‘ആ നദിയോട് പേരു ചോദിക്കരുത്’; ഇസ്രായേലി കണ്ണിലൂടെ ഒരു പലസ്തീൻ പ്രമേയം

ഷീല ടോമി എഴുതിയ ആ നദിയോട് പേരു ചോദിക്കരുത് എന്ന നോവൽ പലസ്തീനുവേണ്ടി എഴുതപ്പെട്ടതാണെങ്കിലും രാഷ്ട്രീയപരമായി എതിർപക്ഷത്തു നിൽക്കുന്ന ഒന്നാണെന്ന വിമർശനമുന്നയിക്കുകയാണ് സിദ്ദിഹ. ഇസ്രായേലിന്റെ കണ്ണിലൂടെ പലസ്തീൻ ചരിത്രമെഴുത്തു നടത്തിയപ്പോൾ സംഭവിച്ച പാളിച്ചയാണിതെന്നും അവർ എഴുതുന്നു.

ലസ്തീൻ പ്രശ്നത്തെ കേന്ദ്ര പ്രമേയമാക്കി ഷീല ടോമി എഴുതിയ നോവലാണ് ആ നദിയോട് പേരു ചോദിക്കരുത് (2021). പലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായി മലയാളത്തിൽ അറിയപ്പെട്ട കൃതിയാണിത്. സഹപ്രവർത്തകയായ പലസ്തീൻ സ്വദേശി മുനായിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എഴുതിയതാണെന്ന് ആമുഖത്തിൽ എഴുത്തുകാരി പറയുന്നു. അതിദാരുണജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്ന നാലു പലസ്തീനികൾ വികാരതീവ്രമായ ഡയറിക്കുറിപ്പുകളിലൂടെയും കവിതകളിലൂടെയും ഈ നോവലിൽ കടന്നുവരുന്നുണ്ട്. കേരളത്തിൽ നിന്ന് ജറുസലേമിൽ ഒരു ജൂത കുടുംബത്തിൽ മെത്തപെലേത് (ഹോം നേഴ്സ്) ആയി എത്തുന്ന വയനാട്ടുകാരിയായ റൂത് എന്ന സ്ത്രീയിലൂടെയാണ് ഈ നോവൽ അധിനിവേശഭൂമിയുടെ ചരിത്രം പറയുന്നത്.

നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ലോകമനസ്സാക്ഷിയുടെ ശ്രദ്ധയും ചർച്ചയും ആവശ്യപ്പെടുന്ന പ്രശ്നമാണ് പലസ്തീൻ. കാലക്രമേണ, പരിഹരിക്കപ്പെടുകയല്ല അതിസങ്കീർണമായിത്തീരുകയാണ് ആ പ്രശ്നം. അത് കേവലം ഒരു ഭൂപ്രദേശത്തിന്മേലുള്ള പോരാട്ടമായല്ല, മറിച്ച് അനേകം ആശയാഖ്യാനങ്ങളുടെ സമ്മിശ്രസംഘർഷമായാണ് കാണ​പ്പെടുന്നത്. ആശയപ്പോരാട്ടങ്ങൾ ഉടലെടുക്കുമ്പോൾ അധിനിവേശശക്തികൾ തങ്ങൾക്ക് അനുകൂലമായതിന് പിന്തുണ കൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും, അതാണ് പിന്നീട് പൊതുബോധത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാവുക.

ഇത്തരം സന്ദർഭങ്ങളിലാണ് സാമൂഹിക പ്രവർത്തകരും ഉത്തരവാദ ബോധമുള്ള എഴുത്തുകാരും രാഷ്ട്രീയജാഗ്രത പുലർത്തേണ്ടത്. നിർഭാഗ്യവശാൽ ഈ നോവലിൽ ആ രാഷ്ട്രീയ ജാഗ്രത എഴുത്തുകാരി കൈക്കൊണ്ടിട്ടില്ല എന്നതാണ് കാതലായ വിമർശനം. മാത്രമല്ല, ഇതിലൂടെ മനഃപൂർവ്വമോ അല്ലാതെയോ പ്രവർത്തിക്കുന്ന ഒളിഗാർക്കി രാഷ്ട്രീയത്തെക്കൂടി പുറത്തു കൊണ്ടുവരാനും അത്തരം സാഹിത്യകൃതികൾ പകരുന്ന സന്ദേശം എങ്ങനെയാണ് പല തവണയായി ആമിർ ഓറിനെപ്പോലുള്ളവരെ ആഘോഷിക്കാൻ വരെ കാരണമാകുന്നു എന്നും ചർച്ച ചെയ്യാനുള്ള ശ്രമം കൂടിയാണിത്.

43 അധ്യായങ്ങളുള്ള നോവലിൽ വരുന്ന 85 കഥാപാത്രങ്ങളിൽ അഞ്ചു പേർ മാത്രമാണ് പലസ്തീനികൾ, അതിൽ മൂന്നുപേർ സഹോദരങ്ങളും. അവരിലൊരാൾ വളരെ ചെറുപ്പത്തിൽ മരിച്ചുപോകുന്നു. തലക്കെട്ടുകളിലധികവും ഹീബ്രു പദങ്ങളും നോവലിന്റെ അവസാന ഭാഗത്ത് ഹീബ്രു ശബ്ദാവലിയും ചേർത്തിട്ടുണ്ട്.

പലസ്തീനോട് സഹതാപം വരുത്തുന്ന എഴുത്തുകൾ പലയിടത്തും ഉണ്ടെങ്കിലും ഇസ്രായേൽ എന്ന രാജ്യവും ബിബ്ലിക്കൽ മിത്തുകളും ജൂത- ക്രിസ്ത്യൻ ആഖ്യാനങ്ങളുമൊക്കെയാണ് ഈ നോവലിലുടനീളം അധികമായി കാണാൻ കഴിയുന്നുള്ളൂ. വളരെയധികം ജൂതജീവിത പരിസരങ്ങളും ബിംബങ്ങളും രൂപകങ്ങളും പരിചയപ്പെടുത്തുന്ന നോവൽ എഴുത്തുകാലത്തിന്റെ തുടക്കത്തിൽ തന്നെ മരിച്ച ഡോ. എയിലേത് മസാറിനെ ഓർമിക്കുന്നുണ്ട്. അതിങ്ങനെയാണ്: Fearless biblical archeologist who unearthed King David’s palace in the city of David leaves a lasting contribution to the understanding of archaeology and history of ancient Israel and Jews. (ദാവീദിന്റെ പട്ടണത്തിൽ ദാവീദ് രാജാവിന്റെ കൊട്ടാരം ഖനനം ചെയ്തെടുക്കുക വഴി പുരാതന ഇസ്രയേലിന്റെയും ജൂതന്മാരുടെയും പുരാവസ്തുശാസ്ത്രവും ചരിത്രവും മനസ്സിലാക്കാൻ ശാശ്വതസംഭാവനകൾ നൽകിയ, നിർഭയയായ ബിബ്ലിക്കൽ ഗവേഷക). പലസ്തീനുവേണ്ടി എഴുതപ്പെട്ട നോവൽ തുടക്കത്തിൽ തന്നെ രാഷ്ട്രീയപരമായി എതിർപക്ഷത്തു നിൽക്കുന്നു.

പലസ്തീൻ എന്ന രാഷ്ട്രത്തിന്മേൽ ഇസ്രായേലികൾക്കുള്ള അവകാശം എന്താണ് എന്നതാണ് ഖനനാവശിഷ്ടങ്ങളിലൂടെയും തോറ- ബിബ്ലിക്കൽ ആഖ്യാനങ്ങളിലൂടെയും ഈ നോവൽ അതിന്റെ ഖുമ്രാൻ ചുരുളുകൾ നിവർത്തി പറഞ്ഞു തരുന്നത്. ഖനനം ചെയ്തെടുക്കുന്ന പുരാവസ്തുക്കൾ കൊണ്ടുള്ള അവകാശപ്രഖ്യാപനത്തിന്റെ അപകടങ്ങൾ ഇന്നത്തെ ഇന്ത്യക്കാരോട് പ്രത്യേകം പറയണമെന്നില്ല. ബാബരിയുടെ താഴെ രാമക്ഷേത്രവും ഗ്യാൻ വ്യപിയിൽ ശിവലിംഗവും കടലിനടിയിൽ ദ്വാരകയും കണ്ടെത്തുന്ന പ്രോപഗാന്റ രസതന്ത്രം തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് തോന്നുന്നില്ല.

ഈ നോവലിലെ നായകകഥാപാത്രം അഷേർ ഹീബ്രു യൂണിവേഴ്സിറ്റിയിലെ ‘ആർക്കിയോളജിസ്റ്റാണ്’. അതേ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ ഇറാഖിൽ നിന്നു കുടിയേറിയ ദാവീദ് മെനഹേമിന്റെ മകനാണ് അഷേർ. ashkenazim വംശജയാണ് മാതാവ്. നാലു തരം ജൂതവംശങ്ങളുണ്ടെന്നു പറയപ്പെടുന്നു. Ashkenazim എന്ന വാക്കിന് ജർമൻ എന്നാണ് ഹിബ്രുവിലർത്ഥം. പ്രധാനമായും ജർമനി, പോളണ്ട്, യുക്രെയ്ൻ ഭാഗത്ത് വേരുകളുള്ള ഇവരാണ് ഇന്ന് കാണുന്ന ജൂതന്മാരുടെ 94%. ഇവർക്ക് പലസ്തീനുമായി വേരുകളില്ലെങ്കിലും ഇവരാണ് settler കോളോണിയലിസത്തിന്റെ വക്താക്കൾ.

ഇവരിൽ തന്നെ തീവ്രദേശീയതാവാദം പുലർത്തുന്ന നാഷണലിസ്റ്റു സയണിസ്റ്റുകളും ജൂത സെറ്റിൽമെന്റുകൾ (കിബുട്ടുകൾ) സ്ഥാപിച്ചു പലസ്തീൻ ഭൂമിയിൽ അധികാരത്തിലൂടെയല്ലാതെ കയ്യേറണമെന്നു വിശ്വസിക്കുന്ന സോഷ്യലിസ്റ്റ് സയണിസ്റ്റുകളും ഉണ്ട്. സോഷ്യലിസ്റ്റു സയണിസ്റ്റുകളാണ് പിന്നീട് പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുകയും യാസർ അറാഫാത്തുമായി കൈകോർത്തു ഫത്താഹ് എന്ന സംഘടന ഉണ്ടാവുകയും ചെയ്യുന്നത്. ഇവരാണ് ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് വെച്ചത്. അതായത് ‘സമാധാനപരമായി’ പലസ്തീന്റെ 80 ശതമാനം ഭൂമി വേണമെന്ന് ഉടമ്പടി (Oslo accords) വെച്ചത്. കയ്യേറിയിടത്തെല്ലാം അതിരുകൾ സ്ഥാപിച്ച് പലസ്തീനെ നക്ബയിലേക്ക് വഴിനടത്തിയത് ആഷ്‌കിനാസി വംശാവലിയിലുള്ളവരാണ്.

യാസർ അറാഫാത്ത്

മറ്റൊരു വിഭാഗമായ Sephardic ജൂതന്മാർ സ്‍പാനിഷ് പാരമ്പര്യമുള്ളവരാണ്, ഇവരിൽ തന്നെ അറബ് ജൂതന്മാർ മിർസാഹി എന്നാണ് അറിയപ്പെടുന്നത്. മിർസാഹി ജൂതന്മാർക്ക് മാത്രമാണ് പലസ്തീനിൽ വേരുകളുള്ളത്. ഇവരാകട്ടെ, പ്രധാനമായും ഈജിപ്ത്, സിറിയ, പലസ്തീൻ, ജോർദാൻ, തുർക്കി, തുടങ്ങി മിഡിലീസ്റ്റ് രാജ്യങ്ങളിൽ തന്നെയാണ് അധിവസിക്കുന്നത്. പിന്നെയുള്ളത് ashkenazi-കളാൽ വംശഹത്യ ചെയ്യപ്പെട്ട എത്യോപ്യൻ ജൂതന്മാരാണ്. 2013- ൽ പോലും എത്യോപ്യൻ ജൂതവംശജരെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

അതായത്, പലസ്തീനിന്റെ തീരായുദ്ധത്തിലേക്ക് വഴിനടത്തിച്ച വംശശുദ്ധിവാദം മുന്നോട്ട് വെക്കുന്ന ആഷ്കെനാസി കുടുംബത്തിലൂടെ തന്നെ പലസ്തീനിന്റെ കഥ പറയണമെന്ന് തെരെഞ്ഞെടുത്ത എഴുത്തുകാരിയുടെ വഴിയാണ് നമ്മെ സന്ദേഹത്തിലെത്തിക്കുന്നത്.

അഷേറിന്റെ സുഹൃത്തായാണ് പ്രധാന പലസ്തീൻ കഥാപാത്രം സഹൽ അൽഫാദി പ്രത്യക്ഷപ്പെടുന്നത്. പലസ്തീൻ പ്രവിശ്യകളിൽ സംഘട്ടനം നടക്കുമ്പോഴെല്ലാം തിരോധാനം സംഭവിക്കുന്ന ഈ കഥാപാത്രം പല തവണകളായി പോലീസ് പിടിയിൽ അകപ്പെടുകയും ചെയ്യുന്നു. എടുത്തുചാട്ടക്കാരനായ സഹലിന്റെ രക്ഷകനായാണ് അഷേർ ഇതിൽ പ്രത്യക്ഷപ്പെടുന്നത്. സഹലിന്റെ സഹോദരി സാറായുമായി അഷെറിനുള്ള പ്രണയവും നോവലിൽ വിഷയമാകുന്നു.

ഈ നോവലിൽ അഷെറിന്റെ സഹോദരി ലയ ‘ഹൈഫ’ ഓയിൽ റിഫൈനറിയിൽ ജോലി ചെയ്യുന്നു. ഹൈഫ ഓയിൽ റിഫെനറിയുടെ ചരിത്രമറിഞ്ഞു കൊണ്ടാണോ ഇങ്ങനൊരു വിവരണം അതിൽ വന്നത് എന്നറിഞ്ഞുകൂടാ. കാരണം, ഹൈഫ, റഫാ, ജെനിൻ, ബിസാൻ എന്നിവ പലസ്തീനെ സാമ്പത്തികമായി നിലനിർത്തിയിരുന്ന പട്ടണങ്ങളായിരുന്നു. തങ്ങളിൽ നിന്ന് പിടിച്ചെടുത്ത ഈ പട്ടണങ്ങളുടെ പേരുകൾ ഇപ്പോഴും തങ്ങളുടെ കുട്ടികൾക്ക് ഇട്ടുകൊണ്ടാണ് പലസ്തീനികൾ ആ ഓർമകൾക്ക് ജീവൻ കൊടുക്കുന്നത്. പലസ്തീനിന്റെ ഇത്തരം ചരിത്രവസ്തുതകളെ അദൃശ്യവൽക്കരിച്ചാണ് ഈ നോവൽ നമ്മോട് കഥ പറയുന്നത്.

ഇസ്രായേസ്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട ഗാസ നഗരം

കെഫിയ (പലസ്തീൻ ശിരോവസ്ത്രം), കനാഫി, ഹരീസ (പലസ്തീൻ വിഭവങ്ങൾ) തുടങ്ങി അറബ് പലസ്തീനികളുടെ അടയാളങ്ങൾ അവിടവിടെ പ്രത്യക്ഷമാവുമ്പോഴും അവരുടെ ഖുബ്ബൂസും ഫലഫിലും ക്‌നാഫയും മുത്തബലും ലബ്നെയും ജൂതവിഭവങ്ങളായാണ് ഈ നോവലിൽ പരിചയപ്പെടുത്തുന്നത്. മറ്റനേകം ജൂത വിഭവങ്ങളും ജൂത-ക്രിസ്ത്യൻ മതാഘോഷചിഹ്നങ്ങളും പദങ്ങളും വിവരണങ്ങളും തോറ- ബൈബിൾ വചനങ്ങളും ധാരാളമായി പ്രത്യക്ഷ്യപ്പെടുന്നുണ്ട് നോവലിൽ (അഹോത്, ആഹ്, അവീവ്, റോഷ് ഹഷ്‌ന, യോം കിപ്പൂർ, മെസൂസ, ഹനൂക്ക, ഹൊറാ, ഷബാത്, മസാദ, പ്രേതത്ത, ബിത്വഹ്ലൂമി, ശാലോം ലെ കുലാം, ഷാനാ തോവാ, റബ്ബി, വിയ ദോലോറോസാ,ഹാവേർ, നുസ്റിം, ആലിയ, സങ്കീർത്തനം, പ്രഭാഷകൻ, ജോബിന്റെ പുസ്തകം, യോനായുടെ പുസ്തകം, ലൂക്കയുടെ പുസ്തകം, മത്തായിയുടെ സുവിശേഷം).പലതും അദ്ധ്യായങ്ങളുടെ തലക്കെട്ടുകളാണ്. എന്നാൽ അറബ് ചിഹ്നങ്ങളോ പദങ്ങളോ ഏറെക്കുറെ അദൃശ്യമാണ്.

അദൃശീകരണം മാത്രമല്ല, ഇസ്രായേൽ ജനതയെ ഇരകളായി ചിത്രീകരിക്കുന്ന ചരിത്രപരമായ ചില തെറ്റുകൾ കൂടി ഇതിൽ കാണുന്നുണ്ട്. ഹോളോകാസ്റ്റും ജൂതപലായനവും (ആലിയ) മാത്രമല്ല, രണ്ടാം ലോക മഹായുദ്ധകാലത്തെ റേഡിയോ സംപ്രേഷണമായി വിവരിക്കുന്ന വരികൾ ഇങ്ങനെയാണ് (പേജ് 83): ഇസ്രയേലിനെതിരെ പോരാടാൻ സമ്മതമുള്ള കുറ്റവാളികളെ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവാണത്. 1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു, 1948- ൽ രൂപീകൃതമാവാനിരിക്കുന്നതേയുള്ളു ഇസ്രായേൽ. എങ്കിൽ റേഡിയോ സംപ്രേഷണത്തിൽ വന്ന ‘ഇസ്രായേൽ’ ഏതാണ്? ഇസ്രായേൽ എന്ന രാജ്യം ജൂതന്മാരുടേത് മാത്രമായി ഇവിടെ നിലനിന്നിരുന്നുവെന്ന് വരുത്തിത്തീർക്കാൻ ഇസ്രായേൽ പ്രചരിപ്പിക്കുന്ന ഇത്തരം വിവരണങ്ങൾ നോവലിലൂടെ പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്?

അഷെറിന്റെ മാതാവായ ഈമായുടെ മാതാവ് കൊല്ലപ്പെടുന്നത് അവരുടെ ചെറുപ്പത്തിൽ ‘ഹമാസ്’ നടത്തിയ ഭീകരാക്രമണത്തിലാണ്. (പേജ് 159) അതിനാലാണ് ഈമയ്ക്ക് പലസ്തീനികളോട് ഇത്ര ദേഷ്യം. അഷേറും ദാവീദും ഈമായ്ക്ക് പിന്തുണ നൽകാത്ത നല്ലവരായ ജൂതന്മാരാണ്. ഹിബ്രു യൂണിവേഴ്സിറ്റിയിൽ ആർക്കിയോളജി പഠിക്കുന്ന ആഷെറിന്റെ അമ്മയുടെ പ്രായം എത്രയായിരിക്കും? 1987- ൽ മാത്രം രൂപീകൃതമായ ഹമാസ് എങ്ങനെയാണ് അഷേറിന്റെ മുത്തശ്ശിയുടെ കൊലയാളിയാകുന്നത്?

ജെറുസലേം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹിബ്രു യൂണിവേഴ്സിറ്റി

പേജ് 105ൽ വിവരിക്കുന്ന ആലിയ എന്ന ജൂതരുടെ തിരിച്ചുപോക്ക്. ഒന്നാം നൂറ്റാണ്ടിൽ റോമാക്കാർ ജറുസലേമിൽ നിന്ന് ജൂതരെ തുരത്തിയോടിച്ചെന്നും ലോകമെങ്ങും അവരനുഭവിച്ച കൊടും പീഡകൾക്കു ശേഷം അവർ വാഗ്ദത്ത ഭൂമിയിലേക്ക് ‘തിരിച്ചു’ പോകുന്നുവെന്നും വിവരിക്കുന്നു. ഇതുതന്നെയല്ലേ സയണിസം മുന്നോട്ടു വെക്കുന്ന ചരിത്രം.

പലസ്തീനിന്റെ ചരിത്രം പറയുമ്പോഴെല്ലാം ഇറാക്കിൽ നിന്ന് പലസ്തീനിലേക്ക് പലായനം ചെയ്ത അബ്രഹാമിൽനിന്ന് തുടങ്ങുകയും അബ്രഹാമിന്റെ പേരക്കുട്ടി യാക്കൂബിന്റെ (യാക്കൂബിന്റെ മറ്റൊരു പേരു കൂടിയാണ് യിസ്രായേൽ) മക്കളായി ജൂതന്മാരെ അവതരിപ്പിക്കുകയും അതുവഴി പലസ്തീനിൽ അവകാശവാദമുന്നയിക്കുകയും ചെയ്യുന്നതല്ലേ 1948 മുതൽ സയണിസ്റ്റുകൾ ചെയ്തു കൊണ്ടിരിക്കുന്നത്. ബി സി അഞ്ചാം നൂറ്റാണ്ടിൽ മാത്രമാണ് ആധികാരികമായ ചരിത്രമെഴുത്തു മനുഷ്യസമൂഹം തുടങ്ങിയത് എന്നിരിക്കെ, അധിനിവേശത്തിന് പിന്തുണ നൽകുന്ന വേദകഥകൾ ചരിത്രമായി പരിഗണിക്കുന്നതിന്റെ സാംഗത്യമെന്താണ്? എങ്കിൽ കൂടി അബ്രഹാം ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും കൂടിയുള്ള മുൻഗാമിയല്ലേ? അപ്പോൾ, എങ്ങനെയാണ് ആ ഭൂമി ജൂതന്മാരുടേത് മാത്രമാവുന്നതും ജൂത പലായനം ‘തിരിച്ചു പോക്ക്’ ആവുന്നതും?

മറ്റൊരു സംശയം, പേജ് 89- ൽ വിവരിക്കുന്ന മലയാളി ക്രിസ്ത്യാനികളുടെ വാഗ്ദത്ത ഭൂമി സന്ദർശനമാണ്. ഏതാണ്ട് പത്തുകൊല്ലത്തേക്കിപ്പുറമാണ് ഇത്തരമൊരു പ്രോപഗാന്റ ഇസ്രായേൽ ലോകത്തെ മറ്റിടങ്ങളിലുള്ള ക്രിസ്ത്യാനികൾക്ക് മുന്നിൽ വെക്കുന്നത്. ക്രിസ്ത്യാനികളുടെ ജൂതവിരോധം ഇല്ലാതാക്കാനും മിഡിലീസ്റ്റിൽ തുടർന്ന് പോരുന്ന വംശഹത്യക്കു പിന്തുണ കിട്ടാനുമായി തുടങ്ങി വെച്ച ഈ പരിപാടി ലോകത്തെ ഓരോ ക്രിസ്ത്യാനിയുടെയും ആത്മീയാഭിലാഷമായാണ് ഇതിൽ വിവരിക്കുന്നത്. ഇതിലെ റൂത് എന്ന നേഴ്സ് എത്ര ആത്മീയതയോടെയാണ് വാഗ്ദത്തഭൂമി സന്ദർശനത്തെ ഇതിൽ കാണുന്നത്.

ഇസ്രായേലിയന്‍ കവി അമീര്‍ ഓര്‍

പേജ് 34- ൽ ഇസ്രായേലിന്റെ പതാകയിലെ നീല നക്ഷത്രത്തെ ദാവീദിന്റെ നക്ഷത്രമായി വിവരിക്കുന്ന ഈ നോവലിൽ, പക്ഷെ പലസ്തീൻ പതാകയെക്കുറിച്ചുള്ള പരാമർശം പോലുമില്ല. പലസ്തീൻ പതാക നിരോധന കാലങ്ങളിൽ തണ്ണിമത്തനെടുത്തു പ്രതിഷേധിച്ച ജനങ്ങളുടെ പതാകയെക്കുറിച്ചു ഒരു വരി പോലുമില്ലാത്തതു സങ്കടകരം തന്നെ.

പേജ് 211- ൽ റോമൻ ആക്രമണത്തിൽ മസാദയിൽ അഭയം തേടുന്ന ജൂതന്മാർ റോമാക്കാരുടെ വാളിനിരയാകാൻ മനസ്സില്ലാതെ സ്വയം മരണം വരിച്ച ആത്മാഭിമാനമുള്ളവരാണ്. അതേ പേജിൽ തന്നെ ‘ചക്രവർത്തിമാർക്കു വേണ്ടി ചരിത്രമെഴുതുന്നവർ നുണകളെത്ര എഴുതേണ്ടി വരും’ എന്ന വാചകം പോലുമുണ്ട്. സിലോഹക്കുളത്തിൽ നിന്ന് സിയോൺ പർവ്വതത്തിലേക്ക് കയറവെ കയ്യഫാസിന്റെ ഭവനം കാണാമെന്നു നാലാം നൂറ്റാണ്ടിലെ ഏതോ ചരിത്രത്തെ ഉദ്ധരിച്ച് പേജ് 219- ൽ വിവരിക്കുന്നു.

പേജ് 244- ൽ ജെറുസലേമിന്റെ ആകാശത്തു അയൺഡോമുകൾ നിർവീര്യമാക്കുന്ന മിസൈലുകൾ മാനത്ത് പൂക്കളം തീർത്തുവെന്ന പരാമർശമുണ്ട്. ഒരു ജനതയുടെ ജീവൻ ബലികൊടുക്കുന്ന പോരാട്ടങ്ങൾ നിർവീര്യമാകുന്നത് പൂക്കളമായി തോന്നുന്നത് ആർക്കാവും?

ഇസ്രായേലിന്റെ കണ്ണിലൂടെ പലസ്തീൻ ചരിത്രമെഴുത്തു നടത്തിയപ്പോൾ സംഭവിച്ച പാളിച്ചകളാണ് ഇവിടെ സൂചിപ്പിക്കാൻ ശ്രമിച്ചത്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട മിനിമം രാഷ്ട്രീയജാഗ്രത പോലും പാലിക്കപ്പെട്ടില്ല എന്നത് വസ്തുതയാണ്.

ഇസ്രയേല്‍ സൈന്യത്തിന്‍റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് മുന്നില്‍ വികാരഭരിതരാകുന്ന ബന്ധുക്കള്‍

പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും എക്കാലത്തും ക്ലാസിക് സാഹിത്യങ്ങൾക്ക് വിഷയീഭവിച്ചിട്ടുണ്ട്. നീതിയുക്തമായ സമാന്തരചരിത്രനിർമ്മിതികൾ വരെ അതിലൂടെ സാധ്യമായിട്ടുണ്ട്. അധിനിവേശഭൂമികൾ എഴുത്തുമേശയിലെ പോസ്റ്റ്മോർട്ടത്തിന് വിധേയമാവുമ്പോൾ ഈ ജാഗ്രത എഴുത്തുകാരനിൽ നിക്ഷിപ്തമാണ്. ഫ്രഞ്ച് സാഹിത്യകാരനായ ജീൻ ഫ്രാങ്കോയിസ് ലിയോറ്റഡ് ‘ദ പോസ്റ്റ് മോഡേൺ കണ്ടീഷൻ’ (1979) എന്ന പുസ്തകത്തിൽ ഇത്തരം മെറ്റാ നറേറ്റീവുകളുടെ സ്വാധീനത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന ഇത്തരം ആഖ്യാനങ്ങൾ അത് വിശ്വസിക്കുന്നവരുടെ പെരുമാറ്റത്തെവരെ നിർണയിക്കുന്നു എന്ന് ലിയോറ്റഡ് നിരീക്ഷിക്കുന്നു. നൈജീരിയൻ ഫെമിനിസ്റ്റ് എഴുത്തുകാരി ചിമ്മമണ്ഡ അദിച്ചേ the danger of single story- യെക്കുറിച്ച് താക്കീത് നൽകുന്നുണ്ട്. എഴുത്തുലോകത്തു വരച്ചു കാട്ടപ്പെട്ട യൂറോപ്യന്റെ പൊതുബോധ ആഫ്രിക്കയെ മായ്ക്കാനോ യഥാർത്ഥ ആഫ്രിക്കയെ വരയ്ക്കാനോ തങ്ങൾക്ക് കഴിയുന്നില്ല എന്ന് പറഞ്ഞു വെക്കുന്നു അഡീച്ചെ. ദൃശ്യം സിനിമയിൽ ഒരേ കാര്യം വീണ്ടും വീണ്ടും പറയുമ്പോൾ അത് മാത്രമാണ് സത്യമെന്നു വരുത്തിത്തീർക്കുന്ന പോലെയാണത്.

സയണിസ്റ്റ് മെറ്റാ നറേറ്റീവ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ജൂതന്മാർ ദൈവത്താൽ തെരെഞ്ഞെടുക്കപ്പെട്ട വർഗമാണെന്നും ഇസ്രായേൽ ജൂതന്മാർക്ക് ദൈവത്താൽ വാഗ്ദാനം ചെയ്യപ്പെട്ടതാണെന്നുമാണ്. പലസ്തീനികളെ കൊല്ലുകയല്ല അവരുടെ ലക്ഷ്യം. ഈ ആശയത്തെ വിശ്വസിപ്പിച്ച് ആ ഭൂമി കയ്യേറുകയാണ്. തങ്ങളുടെ വാഗ്ദത്തഭൂമിയെ കൈവശം വെക്കുന്നവനെ ഇല്ലായ്മ ചെയ്യാതെ തരമില്ല എന്നതാണ് ആ വിശ്വാസത്തിനു മുന്നിലെ വെല്ലുവിളി. കൊല്ലും മുൻപ് ഭൂമി കയ്യേറുന്നു, സഞ്ചാരസ്വാതന്ത്യം നിഷേധിക്കുന്നു, അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കുന്നു, ഇറങ്ങിപ്പോകാൻ നിർബന്ധിക്കുന്നു, എന്നിട്ടും വിട്ടൊഴിയാത്തവരെ ദാക്ഷിണ്യമില്ലാതെ കൊന്നൊടുക്കുന്നു. വംശഹത്യയെ അപലപിക്കുന്നവർ അതിനു കാരണമായ ഇത്തരം വിശ്വാസങ്ങളെ/ആശയങ്ങളെ തള്ളിക്കളയാൻ തയ്യാറാവുന്നില്ല എന്നതാണ് പലസ്തീൻ പ്രശ്‌നത്തിന്റെ കാതൽ എന്നാണ് ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന ഇലാൻ പെപ്പെ, നോം ചോസ്‌കിയെ ഉദ്ധരിച്ച് On Palestine എന്ന പുസ്തകത്തിൽ പറയുന്നത്.

വിശദമായി പറഞ്ഞാൽ, ലോകാടിസ്ഥാനത്തിൽ ഈ വിഷയത്തിൽ ഒരുതരം അവ്യക്തത നിലനിൽക്കുന്നുന്നുണ്ട്. ഇസ്രയേലിനെ വർഗീയ ശക്തിയായി കാണുമ്പോഴും, ജൂതസമൂഹം മുഴുവൻ സയണിസ്റ്റുകളല്ല, അവർ അവരുടെ വാഗ്ദത്ത ഭൂമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ ഇടയ്‌ക്കിടെയുണ്ടാവുന്ന ഭീകരവാദ ആക്രമണങ്ങളാൽ ഇരുഭാഗത്തേയും സാധാരണ ജനങ്ങൾ കൊല്ലപ്പെടുന്നു, ഇസ്രായേലി സൈനികർ അവർക്കു ഭരണകൂടം നിർദ്ദേശിക്കുന്നതിൽ നിന്ന് നിർബന്ധിതമായി വംശഹത്യക്ക് തയ്യാറാവുന്നു, ഇസ്രായേൽ തങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ഹമാസിനെ, ഹിസ്ബുള്ളയെ എതിരിടാൻ ശ്രമിക്കുമ്പോഴെല്ലാം നിരപരാധികളായ പലസ്തീനികൾ കൊല്ലപ്പെടുന്നു എന്ന മട്ടിലുള്ള ആഖ്യാനങ്ങളിലാണ് വീണ്ടും വീണ്ടും സ്വതന്ത്ര പലസ്തീൻ എന്ന ആശയം ഉടൽ ചിതറി മരിക്കുന്നത്. ഇസ്രായേൽ എന്ന രാഷ്ട്രം ഒരു അനിവാര്യതയാണ് എന്നാൽ പലസ്തീനെതിരെയുള്ള അക്രമങ്ങൾ നിർത്തണം എന്ന് തന്നെയാണ് വ്യാകരണം തെറ്റാതെ എഴുത്തുകാർ ഇസ്രായേലിന്റെ കുറുക്കൻ ചിന്തയെ ഏറ്റു പാടുന്നത്.

1982- ൽ ലെബനൻ അധിനിവേശ സമയത്ത് “permission to narrate” എന്ന കാമ്പയിൻ എ​ഡ്വേഡ് സെയ്ദ് ആഹ്വാനം ചെയ്യുന്നുണ്ട്. അധിനിവേശത്തെ ആയുധത്താൽ നേരിടുക എളുപ്പമല്ല, എന്നാൽ പുതുഭാഷ കൊണ്ട്, പുതു ആശയങ്ങൾ കൊണ്ട് പലസ്തീൻ സംസ്കാരത്തെ, യഥാർത്ഥ ചരിത്രത്തെ എഴുത്തിൽ കൊണ്ടുവരേണ്ടതിന്റെ അനിവാര്യതയെപ്പറ്റി അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു.

ഹമാസ് പോരാളികള്‍

നാളിത്ര വരെ ഉരുവായ സമാധാന ഉടമ്പടികൾ പലസ്തീനികൾക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്നതിന്റെ കാരണം, അവയെല്ലാം ദ്വിരാഷ്ട്ര പരിഹാരം എന്ന ലക്ഷ്യത്തെ മുൻ നിർത്തിയുള്ളതാണ് എന്നതാണ്. 80:20 എന്ന അനുപാതത്തിലാണ് ഈ വിഭജനം. അതിലും ജറുസലേം ആർക്ക് എന്നതും തർക്കവിഷയം തന്നെ. ലോകത്തൊരിടത്തും അധിനിവേശ രാജ്യത്തിന് 80 ശതമാനം ഭൂമി വിട്ടുകൊടുക്കാൻ ഒരു ജനതയും ഇത്രമേൽ നിർബന്ധിക്കപ്പെട്ടിട്ടില്ല. എല്ലാവരും സമാധാനമായി കഴിയുന്ന ഇസ്രായേൽ എന്ന രാഷ്ട്രമാണ് വേറൊരു ഭാഷ്യം. പലസ്തീൻ ഇസ്രായേലിനു കീഴിൽ ചില പ്രത്യേക പദവികൾ കൊടുത്തു നിർത്തപ്പെടണം എന്നതാണ് അമേരിക്കൻ ഭാഷ്യം. ഈ രണ്ടു പരിഹാരവും മുന്നോട്ടു വെക്കുന്നവർ ഇസ്രായേൽ എന്നത് ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുകയാണ്. ഇത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ഇസ്രായേൽ - പലസ്തീൻ സംഘർഷമായി ചിത്രീകരിച്ചാൽ ഇസ്രായേലിനു കാര്യങ്ങൾ എളുപ്പമായി. ഇസ്രയേലിനെ legitimize ചെയ്യുന്നവർ അവരുടെ എഴുത്തിൽ a land for two people, a peace process, isreal- palestine conflict, Israel- Hamas war, negotiations, ഇരുഭാഗത്തും യുദ്ധം നിർത്തേണ്ടതിന്റെ ആവശ്യകത എന്നിവയെയൊക്കെ എഴുന്നള്ളിക്കുന്നതുകാണാം. ഓർവെല്ലിന്റെ പൊളിറ്റിക്കൽ ഫിക്ഷനായ 1984-ന്റെ നേർക്കാഴ്ചയാണിതെന്ന് നേർവായന നടത്തുന്നവർക്ക് മനസ്സിലാവും. ഹിറ്റ്ലറുടെ കാലത്തോടെ അഭയാർഥികളായ ജൂതർക്ക് ഒരു രാഷ്ട്രമുണ്ടാക്കാൻ ഏതെങ്കിലും തരത്തിൽ ഉത്തരവാദപ്പെട്ട രാജ്യം ജർമനിയാണ്. എന്നാൽ പലസ്തീനികളെ കൂട്ടക്കുരുതി ചെയ്തു ഭൂമി കൈക്കലാക്കാൻ ഇസ്രായേലിനെ സഹായിക്കുകയാണ് ജർമനി അടക്കമുള്ള രാജ്യങ്ങൾ.

നോം ചോസ്കി

ഇസ്രായേൽ എന്ന രാജ്യത്തെ സെറ്റ്ലർ കോളോണിയലിസ്റ്റായിത്തന്നെ കാണേണ്ടതിന്റെ ആവശ്യകതയെയാണ് നോം ചോസ്കി തന്റെ പല അഭിമുഖങ്ങളിലും ആവർത്തിച്ചു പറയുന്നത്. അങ്ങനെയല്ലാതെ ഹോളോകാസ്റ്റും ഒന്നാം നൂറ്റാണ്ടും തോറ- ബിബ്ലിക്കൽ മിത്തുകളും കൊണ്ട് പലസ്തീൻ പ്രശ്നത്തെ വക്രീകരിക്കുന്നവർ വംശഹത്യക്കു കൂട്ടുനിൽക്കുകയാണ്.

സൗത്ത് ആഫ്രിക്കയിൽ നിലനിന്ന അപ്പാർത്തീഡ് അധിനിവേശത്തെ ചെറുക്കുന്നതു പോലെ തന്നെയാണ് ഇസ്രായേലിനെയും ചെറുക്കേണ്ടത്. അമേരിക്കയിലെ, ന്യൂസിലൻഡിലെ, ഓസ്‌ട്രേലിയയിലെ അധിനിവേശത്തിന് മുൻപുണ്ടായിരുന്ന തദ്ദേശ ജനതയിൽ നിന്നും വിഭിന്നരല്ല പലസ്തീനികൾ. നാളിതുവരെ കുടിയേറ്റ ശക്തികൾ തദ്ദേശജനതയോട് ചെയ്തതിൽ നിന്ന് വിഭിന്നമായി ഇസ്രായേൽ ഒന്നും ചെയ്തിട്ടില്ല.

പാശ്ചാത്യ വരേണ്യ സാഹിത്യ നിർമ്മിതികൾ പലസ്തീനെ സഹതാപ സമ്മിശ്ര വികാരപ്രകടനങ്ങളായി മാത്രമാണ് എഴുത്തിൽ ആനയിക്കുന്നത്. ആശയപ്രചാരങ്ങളിലൂടെയാണ് ലോകത്ത് സാമ്രാജ്യത്വവും ഫാഷിസവും എക്കാലവും നിലകൊണ്ടത്. സാമ്രാജ്യത്വശക്തികളോടുള്ള മൃദു സമീപനവും അവരിലെ ‘നന്മ’ കണ്ടെത്തലും യാഥാർഥ്യത്തെ മറച്ചു പിടിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ കൃതി പ്രത്യക്ഷത്തിൽ പലസ്തീൻ പ്രശ്നമെന്ന തോന്നലുളവാക്കുകയും വായിച്ചുതീരുമ്പോൾ നിർഭാഗ്യവശാൽ മറുപക്ഷത്താവുകയും ചെയ്യുന്നത്.

പലസ്തീനികൾ അവർക്കിടയിൽ തന്നെ നിവസിക്കുന്ന തീവ്രവാദികളാലും യുദ്ധത്താലും സംഘർഷമനുഭവിക്കുകയാണെന്നും ഇസ്രായേലിനു പക്ഷെ യുദ്ധമല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും പറഞ്ഞുവെക്കുന്ന ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ ഓർത്തു പോകുന്നു. ഒരുപക്ഷെ അത് തന്നെയാണ് കേരളത്തിലെ ക്രിസ്തീയ സമൂഹം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ബ്രിട്ടീഷുകാരുടെ കണ്ണിലൂടെ ഇന്ത്യയുടെ ചരിത്രം പറഞ്ഞാലുണ്ടായേക്കാവുന്ന ഗുരുതരമായ പിഴവാണ് ഇവിടെ സംഭവിച്ചത്. അങ്ങനെയൊരു കഥ പറയുമ്പോൾ ഭഗത് സിങ്ങും സുഭാഷ് ചന്ദ്രബോസും തീവ്രവാദികളാവും. അതു കോളോണിയലിസ്റ്റ് ചിന്തയാണ്. നൂറ്റാണ്ടുകളോളം സ്വാതന്ത്ര്യത്തിന് പൊരുതിയ നമുക്ക് അത് തിരിച്ചറിയാൻ പ്രയാസമില്ല.

മഹ്മൂദ് ദാർവിഷ് എഴുതിയ ഒരു കവിതയുണ്ട്, ‘ബൈത്’ എന്നാണ് ശീർഷകം:
എന്റെ കവിതകളിൽ
ബിംബങ്ങളോ രൂപകങ്ങളോ ഇല്ല,
ഭൂപടത്തിൽ നിന്ന് മായ്ച്ചുകളയപ്പെട്ട
മനോഹരമായ ഒരു ദേശം മാത്രം.
പലസ്തീനികൾ സ്വഗൃഹം പോലതിൽ
അഭയം തേടുന്നു
അറബിയിലെ ദ്വന്ദ്വർത്ഥപദത്തെ
അന്വർത്ഥമാക്കും പോലെ.
‘ബെയ്‌ത്‌’,
കവിതയ്ക്കും വീടിനും കൂടി
ഒരൊറ്റവാക്ക്.

ഷീല ടോമി

കവിതകളെ / ആഖ്യാനങ്ങളെ അത്രമേൽ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട് പലസ്‌തീൻ ജനത. അവർക്കഭയം മണ്ണിലല്ല, ഞങ്ങളിവിടെ ഉണ്ടായിരുന്നു എന്ന് ലോകത്തോട്‌, വരും തലമുറകളോട് വിളിച്ചുപറയാൻ ബാക്കിയാവുന്ന എഴുത്തുലോകത്തിലെ തുരുത്തുകളാണ്. ആ വാതിലുകൾ കൂടി നമ്മൾ കൊട്ടിയടയ്ക്കരുത്. അവരെ കുരുതി കൊടുക്കുന്ന പ്രോപഗാന്റകളെ ജാഗ്രതയോടെ തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മൾ വഞ്ചിതരായിത്തീരും.

റഫറൻസ്:
1. Chomsky, N., & Pappé, I. (2015). On Palestine. Penguin Books Limited.
2. Pappe, I. (2007). The ethnic cleansing of Palestine. Simon and Schuster.
3. Said, E. (1984). Permission to narrate. Journal of Palestine Studies, 13(3), 27-48.
4.Wistrich, Robert S. "Karl Marx, german socialists and the jewish question, 1880–1914." East European Jewish Affairs 3, no. 1 (1973): 92-97.
5. Lyotard, J. (1984). François. The Postmodern condition. Trans. Geoff Bennington and Brian Masumi. Manchester: Manchester UP.
6. Orwell, G. (1984). George Orwell 1984. G Orwell.
7. Adichie, Chimamanda Ngozi(2009). The danger of a single story.

Comments