'ആരുടെ രാമൻ?' എന്ന രാഷ്ട്രീയ ചോദ്യം

ആധുനിക കാലത്ത് ഭരണഘടനാമൂല്യങ്ങൾ ഉറപ്പുനൽകുന്ന തുല്യപൗരത്വവും ലിംഗനീതിയിലധിഷ്ഠിതമായ മൗലികാവകാശങ്ങളും നിഷേധിക്കുന്ന ഇടങ്ങളായി ആചാരബ്രാഹ്മണ്യത്തിന്റെ ആരാധനാസ്ഥാനങ്ങൾ മാറുമ്പോൾ, ഇതിഹാസപാഠങ്ങൾക്കും ത്രൈവർണിക സാഹിത്യങ്ങൾക്കും ബ്രാഹ്മണ്യമൂല്യങ്ങൾക്കുമെതിരെ സ്ത്രീവിമോചകരും ജനാധിപത്യവാദികളും നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുമ്പോൾ, അവർ വായിക്കേണ്ട പുസ്തകമായി ആരുടെ രാമൻ മാറുന്നു.

ഡോ. ടി.എസ്. ശ്യാംകുമാറിന്റെ ആരുടെ രാമൻ എന്ന പുസ്തകം മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തുമ്പോൾ ഇന്ത്യാ ചരിത്രത്തെ പൊതുവിലും കേരളചരിത്രത്തെ വിശേഷിച്ചും സാംസ്‌കാരികമായി വിമർശബോധ്യത്തോടെ സമീപിക്കുന്ന വായനക്കാരാണ് എന്റെ മനസ്സിലുള്ളത്. ഇന്ത്യൻ മതപാരമ്പര്യങ്ങളെയും സാമൂഹികരൂപങ്ങളെയും വിശ്വാസ വ്യവസ്ഥകളെയും സാമൂഹിക - സാംസ്‌കാരിക ജീവിതക്രമങ്ങളെയും കണിശമായി വിമർശിച്ചും വിധ്വംസകമായി പ്രഹരിച്ചുമാണ് ഇന്ത്യയിൽ നവോത്ഥാന ആധുനികതയും നീതിയും തുല്യതയും ഭാവനപ്പെടുത്തുന്ന ജനാധിപത്യ ചിന്തയും വികസിച്ചു വന്നത്.

ഇന്ത്യൻ സമൂഹത്തെ സാംസ്‌കാരികമായും വൈജ്ഞാനികമായും ഗ്രസിച്ചുനിൽക്കുന്ന കോയ്മാ പ്രത്യയശാസ്ത്രമായ ബ്രാഹ്‌മണ്യത്തെയും അതിന്റെ ത്രൈവർണിക മൂല്യവ്യവസ്ഥയെയും വിമർശനപരമായി സ്ഥാനപ്പെടുത്തുന്നതാണ് ഈ പുസ്തകത്തിന്റെ കാഴ്ചപ്പാട്. ഇന്ത്യൻ നവോത്ഥാനത്തിന്റെ ജനാധിപത്യ ധാരയും വിമർശചിന്ത പാരമ്പര്യവും നീതിവിചാരമായി ജനതയും സമതയും നിർമ്മിക്കപ്പെടുന്ന പ്രക്രിയയായി വികസിപ്പിച്ച മഹാത്മാ ഫുലെയുടെയും ഡോ. ബി.ആർ. അംബേദ്കറുടെയും ദാർശനികമണ്ഡലത്തിലാണ് ഈ പുസ്തകത്തിന്റെ തത്വചിന്താനില സ്ഥാനപ്പെടുന്നത്. ഉൾക്കൊള്ളൽ ജനാധിപത്യവും ജനായത്ത പൗരത്വ സങ്കല്പവും ജാതിവിരുദ്ധ മതേതരബോധ്യവും പ്രാതിനിധ്യ തുല്യതാസങ്കല്പവും പങ്കാളിത്ത അധികാര വിതരണ നീതിബോധവും ഉൾവഹിക്കുന്ന തത്വചിന്താ വിചാരമാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളെ നിരന്തരം സമകാലീനമാക്കി കൊണ്ടിരിക്കുന്നത്.

ഡോ. ടി.എസ്. ശ്യാംകുമാർ

വിമർശാവബോധത്തെ സാമൂഹിക ജനാധിപത്യത്തിലൂന്നിയ ലിംഗനീതി ബോധ്യമായും ബ്രാഹ്മണ്യ പുരുഷാധിപത്യത്തിനെതിരായ വിമർശ സാമൂഹിക ശാസ്ത്രത്തിന്റെ രീതിശാസ്ത്ര പദ്ധതിയുമായി ഈ ലേഖനങ്ങൾ മാറിത്തീർന്നിരിക്കുന്നു. സാഹോദര്യ ജനാധിപത്യത്തെ സമതയിലൂന്നുന്ന സമത്വബോധവും, ജനസഞ്ചയങ്ങളെ അനുകമ്പയിലധിഷ്ഠിതമായി ഐക്യപ്പെടുത്തുന്ന സാമൂഹിക മൂല്യമണ്ഡലമായി സ്ഥാനപ്പെടുത്തുന്ന സാഹോദര്യചിന്തയെ ധൈഷണികമായി ഉൽഖനനം ചെയ്യുന്നതാണ് ആരുടെ രാമൻ എന്ന ഗ്രന്ഥം.

ഇന്ത്യൻ സംസ്‌കാരത്തിന്റെ പ്രത്യേകതകളിൽ പ്രധാനപ്പെട്ട ഒന്ന് വൈവിധ്യങ്ങൾ ഭൂപ്രകൃതിയിലും ജനജീവിതത്തിലും ഭൗതിക പ്രക്രിയകളിലും ഭാഷാവിഷ്‌കാരങ്ങളിലും നിലനിർത്തുമ്പോൾ തന്നെ വൈവിധ്യങ്ങൾ സങ്കീർണമായ മേൽ - കീഴ് ബന്ധങ്ങളെയും വേർതിരിവ് അസമത്വത്തെയും ശക്തിമത്തായി നിലനിർത്തി എന്നതാണ്

ഇതിഹാസ പുരാണങ്ങളിൽ കോയ്മാപാഠമായി സ്ഥാനപ്പെട്ടിരിക്കുന്നത് ബ്രാഹ്മണ്യമൂല്യങ്ങളുടെ ഭേദവ്യവസ്ഥിതിയും ജാതിവിവേചനത്തിന്റെയും വർണഹീനതയുടെയും പുരുഷാധിപത്യ ക്രമത്തിന്റെയും സാമൂഹിക-സാംസ്‌കാരിക ബോധ്യങ്ങളുമാണ്. തുല്യനീതിയുടെയും ലിംഗസമത്വത്തിന്റെയും ജാതിവിരുദ്ധ ജനാധിപത്യത്തിന്റെയും കാഴ്ചപ്പാടിൽ ഇതിഹാസങ്ങളിലെ പ്രത്യയബോധങ്ങളെയും രാഷ്ട്രീയമൂല്യങ്ങളെയും വിലയിരുത്തുമ്പോഴാണ് "ആരുടെ രാമൻ?' എന്ന രാഷ്ട്രീയ ചോദ്യം ഉന്നയിക്കപ്പെടുന്നത്. ഒരു രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ആധുനികമായി കണ്ടെടുക്കുകയും ചരിത്രപാരമ്പര്യത്തിന്റെയും സാംസ്‌കാരിക ഈടുവെപ്പുകളുടെയും സ്രോതസ്സായി മനസ്സിലാക്കുകയും ചെയ്യുന്നത് ദേശീയത എന്ന ആശയം ഉണ്ടായിവരുമ്പോഴാണ്.

ആധുനിക ദേശരാഷ്ട്രങ്ങൾ യൂറോപ്പിൽ പിറവികൊണ്ടതിന്റെ ഭാഗമായി അച്ചടിയും എഴുത്തുസംസ്‌കാരവും മാനകഭാഷയും വികസിച്ചുവന്ന പ്രക്രിയയുടെ ഭാഗമായിട്ടാണ് പാരമ്പര്യങ്ങളെ ചരിത്രമൂല്യങ്ങളും സാംസ്‌കാരികവിഭവങ്ങളുമായി കണ്ടെടുത്ത് പ്രചരിപ്പിക്കുന്ന രീതി ഉണ്ടായിവന്നത്. ഭൂതകാലത്തെ വർത്തമാനകാല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ദേശീയ ആവശ്യത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം വീണ്ടെടുപ്പുകളും പ്രചാരണരീതികളും ചരിത്രപരമായി വികസിച്ചുവന്നത്. ഒരു പ്രദേശത്തെ ജനസമൂഹങ്ങൾക്ക് പൊതുവായി പങ്കിടാവുന്നതും തങ്ങളെ ചേർത്തുനിർത്തുന്നതുമായ മൂല്യങ്ങളും സാമൂഹികവിചാരങ്ങളും രാഷ്ട്രീയബോധ്യങ്ങളും മാനസികഭാവങ്ങളും നൽകാൻ കെല്പുള്ള, അവർക്ക് പൊതുവായി പങ്കിടാവുന്ന സാംസ്‌കാരികവിഭവമായി അവർ സ്വീകരിക്കുമ്പോഴാണ് പാരമ്പര്യങ്ങൾക്കും ഇതിഹാസങ്ങൾക്കും രാഷ്ട്രീയപ്രസക്തിയും സാംസ്‌കാരികമൂല്യവും കൈവരുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരം പാരമ്പര്യങ്ങളിൽ അഭിരമിക്കാനും അതിനോട് ആദരവുതോന്നാനും കഴിയാത്തവിധം അടിച്ചമർത്തപ്പെടലിനും പുറന്തള്ളപ്പെടലിനും വിധേയമായ വലിയ ഒരു ജനസമൂഹം ഇത്തരം പാരമ്പര്യങ്ങൾ ഉണ്ടായിവരുന്നതിന്റെ ഭാഗമായി പുറത്താക്കപ്പെട്ടവരും ബഹിഷ്‌കൃതരുമായി മാറിയിരുന്നു. അയിത്തക്കാരും ശൂദ്രരും ലിംഗഭേദങ്ങൾക്ക് വിധേയമായ സ്ത്രീസമൂഹവും തങ്ങളുടെ പതിതാവസ്ഥയുടെയും ഹീനതയുടെയും ജീവിതാവസ്ഥയെ ധർമവും മര്യാദയും ശരിയുമായി സാധൂകരിക്കുന്ന സാംസ്‌കാരികബോധ്യങ്ങളും പ്രത്യയബോധങ്ങളും ഇതിഹാസ പുരാണങ്ങളും പാരമ്പര്യങ്ങളും ന്യായീകരിച്ചിരുന്നതിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ നവോത്ഥാനത്തിന്റെ ജനാധിപത്യ ധാരയും വിമർശചിന്ത പാരമ്പര്യവും നീതിവിചാരമായി ജനതയും സമതയും നിർമ്മിക്കപ്പെടുന്ന പ്രക്രിയയായി വികസിപ്പിച്ച മഹാത്മാ ഫുലെയുടെയും ഡോ. ബി.ആർ. അംബേദ്കറുടെയും ദാർശനികമണ്ഡലത്തിലാണ് ഈ പുസ്തകത്തിന്റെ തത്വചിന്താനില സ്ഥാനപ്പെടുന്നത്

വരേണ്യരും ത്രൈവർണിക സാമൂഹികവിഭാഗങ്ങളും അവരുടെ ചൂഷണത്തിനും അടിച്ചമർത്തലിനും കീഴോർ സമൂഹങ്ങളായി പുറന്തള്ളിയ ജനസഞ്ചയങ്ങളെ അപരജനതകളായി നിലനിർത്തുന്നതിനും ഇതിഹാസ പുരാണ പാഠങ്ങളിലെ കോയ്മാസംസ്‌കാരത്തെ ശരിയും ധർമവും മതബോധവും മര്യാദരീതികളുമായി നിലനിർത്തിയിട്ടുണ്ട്. ഈ വരേണ്യ പാരമ്പര്യങ്ങളിലെ എഴുത്തുവഴക്കങ്ങളും സാഹിത്യ അഭിരുചികളും അനുഭൂതി ആവിഷ്‌കാരങ്ങളും ഭേദരൂപങ്ങളെയും പുറന്തള്ളൽ സംസ്‌കാരത്തെയും അഭിരുചിബോധ്യങ്ങളും ലാവണ്യചിന്തകളുമായി സ്വഭാവികവൽകരിക്കുകയും സാധൂകരണബോധ്യങ്ങൾ സാമാന്യ ബോധങ്ങളായി നിലനിർത്തുകയും ചെയ്തു. കീഴാള സമൂഹങ്ങളെ ഹീനസ്വത്വങ്ങളായി അപരവൽകരിക്കുന്ന പ്രതീക ഹിംസകളും പ്രതിനിധാന - പ്രത്യയബോധങ്ങളും ഇതിഹാസപാഠങ്ങളിൽ കാണാവുന്നതാണ്. ചരിത്രത്തിൽ ചലനാത്മകവും സ്വത്വാവിഷ്‌കാരവുമുള്ള കർതൃത്വങ്ങളായി സ്വയം പ്രതിനിധാനം ചെയ്യാനുള്ള കീഴോർ സമൂഹങ്ങളുടെ സാധ്യതകളെ അടച്ചുവയ്ക്കുന്ന സാംസ്‌കാരികമൂല്യങ്ങളെയാണ് ഇതിഹാസ പുരാണങ്ങളുടെ കോയ്മാപാഠങ്ങൾ പ്രചരിപ്പിച്ചത്. ഇത്തരം ചരിത്ര - രാഷ്ട്രീയ സന്ദർഭങ്ങളെ വിമർശബോധ്യത്തോടെ പ്രതിഫലനാത്മകമായി സ്ഥാനപ്പെടുത്തുന്ന ഒരു രാഷ്ട്രീയദൗത്യമാണ് ഈ പുസ്തകത്തിനുള്ളത്. ഇതിഹാസ - പുരാണങ്ങളിലെ കോയ്മാപാഠങ്ങളെയും ഇന്ത്യൻ സംസ്‌കാരത്തിന്റെ അധികാരബന്ധങ്ങളെയും മേൽ - കീഴ് സ്ഥാനമാന സംസ്‌കാരത്തെയും ലിംഗ അസമത്വഘടനയെയും ജാതിവർണ വിവേചനത്തെയും ദൃശ്യപ്പെടുത്തുന്ന ഒന്നായി ഈ ഗ്രന്ഥത്തിലെ പഠനങ്ങൾ മാറിത്തീരുന്നുണ്ട്.

ഇന്ത്യൻ സംസ്‌കാരത്തിന്റെ പ്രത്യേകതകളിൽ പ്രധാനപ്പെട്ട ഒന്ന് വൈവിധ്യങ്ങൾ ഭൂപ്രകൃതിയിലും ജനജീവിതത്തിലും ഭൗതിക പ്രക്രിയകളിലും ഭാഷാവിഷ്‌കാരങ്ങളിലും നിലനിർത്തുമ്പോൾ തന്നെ വൈവിധ്യങ്ങൾ സങ്കീർണമായ മേൽ - കീഴ് ബന്ധങ്ങളെയും വേർതിരിവ് അസമത്വത്തെയും ശക്തിമത്തായി നിലനിർത്തി എന്നതാണ്. സാംസ്‌കാരിക പലമകളും അധികാര പ്രയോഗങ്ങളുടെ വിവിധ രീതികളും അടിച്ചമർത്തലിനും പുറന്തള്ളലിനും വിധേയമായി നിലനിൽക്കുന്ന വേർതിരിവ് അസമത്വത്തെയും ചൂഷണ അധികാരഘടനയെയും പ്രത്യയബോധവും കഥന പാരമ്പര്യവുമായി ഉൾവഹിക്കാൻ രാമായണപാഠങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് ഡോ. ശ്യാംകുമാർ രാമായണങ്ങളിലെ വിവേചന സംസ്‌കാരത്തെയും അധികാര പ്രയോഗരീതികളെയും പുറന്തള്ളൽ ഹിംസകളെയും ഭേദരൂപങ്ങളുടെ കോയ്മാ പ്രവൃത്തികളെയും വിചാരണ ചെയ്യുന്ന ലേഖനങ്ങൾ സംസ്‌കാര വിശകലനത്തിന്റെയും വിമർശ - ചരിത്ര രീതിശാസ്ത്രത്തിന്റെയും അടിത്തറയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

രാമായണപാഠങ്ങളിലെ ബ്രാഹ്‌മണ്യ - പുരുഷ ഹിംസയ്ക്കിരയായ താടകയും ശൂർപണഖയും ത്രൈവർണിക മൂല്യബോധങ്ങൾ പുറന്തള്ളുന്ന രണ്ട് സ്ത്രീ മാതൃകകളാണ്. അഹല്യയുടെ പാതിവ്രത്യം ത്രൈവർണിക കുടുംബഘടനയുടെ ആണധികാരത്തിന്റെ അനുഷ്ഠാന കോയ്മ സൃഷ്ടിച്ച പതിവ്രതാ സങ്കല്പത്തിന്റെയും കുലസ്ത്രീ സങ്കല്പത്തിന്റെയും പ്രതീകം കൂടിയാണ്. ത്രൈവർണിക സംസ്‌കാരത്തിന്റെ അടിത്തറ ഉൽപാദന പ്രവൃത്തികളിൽ നേരിട്ട് കായികശേഷിയും അറിവും സാങ്കേതികജ്ഞാനവും നൽകാതെ അതിന്റെ മിച്ചം കൊള്ളയടിക്കുകയും മിച്ചം ഉൽപാദിപ്പിക്കുന്ന സമൂഹങ്ങളെ കീഴോരും ജാതിശൂദ്രരും അയിത്തക്കാരുമായി പുറന്തള്ളുന്നതുമാണ്. കീഴോരാക്കപ്പെട്ട സമൂഹങ്ങളുടെമേൽ സാംസ്‌കാരിക ആധിപത്യവും മൂലധന അധികാര രാഷ്ട്രീയകോയ്മയും സ്ഥാപിച്ചുകൊണ്ട് പരാന്നഭോജികളായി നിലനിൽക്കുന്നു എന്നതാണ് ത്രൈവർണികരുടെയും ജാതിബ്രാഹ്‌മണ്യത്തിന്റെയും സ്വഭാവം. ഇതിനായി അറിവുരൂപങ്ങളെ പാഠവൽകരിച്ച് നിഗൂഢവത്കരിക്കുകയും, നിഗൂഢമാക്കി മാറ്റിയ അറിവുരൂപങ്ങളെ അതീന്ദ്രിയവും സാംസ്‌കാരിക പ്രതീക-ഹിംസകളായി, അധികാരമായി, തൊഴിൽസമൂഹങ്ങളായ കീഴോർ സമൂഹങ്ങൾക്കുമേൽ വിന്യസിക്കുന്നു. അറിവിന്റെ കുത്തകയും സമ്പത്തും സാംസ്‌കാരിക അധികാരവും ബ്രാഹ്‌മണ പൗരോഹിത്യം നേടിയെടുത്തത് ദാനവ്യവസ്ഥയിലൂടെയും കീഴോർ സമൂഹങ്ങളെ ഹീനരും പതിതരുമായി നിലനിർത്തിയ കർമ - പുനർജന്മ സങ്കല്പങ്ങളിലൂടെയുമായിരുന്നു.

ചരിത്രത്തിൽ ചലനാത്മകവും സ്വത്വാവിഷ്‌കാരവുമുള്ള കർതൃത്വങ്ങളായി സ്വയം പ്രതിനിധാനം ചെയ്യാനുള്ള കീഴോർ സമൂഹങ്ങളുടെ സാധ്യതകളെ അടച്ചുവയ്ക്കുന്ന സാംസ്‌കാരികമൂല്യങ്ങളെയാണ് ഇതിഹാസ പുരാണങ്ങളുടെ കോയ്മാപാഠങ്ങൾ പ്രചരിപ്പിച്ചത്. ചമ്പ പ്രദേശത്തു നിന്ന് കണ്ടെത്തിയ രാമായണ കഥാസന്ദർഭങ്ങൾ ആലേഖനം ചെയ്ത 18-ാം നൂറ്റാണ്ടിലെ തൂവാല. / Photo: The Metropolitan Museum of Art

വിഭവ ധാരാളിത്തവും പൗരോഹിത്യാധികാരവും ഇങ്ങനെ ബ്രാഹ്‌മണരെ ശക്തരാക്കി മാറ്റി. പ്രദേശാധിപൻമാരായിരുന്ന കുലനാഥന്മാർ മൂപ്പിളമ തർക്കങ്ങളിലൂടെ ക്ഷത്രിയസ്ഥാനം നേടി രാജാവായി മാറി. പൗരോഹിത്യത്തിന്റെ സാംസ്‌കാരികാധിപത്യവും ക്ഷാത്രാധികാരത്തിന്റെ ഭോഗസംസ്‌കാരവും, മണ്ണിന്റെയും വിഭവത്തിന്റെയും സ്ത്രീകളുടെയും മേലുള്ള അധികാരവും ദൃശ്യപ്പെടുത്തുന്ന ഒട്ടനവധി വീരകഥകളും നായാട്ടുവർണനകളും ഇതിഹാസ-പുരാണങ്ങളിൽ കാണാവുന്നതാണ്. കീഴടക്കിയവരെ പതിതരും ഹീനരും അസുരരും അസ്പൃശ്യരുമായി സ്ഥാനപ്പെടുത്തി കീഴൊതുക്കി നിലനിർത്തുകയും അവരുടെ വംശവഴി തർക്കങ്ങളിലും സാംസ്‌കാരിക പലമകളിലും ഇടപെട്ടുകൊണ്ട് ബ്രാഹ്‌മണ്യവും ത്രൈവർണിക കോയ്മകളും രാജാധികാരവും സാംസ്‌കാരിക ഇടപെടലുകളിലൂടെ തദ്ദേശീയ സംസ്‌കാരങ്ങളെയും ജനതകളെയും കീഴൊതുക്കി അപരരാക്കി നിലനിർത്തുന്നു.

ഈ പുസ്തകത്തിലെ അസുര - വാനര കഥകളും ബാലിവധ കഥയും പ്രതിപാദിക്കുന്ന അധ്യായങ്ങൾ ഈ പ്രക്രിയകളിലെ ചില ഏടുകളെയാണ് സൂചിപ്പിക്കുന്നത്. ത്രൈവർണിക ആധിപത്യമുള്ള സമൂഹരൂപവും സമ്പദ് വ്യവസ്ഥയും ബ്രാഹ്‌മണ്യ പുരുഷാധിപത്യക്രമവും വർണ - ജാതി മര്യാദകളും കൂടി നിലനിന്ന സമൂഹരൂപം മേൽകീഴ് - അസമത്വ വ്യവസ്ഥയായി നിലനിൽക്കുകയും ജാതിവർണ പുരുഷാധിപത്യ ക്രമങ്ങൾ സാമൂഹിക മര്യാദകളും നിയമങ്ങളുമായി ധർമവ്യവസ്ഥയും വർണജാതി ആശ്രമ വ്യവസ്ഥയുമായി നിലനിന്നു. ഈ സാമൂഹിക ക്രമത്തെ ധർമവ്യവസ്ഥയായി രാഷ്ട്രീയ സംരക്ഷണം നൽകി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ക്ഷത്രിയ ഭരണാധികാരികളിൽ നിക്ഷിപ്തമാക്കപ്പെട്ടപ്പോഴാണ് ബ്രാഹ്മണ്യ ജാതിവ്യവസ്ഥയെ സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടങ്ങളുടെ കടമയായി മാറിയത്. ബ്രാഹ്മണ്യത്തെയും ജാതി വ്യവസ്ഥയെയും ധർമമായി സംരക്ഷിക്കേണ്ട ബാധ്യത ഇന്ത്യയിലെ വിവിധ രാജസ്ഥാനങ്ങൾക്ക് വന്നുചേർന്നു. ബ്രാഹ്‌മണരെയും അവർക്കുള്ള ദാനങ്ങളെയും പശുക്കളെയും (അതായത് ബ്രാഹ്‌മണരെയും അവരുടെ സ്വത്തിനെയും) ബ്രാഹ്‌മണ സാമൂഹികവ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് ഭരണകൂട അധികാരത്തെ ഉപയോഗിക്കുകയും ചെയ്യുന്ന അധികാരവ്യവസ്ഥയായി ഇന്ത്യയിലെ ആധുനികപൂർവ രാജസ്ഥാനങ്ങൾ നിലനിന്നു. ഈ പ്രക്രിയയെ മുൻനിർത്തി ആലോചിക്കുമ്പോഴാണ് ശംബൂകവധവും മറ്റും ചർച്ചചെയ്യുന്ന ഈ പുസ്തകത്തിലെ അധ്യായങ്ങൾ പ്രസക്തമാകുന്നത്.

ഇതിഹാസ പാഠങ്ങളും രാമബിംബവും അതിന്റെ കോയ്മാബോധങ്ങളും പാരമ്പര്യ സാമൂഹിക മൂല്യങ്ങളായി സ്ഥാനപ്പെടുത്തിയാണ് കേരളത്തിന്റെ ആധുനിക ആശയങ്ങളും നവോത്ഥാന ചരിത്രപ്രക്രിയയും വികസിച്ചത്.

സാമൂഹികവിവേചനങ്ങളും ചൂഷണവും അടിച്ചമർത്തലും ഹീനകർതൃത്വങ്ങളായി അപരജനതകളായി മനുഷ്യരെ പുറത്തുനിർത്തുന്ന സാംസ്‌കാരിക ഹിംസകൾ സ്വാഭാവികവും പ്രകൃത്യാലുള്ളതുമായി സമീകരിക്കുകയും ദൈനംദിന സാമൂഹികബോധമായി സ്വാഭാവികമാക്കുകയും പൊതുബോധമായി നിലനിർത്തുകയും ചെയ്ത ഒരു തത്വചിന്താപാരമ്പര്യം ഇന്ത്യക്കുണ്ട്. ബ്രാഹ്‌മണ്യ വേദാന്തവും കർമസിദ്ധാന്തവും പുനർജന്മ സങ്കല്പങ്ങളും നിർമിച്ച താത്വിക ന്യായവാദങ്ങൾ സാമൂഹിക വേർതിരിവ് രൂപങ്ങളെയും അസമത്വ ബന്ധങ്ങളെയും സനാതനവും പൗരാണികവുമാക്കി തീർത്ത അതീന്ദ്രിയ ദാർശനികരീതികളായിരുന്നു. ഇവ മേൽകീഴ് ബന്ധങ്ങളെ സ്വാഭാവികമാക്കി സമ്മതിപ്പിക്കുന്നതിനുള്ള ബോധ്യങ്ങളാണ് ചരിത്രപരമായി പ്രചരിപ്പിച്ചത്.

ലക്ഷമണൻ ശൂർപ്പണഖയുടെ മൂക്ക് ഛേദിക്കുന്നതിന്റെ ചിത്രീകരണം. രാമായണപാഠങ്ങളിലെ ബ്രാഹ്‌മണ്യ - പുരുഷ ഹിംസയ്ക്കിരയായ താടകയും ശൂർപണഖയും ത്രൈവർണിക മൂല്യബോധങ്ങൾ പുറന്തള്ളുന്ന രണ്ട് സ്ത്രീ മാതൃകകളാണ് / Photo: Smithsonian Institution

വേദകാലം മുതൽ നിഗൂഢവൽകരണത്തിലൂടെയും അനുഷ്ഠാനരൂപങ്ങളിലൂടെയും സാധൂകരണം നേടിയ ഭേദവ്യവസ്ഥ ശങ്കരവേദാന്തത്തിന്റെ മായവാദവും താർക്കികരീതികളും സാമൂഹികവ്യവസ്ഥയായും രാഷ്ട്രീയക്രമമായും സനാതന രാഷ്ട്രീയഘടനയും ധർമവ്യവസ്ഥയുമായി നിലനിർത്താനുള്ള സാംസ്‌കാരിക ധർമമാണ് നിറവേറ്റിയത്. ഈ പ്രക്രിയ ഇന്ത്യയുടെ ചരിത്ര-ഭൂതകാലങ്ങളിൽ പ്രാദേശിക പ്രത്യേകതകളോടൊപ്പം സാംസ്‌കാരിക പലമകളോടെയും വിവിധ രീതികളിൽ വ്യത്യസ്ത ചരിത്രഘട്ടങ്ങളിൽ വികസിച്ചുവന്നു.

കേരളത്തിന്റെ സാംസ്‌കാരിക ഭൂതകാലങ്ങളിൽ ഈ പ്രക്രിയ ജാതി-വർണ വ്യവസ്ഥയുടെ പ്രാദേശിക വകഭേദങ്ങളിലൂടെയും ഉൾക്കൊള്ളലും പുറന്തള്ളലും ഉൾപ്പെടുന്ന പ്രക്രിയകളിലൂടെയും നിലനിന്നതിന്റെ ചില പാഠഭേദങ്ങൾ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അസമത്വവ്യവസ്ഥ ഇന്ത്യയിൽ വർണ-ജാതി വ്യവസ്ഥയും ബ്രാഹ്മണ പുരുഷാധിപത്യ ലിംഗഭേദ രൂപമായിട്ടുമാണ് വളർന്നുവന്നത്. തദ്ദേശീയ താന്ത്രികപാരമ്പര്യങ്ങളെ സംസ്‌കൃത-ബ്രാഹ്‌മണ്യ പാരമ്പര്യങ്ങളായി മാറ്റിത്തീർത്ത രീതിയും ജാതിഭേദങ്ങളുടെ സാംസ്‌കാരികചേരുവകളും എങ്ങനെയാണ് പ്രവർത്തിച്ചത് എന്ന് ഡോ. ശ്യാംകുമാർ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. തന്ത്രസമുച്ചയത്തിലെത്തി നിൽക്കുന്ന കേരളത്തിലെ ആചാരബ്രാഹ്‌മണ്യവും താന്ത്രികക്രമങ്ങളും ശുദ്ധി-അശുദ്ധി വ്യവസ്ഥയും ജാതിവരേണ്യതയും ജാതിഭേദങ്ങളും സ്ത്രീവിരുദ്ധ ചിന്തയുമായി പ്രവർത്തിക്കുന്ന രീതി ഈ പുസ്തകത്തിൽ ശ്യാംകുമാർ വ്യക്തമാക്കുന്നുണ്ട്.

ക്ഷേത്രാചാരങ്ങളിലെ ജാതിശൂദ്രരുടെ പതിതസ്ഥാനവും ബ്രാഹ്‌മണ്യത്തിന്റെ കാവൽക്കാരുമായി ജാതിശൂദ്രർ മാറിയതും ചരിത്രപ്രക്രിയയകളിൽ ആധുനികവൽകരണത്തിന്റെ ഘട്ടത്തിൽ കേരളത്തിലെ ജാതിശൂദ്രരും അന്തരാളജാതികളും സവർണജാതികളായി മാറിയ പ്രക്രിയയും പ്രത്യേകം പഠിക്കേണ്ട ഒരു വിഷയമാണ്. ഈ പരിവർത്തനം സാംസ്‌കാരികരംഗത്തും വിശ്വാസ ആരാധനാ സംവിധാനത്തിലും എങ്ങനെ പ്രതിഫലിച്ചു എന്ന് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. മുക്കാൽവട്ടമായി നിലനിന്ന ആരാധനാസ്ഥാനങ്ങൾ ബ്രാഹ്‌മണക്ഷേത്രങ്ങളും, തന്ത്രപാരമ്പര്യത്തിന്റെയും ശുദ്ധിക്രമത്തിന്റെയും അടിസ്ഥാനത്തിൽ ബ്രാഹ്‌മണ്യ ആരാധന പദ്ധതിയായി രൂപപ്പെട്ടുവന്ന പ്രക്രിയയും കാര്യമായി അന്വേഷിക്കാതെ ഇന്നും ഒരു ചരിത്രസമസ്യയായി നിലനിൽക്കുന്നു. ഇതിലേക്ക് വെളിച്ചം വീശുന്ന ചില ലേഖനങ്ങൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കേരളത്തിന്റെ നവോത്ഥാന ആധുനികതയുടെ മൂല്യമണ്ഡലത്തിന്റെ നിർമിതിയിൽ പാരമ്പര്യവാദങ്ങൾക്കും ഇതിഹാസപാഠങ്ങൾക്കും യാതൊരു പങ്കാളിത്തവുമുണ്ടായിരുന്നില്ല.

വിവിധതരത്തിലുള്ള താന്ത്രികരീതികളും വിശുദ്ധമാംസ സങ്കല്പങ്ങളും ആരാധനയും മാംസാഹാരവും രതിയും കൂടികലർന്ന ഒരു അനുഷ്ഠാന പ്രക്രിയയിലേക്ക് വാതിൽ തുറക്കുന്ന സൂചനകൾ നൽകുന്നുണ്ട് ഡോ. ശ്യാംകുമാർ ഈ പുസ്തകത്തിൽ. തദ്ദേശീയ മൂർത്തികളെയും ആരാധനാരീതികളെയും ഉൾക്കൊണ്ടും പുറന്തള്ളിയും താന്ത്രികവൃത്തികൾ അധികാരമായി മാറിയ പ്രക്രിയ സങ്കീർണമാണ്. കേരളീയ നവോത്ഥാന പ്രക്രിയയിൽ ആചാരപരിഷ്‌കാരവും ക്ഷേത്രബ്രാഹ്‌മണ്യവും മാറിവരുന്നത് പുതിയ ഉൾക്കൊള്ളൽ രീതികളായിട്ടായിരുന്നു. പുതിയതായി ഉയർന്നുവന്ന ദേശീയതാബോധവും പരിഷ്‌കരണ ആശയങ്ങളും "ഹിന്ദു സങ്കല്പവും' ദേശീയ ആശയങ്ങളിലൂടെ അയിത്തോച്ചാടനവും ഹിന്ദുനിർമിതിയുമായി പ്രവർത്തിച്ചു. സ്മൃതിപാരമ്പര്യങ്ങളെ വിമർശിക്കുകയും മനുസ്മൃതിയെ ചുട്ടെരിക്കുകയും ചെയ്ത നവോത്ഥാന സമരങ്ങളും ആധുനിക ജനാധിപത്യമൂല്യങ്ങളും ക്ഷേത്രസംസ്‌കാരത്തെ ഉൾക്കൊള്ളൽ ആരാധനാ ഇടങ്ങളായി പരിവർത്തിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഹിന്ദു മൂല്യസ്ഥാനത്തെ നിലനിർത്തിയ ഭൂരിപക്ഷ മത ആശയങ്ങളും കീഴാളരുടെ ഹിന്ദുവൽകരണവും ഈ പ്രക്രിയയെ വളരെയേറ നിർണയിച്ചിട്ടുണ്ട്. കീഴോർ സമൂഹങ്ങളെ ബ്രാഹ്‌മണ ക്ഷേത്രസംസ്‌കാരത്തിൽ നിന്നും പൗരോഹിത്യത്തിൽ നിന്നും പുറത്താക്കിയത് അവരെ ശൂദ്രരും അയിത്തക്കാരുമായി സ്ഥാനപ്പെടുത്തിക്കൊണ്ടായിരുന്നു.

ഭൂരിപക്ഷം വരുന്ന സ്ത്രീസമൂഹങ്ങളെ താന്ത്രിക ആരാധനാക്രമത്തിൽ നിന്നും പുറത്താക്കിയ ബ്രാഹ്മണ്യപൗരോഹിത്യവും അത് പ്രചരിപ്പിച്ച അനുഷ്ഠാനമുറകളും മതസംസ്‌കാരവും ഭേദരൂപങ്ങളും സ്ത്രീവിരുദ്ധമായതിൽ തെല്ലും ആശങ്കപ്പെടേണ്ടതില്ല. ആധുനിക കാലത്ത് ഭരണഘടനാമൂല്യങ്ങൾ ഉറപ്പുനൽകുന്ന തുല്യപൗരത്വവും ലിംഗനീതിയിലധിഷ്ഠിതമായ മൗലികാവകാശങ്ങളും നിഷേധിക്കുന്ന ഇടങ്ങളായി ആചാരബ്രാഹ്മണ്യത്തിന്റെ ആരാധനാസ്ഥാനങ്ങൾ മാറുമ്പോൾ, ഇതിഹാസപാഠങ്ങൾക്കും ത്രൈവർണിക സാഹിത്യങ്ങൾക്കും ബ്രാഹ്മണ്യമൂല്യങ്ങൾക്കുമെതിരെ സ്ത്രീവിമോചകരും ജനാധിപത്യവാദികളും നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുമ്പോൾ, അവർ വായിക്കേണ്ട പുസ്തകമായി ആരുടെ രാമൻ മാറുന്നുണ്ട്.

കേരളത്തിന്റെ നവോത്ഥാന പ്രക്രിയയിൽ എല്ലാ അപരത്വ സങ്കല്പങ്ങളെയും സമത്വസാഹോദര്യ സങ്കല്പത്തിലേക്ക് ഉൾച്ചേർക്കുന്ന നീതിവിചാരവും ധർമസങ്കല്പവും നാരായണഗുരു ബ്രാഹ്‌മണ്യത്തിനും അതിന്റെ ഭേദരൂപങ്ങൾക്കുമെതിരായി സ്ഥാപിച്ചെടുത്തു. / Photo: Keralaculture.org

കേരളത്തിന്റെ നവോത്ഥാന ആധുനികതയുടെ മൂല്യമണ്ഡലത്തിന്റെ നിർമിതിയിൽ പാരമ്പര്യവാദങ്ങൾക്കും ഇതിഹാസപാഠങ്ങൾക്കും യാതൊരു പങ്കാളിത്തവുമുണ്ടായിരുന്നില്ല. ഇതിഹാസ പാഠങ്ങളും രാമബിംബവും അതിന്റെ കോയ്മാബോധങ്ങളും പാരമ്പര്യ സാമൂഹിക മൂല്യങ്ങളായി സ്ഥാനപ്പെടുത്തിയാണ് കേരളത്തിന്റെ ആധുനിക ആശയങ്ങളും നവോത്ഥാന ചരിത്രപ്രക്രിയയും വികസിച്ചത്. ഇന്ത്യയിൽ വികസിച്ചുവന്ന കൊളോണിയിൽ വിരുദ്ധ ദേശീയതയിൽ ജാതിവിരുദ്ധ ജനാധിപത്യ സങ്കല്പങ്ങളായും സാമൂഹികനീതി പ്രസ്ഥാനങ്ങളായും ബ്രാഹ്‌മണ്യമൂല്യങ്ങൾക്കും ഇതിഹാസപാഠങ്ങൾക്കും എതിരായ പ്രത്യധീശത്വ വ്യവഹാരങ്ങൾ ആധുനികതയുടെയും നവോത്ഥാനത്തിന്റെയും തുടർച്ചയിൽ സമരോത്സുകമായി സന്നിവേശിച്ചിരുന്നു. മഹാത്മ ഫുലെയും, അംബേദ്കറും, ഇ.വി. രാമസ്വാമി നായ്ക്കരും, സ്വാമി അച്ചുതാനന്ദനും, നാരായണഗുരുവും, അയോത്തിദാസ് പണ്ഡിതരും, സഹോദരൻ അയ്യപ്പനും, പൊയ്കയിൽ അപ്പച്ചനും അവരുടെ പ്രക്ഷോഭകരമായ സമതാസങ്കല്പവും തുല്യതാ ജനാധിപത്യവും ജാതി പാരമ്പര്യങ്ങളും ബ്രാഹ്‌മണ്യ ആശയവാദവും ഉൾവഹിക്കുന്ന ഇതിഹാസ പുരാണങ്ങൾക്കും ത്രൈവർണിക സാഹിത്യരൂപങ്ങൾക്കും എതിരെ വിധ്വംസകമായി പ്രവർത്തിച്ചു.

കേരളത്തിന്റെ നവോത്ഥാന പ്രക്രിയയിൽ എല്ലാ അപരത്വ സങ്കല്പങ്ങളെയും സമത്വസാഹോദര്യ സങ്കല്പത്തിലേക്ക് ഉൾച്ചേർക്കുന്ന നീതിവിചാരവും ധർമസങ്കല്പവും നാരായണഗുരു ബ്രാഹ്‌മണ്യത്തിനും അതിന്റെ ഭേദരൂപങ്ങൾക്കുമെതിരായി സ്ഥാപിച്ചെടുത്തു. ജാതിഭേദവും മതദ്വേഷവും നിലനിർത്തിയ ഭേദവ്യവസ്ഥയുടെ സാമൂഹികമൂല്യങ്ങൾക്കെതിരായ ധർമസങ്കല്പമായിട്ടാണ് നാരായണഗുരു സാമൂഹിക സാഹോദര്യത്തെ സ്ഥാപിച്ചെടുത്തത്. നവോത്ഥാനപ്രക്രിയ, തുല്യ മനുഷ്യസങ്കല്പവും തുല്യനീതിയും സമത്വബോധവും ജാതിവിരുദ്ധ ജനാധിപത്യ ആശയങ്ങളും മുന്നോട്ടുവെച്ചുകൊണ്ട് ഇതിഹാസ പുരാണ പാരമ്പര്യങ്ങളുടെയും ജാതിബ്രാഹ്‌മണ്യത്തിന്റെയും ആശയവ്യവസ്ഥയെയും അത് പ്രചരിപ്പിച്ച വർണ-ജാതി മൂല്യങ്ങളിലൂന്നുന്ന സാമൂഹിക ധാർമികത (Social Morality) യെയും നിരാകരിച്ചു. കൊളോണിയൽവിരുദ്ധ ദേശീയപ്രസ്ഥാനത്തിന്റെ വ്യത്യസ്തങ്ങളായ ധാരകൾ, പാശ്ചാത്യ ആശയങ്ങളും വിമർശചിന്തയും സാഹോദര്യ-ജനാധിപത്യവും മതനിരപേക്ഷമൂല്യങ്ങളും മുന്നോട്ടുവെച്ചുകൊണ്ടാണ് വികസിച്ചുവന്നത്. സാമൂഹികനീതി പ്രസ്ഥാനങ്ങളും ജാതിവിരുദ്ധ ജനാധിപത്യ ആശയങ്ങളും ഇതിഹാസ പുരാണങ്ങളിലും ബ്രാഹ്‌മണ്യമൂല്യങ്ങളിലും ഉൾവഹിക്കുന്ന ജനാധിപത്യവിരുദ്ധ സങ്കല്പങ്ങളെയും വിവേചനരൂപങ്ങളെയും പ്രതിരോധിക്കുന്നതിന് ത്രൈവർണികരുടെയും ബ്രാഹ്‌മണ്യത്തിന്റെയും സാമൂഹിക ധാർമിക സങ്കല്പങ്ങളെ നിഷേധിച്ചുകൊണ്ടാണ് വികസിച്ചുവന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ റിപ്പബ്ലിക്കൻ ദേശരാഷ്ട്ര സങ്കല്പവും ഭരണഘടനാ ജനാധിപത്യവും ഉൾകൊണ്ടിരിക്കുന്നത് നവോത്ഥാന മൂല്യങ്ങളും തുല്യതാസങ്കല്പങ്ങളുമാണ്. ആധുനികപൂർവ ഇന്ത്യയിലെ ഭേദരൂപങ്ങൾക്ക് താത്വികവും സാമൂഹിക ധാർമികതയും ചമച്ച പാരമ്പര്യമൂല്യങ്ങളെയും ഭേദവിവേചനങ്ങളെയും നിരാകരിച്ചുകൊണ്ടാണ് നമ്മുടെ ദേശരാഷ്ട്രത്തിന്റെ ഭരണഘടനാ ധാർമികത (Constitutional Morality) നിലനിൽക്കുന്നത്. ഫുലെ മുതൽ അംബേദ്കർ വരെയും, അയോത്തിദാസ് പണ്ഡിതർ മുതൽ നാരായണഗുരു വരെയും അയ്യവൈകുണ്ഠൻ മുതൽ സഹോദരൻ അയ്യപ്പൻ വരെയുമുള്ള ചിന്തകർ ഉയർത്തികൊണ്ടുവന്ന മൂല്യമണ്ഡലത്തിലാണ് ഡോ. ശ്യാം കുമാറിന്റെ ഈ പുസ്തകത്തിന്റെ രാഷ്ട്രീയവും തത്വചിന്തയും സ്ഥാനപ്പെട്ടിരിക്കുന്നത്.

പാരമ്പര്യമൂല്യങ്ങളും അസമത്വ സാമൂഹിക ധാർമികതയും സമഗ്രാധിപത്യത്തിന്റെയും പുരോഗമനത്തിന്റെയും ഭാഷയിൽ ഇതിഹാസങ്ങളെയും രാമരാജ്യത്തെയും രാമബിംബത്തെയും ഭരണഘടനാ ധാർമികതയ്ക്ക് എതിരായി പ്രചരിപ്പിക്കുന്ന സമകാലിക സന്ദർഭത്തിൽ ഈ പുസ്തകത്തിന്റെ ഉള്ളടക്കം വായനക്കാരെ ഭരണഘടനാ ധാർമികതയിലൂന്നുന്ന ജനാധിപത്യ ജീവിതകാഴ്ചയിലേക്ക് നയിക്കും. ഇന്ത്യൻ ഭരണഘടനയും അതിന്റെ സമത്വദർശനവും നീതിസങ്കല്പവുമാണ് ഈ പുസ്തകത്തിന്റെ രാഷ്ട്രീയഭാവന. വിമർശ സാമൂഹികതയിലും സാമൂഹിക സാഹോദര്യത്തിലും വിശ്വസിക്കുന്ന വായനക്കാർക്ക് ഈ പുസ്തകം പരിചയപ്പെടുത്തുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. കെ.എസ്. മാധവൻ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്‌കാരിക വിമർശകൻ. കാലിക്കറ്റ് സർവകലാശാല ചരിത്രപഠന വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ.

Comments