കേരളത്തിലെ അടിമക്കച്ചവടത്തിന്റെയും അടിമകളുടെയും തമസ്‌കരണം ചരിത്ര അനീതി എന്ന് വെളിപ്പെടുത്തുന്നതാണ് ഡോ. വിനിൽ പോളിന്റെ "അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം' എന്ന പുസ്തകം. കേരളത്തിന്റെ അടിമക്കച്ചവട ചരിത്രം രേഖപ്പെടുത്തുന്ന ഈ കൃതി, ആനുകാലികങ്ങളിലും ഗവേഷണ ജേർണലുകളിലും 2015 മുതൽ 2021 വരെ എഴുതിയ 11 ലേഖനങ്ങളുടെ സമാഹാരമാണ്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ കേരളത്തിലെ അടിമത്തത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തിന്റെ ഭാഗമായ മൗലിക സ്രോതസ്സുകളുടെ സ്വാധീനവും സൂക്ഷ്മ നിരീക്ഷണപാടവവും ഹൃദ്യമായ ആഖ്യാനശൈലിയും ഈ കൃതിയിൽ ശാസ്ത്രീയമായി ഉൾച്ചേർന്നിരിക്കുന്നു.
അടിമ കേരളം, മിഷനറി പ്രസ്ഥാനം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിൽ കേരളത്തിൽ തമസ്‌കരിക്കപ്പെട്ട അടിമക്കച്ചവടത്തിന്റെയും അടിമകളുടെയും ചിരിത്രം ആദ്യ ഭാഗത്തും മിഷനറി പ്രസ്ഥാനത്തിന്റെ ചരിത്രം, രാഷ്ടീയം, ബാസൽ മിഷൻ, തിരുവിതാംകൂറിലെ ഉന്നർവ് ചരിത്രം, പുരാശേഖരങ്ങൾ, അടിമ ക്രിസ്ത്യാനികൾ, ദലിത് ക്രൈസ്തവർ, ബൈബിളിന്റെ കീഴാള വ്യാഖ്യാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശകലനങ്ങൾ രണ്ടാം ഭാഗത്തും ക്രമപ്പെടുത്തിയിരിക്കുന്നു. ആധുനിക കേരള ചരിത്രരചനകളിൽ വേണ്ടത്ര അംഗീകാരം ലഭിക്കാത്ത സാമൂഹികാനുഭവമാണ് കേരളത്തിലെ അടിമജാതികളുടെ ക്രിസ്തുമത സ്വീകരണവും, ദലിത് ക്രൈസ്തവരുടെ കൊളോണിയൽ അനുഭവവും. ഇക്കാര്യം വിനിൽ പോൾ വ്യക്തമാക്കുന്നു: "കൊളോണിയൽ/ മിഷനറി ആധുനികത എന്ന് വിളിക്കപ്പെടുന്ന വ്യവഹാര മണ്ഡലത്തിന് പുറത്ത് ജീവിക്കേണ്ടി വന്നവരും, നിരന്തരമായ കലഹത്തിലൂടെ ഇതിനുള്ളിലേയ്ക്ക് എത്തപ്പെട്ടവരുമാണ് കേരളത്തിലെ ദലിതർ. ഈ വ്യവഹാരത്തിൽ എത്തപ്പെട്ടതിന്റെ ചരിത്രമാണ് രണ്ടാം ഭാഗത്തെ ലേഖനങ്ങൾ'.
കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക മാറ്റങ്ങളുടെ ചരിത്ര വിശകലനങ്ങളിൽ അടിമത്തം എന്ന സംജ്ഞയിൽ ചരിത്രരചന സാധ്യമെന്ന നിലപാടാണ് വിനിൽ പോൾ സ്വീകരിച്ചത്. ആഗോള അടിമത്ത വ്യവസ്ഥിതിയുമായി കണ്ണിചേർക്കപ്പെട്ട കേരളത്തിന്റെ സാമൂഹിക അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ പഠനം. പതിനാറാം നൂറ്റാണ്ടിനുശേഷം കേരളത്തിന്റ ജാതി -സാമൂഹിക - ചരിത്രത്തിൽ ‘അടിമത്തം' ഒരു സാമൂഹിക - സാമ്പത്തിക ക്രമം തന്നെയായിരുന്നുവെന്ന് ഇതിൽ ശാസ്ത്രീയമായി തെളിയിക്കുന്നു.
കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിന്ന പ്രാകൃതമായ അടിമക്കച്ചവട ചരിത്രം മുഖ്യധാരാ അക്കാദമിക് സംവാദങ്ങൾക്കോ ഗവേഷണ പ്രബന്ധങ്ങൾക്കോ വേണ്ടത്ര വിധേയമാക്കിയിട്ടില്ല.
അടിമക്കച്ചവട നിരോധന നിലവിളികൾ പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാരംഭിച്ചതാണ്. ഡെൻമാർക്ക് (1792), ബ്രിട്ടൻ (1807), അമേരിക്ക (1865), ഫ്രാൻസ് (1878) എന്നീ രാജ്യങ്ങൾ അടിമക്കച്ചവടം നിരോധിച്ചെങ്കിലും വളരെക്കാലം അവ ആ രാജ്യങ്ങളിൽ നിലനിന്നു. ബ്രിട്ടിഷ് ഇന്ത്യൻ ഗവൺമെൻറ് 1843-ലും മലബാർ 1843-ലും കൊച്ചി 1854-ലും അടിമസമ്പ്രദായം നിർത്തൽ ചെയ്തു. തിരുവിതാംകൂർ ഭരണാധികാരി റാണി ഗൗരി ലക്ഷ്മിഭായി 1812 ൽ അടിമക്കച്ചവടം നിരോധിച്ചത് വ്യാപക സ്വാധീനം സമൂഹത്തിലുണ്ടായി. മിഷണറിമാർ തെളിയിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം, അച്ചടി, പത്രപ്രവർത്തം, ഭാഷാ പരിഷ്‌കരണ ശ്രമങ്ങൾ എന്നിവ കേരള നവോത്ഥാനത്തിന് പുത്തനുണർവു പകർന്നു. ഇതിൽ സ്വദേശികളും വിദേശികളുമായ വ്യക്തികളും പ്രസ്ഥാനങ്ങളും സമുദായങ്ങളും നിർണായക പങ്കാളിത്തം വഹിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിന്ന പ്രാകൃതമായ അടിമക്കച്ചവട ചരിത്രം മുഖ്യധാരാ അക്കാദമിക്ക് സംവാദങ്ങൾക്കോ ഗവേഷണ പ്രബന്ധങ്ങൾക്കോ വേണ്ടത്ര വിധേയമാക്കിയിട്ടില്ല. കേരളത്തിലെ അടിമത്ത ചരിത്രത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും അനുഭവങ്ങളും മിഷനറി രേഖകളിൽ നിന്നുമാണ് ലഭ്യമാകുന്നത്.
കേരളത്തിലെ അടിമത്തവും അടിമക്കച്ചവടവും പുരാതനവും പാശ്ചാത്യ പദ്ധതികളിൽ നിന്നും വ്യത്യസ്തവുമായിരുന്നു എന്ന് തെളിയിക്കുന്ന നിരവധി ശിലാലിഖിതങ്ങൾ, വട്ടെഴുത്ത്, കോലെഴുത്ത് രേഖകൾ, മുളയിലെഴുതിയ രേഖകൾ, ഗ്രന്ഥവരികൾ, വായ്‌മൊഴി രേഖകൾ എന്നിവ ലഭ്യമാണ്. തരിസാപ്പള്ളി ശാസനത്തിൽ (എ.ഡി. 849) അടിമക്കാശ്, ആൾ അടിയാർ എന്നിവയെക്കുറിച്ച് പരാമർശം ഉണ്ട്. ജാതിവ്യവസ്ഥിതി നിലനിന്നെങ്കിലും അടിമക്കച്ചവടത്തിന് ജാതി പ്രശ്‌നവും തൊട്ടുകൂടായ്മയും തടസമായില്ല. എന്നാൽ അടിമത്തം. അടിമക്കച്ചവടം തുടങ്ങിയ പദാവലികൾ കേരള ചരിത്രത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല.
ലണ്ടൻ മിഷണറി സൊസൈറ്റി (1806), ചർച്ച് മിഷണറി സൊസൈറ്റി (1816), ബാസൽ മിഷണറി പ്രസ്ഥാനം (1839) എന്നിവയുടെ ഔദ്യോഗിക കത്തിടപാടുകളും റിപ്പോർട്ടുകളും മിഷണറി രേഖകളായി കേരള ചരിത്രത്തിൽ അറിയപ്പെടുന്നു. മിഷണറി സ്രോതസ്സുകൾ മാത്രം അവലംബിച്ചു നടത്തിയ അടിമ ജാതികളുടെ ചരിത്രമെഴുത്തിൽ തദ്ദേശീയ സ്രോതസ്സുകൾ കണ്ടെടുത്ത് വിശകലനം ചെയ്യുവാനും അവയോട് വ്യത്യസ്ത ചോദ്യങ്ങൾ ഉന്നയിക്കുവാനും കഴിഞ്ഞിട്ടില്ല എന്ന വാസ്തവം ഡോ. വിനിൽ പോൾ വ്യക്തമാക്കുന്നു: ‘മിഷണറി സ്രോതസ്സിൽ നിന്ന് ചരിത്രകാരന്മാർ പുറത്തെടുത്ത് കേൾപ്പിക്കുന്നത് കീഴാളരുടെ നിലവിളികൾ മാത്രമാണ്. പുലയന്റെയും പറയന്റെയും കരച്ചിലുകളും അവർ നേരിട്ട പീഡനങ്ങളും സുറിയാനി ക്രിസ്ത്യാനികളുടെ ഉപദ്രവവും പുലയ പള്ളിക്കൂടം കത്തിക്കലും മാത്രം അടങ്ങിയ ചരിത്ര ആഖ്യാനങ്ങൾ അല്ലാതെ വേറെ ഒന്നും പറയാനില്ല' (പേജ് 45 ).
ദലിത് വിമോചനം പള്ളികളിൽ പ്രസംഗിച്ചെങ്കിലും അവരെ സഭയിൽ അകറ്റി നിർത്തിയ ചരിത്രമാണ് ലഭ്യമാകുന്നത്. ഇത് ദലിത് വിമോചനമല്ല, വിവേചനമാണെന്ന് ഡോ. വിനിൽ പോൾ സമർഥിക്കുന്നു.
കേരളത്തിലെ ദലിത് ക്രൈസ്തവരുടെ ചരിത്രവും രാഷ്ട്രീയവും വിവേചനത്തിന്റെതാണെന്ന് ഡോ. വിനിൽ പോൾ വ്യക്തമാക്കുന്നു. ക്രിസ്തുമതത്തിന്റെ ഉൾക്കൊള്ളലും പുറന്തള്ളലും നടത്തുന്ന ചരിത്ര വ്യവഹാരമാണ് ദലിത് ക്രൈസ്തവ ചരിത്രം. ദലിതർ ക്രിസ്തുമതത്തിൽ ചേർന്ന അവസരത്തിൽ തന്നെ ജാതി വിവേചനവും തിരസ്‌കരണവും നേരിട്ടു. ദലിത് വിമോചനം പള്ളികളിൽ പ്രസംഗിച്ചെങ്കിലും അവരെ സഭയിൽ അകറ്റി നിർത്തിയ ചരിത്രമാണ് ലഭ്യമാകുന്നത്. ഇത് ദലിത് വിമോചനമല്ല, വിവേചനമാണെന്ന് ഡോ. വിനിൽ പോൾ സമർഥിക്കുന്നു. സാമൂഹികനീതിയോ തുല്യതയോ ക്രിസ്തുമതത്തിൽ നിന്ന്ലഭ്യമാകാതിരുന്ന സാഹചര്യത്തിൽ ദലിതർ ക്രിസ്ത്യൻ വിശ്വാസത്തിന് തുടക്കമിട്ടു. എന്നാൽ പൊതുസമൂഹം ദലിതരുടെ വിവേചനം ക്രിസ്തുമത പ്രശ്‌നമാക്കി തീർത്തു. ഇത്തരത്തിൽ കേരള ചരിതത്തിലും ക്രിസ്തീയസഭയിലും ഉണ്ടായ സാമൂഹിക അനീതികളെക്കുറിച്ചും വിവേചനത്തെക്കുറിച്ചുമുള്ള അന്വേഷണമാണിത്.
കേരളത്തിൽ പ്രചരിച്ച ചരിത്രത്തിൽ ദലിതരെ കർതൃത്വം ഇല്ലാത്തവരും ചിന്താശേഷി നഷ്ടപ്പെട്ടവരും എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ദലിതരുടെ മാനസിക പരിവർത്തനവും വിശ്വാസ സൂചകങ്ങളും വിശകലന വിധേയമായിട്ടില്ല എന്നാണ് വിനിൽ പോളിന്റെ പക്ഷം. കൊളോണിയൽ സ്രോതസ്സുകൾ ആശ്രയിച്ചു നടത്തിയ സാമൂഹിക ചരിത്രത്തിൽ ദലിത് വിഭാഗത്തിന്റെ സ്വത്വം എപ്രകാരമെന്ന അന്വേഷണം ചരിത്രരചനാ സമീപനങ്ങളിൽ മാറ്റമുണ്ടാക്കും എന്നും കേരളത്തിലെ അടിമകൾ നേരിട്ട ക്രൂരതകൾ ചരിത്രപരമായി സൂക്ഷ്മ വിശകലനം നടത്തണമെന്നും അടിമ ആഖ്യാനങ്ങളുടെ വായ്‌മൊഴി ശേഖരണവും വിശകലനവും ചരിത്രരചനകളിൽ അദൃശ്യമാക്കപ്പെട്ട അടിമജാതിയെ കണ്ടെത്തുവാൻ കഴിയുമെന്നും വിനിൽ പോൾ നിരീക്ഷിക്കുന്നു. കേരളത്തിലെ അടിമക്കച്ചവട ചരിത്രം മിഷണറി രേഖകളിൽ നിന്നാണ് ആരംഭിക്കുന്നത്. എന്നാൽ നൂറ്റാണ്ടുകൾ നിലനിന്ന അടിമക്കച്ചവടത്തിന്റെ വേരുകൾ തേടാൻ ചരിത്രകാരന്മാർ ശ്രമിച്ചില്ല എന്നത് ഖേദകരമാണ്. കേരളത്തിലെ അടിമജാതികളുടെ വില്പനയുടെയും ഒളിച്ചോട്ടത്തിന്റെയും ചിരിത്രം പറയുന്നതിലൂടെ കേരളത്തിന്റെ ബഹുമുഖങ്ങളായ ചരിത്രങ്ങൾ ഉണ്ടാക്കുവാൻ കഴിയുമെന്ന് (പേജ് 33) വിനിൽ പോൾ പറയുന്നു.
കേരളത്തിലെ അടിമത്ത സമ്പ്രദായങ്ങൾ ആഗോളതല ചർച്ചകളിൽ എത്തിച്ചത് ക്രിസ്ത്യൻ മിഷണറിമാർ ശേഖരിച്ച അടിമത്താനുഭവങ്ങളും വിവരണങ്ങളുമാണ്. അതിനാൽ, അടിമക്കച്ചവട ചരിത്രമെന്നത് നിലവിലെ കേരള ചരിത്ര രചനകളുടെ അതിർ വരമ്പുകൾ വെളിപ്പെടുത്തുന്നതാണെന്ന് വിനിൽ പോൾ പറയുന്നു. അടിമ ജാതികളുടെ വില്പനയുടെയും ഒളിച്ചോട്ടത്തിന്റെയും കുടിയേറ്റത്തിന്റെയും ചരിത്രം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയുടെ അദൃശ്യ ചരിത്രവുമാണ്. അടിമത്തത്തിന്റെയും അയിത്തത്തിന്റെയും ചരിത്രം പ്രത്യേകം വിശകലനം ചെയ്‌തെങ്കിൽ മാത്രമേ കേരളത്തിലെ ജാതിരൂപങ്ങൾ എന്തെന്നു മനസ്സിലാക്കാൻ കഴിയൂ. കേരളത്തിന്റെ തുറമുഖങ്ങളിൽ നിന്നും അനവധി അടിമകളെ ഡച്ച്, ഫ്രഞ്ച് കമ്പനികൾ അവരുടെ ആഫ്രിക്കൻ കോളനികളിലേക്ക് കയറ്റിയയച്ചിട്ടുണ്ട്. കേരളത്തിലെത്തിയ പോർട്ടുഗീസ് (1498), ഡച്ച് (1667), ബ്രിട്ടീഷ് (1792) അധിനിവേശ സംഘങ്ങൾ കേരളത്തിലെ അടിമക്കച്ചവടത്തെ ആഗോള അടിമ വ്യവസ്ഥിതിയുമായി ബന്ധിപ്പിച്ചു. കേരളത്തിൽ നിന്ന് അടിമകളെ ആഫ്രിക്ക, മൗറീഷ്യ, കേപ് ടൗൺ, പോർച്ചുഗൽ, എന്നിവിടങ്ങളിലേക്ക് കുടിയേറ്റിയതിന്റെ ദീർഘമായ ചരിത്രമാണ് മിഷണറി രേഖകൾ പങ്കിടുന്നത്. എന്നാൽ കോളനി കാലത്ത് കേരളത്തിൽ നടത്തിയ മനുഷ്യക്കച്ചവടത്തിന്റെ രാഷ്ടീയ- സാമൂഹിക തലങ്ങൾ അക്കാദമിക് പഠനങ്ങളിലുണ്ടായില്ല. അടിമക്കച്ചവട സമ്പ്രദായം ബ്രിട്ടീഷ് സാങ്കല്പിക സൃഷ്ടിയെന്നു ചരിത്രകാരന്മാർ വിധി എഴുതിയതിനാൽ കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിന്ന അടിമക്കച്ചവട സമ്പ്രദായം ചരിത്രരേഖകളിൽ ഇടം പിടിച്ചില്ല.
പ്രാദേശിക അടിമച്ചന്തകളുടെ തെളിവ് നൽകുന്ന ഒരു കോടതി വിചാരണ പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്: 1812 ജനുവരി 8, തലശ്ശേരി കോടതി: അസൻ അലി എന്ന മാഹി സ്വദേശിയെ വിചാരണ ചെയ്യുന്നു. ജഡ്ജി: കോടതിക്ക് മുന്നിൽ നടന്ന അന്വേഷണത്തിൽ, അലപ്പുഴയിൽ നിന്നും കുറച്ചു കുട്ടികളെ നിങ്ങൾ ഇവിടേയ്ക്ക് അയച്ചതായി അറിയുന്നു; നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ, എല്ലാ വിവരങ്ങളും പ്രസ്താവിക്കുക? അസൻഅലി: 986 മിഥുനമാസം (ജൂൺ 1811) 500 കണ്ടി കുരുമുളകിന്റെ പൈസഅടയ്ക്കാനും, പിന്നെ ബോംബെയിലേക്കുള്ള പണമടയ്ക്കാനുമായി ബ്രൗൺ സായ്പ് എന്നെ അലപ്പുഴയിലേക്ക് അയച്ചിരുന്നു. ഞാൻ ആലപ്പുഴയിൽ ചെന്നപ്പോൾ കുറെയധികം ആളുകൾ അടിമകളെ വാങ്ങുന്നത് കണ്ടു. ഇത് കണ്ടു ഞാൻ അവിടത്തെ കൊത്തുവാലിന്റെ (ചന്തയുടെ ഓവർസീർ/ പോലീസ് ഉദ്യോഗസ്ഥൻ) അടുക്കൽ ചെന്നു, ആളുകളെ വാങ്ങുന്നതിനെക്കുറിച്ചു അദ്ദേഹത്തോട് പറഞ്ഞു, കുട്ടികളെ വാങ്ങുന്നതിലും വിൽക്കുന്നതിലും ഒരു തടസ്സവുമില്ലെന്നും എനിക്ക് ആവശ്യമുള്ളത്രയും വാങ്ങിക്കോളാൻ കൊത്തുവാൽ [ഒതേനൻ പിള്ള] എന്നോട് പറഞ്ഞു. ഇതനുസരിച്ചു ഞാൻ നിരവധി വ്യക്തികളിൽ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും ഇരുപത്തിയഞ്ച് കുട്ടികളെയും പലസമയങ്ങളിലായി വാങ്ങി. എട്ട് പേരെ ഞാൻ മാഹിയിലേക്കും ആറ് പേരെ ബ്രൗൺ സായിപ്പിന്റെ അടുക്കലേയ്ക്കും അയച്ചു.വീണ്ടും പതിനൊന്ന് പേരെ കൂടി ബോട്ടിൽ കയറ്റി ബ്രൗൺ സായിപ്പിന്റെ അടുക്കലേക്കു അയച്ചു. ജഡ്ജി: ഈ പെൺകുട്ടി ഇടത്തി പറയുന്നു, അവളൊരു നായരാണെന്നു, അങ്ങനെയാണോ? അസൻഅലി: ഇവളെ വിറ്റയാളും ഇവളും എന്നോട് പറഞ്ഞത് അവൾ ഒരു നായർ അല്ലെന്നാണ്. ജഡ്ജി: ഈ രാജ്യത്ത് നിന്ന് മറ്റാരെങ്കിലും കുട്ടികളെ വാങ്ങി കൊണ്ടുപോയിട്ടുണ്ടോ? അസൻഅലി: പൊന്നാനിയിലുള്ള കുഞ്ഞി കണ്ണനും, കോഴിക്കോടുള്ള മറ്റു ചിലയാളുകളും ഏതാണ്ട് നാനൂറ് ആളുകളെ പല വള്ളങ്ങളിലായി വാങ്ങിക്കൊണ്ടു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ജഡ്ജി: ഈ ജില്ലയുടെ അധികാരപരിധിയിൽ ആരെങ്കിലും കുട്ടികളെ വാങ്ങിയിട്ടുണ്ടോ ? അസൻഅലി: തലശ്ശേരിയിലെ ചിലയാളുകൾ വാങ്ങിയതായി കേട്ടിട്ടുണ്ട്, പക്ഷേ അത് എവിടെ നിന്ന് വാങ്ങിയെന്നോ, എത്രപേരെന്നോ എനിക്ക് അറിയില്ല...(അടിമ കേരളത്തിലെ വിചാരണത്തെളിവുകൾ എന്ന അധ്യായത്തിൽ നിന്ന്)
കേരളത്തിലെ സാമ്പ്രദായിക ചരിത്രകാരന്മാരും ഇടതുപക്ഷ ചരിത്രകാരന്മാരും മനുഷ്യക്കച്ചവടത്തിന്റെ ആധികാരിക തെളിവുകൾ കണ്ടില്ലെന്നു നടിക്കുകയും നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മലയാളികളെ കേരളത്തിനകത്തും വിദേശത്തേക്കും വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നതിന്റെ അനവധി മിഷണറി രേഖകളും തദ്ദേശീയ സ്രോതസുകളും ലഭ്യമാണ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും മുസ്ലിംകളും അടിമക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതിന്റെ നിരവധി തെളിവുകളും ലഭ്യമാണ്. കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിന്ന അടിമക്കച്ചവടത്തിനെതിരെ ശബ്ദമുയർത്തിയത് ബ്രിട്ടീഷ് ഭരണാധികാരികളാണ്. കേരളത്തിലെ ഒരു മതവും ഈ കച്ചവടത്തിനെതിരെ ഒരിക്കൽ പോലും എതിർപ്പു പ്രകടിപ്പിച്ചിട്ടില്ല (പേജ് 32) എന്നും വിലയിരുത്തുന്നു. ജാതി വിചാരം നിലനിന്ന കേരളത്തിൽ അടിമസ്ത്രീകളും കുട്ടികളും വിൽപ്പന ചരക്കുകളായി തീർന്നു. അവരിൽ സവർണർ ജാതിഭ്രഷ്ടും തൊട്ടുകൂടായ്മയും ആരോപിച്ചിരുന്നില്ല എന്നും ചരിത്രം സാക്ഷിക്കുന്നു.
ദലിതരെ സംബന്ധിച്ച് ബ്രിട്ടീഷ് ഭരണത്തിന് മുമ്പുള്ള ക്രിസ്തുമതവും ക്രിസ്ത്യാനികളും അവരെ വിൽപ്പന നടത്തിയ ഒരു വിഭാഗം മാത്രമായിരുന്നു എന്ന് രേഖകൾ നിരത്തി വിനിൽ പോൾ തെളിയിക്കുന്നു.
ഡച്ച് കാലത്തെ കൊച്ചിയിലെ അടിമക്കച്ചവട കാഴ്ചകളെക്കുറിച്ച് വിവരിക്കുന്ന ഭാഗം നോക്കുക:‘‘കൊച്ചിയിൽ വെച്ച് തന്നെ അടിമകൾക്ക് പുതിയ പേര് ഇട്ടാണ് അവരെ കപ്പലിൽ കയറ്റിയിരുന്നത്. ചില ഉദാഹരണങ്ങൾ നോക്കാം, 1753-ൽ മിഖായേൽ കിരാഷ് എന്ന ഡച്ച് ഉദ്യോഗസ്ഥൻ മൂന്ന് അടിമകളെ കൊച്ചിയിൽ നിന്നും വാങ്ങി, വേട്ടുവ ജാതിയിൽപ്പെട്ട 28 വയസുള്ള അഞ്ചിപെണ്ണിന് ഡയാന എന്ന് പേര് കൊടുത്തു, എട്ട് വയസുകാരി ചക്കിയിക്കു റോസിൻഡ എന്ന പേരും, പറയ ജാതിയിൽ ഉള്ള അഞ്ചു വയസുകാരൻ കോരന് ഫെബ്രുവരി എന്ന പേരും കൊടുത്തു രജിസ്റ്റർ ചെയ്താണ് കച്ചവടം നടത്തിയത്. ചോഗൻ ജാതിയിൽപ്പെട്ട പതിനാറുകാരൻ കൊമരനു ജനുവരി എന്ന് പേരും, കണ്ടനു ആരോൺ എന്ന പേരും, കൊച്ചിക്കാരൻ അന്തോണി മത്തായി വിറ്റ ഇട്ടി എന്ന പുലയ ബാലന് ജൂപീറ്റർ എന്ന പേരും, പറയ ജാതിയിൽപ്പെട്ട ഇരുപതു വയസുകാരി കൊലഞ്ഞിക്കു ദോറേതേയ എന്ന പേരും കൊടുത്തു. ആൺകുട്ടികൾക്ക് ഇംഗ്ലീഷ് മാസങ്ങളുടെ പേരുകളായിരുന്നു പൊതുവെ നൽകിയിരുന്നത്.’’
ബൈബിൾ, പീഡിതർക്കുള്ള സദ്വാർത്തയും തടവുകാർക്കും ബന്ധിതർക്കുമുള്ള സ്വാതന്ത്യ പ്രഖ്യാപനവും (യെശ 61 : 1-2 ), ദാസൻ- സ്വതന്ത്രൻ എന്ന വിവേചന നിഷേധവും (കൊലോ 3.11 ), ആൺ- പെൺ ഭേദ നിർമാർജനവും (ഗല 3:28) വിളബരം ചെയ്യുന്നെങ്കിലും വിവിധതര വിവേചനങ്ങൾ അനസ്യൂതം സഭകളിൽ നിലനിർത്തുന്നു എന്നത് ദൗർഭാഗ്യകരമാണ്. ബൈബിൾ പരിഭാഷയാണ് കേരളത്തിലെ ക്രിസ്തുമതത്തെ ആധുനികവത്കരിച്ചത്. ദലിതരെ സംബന്ധിച്ച് ബ്രിട്ടീഷ് ഭരണത്തിന് മുമ്പുള്ള ക്രിസ്തുമതവും ക്രിസ്ത്യാനികളും അവരെ വിൽപ്പന നടത്തിയ ഒരു വിഭാഗം മാത്രമായിരുന്നു എന്ന് രേഖകൾ നിരത്തി വിനിൽ പോൾ തെളിയിക്കുന്നു. പള്ളികളിൽ ഞായറാഴ്ച അടിമകളെ പരസ്യമായി ലേലം ചെയ്തിരുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളും അവതരിപ്പിക്കുന്നു. സഭകളിൽ വേദ വ്യാഖ്യാനങ്ങളിൽ കീഴാള പഠനങ്ങളും വിമോചന ദർശനങ്ങളും അവതരിപ്പിക്കുമെങ്കിലും ആത്യന്തികമായി നിലനിൽക്കുന്നത് വിവിധ വിവേചനങ്ങളാണ്. സ്വാതന്ത്യം, തുല്യത, നീതി, അന്തസ്സ്, സ്‌നേഹം എന്നിവ പ്രഭാഷണങ്ങളിലും വ്യാഖ്യാനങ്ങളിലും ഇടം പിടിക്കുമെങ്കിലും വർണ വിവേചനവും ലിംഗവിവേചനവും മനുഷ്യത്വരാഹിത്യവും സ്വാതന്ത്ര്യനിഷേധവും സഭയിലും സമൂഹത്തിലും ശക്തിപ്പെടുകയാണ്. മനുഷ്യനെ ഉല്പന്നമായും ലാഭസ്രോതസ്സായും സമീപിക്കുമ്പോൾ മനുഷ്യക്കടത്തും അവയവക്കച്ചവടവും നിർബന്ധിത അധ്വാനവും ലൈംഗികവേലയും ബാലവേലയും നാടുകടത്തലും അന്യായ തടങ്കൽ ജീവിതവും അടിമത്വത്തിന്റെ നവീനഭാവങ്ങളിൽ അവതരിക്കുന്നു.
കേരളത്തിലെ അടിമകൾ നേരിട്ട ക്രൂരതയുടെ തീവ്രത ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത പീഡനമായതിനാൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇത് പിന്നീട് അടിമത്ത നിരോധന നിയമങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. അടിമ ചന്തകളുടെ ചരിത്രവും അടിമക്കച്ചവടക്കാരായ കുറ്റവാളികളുടെ കോടതി വിചാരണകളും ഡോ. വിനിൽ പോൾ ഹാജരാക്കി അടിമത്ത പഠനം കേരളത്തിന്റെ പരിവർത്തന ചരിത്രത്തെ വിശദമാക്കുവാൻ സഹായിക്കും എന്ന് തെളിയിക്കുന്നു (പേജ് 73-86). കണ്ണൂർ അഞ്ചരക്കണ്ടി തോട്ടത്തിലെ കോടതിരേഖ (1797-98) ബ്രിട്ടനിൽ ചർച്ചാ വിധേയമാകുകയും അടിമത്ത നിരോധനത്തിനുള്ള ചുവടുകൾ ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ അടിമചരിത്രത്തിന് ആഗോള പെരുമ ലഭിക്കുന്ന കണ്ണികൾ ഇതിൽ ദൃശ്യമാക്കുന്നു. പ്രാമാണിക ചരിത്ര, കൈയെഴത്തു രേഖകളും താളിയോലകളും പരിശോധിച്ച വിനിൽ പോൾ, ദലിത്, അടിമ, അടിമത്തം, അടിമക്കച്ചവടം എന്നീ വിഷയങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള എല്ലാ ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളും പഠന വിധേയമാക്കിയാണ് കേരളത്തിലെ അടിമകച്ചവട ചരിത്രം അപഗ്രഥിച്ചിരിക്കുന്നത്.
ഭരണഘടനയിൽ ചൂഷണവും അടിമത്തവും നിരോധിച്ചിട്ടുണ്ടെങ്കിലും അവ ഇന്നും വ്യത്യസ്തരൂപത്തിൽ മനുഷ്യരെ വേട്ടയാടുന്നു. രാഷ്ട്രീയ ഫാസിസവും മതമൗലിക വാദവും കമ്പോള പ്രത്യയശാസ്ത്രവും ഇവയെ ത്വരിതപ്പെടുത്തുന്നു.
മനുഷ്യച്ചരക്ക്, അടിമപ്പണി, അടിമക്കാശ്, അടിമജാതി, അടിമച്ചന്ത, അടിമവേല തുടങ്ങി എത്രയോ പദങ്ങൾ മലയാള ഭാഷയിൽ സജീവമായി നിലനിൽക്കുന്നു. ജന്മനാ അടിമകളായവർ, സമുദായഭ്രഷ്ടും കുറ്റകൃത്യവും വഴി അടിമയായവർ, വിലയ്ക്കുവാങ്ങിയ അടിമകൾ എന്നിങ്ങനെയുള്ള അടിമ വിഭാഗങ്ങളെ വിവിധ തരത്തിൽ കൈമാറ്റം ചെയ്തതിന്റെ ചരിത്രവും ലഭ്യമാണ്. ചരിത്രത്തിൽ ഇടംനേടിയ ഈ സമ്പ്രദായത്തിന്റെ അവശേഷിപ്പുകൾ പുതിയ അർഥതലങ്ങളിൽ ഇന്നും പ്രചരിക്കപ്പെടുന്നു. ഇന്ത്യൻ ഭരണഘടന അനുച്ഛേദം 23-ൽ ചൂഷണവും അടിമത്തവും നിരോധിച്ചിട്ടുണ്ടെങ്കിലും അവ ഇന്നും വ്യത്യസ്തരൂപത്തിൽ മനുഷ്യരെ വേട്ടയാടുന്നു. ലിംഗവിവേചനം, വർണവിവേചനം, ലൈംഗിക ചൂഷണം, മനുഷ്യത്വ രാഹിത്യം, മനുഷ്യ ചൂഷണം, പൗരാവകാശ നിഷേധം, അഭിപ്രായ സ്വാതന്ത്ര്യ നിരോധനം എന്നിവയിലൂടെ മനുഷ്യസമൂഹം അനുദിനം ഇരകളാക്കപ്പെടുന്നു. രാഷ്ട്രീയ ഫാസിസവും മതമൗലിക വാദവും കമ്പോള പ്രത്യയശാസ്ത്രവും ഇവയെ ത്വരിതപ്പെടുത്തുന്നു. ചരിത്രത്തിന്റെ അദൃശ്യമുഖം അനാവരണം ചെയ്യുന്ന ഡോ. വിനിൽ പോളിന്റെ കേരളത്തിന്റെ അടിമക്കച്ചവട ചരിത്രം നീതിപൂർവമായ ചരിത്രരചനയ്ക്കും വ്യാഖ്യാനത്തിനും വഴിയും വെളിച്ചവും പകരുന്നു. കേരള ചരിത്രത്തിൽ ആദ്യശ്യമാക്കപ്പെട്ട മനുഷ്യരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന അടിമക്കച്ചവടത്തിന്റെയും അടിമകളുടെയും ദളിതരുടെയും ചരിത്രം ഡോ. വിനിൽ പോൾ ഇതിൽ അടയാളപ്പെടുത്തുന്നു. കേരളത്തിലെ അടിമക്കച്ചവടത്തിന്റെയും ജാതിവ്യവസ്ഥിതിയുടെയും സാമൂഹിക സാമ്പത്തിക ക്രമങ്ങളുടെയും പുനർവായനയാണിത്. കേരള ചരിത്രത്തിന്റെ ഈ പൊളിച്ചെഴുത്തിൽ അടിമക്കച്ചവടവും അടിമകളും ദലിതരും ദൃശ്യമാകുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.