സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ എഴുത്തിന്റെ ഭൂമികയായി തെരഞ്ഞെടുത്ത് ധനശാസ്ത്രജ്ഞനായ ഡോ. സി.ടി. കുര്യൻ നടത്തിയ ജനപക്ഷ അന്വേഷണങ്ങളാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച "ജീവിതയാഥാർഥ്യങ്ങളുടെ അർഥശാസ്ത്രം' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. എഴുത്തിലെ ലാളിത്യവും ഉള്ളടക്കത്തിലെ ദരിദ്രപക്ഷവുമാണ് സി.ടി. കുര്യനെ ഇന്ത്യയിലെ വേറിട്ടൊരു ധനശാസ്ത്രജ്ഞനാക്കുന്നത്. ഇന്ന് ധനശാസ്ത്രപഠനത്തെ നിയന്ത്രിക്കുന്ന കമ്പോളപക്ഷ നവലിബറൽ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്ത്, പകരം ജനപക്ഷത്തുനിന്നുള്ള പുതിയൊരു നിലപാട് ഉയർത്തിക്കൊണ്ടുവരുന്നു എന്നതാണ് ‘മാമൂൽ വിട്ട കുര്യൻ ചിന്ത'കളുടെ പ്രത്യേകത.
പരമ്പരാഗത രീതിശാസ്ത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പരികൽപനകളെല്ലാം. സമ്പദ്ഘടനയെന്നാൽ ഉത്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ബൈനറി ബന്ധം മാത്രമല്ലെന്നും ചോദന പ്രദാന സിദ്ധാന്തങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല അതിന്റെ ഉള്ളടക്കമെന്നും ഉച്ചത്തിൽ പറയുന്ന ഈ ഗ്രന്ഥം വ്യാപാരം, ധനകാര്യം, പകരസമ്പത്ത് (proxy wealth) എന്നിവയുടെ കമ്പോള സ്വാധീനത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു.
സാമ്പത്തികശാസ്ത്രം ഒരു സാമൂഹികശാസ്ത്രമാണെന്നും അതിന്റെ ഉള്ളടക്കം മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള പ്രവർത്തന- പ്രതിപ്രവർത്തനങ്ങളാണെന്നും നിത്യജീവിതാനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത
ഇതിനെല്ലാം പുറമെ ഇന്ത്യൻ സമ്പദ്ഘടനയുടെ വേറിട്ടൊരു വിശകലനം കൂടി ഈ പുസ്തകം മുന്നോട്ടുവക്കുന്നു. നവലിബറൽ പരിഷ്‌കാരങ്ങളുടെ കുത്തൊഴുക്കിൽ ഭരണഘടനാമൂല്യങ്ങൾ വരെ ഒലിച്ചുപോകുന്ന ഇന്നത്തെ ഇന്ത്യനവസ്ഥയിൽ പുത്തൻ പ്രതിരോധമുയർത്തി മൂല്യാധിഷ്ഠിത രാഷ്ട്രീയവ്യവസ്ഥ തിരിച്ചുപിടിക്കാനുള്ള പ്രായോഗിക പരിപാടികൾ ഡോ. കുര്യൻ പരിശോധിക്കുന്നു.
ഈ ഗ്രന്ഥത്തിന്റെ അവതരണരീതിയാണ് മറ്റൊരു പ്രത്യേകത. ധനശാസ്ത്രം എന്നാൽ ഏതാനും പട്ടികകളും സമവാക്യങ്ങളും ഗണിതശാസ്ത്രവുമാണെന്ന ധാരണ ഇക്കാലത്ത് ശക്തിപ്പെട്ടുവരികയാണ്. ഈയൊരു സാഹചര്യത്തിൽ ഡോ. കുര്യൻ തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തിൽ സ്വീകരിച്ച സമീപനത്തെപ്പറ്റി പറയുന്നത് നോക്കാം: ""ഗണിതശാസ്ത്ര പ്രയോഗത്താൽ ഏറെ കരുത്താർജിച്ച ഒരു വിജ്ഞാനശാഖയുടെ പദവിയാണ് ഇന്ന് ധനശാസ്ത്രത്തിനുള്ളത്. ഇതിനെ ന്യായീകരിക്കുന്ന ധാരാളം പാഠപുസ്തകങ്ങളും ഇന്ന് ലഭ്യമാണ്. അതുകൊണ്ടുതന്നെ, മറിച്ചൊരു രീതിയിൽ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവർക്ക് അതിന്റെ യുക്തി വായനക്കാരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വമുണ്ട്. അതിനുള്ള ഉത്തരം ഈ പുസ്തകത്തിന്റെ പേരിൽ തന്നെ നൽകിയിരിക്കുന്നു. അതാണ് "ജീവിതയാഥാർഥ്യങ്ങളുടെ അർഥശാസ്ത്രം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്''.
സാമ്പത്തികശാസ്ത്രം ഒരു സാമൂഹികശാസ്ത്രമാണെന്നും അതിന്റെ ഉള്ളടക്കം മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള പ്രവർത്തന- പ്രതിപ്രവർത്തനങ്ങളാണെന്നും നിത്യജീവിതാനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ആ നിലയ്ക്ക് സാധാരണക്കാരായ ജനങ്ങളുടെ ജീവിതയാഥാർഥ്യങ്ങളാണ് ഇവിടെ പ്രതിപാദ്യം. അവ സിദ്ധാന്തങ്ങളല്ല, അനുഭവങ്ങളാണ്.
ചോദന -പ്രദാന രേഖകൾ ക്രമപ്പെടുന്നിടത്താണ് സാമ്പത്തികശാസ്ത്ര പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതെന്ന കമ്പോള ധനശാസ്ത്ര മിഥ്യാധാരണയിൽ നിന്ന് വ്യത്യസ്തമായി, വർധിച്ചുവരുന്ന ഇടനില പ്രവർത്തനങ്ങളും കമ്പോളം വഴി ആർജിക്കുന്ന പകരസമ്പത്തും അതിന്റെ സ്വാധീനവുമാണ് കാര്യങ്ങളെ നയിക്കുന്നതെന്ന് ഡോ. കുര്യൻ ഉദാഹരണസഹിതം വിശദീകരിക്കുന്നു. സാമ്പത്തികശാസ്ത്രത്തിന്റെ ഭൂമികയിൽ കമ്പോളവും ലാഭവും മാത്രമല്ല, മനുഷ്യരും അവരുടെ ജീവിതവും അതുവഴി രൂപപ്പെട്ടുവരുന്ന ബന്ധങ്ങളും വ്യവസ്ഥകളുമെല്ലാം ആദ്യന്തം ഈ കൃതി ചൂണ്ടിക്കാണിക്കുന്നു.
ചരിത്രപരമായി തന്നെ മുതലാളിത്തലോകത്തിന്റെ ഗതിവിഗതികളോടൊപ്പം ബദലുകളായി ഉയർന്നുവന്ന സോഷ്യലിസ്റ്റ് പരിഷ്‌കരണങ്ങളുടെ അവസ്ഥയും ഇതിൽ ചിത്രീകരിക്കുന്നുണ്ട്. ഒപ്പം, പൂർണമല്ലെങ്കിലും ഭാവിസമൂഹത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ട സാമ്പത്തിക- രാഷ്ട്രീയ ഇടപെടലുകളെപ്പറ്റിയുള്ള നിർദേശങ്ങളും അവതരിപ്പിക്കുന്നു. അതോടൊപ്പം, ഏറ്റവും പ്രാഥമികമായ വ്യക്തി- കുടുംബ ജീവിതം മുതൽ ആഗോള സാമ്പത്തിക വ്യവസ്ഥയെപ്പറ്റി വരെ ചർച്ച ചെയ്യുന്നു. കൂടാതെ, ഇന്നത്തെ പ്രധാന പ്രശ്‌നങ്ങളായ സാമ്പത്തിക അസമത്വവും പരിസ്ഥിതി തകർച്ചയും ചേർത്തുവച്ച് പരിശോധിക്കുന്നു.
ധനശാസ്ത്രത്തെ കമ്പോളാധിഷ്ഠിത വിശകലനരീതിയിൽ നിന്ന് മോചിപ്പിച്ചുള്ള അപഗ്രഥനം സാധ്യമാണെന്ന് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ഇന്നത്തെ ജീവിതയാഥാർഥ്യം എന്ന ചട്ടക്കൂടിലൊതുങ്ങാത്ത യുക്തികൾക്കപ്പുറം നിന്നുകൊണ്ട് വികസനം എന്ന പ്രക്രിയയെ പുനർനിർവചിക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ് ഈ പുസ്തകം. ആ അർഥത്തിൽ കഴിഞ്ഞ അറുപത് വർഷമായി ധനശാസ്ത്രവുമായി തലങ്ങും വിലങ്ങും കെട്ടിമറിയുന്ന ഒരു സാമൂഹ്യശാസ്ത്ര പണ്ഡിതൻ എന്ന നിലയിൽ ഡോ. കുര്യൻ നൽകിയ ചരിത്രപരമായ സംഭാവനയാണ് ഈ പുസ്തകം. ▮
(ജീവിതയാഥാർഥ്യങ്ങളുടെ അർഥശാസ്ത്രം: മാമൂൽവിരുദ്ധചിന്തകൾ, ഡോ. സി.ടി. കുര്യൻ, വിവർത്തനം: പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പേജ് 328, വില 400 രൂപ)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.