മാർക്സിസത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള
മുഖ്യധാരാ വായനക്ക് ഒരു തിരുത്ത്

മാർക്‌സിസ്റ്റ്‌ ചിന്താലോകം പാരിസ്ഥിതിക വിരുദ്ധമാണെന്ന ഉപരിപ്ലവമായ മുഖ്യധാരാ വ്യാഖ്യാനങ്ങൾ സമ്പൂർണമായും തകർക്കപ്പെടുന്ന ഒരു ബോധ്യത്തിലേക്കാണ് ജോൺ ബെല്ലമി ഫോസ്റ്ററിന്റെ ‘‘പ്രകൃതിയുടെ മടങ്ങിവരവ്‌: സോഷ്യലിസവും പാരിസ്ഥിതിക വിജ്ഞാനീയവും’’ എന്ന പുസ്തകത്തിന്റെ വായന നയിക്കുന്നത്.

ർഗസമരത്തെയും വർഗവിശകലനത്തെയും ആധാരശിലകളായി പരിഗണിച്ചിട്ടുള്ള മാർക്‌സിസത്തിന്റെ വിപ്ലവസൈദ്ധാന്തിക പരിപ്രേക്ഷ്യത്തിന്‌ പരിസ്ഥിതി എന്ന മഹാഖ്യാനത്തെ വിശദീകരിച്ചെടുക്കാനുള്ള ശേഷിയില്ലെന്നായിരുന്നു രണ്ട്‌ ദശകങ്ങൾക്കു മുമ്പുവരെ മുഖ്യധാരാ ലിബറൽ സൈദ്ധാന്തികലോകം പറഞ്ഞുകൊണ്ടിരുന്നത്‌. എന്നാൽ, മാർക്‌സിന്റെയും എംഗൽസിന്റെയും വിപ്ലവചിന്താപദ്ധതിയുടെ അകക്കാമ്പായിത്തന്നെ പാരിസ്ഥിതിക വിശകലനത്തിന്റെ വിശാലതയും നിരന്തര സാന്നിധ്യമായി നിലകൊണ്ടിരുന്നതായി പിന്നീട്‌ തെളിയിക്കപ്പെട്ടു. ഇങ്ങനെ മാർക്‌സിയൻ ചിന്താപദ്ധതിയിൽ രൂഢമായി ഉള്ളടങ്ങിയ പാരിസ്ഥിതികമാനങ്ങളെ അതിന്റെ സമഗ്രതയിലും വിശാലതയിലും വീണ്ടെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മാർക്‌സിസ്റ്റ്‌ പാരിസ്ഥിതിക ചിന്തകനാണ്‌ ജോൺ ബെല്ലമി ഫോസ്റ്റർ. ഫോസ്റ്ററിന്റെ ‘‘മാർക്‌സിന്റെ പാരിസ്ഥിതിക വിജ്ഞാനീയം: ഭൗതികവാദവും പ്രകൃതിയും’’ (Marx`s Ecology: Materialism and Nature) എന്ന പുസ്‌തകം 2000-ൽ പുറത്തുവന്നതോടെയാണ്‌ മാർക്‌സിയൻ ചിന്തയുടെ പാരിസ്ഥിതികമാനങ്ങൾ ഏറ്റവും ശാസ്‌ത്രീയവും വിപുലവുമായ നിലയിൽ ആദ്യമായി നമുക്കു മുന്നിൽ വെളിപ്പെടുന്നത്‌.

മാർക്‌സിനെ കേവലമായി വിശകലനം ചെയ്യുന്നതിനുപകരം, എപ്പിക്യൂറസ്‌ മുതൽ ചാൾസ്‌ ഡാർവിൻ വരെയുള്ള ചിന്തകരെ അണിനിരത്തി, അതുവരെയുള്ള വിപ്ലവാത്മകമായ പാരിസ്ഥിതിക ചിന്തയുടെ ധൈഷണിക‐ സാമൂഹ്യചരിത്രത്തെ അടയാളപ്പെടുത്തുക കൂടിയായിരുന്നു ജോൺ ബെല്ലമി ഫോസ്റ്റർ ചെയ്‌തത്‌.

മാർക്‌സിന്റെ ചിന്താപദ്ധതിയിലെ പാരിസ്ഥിതിക മാനങ്ങളെയായിരുന്നു ഈ പുസ്‌തകത്തിലൂടെ ഇരുപതു വർഷം മുമ്പ് ജോൺ ബെല്ലമി ഫോസ്റ്റർ സമാനതകളില്ലാത്തവിധം പുറത്തുകൊണ്ടുവന്നത്‌. അതിനുശേഷം സൈദ്ധാന്തികരംഗത്ത്‌ മാർക്‌സിയൻ പാരിസ്ഥിതിക ചിന്താലോകം വലിയ അളവിൽ വളർച്ച പ്രാപിക്കുകയായിരുന്നു. ആ വളർച്ചയുടെ മുഖ്യ പ്രേരകശക്തികളിലൊന്നായി വർത്തിച്ചതാകട്ടെ "മാർക്‌സിന്റെ പാരിസ്ഥിതികവിജ്ഞാനീയ’’ത്തിലെ ആശയലോകമായിരുന്നു. ആ പുസ്‌തകത്തിന്റെ തുടർച്ച എന്ന നിലയിലാണ്‌ ‘‘പ്രകൃതിയുടെ മടങ്ങിവരവ്‌: സോഷ്യലിസവും പാരിസ്ഥിതികവിജ്ഞാനീയവും’’ (The Monthly Review Press, 2020) എന്ന പുസ്‌തകം പുറത്തുവരുന്നത്. "മാർക്‌സിന്റെ പാരിസ്ഥിതികവിജ്ഞാനീയ’’ത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷമുള്ള കഴിഞ്ഞ ഇരുപത്‌ വർഷക്കാലത്തെ ഗവേഷണങ്ങളുടെയും അന്വേഷണങ്ങളുടെയും അനന്തരഫലമാണ്‌ ‘‘പ്രകൃതിയുടെ മടങ്ങിവരവെ"ന്നും ജോൺ ബെല്ലമി ഫോസ്റ്റർ സൂചിപ്പിക്കുന്നുണ്ട്‌.

ജോൺ ബെല്ലമി ഫോസ്റ്റർ

കാൾ മാർക്‌സിന്റെ മരണഘട്ടം വരെയുള്ള, മാർക്‌സിയൻ പാരിസ്ഥിതിക വിജ്ഞാനീയത്തെയായിരുന്നു "മാർക്സിന്റെ പാരിസ്ഥിതിക വിജ്ഞാനിയ"ത്തിലൂടെ ജോൺ ബെല്ലമി ഫോസ്റ്റർ ചികഞ്ഞെടുത്തത്‌. അതിന്റെ തുടർച്ചയെന്ന നിലയിൽ, മാർക്സിന്റെ മരണശേഷമുള്ള എൺപതു വർഷത്തെ മാർക്‌സിയൻ പാരിസ്ഥിതിക വിജ്ഞാനീയത്തിന്റെ വളർച്ചയുടെ വിവിധ അടരുകളെ സൂക്ഷ്‌മവും സമഗ്രവുമായി അടയാളപ്പെടുത്താനാണ്‌ ‘‘പ്രകൃതിയുടെ മടങ്ങിവരവ്‌’’ എന്ന പുസ്‌തകത്തിലൂടെ ജോൺ ബെല്ലമി ഫോസ്റ്റർ പരിശ്രമിക്കുന്നത്‌. ഏറ്റവും മികവാർന്ന മാർക്‌സിയൻ പഠനഗ്രന്ഥത്തിനുള്ള, 2020 -ലെ ഐസക്‌ ഡ്യൂഷ്വർ & തുമാര മെമ്മോറിയൽ പ്രൈസ്‌ ലഭിച്ചത്‌ ‘‘പ്രകൃതിയുടെ മടങ്ങിവരവി’’നാണെന്നതും ‌‌പുസ്‌തകത്തിന്റെ അതീവ പ്രാധാന്യം അടിവരയിടുന്നുണ്ട്.

കാൾ മാർക്‌സിന്റെ വിപ്ലവാത്മകമായ പാരിസ്ഥിതിക ഭൗതികവാദത്തെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല ‘‘മാർക്‌സിന്റെ പാരിസ്ഥിതിക വിജ്ഞാനീയ’’ത്തിന്റെ വിശാലമായ താൽപര്യം. മാർക്‌സിനെ കേവലമായി വിശകലനം ചെയ്യുന്നതിനുപകരം, എപ്പിക്യൂറസ്‌ മുതൽ ചാൾസ്‌ ഡാർവിൻ വരെയുള്ള ചിന്തകരെ അണിനിരത്തി, അതുവരെയുള്ള വിപ്ലവാത്മകമായ പാരിസ്ഥിതിക ചിന്തയുടെ ധൈഷണിക‐ സാമൂഹ്യചരിത്രത്തെ അടയാളപ്പെടുത്തുക കൂടിയായിരുന്നു ജോൺ ബെല്ലമി ഫോസ്റ്റർ ചെയ്‌തത്‌. എപ്പിക്യൂറസ്‌ മുതൽ ചാൾസ്‌ ഡാർവിൻ വരെയുള്ള ചിന്തകരുടെ ആശയലോകത്തുനിന്ന്, അതിൽ അന്തർലീനമായ ഭൗതികവാദ‐ പാരിസ്ഥിതിക വിചാരലോകങ്ങളെ വീണ്ടെടുക്കുകകൂടി ചെയ്താണ് " മാർക്‌സിന്റെ പാരിസ്ഥിതിക വിജ്ഞാനീയം" വികസിക്കുന്നത്‌.

കാൾ മാർക്‌സിന്റെ മരണഘട്ടം വരെയുള്ള, മാർക്‌സിയൻ പാരിസ്ഥിതിക വിജ്ഞാനീയത്തെയായിരുന്നു "മാർക്സിന്റെ പാരിസ്ഥിതിക വിജ്ഞാനിയ"ത്തിലൂടെ ജോൺ ബെല്ലമി ഫോസ്റ്റർ ചികഞ്ഞെടുത്തത്‌.

പാരിസ്ഥിതിക ഭൗതികവാദചിന്തയുടെ ചരിത്രപരവും ധൈഷണികവുമായ ഈയൊരു വീണ്ടെടുക്കലിന്റെ തുടർച്ചയാണ്‌ "പ്രകൃതിയുടെ മടങ്ങിവരവി"നെ സാധ്യമാക്കിത്തീർക്കുന്നത്‌. ചാൾസ്‌ ഡാർവിന്റെയും കാൾ മാർക്‌സിന്റെയും മരണത്തിനുശേഷം പാരിസ്ഥിതിക ഭൗതികവാദചിന്തയെ മുന്നോട്ടുകൊണ്ടുപോയവരുടെ ചരിത്രജീവിതത്തെയും ചിന്താലോകത്തെയുമാണ്‌ "പ്രകൃതിയുടെ മടങ്ങിവരവി"ൽ വീണ്ടെടുക്കുന്നത്‌. സാമൂഹ്യനീതിയെയും പാരിസ്ഥിതികമായ സുസ്ഥിരതയെയും പരസ്‌പരം കണ്ണിചേർക്കാനും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകാനുമുള്ള അഗാധമായ ആശയരൂപീകരണ പ്രക്രിയകളുടെ ദീർഘകാല ചരിത്രമാണ്‌ ‘‘പ്രകൃതിയുടെ മടങ്ങിവരവി’’ലൂടെ ബെല്ലമി ഫോസ്റ്റർ തെളിച്ചെടുക്കുന്നത്‌. ഇതിലൂടെ അനാവൃതമാകുന്ന പുതിയ തെളിച്ചം സമകാലിക ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അത്യാപത്‌കരമായ പാരിസ്ഥിതിക തകർച്ചകളുടെ മൂലകാരണങ്ങളെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കിയെടുക്കുന്നതിനും, അതിനെ അതിജീവിക്കുന്നതിനനിവാര്യമായ പോരാട്ടരൂപങ്ങൾക്ക്‌ ശരിയായ ദിശാബോധം കണ്ടെത്തുന്നതിനും‌, കൂടുതൽ ആവേശവും വിപ്ലവാത്മകതയും ആശയവ്യക്തതയും പകർന്നുതരുമെന്ന കാര്യത്തിൽ തർക്കമില്ല. ഈ പുസ്‌തകത്തിന്റെ അതീവപ്രാധാന്യത്തെ അടിവരയിടുന്ന മുഖ്യപ്രേരകഘടകവും ആ പുതിയ തെളിച്ചമാണ്‌.

"പ്രകൃതിയുടെ മടങ്ങിവരവ്‌ "എന്ന പുസ്‌തകത്തെ ഏറ്റവും സമരോത്സുകമാക്കിത്തീർക്കുന്നത്‌ ഫ്രെഡറിക്‌ എംഗൽസിന്റെ പാരിസ്ഥിതിക വിജ്ഞാനീയത്തെക്കുറിച്ചുള്ള ഗംഭീരമായ പഠനഭാഗമാണ്‌. ഫ്രെഡറിക്‌ എംഗൽസിന്റെ പാരിസ്ഥിതിക കാഴ്‌ചപ്പാടുകളെയും പാരിസ്ഥിതിക വൈജ്ഞാനികതയെയും സമഗ്രവും വിപ്ലവാത്മകവുമായി വീണ്ടെടുക്കുന്ന ഭാഗമാണിത്‌. ഏറെ പ്രസിദ്ധമായ ‘‘ഡ്യൂറിങ്ങിനെതിരെ’’ എന്ന പുസ്‌തകത്തിൽ എംഗൽസ്‌ ഏറ്റവും പ്രസക്തമായ ഒരു നിരീക്ഷണം മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌: ‘‘പ്രകൃതിയാണ്‌ വൈരുദ്ധ്യാത്മകതയുടെ തെളിവ്‌’’ (nature is the proof of dialectics) എന്നതാണ്‌ ആ നിരീക്ഷണം. എംഗൽസിന്റെ ശാസ്‌ത്രീയവും വിപ്ലവാത്മകവുമായ ഈയൊരു നിരീക്ഷണത്തിൽ നിലയുറപ്പിച്ചുകൊണ്ടാണ്‌ ‘‘പ്രകൃതിയുടെ മടങ്ങിവരവി’’ലെ ആശയപ്രപഞ്ചത്തെ ബെല്ലമി ഫോസ്റ്റർ വികസിപ്പിക്കുന്നത്.

കോവിഡ്‌ ഉൾപ്പെടെയുള്ള മഹാമാരികളുടെയും അത്യപകടം പിടിച്ച പാരിസ്ഥിതിക തകർച്ചകളുടെയും സമകാലിക സന്ദർഭത്തിൽ എംഗൽസിന്റെ വാക്കുകൾക്ക്‌ പ്രവചനാത്മകതയും പ്രസക്തിയും ഏറുകയാണ്‌.

എംഗൽസിന്റെ ‘‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത’’യിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ്‌ ‘‘കുരങ്ങിൽനിന്ന് മനുഷ്യനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനം വഹിച്ച പങ്ക്‌.’’ ഇവിടെയാണ്‌ പ്രകൃതിയുടെ മേലുള്ള മനുഷ്യരുടെ അക്രമാസക്തമായ കൈകടത്തലുകൾ മനുഷ്യരുടെതന്നെ നിലനിൽപ്പിന്‌ ആധാരമായ പ്രാകൃതിക - ഭൗതിക പരിസരത്തെ (Material-‐Natural world) തച്ചുതകർത്തുകളയുമെന്ന ഘനഗംഭീരമായ നിരീക്ഷണം എംഗൽസ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. 

എംഗൽസ്‌ എഴുതുന്നു: "പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ വിജയങ്ങളെച്ചൊല്ലി നമ്മൾ ഊറ്റംകൊള്ളേണ്ടതില്ല. ഓരോ ജയത്തിലും അത്‌ നമുക്കുനേരെ പ്രതികാരം വീട്ടിയിട്ടുണ്ട്‌. പുതിയ കൃഷിസ്ഥലങ്ങൾ നേടുന്നതിനായി മെസപൊട്ടേമിയയിലെയും ഗ്രീസിലെയും ഏഷ്യാമൈനറിലെയും അതുപോലുള്ള മറ്റു പ്രദേശങ്ങളിലെയും വനങ്ങൾ വെട്ടി നശിപ്പിച്ച മനുഷ്യർ, വനങ്ങളോടൊപ്പം ഈർപ്പം തങ്ങിനിൽക്കാനാവശ്യമായ സംഭരണകേന്ദ്രങ്ങളും നശിപ്പിച്ചതുവഴി, ഈ രാജ്യങ്ങളിൽ ഇന്നത്തേതുപോലുള്ള നശിച്ച ഒരവസ്ഥയ്‌ക്ക്‌ അടിത്തറ പാകുകയാണ്‌ തങ്ങൾ ചെയ്‌തതെന്ന കാര്യം സ്വപ്‌നത്തിൽപോലും കണ്ടിരിക്കില്ല… ഒരു ജേതാവ്‌ ഏതെങ്കിലുമൊരു വൈദേശികജനതയെ അടക്കിവാണതുപോലെ, പ്രകൃതിക്കതീതമായ ഒരു ശക്തിയെപ്പോലെ, പ്രകൃതിയെ അടക്കിവാഴുകയല്ല, മറിച്ച്‌, നമ്മുടെ മാംസവും ചോരയും തലച്ചോറുമെല്ലാമടക്കം, പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയിലാണ്‌ നമ്മുടെ അസ്‌തിത്വമെന്നും നാം ഓരോ ഘട്ടത്തിലും ഓർമിക്കണം… "

ചാള്‍സ് ഡാര്‍വിനും കാള്‍ മാക്സും

കോവിഡ്‌ ഉൾപ്പെടെയുള്ള മഹാമാരികളുടെയും അത്യപകടം പിടിച്ച പാരിസ്ഥിതിക തകർച്ചകളുടെയും സമകാലിക സന്ദർഭത്തിൽ എംഗൽസിന്റെ ഈ വാക്കുകൾക്ക്‌ പ്രവചനാത്മകതയും പ്രസക്തിയും ഏറുകയാണ്‌. അതുകൊണ്ടുതന്നെ പുതിയ കാലഘട്ടത്തിന്റെ സമൂർത്തതയിലേക്കുള്ള എംഗൽസിന്റെ മടങ്ങിവരവും എംഗൽസിലേക്കുള്ള പുതിയ കാലഘട്ടത്തിന്റെ മടങ്ങിപ്പോക്കും കൂടുതൽ അർത്ഥവത്തായിത്തീരുകയാണ്. എംഗൽസിന്റെ പാരിസ്ഥിതിക വിജ്ഞാനീയത്തെക്കുറിച്ച്‌ വളരെ സമഗ്രവും സവിശേഷവുമായി പഠിക്കേണ്ട സമകാലിക സന്ദർഭമാണ്‌ നമുക്കു മുന്നിലുള്ളത്‌. വൈരുദ്ധ്യാത്മകതയെ പ്രകൃതിയിലേക്ക്‌ വ്യാപിപ്പിക്കാനാവില്ലെന്ന എംഗൽസ്‌ വിരുദ്ധരുടെ വാദങ്ങളെല്ലാം തകർന്നുവീഴുന്ന പാരിസ്ഥിതിക‐ഭൗതിക സാഹചര്യമാണ്‌ ലോകത്ത്‌ നിലനിൽക്കുന്നതെന്നും കാണേണ്ടതുണ്ട്‌. അതുകൊണ്ടുതന്നെ, എംഗൽസിന്റെ പാരിസ്ഥിതിക വിജ്ഞാനീയത്തെ വീണ്ടെടുക്കാനും സമകാലികമാക്കാനുമുള്ള ജോൺ ബെല്ലമി ഫോസ്റ്ററിന്റെ പരിശ്രമങ്ങൾ സമകാലിക സന്ദർഭത്തിൽ വലിയൊരു രാഷ്‌ട്രീയ‐ ധൈഷണിക ഇടപെടൽ കൂടിയായി മാറിത്തിരുന്നുണ്ട്‌. മാർക്‌സിസത്തെ മലിനപ്പെടുത്തിയ ഒരു പോസിറ്റിവിസ്റ്റാണ്‌എംഗൽസ്‌ എന്ന പാശ്ചാത്യ മാർക്‌സിസ്റ്റുകളുടെയും അക്കാദമിക പണ്ഡിതരുടെയും കേവലവാദങ്ങളെല്ലാം എംഗൽസിനെക്കുറിച്ചുള്ള ഫോസ്റ്ററിന്റെ സമഗ്രമായ പഠനത്തിൽ അടിപടലം തകർന്നുവീഴുന്ന കാഴ്‌ച കൗതുകകരവും അതോടൊപ്പം ആവേശകരവുമാണ്‌.

മാർക്‌സിന്റെയും ഡാർവിന്റെയും മരണഘട്ടം മുതൽ 1960-കളിലും 1970 -കളിലും ഉയർന്നുവന്ന പാരിസ്ഥിതിക പോരാട്ടങ്ങൾവരെ നീളുന്ന, പ്രകൃതിയെ സംബന്ധിക്കുന്ന മാർക്‌സിസ്റ്റ്‌ വൈരുദ്ധ്യാത്മക പാരിസ്ഥിതിക ചിന്തയുടെ വികാസപരിണാമത്തെയും ചരിത്രത്തെയും ജോൺ ബെല്ലമി ഫോസ്റ്റർ പരിശോധിക്കുന്നു.

മുതലാളിത്ത വ്യവസ്ഥാക്രമത്തിനുള്ളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതികവും സാമൂഹ്യവുമായ തകർച്ചകളെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട്‌ വിമർശനവിധേയമാക്കിയ ചിന്തകരുടെ വലിയൊരു നിരയെ ജോൺ ബെല്ലമി ഫോസ്റ്റർ ഈ പുസ്‌തകത്തിലൂടെ പരിചയപ്പെടുത്തുകയും വീണ്ടെടുക്കുകയും ചെയ്യുന്നുണ്ട്‌. മാർക്‌സിന്റെ ഏറ്റവും വലിയ യുവസുഹൃത്തുക്കളിൽ ഒരാളും പ്രശസ്‌ത ഡാർവീനിയൻ പരിണാമ ജീവശാസ്‌ത്രജ്ഞനുമായിരുന്ന എഡ്‌വിൻ റെ ലാങ്കസ്റ്ററുടെ (1847‐1929) ജീവിതത്തെയും ആശയപ്രപഞ്ചത്തെയും സമഗ്രമായി അടയാളപ്പെടുത്തിക്കൊണ്ടാണ്‌ പുസ്‌തകത്തിലെ ആദ്യ ഭാഗത്തിന്റെ ആദ്യ അധ്യായങ്ങൾ ആരംഭിക്കുന്നത്‌. തുടർന്ന്‌ ബ്രിട്ടീഷ്‌ കാൽപനിക‐മാർക്‌സിസ്റ്റും കവിയും നോവലിസ്റ്റും സോഷ്യലിസ്റ്റ്‌ ആക്ടിവിസ്റ്റുമൊക്കെയായിരുന്ന വില്ല്യം മോറിസിന്റെ സമ്പൂർണമായ ബൗദ്ധിക ചരിത്രമാണ്‌ അനാവൃതമാകുന്നത്‌. പുസ്‌തകത്തിന്റെ രണ്ടാം ഭാഗത്തിലാണ്‌ ഫ്രെഡറിക്‌ എംഗൽസിന്റെ പാരിസ്ഥിതിക വിജ്ഞാനീയത്തെക്കുറിച്ചുള്ള സുദീർഘമായ പഠനങ്ങൾ ഉൾച്ചേർക്കപ്പെട്ടിട്ടുള്ളത്‌. സോഷ്യലിസ്റ്റ്‌ പാരിസ്ഥിതിക ചിന്തകനായിരുന്ന ആർതർ ടാൻസിലിയെക്കുറിച്ചുള്ള പഠനമാണ്‌ അടുത്തത്‌. ബ്രിട്ടനിലെ ‘‘ചുവന്ന ശാസ്‌ത്രജ്ഞരാ’’യിരുന്ന ജെ. ഡി.ബെർണാൽ, ജെ.ബി.എസ്‌. ഹാൽഡെയ്‌ൻ, ജോസഫ്‌ നിഥാം, ഹൈമാൻ ലെവി, ലാൻസ്‌ലോട്ട്‌ ഹോഗ്‌ബെൻ തുടങ്ങിയവരുടെ പ്രകൃതിശാസ്‌ത്ര അന്വേഷണങ്ങളെക്കുറിച്ചും അതിൽ ഉൾച്ചേർന്നിരിക്കുന്ന പാരിസ്ഥിതിക ഭൗതികവാദത്തിന്റെ വികാസപരിണാമങ്ങളെക്കുറിച്ചും തുടർന്ന്‌ പരിശോധിക്കുന്നു. സാംസ്‌കാരിക ഭൗതികവാദിയും മാർക്‌സിസ്റ്റ്‌ വിപ്ലവകാരിയുമായിരുന്ന ക്രിസ്റ്റഫർ കോഡ്‌വെല്ലിന്റെ ചിന്താലോകത്ത്‌ ഉള്ളടങ്ങിയിട്ടുള്ള പാരിസ്ഥിതിക ചിന്തയുടെ വിപ്ലവാത്മകതയെ വീണ്ടെടുത്തുകൊണ്ടാണ്‌ പുസ്‌തകത്തിന്റെ മൂന്നാംഭാഗം വികസിക്കുന്നത്‌.

ഉപസംഹാരത്തിലും നിരവധി വൈരുദ്ധ്യാത്മക പാരിസ്ഥിതിക ചിന്തകർ കടന്നുവരുന്നുണ്ട്‌. ഇങ്ങനെ വ്യത്യസ്‌ത തലങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള ഒരുപിടി വിപ്ലവചിന്തകരെ അണിനിരത്തിക്കൊണ്ടാണ്‌, മാർക്‌സിന്റെയും ഡാർവിന്റെയും മരണഘട്ടം മുതൽ 1960-കളിലും 1970 -കളിലും ഉയർന്നുവന്ന പാരിസ്ഥിതിക പോരാട്ടങ്ങൾവരെ നീളുന്ന, പ്രകൃതിയെ സംബന്ധിക്കുന്ന മാർക്‌സിസ്റ്റ്‌ വൈരുദ്ധ്യാത്മക പാരിസ്ഥിതിക ചിന്തയുടെ വികാസപരിണാമത്തെയും ചരിത്രത്തെയും ജോൺ ബെല്ലമി ഫോസ്റ്റർ പരിശോധിക്കുന്നത്‌.

"പ്രകൃതിയുടെ മടങ്ങിവരവി"നെക്കുറിച്ച് ബെല്ലമി ഫോസ്റ്റർ ഇങ്ങനെ എഴുതുന്നു:  ‘‘മുതലാളിത്തത്തിനെതിരെയുള്ള ശാസ്‌ത്രപരവും സൗന്ദര്യപരവുമായ വിമർശനത്തിന്റെ സംശ്ലേഷണമാണ്‌ ഇവിടെ നിർവഹിച്ചിട്ടുള്ളത്‌. ഈയൊരു വിമർശനമാണ്‌ ആധുനിക പാരിസ്ഥിതിക വിമർശനത്തിന്റെ അടിത്തറയായി വർത്തിക്കുന്നത്‌. ഈയൊരു വിമർശന പരിപ്രേക്ഷ്യം സുസ്ഥിരമായ മാനവവികസനത്തെ സംബന്ധിക്കുന്ന സുപ്രധാനമായ സങ്കൽപനങ്ങളിലേക്ക്‌ വഴിതെളിക്കുന്നു.’’

ആധുനിക പാരിസ്ഥിതിക ചിന്തയുടെ വളർച്ചയിൽ മുഖ്യമായ അടിത്തറയായി വർത്തിച്ചത്‌ സോഷ്യലിസ്റ്റ്‌ ചിന്തയും അതിന്റെ വൈരുദ്ധ്യാത്മകമായ വിചിന്തന രീതിയുമാണെന്ന്‌ ഈ പുസ്‌തകത്തിലൂടെ ബെല്ലമി ഫോസ്റ്റർ സ്ഥാപിക്കുന്നു. ഇങ്ങനെ ആധുനിക പാരിസ്ഥിതിക ഭൗതികവാദ ചിന്തയിലെ അടരുകളായി വർത്തിച്ച സോഷ്യലിസ്റ്റ്‌ പാരമ്പര്യഘടകങ്ങളുടെ ധൈഷണിക ചരിത്രത്തിന്റെ വീണ്ടെടുക്കലിലൂടെ മാർക്‌സിസ്റ്റ്‌ സൈദ്ധാന്തിക വിചാരത്തിന്‌ വിപ്ലവാത്മകമായ പുതിയൊരു മാനം നൽകുകയാണ്‌ ജോൺ ബെല്ലമി ഫോസ്റ്റർ ചെയ്യുന്നത്‌. മനുഷ്യരാശിയുൾപ്പെടെയുള്ള ജീവലോകത്തിന്റെ അതിജീവനം സാധ്യമാകണമെങ്കിൽ മുതലാളിത്തമെന്ന ഉൽപാദനവ്യവസ്ഥ തകർക്കപ്പെടണമെന്ന രാഷ്‌ട്രീയ യാഥാർഥ്യമാണ്‌ ഈ പുസ്‌തകത്തിലൂടെ കൃത്യമായി തെളിഞ്ഞുവരുന്നത്‌. പുതിയൊരു സോഷ്യലിസ്റ്റ്‌ വ്യവസ്ഥയുടെ നിർമാണം എത്രത്തോളം അനിവാര്യമാണെന്നും ഈ പുസ്‌തകം പഠിപ്പിക്കുന്നുണ്ട്‌.

670- ഓളം പുറങ്ങളിലായി പരന്നുകിടക്കുന്ന ഈ പുസ്തകത്തിലെ ആശയലോകം പുതിയ പോരാട്ടങ്ങൾക്കും അന്വേഷണങ്ങൾക്കും പുതിയ തെളിച്ചങ്ങൾ സമ്മാനിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ‘‘മാർക്‌സിന്റെ പാരിസ്ഥിതിക വിജ്ഞാനീയം’’ എന്ന പുസ്‌തകത്തിലൂടെ പ്രോദ്‌ഘാടനം ചെയ്യപ്പെട്ട പാരിസ്ഥിതിക മാർക്‌സിസത്തിന്റെ വിചാരലോകം ‘‘പ്രകൃതിയുടെ മടങ്ങിവരവിലൂ’’ടെ പുതിയൊരു മാനത്തിലെത്തിയിരിക്കുകയാണ്‌. മാർക്‌സിസ്റ്റ്‌ ചിന്താലോകം പാരിസ്ഥിതിക വിരുദ്ധമാണെന്ന ഉപരിപ്ലവമായ മുഖ്യധാരാ വ്യാഖ്യാനങ്ങൾ സമ്പൂർണമായും തകർക്കപ്പെടുന്ന കാഴ്‌ചയും ഈ പുസ്‌തകത്തിലൂടെ നമുക്ക്‌ കാണാൻ കഴിയും.


പി.എസ്​. പൂഴനാട്​

പുരോഗമന കലാസാഹിത്യസംഘത്തില്‍ പ്രവര്‍ത്തിക്കുന്നു. ആള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ മുഖ മാസികയായ 'എംപ്ലോയീസ് ഫോറ'ത്തിന്റെ അസോ എഡിറ്റര്‍. ലോകദര്‍ശനങ്ങള്‍: ചാര്‍വാകന്‍ മുതല്‍ മാര്‍ക്‌സ് വരെ, മാര്‍ക്‌സ് വീണ്ടും മാര്‍ക്‌സ : സമകാലിക വായനകള്‍, ജനങ്ങള്‍ക്കുവേണ്ടി മരിച്ചുവീഴാം: മാല്‍ക്കം എക്‌സും പോരാളികളും എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments