ചന്ദ്രഗുപ്ത മൗര്യന്റെ സാമ്രാജ്യവും ബാബിലോണുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ചിത്രം

അർഥശാസ്ത്രം മതേതര ഗ്രന്ഥമോ?

ഇടതുപക്ഷ പുരോഗമന ബുദ്ധിജീവികൾ പ്രചരിപ്പിക്കുന്നത് പോലെ ഒരു 'സെകുലർ ടെക്‌സ്റ്റാണോ' അർഥശാസ്ത്രം? അല്ലെന്ന്​ സ്​ഥാപിക്കുകയാണ്​ ലേഖകൻ

""നമ്മുടെ ഭൂതകാലനേട്ടങ്ങൾ സമ്പൂർണമായും സംരക്ഷിക്കുകയും കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ല. എന്നാൽ, ശ്രേഷ്ഠമായ ഭാവിസമൂഹത്തെ സൃഷ്ടിക്കുകയെന്നതാണ് പ്രധാനം.''- ഡോ.ബി.ആർ. അംബേദ്കർ.

ഡോ.ബി.ആർ. അംബേദ്കർ.
ഡോ.ബി.ആർ. അംബേദ്കർ.

""ഹിന്ദുയിസത്തിന്റെ ജ്ഞാനസിദ്ധാന്തങ്ങളോടും അസ്തിത്വ ദർശനങ്ങളോടുമുള്ള ഈ വിമർശനാത്മക ഇടപെടലുകൾ ഭാവനയുടെ നിരപേക്ഷവത്കരണത്തിന് അനിവാര്യമാണ്. ജ്ഞാനോദയപ്രസ്ഥാനം എന്നാൽ ഇതല്ലാതെ മറ്റൊന്നുമല്ല.''-മീരാനന്ദ.

അർഥശാസ്ത്രം ഒരു മതേതരഗ്രന്ഥമാണെന്ന ആശയത്തിന് ഇപ്പോൾ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. പുരോഗമന ആശയത്തിന്റെ വക്താക്കളായ ചിലരുടെ നേതൃത്തത്തിലാണ് അർഥശാസ്ത്രം എന്ന ഗ്രന്ഥത്തെ മതേതരപാഠമായി ഉറപ്പിച്ചെടുക്കാനുള്ള ശ്രമം ശക്തമായി നടന്നുകൊണ്ടിരിക്കുന്നത്. കൗടില്യ വിരചിതമെന്ന് കരുതപ്പെടുന്ന അർഥശാസ്ത്രം ഇടതുപക്ഷപുരോഗമന ബുദ്ധിജീവികൾ പ്രചരിപ്പിക്കുന്നത് പോലെ ഒരു "സെകുലർ ടെക്‌സ്റ്റാണോ' എന്ന "വസ്തുത' തീർച്ചയായും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. അടിസ്ഥാനപരമായി അർഥശാസ്ത്രം ചാതുർവർണ്യ ജാതി സമ്പ്രദായത്തിൽ ഊന്നിയുള്ള സാമൂഹ്യഘടനയെയും, അത്തരം സാമൂഹ്യഘടനയെ നീതികരിക്കുന്ന രാഷ്ട്രസംവിധാനവുമാണ് ഭാവന ചെയ്യുന്നത്.

അർഥശാസ്ത്രത്തിൽ വിനയാധികാരികത്തിൽ ത്രയീസ്ഥാപന എന്ന മൂന്നാമദ്ധ്യായത്തിൽ വ്യക്തമാക്കുന്നത്, ""ത്രയിയിൽ ഉപദേശിക്കുന്ന ഈ ധർമം നാലു വർണങ്ങൾക്കും നാലാശ്രമങ്ങൾക്കും സ്വധർമസ്ഥാപനം ചെയ്യുന്നതിനാൽ ഉപകരിക്കുന്നു.''(ഏഷ ത്രയിധർമശ്ചതുർണാം വർണാനാമാശ്രമാണാം ച സ്വധർമസ്ഥാപനാദൗപകാരികഃ, ത്രയീസ്ഥാപന, പ്രകരണം.1, അധ്യായം.2, വിനയാധികാരികം) എന്നാണ്. "ത്രയി' എന്നതുകൊണ്ട് ഋഗ്വേദം, യജുർവേദം, സാമവേദം മുതലായ വേദത്രയികളെയാണ് അർഥമാക്കുന്നത്.

മീരാനന്ദ
മീരാനന്ദ

അർഥശാസ്ത്രമനുസരിച്ച് അഥർവ വേദത്തിനും ഇതിഹാസങ്ങൾക്കും വേദപദവി തന്നെയാണുള്ളത്. പക്ഷേ, പ്രധാന സ്ഥാനം ഋക്ക്, യജുസ്, സാമം മുതലായ മൂന്ന് വേദങ്ങൾക്കാണ്. ത്രയിയിൽ ഉപദേശിക്കുന്ന "ധർമം' നാലു വർണങ്ങൾക്കും നാലാശ്രമങ്ങൾക്കും സ്വധർമസ്ഥാപനം ചെയ്യുന്നതിന് ഉപകരിക്കുന്നു എന്ന് പറയുന്നതിലൂടെ ചാതുർവർണ്യജാതിബദ്ധമായ സാമൂഹ്യക്രമം പരിപാലിക്കുന്ന രാഷ്ട്രമീംമാസയാണ് അർഥശാസ്ത്രം മുന്നോട്ട് വെക്കുന്നതെന്ന് വ്യക്തം. "സ്വധർമം' എന്നത് "വർണധർമ'മാണെന്ന് മനു അർത്ഥശങ്കയ്ക്കിടമില്ലാത്തവണ്ണം സ്പഷ്ടമാക്കുന്നുണ്ട്.വരം സ്വധർമ്മോ വിഗുണഃ ന പാരക്യ സ്വനുഷ്ഠിതഃ പരധർമ്മേണ ജീവൻ ജീവൻ ഹി സദ്യഃ പതതി ജാതിതഃ (മനുസ്മൃതി. 10.97)

ഗുണഹീനമായാലും സ്വധർമമനുഷ്ഠിക്കുന്നതാണ് നല്ലത്. അല്ലാതെ എത്ര നന്നായി അനുഷ്ഠിച്ചാലും പരധർമ്മം ഗുണകരമായിരിക്കുകയില്ല. എന്തെന്നാൽ അന്യജാതിയുടെ വൃത്തികളനുസരിച്ച് ജീവിക്കുന്നവർ അപ്പോഴേ ജാതിഭ്രഷ്ഠരായിത്തീരുന്നുവെന്ന് മനു പ്രസ്താവിക്കുന്നു. "സ്വധർമം' എന്നത് വർണധർമം അഥവാ ജാതിധർമമാണെന്നാണ് ഇതിൽ നിന്നും തെളിയുന്നത്.
ബ്രാഹ്‌മണന്റെ സ്വധർമം അധ്യയനം, അധ്യാപനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം; ക്ഷത്രിയന്റേത് അധ്യയനം, യജനം, ദാനം, ശാസ്ത്രാജീവം, പ്രാണി പാലനം എന്നിവ; വൈശ്യന്റേത് അധ്യയനം, യജനം, ദാനം, കൃഷി, പശുപാലനം, വാണിജ്യം എന്നിവ; ശൂദ്രന്റേത് ദ്വിജാതികളുടെ ശൂശ്രൂഷ, വാർത്ത, ശിൽപികർമം, കുശീലവകർമം എന്നിവകളുമാണെന്ന് അർഥശാസ്ത്രം രേഖപ്പെടുത്തുന്നു (സ്വധർമോ ബ്രാഹ്‌മണസ്യാധ്യയനമധ്യാപനം യജനം യാജനം ദാനം പ്രതിഗ്രഹശ്ചേതി. ക്ഷത്രിയസ്യാധ്യയനം യജനം ദാനം ശാസ്ത്രജീവോ ഭൂതരക്ഷണം ച. വൈശ്യസ്യാധ്യയനം യജനം ദാനം കൃഷിപാശുപാല്യേ വണിജ്യാച. ശൂദ്രസ്യ ദ്വിജാതിശുശ്രൂഷാ, വാർത്താ കാരുകുശീലവ കർമ ച, പ്രകരണം1, അധ്യായം:2, ത്രയീസ്ഥാപനാ.) സമൂഹത്തെ നാലു തട്ടുകളായി തിരിച്ചുകൊണ്ടുള്ള ശ്രേണീകൃതവും അസമത്വപൂർണവുമായ വ്യവസ്ഥയാണ് അർഥശാസ്ത്രം നിയമരൂപേണ അവതരിപ്പിക്കുന്നത്. ഈ വ്യവസ്ഥായകട്ടെ ജാതി വ്യവസ്ഥയെ സനാതനമായി നിലനിർത്താനുതകുന്ന ഒന്നാണെന്ന് സ്പഷ്ടവുമാണ്.

ചന്ദ്രഗുപ്ത മൗര്യൻറെ സാമ്രാജ്യം
ചന്ദ്രഗുപ്ത മൗര്യൻറെ സാമ്രാജ്യം

ഇങ്ങനെ ചാതുർവർണ്യബദ്ധമായ "സ്വധർമം'- സ്വർഗത്തിനും നിത്യസുഖത്തിനും കാരണമാകുമെന്നും, ഈ ലോകക്രമത്തെ അതിക്രമിച്ചു നടന്നാൽ ലോകം സങ്കരം വന്നു നശിച്ചു പോകുമെന്നും അർഥശാസ്ത്രകാരൻ പറയുന്നു- ""സ്വധർമഃ സ്വർഗ്ഗയാനന്ത്യായ ച. തസ്യാതിക്രമേ ലോക: സങ്കരാദുച്ഛിദ്യേത''.

എന്നാണ് അർഥശാസ്ത്രകാരൻ പറയുന്ന ആ "സങ്കരം'? വർണസങ്കരത്തെപ്പറ്റിയാണ് അർഥശാസ്ത്രകാരൻ ആശങ്കപ്പെടുന്നതെന്ന് വ്യക്തം. ബ്രാഹ്‌മണാദി വർണങ്ങളിൽ പെട്ടവർ അന്യോന്യം വ്യഭിചരിക്കുന്നതുകൊണ്ടും ഏകഗോത്രവിഭാഗം കൊണ്ടും സ്വകർമങ്ങളുടെ ത്യാഗം കൊണ്ടും വർണസങ്കരമുണ്ടാകുന്നുവെന്ന് മനു പറയുന്നു""വ്യഭിചാരേണ വർണാനാമവേദ്യാ വേദനേന ച സ്വകർമ്മണാം ച ത്യാഗേന ജായന്തേ വർണസങ്കരാഃ''
(മനു.10.24)

അതായത് വർണക്രമം വിട്ടുള്ള വിവാഹത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും വർണസങ്കരം സംഭവിക്കുമെന്നാണ് മനു സിദ്ധാന്തിക്കുന്നത്. സ്വകർമ്മങ്ങളുടെ ത്യാഗം എന്നത് കൊണ്ട് അതാത് വർണങ്ങൾക്ക് വിധിച്ച വർണധർമങ്ങൾ ത്യജിക്കുന്നതാണെന്ന് മനു പറയുന്നുണ്ട്-സ്വേഭ്യഃ സ്വേഭ്യസ്തു കർമ്മഭ്യശ്ച്യുതാ വർണ്ണാഹ്യനാദപി പാപാൻ സംസൃത്യ സംസാരാൻ പ്രേഷ്യതാം യാന്തി ശത്രുഷു
(മനു.12-70).

ബ്രാഹ്‌മണാദിവർണങ്ങൾ അവരവർക്കു വിധിച്ച കർമങ്ങൾ ചെയ്യാതിരുന്നാൽ പാപയോനികളിൽ ജനിക്കുകയും ജന്മാന്തരങ്ങളിൽ ശത്രുക്കളുടെ ഭൃത്യരായിത്തീരുകയും ചെയ്യുന്നു എന്നാണ് മനു വെളിവാക്കുന്നത്. അതായത്, ഓരോ വർണത്തിനും ജാതിക്കും പറഞ്ഞിട്ടുള്ള തൊഴിൽക്രമങ്ങൾ പരിത്യജിക്കാൻ അവർക്കൊന്നും തന്നെ അവകാശമില്ലെന്നാണ് ഇതെല്ലാം കാണിക്കുന്നത്. വർണസങ്കരമെന്നത് ജാതിശുദ്ധി നശിപ്പിക്കുന്ന ഒരു പ്രക്രിയയാണെന്നും മനു സമർഥിക്കുന്നുണ്ട്.-യത്ര ത്വേതേ പരിധ്വംസാജ്ജായതേ വർണ്ണദുഷകാഃ രാഷ്ടിരകൈഃ സഹ തദ്രാഷ്ട്രം ക്ഷിപ്രമേവ വിനശ്യതി
(മനു.10.61)

എവിടെയാണോ ജാതിശുദ്ധി നശിപ്പിക്കുന്ന ഈ വർണസങ്കരമുണ്ടാകുന്ന രാജ്യം, ആ രാജ്യം രാജ്യവാസികളോടൊപ്പം ക്ഷിപ്രം നശിച്ചുപോകുമെന്നും മനു പറയുന്നു.
സ്വധർമം നിത്യസുഖത്തിനും സ്വർഗത്തിനും കാരണമാകുമെന്ന് പറയുന്നതിലൂടെ അർഥശാസ്ത്രകാരൻ ലക്ഷ്യമിടുന്ന ലോകക്രമം ചാതുർവർണ്യ ജാതിക്രമം നിലനിൽക്കുന്നതാണെന്ന് സ്പഷ്ടം. സ്വധർമത്തെ അതിക്രമിച്ചു കടന്നാൽ ലോകം സങ്കരം വന്ന് നശിച്ചുപോകുമെന്ന് പറയുന്ന അർഥശാസ്ത്രകാരൻ മനുവിന്റെ പാതയാണ് പിന്തുടരുന്നതെന്ന് വ്യക്തം. അർഥശാസ്ത്രകാരനായ കൗടില്യന്റെ കാലഘട്ടം മൗര്യവംശകാലമാകാമെന്ന് കരുതപ്പെടുന്നുണ്ട്. ചന്ദ്രഗുപ്തമൗര്യന്റെ ബ്രാഹ്‌മണമന്ത്രമായിരുന്നു കൗടില്യനെന്നും വിശ്വസിക്കപ്പെടുന്നു.

പൊതുവർഷാരംഭത്തിന് മുൻപ് നാലാംശതകത്തിലാണ് കൗടലീയാർഥശാസ്ത്രം രചിക്കപ്പെട്ടുവെന്നാണ് പൊതുവായ പണ്ഡിതമതം. എന്നാൽ ഇന്ന് ലഭ്യമായിട്ടുള്ള അർഥശാസ്ത്രം പൊതുവർഷം ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ രചിക്കപ്പെട്ടതാണെന്നാണ് പണ്ഡിതയായ വെൻഡി ഡോണിഗർ നിരീക്ഷിക്കുന്നത്. പൊതുവർഷം ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ രചിക്കപ്പെട്ട അർഥശാസ്ത്രം മനുസ്മൃതിയിലെ ആശയങ്ങൾ കൂടി ഉൾച്ചേർക്കപ്പെട്ട് മറ്റൊരു രൂപാന്തരത്തിന് വിധേയമായത് പൊതുവർഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെന്നും വെൻഡി ഡോണിഗർ നിരീക്ഷിക്കുന്നുണ്ട്. അർഥശാസ്ത്രവും മനുസ്മൃതിയും പരസ്പരം സ്വാധീനിക്കപ്പെടുകയും, ഇത്തരം സ്വാധീനത്തിന്റെ ഫലമായി കൂട്ടിച്ചേർക്കലുകൾക്കും ഉൾക്കൊള്ളലുകൾക്കും വിധേയമായിട്ടാണ് ഇന്ന് കാണുന്ന രൂപത്തിലേക്കെത്തിയിട്ടുള്ളതെന്നും വെൻഡി ഡോണിഗർ ചരിത്രപരമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട്. (കാണുക; Reading the Kamtsaura:The Mare's Trap and other Essays on vatsyayana's masterpiece, Wendy, Doniger, Speaking Tiger Publishing Pvt Ltd, New Delhi, 2015,pp.3941). മനുസ്മൃതിയും ഇന്ന് കാണുന്ന രൂപത്തിലെത്തിച്ചേർന്നത് നൂറ്റാണ്ടുകളിലൂടെ നിരവധി ഉൾപരിവർത്തനങ്ങൾക്ക് വിധേയമായിട്ടാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മനുസ്മൃതിയിൽ വന്നു ചേർന്നിട്ടുള്ള അർഥശാസ്ത്രത്തിന്റെ സ്വാധീനത്തെ പറ്റി വെൻസി ഡോണിഗർ അവരുടെ മുൻപ് സൂചിപ്പിച്ച പഠനത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.

രാജധർമ്മത്തെ സംബന്ധിച്ചതും മറ്റുമായ പല വിഷയങ്ങളും സ്മൃതികാരനായ "മനു' ഗ്രന്ഥരചനക്ക് അർഥശാസ്ത്രത്തെ ആശ്രയിച്ചിട്ടുള്ളതായി വെൻഡി ഡോണിഗർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൊതുവർഷം രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് അർഥശാസ്ത്രത്തിന്റെ സ്വാധീനം മനുസ്മൃതിയിൽ സംഭവിക്കുന്നതെന്ന് ഡോണിഗർ പറയുന്നു. ഇപ്രകാരം തന്നെ പൊതുവർഷം രണ്ടാം നൂറ്റാണ്ടിൽ മനുസ്മൃതിയിലെ ആശയങ്ങൾ കൂടി ഉൾച്ചേർത്തുകൊണ്ട് അർഥശാസ്ത്രം പുതിയ പരിവർത്തനത്തിന് വിധേയമായ കാര്യവും വെൻഡി ഡോണിഗർ സൂചിപ്പിക്കുന്നുണ്ട്. ഇന്ന് കാണുന്ന രൂപത്തിൽ മനുസ്മൃതി രൂപാന്തരപ്പെടുന്നത് ബി.സി.ഇ 2-ാം നൂറ്റാണ്ടിനും സി.ഇ 3-ാം നൂറ്റാണ്ടിനും ഇടയിലുള്ള കാലസഞ്ചാരത്തിലൂടെയാണ്. ഈ മനുസ്മൃതി തന്നെയും അതിന് മുൻപ് രചിക്കപ്പെട്ട ധർമസൂത്രങ്ങളുടെ സ്വാധീനഫലമായി കൂടി രൂപപ്പെട്ടുവന്നതാണെന്ന വസ്തുതയും ഓർമിക്കേണ്ടതുണ്ട്. (കാണുക, Manus code of Law, Patrick Olivelle, Oxford University Press, pp. 34, The Discourse of what is primary, Journal of Indian Philosophy, Vol.21,pp. 301 393) ചുരുക്കത്തിൽ മനു മുന്നോട്ടുവെച്ച ചാതുർവർണ്യ ലോകക്രമം തന്നെയാണ് അർഥശാസ്ത്രത്തിലും തെളിഞ്ഞുകാണുന്നത്.

അമേരിക്കൻ ഇന്റോളജിസ്റ്റ് വെൻഡി ഡോണിഗർ
അമേരിക്കൻ ഇന്റോളജിസ്റ്റ് വെൻഡി ഡോണിഗർ

രാജാവിന്റെ ധർമം സ്വധർമപാലനമാണെന്നും അർഥശാസ്ത്രം പ്രസ്താവിക്കുന്നു.തസ്മാത് സ്വധർമം ഭൂതാനാം രാജാ ന വ്യഭിചാരയേത് സ്വധർമം സംദധാനോ ഹി പ്രത്യ ചേഹ ച നന്ദതി വ്യവസ്ഥിതാര്യമര്യാദഃ കൃതവർണാശ്രമസ്ഥിതിഃ ത്രയ്യാ ഹി രക്ഷിതോ ലോകഃ പ്രസീദതി ന സീദത
(വിനയാധികാരികം, പ്രകരണം, 1, ത്രയീസ്ഥാപന, അധ്യായം,2)

ജനങ്ങളുടെ സ്വധർമത്തെ രാജാവ് തെറ്റാതെ നോക്കണമെന്നും, സ്വധർമം പരിപാലിക്കുന്നതിലൂടെയാണ് ഇഹത്തിലും പരത്തിലും സൗഖ്യമുണ്ടാകുന്നതെന്നും വർണാശ്രമങ്ങളെ ത്രയിവിദ്യകൊണ്ട് പരിപാലിച്ചാൽ ലോകം തെളിയുമെന്നും, ക്ഷയിക്കുകയില്ലെന്നും അർഥശാസ്ത്രം പറഞ്ഞുവെക്കുന്നു. ഇവിടെ പറയുന്ന "സ്വധർമം' ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് സ്പഷ്ടമാണല്ലോ.

"നീചനായ രാജാവ് നീചന്മാർക്ക് മാത്രമേ ഉപയോഗയോഗ്യനാവുകയുള്ളു' എന്നത് സ്ഥാപിക്കാനായി അർഥശാസ്ത്രകാരൻ ഒരു ദൃഷ്ടാന്തം ഉദ്ധരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ചണ്ഡാളന്മാരുടെ കിണറ് ചണ്ഡാളന്മാർക്കു മാത്രമേ ഉപയോഗയോഗ്യമാക്കുയുള്ളൂ.. മറ്റുള്ളവർക്ക് ഉപയോഗിപ്പാൻ പാടില്ല എന്നതാണ് ആ ദൃഷ്ടാന്തം (യഥാ ചണ്ഡാലോദപാന ചണ്ഡാലാനാമേവോപഭോഗ്യോ നാന്യേഷാമേവമയം രാജാ നിചോ നീചാനാമേവോപഭോഗ്യോ നത്വദ്വിധാനാമാര്യാണാം. അസൗ രാജാ പുരുഷവിശേഷജ്ഞഃ, തത്ര ഗമ്യതാം ഇതി മാനിവർഗമുപജായതേ, അർഥസശാസ്ത്രം, പ്രകരണം, 10, പരവിഷയേ കൃതാകൃത്യ പക്ഷോപഗ്രഹംഃ, 14-ാം അധ്യായം) ചണ്ഡാളന്മാരുടെ കിണറ് മറ്റുള്ളവർ ഉപയോഗിക്കാത്തതിന് കാരണം അയിത്തജാതി വിഭാഗങ്ങളായതിനാലാണ്. സവർണരുടെ കിണർ അവർണർക്കും തൊട്ടുകൂടാത്ത ഒന്നായിരുന്നു. അവർണർ സ്പർശിച്ചാൽ കിണറും ജലവും അശുദ്ധമാകും എന്നതാണ് അതിന് കാരണം. നീചന്മാരുടെ രാജാവ് ചണ്ഡാളരുടെ കിണറ് പോലെയാണെന്നും അത്തരം നീച രാജാക്കന്മാരെ ആര്യന്മാർക്ക് സേവിപ്പാൻ കൊള്ളില്ലെന്നും പറയുന്നതിലൂടെ അർഥശാസ്ത്രകാരൻ ലക്ഷ്യമിടുന്ന സാമൂഹ്യക്രമം ചാതുർവർണ്യബദ്ധമാണെന്ന് സ്പഷ്ടമാണ്. ജനാധിപത്യത്തിന്റെ പൊടിപോലും ഇല്ലാതെ ജാതി വെച്ചുപുലർത്തുന്ന ഒരു ഗ്രന്ഥത്തെയാണ് ചിലർ മതേതരഗ്രന്ഥമെന്ന് വാഴ്ത്തുന്നത്.

രാജനിവേശത്തെ പറ്റി പറയുമ്പോൾ അർഥശാസ്ത്രം പറയുന്നത് പ്രകൃഷ്ടവും ചതുർവർണങ്ങൾക്ക് ആശ്രയിക്കത്തക്കതായ വാസ്തുവിലായിരിക്കണം രാജനിവേശം നടത്തേണ്ട് എന്നാണ് (പ്രവീരേ വാസ്തുനി രാജനിവേശശ്ചാതുർവർണ്യ സമാജീവേ). അതായത് ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിൽ അസമത്വപൂർണമായി മനുഷ്യരെ തരംതിരിക്കുന്ന സാമൂഹ്യവ്യവസ്ഥയാണ് രാജാവ് സൃഷ്ടിക്കേണ്ടതെന്ന് അർഥശാസ്ത്രകാരൻ നിർദേശിക്കുന്നു. ഋത്വിക്കുകൾ, പുരോഹിതന്മാർ , ശ്രോത്രിയന്മാർ തുടങ്ങിയവർക്ക് വസ്തുവകകൾ ദണ്ഡകരങ്ങളൊഴിവാക്കി ബ്രഹ്‌മദേയമായി കൊടുക്കണമെന്നും അർഥശാസ്ത്രം ശാസിക്കുന്നു (ഋത്വിഗാചാര്യപുരോഹിത ശ്രോതിയേഭ്യോ ബ്രഹ്‌മദേയാന്യദണ്ഡകാരണ്യഭിരൂപദായകാനി പ്രയച്ഛേദ്, രണ്ടാമധികരണം, അധ്യക്ഷപ്രചാരം, പത്തൊമ്പതാം പ്രകരണം, ജനപദനിവേശം, ഒന്നാം അധ്യായം).

ബ്രാഹ്‌മണർക്ക് ഭൂമി ദണ്ഡകരങ്ങളൊഴിവാക്കി വസ്തുവകകൾ നൽകണം എന്ന് നിർദേശിക്കുന്ന അർഥശാസ്ത്രം പാഷണ്ഡരുടെയും ചണ്ഡാളരുടെയും പാർപ്പിടം ശ്മശാനസമീപത്തായിരിക്കണെന്ന് വ്യക്തമാക്കുന്നു (പാഷണ്ഡചണ്ഡാലാനം ശ്മശാനാന്തേ വാസഃ) ;ചണ്ഡാളനും ശ്വപചനും ഗ്രാമത്തിന് വെളിയിൽ താമസിക്കണമെന്നാണ് മനുവും പറയുന്നത്. (ചണ്ഡാല ശ്വപചാനം തു ബഹിർഗ്രാമാത് പ്രതിശ്രയഃ, മനു 10.51) മനുവിന്റെയും അർഥശാസ്ത്രകാരന്റെയും ലക്ഷ്യങ്ങൾ ഒന്ന് തന്നെയാണെന്നാണ് ഇത് കാണിക്കുന്നത്. ഇരുവരും ചണ്ഡാളരെ തീർത്തും അയിത്തമുള്ള ജനവിഭാഗമായിട്ടാണ് ഗണിച്ചിരുന്നത്. മനുഷ്യരിൽ ഒരു വിഭാഗത്തിന് സൗഭാഗ്യപൂർണമായ ജീവിതം നയിക്കുന്നതിനാവശ്യമായ വസ്തുവകകൾ യാതൊരു കരവും ഈടാക്കാതെ നൽകുകയും മറ്റൊരു വിഭാഗത്തെ തീർത്തും അശുദ്ധരായി കണക്കാക്കി ഗ്രാമത്തിന് വെളിയിൽ തള്ളി ശ്മശാനവാസികളായി കണക്കാക്കുന്ന ഗ്രന്ഥമാണ് അർഥശാസ്ത്രം.

ദക്ഷിണേന്ത്യയിലെ ആദിവാസികൾ / പഴയചിത്രം
ദക്ഷിണേന്ത്യയിലെ ആദിവാസികൾ / പഴയചിത്രം

അർഥശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ മനുഷ്യർ നാല് ശ്രേണികളായിട്ടാണ് തരംതിരിക്കപ്പെട്ടിരുന്നത്. അതിൽ ബ്രാഹ്‌മണാദികൾ ഉത്തമജന്മാക്കളും ചണ്ഡാളർ ഹീനരിൽ ഹീനരുമാണ്. മനുഷ്യരെ തുല്യരായി പരിഗണിക്കാത്ത അർഥശാസ്ത്രം എങ്ങനെയാണ് മതേതരഗ്രന്ഥമാകുന്നത്? മതേതരം എന്ന ആശയത്തിന് തന്നെ അപമാനകരമാണ് അർഥശാസ്ത്രത്തെ മതേതരത്വത്തോട് ചേർത്തുവെക്കുന്നത്.
വർണഭേദമനുസരിച്ച് സ്വത്തിലുള്ള അവകാശവും ഭേദപ്പെട്ടിരിക്കുന്നതായി അർഥശാസ്ത്രത്തിലെ ധർമസ്ഥീയത്തിൽ അംശവിഭാഗം എന്ന ആറാം അധ്യായത്തിൽ വിശദമാക്കുന്നുണ്ട്. ബ്രാഹ്‌മണ ക്ഷത്രിയരാദിയായവർക്ക് തങ്ങളുടെ അടുത്ത വർണത്തിലുണ്ടായ പുത്രന്മാർ സവർണരും, അടുത്തതിന്റെ പിന്നത്തെ വർണത്തിലുണ്ടായവർ അസവർണരുമാണെന്നും അർഥശാസ്ത്രം സ്ഥാപിക്കുന്നു (ബ്രാഹ്‌മണക്ഷത്രിയോനന്തരാ പുത്രാഃ സവർണാഃ ഏകാന്തരാ അസവർണാഃ).

മ്ലേച്ഛന്മാർക്ക് തങ്ങളുടെ സന്താനങ്ങളെ വിൽക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുന്നതിൽ ദോഷമില്ലെന്നും, എന്നാൽ ആര്യനായ ഒരുവന് ഒരിക്കലും ദാസത്വം വരുത്തുവാൻ പാടില്ലെന്നും അർഥശാസ്ത്രം നിർദേശിക്കുന്നു. (മ്ലേച്ഛാനാമദോഷഃ പ്രജാം വിക്രേതുമാധാതും വാ, നത്വേവാര്യസ്യ ദാസഭാവഃ) ഉത്തമവും മധ്യമവും അധമവുമായിട്ടുള്ള കർമങ്ങളിൽ യഥാക്രമം ഉത്തമ മധ്യമ അധമ ജാതിക്കാരായിട്ടുള്ളവരെ അധ്യക്ഷനാക്കണമെന്ന് അർഥശാസ്ത്രം നിർദ്ദേശിക്കുന്നു. ( ഉത്തമ മധ്യമാവരേഷു ച കർമസു തജ്ജാതികമദ്ധ്യക്ഷം കുര്യാത്, ഗാണനിക്യാധികാരം) ഇങ്ങനെ പറയുന്നതിലൂടെ ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള തൊഴിൽക്രമം സ്ഥിരപ്പെടുത്താനാണ് അർഥശാസ്ത്രം ലക്ഷ്യമിട്ടത്. ബ്രാഹ്‌മണാദികളുടെ കർമം ഉത്തമവും അവിടെ നിന്നും താഴേക്ക് ഓരോരുത്തരുടേയും കർമം മ്ലേച്ഛതയിലേക്ക് പോകുന്ന രീതിയിലാണ് ചാതുർവർണ്യക്രമത്തിന്റെ ശ്രേണീസ്വഭാവം. ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിലിനെ സ്ഥാപനവത്കരിക്കുകയാണ് അർഥശാസ്ത്രം. മുദ്ഗരമെന്ന ആയുധത്തിന്റെ അടയാളമുള്ള വസ്ത്രം ഒഴികെ മറ്റൊരു വസ്ത്രം രജകന്മാർ ധരിച്ചാൽ അവർ മൂന്ന് പണം ദണ്ഡം അടയ്ക്കണം (മുദ്ഗരാങ്കാദന്യദ് വാസഃ പരിദധാനാസ്ത്രിപണം ദണ്ഡം) എന്ന് പറയുന്നതിലൂടെ രജകന്മാരെ പ്രത്യേക ജാതിയായി തിരിച്ചറിയുക എന്ന ലക്ഷ്യമാണ് അർഥശാസ്ത്രകാരനുള്ളതെന്ന് വ്യക്തം. ജാതിയുടെ അടിസ്ഥാനത്തിൽ വസ്ത്രാഭരണാദികൾ ധരിക്കാൻ നിർദേശിക്കുന്നതിലൂടെ വസ്ത്രധാരണത്തിലൂടെ ജാതിശരീരം തിരിച്ചറിയാനുള്ള ഉപാധി സൃഷ്ടിക്കുകയാണ് അർഥശാസ്ത്രമെന്നും സ്പഷ്ടം.

മുളകൊണ്ട് കൊട്ട നിർമ്മിക്കുന്ന ഉത്തർ പ്രദേശിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ ( 1916)
മുളകൊണ്ട് കൊട്ട നിർമ്മിക്കുന്ന ഉത്തർ പ്രദേശിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ ( 1916)

തികച്ചും ബ്രാഹ്‌മണ ആൺകോയ്മാവ്യവഹാരത്തിലധിഷ്ഠിതവും ശ്രേണീകൃതമായ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ളതുമായ സാമൂഹ്യക്രമത്തെ സൃഷ്ടിക്കാൻ നിയമങ്ങൾ രൂപപ്പെടുത്തിയ അർഥശാസ്ത്രം സമ്പൂർണമായി മാനവികതാവിരുദ്ധവും കീഴാളവിരുദ്ധവുമായ ഒരു പുസ്തകമാണ്. ഇത്തരമൊരു ഗ്രന്ഥത്തെ മതേതരപാഠമായി ഉറപ്പിക്കാൻ ശ്രമിക്കുന്നവർ യഥാർഥത്തിൽ ഇന്ത്യൻ ഭരണഘടനയെ അപമാനിക്കാനും അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നത്.

അർഥശാസ്ത്രം ശ്രേണീകൃതമായ അസമത്വത്തെ പരിപാലിക്കുന്നതിനോടൊപ്പം തന്നെ സ്ത്രീവരുദ്ധമായ സാമൂഹ്യവ്യവസ്ഥ നിലനിന്ന് കാണുന്നതിന് കൂടിയാണ് ആഗ്രഹിക്കുന്നത്. സ്ത്രീകൾ പുത്രാർത്ഥം സൃഷ്ടിയ്ക്കപ്പെട്ടവരാണെന്ന ആശയം അർഥശാസ്ത്രത്തിൽ കാണാം. (പുത്രാർത്ഥാ ഹി സ്ത്രിയഃ). കൂടാതെ ഭാര്യ അവിനീതയായിരുന്നാൽ അവരെ അച്ചനില്ലാത്തവളെ അമ്മയില്ലാത്തവളെ എന്നിങ്ങനെ വിളിച്ചുകൊണ്ട് മുളവടികൊണ്ടോ, കയറുകൊണ്ടോ, കൈ കൊണ്ടോ അടിച്ച് വിനയം ഗ്രഹിപ്പിക്കണെന്നും അർഥശാസ്ത്രം നിർദേശിക്കുന്നു (നഗ്നേ, വിനഗ്നേ, ന്യംഗേ, അപിതൃകേ, അമാതൃകേ ഇത്യനിർദേശേന വിനയഗ്രാഹണം വേണുദളഹസ്താനാമന്യതമേന വാ പൃഷ്ഠേ ത്രിരാഘാതഃ). ആര്യസ്ത്രീയെ സ്പർശിക്കുന്ന ചണ്ഡാളനെയും, ശാക്യന്മാർ, ആജീവകന്മാർ മുതലായവരെയോ, ശൂദ്രരെയോ, പ്രവ്രജിതന്മാരെയോ ദേവപിതൃകാര്യങ്ങളിൽ ഊട്ടുന്നവന് നൂറ്പണം ദണ്ഡം നൽകാൻ അർഥശാസ്ത്രം വിധിക്കുന്നുണ്ട് (ചണ്ഡലസ്യാര്യാം സ്പൃശതഃ........ ശാക്യജീവകാദീൻ വൃഷലപ്രവ്രജിതാൻ ദേവ പിതൃകാര്യേഷു ഭോജയതഃ ശത്യോ ദണ്ഡഃ). ഇതിൽ നിന്നും ത്രൈവർമികരൊഴികെയുള്ള എല്ലാ മനുഷ്യരേയും തികച്ചും അധമരും ഹീനരുമായി കാണുന്ന സാമൂഹ്യവീക്ഷണമാണ് അർഥശാസ്ത്രം ഉൾക്കൊള്ളുന്നതെന്ന് സ്പഷ്ടം.

സമ്പൂർണമായി സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവും സാമൂഹ്യനീതിക്ക് നിരക്കാത്ത ആശയങ്ങൾക്ക് എതിരായതുമായ ഒരു ഗ്രന്ഥത്തെ മതേതരഗ്രന്ഥമായി അവതരിപ്പിക്കുവാൻ ശ്രമിക്കുന്നവർ ഹിന്ദുത്വ - ബ്രാഹ്‌മണ്യ ആശയങ്ങളുടെ വക്താക്കളാണ്. പുരോഗമനം, മതേതരം എന്നൊക്കെ ആരോപിക്കപ്പെടുന്ന ചില ആശയങ്ങൾ കണ്ടെടുത്ത് അർഥശാസ്ത്രത്തെ പോലെ മനുഷ്യവിരുദ്ധമായ ഒരു ഗ്രന്ഥത്തെ മതേതരപാഠമായി ഉറപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ ഡോ. ബി.ആർ. അംബേദ്കറും സഹോദരൻ അയ്യപ്പനും ഉണർത്തിവിട്ട ജ്ഞാനോദയയുക്തി ചിന്താപാരമ്പര്യത്തിനെതിരായി പ്രതിലോമ ആധുനികതയുടെയും, ശാസ്ത്രവിരുദ്ധതയുടേയും മാനവികതാവിരുദ്ധതയുടെയും ആശയങ്ങൾ പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ▮


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments