ഒന്ന്: സമകാലിക മനുഷ്യരുടെ അതിജീവനം
പാർക്കുന്ന ഇടത്തോട് മനുഷ്യർക്ക് ഉണ്ടാകാവുന്ന സ്വാഭാവികമായ ചേർച്ച നഷ്ടപ്പെടുമെന്നതാണ് പലായനത്തിന്റെ പരിണിതഫലം. അതിജീവനത്തിന് ലോകത്തിന്റെ അതിർത്തികളിലൂടെ എന്തുവിലകൊടുത്തും സഞ്ചരിക്കുന്ന അഭയാർത്ഥികൾക്ക് ഇല്ലാതാവുന്നത് ‘തന്നിട'ത്തിന്റെ ഗന്ധവും ശബ്ദവുമാണ്. എന്തുകൊണ്ടാണ് ഇതേ വിഷയം അധികരിച്ച് ഇത്രയധികം ഫിക്ഷനുകൾ എഴുതപ്പെടുന്നത് എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ലോകവ്യാപകമായി അത്രകണ്ട് പ്രസക്തമായ ഒരു പ്രമേയത്തെ അനുഭവവും ഭാവനയും മുതൽക്കൂട്ടാക്കിക്കൊണ്ട് എഴുതാൻ പുതിയ തലമുറയിലെ സർഗാത്മക സാഹിത്യകാർ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു.
ഇത്തരത്തിൽ വായിക്കപ്പെടേണ്ട ഒരു നോവലാണ്, അസർബൈജാനിൽ ജനിച്ച് ഇപ്പോൾ ജർമനിയിൽ താമസിക്കുന്ന ഓൾഗ ഗ്രജസ്‌നോവയുടെ (Olga Grjasnowa) സിറ്റി ഓഫ് ജാസ്മിൻ. ജൂതവംശജയായ ഓൾഗയും കുടുംബവും റഷ്യയിൽ നിന്ന് ജർമനിയിലേക്ക് കുടിയേറുകയായിരുന്നു. All Russians Love Birch Trees എന്ന ആദ്യനോവലിലൂടെ ശ്രദ്ധേയയായ ഓൾഗയുടെ പുതിയ നോവലാണ് സിറ്റി ഓഫ് ജാസ്മിൻ. ജർമനിൽ നിന്ന് ഇംഗ്ലീഷിലേക്ക് കാറ്റി ഡെർബിഷെയറാണ് ഇത് വിവർത്തനം ചെയ്തത്. സിറിയക്കാരനായ ജീവിതപങ്കാളിയുടെ രാജ്യത്തെ അടുത്തറിഞ്ഞുകൊണ്ടുള്ള രചനാശൈലിയാണ് എഴുത്തുകാരി അവലംബിച്ചിരിക്കുന്നത്. ഭേദിക്കാനുള്ള അതിരുകൾക്ക് ഒട്ടുമേ അവസാനം ഉണ്ടാവില്ല എന്ന വാസ്തവം ഒരിക്കൽക്കൂടി ഉറപ്പാവുന്ന സന്ദർഭങ്ങളാണ് ഓൾഗയുടെ ഈ നോവലിലുള്ളത്.
രാഷ്ട്രീയ തിമിരം ബാധിച്ച സിറിയയുടെ തെരുവുകളെ നിഷ്പക്ഷമായി വീക്ഷിച്ചുകൊണ്ട് ഒരു യൂറോപ്യൻ നോവൽ എഴുതാനാണ് ഓൾഗ ശ്രമിച്ചത്.
ലോകത്തെ അലട്ടുന്ന ഒരു പ്രശ്‌നത്തിന്റെ ഗൗരവം ഒരു രാജ്യത്തിലേക്കോ ഒരു മേഖലയിലേക്കോ സങ്കുചിതമാക്കി ന്യൂനീകരിക്കാതെ, വിശാലവീക്ഷണത്തോടെ എഴുതിയ കൃതിയാണിത്. അരക്ഷിതാവസ്ഥ തളം കെട്ടിനിൽക്കുന്ന സിറിയയിലെ ജീവിതം കാത്തിരിപ്പിന്റേതു കൂടിയാണ്. സമയമെന്നത് ചുരുങ്ങുകയും വ്യാപിക്കുകയും ചെയ്യുന്ന പ്രതിഭാസമാകുന്നത് അസ്ഥിരതയുടെ ലക്ഷണമാകാം. അത്തരത്തിൽ അനുഭവങ്ങളുള്ള, സിറിയയിൽ ജീവിച്ച മൂന്നു കഥാപാത്രങ്ങളുടെ ‘സർവ്വസാധാരണ'മായ കഥയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ആഴത്തിൽ അപഗ്രഥിച്ചാൽ സമകാലത്തെ മനുഷ്യർ അതിവൈകാരികതയില്ലാതെ അതിജീവനം നടത്തുന്നതിന്റെ ആഖ്യാനമാണ് ഓൾഗയുടേത്. സിറിയയാണ് പശ്ചാത്തലമെങ്കിലും ജർമനിയിൽ ജീവിക്കുന്ന എഴുത്തുകാരിയുടെ ലോകത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളാണ് പുസ്തകത്തെ കാലികവും ശ്രദ്ധേയവുമാക്കുന്നത്. രാഷ്ട്രീയ തിമിരം ബാധിച്ച സിറിയയുടെ തെരുവുകളെ നിഷ്പക്ഷമായി വീക്ഷിച്ചുകൊണ്ട് ഒരു യൂറോപ്യൻ നോവൽ എഴുതാനാണ് ഓൾഗ ശ്രമിച്ചതെന്ന് വ്യക്തം.
അമൽ, യൂസുഫ്, ഹമ്മൂദി എന്നീ കഥാപാത്രങ്ങളിലൂടെയാണ് നോവൽ വികസിക്കുന്നത്. ഫ്രാൻസിൽ ഡോക്ടറായി ജോലി ചെയ്തുകൊണ്ടിരുന്ന സിറിയക്കാരനായ ഹമ്മൂദി പാസ്പോർട്ട് പുതുക്കുന്നതിനും മറ്റുമായി സിറിയയുടെ തലസ്ഥാനമായ ദമാസ്‌ക്കസിൽ എത്തുന്നു. പല കാരണങ്ങൾ പറഞ്ഞുകൊണ്ട്, അധികൃതർ അയാൾക്ക് തിരിച്ചു പോകാനുള്ള അനുമതി നൽകുന്നില്ല. ഫ്രാൻസിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത വിധത്തിൽ ഹമ്മൂദി സിറിയയിൽ അകപ്പെട്ടു. മറ്റുവഴികളില്ലാതെ, സിറിയയിൽ ജീവിക്കാനായി അവിടത്തെ ഡോക്ടറായി ജോലിചെയ്യാനുള്ള യോഗ്യതാപരീക്ഷ എഴുതിയ അയാൾ തോൽക്കുന്നു. സാധാരണ ജീവിതമെന്നതുപോലെ പരീക്ഷ ജയിക്കാനും സിറിയയിൽ വേറെ ചില ചിട്ടവട്ടങ്ങളാണുള്ളതെന്നു അയാൾക്ക് പതുക്കെ ബോധ്യമാവുകയാണ്. സിറിയയിലെ കലുഷിതസ്ഥിതിയിൽ ആശങ്കാകുലരായ അമലും കാമുകൻ യൂസുഫും അഭിനേത്രിയും സംവിധായകനുമാവാൻ ശ്രമിക്കുന്നവരാണ്. അസ്സദ് ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികളിൽ ശക്തമായ പ്രതിഷേധമുള്ള അമലും യൂസുഫും പൊതുവെ നിരാശരാണെന്നു പറയാം. സിറിയ എന്ന കലാപാഭൂമിയിൽ നിന്ന് രക്ഷ തേടി, യൂറോപ്പ് എന്ന ഭൂഖണ്ഡത്തെ അഭയം പ്രാപിക്കുന്നവരുടെ തുടർന്നുള്ള ജീവിതവും അലച്ചിലും അസ്വസ്ഥതയും നിറഞ്ഞതായിരിക്കുമെന്ന ഉത്കണ്ഠ ഈ നോവലും പങ്കുവെക്കുന്നു.
ആത്മാർത്ഥതയുള്ള രാഷ്ട്രീയകക്ഷികളും ഭരണസംവിധാനങ്ങളും ഇല്ലാത്ത രാജ്യത്ത് വിപ്ലവത്തിന്റെ പ്രയോജനമെന്താണെന്ന മനോവിചാരമാണ് നോവലിലെ ഒരു കഥാപാത്രം മുന്നോട്ടുവെക്കുന്നത്.
റഷ്യക്കാരിയായ സ്വെറ്റ്‌ലാന ആണ് അമലിന്റെ അമ്മ. ഒരു അവധിക്കാലത്ത് സൗദി അറേബ്യയിൽ ബന്ധുവീട് സന്ദർശിക്കാൻ യാത്രയായ അമലും സഹോദരൻ അലിയും മടങ്ങി സിറിയയിൽ എത്തുമ്പോഴേക്കും അച്ഛൻ അമ്മയെ ഉപേക്ഷിച്ചിരുന്നു. അമലിനോട് അമ്മ മരിച്ചുപോയെന്ന കള്ളമാണ് അച്ഛനായ ബസ്സെൽ പറഞ്ഞു ധരിപ്പിക്കുന്നത്. 1960-കളുടെ ആദ്യം ലെനിൻഗ്രാഡിൽ നിന്ന് കൊണ്ടുവന്ന പിയാനോ അമ്മയെക്കുറിച്ചുള്ള ഓർമയെ ഉദ്ദീപിപ്പിക്കുന്ന വസ്തുവായി അമലിന് അനുഭവപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിന്റെ സമയത്ത് നാസികളുടെ നേതൃത്വത്തിൽ നടന്ന ലെനിൻഗ്രാഡ് ഉപരോധത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സ്വെറ്റ്‌ലാനയുടെ അമ്മയുടെ ചിത്രം ആ പിയാനോയുടെ മുകളിൽ സ്ഥാപിച്ചിരുന്നു. ഓർമകളിലൂടെ അമ്മയെ വീണ്ടെടുക്കാൻ യത്‌നിക്കുന്ന കുഞ്ഞുങ്ങളുടെ ജീവനുള്ള ചിത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കുശേഷമാണ് അച്ഛന് മറ്റൊരു കുടുംബമുണ്ടെന്നു അമൽ തിരിച്ചറിയുന്നത്. അപ്പോഴേക്കും അയാൾ സാമ്പത്തികമായി നല്ല സ്ഥിതിയിലായി കഴിഞ്ഞിരുന്നു. വിപ്ലവത്തെ കാല്പനികമായിക്കാണുന്ന ‘പ്രായോഗികമതി'യായ അയാൾ പ്രക്ഷോഭങ്ങളെ തള്ളിപ്പറഞ്ഞു. ആത്മാർത്ഥതയുള്ള രാഷ്ട്രീയകക്ഷികളും ഭരണസംവിധാനങ്ങളും ഇല്ലാത്ത രാജ്യത്ത് വിപ്ലവത്തിന്റെ പ്രയോജനമെന്താണെന്ന മനോവിചാരമാണ് അയാൾ മുന്നോട്ടുവെച്ചത്. 1982ലെ ഭരണകൂടം ചുക്കാൻ പിടിച്ച ഹമാ കൂട്ടക്കൊലയെപ്പറ്റി അയാൾ ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അമേരിക്ക, ഇസ്രായേൽ, മുസ്‌ലിം സഹോദര സമൂഹം എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുമെന്ന് സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് എല്ലാ ദിവസവും രാവിലെ പ്രതിജ്ഞ ചെയ്യുക എന്നത് ഒരു നിഷ്ഠയായിരുന്നു. അമലിന്റെ സ്മരണയിൽ ഇന്നും ആ രംഗം കൃത്യമായി തെളിഞ്ഞുനിൽക്കുന്നു. അവൾ അങ്ങനെ ജീവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ മുതിർന്നതോടെ, അവളുടെ ചിന്തകൾക്ക് മൂർച്ച കൈവരുകയാണ്. സർക്കാരിന്റെ നിലപാടുകൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ അമലും പിന്തുണ കൊടുത്തു. ഭരണകൂടത്തിന്റെ അധീനതയിലുള്ള രഹസ്യാന്വേഷണവിഭാഗത്തിന്റെ പട്ടികയിൽ തന്റെ പേരും പെട്ടിട്ടുണ്ടെന്നു അറിഞ്ഞ അമൽ രാജ്യം വിടാനുള്ള ശ്രമം ആരംഭിച്ചു. ഈ പ്രതിസന്ധിയിൽ നിന്നു കരകയറാൻ, അച്ഛൻ സഹായിച്ചേക്കുമെന്ന വ്യാമോഹം അവൾക്കുണ്ടായിരുന്നില്ല. എന്നുമാത്രമല്ല അച്ഛന്റെ ഓഫീസിൽ കാര്യം പറയാൻ ചെന്നതോടെ സഹായമൊട്ടും പ്രതീക്ഷിക്കേണ്ടെന്നും അവൾക്ക് ബോധ്യമായി. നിർമാണമേഖലയിൽ വലിയ നിക്ഷേപങ്ങളുള്ള അയാളുടെ ഓഫീസിൽ സിറിയയുടെ പ്രസിഡന്റിന്റെ ഫോട്ടോ വെച്ചിരിക്കുന്നത് അവൾ അർഹിക്കുന്ന പ്രാധാന്യത്തോടെ "കണ്ടു'മനസിലാക്കി. അധികം താമസിയാതെ, ചോദ്യംചെയ്യലിനായി അവളെ ‘ഹോളോകോസ്റ്റ്' എന്ന പേരിലറിയപ്പെടുന്ന രഹസ്യാന്വേഷണകേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയാണ്. അധികാരത്തിന്റെ അടയാളവാക്യമായി നിലകൊള്ളുന്ന പ്രസ്തുതകേന്ദ്രത്തിൽ അസുഖകരമായ നിശബ്ദത കെട്ടിനിന്നു. അവിടെനിന്നും അന്തരീക്ഷത്തിലേക്ക് അസഹനീയമായ ഗന്ധം പരക്കുന്നതായി അനുഭവപ്പെട്ടു. കലാപകാരികളുടെ ലക്ഷ്യങ്ങൾ ഒരിക്കലും സാധ്യമാവില്ല എന്ന താക്കീത് നൽകാനാണ് അധികൃതർ ലക്ഷ്യംവെച്ചത്; അമലിനു അതിരൂക്ഷമായ മുന്നറിയിപ്പും കൊടുത്തു.
കലാപത്തോടനുബന്ധിച്ചുള്ള അരാജകത്വത്തിൽ അമലിനു ശാരീകിമായ പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. യൂസുഫുമായി അകലം വന്നതും ഏതാണ്ടിതേ കാലത്തായിരുന്നു. തന്റേടമുളള വ്യക്തിയാണ് യൂസുഫ് എന്ന പ്രതീക്ഷ സൂക്ഷിച്ച അമൽ നിരാശയാവുകയാണ്. ഒരു ഘട്ടത്തിൽ അവൾ ശാരീരികമായും വൈകാരികമായും തകർന്നുപോകുകയും സിറിയയിൽ നിന്ന് രക്ഷപ്പെടാൻ തീരുമാനിക്കുകയും ചെയ്യുന്നു.
ഭരണകൂടത്തിന്റെ ജനദ്രോഹ പരിപാടികൾ പല രൂപത്തിലും വേഷത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രകടനകലകൾക്ക് വിലക്ക് ഏർപ്പെടുത്തിയ അസ്സദ് ഭരണകൂടം ഇതിനിടയിൽ ഒരുപടികൂടി കടന്നു അവയ്ക്കെതിരെ "വിശുദ്ധയുദ്ധം' കൂടെ പ്രഖ്യാപിച്ചു. തീയേറ്ററുകളും നാടകശാലകളും മറ്റും അടച്ചുപൂട്ടിയതിനു ശേഷം ആയിരക്കണക്കിന് പള്ളികൾ കെട്ടിയുയർത്താൻ ഭരണകൂടം വ്യഗ്രത കാണിച്ചു. തീവ്രഭാവം പുലർത്തുന്ന അറകളായി സമൂഹത്തെ ഭാഗിക്കാനുള്ള ആസൂത്രണം ഇതിനു പിന്നിലുണ്ടെന്നത് തീർച്ചയാണ്. ഈ ചുറ്റുപാടിൽ അമലിന്റെ ജീവിതം കൂടുതൽ ദുഷ്‌കരമായി. ‘മറ്റൊരു' ജീവിതത്തിനായി നാടുവിട്ട അവൾ ലെബനോനിലാണ് എത്തിച്ചേരുന്നത്. നിലനിൽപ്പിനായി ചെറിയ ജോലികൾ സ്വീകരിച്ച അവൾ അവിചാരിതമായി അവിടെ വെച്ച് യൂസുഫിനെ കണ്ടുമുട്ടുന്നു. ലെബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അമലിന്റെ പരിതസ്ഥിതി അത്ര നല്ലതായിരുന്നില്ല. സഹിക്കാവുന്നതിലും അപ്പുറത്തേക്ക് ജീവിതച്ചെലവും ഏറി വന്നു. അതുപോലെ ലെബനോൻ വാസികൾക്ക് സിറിയയുടെ നീക്കങ്ങളിൽ ആശങ്ക ഉടലെടുത്തിരുന്നതിനാൽ ജോലിസ്ഥലത്ത് അമൽ സിറിയക്കാരിയെന്നുള്ള വിവേചനം നേരിടുകയുംചെയ്തു. ലെബനോനിൽ ഇടപെടലുകൾ നടത്തുന്നതിൽ സിറിയയ്ക്കുള്ള താല്പര്യം അവിടത്തുകാരിൽ അലോസരം ഉളവാക്കുന്നത് സ്വാഭാവികമാണല്ലോ.
ഇസ്താംബൂളിൽ നിന്ന് യൂറോപ്പിലേക്കുള്ള മാർഗങ്ങൾ തിരയുന്ന അവർക്ക് തങ്ങളുടെ അറബ് പശ്ചാത്തലം വിനയാകുമോ എന്ന സന്ദേഹമുണ്ട്. എങ്കിലും ദീർഘമായ അലച്ചിൽ അവരുടെ തൊലിയുടെ നിറം കറുപ്പിച്ചിട്ടുണ്ടെന്ന ചെറിയ ആശ്വാസം, വർഗവെറിയിൽ നിന്ന് രക്ഷപ്പെടാമാണെന്ന പ്രതീക്ഷ അവരിൽ ഉണർത്തി.
‘വർഷങ്ങളോളം ഞങ്ങളുടെ രാജ്യത്ത് നേരിട്ടും അല്ലാതെയും ആക്രമങ്ങൾ അഴിച്ചുവിട്ട സിറിയയിൽ നിന്ന് ആളുകൾ ഇപ്പോഴും ഇങ്ങോട്ട് പലായനം ചെയ്യുന്നു. ആഭ്യന്തരയുദ്ധത്തിനിടയിൽ ഞങ്ങൾ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഒരുനേരത്തെ ഭക്ഷണത്തിനായി മണിക്കൂറോളം ഞങ്ങൾക്ക് നീണ്ട വരിയിൽ കാത്തുനിൽക്കേണ്ടി വന്നിരുന്നു. വൈദ്യുതി വിച്ഛേദിച്ചിരുന്ന നാളുകളിൽ, തെരുവുകളിൽ ശവങ്ങൾ നിറഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾ അന്ന് സാക്ഷ്യം വഹിച്ച സംഭവങ്ങളും അനുഭവിച്ചതും ഇന്നത്തെ ഒരു അഭയാർത്ഥിക്ക് ആലോചിക്കാൻ പോലുമാവില്ല' എന്നാണ് അമൽ ജോലി ചെയ്തിരുന്ന ഹോട്ടലിലെ ഷെഫ് അവളെ അറിയിച്ചത്. അവിടെ ജോലി തുടർന്നു കൊണ്ടുപോകാൻ സാധ്യമല്ലാത്തവിധത്തിലുള്ള ഭീതിദമായ കഥകളാണ് അയാൾ അവളോട് പറഞ്ഞുകൊണ്ടിരുന്നത്. എന്തിരുന്നാലും ബെയ്റൂട്ടിൽ ജീവിതം ദുസ്സഹമാവുകയും ഒരുമിച്ചുജീവിച്ചിരുന്ന അമലും യൂസുഫും കടുത്ത സാമ്പത്തികഞെരുക്കം മൂലം പുതിയ ചില തീരുമാനങ്ങളെടുക്കുകയുമാണ്. തുർക്കി വഴി യൂറോപ്പിലേക്ക് കുടിയേറുക എന്ന പോംവഴിയെ അവർക്കുമുന്നിൽ ഉണ്ടായിരുന്നുള്ളു. ഇസ്താംബൂളിൽ നിന്ന് യൂറോപ്പിലേക്കുള്ള സാധ്യമായ മാർഗങ്ങൾ തിരയുന്ന അവർക്ക് തങ്ങളുടെ അറബ് പശ്ചാത്തലം വിനയാകുമോ എന്ന സന്ദേഹവും ജനിക്കുന്നുണ്ട്. എങ്കിലും ദീർഘമായ അലച്ചിൽ അവരുടെ തൊലിയുടെ നിറം കറുപ്പിച്ചിട്ടുണ്ടെന്ന ചെറിയ ആശ്വാസം, വർഗവെറിയിൽ നിന്ന് രക്ഷപ്പെടാമാണെന്ന പ്രതീക്ഷ അവരിൽ ഉണർത്തി.
തുർക്കിയിൽ നിന്ന് ഇറ്റലിയിലേക്ക് കടക്കാനുള്ള പദ്ധതി ചില ഇടനിലക്കാരുടെ സഹായത്തോടെ അമലും യൂസുഫും തയ്യാറാക്കി. അവരെപ്പോലെ തന്നെ ഒരുകൂട്ടം അഭയാർത്ഥികളും യൂറോപ്പിലേക്കുള്ള യാത്രയ്ക്കായി സന്നദ്ധരായിരുന്നു. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എന്ന നിലയിൽ ഇടനിലക്കാർ അവരെ പല പ്രദേശങ്ങളിലേക്കും കൊണ്ടു പോയി. സംഘത്തിൽ അംഗങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. മിനുസമുള്ളതും നനഞ്ഞതുമായ പ്രതലമുള്ള ബോട്ടുകളിൽ അവരെ പുറംകടലിലുള്ള കപ്പലിന്റെയടുത്തേക്ക് ഇടനിലക്കാർ കയറ്റിവിട്ടു. അങ്ങനെ യാതനകൾ സഹിച്ച് ഒരുവിധേന അവർ കപ്പലിൽ കയറിപ്പറ്റി. തടിക്കഷ്ണങ്ങളും മരങ്ങളും മറ്റും കയറ്റിക്കൊണ്ടുപോകുന്ന ആ കപ്പലിൽ, നിലത്തു അടുക്കുകളായി ചേർത്തുവെച്ചതുപോലെ മനുഷ്യർ തിങ്ങിക്കൂടിയിരിക്കുന്ന കാഴ്ചയാണ് അമലും യൂസുഫും കണ്ടത്. അവരിൽ, സിറിയക്കാരും അഫ്ഘാനികളും, ഇറാഖികളും, ഫലസ്തീൻകാരും ഉണ്ടായിരുന്നു. ഒറ്റയ്ക്കുള്ള സ്ത്രീകളും പുരുഷന്മാരും, വൃദ്ധജനങ്ങളും, കൈക്കുഞ്ഞുങ്ങളെ എടുത്ത അമ്മമാരും ഉണ്ടായിരുന്നു. ഈ തിരക്കിനിടയിൽ ഒരു പിഞ്ചുകുഞ്ഞ് അമലിന്റെ സംരക്ഷണത്തിലായി. കാര്യമായി അന്വേഷിച്ചെങ്കിലും ആമിന എന്ന തന്റെ കൈയിൽ ചേർന്നുകിടക്കുന്ന ആ കുഞ്ഞിന്റെ അമ്മയെ കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ അവൾ അമലിന്റെയും യൂസുഫിന്റെയും ജീവിതത്തിന്റെ ഭാഗമാവുകയാണ്. ദുരിതപർവമായിരുന്ന യാത്രയ്ക്കൊടുവിൽ, ഇറ്റലിയിൽ എത്തിപ്പെട്ടപ്പോഴേക്കും എഴുനൂറു യാത്രക്കാരിൽ നാനൂറുപേർ മരണപ്പെട്ടിരുന്നു. യൂറോപ്പിൽ കാലുകുത്തുമ്പോൾ തന്നെ അഭയാർത്ഥിക്യാമ്പിലേക്കുള്ള അപേക്ഷ സമർപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. പക്ഷെ, അനിശ്ചിതത്വം സന്തതസഹചാരിയായിരുന്ന യാത്രയ്ക്കിടയിൽ അമലിന്റെയും യൂസുഫിന്റെയും രേഖകൾ വെള്ളത്തിൽ വീണു നഷ്ടപ്പെട്ടു. ഔദ്യോഗികരേഖകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ, അവർക്ക് "നിയമപര'മായ അഭയാർത്ഥികളാവാൻ കഴിഞ്ഞില്ല. അങ്ങനെ അനധികൃതകുടിയേറ്റക്കാരായ മാറിയ അവർ ഇറ്റലിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.
രണ്ട്: പുതിയ സിറിയ ഒരു സങ്കൽപം മാത്രം
1948ൽ ഇസ്രായേൽ എന്ന രാജ്യം സ്ഥാപിതമായതോടെ ഫലസ്തീനിൽ നിന്നുള്ള ജനങ്ങളുടെ ചിതറലും പലായനവും ഒരു പതിവുകാഴ്ചയായി. അങ്ങനെ ദമാസ്‌ക്കസിൽ വന്നുചേർന്നവരായിരുന്നു യൂസുഫിന്റെ മുത്തശ്ശിയും കുടുംബവും. വിവിധ അഭയാർത്ഥിക്യാംപുകളിൽ അന്തിയുറങ്ങി ജീവിതം മുന്നോട്ടുനയിച്ച അവരുടെ സ്ഥിതി ഒട്ടും സന്തോഷകരമായില്ല. എന്നാൽ സമകാലത്ത് സിറിയയുടെ പല ഭാഗങ്ങളിലുള്ളവർ ദമാസ്‌ക്കസിലേക്ക് വലിയ രീതിയിൽ പലായനം ചെയ്തു തുടങ്ങി. ആലെപ്പോയിൽ നിന്നും ഡിയറെസോറിൽ നിന്നും ഇദ്ലിബിൽ നിന്നും ജനങ്ങൾ കൂട്ടമായി സിറിയയുടെ തലസ്ഥാനത്തു അഭയം തേടി. പിന്തുണയ്ക്കുന്നതിനു പകരം അവരെ പിച്ചിച്ചീന്താനായി സിറിയയിലെ പട്ടാളം വെമ്പൽകൊണ്ടു. പട്ടാളം ഈയിടങ്ങളിൽ നടത്തിയ നരനായാട്ട് ആലോചിക്കാൻ പോലും കഴിയാത്തതാണ്. ആളുകളെ പല തരത്തിൽ പീഡിപ്പിച്ചും പെൺകുട്ടികളെ പട്ടാളക്കാരെക്കൊണ്ട് ബലാത്സംഗം ചെയ്തും അതിനു വിസമ്മതിക്കുന്ന പട്ടാളക്കാരെ വരെ നിർദാക്ഷിണ്യം വധിച്ചും സിറിയൻ പട്ടാളനേതൃത്വം തേർവാഴ്ച നടത്തുകയായിരുന്നു. ശ്മശാനഭൂമിയിൽ നിന്ന് ഏതുവിധേനയും പുറത്തുകടക്കാനുള്ള മനുഷ്യരുടെ ശ്വാസത്തിന്റെ സമ്മർദത്തിൽ സിറിയ വേവുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.
തെരുവുകളിൽ ആർക്കും വേണ്ടാതെ കിടക്കുന്ന ശവങ്ങൾ ജീർണിക്കുകയും വീർക്കുകയും ചെയ്യുന്നത് സ്ഥിരംകാഴ്ചയായി മാറി. കിടക്കയിലും അടുക്കളയിലും കെട്ടിടത്തിന്റെ അടിത്തറയിലും ഇടനാഴിയിലും പൂന്തോട്ടത്തിലും ശവങ്ങൾ കുമിഞ്ഞുകൂടുകയായി.
ടുണീഷ്യയിൽ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂവിപ്ലവത്തിന്റെ അലയൊലികൾ സിറിയയിലും ഒട്ടും വൈകാതെ പടർന്നു. ആശ്ചര്യപ്പെടാനൊന്നുമില്ലാത്ത വിധം, ചെറുപ്പക്കാർ അഴിമതിയിലും സ്വജനപക്ഷപാതത്തിലും അധാർമികതയിലും മുങ്ങിനിൽക്കുന്ന ഭരണകൂടത്തിന് നേരെ തിരിഞ്ഞു. ഉറ്റവരുടെ ജയിൽവാസവും നിർബന്ധിത സൈനികസേവനവും അവരിൽ കൂടുതൽ അമർഷം ജനിപ്പിച്ചു. അസ്സദിന്റെ ആധിപത്യത്തിനുതാഴെ കൊരുത്തെടുത്ത എല്ലാ സ്ഥാപനങ്ങളോടും വിപ്ലവകാരികൾ കലി തീർത്തു. ധർണകളും ചെറുത്തുനിൽപ്പുകളും കടന്നാക്രമണങ്ങളും തെരുവുകളെ തീമഞ്ഞ നിറമാക്കി. ഇങ്ങനെയുള്ള ഒരു പ്രതിഷേധയോഗത്തിൽ വെച്ചാണ് അമൽ ആദ്യമായി യൂസുഫിനെ കാണുന്നത്. ഏതാണ്ട് ഇതേ സമയത്താണ് മെഡിക്കൽ പരീക്ഷയ്ക്കും മറ്റുമായി ഹമ്മൂദി സിറിയയുടെ തലസ്ഥാനത്തു താമസിക്കുന്നത്. അയാൾ അമലിന്റെ അതേ പാർപ്പിടസമുച്ചയത്തിലാണ് താത്കാലികമായി വസിക്കുന്നതെന്നത് യാദൃച്ഛികമാണ്. അവർ ഇരുവരും ഒരിക്കൽ കണ്ടുമുട്ടുകയും ചെയ്യുന്നു.
ഡോക്ടറായി സേവനമനുഷ്ഠിച്ച ഹമ്മൂദി ഇറാഖിനോട് ചേർന്നുകിടക്കുന്ന അയാളുടെ ഗ്രാമത്തിലേക്ക് ഏറെ വൈകാതെ പോകുകയാണ്. അവിടെയാകട്ടെ സിറിയയിലെ പട്ടാളവും ഐസിസും ചേർന്ന് നാശങ്ങൾ വിതയ്ക്കുകയാണ്. അവിടത്തെ ഒരേ ഒരു ഡോക്ടറായ ഹമ്മൂദിക്ക് തീക്ഷ്ണമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു. ഇടതടവില്ലാതെ ബോംബുകൾ വർഷിക്കുകയും ഭക്ഷണത്തിനും മറ്റു അവശ്യവസ്തുക്കൾക്കും വലിയ രീതിയിലുള്ള ദൗർലഭ്യം അനുഭവപ്പെടുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് അയാൾ അവിടെ ജോലി ചെയ്യാൻ ഇടയാവുന്നത്. കലാപകാരികളുടെ പക്ഷത്തുള്ള സഹോദരനിൽ നിന്ന് സ്ഥിതിഗതികൾ മനസ്സിലാക്കിയ ഹമ്മൂദിക്ക് വിപ്ലവം വിജയത്തിലെത്തില്ല എന്ന തോന്നൽ ശക്തമായി. "പുതിയ' സിറിയ എന്ന വിചാരം സങ്കല്പം മാത്രമായി അവശേഷിക്കുമെന്നു അയാൾക്ക് ബോധ്യമായി. ദിനംപ്രതി കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചതോടെ ഹമ്മൂദിയുടെ മാതാപിതാക്കളും അഭയസ്ഥാനം തേടി യാത്രയായി.
പാരിസിലെ പാർക്കുകൾ പോലെയുള്ള സെമിത്തേരികളെ പറ്റി അവിടെ ജീവിച്ച ഹമ്മൂദി ഓർക്കുന്നുണ്ട്. പക്ഷെ, ഇവിടെയാകട്ടെ പാർക്കുകൾ സെമിത്തേരികളായി തീർന്നിരിക്കുന്നു. തെരുവുകളിൽ ആർക്കും വേണ്ടാതെ കിടക്കുന്ന ശവങ്ങൾ ജീർണിക്കുകയും വീർക്കുകയും ചെയ്യുന്നത് സ്ഥിരംകാഴ്ചയായി മാറി. കിടക്കയിലും അടുക്കളയിലും കെട്ടിടത്തിന്റെ അടിത്തറയിലും ഇടനാഴിയിലും പൂന്തോട്ടത്തിലും ശവങ്ങൾ കുമിഞ്ഞുകൂടുകയായി. മുപ്പത്താറുമണിക്കൂറോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ഹമ്മൂദി ചെറിയ സൗകര്യങ്ങളിലാണ് അത്യാസന്നനിലയിലുള്ള രോഗികളെ ശുശ്രൂഷിച്ചത്. കെട്ടിടത്തിന്റെ മുകൾനിലയിൽ ബോംബുകൾ വർഷിക്കുന്നതിനാൽ അതിന്റെ അടിത്തറയിൽ വെച്ചാണ് അയാൾ ചികിത്സ നടത്തിയിരുന്നത്. ഇതുകൂടാതെ പലതരം സാംക്രമികരോഗങ്ങളും ബാധിച്ചു കുട്ടികൾ മരിക്കുന്നതും പതിവായി. പോളിയോ, കോളറ, പകർച്ചപ്പനി എന്നിവയൊക്കെ സ്ഥിരം രോഗങ്ങളായി മാറി. ഈ വെല്ലുവിളികളും ഹമ്മൂദി അഭിമുഖീകരിച്ചു.
സ്വരാജ്യം വിട്ടതിനു ശേഷമാണ് വിപ്ലവത്തിന്റെ അർത്ഥശൂന്യതയെ കുറിച്ച് യൂസുഫ് ഗാഢമായി ആലോചിക്കുന്നത്. ഒരു ഏകാധിപതിയെ മാറ്റിയാലും ആത്യന്തികമായി മറ്റൊരു ഏകാധിപത്യഭരണാധികാരി വീണ്ടും വരുക തന്നെ ചെയ്യുമെന്ന തത്വം പൊതുവിശ്വാസമായി പരിണമിക്കുകയാണ്.
കലാപഭൂമിയിൽ വീഴുന്ന ശവശരീരങ്ങളുടെ മേൽ കണ്ടിരുന്ന പീഡനമുദ്രകൾ ഭയാനകമായിരുന്നു. രാസവസ്തുക്കളാൽ പൊള്ളലേറ്റും, രക്തം കട്ടപിടിച്ചും, കണ്ണുകൾ ചൂഴ്‌ന്നെടുത്തും കാണപ്പെട്ട ശവശരീരങ്ങൾ പതിവുകാഴ്ചയായി മാറി. ഛേദിച്ച അവയങ്ങളെപ്പേറി പിന്നീടുള്ള ജീവിതം കഴിച്ചുകൂട്ടേണ്ടവരും ധാരാളമുണ്ട്. കലാപത്തിൽ പരിക്കേറ്റവരെയും മരണവക്കിലെത്തിയവരെയും ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ സാധിച്ചെങ്കിലും ആത്യന്തികമായി അവരുടെയെല്ലാം സ്വപ്നങ്ങൾക്ക് ഭംഗം തട്ടുകയാണെന്ന ആശങ്ക അയാളിൽ ഉടലെടുത്തു. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും ഒപ്പം വിശപ്പും പട്ടിണിയും പരിഹാരമില്ലാത്ത വൈഷമ്യങ്ങളായി. മനുഷ്യത്വം കെടുത്തുന്ന തരത്തിൽ വിശപ്പ് വേട്ടയാടിയപ്പോൾ, ഭക്ഷണത്തിനായി ഭവനഭേദനങ്ങളും പിടിച്ചുപറിയും വരെ നടന്നു. പ്രതീക്ഷ എന്ന വികാരം അപരിചിതതീരത്തെ അജ്ഞാതസഞ്ചാരികളെപ്പോലെ മാറിനിൽക്കുന്ന സാഹചര്യത്തിലാണ് നോവലിലെ കഥാപാത്രങ്ങൾ ഭാവിയെന്താണെന്നറിയാത്ത പലായനത്തിന് മുതിരുന്നത്. സ്വരാജ്യം വിട്ടതിനു ശേഷമാണ് വിപ്ലവത്തിന്റെ അർത്ഥശൂന്യതയെ കുറിച്ച് യൂസുഫ് ഗാഢമായി ആലോചിക്കുന്നത്. ഒരു ഏകാധിപതിയെ മാറ്റിയാലും ആത്യന്തികമായി മറ്റൊരു ഏകാധിപത്യഭരണാധികാരി വീണ്ടും വരുക തന്നെ ചെയ്യുമെന്ന കഥാപാത്രങ്ങളിൽ രൂഢമൂലമായ തത്വം പൊതുവിശ്വാസമായി പരിണമിക്കുകയാണ്.
പലായനത്തിന്റെ മാർഗങ്ങളും രീതികളും വ്യത്യസ്തമായിരിക്കാം. അനധികൃതമായ കുടിയേറ്റത്തിനു ചില പ്രവണതകളുണ്ടെന്നു നോവലിൽ സൂചനയുണ്ട്. സിറിയക്കാർ പൊതുവെ കുടുംബവുമായി ചേർന്നു വലിയ തിരക്കില്ലാത്ത ബോട്ടുകളിലാണ് പലായനം ചെയ്യുന്നതെങ്കിൽ പാക്കിസ്ഥാനിൽ നിന്നും അഫ്ഘാനിസ്ഥാനിൽ നിന്നുമുള്ളവർ മിക്കവാറും തിരക്കുപിടിച്ച ബോട്ടുകളിലാണ് യൂറോപ്പിലേക്ക് എത്തുന്നത്. രക്ഷ തേടി പോകുന്നവരുടെ കൈവശമുള്ള ഭൂപടവും അനുമാനിച്ചുവെച്ചിട്ടുള്ള ദിശയും ഭിന്നമാണെങ്കിലും കടന്നുപോകേണ്ട ചുറ്റുവട്ടങ്ങൾക്ക് വലിയ സാദൃശ്യമുണ്ട്. നോവലിലെ അധ്യായങ്ങളും കഥാപാത്രങ്ങളുടെ വ്യവഹാരങ്ങളും ഉറപ്പിക്കുന്നതും മറ്റൊന്നല്ലാ. ചുരുക്കത്തിൽ അഭയാർത്ഥി എന്ന സ്വത്വം എത്രമാത്രം സങ്കീർണതകളാൽ ചുറ്റപ്പെട്ടതാണെന്ന വസ്തുതയും അതുയർത്തുന്ന പരീക്ഷണങ്ങളും ആഴങ്ങളും വ്യക്തതയോടെ അവതരിപ്പിക്കാനുമുള്ള ശ്രമമാണ് സിറ്റി ഓഫ് ജാസ്മിൻ. ▮