തീരത്തിന് എത്ര പഴക്കമുണ്ടോ, അത്രയും പഴക്കമുണ്ട് തീരദേശ ജീവിതങ്ങൾക്കും. തമിഴ് സംഘകൃതികളിൽ തീരപ്രദേശങ്ങളെ നെയ്തൽ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഘസാഹിത്യത്തിൽ പരാമർശിച്ച ഈ തിണ സങ്കൽപങ്ങൾ തെന്നിന്ത്യയുടെ ജീവിതം അടയാളപ്പെടുത്തുന്നു എന്ന് അയ്യപ്പപ്പണിക്കർ, അദ്ദേഹത്തിന്റെ ‘ഇന്ത്യൻ സാഹിത്യസിദ്ധാന്തം: പ്രസക്തിയും സാധ്യതയും’ എന്ന കൃതിയിൽ പറയുന്നുണ്ട്.
ലോകത്തിലെ തീരദേശ ജീവിതങ്ങളെക്കുറിച്ച് ഒരുപാട് കഥകളുണ്ട്. ആ കഥകൾ മൽസ്യതൊഴിലാളി ജീവിതം അടയാളപ്പെടുത്തുന്നവയാണ്. തീരദേശ ജനതക്ക് കൃത്യമായ ജീവിതരീതിയുണ്ട്. ഇതിനെ സാംസ്‌കാരിക പണ്ഡിതർ ‘ഫിഷർ ഫോക്ക്’എന്നാണ് അടയാളപ്പെടുത്തുന്നത്. കേരളം തീരങ്ങൾകൊണ്ട് ചുറ്റപ്പെട്ട സംസ്ഥാനമാണ്. അറബിക്കടലാണ് കേരളത്തിന്റെ ‘ഗെയ്റ്റ്വേ’. തെക്കേ അറ്റത്ത് ബംഗാൾ ഉൾക്കടലും പശ്ചിമ ഭാഗത്ത് അറബിക്കടലും ചേർന്നു നിൽക്കുന്ന തമിഴ്‌നാട്ടിലെ ഇരയുമ്മൻതുറ എന്ന, മൽസ്യസമ്പത്തുകൊണ്ട് പ്രശസ്തമായ തീരദേശം മുതൽ പൂവർ, വിഴിഞ്ഞം തുടങ്ങി അഞ്ചുതെങ്ങ് വരെ ഒരു കടലോര സംസ്കാരമുണ്ടെന്ന് ബർഗ്മാൻ തോമസിന്റെ കൃതികളിൽ നിന്ന് മനസ്സിലാക്കാം. ‘കടക്കാൻ പാടില്ലാത്തതാകുന്നു കടൽ എന്ന അർത്ഥം തെറ്റാണ് എന്നു ഞാൻ പറയും. നിങ്ങൾ കടൽ കണ്ടിട്ടുണ്ടോ? ഞങ്ങൾക്ക് സ്വന്തം എന്ന് പറയാൻ കടലെങ്കിലും ഉണ്ട്’ എന്ന അദ്ദേഹത്തിന്റെ ആദ്യ നോവലിലെ വരികൾ അതിനെ സൂചിപ്പിക്കുന്നു. ഹെമിങ് വേയുടെ ‘കിഴവനും കടലും’ (The Old Man and the Sea) എന്ന നോവൽ ലളിതമായും രസകരമായും ഒരു മത്സ്യത്തൊഴിലാളിയുടെ ജീവിതം പങ്കുവയ്ക്കുന്നു.
കിഴവനായ മത്സ്യത്തൊഴിലാളി കടലിലെ തൊഴിലിനോട് എങ്ങനെ മല്ലടിക്കുന്നു, ആത്മവിശ്വാസംകൊണ്ട് എങ്ങനെ ജീവിത പ്രതിസന്ധികൾമറികടക്കുന്നു,
ആ കാലത്ത് കരീബിയൻ സമുദ്രങ്ങളിൽ മത്സ്യത്തൊഴിലാളിയുടെ ജീവിതപോരാട്ടം എങ്ങനെയായിരുന്നു, അവരുടെ ദൈനംദിന ജീവിതം എങ്ങനെ കടന്നുപോയി എന്നൊക്കെ ആ കൃതി തീരദേശ ജീവിതത്തെ അടയാളപ്പെടുത്തുന്നു. ബർഗ്മാൻ തോമസിന്റെ പനിയടിമ എന്ന നോവലും തമിഴകത്തിലും കേരളത്തിലും ജീവിക്കുന്ന മുക്കുവരുടെ അടിമജീവിതം അടയാളപ്പെടുത്തുന്ന നോവലാണ്.
സ്വാതന്ത്ര്യം കിട്ടി 75 വർഷം പിന്നിട്ടിട്ടും ഇന്ത്യയിൽ എല്ലാ
വിഭാഗം മനുഷ്യരുടെയും ജീവിതം മെച്ചപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണ് നോവൽ ഉന്നയിക്കുന്നത്. പോർച്ചുഗീസുകാരുടെ കടന്നുവരവോടെ തമിഴകത്തും കേരളത്തിലും തീരപ്രദേശങ്ങൾ അവരുടെ കൈകളിൽ ഒതുങ്ങി. പിന്നീട് മതം അടിച്ചേൽപ്പിക്കപ്പെട്ടു. അതുവരെ ഗോത്ര സമൂഹങ്ങളായി ജീവിച്ചിരുന്ന മത്സ്യത്തൊഴിലാളികൾ മതപരിവർത്തനം
ചെയ്യപ്പെട്ട് ക്രിസ്ത്യാനികളായി മാറ്റപ്പെടുന്നു. മീൻപിടുത്തം തൊഴിൽ മാത്രമല്ല, ഒരു സംസ്‌കാരവും കൂടിയാണ്. വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യൻ പുതിയ പുതിയ തൊഴിലുകൾ കണ്ടെത്തുകയാണ്. തീരദേശങ്ങളിൽ കുടിയേറിപ്പാർത്ത ജനതകൾ കടലിനോട് പൊരുതി ഒരു സംസ്‌കാരം രൂപപ്പെടുത്തി. ആ സംസ്‌കാരത്തിന് ഒരു പൊതുഘടകമുണ്ട്. ആ ഘടകം മത്സ്യമാണ്. മത്സ്യം തൊഴിൽ മാത്രമല്ല, സംസ്‌കാരവും കൂടിയാണ്. അവിടെ പണിയെടുത്തവർ ആർക്കും അടിമയാവാതെ 1500 കാലം വരെ ജീവിച്ചിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. അതിനുമുമ്പ് അവർ ചേര, ചോഴ, പാണ്ഡിയ രാജാക്കന്മാരുടെ നാവിക സേനയായി പ്രവർത്തിച്ചിട്ടുണ്ട് എന്ന് തമിഴ് സംഘസാഹിത്യങ്ങളിൽ കാണാം. ‘വൻ തിമിൽ വൻ പരതവർ' എന്ന വരികൾ അത് സൂചിപ്പിക്കുന്നു. അവർ കടലിന്റെ ദിശാബോധം അറിഞ്ഞിരുന്നു. കടൽ കടന്ന് മറുകരയിലേക്കെത്താനുള്ള എല്ലാ യുക്തികളും പഠിച്ചിരുന്നു. ആയുധങ്ങൾ കണ്ടുപിടിച്ചതോടെ തൊഴിൽരീതിയിൽ മറ്റുള്ള തൊഴിലുകളെപ്പോലെ അവരും പുരോഗമിച്ചു. പക്ഷേ പോർച്ചുഗീസുകാർ, ഡച്ചുകാർ, ബ്രിട്ടീഷുകാർ തുടങ്ങിയ അധിനിവേശശക്തികൾ മത്സ്യത്തൊഴിലാളികളെ തങ്ങളുടെ താല്പര്യമനുസരിച്ച് ജീവിക്കാൻ നിർബന്ധിച്ചു. ആ കാലഘട്ടത്തിലാണ് മത്സ്യത്തൊഴിലാളികൾക്കുമേൽ അടിമജീവിതം അടിച്ചേൽപ്പിക്കപ്പെട്ടത്. അവരുടെ ജീവിതം ഇപ്പോഴും അത്തരം നിയന്ത്രണങ്ങളിലാണ്. ഒരു കാലത്ത് അത് നിയന്ത്രിച്ചിരുന്നത് ഭരണാധികാരികളായിരുന്നുവെങ്കിൽ ഇപ്പോൾ ക്രിസ്ത്യൻ പുരോഹിതന്മാരാണ്. ഈ അവസ്ഥ തുടങ്ങിയിട്ട് 500 ലേറെ കൊല്ലങ്ങളായി.
നിലമില്ലാത്തവരുടെ ജീവിതങ്ങളെയും അവർക്കുനേരെയുള്ള ചൂഷണങ്ങളെയുമാണ് ബർഗ്മാൻ തോമസ്ചൂണ്ടിക്കാണിക്കുന്നത്. നിലം ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്ര പ്രധാനപ്പെട്ടതാണ് എന്നത് ഈ നോവലിൽ പ്രകടമാകുന്നു.
നൂറ്റാണ്ടുകളായി കടലിനോടും തിരയോടും മല്ലടിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സ്വന്തമായി ഭൂമിയില്ല എന്നതാണ് നോവലിന്റെ പ്രമേയം. പനിയടിമയും ഭാര്യ മുത്തമ്മയും ഒരുപാട് കാലമായി സ്വപ്നം കാണുന്നു, ചെറ്റപ്പുര മാറ്റി ഉറച്ച ഒരു വീട് പണിയണം എന്ന്. പുര കടലെടുക്കുന്ന ഓരോ കർക്കടകമാസവും ആ സ്വപ്നം മൂർദ്ധന്യാവസ്ഥയിലെത്തും. വർഷവ്യതിയാനം സംഭവിക്കുമ്പോൾ തങ്ങളുടെ ഓലക്കുടിൽ കടലെടുക്കും. ഇതിനൊരു പരിഹാരം കാണണമെന്ന് പനിയടിമ ചിന്തിക്കുന്നു. പനിയടിമയുടെ സ്വപ്നം തിര എടുക്കാത്ത ഒരു കല്ലുവീട് പണിയണം, അതിൽ ജീവിക്കണം എന്നാണ്. അധ്വാനിച്ച് ഒരു ലക്ഷത്തോളം രൂപ വീട് പണിയാൻ മാറ്റിവയ്ക്കുന്നു. എന്നാൽ തീരദേശത്ത് വീട് പണിയാൻ പട്ടയം വേണം. അതിനായി പഞ്ചായത്ത്, ഫിഷറീസ്, വില്ലേജ്, താലൂക്ക്, റവന്യു ഓഫീസുകളിൽ കയറിയിറങ്ങുകയാണ് പനിയടിമ.
തീരത്ത് ജീവിക്കുന്ന എല്ലാവരുടേതും പുറമ്പോക്കാണ്. ‘ഇവൻ,
ഈ മണ്ടൻ, പട്ടയം ചോദിച്ചു വന്നിരിക്കുന്നു’ എന്ന മട്ടിൽ തിരക്കേറിയ വില്ലേജ് ഓഫീസ് മുതൽ അവിടെ കൂടിയിരുന്ന ജനങ്ങൾ വരെ അവനോട് പരിഹാസരൂപേണ പെരുമാറുന്നു. പക്ഷേ, അവൻ തളരുന്നില്ല. ‘ഈ ഭൂമി ഞങ്ങളുടേതാണ്, ഞങ്ങൾ തീരദേശത്തിന്റെ മക്കളാണ്, അതുകൊണ്ട് ആ ഭൂമിയിൽ ജീവിക്കാനുള്ള എല്ലാ അവകാശവും ഞങ്ങൾക്കാണ്, ആരുടെയും ഓശാരം ഞങ്ങൾക്കുവേണ്ട’ എന്ന മട്ടിൽ പ്യൂണിനോട് കാര്യങ്ങൾ പറയുന്നു
പനിയടിമ. നിഷ്‌കളങ്കനായ മത്സ്യത്തൊഴിലാളിയെ കിട്ടിയപ്പോൾ പ്യൂൺ പൊൻമുട്ടയിടുന്ന താറാവിനെ കിട്ടിയതുപോലെ സന്തോഷിക്കുന്നു.
ഓഫീസിലേക്ക് കടത്തിവിടണമെങ്കിൽ ഓഫീസർക്ക്
കൈക്കൂലി കൊടുക്കണം എന്നു പറയുന്നു. ഒരു വലിയ നെയ്മീൻ കൈക്കൂലിയായി കൊണ്ടുകൊടുക്കുന്നു.
ഓഫീസുകളിൽ കയറിയിറങ്ങി ജീവിതം മടുത്ത പനിയടിമ അവസാനം തന്റെ എം.എൽ.എയെ കാണാൻ തീരുമാനിക്കുന്നു. വലിയൊരു ശ്രമത്തിനുശേഷം എം.എൽ.എയെ കണ്ടുമുട്ടി. അദ്ദേഹം പറയുന്നു; ‘നിങ്ങൾക്കായി കേന്ദ്ര സർക്കാർ സാഗർമാല എന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാ മത്സ്യത്തൊഴിലാളികൾക്കും ഫ്ലാറ്റ് പണിത് കൊടുക്കും. നീ താമസിക്കുന്ന ഇടം പുറമ്പോക്കാണ്. അതുകൊണ്ട് ഇവിടെ പട്ടയം കിട്ടില്ല.’
അതുകേട്ട പനിയടിമ എം.എൽ.എയെ കൈകാര്യം ചെയ്യാനൊരുങ്ങുന്നു. പൊലീസുകാർ അയാളെ അടിച്ച് ചതച്ച് വലിച്ചെറിയുന്നു.
രക്തം വാർന്ന ശരീരവുമായി അയാൾ തന്നെ കാത്തിരിക്കുന്ന മുത്തമ്മയുടെയും മക്കളുടെയും മുമ്പിലെത്തുന്നു. ഭാര്യയും മക്കളും കരഞ്ഞ് ഒച്ചയിടുന്നു. ഇവിടം നമുക്ക് സ്വന്തമല്ല എന്ന തിരിച്ചറിവിൽ, കടൽതീരത്തുനിന്ന് അയാൾ പോകുകയാണ്. യാത്ര എങ്ങോട്ടാണ് എന്നറിയില്ല. എങ്ങോട്ടാണെങ്കിലും അത്വായനക്കാരുടെ മനസ്സിനെ പിടിച്ചുലക്കും.
നിലമില്ലാത്തവരുടെ ജീവിതങ്ങളെയും അവർക്കുനേരെയുള്ള ചൂഷണങ്ങളെയുമാണ് ബർഗ്മാൻ തോമസ്ചൂണ്ടിക്കാണിക്കുന്നത്. നിലം ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്ര പ്രധാനപ്പെട്ടതാണ് എന്നത് ഈ നോവലിൽ പ്രകടമാകുന്നു. അരികുവൽക്കരിക്കപ്പെട്ട മനുഷ്യരെ വരച്ചുകാട്ടുമ്പോൾ ബർഗ്മാൻ തോമസ് കാൾ മാർക്‌സിനെ ഓർമപ്പെടുത്തുന്നു, ‘Let the bureaucracy is manipulated.' മാർക്‌സിന്റെ ഈ വാക്കുകൾ നോവലിലുടനീളം സഞ്ചരിക്കുന്നുണ്ട്: ‘I am reffering ruthless criticism to al those exist.' നിലനിൽക്കുന്ന എല്ലാ വ്യവസ്ഥിതികളെയും ചോദ്യം ചെയ്യണം എന്നാണ് മാർക്‌സ് പറഞ്ഞത്. അതുപോലെതന്നെ, ആധുനിക കാലഘട്ടത്തിലും അടിമകളായി ജീവിക്കാൻ നിർബന്ധിക്കപ്പെടുന്ന തൊഴിലാളികളുടെ ജീവിതത്തെയാണ് ‘പനിയടിമ’ ആവിഷ്കരിക്കുന്നത്.
മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയമാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ പോസ്റ്റ് കൊളോണിയൽ അവസ്ഥ തുടരുന്നു, അതിനൊരു മാറ്റം അനിവാര്യമാണ് എന്ന് ഈ നോവൽ പറയുന്നു. മതത്തിന്റെയും സമൂഹത്തിന്റെയും അധികാരകേന്ദ്രങ്ങളുടെയും ചൂഷണങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികളെ വിമോചിപ്പിക്കണം എന്ന ആശയമാണ് നോവൽ മുന്നോട്ടുവയ്ക്കുന്നത്. ▮