എസ്തർ കിൻസ്‌കി / Photo: Heike Huslage-Koch, Wikimedia Commons

വീടും തടവും

യാത്രകളോ യാത്രകളിലെ സ്ഥലങ്ങളോ ഇല്ലാതിരുന്ന മാസങ്ങളിൽ ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്കേറ്റവും പ്രിയങ്കരമായി അനുഭവപ്പെട്ടത് ജർമൻ എഴുത്തുകാരിയായ എസ്തർ കിൻസ്‌കിയുടെ ഗ്രോവ് എന്ന നോവലായിരുന്നു

കാന്തതയും അടച്ചിരുപ്പും ഇഷ്ടപ്പെടുന്നവരാണ് എഴുത്തുകാരും വായനക്കാരും എന്നു പറയാറുണ്ട്. തുടർച്ചയായി വീട്ടിലിരുന്ന മാസങ്ങളിൽ പലരും പറഞ്ഞുകേട്ടു, നിങ്ങൾക്കൊക്കെ ഇനി സ്വസ്ഥമായി എഴുതാമല്ലോ, കണ്ടമാനം വായിക്കാമല്ലോ. എന്നാൽ ഇറങ്ങി നടക്കാനാകുമെങ്കിൽ മാത്രമേ അകത്തിരുന്നിട്ടുളളു കാര്യമുള്ളൂ എന്നതു നാം മറക്കുന്നു. ആർത്തിയോടെ പുസ്തകങ്ങൾ എടുത്തവർ ചുമരുകൾക്കകം സ്വയം മടുത്തു വേഗം നെടുവീർപ്പിടുന്നത് അതാണ്.
ഉഷ്ണപ്രദേശമായ കേരളത്തിൽ ഒരു വീടിനുള്ളിൽത്തന്നെ മാസങ്ങളോളം കഴിയേണ്ടിവരുന്നതിലെ പുഴുക്കം കഠിനമാണെന്നതും വിശേഷിച്ചു പറയേണ്ടതില്ലല്ലോ.

അല്ലെങ്കിലും തനിമയില്ലാത്ത ഭൂമിയിലെ ഇടങ്ങളിലൊന്നു വീടാണ്. വീട് ഏകാന്തമാകണമെങ്കിൽ മുറികൾ ഒഴിഞ്ഞും പകലുകൾ നിശബ്ദമായും കഴിയേണ്ടതുണ്ട്. ആളുകൾ തിങ്ങുന്ന വീട് ഓരോ നിമിഷവും ശ്രദ്ധതെറ്റിക്കുന്നു. സമയം അവിടെ നിങ്ങൾ വിചാരിക്കുന്നതുപോലെ അടങ്ങിയിരിക്കുകയോ മൗനം
പാലിക്കുകയോ ചെയ്യാറില്ല.

പോയമാസങ്ങൾ ഓരോ വീടിന്റെയും യഥാർഥ സ്വഭാവത്തെയാണു വെളിയിൽ കൊണ്ടുവന്നത്. ഇന്നലെ വരെ താൻ സ്‌നേഹിച്ച വീടല്ല ഇപ്പോൾ താൻ വസിക്കുന്നതെന്നു പലർക്കും തോന്നി. എല്ലാവരെയും പറഞ്ഞുവിട്ടശേഷം തനിക്കു മാത്രമായിരുന്ന വീട്ടിലെ പകലുകൾ ഒന്നിലധികം പേർ കവർന്നെടുക്കുന്നതിന്റെ വേവലാതി എത്രയോ പേർക്കുണ്ടായി.

അപ്പോൾ ബസ് സ്റ്റേഷനിലെയോ റെയിൽവേ സ്റ്റേഷനിലെയോ തിരക്കുകൾ യഥാർഥത്തിൽ എന്തായിരുന്നുവെന്നു മനസിലാകുന്നു. ഏറ്റവും ചലനമുള്ള ചിന്തകൾ യാത്രയിലാണു കിട്ടുക. നിപ്പ പരത്തുന്ന വവ്വാലുകൾ ആ രോഗം വന്നു ചാവാത്തതിനു കാരണം, വവ്വാലുകൾ ദീർഘദൂരം പറക്കുന്നതുകൊണ്ടാണെന്ന് എവിടെയോ വായിച്ചിരുന്നു, ആ സഞ്ചാരം അവയുടെ വൈറസിനെതിരായ പ്രതിരോധശേഷി ഉയർത്തി. പറക്കലാണു ഇമ്യൂണിറ്റി. കൂട്ടിൽ കഴിയലല്ല.

എത്ര മനുഷ്യരാണു വീടില്ലാതെ തെരുവിൽ നടന്നത്, എത്ര പേരാണു വഴിയിൽ വീണത്, എത്ര കുഞ്ഞുങ്ങളാണു വിശന്നു മരിച്ചത് എന്നൊന്നും നമുക്ക് അറിയില്ല. ഇതിനു കണക്കുകൾ ലഭ്യമല്ലെന്നു സർക്കാരുകൾ തന്നെയും ഏറ്റുപറഞ്ഞു.

വീട്ടിലേക്കുള്ള യാത്രകൾ, വീട്ടിൽനിന്നുള്ള യാത്രകൾ, സുഹൃത്തിലേക്കുള്ള യാത്രകൾ-വിയർപ്പും മടുപ്പും ദാഹവും കലർന്ന ഈ യാത്രകളെല്ലാം ചേർന്നാണു പിന്നീടു തനിച്ചാകുമ്പോൾ നല്ല വാക്യങ്ങളായി കൂട്ടുകൂടുന്നത്. എന്റെ തോന്നൽ, ഒരാളുടെ ഏറ്റവും നല്ല വാക്യങ്ങൾ അയാൾ ഒരിക്കൽ ജീവിച്ച കൂട്ടങ്ങളുടെ സ്മരണകളിൽനിന്ന് ഊറിവരുന്നതാണെന്നാണ്, കുട്ടിക്കാലം മുതൽക്കുള്ള കൂട്ടങ്ങൾ, അതുപക്ഷേ അയാളുടെ നാൽപതാം വയസ്സിൽ കോഴിക്കോട്ടെ കടപ്പുറത്തു സന്ധ്യ കാണുമ്പോഴാകാം ഉറവാകുന്നത്.

ഒരു കഥയുടെ ആരംഭത്തിലെ വാക്യങ്ങളായോ, നോവലിലെ ഏറ്റവും ജിജ്ഞാസകരമായ സന്ദർഭമായോ, കവിതയുടെ അവസാന രണ്ടുവരിയായോ വരും ഒരിക്കൽ പിരിഞ്ഞ സമയവും സ്ഥലങ്ങളും.

കൽക്കത്തയിലെ ഒരു തെരുവ്, ലോക്ക്ഡൗൺ കാലചിത്രം
കൽക്കത്തയിലെ ഒരു തെരുവ്, ലോക്ക്ഡൗൺ കാലചിത്രം

വിജനമായ ഒരു തെരുവ്, അതേപോലെ മറ്റു പ്രദേശങ്ങളിലെ അനേകം തെരുവുകളിൽനിന്ന് പിരിഞ്ഞുവന്നു നിൽക്കുന്നതാവും. ഒരേ തെരുവു പലദിവസം ഒരേ ജനാലയ്ക്കു സമീപം നിന്നു നോക്കുമ്പോൾ എനിക്കു തോന്നി, ഈ തെരുവിനു പിന്നിലെ തെരുവുകൾ മറ്റെവിടെയോ കാത്തുനിൽക്കുന്നുണ്ടല്ലോ എന്ന്. അതെന്നെ സങ്കടപ്പെടുത്തി. എനിക്ക് എഴുതാൻ തോന്നി. അടുത്ത നോവലിൽ എവിടെയെങ്കിലും മഹാപ്രപഞ്ചത്തിലെ സൂക്ഷ്മവസ്തുവായ ഭൂമിയുടെ അകത്തു പൊടിക്കൂറയായ മനുഷ്യൻ സ്വന്തം ഏകാന്തതയ്ക്കായി ആഞ്ഞുപൊരുതുന്നത് ഉണ്ടാവണമെന്നു ഞാൻ ആഗ്രഹിച്ചു.

എന്നാൽ, ആത്മാവിൽ നിരാശ്രയരാകുമ്പോൾ അടഞ്ഞ ചുമരുകൾ ഒന്നും കൊണ്ടുവരുകയില്ല. ആ മാസങ്ങളിൽ വാതിലടച്ച് ഉണ്ടാക്കിയ തനിച്ചിരുപ്പുകളിൽ ഏകാന്തതയുടെ അവസാന രസവും നഷ്ടമാകുന്നതാണു ഞാൻ കണ്ടത്. ചിലദിവസങ്ങളിൽ ആകാശവും മേഘവും കാറ്റും ഒരുമിച്ചുവന്നു നിരക്കുമ്പോൾ ഹിച്ച്‌കോക്കിന്റെ സിനിമയിൽ ജനാലയുടെ അഴികൾക്കിടയിലൂടെ കടന്നുപോയ ക്യാമറ പോലെ, പുറത്തേക്കു പോകുകയാണു ഞാൻ എന്നു സങ്കൽപിച്ചു.
എന്നാൽ ഇപ്പോൾ നിങ്ങൾ ജീവിക്കുന്ന ജീവിതം ആ ജീവിതം നഷ്ടപ്പെട്ടയാൾക്കു സ്വപ്നമാണ്. നിങ്ങളുടെ വിഷാദം നിങ്ങളുടെ സൗഖ്യം വാഗ്ദാനം ചെയ്യുന്ന ബോണസ്സാണ്. അല്ലെങ്കിൽ നിങ്ങൾ വീടു വിട്ടുപോകുകയാണെങ്കിൽ നഗരങ്ങളിൽ ഇത്രയും കാലം അദൃശ്യരായി പണിയെടുത്തുകൊണ്ടിരുന്ന കോടിക്കണക്കിനു മനുഷ്യർ പൊടുന്നനെ വീടില്ലാത്തവരായി തെരുവിലേക്ക് എത്തിയതു കാണാം. നമ്മുടെ നഗരങ്ങളുടെ വിജനതയുടെ അകത്തുനിന്നാണു വിശക്കുന്നവരുടെ ആൾക്കൂട്ടം രൂപം കൊണ്ടത്. വെനസ്വേലയുടെ തലസ്ഥാന നഗരമായ കരാക്കസിൽ ഭയങ്കരമായ വരൾച്ച വന്നപ്പോൾ എലികളെല്ലാം കൂട്ടത്തോടെ നഗരനിരത്തുകളിലേക്ക് വന്നു ചത്തുവീഴാൻ തുടങ്ങിയതിനെപ്പറ്റി മാർക്കേസ് എഴുതിയിട്ടുണ്ട്. നഗരഇടവഴികളും ഓടകളും ചത്ത എലികളാൽ നിറന്നു. അതേപോലെ, മഹാദുരിതം തൊഴിലാളികളെ കൂട്ടത്തോടെ പലായനം ചെയ്യിച്ച മാസങ്ങളായിരുന്നു അത്.

തൊഴിൽശാലകളും വഴിയോരഭക്ഷണശാലകളും അടച്ചുപൂട്ടുകയും ട്രെയിനുകളും ബസുകളും നിരത്തിലിറങ്ങാതിരിക്കുകയും ചെയ്ത ആ മാസങ്ങളിൽ നമ്മുടെ രാജ്യത്തു വിഭജനകാലത്തിനുശേഷമുള്ള ഏറ്റവും വലിയ മനുഷ്യദുരന്തം സംഭവിച്ചു. ലക്ഷക്കണക്കിനു ദരിദ്രരായ മനുഷ്യർ ഇന്ത്യയുടെ ഓരോ വൻനഗരത്തിൽനിന്നും ദൂരെയെവിടെയോ ഉള്ള വീടോ കുടിയോ തേടി നടക്കാൻ തുടങ്ങി. കുട്ടികളും സ്ത്രീകളും അടങ്ങിയ ആ കൂട്ടത്തെ വീടുകൾക്കകത്തിരുന്നു നാം ടിവിയിലും മൊബൈൽ ഫോണിലുമായി കണ്ടു. അസ്വസ്ഥാജനകമായ വെറുമൊരു ദുഃസ്വപ്നം പോലെ അതു നമ്മെ കടന്നുപോകുകയും ചെയ്തു.

എത്ര മനുഷ്യരാണു വീടില്ലാതെ തെരുവിൽ നടന്നത്, എത്ര പേരാണു വഴിയിൽ വീണത്, എത്ര കുഞ്ഞുങ്ങളാണു വിശന്നു മരിച്ചത് എന്നൊന്നും നമുക്ക് അറിയില്ല. ഇതിനു കണക്കുകൾ ലഭ്യമല്ലെന്നു സർക്കാരുകൾ തന്നെയും ഏറ്റുപറഞ്ഞു.
ഈ മനുഷ്യദുരന്തത്തിനു സമാന്തരമായി ആ സമയം ഏറ്റവും തൊഴിലാളി വിരുദ്ധമായ, കർഷകവിരുദ്ധമായ നിയമങ്ങളും രാജ്യത്തു നിലവിൽ വന്നു. പ്രതിരോധിച്ച ഏതാണ്ട് എല്ലാ നേതാക്കളും കൂട്ടത്തോടെ ജയിലിൽ അടയ്ക്കപ്പെട്ടു. അവരുടെ ജാമ്യം പോലും അസാധ്യമായി. നിങ്ങൾ വീട്ടിലായിരിക്കുമ്പോൾ, നിങ്ങൾ വായനയിൽ ആയിരിക്കുമ്പോൾ, നിങ്ങൾ വിഷാദം കൊണ്ട് ക്വാറന്റൈൻ മുറിയുടെ വാതിൽ തുറന്ന് മുകൾ നിലയിൽനിന്നു താഴേക്കു ചാടുമ്പോൾ, പുറത്തിറങ്ങി നടന്നതിന് അയൽവാസികൾ നിങ്ങളെ പൊലീസിൽ പിടിച്ചേൽപിക്കുമ്പോൾ, മറുവശത്ത് ഭരണകൂടം ഏറ്റവും അനായാസമായി ജനാധിപത്യഘടനയ്ക്കുള്ളിൽ നിന്നുതന്നെ സർവാധികാര രൂപത്തിലേക്കു പരിവർത്തനം ചെയ്യുന്നുവെന്ന പാഠമാണോ 2020 നൽകുന്നത്?

മഞ്ഞുകാലത്തു വരുന്ന കറുത്ത പക്ഷികളെ തിരിച്ചറിയുന്നു. അതിനിടെ ഒരു പക്ഷിയുടെ കാതു തുളയ്ക്കുന്ന സ്വരം പതിവായി കേൾക്കുന്നു. ആ പക്ഷിയെ മാത്രം കാണാനാവുന്നില്ല.

അങ്ങനെയെങ്കിൽ 2020 നമ്മെ പുനർനിർമിക്കാനുള്ള അവസരമാണു നൽകിയിരിക്കുന്നത്. രോഗത്തെക്കാൾ ഭീതിദമായ തടവറകളാണു വരാനിരിക്കുന്നതെന്ന ദൃഷ്ടാന്തമായി 2020 നമ്മുടെ ഉള്ളിലുണ്ടാകും. ആ ദിവസങ്ങളിൽ തങ്ങളുടെ ഭാവനയെ എന്തെല്ലാം രീതിയിലാണു നവീകരിച്ചതെന്നു എഴുത്തുകാർക്കും വായനക്കാർക്കുമെല്ലാം പറയാനുമാവും. കാരണം വരും വർഷങ്ങളിൽ അവരുടെ പുസ്തകം ആരെങ്കിലും വായിക്കുമോ, വായനക്കാർക്കു ചെല്ലാൻ ലൈബ്രറികളുണ്ടാകുമോ, കൂട്ടം ചേരാൻ ബുക്ക് ഷോപ്പുകളുണ്ടാകുമോ, മുദ്രാവാക്യം വിളിക്കാൻ തെരുവുകൾ ഉണ്ടാകുമോ എന്നിങ്ങനെ ചോദ്യങ്ങൾ കടന്നാവും ഇനിയുള്ള നാളുകളിലെ സാഹിത്യം വരിക.

യാത്രകളോ യാത്രകളിലെ സ്ഥലങ്ങളോ ഇല്ലാതിരുന്ന മാസങ്ങളിൽ ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്കേറ്റവും പ്രിയങ്കരമായി അനുഭവപ്പെട്ടത് ജർമൻ എഴുത്തുകാരിയായ എസ്തർ കിൻസ്‌കിയുടെ ഗ്രോവ് എന്ന നോവലായിരുന്നു. പങ്കാളിയുടെ മരണശേഷം ഒരു ജർമൻ സ്ത്രീ തെക്കുകിഴക്കൻ റോമിലെ പർവതപട്ടണമായ ഒലവനോയിൽ എത്തുന്നു. മഞ്ഞുകാലമാണ്. അവരുടെ താമസകേന്ദ്രത്തിന്റെ ഒരു വശത്ത് പട്ടണവും അതിനോടുള്ള ചേർന്നുള്ള വീടുകളും. മറുവശത്ത് പഴയ ശ്മശാനമാണ്. രാത്രി ബാൽക്കണിയിൽനിന്നു നോക്കുമ്പോൾ ഒരുവശത്തു വീടുകളിലെ വിളക്കുകൾ കാണാം, മറുവശത്തു ശ്മശാനങ്ങളിലെ വിളക്കുകളും. വീടുകളിലെ വിളക്കുകൾ അണഞ്ഞുകഴിഞ്ഞും ശ്മശാനങ്ങളിലേതു പ്രകാശിച്ചുകൊണ്ടിരിക്കും.

നരേറ്ററായ ഈ സ്ത്രീ ചുറ്റുപാടുകളെ നിരീക്ഷിക്കുന്നു. ശ്മശാനങ്ങളിലൂടെ ചുറ്റിത്തിരിയുന്നു- ചെറുശ്മശാനങ്ങൾ മുതൽ പുരാതന കാലത്തെ വൻ ശ്മശാനപ്രദേശങ്ങൾ വരെ.

പങ്കാളിയുടെ സ്മരണകളെക്കാൾ അച്ഛന്റെ സ്മരണകളാണു നരേറ്ററുടെ ചുറ്റിനടത്തത്തെയും സഞ്ചാരത്തെയും മുന്നോട്ടു കൊണ്ടുപോകുന്നത്. മധ്യകാല മാർബിൾ ചിത്രങ്ങളിലും പ്രാചീന ചരിത്രത്തിലും അതീവ തൽപരനായ അച്ഛനൊപ്പം ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിൽ കുട്ടിക്കാലത്തു താൻ നടത്തിയ യാത്രകൾ അവൾ ഓർക്കുന്നു. അച്ഛന് ഇറ്റാലിയൻ അറിയാമായിരുന്നു. അദ്ദേഹം ഫൊട്ടോഗ്രഫറും മികച്ച നീന്തലുകാരനുമായിരുന്നു.

പക്ഷികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം സെമിത്തേരിയാണെന്ന് എസ്തർ കിൻസ്‌കി എഴുതുന്നുണ്ട്. പലയിനം പക്ഷികളെ അവൾ നിരീക്ഷിക്കുന്നു. മഞ്ഞുകാലത്തു വരുന്ന കറുത്ത പക്ഷികളെ തിരിച്ചറിയുന്നു. അതിനിടെ ഒരു പക്ഷിയുടെ കാതു തുളയ്ക്കുന്ന സ്വരം പതിവായി കേൾക്കുന്നു. ആ പക്ഷിയെ മാത്രം കാണാനാവുന്നില്ല. ഈ നോവലിൽ കുഞ്ഞുകുഞ്ഞു അധ്യായങ്ങളിലായി (എത്ര പ്രലോഭനകരമാണ് ഈ ചെറിയ അധ്യായങ്ങൾ) പലതരം പക്ഷികൾ വേറെയും സന്ദർഭങ്ങളിൽ വന്നുപോകുന്നു. പക്ഷികളുടെ മരണമാണു മറ്റൊന്ന്.

ജനുവരിയിൽ ഒലവനോയിൽ താമസം തുടങ്ങി കുറച്ചുദിവസങ്ങൾക്കുശേഷം അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ ഒരു പക്ഷിയുടെ ജഡം കാണുന്നു. കഴുത്തിൽ വരയുള്ള തലയിൽ തൊപ്പിയുള്ള ഒരു കുഞ്ഞുപക്ഷി. സൂര്യപ്രകാശത്തിൽ അതിന്റെ തൂവലുകൾ തിളങ്ങി. ജീവൻ നഷ്ടമായിക്കഴിഞ്ഞാൽ ഒരു പക്ഷിയുടെ ജഡം എത്രമാത്രം ചെറുതാണ്, അയഥാർഥമെന്നു തോന്നും വിധം ശോഷിച്ചത്. കൈത്തലത്തിൽ അത് ഭാരരഹിതമായിക്കിടന്നു. സന്ധ്യയായപ്പോൾ അവൾ അതിനെ മുറ്റത്തെ ഒലിവ് മരങ്ങൾക്കുചുവടെ മറവു ചെയ്തു.

മറ്റൊരു അധ്യായത്തിൽ പക്ഷിയുടെ മരണം വീണ്ടും വരുന്നുണ്ട്.
ചെറുപ്പത്തിൽ അച്ഛനൊടൊപ്പമുള്ള മഞ്ഞുകാലയാത്രയിൽ, ഒരു കുളത്തിൽ മഞ്ഞിൻപാളികൾക്കു താഴെ ഒരു പക്ഷിയുടെ ജഡം താനും സഹോദരിയും കൂടി കണ്ടത് അവൾ ഓർക്കുന്നുണ്ട്. അത് എങ്ങനെയാണ് മഞ്ഞുപാളിക്ക് അടിയിൽ പെട്ടുപോയത്? ചിലപ്പോൾ അതിനു ജീവൻനഷ്ടമായശേഷം മഞ്ഞു വന്നു മൂടിയതാകാം. അച്ഛൻ അതിനെ മഞ്ഞുപാളി കീറി പുറത്തെടുത്തു. എന്നിട്ടു മണ്ണിൽ ഒരു വിടവുണ്ടാക്കി മറവു ചെയ്തു.

മരണമായാലും വിരഹമായാലും തൊഴിൽ നഷ്ടമായാലും അവയെ ജയിക്കാൻ നാം ആ സ്ഥിതിയിൽനിന്ന് അടുത്തതിലേക്ക് പോയേതീരൂ. അതിനാൽ അടച്ചിരുപ്പ് കഴിഞ്ഞാൽ നാം വീടുകളെ ഉപേക്ഷിച്ച് പുറത്തേക്ക് പോകും.

പണ്ടു പോയ സ്ഥലങ്ങളിലേക്ക് വീണ്ടും ചെല്ലുമ്പോൾ, പഴയ സന്ദർശനത്തിന്റെ ചില അടയാളങ്ങളാണു നാം അവിടെ തിരയുന്നത്. പണ്ടു നാം കണ്ടവരാരും അപ്പോൾ നമ്മുടെ കൂടെയുണ്ടാവില്ല. ആ സ്ഥലങ്ങൾക്കും ചില മാറ്റങ്ങൾ വന്നിട്ടുണ്ടാകും. എങ്കിലും മാറാതെ നിൽക്കുന്ന ചില അടയാളങ്ങൾ തിരയാനാകും നാം വൃഗ്രതപ്പെടുക.

പക്ഷികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം സെമിത്തേരിയാണെന്ന് എസ്തർ കിൻസ്‌കി എഴുതുന്നുണ്ട്.
പക്ഷികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം സെമിത്തേരിയാണെന്ന് എസ്തർ കിൻസ്‌കി എഴുതുന്നുണ്ട്.

ഈ വർഷം സംഭവിക്കാതിരുന്നെങ്കിൽ എന്ന് ഒരു സ്‌നേഹിതൻ പറഞ്ഞു. പക്ഷേ ഈ വർഷം സംഭവിച്ചിട്ടും നാം മനുഷ്യരുടെ സർഗാത്മമായ എത്രയോ ചെറുത്തുനിൽപുകൾ കണ്ടു. കോവിഡിന്റെ ഭീതിയെ വലിച്ചെറിഞ്ഞ് യു.എസിലെ തെരുവുകളിൽ കറുത്തവർക്കായി ഒത്തുചേർന്ന മനുഷ്യർ മുതൽ ഡൽഹിയിലെ കൊടുംതണുപ്പത്ത് സമരം ചെയ്യുന്ന കർഷകർ വരെ നീളുന്ന 2020 ന്റെ ജീവിതങ്ങൾ ഭാവിയുടെ വഴികൾ നമുക്കു കാണിച്ചുതന്നുകഴിഞ്ഞു. മരണമായാലും വിരഹമായാലും തൊഴിൽ നഷ്ടമായാലും അവയെ ജയിക്കാൻ നാം ആ സ്ഥിതിയിൽനിന്ന് അടുത്തതിലേക്ക് പോയേതീരൂ. അതിനാൽ അടച്ചിരുപ്പ് കഴിഞ്ഞാൽ നാം വീടുകളെ ഉപേക്ഷിച്ച് പുറത്തേക്ക് പോകും. എസ്തർ കിൻസ്‌കി അതാണു ചെയ്തത്, ഒരു മരണത്തിൽനിന്ന് അവർ മരിച്ചവരുടെ സ്മാരകങ്ങളിലൂടെ, ഒട്ടേറെ പ്രദേശങ്ങളിലൂടെ വീണ്ടും പോയി.

റൊമേനിയൻ പള്ളികളിൽ വിളക്കു കത്തിക്കുന്ന ഒരു ആചാരത്തെപ്പറ്റി പറഞ്ഞാണു ഈ നോവൽ തുടങ്ങിയത്. പള്ളിഭിത്തിയിലെ തട്ടുകളിൽ വച്ച ചെരാതുകളിലാണു ദീപം. ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയുള്ള വിളക്കുകൾ ഇടത്തുവശത്തും മരിച്ചവർക്കുവേണ്ടിയുള്ളതു വലതുവശത്തുമാണു തെളിക്കുന്നത്. ഒരാൾ മരിക്കുമ്പോൾ, അയാൾക്കായി ജീവിച്ചിരുന്നപ്പോൾ കൊളുത്തിയ വിളക്കുകൾ എടുത്തു വലതുവശത്തേക്കു കൊണ്ടുപോകുന്നു. വിളക്കുമാടത്തിൽനിന്ന് കുഴിമാടത്തിലേക്കുള്ള ഈ യാത്രയാണ് ഈ വർഷത്തെ ദീപ്തമാക്കിയ എന്റെ രൂപകം. ▮


അജയ് പി. മങ്ങാട്ട്

മാധ്യമപ്രവർത്തകൻ, നോവലിസ്റ്റ്, വിവർത്തകൻ. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments