1990-ൽ, പതിനേഴാം വയസ്സിലാണ് എൻ്റെ കഥ ആദ്യമായി വായിക്കുന്നത്. കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്ന കാലത്ത്. കോളേജ് ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം വായിച്ചുകൊണ്ടിരുന്ന സമയത്താണ് ഹോസ്റ്റൽ മുറിയിലേക്ക് വാർഡൻ സിസ്റ്റർ കയറിവന്നത്.
സിസ്റ്റർ വരുന്നതു കാണുമ്പോൾ വരാന്തയിൽ വായിച്ചും വർത്തമാനം പറഞ്ഞും ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നവർ പെട്ടെന്ന് നിശ്ശബ്ദരാകും. കൂട്ടം കൂടി നിന്നവർ താന്താങ്ങളുടെ റൂമുകളിലേക്ക് മാഞ്ഞു പോകും. പോകുന്ന പോക്കിൽ സമീപ റൂമുകളിൽ വരുന്നുണ്ടെന്നൊരു സൂചന എറിഞ്ഞുകൊടുത്തിട്ടാവും അവർ പോവുക. അപ്പോൾ റൂമിലുള്ളവർ ജാഗരൂകരാകും. അലങ്കോലമായിക്കിടക്കുന്ന റൂമിനെ ഒന്നടുക്കി വെക്കും. കയ്യിൽ കിട്ടുന്ന പുസ്തകമെടുത്ത് വായന അഭിനയിക്കും. അന്ന് സിസ്റ്റർ വന്നു കേറിയപ്പോൾ എല്ലാവരും വായനയിലായിരുന്നു. ഞാനും പലപ്പോഴും അത്തരം മികച്ച അഭിനയങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും അന്ന് ശരിക്കും വായനയിൽ മുഴുകി ഇരിക്കുക തന്നെയായിരുന്നു. എന്നാൽ അതിന് സാധ്യത കുറവാണെന്നും അഭിനയിക്കുകയായിരിക്കും എന്നും തോന്നിയതിനാലാവണം എന്തു പുസ്തകം ആണ് വായിക്കുന്നത് എന്ന് സിസ്റ്റർ ചോദിച്ചത്. മാധവിക്കുട്ടിയുടെ എൻ്റെ കഥയാണെന്ന ഉത്തരം കേട്ട് പുസ്തകം എന്റെ കയ്യിൽ നിന്ന് വാങ്ങിക്കുകയും ഇത്തരം പുസ്തകങ്ങളാണോ വായിക്കുന്നത് എന്ന് പറഞ്ഞ് സിസ്റ്റർ അത് കൊണ്ടു പോവുകയും ചെയ്തു .

രണ്ടു ദിവസം കഴിഞ്ഞിട്ടും പുസ്തകം തിരിച്ചു കിട്ടാത്തതിനാൽ സിസ്റ്ററുടെ അടുത്ത് പോയി സിസ്റ്റർ വായിച്ചു കഴിഞ്ഞെങ്കിൽ ആ പുസ്തകം തിരിച്ചു തരുമോ എന്ന് ഞാൻ വളരെ നിഷ്കളങ്കമായി ചോദിച്ചതിനു നല്ല വഴക്ക് കിട്ടിയെങ്കിലും ദേഷ്യത്തോടെ സിസ്റ്റർ ആ പുസ്തകം തിരിച്ചുതന്നു. മാധവിക്കുട്ടിയെക്കുറിച്ചും എൻ്റെ കഥയെക്കുറിച്ചുമുള്ള വിമർശനങ്ങൾ ആവർത്തിച്ചുകൊണ്ടായിരുന്നു അവർ അത് തിരിച്ചു തന്നത്. വായിക്കേണ്ടത് ഇത്തരം പുസ്തകങ്ങളല്ല എന്ന് ഉപദേശിക്കുകയും ചെയ്തു. സാഹിത്യസംബന്ധിയായി വിവരം കുറവായതിനാൽ തർക്കത്തിന് നിൽക്കാതെ പുസ്തകവുമായി ഞാൻ തിരിച്ചു പോന്നു.
വായിച്ചുകൂടാത്ത പുസ്തകം ആണെന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തിയത് കൊണ്ട് ഞാൻ മാത്രമല്ല സഹമുറിയത്തികളും സമീപമുറിയത്തികളുമായി ആ പുസ്തകത്തിന് ഹോസ്റ്റലിൽ ധാരാളം വായനക്കാരുണ്ടായി. മാധവിക്കുട്ടി എഴുതിയ കാര്യങ്ങൾ അന്ന് എത്രത്തോളം മനസ്സിലാക്കാനും ആസ്വദിക്കാനും കഴിഞ്ഞു എന്ന് കൃത്യമായി ഓർമ്മിച്ചെടുക്കുവാൻ കഴിയുന്നില്ല. വായിച്ച പുസ്തകങ്ങളിൽ നിന്നും കണ്ട സിനിമകളിൽ നിന്നും കേട്ട കാര്യങ്ങളിൽ നിന്നുമൊക്കെയായി വളരെ കുറഞ്ഞ അറിവാണ് പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചും ആ പ്രായത്തിൽ ഉണ്ടായിരുന്നത്. പ്രണയത്തേക്കുറിച്ചും രതിയെക്കുറിച്ചുമുള്ള വിവാദ പുസ്തകമെന്ന മുൻവിധി എൻ്റെ മാത്രമല്ല കൂട്ടുകാരുടെയും വായിക്കാനുള്ള താല്പര്യത്തെയും വായനയേയും സ്വാധീനിച്ചിരിക്കാം.
അല്ലായിരുന്നെങ്കിൽ ഫാനിൽ അടിച്ച് ജാലകത്തിൻ്റെ സ്ഫടികത്തിൽ തട്ടി മുറിഞ്ഞ ഒരു കുരുവിയുടെ, രക്തം പടർന്ന അക്ഷരങ്ങളായി ഞാനതിനെ വായിച്ചു പോകുമായിരുന്നിരിക്കാം. മാധവിക്കുട്ടിയെക്കുറിച്ചും അവരുടെ എഴുത്തുകളെക്കുറിച്ചുമുള്ള കേട്ടുകേൾവികളുടെയും വിവാദങ്ങളുടെയും അവതാരികകൾ വായിച്ച ശേഷമാണ് വായനക്കാരധികവും അവരെ വായിക്കാൻ തുടങ്ങിയത്. ആ അവതാരികകൾ എന്റെ വായനകളെ എന്ന പോലെ എക്കാലത്തെയും മാധവിക്കുട്ടി വായനകളെ സ്വാധീനിച്ചിട്ടുമുണ്ടാവാം.

കണക്ക് ഇഷ്ടമായിരുന്നതുകൊണ്ട് പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പ് എടുത്താണ് ഞാൻ പഠിച്ചത്. എന്നാൽ പ്രീഡിഗ്രി രണ്ടാം വർഷമായതോടെ കണക്കിൻ്റെയും യുക്തിയുടെയും ക്രമങ്ങളുടേയും ചിട്ടകളുടേതുമായ ക്ലാസ്സ് മുറിയോട് മടുപ്പും അകൽച്ചയും തോന്നുകയും ക്ലാസ്സ് കട്ട് ചെയ്ത് റീഡിംഗ് റൂമിൽ പോയിരിക്കുന്നത് പതിവാക്കുകയും ചെയ്തിരുന്നു. ക്ലാസ്സ് മുറിയെക്കാൾ വലിയ മുറിയായിരുന്നു ആ വായനാമുറി. ധാരാളം വാരികകളും മാസികകളും അവിടെ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് സാഹിത്യ മാസികകൾ പരിചയപ്പെടുന്നത്.
സാഹിത്യ സംബന്ധിയായ ലേഖനങ്ങൾ വായിച്ചതിൽ നിന്ന് പ്രമുഖരായ എഴുത്തുകാരെ മനസ്സിലാക്കുകയും അവരുടെ പുസ്തകങ്ങൾ റീഡിംഗ് റൂമിനോട് ചേർന്ന ലൈബ്രറിയിൽ നിന്ന് കണ്ടു പിടിക്കുകയും ചെയ്തു. റൂം മേറ്റായിരുന്ന ഒരുവളുടെ വീട്ടിൽ സാഹിത്യപ്രിയരായ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് നല്ല പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും അവളിൽ നിന്നും കേട്ടു. ഇങ്ങനെയൊക്കെയാണ് മാധവിക്കുട്ടിയിലേക്ക് എത്തിപ്പെട്ടത്. വായിക്കും മുമ്പ് തന്നെ മാധവിക്കുട്ടിയെ നേരിൽ കാണാനും കഴിഞ്ഞിരുന്നു. കോളേജിലെ ആർട്സ് ഡേയ്ക്കാണോ കോളേജ് ഡേയ്ക്കാണോ എന്ന് ഓർമ്മയില്ല മുഖ്യാതിഥിയായി മാധവിക്കുട്ടി കോളേജിൽ വന്നിരുന്നു. അക്കാലത്ത് സിനിമാപ്രവർത്തകരോളം താരപദവി എഴുത്തുകാർക്കുണ്ടായിരുന്നു. സിനിമാ താരങ്ങളുടെ സാന്നിധ്യമാണ് പരിപാടികളുടെ ധന്യത എന്ന മട്ടിലുള്ള ചിന്തയല്ല ഉണ്ടായിരുന്നത്. മാധവിക്കുട്ടി കോളേജിൽ വന്നു എന്നത് കൊണ്ട്തന്നെ അവരുമായി ബന്ധപ്പെടുത്തി അധികൃതർക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്.
കെ അജിതയ്ക്കും കൂട്ടർക്കും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും തുല്യതയെക്കുറിച്ചുമൊക്കെ സംസാരിക്കാനും സംവാദങ്ങളും ചർച്ചകളും നടത്താനുമുള്ള വേദിയും സമയവും കോളേജ് അധികൃതർ നൽകാറുണ്ടായിരുന്നു. മാത്രമല്ല അജിതയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടന്ന പല പരിപാടികളിലും പങ്കെടുക്കാൻ ഹോസ്റ്റലിൽ നിന്ന് ഒരു സംഘം വിദ്യാർത്ഥിനികൾ പോയിരുന്നത് സിസ്റ്റർ എഗ്ബെർട്ടയ്ക്കൊപ്പമാണ്. ഇന്നത് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ആ കാലത്തും സ്വാതന്ത്ര്യ ബോധവും സമത്വ ബോധവും ഉള്ളവർ സന്യാസിനികൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു. അല്ലായിരുന്നെങ്കിൽ കോളേജിൽ നടക്കുന്ന ഫംഗ്ഷനിൽ മാധവിക്കുട്ടിയെ വിളിക്കില്ലായിരുന്നല്ലോ. മാധവിക്കുട്ടിയെ വിമർശിച്ചവരും ദൂരെ നിർത്തിയവരും രഹസ്യമായി വായിച്ചവരും പരസ്യമായി പിന്തുണച്ചവരും ഒക്കെ ചേർന്നതായിരുന്നു അവരുടെ വായനക്കാരുടെ ലോകം.

വർഷങ്ങൾക്ക് ശേഷം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സ്മരണയിലെ ‘രാജകുമാരിയും യാചകബാലനും’ എന്ന അധ്യായം വായിച്ചപ്പോൾ മാധവിക്കുട്ടിയെ ആദ്യമായി കണ്ടത് വീണ്ടും ഓർമ്മയിൽ വന്നു. ഉന്മാദിനിയായ ഒരു രാജകുമാരിയാണ് മാധവിക്കുട്ടി എന്ന് താൻ ചെറുപ്പകാലത്ത് വിചാരിച്ചിരുന്നതായി ആ ലേഖനത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു. കട്ടിലിൽ ഇരിക്കുകയായിരുന്ന മാധവിക്കുട്ടിയെ കണ്ടപ്പോൾ ശരിക്കും ഒരു റാണിയെ പോലെ തോന്നിപ്പിച്ചു എന്നും റാണി പത്മിനിയെയാണ് തനിക്ക് ഓർമ്മ വന്നതെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ഈ അധ്യായത്തിൽ എഴുതുന്നുണ്ട്. ചിത്രങ്ങളിലും ചുള്ളിക്കാടിൻ്റെ വിവരണത്തിലും കാണുന്നതിന് സമാനമായ ഒരു ഇരിപ്പും രൂപവുമായാണ് എൻ്റെ ഓർമ്മയിലും അവരുള്ളത്. മാധവിക്കുട്ടിയെ കാണാനും കേൾക്കാനുമായി ഓഡിറ്റോറിയത്തിൽ നല്ല തിരക്കുണ്ടായിരുന്നു അന്ന്. സംസാരത്തിനിടയിൽ നഗ്നതയുമായി ബന്ധപ്പെടുത്തിക്കൊണ്ട് മാധവിക്കുട്ടി നടത്തിയ ഒരു പരാമർശത്തെ സ്റ്റേജിൽ തന്നെ ഉണ്ടായിരുന്ന പുരുഷനായ ഒരു മുഖ്യാതിഥി അവിടെ വെച്ചു തന്നെ വിമർശിച്ചതും ഓർക്കുന്നു. അവർ പറഞ്ഞ വാക്കുകൾ ഓർമ്മിച്ചെടുക്കാൻ സാധിക്കുന്നില്ലെങ്കിലും എൻ്റെ കഥ എഴുതിയ മാധവിക്കുട്ടി - അത് അവരുടെ അനുഭവമാണെങ്കിലും അല്ലെങ്കിലും - ബന്ധങ്ങളെയും സദാചാരത്തെയും സംബന്ധിച്ച് അതിലെഴുതിയ കാര്യങ്ങൾ തൻ്റെ പ്രസംഗങ്ങളിലും പ്രവൃത്തികളിലും എഴുത്തിലുമെല്ലാം ആവർത്തിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നു.
സമൂഹമെന്ന വിരൂപയായ മുത്തശ്ശിയുടെ പുതപ്പിനടിയിൽ അഭയം തേടാത്ത മാധവിക്കുട്ടിയോട് എന്നും ബഹുമാനം തോന്നിയിട്ടുണ്ട് . ശരീരത്തിൻ്റെ തേടലുകൾ മാത്രമായി അവരെ ചുരുക്കി വായിച്ചവർ അവരുടെ ആത്മാവിൻ്റെ പിടച്ചിൽ കണ്ടില്ല. അവരുടെ പ്രണയിനികൾ ശരീരത്തിൽ നിന്നാരംഭിച്ചവരെങ്കിലും ശരീരത്തിൽ അവസാനിച്ചവരല്ല. ‘ഞാൻ കാംക്ഷിച്ചത് പ്രണയമായിരുന്നു. കിട്ടിയത് മൃഗീയമായ കാമം മാത്രം. എൻ്റെ മെലിഞ്ഞ ശരീരത്തിന് അത്തരം വ്യായാമങ്ങൾ അസഹനീയങ്ങളായി’ എന്ന് അവർ എൻ്റെ കഥയിൽ എഴുതി. കാമത്തിലെ ശരീരബലപ്രയോഗങ്ങളിലും അധികാരപ്രയോഗങ്ങളിലും തളരുന്ന അനേകം സ്ത്രീകളെക്കുറിച്ച് അവർ പല കൃതികളിലായെഴുതി. പന്ത്രണ്ട് വയസ്സുള്ള രുഗ്മിണിയുടെ കഥ (രുഗ്മിണിക്കൊരു പാവക്കുട്ടി) പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് വായിച്ചത്. കുറേ ദിവസം പിന്തുടർന്നു അതിലെ കഥാപാത്രങ്ങൾ. കാമത്തെ പ്രേമമായി താൻ തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞ മാധവിക്കുട്ടിയുടെ കഥകളിലും ആത്മകഥയിലും മാത്രമല്ല കവിതകളിലും ബന്ധങ്ങളിൽ അവരനുഭവിച്ച അതൃപ്തി തെളിഞ്ഞ് നിന്നു.

"I am a freak. It's only
To save my face, I flaunt, at
Times, a grand, flamboyant lust." (The Freaks)
എന്ന് സ്വയം തുറന്നുവെച്ചു അവർ കവിതകളിലും. ആത്മകഥകൾ മാത്രമല്ല കഥകളും കവിതകളും സ്മരണകളുമായി പല വഴികളിൽ അടയാളപ്പെടുത്തപ്പെട്ട അവരുടെ സാഹിത്യ ജീവിതത്തിലെ മിക്ക പേജുകളും ആത്മകഥാപരമായിരുന്നു. എന്നാൽ ആ കാലഘട്ടത്തിൽ നിശബ്ദരായി ജീവിച്ച പല സ്ത്രീകളുടെ / മനുഷ്യരുടെ ചരിത്രവും അതോടൊപ്പം ഉണ്ടായിരുന്നു.
‘ഞാൻ രണ്ടു നേരവും ഭക്ഷണം തരുന്നില്ലേ , നാണം മറയ്ക്കുവാൻ വസ്ത്രങ്ങൾ തരുന്നില്ലേ , കിടക്കാനൊരിടം തരുന്നില്ലേ , എല്ലാ രാത്രിയിലും നിനക്കു വേണമെങ്കിലും വേണ്ടെങ്കിലും ഗൃഹസ്ഥൻ്റേതായ സകല ലൈംഗിക ബാധ്യതകളും ഞാൻ ഭംഗിയായി നിറവേറ്റുന്നില്ലേ ? ഇനിയും എന്തു വേണം ഒരു സ്ത്രീക്ക്...’ എന്ന് എൻ്റെ കഥയിൽ ആമിയോട് ദാസ് ചോദിക്കുന്ന ചോദ്യം എൻ്റെ കഥയ്ക്ക് മുമ്പും ശേഷവും ലോകവും കാലവും പുരുഷാധികാരവും എന്നും അവളോട് ചോദിച്ചു കൊണ്ടിരുന്നു. കൂടുതലായി അവൾക്ക് പലതും വേണമായിരുന്നു . ഒരുവനിൽ തീർന്നു പോകാതെ അവൾ ഭോഗത്തിനു ശേഷവും ബാക്കിയായി. ആമിയായി , മാധവിക്കുട്ടിയായി , കമലാദാസായി , കമലാ സുരയ്യയായി അവൾ തനിക്ക് വേണ്ടത് അന്വേഷിച്ചു കൊണ്ടിരുന്നു.
മാധവിക്കുട്ടി ഫെമിനിസ്റ്റാണോ അല്ലയോ എന്ന ചോദ്യത്തിന് കൃത്യമായൊരുത്തരമില്ല.

കുടുംബത്തെയും ദാമ്പത്യത്തെയും അവർ തുറന്നു കാട്ടി. മാനസികവും ശാരീരികവുമായ അധികാരപ്രയോഗങ്ങളെ വിമർശിച്ചു. മുൻ തലമുറ കെട്ടിപ്പൊതിഞ്ഞ് അലങ്കരിച്ച് വിശുദ്ധമാക്കി വെച്ച ദാമ്പത്യത്തെ ജീർണ്ണിച്ച ഒന്നായി കാട്ടിത്തന്നു. ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടേയും വിമർശനങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിയാതെ സാഹിത്യ ജീവിതവും ജീവിതം തന്നെയും അവസാനിപ്പിച്ച രാജലക്ഷ്മിയെപ്പോലെ മാധവിക്കുട്ടി വാക്കുകൾ കുഴിച്ചിട്ട് പിന്മാറിയില്ല. സാധ്യമാവുന്നിടത്തോളം വാക്കുകളെ നീട്ടിക്കൊണ്ടുപോയി. മുൻ തലമുറക്കാരികളും സമകാലികരുമായ എഴുത്തുകാരികളെക്കാൾ ധീരതയോടെയും സൂക്ഷ്മതയോടെയും സ്ത്രീ ജീവിതത്തെ ആവിഷ്ക്കരിച്ചു.
അതേസമയം ശരീരവും മനസ്സും നിരന്തരമായി തുറന്നിടുകയും മുറിവേൽക്കുകയും ദുർബലയാവുകയും സ്വയം പാതാളത്തോളം താഴ്ന്നു പോവുകയും ചെയ്തു. കെ സരസ്വതിയമ്മയുടെ കഥകളിൽ കാണുമ്പോലെ ബുദ്ധി ഉപയോഗിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തതിൽ വിഷമിക്കുന്ന പെണ്ണുങ്ങളല്ല മാധവിക്കുട്ടിയുടെ പെണ്ണുങ്ങൾ. പിൽക്കാലത്ത്
കെ.ആർ. മീരയുടെ ശൂർപ്പണഖ എന്ന കഥ വായിച്ചപ്പോൾ മാധവിക്കുട്ടിയുടെ കടൽ മയൂരം എന്ന ലഘു നോവലാണ് ഓർമ്മ വന്നത്. കടൽമയൂരത്തിലെ പ്രൊഫസർ രേണുകാദേവിയെ വായിക്കുമ്പോൾ ഫെമിനിസ്റ്റുകളോട് പുച്ഛമോ സഹതാപമോ ആണോ മാധവിക്കുട്ടിക്ക് ഉണ്ടായിരുന്നത് എന്ന് സംശയം തോന്നും. വൈകാരികതയെ മറികടന്നു കൊണ്ട് ഒരു സ്ത്രീനില സാധ്യമല്ലെന്ന് മാധവിക്കുട്ടി കരുതിയിരുന്നോ ? വൈചാരിക തലത്തിനു മുൻതൂക്കം കൊടുക്കുന്ന സ്ത്രീകളിൽ സ്വാഭാവികതയായി, സാധാരണതയായി അത് സാധ്യമല്ലെന്ന് അവർ വിചാരിച്ചിരുന്നുവോ?

17 വയസ്സിൽ പലരുടെ വായനകളുടെ മുൻവിധികളിൽ നിന്ന് കൊണ്ട് വായിച്ച മാധവിക്കുട്ടിയെ അല്ല ഇന്ന് വായിക്കുന്നത്. എഴുത്തുകാരിലും അവർ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളിലും ചോയ്സും ശീലവും പല അനുപാതങ്ങളിൽ കലർന്നു കിടക്കുന്നുണ്ടാവാം. കുടുംബസ്ത്രീ കുലസ്ത്രീ സങ്കൽപ്പങ്ങളെ അട്ടിമറിച്ച സ്ത്രീയെന്ന നിലയിൽ മാധവിക്കുട്ടിയുടെ പ്രവൃത്തികളിൽ ഒരു ഫെമിനിസ്റ്റ് ഉണ്ട് എന്ന് കരുതുന്നു.
മനുഷ്യബന്ധങ്ങളുടെ എഴുത്തുകാരിയായി മാധവിക്കുട്ടിയെ വായിക്കാനാണ് ഇന്ന് തോന്നുന്നത്. അതിൻ്റെ കയറ്റിറക്കങ്ങളും സങ്കീർണ്ണതകളും അവർ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇരകളും വേട്ടക്കാരും മാത്രമല്ല രണ്ടുമായവരും രണ്ടുമല്ലാത്തവരും അവരുടെ എഴുത്തുകളിൽ ഉണ്ട്.
"ചരിത്രം രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും മാത്രം കഥയല്ല. സ്നേഹിച്ചവരുടെയും കഥയാണ്. സാധാരണ മനുഷ്യരുടെ കഥ" എന്ന് നീർമ്മാതളം പൂത്തകാലത്തിൽ എഴുതുന്ന മാധവിക്കുട്ടിയിൽ പ്രവർത്തിക്കുന്ന ചരിത്രബോധം അക്കാലത്ത് സാധാരണമായിരുന്ന ചരിത്രബോധമല്ല. ചരിത്രം മനുഷ്യബന്ധങ്ങളുടെ കഥയായി അവർ മാറ്റിയെഴുതി. വിവാദങ്ങളുടെ രാജകുമാരി എന്ന എന്റെ ആദ്യ മാധവിക്കുട്ടി വായനയെ മനുഷ്യബന്ധങ്ങളുടെ കഥാകാരി എന്ന് ഞാനും മാറ്റിയെഴുതുന്നു.