ചിത്രീകരണം: കെ.പി. മുരളീധരൻ

ജനാഫ്രസ്സ് ഒരു മ്യൂസിയമാകുന്നു

​​​​​​​പുരാവൃത്തങ്ങളെ അടിസ്ഥാനമാക്കി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ബിംബവൽക്കരിക്കുന്ന ഒരു ഗംഭീര നോവലായി ജനാഫ്രസ്സ് മാറുന്നു.

ണചേരുമ്പോൾ പങ്കാളിയെ ഭക്ഷിക്കുന്ന ജീവികളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒന്നുകിൽ മുഴുവനായി. അല്ലെങ്കിൽ പാതി.
പ്രെയിങ് മാൻറീസ്, ചില എട്ടുകാലികൾ, ചിലയിനം തവളകൾ, അനകോണ്ട എന്നിങ്ങനെ ധാരാളം ജീവികൾ രതിക്രീഡയിൽ ഇണയെ പാതിയോ മുഴുവനോ ആയി ഭക്ഷിക്കുന്നവയാണ്. സെക്ഷ്വൽ കാനബലിസം എന്നാണ് ശാസ്ത്രലോകം ഇതിനെ വിളിക്കുന്നത്. ഉൽക്കണ്​ഠയെക്കുറിച്ചുള്ള പുസ്തകത്തിൽ ലക്കാൻ ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അപരലോകം തന്നിൽ നിന്ന്​പ്രതീക്ഷിക്കുന്നതെന്തെന്ന തിരിച്ചറിവാണ് anxiety യുടെ പ്രധാന കാരണമത്രെ. അപരലോകത്തിൽ മറ്റുള്ളവർ മാത്രമല്ല മറിച്ച് സ്ഥാപനങ്ങൾ, നിയമങ്ങൾ എന്നിങ്ങനെ ആധുനിക സമൂഹം ഒരു ശരാശരി മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കുന്നതെന്തൊക്കെയാണോ അതെല്ലാം വരും.

ഉദാഹരണമായി നിയമം ഒരു വ്യക്തിയിൽ നിന്ന്​പ്രതീക്ഷിക്കുന്നതെന്താണെന്ന്​തിരിച്ചറിയുകയും അതിനനുസരിച്ച്​ പ്രവർത്തിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ anxiety ഉണ്ടാകുന്നു. സ്വന്തം ശരീരം ഇണക്ക്‌ ഭക്ഷണമായി നൽകേണ്ടി വരും എന്ന് അറിയുമ്പോഴും ഇണചേരുന്നതിന് ഈ ജീവികൾ തയ്യാറാകുന്നു. ജീവികളിലെ ഈ സെക്ഷ്വൽ കാനബലിസ്​റ്റ്​സ്വഭാവമാണ് anxiety യുടെ കാരണത്തെ പ്രതിപാദിക്കുന്നതിനായി ലക്കാൻ ഉദാഹരണമായി ഉപയോഗിക്കുന്നത്.

സാധാരണ, പെൺ ജീവികൾ ആൺ ജീവികളെ ഭക്ഷിക്കുകയാണ് ജീവിവർഗങ്ങളിൽ കാണുന്നത്. ഭക്ഷിക്കപ്പെടും എന്നതുകൊണ്ട് ഇണചേരുന്നതിൽ നിന്ന് ജീവികൾ പുറകോട്ട് പോകാറില്ല. എന്നാൽ ഈ ലൈംഗിക കാനബലിസം ജീവികളിൽ മാത്രമല്ല, മനുഷ്യനിലും ഉണ്ടത്രേ. യഥാർത്ഥവും പ്രതീകാത്മകവുമായ കാനബലിസം മനുഷ്യ ലൈംഗികതയുടെ ഭാഗമാണ്. പ്രതീകാത്മക കാനബലിസം ലൈംഗികാസ്വാദനമായി പൊതുവെ കണക്കാക്കപ്പെടുന്നു. യഥാർത്ഥ ലൈംഗിക കാനബലിസ്റ്റുകൾ കുറ്റവാളികളാണ്. ക്രൂരമായ ലൈംഗിക പീഡനം മുതൽ ലൈംഗിക വേഴ്ചയിലോ അതിനുശേഷമോ പങ്കാളിയെ കൊല്ലുകയോ ശരീരഭാഗങ്ങൾ വികൃതമാക്കുകയോ ചിലപ്പോൾ മുറിച്ചു മാറ്റി ഭക്ഷിക്കുകയോ ചെയ്യുന്നതടക്കം നിരവധി കുറ്റകൃത്യങ്ങൾ ആഗോള തലത്തിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഇൻഡിപെൻഡൻറിന്റെ ഓൺലൈൻ എഡിഷനിൽ റിപ്പോർട്ട്‌ ചെയ്യുന്നു. Albert Fish, Issei Sagawa, Andrei Chikatilo, Ed Gein എന്നിങ്ങനെ നിരവധി അന്തർദേശീയ കുറ്റവാളികളുടെ ലിസ്റ്റും അവർ നൽകുന്നു.

ഒരു മിത്തിക്കൽ കഥാപാത്രത്തിലേക്ക് വായനക്കാരെ അടുപ്പിക്കുന്നതിന് അപാരമായ രചനാവൈഭവം ആവശ്യമാണ്. കാരണം പലപ്പോഴും മിത്തുകൾ യുക്തിയുമായി ഒത്തുപോകണമെന്നില്ല. ഈ പ്രതിസന്ധിയെ തന്റെ ഭാഷാമികവ് കൊണ്ട്​ഇന്ദുമേനോൻ അതിഗംഭീരമായി മറികടക്കുന്നു.

നമ്മുടെ നാട്ടിലും ഇതിനൊന്നും ഒട്ടും കുറവില്ല എന്ന് പറയേണ്ടതില്ലല്ലോ. പഴയ പത്രവാർത്തകളും മറ്റും പരതി നോക്കിയാൽ ധാരാളം ഉദാഹരണങ്ങൾ കിട്ടും. മനുഷ്യന്റെയുള്ളിൽ അന്തർലീനമായ ലൈംഗിക കാനിബലിസത്തിന്റെ ചോദനകളെ ഒരു മിത്തിക്കൽ കഥാപാത്രത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഇന്ദു മേനോൻ ജനാഫ്രസ്സ് എന്ന നോവലിലൂടെ. മനുഷ്യർ ഭക്ഷിക്കപ്പെടും എന്നറിഞ്ഞുകൊണ്ട് ഇണചേരലിന് സമ്മതിക്കാറില്ലെങ്കിലും ജനാഫ്രസ്സ് എന്ന കൊടിയ കാമുകൻ സ്ത്രീകളെ ​സെക്ഷ്വൽ കാനബലിസ്റ്റ് ജീവിവർഗത്തെപോലെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നു. ഭക്ഷിക്കപ്പെടും എന്ന തിരിച്ചറിവോടെ സ്ത്രീകൾ അയാളിലേക്ക് ആകൃഷ്ടരാകുന്നു, ചിലപ്പോൾ സ്വയം ശരീരഭാഗങ്ങൾ അറുത്തു നൽകിക്കൊണ്ട്. സാമാന്യയുക്തിക്ക് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ഈ പ്രമേയത്തെ ആദ്യമായി അവതരിപ്പിക്കുന്ന നോവലാണ് ജനാഫ്രസ്സ്.

വാക്കുകളുടെ മ്യൂസിയം

ഒരു മിത്തിക്കൽ കഥാപാത്രത്തിലേക്ക് വായനക്കാരെ അടുപ്പിക്കുന്നതിന് അപാരമായ രചനാവൈഭവം ആവശ്യമാണ്. കാരണം പലപ്പോഴും മിത്തുകൾ യുക്തിയുമായി ഒത്തുപോകണമെന്നില്ല. ഈ പ്രതിസന്ധിയെ തന്റെ ഭാഷാമികവ് കൊണ്ട്​ഇന്ദുമേനോൻ അതിഗംഭീരമായി മറികടക്കുന്നു. ‘അക്ഷരങ്ങളുടെ അംബാനി’യാണ് ഇന്ദുമേനോൻ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഭാഷാസമ്പന്നത വ്യക്തമാകുന്ന എഴുത്ത്. അമൂല്യമായ വാക്കുകളുടെ വലിയ ഒരു സഞ്ചിതശേഖരമായി ജനാഫ്രസ്സ് മാറുന്നു. കാലന്തരത്തിൽ നഷ്ടപ്പെട്ടു പോയ, ഇനിയും നഷ്ടപ്പെട്ടു പോയേക്കാവുന്ന വാക്കുകളുടെ മ്യൂസിയം കൂടിയായി നോവൽ മാറുന്നുണ്ട്.

ജനാഫ്രസിലെ എഴുത്തും ചിന്തകളും ജനാഫ്രസിനുവേണ്ടി മാത്രമാണ്. അങ്ങനെ ജനാഫ്രസ്സ് ചിന്തയുടെയും സർഗാത്മകതയുടെയും ഒരു സോവറിൻ രാജ്യമായി മാറുന്നു. കഥയിൽ നിന്ന് അനാദിയിലേക്ക് നീളുന്ന വലിയ വാചകങ്ങളൊന്നും ജനാഫ്രസിലില്ല. അത് ഒരേ സമയം, ജനാഫ്രസിന്റെ നേട്ടവും കോട്ടവുമാണ്. ജനാഫ്രസ്സ് രചിക്കപ്പെടുമ്പോൾ ഇന്ദുമേനോൻ ജനാഫ്രസ്സിലേക്ക് മാത്രം ചുരുങ്ങി. ജനാഫ്രസ്സിന്റെ രോമാകൂപങ്ങളിലേക്ക് പോലും സഞ്ചരിച്ചു. ഇവിടെ ജനാഫ്രസ്സ് എന്നുദ്ദേശിക്കുന്നത് നോവലിനെയൊന്നാകെയാണ്. കഥാപാത്രങ്ങൾ അതിന്റെ നിർമാതാവിനെ / എഴുത്തുകാരിയെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു കളഞ്ഞു. ആ തടവറയുടെ വന്യമായ ഏകാന്തതയിൽ എഴുത്തുകാരി സമകാലിക നോവലുകളിലെ കഥാപാത്രങ്ങളെക്കൊണ്ട്​ താങ്ങാവുന്നതിനപ്പുറമുള്ള ‘ചിരഞ്ജീവി ' ഡയലോഗുകൾ പറയിക്കുന്ന നോവലിസ്റ്റുകളുടെ ടിപ്പിക്കൽ ട്രെയിറ്റിനെ മറന്നുപോയി. അതുകൊണ്ടുതന്നെ എഴുതപ്പെട്ട ഓരോ വരിയും ജനാഫ്രസ്സ് എന്ന സോവറിൻ രാജ്യത്തിനുവേണ്ടി അല്ലെങ്കിൽ ആ ഭൂഖണ്ഡത്തിനു വേണ്ടി മാത്രമായി.

അതുകൊണ്ടുതന്നെ തെളിഞ്ഞ നീരുറവ പോലുള്ള കഥയുടെ ഒഴുക്കിൽ, സ്വത്വസന്ദേഹങ്ങളില്ലാത്ത കഥാപാത്രങ്ങളിലൂടെ, മിഴിവാർന്ന ഭാഷയുടെ ഗരിമയിൽ ജനാഫ്രസ്സ് തലയുയർത്തി നിൽക്കുന്നു. എന്നാൽ പൊതുസമ്മേളനങ്ങൾ, യാത്രയയപ്പു സമ്മേളനങ്ങൾ എന്നീ സന്ദർഭങ്ങളിലെ പ്രസംഗങ്ങളിൽ കേൾവിക്കാരെ വികാരധീനരാക്കുന്ന രീതിയിൽ അടർത്തിയെടുത്തുപയോഗിക്കാവുന്ന പഞ്ച് ഡയലോഗുകൾക്ക് ജനാഫ്രസ്സിൽ മൊറട്ടോറിയമാണ്.

ആരാണ് ജനാഫ്രസ്സ്?

ഇന്ദുമേനോൻ അവതരിപ്പിക്കുന്ന ജനാഫ്രസ്സ് സെക്ഷ്വൽ കാനബലിസ്റ്റ് ആയ ഒരു കൊടിയ കാമുകനാണ്. എന്നാൽ ജനാഫ്രസ്സിന് എവിടെയോ നമ്മുടെയോരുത്തരുടെയും ഛായ. യഥാർത്ഥ ജനാഫ്രസ്സ് ഭൂമിയെയും പ്രകൃതിയെയും ചൂഷണം ചെയ്തു ജീവിക്കുന്ന നമ്മൾ തന്നെയല്ലേ എന്നൊരു സന്ദേഹം. എല്ലാം നൽകുന്ന ഭൂമിയെയും പ്രകൃതിയെയും തുരന്നെടുത്തും ചൂഷണം ചെയ്തും മനുഷ്യൻ അവന്റെ തന്നെ ഭാവിതലമുറയുടെ ജീവന സാധ്യതകളെ തന്റെ ഇന്നത്തെ സുഖസൗകര്യങ്ങളായി ഉണ്ണുന്നു. അതുകൊണ്ടുതന്നെ ജനാഫ്രസ്സ് എന്നത് ഒരു ഏകവചനമല്ല, മറിച്ച് ബഹുവചനമാണ്. നോവലിൽ പ്രൊഫസർ ഷിറാസ് അഹമ്മദ് പറയുന്നത് ശ്രദ്ധിക്കുക: " ജനാഫ്രസ്സ് ഒരാളാവണമെന്നില്ല. പല കാലങ്ങളിൽ പലരായിരുന്നിരിക്കണം’. ദുരാഗ്രഹം മൂത്ത മനുഷ്യൻ ജനാഫ്രസ്സാകുമ്പോൾ, ഒരേ കാലത്തിൽ തന്നെ ലക്ഷക്കണക്കിന് ജനാഫ്രസ്സുമാർ ഒരേ സമയത്ത് ജീവിച്ചിരിക്കുന്നു എന്ന ഒറ്റ വത്യാസമേ ഉള്ളു.

ജനാഫ്രസ്സിന്റെ അമാനുഷികമായ ലിംഗം പ്രതിനിധാനം ചെയ്യുന്നത് ചൂഷണാധിഷ്ഠിതമായ മനുഷ്യാധിപത്യത്തെ പ്രകൃതിയിൽ വേരാഴ്​ത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യയെയാണ്.

മണ്ണിനും പ്രകൃതിക്കുമുള്ളതെല്ലാം കവർന്നെടുക്കുന്ന ദുരാഗ്രഹിയായ മനുഷ്യനാണ് ജനാഫ്രസ്സ്. ജൈവ വൈവിദ്ധ്യം നിറയുന്ന നോവലിൽ ഒരുക്കുന്ന പശ്ചാത്തലം തന്നെ പ്രകൃതിയുടെ സ്ത്രീത്വവും മനുഷ്യന്റെ ആക്രമണോത്സുകമായ പരപീഡാ രതിയുമാണ്. ആധുനിക സമൂഹത്തിൽ ജനാഫ്രസ്സുമാർ യൂണിസെക്ഷ്വലാണ്​. സാമൂഹ്യ നിർമിതിയായ ജെൻഡറിനെ മറികടന്ന് ജനാഫ്രസുമാർ ഏകലിംഗമാകുന്നു. ആണും പെണ്ണും ജനാഫ്രസ്സാവുന്നു.

ജനാഫ്രസ്സിന്റെ അമാനുഷികമായ ലിംഗം പ്രതിനിധാനം ചെയ്യുന്നത് ചൂഷണാധിഷ്ഠിതമായ മനുഷ്യാധിപത്യത്തെ പ്രകൃതിയിൽ വേരാഴ്​ത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യയെയാണ്. ഭൂമിയെയും പ്രകൃതിയെയും ഭേദ്യം ചെയ്യുന്നതിന് ആധുനിക സാങ്കേതിക വിദ്യ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ട്രാക്ടർ തൊട്ട് രാസവളങ്ങൾ വരെ- വായുവിനെയും ജലത്തേയും മറ്റു പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്ത് നശിപ്പിക്കുന്നതിൽ സാങ്കേതിക വളർച്ചയുടെ പങ്ക് വ്യക്തമല്ലേ? മണ്ണിലും മണ്ണിന്റെ അവകാശികളിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനുഷ്യൻ പഴുതുകളില്ലാതെ നിയന്ത്രണങ്ങൾ മുറുക്കുന്നു. ഉപയോഗിക്കാവുന്ന എന്തിനെയും ആക്രമിക്കുന്നു. ചൂഷണം ചെയ്യപ്പെടുമ്പോഴും പ്രകൃതി അലിവോടെ മനുഷ്യനുവേണ്ടി കൂടുതൽ ചുരത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ചോരയീമ്പി കുടിക്കുമെന്നറിഞ്ഞിട്ടും, കണ്ണും കരളുമറുത്ത് നൽകേണ്ടി വരുമെന്നറിഞ്ഞിട്ടും ജനാഫ്രസ്സിനെ കാമിക്കുന്ന കൊണ്ടോട്ടിയിലെ സുന്ദരിമാരെപോലെ.

നിയന്ത്രണങ്ങൾക്കുപയോഗിക്കുന്ന ഇതേ സാങ്കേതിക ഉപകരണങ്ങളാണ് മനുഷ്യന്റെ വിനോദങ്ങളുടെയും പ്രാധാന ഉപാധി. തന്റെ കൈ പോലെ ഉപയോഗിക്കാവുന്ന ലിംഗത്തിൽ ചുരുട്ടുയർത്തി വലിക്കുന്ന ജനാഫ്രസ്സിന്റെ ചിത്രം ശ്രദ്ധിക്കേണ്ടതുണ്ട്. ലൈംഗികതക്കും ചുരുട്ട് വലിക്കാനും ഉപയോഗിക്കുന്നത് ലിംഗമാണ്. വിനോദങ്ങളുടെ ഭാഗമായ ഉത്സവങ്ങളിലെ ജയൻറ്​ വീലുകൾ തൊട്ട് സ്വകാര്യ വിനോദത്തിനുതകുന്ന മൊബൈൽ ഫോണുകൾ വരെ സാങ്കേതിക വിദ്യ വളർന്നുകഴിഞ്ഞിരിക്കുന്നു. പ്രകൃതിയെ നിയന്ത്രിക്കാൻ പോന്ന സാങ്കേതിക വിദ്യക്ക് വിനോദത്തിന്റെയും ഉന്മാദത്തിന്റെയും സാധ്യതകൾ ഉണ്ടെന്നുള്ളത് ജനാഫ്രസ്സിന്റെ ചുരുട്ട് വലിച്ച് ആസ്വദിക്കുന്ന നീളമുള്ള ലിംഗത്തെ സൂചിപ്പിക്കുന്നുണ്ട്.

ജനാഫ്രസ്സിൽ ഒരു ഹരിതവനം

സ്രാവിനെ ചന്നം പിന്നം വെട്ടുന്ന മമ്മിക്കോയയിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്. നോവലിലുടനീളം ജൈവ വൈവിധ്യത്തിന്റെ വിവരണത്തിൽ വല്ലാതെ കഥകൃത്ത് ഒബ്സെസ്സ്​ഡ് ആവുന്നത് കാണാം. കൃഷ്ണനാലിനു ചുറ്റും കാട്ടുകാഞ്ഞിരവും പഴരസത്തോട്ടവും മൂടില്ലാത്താളികളും, ഇലഞ്ഞി മരവും വള്ളിപ്പാലകളും, കാട്ടുമരുതും പരിജാതവും എല്ലാം കൂടി ജനാഫ്രസ്സിൽ ഒരു ഹരിതവനം തന്നെ സൃഷ്ടിക്കപ്പെടുന്നുണ്ട്.

ആ ഹരിതവനത്തിൽ മൂർഖൻ കുഞ്ഞുങ്ങളും കാട്ടുപുല്ലാനിയും രാജവെമ്പാലകളും, പൊൻവണ്ടുകളും കടന്നലുകളും ചിത്രശലഭങ്ങളും എന്നുവേണ്ട സകല ജീവിവർഗവും ഉണ്ട്‌. ഒരു ശരാശരി മലയാളി കേട്ടതും കേൾക്കാത്തതുമായ ജൈവ വൈവിധ്യത്തിന്റെ കൂടി മ്യൂസിയമാണ് ജനാഫ്രസ്സ്. ജൈവ വൈവിധ്യത്തോടുള്ള ഈ അഭിനിവേശം കഥാകൃത്തിന് പ്രകൃതിയുമായുള്ള ബന്ധം പ്രതിഫലിപ്പിക്കുന്നു.

അതിൽ നിന്ന് മനസ്സിലാക്കാവുന്നത്, ആത്യന്തികമായി എല്ലാം മനുഷ്യനു വച്ചുനീട്ടുന്ന പ്രകൃതിയെയാണ് ജനാഫ്രസ്സിനെ പ്രണയിക്കുന്ന പെണ്ണായി വരച്ചു വയ്ക്കുന്നത് എന്നാണ്. ഊറ്റിക്കുടിച്ചിട്ട് ഒരു നഷ്ടബോധവും കൂടാതെ പെണ്ണിനെ എവിടെയെങ്കിലും ഉപേക്ഷിക്കുന്ന ജനാഫ്രസ്സാവട്ടെ ദുരാഗ്രഹം മൂത്ത മനുഷ്യനും. പറ്റാവുന്നതെല്ലാം ചുരന്നെടുത്തിട്ടും കൊതി തീരാതെ വീണ്ടും ഇനിയെന്തുണ്ടെടുക്കാൻ എന്നാലോചിച്ച് പ്രകൃതിയുടെ പുതിയ സാധ്യതകളെ അന്വേഷിക്കുന്ന മനുഷ്യന് പള്ളിക്കണ്ടിയിലെ കൃഷ്ണനാലിൽ കാത്തിരിക്കുന്ന ജനാഫ്രസ്സിന്റെ അതേ ഛായ.

കൊണ്ടോട്ടി നേർച്ച

കഥയിൽ കടന്നു വരുന്ന ഒരു പ്രധാന രൂപകമാണ് കൊണ്ടോട്ടി നേർച്ച. കൊണ്ടോട്ടി നേർച്ച നടത്തുന്നതിന് ശ്രമിക്കുന്ന പുരോഗമനവാദിയാണ് പ്രൊഫ. ഷിറാസ്. കുൽസുമ്പിയെപ്പോലുള്ള ശിഷ്യരും ഷിറാസിന്റെ പിൻഗാമികളായുണ്ട്. സെക്യുലറായ അംശങ്ങൾ കൊണ്ടോട്ടി നേർച്ചയിൽ ഷിറാസ് കാണുന്നുണ്ട്. നേർച്ച കൊയ്ത്തുത്സവമാണെന്നുള്ള വ്യാഖ്യാനമൊക്കെ അങ്ങനെയുണ്ടാവുന്നതാണ്. ആളുകൾ കൂടുതൽ തുറന്ന മനസ്സോടെ എത്തിച്ചേരുന്ന പൊതുവിടമാണ് നേർച്ച. പള്ളി നേർച്ചയാണെങ്കിലും അവിടെ ഗണപതിയെ പോലുള്ള കച്ചവടക്കാരുണ്ട്.

ഗണപതിയെ പ്രണയിച്ച ഉമ്മച്ചിപ്പെണ്ണുണ്ട്. അവരുടെ മകനായി അലി ഉണ്ടാവുന്നുണ്ട്. ഇത്രയും പുരോഗമനപരതയൊക്കെ കൊണ്ടോട്ടി നേർച്ചയുടെ പരിസരങ്ങളിലാണ് ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ കൊണ്ടോട്ടി നേർച്ച പ്രതിനിധാനം ചെയ്യുന്നത് പുരോഗമന മൂല്യങ്ങളെയാണ്.

യഥാസ്ഥിതികത്വത്തിന്റെ പ്രതീകമായി നോവലിൽ പ്രത്യക്ഷപ്പെടുന്നത് തുറാബ്, മമ്മിക്കോയ എന്നീ കഥാപാത്രങ്ങളാണ്. തുറബിന്റെ രാക്ഷസീയത നോവൽ പ്രത്യക്ഷമായി തന്നെ വരച്ചുകാട്ടുന്നു. പലതും പറയാനും ചെയ്യാനും മറക്കുകയും ചിലപ്പോൾ തന്നെ തന്നെ മറന്ന് ഭ്രമകല്പനകളിൽ മുങ്ങിതാഴുകയും ചെയ്യുന്ന മമ്മിക്കോയ യഥാസ്ഥിതികതയുടെ മറ്റൊരു മുഖമാണ്.

രണ്ടുതരം അനുഭവങ്ങളുടെ വിവരണങ്ങൾ ജനാഫ്രസ്സിൽ അതിഗംഭീരമായി നിർവഹിച്ചിരിക്കുന്നു. ഒന്ന് ഭ്രമകല്പനകളുടേത്. രണ്ടാമത്തേത് കഥാകൃത്തോ വായനക്കാരോ ഒരുപക്ഷെ നേരിട്ടനുഭവിച്ചിരിക്കാൻ ഒരു സാധ്യതയുമില്ലാത്ത യാഥാർഥ്യങ്ങളുടെ വിവരണങ്ങൾ

നേർച്ചയുടെ വെടി അകലെ കേൾക്കുമ്പോൾ ഇങ്ങുദൂരെ പള്ളിക്കണ്ടിയിൽ സുലൈഖ താത്തായുടെ പ്രേതശരീരത്തിലും മമ്മിക്കോയയുടെ കുഞ്ഞുടലിലും തുറബിന്റെ രക്ഷസീയത തുടല് പൊട്ടിച്ചു നൃത്തം വയ്ക്കുകയാണ്. കൊണ്ടോട്ടി നേർച്ച നടക്കുമ്പോൾ അവിടെ നിന്നകന്ന് പള്ളിക്കണ്ടിയിലെ ശ്മശാനവും, തുറങ്കുകളും മറ്റും മൂല്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത രാക്ഷസീയതയുടെ ഇരുണ്ട കോട്ടകളായി മാറുന്നു. യാഥാസ്ഥിതിക വാദികൾ നേർച്ച നിർത്തലാക്കാൻ ശ്രമിക്കുന്നുണ്ട്. എല്ലാ കാലങ്ങളിലും പുരോഗമന മൂല്യങ്ങളും യാഥാസ്​ഥിതിക മൂല്യങ്ങളും തമ്മിൽ ഇത്തരം സംഘർഷങ്ങൾ പതിവാണ്. പ്രൊഫ. ഷിറാസിനെ പോലെയുള്ള പുരോഗമന വാദികൾ ആക്രമിക്കപ്പെടുന്നുണ്ടെങ്കിലും യാഥാസ്ഥിതിക വാദികൾ അവരുടെ തന്നെ ഭ്രമകല്പനകളിൽ മുങ്ങിത്താഴുന്ന കാഴ്ചയും ജനാഫ്രസ്സ് വരച്ചിടുന്നു.

രണ്ടുതരം അനുഭവങ്ങളുടെ വിവരണങ്ങൾ ജനാഫ്രസ്സിൽ അതിഗംഭീരമായി നിർവഹിച്ചിരിക്കുന്നു. ഒന്ന് ഭ്രമകല്പനകളുടേത്. രണ്ടാമത്തേത് കഥാകൃത്തോ വായനക്കാരോ ഒരുപക്ഷെ നേരിട്ടനുഭവിച്ചിരിക്കാൻ ഒരു സാധ്യതയുമില്ലാത്ത യാഥാർഥ്യങ്ങളുടെ വിവരണങ്ങൾ. രണ്ടും വായനക്കാരെ അനിർവചനീയമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നവ. പുരാവൃത്തങ്ങളെ അടിസ്ഥാനമാക്കി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ബിംബവൽക്കരിക്കുന്ന ഒരു ഗംഭീര നോവലായി ജനാഫ്രസ്സ് മാറുന്നു. ആഴത്തിലുള്ള വായനാനുഭവം നൽകുമ്പോൾ തന്നെ നമ്മളിൽ ഓരോരുത്തരിലുമുള്ള ജനാഫ്രസ്സിനുനേരെ വിരൽ ചൂണ്ടുക കൂടിയാണ് ഈ നോവൽ.▮


അമൃത് ജി. കുമാർ

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ സ്‌കൂൾ ഓഫ് എഡ്യുക്കേഷനിൽ പ്രഫസർ. വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം, Factors Relating to Information Skills എന്നിവയാണ് കൃതികൾ

Comments