കേരളചരിത്രത്തിലെ മങ്ങൂഴങ്ങൾ

ശിലാലിഖിതങ്ങളെ ആധാരമാക്കി വളരെ ഭദ്രമായ രീതിയിൽ അക്കാദമിക സമൂഹം കെട്ടിപ്പൊക്കിയതെന്നു സാമാന്യേന വിവക്ഷിക്കപ്പെടുന്ന മദ്ധ്യകാല കേരള ചരിത്രത്തിന്റെ നേർക്ക് സോമശേഖരൻ രൂക്ഷമായ പല പ്രതിവാദങ്ങളും ഉന്നയിക്കുന്നു- സോമശേഖരൻ രചിച്ച് പുസ്തക പ്രസാധകസംഘം പ്രസിദ്ധീകരിച്ച 'ചരിത്രകേരളം' എന്ന പുസ്തകത്തെ മുൻനിർത്തി, ചരിത്ര ഗവേഷണരംഗത്തെ അക്കാദമിക് സമൂഹത്തിന്റെ മൗനത്തെ കുറിച്ച് എഴുതുകയാണ് വി.വിജയകുമാർ.

ലാലയനാളുകളിൽ ചരിത്രം പഠിച്ചിട്ടുണ്ടെങ്കിലും സോമശേഖരൻ അറിയപ്പെടുന്ന ചരിത്രകാരനോ ചരിത്രഗവേഷകനോ അല്ല. എന്നാൽ, നാൽപ്പത് വർഷത്തിലേറെക്കാലം അദ്ദേഹം കേരളത്തിലെ വിപ്ലവരാഷ്ട്രീയത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. സോമശേഖരൻ രചിച്ച 'ചരിത്രകേരളം' എന്ന പുസ്തകം മദ്ധ്യകാലഘട്ടത്തിലെ കേരളത്തെ കുറിച്ച് പല കാലങ്ങളിലായി എഴുതിയ പതിനാറു ലേഖനങ്ങളുടെ സമാഹാരമാണ്.

രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായോ അതിന്റെ തുടർച്ചയിലോ എഴുതിയ ലേഖനങ്ങളാണ് സമാഹരിക്കപ്പെട്ടിരിക്കുന്നതെന്ന് അവ രചിക്കപ്പെട്ട കാലത്തെ കുറിച്ചുള്ള സൂചനകൾ നമ്മോടു പറയുന്നുണ്ട്. അക്കാദമിക പാണ്ഡിത്യത്തിന്റെ തൂവലുകളില്ലെങ്കിലും കേരളത്തിലെ സജീവ രാഷ്ട്രീയപ്രവർത്തകരുടെ ചരിത്രവായനകളെ കേരളത്തിലെ അക്കാദമിക സമൂഹം ഉൾപ്പെടെ കേരള ജനത സാകൂതം ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു.

ഒരു രാഷ്ട്രീയ പ്രവർത്തകന് അയാൾ പ്രവൃത്തിയെടുക്കുന്ന സമൂഹത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ്. അയാളുടെ ചരിത്രവായനകൾ അതിന്റെ ഭാഗവുമാണ്. ഇ.എം.എസ്, കെ. ദാമോദരൻ എന്നിവരുടെയെല്ലാം ചരിത്രവായനകളെ വിമർശബുദ്ധി കൊണ്ട് അക്കാദമിക പണ്ഡിതന്മാർ വരെ വിലയിരുത്തിയിട്ടുമുണ്ട്. ജനകീയമായ ചരിത്ര രചനാരീതികളും ജനകീയ ചരിത്രത്തിന്റെ നിഗമനങ്ങളും അക്കാദമിക് പണ്ഡിതന്മാർ ഉൾക്കൊള്ളുകയോ സ്വാംശീകരിക്കുകയോ ചെയ്ത സന്ദർഭങ്ങളുമുണ്ട്. എന്നാൽ, സോമശേഖരന്റെ ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന സന്ദർഭങ്ങളിലോ ഇപ്പോൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുമ്പോഴോ അക്കാദമിക സമൂഹം നിശബ്ദമായിരിക്കുന്നുവെന്നത് കേരളീയ ബുദ്ധിജീവിതത്തിന്റെ ധനാത്മകവശങ്ങളെ കാണുന്നവർക്കെങ്കിലും ഒരേ സമയം അത്ഭുതകരവും അസ്വാസ്ഥ്യജനകവുമാണ്.

സോമശേഖരന്റെ പുസ്തകത്തെ ഏതെങ്കിലും വിധത്തിലുള്ള വലിയ മൂല്യനിർണ്ണയനങ്ങൾക്കു വിധേയമാക്കുന്നതിന് ഈ ലേഖനം ആഗ്രഹിക്കുന്നില്ല. അതിനുള്ള ചരിത്ര പാണ്ഡിത്യം ഈ ലേഖകനില്ല താനും. സോമശേഖരന്റെ ചരിത്ര വായനകളുടെ മൂല്യനിർണ്ണയനത്തിലുപരി കേരള ചരിത്ര ഗവേഷണരംഗത്തെ അക്കാദമിക് സമൂഹത്തിന്റെ മൗനത്തെക്കുറിച്ചു പറയാൻ മാത്രമാണ് ഈ ലേഖനം ശ്രമിക്കുന്നത്.

ശിലാലിഖിതങ്ങളെ ആധാരമാക്കി വളരെ ഭദ്രമായ രീതിയിൽ അക്കാദമിക സമൂഹം കെട്ടിപ്പൊക്കിയതെന്നു സാമാന്യേന വിവക്ഷിക്കപ്പെടുന്ന മദ്ധ്യകാല കേരള ചരിത്രത്തിന്റെ നേർക്ക് സോമശേഖരൻ രൂക്ഷമായ പല പ്രതിവാദങ്ങളും ഉന്നയിക്കുന്നു.
ശിലാലിഖിതങ്ങളെ ആധാരമാക്കി വളരെ ഭദ്രമായ രീതിയിൽ അക്കാദമിക സമൂഹം കെട്ടിപ്പൊക്കിയതെന്നു സാമാന്യേന വിവക്ഷിക്കപ്പെടുന്ന മദ്ധ്യകാല കേരള ചരിത്രത്തിന്റെ നേർക്ക് സോമശേഖരൻ രൂക്ഷമായ പല പ്രതിവാദങ്ങളും ഉന്നയിക്കുന്നു.

കേരള ചരിത്ര ഗവേഷണരംഗത്തുള്ള അക്കാദമിക് സമൂഹത്തിന്റെ മൗനം സങ്കീർണ്ണമായ മാനങ്ങൾ കൈവരിക്കുന്നത് സോമശേഖരന്റെ ചില നിഗമനങ്ങളുടെയും അദ്ദേഹം ഉയർത്തുന്ന ചില പണ്ഡിതോചിതമായ സന്ദേഹങ്ങളുടെയും പശ്ചാത്തലത്തിലാണ്. അക്കാദമിക് സമൂഹം വാദിച്ചുറപ്പിച്ചുവച്ചിരിക്കുന്ന കാര്യങ്ങളെ സാധൂകരിക്കുന്ന തെളിവുകളെ കുറിച്ചോ നിഗമനങ്ങളെ കുറിച്ചോ മാത്രമാണ് അദ്ദേഹം എഴുതിയിരിക്കുന്നതെങ്കിൽ ഈ നിശ്ശബ്ദത ആരിലെങ്കിലും അസ്വാസ്ഥ്യജനകമായി തീരുമായിരുന്നില്ല.

എന്നാൽ, ശിലാലിഖിതങ്ങളെ ആധാരമാക്കി വളരെ ഭദ്രമായ രീതിയിൽ അക്കാദമിക സമൂഹം കെട്ടിപ്പൊക്കിയതെന്നു സാമാന്യേന വിവക്ഷിക്കപ്പെടുന്ന മദ്ധ്യകാല കേരള ചരിത്രത്തിന്റെ നേർക്ക് സോമശേഖരൻ രൂക്ഷമായ പല പ്രതിവാദങ്ങളും ഉന്നയിക്കുന്നു. ക്ഷേത്ര ലിഖിതങ്ങളെയും മറ്റും ആശ്രയിച്ച് ബ്രാഹ്‌മണ ജന്മിത്വത്തിന്റെ ക്ഷേത്രോൽപ്പത്തിക്കഥകൾക്ക് സാധൂകരണം നിർവ്വഹിക്കുന്ന പ്രവർത്തനമാണ് മദ്ധ്യകാലത്തെ കേരള ചരിത്ര രചനയിൽ സംഭവിച്ചിട്ടുള്ളതെന്ന് അദ്ദേഹം ആരോപിക്കുന്നു.

സന്ദേഹങ്ങൾ സൂക്ഷിക്കുകയും പുതിയ തെളിവുകൾ ശേഖരിക്കുന്നതിൽ ആമഗ്നരായിരിക്കുകയും അങ്ങനെ ശിലാലിഖിതങ്ങളുടെ സൂക്ഷ്മ പഠനത്തിൽ മുഴുകുകയും ചെയ്യുന്ന ചരിത്രരചനയുടെ ശാസ്ത്രീയമായ രീതിശാസ്ത്രം സ്വീകരിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ബ്രാഹ്‌മണ ജന്മിത്വത്തിന്റെ ക്ഷേത്രോൽപ്പത്തിക്കഥകൾക്ക് അനുബന്ധമെന്നോണം ക്ഷേത്ര ലിഖിതങ്ങളെ കാണുന്ന സമീപനമാണ് മിക്കവാറും സ്വീകരിക്കപ്പെട്ടിട്ടുള്ളത്.

എം.എം. സോമശേഖരൻ
എം.എം. സോമശേഖരൻ

നാടൻ പാട്ടുകൾ ഉൾപ്പെടെയുള്ള സാഹിതീയ വ്യവഹാരങ്ങളിലെ നിരവധിയായ തെളിവുകൾ ഉദ്ധരിച്ചു ചേർത്തുകൊണ്ടാണ് അക്കാദമിക് പണ്ഡിതന്മാർക്കു മുന്നിൽ സോമശേഖരൻ തന്റെ സന്ദേഹങ്ങൾ അവതരിപ്പിക്കുന്നത്. രാജ്യത്തെയും കേരള സംസ്ഥാനത്തെയും അക്കാദമിക് പദവികളിലിരിക്കുന്നവരും ശ്രേഷ്ഠരായ ചരിത്ര പണ്ഡിതരെന്നോ ഗവേഷകരെന്നോ നാം ഗണിക്കുന്നവരും ഉൾപ്പെടെ ചിലരുടെ പേരുകളും അവരുടെ കൃതികളും അദ്ദേഹം തന്റെ വിമർശന ലേഖനങ്ങളിൽ പരാമർശിക്കുന്നുണ്ടെന്ന കാര്യം ഇവരുടെയെങ്കിലും ശ്രദ്ധയും പ്രതികരണവും ഈ ലേഖനങ്ങൾ അർഹിക്കുന്നുവെന്ന് കാണിക്കുന്നതാണ്.

അതുകൊണ്ടുതന്നെ ഈ മൗനം അക്കാദമിക വിരുദ്ധമെന്ന പോലെ തന്നെ ജനാധിപത്യ വിരുദ്ധവുമാണ്. തന്റെ തെളിവുകൾക്ക് ചരിത്രകാരർ ഒരു വിശദീകരണം നൽകണമെന്ന് സോമശേഖരൻ പുസ്തകത്തിന്റെ മുഖവുരയിൽ താൽപ്പര്യപ്പെടുന്നുണ്ട്. സോമശേഖരൻ എഴുതി പ്രസിദ്ധീകരിക്കുന്നത് അബദ്ധജടിലമായ കാര്യങ്ങളാണെങ്കിൽ, അതിനെ പ്രതിരോധിക്കാനും ചരിത്രത്തെ രക്ഷിക്കാനും വേണ്ടിയെങ്കിലും ചരിത്രപണ്ഡിതന്മാർ പ്രതികരിക്കേണ്ടതുണ്ടല്ലോ?. പഴയകാല സാഹിതീയ വ്യവഹാരങ്ങളെ ചരിത്ര രചനയ്ക്കുള്ള അടിസ്ഥാന സാമഗ്രികളായി ഉപയോഗിക്കുന്നതിനെ അക്കാദമിക് ചരിത്രഗവേഷണത്തിന്റെ രീതിശാസ്ത്രം താൽപ്പര്യപ്പെടുന്നില്ലേ?.

നാടോടി സാഹിത്യത്തെ ചരിത്ര രചനാ സാമഗ്രികളായി ഉപയോഗിക്കുന്നതിനെ പരിഹസിക്കുന്ന ഒരു തരം വരേണ്യബോധം അക്കാദമിക് ചരിത്രഗവേഷണം പുലർത്തുന്നുണ്ടെന്ന് സോമശേഖരൻ ആരോപിക്കുന്നുണ്ട്. ഈ ആരോപണം യാഥാർത്ഥ്യമാണോ?

കേരളചരിത്രപഠനത്തിൽ അങ്ങനെയൊരു വീക്ഷണം പ്രവർത്തിക്കുന്നുണ്ടോ?. സാഹിത്യവും ചരിത്രവും പങ്കിട്ടെടുക്കേണ്ട ഭൂമികൾ വിശാലമായി വരുകയാണെന്നാണ് കേശവൻ വെളുത്താട്ട് എഴുതി കണ്ടിട്ടുള്ളത്. എച്ച്.ഡി. സങ്കാലിയ ഒരു രാമായണപദ്യം ഉദ്ധരിച്ചു കൊണ്ടും ഇളംകുളം കുഞ്ഞൻപിള്ള പുറനാനൂറിലെ ഒരു പാട്ടിനെ കുറിച്ചു പറഞ്ഞുകൊണ്ടും എത്തിച്ചേരുന്ന ചരിത്രപരമായ വ്യാഖ്യാനങ്ങളെ ചൂണ്ടിക്കൊണ്ടാണ് വെളുത്താട്ട് ആ ലേഖനം ആരംഭിക്കുന്നതു തന്നെ.

ചരിത്രകാരൻ സാഹിത്യം വായിക്കുന്ന സവിശേഷമായ വീക്ഷണകോണിനെ കുറിച്ച് അദ്ദേഹം പറയുന്നു. റൊമില ഥാപ്പറുടെ പ്രശസ്തമായ ശാകുന്തളം വായനയെ കുറിച്ച് നമുക്കറിയാം. വെളുത്താട്ട് തന്റെ ലേഖനത്തിലെ ആശയം നന്നായി വ്യക്തമാക്കുന്നതിന് ഉപയോഗിക്കുന്നത് ഥാപ്പറുടെ ശാകുന്തളം വായനകളാണു താനും. റൊമില ഥാപ്പർ സ്വീകരിക്കുകയും കേശവൻ വെളുത്താട്ട് എടുത്തു പറയുകയും ചെയ്യുന്ന ചരിത്രപഠനത്തിനുള്ള സാമഗ്രിയാണ് സാഹിതീയ വ്യവഹാരങ്ങളെങ്കിൽ സോമശേഖരൻ ആ വഴി സ്വീകരിക്കുന്നതിൽ എന്താണ് പ്രശ്നം?. ചരിത്രകാരർ സാഹിതീയ വ്യവഹാരങ്ങളെ കാണേണ്ട വീക്ഷണകോണിലൂടെയല്ല സോമശേഖരൻ കാണുന്നതെന്ന അഭിപ്രായം അക്കാദമിക ചരിത്രകാരന്മാർക്കുണ്ടോ?. എങ്കിൽ, അത് എടുത്തു പറഞ്ഞ് അദ്ദേഹത്തിന്റെ നിഗമനങ്ങളെ നിരസിക്കുന്നതല്ലേ ഉചിതമായ മാർഗ്ഗം?.

ചരിത്രകാരർ സാഹിതീയ വ്യവഹാരങ്ങളെ കാണേണ്ട വീക്ഷണകോണിലൂടെയല്ല സോമശേഖരൻ കാണുന്നതെന്ന അഭിപ്രായം അക്കാദമിക ചരിത്രകാരന്മാർക്കുണ്ടോ?. എങ്കിൽ, അത് എടുത്തു പറഞ്ഞ് അദ്ദേഹത്തിന്റെ നിഗമനങ്ങളെ നിരസിക്കുന്നതല്ലേ ഉചിതമായ മാർഗ്ഗം?.

ഇനി, സാഹിത്യരേഖകൾ ചരിത്രപഠനത്തിന് ഉപയോഗിക്കുന്നതിന്റെ പരിമിതികളെ കുറിച്ച് സോമശേഖരൻ തന്നെ ഒരു ലേഖനത്തിൽ എഴുതുന്നുണ്ട്. സാഹിതീയ രേഖകളുടെ പ്രസക്തി എത്രത്തോളം എന്നതിനെ കുറിച്ച് അദ്ദേഹവും ആലോചിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. സോമശേഖരന്റെ പുസ്തകത്തിൽ നിന്നു തന്നെ ഉദ്ധരിക്കാം. 'തോറ്റം പാട്ടും വടക്കൻപാട്ടും പോലുള്ള നാടോടി വിജ്ഞാനങ്ങളെ ചരിത്രത്തിന്റെ തെളിവു സാമഗ്രിയായി എത്രമാത്രം ആശ്രയിക്കാമെന്നതിനെ കുറിച്ച് ചില ചർച്ചകൾ ഇവിടെ നടന്നിട്ടുണ്ട്.

ഇവയിലെ കഥകളിൽ നിന്നും പ്രത്യക്ഷ പരാമർശങ്ങളിൽ നിന്നുമെല്ലാം നേരിട്ടു ചരിത്രമെഴുതുന്ന എളുപ്പചരിത്രം ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇത്തരമൊരു ചോദ്യം ചെയ്യൽ തീർത്തും ആവശ്യവും ശരിയുമായിരിക്കുമ്പോൾ തന്നെ, പാശ്ചാത്യതയിലൂന്നുന്ന ചില സാർവ്വത്രിക പഠനങ്ങളുടെ വെളിച്ചത്തിലുള്ള ഈ വിമർശനങ്ങളുടെ പരിമിതി കൂടി ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ടെന്നു തോന്നുന്നു. 'ഇവയെ ചരിത്രപഠനത്തിന് എങ്ങനെ ഉപയോഗിച്ചു കൂടാ' എന്നു പറയുമ്പോൾ തന്നെ, നമ്മുടേതു പോലെ ലിഖിത ചരിത്ര തെളിവുകൾ വളരെ കുറച്ചുള്ള ഒരു സമൂഹത്തിൽ ഇവയെ അനുകൂലമായി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം കൂടുതൽ പരിഗണിക്കേണ്ടതുണ്ടെന്നു തോന്നുന്നു. തുടർന്ന് സാഹിതീയ പാഠങ്ങളുടെ കാലഗണന ഏറെ പ്രയാസകരമാണെന്ന കാര്യത്തെ അദ്ദേഹം എടുത്തെഴുതുകയും ചെയ്യുന്നു.

വാസ്‌കോഡഗാമ
വാസ്‌കോഡഗാമ

മുകളിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ നിർദ്ദേശം കൂടുതൽ സവിശേഷമായ രീതിയിൽ മറ്റൊരു സന്ദർഭത്തിൽ, മറ്റൊരു ലേഖനത്തിൽ സോമശേഖരൻ എഴുതുന്നുണ്ട്. രാജൻ ഗുരുക്കളും രാഘവ വാരിയരും ചേർന്നെഴുതിയ കേരള ചരിത്ര പുസ്തകത്തിൽ വാസ്‌കോഡഗാമയുടെ വരവുവരെയുള്ള കാലത്തെ ജാതിവ്യവസ്ഥയെ കുറിച്ചുള്ള പരാമർശങ്ങളെ കുറിച്ചു അദ്ദേഹം പറയുന്നു. ആനുഷംഗികമായ പരാമർശങ്ങൾ മാത്രം വരാൻ കാരണം ആ കാലത്തിന്റെ മൗലിക പ്രമാണങ്ങളിൽ ജാതിയെ കുറിച്ച് വ്യക്തമായ അറിവുകൾ തരുന്ന കൃതികൾ തന്നെ ദുർലഭമാണെന്ന രാഘവവാരിയരുടെ ഒരു അഭിമുഖത്തിലെ വാക്കുകളോടു പ്രതികരിക്കുന്നു. അറിവിന്റെ ദൗർല്ലഭ്യം തന്നെ തെളിവായെടുത്ത് വാമൊഴി, വരമൊഴി സാഹിത്യത്തിലെ ലഭ്യമായ തെളിവുകളെ ഇതിനോടു ചേർത്തുവച്ചാൽ അവ്യക്തമെങ്കിലും പിന്നീടുള്ള അന്വേഷണങ്ങൾക്കു വഴി തുറക്കാവുന്ന ചില കാര്യങ്ങൾ കിട്ടുമെന്നാണ് സോമശേഖരൻ എഴുതുന്നത്. എഴുത്തുകാരൻ ഇവിടെ നിർദ്ദേശിക്കുന്ന മാർഗ്ഗത്തോട് ഋണാത്മകമായെങ്കിലും കാരണ സഹിതം പ്രതികരിക്കാനുള്ള ഉത്തരവാദിത്തം അക്കാദമിക് സമൂഹം കാണിക്കേണ്ടതല്ലേ?.

രാജൻ ഗുരുക്കളും രാഘവവാരിയരും ചേർന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട നാളുകളിൽ അവരും എം.ജി.എസും തമ്മിലുണ്ടായ ഒരു വിവാദത്തെ ഭാഷാകൗടലീയത്തെ കുറിച്ചുള്ള ലേഖനത്തിൽ എഴുത്തുകാരൻ പരാമർശിക്കുന്നുണ്ട്.
രാജൻ ഗുരുക്കളും രാഘവവാരിയരും ചേർന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട നാളുകളിൽ അവരും എം.ജി.എസും തമ്മിലുണ്ടായ ഒരു വിവാദത്തെ ഭാഷാകൗടലീയത്തെ കുറിച്ചുള്ള ലേഖനത്തിൽ എഴുത്തുകാരൻ പരാമർശിക്കുന്നുണ്ട്.

ഗുരുക്കളും വാരിയരും ചേർന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട നാളുകളിൽ അവരും എം.ജി.എസും തമ്മിലുണ്ടായ ഒരു വിവാദത്തെ ഭാഷാകൗടലീയത്തെ കുറിച്ചുള്ള ലേഖനത്തിൽ എഴുത്തുകാരൻ പരാമർശിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ ഊരും സഭയും ഒന്നായിരുന്നുവെന്ന എം.ജി.എസിന്റെ അഭിപ്രായത്തിനു വിരുദ്ധമായി അതു രണ്ടായിരുന്നുവെന്ന വീക്ഷണമാണ് ഗ്രന്ഥകാരന്മാർ സ്വീകരിച്ചിരുന്നത്. വി.ആർ. പരമേശ്വരൻ പിള്ള, കെ.വി. സുബ്രഹ്‌മണ്യഅയ്യർ എന്നിവരുടെ നിരീക്ഷണങ്ങളെ സൂചിപ്പിക്കുന്നതോടൊപ്പം ഭാഷാകൗടലീയം ഈ സന്ദേഹത്തെ ഒരിക്കൽ കൂടി നിവർത്തിച്ചു തരുമെന്ന് സോമശേഖരൻ എഴുതുന്നു. പ്രകരണം ഒമ്പതിൽ സഭയെ ബ്രാഹ്‌മണസഭയെന്നും ജനസമവായം എന്നതിനെ ജനപദത്തിലുള്ള ഊർകൂട്ടമെന്നും ഭാഷാകൗടലീയം ഭാഷാന്തരപ്പെടുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആ ലേഖനം അവസാനിക്കുന്നത് ഈ വാക്കുകളോടെയാണ്. 'കേരളചരിത്രത്തിന്റെ പല ദശാസന്ധികളും മങ്ങൂഴത്തിൽ പെട്ടു കിടക്കുന്നുവെന്നു പറയുന്ന ചരിത്രകാരന്മാരുടെ തന്നെ കാഴ്ചയ്ക്കും അതിലൊരു പങ്കുണ്ടെന്നതിന് ഈ ഭാഷാകൗടലീയ പ്രശ്നം ഒരു സൂചകമാകുന്നുണ്ട്.

