വർഗീയ ഇന്ത്യയ്ക്കു വേണ്ടിയുള്ള
ഗീത പ്രസിന്റെ ഗൃഹപാഠങ്ങൾ

“ഇന്ത്യയിൽ ