വൈകാരികതയും സ്‌നേഹവും പകരുന്ന 'മസ്തിഷ്കം'

പരിണാമം പഠിക്കാത്തവർ ഒന്നും പഠിക്കാത്തവരാണെന്ന് പറയുന്ന പോലെ; എതിരൻ കതിരവൻ്റെ ‘മസ്തിഷ്കം’ എന്ന പുസ്തകം വായിക്കാത്തവർ ശാസ്ത്രത്തിൻ്റെ മധുരമറിയാത്തവരാണ് എന്ന് പറയേണ്ടിവരും. ശാസ്ത്രത്തിൽ വൈകാരികതയും സ്നേഹവും എന്നതാണ് ഈ പുസ്തകം സൃഷ്ടിക്കുന്ന സംവേദനം.

വികാരം, വേദന, വിശ്വാസം എന്നിവ മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രാഥമികമായ കാര്യങ്ങളാണ്. അവ തലച്ചോറിൽ എന്ത് പ്രതികരണമുണ്ടാക്കുന്നുവെന്നത് ഏറ്റവും പ്രാഥമികമായ ഒരാകാംക്ഷയാണ്, പ്രത്യേകിച്ച് വിജ്ഞാനകുതുകികൾക്ക്. ആ ആകാംക്ഷ തന്നെയാണ് എതിരൻ കതിരവൻ എഴുതിയ മസ്തിഷ്കം എന്ന പുസ്തകം വാങ്ങാൻ എന്നെ പ്രേരിപ്പിച്ചതും.

പുസ്തകത്തിൻ്റെ തുടക്കം ഓട്ടിസത്തെയും അനുബന്ധരോഗങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങളാണ്. കേവലം ശാസ്ത്രീയ വിശദീകരണങ്ങളെന്നതിലുപരി, മനുഷ്യത്വപരമായ ഉർവ്വരതയോടെ മനസ്സിൽ തേങ്ങലുണ്ടാക്കും വിധമാണ് ഓട്ടിസത്തെ വിശദീകരിച്ചിരിക്കുന്നത്. കേവലം വൈകല്യമല്ല, പരിണാമഘട്ടത്തിലെ കാലം തെറ്റിയ ഒരു കുതിച്ചുചാട്ടമായിരിക്കാം ഓട്ടിസമെന്ന അവസ്ഥ എന്ന നിരീക്ഷണം നമ്മെ ഞെട്ടിക്കും. ഇതൊരു യാഥാർത്ഥ്യമാകാനുള്ള സാധ്യത നിലനിൽക്കുന്നു. കാരണം, അസാമാന്യമായ പല കഴിവുകളും ഓട്ടിസം കുട്ടികൾ പ്രകടിപ്പിക്കാറുണ്ട് എന്നത് തന്നെ. വിശദാംശങ്ങൾ അറിയാൻ പുസ്തകം വായിക്കൽ തന്നെയാണ് വഴി.

സാധാരണഗതിയിൽ ശാസ്ത്രലേഖനങ്ങൾ വിരസമാകാറാണ് പതിവ്. എന്നാൽ മസ്തിഷ്കം എന്ന പുസ്തകത്തിലെ ലേഖനങ്ങളിൽ ജനപ്രിയ സിനിമകളിലെചില പ്രസിദ്ധമായ പ്രയോഗങ്ങൾ, കവിതാ ശകലങ്ങൾ, പഴഞ്ചൊല്ലുകൾ... എന്നിങ്ങനെ പലതും സന്നിവേശിപ്പിച്ചിരിക്കുന്നു. അക്കാരണത്താൽ വായന ഹൃദ്യമായി അനുഭവപ്പെടും, ശാസ്ത്രലേഖനങ്ങളിൽ കാണപ്പെടുന്ന വിരസത ഒഴിവാകുന്നു.

എതിരൻ കതിരവൻ
എതിരൻ കതിരവൻ

ലേഖനങ്ങളിലെമ്പാടും പരമ്പരാഗത വിശ്വാസങ്ങളിൽ ചിലത് ശാസ്ത്രീയ നിഗമനങ്ങളുമായി ഒത്തു പോകുന്നതും, അതേസമയം ചില പരമ്പരാഗത വിശ്വാസങ്ങളിലെ പൊള്ളത്തരം ശാസ്ത്രം പൊളിച്ചടക്കുന്നതും കാണാം. ഉദാഹരണങ്ങളും ഉപമകളും കൊണ്ട് സമ്പന്നമായ ഈ പുസ്തകം ആധികാരിക ശാസ്ത്രപുസ്തകം എന്നതിലുപരി ഉർവ്വരതയുള്ള ഒരു ഗദ്യകാവ്യം പോലെ വൈകാരികോത്തേജനമുണ്ടാക്കുന്നു. സാമാന്യഗതിയിൽ വിരസമാകേണ്ട ശാസ്ത്ര നിഗമനങ്ങൾ മനുഷ്യത്വത്തിൻ്റെയും സ്നേഹത്തിൻ്റെയും ഒരു കൊളുത്ത് നിക്ഷേപിച്ചാണ് കടന്നുപോകുന്നത്.

ശാസ്ത്രകാരരുടെ ഭാഷയിൽ പറഞ്ഞാൽ സന്തോഷമുളവാക്കുന്ന ഡോപമിൻ ഹൃദയത്തിൽ നിക്ഷേപിച്ചാണ് ഓരോ ലേഖനവും കടന്നു പോകുന്നത്. ശാസ്ത്രസംജ്ഞകൾ നിരന്തരം ഉപയോഗിക്കേണ്ടിവരുമ്പോഴും കാവ്യാനുരാഗത്തിൻ്റെ ഒരന്തർധാര സജീവമാണ് പുസ്തകത്തിലുടനീളം.

വ്യാജചികിത്സകരുടെ ഇടം സൃഷ്ടിക്കപ്പെടുന്നതെങ്ങനെയെന്നും ഈ പുസ്തകം സാക്ഷ്യ​പ്പെടുത്തുന്നുണ്ട്. അതേസമയം ശാസ്ത്രീയ ചികിത്സാരീതികളുടെ യുക്തിസഹമായ വിശ്വാസ്യത ബോധ്യപ്പെടുത്തിത്തരികയും, ചില ചികിത്സാ പദ്ധതികളുടെയും പരീക്ഷണങ്ങളുടെയും അപര്യാപ്തത തുറന്നുപറയുകയും ചെയ്യുന്നു. സത്യത്തിലേക്കുള്ള നിരന്തര അന്വേഷണം എന്ന സാധ്യത മുന്നിലുണ്ട് എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

സർഗ്ഗാത്മകതയെ കുറിച്ചുള്ള ശാസ്ത്രനിഗമനങ്ങൾ വിശദീകരിക്കുമ്പോൾ, പ്രമുഖ എഴുത്തുകാരുടെയും ശാസ്ത്രകാരരുടെയും സെലിബ്രിറ്റികളുടെയുമെല്ലാം സവിശേഷ വ്യക്തിത്വങ്ങൾ നമ്മുടെ മനസ്സിലൂടെ കടന്നുപോകും. "പ്രതിഭക്ക് കാരണം രോഗങ്ങളോ'' എന്നന്വേഷിക്കുന്ന ഒരു പുസ്തകമുണ്ട്, കെ.പി അപ്പൻ്റേതായി. ശാസ്ത്രജ്ഞനല്ലാത്ത കെ.പി. അപ്പൻ്റെ പല നിരീക്ഷണങ്ങളും സത്യമായിരുന്നുവെന്ന് ഈ പുസ്തകം സാക്ഷ്യം പറയുന്നു. സർഗ്ഗാത്മകത മാത്രമല്ല; വികാരം, വേദന, വേദനസംഹാരി, വിശ്വാസം- ഇതെല്ലാത്തിനേയും കുറിച്ചുള്ള പല മുൻധാരണകളും ശരിയായിരുന്നുവെന്ന് കൂടി ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. അതേസമയം പല മുൻ തെറ്റിദ്ധാരണകളും തിരുത്തുകയും ചെയ്യുന്നു.

ശാസ്ത്രലേഖനമെഴുതുമ്പോൾ മലയാളഭാഷ വളരെ പരിമിതികൾ സൃഷ്ടിക്കും. പദങ്ങളുടെ അപര്യാപ്തത തന്നെ കാരണം. എന്നാലിവിടെഎതിരൻ കതിരവൻ സംസ്കൃതത്തിൻ്റെ സഹായത്തോടെ പല പദങ്ങളും രൂപപ്പെടുത്തിയിരിക്കുന്നു. ആ പദങ്ങളൊന്നും മുഴച്ചുനിൽക്കുന്നവയല്ല. മറിച്ച് താളാത്മകമായി പരമ്പരാഗത പ്രൗഢഭാഷയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.

പരിണാമം പഠിക്കാത്തവർ ഒന്നും പഠിക്കാത്തവരാണെന്ന് പറയുന്ന പോലെ; എതിരൻ കതിരവൻ്റെ മസ്തിഷ്ക്കം എന്ന പുസ്തകം വായിക്കാത്തവർ ശാസ്ത്രത്തിൻ്റെ മധുരമറിയാത്തവരാണ് എന്ന് പറയേണ്ടിവരും. ശാസ്ത്രത്തിലൂടെ വൈകാരികതയും സ്നേഹവും എന്നതാണ് ഈ പുസ്തകം സൃഷ്ടിക്കുന്ന സംവേദനം.

Comments