സ്റ്റുഡൻറ്​ പൊലീസ്​ കേഡറ്റുകളോടൊപ്പം ഐ.പി.എസ് ഉദ്യോഗസ്ഥൻ പി. വിജയൻ. / Photo : pvijayanips

സ്വപ്​നത്തിന്റെ
​സാധ്യതകൾ

വിദ്യാഭ്യാസം, സാമൂഹിക പുനരുത്ഥാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി വൈവിധ്യപൂർണമായ മേഖലകളെ ചൂഴ്​ന്നുനിൽക്കുന്ന ഐ.ജി പി. വിജയന്റെ പ്രവർത്തന മണ്ഡലത്തെ പരിചയപ്പെടുത്തുന്ന അധികാരത്തിന്റെ സാധ്യതകൾ എന്ന പുസ്​തകത്തിന്റെ വായന

സിവിൽ സർവീസ് പ്രവേശനം ഒരു സ്വപ്നമായി കൊണ്ടുനടക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇപ്പോൾ മുമ്പെന്നത്തെക്കാളും കൂടുതലാണ്. ആ സ്വപ്നസാക്ഷാത്കാരത്തിന്​ നിതാന്തപരിശ്രമങ്ങളിൽ ഏർപ്പെടാൻ തയ്യാറുള്ളവർ കുറച്ചൊന്നുമല്ല. ലക്ഷങ്ങൾ മുടക്കിയുള്ള പരിശീലന ക്ലാസുകൾക്ക് പോകുന്നവരും ഏറെയാണ്. വരുമാനം മാത്രം അടിസ്ഥാനമാക്കുകയാണെങ്കിൽ, സിവിൽ സർവീസി​നേക്കാളും മികച്ച തൊഴിലുകൾ എത്രയോ ഉണ്ട്; അവയ്‌ക്കൊന്നുമില്ലാത്ത പ്രാധാന്യം സിവിൽ സർവീസിനുമാത്രം ലഭിക്കാൻ എന്താകും കാരണം? ഈ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം അധികാരത്തിന്റെ സാധ്യതകൾ എന്നല്ലാതെ മറ്റൊന്നുമാകാൻ തരമില്ല!

കണ്ടും കേട്ടും പരിചയിച്ച അത്തരം വാർപ്പുമാതൃകകളിൽ നിന്ന്​ വ്യത്യസ്തനായ ഒരു സിവിൽ സർവീസ്​ ഉദ്യോഗസ്ഥനാണ് പി. വിജയൻ. പ്രവർത്തന മണ്ഡലം, പക്ഷേ, പൊലീസിംഗിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല.

വ്യക്തിപരമായ സാധ്യതകൾ മുന്നിൽക്കണ്ടുതന്നെയാവും കുറച്ചു പേരെങ്കിലും സിവിൽ സർവീസ് കാംക്ഷികളാവുന്നത്. അധികാരം പകർന്നുനൽകുന്ന സാധ്യതകളെ ‘ഉപയോഗപ്പെടുത്തുന്നതിൽ' മിടുക്കരായ അത്തരം ഉദ്യോഗസ്ഥരെ കുറിച്ചാവും മാധ്യമങ്ങൾക്ക്​ കൂടുതലായും പറയാനുമുണ്ടാവുക. പിന്നെയും കുറച്ചുപേർ ഇച്ഛാഭംഗത്തിന്റെ ഇരകളായിരിക്കും. വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി സിവിൽ സർവീസിൽ പ്രവേശിച്ചവരാണവർ. സമൂഹ പുരോഗതിക്കായി സേവനം അർപ്പിക്കുവാനുള്ള സന്നദ്ധതയും ത്യാഗമനഃസ്ഥിതിയും അവർക്ക്​ മുതൽക്കൂട്ടായി ഉണ്ടാവുകയും ചെയ്യും; എന്നാൽ വിഭവപരമായ പരിമിതികളും ഔദ്യോഗിക ചട്ടക്കൂടുകളുടെ സമ്മർദങ്ങളും നിമിത്തം തങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ അവർക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. ഒടുവിൽ ഭാവനാവൈഭവവും സേവനത്വരയും കർമശേഷിയും എല്ലാം വെടിഞ്ഞ് സ്വന്തം ശമ്പളവും ബത്തകളും ഊനപ്പെടാതെ നോക്കുക എന്ന ഏക കർമപരിപാടിയിലേക്ക് ഒതുങ്ങിക്കൂടാനാവും അവരുടെ ശ്രമം. വിരളമായിട്ടാണെങ്കിലും, വ്യവസ്ഥിതിയുടെ ചട്ടക്കൂടുകളോട് സമരസപ്പെടാനാകാതെ കലഹിച്ച് പുറത്തുപോകുന്നവരും ഇല്ലാതില്ല.

Photo : Student Police Cadet Kerala, Fb Page

കണ്ടും കേട്ടും പരിചയിച്ച അത്തരം വാർപ്പുമാതൃകകളിൽ നിന്ന്​ വ്യത്യസ്തനായ ഒരു സിവിൽ സർവീസ്​ ഉദ്യോഗസ്ഥനാണ് പി. വിജയൻ. കേരള പൊലീസിൽ ഇൻസ്‌പെക്ടർ ജനറൽ എന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പദവി; പ്രവർത്തനമണ്ഡലം, പക്ഷേ, പൊലീസിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. വിദ്യാഭ്യാസം, സാമൂഹിക പുനരുത്ഥാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി വൈവിധ്യപൂർണമായ മേഖലകളെ അത് ചൂഴ്​ന്നുനിൽക്കുന്നു. കൗതുകകരമായ ഒരു വസ്തുത, അവയിൽ പലതും സർക്കാർപദ്ധതികൾ അല്ലെന്നുള്ളതാണ്. എന്നാൽ ഏതൊരു ജനാധിപത്യ സർക്കാരിന്റെയും ലക്ഷ്യമാകേണ്ടുന്ന ക്ഷേമരാഷ്ട്ര നിർമിതി എന്ന സങ്കൽപത്തിലേക്കുള്ള ഈടുവെപ്പുകളാണ് അവയൊക്കെയും. ആ പദ്ധതികളിൽ പലതും സമൂഹത്തിന്റെ അടിത്തട്ടിൽ ശക്തമായ മാറ്റത്തിന്റെ അലകൾ തീർക്കുന്ന നിശബ്ദപ്രസ്ഥാനങ്ങളായി മാറിയിരിക്കുന്നു; തന്നിൽ നിക്ഷിപ്തമായ അധികാരത്തിന്റെ സാധ്യതകൾ ഭാവനാപൂർണമായി വിനിയോഗിച്ചുകൊണ്ടാണ് അദ്ദേഹം അത് സാധ്യമാക്കുന്നത്.

പി. വിജയന്റെ വൈവിധ്യപൂർണമായ കർമമണ്ഡലങ്ങൾ പരിചയപ്പെടുത്തുന്ന കൃതിയാണ്​ കറൻറ്​ ബുക്‌സ് പ്രസിദ്ധീകരിച്ച അധികാരത്തിന്റെ സാധ്യതകൾ. കാസർകോട്ടെ കേന്ദ്ര സർവകലാശാലയിൽ പ്രൊഫസറും വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകാരനുമായ ഡോ. അമൃത് ജി. കുമാറിന്റേതാണ് രചന. നടൻ മോഹൻലാൽ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നു.

ഡോ. അമൃത് ജി. കുമാർ. / Photo : Amruth G. Kumar, Fb Page

ഏഴ് ശീർഷകങ്ങളാണ് ഈ കൃതിയിൽ മുഖ്യമായും ഉള്ളത്. ഒന്നാമത്തെ ശീർഷകത്തിനുചുവടെ നന്മയുടെ ആധാരശിലയിൽ സമൂഹത്തെ പുതുക്കിപ്പണിയുവാനുള്ള കഥാപുരുഷന്റെ ഊർജസ്രോതസ്സുകൾ ഏതെന്നുള്ള അന്വേഷണമാണ് ഗ്രന്ഥകാരൻ നടത്തുന്നത്. ആ അന്വേഷണത്തിനുള്ള ഉത്തരം, ആമുഖക്കുറിപ്പിൽ ഗ്രന്ഥകാരൻ ഒന്നാമതായി കുറിച്ചിട്ട വാചകം തന്നെയാണെന്ന തിരിച്ചറിവിലേക്കാണ് പുസ്തകത്തിന്റെ പാരായണം നമ്മെ കൊണ്ടെത്തിക്കുക; ‘പകരം വെക്കാനില്ലാത്ത സാമൂഹ്യപ്രതിബദ്ധതയുടെ പേരാണ് പി. വിജയൻ ഐ.പി.എസ്.' എന്നതാണ് ആ വാചകം. തീവ്രമായ ജീവിതാനുഭവങ്ങളാണ് തന്റെ സംരംഭകത്വത്തിനുള്ള അദ്ദേഹത്തിന്റെ നിക്ഷേപങ്ങളെന്ന് ഗ്രന്ഥകാരനോടൊപ്പം നാമും തിരിച്ചറിയും. പദ്ധതികളുടെ വിശദ വിലയിരുത്തലുകളാണ് തുടർന്നുവരുന്ന ഏതാനും അധ്യായങ്ങളിൽ. ഗ്രന്ഥകാരന്റെ അന്വേഷണങ്ങളുടെ ഫലശ്രുതി ‘അധികാരത്തിന്റെ സാധ്യതകൾ' എന്ന ഒടുവിലത്തെ അധ്യായത്തിൽ വായിക്കാം.

പി. വിജയൻ ആവിഷകരിച്ചു നടപ്പിലാക്കിവരുന്ന ഏതാണ്ട് മുഴുവൻ പദ്ധതികളുടെയും ലക്ഷ്യബിന്ദുക്കൾ കുട്ടികളാണ്. അവയുടെ പശ്ചാത്തലവിവരണങ്ങളിലൂടെ കടന്നുപോകുമ്പോൾ, സ്വയമറിയാതെ അഭിശാപങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന കുരുന്നുജീവിതങ്ങളുടെ കഥകൾ നമ്മെ അസ്വസ്ഥരാക്കാതിരിക്കില്ല.

സ്റ്റുഡൻറ്​സ്​ പൊലീസ് കേഡറ്റ്, ഹോപ്പ്, അവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, മിഷൻ ബെറ്റർ ടുമാറോ തുടങ്ങി പി. വിജയൻ ആവിഷകരിച്ചു നടപ്പിലാക്കിവരുന്ന ഏതാണ്ട് മുഴുവൻ പദ്ധതികളുടെയും ലക്ഷ്യബിന്ദുക്കൾ കുട്ടികളാണ്. അവയുടെ പശ്ചാത്തലവിവരണങ്ങളിലൂടെ കടന്നുപോകുമ്പോൾ, രാമായണകഥയിലെ അഹല്യയെപ്പോലെ, സ്വയമറിയാതെ അഭിശാപങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന കുരുന്നുജീവിതങ്ങളുടെ കഥകൾ നമ്മെ അസ്വസ്ഥരാക്കാതിരിക്കില്ല. ‘സൂചിത്തുമ്പിനെ പ്രണയിച്ച പെൺകുട്ടി' എന്ന ശീർഷകത്തിനുചുവടെയുള്ള വാങ്മയങ്ങൾ അത്തരത്തിൽ അസ്വസ്ഥതയുളവാക്കുന്ന ഒന്നാണ്. വീണ്ടെടുപ്പിന്റെ വിരൽസ്പർശം ഏറ്റാൽ സ്വയം മോഹിനിമാരായി രൂപാന്തരപ്പെടാൻ ശേഷിയുള്ള അത്ഭുതശിലകളാണ് ആ ബാല്യങ്ങൾ എന്നും നാം തിരിച്ചറിയുന്നു. അവരുടെ വീണ്ടെടുപ്പിനുള്ള ഉത്തരവാദിത്വത്തിൽനിന്ന്​ ഒഴിഞ്ഞുമാറാൻ പൊതുസമൂഹത്തിന് സാധ്യമല്ല. ഈ തിരിച്ചറിവാണ് ‘ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ’ എന്ന പദ്ധതിയുടെ പിറവിക്കുപിന്നിൽ. പ്രത്യക്ഷമായ തൽക്ഷണഫലങ്ങൾക്കൊപ്പം പരോക്ഷമായ ദീർഘകാല ഫലങ്ങളും ഓരോ പദ്ധതിയുടെയും ലക്ഷ്യങ്ങളാണെന്ന് ഗ്രന്ഥകാരൻ സമർഥിക്കുന്നു.

പൊലീസിൻറെ ‘ഹോപ്പ്’ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ പി. വിജയൻ സംസാരിക്കുന്നു

‘ഹോപ്പി’ന്റെ കാര്യം തന്നെ എടുക്കുക. പത്താം ക്ലാസിൽ പരാജയപ്പെടുന്ന വിദ്യാർഥികളെ പരീക്ഷാവിജയത്തിന് പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ഹൃസ്വകാല ലക്ഷ്യം. വിദ്യാഭ്യാസ മേഖലകളിൽ നിന്ന്​ ബഹിഷ്‌കൃതരാകുന്നതോടെ കൗമാരക്കാർ ചെന്നുപെടാൻ ഇടയുള്ള ദൂഷിതവലയങ്ങളിൽ നിന്ന്​സംരക്ഷണമേകൽ അതിന്റെ മറ്റൊരു ലക്ഷ്യമാണ്. കുറ്റവാളികൾ പിറവിയെടുക്കുന്നത് തടയുകയും യുവതയുടെ ക്രിയാശേഷി ക്ഷേമരാഷ്ട്ര നിർമാണപ്രക്രിയയിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നത് അതിന്റെ ദീർഘകാല ലക്ഷ്യവുമാണ്. ‘പുണ്യം പൂങ്കാവനം' പദ്ധതിയാകട്ടെ വൃത്തിയിലധിഷ്ഠിതമായ മനോഭാവ രൂപീകരണം ലക്ഷ്യമിടുന്നു. അവരവരുടെ മാത്രമല്ല ആരുടെ മാലിന്യമായാലും അത് തന്റെ കൂടി ഉത്തരവാദിത്തമാണെന്ന തിരിച്ചറിവിലേക്കാണ് അത് സമൂഹത്തെ കൊണ്ടെത്തിക്കുന്നത്. അതിന്റെ ദീർഘകാല ഫലം പ്രത്യേകം പറയേണ്ടതില്ല. ലോകത്തെ ആകമാനം ജഡാവസ്ഥയിലേക്ക് തള്ളിവിട്ട ഒന്നായിരുന്നുവല്ലോ കോവിഡ് പ്രതിസന്ധി. കുഞ്ഞുങ്ങളെയാണ് അത് ഏറെ ബാധിച്ചത്. അതിനെ മറികടക്കാൻ ആവിഷ്‌കരിക്കപ്പെട്ട പദ്ധതികളിലും ഭാവിയിലേക്കുള്ള കരുതലിന്റെ സർഗാത്മകസ്പർശം ദൃശ്യമാണ്.

കൗമാരത്തിന്റെ ഊർജവിസ്‌ഫോടനത്തെ നിർമാണാത്മകമായ രീതിയിൽ വിനിയോഗിക്കാൻ എന്തു ചെയ്യാനാവും എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് സ്റ്റുഡൻറ്​സ്​ പൊലീസ് കേഡറ്റ് പദ്ധതിയുടെ സൈന്താന്തിക പരിസര വിശകലനം.

അരികുവത്കരിക്കപ്പെട്ട കൈശോരങ്ങളുടെ വീണ്ടെടുപ്പ് മുഴുവൻ പദ്ധതികളുടെയും അന്തർധാരയായി വർത്തിക്കുന്നുണ്ട്; തനിക്ക് വേണ്ടവിധം ആസ്വദിക്കാനാവാതെ പോയ ബാല്യകൗമാരങ്ങൾ, ഒരു കുട്ടിക്കും, തന്റെ മുൻപിൽ നിഷേധിക്കപ്പെടാൻ ഇടയാവരുത് എന്ന ആർദ്രചിന്തയാകാം അത്തരം പദ്ധതികൾക്കു തുടക്കമിടാൻ പി. വിജയന്​ പ്രേരണയായത്; എന്നാൽ വിസ്മയകരമായ ഗുണഫലങ്ങൾ ഉളവാക്കി ആ പദ്ധതികൾ ഇന്ന് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഡോ. അമൃത് ജി. കുമാറിന്റെ പഠനം. ഓരോ പദ്ധതിയുടെയും രൂപീകരണപശ്ചാത്തലവും ഉള്ളടക്കങ്ങളും അനന്തരഫലങ്ങളും ഇതിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്; അവിടംകൊണ്ട് അവസാനിപ്പിക്കാതെ ഓരോന്നിനെയും മനഃശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ സങ്കേതങ്ങൾ ഉപയോഗിച്ച് വിശകലനവിധേയമാക്കാനും ഗ്രന്ഥകാരൻ ശ്രമിച്ചിരിക്കുന്നു. ഈ പഠനത്തെ സവിശേഷമാക്കിത്തീർക്കുന്നതും സമീപനത്തിലെ ഈ മൗലികത തന്നെയാണ്.

പി. വിജയൻ / Photo : P Vijayan IPS, Fb Page

കൗമാരത്തിന്റെ ഊർജ്ജ വിസ്‌ഫോടനത്തെ നിർമാണാത്മകമായ രീതിയിൽ വിനിയോഗിക്കാൻ എന്തു ചെയ്യാനാകും എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് സ്റ്റുഡൻറ്​സ്​ പൊലീസ് കേഡറ്റ് പദ്ധതിയുടെ സൈന്താന്തിക പരിസര വിശകലനം. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണത്. സാമൂഹിക പുനരുത്ഥാന സംരംഭങ്ങളിൽ സഹായമൂലധനത്തിന്റെ പങ്ക് തുടങ്ങിയ ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും ഈ കൃതി ഉൾക്കൊള്ളുന്നുണ്ട്. പൊതുസമൂഹ നന്മ ലാക്കാക്കി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ഭരണകൂടങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് ആ കണ്ടെത്തലുകൾ.

