ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ സ്മരണകൾ എന്ന പുസ്തകം (എഡിറ്റർ: ടി.ടി. ശ്രീകുമാർ, പ്രസക്തി ബുക്സ്, 2026) ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെയും അതിന്റെ സൈദ്ധാന്തിക പ്രതിസന്ധികളേയും പുനരന്വേഷിക്കുവാൻ ഉപയുക്തമായ ചരിത്രപരമായ ഒരേടാണ്.
ആഗോള കമ്മ്യൂണിസ്റ്റ് ചരിത്രത്തോടുള്ള കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രതികരണങ്ങളുടെ രാഷ്ട്രീയരേഖ എന്നനിലയിൽ കാലിക പ്രസക്തമായ ഈ അഭിമുഖസംഭാഷണം, 1975-ൽ ലണ്ടനിൽനിന്ന് പുറത്തിറങ്ങുന്ന ന്യൂ ലെഫ്റ്റ് റിവ്യൂവിന്റെ സെപ്റ്റംബർ- ഒക്ടോബർ ലക്കത്തിലാണ് ആദ്യമായി അച്ചടിച്ചത്. മൂന്നു വ്യത്യസ്ത മലയാളപരിഭാഷകൾ ഇതിനകം ഈ അഭിമുഖത്തിനുണ്ടായിട്ടുണ്ട്. എന്നാൽ അന്നത്തെ ന്യൂ ലെഫ്റ്റ് റിവ്യൂ എഡിറ്റർ ഒഴിവാക്കിയ പ്രസക്തഭാഗങ്ങൾ കൂട്ടിച്ചേർത്ത് താരീഖ് അലിയുടെ അവതാരികയോടെ സമ്പൂർണ വിവർത്തനമാണ് ടി. ടി. ശ്രീകുമാർ തയ്യാറാക്കിയിരിക്കുന്നത്.
ആദ്യഭാഗത്ത് കെ. ദാമോദരന്റെ ലഘുജീവചരിത്രം അവതരിപ്പിച്ചശേഷം “ഒരു സംഭാഷണത്തിന്റെ സമകാലികത അൻപതു വർ ഷങ്ങൾക്കുശേഷം” എന്ന തലക്കെട്ടിൽ അദ്ദേഹത്തിന്റെ ദർശനവും രാഷ്ട്രീയവും ടി.ടി. ശ്രീകുമാർ വിശദമായി അവതരിപ്പിക്കുന്നുണ്ട്. കെ. ദാമോദരന്റെ മാർക്സിസ്റ്റ് ബൗദ്ധികപാരമ്പര്യത്തെ സമകാലിക രാഷ്ട്രീയ–സാംസ്കാരിക സാഹചര്യത്തിൽ പുനർവായിക്കുന്ന ഈ വിമർശനാത്മകപഠനം അഭിമുഖത്തിന്റെ പരിഭാഷയോളം പ്രസക്തമാണ്.
പാർട്ടിസംഘാടകനോ കമ്മ്യൂണിസ്റ്റ് പ്രവർത്തകനോ എന്ന പരിമിത നിർവചനത്തിൽനിന്ന് മോചിപ്പിച്ച് ഇന്ത്യ ചരിത്രം, തത്വചിന്ത, സംസ്കാരം, സാഹിത്യം എന്നിവയും മാർക്സിസവുമായി സംവാദം സാധ്യമാക്കിയ ധൈഷണികനായി കെ. ദാമോദരനെ മനസ്സിലാക്കുന്ന സമീപനമാണ് ടി.ടി. ശ്രീകുമാറിന്റേത്. മാർക്സിസത്തെ മലയാളത്തിന്റെ സാംസ്കാരിക പൊതുമണ്ഡലത്തിലേക്ക് പരിഭാഷപ്പെടുത്തി എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഇടപെടലുകളിലൊന്നായി ടി.ടി. ശ്രീകുമാർ വിലയിരുത്തുന്നത്.

യൂറോപ്യൻ ചരിത്രാനുഭവങ്ങളിൽ രൂപപ്പെട്ട മാർക്സിസ്റ്റ് ആശയങ്ങളെ യാന്ത്രികമായി ഇന്ത്യയിൽ പ്രയോഗിക്കുന്നതിൽനിന്നുമാറി, ഇന്ത്യൻ സമൂഹത്തിലെ ജാതി, ദേശീയത, വർഗ്ഗബന്ധങ്ങൾ, തുടങ്ങിയ ശ്രേണീകളെ അപഗ്രഥിച്ച് മാർക്സിസത്തെ ഇന്ത്യൻ വൈരുദ്ധ്യങ്ങ ളിലേക്ക് പുനരെഴുതുക എന്നതായിരുന്നു ദാമോദരന്റെ ചിന്തയുടെ കാതൽ. മാർക്സിസ്റ്റ് പ്രസ്ഥാനത്തിലെ സ്റ്റാലിനിസം, ഉദ്യോഗസ്ഥാധിപത്യം, സൈദ്ധാന്തിക കാഠിന്യങ്ങൾ, രാഷ്ട്രീയ കേന്ദ്രീകരണം തുടങ്ങിയ പ്രവണതകളെ വിമർശനാത്മകമായി സമീപിക്കാനും ദാമോദരൻ ശ്രമിച്ചു. മാർക്സിസത്തോടുള്ള പ്രതി ബദ്ധത നിലനിർത്തിക്കൊണ്ടുതന്നെ അതിന്റെ പ്രയോഗരീതികളെയും സംഘടനാപരമായ പരിമിതികളെയും വിമർശനാത്മകമായി സമീപിക്കുവാൻ ദാമോദരന് സാധിച്ചിരുന്നു. സാഹിത്യവും നാടകവും ഉൾപ്പെടെയുള്ള സാംസ്കാരിക പ്രവർത്തനങ്ങളെയും രാഷ്ട്രീയബോധവൽക്കരണത്തിന്റെ ഉപാധികളായി ദാമോദരൻ കണ്ടു. പാട്ടബാക്കി നാടകം ഉൾപ്പെടയുള്ള അദ്ദേഹത്തിന്റെ സാംസ്കാരിക ഇടപെടലുകൾ രാഷ്ട്രീയവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സജീവമാക്കി.
സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായത് ദാമോദരന്റെ ഹിന്ദുത്വ വിമർശനമാണ്. ഇന്ത്യൻ പാരമ്പര്യത്തെ മുഴുവൻ തള്ളിക്കളയുന്നതിലൂടെ ഹിന്ദുത്വത്തെ നേരിടാനാവില്ല എന്ന ബോധ്യമാണ് ദാമോദരമാർഗ്ഗം. ഇന്ത്യൻ ദാർശനികപാരമ്പര്യത്തിലെ ഭൗതികവാദ- യുക്തിവാദ- ജാതിവിരുദ്ധ-ബ്രാഹ്മണവിരുദ്ധ ധാരകളെ വീണ്ടെടുക്കുകയെന്നത് ഹിന്ദുത്വത്തിന്റെ ഏകശിലാത്മകമായ ഇന്ത്യൻ സംസ്കാരം എന്ന രാഷ്ട്രീയ അവകാശവാദത്തെ പ്രതിരോധിക്കുവാനുള്ള ആയുധമായി മാറുന്നു. (ഈ ലേഖികയുടെ ഗവേഷണപ്രബന്ധത്തിൽ വിശദമായി ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്).
കേവലം രാഷ്ട്രീവിമർശനം എന്നതിനുപരി സാംസ്കാരികചരിത്രത്തെ അപഗ്രഥിക്കുകയെന്ന ദാമോദരന്റെ ചിന്ത അങ്ങേയറ്റം സമകാലിക പ്രസക്തമാണ്.
കേവലം രാഷ്ട്രീവിമർശനം എന്നതിനുപരി സാംസ്കാരികചരിത്രത്തെ അപഗ്രഥിക്കുകയെന്ന ദാമോദരന്റെ ചിന്ത അങ്ങേയറ്റം സമകാലിക പ്രസക്തമാണ്. എന്നാൽ ദാമോദരനെ പൂർണ്ണതയുള്ള സൈദ്ധാന്തികനായി ശ്രീകുമാർ അവതരിപ്പിക്കുന്നില്ല. കാലഘട്ടത്തിന്റെ പരിമിതികൾകൊണ്ടുകൂടി അദ്ദേഹത്തിന്റെ ബൗദ്ധികപദ്ധതി അപൂർണ്ണമായിരുന്നു. സ്റ്റാലിനിസത്തെയും പാർലമെന്ററിസത്തെയും വിമർശിച്ചെങ്കിലും സംഘടനാപരവും രാഷ്ട്രീയവുമായ സമഗ്രബദൽ മാതൃക വികസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന വിമർശനം അദ്ദേഹം ഉന്നയിക്കുന്നു. ഇതാണ് മാർക്സിസ്റ്റ് വിമർശനാത്മക പുനർവായനയായി ശ്രീകുമാറിന്റെ പഠനത്തെ ഉയർത്തുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വങ്ങൾക്ക് ഇതിനു കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം ഉയർത്താനും ഈ വിമർശനം സഹായിക്കുന്നു.
കെ. ദാമോദരനും താരീഖ് അലിയും തമ്മിലുള്ള സംഭാഷണത്തിന്റെ പരിഭാഷയുടെ പ്രസക്തി കൂടി വിശദീകരിക്കേണ്ടതുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ സൈദ്ധാന്തിക വൈരുധ്യങ്ങളിലൂടെയും രാഷ്ട്രീയ പരാജയങ്ങളിലൂടെയും പ്രത്യയശാസ്ത്ര സംഘർഷങ്ങളിലൂടെയും പുനർവായിക്കാൻ സഹായിക്കുന്ന രേഖയാണ് കെ. ദാമോദരനും താരീഖ് അലിയും തമ്മിലുള്ള സംഭാഷണം. ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ചരിത്രത്തെ രേഖീയമായ വിജയ-പരാജയങ്ങളുടെ ചരിത്രമായി വിലയിരുത്തുന്നതിനുപരി, വർഗ്ഗം, രാഷ്ട്രം, പാർട്ടി, ജനാധിപത്യം, വിപ്ലവം, ദേശീയത, അന്തർദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളുടെ ചരിത്രമായി വായിക്കാനുള്ള സാധ്യതയാണ് ഈ കൃതി തുറക്കുന്നത്.
ഇത്തരമൊരു വായനയുടെ സാധ്യതകൾ വിപുലമാക്കുന്നതാണ് ടി.ടി. ശ്രീകുമാർ കൂടുതലായി ചേർത്തിട്ടുള്ള വിശദമായ അടിക്കുറിപ്പുകൾ. പുതിയ മാർക്സിസ്റ്റ് വായനക്കാരെ സംബന്ധിച്ച് അങ്ങേയറ്റം ഉപകാരപ്രദമായ ഒന്നാണിവ. മറ്റ് വിവർത്തനങ്ങളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് പുതിയ പരിഭാഷ എന്നതിലുപരി, ഇതിലെ പഠനങ്ങളും കുറിപ്പുകളും റഫറൻസുകളുമാണ്; ഒപ്പം മുഴുവൻ സംഭാഷണവും ആദ്യമായി മലയാളത്തിൽ ലഭ്യമാക്കുന്നു എന്നതും.

ദാമോദരന്റെ ചിന്തയെ മനസ്സിലാക്കാനുള്ള അടിസ്ഥാന സൈദ്ധാന്തിക പ്രശ്നം മാർക്സിസത്തിന്റെ യാന്ത്രികപ്രയോഗവും ചരിത്രപരമായ ഭൗതികവാദവും തമ്മിലുള്ള വ്യത്യാസമാണ്. ഒരു സമൂഹത്തിന്റെ പ്രത്യേകമായ ചരിത്ര- ഭൗതിക സാഹചര്യങ്ങളെ വിശകലനം ചെയ്യാതെ, മറ്റൊരു ചരിത്രസന്ദർഭത്തിൽ രൂപപ്പെട്ട രാഷ്ട്രീയമാതൃകകളെ അതേപടി പ്രയോഗിക്കുന്നത് മാർക്സിസ്റ്റ് രീതിശാസ്ത്രമല്ല. ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള ദാമോദരന്റെ ഇടപെടലുകളിൽ ഈ പ്രശ്നബോധം പ്രകടമാണ്. ഇന്ത്യൻ ബൂർഷ്വാസി, ദേശീയത, ജാതി തുടങ്ങിയവയെ കേവലം യൂറോപ്യൻ വർഗ്ഗവിഭജനങ്ങളുടെ പകർപ്പായി കാണാതെ, ഇന്ത്യൻ സാമൂഹികഘടനയുടെ സവിശേഷതകളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹത്തിന്റെ നിലപാടിന്റെ അടിത്തറ. ചരിത്രപരമായ ഭൗതികവാദം ഇവിടെ സാമ്പത്തിക നിർണയവാദമായി ചുരുങ്ങുന്നില്ല. രാഷ്ട്രീയസ്ഥാപനങ്ങളും ആശയങ്ങളും വർഗ്ഗബോധവും പാർട്ടിസംഘടനയും ചരിത്രപരമായ ഭൗതികസാഹചര്യങ്ങളുമായി വൈരുദ്ധ്യാത്മകബന്ധത്തിലാണ് നിലകൊള്ളുന്നത്. ഇന്ത്യൻ ദേശീയപ്രസ്ഥാനവുമായുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബന്ധത്തെക്കുറിച്ചുള്ള ദാമോദരന്റെ ഓർമ്മകൾ കേവലം സംഘടനാചരിത്രമല്ല; ദേശീയതയും വർഗ്ഗരാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സൈദ്ധാന്തിക പ്രശ്നവത്കരണമാണ്.
താരീഖ് അലിയുടെ ചോദ്യങ്ങളിലെ ചില ട്രോട്സ്കിയിസ്റ്റ് ഉന്നങ്ങൾക്ക് ദാമോദരൻ വഴങ്ങുന്നില്ല എന്നതും പല ഉത്തരങ്ങളിൽനിന്നും വ്യക്തമാണ്. വിശേഷിച്ച്, ആദ്യ പ്രസാധനത്തിൽനിന്ന് ഒഴിവാക്കുകയും അടുത്തകാലത്ത് താരീഖ് അലിതന്നെ വേർസോ ബുക്സ് ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ചോദ്യോത്തരങ്ങൾ ശ്രദ്ധേയമാണ് (ഇത് ആദ്യമായി മലയാളത്തിൽ ട്രൂകോപ്പി തിങ്കിൽ ടി. ടി. ശ്രീകുമാർതന്നെ വിവർത്തനം ചെയ്തിരുന്നു). പാർട്ടിയെന്ന രാഷ്ട്രീയരൂപവും വർഗ്ഗമെന്ന ചരിത്രവിഷയവും തമ്മിലുള്ള ബന്ധവും ദാമോദരന്റെ രാഷ്ട്രീയ ചിന്തയിൽ പ്രധാനമാണ്.
മാർക്സിസ്റ്റ് രാഷ്ട്രീയത്തിൽ പാർട്ടി തൊഴിലാളിവർഗ്ഗത്തിന്റെ പ്രതിനിധി എന്നനിലയിൽ സ്വയം സ്ഥാപിക്കുമ്പോൾ, ഒരു ഘട്ടത്തിൽ പാർട്ടിതന്നെ വർഗ്ഗത്തിന്റെ പകരക്കാരനായി മാറാനുള്ള സാധ്യതയുണ്ട്. അപ്പോൾ വർഗ്ഗത്തിന്റെ സ്വയംപ്രവർത്തനവും ജനാധിപത്യപരമായ രാഷ്ട്രീയ ഇടപെടലും പാർട്ടി- സംവിധാനത്തിന്റെ തീരുമാനങ്ങൾക്ക് കീഴ്പ്പെടുന്നു. ഈ പ്രശ്നമാണ് ദാമോദരന്റെ ഉൾപ്പാർട്ടി ജനാധിപത്യത്തെക്കുറിച്ചുള്ള ഊന്നലിന് സൈദ്ധാന്തിക പ്രാധാന്യം നൽകുന്നത്. പാർട്ടി ഒരു അടഞ്ഞ ബ്യൂറോക്രാറ്റിക് വ്യവസ്ഥയായോ ഉപകരണമായോ മാറുമ്പോൾ, മാർക്സിസത്തിന്റെ വിമർശനാത്മകസ്വഭാവം നഷ്ടപ്പെടുന്നു. ദാമോദരന്റെ വിമർശനം അതുകൊണ്ട് ഒരു വ്യക്തിയെയോ നേതൃത്വത്തെയോ മാത്രം ലക്ഷ്യമിടുന്നതല്ല; വിപ്ലവപാർട്ടി എങ്ങനെ അധികാരശ്രേണിയായി പരിണമിക്കുന്നുവെന്ന മാർക്സിസ്റ്റ് പ്രശ്നത്തെയാണത് സ്പർശിക്കുന്നത്.
തെരഞ്ഞെടുപ്പു ജനാധിപത്യം ഒരു രാഷ്ട്രീയവേദിയാണ്; എന്നാൽ ഉൽപ്പാദനബന്ധങ്ങളുടെയും വർഗ്ഗാധികാരത്തിന്റെയും അടിസ്ഥാനഘടനകൾ അതിലൂടെ സ്വമേധയാ മാറുന്നില്ല. അതിനാൽ പാർലമെന്ററിസവും വിപ്ലവരാഷ്ട്രീയവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധമാണിവിടെ കേന്ദ്രപ്രശ്നം.
1957-ലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെക്കുറിച്ചുള്ള ചർച്ച ഈ സൈദ്ധാന്തിക പ്രശ്നത്തെ കൂടുതൽ മൂർച്ചയുള്ളതാക്കുന്നു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ യഥാർത്ഥത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ രാഷ്ട്രീയാധികാരത്തെ പ്രതിനിധീകരിക്കുന്നുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരുന്നു. ദാമോദരന്റെ ചിന്തയുടെ പ്രാധാന്യം ഇവിടെയാണ്. പാർലമെന്ററി വിജയം വിപ്ലവപരിവർത്തനത്തിന് തുല്യമല്ല. തെരഞ്ഞെടുപ്പ് ജനാധിപത്യം ഒരു രാഷ്ട്രീയവേദിയാണ്; എന്നാൽ ഉൽപ്പാദനബന്ധങ്ങളുടെയും വർഗ്ഗാധികാരത്തിന്റെയും അടിസ്ഥാനഘടനകൾ അതിലൂടെ സ്വമേധയാ മാറുന്നില്ല. അതിനാൽ പാർലമെന്ററിസവും വിപ്ലവരാഷ്ട്രീയവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധമാണിവിടെ കേന്ദ്രപ്രശ്നം.
സ്റ്റാലിനിസത്തോടുള്ള ദാമോദരന്റെ വിമർശനപരമായ സമീപനം അഭിമുഖത്തിൽ വ്യക്തമാകുന്നുണ്ട്. സോവിയറ്റ് മാതൃകയെ മാർക്സിസത്തിന്റെ ഏകമാതൃകയായി അംഗീകരിക്കുന്നതിനുപകരം, അതിന്റെ ബ്യൂറോക്രാറ്റിക് രൂപീകരണങ്ങളെയും രാഷ്ട്രീയ കേന്ദ്രീകരണത്തെയും വിമർശനവിധേയമാക്കുകയാണ് ദാമോദരൻ ചെയ്യുന്നത്. സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയമാതൃകയെ വിമർശിക്കുന്നത് സോഷ്യലിസത്തെ നിരസിക്കുന്നതിനല്ല; മറിച്ച് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ തന്നെ വിമർശനാത്മകസാധ്യത സംരക്ഷിക്കാനുള്ള ശ്രമമാണ് അഭിമുഖത്തിൽ വ്യക്തമാകുന്നത്.

കമ്യൂണിസ്റ്റ് വിരുദ്ധർക്ക് ആയുധമാക്കാനും കയ്യടിച്ച് ആനന്ദിക്കാനും കഴിയാത്ത ധൈഷണികതയായി ദാമോദരൻറെ വിമർശനം ഉയർന്നു നിൽക്കുന്നത്, അതിന്റെ അടിസ്ഥാനം പാർട്ടിയും സോഷ്യലിസവും തന്നെയാണ് എന്നതുകൊണ്ടാണ്. പ്രധാന കമ്യൂണിസ്റ്റ് പാർട്ടികൾ ദാമോദരന്റെ ചിന്താപാരമ്പര്യം പ്രധാനമാണ് എന്ന് കരുതുന്നത് അതിലെ സ്വയംവിമർശം അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് സൈദ്ധാന്തികതയിൽ ഊന്നിനിൽക്കുന്നതായതിനാലാണ്. ഈ വ്യത്യാസം കേവലമായ കമ്യൂണിസ്റ്റ് വിരുദ്ധവിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ല.
ദാമോദരന്റെ ബൗദ്ധിക പാരമ്പര്യത്തിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അദ്ദേഹത്തിന്റെ സൈദ്ധാന്തിക ബഹുസ്വരതയാണ്. സിനോ-സോവിയറ്റ് തർക്കം, വിയറ്റ്നാം, ട്രോട്സ്കി, ലൂക്കാച്ച്, ഗ്രാംഷി, യൂറോപ്യൻ ന്യൂ ലെഫ്റ്റ്, 1968-ലെ വിദ്യാർത്ഥി- തൊഴിലാളി പ്രസ്ഥാനങ്ങൾ എന്നിവയോട് അദ്ദേഹം വിമർശനാത്മകമായി സംവദിച്ചിരുന്നു. മാർക്സിസത്തിന്റെ ശക്തി സ്ഥിരമായ സിദ്ധാന്തസഞ്ചയത്തിലല്ല; ചരിത്രത്തെ നിരന്തരം വിമർശനവിധേയമാക്കാനുള്ള അതിന്റെ കഴിവിലാണ്. ഈ അർത്ഥത്തിൽ ദാമോദരന്റെ മാർക്സിസം വൈരുദ്ധ്യാധിഷ്ടിത വിമർശനാത്മക മാർക്സിസമാണ്.
ദാമോദരന്റെ രാഷ്ട്രീയചിന്ത ഇന്ത്യയിൽ മാത്രം പരിമിതപ്പെടുന്നില്ല. സോവിയറ്റ് യൂണിയനിലേക്കും വിയറ്റ്നാമിലേക്കുമുള്ള യാത്രകളും അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് നേതാക്കളുമായുള്ള ബന്ധങ്ങളും സംഭാഷണങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയബോധത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. 1960-ൽ ഹാനോയിയിൽ നടന്ന വിയറ്റ്നാം വർക്കേഴ്സ് പാർട്ടിയുടെ കോൺഗ്രസിൽ അദ്ദേഹം പങ്കെടുത്തതും അഭിമുഖത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ അന്തർദേശീയത അനുകരണപരമായ അന്തർദേശീയതയല്ല. ചൈനയെയും സോവിയറ്റ് യൂണിയനെയും തമ്മിൽ തിരഞ്ഞെടുക്കുന്നതിനു പകരം, അവയുടെ സംഘർഷം അന്താരാഷ്ട്ര തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തെ എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യമാണ് പ്രധാനമാകുന്നത്. ഹോചിമിനുമായുള്ള സംഭാഷണത്തിന്റെ വിവരണത്തിലും ഈ ആശങ്ക വ്യക്തമാണ്.
നക്സൽബാരിയെ ഇടതുപക്ഷ തീവ്രവാദത്തിന്റെ ഉദയമായി കാണുന്നതിനുപകരം, പാർലമെന്ററി മാർക്സിസത്തിന്റെ പരിമിതികൾക്കെതിരായ റാഡിക്കൽ പ്രതികരണമെന്ന നിലയിൽ വായിക്കാനുള്ള സാധ്യതയും കൃതി തുറന്നിടുന്നു.
1960- കളുടെ അവസാനത്തോടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ രൂപപ്പെട്ട പ്രതിസന്ധിയെ ദാമോദരൻ സംഘടനാപരമായ പിളർപ്പായി മാത്രം കാണുന്നില്ല. തിരഞ്ഞെടുപ്പിനോടുള്ള അമിതമായ ആശ്രയം, പാർലമെന്ററി പ്രവർത്തനങ്ങൾക്ക് പുറത്തുള്ള വർഗ്ഗസമരങ്ങളെ അമർച്ചചെയ്യൽ തുടങ്ങിയ പ്രവണതകൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക ദൗർബല്യങ്ങളായി അദ്ദേഹം തിരിച്ചറിയുന്നു. ഈ മാറ്റങ്ങൾ 1968-ലെ പിളർപ്പിലേക്കും നക്സൽബാരി പ്രസ്ഥാനത്തിന്റെ ഉദയത്തിലേക്കും നയിച്ചുവെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. അതുകൊണ്ട് നക്സൽബാരിയെ ഇടതുപക്ഷ തീവ്രവാദത്തിന്റെ ഉദയമായി കാണുന്നതിനുപകരം, പാർലമെന്ററി മാർക്സിസത്തിന്റെ പരിമിതികൾക്കെതിരായ റാഡിക്കൽ പ്രതികരണമെന്ന നിലയിൽ വായിക്കാനുള്ള സാധ്യതയും കൃതി തുറന്നിടുന്നു.
ഈ പുസ്തകത്തിന്റെ വിജ്ഞാനശാസ്ത്രപരമായ പ്രാധാന്യംകൂടി വിശദമാക്കേണ്ടതുണ്ട്. ഇത് ചരിത്രത്തിന്റെ വസ്തുനിഷ്ഠരേഖ മാത്രമല്ല; ഒരു രാഷ്ട്രീയവിഷയി തന്റെ ചരിത്രത്തെ എങ്ങനെ ഓർക്കുന്നു എന്നതിന്റെ രേഖ കൂടിയാണ്. അതിനാൽ ദാമോദരന്റെ ഓർമ്മകൾക്ക് ചരിത്രപരമായ സാക്ഷ്യമൂല്യമുണ്ടെങ്കിലും അവയെ വിമർശനരഹിതമായ ചരിത്രസത്യമായി സ്വീകരിക്കാൻ കഴിയില്ല. ഇക്കാര്യം കൂടുതൽ പ്രധാനമാക്കുന്നത് അച്യുതമേനോന്റെ എതിർവായന ഉൾപ്പെടുത്തിയിരിക്കുന്നതുതന്നെയാണ്. 1957-ലെ അധികാരത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ദാമോദരന്റെ വിവരണം തെറ്റാണെന്ന അച്യുതമേനോന്റെ വാദവും ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു. അതിനാൽ ഈ കൃതി ഓർമ്മയും ചരിത്രവും എന്ന ദ്വന്ദ്വത്തെക്കാൾ, ഓർമ്മയെത്തന്നെ ചരിത്രത്തിന്റെ തർക്കഭൂമിയായി കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു.

‘ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ സ്മരണകൾ’ അടിസ്ഥാനപരമായി ഇന്ത്യൻ മാർക്സിസത്തിന്റെ ആത്മവിമർശനമാണ്. മാർക്സിസത്തെ അന്തിമ സിദ്ധാന്തമായിട്ടല്ല, സ്വയം വിമർശിച്ചുകൊണ്ടിരിക്കുന്ന ചരിത്രപരമായ വിമർശനരീതിയായി പുനർനിർവചിക്കുന്നു എന്നിടത്താണ് ദാമോദരന്റെ പ്രസക്തി. ഉൾപ്പാർട്ടി ജനാധിപത്യം, വർഗ്ഗസമരം, ഭൗതികവാദ വിമർശനം എന്നിവയോടുള്ള അദ്ദേഹത്തിന്റെ ഊന്നലുകൾ ഇന്നത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രതിസന്ധികളെ പുനർചിന്തിക്കാൻ ഉപയോഗിക്കാവുന്ന സൈദ്ധാന്തിക ഉപകരണങ്ങളായി മാറുന്നു. കെ. ദാമോദരനെ കാലാതീതനാക്കുന്നത് ഇതാണ്.
ഹിന്ദുത്വരാഷ്ട്രീയവും ക്രോണി ക്യാപിറ്റലിസവും സമാന്തരമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സമകാലത്ത് ഇടതുപക്ഷ ബദൽ സാധ്യത എന്നത്, ദാമോദരൻ തെളിച്ച വഴികളും കൂടി ചേരുന്നതാണ്. മാറിവരുന്ന മുതലാളിത്തത്തിന്റെ പ്രവണതകളെ അപഗ്രഥിച്ച് പ്രതിരോധം സൃഷ്ടിക്കുകയെന്നതാണ് മാർക്സിസ്റ്റ് ചിന്തയുടെയും പ്രയോഗത്തിന്റെയും കാതൽ. ഡിജിറ്റൽ ക്യാപിറ്റലിസത്തിന്റെ സമകാലത്ത് മാർക്സിസത്തെ പുനർനിർവചിക്കുവാനുള്ള പ്രചോദനമായി ദാമോദരന്റെ വഴികൾ മാറുന്നു. അദ്ദേഹത്തിന്റേത് ഭൂതകാലമാണെങ്കിലും വർത്തമാനപ്രസക്തമാണ്. പ്രതിരോധചിന്തയുടെ ഭൂതകാലത്തെ സംരക്ഷിക്കുകയെന്ന മാർഗ്ഗം ഇടതുപക്ഷം സ്വീകരിക്കേണ്ടതുണ്ട്. ആയതിനാൽ അദ്ദേഹത്തിന്റെ 50-ാം ചരമവാർഷികത്തിൽ ഈ കൃതി പരിഭാഷപ്പെടുത്തി, ഒരു ഇടതുപക്ഷ ബദൽ തന്നെയാണ് ടി.ടി. ശ്രീകുമാർ തീർത്തിരിക്കുന്നത്. ഇന്ത്യൻ മാർക്സിസം ഇനിയും പരിഹരിക്കേണ്ടതും, അന്വേഷിക്കേണ്ടതും, വിലയിരുത്തേണ്ടതുമായ മൂല്യങ്ങളുടെയും ചോദ്യങ്ങളുടെയും സമകാലിക പുരാരേഖ കൂടിയാണ് ഈ പുസ്തകം.

