ഒരു മനുഷ്യനും ഉടനീളം അയാളല്ല. ഒരു ജീവിതത്തിൽത്തന്നെ പലമുഖങ്ങളുള്ള ജീവിതമാണ് ഒരാൾ ജീവിച്ചുതീർക്കുന്നത്. ഒരുപക്ഷേ, അയാൾക്കു തന്നെ അപരിചിതമായ പല ജീവിതങ്ങൾ.
ഭൗതികമായ ഉണ്മയ്ക്കപ്പുറത്ത്, ആന്തരികമായ ഒരു രഹസ്യജീവിതമുണ്ട് എല്ലാവർക്കും. ഇതിൽ, വാസ്തവത്തിലുള്ള ജീവിതമേതാണ് എന്നത് അനാദിയായ സന്ദേഹമാണ്. കാണുന്നതല്ല കാഴ്ചകൾ എന്നർത്ഥം. മനുഷ്യർ ആത്യന്തികമായി ഏകാകികളാണ്. ഏകാന്തതയെ മറികടക്കാനുള്ള നിതാന്തശ്രമങ്ങളാണ് നമ്മുടെ ദൈനംദിനത്വത്തെ ചലിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അവയ്ക്കെല്ലാമടിയിൽ മഞ്ഞുകാലത്തെ ഉറുമ്പുകളെപ്പോലെ ഒരു അധോലോക ജീവിതം നാം നയിക്കുന്നുണ്ട്. മറ്റുള്ളവർക്ക് അദൃശ്യമായ അത്തരം അജ്ഞാതവാസം കൊതിക്കാത്തവരോ അനുഭവിക്കാത്തവരോ ആയി ആരുണ്ട്?
സ്വപ്നത്തിനും ജാഗ്രത്തിനുമിടയിലൂടെയുള്ള ജീവിതമാണ് ചില മനുഷ്യരുടേത്. അവയുടെ അതിരുകൾ ഏതാണെന്ന് അത്തരക്കാർക്ക് അറിയണമെന്നില്ല. സ്വപ്നത്തെ യാഥാർത്ഥ്യമെന്നും യാഥാർത്ഥ്യത്തെ സ്വപ്നമെന്നും ധരിച്ച് ഉഭയജീവിതത്തിന്റെ ഏകാന്തധന്യതയിൽ അവർ കാലം കഴിക്കും. അതുകൊണ്ടു തന്നെ, തങ്ങൾ ജീവിക്കുന്ന ലോകത്തിന്റെ ദുഃഖങ്ങളെപ്പറ്റി അവർ വ്യാകുലപ്പെടില്ല. കാരണം, ആ ലോകം സ്വപ്നമോ യഥാർത്ഥമോ എന്നതിനെപ്പറ്റിയുള്ള തീർപ്പിലെത്താൻ അവർക്കു കഴിയില്ല.
വിട്ടുപോന്നാലും, ചിറകുമുളച്ചാലും പ്യൂപ്പയുടെ പുറന്തോട് കൂടെക്കൊണ്ടുനടക്കുന്ന മനുഷ്യരുണ്ട്. അത്തരം മനുഷ്യരക്കുറിച്ചാണ് ഈ നോവൽ. ഒരു പക്ഷേ, മനുഷ്യരെക്കുറിച്ചു മാത്രമല്ല, ഫോസിലുകളെക്കുറിച്ചു കൂടിയാണ് ഹരീഷ് എഴുതുന്നത്.
ഇത്തരം മനുഷ്യരുടെ നിഗൂഢജീവിതത്തെ പിന്തുടരുക എന്നത് ശ്രമകരമായ ദൗത്യമാണ്. ബാഹ്യമായ സാമൂഹികബന്ധങ്ങളാൽ ബന്ധിതരെങ്കിലും അവർ ഒറ്റയ്ക്ക് ഒരു രാജ്യത്തിന്റെ അധിപരായി ജീവിക്കുന്നു. അങ്ങനെയുള്ള അനേകം രാജ്യങ്ങൾ ചേർന്ന ഒരു ഭൂഖണ്ഡമായി ചില മനുഷ്യരുടെ കൂട്ടുജീവിതം മാറുന്നു.
കാണപ്പെടുന്ന മനുഷ്യരെപ്പറ്റിയാണ് മിക്ക എഴുത്തുകളും. അവർക്കുള്ളിൽ, പിടയുന്ന വേദനകളും അദൃശ്യമായ മുറിവുകളും കണ്ടെത്തുന്ന തുരങ്കപാതകളിലൂടെയുള്ള സഞ്ചാരമാണ് വാസ്തവത്തിൽ നമുക്കാവശ്യം. അത്തരമൊരെഴുത്താണ് എസ്. ഹരീഷിന്റെ 'പട്ടുനൂൽപ്പുഴു' എന്ന നോവൽ.
വിട്ടുപോന്നാലും, ചിറകുമുളച്ചാലും പ്യൂപ്പയുടെ പുറന്തോട് കൂടെക്കൊണ്ടുനടക്കുന്ന മനുഷ്യരുണ്ട്. അത്തരം മനുഷ്യരക്കുറിച്ചാണ് ഈ നോവൽ. ഒരു പക്ഷേ, മനുഷ്യരെക്കുറിച്ചു മാത്രമല്ല, ഫോസിലുകളെക്കുറിച്ചു കൂടിയാണ് ഹരീഷ് എഴുതുന്നത്. ഈ ലോകം അനേകം അടരുകളുള്ളതാണ്. മനുഷ്യർ മാത്രമല്ല ജീവജാലങ്ങളും സൂക്ഷ്മജീവികളും ഉൾപ്പെടുന്ന ഭൂതകാലത്തിൻ്റെ അനാദിയായ സ്പന്ദനങ്ങൾ നമ്മുടെ കാൽച്ചുവട്ടിലുണ്ട്. അവയുടെയൊക്കെ പ്രതീകമായി ഒരു ഈന്തുമരം മാത്രം വർത്തമാനകാലത്ത് തലയുയർത്തി നിൽക്കുന്നുണ്ട്; ഈ നോവലിൽ. ഭ്രാന്തു വരുമ്പോൾ സ്റ്റീഫനെ കെട്ടിയിടുന്ന ഈന്തുമരം. ആ ഈന്തുമരത്തിലൂടെയായിരിക്കാം ഭൂതകാലം ഇഹലോകവുമായി സംവദിക്കുന്നത്.
പതിമൂന്നുകാരനായ സാംസയാണ് നോവലിലെ മുഖ്യ കഥാപാത്രം. അവന് ആ പേര് നൽകിയത് ലൈബ്രേറിയനായ മാർക്ക് സാറായിരുന്നു. കാഫ്കയുടെ മെറ്റമോർഫോസിസ് എന്ന നോവലിലെ ഗ്രിഗർ സാംസ എന്ന കഥാപാത്രത്തെ ഓർത്തുകൊണ്ടാണ് അദ്ദേഹം അവന് ആ പേരിട്ടത്.

മാർക്ക് സാർ അധ്യാപകവൃത്തി കഴിഞ്ഞശേഷം പഴയ ഒരു ലൈബ്രറി പുനരുദ്ധരിച്ച് അതിന്റെ ലൈബ്രേറിയനായി സ്വയം അവരോധിച്ച മനുഷ്യനാണ്. സാംസയെ അദ്ദേഹം സ്നേഹത്തോടെയും കരുതലോടെയും പരിഗണിക്കാറുണ്ട്.
ഒരു ദിവസം സാംസ അദ്ദേഹത്തെ ഒട്ടും പ്രതീക്ഷിക്കാത്ത അപരിചിതമായ ഒരു സ്ഥലത്ത് വെച്ച് കണ്ടുമുട്ടിയതായി നോവലിൽ പറയുന്നുണ്ട്. പഴയ വണ്ടികൾ പൊളിക്കുന്ന ഒരു വർക്ക്ഷോപ്പിൽ വെച്ചായിരുന്നു അത്. അനേകം വണ്ടികളുടെ വിവിധതരം പാർട്സുകൾ ചിതറിക്കിടക്കുന്ന ഒരു ഗാരേജായിരുന്നു അത്. ഹരീഷ് എഴുതുന്നു:
‘‘പുറത്തുനിന്ന് കാണുന്നതുപോലെയല്ല, വേറൊരു ലോകം അവിടെ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു"- ഈ വാചകം നോവലിലെ എല്ലാ കഥാപാത്രങ്ങളിലേക്കും വേരു പടർത്തുന്നുണ്ട്. പുറത്തുനിന്ന് കാണുന്ന മനുഷ്യരല്ല നമ്മളൊന്നും. ഓരോരുത്തരുടെയും അകത്ത് മറ്റൊരാൾ ഒളിച്ചിരിക്കുന്നുണ്ട്.
അല്ലെങ്കിലെന്തിനാണ് ഒഴിവുദിവസങ്ങളിൽ ആരുമറിയാതെ വർക്ഷോപ്പിലെ ജീവനക്കാരെ സന്തോഷിപ്പിക്കാൻ ഒരു മദ്യക്കുപ്പിയുമായി പട്ടണത്തിലെ വർക്ക്ഷോപ്പിൽ മാർക്ക് സാർ എത്തുന്നത്? തുരുമ്പെടുത്ത പഴയ വാഹനങ്ങൾ പൊളിക്കുന്നത് കൗതുകത്തോടെയും ആവേശത്തോടെയും നോക്കി നിൽക്കുന്നത്?
ഓയിലും ഗ്രീസും നിറഞ്ഞ, തുരുമ്പെടുത്ത വണ്ടിയുടെ ആന്തരികാവയവങ്ങൾ പുറത്തെടുക്കുന്നത് ഒരു പോസ്റ്റ്മോർട്ടം കാണുന്ന രസത്തോടെ കണ്ടുനിൽക്കുന്ന മാർക്ക് സാർ നാം അതുവരെ പരിചയപ്പെട്ട മാർക്ക് സാറിൽ നിന്ന് വ്യത്യസ്തനായ മറ്റൊരാളാണ്. ‘‘ദീർഘകാലം ഓടിയ ഒരു ട്രക്കോ കാറോ ജീപ്പോ തുണ്ടമാക്കുന്നത് കാണുന്നത് വേറിട്ട ഒരു രസമാണ്" മാർക്ക് സാറിന്. ‘‘മാർക്ക് സാറിന്റെ അകത്തെ ലോകം ആരും കണ്ടില്ല. ആന്തരിക ഭാഗങ്ങൾ ആരും താളുകൾ മറിച്ച് നിരീക്ഷിച്ചില്ല" എന്ന് നോവലിസ്റ്റ് എഴുതുന്നുണ്ട്. നിഗൂഢതയാൽ വലയം ചെയ്യപ്പെട്ട മനുഷ്യനായിരുന്നു മാർക്ക് സാർ. ആർക്കും എത്തിനോക്കാൻ കഴിയാത്ത ഒരു ആന്തരികലോകം അദ്ദേഹത്തിനുണ്ടായിരുന്നു. അതൊരു പക്ഷേ ഭ്രാന്തിന്റെ ലോകം കൂടിയായിരിക്കാം. ഭ്രാന്തൻ എന്ന് മുദ്രകുത്തപ്പെടുന്ന മനുഷ്യർക്കു മാത്രമല്ലല്ലോ ഭ്രാന്തുള്ളത്. വ്യവസ്ഥാപിതമായ ജീവിതത്തിന്റെ ബന്ധനങ്ങളിൽ നിന്ന് മുക്തനാവുകയും തന്റെ ആനന്ദം സ്വയം കണ്ടെത്തുകയും ചെയ്യുന്ന ഒരു മനുഷ്യനുണ്ട് മാർക്ക് സാറിൽ. പൊതുബോധത്തിന് ഒരിക്കലും പിടി കൊടുക്കാത്ത ഒരാൾ.
അവരവരുടേത് മാത്രമായ സ്വന്തം ഇടങ്ങൾ നിർമ്മിച്ചെടുക്കുന്നവരാണ് ഈ നോവലിനെ ഒട്ടുമിക്ക കഥാപാത്രങ്ങളും. ബാഹ്യ ലോകവുമായുള്ള ഇടപഴകലുകളെ ബോധപൂർവ്വമോ അബോധ പൂർവ്വമോ ഒഴിച്ചുനിർത്തുന്നവർ കൂടിയാണ് അവർ. ഒരുതരം പതുങ്ങിയും ഒതുങ്ങിയുമുള്ള ജീവിതത്തെ അവർ ഇഷ്ടപ്പെടുന്നു. ഏകാന്തതയും മൗനവും ഇരുട്ടും നിറഞ്ഞുനിൽക്കുന്ന അവനവന്റെ ഹൃദയത്തിലെ ഊടുവഴികളിലൂടെ ഒച്ചയുണ്ടാക്കാതെ നടക്കുന്നവരാണ് പട്ടുനൂൽപ്പുഴുവിലെ കഥാപാത്രങ്ങൾ.
ബാഹ്യലോകത്തെ അവർ പലമട്ടിൽ നിഷേധിക്കുന്നു.
‘‘I cannot make you understand. I cannot make anyone understand what is happening inside me. I cannot even explain it to myself." എന്ന മെറ്റമോർഫോസിസിലെ വാക്കുകൾ ഇവിടെ ഓർക്കാം. അന്യവൽക്കരിക്കപ്പെട്ട മനുഷ്യരുടെ സന്ദിഗ്ദ്ധതകളായിട്ടായിരുന്നു അക്കാലത്ത് ഈ വാക്കുകൾ വായിക്കപ്പെട്ടിരുന്നതെങ്കിൽ പട്ടുനൂൽപ്പുഴുവിൽ അവനവനെ ഖനനം ചെയ്തെടുക്കുന്ന മനുഷ്യരുടെ ഭാവനാജീവിതമാണുള്ളത്; അവരുടെ നിസ്സഹായതകളല്ല, സാധ്യതകളിലേക്കുള്ള നോട്ടങ്ങളാണുള്ളത്.
സാംസയുടെ നാട്ടിലെ ബസ്റ്റോപ്പിന്റെ പേര് പ്രാന്തൻ മൂല എന്നായിരുന്നു. അവിടെനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ നേരിയ ഭ്രാന്തെങ്കിലും ഇല്ലാത്ത ആളുകൾ കുറവായിരുന്നു എന്ന് ഹരീഷ് എഴുതുന്നുണ്ട്. ‘‘ഭ്രാന്തായിരുന്നു സ്വാഭാവികമായ കാര്യം. അല്ലെങ്കിലും ഏതു മനുഷ്യരുടെ മുഖത്ത് സൂക്ഷിച്ചു നോക്കിയാലാണ് ഭ്രാന്ത് വെളിപ്പെടാത്തത്?" എന്നും നോവലിസ്റ്റ് എഴുതുന്നു.
അഭിനയിക്കുക എന്ന ഒരു പദം ജീവിക്കുക എന്നതിന് പകരമായി നോവലിൽ പലയിടത്തും ഹരീഷ് ഉപയോഗിക്കുന്നുണ്ട്. വാസ്തവത്തിൽ നമ്മളൊക്കെ ജീവിക്കുകയാണെന്ന് തോന്നിപ്പിക്കുന്ന മട്ടിൽ അഭിനയിക്കുന്നവരാണ്. വാസ്തവികമായ ബാഹ്യലോകത്തിൽ നാം അഭിനയിക്കുകയും മറ്റാർക്കും ദൃശ്യപ്പെടാത്ത രഹസ്യലോകത്തിൽ നാം യഥാർത്ഥത്തിൽ ജീവിക്കുകകയും ചെയ്യുന്നു എന്നതല്ലേ ശരി? കാണപ്പെടുക എന്നത് മുഖ്യമായ ഒരു ലോകത്ത് അഭിനയത്തിനാണ് പ്രാധാന്യം; കാണപ്പെടാത്ത ഒരു ലോകത്ത് വാസ്തവത്തിനും. നമ്മൾ സത്യത്തിൽ ഇതിലേതാണ് എന്ന ചോദ്യമാണ് കഥാകാരൻ ഉന്നയിക്കുന്നത്.
മാർക്ക് സാർ മരിച്ചപ്പോൾ ലൈബ്രേറിയനാവാനുള്ള നിയോഗം സാംസയ്ക്കാണ് ലഭിച്ചത്. പാപ്പൂട്ടി സാംസയോട് പറയുന്നത് ഇങ്ങനെയാണ്: ‘‘നീ ഇങ്ങനെ വെറുതെ ഇരുന്നാൽ പോരാ. ലൈബ്രേറിയനായി അഭിനയിക്കണം".
ജഡ്ജിയും പോലീസുമൊക്കെ അങ്ങനെയാണെന്ന് അഭിനയിക്കുകയാണെന്ന് പാപ്പൂട്ടി പറയുന്നു.

അങ്ങനെയാണ് സാംസ വായനശാലയുടെ ചുമതലക്കാരനായി അഭിനയിച്ചു തുടങ്ങിയത്.
സാംസയുടെ നാട്ടിലെ ബസ്റ്റോപ്പിന്റെ പേര് പ്രാന്തൻ മൂല എന്നായിരുന്നു. അവിടെനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ നേരിയ ഭ്രാന്തെങ്കിലും ഇല്ലാത്ത ആളുകൾ കുറവായിരുന്നു എന്ന് ഹരീഷ് എഴുതുന്നുണ്ട്. ‘‘ഭ്രാന്തായിരുന്നു സ്വാഭാവികമായ കാര്യം. അല്ലെങ്കിലും ഏതു മനുഷ്യരുടെ മുഖത്ത് സൂക്ഷിച്ചു നോക്കിയാലാണ് ഭ്രാന്ത് വെളിപ്പെടാത്തത്?" എന്നും നോവലിസ്റ്റ് എഴുതുന്നു. സ്റ്റീഫൻ, സാവുൾ, പൊന്നൻ മാനേജർ എന്നിവരൊക്കെ ഭ്രാന്തുള്ളവരാണ്. മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ അവരുടെ മനോനില സങ്കീർണമായ വഴികളിലൂടെ സഞ്ചരിക്കുന്നുണ്ട്. പക്ഷേ അവരൊക്കെ പ്രത്യക്ഷത്തിൽ ഭ്രാന്തിന്റെ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവരാണ്. മറ്റുള്ളവർ അങ്ങനെയല്ലെങ്കിലും അവരുടെ ഉള്ളിൽ ഉന്മാദത്തിന്റെ പലതരം കൈവഴികളുണ്ട്. മാർക്ക് സാറിലും വിജയനിലും അത്തരമൊരു ഉന്മാദമുണ്ടായിരുന്നു.
വിചിത്ര സ്വഭാവങ്ങളുടെ മ്യൂസിയമായിരുന്നു സാംസയുടെ നാട്. പലരും അവിടെ അപരജീവിതം നയിക്കുന്നുണ്ടായിരുന്നു. സാംസയിൽ പോലും ഉന്മാദത്തിന്റെയും അപരജീവിതത്തിന്റെയും വിചിത്രമായ ഭാവനാജീവിതത്തിന്റെയും അടരുകളുണ്ട്.
വീട്ടിൽ പണിക്കുവരുന്ന ദാമുവിന്റെ, ഏതോ കാലത്ത് മരിച്ചു പോയ അനിയത്തിയെ (അല്ലെങ്കിൽ അനിയനെ!) തന്റെ കൂട്ടുകാരിയാക്കിക്കൊണ്ട് സാംസ മറ്റൊരു ലോകത്തിലെ ജീവിതം ജീവിക്കുന്നുണ്ട്. കാഫ്കയുടെ ഗ്രിഗർ സാംസ ഒരു ഷഡ്പദമായി മറ്റൊരു ജീവിതത്തിലേക്ക് പരിണമിക്കുന്നുവെങ്കിൽ, പട്ടുനൂൽപ്പുഴുവിലെ പതിമൂന്നുകാരനായ സാംസ സാംസയായിക്കൊണ്ടു തന്നെ അപരജീവിതം നയിക്കുന്നു. ഒരു ഷഡ്പദമായില്ലെങ്കിൽപ്പോലും അവനെ പലരും തിരിച്ചറിയുന്നില്ല.
ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും, ആർക്കു മുന്നിലും ദൃശ്യമാകാത്ത ഒരു ഷഡ്പദമായി അവൻ മാറുന്നുണ്ട്. മുതിർന്ന മനുഷ്യർ പലരും അവനെ ശ്രദ്ധിച്ചിരുന്നില്ല. ‘‘അല്ലെങ്കിൽ അവൻ അവരുടെ ശ്രദ്ധയിൽപ്പെടാതെ രഹസ്യ ലോകത്തുകൂടി നടന്നു". കാലത്തെയും സ്ഥലത്തെയും മറികടന്നുകൊണ്ട് സാംസ പലപ്പോഴും മറ്റൊരു കാലത്ത് ജീവിച്ചു. ദാമുവോ ബീഡി തെറുപ്പുകാരോ മോഹനനോ കുര്യനോ സാംസയെ ശ്രദ്ധിച്ചില്ല. സ്വന്തം പിതാവായ വിജയന് പോലും സാംസ പലപ്പോഴും അദൃശ്യനായിരുന്നു. സ്നേഹമോ പരിഗണനയോ ലഭിക്കാതെ അവൻ വലിയവരുടെ ലോകത്തിന് പുറത്തുനിന്നു. അതുകൊണ്ടാണ് അവൻ തനിക്ക് ഭാവന കൊണ്ട് പ്രാപ്യമായ മറ്റൊരു ലോകത്തെ സൃഷ്ടിക്കുന്നത്. അതുകൊണ്ടാണ് മരിച്ചു പോയ ഒരു പെൺകുട്ടിക്ക് മാർക്ക് സാറിനെക്കൊണ്ട് നടാഷ എന്ന പേര് നൽകി തന്റെ കൂട്ടുകാരിയാക്കി മാറ്റുന്നത്. അങ്ങനെ സാങ്കല്പികമായ ഒരു ലോകത്ത് തന്റെ അസ്തിത്വം സ്ഥാപിച്ചടുക്കുവാൻ സാംസ ശ്രമിക്കുന്നു. സ്റ്റീഫൻ വലവീശിപ്പിടിച്ച മത്സ്യങ്ങളുടെ രുചികരമായ കറി കൂട്ടി സാംസ ഭക്ഷണം കഴിച്ചപ്പോൾ നടാഷക്ക് കൂടി വേണ്ടിയുള്ള ഭക്ഷണം അവൻ കഴിച്ചു. അവളുമായി അവൻ ഒരുപാട് വിശേഷങ്ങൾ പങ്കുവെച്ചു; മറ്റാരുമറിയാതെ.
വിചിത്ര സ്വഭാവങ്ങളുടെ മ്യൂസിയമായിരുന്നു സാംസയുടെ നാട്. പലരും അവിടെ അപരജീവിതം നയിക്കുന്നുണ്ടായിരുന്നു. സാംസയിൽ പോലും ഉന്മാദത്തിന്റെയും അപരജീവിതത്തിന്റെയും വിചിത്രമായ ഭാവനാജീവിതത്തിന്റെയും അടരുകളുണ്ട്.
കൂട്ടുകാരൊത്തുള്ള കളിയിൽ സാംസയെ അവർ കൂട്ടിയിരുന്നില്ല. ‘‘അവിടെ ഉണ്ടെങ്കിലും അവിടെ ഇല്ലാത്തയാളായി അവൻ മാറും’’. അവനെ ഒരു വ്യക്തിയായി പരിഗണിക്കുന്ന ഒരാൾ സ്റ്റീഫനാണ്. മറ്റൊരാൾ മാർക്ക് സാർ. തന്നെ പരിഗണിക്കാത്തവരുടെ ഒരു ലോകത്ത് സാംസ അവനോടു തന്നെ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. ഒരുപക്ഷേ നോവലിലെ കഥാപാത്രങ്ങൾ മറ്റുള്ളവരോട് എന്നതിനേക്കാൾ അവരവരോട് തന്നെ സംസാരിക്കുന്നവരാണ്. മരിച്ചവരോട് സംസാരിക്കുന്നതിനെക്കുറിച്ച് നോവലിൽ ഹരീഷ് സൂചിപ്പിക്കുന്നുണ്ട്. ജീവിച്ചിരിക്കുന്നവരുടെ ലോകത്തേക്കാൾ മരിച്ചവരുടെ ലോകമാണ് വലുത് എന്നും നമ്മൾ എത്തിച്ചേരുമെന്ന് ഉറപ്പുള്ള സ്ഥലത്താണ് അവരുള്ളത് എന്നതിനാൽ അവരോട് വർത്തമാനം പറഞ്ഞുകൊണ്ടിരിക്കണം എന്നും നോവലിസ്റ്റ് എഴുതുന്നു. മരിച്ചുപോയ പെൺകുട്ടി എന്ന് വിളിച്ചു കൊണ്ടാണ് സാംസ നടാഷ എന്ന സാങ്കല്പിക പെൺകുട്ടിയോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്. നടാഷഎന്ന പേര് മാർക്ക് സാർ തന്നെയാണ് സാംസയുടെ ആവശ്യപ്രകാരം അവൾക്ക് നൽകിയത്. പേരിട്ടതിനുശേഷമാണ് അവൾ കൂടുതൽ അവനോട് സംസാരിക്കാൻ തുടങ്ങിയത്. അവൾ മരിച്ചുപോയ അനേകം പേരിൽ ഒരാൾ അല്ലാതെയാവുകയും പേര് വരുന്നതോടെ അവൾക്ക് സവിശേഷമായ അസ്തിത്വം കൈവരുകയും ചെയ്യുന്നു. പിന്നീട് അവൾ സാംസയുടെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ മാറുന്നു. മരിച്ചവരുടെ ലോകം വിട്ട് അവൾ ജീവിച്ചിരിക്കുന്നവരുടെ ലോകത്തെത്തുകയും എന്നാൽ മറ്റാർക്കും വെളിപ്പെടാത്ത നിഗൂഢജീവിതം നയിക്കുകയും ചെയ്യുന്നു.
സാംസ മരിച്ചുപോയ ആ പെൺകുട്ടിയെ കണ്ടെത്തുന്നതും നിഗൂഢ ജീവിതത്തിന്റെ ഏതോ അധോതലങ്ങളിൽ വച്ചാണ്. അത് അവൻ സ്വയം നിർമ്മിച്ചത് തന്നെയായിരുന്നു. കുട്ടിക്കാലംമുതൽ സാംസ തനിച്ചായിരുന്നല്ലോ. ‘‘മറ്റുള്ളവർ വിളിക്കുമ്പോൾ, കൊഞ്ചിക്കാൻ ചെല്ലുമ്പോൾ, എന്തിനാണ് എന്റെ ലോകത്തിലേക്ക് നിങ്ങൾ വരുന്നതെന്ന് സംശയത്തോടെ അവരെ നോക്കി" എന്ന് നോവലിസ്റ്റ് പറയുന്നു. ജനിതകമായ ഏതോ വിഷാദത്തിന്റെ പകർച്ച കൊണ്ടായിരിക്കും അവൻ ഏകാകിയും അന്തർമുഖനുമായതെന്ന് അമ്മയായ ആനി വിചാരിക്കുന്നു.
സ്കൂളിലേക്കുള്ള വഴിയിൽ അവൻ കൂട്ടുകാരെ ഉപേക്ഷിച്ച് സ്വയം കണ്ടെത്തിയ ഊടുവഴികൾ സ്വീകരിച്ചു. അവൻ ഒപ്പമില്ലെന്ന കാര്യം കൂട്ടുകാർ അറിഞ്ഞുമില്ല. ഏകാന്തത അവന്റെ ഭാവനാജീവിതത്തെ കൂടുതൽ ജീവിതവ്യമാക്കി. ഏകാന്തതയിൽ, ഭൂതകാലം അവന്റെ ചിന്തയിൽ തെളിമയോടെ നിറഞ്ഞു നിന്നു. മുപ്പതോ നാല്പതോ വർഷം മുമ്പ് മരിച്ചുപോയ പെൺകുട്ടിയെയും അവൾ താമസിച്ചിരുന്ന വീടിനെയും അവൻ കൂടുതൽ വ്യക്തതയോടെ കണ്ടു. വർത്തമാനകാലത്തേക്കാൾ ഭൂതകാലം അവന്റെ കാലമായി. ഭൂതകാലത്തിൽ നിന്ന് സാംസ വർത്തമാനത്തിലേക്ക് ഇടയ്ക്കിടെ എത്തിനോക്കുന്നവനായി. ഉച്ചരിക്കപ്പെടാത്ത ശബ്ദങ്ങൾ അവന്റെയുള്ളിൽ നിറഞ്ഞുനിന്നു. കാലവും സ്ഥലവും അവനെയൊഴിഞ്ഞ് സഞ്ചരിച്ചു.
‘‘ഒരിടത്ത് നിൽക്കുമ്പോൾ മറ്റൊരിടത്തായിരിക്കാൻ സാംസയ്ക്കറിയാം. അവൻ നിൽക്കുന്ന സ്ഥലത്തല്ല അകമേയുള്ള സ്ഥലത്താണ് സാംസയുള്ളത്. അതുകൊണ്ട് ഒരു സ്ഥലത്ത് എത്രനേരം വേണമെങ്കിലും കാത്തുനിൽക്കാൻ അവനു പറ്റും" എന്ന് ഹരീഷ്.
അവന്റെ പിതാവും ഒരുതരം അദൃശ്യജീവിതം നയിച്ച മനുഷ്യനായിരുന്നു. അയാൾ അധികമൊന്നും സംസാരിച്ചില്ല. പ്രണയത്തിൽ പോലും അയാൾ ഏറെ സംയമിയായിരുന്നു. കടക്കാരെ പേടിച്ച് ചാരായക്കടയുടെ ഇരുട്ടിൽ അയാൾ ഒളിച്ചിരുന്നു. നടത്തിയ ബിസിനസ്സുകൾ ഓരോന്ന് പൊളിയുമ്പോഴും അയാൾ അയാളുടെത് മാത്രമായ യുക്തിയിൽ തിരിച്ചുവരവിനായി ശ്രമപ്പെട്ടു. ആരോടും പറയാതെ ഇടയ്ക്കിടെ പുറപ്പെട്ടുപോയി. വിഷാദങ്ങൾ മറ്റാരുമായും പങ്കുവെച്ചില്ല. പ്രണയവും സ്നേഹവും വാത്സല്യവും സൗഹൃദവും അയാളിൽത്തന്നെ ചുരുണ്ടുകിടന്ന് അസ്തമിച്ചു. മകനായ സാംസ പോലും അയാളുടെ ലോകത്ത് നിന്ന് ഒരുപാട് ദൂരെയായിരുന്നു.
നാം നമ്മുടെ ജീവിതത്തിൽ സമ്പൂർണ്ണരാകുന്നത് എപ്പോഴാണ്? ആന്തരിക ജീവിതത്തിലെ വെളിപ്പെടാത്ത / വെളിപ്പെടുത്താൻ കഴിയാത്ത കാമനകൾക്കും തൃഷ്ണകൾക്കും ഭാവനയ്ക്കുമെല്ലാം പൂർണ്ണത ലഭിക്കുമ്പോഴാണ് വസന്തകാലം പോലെ ജീവിതം അടിമുടി പൂവിടുന്നത്. ഇല്ലെങ്കിൽ ഉള്ളില്ലാത്ത പുറന്തോടു പോലെ മനുഷ്യജീവിതം അനുഷ്ഠാനമായി മാറും.
ഓരോരുത്തരിലുമുള്ള കൂടുതൽ മികച്ച മറ്റൊരാൾക്കുവേണ്ടിയുള്ള പരതലാണ് ജീവിതം. പലരുമതിൽ പരാജയപ്പെടുന്നു. അവർ അവരുടെ അദൃശ്യമായ അപരജീവിതത്തിലിരുന്ന് ഉള്ളിൽ കരഞ്ഞുകൊണ്ടേയിരിക്കുന്നു. ആ നിലവിളിയുടെ ശബ്ദം ബാഹ്യലോകത്തിന് കേൾക്കാൻ കഴിയില്ല. പട്ടുനൂൽപ്പുഴുവിലൂടെ എസ്. ഹരീഷ് അത് കേൾക്കുന്നു, നമ്മെ കേൾപ്പിക്കുന്നു.