു. ഇന്ത്യൻ രീതിയിൽ എവിടെയാണ് ഐക്കണുള്ളത് എന്ന സംശയമുണ്ടാകാം. മലങ്കര ക്രിസ്തീയ സമൂഹത്തെ കേവലം പാശ്ചാത്യതയുടെ കുടക്കീഴിൽ തന്നെ നിലനിർത്താനുള്ള സാഹചര്യമൊരുക്കുന്നു എന്നും തോന്നിപ്പിക്കുന്നു.
തീവ്ര സംഘപരിവാർ അജണ്ടയെ പുസ്തകം വിമർശിക്കുകയും, അതേസമയം ദേശീയ ഐക്യത്തിന് വിരുദ്ധമായി നിലകൊള്ളുന്ന തീവ്ര ക്രിസ്ത്യൻ, ഇസ്ലാമിക് പ്രത്യയശാസ്ത്രങ്ങളെ ശക്തമായ ഭാഷയിൽ എതിർക്കുകയും ചെയ്യുന്നു.
മലങ്കര നസ്രാണികളും ഘർ വാപസിയും എന്ന വിഷയം 'കമിങ് ബാക് റ്റു ദി ഒറിജിനൽ റൂട്ട്സ്' എന്ന ആശയം മുൻനിർത്തിയുള്ള ചർച്ചക്ക് മുൻതൂക്കം നൽകുന്നു. സംഘപരിവാർ പദ്ധതി എന്ന നിലയിലാണ് ഘർ വാപസി പൊതുവെ അറിയപ്പെടുന്നത്. എന്നാൽ ഈ ആശയം ഭാരതത്തിലെ തദ്ദേശീയരായ മലങ്കര നസ്രാണികൾ എങ്ങനെ കൈക്കൊള്ളണം എന്ന് ഗ്രന്ഥകർത്താക്കൾ അവരുടെ ആശയങ്ങളിൽ കൂടി പ്രതിഫലിപ്പിക്കുന്നു.
കമിങ് ബാക്ക് ടു ദി ഒറിജിനൽ റൂട്ട്സ് (ഘർ വാപസി) എന്ന ആശയം മുൻനിർത്തിയുള്ള ചർച്ചകൾ വായനക്കാരിൽ സംശയം സൃഷ്ടിക്കാനുള്ള വാതിലുകൾ തുറന്നുവക്കുന്നുണ്ട്. മലങ്കര നസ്രാണികൾ തങ്ങളുടെ പാരമ്പര്യത്തെ തന്നതായി നിലനിർത്തണമെന്ന് ലേഖനത്തിൽ വിശദീകരിക്കുമ്പോൾ തന്നെ ഇന്ത്യയിൽ നിലനിൽക്കുന്ന തീവ്ര വർഗീയവാദപരമായ രാഷ്ട്രീയ സാഹചര്യത്തിൽ ഘർ വാപസി എന്ന വാക്ക് തീവ്ര ഹിന്ദു വലതുപക്ഷ രാഷ്ട്രീയത്തിനെതിരായി ഉപയോഗിക്കാൻ ഉപകരിക്കുകയില്ല എന്ന് വായനാനുഭവത്തിൽ തോന്നി.
അവസാന അധ്യായത്തിൽ മലങ്കര നസ്രാണികളുടെ 101 ആചാരങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ ആചാരങ്ങൾ ഒരേസമയം സാംസ്കാരികവും, മതപരവും, തദ്ദേശീയവുമാണ്. അത്തരം ആചാരങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും വ്യക്തമായി സൂചിപ്പിക്കുന്നു. അവയിൽ പലതും ഹിന്ദു സമൂഹങ്ങളും അനുഷ്ഠിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. പണ്ഡിതരും ചരിത്രകാരരും സാധാരണ അവഗണിക്കുന്ന മലങ്കര നസ്രാണികളുടെ തനത് ആചാരങ്ങളെ ഒരു പട്ടികയായി പരാമർശിക്കുന്ന ചുരുക്കം ചില പുസ്തകങ്ങളിൽ ഒന്ന് ഇതായിരിക്കാം. എന്നാൽ അവയിൽ നഷ്ടപ്പെട്ടുപോയ ആചാരാനുഷ്ഠാനങ്ങളെ എങ്ങനെ തിരിച്ചുകൊണ്ടുവരണമെന്നോ, അവ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യങ്ങൾ എത്രമാത്രമുണ്ടെന്നോ എഴുത്തുകാരൻ വിസ്മരിച്ചത് ഖേദകരമാണ്.
മുൻപ് സൂചിപ്പിച്ചതുപോലെ ഇന്ത്യയിലെ ക്രിസ്തുമതത്തെ ഹൈന്ദവത്കരിക്കാനുള്ള ശ്രമമാണ് പുസ്തകമെന്ന് ചില വായനക്കാർക്കെങ്കിലും തോന്നിയേക്കാം. അത് വായനക്കാരുടെ സ്വാതന്ത്ര്യമാണ് എന്ന് പറയുമ്പോൾ തന്നെ, വായനക്കുശേഷം ഗ്രന്ഥകർത്താവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്, അദ്ദേഹം അത്തരത്തിൽ ഒരു വീക്ഷണം പുലർത്തുന്നില്ല എന്ന് പറയുകയുണ്ടായി. തീവ്ര സംഘപരിവാർ അജണ്ടയെ പുസ്തകം വിമർശിക്കുകയും, അതേസമയം ദേശീയ ഐക്യത്തിന് വിരുദ്ധമായി നിലകൊള്ളുന്ന തീവ്ര ക്രിസ്ത്യൻ, ഇസ്ലാമിക് പ്രത്യയശാസ്ത്രങ്ങളെ ശക്തമായ ഭാഷയിൽ എതിർക്കുകയും ചെയ്യുന്നു. പുസ്തകം രാഷ്ട്രീയ ഹിന്ദുത്വത്തെ (ഹിന്ദുത്വ അജണ്ട) നിരാകരിക്കുന്നു, അതേസമയം ഹിന്ദുയിസം മുൻപോട്ടു വെക്കുന്ന സാംസ്കാരിക പശ്ചാത്തലം ഉൾക്കൊള്ളാൻ ആഹ്വാനം ചെയ്യുന്നു. ഇവിടെയും ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നത് സനാതനധർമവുമായി ബന്ധപ്പെട്ടാണ്. ഇന്ത്യൻ സാഹചര്യത്തിൽ സനാതനധർമം എങ്ങനെ വായിക്കപ്പെടുമെന്നും അവ ഒരു ജൂഡോ- ദ്രവീഡിയൻ സമൂഹത്തിൽ എങ്ങനെയുള്ള പ്രതിഫലനം സൃഷ്ടിക്കും എന്നും ഗ്രന്ഥകർത്താവ് കൃത്യമായി വിശദീകരിക്കുന്നില്ല.
പൂർണമായ ഗവേഷണ- പഠന രീതിയിലുള്ള നിരീക്ഷണങ്ങളല്ല പുസ്തകത്തിലുള്ളത് എന്നത് മാറ്റ് അല്പം കുറയ്ക്കുന്നുണ്ട്. അതിന് ഗ്രന്ഥകർത്താക്കളിലൊരാളായ ജോർജ്ജ് അലക്സാണ്ടർ ജാമ്യവുമെടുക്കുന്നുണ്ട്. തന്റെ വർഷങ്ങളായുള്ള സംശയങ്ങളുടെയും ചോദ്യങ്ങളുടെയും പ്രതിഫലനമാണ് ഈ പുസ്തകം എന്ന് അദ്ദേഹം തന്നെ കൂട്ടിച്ചേർക്കുന്നു.
ചാവറ അച്ചനെ മാത്രം കേട്ട് പരിചയമുള്ള പലർക്കും മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് ദീവന്നാസിയോസിന്റെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് ഈ പുസ്തകം നവീനമായ ഉൾക്കാഴ്ച നൽകും.
മലങ്കര സഭയുടെ നേതൃത്വത്തെ നിരവധി ഉദാഹരണങ്ങൾ ഉദ്ധരിച്ച് വിമർശിക്കുന്ന ജോർജ് അലക്സാണ്ടർ കേരളീയ സമൂഹത്തിൽ സമൂലമായ സാമൂഹിക മാറ്റത്തിന് സംഭാവന നൽകിയ മലങ്കര സഭയിലെ അറിയപ്പെടാതെപോയ വ്യക്തികളുടെ പ്രവർത്തിമണ്ഡലങ്ങൾ വിശദീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്, ചാവറ അച്ചനെ മാത്രം കേട്ട് പരിചയമുള്ള പലർക്കും മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് ദീവന്നാസിയോസിന്റെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് നവീനമായ ഉൾക്കാഴ്ച ലഭിക്കും. മലങ്കര നസ്രാണികളുടെ ഇടയിൽനിന്ന് ജന്മം കൊണ്ട ലോകപ്രശസ്ത വേദശാസ്ത്രജ്ഞനും ഫിലോസഫറും, ഇന്ത്യ-സോവിയറ്റ് യൂണിയൻ ബന്ധത്തിൽ മുഖ്യമായ പങ്കുവഹിക്കുകയും ചെയ്ത പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയെയും മലങ്കര നസ്രാണികൾ കൃത്യമായി മനസ്സിലാക്കിയിട്ടില്ല എന്നും അദ്ദേഹം അർഹിക്കുന്ന രീതിയിൽ കേരളത്തിൽ ആദരിക്കപ്പെടുന്നില്ല എന്നും പുസ്തകം ആശങ്ക പ്രകടിപ്പിക്കുന്നതായി വായനയിൽ തോന്നി.
ആന്തോളജിക്കൽ ഫോർമാറ്റിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പുസ്തകത്തിലെ ആശയങ്ങൾ പല കാലഘട്ടങ്ങളെക്കുറിച്ചു പറയുന്നതുകൊണ്ടാവാം, ചില അധ്യായങ്ങളിൽ പറയുന്ന കാര്യങ്ങൾ തമ്മിൽ ചില സന്ദർഭങ്ങളിൽ ബന്ധമില്ലായ്മ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ വിഷയത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾക്കിടയിൽ തന്നെ മറ്റു വിഷയങ്ങളും കടന്നുവരുന്നത് കല്ലുകടിയാണ്.
പുസ്തകത്തിന്റെ നിറവും പുറംചട്ട നൽകുന്ന സന്ദേശവും കാവിവൽക്കരണത്തിന്റേതായി പോയോ എന്ന വിമർശനവും എനിക്കുണ്ട്. ഇന്ത്യ ഭാരതം ആണോ അതോ ഭാരതം ഇന്ത്യയാണോ എന്ന ചർച്ച നിലനിൽക്കുന്ന ഒരു സന്ദർഭത്തിൽ ഇത്തരമൊരു പുറംചട്ട വേണ്ടിയിരുന്നില്ല എന്ന് രേഖപ്പെടുത്തട്ടെ. പുസ്തകത്തിലെ വലതുപക്ഷ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ വിമർശനം ചില ഹിന്ദുത്വ സാഹിത്യ ഗ്രൂപ്പുകളെ ചൊടിപ്പിച്ചതും, 'ഭാരതീയത' എന്ന വാക്ക് ഉപയോഗിച്ചതുകൊണ്ട് കൃതിയെ അവലോകനം ചെയ്യാൻ തയ്യാറാകാത്ത ഇടത് സാഹിത്യ നിരൂപകരുടെ കാര്യവും ജോർജ് എന്നോട് പറഞ്ഞു. ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക- മത സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത് അത്ഭുതകരമായി തോന്നിയില്ല.
കേരളത്തിലെ ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച വായനക്കാരനായ എന്നെ സംബന്ധിച്ച് ഈ പുസ്തകം തുറന്നുതന്ന വഴി എന്റെ സ്വത്വ ബോധത്തിലേക്കുള്ളതു തന്നെയാണ്.
ലോകത്തിലെ പല ക്രിസ്തീയ സമൂഹങ്ങളെയും പോലെ, ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിനും തനതായ സാംസ്കാരിക ഉൽഭവവും വികാസവും അവരുടെ ആചാരാഷ്ഠാനങ്ങളിലും ഉണ്ടായിരുന്നു എന്ന് വരുംതലമുയെ ഉദ്ബോധിപ്പിക്കാൻ പുസ്തകം അവസരമൊരുക്കുന്നു. മറുവശത്ത്, ഈ പുസ്തകത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇന്ത്യ എന്ന രാജ്യം ഹിന്ദു സമൂഹത്തിന്റെ മാത്രമാണ് എന്നൊരു വാദം കൂടി ഉടലെടുക്കാനുള്ള സാഹചര്യമുണ്ടാകുമെന്ന് ഇന്നത്തെ ഇന്ത്യയിൽ വായിക്കുമ്പോൾ എനിക്ക് തോന്നുന്നു.
കേരളത്തിലെ ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച വായനക്കാരനായ എന്നെ സംബന്ധിച്ച് ഈ പുസ്തകം തുറന്നുതന്ന വഴി എന്റെ സ്വത്വ ബോധത്തിലേക്കുള്ളതുതന്നെയാണ്. എന്റെ ക്രൈസ്തവ സ്വത്വബോധം നിലനിൽക്കുന്നത് സുറിയാനി പാരമ്പര്യത്തിലോ സുറിയാനി സഭയിലോ അല്ല, മറിച്ച് തനതായി ഭാരതത്തിൽ രൂപം കൊണ്ട മലങ്കര നസ്രാണി എന്ന, നസ്രായനായ യേശുവിനെ പിന്തുടരുന്ന ഒരു സമൂഹത്തിലാണ് എന്ന ബോധ്യത്തിലെത്താൻ സാധിച്ചു. ജൂഡോ- ദ്രവീഡിയൻ പശ്ചാത്തലത്തെ മലങ്കര നസ്രാണികളുമായി കൂട്ടിവായിക്കാൻ ജോർജ് അലക്സാണ്ടർ ശ്രമിക്കുന്നുണ്ടെങ്കിലും ഈ പുസ്തകത്തിൽ അതിനെക്കുറിച്ച് കൃത്യമായ ചരിത്ര വസ്തുതകൾ നിരത്തി സംസാരിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല എന്നതുകൊണ്ട് അവ പൂർണമായി സ്വീകരിക്കാൻ ഞാൻ തയ്യാറല്ല.
പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്ന ജീവൻ ഫിലിപ്പിന്റെ 'അൺമാസ്‌കിംഗ് ദി സിറിയക്‌സ്' എന്ന ആർക്കിയോ ലിംഗ്വസ്റ്റിക് പഠന പുസ്തകത്തിലേക്കുള്ള പ്രീ റീഡിങ് പ്രവർത്തനമായി ഈ പുസ്തകത്തെ കാണണം എന്നൊരു നിരീക്ഷണവും കൂട്ടിച്ചേർക്കട്ടെ. ഹിന്ദു ചർച്ച് ആൻഡ് ഇന്ത്യൻ ക്രൈസ്റ്റ് എന്ന പുസ്തകത്തിന്റെ അടിവേരുകൾ സ്ഥിതിചെയ്യുന്നത് മലങ്കര നസ്രാണികളെ സംബന്ധിക്കുന്ന ചരിത്ര വസ്തുതകളെയോ അവരുടെ വിശ്വാസ സംഹിതകളെയോ ആസ്പദമാക്കിയല്ല, മറിച്ച് സാംസ്കാരിക പശ്ചാത്തലങ്ങൾ വിശകലനം ചെയ്യുന്നതുവഴിയാണ്. അതുകൊണ്ടുതന്നെ, ഈ പുസ്തകം ഈയൊരു പോരായ്മയും നേരിടുന്നു എന്നുകൂടി രേഖപ്പെടുത്താൻ ഞാൻ മടിക്കുന്നില്ല.
ഇതൊരു കാവിവൽക്കരണത്തിന്റെ പുസ്തകമല്ല, മറിച്ച് കാവിവൽക്കരണത്തെ ചോദ്യം ചെയ്യുകയാണ്. ഭാരത നസ്രാണികളുടെ യഥാർത്ഥ സ്വത്വബോധം എന്താണെന്നും, അത് സുറിയാനിയോ കാത്തലിക്കോ ആംഗ്ലിക്കനോ അല്ല എന്നും മലങ്കര നസ്രാണികൾ യേശുക്രിസ്തുവിനെ പിന്തുടർന്ന ഒരു പ്രീ പ്രോട്ടോ ഓർത്തഡോക്സ് സമൂഹമാണെന്നും, ആ സ്വത്വബോധത്തിൽ മലങ്കര നസ്രാണികൾ എങ്ങനെ ഉൾതിരിഞ്ഞുവന്നു എന്നും ഈ ഗ്രന്ഥം വിശദീകരിക്കുന്നു. അതുകൊണ്ട് ഇവ ആർ എസ് എസ് അനുഭാവികൾക്കോ ഇടതുപക്ഷ രാഷ്ട്രീയ വാദികൾക്കോ അതിനെല്ലാം ഉപരിയായി, ഇവിടത്തെ ക്രിസ്തീയ സഭകൾക്കോ സ്വീകാര്യമാവില്ല എന്ന് നിസ്സംശയം പറയാം. പുതിയ ചരിത്രം രചിക്കുക എന്നതല്ല ഈ ഗ്രന്ഥകർത്താക്കളുടെ ലക്ഷ്യം, മറിച്ച് മലങ്കര നസ്രാണികളുടെയും, പൊതുവെ ഭാരതീയ ക്രിസ്ത്യാനികളുടെയും അവഗണിക്കപ്പെട്ട ചരിത്രം മനസ്സിലാക്കാൻ വായനക്കാരെ പ്രേരിപ്പിക്കുക എന്നതാണ്. അതുതന്നെയാണ് ഈ പുസ്തകത്തെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നതും. ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ, മലങ്കര നസ്രാണികളുടെ സംസ്കാരത്തിലേക്കും ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഈ പുസ്തകം എന്നു പറയാം.