വളവുതിരിവുകൾ നേരെയാക്കിയും ഉയർച്ചതാഴ്ചകൾ നിരപ്പാക്കിയും മുന്നേറുന്ന ഒരു നാഷണൽ ഹൈവേ പ്രോജക്ട്, റോഡ് നിർമാണത്തിന്റെ കാര്യത്തിൽ എന്നതിലേറെ ഇക്കാലത്ത് കൂടുതൽ പ്രയോഗത്തിൽ വരുന്നത് ചരിത്രത്തിന്റെ കാര്യത്തിലാണ്.‘എനിക്ക് രസമീ നിമ്‌നോന്നതമാം
വഴിക്ക് തേരുരുൾ പായിക്കാൻ'
എന്ന് ഇടശ്ശേരി പാടിയത് ഈ നിരത്തൽ പ്രക്രിയയ്ക്ക് എതിരായിട്ടാവാം. ചരിത്രത്തിന് അർത്ഥവും വൈവിധ്യവും നൽകിയിരുന്ന വിശദാംശങ്ങൾ നശിപ്പിച്ച് ഒരു രാജപാത നിർമ്മാണം അവിഘ്‌നം മുന്നേറുന്നുണ്ട് നമ്മുടെ രാജ്യത്ത്. വാദപ്രതിവാദങ്ങളുടെ ഒരു പോർമുഖം തുറന്ന്, കേവലദ്വന്ദ്വത്തിന്റെ മൂർച്ചയിലേക്ക് എല്ലാ വൈവിധ്യങ്ങളെയും ഉരുക്കി ഇല്ലാതാക്കുന്ന ഒരു പ്രക്രിയയാണിത്. ഈ ഫാഷിസ്റ്റ് പ്രോജക്റ്റിൽ പ്രതിവാദങ്ങൾ പോലും ബഹുത്വവും സംവാദാത്മകതയും നഷ്ടപ്പെട്ട ഒന്നായി മാറിയിരുന്നു എന്നതാണ് ദുഃഖകരം. ചരിത്രത്തെ അത് നിരപ്പാക്കി ഒറ്റപ്രതലമാക്കുന്നു. മിഷൽ ഫുക്കോ പറയുന്നതുപോലെ കാലം ഉപരിതലത്തിൽ കോറി വരഞ്ഞ് കോറി വരഞ്ഞ് ഉള്ളുവയ്ക്കുന്ന ഒന്നാണ് ചരിത്രം. പല കാലങ്ങളുടെ ലിഖിതങ്ങൾ എഴുതിയെഴുതി ആഴം വയ്ക്കുന്ന ഒന്ന്. പല അടരുകളിലായി കിടക്കുന്ന ചരിത്രത്തിന്റെ ഈ ആഴക്കാഴ്ച നഷ്ടപ്പെടുത്തുകയാണ് ഫാഷിസ്റ്റ് രീതി. അവർ ചരിത്രത്തിലെ ചില ഘടകങ്ങളെ കാല്പനികവൽക്കരിക്കുകയും മിത്ത് ഏത്, ചരിത്രം ഏത് എന്ന വകതിരിക്കാനാകാതെ അതിനെ വർത്തമാനത്തിന്റെ ഒരു നിരപ്പിൽ നിരത്തിവയ്ക്കുകയും ചെയ്യും. അങ്ങനെ വരുമ്പോഴാണ് ഗാന്ധിയും ഗോഡ്‌സെയും സവർക്കറും ഒരു ഫ്ലക്സ് ബോർഡിലോ ഒരു ചുമരിലോ പരസ്പരം നോക്കിയിരിക്കുന്ന ഒറ്റ പ്രതലത്തിലെ പടമാകുന്നത്. ഭൂതകാല യാഥാർത്ഥ്യത്തിലേക്ക് നോക്കാൻ കഴിയാത്ത തരത്തിൽ മതത്തിന്റെയോ ദേശീയതയുടെയോ ജ്വരത്തെ തിളപ്പിച്ച് നിർത്തുകയും ചെയ്യുന്നു. ചരിത്രസത്യങ്ങളിലേയ്ക്ക് നോക്കാൻ കഴിയാത്തവണ്ണം, മാധ്യമങ്ങളും വർഗീയ ശക്തികളും ചേർന്നു നിർമിക്കുന്ന അയഥാർത്ഥമായ ഒരു താർക്കികതയുടെ പുറംതോട് ഭേദിച്ച് ഉള്ളിലേക്ക് പോകാൻ നമ്മുടെ ജനാധിപത്യ സംവാദങ്ങൾക്ക് കഴിയാതെ പോകുന്നു. അല്ലെങ്കിൽ അതിന് അനുവദിക്കാതെ അസഹിഷ്ണുതയുടെ ഒരു വർത്തമാന പരിസരം രൂപപ്പെട്ടിരിക്കുന്നു.
ഈയൊരു സന്ദർഭത്തിൽ ചരിത്രത്തിലാണ്ടുകിടക്കുന്ന ഇരുളും വെളിച്ചവും ചികഞ്ഞുനോക്കാൻ, അല്ലെങ്കിൽ ഒരു ചരിത്രസന്ദർഭത്തെ അതിന്റെ അനുഭവ തീവ്രത നഷ്ടപ്പെടാതെ വിളിച്ചുവരുത്തി പരിശോധിക്കാൻ ഇന്ന് നോവൽ എന്ന സാഹിത്യരൂപത്തിലൂടെ മാത്രമേ കഴിയൂ. പുതിയ കാലത്ത് നോവലുകൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സാമൂഹ്യധർമം ഇതാണെന്ന് നിസ്സംശയം പറയാം. പഴയ പുരോഗമന സാഹിത്യ പ്രസ്ഥാനമൊക്കെ പറഞ്ഞിരുന്നതുപോലെ സാഹിത്യം രാഷ്ട്രീയ പ്രമേയങ്ങളെ പേറുന്നതുകൊണ്ടോ സ്വാദ്ദേശ്യ കൃതികളുടെ സൃഷ്ടി കൊണ്ടോ അല്ല ഇത് സാധ്യമാകുന്നത്. നാളിതുവരെ സർവ്വേ ചെയ്യാത്ത ഒരു വന്യമായ പ്രദേശത്തെ സർവ്വേ ചെയ്യുന്നതുപോലെയോ അല്ലെങ്കിൽ പുതിയൊരു ദേശത്തിന്റെ ഭൂപടം നിർമിക്കുന്നതുപോലെയോ ഉള്ള പണിയാണത്. ചരിത്രത്തെ പലവിധത്തിൽ പുനരാവിഷ്‌കരിക്കുന്ന രീതി നോവൽ സാഹിത്യത്തിന്റെ തുടക്കം മുതലേ കാണാനാകും. ഇന്നു മലയാളത്തിൽ അത്തരത്തിലുള്ള നോവലുകൾ ധാരാളമായി വരുന്നു. വർദ്ധിച്ചു വരുന്ന ഈ ചരിത്രപ്രേമത്തെ ഒരു ഉത്തരാധുനിക സാഹിത്യലക്ഷണമായി നിരീക്ഷിക്കുന്നവരുണ്ട്. എന്നാൽ ഉത്തരാധുനികമായ സാഹിത്യ ഭാവുകത്തിലൂന്നിയാണ് ഈ നോവലുകളിൽ മിക്കവയും പിറക്കുന്നത് എന്ന കാര്യത്തിൽ സംശയമുണ്ട്.
നവോത്ഥാനത്തോടൊപ്പം ആരംഭിച്ച് പുതിയ കാലത്തിലേക്ക് ഒഴുകുന്ന തെക്കൻ കേരളത്തിലെ ജീവിതം കാലനദിയിലൂടെ സഞ്ചരിച്ച് കൈവരിക്കുന്ന ആയിത്തീരലുകളുടെ ബഹുത്വമാർന്ന ചിത്രം വരച്ചുകൊണ്ടാണ് സുധീശ് തമോദ്വാരം സാധ്യമാക്കുന്നത്.
ഇതിവൃത്ത സാമഗ്രികൾ തേടി ചരിത്രത്തിൽ ഖനനം ചെയ്യുന്നവർ എഴുത്ത് സുഗമമാക്കുന്ന വ്യക്തമായ ഒരു പിടിവള്ളിയായി ചരിത്രത്തെ ഉപയോഗിക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. എഴുത്തിന്റെ ക്രാഫ്റ്റ് വികസിപ്പിച്ചിട്ടുള്ള ഒരാൾക്ക് ഇവിടെ നോവൽ രചന എളുപ്പമുള്ള പണിയാകുന്നു. ചരിത്രം അവലംബമാക്കി ഈ അടുത്തകാലത്ത് നമ്മുടെ ഭാഷയിൽ പിറന്ന മിക്ക നോവലുകളിലും ഇത്തരം ഒരു രീതിയാണ് കാണാനാവുന്നത്. എഴുത്തുകാർക്ക്സുഗമമായി മേഞ്ഞു പോകാൻ യഥേഷ്ടം പച്ചപ്പുള്ള ഒരു പ്രദേശമായി ഏതെങ്കിലും ഒരു ചരിത്ര സന്ദർഭത്തെ പ്രശ്‌നവത്കരിക്കുന്നതിന് അപ്പുറത്ത്, ചരിത്രത്തിനും എഴുത്തിനും പരസ്പരം കൈവരിക്കാവുന്ന ആഴമേറിയ കൈമാറ്റങ്ങളെ ഈ നോവലുകൾ കാണുന്നുണ്ടോ എന്ന് സംശയമാണ്. രചനാ കുശലതയിലും വായനാസുഖത്തിലും ഒക്കെ പുലർത്തുന്ന മികവുകൾ കാണാതെയും പരിഗണിക്കാതെയും അല്ല ഇങ്ങനെ ഒരു അഭിപ്രായം പറയുന്നത്. ഒരുപക്ഷേ ഒരു വർദ്ധിത മൂല്യമായി വന്നുചേരുമായിരുന്ന ഒന്ന് നമ്മുടെ നോവലുകൾ നഷ്ടപ്പെടുത്തുന്നുണ്ട് എന്ന പരാതിയാണ് ഉന്നയിക്കുന്നത്.
സമീപകാലത്ത് ഇതിന് വ്യത്യസ്തമായി ചരിത്രത്തെ സമീപിക്കുന്ന നോവലുകളിൽ ഒന്നാണ് തമോദ്വാരം. സുധീശ് രാഘവന്റെ മൂന്നാമത്തെ നോവലാണ് ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം. ഭൗതികശാസ്ത്രത്തിൽ ബ്ലാക്ക്ഹോൾ എന്നു വിളിക്കുന്ന പ്രതിഭാസത്തെ കുറിക്കുന്ന പദത്തെ സാമൂഹിക പ്രതിഭാസങ്ങളിലേക്ക് ചായ്ച്ചുപിടിച്ചുകൊണ്ടാണ് ഈ തലക്കെട്ട് നിൽക്കുന്നത്.
നവോത്ഥാനത്തോടൊപ്പം ആരംഭിച്ച് പുതിയ കാലത്തിലേക്ക് ഒഴുകുന്ന തെക്കൻ കേരളത്തിലെ ജീവിതം കാലനദിയിലൂടെ സഞ്ചരിച്ച് കൈവരിക്കുന്ന ആയിത്തീരലുകളുടെ (becoming) ബഹുത്വമാർന്ന ചിത്രം വരച്ചുകൊണ്ടാണ് സുധീശ് തമോദ്വാരം സാധ്യമാക്കുന്നത്. ചരിത്രത്തിലെ ഓരോ അനുഭവ സ്ഥാനത്തും മിന്നിമറഞ്ഞ കാലത്തിന്റെ മുഖകാന്തി എന്തെന്ന്, അതിൽ ഇണങ്ങിയും പിണങ്ങിയും നമ്മുടെ സാമൂഹിക നേതാക്കന്മാർ ഇടപെട്ടത് എങ്ങനെയെന്ന്, അതിനെ ഈ സമൂഹത്തിലെ വിവിധ തട്ടുകളിൽ നിന്നിരുന്ന ജനത സ്വീകരിച്ചത് എങ്ങനെയെന്ന്, ഈ നോവൽ പരിശോധിക്കുന്നു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ വരുന്ന ഒരു വിശാല സ്ഥലരാശിയിലാണ് ഈ നോവൽ വളർന്നു വികസിക്കുന്നത്. ശ്രീനാരായണഗുരു, അയ്യൻകാളി, സഹോദരൻ അയ്യപ്പൻ, ആർ. ശങ്കർ, ഇ.എം.എസ്, എ.കെ.ജി, പി. കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള എന്നിങ്ങനെ അനവധി രാഷ്ട്രീയ- സാമൂഹിക നേതാക്കന്മാർ ഈ നോവലിൽ കഥാപാത്രമാണ്.
ആഴക്കടലിൽ വച്ച് കേടുവന്ന ഒരു കപ്പലിന്റെ അടിത്തട്ട് കടലാഴത്തിലേക്കെടുത്തു ചാടി അറ്റകുറ്റപ്പണി ചെയ്യുന്നതുപോലെ ഒരു ശ്രമമാണ് ഈ നോവൽ. പിഞ്ഞിപോയ കാലത്തെയും, ദേശത്തെയും, മനുഷ്യരെയും അത് തുന്നി ചേർക്കാൻ ശ്രമിക്കുന്നു.
ദേശത്തെ വരക്കുകയാണ് നോവലുകൾ ചെയ്യുന്നതെന്ന് പൊതുവേ പറയാറുണ്ട്. ഒരു ചിത്രകാരൻ വരയ്ക്കാൻ തുനിയുമ്പോൾ സംഭവിക്കുന്നത് എല്ലാം ഇവിടെയും സംഭവിക്കും. ചരിത്രം, വർത്തമാനം, ഭാവന ഇങ്ങനെ എന്തും അതിൽ കടന്നു പ്രവർത്തിക്കും. അതിനാൽ ഉണ്ടായിരുന്നതും ഉണ്ടായിരിക്കുന്നതും ഉണ്ടാകാവുന്നതുമായ ഒരു ദേശത്തെ മാത്രമല്ല ചരിത്രത്തിലെ അധീശ താൽപര്യങ്ങളുടെ അമർച്ചയിൽ രൂപവും ശബ്ദവും കൈവരിക്കാതെ പോയ അനുഭവ സ്ഥാനങ്ങളെ സ്ഥല - കാലബന്ധിതമായി മിഴിവോടെ വെളിച്ചപ്പെടുത്താൻ നോവലുകൾക്ക് കഴിയും. എഴുത്തുവള്ളിക്ക് പിടിച്ചു കയറാൻ പറ്റിയ താങ്ങു മരമായി ചരിത്രത്തെ സമീപിക്കുകയല്ല സുധീശ് രാഘവൻ ചെയ്യുന്നത്. പകരം നിമിഷംപ്രതി ഗുരുത്വം വർദ്ധികയാൽ ഒരു രൂപവും വെളിവാക്കാനാകാതെ, വെളിച്ചത്തിന്റെ ഒരു തരി പോലും വെളിപ്പെടുത്താനാകാതെ അമർന്നമർന്നു പോകുന്ന ഒരു താമോഗർത്തം പോലെ രൂപാന്തരപ്പെടുന്ന ഭൂതാന്തർഭാഗത്തേയ്ക്ക് കടന്നുചെന്ന് അതിൽ രൂപങ്ങളെ സൃഷ്ടിച്ചെടുക്കാൻ കഴിയുമോ എന്ന ശ്രമമാണ്. ഇത് ആഴക്കടലിൽ വച്ച് കേടുവന്ന ഒരു കപ്പലിന്റെ അടിത്തട്ട് കടലാഴത്തിലേക്കെടുത്തു ചാടി അറ്റകുറ്റപ്പണി ചെയ്യുന്നതുപോലെ ഒരു ശ്രമമാണ്. പിഞ്ഞിപോയ കാലത്തെയും, ദേശത്തെയും, മനുഷ്യരെയും അത് തുന്നി ചേർക്കാൻ ശ്രമിക്കുന്നു.
ഏറത്തു തറവാടിനെ കേന്ദ്രീകരിച്ച് നവോത്ഥാന സ്പർശം ഏറ്റു തുടങ്ങിയ തിരുവിതാംകൂറിന്റെ കഥ പറയാനാണ് സുധീശ് ശ്രമിക്കുന്നത്. ജന്മിത്വത്തിന്റെയും സവർണതയുടെയും അധികാരങ്ങളും ക്രൂരതകളും ഊറികൂടിയ ഒരു കഥാപാത്രമായിട്ടല്ല ഏറത്തു തറവാടിന്റെ കാരണവരായ അനന്തകൃഷ്ണക്കുറുപ്പിനെ നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനം കൊണ്ടും നവോത്ഥാനം തുറന്നുവച്ച ജ്ഞാനദംശനം കൊണ്ടും ആദർശവാനും സത്യസന്ധനുമായ അനന്തകൃഷ്ണകുറുപ്പിനെയാണ്. വ്യക്തിപരമായ ഈ നന്മകളൊക്കെ തെളിഞ്ഞുനിന്നിട്ടും സവർണതയുടെയും ജന്മിത്വത്തിന്റെയും സ്ഥാപനവൽകൃതമായ (institutional) ക്രൗര്യങ്ങൾ അതിനുള്ളിലൂടെ ഊറിവരുന്നത് സൂക്ഷ്മതയോടെ ചിത്രീകരിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. കുലമഹിമയും ജന്മിത്ത പ്രതാപങ്ങളും സംരക്ഷിക്കുവാനുള്ള അനന്തകൃഷ്ണക്കുറുപ്പിന്റെ ശ്രമങ്ങളോട് പലവിധം കലഹിക്കുന്ന മക്കളിലൂടെ വളർന്നു വികസിക്കുന്നതാണ് നോവൽ. ഇതിനിടയിൽ 20-ാം നൂറ്റാണ്ടിലെ ആദ്യപകുതിയിൽ കേരളം കടന്നുപോയ സാമൂഹ്യജീവിതാന്തരീക്ഷം നോവൽ അനാവരണം ചെയ്യുന്നു.
വേറൊരാൾ തിരഞ്ഞെടുത്ത ഉടുപ്പിനുള്ളിൽ അനിഷ്ടതയോടെ പാർക്കുന്ന ശരീരം പോലെ നാം ഇച്ഛിക്കാതെ തന്നെ വഴങ്ങി വശപ്പെടുന്ന മധ്യവർഗ്ഗ കുടുംബത്തിന്റെ വലതുവൽക്കരണത്തെ സുധീശ് സൂക്ഷ്മമായി അവതരിപ്പിക്കുന്നു.
മൂത്തമകൻ ജയരാജൻ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും അതുകൊണ്ടുതന്നെ അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി ആലപ്പുഴയിലേക്ക് പോവുകയും അവിടെ തൊഴിലാളികളിൽ ഒരാളായി സംഘടനാ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നു. തൊഴിലാളി ആയിരിക്കുന്ന അവസ്ഥ തന്നെ, അതായത് ക്ലാസ് എന്ന അവസ്ഥ തന്നെ അതിനുള്ളിലെ എല്ലാവർക്കും ഒരേ തരം അനുഭവങ്ങൾ അല്ല കൊണ്ടുവരുന്നത് എന്നും ജന്മിത്വത്തിന്റെയും ജാതിയുടെയും തൊഴിലാളി എന്ന അവസ്ഥയുടെയും ഒക്കെ അമർച്ചകൾ ദലിതനുമുമ്പിൽ പലമടങ്ങ് കൂടിക്കുഴഞ്ഞ് ഭീമാകാരമാകുന്നത് ജയരാജൻ തിരിച്ചറിയുന്നു. നമ്മുടെ നേതാക്കന്മാർ ജനങ്ങളെ സംഘടിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് പരിവർത്തിപ്പിക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ സാമൂഹിക ഭൂമികക്കപ്പുറത്താണ് സാമൂഹിക ശരീരത്തിൽ ആഴത്തിൽ രേഖണം ചെയ്യപ്പെട്ട അമർച്ചയുടെ ഈ സ്വഭാവം എന്ന് ജയരാജൻ മനസ്സിലാക്കുന്നു. അങ്ങനെയാണ് രായപ്പൻ എന്ന വിളിപ്പേര് സ്വീകരിച്ച് ഒരു ദലിത് കുടുംബത്തിന്റെ ഭാഗമാകുന്നത്. അവസാനം വരെയും രായപ്പൻ ആ സ്വത്വത്തിനുള്ളിൽ നിന്ന്ജീവിക്കുകയാണ്. സഹസ്രാബ്ദങ്ങളായി താഴെത്തട്ടിലുള്ള മനുഷ്യരുടെ മുകളിലേക്ക് ചൊരിഞ്ഞു കൊണ്ടിരുന്ന ക്രൂരതകൾക്ക് എന്തു പ്രതിക്രിയയാണ് തനിക്ക് നൽകാൻ ഉള്ളത് എന്നാലോചിക്കുന്ന ജയരാജൻ തന്റെ ശിഷ്ടജന്മം തന്നെ പകരം നൽക്കുകയാണ്.
സ്ത്രീകൾ എഴുതുമ്പോൾ ശരീരം കൊണ്ടെഴുതുന്നു എന്ന് പറയാറുണ്ടല്ലോ (Body writing). അതുപോലെ ജയരാജൻ തന്റെ ശരീരത്തിൽ ഏറ്റുവാങ്ങി ആ ശരീരം കൊണ്ട് വരയ്ക്കുന്ന ഒരു രാഷ്ട്രീയ ഭൂപടം ഉണ്ട്. അതൊരുപക്ഷേ അക്കാലത്തിന് അന്യമായിരുന്ന രാഷ്ട്രീയബോധ്യങ്ങളുടെ തലത്തിലുള്ളതാണ്. ദലിതൻ എന്ന നിലയിൽ അടി കൊണ്ടിട്ടും അവഗണനയും തിരസ്‌കാരങ്ങളും അനുഭവിച്ചിട്ടും തന്റെ പൂർവ്വകാല സവർണ ജീവിതത്തിലേക്ക് തിരികെ പോകാതെ അവിടെ തങ്ങിനിൽക്കാൻ രായപ്പന് കഴിഞ്ഞു. മനുഷ്യന്റെ പാപത്തിന് യേശു തന്റെ ജീവൻ ബലി നൽകുന്നതുപോലെ, സവർണത എന്ന തന്റെ പാപത്തിന് പകരം കൊടുത്ത ബലിയായോ, അതോ നോക്കിനിന്നാൽ തിരിച്ചറിയാനാകാത്ത ദലിതത്വം എന്ന അനുഭവസ്ഥാനത്തെ അറിയാൻ അതായിട്ട് നിന്നുതന്നെ അനുഭവിക്കണം എന്നു കരുതിയോ ആണ് രായപ്പന്റെ പരിവർത്തനം. വരേണ്യമായ തന്റെ ജ്ഞാന ഭാരങ്ങളെ കൂടി കുടഞ്ഞു കളയാൻ ശ്രമിക്കുന്നുണ്ട് രായപ്പൻ.
ചരിത്രത്തിന്റെ വിഭവങ്ങളിലൂടെ, വൈയക്തികമായ അസ്തിത്വത്തിന്റെയും സാമൂഹിക അസ്തിത്വത്തിന്റെയും ആയിത്തീരലുകളുടെ നൈമിഷിക മുഖഭാവത്തെ വരയ്ക്കാൻ സുധീശ് ശ്രമിക്കുന്നുണ്ട്. മനുഷ്യാവസ്ഥയിൽ പലനിലകളിൽ സംഭവിക്കുന്ന ദൈന്യതയുടെ ആഴമേറിയ ചിത്രീകരണം ഈ നോവലിൽ സാധ്യമാക്കുന്നു.
അനന്തകൃഷ്ണക്കുറുപ്പിന്റെ ഒരു മകൻ കള്ളൻ ആകുന്നു. വീടും നാടും വിട്ടുപോയ രണ്ടു മക്കളിൽ ഒരാൾ, ഭദ്രൻ ലോകമഹായുദ്ധത്തിൽ വെടിയേറ്റു മരിക്കുന്നു. അശോകൻ അവിടെ നിന്ന് തിരിച്ചു വന്ന് വിധവയായ അശ്വതിയെ വിവാഹം കഴിക്കുന്നു. ഏറ്റവും ഇളയ മകൻ ചിത്തൻ നാൻസി എന്ന ക്രിസ്ത്യാനി പെൺകുട്ടിയെ വിവാഹം കഴിക്കാൻ അച്ഛന്റെ സമ്മതം തേടുമ്പോൾ, മകൻ മതം വിട്ട് വിവാഹം കഴിക്കാൻ പോകുന്നതിനെ പിന്തുണയ്ക്കണമോ എന്ന് ഗാന്ധിയോട് എഴുതി ചോദിക്കുന്നുണ്ട് അനന്തകൃഷ്ണൻ. ഗാന്ധിയുടെ അഭിപ്രായ പ്രകാരം അനന്തകൃഷ്ണൻ വിവാഹത്തിന് സമ്മതിക്കുന്നു.
അനന്തകൃഷ്ണക്കുറുപ്പ് എത്ര ഭദ്രമായി തറവാടിന്റെ മാനവും വരേണ്യതയും പൊതിഞ്ഞു പിടിക്കാൻ ശ്രമിക്കുമ്പോഴും തലമുറകളിലൂടെ അത് ശൈഥല്യപ്പെടുന്നത് ഇവിടെ കാണാം. ജാതിയുടെ സവർണാധികാരം ദലിതരും അധഃസ്ഥിതരുമായ മനുഷ്യരുടെ മേൽ കാലങ്ങളായി നടപ്പാക്കുന്ന ക്രൂരതകൾ ഒരു വശത്ത്, സമഗ്രമായി നിർത്താൻ ശ്രമിക്കുന്തോറും ബാഹ്യവും ആന്തരികവുമായ ശക്തികളാൽ തകരുന്ന ഏറത്ത് തറവാട് മറുവശത്തും നിന്ന് നവോത്ഥാന സ്വപ്നങ്ങളെ തുറിച്ചു നോക്കുന്നത് ഈ നോവലിൽ കാണാം . ഒരിക്കൽ ജന്മിത്വത്തോട് ചേർന്ന് തിടം വച്ച് നിന്ന സവർണതുടെ അധികാരങ്ങൾ ഒന്നൊന്നായി തകരുമ്പോൾ പുതിയ രൂപാന്തരത്വത്തോടെ ആധുനിക കുടുംബ ബന്ധങ്ങളിൽ കൂടുമാറുന്നത് അശോകന്റെയും അശ്വതിയുടെയും കഥയിൽ നോവലിസ്റ്റ് മനോഹരമായി ചിത്രീകരിക്കുന്നു. വേറൊരാൾ തിരഞ്ഞെടുത്ത ഉടുപ്പിനുള്ളിൽ അനിഷ്ടതയോടെ പാർക്കുന്ന ശരീരം പോലെ നാം ഇച്ഛിക്കാതെ തന്നെ വഴങ്ങി വശപ്പെടുന്ന മധ്യവർഗ്ഗ കുടുംബത്തിന്റെ വലതുവൽക്കരണത്തെ സുധീശ് സൂക്ഷ്മമായി അവതരിപ്പിക്കുന്നു.
‘ഒഴികഴിവുകളൂടെ പച്ച വിറകിന്മേൽ
നമ്മുടെ ജന്മദീർഘമായ ശവദാഹം' എന്ന് കെ.ജി.എസ്.
എഴുതുന്ന മരണം അശോകൻ അനുഭവിക്കുന്നത് അതിനേക്കാൾ തീവ്രമായി നമ്മൾ വായനക്കാർ അനുഭവിക്കും. വിഖ്യാത ചിന്തകനായ ഴീൽ ദലേസ് ചേതനവും അചേതനവും ആയ പ്രകൃതിയിൽ സംഭവിക്കുന്ന ജൈവപരിവർത്തനത്തെ (Morphogenesis) വിവരിക്കുന്നത് ശ്രദ്ധേയമാണ്. മേഘങ്ങൾക്ക് രൂപവും രൂപമാറ്റവും സംഭവിക്കുന്നത് പോലെയാണ് പ്രകൃതിയുടെയും ജൈവപരിവർത്തനം. ഒരിക്കൽ നോക്കുമ്പോൾ ഒരു ആകൃതിയിൽ കാണുന്ന മേഘം അടുത്ത നിമിഷത്തിൽ മറ്റൊന്നായി മാറും. ഈ നിമിഷത്തിലെ രൂപം മുൻപുണ്ടായിരുന്ന രൂപത്തെ തകർത്ത് ഉണ്ടായതാണ് അതിന്റെ തുടർച്ചയുമാണ്. എന്നാൽ അടുത്ത നിമിഷത്തിന്റെ ആയിത്തീരലിനുള്ള ഒരുക്കത്തിലും ആണ്. ഓരോ നിമിഷത്തിനും അതാതിന്റെ മുഖം ഉണ്ട്. പക്ഷേ ആയിത്തീരലുകളുടെ (Becoming) ഒരു നൈരന്തര്യത്തിലാണ് എപ്പോഴും പ്രകൃതി. അതായത് പ്രകൃതിയും മനുഷ്യനും ഈ തരത്തിൽ നിരന്തരമായ ആയിത്തീരലുകളുടെ തുടർച്ചയിലാണ്. ശാശ്വതമായ സത്യത്തിന്റെ ഫലകത്തിൽ തറയ്ക്കാൻ ഒരർത്ഥവും ഇവിടെ ബാക്കിവയ്ക്കുന്നില്ല. ഒരു പൂർവലഭ്യമായ സാരവും സനാതനമായി ഇതിൽ വന്നു നിൽക്കുന്നുമില്ല. നമ്മുടെ സാമൂഹിക ചലനങ്ങളെയും അതിൽ പ്രവർത്തിക്കുന്ന ബലങ്ങളെയും ഇത്തരത്തിൽ നോക്കിക്കാണാൻ കഴിയുക എന്നത് വളരെ സർഗാത്മകമായ ഒരു ഭൗതികബോധമാണ്. ഒരുപക്ഷേ നവനാസ്തിക ചിന്തയ്ക്ക് ഇക്കാലത്ത് സംഭവിക്കുന്ന ആശയവാദപരമായി കൂപ്പുകുത്തൽ ഇത്തരമൊരു ഭൗതിക കാഴ്ചപ്പാടിന്റെ അഭാവത്തിൽ വരുന്നതാണെന്ന് കാണാനാകും. ചരിത്രത്തിന്റെ വിഭവങ്ങളിലൂടെ, വൈയക്തികമായ അസ്തിത്വത്തിന്റെയും സാമൂഹിക അസ്തിത്വത്തിന്റെയും ആയിത്തീരലുകളുടെ നൈമിഷിക മുഖഭാവത്തെ വരയ്ക്കാൻ സുധീശ് ശ്രമിക്കുന്നുണ്ട്. മനുഷ്യാവസ്ഥയിൽ പലനിലകളിൽ സംഭവിക്കുന്ന ദൈന്യതയുടെ ആഴമേറിയ ചിത്രീകരണം ഈ നോവലിൽ സാധ്യമാക്കുന്നു. വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ മുന്നേ വന്നു ശാശ്വതമായി നിൽക്കുന്ന ഒരു സ്വഭാവത്തെ തേടുകയല്ല നോവലിസ്റ്റ് ഈ കൃതിയിൽ ചെയ്യുന്നത്. മറിച്ച്, മാറ്റത്തിന്റെ നൈരന്തര്യം പാറ പോലുറച്ചു നിൽക്കുന്നവരിൽ പോലും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കുകയാണ്.
അനുഭവാവിഷ്‌കാരത്തിന്റെ അനന്യതയും അതു പറയാൻ എഴുത്തുകാരൻ ഉപയോഗിക്കുന്ന ദർശനങ്ങളുടെ ബലവും ഈ നോവലിനെ സവിശേഷ അനുഭവമാക്കുന്നു. നവോത്ഥാനത്തോടും അതേറ്റെടുത്ത മലയാളിയുടെ ജാതി ശരീരത്തോടും ആഴത്തിൽ സംവദിക്കുന്നതാണീ നോവൽ. ഇലകളുടെ പലമടക്കുകൾകുള്ളിൽ വച്ച് ചുട്ടെടുത്ത ഒരു ആഹാര പദാർത്ഥം പോലെ ലിറിക്കൽ മടക്കുകളിൽ ഒളിപ്പിച്ച് വേവിച്ചതല്ല ഇതിലെ ഗദ്യം. പകരം തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് ചിക്കി നിരത്തിയിടുന്ന ചിതലുകൾ പോലെ കാഴ്ചകൾ, കാഴ്ചകളായി വിവരിച്ചുപോകുന്ന ഒരു ചലച്ചിത്രഭാഷയാണീ നോവലിന്റെ മറ്റൊരു സവിശേഷത.
ജാതിയുടെ പ്രമത്താധികാരക്രൗര്യങ്ങൾ ഉരിഞ്ഞുകളഞ്ഞ് ജനാധിപത്യത്തിൽ ജീവിക്കാൻ നാം ഇനിയെന്ത് ബലികൊടുക്കണം എന്ന് ഒരോ മനുഷ്യനോടും ഈ നോവൽ പലമട്ടിൽ ചോദിക്കുന്നു. ▮