ഫലസ്തീൻ വംശജയായ എഴുത്തുകാരി സൂസൻ അബുല്ഹവ

'ജെറുസലേം, ഫലസ്തീൻ'

ഡ്വേഡ് സെയ്ദിന്റെ ജീവിതത്തിലെ ഒരു നിർണായക നിലപാടിനെക്കുറിച്ച് മകൾ നജ്‌ല അടിവരയിട്ടു പറയുന്നുണ്ട്. സ്യൂറിക്ക് വിമാനത്താവളത്തിൽ വെച്ചു നടന്ന ഒരു സംഭവത്തെക്കുറിച്ചാണത്. അമേരിക്കക്കാരിയായ ഒരുദ്യോഗസ്ഥ
നജ്‌ലയുടെ അടുത്തെത്തി അവരുടെ ജന്മസ്ഥലത്തെക്കുറിച്ച് അന്വേഷിച്ചു.
നജ്‌ലയുടേയും അമ്മയുടേയും കാര്യം തിരക്കിയ ശേഷം അവർ അച്ഛന്റെ എവിടെയാണ് ജനിച്ചതെന്ന് ആരാഞ്ഞു. ഫലസ്തീൻ എന്നോ ഇസ്രയേൽ എന്നോ പറയാതെ ജെറുസലേം എന്നാണ് നജ്‌ല അതിന് മറുപടികൊടുത്തത്. സാങ്കേതികമായി സെയ്ദ് ജനിച്ച പ്രദേശം ഇസ്രയേലിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. എങ്കിലും ഔദ്യോഗികരേഖകളിൽ ജനനസ്ഥലം "ജെറുസലേം, ഫലസ്തീൻ' എന്ന് രേഖപ്പെടുത്താൻ അദ്ദേഹം ഒരുപാട് ശ്രമങ്ങൾ നടത്തുകയും, ഒടുവിൽ ജെറുസലേം എന്നുമാത്രം പാസ്പ്പോർട്ടിൽ ചേർക്കാൻ പ്രത്യേകാനുമതി കരസ്ഥമാക്കുകയും ചെയ്തു. ഒരു പേരിലടങ്ങിയ കൃത്യതയാർന്ന രാഷ്ട്രീയകാഴ്ചപ്പാട് എത്രത്തോളം പ്രധാനമാണെന്ന് കുറിക്കുന്ന സന്ദർഭമാണിത്. ജെറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി സ്വീകരിക്കാത്ത സെയ്ദിന്റെ സ്ഥൈര്യത്തെ ജന്മഭൂമി നഷ്ടപ്പെടുന്നതിന്റെ വേദനയുമായി ചേർത്തുവായിക്കണം. ഫലസ്തീൻ ജനത അനുഭവിക്കുന്ന വികാരത്തിന്റെ ഒരു ചെറിയ ദൃഷ്ടാന്തം മാത്രമാണിത്.

ലോകഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാൻ നിരന്തരം ശ്രമിക്കുന്നവർക്കെതിരെയുള്ള ബദൽനീക്കങ്ങളാണ് ദേശത്തും വിദേശങ്ങളിലും ജീവിക്കുന്ന ഫലസ്തീൻകാരെ ഒന്നിച്ചുനിർത്തുന്ന രാഷ്ട്രീയവികാരം

"എന്താണ് ഫലസ്തീൻ?' എന്ന ഒറ്റക്കേൾവിയിൽ ലളിതമെന്നു തോന്നുന്ന ചോദ്യത്തിന്റെ ആഴങ്ങളെ അളക്കുക ഒട്ടും എളുപ്പമല്ല. ഫലസ്തീൻ ജനതയുടെ ആഗ്രഹങ്ങൾ ചെവിക്കൊള്ളാനോ, അവ സാക്ഷാത്കരിക്കാനോ അധിനിവേശ ശക്തികൾ ഒരിക്കലും ശ്രമിച്ചിരുന്നില്ല എന്ന് ചരിത്രത്തിൽ നിന്ന് വ്യക്തമാണ്. 1917ൽ, ഫലസ്തീൻ ബ്രിട്ടന്റെ അധീനതയിൽ ആയിരുന്നപ്പോൾ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ആർതർ ബാൽഫറിന്റെ നിലപാട് നൂറുവർഷങ്ങൾക്കിപ്പുറം ഡൊണാൾഡ് ട്രംപും ആവർത്തിച്ചപ്പോൾ പരാജയപ്പെടുന്നത് ഫലസ്തീൻ ജനതയാണ്. ഏഴുലക്ഷത്തോളം വരുന്ന അറബ് വംശജരെ തള്ളിപ്പറഞ്ഞ ബാൽഫറിന്റെ സമീപനം തന്നെയാണ്, ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച ട്രംപും പ്രമാണമാക്കുന്നത്. ഫലസ്തീന്റെ തന്മയിലും നിലനിൽപ്പിലും ഒരുതരത്തിലും ശ്രദ്ധകൊടുക്കാതെ, അതിന്റെ അസ്തിത്വത്തെ ഗൗനിക്കാതെയായിരുന്നു അധിനിവേശ ശക്തികളുടെ പ്രവർത്തനങ്ങൾ‌. ഇസ്രയേൽ എന്ന രാജ്യത്തിന്റെ കടന്നുകയറ്റത്തിനും ചെയ്തികൾക്കുമെതിരെയുള്ള ഫലസ്തീൻ വംശജരുടെ ചെറുത്തുനിൽപ്പുകളും ഉറച്ചനിലപാടുകളും തുടർന്നുകൊണ്ടിരിക്കുന്നു. ലോകഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാൻ നിരന്തരം ശ്രമിക്കുന്നവർക്കെതിരെയുള്ള ബദൽനീക്കങ്ങളാണ് ദേശത്തും വിദേശങ്ങളിലും ജീവിക്കുന്ന ഫലസ്തീൻകാരെ ഒന്നിച്ചുനിർത്തുന്ന രാഷ്ട്രീയവികാരം.

എഡ്വേഡ് സെയ്ദിന്റെ മകൾ നജ്‌ല സെയ്ദ്‌

യുദ്ധങ്ങളെയും കലാപങ്ങളെയും തുടർന്ന് രാജ്യം വിടേണ്ടി വരുന്നവരുടെ മനസ്സിൽ കനൽ പോലെ എരിഞ്ഞടങ്ങാതെ ബാക്കിയാവുന്ന വികാരം പിന്നീടുള്ള തലമുറകളിലും പ്രതിഫലിച്ചെന്നു വരാം. അമേരിക്കയിലേക്ക് കുടിയേറിയ, ഫലസ്തീൻ വംശജയായ സൂസൻ അബുല്ഹവ (Susan Abulhawa) എന്ന എഴുത്തുകാരി അങ്ങനെ ഒരാളാണ്. 1967ലെ അറബ്-ഇസ്രയേൽ യുദ്ധം സൂസന്റെ അച്ഛനമ്മമാരെ അഭയാർത്ഥികളാക്കി. യുദ്ധം ജന്മദേശം നഷ്ടപ്പെടുത്തിയ അനേകരെപ്പോലെ അവർ പ്രാണരക്ഷാർത്ഥം അലച്ചിൽ ആരംഭിച്ചു. ആദ്യം ജോർദാനിലും പിന്നീട് കുവൈറ്റിലും അവർ എത്തിച്ചേർന്നു. പിൽക്കാലത്ത് അമേരിക്കയിൽ ജീവിക്കാൻ തുടങ്ങിയ സൂസൻ അബുല്ഹവ ഫലസ്തീനിലെ കുട്ടികൾക്കിടയിലും പ്രവർത്തിക്കാൻ സമയം കണ്ടെത്തി. അവർക്ക് കളിസ്ഥലം ഒരുക്കുന്നതിനും മറ്റുമുള്ള കർമ്മങ്ങളിൽ മുഴുകി.Mornings in Jenin എന്ന നോവലിലൂടെ ശ്രദ്ധേയായ സൂസന്റെ പുതിയ നോവലാണ് Against the Loveless World. സമാധാനത്തോടെ വർത്തിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതങ്ങളിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് മറ്റൊരു രാജ്യം അധിനിവേശം നടത്തുകയും, യുദ്ധം സംഭവിക്കുകയും, തത്ഫലം അവർക്ക് രാജ്യം വിടേണ്ടി വരികയും ചെയ്യുന്നു. തൊണ്ണൂറുകളിൽ, മധ്യപൂർവ രാജ്യങ്ങളെ അനിശ്ചിതത്വത്തിലാക്കിയ ഇറാഖ്-കുവൈറ്റ് യുദ്ധം സാധാരണക്കാരെ ബാധിച്ചതിന്റെ ചിത്രം കൂടിയാണ് ഈ നോവൽ.1990-കളുടെ തുടക്കത്തിൽ സദ്ദാം ഹുസ്സൈന്റെ നേതൃത്വത്തിൽ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചതോടെ, കുവൈറ്റിൽ ജീവിച്ചിരുന്ന ഫലസ്തീൻകാരുടെ സ്ഥിതി ദുസ്സഹമാവുകയായിരുന്നു.

1948- ലെ യുദ്ധത്തെ തുടർന്ന് ഒരുകാലത്ത് അഭയം നൽകിയ കുവൈറ്റിൽ നിന്ന് ഫലസ്തീനികൾക്ക് അഭയസ്ഥാനത്തിന്റെ ഭൂപടം തിരഞ്ഞിറങ്ങിയവരെപ്പോലെ യാത്രയാവേണ്ടി വന്നു

ഒരുപക്ഷെ, എഴുത്തുകാരിയുടെ ജീവിതപരിസരത്തെ ഓർമിപ്പിക്കുന്നതുപോലെ, നോവലിലെ മുഖ്യകഥാപാത്രവും ആഖ്യാതാവുമായ നഹ്ർ എന്ന യാഖൂത് കുവൈറ്റിൽ ജനിച്ചുവളർന്ന യുവതിയാണ്. ഫലസ്തീനിൽ നിന്ന് കുവൈറ്റിലേക്ക് പലായനം ചെയ്ത ഒരു കുടുംബത്തിലായിരുന്നു നഹ്‌റിന്റെ ജനനം. അവൾ അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരനും ഒപ്പമാണ് ജീവിക്കുന്നത്. പലായനത്തിന്റെയോ പ്രവാസത്തിന്റെയോ തീക്ഷ്ണതകളെ പറ്റി അറിയാതെ, അതിനെക്കുറിച്ചു ചിന്തിക്കാതെ, കുവൈറ്റ് എന്ന രാജ്യത്തെ ഉറ്റുനോക്കിക്കൊണ്ട് കഴിഞ്ഞിരുന്ന അവളുടെ ജീവിതത്തിൽ അവിചാരിതമായി നടക്കുന്ന ചില സംഭവങ്ങളാണ് നോവലിന്റെ പ്രമേയപരിസരം. മഹ്‌മദ് എന്ന ഫലസ്തീൻ "യുദ്ധവീരനോ'ടുള്ള നഹ്‌റിന്റെ അന്ധമായ പ്രണയം അവരെ വിവാഹത്തിൽ കൊണ്ടെത്തിച്ചു. എന്നാൽ ആ ബന്ധം ദുരന്തത്തിലാണ് കലാശിച്ചത്. അയാൾ ഒരു
സ്വവർഗാനുരാഗിയാണെന്ന വിവരം പിന്നീടാണ് അവൾ അറിയുന്നത്. ഇതിനിടെ, ബുറാഖ് എന്ന സ്ത്രീയുമായുള്ള സൗഹൃദം നഹ്‌റിന്റെ ജീവിതത്തെ കാര്യമായി സ്വാധീനിക്കാൻ ആരംഭിച്ചു. നിശാപാർട്ടികളും നൃത്തങ്ങളും മറ്റും സജ്ജീകരിച്ചിരുന്ന ബുറാഖിന്റെ ഇടപെടലുകൾ ശാരീരികമായും മാനസികമായും നഹ്‌റിനെ തളർത്തി. പല പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടേണ്ടി വന്ന നഹ്‌റിന്റെ "പുതിയ' രീതികളെ സംബന്ധിച്ച് വീട്ടുകാർക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. വീട് പുലർത്തിയതും സഹോദരനായ ജെഹാദിന്റെ വിദ്യാഭ്യാസത്തിനുള്ള ചെലവ് വഹിച്ചതും അവളായിരുന്നു.

1990ൽ ഇറാഖ്,കുവൈറ്റ് ആക്രമിച്ചതോടെ അവിടെ ജീവിച്ചിരുന്ന ഫലസ്തീൻവംശജരുടെ നില അപകടത്തിലായി. കുവൈറ്റ് നിവാസികളുടെ അതിരു കടന്ന ആഡംബരത്തിനു ദൈവം കൊടുത്ത ശിക്ഷയാണ് ഇറാഖിന്റെ അധിനിവേശമെന്ന് നഹ്‌റിനെ പോലെ ചിലരെങ്കിലും കരുതി. സദ്ദാം ഹുസൈൻ കുവൈറ്റിനെ ആക്രമിച്ച 1990 ആഗസ്ത് രണ്ടാം തീയതി നഹ്‌റിന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സംഭവമുണ്ടായി. മദ്യലഹരിയിൽ, നാലോ അഞ്ചോ പുരുഷന്മാർ ചേർന്ന് അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് അന്നായിരുന്നു. ഇറാഖിന്റെ അപ്രതീക്ഷിതമായ സൈനികാക്രമണത്തെ തുടർന്നുണ്ടായ ശബ്ദകോലാഹലങ്ങളും വെടിയൊച്ചകളും കാരണം സംഭീതരായ അവർ നഹ്‌റിന്റെ ശരീരത്തിൽ നിന്ന് പെട്ടെന്നു പിൻവാങ്ങി. പിന്നീടുള്ള കുവൈറ്റിലെ സ്ഥിതി ലോകത്തിന് അറിവുള്ളതാണ്. ഇറാഖിന്റെ പിന്മാറ്റത്തോടെ കുവൈറ്റിൽ അമേരിക്കൻ സൈന്യം ആധിപത്യം സ്ഥാപിച്ചു. എങ്കിലും ഇരുരാജ്യങ്ങളുടെയും പട്ടാളത്തിന്റെ ഉപദ്രവങ്ങൾക്ക് ഫലസ്തീനികൾ ഇരയാവുകയും പൂർണമായ അർത്ഥത്തിൽ അവരുടെ ജീവിതം വഴിമുട്ടുകയും ചെയ്തു. മാത്രമല്ല, കുവൈറ്റികൾക്ക് ഫലസ്തീൻകാരോട് വിദ്വേഷമുണ്ടാവുകയും, അവരോട് സഹകരിക്കാതെയാവുകയും ചെയ്തു.യാതൊരു വിധത്തിലും പൊതുസമൂഹം അവരെ അംഗീകരിക്കുകയോ, അവരോട് അടുപ്പം കാണിക്കുകയോ ചെയ്തുമില്ല.

ഫലസ്തീനികളിൽ ചിലർ കുവൈറ്റിനെ പിന്തുണക്കാത്തതും പ്രശ്നങ്ങളുടെ തീവ്രത വർധിപ്പിച്ചു. മറ്റു വഴികളില്ലാതെ കുവൈറ്റ് ഉപേക്ഷിച്ച ഫലസ്തീൻകാരുടെ കൂട്ടത്തിൽ നഹ്‌റും കുടുംബവും ഉണ്ടായിരുന്നു. ഒരുകാലത്ത് അഭയം നൽകിയ കുവൈറ്റിൽ നിന്ന് അവർക്ക് അഭയസ്ഥാനത്തിന്റെ ഭൂപടം തിരഞ്ഞിറങ്ങിയവരെപ്പോലെ യാത്രയാവേണ്ടി വന്നു. ഇറാഖ് ആക്രമണത്തിന് മുൻപ് ഏതാണ്ട് നാല് ലക്ഷത്തോളം ഫലസ്തീനികൾ കുവൈറ്റിലുണ്ടായിരുന്നു. കുവൈറ്റിലെ ജനസംഖ്യയുടെ വലിയൊരു ശതമാനമായിരുന്നു അതെങ്കിൽ പോലും, രാഷ്ട്രീയവും സാമൂഹികവുമായ ബന്ധങ്ങൾ അവർ സ്ഥാപിച്ചിരുന്നില്ലെന്ന വസ്തുത ശരി വെക്കുന്ന തരത്തിലായിരുന്നു യുദ്ധാനന്തരം ഇവരോടുള്ള പൊതുസമൂഹത്തിന്റെ പെരുമാറ്റം. എന്നാൽ ഇസ്രയേൽ കൈവശം വെച്ചിരുന്ന സ്ഥലങ്ങളിലും ലെബനോനിലുമൊക്കെ സ്വീകരിച്ചിരുന്ന നയം ഇങ്ങനെയായിരുന്നില്ല.

കുവൈറ്റിന്റെ വികസനസ്വപ്നങ്ങളിൽ കൂടെനിന്ന
ജനതയായിട്ടും ഫലസ്തീനികൾ നേരിട്ട ദുര്യോഗം കനത്തതായിരുന്നെന്ന് നോവലിലെ സന്ദർഭങ്ങളിൽ നിന്നും അനുമാനിക്കാം

രാഷ്ട്രീയാസ്തിത്വത്തിനുള്ള നീക്കങ്ങളും രീതികളും അവിടങ്ങളിൽ ഫലസ്തീൻ നേതൃത്വം അനുശാസിച്ചു. 1948ലെ യുദ്ധം മൂലം ഫലസ്തീനികൾ കുവൈറ്റിലേക്ക് കുടിയേറുന്നതും, കുവൈറ്റിൽ എണ്ണയുടെ നിക്ഷേപം കണ്ടെത്തുന്നതും ഏതാണ്ട് ഒരേ സമയരേഖയിലാണ്. കുവൈറ്റിന്റെ വികസനസ്വപ്നങ്ങളിൽ കൂടെ നിന്ന ജനതയായിട്ടും ഫലസ്തീനികൾ നേരിട്ട ദുര്യോഗം കനത്തതായിരുന്നെന്ന്
നോവലിലെ സന്ദർഭങ്ങളിൽ നിന്നും അനുമാനിക്കാം. 1948-നു ശേഷം
ചിതറിപ്പോയ വംശമായ ഫലസ്തീനികൾക്ക് ശാശ്വതമായ ഒരു അത്താണി എവിടെയും ലഭിച്ചിരുന്നില്ല. അമ്പതുകളിൽ തന്നെ ഇറാഖും ലിബിയയും
സൗദി അറേബ്യയും അവരെ പുറന്തള്ളാനുള്ള ശ്രമങ്ങളിൽ വ്യാപൃതരായിരുന്നു.

1970-ൽ ജോർദാനിൽ നിന്ന് ഏതാണ്ട് ഇരുപതിനായിരത്തോളം ഫലസ്തീനികളെ പുറത്താക്കുകയും അവരുടെ ക്യാംപുകൾ നശിപ്പിക്കുകയും ചെയ്തു. ഇറാഖ്-കുവൈറ്റ് യുദ്ധത്തിൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ സ്ഥിതി തകരാറിലായി. സാമ്പത്തികപ്രശ്നങ്ങൾ രൂക്ഷമായതും PLOയെ ബാധിച്ചു. പ്രതിസന്ധിയുടെ ഘട്ടത്തിൽ PLO എടുത്ത നിലപാടിനും, പിന്നീട് ഇസ്രയേലുമായി ഒപ്പുവെച്ച ഓസ്ലോ ഉടമ്പടിക്കും പൊതു സ്വീകാര്യത ലഭിച്ചിരുന്നില്ല. എഡ്വേർഡ് സൈദ് ഓസ്ലോ കരാറിനെ അപലപിച്ചതും വാർത്തയായിരുന്നു. ഫലസ്തീനിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായുള്ള ഓസ്ലോ കരാറിനെ നിശിതമായി വിമർശിച്ച സെയ്ദ്, ഫലസ്തീനു മേലുള്ള ഇസ്രയേലിന്റെ കടന്നു കയറ്റത്തിനു മാത്രമേ പ്രസ്തുത ഉടമ്പടി ഉപകരിക്കൂ എന്ന താക്കീതും നൽകി. എന്നാൽ ഇതേ കരാറിൽ ഒപ്പുവെച്ചതിനെ തുടർന്ന് ഇസ്രയേലിലെ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും യാസർ അരാഫത്തിനും 1994ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയാണുണ്ടായത്. ഇത്തരം സവിശേഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നോവൽ പുരോഗമിക്കുന്നത്.

ഫലസ്തീൻ സംസ്‌കാരവും പൈതൃകവും ഉദ്‌ഘോഷിച്ച് എഡ്വേർഡ് സെയ്ദിനോടുള്ള ആദരസൂചകമായി സാൻ ഫ്രാൻസിസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ തയ്യാറാക്കിയ മ്യൂറൽ പെയ്ന്റിങ് / photo: wikimedia commons

നിർബന്ധിത സ്ഥാനചലനം സൃഷ്ടിക്കുന്ന മാനസികാഘാതം കനത്തതാണ്. കുവൈറ്റിൽ നിന്ന് അഭയം തേടി ജോർദാനിലെത്തിയപ്പോഴേക്കും നെഹ്‌റിന് അത് വ്യക്തമായി. ഫലസ്തീനികൾക്ക് താമസിക്കാൻ കൊടുത്ത വാടകവീടുകൾ ഒഴിപ്പിക്കുന്നതും, പൊലീസുകാർ അവരുടെ വീടുകൾ തിരയുന്നതും സാധാരണമായി. ജോർദാനിൽ താമസിച്ചിരുന്ന ഫലസ്തീനികൾക്ക് ഇസ്രയേൽ ഭരണകൂടം അനുവദിച്ച വിസിറ്റിംഗ് വിസയോട് കൂടിയേ ജന്മനാട്ടിൽ കാലുകുത്താനാവൂ എന്നത് ചിലരെ നിരാശയിലാക്കി. ഈ സമ്പ്രദായത്തിലൂടെ ജന്മനാട്ടിലേക്ക് പോകുന്നില്ല എന്ന് നഹ്‌റിന്റെ മുത്തശ്ശിയെ പോലുള്ളവർ തീരുമാനിച്ചു. ഇത്രകാലം കാത്തിരുന്നത് നിബന്ധനകളോടെ തിരിച്ചു പോവാൻ ആവരുതെന്നു അവർക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ അവളുടെ അമ്മ മറ്റൊരു വിധത്തിലാണ് ഇതിനെ നോക്കിക്കണ്ടത്. "ആര് നമ്മുടെ ഭൂമി സ്വന്തമാക്കിവെച്ചാലും ജന്മഭൂമിക്ക് അറിയാം ആരാണ് അതിന്റെ യഥാർത്ഥ അവകാശികളെന്ന്' എന്ന വാദത്തിൽ അവർ ഉറച്ചുനിന്നു. ജൂതർ ഫലസ്തീനെ അവരുടെ സ്വന്തം മണ്ണായി കരുതി പെരുമാറുന്നു എന്നതിൽ അവർക്ക് അമർഷമുണ്ടായി. എന്നാൽ ഹ്രസ്വസന്ദർശനത്തിന് ഫലസ്തീനിൽ എത്തിയ അമ്മയെ കാത്തിരുന്നത് കടുത്ത നിരാശയായിരുന്നു. അവർ ജനിച്ചുവളർന്ന ഫലസ്തീൻ അപ്രത്യക്ഷമായിരിക്കുന്നു. നിയന്ത്രണരേഖകളും ജൂതരുടെ വാസയിടങ്ങളും നിറഞ്ഞ ഫലസ്തീൻ അവരുടെ വന്യമായ ഭാവനയിൽ പോലും സ്ഥാനം പിടിച്ചിരുന്നില്ല. ഒരു ബസ്സിൽ കയറി ജെറുസലേമിൽ പോയതും, ട്രെയിനിൽ ബെയ്‌റൂട്ടിലേക്ക് പോയിരുന്നതുമായ കാലത്തെ നഹ്‌റിന്റെ അമ്മ സ്മരിക്കുന്നു. ചങ്ങലപ്പൂട്ടുകളില്ലാത്ത അത്തരം ദിനങ്ങൾ ഇനിയും വന്നെത്തുമോ എന്ന പ്രത്യാശ പോലും ഇന്നില്ലാതാവുകയാണ്.

ഉടമ്പടിയുടെ ശരിയായ ഉദ്ദേശ്യങ്ങളെ സംബന്ധിച്ച സംശയങ്ങൾ ഉരുണ്ടുകൂടിക്കൊണ്ടിരുന്നു. എന്നാൽ ഇതിനിടെ ആശ്വാസകരമായ ഒരുകാര്യം സംഭവിച്ചു. മഹ്‌മദിന് പകരം ജയിലിൽ കഴിയേണ്ടി വന്ന അയാളുടെ സഹോദരൻ ബിലാൽ ഓസ്ലോ ഉടമ്പടി പ്രകാരം സ്വതന്ത്രനായി. ഏറെ വൈകാതെ ജോർദാൻ നദി കുറുകെ കടന്ന് നഹ്‌ർ ഫലസ്തീനിൽ എത്തിച്ചേരുന്നു. അധികൃതരുടെ നിരന്തരമുള്ള ചോദ്യം ചെയ്യലും അന്വേഷണവും യാത്രയിലുടനീളം അവളെ ശല്യം ചെയ്യാനെത്തി. ഒടുവിൽ ജോർദാൻ ഭരണകൂടത്തിന്റെ മൂന്നുമാസത്തെ യാത്രാനുമതിയിലാണ് അവൾ ഫലസ്തീനിൽ എത്തുന്നത്. വ്യത്യസ്തമായ ഒരു ഭൂപ്രദേശമായിരുന്നു അവളെ സംബന്ധിച്ചിടത്തോളം ഫലസ്തീൻ. ബിലാൽ അവളെ സ്വീകരിക്കാനെത്തുകയും അവർ തമ്മിൽ അടുക്കുകയും ചെയ്തു. മഹ്‌മദുമായി വിവാഹബന്ധം അവസാനിപ്പിക്കാൻ കൂടിയായിരുന്നു നഹ്‌റിന്റെ യാത്ര. എണ്ണമറ്റ ചെക്ക്പോസ്റ്റുകളും നിയന്ത്രണരേഖകളും രാജ്യത്തെ നെടുകെയും കുറുകെയും ഖണ്ഡിച്ചിരിക്കുന്നത് നഹ്‌റിനെ ഞെട്ടിച്ചു. മാത്രമല്ല, ഫലസ്തീനികൾക്ക് സഞ്ചാര സ്വാതന്ത്ര്യത്തിന് അധികൃതർ പരിധികൾ നിശ്ചയിക്കുകയും ചെയ്തിരുന്നു. അവരുടെ ലൈസൻസ് പതിച്ച തകിടിന് വെള്ള നിറമായിരുന്നു. ഇസ്രയേലികളുടേയും, ജെറുസലേം തിരിച്ചറിയൽരേഖയുള്ള ഫലസ്തീനികളുടേയും ടൂറിസ്റ്റുകളുടെയും ലൈസൻസുകൾ മഞ്ഞ നിറത്തിലെ തകിടിലും. രണ്ടാമത്തെ കൂട്ടർക്ക് നിയന്ത്രണങ്ങൾ കൂടാതെ യാത്ര ചെയ്യാനുള്ള അനുമതി കൊടുത്തു. യാതൊരു അവകാശങ്ങളുമില്ലാതെ അഭയാർത്ഥികളായി സ്വന്തം രാജ്യത്ത് കഴിയേണ്ടി വരുന്ന ഫലസ്തീനികളുടെ അവസ്ഥ അവൾ മനസ്സിലാക്കുന്നുണ്ട്. ഓസ്ലോ കരാർപ്രകാരം എ, ബി, സി എന്നിങ്ങനെ വിഭജിച്ച ഭൂപ്രദേശങ്ങളിൽ "സി' എന്നത് ഇസ്രയേൽ അധിനിവേശം നടത്തിയ ഇടമാണ്. അവിടെയാണ് ബിലാലും അമ്മയും താമസിക്കുന്നത്. വീടിന്റെ സമീപപ്രദേശങ്ങളിൽ അധിവസിക്കാനുള്ള ജൂതരുടെ ശ്രമങ്ങൾ ബിലാൽ അവൾക്ക് കാണിച്ചുകൊടുത്തു. വെള്ളം കൊണ്ടുവരാനുള്ള പൈപ്പുകളും മറ്റും അവർ വിന്യസിച്ചിരുന്നു. മുൻഭർത്താവുമായി ബന്ധപ്പെട്ട രഹസ്യങ്ങളും അവൾ ബിലാലിൽ നിന്ന് പഠിച്ചെടുത്തു. മഹ്‌മദിന്റെ കാമുകൻ "താമര' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരു പട്ടാളക്കാരനാണെന്ന് അവൾ മനസിലാക്കുന്നു,

ജപ്പാനിലെ ഒരു ചിത്രശലഭം അതിന്റെ ചിറകുകൾ വീശുമ്പോൾ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കൊടുങ്കാറ്റ് രൂപപ്പെടുന്നതിനെ കുറിച്ച് അയാൾ സൂചിപ്പിക്കുന്നു. അതുപോലെ നൃത്തം ചെയ്യലിലൂടെ എങ്ങനെ ചെറുത്തുനിൽപ്പുകളും പ്രത്യാക്രമണവും സാധ്യമാക്കാം എന്ന ചിന്ത അയാളിൽ ഉടലെടുക്കുന്നു

ഓസ്ലോ കരാറിനെത്തുടർന്നു ജയിൽ മോചിതനായ ബിലാലിന് കെമിസ്റ്റായി ജോലി ചെയ്യുന്നതിനും, നിശ്ചിതപരിധിക്ക് പുറത്ത് സഞ്ചരിക്കുന്നതിനും വിലക്കുണ്ട്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട എഴുത്തുകൾക്കും അയാൾക്ക് അനുമതി ഉണ്ടായിരുന്നില്ല. തങ്ങൾക്ക് സ്വീകാര്യമല്ലാത്ത പ്രവൃത്തികളെ എന്തുവില കൊടുത്തും തടയാനുള്ള ഫാസിസ്റ്റു രീതിയായിരുന്നു അധികൃതർ അനുശാസിച്ചത്. തടവിൽ നിന്നു സ്വതന്ത്രനായതിനു ശേഷം ഉപജീവനത്തിനായി, ആടുകളുൾപ്പടെയുള്ള മൃഗങ്ങളെ വാങ്ങി വളർത്താനാണ് ബിലാൽ തീരുമാനിച്ചത്. എന്നിരുന്നാലും, വിപ്ലവത്തിന്റെ പാതയിലൂടെ നീങ്ങി, സ്വരാജ്യത്തിനു വേണ്ടി പോരാടുക എന്നതു തന്നെയായിരുന്നു അയാളുടെ ആത്യന്തികലക്ഷ്യം. നഹ്‌റിന് ലഭ്യമായ യാത്രാസൗകര്യം തങ്ങൾക്ക് അനുകൂലമാക്കാനുള്ള പദ്ധതി ബിലാലും സുഹൃത്തുക്കളും രൂപപ്പെടുത്തുന്നുണ്ട്. ആയുധം കടത്തിക്കൊണ്ടുവരാനുള്ള മാർഗമായി നഹ്‌റിനെ ഉപയോഗിക്കാൻ അവർ തീരുമാനിക്കുകയാണ്. എന്നാൽ തന്നോടു കൂടിയാലോചിക്കാതെ, "വിപ്ലവം' എന്ന ആശയത്തിന്റെ ചുവടുപിടിച്ച് തന്നെ നിഗൂഢമായ ആസൂത്രണത്തിലേക്ക് വലിച്ചിഴക്കുന്നതിനെ തുടക്കത്തിൽ നഹ്‌റ് എതിർക്കുന്നു.

ഫലസ്തീനിലെത്തിയ നഹ്‌റിന് അഭിമുഖീകരിക്കേണ്ടി വന്നത് അപരിചിതയിടത്തിന്റെ അകൽച്ചയും അപരത്വത്തിന്റെ അലട്ടലുകളുമാണ്. ഫലസ്തീനെ പറ്റി വലിയ ധാരണകളില്ലാതെ പുറത്ത് ജീവിച്ച നജ്‌ല സെയ്ദിന്റെ അനുഭവങ്ങൾ "Looking for Palestine: Growing Up Confused in an Arab-American Family' എന്ന പുസ്തകത്തിൽ അടയാളപ്പെടുത്തിയത് ഈ തരത്തിൽ ശ്രദ്ധേയമാണ്. ഫലസ്തീനിൽ സന്ദർശനത്തിനെത്തിയ വേളയിലാണ് നജ്‌ല
വെടിയൊച്ചകൾക്ക് നടുവിൽ സദാ ജീവിക്കുന്ന അവിടുത്തെ കുട്ടികളെക്കുറിച്ചു ചിന്തിക്കുന്നത്. അതുവരെ അറിയാതിരുന്ന ഫലസ്തീനിലെ സങ്കീർണമായ ഉൾവഴികളെ ഉൾക്കൊള്ളാൻ അത്ര പ്രയാസമായിരുന്നു. വ്യത്യസ്തമായ സ്വത്വബോധം വഹിക്കേണ്ടി വരുന്ന നജ്‌ലയുടെ സന്ദേഹങ്ങൾ അന്യരാഷ്ട്രങ്ങളിൽ വസിക്കുന്ന ഫലസ്തീൻകാരുടെ "സ്വാഭാവിക' വികാരമായി മാറിയിരിക്കുന്നു. ഏതാണ്ട് സമാനമായ ചുറ്റുപാടുകളിലൂടെയാണ് നഹ്‌റും കടന്നുപോകുന്നത്. ഫലസ്തീൻ എന്താണെന്ന് ബോധ്യപ്പെടുമ്പോഴാണ് നജ്‌ലക്ക് അച്ഛന്റെ നിലപാടുകൾ കൃത്യമായി വിശകലനം ചെയ്യാനാവുന്നത്. നഹ്‌റിന്റെ രാഷ്ട്രീയബോധ്യങ്ങൾ ഉരുവം കൊള്ളുന്നതും പലസ്തീൻ സന്ദർശനത്തിന് ശേഷമാണ്. സ്വരാജ്യത്തേക്കുള്ള ഹ്രസ്വസന്ദർശനമാണ് ഇരുവരുടെ വീക്ഷണങ്ങളിലും ചിന്താധാരകളിലും മാറ്റം വരുത്തുന്നതെന്നും, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള അഭിവാഞ്ഛ വികസിക്കുന്നതെന്നും വായിച്ചെടുക്കാം. പലസ്തീന് തങ്ങളെ ആവശ്യമില്ലാതെ വരുന്നതിന്റെ വേദന ഇവർ രണ്ടുപേരും അനുഭവിച്ചു എന്നു വിചാരിക്കുന്നതിലും തെറ്റില്ല.

രാഷ്ട്രീയത്തടവുകാരുടെ ഏകാന്തമൗനങ്ങളുടെ ആന്തരികവ്യഥകളും നോവലിൽ സൂചിതമാണ്. നിയന്ത്രണങ്ങളിൽ തനിയെ കഴിയുന്ന അവസ്ഥയിൽ മൗനം സാന്ത്വനം പകരാത്ത നിമിഷങ്ങളെയാണ് നഹ്‌റിന്റെ തടവറവാസം രൂപപ്പെടുത്തുന്നത്. ആൾപെരുമാറ്റത്തിന്റെ നേർത്ത ശബ്ദങ്ങൾപോലും അവിടെ അവൾക്ക് കേൾക്കാനാവുന്നില്ല. കേട്ട പാട്ടുകളും ആടിയ നൃത്തച്ചുവടുകളും കണ്ട സിനിമകളും വായിച്ച കഥകളും നിശബ്ദമാപിനിയിൽ ആവാഹിക്കാൻ അവൾ ആത്മാർത്ഥമായി യത്നിക്കുന്നു. ഓർമയിൽ നിന്ന് സംഗീതത്തെ മനസ്സിൽ പതിപ്പിക്കാമെങ്കിലും യഥാർഥ സംഗീതത്തെ വെച്ചു നോക്കുമ്പോൾ അത് അപ്രസക്തമാണ്. മറ്റേതോ ലോകത്തെ വെളിച്ചം അരിച്ചിറങ്ങുന്ന പോലെ ഭിത്തിയിലെ പ്രകാശവിന്യാസം പല നിറങ്ങളെ സംക്രമിപ്പിക്കുമ്പോളും അവളുടെ മനസ്സിന്റെ നിറം ഒറ്റയായ്മയുടേത് മാത്രമാണ്. പക്ഷെ ഓർമ ഉദ്ദീപിപ്പിക്കുന്ന പോയകാലം വർത്തമാനകാലത്തേക്കാൾ ജീവസുറ്റതാണ്.

സ്നേഹരഹിതമായ ലോകത്തെ സ്നേഹിക്കാൻ എന്തൊക്കെ വഴികളാണെന്നു ചിന്തിക്കാൻ കൂടിയാണ് അവർ ഈ നോവൽ എഴുതിയതെന്നു വ്യക്തം

അധിനിവേശ രാഷ്ട്രത്തിനെതിരെയുള്ള പ്രതിരോധപ്രവർത്തനം നൃത്തം ചെയ്യുന്നത് പോലെയാണോ എന്ന ബിലാലിന്റെ ശബ്ദം സ്വാതന്ത്ര്യത്തിനു വേണ്ടി പോരടിക്കുന്ന യുവാക്കളുടെ ഉറച്ച സ്വരത്തെ പ്രതിനിധീകരിക്കുന്നു. എന്നാൽ ഈ അഭിപ്രായത്തെ "കയോസ്' സിദ്ധാന്തവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യാനും ബിലാൽ ശ്രമിക്കുന്നുണ്ട്. ജപ്പാനിലെ ഒരു ചിത്രശലഭം അതിന്റെ ചിറകുകൾ വീശുമ്പോൾ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കൊടുങ്കാറ്റ് രൂപപ്പെടുന്നതിനെ കുറിച്ച് അയാൾ സൂചിപ്പിക്കുന്നു. അതുപോലെ നൃത്തം ചെയ്യലിലൂടെ എങ്ങനെ ചെറുത്തുനിൽപ്പുകളും പ്രത്യാക്രമണവും സാധ്യമാക്കാം എന്ന ചിന്ത അയാളിൽ ഉടലെടുക്കുന്നു. യൗവനത്തിന്റെ പ്രതിഷേധവീര്യത്തെ തളർത്താൻ പാകത്തിൽ നിഷ്ഠൂര ശിക്ഷാവിധികൾക്ക് ഇരയായ ബിലാൽ ഒരു പ്രതീകം മാത്രമാണ്. ഫലസ്തീൻ വിമോചനസംഘത്തിന്റെ പരിതസ്ഥിതികളും അവരുടെ വീക്ഷണകോണുകളും നോവലിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം സ്ത്രീപക്ഷ കാഴ്ചപ്പാടോടെ അഭയാർഥികളുടെ വിവശതകളും നോവൽ ചർച്ച ചെയ്യുന്നു.

കുവൈറ്റിൽ ജീവിച്ചിരുന്നപ്പോൾ ഇറാഖിന്റെ ആക്രമണത്തിന് മുൻപ് വരെ സ്ത്രീ എന്ന നിലയിൽ ലിംഗപരമോ, മതപരമോ ആയ വിവേചനങ്ങൾ നഹ്‌റിനെ അത്രകണ്ട് ബാധിച്ചിരുന്നില്ല. വംശീയതയുടെ സൂക്ഷ്മഭേദങ്ങൾ തൊട്ടറിയുന്നത് അവൾക്ക് എളുപ്പമല്ലായിരുന്നു. എന്നാൽ അവളുടെ പിൽക്കാലജീവിതം വംശവെറിയും വിവേചനങ്ങളും നിറഞ്ഞതായിരുന്നു. കഴിയാവുന്നത്ര വസ്തുക്കളുമെടുത്ത് രാജ്യം വിടേണ്ടി വരുന്നവർ അനുഭവങ്ങളുടെ ഭാണ്ഡം കെട്ടിമുറുക്കിക്കൊണ്ട് പിന്നീടുള്ള ജീവിതത്തിൽ ഉഴറുന്ന അധ്യായങ്ങളാണ് സൂസൻ അബുല്ഹവ ചർച്ചയ്ക്ക് എടുക്കുന്നത്. സ്നേഹരഹിതമായ ലോകത്തെ സ്നേഹിക്കാൻ എന്തൊക്കെ വഴികളാണെന്നു ചിന്തിക്കാൻ കൂടിയാണ് അവർ ഈ നോവൽ എഴുതിയതെന്നു വ്യക്തം. ▮


രാഹുൽ രാധാകൃഷ്ണൻ

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Comments