പി.കെ. ബാലകൃഷ്ണന്റെ ചരിത്രപുസ്തകത്തോടുള്ള അക്കാദമിക വിമർശത്തെ സ്വീകരിച്ചു കൊണ്ട് അദ്ദേഹത്തിനു തെളിവു സാമഗ്രികളുടെ കുറവുണ്ടായിരുന്നു എന്നു പറയുന്നതോടൊപ്പം തെളിവുസാമഗ്രികൾ സുഭിക്ഷമായ അക്കാദമിക് ലോകത്തിന് ചരിത്രരചനയ്ക്കാവശ്യമായ സൃഷ്ടിപരമായ ഭാവനയുടെ ദാരിദ്ര്യമുണ്ടെന്നു കൂടി പുസ്തക കർത്താവ് പറയുന്നു.
ഇങ്ങനെ, വിവിധ രീതികളിൽ പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളിലായി തന്റെ രീതിശാസ്ത്ര നിർദ്ദേശവും വിമർശനവും സോമശേഖരൻ വിശദമാക്കുന്നു. ഇതിനോട് യോജിക്കാൻ കഴിയുന്നില്ലെങ്കിൽ വിയോജന പ്രസ്താവനകളെങ്കിലും അക്കാദമിക സമൂഹത്തിൽ നിന്നും ഉണ്ടാകേണ്ടതാണ്. അത് ധൈഷണികമായ സത്യസന്ധതയുടെ കൂടി പ്രശ്നമാണല്ലോ? അക്കാദമിക് സമൂഹത്തിന്റെ മൗനം അതിന്റെ പരാജയത്തിന്റെ ലക്ഷണമായല്ലാതെ മറ്റൊന്നായി മനസ്സിലാക്കാൻ ഇതിലൊക്കെ താൽപ്പര്യമുള്ള സാമാന്യ ജനതയ്ക്കു കഴിയുമെന്നു തോന്നുന്നില്ല. ഈ പുസ്തകത്തിന്റെ വായനക്കാർ അഭിമുഖീകരിക്കുന്ന രണ്ടു പ്രശ്നങ്ങളെ കുറിച്ചു കൂടി സൂചിപ്പിക്കണം. എഴുത്തുകാരൻ മുന്നോട്ടുവയ്ക്കുന്ന നിഗമനങ്ങൾ പുസ്തകത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ സംഗ്രഹിക്കപ്പെട്ടിട്ടില്ല. ഒറ്റയൊറ്റ ലേഖനം എടുത്താലും നിഗമനങ്ങളുടെ സംഗ്രഹീതരൂപം അനായാസം ലഭ്യമല്ല. നിഗമനങ്ങൾ പല ലേഖനങ്ങളുടെയും പല ഭാഗങ്ങളിലായി ചിതറി കിടക്കുന്നു. പല കാലങ്ങളിൽ എഴുതിയ ലേഖനങ്ങൾ ഒരു സമ്പൂർണ്ണമായ എഡിറ്റിങ്ങിനു വിധേയമാക്കാതെ സമാഹരിച്ചതിന്റെ പ്രശ്നമാണിത്. വായനക്കാരനോടല്ല, തന്നോടു തന്നെ സംസാരിക്കുന്ന എഴുത്തുകാരനെയാണ് പല ഭാഗങ്ങളിലും കണ്ടുമുട്ടുക. അത് വ്യത്യസ്തമായ ഒരു രീതിയാണ്. തന്നോടു തന്നെ സംസാരിച്ചു കൊണ്ട് സ്വയം പഠിപ്പിക്കുന്ന അദ്ധ്യാപകരുണ്ട്. അത് പലപ്പോഴും അതീവക്ഷമതയോടെ വിദ്യാർത്ഥികളിലേക്ക് ആശയങ്ങളെ പകരാറുണ്ട്. പക്ഷേ, ഇവിടെ പുസ്തകരചനയിൽ അതു വിജയകരമാകുന്നില്ല. 'വിശ്വസിച്ചയാളുമാണദ്ദേഹം', 'മുൻനിർത്തിയൊരന്വേഷണമാണിത്'എന്നിങ്ങനെ നാലും അഞ്ചും വാക്കുകൾ കൂട്ടിച്ചേർത്തു പിരിച്ചു നിർമ്മിക്കുന്ന പദസമുച്ചയങ്ങളും വായനയെ ആയാസമുള്ളതാക്കുന്നു.

അവലംബം, പരാമർശങ്ങൾ:

1. ചരിത്രകേരളം: സോമശേഖരൻ, പുസ്തകപ്രസാധകസംഘം, കോഴിക്കോട്, 2024
2. കേരളചരിത്രം: രാഘവവാരിയർ, രാജൻഗുരുക്കൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 1991
3. സാഹിത്യവും ചരിത്രവും - ധാരണയുടെ സാദ്ധ്യതകൾ: കേശവൻ വെളുത്താട്ട്, മാതൃഭൂമി, 2013
4. Sakuntala - Texts, Readings, Histories : Romila Thapar, Women Unlimited, 2010


Summary: The book "Charitrakeralam," written by Somasekharan, is a compilation of sixteen essays written at different times about medieval Kerala.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments