എ. മോഹൻകുമാർ:
ആക്റ്റിവിസ്റ്റ് സാക്ഷ്യങ്ങൾ

കേരളം പാരിസ്ഥിതിക ദുരന്തങ്ങളുടെ പടുകുഴിയിൽ വീണ് അതിജീവനത്തിനായി കൈകാലിട്ടടിക്കുമ്പോൾ ഏതെങ്കിലുമൊരാൾ ഈ പുസ്തകം തേടി എത്താതിരിക്കില്ല. അതാണ് ഈ പുസ്തകത്തിനെ വേറിട്ടതാക്കുന്നത്. അതാണീ പുസ്തകത്തിന്റെ മൂല്യം.

ത്മാർത്ഥതയുള്ള ആക്ടിവിസ്റ്റിന്റെ എഴുത്തുകൾഅയാളുടെ ഉള്ളിൽനിന്നാണ് ഉറവെടുക്കുന്നത്. ആക്ടിവിസത്തോടൊപ്പം സർഗാത്മകമായ എഴുത്തും സാധ്യമാകുന്നവർ അപൂർവമാണ്. അതിലൂടെ അവർ തന്റെ പ്രവർത്തനങ്ങൾക്ക് വചനത്തിന്റെ മാംസവും ചോരയും നൽകുകയാണ്. അതിനാൽ തന്നെ അവരുടെ ഓരോ വാക്കും അതേ അർത്ഥത്തിൽ, അതിനേക്കാൾ ആഴത്തിൽ മനസ്സിലാക്കുമ്പോഴാണ് അവരുടെ പ്രവൃത്തിയുമായി വായനക്കാർ സംവദിക്കുന്നത്. അതോടെ വായനക്കാർ കുറച്ചുനേരത്തേക്കെങ്കിലും ആക്ടിവിസ്റ്റായി മാറുന്നു. ഇത് വായനക്കാരുടെ ധാർമ്മികമായ പരകായപ്രവേശമാണ്. ആക്ടിവിസ്റ്റിന്റെ കർമ്മത്തിൽ അവരും അറിയാതെ പങ്കാളിയാവുകയാണ്. ഈയൊരു ഓസ്മോസിസ് ആണ് എ. മോഹൻകുമാർ എന്ന ആക്ടിവിസ്റ്റിന്റെ എഴുത്തിലൂടെ സംഭവിക്കുന്നത്. അങ്ങനെ അത് അറിയപ്പെടാത്ത, എഴുതപ്പെടാത്ത ചരിത്രത്തിന്റെ സാക്ഷ്യങ്ങളായി മാറുന്നു. അതിനെ സബാൾട്ടൻ ഹിസ്റ്ററി എന്ന ലേബലിലൊതുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം, ആ ചരിത്രസാക്ഷ്യങ്ങളിൽ ചരിത്രത്തിൽ ലയിച്ചുചേരാത്ത കാരുണ്യത്തിന്റെ അദൃശ്യമായ നീരൊഴുക്കുകളുണ്ട്.

വായനക്കാരനായ ഞാൻ മോഹൻ എന്ന ആക്ടിവിസ്റ്റിനൊപ്പം അയാളുടെ ജൈവികക്രിയകളിലൂടെ ഒപ്പം സഞ്ചരിക്കുകയാണ്. അയാൾ അടയാളപ്പെടുത്തുന്ന മനുഷ്യന്റെ ക്ലേശവും യാതനയും തിരസ്കാരവും പ്രകൃതിയുടെ നിലയ്ക്കാത്ത വിലാപങ്ങളും ഞാൻ കേൾക്കുകയാണ്. അതെന്റെ ചോരയിൽ കലരുന്നു. ഒരു ആക്ടിവിസ്റ്റിന്റെ വാക്കിനും പ്രവൃത്തിക്കും ഇതിൽ കവിഞ്ഞ ധർമ്മമുണ്ടോ?

പീറ്റർ ഷൂമൻ അപ്പം ചുടുന്നത് എന്തിന് (ഒരു ഹരിതാന്വേഷിയുടെ തിരിച്ചറിവുകൾ) എന്ന പുസ്തകത്തിന്റെ സന്ദേശം എന്താണ്?

മരണാസന്നയായ ഭൂമിയുടെയും മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും അതിജീവനത്തിന് അഹിംസയിലൂന്നിയ സർഗ്ഗാത്മകമായ നിർമ്മാണപ്രവർത്തനങ്ങളാണ് ആവശ്യം. അത് വ്യക്തിയിൽനിന്ന് തുടങ്ങി പ്രാദേശിക മണ്ണിൽ വികസ്വരമായി ആഗോളതലത്തിലും പ്രപഞ്ചവിതാനത്തിലും എത്തുന്നു. ഭൂമിയിലെ സർവ്വചരാചരങ്ങളെയും പരിപാലിക്കുന്നതാകണം അത്. വ്യക്തിയുടെ ഓരോ ചെറിയ പ്രവൃത്തിയും പ്രപഞ്ചബോധത്തെ സ്പർശിക്കുന്നതാകണം.

മഹാത്മാഗാന്ധി
മഹാത്മാഗാന്ധി

ഗാന്ധിയുടെ 'എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന സാക്ഷ്യം മോഹനിലും പ്രവർത്തിക്കുന്നുണ്ട്. അതിനർത്ഥം എന്റെ സ്നേഹിതനെ ഗാന്ധിയിലേക്ക് ഉയർത്തുക എന്ന വങ്കത്തമല്ല. വാക്കും പ്രവൃത്തിയും സമന്വയിപ്പിക്കുവാൻ ഈ ചെറിയ മനുഷ്യൻ തന്റെ ചെറിയ ജീവിതത്തിലൂടെ ശ്രമിക്കുന്നു എന്നതാണ്. 'ചെറുജീവിതങ്ങൾക്കും തിരിച്ചറിയാനുള്ള കഴിവുണ്ട്' എന്ന ലേഖനത്തിൽ മോഹൻ പറയുന്നു; "പലപ്പോഴും വാക്കും പ്രവൃത്തിയും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയാതെ വരുന്നതിന്റെ നീറ്റൽ അനുഭവിക്കുന്നവർക്കു മാത്രമേ തിരിച്ചറിയാനാവൂ."
വാക്കിനും പ്രവൃത്തിക്കും പുലബന്ധം പോലുമില്ലാത്ത സത്യാനന്തരത്തിന്റെ ഹിംസാകാലത്ത് മോഹന്റെ വാക്കുകൾക്ക് നീറ്റൽ മാത്രമല്ല, ഉള്ളകത്തിലെ നെരിപ്പോടിന്റെ ചൂടും അനുഭവപ്പെടുന്നുണ്ട്. അതാണ് ഈ ഗ്രന്ഥം വരുംതലമുറകൾക്കുള്ള, അതിജീവനത്തിനുള്ള കൈച്ചൂണ്ടിയാകുന്നത്, മരണാസന്നയായ ഭൂമിയോടുള്ള ഉള്ളുരുകിയ പ്രാർത്ഥനയാകുന്നത് ഹിംസയോടുള്ള ഗുണാത്മകവും (Posit) ക്രിയാത്മകവുമായ പ്രതിഷേധമാകുന്നത്.

തന്റെ ക്രിയാത്മകമായ രോഷം പങ്കിടുന്നിടത്ത് തന്റെ ദൗത്യം മോഹൻ വെളിവാക്കുന്നുണ്ട്: "പരിത്യജിക്കാൻ മനസ്സില്ലെങ്കിൽ, സ്വയം തുറുങ്കു തീർത്ത്, ചങ്ങലയണിഞ്ഞ് വൃഥാ സ്വപ്നം കണ്ട് ജീവിതം നരകമാക്കി 'സുഖമായി' കഴിയുക. അല്ലെങ്കിൽ നമ്മുടെ പരിസരത്ത് അവിടവിടെ പച്ചത്തുരുത്തുകളായി പിടിച്ചുനിൽക്കുന്ന ഗോത്രസത്യങ്ങൾ തിരിച്ചറിഞ്ഞ് അതിൽനിന്ന് ഊർജ്ജം ഉൾക്കൊണ്ട്, ലാളിത്യത്തിന്റെയും നന്മയുടേതുമായ ഒരു സമൂഹസൃഷ്ടിക്കുവേണ്ടി ചെയ്യാവുന്നത് ചെയ്യുക. കാരണം അവിടെ സമസ്തജീവജാലങ്ങളോടും കാരുണ്യം പുലർത്തുന്ന സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഉറവകൾ വറ്റിയിട്ടില്ല. പങ്കാളിത്തത്തിന്റെ സർഗ്ഗാത്മക ചൈതന്യം ആ സംസ്കാരത്തിൽ തുടിച്ചുനിൽപ്പുണ്ട്. മരത്തിനും നീർച്ചാലിനും മലയ്ക്കും കടുവയ്ക്കും കാട്ടുപോത്തിനും അവിടെ ഒരിടം ഉണ്ട്. അവിടെ നിർഭയത്വവും ബഹുമാനവുമുണ്ട് (ഗോത്രനന്മകളിൽനിന്നും ഊർജ്ജമുൾക്കൊള്ളുക).’’

മൻമോഹൻ സിങ് - നരസിംഹ റാവുമാരുടെ ഉദാരീകരണത്തിന്റെ രുചി ആദ്യം അറിഞ്ഞവർ മഹാരാഷ്ട്രയിലെ ധാബോൾ പ്രദേശത്തെ കർഷകരായിരുന്നു.

രണ്ട്

മേല്പറഞ്ഞ ദർശനത്തിന്റെ പ്രയോഗസാധ്യതകളാണ് മോഹൻകുമാർ ലേഖനങ്ങളിലൂടെ നമ്മുടെ മുമ്പിൽ തുറന്നിടുന്നത്. ആ സാധ്യതകൾ തന്റെ ആക്ടിവിസത്തിന്റെ അനുഭവത്തിലൂടെ, വിശദീകരിക്കുന്നു. പ്രാദേശികവും ദേശീയവും ആഗോളീയവുമായ അനുഭവസമ്പത്തുകൾ അവയിലുണ്ട്. അവയിൽ സാധാരണക്കാരായ ഗ്രാമീണരാണ്. മോഹനനെപ്പോലെതന്നെ ചാനലുകളിലോ മാധ്യമങ്ങളിലോ പ്രദർശനത്തിന് എത്താത്തവർ. മോഹൻ തന്റെ അന്വേഷണയാത്രകളിലൂടെ കണ്ടെത്തുകയാണ്. അവരുമായി താദാത്മ്യപ്പെടുന്നതിലൂടെ ആ കണ്ടെത്തലുകളുടെ സത്യസന്ധത വർദ്ധിക്കുന്നു. തന്റെ പാദസ്പർശമേൽക്കാത്ത ഒരു മണ്ണിന്റെയും അനുഭവം മോഹൻ പങ്കിടുന്നില്ല. നേരിട്ട് ബോധ്യപ്പെടാത്ത ആരുടെയും അനുഭവങ്ങളെ പകർത്തുന്നില്ല. വാക്കും പ്രവൃത്തിയും സമന്വയിക്കുന്നതിന്റെ സുതാര്യ മുഹൂർത്തങ്ങളാണവ.
ഈ സമാഹാരത്തിലെ എഴുപതിൽപ്പരം ലേഖനങ്ങളെ മുൻനിർത്തിയാണ് ഞാനിത് പറയുന്നത്.

ഈ ലേഖനങ്ങളെ തരംതിരിക്കാൻ ഒരു ശ്രമം നടത്തി. പക്ഷേ, അവയൊന്നും തന്നെ ഏതെങ്കിലും വിഭാഗത്തിൽ ഒതുങ്ങിനിൽക്കാൻ സമ്മതിക്കുന്നില്ല. കാരണം, അവയെല്ലാം സമഗ്രതയുടെ ഭാഗമാണ്. ഒരു ന്യൂക്ലിയസിലൂടെ കടന്നുപോകുന്ന ആരക്കാലുകളെ (RADIUS) എങ്ങനെ ഒന്നിനൊന്ന് വേർതിരിക്കാനാവും. അതായത്, ഓരോ ലേഖനവും മോഹൻ മുന്നോട്ടുവെയ്ക്കുന്ന ജീവിതദർശനത്തിന്റെ ഭാഗമാണ്. ഓരോന്നും വ്യത്യസ്തമെന്ന് തോന്നാമെങ്കിലും എല്ലാം സമഗ്രതയുടെ ഭാഗമാണ്. അതുകൊണ്ടാണ് ഈ ലേഖനസമാഹാരത്തെ ഒരു ഗ്രന്ഥമെന്ന് വിളിക്കാൻ ഞാനിഷ്ടപ്പെടുന്നത്.

എഴുപതിൽപ്പരം ലേഖനങ്ങളെ ഗ്രന്ഥത്തിന്റെ ഓരോ അദ്ധ്യായങ്ങളായി കാണാം. ഒരു പൂവിന്റെ ഇതളുകളായി സ്വീകരിക്കാം. അത്രമാത്രം ജൈവികമായ ബന്ധമുണ്ട്, അവയ്ക്ക്.

കാർഷികവൃത്തി അവലംബിച്ച് ജീവിക്കുന്ന കോട്ടയം ജില്ലയിലെ തലയോലപറമ്പിനടുത്തുള്ള ആയാംകുടി ഗ്രാമത്തിലെ യുവാക്കളുടെ മുൻകയ്യിൽനടന്ന സംവാദം കേരളത്തിന്റെ, ഇന്ത്യയുടെ കാർഷിക സംസ്കാരം എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്ന അന്വേഷണമാണ്. കാർഷിക സംസ്കാരമാണ് ഇന്ത്യയുടെ അടിസ്ഥാനശിലയെന്നുള്ള ശുഭാപ്തിവിശ്വാസമാണത് ("നാടു നന്നാവാൻ വയൽ നന്നാവണം.")

മൻമോഹൻ സിങ് - നരസിംഹ റാവുമാരുടെ ഉദാരീകരണത്തിന്റെ രുചി ആദ്യം അറിഞ്ഞവർ മഹാരാഷ്ട്രയിലെ ധാബോൾ പ്രദേശത്തെ കർഷകരായിരുന്നു. പ്രകൃതി കനിഞ്ഞരുളിയ മണ്ണും ജലവും കാലാവസ്ഥയും ഉപയോഗപ്പെടുത്തി സമൃദ്ധിയിൽ കഴിഞ്ഞിരുന്ന ഒരു ജനതയുടെ നേരെ ബുൾഡോസറുകളും തോക്കും സ്വകാര്യസൈന്യവുമായി എത്തിയ വ്യാജകുത്തകയായ 'എൻറോൺ' പോലെയുള്ള അന്താരാഷ്ട്ര കോർപ്പറേഷനുകൾ തടിച്ചുകൊഴുക്കുന്നത് കർഷകരുടെ ജീവനെടുത്താണ്.
'ഇന്ത്യൻ കർഷകർ കോർപ്പറേറ്റ് ചെന്നായ്ക്കൾക്ക് കടിച്ചുകീറാനുള്ള ആട്ടിൻകുട്ടികളോ?'- ഈ ചോദ്യം 2022-ൽ ഭയാനകമാംവിധം ഇന്ത്യൻ കർഷകരുടെ നേരെ പല്ലിളിക്കുന്നുണ്ട്. ഒരു കൊല്ലത്തോളം നീണ്ട (2020-21) അഹിംസാത്മകമായ കർഷകസമരത്തെ മോദി സർക്കാർ കൈകാര്യം ചെയ്ത രീതിയും സമരം അവസാനിപ്പിക്കുന്നതിനായി കൊടുത്ത വാഗ്ദാനങ്ങളും അവയൊന്നും നടപ്പിലാക്കാത്തതിലെ തന്ത്രവും കർഷകർ ഇന്ത്യയിലെ നാലാംകിട പൗരരാണെന്ന് ചൂണ്ടിക്കാട്ടുന്നു. കോർപ്പറേറ്റുകൾക്കും ഭരണകൂടത്തിനും ചൂഷണം ചെയ്യാനുള്ള വെറും ഉപകരണങ്ങളോ ഇവർ എന്ന ചോദ്യം പ്രസക്തമാകുന്നു.

'കാർഷിക സാക്ഷരതയിലെ കാറ്റുവീഴ്ച' എന്ന ലേഖനം, അറുപതുകളിൽ തുടക്കമിട്ട ഹരിതവിപ്ലവത്തിന്റെ കെടുതികളെക്കുറിച്ചും കൃഷിക്കാരൻ ഒരു ഗിനിപ്പന്നിയായി കാർഷിക സർവ്വകലാശാലകളിലെ ലബോറട്ടറികളിലും കാർഷിക പ്രസിദ്ധീകരണങ്ങളിലും മാറിയതിനെപ്പറ്റിയും വിശദീകരിക്കുന്നു.
'വെച്ചൂർ പശുവിന്റെ ജീൻ മോഷ്ടിക്കുന്ന നിഗൂഢപദ്ധതി' എന്ന ലേഖനം, വംശനാശം നേരിടുന്ന തദ്ദേശീയമായ വെച്ചൂർ പശുക്കളെ മുൻനിർത്തി, ഇന്ത്യയിലെ കാർഷികമേഖലയിലെയും ധവളവിപ്ലവ മേഖലയിലെയും തദ്ദേശീയമായ ഇനങ്ങളുടെ ജീൻ മോഷണത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ്.
'ജാഗ്രത, ജീവജാലങ്ങളെ ഇറക്കുമതി ചെയ്യുമ്പോൾ’ എന്ന ലേഖനം, ജൈവകൃഷിമേഖലയിലേക്കുകൂടി വൈദേശിക ജീനുകൾ കടന്നുവരുന്നതിന്റെ ആശങ്കയാണ്. ഇത് ഒരുതരം ഇക്കോളജിക്കൽ ഇമ്പിരിയലിസം തന്നെ.
ഭക്ഷണസാധനങ്ങൾ പായ്ക്കുചെയ്യുന്ന പ്ലാസ്റ്റിക് കവറുകൾ, ഷാംമ്പൂ, കീടനാശിനികൾ എന്നിവയിലുള്ള രാസപദാർത്ഥങ്ങൾ ജലജീവികളുടെ അന്തഃസ്രാവഗ്രന്ഥികളെ തകരാറിലാക്കി, അവക്ക് വംശനാശമുണ്ടാക്കി, പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുകയും മനുഷ്യ ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ്, ‘‘പ്ലാസ്റ്റിക് ലിംഗമാറ്റത്തിന് കാരണമാകുന്നു’’ എന്ന ലേഖനം. കർണാടകയിലെ കാർഷികഗ്രാമങ്ങളിൽ അരങ്ങേറുന്ന ജൈവകൃഷിയെന്ന മറ്റൊരു കാർഷിക വിപ്ലവത്തെപ്പറ്റിയുള്ള പഠനമാണ് 'കീടനാശിനി ലോബികൾ ഇനി എന്താണ് ചെയ്യുക?' എന്ന ലേഖനം. ബിരുദാനന്തര ബിരുദധാരിയായ രാമകൃഷ്ണഭട്ട് എന്ന കർഷകന്റെ സമൃദ്ധമായ ജൈവജീവിതം നേരിൽ അനുഭവിച്ചതിന്റെ വിവരണമാണിത്.

photo : pexels.com
photo : pexels.com

ഇന്ത്യയിൽ കർഷകർക്ക് ഏഴുപതിറ്റാണ്ടുകളായി അനുഭവിക്കേണ്ടിവരുന്ന അപമാനത്തെപ്പറ്റിയുള്ള ചോദ്യമാണ് 'ആരാണ് ഞാനൊരു കർഷകനാണെന്ന് അഭിമാനത്തോടെ പറയുക?' എന്ന ലേഖനം. ഇന്ത്യയുടെ മനഃസ്സാക്ഷിയോടുള്ള ചോദ്യ മാണത്, കർഷകരിലൂടെയല്ലാതെ ഇന്ത്യൻ വിമോചനം സാധ്യമാവില്ല എന്ന സത്യമാണ്, ഇതിനെ പൂരിപ്പിക്കുന്നതാണ്, "നമ്മുടെ ഗ്രാമത്തിൽ നമ്മുടെ ഭരണം" എന്ന ലേഖനം. ഗ്രാമങ്ങളിൽ ഗ്രാമവാസികളുടെ സ്വതന്ത്ര ഭരണവ്യവസ്ഥ സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഇന്ത്യയുടെ പുരോഗതി സാധ്യമാവൂ എന്ന് അദ്ദേഹം പറയുന്നു.

നിശ്ശബ്ദരാക്കപ്പെട്ട ഭൂരിപക്ഷത്തെ ബോധവൽക്കരിച്ച് അവരെ സമരത്തിന്റെ ധാരയിലേക്ക് കൊണ്ടുവന്നെങ്കിൽ മാത്രമേ, ജനകീയ സമരങ്ങൾ വിജയിക്കുകയുള്ളൂ.

മോഹൻകുമാറിന്റെ മാനവികതയും കാരുണ്യവും ഒരുപോലെ പ്രതിഫലിക്കുന്നവയാണ്, 'ഗ്ലാമറില്ലാത്തവരുടെ നിരാഹാര സമരങ്ങൾ,' 'തലമുറകൾ തകർക്കുന്ന ഈ വിഷം ഞങ്ങൾ തളരാതെ തടുക്കും,' 'ഇനിയെന്ത് എൻഡോസൾഫാൻ എന്നോ?' എന്നീ ലേഖനങ്ങൾ. കാസർകോട് ജില്ലയിലെ 31 പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും അവയോടു ചേർന്നുകിടക്കുന്ന കണ്ണൂർ ജില്ലയിലെയും കർണാടകത്തിലെയും എൻഡോസൾഫാൻ മൂലം നിത്യേന പൊലിഞ്ഞുപോകുന്ന ജീവനെപ്പറ്റിയും ജീവിതങ്ങളെപ്പറ്റിയുമുള്ള നീറ്റലാണ് ഇവയിൽ പ്രതിഫലിക്കുന്നത്. ആസൂത്രണ വിദഗ്ദ്ധരുടെയും ശാസ്ത്ര- സാങ്കേതിക വിദ്വാന്മാരുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും കാഴ്ചപ്പാടുകളിലെ വൈകല്യവും പൊതുസമൂഹത്തിന്റെ ഉദാസീനത യുമാണ് എൻഡോസൾഫാൻ ദുരന്തങ്ങൾക്ക് പിന്നിലുള്ളത്. 22 വർഷം തുടർച്ചയായി നടന്ന ആകാശ വിഷവർഷത്തിന് അവസാനമായത് 2013-ലാണ്. എന്നാൽ ദുരിതബാധിതരുടെ വിലാപങ്ങൾക്ക് ഇന്നും വിരാമമായിട്ടില്ല എന്ന സത്യം അവശേഷിക്കുകയാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തുകയും ആ പ്രദേശത്തെ ജൈവ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് ക്രിയാത്മകമായ പദ്ധതികൾ രൂപീകരിക്കുകയും ചെയ്യണമെന്ന് നിരാഹാരസമരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കൊപ്പം മോഹൻ ആവശ്യപ്പെടുന്നു. സിവിൽ നിസഹരണവും രചനാത്മക പദ്ധതികളും ഒന്നിനൊന്ന് സമരസപ്പെട്ടു പോകണമെന്ന കാഴ്ചപ്പാടാണ് ഇതിൽ അന്തർലീന മായിരിക്കുന്നത്. കേരളത്തിലെയും ഇന്ത്യയിലെയും മറ്റ് എവിടങ്ങളിലെയും സമരങ്ങൾക്കുള്ള ധാർമ്മികമായ ഒരു താക്കീത് കൂടിയാണിത്.

'വൻകിട അണക്കെട്ടുകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുക' എന്ന ലേഖനത്തിൽ, ചമ്പാരനിലെ നീലം കർഷകരുടെ സമരത്തിൽ, അവിടുത്തെ എണ്ണായിരത്തിലധികം കർഷകരോട് നേരിട്ട് സംസാരിച്ച് വിവരങ്ങൾ രേഖപ്പെടുത്തി അതിന്റെ അടിസ്ഥാനത്തിലാണ് സമരരൂപം ആവിഷ്കരിച്ചതെന്ന് പറയുന്നത് മേല്പറഞ്ഞ ഗാന്ധിയൻ കാഴ്ചപ്പാടിനെ ശരിവെയ്ക്കുന്നു. ബാബ ആംതെയുടെ മുൻകയ്യിൽ നടന്ന കൂട്ടായ്മയിൽ ഉയർത്തിയ മുദ്രാവാക്യം അതിൽ സജീവമായി പങ്കെടുത്ത മോഹൻ സാ ക്ഷ്യപ്പെടുത്തുന്നു. "നിശ്ശബ്ദരായിരിക്കുന്ന ബഹുഭൂരിപക്ഷവും നിശ്ശബ്ദരാക്കപ്പെട്ട ഭൂരിപക്ഷം തന്നെയാണ്. അവരെ നിശ്ശബ്ദരായി കഴിയാൻ അനുവദിച്ചുകൂടാ’’- ആംതെയുടെ ഈ വാക്കുകൾ, കേരളത്തിലെ സിൽവർലൈൻ വിരുദ്ധ സമരത്തിനും ഇന്ത്യയിലെ വിവിധ അഹിംസാത്മക സമരങ്ങൾക്കും ബാധകമാണ്. നിശ്ശബ്ദരാക്കപ്പെട്ട ഭൂരിപക്ഷത്തെ ബോധവൽക്കരിച്ച് അവരെ സമരത്തിന്റെ ധാരയിലേക്ക് കൊണ്ടുവന്നെങ്കിൽ മാത്രമേ, ജനകീയ സമരങ്ങൾ വിജയിക്കുകയുള്ളൂ. പൊള്ളമനുഷ്യരുടെ നാടായ കേരളത്തിൽ ഇത് സംഭവിക്കുന്നില്ലെങ്കിൽ, കേരളത്തിന്റെ അതിജീവനം ദുസ്സഹമാകും.

'നർമ്മദ പ്രക്ഷോഭം', 'നർമ്മദയിൽനിന്ന്' എന്നീ ലേഖനങ്ങൾ ഒരാക്ടിവിസ്റ്റിന്റെ അനുഭവങ്ങളാണ്. ഭാരതം കണ്ട ഏറ്റവും നല്ല സാമൂഹ്യപ്രതിബദ്ധതയുള്ള, കാപട്യമില്ലാത്ത, സഹനസമരത്തിന്റെ സമാധാനപ്രാപ്പിടയുടെ ജീവനായിരിക്കും ഈ കപടസമൂഹത്തിന് എന്നെന്നേക്കുമായി നഷ്ടപ്പെടുക എന്ന മോഹന്റെ വ്യഥ, ഇന്ത്യൻ മധ്യവർഗ്ഗിയോടുള്ള ധാർമ്മികമായ ക്ഷോഭമാണ്.

കൃഷിക്കാര്‍ ബ്രീട്ടീഷുകാരായ തോട്ടം ഉടമകളുടെ നിര്‍ബന്ധത്തിനു വഴങ്ങി നീലം കൃഷി ചെയ്യേണ്ടി വന്ന ചെമ്പാരനിലെ കര്‍ഷകരോടൊപ്പം മഹാത്മാ ഗാന്ധി.
കൃഷിക്കാര്‍ ബ്രീട്ടീഷുകാരായ തോട്ടം ഉടമകളുടെ നിര്‍ബന്ധത്തിനു വഴങ്ങി നീലം കൃഷി ചെയ്യേണ്ടി വന്ന ചെമ്പാരനിലെ കര്‍ഷകരോടൊപ്പം മഹാത്മാ ഗാന്ധി.

1984 ഡിസംബർ മൂന്നിനുണ്ടായ ഭോപ്പാൽ ദുരന്തം ലോകത്തിലുണ്ടായ ഏറ്റവും വലിയ വ്യാവസായിക കൂട്ടക്കൊലയാണ് (ഭോപ്പാൽ ദുരന്തം). ജനവികാസ് ആന്ദോളന്റെ ഭാഗമായി പ്രവർത്തിക്കുന്ന വിനോദ് റെയ്നയുടെ വാക്കുകൾ, ഭോപ്പാൽ സമരങ്ങളിൽ പങ്കെടുത്ത മോഹൻ ഉദ്ധരിക്കുന്നു: "വികസനത്തിന്റെ എല്ലാ പ്രശ്നങ്ങളും ഭോപ്പാൽ ദുരന്തത്തിൽ അടങ്ങിയിട്ടുണ്ട്. പുനരധിവാസം, നഷ്ടപരിഹാരം എന്നീ ചോദ്യങ്ങൾക്കൊന്നും ഇന്നും വ്യക്തമായ ഉത്തരങ്ങൾ ഉണ്ടായിട്ടില്ല.’’ ഇതിന്റെ തുടർച്ചയാണ് "കൊച്ചി മുതൽ കൊരട്ടി വരെ" എന്ന ലേഖനം. ഹിരോഷിമ, നാഗസാക്കി, മീനമാതാ, ലവ്കനാൽ, ത്രീമൈൽ ഐലന്റ്, ചാസ്നല, ഭോപ്പാൽ... - വ്യവസായവൽക്കരണം വരുംതലമുറയുടെ ചെലവിൽ അരങ്ങേറുന്നതിനെ മോഹൻ കൃത്യമായി അടയാളപ്പെടുത്തുന്നു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ജപ്പാനുയർത്തിയ മുദ്രാവാക്യം 'വ്യവസായവൽക്കരിക്കുക അല്ലെങ്കിൽ നശിക്കുക' എന്നതാണ്. ജപ്പാനിലെ ക്യുഷുവിലെ 'മീനമാതാ' അതിന്റെ ദുരന്തഫലങ്ങളിൽഒന്നായിരുന്നു. വ്യവസായവൽക്കരണത്തിന്റെ തുടർച്ചയായി കടലിലേക്കൊഴുകിയ മെർക്കുറി തിന്ന മത്സ്യങ്ങൾ ഭക്ഷിച്ച മനുഷ്യരുടെ വേദനയായിരുന്നു അത്. അമ്മമാരുടെ രക്തത്തിൽ കലർന്ന മെർക്കുറി മന്ദീഭവിച്ച, അംഗവിഹീനരായ ശിശുക്കൾക്ക് ജന്മംനൽകുന്നു. പ്രകൃതിയുടെമേൽ ആധുനിക നാഗരികത നടത്തുന്ന കടന്നാക്രമണങ്ങളാണിത്. ആണവറിയാക്ടറുകളിൽ ഉപയോഗിച്ചശേഷം പുറത്തുവിടുന്ന അവശിഷ്ടങ്ങൾ അണുപ്രസരം ഉണ്ടാക്കുന്നു.

ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ച ഹിരോഷിമ
ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ച ഹിരോഷിമ

ആധുനിക വ്യാവസായിക കൗശല ഭീകരത ആദ്യമായി ഇന്ത്യയിൽ അരങ്ങേറുന്നത് കൊച്ചിയിലാണ്. 1958 -ൽ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത ഗോതമ്പുപൊടി കഴിച്ച് 106 ദരിദ്രരായ മനുഷ്യർ കൊച്ചിയിലും പരിസരത്തും പിടഞ്ഞുമരിച്ചത് കേരളത്തിന്റെ ചരിത്രരേഖകളിലില്ല. അങ്ങനെയാണ് ഭക്ഷ്യധാന്യങ്ങൾ കേടുവരാതെ സൂക്ഷിക്കാനുപയോഗിക്കുന്ന പരാത്തിയോൺ വിഷത്തിന്റെ ശക്തിയും സാധ്യതകളും അമേരിക്കൻ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. ആധുനിക ശാസ്ത്രത്തിന്റെ സാങ്കേതിക വിദ്യകളെയും ആധുനിക ശാസ്ത്രത്തെത്തന്നെയും ചോദ്യം ചെയ്യുന്ന രേഖകളാണിവയെല്ലാം. പക്ഷേ, ഇവയുടെ അപ്രമാദിത്തം സത്യാനന്തരകാലത്തും ലോകത്ത് നിർബാധം തുടരുന്നു എന്നതാണ് സത്യം. കഴിഞ്ഞ കാലങ്ങളേക്കാൾ ഭീകരമായി, അതിനെതിരെ ഉയർത്തുന്നപ്രതിഷേധ ശബ്ദങ്ങളും സമരങ്ങളും പ്രായോഗിക പദ്ധതികളും ആധുനിക നാഗരികതയുടെ ഉരുക്കുറോളറുകളിൽപ്പെട്ട് ചതഞ്ഞരയുന്നു. ഇനി എത്രനാൾ നമ്മുടെ ഭൂമി നിലനിൽക്കുമെന്ന് മനുഷ്യസ്നേഹികൾ നിലവിളിക്കുന്നു.

വിനോദസഞ്ചാര വ്യവസായത്തിന്റെ ബദലുകൾ ജനകീയതയിൽ ഊന്നിക്കൊണ്ടായിരിക്കണം. എന്ത്, എവിടെ, എപ്പോൾ, എങ്ങനെയെല്ലാം എന്ന് തീരുമാനിക്കേണ്ടത് അതാതിടങ്ങളിലെ ജനങ്ങളാണ്.

വിനോദസഞ്ചാര വ്യവസായവും ആധുനിക നാഗരികതയുടെ ഉപോല്പന്നമാണെന്ന് "വരൂ, ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്" എന്ന നീണ്ട ലേഖനത്തിലൂടെ വെളിവാക്കുന്നു. അന്താരാഷ്ട്ര വിനോദസഞ്ചാരത്തിന്റെ തത്വശാസ്ത്രം, അതിന്റെ സാമ്പത്തികശാസ്ത്രം, സാംസ്കാരിക മലിനീ കരണം, പാരിസ്ഥിതികവിനാശം എന്നിവ കേരളത്തെ മുൻനിർത്തി ചർച്ച ചെയ്യുന്നു.

'ഇല്ലത്തെ കിടപ്പുമുറി തയ്യാർ, കടന്നുവന്നോളൂ കനമുള്ള മടിശ്ശീലയുമായി’ എന്ന ലേഖനം, സൗന്ദര്യമുള്ള എല്ലാറ്റിനെയും ബലാൽക്കാരം ചെയ്ത് നശിപ്പിക്കുന്ന വിനോദസഞ്ചാര വ്യവസായത്തിന്റെ സോദാഹരണമാണ്. വിനോദസഞ്ചാര വ്യവസായത്തിന്റെ ബദലുകൾ ജനകീയതയിൽ ഊന്നിക്കൊണ്ടായിരിക്കണം. എന്ത്, എവിടെ, എപ്പോൾ, എങ്ങനെയെല്ലാം എന്ന് തീരുമാനിക്കേണ്ടത് അതാതിടങ്ങളിലെ ജനങ്ങളാണ്.

2003 ഫെബ്രുവരി 19 ന് മുത്തങ്ങയിൽ നടന്ന പൊലീസ് അതിക്രമം / Source: Adivasi Gothra Mahasabha
2003 ഫെബ്രുവരി 19 ന് മുത്തങ്ങയിൽ നടന്ന പൊലീസ് അതിക്രമം / Source: Adivasi Gothra Mahasabha

'പ്രകൃതിസ്നേഹികൾ ഒറ്റുകാരുടെ റോളിൽ' എന്ന ലേഖനം അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു. എന്തിനും ഏതിനും പത്രപ്രസ്താവനയിൽ ഒപ്പുവെയ്ക്കുന്ന സാംസ്കാരിക നായകർ സി.കെ. ജാനുവിന്റെ മുത്തങ്ങ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ടാണ്? ബഹുജനപിന്തുണ പോയിട്ട് പരിസ്ഥിതിപ്രവർത്തകരുടെ പിന്തുണ പോലും ഉണ്ടായില്ല, പ്രകൃതിസ്നേഹികൾക്ക് ഒറ്റുകാരുടെ റോളാണോ? സി.കെ.ജാനുവും ആദിവാസി ഗോത്രമഹാസഭയും മുത്തങ്ങയിലെ യൂക്കാലിപ്റ്റ്സ് തോട്ടത്തിൽ ആദിവാസി സ്വയംഭരണമേഖല സ്ഥാപിച്ചത് ഭരണഘടനാനുസൃതമായിത്തന്നെ ആദിവാസികൾക്ക് അവരുടെ പ്രദേശത്ത് പരമാധികാരം അനുവദിക്കപ്പെട്ടിട്ടുള്ളതിനാലാണ്. ആധുനിക വികസനത്തിന്റെ ഇരകളാകാൻ മാത്രം വിധിക്കപ്പെട്ട ഗോത്രജനത നിലനിൽപിന് ശബ്ദമുയർത്തുമ്പോഴെല്ലാം വികസനവാദികൾ ഭരണകൂടവുമായി ചേർന്ന് അവരെ അടിച്ചമർത്തുകയാണ്, കേരളത്തിലും ഇന്ത്യയിലെവിടെയും. 1992 സെപ്തംബറിൽ ഛത്തീസ്ഗഢ് മുക്തിമോർച്ച നേതാവായ ശങ്കർഗുഹാ നിയോഗിയെ വകവരുത്തിയത് ഇങ്ങനെയാണ്. പലപ്പോഴും ആദിവാസികൾക്ക് സ്വത്വബോധം ഉണ്ടാക്കുവാൻ പ്രേരിപ്പിക്കുന്നത് ആദിവാസികളല്ലാത്ത അപൂർവം മനുഷ്യസ്നേഹികളാണ്. ഛത്തീസ്ഗഢിൽ ശങ്കർഗുഹാ നിയോഗി, നർമ്മദാതടത്തിൽ മേധാ പട്കർ, ഇഞ്ചംപള്ളി ഭോപ്പാൽപട്ടണം പ്രദേശത്ത് ബാബാ ആംതെ.... മോഹനനും ആ ഗണത്തിൽപെടുന്ന മനുഷ്യസ്നേഹിയായ ആക്ടിവിസ്റ്റാണ്; മോഹൻ അത് എടുത്തു പറയുന്നില്ലെങ്കിലും.

ഇന്ത്യയടക്കമുള്ള കൊളോണിയൽ മനോഭാവമുള്ള ഭരണാധികാരികളും രാഷ്ട്രീയക്കാരും അനുവർത്തിക്കുന്ന സാമ്പത്തിക രാഷ്ട്രീയ അതിക്രമങ്ങൾ അവിടങ്ങളിലെ ഭൂരിഭാഗം ജനത്തെയും കടുത്ത ദാരിദ്ര്യത്തിലും കടക്കെണിയിലും തളച്ചിട്ടിരിക്കയാണ്.

'ആദിവാസി സ്വയംഭരണത്തിന്റെ നിയമസാധുത’ എന്ന ലേഖനം, ടി.വി. അച്ചുതവാരിയർ എഴുതിയ 'ഗോത്രസത്യങ്ങൾ' എന്ന പുസ്തകത്തിന്റെ ദീർഘമായ റിവ്യൂ ആണ്. ആദിവാസിപ്രശ്നങ്ങളെ നിഷ്പക്ഷമായും സമഗ്രമായും വിശകലനം ചെയ്യുന്നു. കേരളത്തിലെ ആദിവാസി സമരങ്ങളുടെ ചരിത്രം, അവ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം, പട്ടികവർഗ്ഗ സ്വയംഭരണാവകാശം, ആദിവാസി ഭൂനിയമങ്ങളെ സർക്കാർ വഞ്ചിക്കുന്നത് ഇവയെല്ലാം ചർച്ചയാവുന്നു. മൂന്നാംലോകത്തിന്റെ ചരിത്രം രേഖപ്പെടുത്തി അതിന്റെ വികസനഭ്രാന്ത് സൃഷ്ടിച്ചിട്ടുള്ള ചൂഷണവും ദാരിദ്ര്യവും ഹിംസയും ചൂണ്ടിക്കാണിച്ച് മൂന്നാം ലോകരാജ്യങ്ങളിലെ ആഭ്യന്തര സമൂഹക്രമത്തിനെതിരെ ജനങ്ങൾ ഉണരണം എന്ന സന്ദേശത്തിന്റെ അർത്ഥവ്യാപ്തി രേഖപ്പെടുത്തുകയാണ്, 'മൂന്നാംലോകം എന്ന ആശയം' എന്ന ലേഖനം.
ഇന്ത്യയടക്കമുള്ള കൊളോണിയൽ മനോഭാവമുള്ള ഭരണാധികാരികളും രാഷ്ട്രീയക്കാരും അനുവർത്തിക്കുന്ന സാമ്പത്തിക രാഷ്ട്രീയ അതിക്രമങ്ങൾ അവിടങ്ങളിലെ ഭൂരിഭാഗം ജനത്തെയും കടുത്ത ദാരിദ്ര്യത്തിലും കടക്കെണിയിലും തളച്ചിട്ടിരിക്കയാണ്. ഇന്ത്യയിൽ ആദിവാസികളും ദലിതരും ദരിദ്രരുമാണ് ഇതിന്നിരയാകുന്നത്. അതിനെതിരായുള്ള രാഷ്ട്രീയ- സാംസ്കാരിക ബോധവൽക്കരണത്തിന്റെ വഴികൾ തുറന്നിടുന്നു, ലേഖനം.

മോൺസാന്റൊയുടേതുപോലുള്ള ജനിതകവിത്തുകൾക്കു പകരം തദ്ദേശീയ നാടൻവിത്തുകൾ ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യരംഗത്തും പാരിസ്ഥിതിക മേഖലയിലും ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ടാകുമെന്നും കടക്കെണിയിലൂടെ കർഷകരുടെ ആത്മഹത്യകൾ വർദ്ധിക്കുമെന്നുമുള്ള മുന്നറിയിപ്പാണ് 'ബഹുരാഷ്ട്ര കമ്പനികൾക്കെതിരെ ഭരണകൂടത്തിന് ഒന്നും ചെയ്യാനില്ലേ?' എന്ന ലേഖനം.
മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥയാണിവിടെ വിഷയമാകുന്നത്. ഗ്രീൻവാതകങ്ങൾ തടയുന്നതിന്റെയും ഊർജ്ജ പ്രതിസന്ധിയുടെയും പേരിൽ ആണവനിലയങ്ങൾ ഇന്ത്യയിലേക്ക് കടന്നുവരുന്നു. ആരുമറിയാതെ മൂന്നാം ലോകരാജ്യങ്ങളിലേക്ക് ആസ്ബെസ്റ്റോസ് പോലുള്ളവയുടെ മാരകമായ മാലിന്യങ്ങൾ രാഷ്ട്രത്തലവന്മാരുടെ വേഷത്തിലെത്തുന്നു (മഹാമാരികളുമായി രാഷ്ട്രത്തലവന്മാർ കടന്നുവരുമ്പോൾ). അമേരിക്കയുടെ പ്ലാസ്റ്റിക് നഗരമാലിന്യങ്ങൾക്ക് ഇന്ത്യ ഒരു ചേരിപ്രദേശമാകുന്നതാണ്, "വിഷമാലിന്യങ്ങൾ നിക്ഷേപിക്കുവാൻ ആദായകരമായ ഒരിടമോ ഭാരതം?" എന്ന ലേഖനത്തിലെ വിഷയം. ഗോത്ര വംശജനായ ഒരു വൃദ്ധൻ ആധുനിക നഗരപരിഷ്കൃതിക്ക് കീഴടങ്ങേണ്ടിവന്ന തന്റെ മക്കളെപ്പറ്റി 'മസായ്കഥ' എന്ന പുസ്തകത്തിൽ നടത്തുന്ന നിരീക്ഷണമാണ് "ഒരിക്കലും നിങ്ങളുടെ മക്കളെ നഗരങ്ങൾ തട്ടിയെടുക്കാനിടവരരുത്’’ എന്ന ലേഖനം. കേരളത്തിലെ അച്ഛനമ്മമാർ വായിക്കേണ്ട ഒരു കുറിപ്പ്.

മൂന്നാം ലോകത്തിന് അമേരിക്കപോലുള്ള വികസിതരാജ്യങ്ങളിലെ മനുഷ്യരിൽനിന്നും പലതും പഠിക്കാനുണ്ട്. ഗാന്ധി ചൂണ്ടിക്കാട്ടിയതുപോലെ നമ്മുടെ വീടിന്റെ വാതിലുകളും ജനലുകളും മലർക്കെ തുറന്നിടണം.

'സാമൂഹ്യവനവൽക്കരണത്തിനെതിരെ ഒരു കുറ്റപത്രം', 'അണുശക്തിനിലയം വരണമെന്നുതന്നെയോ' എന്നീ രണ്ട് ലേഖനങ്ങളും ചേർത്തുവായിക്കേണ്ടവയാണ്. സാമൂഹ്യവനവൽക്കരണത്തിലൂടെ കാടുകൾ മരുഭൂമിയാക്കുന്ന സർക്കാർ നടപടിക്കെതിരെയുള്ള കുറ്റപത്രം, അതിന്റെ ബദൽ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഗ്രാമീണരുടെ പ്രാഥമിക ജീവിതാവശ്യങ്ങൾ നിറവേറ്റിയിരുന്ന നാട്ടിൻപുറത്തെ വൈവിധ്യമാർന്ന നാശത്തിന്റെ കാരണങ്ങളും അന്വേഷിക്കുന്നു. വിദഗ്ദ്ധന്മാരും സി. രാധാകൃഷ്ണനെപ്പോലെയുള്ള ശാസ്ത്ര-എഴുത്തുകാരും കേരളത്തിൽ ആണവനിലയം ആവശ്യമാണെന്ന് വാദിക്കുന്നതിനെ വിമർശനവിധേയമാക്കുന്നു. ഹരിതവിപ്ലവത്തിന്റെ ആചാര്യനായി അറിയപ്പെടുന്ന എം.എസ്. സ്വാമിനാഥനും ആണവലോബിയുടെ പി.കെ.അയ്യങ്കാരും ധവളവിപ്ലവത്തിന്റെ വി. കുര്യനും കേരള സംസ്ഥാന പ്ലാനിംഗ് ബോർഡിൽ അംഗങ്ങളാകുന്നത് കേരളത്തിലും ഇന്ത്യയിലും ഏത് സർക്കാരും തുടരുന്ന കൊളോണിയൽ വികസനനയത്തിന്റെ തുടർച്ചയാണ്. 'പ്ലാനിംഗ് ബോർഡിൽ ഇവർ യാദൃച്ഛികമോ?' 'പരിസ്ഥിതിയും മാറുന്ന പരിതസ്ഥിതിയും' (13 പുറം), ഹരിതവിപ്ലവത്തിലെ കറുത്ത കൈകൾ, ചിപ്കോ പ്രസ്ഥാനം, സൈലന്റ് വാലി, ഭോപ്പാൽ- യൂണിയൻ കാർബൈഡ്, നർമ്മദാ പ്രക്ഷോഭം, പശ്ചിമഘട്ട രക്ഷായാത്ര, വർത്തമാനകാല വെല്ലുവിളികൾ, പരിസ്ഥിതി- കോടതി, ജൈവവൈവിധ്യങ്ങളുടെ കൊള്ള എന്നീ ഉപശീർഷകങ്ങളിലൂടെ ലോകത്തിലെ മൂന്നാംലോക രാജ്യങ്ങളിൽ പ്രകൃതി നേരിടുന്ന കടന്നാക്രമണത്തെപ്പറ്റിയും പ്രകൃതിസംരക്ഷണത്തെപ്പറ്റിയും ഒരു ബാലൻസ് ഷീറ്റ് അവതരിപ്പിക്കുന്നു. പ്രകൃതിയുടെ, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം പൗരരുടെ ഉത്തരവാദിത്തമാണെന്ന അടിസ്ഥാനശിലയിലാണ് ലേഖനത്തിന്റെ നിലനിൽപ്പ്. മോഹന്റെ പ്രപഞ്ചവീക്ഷണമാണ് ഇതിലൂടെ നമ്മുടെ ഉള്ളിലെത്തുക.

Photo : unsplash.com
Photo : unsplash.com

'ആരോഗ്യ പരിപാലനത്തിലെ തായ് വഴികൾ; ഒരവതാരിക' മോഹന്റെ ജീവിതദർശനത്തെ ആഴത്തിൽ സ്പർശിക്കുന്നതാണ്. പി. രജനി രചിച്ച മുത്തശ്ശിവൈദ്യം എന്ന പുസ്തകത്തിന് അദ്ദേഹം എഴുതിയ (30 പുറം) അവതാരികയാണിത്. ഗാന്ധിയും ഡേവിഡ് വെർണറും ഇവാൻ ഇല്ലിച്ചും തിച്ചാർ സുബക്കറും പ്രൊഫ. ബി.എം. ഹെഡ്ഗെയും വോൾട്ടയറും ഡേവിഡ് വിസ്ക്കോട്ടും അന്വേഷിക്കുകയും വസ്തുതകളുടെ വെളിച്ചത്തിൽ നിശിതമായി വിമർശിക്കുകയും ചെയ്ത ആധുനിക വൈദ്യശാസ്ത്രത്തിനുള്ള സർഗാത്മകമായ ബദൽ ജനകീയ നാട്ടുവഴികൾ തേടുകയാണ് ഈ അവതാരിക. നാട്ടുവഴികളുടെ ജൈവപശ്ചാത്തലവും തന്റെ അനുഭവങ്ങളും അവതാരിക മൂർച്ചയുള്ളതാക്കുന്നു. ഒരുപക്ഷേ, മലയാളത്തിൽ മോഹനന് മാത്രം എഴുതാൻ കഴിയുന്ന അവതാരിക. ഒരു കൈപ്പുസ്തകമായി പ്രസിദ്ധീകരിച്ച് വിതരണം ചെയ്യാൻ മാത്രം ഗൗരവമേറിയ പഠനം. രജനിയുടെ പുസ്തകത്തിന് വഴികാട്ടി.

'പീറ്റർ ഷൂമാൻ അപ്പം ചുടുന്നതെന്തിന്?' എന്ന ലേഖനം മോഹൻകുമാറിന്റെ ഗ്രന്ഥത്തിന്റെ ശീർഷകമാണല്ലോ. അമേരിക്കയിലെ വെർമോണ്ടിലെ ഗ്ലോവറിൽ പഴയ ഒരു ഖനി രൂപപ്പെടുത്തി 'ബ്രഡ് ആൻറ് പപ്പറ്റ്' ഗ്രൂപ്പിന്റെ ആസ്ഥാനമാക്കിയ പീറ്റർ ഷൂമാൻ മുന്നോട്ടുവെയ്ക്കുന്ന ബദൽ ജീവിതകാഴ്ചപ്പാടിന്റെ ആലേഖനമാണിത്. മോഹന്റെ നാടകബോധത്തിന് ഉദാഹരണം കൂടിയാണിത്. ഈ ഗ്രന്ഥത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശികയാണിത്. വാക്കും പ്രവൃത്തിയും മോഹനിലെന്നപോലെ ഷൂമാനിലും ഒന്നിക്കുന്നു. മൂന്നാം ലോകത്തിന് അമേരിക്കപോലുള്ള വികസിതരാജ്യങ്ങളിലെ മനുഷ്യരിൽനിന്നും പലതും പഠിക്കാനുണ്ട്. ഗാന്ധി ചൂണ്ടിക്കാട്ടിയതുപോലെ നമ്മുടെ വീടിന്റെ വാതിലുകളും ജനലുകളും മലർക്കെ തുറന്നിടണം. ഏത് സംസ്കാരത്തിന്റെ കാറ്റും വെളിച്ചവും ഇവയിലൂടെ കടന്നുപോകണം. മനുഷ്യരെ കറുത്തവനും വെള്ളക്കാരനും തവിട്ടനും എന്ന് വേർതിരിക്കാതെ, ഭൂമിയിലെ ഏത് ദേശത്തെ മനുഷ്യനിൽനിന്നും നമുക്ക് ജീവിതദർശനത്തിന്റെ ധാതുക്കൾ സംഭരിക്കാം. മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവും അല്ലാത്തതെന്തും.

അടിസ്ഥാനതല പ്രവർത്തകരുടെ കൂടിച്ചേരൽ, ജനകീയ സാംസ്കാരികവേദിയുടെ തുടർപ്രവർത്തനങ്ങളായി കാണുന്നതിൽ തെറ്റില്ല. ഇതിൽനിന്ന് ഊർജ്ജം ഉൾക്കൊണ്ട് അനേകം ചെറുകിട പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും പിന്നീട് കേരളത്തിൽ രൂപപ്പെട്ടു.

തെന്നിന്ത്യൻ അടിസ്ഥാനതല പ്രവർത്തകരുടെ കൂടിച്ചേരൽ, 1987 ഫെബ്രുവരിയിൽ (Call for Grass Roots Action) തൃശൂരിലെ അരിയന്നൂരിലാണ് നടന്നത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും ജാതി-മത-വർഗ്ഗീയ കക്ഷികളും ചേർന്ന് ഹൈജാക്ക് ചെയ്ത് തമസ്കരിച്ച കേരളീയ നവോത്ഥാനത്തിന്റെ തുടർച്ച ബദൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം സൂചിപ്പിച്ച കൂടിച്ചേരലായിരുന്നു അത്. എ. മോഹൻകുമാർ, സിവിക്ചന്ദ്രൻ തുടങ്ങിയവരാണ് അതിന് നേതൃത്വം കൊടുത്തത്.

കൂടിച്ചേരലിന്റെ പ്രവർത്തനരേഖ തയ്യാറാക്കിയത് മോഹനനും ഞാനും ചേർന്നായിരുന്നു. അടിസ്ഥാനതല പ്രവർത്തകരുടെ കൂടിച്ചേരൽ മുന്നോട്ടുവെച്ച ആദിവാസി- ദലിത് വിഷയങ്ങൾ, ഭൂവിനിയോഗത്തിലെയും ഭൂപരിഷ്കരണത്തിലെയും അടിസ്ഥാനപരമായ അപാകതകൾ, ബദൽ വിദ്യാഭ്യാസം, ബദൽ വികസനം, ബദൽ ആരോഗ്യരീതി, ബദൽ മാധ്യമം, ബദൽ ആത്മീയ പരിപ്രേക്ഷ്യം, ലിംഗസമത്വം, പരിസ്ഥിതി തുടങ്ങി കേരളീയ സമൂഹം നേരിടുന്ന പ്രധാന വിഷയങ്ങളെല്ലാം ഈ കൂടിച്ചേരൽ ചർച്ച ചെയ്തു. ജനകീയ സാംസ്കാരികവേദിയുടെ തുടർപ്രവർത്തനങ്ങളായി ഇതിനെ കാണുന്നതിൽ തെറ്റില്ല. ഇതിൽനിന്ന് ഊർജ്ജം ഉൾക്കൊണ്ട് അനേകം ചെറുകിട പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും പിന്നീട് കേരളത്തിൽ രൂപപ്പെട്ടു. തുടർന്നുവന്ന ആഗോളീകരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും വൻതിരകളിൽപെട്ട് ഇവയെല്ലാം ഒറ്റപ്പെട്ട തുരുത്തുകളായി. ഇന്നും കേരളത്തിന്റെ ഹിംസാത്മക സമൂഹത്തിൽ വേറിട്ടുകേൾക്കുന്ന ചില ശബ്ദങ്ങൾ ഇതിന്റെ തുടർച്ചയാണ്. ഇതിനെ തുടർന്നും മുന്നോട്ട് കൊണ്ടുപോയവരിൽ ഒരാൾ മോഹനനാണ്.

Photo : ruralindiaonline.org
Photo : ruralindiaonline.org

ഒറ്റപ്പെട്ട സഹ്യപർവ്വതപ്രദേശങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായ പ്രദേശങ്ങളെ സമൂഹമദ്ധ്യത്തിൽ കൊണ്ടുവരേണ്ടതുണ്ട് എന്ന പൊതുവായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പശ്ചിമഘട്ട രക്ഷായാത്ര രൂപപ്പെടുന്നത്. സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കപ്പെട്ടെങ്കിലും പശ്ചിമഘട്ടത്തിനു നേരെയുള്ള ഭീഷണികൾ പലതരത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമായിരുന്നു എൺപതുകൾ. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടകം, ഗോവ, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന ദക്ഷിണേന്ത്യയുടെ ജീവനാഡിയായ സഹ്യാദ്രി അഥവാ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനുള്ള ബോധവൽക്കരണമായിരുന്നു യാത്രയിൽ ഉയർത്തിപ്പിടിച്ചത്. 1987 നവംബർ ഒന്നു മുതൽ മിക്കവാറും കാൽനടയായി നടത്തിയ യാത്ര. മോഹൻകുമാർ ദക്ഷിണമേഖലാ കോർഡിനേറ്ററും വെങ്കിടാചലം യാത്രയുടെ ഫീൽഡ് കോർഡിനേറ്റർമായിരുന്നു. മുന്നിലുള്ള ദുരന്തം സർവ്വവ്യാപിയായി മാറുമ്പോൾ ചെറുതും പ്രാദേശികവുമായ പ്രതിരോധങ്ങൾ സർഗ്ഗാത്മക ക്രിയകളായി മാറേണ്ടതുണ്ട്. ജീവന്റെ സമതുലിതാവസ്ഥയ്ക്ക്, കേരളത്തിന്റെ അതിജീവനത്തിന്, ഇന്ത്യയുടെയും ഭൂമിയുടെയും അതിജീവനത്തിന് പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണെന്ന സന്ദേശം ഈ യാത്രയിലുടനീളം ഉയർന്നുവന്നു. 'പശ്ചിമഘട്ട യാത്രയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുക', 'പശ്ചിമഘട്ട രക്ഷായാത്ര രണ്ടാഴ്ച', 'പശ്ചിമഘട്ട സാഹോദര്യം', 'പശ്ചിമഘട്ടരക്ഷയ്ക്കായി ഒരു യാത്ര' എന്നീ ലേഖനങ്ങൾ ഇതിന്റെ സാക്ഷ്യങ്ങളാണ്. പശ്ചിമഘട്ട മേഖലയിലെ പാരിസ്ഥിതിക ജനകീയ പ്രതിരോധപ്രവർത്തനങ്ങളെ യോജിപ്പിച്ചു പോകാവുന്ന ഒരു ജനകീയ കൂട്ടായ്മയുടെ ആരംഭമായാണ് മോഹന്റെ മുൻകയ്യിൽ childrens biopshere trust- ന്റെ രൂപപ്പെടൽ. 2011 -ൽ പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ അദ്ധ്യക്ഷതയിൽ പുറത്തുവന്ന 'പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധസമിതി റിപ്പോർട്ട്, ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് കാണേണ്ടത്.

നർമ്മദ ജനകീയ മുന്നേറ്റത്തിന്റെ 25-ാം വാർഷികത്തിൽ പങ്കെടുക്കാനെത്തിയ മോഹനോട് മേധാപട്കർ ആവശ്യപ്പെടുന്നത് ആ പ്രദേശത്തിന്റെ സംസ്കാരത്തെക്കുറിച്ച് പഠിക്കാനാണ്.

മോഹന്റെ പാരിസ്ഥിതികവും മനുഷ്യാവകാശപരവുമായ അനുഭവങ്ങളിൽ ചെറിയ കൂട്ടായ്മകളുടെയും പ്രതിരോധങ്ങളുടെയും സൃഷ്ടിപരമായ തെളിവുകൾ കാണാം. 'ഗ്രാമീണ സാങ്കേതികവിദ്യ സ്വാശ്രയത്വത്തിന്' എന്ന ലേഖനത്തിൽ വിനിൽ പെരേരയെ ഉദ്ധരിച്ച് മോഹൻ ഇതിന്റെ ധാർമ്മിക മാനം വ്യക്തമാക്കുന്നുണ്ട്. "നിങ്ങൾ എത്ര ആളുകളെ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ അയയ്ക്കുന്നുവെന്നതല്ല പ്രസക്തമായത്; മറിച്ച് ഈ ഭൂമിയിൽതന്നെ എത്ര പേർക്കുകൂടി കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കുവാൻ നിങ്ങളുടെ ഗവേഷണം ഉതകുന്നുവെന്നതാണ്.’’
'താമ്രപർണ്ണി നദിക്കരയിലെ വൃദ്ധ', വിനാശത്തിന്റെ കഥകൾക്കൊപ്പം, പ്രകൃതിയോട് ഇണങ്ങിക്കഴിയുന്ന താമ്രപർണ്ണി നദിക്കരയിലെ മഹനീയയായ വൃദ്ധയുടെ ചിത്രം വരയ്ക്കുന്നു. ഭോഗസുഖങ്ങൾ വെടിഞ്ഞ ഒരു സമൂഹം വേണമെന്ന ശിവശൈലത്തിലെ നൽവാഴ് വ് ആശ്രമത്തിലെ രാമകൃഷ്ണനും സുസ്ഥിരമായ ഒരു ജീവിതത്തിന്റെ ഭാഗമായി മാറുന്നു.

Photo : ruralindiaonline.org
Photo : ruralindiaonline.org

ഉപഭോഗപരതയിൽ ആറാടി ജീവിച്ച് നാമാവശേഷമായ നാഗരികതകളെ ഓർമ്മപ്പെടുത്തി അതിജീവനത്തിന്റെ സംസ്കൃതികൾ അനിവാര്യമാണെന്ന അറിവു നൽകുന്ന ലേഖനമാണ് 'ചരിത്രം തിരുത്തിയെഴുതിയ നർമ്മദ സംസ്കാരം'. നർമ്മദ ജനകീയ മുന്നേറ്റത്തിന്റെ 25-ാം വാർഷികത്തിൽ പങ്കെടുക്കാനെത്തിയ മോഹനോട് മേധാപട്കർ ആവശ്യപ്പെടുന്നത് ആ പ്രദേശത്തിന്റെ സംസ്കാരത്തെക്കുറിച്ച് പഠിക്കാനാണ്. പതിനായിരം വർഷത്തിന്റെ പാരിസ്ഥിതിക ചരിത്രം നർമ്മദ തടത്തിനുണ്ട്. ഹാരപ്പ- മോഹഞ്ചേദാരോ എന്നിവ ഇന്ന് ഒരു ചരിത്രപാഠം മാത്രമാണ്. പക്ഷേ, നർമ്മദയിൽ ഒരു സംസ്കൃതി ഇപ്പോഴും നിലനിൽക്കുന്നു. എന്തുകൊണ്ട് ഹാരപ്പ- മോഹഞ്ചേദാരോ ചരിത്രപാഠമായി, നർമ്മദ അതിജീവിക്കുന്നു, എന്നറിയാൻ മോഹൻ ഗ്രാമങ്ങളിലെത്തുന്നു. നർമ്മദാ സംസ്കാരത്തിൽ പ്രധാനം കൃഷിയാണ്. ഹാരപ്പ ഇല്ലാതാകാനുള്ള കാരണം ജീവിതാവശ്യങ്ങൾ കൂടുതലായിരുന്നു അവിടെയുള്ളവർക്ക് എന്നതാണ്. മരങ്ങൾ മുറിച്ചുമാറ്റി വമ്പൻ കലവറകളുണ്ടാക്കി, ഇഷ്ടിക കൊണ്ട്. ഹാരപ്പ- മോഹഞ്ചേദാരോ നാഗരികതയുടെ നാശത്തിന് കാലാവസ്ഥാ പ്രശ്നങ്ങളും പുറത്തുനിന്നുള്ള അധിനിവേശങ്ങളും കൂടി കാരണങ്ങളാണെന്ന് പുതിയ കണ്ടെത്തലുകളുണ്ട് - (ലേഖകൻ).

നൈൽ നദീതീരത്തെ പിരമിഡുകളോട് ചേർന്ന് മരുഭൂമിയാണ്. യൂഫ്രട്ടീസിലും ടൈഗ്രീസിലും അറേബ്യൻ മരുഭൂമിയാണ്. ഹാരപ്പ നിന്നിടത്തും മരുഭൂമിയാണ്. കേരളം കടലെടുത്ത് ഇല്ലാതാകുമോ? ഇത്തരം ആശങ്ക അന്തർദേശീയ പരിസ്ഥിതി പഠനങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്; നമ്മുടെ ചാവക്കാടും കൊച്ചിയും തിരുവനന്തപുരവും പതിറ്റാണ്ടുകൾക്കുള്ളിൽ കടലെടുക്കുമെന്ന് പഠനങ്ങൾ പറയുന്നു.

താൻ കണ്ടുമുട്ടിയ ജീവിതമാതൃകകളെ പരിചയപ്പെടുത്തുന്നുണ്ട് മോഹൻ ഈ പുസ്തകത്തിൽ. യുവാക്കൾക്ക് അന്വേഷിക്കുകയെങ്കിലും ചെയ്യാവുന്ന മനുഷ്യർ.

ഇന്ത്യയിലും കേരളത്തിലും ലക്ഷക്കണക്കിന് മനുഷ്യരെ അഭയാർത്ഥികളാക്കിക്കൊണ്ട് അരങ്ങേറുന്ന വമ്പൻ വികസന പദ്ധതികൾക്കിടയിൽ വനംവകുപ്പിന്റെ മുൻകയ്യിൽ കണ്ടൽകാടുകൾ സംരക്ഷിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നത് ശുഭകരമാണെന്ന് 'വനംവകുപ്പ് കണ്ടൽക്കാട് സംരക്ഷിക്കുമോ?' എന്ന ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വനം കൊള്ളക്കാർക്കെതിരെ നടക്കുന്ന ജനകീയ സമ്മേളനത്തെപ്പറ്റി മറ്റൊരു ലേഖനത്തിൽ പരാമർശമുണ്ട്.

ആയിരത്താണ്ടുകളായുള്ള ജൈവവൈവിധ്യത്തെ എന്തെങ്കിലും ഗ്രാഫ്ട് വിദ്യകൊണ്ട് തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് പറഞ്ഞ്, പൂയംകുട്ടിയിൽ വെള്ളത്തിലാണ്ടുപോകുന്ന വനത്തിനുപകരം വനം വെച്ചുപിടിപ്പിക്കാമെന്ന പ്രൊഫ. ആർ.വി.ജി. മേനോന്റെയും പ്രൊഫ. കെ. ശ്രീനിവാസന്റെയും നിർദ്ദേശങ്ങളെ മോഹൻ തള്ളിക്കളയുന്നു. ശാസ്ത്രസാഹിത്യപരിഷത്ത് പോലെ, 'ജനകീയ ശാസ്ത്രപ്രസ്ഥാനം' എന്ന് വാഴ്ത്തപ്പെടുന്ന ആധുനിക ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരുടെ ഒട്ടുവിദ്യകളോടുള്ള നിഷേധവും ഇതിലുണ്ട്.

തലമുറകളായി പ്രകൃതി കനിഞ്ഞരുളിയ വരദാനങ്ങളായ ഗോദാവരി, പ്രാണഹിത, വെയ്ൻ ഗംഗ, ഇന്ദ്രാവതി നദികളും പോഷകനദികളും സമൃദ്ധമാക്കുന്ന ഇടങ്ങളാണ് ഗോണ്ടുകൾ, പരഥാനുകൾ, ഗോണ്ട്- ഹവാരി, ഹാൻബി തുടങ്ങിയ ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന പ്രദേശങ്ങളായ ഭോപ്പാൽ പട്ടണം, ഇഞ്ചംപ്പള്ളി എന്നിവ. ഇവരുടെ സമൃദ്ധികളെ ഇല്ലാതാക്കി. അണക്കെട്ടുകൾ പണിയാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിരോധമാണ്, 'ജംഗൾ ബചാവോ, മാനവ് ബചാവോ.' ആധുനിക വികസനത്തിനു നേരെയുള്ള ധർമ്മരോഷം. ഈ ധർമ്മരോഷത്തിന്റെ ക്രിയാത്മക പുറമാണ് 'സ്നേഹത്തിന് സമാനമാണ് വെള്ളം' എന്ന കുറിപ്പ്. ഒരു പുഴയെങ്കിലും ഒരു കുഞ്ഞരുവി, ഒരു കിളി, ഒരു കുഞ്ഞാറ്റ, ഒരു പാവം സിംഹവാലൻ, ഒരു മരം നമുക്ക് രക്ഷപ്പെടുത്താൻ ശ്രമിക്കുകയെങ്കിലും ചെയ്തുകൂടെ?" എന്ന ചോദ്യം മാനവ മനഃസാക്ഷിയോടാണ്.

ഗോദാവരി / Photo : wikipedia.
ഗോദാവരി / Photo : wikipedia.

ഒപ്പം വായിക്കേണ്ട കുറിപ്പാണ്, 'കുട്ടികൾക്ക് നിഷേധിക്കുന്ന സ്വാതന്ത്ര്യവും തുല്യതയയും'. രക്ഷിക്കണേ എന്ന് തേങ്ങിക്കരഞ്ഞ് കോട്ടയത്തിനടുത്ത താഴത്തങ്ങാടിയിലെ ഊടുവഴികളിലൂടെ ഓടിയ സിന്ധുവിന്റെ നിലവിളി കേൾക്കുന്ന മോഹൻ ചോദിക്കുന്നു, "ഏറ്റവുംവലിയ ജനാധിപത്യമെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ രാജ്യത്തിലെ കുട്ടികൾക്ക് കാരുണ്യമെന്നല്ല, അവരുടെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്നു." ഇത് ലോകം നേരിടുന്ന രാഷ്ട്രീയത്തിന്റെധാർമ്മിക പ്രശ്നം കൂടിയാണ്. 2018 മാർച്ച് ആദ്യവാരത്തിൽ അട്ടപ്പാടിയിൽവെച്ച് വിശപ്പടക്കാനുള്ള ഒരുപിടി അരിയുടെ പേരിൽ മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേരളമെന്ന ആൾക്കൂട്ടത്തോടുള്ള ചോദ്യം കൂടിയാണ്. മുകേഷ് അംബാനിമാരെയും അദാനിമാരെയും തടിച്ചുകൊഴുപ്പിക്കുന്ന ഭരണകൂടത്തോടുള്ള ചോദ്യവും.

അനുകരണീയമായ ജീവിതമാതൃകകൾ ഇല്ലാതാവുമ്പോൾ യുവതലമുറ സിനിമയിലെയും ക്രിക്കറ്റിലെയും അതിമാനുഷരെ ഹീറോകളാക്കുന്നതിന്റെ ദുരന്തം 'ഹീറോമാർ സീറോകൾ ആകുമ്പോൾ' എന്ന ലേഖനത്തിൽ പങ്കുവയ്ക്കുന്നുണ്ട്. കമ്പോളവൽക്കരിക്കപ്പെട്ട ഭരണകൂടങ്ങളുടെ ഛായയും പ്രതിഛായയും ഈ ചരക്കുകളിലൂടെയാണ് വിറ്റഴിക്കപ്പെടുന്നത്. മീഡിയോക്രസിയിൽ അഭിരമിക്കുന്ന കേരളീയ സമൂഹത്തിൽ യുവതലമുറ നേരിടുന്ന സ്വത്വ പ്രതിസന്ധിയാണിത്. താൻ കണ്ടുമുട്ടിയ ജീവിതമാതൃകകളെ പരിചയപ്പെടുത്തുന്നുണ്ട് മോഹൻ ഈ പുസ്തകത്തിൽ. യുവാക്കൾക്ക് അന്വേഷിക്കുകയെങ്കിലും ചെയ്യാവുന്ന മനുഷ്യർ. മോഹൻ ഇതിനുപയോഗിക്കുന്ന മാനദണ്ഡങ്ങൾ: 'പറയുന്നതുപോലെ പ്രവർത്തിക്കുന്നവൻ'; 'വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുമ്പോൾ,' എന്നീ ലേഖനങ്ങളുടെ ശീർഷകങ്ങളിൽതന്നെയുണ്ട്. കേരളീയ സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ഈ കെമിസ്ട്രിയാണ്. സത്യാനന്തരകാലത്ത് അസത്യം സത്യമായും അധർമ്മം ധർമ്മമായും ആഘോഷിക്കപ്പെടുന്നതുപോല. വാക്ക് പറഞ്ഞാൽ വാക്കാവണമെന്ന് ഇന്ന് ആരും വിശ്വസിക്കുന്നില്ല. അതിനാൽ പുതിയ കാലത്ത് വാക്കിനും പ്രവൃത്തിക്കും തമ്മിൽ ഒരു ബന്ധവുമില്ല.

നട്ടെല്ലിന്റെ കശേരുക്കളില്ലാത്ത, വാരിയെല്ലുകൾ നീക്കം ചെയ്യപ്പെട്ട ഒരു മനുഷ്യൻ നട്ടെല്ലികളോടെപ്പോഴും പറയുന്നു, 'നിവർന്ന് സ്വന്തം കാലിൽ നിൽക്കൂ'. ആ മനുഷ്യൻ ഒരു സോഷ്യൽ മെക്കാനിക്ക് എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുരീധരർ ദേവിദാസ് ആംതെയാണ്. സമൂഹം ഒരു യന്ത്രമാണ്. അതിന് തേയ്മാനമുണ്ടാകുമ്പോൾ അല്പം എണ്ണ ഒഴിച്ചുകൊടുക്കുക. കാര്യങ്ങൾ നേരെയാവും. അതാണ് ആംതെ എന്ന സോഷ്യൽ മെക്കാനിക്കിന്റെ സന്ദേശം.

ഛത്തീസ്ഗഢിലെയും ഇതര പ്രദേശങ്ങളിലെയും ആദിവാസികളുടെ സാംസ്കാരിക പ്രൗഢിയെയും ധീരപാരമ്പര്യങ്ങളെയും ചരിത്രത്തിൽനിന്ന് മായ്ച്ചുകളയുവാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നു.

ആധുനിക മനുഷ്യന്റെ ആർത്തിയുടെയും അവിവേകത്തിന്റെയും അഹന്തയുടെയും ഫലമായി നർമ്മദാനദീതട സംസ്കാരം നമ്മുടെ കണ്മുമ്പിൽനിന്ന് അപ്രത്യക്ഷമാകുമ്പോൾ, അതിന്റെ അവസാനത്തെ കണ്ണികളായ ഖയാലിയയെയും അവളുടെ വലിയച്ഛൻ ഭോലേദായയെയും മുൻനിർത്തിയുള്ള അന്വേഷണവും അദ്ദേഹം നടത്തുന്നുണ്ട്. ഭൂമിയിലെ അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ ആദിവാസി ഗോത്രങ്ങളെയും അവരുടെ സംസ്കാരങ്ങളെയും അറിവുകളെയും സ്പർശിക്കുന്ന മോഹൻ, ആധുനിക പടിഞ്ഞാറൻ നഗരപരിഷ്കൃതിയെ കീറിമുറിച്ച് പരിശോധിക്കുന്നുണ്ട്. ഗാന്ധിയുടെ 'ഹിന്ദ് സ്വരാജി'നെ ഇത് ഓർമ്മപ്പെടുത്തുന്നു.

ഗോത്ര സംസ്കൃതിയുടെ ജീവൽകണ്ണികളായ ഖയാലിയയിൽനിന്നും ഭോലേദായയിൽനിന്നും ഹരിതലോകത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ആചാര്യൻ ജാംഭോജിയിലെത്താം. രാജസ്ഥാനിലെ ഒരു കുഗ്രാമത്തിൽ മരങ്ങൾ രക്ഷിക്കാനായി അമൃതാദേവി എന്ന ഗ്രാമീണസ്ത്രീയും 363 ഗ്രാമവാസികളും വീരമൃത്യു വരിച്ചുവെന്നത് പരിസ്ഥിതിപ്രവർത്തകർ അറിയുന്നൊരു കഥയാണ്. ഖെജ്ഡി വൃക്ഷങ്ങൾ കെട്ടിപ്പിടിച്ച് പ്രതിരോധമുയർത്തിയ ഗ്രാമീണരെ, ജോഡ്പൂർ രാജാവിന്റെ സൈന്യം തുണ്ടംതുണ്ടമായി നുറുക്കികൊല്ലുകയായിരുന്നു. ജോഡ്പൂരിന്നടുത്ത് ഖേജ്ഡലി എന്ന ഗ്രാമത്തിലെ ബിഷ്ണോയികളെ ഇത്തരത്തിൽ ഖേജ്ഡി വൃക്ഷങ്ങളുടെ സംരക്ഷണത്തിന് ജീവാർപ്പണം ചെയ്യാൻ സജ്ജരാക്കിയത് 1453-ൽ ജനിച്ച ജാംബേശ്വരൻ എന്ന മഹാചാര്യനാണ്. ഈ ജീവാർപ്പണത്തിൽ ആവേശം ഉൾക്കൊണ്ടാണ് ഗാഡ്‍വാൾ മലനിരകളിൽ ചണ്ഡീപ്രസാദ് ഭട്ട്, ഗൗരാദേവി എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷസുരക്ഷയ്ക്കായി ചിപ്കോ പ്രസ്ഥാനം ആരംഭിക്കുന്നത്. ഭരണാധികാരികളും കുത്തകകളും ഒരുമിച്ച് പ്രവർത്തിച്ച് ഭാരതത്തിലെ കൃഷിക്കാരെ പാപ്പരാക്കുമ്പോൾ, ആഗോളീകരണത്തെ ചെറുക്കാനും കൃഷിയെയും മണ്ണിനെയും രക്ഷിക്കാനുമുള്ള ഇച്ഛാശക്തി തെളിയിച്ചത് പ്രൊഫ. നഞ്ചുണ്ട സ്വാമിയാണ്. അദ്ദേഹത്തിന്റെ പ്രസ്ഥാനമാണ് കർണാടക സംസ്ഥാന രയിത്തസംഘം.

നഞ്ചുണ്ടസ്വാമി
നഞ്ചുണ്ടസ്വാമി

ഛത്തീസ്ഗഢിലെയും ഇതര പ്രദേശങ്ങളിലെയും ആദിവാസികളുടെ സാംസ്കാരിക പ്രൗഢിയെയും ധീരപാരമ്പര്യങ്ങളെയും ചരിത്രത്തിൽനിന്ന് മായ്ച്ചുകളയുവാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നു. ഈ വസ്തുത മനസ്സിലാക്കിയാണ് ശങ്കർഗുഹാ നിയോഗി ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. അവർക്ക് ചെറുത്തുനിൽപ്പിന്റെ പാരമ്പര്യമുണ്ട്. ചിന്തയിൽ മാർക്സിയനും ജീവിതം കൊണ്ട് ഗാന്ധിയനുമായിരുന്നു നിയോഗി. അഹിംസാത്മകമായ ഒരു പുതിയ തൊഴിലാളിസംസ്കാരം അദ്ദേഹം രൂപപ്പെടുത്തി. 'ഛത്തീസ്ഗഢ് മുക്തിമോർച്ച' അതിന്റെ മാധ്യമമായിരുന്നു. തൊഴിലാളികളുടെ സാമ്പത്തിക- സാംസ്കാരിക- ധാർമ്മിക തലങ്ങളെ അദ്ദേഹം പുതിയൊരു ചലനത്തിന് വിധേയമാക്കി. എന്നാൽ 1991 സെപ്തംബർ 28-ന് പുലർച്ചെ വാടകവീട്ടിൽവെച്ച് നിയോഗിയെ വാടകഗുണ്ടകൾ വെടിവെച്ച് കൊന്നു.

കർണാടകത്തിലെ തീർത്ഥഹള്ളി എന്ന മലനാട് പട്ടണത്തിനടുത്തുള്ള കൂപ്പള്ളി ഗ്രാമത്തിലെ വെങ്കിടപുട്ടപ്പ എന്ന കർഷക ബാലനാണ് കുവേമ്പു എന്ന സാഹിത്യ വടവൃക്ഷമായി വളർന്നത്.

ആരവല്ലി പർവതനിരകളിൽനിന്ന് ഒഴുകിയെത്തിയിരുന്ന അർവാരി നദി വറ്റിവരണ്ടിട്ട് വർഷങ്ങളേറെയായി. നദിയുടെ വൃഷ്ടിപ്രദേശങ്ങൾ ഹരിതാഭമാക്കി മരിച്ചുപോയ പുഴയുടെ പുനർജന്മം സാധ്യമാക്കിയത് എൺപതിനടുത്ത് പ്രായമുള്ള സസറാംജിയെപ്പോലെയുള്ളവർ നടത്തിയ സൃഷ്ടിന്മ്യുഖമായ പ്രവർത്തനങ്ങളാണ്. The Man Who Planted the Trees- ലെ (ജീൻ ഗിയാനോ) ബോഫിയറെ ഓർമ്മപ്പെടുത്തുന്നുണ്ട് ഈ പുനർജന്മം. സസറാംജിയെപ്പോലുള്ള അറിയപ്പെടാത്ത മനുഷ്യരുടെ ഊർജ്ജമാണ് ഭാരതത്തിന്റെ ഓരോ ഗ്രാമത്തിലും നന്മയുടെ വിത്തുകൾ പാകുന്നത്, പരിപാലിക്കുന്നത്. ആഗോളീകരണ-ഉദാരീകരണത്തിന്റെ എത്ര ഭയാനകമായ കൊടുങ്കാറ്റിലും ഈ പുൽച്ചെടികൾ കടപുഴകിപ്പോകില്ല. ഇന്ത്യയെ വീണ്ടെടുക്കുക ഇന്നും കെട്ടിട്ടില്ലാത്ത ഈ അഗ്നിസ്ഫുലിംഗങ്ങളായിരിക്കും. ‘അർവാരി നദി പുനർജനിക്കുന്നു’ ഇതിനോട് ചേർത്ത് വായിക്കാം.

ആരവല്ലി പർവതനിര / Photo : wikipedia
ആരവല്ലി പർവതനിര / Photo : wikipedia

'ചില സ്മാരകങ്ങൾ ദർശനങ്ങളാവാറുണ്ട്' എന്നത് മോഹന്റെ അനുഭവസാക്ഷ്യത്തിന്റെ മറ്റൊരു ഏടാണ്. ഈ ഗ്രന്ഥത്തിലെ ഏറ്റവും കാവ്യാത്മകമായ ലേഖനമാണിത്. കർണാടകത്തിലെ തീർത്ഥഹള്ളി എന്ന മലനാട് പട്ടണത്തിനടുത്തുള്ള കൂപ്പള്ളി ഗ്രാമത്തിലെ വെങ്കിടപുട്ടപ്പ എന്ന കർഷക ബാലനാണ് കുവേമ്പു എന്ന സാഹിത്യ വടവൃക്ഷമായി വളർന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ കന്നടസാഹിത്യത്തെ ആധുനികതയിലേക്ക് പടർത്തിയ പ്രതിഭാധനനായ കവി, സാമൂഹ്യപരിഷ്കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, കന്നടയുടെ രാഷ്ട്രകവി. കവിത, നാടകം, ചെറുകഥ, ബാലസാഹിത്യം, നിരൂപണം, നോവൽ, ഇതിഹാസം, ജീവചരിത്രം, ഉപന്യാസം- കുവേമ്പു കൈവെയ്ക്കാത്ത മേഖലകളില്ല. അദ്ദേഹം സ്വന്തം ഭാഷയിലാണ് എല്ലാം എഴുതിയത്. കുവേമ്പുവിന്റെ കവിതകൾ ഭൗതികതയിൽനിന്നും അതീന്ദ്രിയതയിലേക്ക് അഥവാ മാനുഷികതയിൽനിന്ന് ദൈവികതയിലേക്ക് ഉണരുന്നവയാണെന്നാണ് പ്രൊഫ. ഹംപി നാഗരാജയ്യ അടയാളപ്പെടുത്തുന്നത്. ഒരു ശിശുവിൽനിന്ന് വിശ്വമാനവനിലേക്ക് ഓരോ മനുഷ്യനും വളരണം. ഈ ലോകം നിലനിൽക്കണമെങ്കിൽ എല്ലാ ശിശുക്കളും ('അനികേതൻ') വീടുവിട്ടവരാകണം. കല കലയ്ക്കുവേണ്ടി എന്ന വാദത്തെ ചെറുത്ത് കല ജീവിതത്തിനുവേണ്ടിയാണെന്ന് ജീവിതത്തിൽ സോദാഹരിച്ച കലാകാരനാണ് കുവേമ്പു. ചൂഷിതജനതയുടെ പക്ഷത്തുനിന്ന് സമാധാനപരമായ സാമൂഹിക, സാംസ്കാരിക നവോത്ഥാനത്തിന് കുവേമ്പു തുടക്കമിട്ടു. എല്ലാവർക്കും തുല്യ അവകാശം, തുല്യപങ്കാളിത്തം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അടിമുടി പച്ചയായ മനുഷ്യനായിരുന്നു കുവേമ്പു. സാഹിത്യത്തിൽ പ്രശസ്തനായി അകാലത്തിൽ അന്തരിച്ച പൂർണചന്ദ്ര തേജസ്വി അദ്ദേഹത്തിന്റെ മകനാണ്. കുവേമ്പുവിന്റെ സ്മാരകം തേടിയുള്ള മോഹന്റെ യാത്ര ഒരു തീർത്ഥയാത്രയാണ്. പച്ചപ്പിന്റെ ആത്മീയത അതിനുണ്ട്.

കാടിന്റെ ഹൃദയസ്പന്ദനം തിരിച്ചറിയുകയും അതനുഭവിക്കുകയും ചെയ്ത പ്രകൃത്യോപാസകനായ എൻ.എ. നസീറും ('ആരണ്യത്തിൽ പിറന്ന ചരിത്രമുഹൂർത്തങ്ങൾ,') പറയുന്നതുപോലെ പ്രവർത്തിച്ച് സിനിമയിലും സാംസ്കാരികമേഖലയിലും പാരിസ്ഥിതിക മണ്ഡലങ്ങളിലും തൻറെ പാദമുദ്രകൾ പതിപ്പിച്ച് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ കേരളത്തിന്റെ ഒരേയൊരു മീഡിയാ ആക്ടിവിസ്റ്റായ ശരത്ചന്ദ്രനും ('പറയുന്നതുപോലെ പ്രവർത്തിക്കുന്നവൻ') സാധാരണക്കാരുടെ അറിവുകളെയും കഴിവുകളെയും ബഹുമാനിക്കുകയും പ്രകൃതിയെന്നത് തന്നിൽനിന്ന് അന്യമായ ഒന്നല്ലെന്ന് തൊട്ടറിയുവാൻ ഭാരതീയ പാരമ്പര്യത്തിൽനിന്ന് ഊർജ്ജം ഉൾക്കൊണ്ട വാസുദേവൻ നന്തിക്കര എന്ന ജോൺസിയും ('വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുമ്പോൾ') പ്രൊഫഷണൽ പക്ഷിനിരീക്ഷകർക്കിടയിൽ ഒന്നുമറിയാത്ത കുട്ടിയെപ്പോലെ നിശ്ശബ്ദമായി പ്രവർത്തിക്കുന്ന നഗ്നപാദനായ പക്ഷിനിരീക്ഷകൻ പി.സി.രാജീവനും ('നമുക്കിടയിൽ ഇങ്ങനെയും ഒരു പക്ഷിനിരീക്ഷകൻ’) മോഹന്റെ യാത്രയിലെ പച്ചയായ അനുഭവങ്ങളാണ്.

മോഹൻ കഴിഞ്ഞ ഒരുപതിറ്റാണ്ടായി ഒരു എസ്കേപ്പിസത്തിലാണോ?
അല്ല എന്നാണ് എന്റെ ഉറച്ച ബോധ്യം.

മൂന്ന്

മൂന്ന് പതിറ്റാണ്ടുകളിലൂടെ മോഹൻകുമാർ നടത്തിയ ആക്ടിവിസ്റ്റിന്റെ റോൾ 2013-ൽ അവസാനിക്കുകയാണ്. കാസർകോട് എൻഡോസൾഫാൻ സമരപന്തലിലെ 22 ദിവസത്തെ നിരാഹാരത്തോടെ ആക്ടിവിസ്റ്റിന്റെ റോൾ താൻ നിർവ്വഹിച്ചുകഴിഞ്ഞു എന്ന് അദ്ദേഹം അനൂപ് അനന്തനുമായുള്ള അഭിമുഖത്തിൽ (നീന്താൻ അറിയാത്തവർക്ക് വെള്ളത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ല) പറയുന്നുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മോഹൻ എവിടെയാണ്, എന്ത് ചെയ്യുകയാണ്? മാനവ സംസ്കാരത്തിന്റെയും ജൈവസമ്പത്തിന്റെയും ആദിസ്രോതസ്സുകൾ ഉത്ഭവിക്കുന്ന, തനിക്കേറെ പ്രിയപ്പെട്ട പശ്ചിമഘട്ട മലനിരകളോട് ചേർന്ന കർണാടക അതിർത്തിയിലെ ഒരു കാട്ടുപ്രദേശത്ത് ആത്മീയജീവിതം നയിക്കുകയാണ് മോഹൻ. സ്വാമി ശിവാനന്ദ പരമഹംസരുടെ സിദ്ധസമാജത്തിന്റെ മാർഗ്ഗത്തിലാണ്. ആധുനിക നാഗരിക പരിഷ്കൃതിയിൽനിന്ന് വിട്ടുമാറി കരടി മുതൽ വിഷം കൂടിയ പാമ്പുകൾ വരെ സുഹൃത്തുക്കളായുള്ള സ്ഥലത്ത് കൃഷിപ്പണിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. മൃഗങ്ങളെയല്ല മനുഷ്യരെയാണ് ഭയമെന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ട്.

ആരാണ് എ. മോഹൻകുമാർ?
'ഒരു ആക്ടിവിസ്റ്റിന്റെ ചരിത്രസാക്ഷ്യം' എന്ന ശീർഷകത്തിൽ മോഹന്റെ കർമ്മപഥങ്ങളിലൂടെ അനുയാത്ര നടത്തി അർദ്ധവിരാമമിടുമ്പോൾ ഈ ചോദ്യം എന്നെ അലട്ടുന്നു. പിന്തുടരുന്നു. മോഹൻ കഴിഞ്ഞ ഒരുപതിറ്റാണ്ടായി ഒരു എസ്കേപ്പിസത്തിലാണോ?
അല്ല എന്നാണ് എന്റെ ഉറച്ച ബോധ്യം.

ആക്ടിവിസത്തിന്റെ മുള്ളും കുപ്പിച്ചില്ലും മാലിന്യങ്ങളും നിറഞ്ഞ വഴികളിലൂടെ നടന്നുപോകുമ്പോഴും മോഹനിൽ ജീവന്റെ ഉണ്മ തൊട്ടറിയാൻ ശ്രമിക്കുന്ന ഒരാത്മീയ അന്വേഷിയുണ്ടായിരുന്നു. ഓരോ ജീവന്റെയും സഹജപ്രകൃതിയായ ഉണ്മ തേടുന്ന മനുഷ്യൻ. അതുകൊണ്ടാണ് മോഹന്റെ ആക്ടിവിസ്റ്റ് സാക്ഷ്യങ്ങളെല്ലാം എല്ലാ ജീവനെയും ബന്ധിപ്പിക്കുന്ന സമഗ്രമായ ജൈവികലോകമായി നമുക്കനുഭവപ്പെടുന്നത്. ഒന്നിൽനിന്നും മറ്റൊന്നിനെ വേർപെടുത്താൻ കഴിയാത്തത്ര സമഗ്രം. ഒന്നില്ലെങ്കിൽ മറ്റേതില്ല. മറ്റേതില്ലെങ്കിൽ ഇതില്ല. ഈ ജൈവിക സമഗ്രതയുടെ ഉണ്മ നിശ്ശബ്ദനായി അന്വേഷിക്കുകയാണ് മോഹൻ. അതീന്ദ്രിയമായ ആ യാത്രയിലെ അനുഭവസാക്ഷ്യങ്ങൾ മോഹൻ രേഖപ്പെടുത്താതിരിക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം. ‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്നു പാടിയ കവിയുടെ കാൽക്കൽ നമസ്കരിക്കുന്നുണ്ട് മോഹൻ. ഇന്നത്തെ തിരക്കും ആർത്തിയും പിടിച്ച ജീവിതത്തിൽ മറ്റെന്തൊക്കെയോ നേടാനായി പരക്കംപായുമ്പോൾ അടിസ്ഥാനപരമായി നമുക്ക് നഷ്ടപ്പെടുന്നത് സ്നേഹമാകുന്നു - 'സ്നേഹം നഷ്ടപ്പെടുന്ന സമൂഹം' നമ്മെത്തന്നെയാകുന്നു, ജീവന്റെ പാരസ്പര്യത്തെയാകുന്നു, ജീവന്റെ ഉണ്മ ആകുന്നു, ജീവിതത്തിന്റെ അർത്ഥമാകുന്നു. ഇത് കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാകാം അദ്ദേഹം സഹജമാർഗ്ഗത്തിലൂടെ ചലിക്കുന്നത്. ഇത് വ്യക്തിഗതമായ എന്തെങ്കിലും നേട്ടത്തിനുവേണ്ടിയല്ല. സമൂഹത്തിലെ അശരണരുടെ ദുരിതം അറുതിവരുത്താനാണ്. അതിനായി പ്രകൃതിയുടെ പച്ചപ്പ് നിലനിർത്താനാണ് - ഭൂമിയുടെ പുനരുജ്ജീവനത്തിനാണ്.

എനിക്ക് തോന്നുന്നു, ഇക്കഴിഞ്ഞ പതിറ്റാണ്ട് മോഹന്റെ ജീവിതത്തിന്റെ നവീകരണമാണ്. ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുന്ന വായനക്കാരും നവീകരിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പുസ്തകം, ‘ഒന്നു കുനിഞ്ഞുനിൽക്കൂ’ എന്നു പറയുമ്പോഴേക്കും മണ്ണിൽ കമിഴ്ന്നുവീഴുകയും കാൽ നക്കിക്കൊടുക്കുകയും ചെയ്യുന്ന കേരളീയരുടെ, വേഗം പരുവപ്പെടുന്നവരുടെ കുഴഞ്ഞ മണ്ണ് ഉള്ളിലേക്ക് പെട്ടെന്നൊന്നും കടന്നുചെല്ലാൻ സാധ്യതയില്ല. പക്ഷേ, കേരളം പാരിസ്ഥിതിക ദുരന്തങ്ങളുടെ പടുകുഴിയിൽ വീണ് അതിജീവനത്തിനായി കൈകാലിട്ടടിക്കുമ്പോൾ ഏതെങ്കിലുമൊരാൾ ഈ പുസ്തകം തേടി എത്താതിരിക്കില്ല. അതാണ് ഈ പുസ്തകത്തിനെ വേറിട്ടതാക്കുന്നത്. അതാണീ പുസ്തകത്തിന്റെ മൂല്യം.


Summary: K. Aravindakshan reviewed by A. Mohankumar's book


കെ. അരവിന്ദാക്ഷൻ

കഥാകൃത്ത്, നോവലിസ്റ്റ്. ഗാന്ധിയൻ ദർശനവുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയിട്ടുണ്ട്. നിലാവിന്റെ വിരലുകൾ, ജീവപര്യന്തം, മറുപാതി (നോവലുകൾ), അലക്കുയന്ത്രം, എലിവേട്ടക്കൊരു പുസ്തകം, പുതിയ ഗോത്രത്തിന്റെ ഉൽപ്പത്തി (കഥകൾ), ഗാന്ധിയുടെ ജീവിതദർശനം, രാമൻ- ഗാന്ധി- അംബേദ്കർ, അധികാരത്തിന്റെ മതങ്ങൾ: കാവി, പച്ച, ചുവപ്പ് എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments