സോണിയ അഹ്‌സൻ തിർമിദി

മതേതര കാബൂൾ, താലിബാൻ:
​കാന-യി അമനിലെ അഫ്ഗാൻ സ്ത്രീകൾ കഥ പറയുന്നു

അഫ്ഗാനിസ്ഥിലെ കാബൂൾ കേന്ദ്രീകരിച്ച് നിർമിക്കപ്പെട്ട ഒരു ക്യാമ്പിൽ താമസിക്കുന്ന അഫ്ഗാനിസ്ഥാൻ സ്ത്രീകളുടെ ജീവിതാനുഭവങ്ങളും ചെറുത്തുനിൽപ്പുകളുടെ രാഷ്ട്രീയവും അടിസ്​ഥാനമാക്കി കൊളംബിയ യൂണിവേഴ്‌സിറ്റി ലക്ചറർ സോണിയ അഹ്‌സൻ തിർമിദി എഴുതിയ നരവംശശാസ്ത്ര പഠനത്തിന്റെ വായന.

1999-ൽ ലാഹോറിൽ നടന്ന സാമിയ സർവർ കൊലപാതകം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ജനശ്രദ്ധ നേടിയ രാഷ്ട്രീയ വിഷയമായിരുന്നു. പ്രസ്തുത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ബി.സി ‘ലൈസൻസ് ടു കിൽ’ (License to Kill) എന്ന ഡോക്യുമെന്ററി പുറത്തിറക്കുന്നതും പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി പ്രൊഫസർ ആന്റണി അപ്പയ്യ ‘ഹോണർ കോഡ്’ (The Honor Code) എന്ന പുസ്തകം രചിക്കുന്നതും. സാമിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗോള മാധ്യമങ്ങളും അക്കാദമിക് സമൂഹവും നടത്തിയ വിവര ശേഖരണ-വിശകലനരീതിയെ സൂക്ഷ്മമായി പ്രശ്‌നവത്കരിച്ചുകൊണ്ടാണ് സോണിയ അഹ്‌സൻ തിർമിദി ‘Pious Peripheries: Runaway Women in Post-Taliban Afghanistan’ (CA: Stanford University Press) എന്ന നരവംശശാസ്ത്ര പഠനം ആരംഭിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് സാമിയ ജനിച്ചുവളർന്ന പെഷവാറിൽ പോകാനോ, സാമിയയുടെ കുടുംബവുമായി സംസാരിക്കാനോ തയ്യാറാകാതെയാണ് അഫ്ഗാൻ സ്​ത്രീകളെക്കുറിച്ച് ബുദ്ധിജീവി- മാധ്യമ സമൂഹം വാചാലരാകുന്നതെന്ന് സോണിയ അഹ്‌സൻ ചൂണ്ടിക്കാണിക്കുന്നു. അടിസ്ഥാനപരമായി അഫ്ഗാൻ പ്രവിശ്യകളിലെ പശ്തു ഉൾക്കൊള്ളുന്ന ഭാഷകളെ നന്നായി കൈകാര്യം ചെയ്യുന്ന, കാബൂൾ അല്ലാത്ത പ്രവിശ്യകളിൽ ഉപയോഗിക്കപ്പെടുന്ന, വിതരണം ചെയ്യപ്പെടുന്ന പ്രാദേശിക ചരിത്രപുസ്തകങ്ങൾ വായിക്കാനറിയാവുന്ന, ആ ദേശത്തോട് സാംസ്കാരിക സമീപനം പുലർത്തുന്ന ഒരു നരവംശശാസ്ത്ര പഠനത്തിന്റെ സാധ്യതയെയാണ് ഈ കൃതി ഉദ്‌ഘോഷിക്കുന്നത്.

കോളനിവത്കരണം, ആധുനികത, ആഗോളവൽകരണം എന്നീ മൂന്ന് സാമൂഹിക ശക്തികളുടെ വേരോട്ടത്തോടെയാണ് അഫ്ഗാനിസ്ഥാൻ എന്ന ഭൂപ്രദേശം പൊതുമണ്ഡലത്തിൽ ഏറെ കൗതുകവും ഉൽസാഹവും ഉണർത്തുന്ന ഒരു ഭൂമികയായി പരിണമിക്കുന്നത്.

പശ്തു സംസാരിക്കുന്ന, അഫ്ഗാൻ കുടുംബത്തിൽ ജനിച്ച് 17 വർഷം പെഷവാറിൽ താമസിച്ച സ്ത്രീയാണ് കൊളംബിയ യൂണിവേഴ്‌സിറ്റി ലക്ചറർ സോണിയ അഹ്‌സൻ തിർമിസി. സോണിയയുടെ അയൽവാസിയും സഹോദരിയുടെ കോളേജ് സുഹൃത്തുമായിരുന്നു സാമിയ സർവർ. സാമിയ വിവാഹം കഴിച്ചത് സ്വന്തം മാതാവിന്റെ സഹോദരീപുത്രനെയാണ്. സാമിയയുടെ വിവാഹത്തിൽ സോണിയ പങ്കെടുത്തിരുന്നു. സാമിയ മറ്റൊരാളുമായി പ്രണയത്തിലായതുകൊണ്ടുതന്നെ നിലവിലെ ദാമ്പത്യബന്ധം ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. സഹികെട്ട് നിയമ പരിരക്ഷക്കുവേണ്ടി അവൾ സ്ത്രീകൾക്കായി ഒരുക്കിയ സുരക്ഷാപാർപ്പിടത്തിൽ അഭയം തേടി. അവിടെ സാമിയ എത്തി എന്നറിഞ്ഞപ്പോൾ സ്വന്തം മാതാവ് തന്നെ നേരിട്ട് തിരഞ്ഞുപിടിച്ച് കൊല്ലുകയാണുണ്ടായത്. അവളുടെ മാതാവ് ഗൈനക്കോളജിസ്​റ്റായിരുന്നു. പണവും വിദ്യാഭ്യാസവും ഉള്ളതിനോടൊപ്പം ലിബറൽ- സെക്യുലർ കാഴ്ചപ്പാട്​ വെച്ചുപുലർത്തുന്ന ഒരു ആധുനിക അഫ്ഗാൻ കുടുംബമായിരുന്നു സാമിയയുടേത്. സാമിയയുടെ പിതാവും രക്ഷാകർത്താവ്‌ വലിയ്യും അവളുടെ മാതാവിന് മാപ്പ് നൽകിയതോടെ യാതൊരു നടപടിയും കോടതി അവർക്കെതിരെ സ്വീകരിച്ചില്ല. ഇന്നും സാമിയയുടെ മരണം ഒരു രാഷ്ട്രീയ-സാമൂഹിക സമസ്യയായിതന്നെ മധ്യേഷ്യൻ ചരിത്രത്തിൽ നിലനിൽക്കുന്നു. പ്രസ്തുത പ്രശ്‌നത്തിന്റെ ചുവടുപിടിച്ചുതന്നെ, കാന-യി അമനിലെ (khana-yi aman) സങ്കീർണതകൾ, അഫ്ഗാൻ സ്​ത്രീകളുടെ ദൈനംദിന ചെറുത്തുനിൽപ്പുകൾ, നിയമ പ്രതിസന്ധികൾ, അഫ്ഗാൻ സ്റ്റേറ്റിന്റെ കെടുകാര്യസ്ഥതകൾ, താലിബാന്റെ ഇസ്​ലാം ഭാവനകൾ എന്നിവ സമഗ്രമായി സോണിയ വിശകലനം ചെയ്യുന്നുണ്ട്.

പ്രധാനമായും രണ്ട് ധൈഷണിക ചോദ്യങ്ങളെ മുൻനിർത്തിയാണ് കാന-യി അമൻ എന്ന സുരക്ഷാ ഭവനത്തിലെ ഈ നരവംശശാസ്ത്ര കൃതി ആരംഭിക്കുന്നത്.

ഒന്നാമത്തേത്; സാമൂഹിക ശാസ്​ത്രപഠനങ്ങളിൽ അഫ്ഗാൻ എന്ന രാജ്യം ഒരു നരവംശശാസ്ത്ര ദേശമായി എങ്ങനെ പുനരുൽപാദിപ്പിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു?

രണ്ടാമത്തേത്; ലിംഗപദവി, ഫെമിനിസം എന്നീ അക്കാദമിക് വ്യവഹാരങ്ങളുടെ പശ്ചാത്തലത്തിൽ കാബൂളിലെ കാന-യി അമൻ എന്ന ക്യാമ്പിനെയും അവിടുത്തെ മുസ്​ലിം സ്​ത്രീ അന്തേവാസികളെയും നരവംശശാസ്ത്രപരമായി എങ്ങനെ മനസ്സിലാക്കാം?

ആദ്യ ചോദ്യം, സോണിയയുടെ കൃതിയെ മുൻനിർത്തി കൂടുതൽ വിശകലനമർഹിക്കുന്നതാണ്.

അഫ്ഗാനിസ്ഥാൻ എന്ന നരവംശശാസ്ത്ര ദേശവും സവിശേഷ തിരഞ്ഞെടുപ്പുകളും

കോളനിവത്കരണം, ആധുനികത, ആഗോളവൽകരണം എന്നീ മൂന്ന് സാമൂഹിക ശക്തികളുടെ വേരോട്ടത്തോടെയാണ് അഫ്ഗാനിസ്ഥാൻ എന്ന ഭൂപ്രദേശം പൊതുമണ്ഡലത്തിൽ ഏറെ കൗതുകവും ഉൽസാഹവും ഉണർത്തുന്ന ഒരു ഭൂമികയായി പരിണമിക്കുന്നത്. ഇതിൽ രാജ്യതലവന്മാരോ, നയതന്ത്രജ്ഞരോ സാമൂഹിക ഗവേഷകരോ ഒന്നും വേറിട്ട് നിൽക്കുന്നവരല്ല. ഒരു പക്ഷേ, ആഗോളതലത്തിൽ വിതരണം ചെയ്യപ്പെട്ട ഈ സവിശേഷ രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെയാണ് എല്ലാ ശക്തികളും ഈ രാജ്യത്തേക്ക് എത്തുന്നത്. ആന്തപ്പോളജിസ്​റ്റായ അലസ്സാൻഡ്രോ മോൻസുട്ടി (Alessandro Monsutti) അഫ്ഗാനിസ്ഥാനെ വിളിക്കുന്നത് ‘പ്രാന്തവൽക്കരിക്കപ്പെട്ട ദേശം’ (Peripheral Region) എന്നാണ്. മറ്റൊരർഥത്തിൽ അത് Triple Periphery ആയിട്ടും വിശേഷിപ്പിക്കപ്പെടുന്നു. ഭൂപ്രദേശങ്ങളെ മനസ്സിലാക്കുന്നതിന്റെ സാമ്പ്രദായിക അർഥത്തിൽ നിന്ന് മാറി, ഒരു ദേശം അഥവാ അഫ്ഗാനിസ്​ഥാനെ വിവിധ ഭൂപ്രദേശങ്ങളുടെ ഭാഗമായി വായിക്കപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്. മധ്യ കിഴക്കൻ, മധ്യേഷൻ, ദക്ഷിണേഷ്യൻ എന്നീ മൂന്ന് ഭൂപ്രദേശങ്ങളിലേക്ക് ചേർത്ത്​ അഫ്ഗാനിസ്ഥാനെ രാഷ്ട്രീയ പണ്ഡിതർ പരിചയപ്പെടുത്തുന്നതായി കാണാം.

കോളനിവത്കരണം, ആധുനികത, ആഗോളവൽകരണം എന്നീ മൂന്ന് സാമൂഹിക ശക്തികളുടെ വേരോട്ടത്തോടെയാണ് അഫ്ഗാനിസ്ഥാൻ എന്ന ഭൂപ്രദേശം പൊതുമണ്ഡലത്തിൽ ഏറെ കൗതുകവും ഉൽസാഹവും ഉണർത്തുന്ന ഒരു ഭൂമികയായി പരിണമിക്കുന്നത്/ photo: pinterest

ഏതാണ്ട് 1960- 1970 കാലഘട്ടങ്ങളിലാണ് അഫ്ഗാനിസ്ഥാനെക്കുറിച്ച് നരവംശശാസ്ത്രപഠനങ്ങൾ ആരംഭിക്കുന്നത്. ഗോത്ര സമൂഹങ്ങൾ, രാഷ്ട്രങ്ങൾ, വർണസവിശേഷതകൾ, നാടോടി കൂട്ടങ്ങൾ എന്നിവ അന്നത്തെ പഠനങ്ങളുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായിരുന്നു. എൺപതുകളുടെ തുടക്കത്തിൽ ഇവയിൽ കാര്യമായ മാറ്റം വന്നുതുടങ്ങി. കുടിയേറ്റ പ്രശ്‌നങ്ങൾ, കുടിയേറ്റ സമൂഹങ്ങൾ, അവരുടെ സാംസ്കാരിക വിനിമയങ്ങൾ എന്നിവ പിന്നീട് വന്ന പഠനങ്ങളുടെ സവിശേഷതകളായി. ചരിത്രകാരനായ നീൽ ഗ്രീൻ Afghanistan's Islam From Conversion to the Taliban ( Afghanistan's Islam A History and its Scholarship) എന്ന കൃതിയിൽ അഫ്ഗാൻ കേന്ദ്രീകൃത പഠനങ്ങളുടെ പൊതുസ്വഭാവത്തെയും അവയുടെ രാഷ്ട്രീയത്തെയും ചെറുതല്ലാത്ത രൂപത്തിൽ വിശദീകരിക്കുന്നുണ്ട്. എന്തുകൊണ്ട് ‘അഫ്ഗാൻ ഇസ്​ലാം’ എന്നതിനു പകരം ‘അഫ്ഗാനിസ്​ഥാന്റെ ഇസ്​ലാം’ എന്ന് വിളിച്ചതിന്റെ സാംഗത്യം നീൽ ഗ്രീൻ വിശദമാക്കുന്നത് ഇങ്ങനെയാണ്: അഫ്ഗാൻ എന്ന പ്രവിശ്യയിൽ അഫ്ഗാനിയായി അറിയപ്പെടുന്നതിനേക്കാൾ വിവിധ സ്വത്വങ്ങളോടെ ജീവിക്കാൻ താൽപര്യപ്പെടുന്ന ഒരു കൂട്ടം ജനത ജീവിക്കുന്നതുകൊണ്ടും അഫ്ഗാൻ എന്ന ലേബൽ രാഷ്ട്രീയപ്രേരിത ബ്യൂറോക്രാറ്റിക് നാമമായതുകൊണ്ടും അഫ്ഗാനിയൻ ഇസ്​ലാം എന്നത് ഇവിടെ ഔചിത്യബോധമുളവാക്കുന്നില്ല.

ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്ക്, അഫ്ഗാനിസ്ഥാൻ കൗതുകമുണർത്തുന്ന, വിചിത്ര സ്വഭാവങ്ങളുള്ള, റൊമാന്റിക്ക് ദേശമായിരുന്നു. എന്നാൽ പ്രാഥമികമായി അവർക്ക് ആവശ്യം ആ നാടിന്റെ ഭൂമിശാസ്ത്രവും പരിസ്ഥിതി മാറ്റങ്ങളും സാംസ്കാരിക ചലനങ്ങളും കൃത്യമായി ഒപ്പിയെടുക്കുന്ന ഒരു ദത്തശേഖരണമായിരുന്നു.

19-ാം നൂറ്റാണ്ടിൽ പൂർണമായും അഫ്ഗാനിസ്ഥാൻ, കൊളോണിയൽ പ്രൊജക്ടിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി വന്ന അപര ഭാവനകളെ തള്ളിക്കളയാനാണ് നീൽ ഗ്രീൻ പ്രസ്തുത ശീർഷകം നൽകിയതെന്നോർക്കണം. കോളോണിയൽ ഭാവനകളെയും അതിന്റെ ഭാഗമായി ഉദയം ചെയ്ത ലിബറൽ ഫെമിനിസ്റ്റ് വ്യവഹാരങ്ങളെയും സൂക്ഷ്​മമായി പരിശോധിക്കുന്ന രണ്ട് ലേഖനങ്ങളാണ് അലസ്സാൻഡ്രോ മോൻസുട്ടി എഴുതിയ Anthropologizing Afghanistan: Colonial and Post Colonial Encounters, ലില അബു ലുഗോഡ്​ (Lila Abu Lughod) എഴുതിയ The Debate about Gender, Religion, and Rights: Thoughts of a Middle East Anthropologist എന്നിവ. ലില അബു ലുഗോഡിന്റെ പഠനം, മധ്യേഷ്യൻ രാഷ്ട്രീയത്തെയും ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളെയും, പ്രത്യേകിച്ച്, അഫ്ഗാൻ സ്ത്രീയെക്കുറിച്ച് യു.എസ് ലോബിയുടെ ആകുലതകളെക്കുറിച്ച്, വിമർശനാത്മകമായി സമീപിച്ച ഒരു ആമുഖ കൃതിയായി കണക്കാക്കാം.

നീൽ ഗ്രീൻ

ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്ക്, അഫ്ഗാനിസ്ഥാൻ കൗതുകമുണർത്തുന്ന, വിചിത്ര സ്വഭാവങ്ങളുള്ള, റൊമാന്റിക്ക് ദേശമായിരുന്നു. എന്നാൽ പ്രാഥമികമായി അവർക്ക് ആവശ്യം ആ നാടിന്റെ ഭൂമിശാസ്ത്രവും പരിസ്ഥിതി മാറ്റങ്ങളും സാംസ്കാരിക ചലനങ്ങളും കൃത്യമായി ഒപ്പിയെടുക്കുന്ന ഒരു ദത്തശേഖരണമായിരുന്നു. ബ്രിട്ടീഷ്​ഗസറ്റുകൾ ഇതിന്റെ ഭാഗമായിരുന്നു. ഇത്തരം വിവരശേഖരണം അധിനിവേശത്തെ എളുപ്പത്തിലാക്കുന്ന മുഖ്യ ഉപാധികളിലൊന്നായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യം മുതൽ അഫ്ഗാനിസ്ഥാൻ അടിസ്ഥാനമാക്കി യു.എസ് നടത്തിയ സാമൂഹ്യശാസ്ത്ര ഗവേഷണങ്ങളും അവരുടെ മിലിട്ടറി സംവിധാനത്തെ ത്വരിതഗതിയിലാക്കാനുള്ള എളുപ്പവഴിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രസ്തുത പഠനങ്ങളോടെ, Social Aid, Development, rehabilitation എന്നീ പദാവലികൾക്ക് മേൽക്കൈ ലഭിച്ചു. എന്നുപറഞ്ഞാൽ, എൺപതുകളിൽ കുടിയേറ്റ പഠനങ്ങൾ ശക്തമായതോടെ, അഫ്ഗാൻ ജനതയുടെ അടിസ്ഥാന സൗകര്യങ്ങളും ജീവിതനിലവാരവും ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി സാമൂഹിക ഗവേഷകർ അന്താരാഷ്ട്ര സംഘനകളുമായും മറ്റു ഗവൺമെൻറിതര സാമൂഹിക സംഘടനകളുമായും കൂടിചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. പ്രസ്തുത പ്രശ്‌നത്തെ ആധുനികീകരണ ചിന്താപദ്ധതിയുമായി ബന്ധപ്പെട്ടുവന്ന വികസനാനന്തര ജ്ഞാനവ്യവഹാരങ്ങളുമായി (Post- Developmental Discourses) കൂട്ടിചേർത്ത് ചർച്ച ചെയ്യണ്ടതാണെന്ന്​ തോന്നുന്നു. വികസനം എന്ന പദത്തിലെ അന്തർഹിതമായ ചൂഷണത്തിന്റെയും മുതലാളിത്ത ആർത്തിയുടെയും അർഥതലങ്ങളെ സൂക്ഷ്മമായി പരിശോധിച്ച്; വികസനമല്ല, വികസനത്തിനൊരു ബദൽ ആണ് ആവശ്യം എന്ന ആശയമാണ് അമേരിക്കൻ നരവംശശാസ്ത്രനായ ആർത്രോ എസ്​കൊബാർ നിർദേശിക്കുന്നത്.

മൂന്നാം ലോക രാഷ്ട്രങ്ങളിലെ പ്രകൃതി- മനുഷ്യ വിഭവങ്ങളും ഉൽപന്നങ്ങളും ഊറ്റിക്കുടിക്കുകയും ‘ഞങ്ങൾ പാവ രാജ്യങ്ങളെ സഹായിക്കുന്ന നല്ല രാജ്യമാണെന്ന്​’ നല്ലപിള്ള ചമയലും നശീകരണാത്മക നവകൊളോണിയൽ ശക്തിയുടെ തന്ത്രമാണ്.

മൂന്നാംലോക രാജ്യങ്ങൾക്ക് സംസ്കാരവും നാഗരികതയുടെ മൂല്യങ്ങളും പറഞ്ഞുകൊടുക്കുക, അവരുടെ ദൈനംദിന സാമൂഹിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്നീ രാജ്യധർമങ്ങൾ പ്രത്യക്ഷത്തിൽ സോദ്ദേശ്യപരമാണെന്ന് തോന്നുന്ന വികസന മാതൃകയാണ് അധിനിവേശ ശക്തികളും ഒന്നാംലോക രാഷ്ട്രങ്ങളും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഈ മൂന്നാലോകത്തിന്റെ അവികസിതാവസ്ഥ ഒന്നാം ലോകത്തിന്റെ നയതന്ത്രപരമായ കണ്ടത്തലായതുകൊണ്ടുതന്നെ, അത്ര നിഷ്‌കളങ്കമായി അവരുടെ വികസന മാതൃകയെ വിശ്വസിക്കാനാവില്ലെന്ന് എസ്​കൊബാർ നിരീക്ഷിക്കുന്നു. മൂന്നാം ലോക രാഷ്ട്രങ്ങളിലെ പ്രകൃതി- മനുഷ്യ വിഭവങ്ങളും ഉൽപന്നങ്ങളും ഊറ്റിക്കുടിക്കുകയും ‘ഞങ്ങൾ പാവ രാജ്യങ്ങളെ സഹായിക്കുന്ന നല്ല രാജ്യമാണെന്ന്​’ നല്ലപിള്ള ചമയലും നശീകരണാത്മക നവകൊളോണിയൽ ശക്തിയുടെ (Destructive Neo Colonialist Force) തന്ത്രമാണ്. പ്രസ്തുത ഇരട്ടത്താപ്പിനെ നോവ ഫൗണ്ടേഷൻ സ്ഥാപകനായ പീറ്റർ ബഫറ്റ് വിളിക്കുന്നത്, Philanthropic Colonialism എന്നാണ്. അൾജീരിയയിൽ ഫ്രഞ്ച് ശക്തികൾ നടത്തിയ അധിനിവേശത്തിലും ഇതേ യുക്തി പ്രകടമായിരുന്നു. അധിനിവേശം എളുപ്പമാകുന്നതിനും അവിടുത്തെ ഭൂമിയും മറ്റു വിഭവങ്ങളും അനായാസം കൈവശമാക്കുന്നതിനും തദ്ദേശീയജനതയുടെ, പ്രത്യേകിച്ച് മുസ്​ലിംകളുടെ, സാമൂഹിക- സാമ്പത്തിക ഭദ്രത ശിഥിലമാക്കുക അവരുടെ പ്രധാന ആവശ്യമായിരുന്നു. മുറിയം ഹാലേ ഡേവിസ്​ (Muriam Haleh Davis) ഈയിടെ എഴുതിയ Markets of Civilization: Islam and Racial Capitalism in Algeria എന്ന കൃതിയിൽ ഇസ്​ലാമും മുസ്​ലിംകളും ഒരു വംശീയ കാറ്റഗറിയായി കോളാണിയൽ കാലത്ത് എങ്ങനെ രൂപപ്പെടുന്നുവെന്ന് കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്.

ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്ക്, അഫ്ഗാനിസ്ഥാൻ കൗതുകമുണർത്തുന്ന, വിചിത്ര സ്വഭാവങ്ങളുള്ള, റൊമാന്റിക്ക് ദേശമായിരുന്നു

നരവംശശാസ്ത്രപരമായി, അഫ്ഗാൻ- ആധുനിക- കൊളോണിയൽ ബന്ധങ്ങളെ മനസ്സിലാക്കാൻ ആ ദേശത്തെക്കുറിച്ചുണ്ടായ എക്‌സോട്ടിക്‌- റൊമാന്റിക് വർണനകളെ അതിജയിക്കണമെന്ന് സോണിയയുടെ കൃതി ചൂണ്ടിക്കാണിക്കുന്നുണ്ട്. അഹ്‌സൻ തിർമിദി പ്രസ്തുത പ്രശ്‌നത്തെ അതിജീവിക്കുന്നത്, പങ്കാളിത്ത നിരീക്ഷണത്തിലൂടെയുള്ള ഇൻസൈഡർ ആഖ്യാനങ്ങളിലൂടെയാണ്. ഒരുപക്ഷേ ഇത്തരം ഇൻസൈഡർ ആഖ്യാനങ്ങൾ അഫ്ഗാനിസ്ഥാനെക്കുറിച്ചും താലിബാനെക്കുറിച്ചും നിർമിക്കപ്പെട്ട കൊളോണിയൽ നോട്ടങ്ങളെയും അനുബന്ധ ഒന്നാം ലോക മനോഭാവങ്ങളെയും സൂക്ഷ്മമായി റദ്ദ് ചെയ്യുന്നുണ്ട്. ഇതു സംബന്ധിയായി കൃതിയുടെ ആദ്യഭാഗത്ത് സോണിയ ഒരു സംഭവം വിവരിക്കുന്നുണ്ട്: കാന-യി അമനിൽ ആദ്യമായി അഹ്‌സൻ തിർമിദി പ്രവേശിച്ച ദിവസം ക്യാമ്പിന്റെ എല്ലാ ഭാഗങ്ങളും കാണിച്ചുതരാൻ ക്യാമ്പ് നടത്തിപ്പുകാരിയായ ഗുലൈലി കൂടെയുണ്ടായിരുന്നു. ക്യാമ്പിൽ അസർ ബാങ്ക് ഉയർന്നപ്പോൾ സുഹൈല വന്ന് നിസ്കാരപ്പായ വിരിച്ചു. ഗുലൈലി തിർമിദിയോട് വുളു എടുത്ത് വരാൻ ആവശ്യപ്പെട്ടു. തിർമിദി പറയുന്നു, ഒമ്പതാം വയസിനുശേഷം ഇന്നായിരിക്കും ആദ്യമായി എന്റെ നിസ്കാരം കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടാവുക. നിരീക്ഷകൻ എന്നതിനേക്കാൾ നിരീക്ഷിക്കപ്പെടുന്ന വ്യകതിയായിട്ടാണ് എന്റെ ഫീൽഡ് വർക്കിന്റെ ആദ്യ ദിനം തന്നെ ഞാൻ തുടങ്ങിയത്(21).

പഠിതാവും വിഷയവും തമ്മിലുള്ള അന്തരങ്ങളെ പരമാവധി കുറക്കുന്നിടത്താണ് നരവംശശാസ്ത്രത്തിന്റെ സമഗ്രതയെന്ന് സോണിയ അഹ്‌സൻ തിർമിദി ചൂണ്ടിക്കാണിക്കുന്നു.

വഴിപിഴച്ചവർ, ലൈംഗിക വിശുദ്ധി ഇല്ലാത്തവർ, തെമ്മാടിച്ചികൾ എന്നീ ചീത്തപ്പേരുകൾ ചാർത്തപ്പെട്ട സ്ത്രീകളെ പാർപ്പിക്കാനുള്ളതാണ് ക്യാമ്പ് എന്നതാണ് താലിബാൻ അധീന, കാബൂൾ അധീന പ്രദേശത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്ന പൊതുഭാവനകൾ.

പൊള്ളുന്ന അനുഭവങ്ങളുടെ കാന-യി അമൻ

2021 ആഗസ്റ്റിൽ താലിബാൻ കാബൂൾ പിടിച്ചടക്കിയശേഷം ഈ കൃതി വായിക്കുമ്പോഴുണ്ടാകുന്ന അസ്തിത്വപരമായ ഒരു ചോദ്യമാണ്, താലിബാൻ ഭരണകൂടം കാന-യി അമൻ ക്യാമ്പിനെ എന്തു ചെയ്തുവെന്ന്. ക്യാമ്പിന്റെ മേൽനോട്ടം 2001ൽ സ്ഥാപിതമായ The Ministry of Women's Affairs (MoWA) ന്റെ നേതൃത്വത്തിലായിരുന്നു. 2021 സെപ്തംബറിൽ പ്രസ്തുത മന്ത്രാലയം The Ministry for the Propagation of Virtue and the Prevention of Vice എന്ന മറ്റൊരു ബോഡിയാക്കി താലിബാൻ മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ ക്യാമ്പിന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ചോദ്യം ഏറെ മൗലികമാണെന്ന് കരുതുന്നു. മർദ്ദനം, ലൈംഗികാക്രമണം, റേപ്പ്​, പ്രണയം തുടങ്ങിയ സാമൂഹിക കാരണങ്ങളാൽ ജീവിക്കുന്ന ഇടങ്ങളിൽ ഒളിച്ചോടി, ക്യാമ്പിൽ അഭയം തേടിയ ഒരു പറ്റം അഫ്ഗാൻ സ്ത്രീകളുടെ അഭയ കേന്ദ്രമാണ് കാന-യി അമൻ. 22 അന്തേവാസികൾ താമസിക്കുന്ന ക്യാമ്പിൽ താലിബാൻ കുടുംബത്തിലെ പെൺമക്കളും ഭാര്യമുണ്ടായിരുന്നു. കേസ് ഫയൽ ചെയ്ത് കോടതിവിധിക്കായി കാത്തുനിൽക്കുന്നവരും നാട്ടിലേക്ക് തിരിച്ചുപോകാൻ തയ്യാറായി നിൽക്കുന്നവരും ക്യാമ്പ് തന്നെ സ്വന്തം വീടിനേക്കാൾ നല്ലത് എന്ന് വിചാരിക്കുന്നവരും കാന-യി അമനിലുണ്ട്. ജയിലിന്റെയും അഭയാർഥി ക്യാമ്പിന്റെയും ഇടയിൽ നിൽക്കുന്ന അർധ ഭവനം (Halfway House) എന്നാണ് അഹ്‌സൻ തിർമിദി കാന-യി അമനിനെ വിശേഷിപ്പിക്കുന്നത്. വഴിപിഴച്ചവർ, ലൈംഗിക വിശുദ്ധി ഇല്ലാത്തവർ, തെമ്മാടിച്ചികൾ എന്നീ ചീത്തപ്പേരുകൾ ചാർത്തപ്പെട്ട സ്ത്രീകളെ പാർപ്പിക്കാനുള്ളതാണ് ക്യാമ്പ് എന്നതാണ് താലിബാൻ അധീന, കാബൂൾ അധീന പ്രദേശത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്ന പൊതുഭാവനകൾ. ക്യാമ്പിലെ സ്ത്രീകളെക്കുറിച്ചുള്ള മുൻവിധികളിൽ നിന്ന് താലിബാൻ ജനതയും കാബൂൾ കേന്ദ്രീകരിച്ച് ജീവിക്കുന്ന ആധുനിക സമൂഹവും ഒട്ടും വ്യത്യസ്തമല്ലെന്ന് സോണിയ പറയുന്നു. ഒരു സാധാരണ മുസ്​ലിമിന്റെ മൗലിക അനുഷ്ഠാനങ്ങൾ അനുവർത്തിക്കുന്നതോടൊപ്പം സാമൂഹിക പ്രശ്‌നങ്ങളെ ധൈര്യത്തോടെയും ആത്മാഭിമാനത്തോടെയും നേരിടുന്ന അഫ്ഗാൻ സ്ത്രീകളുടെ സ്വത്വത്തെയാണ് ഈ കൃതി അനാവരണം ചെയ്യുന്നത്. അതോടെ കാന-യി അമൻ ഇരുപക്ഷത്തെയും മുൻവിധികളെയും സധൈര്യം നേരിടുന്നതായി കാണാം.

ജയിലിന്റെയും അഭയാർഥി ക്യാമ്പിന്റെയും ഇടയിൽ നിൽക്കുന്ന അർധ ഭവനം (Halfway House) എന്നാണ് അഹ്‌സൻ തിർമിദി കാന-യി അമനിനെ വിശേഷിപ്പിക്കുന്നത്

താലിബാനെ പിന്തുണക്കുന്നവർ വിശ്വസിക്കുന്നത്, അവിശുദ്ധകളായ, മാർഗഭ്രംശം സംഭവിച്ച അഫ്ഗാൻ മുസ്​ലിം സ്ത്രീകളെ സംരക്ഷിക്കുന്നത് സ്​ത്രീപക്ഷ സംഘടനകളാണ്​ എന്നാണ്​. അതേസമയം, ക്യാമ്പിലെ അന്തേവാസികൾ തല മറയ്ക്കു​കയും നമസ്കാരം, നോമ്പ് എന്നിവ മുറ തെറ്റാതെ അനുഷ്ഠിക്കുകയും ചെയ്യുമ്പോൾ ക്യാമ്പിൽ പതിവിനുവിരുദ്ധമായ ഇസ്​ലാമികവൽകരണ പ്രക്രിയ നടക്കുന്നുണ്ടോ എന്ന സംശയം ക്യാമ്പ് മാനേജ്‌മെന്റിനും ഉണ്ടാകുന്നു. ഇങ്ങനെ വരുമ്പോൾ കാന-യി അമൻ ഭയഭക്തിയും ലൈംഗിക അരാജകത്വവും സമ്മേളിക്കുന്ന വിരോധാഭാസചിത്രം പേറുന്ന ഒരു ഇടമായി മാറുന്നതായി കാണാം. ഒരുപക്ഷേ, ഈ വിരോധാഭാസം ആധുനികതയും പാരമ്പര്യവും കൂടിച്ചേരാത്ത ദ്വന്ദ്വങ്ങളാണെന്ന ബോധ്യം ഊട്ടിയുറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ ദ്വന്ദ്വകേന്ദ്രീകത വിശകലനത്തെ റദ്ദ് ചെയ്​താണ്​ അഹ്‌സൻ തിർമിദി എത്‌നോഗ്രഫി മുന്നോട്ട് കൊണ്ടുപോകുന്നത്. ആധുനികതയെയും പാരമ്പര്യത്തെയും ഒരു പോലെ വാരിപ്പുണർന്നല്ല, മറിച്ച് രണ്ടിനെയും വേർതിരിച്ച് മനസ്സിലാക്കി രണ്ടിന്റെ പ്രശ്‌നങ്ങളോടും ആക്രമണങ്ങളോടും ചെറുത്തുനിന്നുകൊണ്ടാണ് കാന-യി അമൻ സ്ത്രീകൾ ജീവിക്കുന്നത്.

കന്യാചർമത്തിന്റെ ഭേദനം അടിസ്ഥാനമാക്കി സ്ത്രീയുടെ ലൈംഗിക വിശുദ്ധി തീരുമാനിക്കുന്ന നിയമനടപടി കാബൂളിൽ പ്രചരുപചാരം നേടിയ ലിംഗനീതിയെക്കുറിച്ച് കൂടുതൽ ആശങ്കയുളവാക്കുന്നതാണ്. ഇതിൽ പ്രധാനമായും വായനക്കാരെ ഞെട്ടിപ്പിക്കുന്നത്, പരിശോധന നടത്തുന്ന രീതിയും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ്.

ക്യാമ്പും പൊലീസ്​ സ്റ്റേഷനും വിവിധതരം സങ്കീർണ ആക്രമണങ്ങൾ നടപ്പിൽ വരുത്താനുള്ള മർദ്ദനോപാധിയായിട്ടാണ് സോണിയ വീക്ഷിക്കുന്നത്. നിർബന്ധിത കന്യകാ പരിശോധന, അനിശ്ചിത കാലത്തെ തടവിലിടൽ, നിർബന്ധിത ഗർഭഛിദ്രം, ചെറിയ കുഞ്ഞുങ്ങളിൽ നിന്ന് അമ്മമാരെ മാറ്റിനിർത്തൽ എന്നീ ആക്രമണങ്ങളാണ് സോണിയ പ്രത്യേകമായും എണ്ണിപ്പറയുന്നത്. അതിലേറ്റവും അക്ഷന്തവ്യമെന്ന് പറയുന്നത് ഭരണകൂട പിന്തുണയോടെ ക്യാമ്പിൽ നടപ്പിൽവരുത്തുന്ന കന്യകാ പരിശോധനയാണ്. വിവാഹത്തിനുമുമ്പ് ക്യാമ്പിൽ വരുന്ന മുസ്​ലിം സ്ത്രീകൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടോ എന്നറിയാനായിരുന്നു ഈ നിയമ സംവിധാനം. കന്യാചർമത്തിന്റെ ഭേദനം അടിസ്ഥാനമാക്കി സ്ത്രീയുടെ ലൈംഗിക വിശുദ്ധി തീരുമാനിക്കുന്ന നിയമനടപടി കാബൂളിൽ പ്രചരുപചാരം നേടിയ ലിംഗനീതിയെക്കുറിച്ച് കൂടുതൽ ആശങ്കയുളവാക്കുന്നതാണ്. ഇതിൽ പ്രധാനമായും വായനക്കാരെ ഞെട്ടിപ്പിക്കുന്നത്, പരിശോധന നടത്തുന്ന രീതിയും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ്. കന്യാചർമം കണ്ടെത്താനായി പോലീസ് ഉദ്യോഗസ്ഥ രണ്ട് വിരലുകൾ കടത്തി പരിശോധിച്ച സംഭവം ഏറെ വേദനാജനകമായിരുന്നുവെന്ന്​ ആലിയയും ഫൗസിയയും ഓർത്തെടുക്കുന്നുണ്ട്. കന്യകയല്ലെന്ന് ഉറപ്പുവരുത്തിയശേഷം പോലീസുകാർ ബലാൽക്കാരമായി മാറിമാറി ലൈംഗിക ഉപദ്രവം നടത്തിയത് അമാറ പറയുന്നു. കന്യകയല്ലാത്ത സ്ത്രീകളൊക്കെ കൂടുതൽ ബലാൽക്കാരത്തിന് അർഹരാണെന്ന ബോധത്തെയും ഇത് ശക്തിപ്പെടുത്തുന്നതായി സോണിയ പറയുന്നു(58).

ആധുനികതയെയും പാരമ്പര്യത്തെയും ഒരു പോലെ വാരിപ്പുണർന്നല്ല, മറിച്ച് രണ്ടിനെയും വേർതിരിച്ച് മനസ്സിലാക്കി രണ്ടിന്റെ പ്രശ്‌നങ്ങളോടും ആക്രമണങ്ങളോടും ചെറുത്തുനിന്നുകൊണ്ടാണ് കാന-യി അമൻ സ്ത്രീകൾ ജീവിക്കുന്നത്.

താലിബാൻ പ്രദേശത്താവട്ടെ, കാബൂൾ പ്രദേശത്താവട്ടെ, അഫ്ഗാനിസ്ഥാനിൽ രൂപപ്പെട്ട ലൈംഗിക സദാചാര ചട്ടക്കൂട് ചരിത്രപരമായി ഏറെ സങ്കീർണതകൾ നിറഞ്ഞതാണെന്നും അവയെ നരവംശശാസ്ത്രപരമായി അപഗ്രഥിക്കാൻ അൽപം കരുതൽ അനിവാര്യമാണെന്നും സോണിയ തീർച്ചപ്പെടുത്തുന്നു.

ദൈവഭക്തിയുടെ പുറമ്പോക്കുകൾ (Pious Peripheries) എന്ന ശീർഷകം കൃതിക്ക് ഏറെ ഉചിതമാകുന്നത്, ക്യാമ്പും ക്യാമ്പിലെ അന്തേവാസികളും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പരിസരം ചർച്ചക്കെടുക്കുമ്പോഴാണ്. മൂന്നുതരത്തിൽ കാന-യി അമനിലെ സ്ത്രീകൾ അന്യവൽകരണം / പ്രാന്തവൽക്കരണം നേരിടുന്നതായി കാണാം.

ഒന്ന്, ക്യാമ്പിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണ്. കാബൂളിലെ അത്ര തന്നെ പരിചിതമല്ലാത്ത ഒരിടത്ത്​, സ്വയം സന്നദ്ധരായ സ്ത്രീകളുടെ കൂട്ടായ്മ നടത്തുന്ന ഒരു ക്യാമ്പ് ഭരണകൂടത്തിനും തദ്ദേശീയർക്കും ഒരൊഴിയാബാധയാകുന്നു.

രണ്ടാമതായി, സ്വന്തം കുടുംബ- സമുദായ ഇടങ്ങളിൽ നിന്ന് പുറംതള്ളപ്പെട്ട ഒരു കൂട്ടം അഫ്ഗാൻ സ്ത്രീകളുടെ കഥയാണ് പറയാൻ ശ്രമിക്കുന്നത്.

മൂന്നാമതായി, കാന-യി അമനോടുള്ള ഭരണകൂടത്തിന്റെ പ്രകടമായ അവഗണനയും അവിടുത്തെ സ്​ത്രീകളോടുള്ള പോലീസിന്റെ ഹീനനടപടികളും അവരുടെ അസ്തിത്വത്തെ പ്രതിസന്ധിയിലാക്കുന്നു.

വിവിധ സാമൂഹിക ആക്രമണങ്ങളിൽ നിന്ന് പരിഭ്രാന്തരായി ഓടിപ്പോകുന്ന സ്ത്രീകൾ എന്നതിനുപകരം, ഓടിപ്പോകൽ, മരണ ഭീഷണികളെയും അവിശുദ്ധകളെന്ന ദുഷ്‌കീർത്തികളെയും ധൈര്യത്തോടെ ഏറ്റുവാങ്ങുന്നതിനുള്ള ശക്തിയോടൊപ്പം ആത്മാഭിമാനത്തോടെ ചെറുത്തുതോൽപ്പിക്കാനുള്ള കർതൃത്വ പ്രക്രിയ കൂടിയാണ്

അതുകൊണ്ടുതന്നെ അഹ്‌സൻ തിർമിദി ഓടിപ്പോകൽ എന്ന പ്രക്രിയയെ കാണുന്നത് വ്യത്യസ്തമായ ആശയതലത്തിൽ നിന്നാണ്. വിവിധ സാമൂഹിക ആക്രമണങ്ങളിൽ നിന്ന് പരിഭ്രാന്തരായി ഓടിപ്പോകുന്ന സ്ത്രീകൾ എന്നതിനുപകരം, ഓടിപ്പോകൽ, മരണ ഭീഷണികളെയും അവിശുദ്ധകളെന്ന ദുഷ്‌കീർത്തികളെയും ധൈര്യത്തോടെ ഏറ്റുവാങ്ങുന്നതിനുള്ള ശക്തിയോടൊപ്പം ആത്മാഭിമാനത്തോടെ ചെറുത്തുതോൽപ്പിക്കാനുള്ള കർതൃത്വ പ്രക്രിയ കൂടിയാണ്. താലിബാൻ- അഫ്ഗാൻ ഭരണകൂട ഭാവനകൾക്കനുസൃതമായി, ലൈംഗിക അരാജകത്വം, ലൈംഗികത്തൊഴിൽ എന്നിവയുമായി ബന്ധപ്പെടുത്തിയല്ല കാന-യി അമനിലെ സ്ത്രീകളുടെ അസ്തിത്വ ചർച്ചകളെ സൈദ്ധാന്തികമായി പരിഗണിക്കേണ്ടതെന്ന് സോണിയ അഹ്‌സൻ വാദിക്കുന്നു. സാമിയയുടെ മരണത്തിന്റെ ഉത്തരവാദി സാമിയ തന്നെയാണെന്ന് തീർപ്പാക്കുന്നതിനു (ഇവർ ‘വഴിപിഴച്ചവളാ’യത് കൊണ്ടാണ് മരിച്ചത് എന്ന അടക്കം പറച്ചിലുകൾ ഉദാഹരണം ) പകരം ഒരു മരണത്തിന്റെ പിന്നിൽ സാമൂഹിക, രാഷ്ട്രീയ പിന്നാമ്പുറങ്ങളുണ്ടെന്ന്​, സാമൂഹിക ശാസ്ത്രനായ ഐമൈൽ ദുർഖൈമിനോട് താത്വികമായി കടപ്പെട്ടുകൊണ്ടു തന്നെയാണ്, ഓരോ കഥയും സോണിയ പറഞ്ഞുതുടങ്ങുന്നത്.

‘വഴിപിഴച്ചവർ’ എന്ന ലേബലിന്റെ റിസ്ക് സ്വയം ഏറ്റെടുക്കുന്നതിനോടൊപ്പം മുസ്​ലിം സ്ത്രീത്വത്തെ അനുഷ്ഠിക്കാനും അവയെ ധാർമികത, സ്നേഹം, വിവാഹം, മതാവകാശങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ പുനർവായിക്കാനും കാന-യി അമൻ സ്ത്രീകൾ ശ്രമിക്കുന്നുണ്ടെന്നാണ് സോണിയ പറയുന്നത്.

കാന-യി അമൻ സ്ത്രീകളുടെ നൊമ്പരപ്പെടുത്തുന്ന കഥകളും ഓർമകളും വിവരിക്കപ്പെടുന്നത് കൃതിയുടെ രണ്ടാം പാഠത്തിലാണ് (Portraits of Pain). ഓരോ അന്തേവാസിയുടെ കഥ വായിക്കുമ്പോഴും വായനക്കാരുടെയുള്ളിൽ നീറ്റൽ അനുഭവപ്പെടുന്നതായി കാണാം.

ഭർത്താവ് താലിബാനിൽ ചേർന്നശേഷം വീട്ടിലേക്ക് തിരിച്ചുവന്നിട്ടില്ലെന്ന് ഹംഗാമ പറയുന്നു. ക്യാമ്പിലെ മറ്റൊരു സ്​ത്രീയുമായി ആത്മബന്ധത്തിലായ ഹംഗാമ വിവാഹമോചനത്തിന്​ കോടതിയിൽ കേസ് ഫയൽ ചെയ്ത് കാത്തിരിക്കുന്നു. കരിഷ്മ വയറ്റിൽ കിടക്കുമ്പോഴാണ് താനിയ ക്രൂരമായി റേപ്പ്​ ചെയ്യപ്പെട്ടത്. വിവാഹം കഴിച്ചശേഷം വീട്ടുജോലികളിൽ ഒതുങ്ങി ജീവിക്കാൻ റുക്‌സാനക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. അവൾ ഭർത്താവിനെ ഉപേക്ഷിച്ച് വീട് വീട്ടിറങ്ങി കാന-യി അമനിൽ എത്തി. സ്വന്തം മകൾ നബയുമായി ലൈംഗികത്തൊഴിലിന്​ പോയവളായിരുന്നു സാറ. പിന്നീട് ജീവിത സുരക്ഷാർഥം കാന-യി അമനിൽ അഭയം തേടി. അയൽപക്കത്തെ ഒരു പയ്യനുമായി നസീറ പ്രണയത്തിലായിരുന്നു. പക്ഷേ സ്വന്തം കുടുംബം അവളുടെ മേൽ വ്യഭിചാരക്കുറ്റം ആരോപിച്ച്​ജയിലിലടക്കാൻ ശ്രമിച്ചു. ബീബി ആയിശയുടെ വിവാഹം ഒരു താലിബാനിയുമായി നിശ്ചയിച്ചതായിരുന്നു. പ്രാണരക്ഷാർഥം ഓടിപ്പോയ അവളെ വഴിയിൽ വെച്ച് ആക്രമിച്ച് മരുഭൂമിയിൽ ഉപേക്ഷിച്ചു. മയക്കുമരുന്നുലഹരിക്ക് അടിമപ്പെട്ട ഭർത്താവിന്റെ ഉപദ്രവത്തിൽ നിന്ന് ഓടിപ്പോന്നവളാണ് നസ്രീൻ.

‘വഴിപിഴച്ചവർ’ എന്ന ലേബലിന്റെ റിസ്ക് സ്വയം ഏറ്റെടുക്കുന്നതിനോടൊപ്പം മുസ്​ലിം സ്ത്രീത്വത്തെ അനുഷ്ഠിക്കാനും അവയെ ധാർമികത, സ്നേഹം, വിവാഹം, മതാവകാശങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ പുനർവായിക്കാനും കാന-യി അമൻ സ്ത്രീകൾ ശ്രമിക്കുന്നുണ്ടെന്നാണ് സോണിയ പറയുന്നത്

കൃതിയിൽ പരാമർശിക്കപ്പെട്ട വളരെ ചുരുക്കം ചെന്ന അന്തേവാസികളുടെ ജീവിത സാഹചര്യങ്ങളാണ് ഇവിടെ വിശദീകരിക്കപ്പെട്ടത്. ഇവരുടെ ജീവിതം മുഴുവനും കുടുംബം, ഭരണകൂടും, കോടതിമുറി എന്നീ സാമൂഹിക അധികാര ഘടനകളുമായി നിരന്തരം പോരടിക്കാനുള്ളതാണെന്ന് അവരുടെ ഓരോ കഥയും സാക്ഷ്യപ്പെടുത്തുന്നു.

