മെക്‌സിക്കോയിൽ നിന്നുള്ള പ്രധാനപ്പെട്ട സർഗാത്മകസാഹിത്യകാരനായി റോബർട്ടോ ബൊലാനോ വാഴ്ത്തിയ എഴുത്തുകാരനാണ് ദാനിയെൽ സാദ. ബൊലാനോയുടെ കാലത്തെ മെക്‌സിക്കൻ സാഹിത്യലോകത്തിലെ "എതിരാളി'കളില്ലാത്ത എഴുത്തുകാരനായി സാദയെ അദ്ദേഹം നോക്കിക്കണ്ടു. ദാനിയെൽ സാദയുടെ രണ്ടു നോവലുകൾ ഇപ്പോൾ ഇംഗ്ലീഷിൽ ലഭ്യമാണ്. ഈ രണ്ടുനോവലുകളിലും ഒരേ അനുഭവപരപ്പിന്റെ ഭൂമികയെയാണ് അദ്ദേഹം സംബോധന ചെയ്യുന്നത് എന്നത് പ്രസക്തമത്രെ.
സ്ത്രീയ്ക്കും പുരുഷനും ഇടയിലുള്ള സംവാദത്തെ അടയാളപ്പെടുത്തേണ്ടത് വിയോജിപ്പുകളുടെ ശബ്ദത്തിലൂടെയോ അതോ മൗനവിലാപങ്ങളിലൂടെയോ എന്ന വിഷമവൃത്തത്തെയാണ് ദാനിയെൽ സാദ നിർധാരണം ചെയ്യുന്നത്. എഴുത്തുരീതിയിൽ ബൊലാനോയിൽ നിന്ന് വ്യത്യസ്തത പുലർത്തുന്ന സാദ, ആഖ്യാനത്തിൽ സ്വീകരിച്ചിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ ഇടതൂർന്ന വ്യവഹാരങ്ങൾ ശ്രദ്ധേയമാണ്. സാദയുടെ എഴുത്തിൽ പ്രകടമായ വിധത്തിൽ ഭാഷ വിവരണാത്മകമാണ്. പരിഭാഷപ്പെടുത്തുമ്പോൾ കരുത്ത് കുറഞ്ഞു പോകുന്ന വിധത്തിൽ അലങ്കാരങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ ആഖ്യാനശൈലിയെ ജെയിംസ് ജോയ്സിന്റെ എഴുത്തുരീതിയുമായി താരതമ്യം ചെയ്യാറുണ്ട്. നോവലുകളായ Almost Never ലും One Out of Two ലും വിശാലമായ കഥാഭൂമികയെ നിബിഡത നിറഞ്ഞുനിൽക്കുന്ന വിധത്തിലാണ് അദ്ദേഹം ആവിഷ്‌കരിക്കുന്നത്.
ഈ നോവലുകളിലെ സ്ത്രീ-പുരുഷ വിനിമയങ്ങളുടെ ഉൾവനങ്ങളിലേക്ക് പ്രവേശിക്കുന്ന ആഖ്യാനശൈലി, എന്നാൽ ഒരിക്കൽപ്പോലും വായനക്കാരിൽ ഹർഷോന്മാദമോ തീവ്രവേദനയോ സൃഷ്ടിക്കുന്നില്ല. ആഴത്തെക്കാളും പരപ്പുകളിലേക്ക് ആണ് ആഖ്യാനം സഞ്ചരിക്കുന്നത്. ഭൂപ്രകൃതിയും ഭാഷയും സംസ്‌കാരവും ആചാരങ്ങളും തീർത്തും വിഭിന്നമാണെങ്കിലും മനുഷ്യരുടെ ആന്തരികസത്തയും അവരെ ബാധിക്കുന്ന പ്രശ്‌നങ്ങളും ഏതാണ്ട് ഒരേപോലെയാണെന്നു വരാം. അത്തരം സന്ദർഭങ്ങളിൽ സംവേദനം ചെയ്യുന്ന ഭാഷയ്ക്കും വിവർത്തനം ചെയ്യുന്ന അനുഭവങ്ങൾക്കും പൊരുത്തമുണ്ടാവുന്നു. ജീവിതമുഹൂർത്തങ്ങൾക്ക് പ്രകടമായ സമന്വയം പ്രത്യക്ഷമാക്കുന്ന രംഗങ്ങൾ സാഹിത്യത്തിൽ മൂർത്തമാവുകയാണ്. സ്വാഭാവികവും പ്രാകൃതവുമായ കാമനകളെ പിന്തുടരുന്ന മനുഷ്യരെ കുറിച്ചുള്ള ആഖ്യാനങ്ങളാണ് സാദയുടെ ഈ രണ്ടു നോവലുകളും ആവിഷ്‌കരിക്കുന്നത്. പ്രണയം, കാമം, പ്രണയനിരാസം, ലൗകികവിചാരങ്ങൾ എന്നിങ്ങനെ മനുഷ്യരുടെ ശമനമില്ലാത്ത വികാരങ്ങളുടെ സമഗ്രചിത്രം വരച്ചുകാട്ടുന്ന കഥാപാത്രങ്ങളെയാണ് സാദയ്ക്ക് പഥ്യമെന്ന് കരുതാം. ആധുനികവും പരിഷ്‌കൃതവുമായ ഇടങ്ങളും ചിന്തകളും മനുഷ്യരുടെ ഭാഗധേയത്തെ സ്വാധീനിക്കുന്നതിനേക്കാൾ (ബാധിക്കുന്നതിനെയും) വികാരവിചാരങ്ങളുടെ ആന്തരികലോകം അവരെ കീഴ്‌പ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് മേൽസൂചിപ്പിച്ച നോവലുകൾ. ബന്ധങ്ങൾ തുടരുന്നത് വേദന മാത്രമേ ജനിപ്പിക്കുകയുള്ളുവെങ്കിൽ സമാധാനവും സന്തോഷവും പ്രദാനം ചെയ്ത ഭൂതകാലത്തിലെ അദ്ധ്യായങ്ങളുടെ ഓർമയിൽ ജീവിതം മുന്നോട്ടുനീക്കുന്നതാണ് നല്ലതെന്നുള്ള ബോധ്യപ്പെടുത്തൽ കൂടി സാദ ഉന്നം വെക്കുന്നുണ്ടാവും. ഒന്നിച്ചുണ്ടായിരുന്ന നിമിഷങ്ങളിലെ ശ്വാസോച്ഛാസത്തിലേക്കും തലോടലിന്റെ കരുതലിലേക്കും മടങ്ങിപ്പോകാനാകുമെന്നതിനു യാതൊരു ഉറപ്പുമില്ല.
അങ്ങനെയുള്ള സാഹചര്യങ്ങളിൽ തിരിച്ചുയാത്ര കാല്പനികമായ അനുഭൂതിയായി മാത്രം നിലനിൽക്കുന്നു. ഉറ്റവരുടെ മനസ്സുകളിൽ നിന്ന് പലായനം ചെയ്തുകൊണ്ട് മനുഷ്യർ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് എത്തിച്ചേരുന്നു. യുദ്ധങ്ങളും കലാപങ്ങളും രക്തച്ചൊരിച്ചിൽ തീർക്കുന്ന തെരുവുകളിൽ നിന്ന് നിർബന്ധിതമായി ഓടിപ്പോകുന്നത് പോലെയാണിത്. ചുരുക്കത്തിൽ, സ്ഥാനചലനം (Displacement) എന്നത് ഭൂമിശാസ്ത്രപരമായി മാത്രം സംഭവിക്കാവുന്ന ഒന്നല്ലായെന്നും മാനസികതലത്തിലും മനുഷ്യർ അത് അഭിമുഖീകരിക്കുമെന്നുമുള്ള വസ്തുത പരിഗണിച്ചേ പറ്റൂ. ഇങ്ങനെയെല്ലാം ജീവിതത്തെ അടുത്തറിയുന്ന സാദയുടെ നോവലുകൾ കാതറിൻ സിൽവറാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. താരതമ്യേന ചെറിയ നോവലായ One Out of Two-വിൽ രണ്ടു സ്ത്രീകൾ ഒരു പുരുഷനെ പ്രണയിച്ച് കബളിപ്പിക്കുന്നു. Almost Never-ലാകട്ടെ ഒരേ സമയം രണ്ടു സ്ത്രീകളെ പ്രണയിക്കുകയും ഒടുവിൽ ഒരാളെ ഉപേക്ഷിക്കുകയും ചെയ്യുന്ന നായകകഥാപാത്രമാണുള്ളത്.
ജീവിതം ചില ദുർഘടഘട്ടങ്ങളിൽ വഴിമുട്ടിനിൽക്കുമ്പോൾ, മറ്റൊരു ദിശയിലേക്ക് അതിനെ തിരിച്ചുവിടാൻ മനക്കരുത്ത് കൂടിയേ തീരൂ
ജീവിതത്തിൽ ഉരുത്തിരിയുന്ന ചില സംഭവവികാസങ്ങൾക്ക് കാരണങ്ങൾ ചികഞ്ഞുകണ്ടുപിടിക്കാനാവില്ല. എന്നാൽ തീർത്തും ജൈവികമായി പൊട്ടിമുളയ്ക്കുന്ന അവസ്ഥകൾ മാത്രമാണോ അവ എന്ന് സംശയമാണ്. സ്വാർത്ഥമോഹങ്ങളും നിക്ഷിപ്തതാല്പര്യങ്ങളും അങ്ങനെയൊരു പകർന്നാടലിന് സാധ്യതയുള്ള കഥ മെനഞ്ഞെടുക്കുക കൂടിയല്ലേ ചെയ്യുന്നത് എന്ന മനോഭാവം ന്യായമാണ്. എന്നാൽ സന്ദിഗ്ധതകളിലൂടെ നീങ്ങുന്ന ജീവിതം അനിശ്ചിതമായി തീരുമ്പോഴാണ് മരണം ഒരു പോംവഴിയായി വരുന്നത്. എന്നാൽ ജീവിതം ചില ദുർഘടഘട്ടങ്ങളിൽ വഴിമുട്ടിനിൽക്കുമ്പോൾ, മറ്റൊരു ദിശയിലേക്ക് അതിനെ തിരിച്ചുവിടാൻ മനക്കരുത്ത് കൂടിയേ തീരൂ. സാദയുടെ വീക്ഷണത്തിൽ ഇത്തരം സന്ദർഭങ്ങളെ അതിജീവിക്കാൻ നടത്തുന്ന ശ്രമം ഒട്ടൊക്കെ സ്വാർത്ഥപരമായിരിക്കും. തന്ത്രമോ ഉപായമോ മുൻനിർത്തിയുള്ള പ്രവൃത്തികൾ
മറ്റുള്ളവർക്ക് മധുരം പുരട്ടിവെച്ച കയ്പുനീർ കണക്കെയായി മാറും. One Out of Two- വിലെ സാഹചര്യം ഈ തരത്തിൽ വിശകലനത്തിന് വിധേയമാക്കുന്നത് അഭിലഷണീയമാണ്. തയ്യൽവേല ചെയ്യുന്ന സജാതീയ ഇരട്ടസഹോദരിമാർ (Identical Twins) ഇരുവരും ഓസ്‌കാർ എന്ന യുവാവിനെ തീവ്രമായി കാംക്ഷിക്കുന്നു. വിവിധ അളവിലും തരത്തിലുമുള്ള ഉടുപ്പുകൾ തുന്നി വ്യക്തികൾക്ക് "സ്വത്വ'ങ്ങളെ നെയ്ത ഗമാൽ സഹോദരിമാരെ രണ്ടു പേരായി തിരിച്ചറിയാതെ പോയ ഓസ്‌കാർ, ഓരോ തവണയും പ്രണയിനിയായി തന്റെ മുന്നിലെത്തിയത് ഒരാൾ ആയിരുന്നില്ല എന്ന ബോധ്യപ്പെടലിൽ തളരുകയാണ്. ശരീരങ്ങളുടെ പാരസ്പര്യത്തെ ഒരു മറുക് കൊണ്ടുമാത്രം വേർതിരിക്കുന്നത്രയും അടുപ്പമുള്ള അവർ പക്ഷെ ഓസ്‌കാറിന്റെ കാര്യത്തിൽ സ്വാർത്ഥരായി മാറി. ശരീരവും മനസ്സും തമ്മിലുള്ള അന്തരം എത്രകണ്ട് വലുതാണ് എന്ന് നാല്പത്തിരണ്ടു വർഷം നീണ്ടു നിന്ന ജീവിതവഴിയിൽ അവർക്ക് ആദ്യമായി വ്യക്തമായി. അവരെക്കാൾ ചെറുപ്പമായ ഓസ്‌കാറിനാവട്ടെ അതിരുകടന്ന ആരാധനയും വന്നുഭവിച്ചു. സഹോദരിമാരുടെ ശാരീരികഭാവങ്ങളിലോ സംസാരരീതിയിലോ മറ്റോ അയാൾക്ക് യാതൊരു ഭേദവും കാണാനായില്ല. അപ്രതീക്ഷിതമായി അംഗീകരിക്കപ്പെടുന്ന കണ്ടെത്തലുകളിൽ വർത്തമാനകാലജീവിതം അസ്ഥിരപ്പെടുമെന്നും ഭാവി അപൂർണമായി പോയേക്കുമെന്നുമുള്ള ആശങ്ക ആ ചെറുപ്പക്കാരനിൽ ഉടലെടുത്താൽ കുറ്റപ്പെടുത്താൻ കഴിയുകയില്ല. നിരാശയുടെ അതിശൈത്യത്തിൽ നിന്നു രക്ഷതേടിക്കൊണ്ട് ഓർമയുടെ നെരിപ്പോടിൽ തീ കായാനേ അയാൾക്ക് തത്കാലം സാധിക്കൂ എന്ന് കഥാപാത്രത്തിന്റെ രൂപശില്പഘടനയിലൂടെ നമുക്ക് അനുമാനിക്കാം.
വസ്ത്രാലങ്കാരവിദഗ്ദ്ധരെ പോലെ മനുഷ്യശരീരത്തെ വ്യത്യസ്ത ആവരണങ്ങളിലേക്ക് കലാപരമായി മാറ്റി പ്രതിഷ്ഠിക്കുന്നവർ നിത്യജീവിതത്തിൽ വേറെയില്ല. എന്നാൽ അവർക്ക് ബാഹ്യമായ അപഗ്രഥനം മാത്രമേ അതുവഴി സാധ്യമാവൂ. സൂക്ഷ്മദർശിനിയിലൂടെ അനാവരണം ചെയ്യപ്പെടേണ്ട ആന്തരിക വ്യവഹാരങ്ങളെ ഊഹിച്ചെടുക്കുന്നതിൽപ്പോലും അവർ പരാജയപ്പെട്ടെന്നു വരും. ഇങ്ങനെയുള്ള ഒരു ചുറ്റുവട്ടത്തിലൂടെയാണ് One Out of Two-വിലെ കഥാപാത്രങ്ങൾ ഭ്രമണം ചെയ്യുന്നത്.
മനുഷ്യാവസ്ഥകളെ നിർവചിക്കാൻ പ്രയാസമാണെന്ന തത്വം ഇത്രമേൽ ലളിതമായി അവതരിപ്പിക്കുന്ന നോവലിൽ, എഴുത്തുകാരൻ നീതിയുടെയോ നൈതികതയുടെയോ വിധികർത്താവാകാൻ ശ്രമിക്കുന്നില്ല
സദാചാരധ്വംസനങ്ങളോ നൈതികപ്രശ്‌നങ്ങളോ പരിഗണിക്കാത്ത വിധത്തിൽ സ്വാർത്ഥത വിളയുന്ന പരിസരപ്രദേശങ്ങളിലൂടെയാണ് നോവൽ മുന്നോട്ടുപോകുന്നത്. അച്ഛനമ്മമാരുടെ മരണശേഷം കുറച്ചുകാലം ഒരു ബന്ധുഗൃഹത്തിൽ ജീവിച്ചെങ്കിലും അധികം വൈകാതെ ഗ്ലോറിയയും കോൺസ്റ്റിറ്റിയൂസ്യനും അവിടെ നിന്നു മാറി താമസിക്കാൻ തുടങ്ങി . അതിനിടയിൽ, ഒരു വിവാഹാഘോഷവേളയിൽ വെച്ച് ഓസ്‌കാറിനെ കോൺസ്റ്റിറ്റിയൂസ്യൻ പരിചയപ്പെടുകയും അവർ തമ്മിൽ അടുക്കുകയും ചെയ്യുന്നു. മൃഗങ്ങളെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ട് ഉപജീവനം കഴിക്കുന്ന മുപ്പത്തഞ്ചുകാരനിൽ അവൾ ആകൃഷ്ടയായി. പിന്നീട് അവളെ കാണാനായി അയാൾ ഇടയ്ക്ക് വരാൻ ആരംഭിക്കുകയും ഈ വിവരം ഗ്ലോറിയയോട് അവൾക്ക് പറയുകയും ചെയ്യേണ്ടി വന്നു. സകല സംഗതികളും പരസ്പരം പങ്കുവെയ്ക്കുന്ന സഹോദരിമാരുടെ ജീവിതത്തിൽ, മുൻകൂട്ടി ക്ഷണിക്കാതെ വന്നു ചേർന്ന അതിഥി അലോസരത്തിന്റെ നിഴൽ വീശുന്നു. പ്രത്യേകിച്ചും അയാൾ ഒരു സഹോദരിയുടെ മാത്രം സന്തോഷമാവുന്നതിലെ അയുക്തി അവരെ അലട്ടി. അങ്ങനെ ഓസ്‌കാറിനെയും ഭാഗം വെയ്ക്കാമെന്ന ചിന്ത രൂപപ്പെടുകയാണ്. ഓരോ തവണയും കാണുന്നത് ഒരാളെയല്ലെന്ന വസ്തുത മനസിലാക്കാതെ ഓസ്‌കറും കാമുകി(മാരും)യുമായുള്ള സമാഗമം തുടർന്നുകൊണ്ടിരുന്നു. അതിജീവനത്തിനായി തോളോടുതോൾ ചേർന്ന് പോരാടിയ അവരുടെയിടയിലെ ഐക്യം ഓസ്‌കാർ മൂലം തകരരുതെന്ന വിചാരവും ഈ തീരുമാനത്തിന് വഴിയൊരുക്കി. സജാതീയഇരട്ടകളെ വേർതിരിച്ചറിയാൻ ആവുന്നില്ലെങ്കിലും അവരുടെ സ്വത്വം ഒന്നാകില്ലെന്നറിയുന്ന ഓസ്‌കാർ വഞ്ചിക്കപ്പെടുകയാണ്.
മനുഷ്യാവസ്ഥകളെ നിർവചിക്കാൻ പ്രയാസമാണെന്ന തത്വം ഇത്രമേൽ ലളിതമായി അവതരിപ്പിക്കുന്ന നോവലിൽ, എഴുത്തുകാരൻ നീതിയുടെയോ നൈതികതയുടെയോ വിധികർത്താവാകാൻ ശ്രമിക്കുന്നില്ല. അധികാരവും ആശ്രിതത്വവും വഞ്ചനയും സ്‌നേഹവും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങളാവുകയാണ്. സങ്കീർണമായ മനോവ്യാപാരങ്ങൾ അതതവസരങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനു യുക്തിഭദ്രമായ വിശദീകരണം കൊടുക്കാനും കഴിയില്ല. ഇത്തരം ഒരു അസമവാക്യത്തിനു പരിഹാരം കാണാനുള്ള കരുക്കൾ നോവലിസ്റ്റ് ഇവിടെ നിരത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.
മനുഷ്യരുടെ സ്വഭാവം പരിവർത്തനത്തിനും പരിണാമത്തിനും വിധേയമാവുന്നതിന്റെ രീതി അപഗ്രഥിക്കാനാവില്ല. ലളിതസുന്ദരമായും ക്ലേശഭരിതമായും ചിന്തിക്കുന്നവരെ ഒരേ കണ്ണടയിലൂടെ കാണാനും പ്രയാസമാണ്. Almost Never എന്ന നോവലിലെ നായകനെയും സാദ വാർത്തെടുക്കുന്നത് ഇതുപോലെയുള്ള ചിന്താഗതിയാലാണെന്നു ഉറപ്പിച്ചു പറയാം. ആയിരത്തിതൊള്ളായിരത്തി നാല്പതുകളിൽ നടക്കുന്ന കഥയായ Almost Never-ൽ കൃഷിവിദഗ്ദ്ധനായ ദിമെത്രിയോ സൊർഡോയാണ് കേന്ദ്രകഥാപാത്രം. ആനന്ദാന്വേഷണം മുഖ്യചര്യയായി കൊണ്ടുനടക്കുന്ന മനുഷ്യരുടെ പ്രതിനിധിയായ ദിമെത്രിയോ ആസക്തികൾക്കും രത്യാഭിലാഷങ്ങൾക്കും അടിമപ്പെട്ടു ജീവിച്ചു. ലൈംഗികതയ്ക്ക് വേണ്ടി പണവും സമയവും ചെലവഴിക്കുന്നതാണ് ഏറ്റവും ഉചിതമായ ജീവിതക്രമമെന്ന വിശ്വാസവും അയാളിൽ രൂഢമൂലമാണ്. രണ്ടാം ലോകയുദ്ധം അവസാനിച്ച നാളുകളിലാണ് നോവലിലെ സംഭവങ്ങൾ അരങ്ങേറുന്നത്. ഇരുപത്തൊൻപതുകാരനായ ദിമെത്രിയോ വൊഹാക്കയുടെ പ്രാന്തപ്രദേശത്താണ് ജീവിച്ചിരുന്നത്. വേശ്യാവൃത്തി ചെയ്തിരുന്ന മിറെയയുമായി അയാൾക്ക് കടുത്ത ആസക്തിയുണ്ടായി. ഏകതാനതയെ മറികടക്കാൻ ലൈംഗികതയെ കരുവാക്കുന്ന കഥാപാത്രമാണ് അയാൾ. വേശ്യാലയത്തിലെ പതിവു സന്ദർശകനായി മാറിയ അയാളുമായി മിറെയ പ്രണയത്തിലാവുന്നു. എന്നാൽ ഇതിനിടയിൽ, ഒരു വിവാഹവേദിയിൽ വെച്ച് കാണുന്ന റെനാറ്റയിൽ അയാൾ അനുരക്തനായി. കത്തുകളിലൂടെ റെനാറ്റയുമായി അടുപ്പത്തിലാവുന്ന ദിമെത്രിയോയുടെ അവഗണന മിറെയയ്ക്ക് വ്യക്തമായി മനസിലായിത്തുടങ്ങി. താമസിയാതെ അയാളെ തേടി മിറെയ വരുകയും അയാളുടെ ജീവിതാന്തരീക്ഷം കലുഷിതമാവുകയും ചെയ്യുന്നു. അവളിലുള്ള പഴയ ആഗ്രഹം അയാൾക്ക് കുറയുന്നുവെന്നു തോന്നിയ മിറെയ താൻ ഗർഭിണിയാണെന്നും സ്വീകരിക്കണമെന്നും പറഞ്ഞുകൊണ്ട് ദിമെത്രിയോയെ സമ്മർദത്തിൽപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.
യഥാർത്ഥപ്രണയത്തിൽ വിശ്വസിക്കുന്ന കാമുകന്, തന്നെയും തന്റെ ആത്മരതിയെയും മറികടന്നുകൊണ്ട് മുന്നോട്ടുപോകാൻ സാധിക്കുന്നു
ലൈംഗികാഭിവാഞ്ഛയും പ്രണയ പരാവശ്യവും ഒരേപോലെ പ്രകടമാക്കുന്ന ദിമെത്രിയോ മിറെയയുമായുള്ള ലൈംഗികജീവിതവും റെനാറ്റയുമായുള്ള ഗാർഹികജീവിതവും വേറിട്ട തരത്തിൽ മോഹിക്കുകയാണ്. ഈ രണ്ടുപേരോടും അയാൾക്കുള്ള വ്യത്യസ്തമായ കാഴ്ചപ്പാട് സൃഷ്ടിക്കുന്ന സംഘർഷങ്ങളും ആകുലതകളുമാണ് നോവലിനെ പ്രശ്‌നഭരിതമാക്കുന്ന ഘടകം. ശാരീരികബന്ധത്തിനുവേണ്ടിയുള്ള മറയായി പ്രണയത്തെ ഉപയോഗിക്കുകയല്ലേ എന്ന സന്ദേഹത്തിനു ആക്കം കൂട്ടുന്ന പ്രവൃത്തികളാണ് ദിമെത്രിയോവിൽ നിന്നുണ്ടാവുന്നത്. ലൈംഗികവൃത്തി തൊഴിലായി സ്വീകരിച്ച മിറെയ ദിമെത്രിയോയെ ആനന്ദമൂർച്ഛയിലേക്ക് എത്തിച്ചുകൊണ്ട് അവർ തമ്മിലുള്ള ബന്ധത്തെ പ്രായോഗികതലത്തിൽ ഉറപ്പിക്കുന്നു. എന്നാൽ പ്രണയത്തെ ദിവ്യമായ വ്യവഹാരമായി കണ്ടുകൊണ്ടാണ് റെനാറ്റ അയാളോട് പെരുമാറുന്നത്. ശരീരസുഖം ആഗ്രഹിച്ചുകൊണ്ട് വീണ്ടും മിറെയയെ തേടിപ്പോകുന്ന ദിമെത്രിയോ കാമുകന്റെ ഭാവത്തിനു കാപട്യത്തിന്റെ വേഷപ്പകർച്ചയേകുകയാണ്. ശരീരങ്ങളുടെ മേച്ചിൽപ്പുറങ്ങൾ അന്യോന്യം തേടിക്കൊണ്ടിരുന്ന അവരിരുവർക്കും പ്രത്യേകിച്ച് ദിമെത്രിയോവിനു ഓരോ രതിക്രിയയ്ക്കൊടുവിലും ശൂന്യത അനുഭവപ്പെട്ടിരുന്നുവെന്നു വിചാരിക്കുന്നതിൽ തെറ്റില്ല. ധ്യാനത്തിന്റെ ശാന്തതയോടെ പ്രണയം അനുഭവവേദ്യമാവുമ്പോഴേ എന്നന്നേക്കുമായി അത് നിലനിൽക്കുകയുള്ളൂ എന്ന് റെനാറ്റ ചിന്തിച്ചിരുന്നുവെന്നു വേണം കരുതേണ്ടത്. വികാരപാരമ്യത്തെ റദ്ദുചെയ്യുന്ന നിരർത്ഥകമായ അവസ്ഥാവിശേഷം ഉരുവപ്പെടുന്നതിനെ തത്വചിന്താപരമായി വിശദീകരിക്കപ്പെടുന്നത് ഇവിടെ ഓർക്കാം. (In Praise of Love: Alain Badiou). തൃഷ്ണയും സ്‌നേഹവും മത്സരിക്കുകയും ശരിയായ സ്‌നേഹത്തിന്റെ അഭാവം ഗ്രഹിച്ചുകൊണ്ട് കഥാപാത്രങ്ങൾ ബന്ധങ്ങളിൽ നിന്ന് പിന്മാറുന്നതും സ്വാഭാവികമായ പ്രക്രിയയാണ്.
ലൈംഗികത ബന്ധങ്ങളെ വിഘടിക്കുകയെയുള്ളൂ ഒരുമിപ്പിക്കുകയില്ല എന്ന ലക്കാനും ബാജിയോവും വിശ്വസിക്കുന്ന പ്രമാണം ദിമെത്രിയോവിനെയും സ്വാധീനിച്ചിട്ടുണ്ടാവാം. ലൈംഗികതയെ മുൻനിർത്തി ബന്ധം (Relationship) സൃഷ്ടിക്കാനാവില്ലെന്നും പ്രണയം വഴിയേ ബന്ധം സുസ്ഥാപിതമാവുകയുള്ളുവെന്നും ഉറപ്പിക്കുന്ന പെരുമാറ്റമാണ് ദിമെത്രിയോവിൽ ഉടലെടുക്കുന്നത്. പ്രണയത്തെ ഒരുതരത്തിലുള്ള ഏറ്റുമുട്ടൽ (Encounter) ആയി കാണുന്ന അവസ്ഥാവിശേഷമാണ് ഇതിന്റെ പരിണതി. യഥാർത്ഥപ്രണയത്തിൽ വിശ്വസിക്കുന്ന കാമുകന്, തന്നെയും തന്റെ ആത്മരതിയെയും മറികടന്നുകൊണ്ട് മുന്നോട്ടുപോകാൻ സാധിക്കുന്നു. ലൈംഗികത സൃഷ്ടിക്കുന്ന ശൂന്യത ഇല്ലാതാക്കുന്ന അത്തരമൊരു പ്രണയത്തിന്റെ തീവ്രത ഈ നോവലിലെ നായകന് മിറേയെയോട് പുലർത്താനാവുന്നില്ല. ഈ നിരർത്ഥകതയെ തുടച്ചുനീക്കുന്ന സ്ഥിതിയെയാണ് പ്രണയമായി ലക്കാനും ബാജിയോയും വിഭാവനം ചെയ്യുന്നത്.
പ്രണയിക്കുന്ന സ്ത്രീപുരുഷന്മാർ ഒപ്പുവെയ്ക്കുന്ന (സാങ്കൽപ്പിക) ഉടമ്പടി പ്രകാരം ഇരുവർക്കും അർഹതയുള്ള സ്വാതന്ത്ര്യത്തിന് മേൽ കൈകടത്തലുകൾ ഉണ്ടായാൽ ബന്ധത്തിന്റെ ദൃഢത നഷ്ടമായേക്കാം. സ്‌നേഹത്തേക്കാൾ സമാധാനത്തിനു മൂല്യം ജനിക്കുന്ന അത്തരം സന്ദർഭങ്ങളിൽ "പ്രണയ'ത്തിന്റെ പുതിയ വിചിന്തനത്തിനു തുറവിയെടുക്കുന്നു.
കാമത്തിനും പ്രേമത്തിനും ഇടയിൽ കണിശതയില്ലാതെ ചതുരംഗം കളിക്കുന്ന ദിമെത്രിയോ സ്വാർത്ഥതയും വഞ്ചനയും പ്രയോഗിക്കുന്നതിൽ പിശുക്ക് കാണിക്കുന്നില്ല. "One Out of Two' ലെ സഹോദരിമാർ ഇതേ ചട്ടത്തിനെ കൂടുതൽ തന്ത്രപരമായി പ്രാബല്യത്തിൽ വരുത്തി എന്ന് നിരീക്ഷിക്കാം. ഏകാന്തതയെ പരാജയപ്പെടുത്താൻ ആസക്തി സഹായകമാവുമെന്ന കേവലയുക്തിയിൽ അഭിരമിച്ച ദിമെത്രിയോയെക്കാൾ അനുഭവങ്ങളുടെ ഭാണ്ഡം പ്രായം കൊണ്ടും ജീവിതം കൊണ്ടും പതിമൂന്നു കൊല്ലം കൂടുതൽ വഹിച്ചവരാണ് ഗമാൽ സഹോദരിമാർ. ഒരുപക്ഷെ അതിനാൽ തന്നെയാവാം അവരുടെ "നയപര'മായ തീരുമാനങ്ങൾ ആവിർഭവിക്കുന്നതും നടപ്പിലാവുന്നതും. ധാർമ്മികമായ അർത്ഥത്തിൽ അങ്ങേയറ്റം പരിശുദ്ധമായി പ്രണയത്തെ സമീപിച്ച ഓസ്‌കാർ എന്ന കാമുകനെയും കാമുകിമാരായ മിറെയയെയും റെനാറ്റയെയും ചതിക്കുന്ന പ്രണയഭാജനങ്ങളെയാണ് സാദ പരിചയപ്പെടുത്തുന്നത്. സ്വാർത്ഥപരമായ ആനന്ദാന്വേഷണം മാത്രമേ ഇവിടെ സൂചിപ്പിക്കുന്ന കക്ഷികൾ പ്രകടമാക്കുന്നുള്ളു. ലോകത്തെ എത്രകണ്ടു മൂല്യവത്തായി കാണാമെന്ന ആലോചനയുടെ സ്പന്ദനം മനുഷ്യരുടെ സൗന്ദര്യസങ്കൽപ്പത്തെ സജീവമായി സ്വാധീനിക്കാറുണ്ട്. ഒരു വസ്തുവിനോടോ വ്യക്തിയോടോ ആകസ്മികമായി തോന്നിയേക്കാവുന്ന അടുപ്പത്തെ രത്യേച്ഛയുമായി ചേർത്തുവായിക്കുമ്പോഴാണ് നോവലിൽ സംഭവിച്ചതുപോലെ വഞ്ചനയ്ക്ക് സ്ഥാനമുണ്ടാവുന്നത്. സൗകര്യങ്ങളുടെയും അവസരങ്ങളുടെയും അളവുകോൽവെച്ചു പ്രേമത്തെ രേഖപ്പെടുത്തുന്ന കഥാപാത്രങ്ങളിലൂടെ പ്രണയമെന്ന ആശയത്തിന്റെ അടിസ്ഥാനത്തെ നോവലിസ്റ്റ് ചോദ്യം ചെയ്യുകയാണ്.
ആദർശപരമായ ചുറ്റുപാടിൽ ഉരുവപ്പെടുന്ന പ്രണയത്തിന്റെ നിർവ്വചനത്തെ കാറ്റിൽപ്പറത്തുന്ന തരത്തിലുള്ള നിക്ഷിപ്ത താല്പര്യങ്ങളാണ് ഇപ്പറഞ്ഞ നോവലുകളിൽ നടമാടുന്നത്. പ്രണയിക്കുന്ന സ്ത്രീപുരുഷന്മാർ ഒപ്പുവെയ്ക്കുന്ന (സാങ്കൽപ്പിക) ഉടമ്പടി പ്രകാരം ഇരുവർക്കും അർഹതയുള്ള സ്വാതന്ത്ര്യത്തിന് മേൽ കൈകടത്തലുകൾ ഉണ്ടായാൽ ബന്ധത്തിന്റെ ദൃഢത നഷ്ടമായേക്കാം. സ്‌നേഹത്തേക്കാൾ സമാധാനത്തിനു മൂല്യം ജനിക്കുന്ന അത്തരം സന്ദർഭങ്ങളിൽ "പ്രണയ'ത്തിന്റെ പുതിയ വിചിന്തനത്തിനു തുറവിയെടുക്കുന്നു. തുല്യതയും അന്യോന്യമുള്ള ഉപകാരങ്ങളും വിലയിരുത്താതെ പോകുകയും "ധ്യാനാത്മകമായ' ഇടങ്ങൾ എന്നത് സ്വപ്നമായി മാറുകയും ചെയ്യുന്നു. പ്രണയം ഒരു ഘട്ടത്തിൽ മിഥ്യാബോധമാവുന്നതിനെ കുറിച്ചുള്ള അലൻ ബാജിയോയുടെ സൂചന ഇവിടെ പ്രസക്തമാണ്. പ്രണയത്തെ സംബന്ധിച്ച മൂല്യവിചാരം വ്യത്യസ്തമായ സ്ഥിതിഗതികളിൽ അപഗ്രഥനം ചെയ്യാനാണ് സാദയുടെ ലക്ഷ്യം. ഗാഢ സഹനങ്ങളുടെയോ തീവ്രാഭിലാഷങ്ങളുടെയോ തിരക്കഥയായി ചുരുക്കാതെ പ്രായോഗികാംശങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള ആഖ്യാനങ്ങളാണ് അദ്ദേഹത്തിന്റേത്. മേൽപ്പറഞ്ഞ സാഹചര്യങ്ങളിലെല്ലാം "പവിത്ര'മായ വ്യവസ്ഥ എന്നതിലുപരിയായി പ്രാവർത്തികമായ ഒരു ക്രമീകരണം എന്ന ഘടനയ്ക്കാണ് പ്രാധാന്യം എന്ന് തീർച്ചയാണ്. പാവനത്വം/ ദിവ്യം എന്ന ആവർത്തിച്ച് വിരസമായിത്തീർന്ന ശൈലിക്കു പകരം പ്രായോഗികത മേൽക്കൈ നേടുകയാണ്. അറിവിന്റെയും അനുഭവത്തിന്റെയും സൂക്ഷ്മഭേദങ്ങൾ സഹകരണാടിസ്ഥാനത്തിൽ പ്രണയിക്കുന്ന സ്ത്രീക്കും പുരുഷനുമിടയിൽ പരസ്പരപൂരകമായിത്തീരുകയും ചെയ്യുന്നു.▮