പുസ്തകത്തിന്റെ ആദ്യ അധ്യായത്തിൽ ഗ്രന്ഥകാരൻ, പി. വിജയന്റെ കൗമാര-യൗവനങ്ങളുടെ സംക്രമണഘട്ടത്തെ സൂചിപ്പിച്ച്​ ഒരു ബിംബകൽപന നടത്തുന്നുണ്ട്. കത്തുന്ന വെയിൽച്ചൂടിൽ കോഴിക്കോട് നഗരത്തിലൂടെ നിർമാണസാമഗ്രികൾ നിറച്ച ഉന്തുവണ്ടി വലിച്ചുകൊണ്ടുപോകുന്ന ഒരു യുവാവിന്റെ ചിത്രമാണത്. അക്ഷരാർഥത്തിൽ അത്​ അപ്രകാരം സംഭവിച്ചതായിക്കൊള്ളണമെന്നില്ല, പി. വിജയൻ, തന്റെ ജീവിതത്തിൽ പിന്നിട്ട കനൽപഥങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ഗ്രന്ഥകാരന്റെ ലക്ഷ്യം. ആ ബിംബകൽപനയിൽ നിന്ന്​ കഥാനായകന്റെ വർത്തമാനകാല പരിശ്രമങ്ങളിലേക്കാണ് ഗ്രന്ഥകാരൻ പിന്നീട് പ്രകാശം പരത്തുന്നത്; അവിടെ വീണ്ടും തെളിയുന്നത് ഒരു ഉന്തുവണ്ടിക്കാരന്റെ ചിത്രം തന്നെ! താൻ ജീവിക്കുന്ന സമൂഹത്തിന്റെ സൃഷ്ടിപരമായ പുനർനിർമാണത്തിനുള്ള സാമഗ്രികളുമായി വിശ്രമമറിയാതെ മുന്നോട്ടുപോകുന്ന ഉന്തുവണ്ടിക്കാരൻ! ‘ദ ബെസ്റ്റ് ആക്ടർ' എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിനുവേണ്ടി സന്തോഷ് വർമ കുറിച്ചിട്ടതുപോലെ, സ്വപ്നങ്ങൾ നിറച്ച ചാക്കുകളും പേറിയുള്ള ആ അലച്ചിൽ പി. വിജയൻ ഇപ്പോഴും തുടരുകയാണ്; താൻ ജീവിക്കുന്ന സമൂഹത്തിന്റെ നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ആ ചാക്കുകൾ നിറയെ. അദ്ദേഹം ആവിഷകരിച്ചു നടപ്പിലാക്കി വരുന്ന പദ്ധതികളിൽ ഒന്നിന്റെ പേരും ‘മിഷൻ ബെറ്റർ ടുമാറോ’ എന്നു തന്നെയാണല്ലോ?

പി. വിജയന്റെ ജീവചരിത്രരചന ഗ്രന്ഥകാരന്റെ ലക്ഷ്യമായിരുന്നില്ല; ഇതൊരു വ്യക്തിചരിത്രം അല്ലെന്ന് അവതാരികയിൽ നടൻ മോഹൻലാൽ പ്രത്യേകം പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

പലപല വഴിയേ അനുദിനമുള്ള ആ അലച്ചിലിനിടയിൽ ഒരു മാന്ത്രിക കുഴലൂത്തുകാരനെപ്പോലെ എത്രയോ പേരെ തന്റെ അനുഗാമികളാക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. സ്വപ്നത്തിന്റെ ഭാണ്ഡങ്ങളും പേറിയുള്ള ആ യാത്രയിലെ കണ്ടെത്തലുകളാണ് സ്റ്റുഡൻറ്​സ്​ പൊലീസ് കേഡറ്റ്, ഹോപ്പ്, അവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, പുണ്യം പൂങ്കാവനം എന്നിങ്ങനെ ഇനിയും ആവിഷ്‌കരിച്ചുതീർന്നിട്ടില്ലാത്ത പദ്ധതികൾ. അതുകൊണ്ടാവണം ഈ പുസ്തകത്തിന്റെ പ്രകാശനവേളയിൽ ഗ്രന്ഥപരിചയം നടത്തിയ ഇൻറലിജൻസ്​ ഐ.ജി. കെ. സേതുരാമൻ, ‘സ്വപ്നത്തിന്റെ സാധ്യതകൾ' എന്ന പേരാകും ഗ്രന്ഥത്തിന്​ കൂടുതൽ നന്നായിച്ചേരുക എന്ന് അഭിപ്രായപ്പെട്ടത്.

‘അധികാരത്തിന്റെ സാധ്യതകൾ’ എന്ന പുസ്തകത്തിൻറെ പ്രകാശനവേളയിൽ ഇൻറലിജൻസ്​ ഐ.ജി കെ. സേതുരാമൻ, ‘മിഷൻ ബെറ്റർ ടുമോറോ’ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ. എൻ. മധുസൂദനൻ തുടങ്ങിയവർ. / Photo : Student Police Cadet Kerala, Fb Page

പി. വിജയന്റെ ജീവചരിത്രരചന ഗ്രന്ഥകാരന്റെ ലക്ഷ്യമായിരുന്നില്ല; ഇതൊരു വ്യക്തിചരിത്രം അല്ലെന്ന് അവതാരികയിൽ മോഹൻലാൽ പ്രത്യേകം പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. കർമകാണ്ഡത്തിന്റെ മധ്യാഹ്നത്തിൽ മാത്രം എത്തിനിൽക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ജീവചരിത്രം എഴുതാനുള്ള സമയം ആയിട്ടില്ലെന്നതും നേരുതന്നെ. എങ്കിലും പി. വിജയന്റെ ഒരു ലഘുജീവിതരേഖ അനുബന്ധമായി ചേർത്തിരുന്നുവെങ്കിൽ ഗ്രന്ഥം കൂടുതൽ മിഴിവുള്ളതായിത്തീരുമായിരുന്നു എന്നു പറയാതെ വയ്യ! പ്രതിസന്ധികളെ വകഞ്ഞുമാറ്റി ലക്ഷ്യസാക്ഷാത്കാരം നേടിയ ആ ജീവിതം ആത്മപ്രചോദനത്തിന്റെ നിത്യനിദർശനമാണല്ലോ? അവതാരികക്കാരൻ കുറിച്ചതുപോലെ ആ ജീവിതം തന്നെ ഒരു പാഠപുസ്തകമാണ്. അതുകൊണ്ടുതന്നെ ആ ജീവിതരേഖ ഉൾപ്പെടുത്തുന്നത് നമ്മുടെ ചെറുപ്പക്കാർക്ക് ഏറെ പ്രയോജനം ചെയ്യുമായിരുന്നു എന്നതിൽ സംശയമില്ല; മുകളിൽ സൂചിപ്പിക്കപ്പെട്ട കാൽപനികമായ ബിംബചിത്രീകരണം പോലെ ചില പശ്ചാത്തലസൂചനകൾ വേറെയും ഈ പുസ്തകത്തിൽ ദൃശ്യമാണെന്നതു ശരിയാണ്. വസ്തുതകളുടെ നേർപ്രകാശനത്തിന് അവ പകരമാകുമെന്ന് കരുതാൻ വയ്യ. അതുകൂടി ഉണ്ടായിരുന്നുവെങ്കിൽ ഹൈസ്‌കൂൾ / ഹയർ സെക്കൻഡറി സ്‌കൂൾ ക്ലാസുകളിൽ പാഠപുസ്തകമാക്കാൻ എന്തുകൊണ്ടും യോഗ്യമായ ഒരു കൃതിയായി ഈ പുസ്തകം മാറുമായിരുന്നു എന്നതിലും സംശയമില്ല.

വസ്തുതാവിവരണത്തിന്റെ വരണ്ട രീതിക്കുപകരം സർഗാത്മകരചനയുടെ ആകർഷകത്വം നിറഞ്ഞ ശൈലിയാണ് ഗ്രന്ഥകാരൻ സ്വീകരിച്ചിട്ടുള്ളത്. ഓജസ്സുള്ള ഭാഷയും ഒഴുക്കുള്ള ഗദ്യശൈലിയും പുസ്തകത്തെ മികച്ച രീതിയിൽ പാരായണക്ഷമമാക്കുന്നതിനു സഹായകമായിത്തീർന്നിട്ടുണ്ട്; ഒന്നാം അധ്യായത്തിന്റെ ചിലയിടങ്ങൾ മാത്രം ഈ പൊതുവിശേഷണത്തോട് ചേർന്നുപോകുന്നതല്ല എന്നു കൂടി പറയേണ്ടിയിരിക്കുന്നു. ▮

(‘അധികാരത്തിന്റെ സാധ്യതകൾ' (പഠനം), ഗ്രന്ഥകർത്താവ്: ഡോ. അമൃത് ജി. കുമാർ, കറൻറ്​ ബുക്‌സ് പ്രസാധനം, വിതരണം: ഡി.സി. ബുക്‌സ്, പേജ് 112, വില 150)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. ബി. ഫൈസൽ

എറണാകുളത്ത് തീരദേശ പോലീസ് ആസ്ഥാന കാര്യാലയത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്​.

Comments