എം.കുഞ്ഞാമന്റെ എതിര്; ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്ന പുസ്തകം, എതിരുകളോട് ഏറ്റുമുട്ടി ഓരോ പടവുകളും ചവിട്ടി മുന്നേറിയ ഒരു ദളിതന്റെ ജീവിതസമരമായാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ഇതൊരു സാമൂഹ്യപാഠപുസ്തകമാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നതായിരിക്കും ഉചിതം.
ഇന്ത്യയിലെ ദളിത്പ്രശ്‌നത്തെ സാമൂഹ്യമായും സാമ്പത്തികമായും മാനസികതലത്തിലും പരിശോധിച്ച് സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യാനാണ് പുസ്തകം ശ്രമിക്കുന്നത്. കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന തീവ്രാനുഭവങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ടാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്.
പട്ടിക്കും കുഞ്ഞാമൻ എന്ന കുട്ടിക്കും കുഴികുത്തി ചേമ്പിലയിൽ കഞ്ഞി നൽകുന്നത്, പാണൻ എന്ന വിളി, അധ്യാപകന്റെ ചെകിട്ടത്തുള്ള അടി, കഞ്ഞിക്കുവേണ്ടി സ്‌കൂളിലേക്ക് വരുന്നു എന്ന അപമാനം, ഉന്നതവിജയം നേടിയപ്പോഴും എല്ലാ പേപ്പറും കിട്ടിയോ എന്ന ചോദ്യം, ഇതിനൊന്നും നമുക്ക് ഒന്നും ചെയ്യാനില്ല, നന്നായി പഠിക്കുക എന്ന അമ്മയുടെ ഉപദേശം തുടങ്ങിയ ജീവിതാനുഭവങ്ങൾ വൈറ്റമിനും പ്രോട്ടീനുംപോലെ പ്രതിപ്രവർത്തിച്ച് കുഞ്ഞാമൻ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനെ സൃഷ്ടിക്കുകയായിരുന്നു.
തന്നെ നിരാകരിച്ചവരോടും, അവഹേളിച്ചവരോടും വിദ്വേഷം തോന്നാതെ അത്തരമൊരു മാനസികാവസ്ഥയുടെ സാമാന്യസാഹചര്യത്തെ പഠിക്കാനും വിശകലനം ചെയ്യാനും പ്രതിരോധിക്കാനുമുള്ള കരുത്ത് സൃഷ്ടിക്കുന്നതിന്റെ അനുഭവചിത്രീകരണമാണ് ഈ പുസ്തകം. കുഞ്ഞാമൻ ഈ പുസ്തകത്തിലൂടെ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.
സാക്ഷാൽ കെ.എൻ.രാജായാലും, ഇന്ത്യൻ പ്രസിഡന്റായാലും, വൈസ് പ്രസിഡന്റായാലും തനിക്ക് ബോധ്യമായത് തുറന്നുപറയാനും അത് ഉറക്കെ പറയാനും തയ്യാറാവുക വഴി സത്യസന്ധമായ വിമർശനങ്ങൾ ഉയർത്തുക എന്നത് ഏത് വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. പുസ്തകം നെഞ്ചിൽ ചേർത്ത് പിടിച്ച് മുഖമുയർത്തി ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന അംബേദ്കർ ആയിരിക്കണം ഓരോ ദളിതന്റേയും റോൾമോഡൽ.
വിദ്യാർത്ഥി-അധ്യാപകബന്ധം ഒരു മേൽ-കീഴ് ബന്ധമല്ല. ബഹുമാനിക്കപ്പെടുന്നവനും ബഹുമാനിക്കുന്നവനും തമ്മിലുള്ള ബന്ധമല്ല. അധ്യാപകനാകുമ്പോഴും വിദ്യാർത്ഥിയായിക്കൊണ്ടുതന്നെ ഒന്നിച്ചുചേർന്നുള്ള വിമർശനാത്മക ബോധനപരിപാടിയാണ്. അധികാരം പിടിക്കാൻ പഠിപ്പിക്കുന്ന സ്ഥലമല്ല സർവകലാശാല. അധികാരത്തെ എതിർക്കാൻ പഠിപ്പിക്കുന്ന സ്ഥലമാണ്. ജാതി സംഘടനകൾക്ക് നിയന്ത്രിക്കാനുള്ള ഇടമാകരുത് ഉന്നതവിദ്യാഭ്യാസം.
ദളിതന് മുഖ്യമന്ത്രിക്കസേരയിലിരിക്കണമെങ്കിൽ അയാൾ മൂട്ടയായി പുനർജനിക്കേണ്ടിവരും എന്നാണ് കുഞ്ഞാമൻ നിരീക്ഷിക്കുന്നത്. ദളിതന് ഉന്നതസ്ഥാനങ്ങളിലെത്തിച്ചേരാനുള്ള സാമൂഹ്യ, രാഷ്ട്രീയ, മാനസിക പ്രതിരോധഘടകങ്ങൾ വളരെ വിശദമായി ചർച്ച ചെയ്യപ്പെടണം. ധൈഷണികരംഗത്തുള്ളവരെ മാറ്റിനിർത്തുന്നത് ബോധപൂർവമാണ്, നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ചിന്തിക്കുന്നുണ്ട്, പിന്നെയെന്തിനാണ് നിങ്ങൾ ചിന്തിക്കുന്നത്? എന്ന മനോഭാനമാണ് രാഷ്ട്രീയനേതൃത്വങ്ങൾക്ക്. ഇടതുരാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന CPM ന്റെ പോളിറ്റ് ബ്യൂറോയിൽ ഒരു ദളിതന് കടന്നുവരാൻ കഴിയില്ല. അതിനേയും കുഞ്ഞാമൻ നിശിതമായി വിമർശിക്കുന്നു.
ദളിതന്റെ മാനസികാവസ്ഥ എങ്ങനെയാണ് സാമൂഹ്യമായി മുൻപന്തിയിലെത്തിക്കുന്നതിന് വിഘാതമായി നിൽക്കുന്നതെന്ന് സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ വിശദമാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്.
അംബേദ്കറിസത്തിലൂന്നി ഇന്ത്യയിലെ ദളിതർ പ്രവർത്തിക്കണമെങ്കിൽ നായർ, നമ്പൂതിരി എന്ന് പറയുന്നതുപോലെ ദളിതർ ജാതി പറഞ്ഞുകൊണ്ടുതന്നെ സാമൂഹ്യ പിന്നോക്കാവസ്ഥക്കെതിരെ പോരാടണമെന്ന പുതിയ ചിന്ത മുന്നോട്ട് വയ്ക്കുന്നു.
ഇന്ത്യയിലെ ദളിത് പരിണാമത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. ഒന്ന്, ഭരണഘടന നിലവിൽവന്നതോടെ ദളിതൻ മനുഷ്യജീവിയായി, ബി.എസ്.പി.യുടെ ആവിർഭാവത്തോടെ ദളിതൻ രാഷ്ട്രീയജീവിയായി, നവലിബറൽ സാമ്പത്തികക്രമം വന്നതോടെ ദളിതൻ സാമ്പത്തികജീവിയായി. ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ വളരെ ഗൗരവപൂർണമായ ചർച്ചകൾ ആവശ്യപ്പെടുന്ന ചിന്തയാണിത്.
കമ്യൂണിസ്റ്റുപാർട്ടികൾ ബൂർഷ്വ പാർട്ടികളല്ല, ബൂർഷ്വ പാർട്ടികൾക്ക് കമ്യൂണിസ്റ്റ് പാർട്ടികളെ മാറ്റിയെടുക്കാൻ കഴിഞ്ഞു. അത് ആഗോളതലത്തിൽ തന്നെ ബൂർഷ്വാസിയുടെ വിജയമായി കാണണം. ആത്യന്തികമായി കാണുന്നത് ഭരണത്തെയാണ്. ബഹുമാനിക്കപ്പെടുന്നതിനും, ആദരിക്കപ്പെടുന്നതിനും, വിധേയത്വത്തിനും എതിരായി നിൽക്കേണ്ടവർ അതിനനുകൂലമായി നിൽക്കുന്ന രീതിയിൽ മാറ്റപ്പെടുന്നു.
കേരളത്തിലെ ഭൂപരിഷ്‌കരണം യഥാർത്ഥ കർഷകത്തൊഴിലാളിയായ ദളിതന് ഒന്നും നൽകിയില്ല. Land to the tiller of the soil എന്ന് 1955-ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ച പ്രമേയം നടപ്പായില്ല. മേലാളവർഗങ്ങളുടെ സാമ്പത്തിക താൽപര്യം സംരക്ഷിച്ചുകൊണ്ടാണ് കേരളത്തിൽ ഭൂപരിഷ്‌കരണം നടപ്പാക്കിയത്.
ഇന്ത്യയിൽ വർഗത്തിൽ വർണങ്ങളും വർണത്തിൽ വർഗങ്ങളും നിലനിൽക്കുന്നു. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയെ സംബന്ധിച്ച് ഇത് ആശയപരമായ അവ്യക്തതയായും പ്രായോഗിക പ്രതിബന്ധവും സൃഷ്ടിക്കുന്നു. ചൂഷിതന്റെ അവബോധമാണ് വർഗസമരത്തിന്റെ മൂലകാരണമെങ്കിൽ ഇന്ത്യയുടെ സവിശേഷസാഹചര്യത്തിൽ വർഗസമരത്തിനും മുമ്പൊരു വർണസമരം നടക്കേണ്ടതുണ്ട്.
നിർധനരായ സാമൂഹ്യവിഭാഗങ്ങൾക്ക് സ്വത്തുടമസ്ഥതയും, സംരംഭകത്വവും പാണ്ഡിത്യവും ആണ് ആവശ്യം. ഈ മൂന്ന് അടിസ്ഥാനങ്ങളിൽനിന്ന് അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങൾ മാറ്റിനിർത്തപ്പെടുകയാണ്.
അധികാരവത്കരണം ശാക്തീകരണമല്ല. ശാക്തീകരണം എന്നാൽ സാമ്പത്തികമായ ശാക്തീകരണമാണ്. സമ്പത്താണ് സ്വതന്ത്ര്യം, ശക്തി.
രാഷ്ട്രീയത്തിന് ബദലില്ല എന്നു ചിന്തിക്കുന്നത് വികലവും വക്രവുമാണ്. പ്രത്യയശാസ്ത്ര നിരപേക്ഷമായ രാഷ്ട്രീയംകൊണ്ട് ചില വ്യക്തികൾക്ക് പ്രയോജനമുണ്ട്. ജനങ്ങൾക്ക് ഒന്നും ലഭിക്കുന്നുമില്ല കാരണം വ്യക്തി ഭരണകൂടത്തിന് അതീതമാകുന്ന ഒരു സാമൂഹിക പ്രക്രിയയിലേ സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുള്ളൂ.
നിയമവാഴ്ച എന്നു പറയുന്നത് വ്യക്തിയെ നിയന്ത്രിക്കാനുള്ളതല്ല. വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്താനും പ്രമോട്ട് ചെയ്യാനുമുള്ളതാണ്. വ്യക്തിയാണ് ഉന്നതൻ, സർക്കാരല്ല, വ്യക്തിസ്വാതന്ത്ര്യമാണ് ഉദാത്തവും പരമോന്നതവും.
രാഷ്ട്രീയം സമൂഹത്തെ വർഗീയമാക്കി വിഭജിക്കുന്നു. കമ്പോളം സമൂഹത്തെ മതേതരാടിസ്ഥാനത്തിൽ ഒന്നിപ്പിക്കുന്നു. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം വേണോ, ഒന്നിപ്പിക്കുന്ന കമ്പോളം വേണോ എന്നതാണ് കാലഘട്ടം ഉയർത്തുന്ന ഏറ്റവും പ്രസക്തമായ ചോദ്യം.
സമ്പത്തിന്റെ പുനർവിതരണവും സ്വതന്ത്ര ഉൽപാദകരുടെ സമൂഹം സൃഷ്ടിക്കലുമാണ് ആത്യന്തികമായി ചെയ്യേണ്ടത്. അവിടെ കരിയർ രാഷ്ട്രീയം സ്വാഭാവികമായും അപ്രത്യക്ഷമാകും. എല്ലാവർക്കും ഉൽപാദനരംഗത്ത് വ്യാപൃതരാകേണ്ടിവരും.
ബൂർഷ്വാസിയേക്കാളും, സംഘടിത തൊഴിലാളിവർഗത്തേക്കാളും ഏറ്റവും വലിയ വർഗം പ്രീകേറിയറ്റ് ആണ് - യാതനകളിൽ ജീവിതം തള്ളിനീക്കുന്നവർ. ഭൂമിയില്ലാത്ത, കിടപ്പാടമില്ലാത്ത, ഭക്ഷണമില്ലാത്ത വലിയ വിഭാഗം ഇവരാണ്. ഇന്ത്യയെപ്പോലുള്ളിടത്ത്, അസംഘടിതരായവർ, അവർ അടിച്ചമർത്തപ്പെടുന്നവരാണ്. ഈ മൂന്നാംവർഗത്തിന്റെ പ്രാധാന്യമാണ്, പ്രസക്തിയാണ് ഏറ്റവും ഗൗരവത്തോടെ കണക്കിലെടുക്കേണ്ടത്.
പരിപൂർണമായിട്ടും വളർന്ന മുതലാളിത്ത സമ്പ്രദായത്തിൽ മുതലാളിയും, തൊഴിലാളിയും വേർതിരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ ചൂഷണങ്ങൾക്കെതിരെ എങ്ങനെ സമരം ചെയ്യണം എന്ന് വിശദീകരിക്കുന്ന ശാസ്ത്രമായിട്ടേ മാർക്‌സിസത്തിനെ കാണാനാകൂ.
സാമ്പത്തികക്രമം സാമൂഹികക്രമത്തെ നിയന്ത്രിക്കുകയല്ല ഇവിടെയുണ്ടായത്. നേരെ മറിച്ച് സാമൂഹികബന്ധങ്ങൾ സാമ്പത്തികബന്ധങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥയാണ്.
ഇങ്ങനെ ഒട്ടേറെ ചിന്തകൾ മുന്നോട്ടുവച്ചുകൊണ്ടാണ് പുസ്തകം പുരോഗമിക്കുന്നത്. ഇതിലെ പല ആശയങ്ങളോടും വിയോജിപ്പുകളുണ്ടാകാം. പ്രത്യേകിച്ച് രാഷ്ട്രീയത്തെക്കുറിച്ച്, സ്വതന്ത്ര കമ്പോളത്തിന്റെ ആധിപത്യത്തെക്കുറിച്ച്, മാർക്‌സിസത്തെക്കുറിച്ചൊക്കെ. ആ വിയോജിപ്പുകളെ സ്വതന്ത്രമായി ചർച്ചചെയ്യാൻ കഴിയുന്ന ഭൂമികയിലാണ് ജനാധിപത്യം പുലരുകയെന്ന വസ്തുതയിൽ നമുക്ക് ഒരിക്കലും എതിരഭിപ്രായം ഉണ്ടാകാൻ വഴിയില്ല.
ഒരുകാര്യംകൂടി പറയണമെന്ന് തോന്നുന്നു. അത് ഈ പുസ്തകത്തിന്റെ അവതാരികയാണ്. ഇത്രയും ജീവസ്സുറ്റ പുസ്തകത്തിന് കെ. വേണു എഴുതിയ അവതാരിക ജീവനില്ലാതെപോയി എന്ന് പറയാതിരിക്കാൻ കഴിയില്ല.
പുസ്തകത്തിന് ഇനിയും വികസിക്കാനുള്ള ഒട്ടേറെ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. പല കാര്യങ്ങളിലും കൂടുതൽ വിശദീകരണങ്ങൾ ആവശ്യപ്പെടുന്നു. രാഷ്ട്രീയം, മാർക്‌സിസം, കമ്പോളവികസനം എന്നിവ ഇന്ത്യൻ സാഹചര്യത്തിൽ ദളിത് മുന്നേറ്റങ്ങൾക്ക് കാഴ്ചപ്പാടും കർമപരിപാടിയും രൂപപ്പെടുത്തുന്ന വിധത്തിൽ പുസ്തകം വികസിക്കണം. കുഞ്ഞാമൻ എന്ന ചിന്തകനിൽനിന്നും സാമൂഹ്യകേരളം അത് പ്രതീക്ഷിക്കുന്നുണ്ട്.