‘വഴിപിഴച്ചവർ’ എന്ന ലേബലിന്റെ റിസ്ക് സ്വയം ഏറ്റെടുക്കുന്നതിനോടൊപ്പം മുസ്​ലിം സ്ത്രീത്വത്തെ അനുഷ്ഠിക്കാനും അവയെ ധാർമികത, സ്നേഹം, വിവാഹം, മതാവകാശങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ പുനർവായിക്കാനും കാന-യി അമൻ സ്ത്രീകൾ ശ്രമിക്കുന്നുണ്ടെന്നാണ് സോണിയ പറയുന്നത്. ആ അർഥത്തിൽ ഇവരുടെ ജീവിതപോരാട്ടം പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംഘർഷങ്ങളെ എടുത്തുകാണിക്കലും അവയെ ജീവിതസാഹചര്യങ്ങൾക്കനു കൂലമായി പുനർനിർവചിക്കലുമാണ്.

പശ്തുൻ സ്ത്രീകളുടെ കവിതകളിൽ പുരുഷാധിപത്യ പ്രവണതകൾക്കെതിരെയുള്ള പോരാട്ടവും അതേസമയം അതിന്റെ മർദ്ദനങ്ങളിൽ വ്രണപ്പെട്ട് കഴിയുന്ന ലൗകിക ജീവിതത്തിന്റെ ദൈന്യതയും പ്രകടമാണ്.

ലാൻഡെ: ചെറുത്തുനിൽപ്പിന്റെ കാവ്യസ്പർശം

കാന-യി അമൻ സ്ത്രീകളുടെ സാംസ്കാരിക ചെറുത്തുനിൽപ്പിന്റെ പ്രകടമായ കാവ്യ ആവിഷ്‌കാരമാണ് ലാൻഡെ സദസ്​. ലാൻഡെകൾ ദിവസവും കാന-യി അമനിലെ സ്ത്രീകൾ പാടിക്കൊണ്ടിരിക്കുന്നത് കാണാം. പശ്തുൻ കവിതകളിലെ ചെറിയ കാവ്യ ശകലങ്ങളാണ് ലാൻഡെ. പ്രണയം, കാമം, മരണം, വിരഹം എന്നീ പ്രമേയങ്ങൾ ലാൻഡെയുടെ പ്രധാന ഉള്ളടക്കങ്ങളാണ്. പേർഷ്യൻ, പശ്തു, പശ്തു ഇതര ഭാഷകൾ സംസാരിക്കുന്ന സദസിൽ വിജഞാനവും ഉൾക്കാഴ്ചകളും പകർന്നു നൽകുന്ന നിമിഷകവികളുടെ അരങ്ങേറ്റം തന്നെയാണ് കാന-യി അമൻ. ലാൻഡെയുടെ അർഥം ചെറിയ വിഷപ്പാമ്പ് എന്നാണ്. കാവ്യത്തിലെ വരികൾ ചെറുതാണെങ്കിലും അവയിലെ പൊള്ളുന്ന പ്രമേയങ്ങള കുറിക്കാനാണ് സർപ്പത്തിന്റെ രൂപകം കൊണ്ടുവന്നതെന്ന് അഹ്‌സൻ തിർമിദി പറയുന്നു.
ലാൻഡെയിൽ പേർഷ്യൻ ഇതിഹാസ താരങ്ങളായ ലൈലയും മജ്‌നുവും ശിറിനും ഫർഹാദും പതിവ് ബിംബങ്ങളാണ്. കൂടാതെ, പശ്തു എന്ന ഭാഷാസ്വത്വത്തെയും ഇസ്​ലാം മതത്തെയും കുറിക്കുന്ന നിരവധി ആശയങ്ങൾ കാവ്യത്തിന്റെ ഭാഗമായി വരുന്നതായി കാണാം. ലാൻഡെ വാമൊഴി പാരമ്പര്യത്തിന്റെ സ്വത്തായതു കൊണ്ടുതന്നെ കൂട്ടായ്മകളിലും അവകളിൽ നടക്കുന്ന ദീർഘ സംഭാഷണങ്ങളി ലുമാണ് ലാൻഡെ ജീവിക്കുന്നത്.

പ്രധാനമായും മൂന്ന് സവിശേഷതകളാണ് ലാൻഡെയെ അതിജീവനത്തിന് പ്രാപ്തമാക്കുന്നത്.

ഒന്നാമത്തേത്, അതിന്റെ വാചികമായ ആവിഷ്‌കാര രീതി. എഴുത്തിലൂടെ നിലനിൽക്കുന്നതിനുപകരം തലമുറകളായി ചൊല്ലിപ്പറഞ്ഞ് കൈമാറുന്ന കാവ്യപാരമ്പര്യമാണത്.

രണ്ടാമത്, അതിന്റെ ഉൽപാദനത്തിലും ആവിഷ്‌കാരത്തിലും പ്രകടമാകുന്ന അജ്ഞാതത്വം. ആര് രചിക്കുന്നു, ആര് പാടുന്നു എന്നതൊന്നും സംഘടിതമായി പാടുമ്പോൾ ഒരു ചോദ്യമായി ഉയരുന്നേയില്ല.

മൂന്നാമത്, സംഘടിതമായി പാടുമ്പോൾ ഒരു ചെറുത്തുനിൽപ്പുഭാഷ ലാൻഡെക്ക് ലഭിക്കുന്നു. അതാത് ദിവസങ്ങളിൽ നടക്കുന്ന സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന, വൈകാരിക തലങ്ങളെ പ്രകടിപ്പിക്കുന്ന ഒരു സംഘടിത കാവ്യരൂപമായി ലാൻഡെ മാറുന്നു. പ്രത്യേകിച്ച് പശ്തുൻ സ്ത്രീകളുടെ കവിതകളിൽ പുരുഷാധിപത്യ പ്രവണതകൾക്കെതിരെയുള്ള പോരാട്ടവും അതേസമയം അതിന്റെ മർദ്ദനങ്ങളിൽ വ്രണപ്പെട്ട് കഴിയുന്ന ലൗകിക ജീവിതത്തിന്റെ ദൈന്യതയും പ്രകടമാണ്. ലാൻഡെയും പശ്തൂൻ സ്ത്രീകളും തമ്മിലുള്ള ആത്മബന്ധത്തെ പണ്ഡിതോചിതമായി തന്നെ ഗ്രന്ഥകർത്താവ് വിശദീകരിക്കുന്നുണ്ട്.

മജ്‌റൂഹ് (Sayd Bahodine Majrouh)പറയുന്നപോലെ, കഷ്ടതകൾ അനുഭവിക്കുന്ന പശ്തൂൻ സ്ത്രീക്ക് രണ്ടുവഴികളാണ് മുമ്പിലുള്ളത്. ഒന്ന്, ലാൻഡെ പാടുക, രണ്ട്, ആത്മാഹുതി ചെയ്യുക. രണ്ടാമത്തേത്ത് കാന-യി അമനിലെ സ്ത്രീകളെ സംബന്ധിച്ച്​ ദുഷ്‌കരവും അതികഠിനവുമാണ്. ഗ്രിമ (Benedict Grima) വിശദീകരിക്കുന്നത് പശ്തൂൻ സ്ത്രീകൾക്ക് ഗം അഥവാ ദുഃഖം (അവരുടെ ജീവിത വിഷമങ്ങൾ) ലാൻഡെ പാടാനുള്ള (As an interpretive potential) ഒരു ഇന്ധനമായിട്ടാണ്. സ്ത്രീകളുടെ ശബ്​ദം പൊതുഇടങ്ങളിൽ വിലക്കപ്പെട്ടതാണെന്ന് താലിബാൻ നിർവചിക്കുമ്പോൾ പശ്തുൻ സ്ത്രീകളുടെ ലാൻഡെ ഈ പൊതുനന്മയുടെ പുനർ നിർവചനവുമാണ്. ഉദാഹരണത്തിന്, ബുർഖ ധരിച്ച് ലാൻഡെ പാടുന്ന സ്ത്രീകൾ ഈ പൊതുനന്മയുടെ പുനർനിർവചനമായി കാണാം. ഫലത്തിൽ, ലാൻഡെ വ്യത്യസ്തയുടെയും വിമോചനത്തിന്റെയും രാഷ്ട്രീയം ഉച്ചത്തിൽ പറയുന്ന കാവ്യരൂപമായിട്ടാണ് സോണിയ അഹ്‌സൻ വിശേഷിപ്പിക്കുന്നത്. മരണം, പ്രണയം, കഷ്ടതകൾ, ഹിംസ എന്നിവ ലാൻഡെയിലെ മാറിവരുന്ന പ്രമേയങ്ങളിലൊന്നാണ്.

ബദുവിയൻ സ്ത്രീകൾക്കിടയിലെ കവിതാലാപനം അവർക്കിടയിലെ സാമൂഹിക അടുപ്പം വളർത്തുന്നതായി ലൈല അബൂലുഗോദ് നിരീക്ഷിക്കുന്നുണ്ട്. അതുപോലെ, പ്രവചനാതീതമായ ജീവിത സാഹചര്യങ്ങളുള്ള കാന-യി അമൻ സ്ത്രീകൾ അവരുടെ വികാരങ്ങൾക്ക് അർഥവും ജീവനും നൽകുന്നത് കവിത പാടുമ്പോഴാണ്​.

സോണിയ പറയുന്നു; നാനയുടെ കൂടെ കോടതിയിലേക്ക് പോകുന്ന ഒരു ദിവസം. അവളുടെ കാമുകൻ ഉസ്മാൻ താലിബാനിൽ ചേർന്നുവെന്നാണ് പറയപ്പെടുന്നത്. അവനെക്കുറിച്ച് ഒന്നുമറിയാതെയാണ് അവൾ അവനെ വിവാഹം കഴിക്കാൻ തയ്യാറായത്. ഒരിക്കൽ കാന-യി അമനിലുള്ള സമയം അവൾ അവനെ കാണാനിരിക്കയായിരുന്നു. അതുവഴി അവൾക്ക് അവനെ കൂടുതൽ അറിയുകയും ചെയ്യാമല്ലോ. ഞങ്ങൾ പുറത്തേക്കിറങ്ങിയ ഉടനെ, ഒരു സ്ത്രീ വിമുഖ ഭാവത്തോടെ പാടി,നീ നിന്റെ കാമുകനെ കാണും നേരം നീ അവനോട് പറയുക, നിന്നെ ഞാൻ ചുംബിക്കുമെന്ന്.
ഈ അസൂയ കലർന്ന വരികൾ കേട്ട് നാന ഉടൻ പ്രത്യുത്തരമായി പാടി,എടോ വിഢീ, എങ്ങനെയാണ് ഞാൻ അവനെ കണ്ടുമുട്ടുക അവൻ നാളെ വഴിയിൽ വെച്ച് തന്നെ മരണമടയും അവൻ ഓടിപ്പോയത് താലിബാനാകാനാണ് ഇന്ന് ഞാൻ ഏകാന്ത പഥികയായി നഗരം വിട്ടുകടക്കും നിന്നോട് ആര് പറഞ്ഞു ഞാനിന്ന് ഓടിപ്പോകുമെന്ന്? നുണയന്മാർ ഇല്ലാ കഥകൾ മെനയുകയാണ് ഇന്നുതന്നെ നമുക്ക് കുഴിമാടങ്ങൾ കുഴിച്ച് തുടങ്ങാം ശീതകാലം കഴിഞ്ഞുവെന്ന് അവർ പറയുന്നുണ്ട്​.

നാനയുടെ ഈ വരികളിൽ വേദനയും മരണഭീതിയും കാമുകന്റെ തീരുമാനത്തിലെ അനിശ്ചിതാവസ്ഥയും കൃത്യമായി പ്രകടമാകുന്നുണ്ട്. ബദുവിയൻ സ്ത്രീകൾക്കിടയിലെ കവിതാലാപനം അവർക്കിടയിലെ സാമൂഹിക അടുപ്പം വളർത്തുന്നതായി ലൈല അബൂലുഗോദ് നിരീക്ഷിക്കുന്നുണ്ട്. അതുപോലെ, പ്രവചനാതീതമായ ജീവിത സാഹചര്യങ്ങളുള്ള കാന-യി അമൻ സ്ത്രീകൾ അവരുടെ വികാരങ്ങൾക്ക് അർഥവും ജീവനും നൽകുന്നത് കവിത പാടുമ്പോഴാണെന്ന് സോണിയ പറഞ്ഞുവെക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ലാൻഡെ ചരിത്രവും സംസ്കാരവും ജീവിതഗന്ധിയായ പല നിമിഷങ്ങളും ഉൾചേർന്ന ഒരു വിമോചന സാഹിത്യമാണ്.

പശ്തുൻവാലി, ഇസ്​ലാം: താലിബാൻ നിർവചനങ്ങൾ

കൃതിയുടെ നാല്, അഞ്ച്, ആറ് ഭാഗങ്ങൾ താലിബാന്റെ മതശാസന-ബോധനകൾ, താലിബാൻ സ്ത്രീകളുടെ ജീവിതരീതികൾ, മാതൃരാജ്യം, സ്വാഭിമാനം, പൊതു സദാചാരം എന്നിവയെക്കുറിച്ചുള്ള ദൈനംദിന സംഭാഷണങ്ങൾ വിശദമായി സോണിയ ചർച്ചക്കെടുക്കുന്നുണ്ട്. അവർ പ്രധാനമായും ഉന്നയിക്കുന്ന രണ്ട് ചോദ്യങ്ങൾ ഇവയാണ്: എങ്ങനെയാണ് താലിബാൻ അഫ്ഗാൻ സ്ത്രീകളുടെ ദൈനംദിനജീവിതത്തിൽ ഇടപെടുന്നത്? അവ കൊണ്ടുണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണ്?.

അഫ്ഗാനിസ്ഥാനിലെ പൊതുധാർമികതയെക്കുറിച്ചുള്ള ബോധങ്ങളെ ചരിത്രപരമായി രൂപപ്പെടുത്തിയെടുക്കുന്നതിൽ താലിബാന്റെ പങ്ക് ചെറുതല്ല. ഈ വിഷയത്തെ സമഗ്രമായി മനസിലാക്കാൻ സോണിയ പരിശോധിച്ചത് പ്രധാനമായും മതേതരത്വം, ഇസ്​ലാം, സ്ത്രീ, കുടുംബം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്ന താലിബാൻ പ്രസിദ്ധീകരണങ്ങളെയും കുറിപ്പുകളെയുമാണ്. അതിൽ താലിബാൻ ഒഫീഷ്യൽ ഗസറ്റും ശരീഅത്ത് ന്യൂസ്​ പേപ്പറും വളരെ പ്രധാനമർഹിക്കുന്നതാണ്. അഫ്ഗാൻ പുരുഷന്മാരേക്കാൾ പൊതു സദാചാര ചട്ടക്കൂട് സ്ത്രീജീവിതങ്ങളെ നിയന്ത്രിക്കുന്നതിലാണെന്ന് സോണിയ പറയുന്നു. താലിബാൻ, ഇസ്​ലാം എന്ന മതത്തെ പൂർണമായി പ്രതിനിധീകരിക്കുന്നില്ലെങ്കിലും എങ്ങനെ ഒരു മതത്തെ മനസ്സിലാക്കാൻ താലിബാൻ എന്ന ശക്തി ഒരു പ്രധാന റഫറൻസ് പോയിന്റായി ഉദയം ചെയ്യുന്നുവെന്ന് സോണിയ ചോദിക്കുന്നുണ്ട്. സോണിയയെയും അലട്ടുന്ന ചോദ്യം, കാബൂളിന് പുറത്തുള്ള പ്രവിശ്യകളിൽ താലിബാന് എന്തുകൊണ്ടായിരിക്കും ഇത്ര പ്രചുരപ്രചാരം ലഭിക്കുന്നത് എന്നാണ്. അത് അവരുടെ അധികാരശക്തികൊണ്ടുമാത്രമാണോ, അതോ അവർ ഇസ്​ലാമിനെ പ്രതിനിധീകരിക്കുന്നതുകൊണ്ടാണോ, അതോ ഞങ്ങൾ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കുന്നവരാണെന്ന് വാദിക്കുന്നവരായതുകൊണ്ടാണോ? എന്തുമാകാം.

അഫ്ഗാനിസ്ഥാനിൽ, ലിബറൽ ആധുനികതയിൽ നിന്ന് വിഭിന്നമായി, പ്രത്യേക അച്ചടക്ക നടപടികളും അവക്കനുസൃതമായ മേൽനോട്ട സംവിധാനങ്ങളും ജീവിതോൽപാദന രീതികളുമാണ് താലിബാൻ നടപ്പിൽവരുത്തിയിട്ടുള്ളത്. അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പൗരത്വവും പശ്തു സ്നേഹവും അളക്കപ്പെടുന്നത് അവരുടെ ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ടാണ്.

പശ്തു ജനത താമസിക്കുന്ന ഇടങ്ങളിലാണ് താലിബാന് പ്രീതിയും സുസമ്മതിയും ലഭിക്കുന്നത്. കൂടാതെ വടക്കൻ പാക്കിസ്ഥാനിലും താലിബാന് ജനപിന്തുണ കൂടുതലാണ്. ക്യാമ്പിലെ സ്ത്രീകളുമായുള്ള സംഭാഷണങ്ങളിൽ നിന്ന് മനസ്സിലാക്കിയതുപ്രകാരം സോണിയ പറയുന്നത്, താലിബാൻ സ്ത്രീകൾ അവർക്കിടയിലെ പ്രാദേശിക മത പുസ്തകങ്ങൾ വായിക്കുന്നവരും അവയെക്കുറിച്ച് നന്നായി പരിജ്ഞാനമുള്ളവരുമെന്നുമാണ്. ‘വ്യഭിചാര’ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മിക്ക സ്ത്രീകളും ഖുർആനിലെ സൂറ 24 പതിവാക്കിയിരുന്നു. ഹാജറ ബീവിയും മകൻ ഇസ്മാഈലും തമ്മിലുള്ള ചരിത്രകഥ മാതൃസ്നേഹത്തിന്റെയും ഭാര്യയുടെ നിലക്കാത്ത ആത്മവിശ്വാസത്തിന്റെയും അടയാളമായി കാന-യി അമൻ സ്ത്രീകൾ വിവരിച്ചതായി സോണിയ പറയുന്നു. കൂടാതെ, നിയമം ലംഘിച്ചാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വിവിധ ശിക്ഷാനടപടികൾ പൊതുജനം കാൺകെ നടപ്പാക്കുന്ന രീതിയായിരുന്നു താലിബാൻ കൈകൊണ്ടിരുന്നത്. ഇത്തരം ശിക്ഷാരീതിയെക്കുറിച്ച് ക്യാമ്പ് അന്തേവാസികൾക്കിടയിലുണ്ടായ വിവിധ ചർച്ചകളും ഈ കൃതിയിൽ പരാമർശിപ്പെട്ടിട്ടുണ്ട്.

ഏതായാലും, ഒരു അധിനിവേശാനന്തര രാജ്യത്ത് താലിബാൻ ശിക്ഷാ നടപടിക്രമങ്ങളുടെ സ്വാധീനം അവയുടെ സാമ്രാജ്യത്വ ചരിത്രമുപയോഗിച്ച് മനസ്സിലാക്കാവുന്നതാണെന്ന് സോണിയ പറയുന്നു. അവരുടെ ശിക്ഷാക്രമത്തെ അഖില്ലേ എംബെംബെയുടെ (Achille Mbembe) Necropower എന്ന ആശയുമായി സോണിയ കൂട്ടിവായിക്കുന്നുണ്ട്. അധിനിവേശ ഇടങ്ങളിൽ രൂപകൽപന ചെയ്യപ്പെട്ട ബയോ പവർ (മനുഷ്യശരീരം/ജീവിതം കേന്ദ്രീകരിച്ച് ശിക്ഷ നടപ്പിലാക്കുന്ന രീതി) മിഷേൽ ഫൂക്കോയുടെ പ്രധാന വൈജ്ഞാനിക വ്യവഹാരങ്ങളിലൊന്നാണ്. പ്രസ്തുത അധികാര രൂപത്തിന് സമാന്തരമായി തന്നെ രൂപപ്പെട്ട ഒന്നായിട്ടാണ് നെക്‌റോ പവറിനെ എംബെബെ കാണുന്നത്. അഫ്ഗാനിസ്ഥാനിൽ, ലിബറൽ ആധുനികതയിൽ നിന്ന് വിഭിന്നമായി, പ്രത്യേക അച്ചടക്ക നടപടികളും അവക്കനുസൃതമായ മേൽനോട്ട സംവിധാനങ്ങളും ജീവിതോൽപാദന രീതി കളുമാണ് താലിബാൻ നടപ്പിൽവരുത്തിയിട്ടുള്ളത്. മാത്രമല്ല, അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പൗരത്വവും പശ്തു സ്നേഹവും അളക്കപ്പെടുന്നത് അവരുടെ ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ടാണ്.

ജൂഡിത് ബട്​ലർ, സബ മഹ്മൂദ്

പ്രസ്തുത ചർച്ചയിൽ ജൂഡിത് ബട്​ലറിന്റെ Precarity എന്ന ആശയവും സബ മഹ്മൂദിന്റെ Agency as as the capacity for inhabiting norms എന്ന ആശയവും സോണിയ അഹ്‌സൻ കൊണ്ടുവരുന്നുണ്ട്. കാന-യി അമൻ സ്ത്രീകളുടെ മേൽ ചാർത്തപ്പെട്ട ലൈംഗിക ശുദ്ധിയുടെ രാഹിത്യം ബട്​ലർ സൂചിപ്പിച്ച Precarity എന്ന ആശയവുമായി കൂട്ടിവായിക്കാം. താലിബാൻ നിർവചിക്കുന്നതുപോലെയുള്ള ലൈംഗിക സദാചാര ചട്ടക്കൂട് ഭേദിക്കുമ്പോഴുണ്ടാവുന്ന ഈ ലേബൽ തന്നെ അവരുടെ നിലനിൽപിന് വേണ്ടിയുള്ള ചെറുത്തുനിൽപ്പിനായി പ്രേരിപ്പിക്കുന്നതാണ്. നിയമഭേദനം എങ്ങനെയാണ് അഫ്ഗാനിസ്ഥാനിൽ രൂപപ്പെട്ട ലൈംഗികതയുടെ അനുഷ്ഠാനത്തെ സൈദ്ധാന്തികമായി മനസ്സിലാക്കാൻ സഹായിക്കുമെന്ന് സോണിയ വാദിക്കുന്നു. അതുപോലെ, സബ മഹ്മൂദിന്റെ കർതൃത്വത്തെ പുനർനിർവചിക്കാനുള്ള ശ്രമത്തെയും സോണിയ വ്യത്യസ്തമായിട്ടാണ് നോക്കിക്കാണുന്നത്.

ജൂഡിത് ബട്​ലർ, സബ മഹ്മൂദ്, ലൈല അബൂ ലുഗോദ് എന്നീ ചിന്തകർ തുടക്കം കുറിച്ച സ്ത്രീപക്ഷ ചർച്ചകളുടെ ഗഹനമായ സൈദ്ധാന്തിക തുടർച്ച കൂടിയാണ് ഈ കൃതി.

കാന-യി അമനിലെ സ്ത്രീകളെ സംബന്ധിച്ച്​ നിലവിലെ അനുഷ്ഠാനങ്ങൾ നിലനിർത്തുന്നത് മതേതര- ലിബറൽ ആധുനികതക്ക് സമാന്തരമായിട്ടല്ല, മറിച്ച് അവരുടെ ഭൂതവും വർത്തമാനവും ഭാവിയും ഉൾചേർന്ന ഒരു സ്വത്വത്തിന് വേണ്ടിയുള്ള പോരാട്ടമായിട്ടാണ്. അവയിൽ പാരമ്പര്യവും ആധുനികതയും വിരുദ്ധ ചേരിയിൽ നിൽക്കുന്നില്ലെന്ന് സോണിയ സാക്ഷ്യപ്പെടുത്തുന്നു. മറിച്ച് അവർ ശ്രമിക്കുന്നത് നിലവിലുള്ള അധികാര രൂപങ്ങളെ തന്ത്രപരായി എങ്ങനെ കൈകാര്യം ചെയ്ത് ദൈനംദിനജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്നാണ്. ഇത്തരമൊരു ജീവിതസാഹചര്യത്തെ സോണിയ വിളിക്കുന്നത് Promiscuous modern എന്നാണ്. എന്നുവെച്ചാൽ, സ്വന്തം ജീവിതസ്വത്വങ്ങളെ വിവിധ രീതിയിൽ രൂപപ്പെടുത്തുന്ന ശ്രമത്തിലാണ് അവർ. അത് പൂർണമായും പരമ്പരാഗതമോ ആധുനികമോ അല്ല. മറ്റൊരു വാക്കിൽ Nomadic way of being modern എന്നും വിളിക്കാം.

ചുരുക്കത്തിൽ; സ്ത്രീ, സ്വത്വം, ജൻഡർ തുടങ്ങിയ അക്കാദമിക് വ്യവഹാരങ്ങൾക്ക് ഏറെ പുതിയ മാനങ്ങൾ നൽകുന്ന നരവംശശാസ്ത്ര പഠനമാണ് സോണിയയുടേത്. മാത്രമല്ല, ജൂഡിത് ബട്​ലർ, സബ മഹ്മൂദ്, ലൈല അബൂ ലുഗോദ് എന്നീ ചിന്തകർ തുടക്കം കുറിച്ച സ്ത്രീപക്ഷ ചർച്ചകളുടെ ഗഹനമായ സൈദ്ധാന്തിക തുടർച്ച കൂടിയാണ് ഈ കൃതി. പ്രഫസർ നീൽ ഗ്രീൻ പറയുന്നുണ്ട്, ‘താലിബാനെക്കുറിച്ച് എഴുതപ്പെട്ട മിക്ക കൃതികളുടെയും പ്രധാന പ്രശ്‌നം താലിബാനികൾ ഉപയോഗിക്കുന്ന മൂലകൃതികളെക്കുറിച്ചുള്ള ഗാഢമായ അറിവില്ലായ്മയാണ്'. പ്രസ്തുത വൈജ്ഞാനിക വിടവ്​ നികത്തുന്നതാണ് സോണിയയുടെ ഈ ഇടപെടൽ. 2022ലെ ‘മെസ’ ( The Middle East Studies Association) നൽകുന്ന ഫാത്വിമ മെർനീസ്സി അവാർഡിനർഹമായത് ഈ കൃതിയായിരുന്നു. കൃതിയുടെ ആദ്യമദ്ധ്യാന്തം വരെ സോണിയ ഊന്നിപ്പറയുന്ന ഒരു കാര്യമുണ്ട്: ‘ഓടിപ്പോകൽ എപ്പോഴും പാരമ്പര്യത്തിന്റെ ബഹിഷ്‌കരണമല്ല, മറിച്ച് പാരമ്പര്യത്തെ വാരിപ്പുണർന്നുകൊണ്ടുതന്നെ, മറ്റൊരു ലക്ഷ്യത്തിനായുള്ള പ്രയാണമാണ്' (5). ▮

Reference:Asad, Talal. 1986, The Idea of Anthropology of Islam. The Centre for Contemporary Arab Studies. Washington: Georgetown University Press.Green, Nile. 2017, Afghanistan's Islam From Conversion to the Taliban. California: University of California Press.Mahmood, Saba. 2005, Politics of Piety: the Islamic Revival and the Feminist Project. US: Princeton University Press.Monsutti, Alessandro. Anthrpologizing Afghanistan: Colonial and Postcolonial Encounters. Annu. Rev. Anthropol. 2013: 42:269-85Abu-Lughod, Lila. Do Muslim Women Really Need Saving? Anthropological Reflections on Cultural Relativism and Its others. American Anthropologist 104(3): 783-790.Abu-Lughod, Lila. The Debate about Gender, Religion, and Rights: Thoughts of A Middle East Anthropologist. PMLA, Oct., 2006, Vol. 121, No.5(Oct., 2006), pp. 1621-1630.


സാലിഹ് അമ്മിനിക്കാട്

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ദ സെൻറർ ഫോർ ദ സ്​റ്റഡി ഓഫ്​സോഷ്യൽ സിസ്​റ്റത്തിൽ (സി.എസ്.എസ്​) ഗവേഷണ വിദ്യാർഥി. മതം/മതവിജ്ഞാനം/ ലിംഗപരമായ ബന്ധങ്ങൾ- വ്യവഹാരങ്ങൾ എന്നിവയെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്ര/നരവംശശാസ്ത്ര ആലോചനകളിലാണ് ഗവേഷണം.

Comments