ഒരു മഴത്തുള്ളിയുടെ ജീവിതം,
ജലത്തിന്റെ രാഷ്ട്രീയം…

ടർക്കിഷ് - ഇംഗ്ലീഷ് എഴുത്തുകാരി എലിഫ് ഷഫാക്കിന്റെ ഏറ്റവും പുതിയ നോവൽ There Are Rivers in the Sky- യുടെ ആസ്വാദനം. ഒരു മഴത്തുള്ളിയുടെ ജീവിതത്തിലൂടെ ജലത്തിന്റെ രാഷ്ട്രീയമാണ് നോവൽ ചർച്ച ചെയ്യുന്നത്. അർമീനിയൻ വംശഹത്യയെപ്പറ്റിയുള്ള രാഷ്‌ടീയ നിലപാടുകളുടെ പേരിൽ തുർക്കിയിൽ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ട എലിഫ് ഇംഗ്ലണ്ടിലാണ് താമസം. ഡോ. സലീമ ഹമീദ് എഴുതുന്നു.

Where u have set your mind,
begin the journey
Let your heart have no fear,
keep your eyes on me.
- Gilgamesh

ലത്തിന്റെ രാഷ്ട്രീയത്തെയും ഒരു മഴത്തുള്ളിയുടെ ജീവിതത്തെയും കുറിച്ചുള്ള ചിന്തകളും വീക്ഷണങ്ങളുമാണ് തുർക്കിഷ്- ഇംഗ്ലീഷ് എഴുത്തുകാരി എലിഫ് ഷഫാക്കിന്റെ ഏറ്റവും പുതിയ നോവലായ There Are Rivers in the Sky-യുടെ കേന്ദ്രബിന്ദു. അതിവർഷം, വെള്ളപ്പൊക്കങ്ങൾ, സമുദ്രനിരപ്പ് ഉയരുന്നത് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ഏതൊരാളിനും ജലദൗർലഭ്യം യാഥാർത്ഥ്യമാണെന്ന് തോന്നുക അസ്വാഭാവികമാണ്; എന്നാൽ അത് പരമമായ സത്യം മാത്രമാണ്. കുടിവെള്ള ദാരിദ്ര്യം അനുഭവപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്ത് രാജ്യങ്ങളിൽ ഏഴെണ്ണവും മധ്യേഷ്യയിലും ആഫ്രിക്കയിലും നിന്നുമുള്ളതാണ്. ട്രൈബൽ സമൂഹങ്ങളിലും പാരമ്പര്യ ജീവിതരീതി പിന്തുടരുന്ന സമൂഹങ്ങളിലും സ്ത്രീകളാണ് ജലസ്രോതസ്സുകളിൽ നിന്നും കുടുംബങ്ങൾക്കാവശ്യമായ ജലം വീട്ടിലേക്ക് എത്തിക്കുന്നത്. ഇത് ഈ സ്ത്രീകളുടെ ശാരീരിക യാതനകളും അവർക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഒരു തുള്ളി വെള്ളത്തിന്റെ യാത്രയുടെ കഥ എല്ലാവരുടെയും കഥയായി മാറുന്നുണ്ട്.

ടർക്കിഷ്, ഇംഗ്ലീഷ് ഭാഷകളിൽ എഴുതുന്ന, മനുഷാവകാശ പ്രവർത്തക കൂടിയായ എലിഫ് ഷഫാക്കിന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റുണ്ട്. 21 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇവർ ദി ബാസ്റ്റാർഡ് ഓഫ് ഇസ്താംബുൾ, ദി ഫോർട്ടി റൂൾസ് ഓഫ് ലവ്, ത്രീ ഡോട്ടേഴ്‌സ് ഓഫ് ഈവ്, 10 മിനിറ്റ്സ് 38 സെക്കൻഡ്സ് ഇൻ ദിസ് സ്ട്രേഞ്ച് വേൾഡ് തുടങ്ങിയ നോവലുകളിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്. നിരവധി അന്തർദേശീയ അവാർഡുകൾ ലഭിച്ച ഇവരുടെ കൃതികൾ 57 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. അർമീനിയൻ വംശഹത്യയെപ്പറ്റിയുള്ള രാഷ്‌ടീയ നിലപാടുകളുടെ പേരിൽ തുർക്കിയിൽ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ട ഇവർ ഇപ്പോൾ ഇംഗ്ലണ്ടിലാണ് താമസം.

ടർക്കിഷ്, ഇംഗ്ലീഷ് ഭാഷകളിൽ എഴുതുന്ന, മനുഷാവകാശ പ്രവർത്തക കൂടിയായ എലിഫ് ഷഫാക്കിന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റുണ്ട്.
ടർക്കിഷ്, ഇംഗ്ലീഷ് ഭാഷകളിൽ എഴുതുന്ന, മനുഷാവകാശ പ്രവർത്തക കൂടിയായ എലിഫ് ഷഫാക്കിന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റുണ്ട്.

അന്നുവരെ കണ്ടിട്ടുള്ളതിലും വെച്ച് ഏറ്റവും വിദ്യാസമ്പന്നനും സംസ്കൃതചിത്തനുമാണെന്ന് ലോകം കരുതിയ അസീറിയൻ ഭരണാധികാരി ആഷുർബാനിപ്പാലിനെ (BC 640) അദ്ദേഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളുടെ പേരിലാണ് ഓർക്കപ്പെടുന്നത്. കലാസൃഷ്ടികളുടെയും സാഹിത്യത്തിന്റെയും രക്ഷാധികാരിയായിരുന്ന അഷുർബാനിപാൽ മെസൊപ്പൊട്ടേമിയയുടെ പുരാതന സാഹിത്യ സംസ്കാരത്തിൽ അഗാധ താല്പര്യം കാണിച്ചിരുന്നു. നീണ്ട ഭരണകാലത്ത്, ആഷുർബാനിപാൽ ലൈബ്രറി നിർമ്മിക്കാൻ തന്റെ കൈവശമുണ്ടായിരുന്ന വിഭവങ്ങൾ വൻതോതിൽ ഉപയോഗിച്ചു. വിവിധ വിഭാഗങ്ങളിലുള്ള ഗ്രന്ഥങ്ങളുടെയും രേഖകളുടെയും ശേഖരമാണിത്. അതിന്റെ ഉന്നതിയിൽ 1,00,000-ത്തിലധികം ഗ്രന്ഥങ്ങളുണ്ടായിരുന്ന ലൈബ്രറിയിൽ നിന്ന് ബാക്കിയായ 30,000- ലധികം കളിമൺ ഫലകങ്ങളിൽ എഴുതിയ ക്യൂണിഫോം ഗ്രന്ഥങ്ങൾ, പുരാതന മെസൊപ്പൊട്ടേമിയൻ ഭാഷ, മതം, സാഹിത്യം, ശാസ്ത്രം എന്നിവയെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട പലതരം രേഖകളുണ്ടായിരുന്നു. ചില മരുന്നുകളെ പറ്റിയുള്ള വിവരങ്ങൾ, പലതരം കച്ചവട ഉടമ്പടികൾ എന്നിവ ഇവയിൽ ഉൾപ്പെട്ടിരുന്നുവത്രേ. അദ്ദേഹം ഇത് അടുത്തും അകലെയുമുള്ള പല നാടുകളിൽ നിന്നായി ശേഖരിച്ചതാണ്. വില കൊടുത്തു വാങ്ങിയ പലതും ഉണ്ടെങ്കിലും അധികവും അതു വഴി കടന്നു പോകുന്ന കപ്പലുകളിൽ നിന്ന് ബലമായി പിടിച്ചെടുത്തതായിരുന്നു.

ആഷുർബാനിപ്പാലിന്റെ ടൈഗ്രീസ് നദിയുടെ കരയിലെ കൊട്ടാരവും പൂന്തോട്ടവും അലങ്കാരങ്ങളും അദ്ദേഹത്തിന്റെ ലൈബ്രറിയും മറ്റും വിവരിച്ചു കൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ലൈബ്രറിയുടെ വലിപ്പം കാരണം അദ്ദേഹം അക്കാലത്ത് ‘ലൈബ്രേറിയൻ കിംഗ്’ എന്നും അറിയപ്പെട്ടിരുന്നു. ഭരണനേട്ടങ്ങൾക്കും യുദ്ധവിജയങ്ങൾക്കും മീതെ അദ്ദേഹം അഭിമാനം കൊണ്ടിരുന്നത് താൻ ഉണ്ടാക്കിയെടുത്ത ലൈബ്രറിയെപ്പറ്റിയായിരുന്നു.

പ്രസിദ്ധ എഴുത്തുകാരനായ ചാൾസ് ഡിക്കൻസ് ഇതിൽ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഓട്ടോമൻ രാജാവ് ഇംഗ്ലണ്ടിലേക്ക് സമ്മാനമായി അയച്ച ഒരു ഹിപ്പോയുടെ കഥയും ഇതിലുണ്ട്. കോളറ വൃത്തികെട്ട വെള്ളത്തിലൂടെയാണ് പകരുന്നത് എന്ന് കണ്ടെത്തിയ ഡോക്ടർ ജോൺ സ്നോയും കഥയുടെ ഭാഗമാണ്.

ഇവയൊക്കെ വായിക്കുകയും ലോകം മുഴുവൻ അംഗീകരിക്കപ്പെടുകയും ചെയ്ത ഈ രാജാവിന്റെ ക്രൂരതയ്ക്ക് അളവില്ലായിരുന്നു. അന്നുവരെ അറിയപ്പെട്ട ഇതിഹാസങ്ങളിൽ ഏറ്റവും പഴയതായ ഗിൽഗമേഷ് എന്ന് കാവ്യം ഇദ്ദേഹത്തിന്റെ ലൈബ്രറിയിലുണ്ടായിരുന്നു. ഈ രാജാവിന്റെ ഭരണകാലത്തിനും വളരെ മുൻപ് തന്നെ വാമൊഴിയായി ഈ കൃതി പരമ്പരകളായി കൈമാറി വന്നു. എങ്കിലും വരമൊഴിയായി ഇത് രേഖപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ലാപ്പീസ് ലാസോലി എന്ന വളരെ വിലപിടിച്ച നീലക്കല്ലു കൊണ്ടുള്ള ഫലകത്തിലാണ് ഇത് കൊത്തിവച്ചിരുന്നുന്നത്.

മനുഷ്യന്റെ തലയും കഴുകന്റെ ചിറകും സിംഹത്തിന്റെ ശരീരവുമുള്ള ലമാസ് എന്ന പ്രത്യേക സാങ്കൽപ്പിക ജീവിയെ അക്കാലത്ത് ആരാധിച്ചിരുന്നു. ഇത് ഭാഗ്യം കൊണ്ടുവരുമെന്നും ദുഷ്ടശക്തികളിൽ നിന്ന് സംരക്ഷിക്കുമെന്നുമുള്ള വിശ്വാസം നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ ലൈബ്രറിയുടെ കാവൽക്കാരായി വാതിൽക്കൽ തന്നെ ഇത്തരം രണ്ടു ജീവികളുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടായിരുന്നുവത്രേ. ഇവയ്ക്ക് അഞ്ച് കാലുകളുണ്ടെന്നതാണ് ഏറ്റവും അത്ഭുതകരം.

അസീറിയൻ രാജവംശം പിൽക്കാലത്ത് മണ്ണടിയുകയും അതുമായി ബന്ധപ്പെട്ട എല്ലാം കത്തിച്ചാമ്പലാക്കുകയും ചെയ്തു. അക്കാലത്ത് ഈജിപ്തിൽ പേപ്പർ പോലെ അഗ്നിക്കിരയാവുന്ന പാപ്പിറസ് താളുകളിലാണ് പുസ്തകങ്ങൾ എഴുതിയിരുന്നത്. എന്നാൽ കളിമണ്ണിൽ എഴുതിയ പുസ്തകങ്ങളുടെ കോപ്പികൾ മണ്ണിനടിയിലായെങ്കിലും പിൽക്കാലത്ത് ഫ്രാൻസിലെയും ബ്രിട്ടനിലെയും ആർക്കിയോളജിസ്റ്റുകൾ ഇവ ഖനനം ചെയ്തു പുറത്തെടുത്തു. പല കാലങ്ങളിൽ ജീവിച്ചുവെങ്കിലും അദൃശ്യമായ ഒരു ചങ്ങല കൊണ്ട് ബന്ധിക്കപ്പെട്ടവരായ മൂന്നു കഥാപാത്രങ്ങൾ, ഇംഗ്ലണ്ടിലെ തെംസ് നദിയും ഇറാഖിലെ ടൈഗ്രീസ് നദിയും, ഇവയെ കോർത്തിണക്കി ഗിൽഗമേഷ് എന്ന ഇതിഹാസത്തിന്റെയും കഥയാണ് ഇംഗ്ളീഷിൽ എഴുതപ്പെട്ട ഈ നോവൽ.

ഇതിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ആർതർ സ്മിത്തിനെ പോലെയുള്ള ജോർജ് സ്മിത്ത് എന്നൊരാൾ വിക്ടോറിയൻ കാലഘട്ടത്തിൽ ജീവിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇദ്ദേഹത്തെ അടിസ്ഥാനമാക്കിയാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചത് എന്ന് എഴുത്തുകാരി, കഥാപാത്രങ്ങളെ പറ്റിയുള്ള അദ്ധ്യായത്തിൽ പറയുന്നുണ്ട്. ജോർജ് സ്മിത്താണ് ബ്രിട്ടീഷ് ഹിസ്റ്ററി മ്യൂസിയത്തിൽ വലിയ പ്രാധാന്യമൊന്നും ലഭിക്കാതെ കിടന്ന അസീറിയൻ കാലത്തെ ടാബ്ലറ്റുകൾ പരിഭാഷപ്പെടുത്തിയത്. അദ്ദേഹം അവിടെ കണ്ട ഫ്ലഡ് ടാബ്ലറ്റ് എന്ന പേരുള്ള ഫലകത്തിൽ നോഹയുടെ പെട്ടകത്തിന്റേതുമായി വളരെ സാമ്യമുള്ള കഥയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഓൾഡ് ടെസ്റ്റമെന്റ് ഉണ്ടാകുന്നതിനും വളരെ വർഷങ്ങൾക്കു മുമ്പ് എഴുതിയതാണെന്ന് ഓർക്കണം. ഈ കണ്ടുപിടിത്തം ദൈവത്തിൽ വിശ്വസിക്കുന്നവരും ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരും തമ്മിൽ വലിയ വടം വലിക്കിടയാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് ജോർജ് സ്മിത്ത് ഇറാക്കിലേക്ക് പോകുന്നതും അവിടെ വച്ച് മരിക്കുന്നതും.

1800- കളുടെ മധ്യത്തിൽ ലണ്ടനിലെ തെംസ് നദിക്കരയിലുള്ള എക്കലുകളിലും അഴുക്കു ചാലുകളിലുംനിന്ന് എന്തെങ്കിലും വിലപിടിച്ച സാധനങ്ങൾ തിരഞ്ഞു കണ്ടുപിടിച്ച്, അവ വിറ്റ് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരിൽപ്പെട്ട ഒരു സ്ത്രീ തങ്ങളുടെ ജോലിസ്ഥലത്തേക്ക് നടന്നു പോകുന്നതിനിടയിൽ പ്രസവിക്കുന്നു. കൂട്ടത്തിലുള്ളവർ തന്നെ കുഞ്ഞിന് ആർതർ സ്മിത്ത് എന്ന ഒരു പേരും നൽകുന്നു. ദാരിദ്ര്യത്തിന്റെ പാരമ്യത്തിൽ നിൽക്കുന്ന അമ്മ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നുവെങ്കിലും കൂട്ടത്തിലെ പ്രായമുള്ള സ്ത്രീ, ‘ഇവൻ നിനക്ക് ഭാഗ്യങ്ങൾ കൊണ്ടുവരുമെന്നും നിനക്ക് കാവൽക്കാരൻ ആകും’ എന്നും മറ്റും പറഞ്ഞു അവളെ ആശ്വസിപ്പിക്കുന്നു. അങ്ങനെയാണ് ‘ചേരികളുടെയും അഴുക്കു ചാലുകളുടെയും രാജാവാ’യ ആർതർ സ്‌മിത്തിന്റെ ജനനം.

രണ്ടാമത്തെ പ്രധാന കഥാപാത്രമായ നാരിൻ എന്ന യസീതി പെൺകുട്ടിയുടെ കഥ ഹൃദയഭേദകമാണ്. വളരെ പുരാതന സംസ്കാരം പേറുന്ന, കൃത്യമായ വേദപുസ്തകങ്ങളും രേഖകളും കൂടാതെ, തലമുറ തലമുറയായി കൈമാറപ്പെടുന്ന കഥകളും കവിതകളും പാരമ്പര്യരീതികളുമാണ് ഇവർക്കുള്ളത്. യസീദികളുടെ ഒരു ഗ്രാമം ഐസിസ് ആക്രമിക്കുന്ന കഥ വിവരിക്കുന്നുണ്ട്. ആദ്യമായി അവരുടെ കുടിവെള്ളത്തിൽ വിഷം കലർത്തുകയാണ് ചെയ്യുന്നത്. അടുത്തതായി ഇവരിൽപ്പെട്ട ഏറ്റവും പ്രായമായവരെയും പുരുഷന്മാരെയും കൊല്ലുന്നു; പിന്നീടാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ അടിമകളാക്കി പിടിക്കുന്നത്. ഈ ആക്രമണത്തിനുശേഷം 3000- ത്തോളം യസീദി സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായി. ഇവരിൽ പലരും അടിമകളായി വിൽക്കപ്പെട്ടിട്ടുണ്ടാകാമെന്നു കരുതുന്നു. വളരെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഇവർക്ക് പുറമേയുള്ളവരോട് ഇടപഴകാൻ മടിയാണ്. പിശാചിന്റെ ആരാധകർ എന്നാണ് ലോകം അവരെപ്പറ്റി കരുതിയിരിക്കുന്നത്.

ഇത്തരത്തിൽ തെറ്റിദ്ധാരണയുടെയും, അതുമൂലം ഉണ്ടായ പീഡനങ്ങളുടെയും കൈപ്പുനിർ കുടിച്ചു ജീവിക്കുന്ന ഒരു സമൂഹമാണ് ഇവർ. ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട അവളെ ബസ്മ അമ്മൂമ്മയാണ് വളർത്തുന്നത്. അച്ഛൻ ജോലി സംബന്ധമായി എപ്പോഴും അകലെ ആയിരിക്കും പക്ഷേ അതൊന്നും അയാളുടെ സ്നേഹത്തിന് ഒട്ടും കുറവ് വരുത്തുന്നില്ല. കേൾവി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കുട്ടിയുടെ, മതാചാരപ്രകാരമുള്ള മാമോദിസ പോലെയുള്ള ഒരു കർമ്മം നടക്കേണ്ടിയിരുന്ന ദിവസമാണ് അവളുടെ കഥ തുടങ്ങുന്നത്.

സലീഖയുടെ സ്ഥാപനത്തിൽ അപൂർവ്വമായ ഒരു വിഷയത്തിൽ ഗവേഷണം നടക്കുന്നുണ്ട്; അക്വാട്ടിക് മെമ്മറി അഥവാ ജലത്തിന്റെ ഓർമ്മിക്കാനുള്ള കഴിവിനെപ്പറ്റി.

സിറിയ, ഇറാക്ക്, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ പരന്നുകിടക്കുന്ന ഒരു പ്രത്യേക മതവിഭാഗമാണ് യസീദികൾ. 7000 വർഷങ്ങളോളം പഴക്കമുള്ള ഈ മതം ഏകദൈവത്തിൽ വിശ്വസിക്കുന്നു. ടൈഗ്രിസ് നദിയിൽ ഡാം നിർമ്മിക്കാനെത്തുന്നവരുടെ ശല്യം മൂലം ചടങ്ങ് പൂർത്തീകരിക്കാൻ കഴിയാതെ വരുന്നതു നിമിത്തം പുണ്യനഗരമായ ലാലിഷിലേക്ക് പോയി അവിടെ വച്ച് ചടങ്ങ് പൂർത്തീകരിക്കാൻ തീരുമാനിക്കുന്നു. പ്രത്യേക കഴിവുകളുള്ള കുടുംബപരമ്പരയിൽ പെട്ട ഒരു സ്ത്രീയാണ് ബസ്മ. കിണറുണ്ടാക്കാനായി ഭൂമിയിൽ ജലമുള്ള സ്ഥലം വി ആകൃതിയിലുള്ള മരക്കൊമ്പിന്റെ സഹായത്തോടെ കണ്ടുപിടിക്കാനും പല രോഗങ്ങൾക്കും മരുന്ന് നൽകാനും അവർക്ക് കഴിയും. ഈ കുടുംബത്തിലുള്ളവരെ ഉപദ്രവിച്ചാൽ പലതരം നിർഭാഗ്യങ്ങൾ ഉണ്ടാകുമെന്ന് ഒരു വിശ്വാസവും ഇവരുടെ നാട്ടിലുണ്ട്. 72 കൂട്ടക്കൊലകൾ അതിജീവിച്ചവരാണ് യസീദികൾ എന്നാണ് ചരിത്രം പറയുന്നത്. ലോക ജനത മുഴുവൻ ആദമിലും ഹവ്വയിലും നിന്നും ജനിച്ചവരാണെന്ന് സെമെറ്റിക്ക് മതങ്ങൾ വിശ്വസിക്കുമ്പോൾ യസീദികൾ ആദമിൽ നിന്നും മാത്രം ജനിച്ചവരാണത്രേ.

മൂന്നാമത്തെ പ്രധാന കഥാപാത്രമായ സലീഖ ക്ളാർക്ക് എന്ന സ്ത്രീ ഒരു ഹൈഡ്രോളജിസ്റ്റ് ആണ്. ഇംഗ്ലണ്ടിൽ കുടിയേറി പാർത്ത ഇവർ വിവാഹമോചനത്തിന്റെ നടുവിലാണ്. ഇവൾക്കും തിക്തമായ ഒരു ഭൂതകാലമുണ്ട്. നിശ്ശബ്ദമായ ഭൂതകാലം ഒളിപ്പിച്ചുവെച്ച് ഏതൊരു പ്രവാസിയെയും പോലെ അവളും സ്വന്തം ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നു.

നാലു ഭാഗങ്ങളിലയാണ് ഈ നോവൽ വിഭജിക്കപ്പെട്ടിരിക്കുന്നത്. ഒരു തരത്തിലും പരസ്പരബന്ധമില്ലാതെ, പലകാലങ്ങളിൽ പലനാടുകളിൽ ജീവിച്ച മേൽപ്പറഞ്ഞ മൂന്നു പേരും തമ്മിലുള്ള ബന്ധം കഥയുടെ അവസാനം വെളിപ്പെടുന്നു. ഓരോ മനുഷ്യജീവിയും ഇത്തരത്തിൽ ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് കഥാകാരി പറയാതെ പറയുകയാണ്; അത്തരത്തിൽ ചിന്തിച്ചാൽ ഈ ലോകത്തുള്ള ഓരോരുത്തരും നമ്മുടെ ആരോ ഒക്കെ ആണെന്ന് തീർച്ചയായും വായനക്കാരനും കരുതേണ്ടിവരും.

കഥ പറഞ്ഞവസാനിപ്പിച്ച ശേഷം ‘നോട്ട് ടു ദ റീഡർ’ എന്ന തലക്കെട്ടിൽ എഴുത്തുകാരി ഈ പുസ്തകത്തിനുവേണ്ടി ചെയ്ത ഗവേഷണങ്ങളും വായനകളും അവലംബിച്ച ഗ്രന്ഥങ്ങളും കഥാപാത്രങ്ങൾക്കുപിന്നിലെ യഥാർത്ഥ മനുഷ്യരെപ്പറ്റിയും വെളിപ്പെടുത്തുന്നുണ്ട്. പ്രസിദ്ധ എഴുത്തുകാരനായ ചാൾസ് ഡിക്കൻസ് ഇതിൽ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഓട്ടോമൻ രാജാവ് ഇംഗ്ലണ്ടിലേക്ക് സമ്മാനമായി അയച്ച ഒരു ഹിപ്പോയുടെ കഥയും ഇതിലുണ്ട്. കോളറ വൃത്തികെട്ട വെള്ളത്തിലൂടെയാണ് പകരുന്നത് എന്ന് കണ്ടെത്തിയ ഡോക്ടർ ജോൺ സ്നോയും കഥയുടെ ഭാഗമാണ്.

കാലത്തിന്റെയും സമയത്തിന്റെയും ദൂരങ്ങൾ താണ്ടിക്കൊണ്ട് ടൈഗ്രിസിലെ ഒരു തുള്ളി ജലം സൂര്യപ്രകാശമേറ്റ് ആവിയാവുകയും അത് ആകാശത്തിലെ നദികളുടെ ഭാഗമാവുകയും, വീണ്ടും താഴേക്ക് പതിച്ച് മഞ്ഞിൻപാളിയോ ജലകണമോ ആയിത്തീരുകയും ചരിത്രം വീണ്ടും ആ വർത്തിക്കപ്പെടുകയും ചെയ്യുന്നു.

നദീതീരത്ത് പാവപ്പെട്ടവരിൽ പാവപ്പെട്ടവനായി ജനിച്ച ആർതർ അത്തരക്കാർക്കുള്ള പ്രത്യേക സ്കൂളിൽ ചേർന്ന് പഠനം തുടങ്ങുന്നു. സാധാരണമായ കൃത്യതയോടു കൂടിയ ഓർമ്മശക്തിയുള്ള കുട്ടിയായിരുന്നു എന്നു മാത്രമല്ല ഏതെങ്കിലും ഒരു വർഷത്തിലെ ഒരു ദിവസം പറഞ്ഞാൽ അത് ആഴ്ചയിൽ ഏത് ദിവസമാണ് എന്ന് കൃത്യമായി പറയാനയാൾക്ക് കഴിയുമായിരുന്നു. താൻ കൂടി ചേർന്ന ഏത് സംഭവത്തിന്റെയും കൃത്യവും വ്യക്തവുമായ വിശദവിവരങ്ങൾ അയാളുടെ ഓർമ്മയിൽ ഉണ്ടായിരിക്കും. ഈ പ്രത്യേക കഴിവുകൾ ചില അധ്യാപകർ ശ്രദ്ധിച്ചിരുന്നുവെങ്കിലും സ്കൂളിലെ ശിക്ഷയും മനുഷ്യത്വമില്ലാത്ത പെരുമാറ്റവും ക്രൂരതകളും അയാൾക്ക് താങ്ങാവുന്നതിനപ്പുറം ആയിരുന്നതുമൂലം പഠനം മതിയാക്കുന്നു. മുഴുക്കുടിയനായ അച്ഛൻ അയാളെ ചെറിയ ജോലിക്കായി അക്കാലത്തെ പ്രസിദ്ധമായ ഒരു പ്രസ്സിൽ കൊണ്ടു ചെന്നാക്കുന്നു. മദ്യപാനത്തിനുള്ള പണം കണ്ടെത്തുന്നതിനുള്ള ഒരു വഴി മാത്രമായിരുന്നു അത്. കഠിനാധ്വാനവും ബുദ്ധിശക്തിയും ആത്മാർത്ഥതയും കൊണ്ട് താൻ ജോലി ചെയ്തിരുന്ന ബ്രാഡ്‌ബെറി പബ്ലിഷിംഗ് കമ്പനിയിലെ ഉടമയുടെ പ്രിയപ്പെട്ടവനായിത്തീരാൻ ആർതറിന് അധിക സമയം വേണ്ടിവന്നില്ല. ജോലി ചെയ്യുന്ന പണത്തിലധികവും അച്ഛൻ വാങ്ങി കൊണ്ടുപോകുമെന്ന് മനസ്സിലാക്കി ഇടക്കിടെ സ്വന്തമായി അദ്ദേഹം അല്പം പണവും സമ്മാനങ്ങളും നൽകുന്നുണ്ട്.

അവിടെ ജോലി ചെയ്യുന്ന കാലത്ത് അവരുടെ ലൈബ്രറിയിലെ വിലപ്പെട്ട പുസ്തകങ്ങൾ വായിക്കാൻ സാധിച്ചത് പഠനം പൂർത്തിയാക്കാൻ സാധിക്കാത്ത ആർതറിന് വലിയ സഹായമാകുന്നു. അസീറിയൻ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമായിരുന്ന നിനവേയെ (Ninaveh) പറ്റിയുള്ള ഒരു പുസ്തകം അവന്റെ ജിജ്ഞാസ വർധിപ്പിക്കുന്നു. എന്നെങ്കിലും അവിടം സന്ദർശിക്കണം എന്ന് അയാൾ മനസ്സിൽ ഉറപ്പിക്കുന്നു. ഒരു ദിനം പിതാവിനെപ്പോലെ സ്നേഹിച്ചിരുന്ന മിസ്റ്റർ ബാർബെറിയെ ആത്മഹത്യ ചെയ്ത നിലയിൽ ഓഫീസിൽ കണ്ടെത്തുന്നത് അർതറിനെ അതീവ ദുഃഖിതനും നിരാശാഭരിതനുമാക്കുന്നു.

ഭർത്താവുമായി ചേർന്നുപോകാനാകാതെ ആ വീട്ടിൽ നിന്നിറങ്ങി വന്ന് തെംസിന്റെ കരയിൽ ലണ്ടനിലെ ചെൽസി എന്ന നഗരഭാഗത്ത് ഒരു ഹൗസ് ബോട്ട് വാടകക്കെടുത്ത് താമസമാരംഭിക്കുകയാണ് സലീഖ. ജലശാസ്ത്രമാണ് അവളുടെ ഏറ്റവും പ്രിയപ്പെട്ട വിഷയം. മാതാപിതാക്കളെ ചെറുപ്രായത്തിൽ പെട്ടെന്ന് നഷ്ടപ്പെട്ട അവളെ അമ്മയുടെ സഹോദരനായ മാലിക് അങ്കിളാണ് സ്നേഹപൂർവ്വം വളർത്തിക്കൊണ്ടുവരുന്നത്. ഈ സംഭവത്തിന് ശേഷം സലീഖ കുറേക്കാലം സംസാരിക്കുകയില്ലായിരുന്നു. പിന്നീട് അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു. എങ്കിലും നിത്യ ജീവിതത്തിലെ സന്തോഷകരമായ അനുഭവങ്ങൾ അനുഭവങ്ങളിൽ മനസ്സു തുറന്ന് സന്തോഷിക്കാനുള്ള മാനസികാവസ്ഥ എന്തു കൊണ്ടോ അവൾക്കുണ്ടായിരുന്നില്ല. ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത, നീതിബോധത്തിലും പ്രകൃതിസ്നേഹത്തിനും ഉടമയായിരുന്നു ഇവൾ.

എലിഫ് ഷഫാക്ക് മലാല  യൂസഫ്‌സായിക്കൊപ്പം
എലിഫ് ഷഫാക്ക് മലാല യൂസഫ്‌സായിക്കൊപ്പം

കഥ മുന്നോട്ടു പോകുമ്പോൾ ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ മുന്നിൽ ടാറ്റു ഷോപ്പ് നടത്തുന്ന ഞാൻ എന്ന ഒരു സ്ത്രീയുമായി ഇവർ സൗഹൃദത്തിലാകുന്നു. ലണ്ടനിലെ ഉന്നതകുലജാതരായിട്ടുള്ള ധനികരുടെ കൂട്ട ത്തിൽപ്പെട്ട മാലിക് അങ്കിളിന് ഇവരുടെ സൗഹൃദം ഒട്ടും ഇഷ്ടമാകുന്നില്ല. അയാൾ സലീഖയെ തന്റെ ഭർത്താവുമായുള്ള ബന്ധം പുനഃ പരിശോധിക്കാൻ നിർബന്ധിക്കുകയാണ്.

പിൽക്കാലത്ത് ബ്രിട്ടീഷ് മ്യൂസിയത്തിലെ പ്രധാനപ്പെട്ട ജീവനക്കാരനായി മാറിയ ആർതറിന്റെ നിനവേ യാത്ര സ്പോൺസർ ചെയ്യാനായി ഒരു സ്ഥാപനം മുന്നോട്ടുവരുന്നു. ആർതറിന്റെ ഈ യാത്ര ഗിൽഗമേഷിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്താൻ ഇടയാക്കുന്നു. പക്ഷെ, അയാളുടെ അവസാനത്തെ യാത്ര കാമുകിയായ ലൈലയെ തേടിയായിരുന്നു. പ്ളേഗും കോളറയും പടർന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നിട്ടും ഭാര്യയുടെയും മറ്റുള്ളവരുടെയും എതിർപ്പുകളെ അവഗണിച്ച് അയാൾ വിധിയെ തേടിപ്പോകുന്നു. അങ്ങനെ ആ ജീവിതം അവിടെ അവസാനിക്കുന്നു.

സലീഖയുടെ സ്ഥാപനത്തിൽ അപൂർവ്വമായ ഒരു വിഷയത്തിൽ ഗവേഷണം നടക്കുന്നുണ്ട്; അക്വാട്ടിക് മെമ്മറി അഥവാ ജലത്തിന്റെ ഓർമ്മിക്കാനുള്ള കഴിവിനെപ്പറ്റി. പ്രത്യേക സാഹചര്യങ്ങളിൽ ജലം അതിൽ അലിഞ്ഞു ചേർന്ന വസ്തുക്കളെക്കുറിച്ചുള്ള ഓർമ്മ സൂക്ഷിക്കുന്നുവെന്നതാണ്. എത്ര പ്രാവശ്യം ഇത് നേർപ്പിക്കുകയോ ഗാഢമാക്കുകയോ ചെയ്താലും അനേകമനേകം വർഷങ്ങൾക്കുശേഷവും, ഈ ഓർമ്മ അനുധാവനം ചെയ്ത് കണ്ടു പിടിക്കാവുന്നതാണ് എന്ന ആശയമാണ് അവർ തെളിയിക്കാൻ ശ്രമിച്ചത്.

ഒരുപക്ഷെ ചികിത്സയുടെയും ഭക്ഷണരീതികളുടെയും ചരിത്രം തന്നെ മാറ്റിയെഴുതാൻ കഴിവുള്ളതാകുമായിരുന്ന ഈ ഗവേഷണത്തിന് നേതൃത്വം കൊടുത്തിരുന്ന ആൾ പെട്ടെന്ന് മരിക്കുന്നു. ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങളും തെളിവുകളും ആവശ്യമാണെന്ന് സലീഖക്കറിയാം. ഇത് കവിതയും കാലപ്പനികതയും മാത്രമാണെന്ന് പറഞ്ഞുകൊണ്ട് കളിയാക്കുന്നവരരായിരുന്നു അധികവും. ഓരോ മഴത്തുള്ളിയും അതിന്റെ അനുഭവങ്ങൾ രേഖപ്പെടുത്തിവയ്ക്കുമെന്നും ജലകണികകൾക്ക് മറവിയുണ്ടാകില്ലെന്നും മനുഷ്യരാണ് മറവിക്കാരെന്നും കഥാകാരി പറയുന്നു.

അവയവ വില്പനക്കാരായ മനുഷ്യക്കടത്തുകാരുടെ കയ്യിൽപ്പെട്ടുപോകുന്ന നാരിനെ, സലീഖയും നാനും ചേർന്ന് 3200 ഡോളറിന് വാങ്ങി സ്വതന്ത്രയാക്കുന്നു.

കാലത്തിന്റെയും സമയത്തിന്റെയും ദൂരങ്ങൾ താണ്ടിക്കൊണ്ട് ടൈഗ്രിസിലെ ഒരു തുള്ളി ജലം സൂര്യപ്രകാശമേറ്റ് ആവിയാവുകയും അത് ആകാശത്തിലെ നദികളുടെ ഭാഗമാവുകയും, വീണ്ടും താഴേക്ക് പതിച്ച് മഞ്ഞിൻപാളിയോ ജലകണമോ ആയിത്തീരുകയും ചരിത്രം വീണ്ടും ആ വർത്തിക്കപ്പെടുകയും ചെയ്യുന്നു.

മനോഹരമായ ഭാഷയിൽ എഴുതപ്പെട്ട ഈ നോവൽ വായിച്ചശേഷം ഏതൊരാളും, ജലത്തെ കാണുന്നതും കൈകാര്യം ചെയ്യുന്നതും വ്യത്യസ്ത രീതിയിലായിരിക്കും. കുറെക്കൂടി, സ്നേഹത്തോടെ, കുറേക്കൂടി ബഹുമാനത്തോടെ ….


Summary: Book review of Turkish-English writer Elif Shafak's novel There Are Rivers in the sky. Dr. Saleema Hameed writes


ഡോ. സലീമ ഹമീദ്

കഥാകാരി, എഴുത്തുകാരി. എന്റെ വഴിയമ്പലങ്ങൾ, ആൻഡലൂസിയൻ ഡയറി, പോർച്ചുഗൽ- ഫഡോ സംഗീതത്തിൻ്റെ നാട്, ബൊഹീമിയൻ  കാഴ്ചകൾ, കനാലുകളും  കലയും  ചരിത്രവും  എന്നീ യാത്രാ വിവരണ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments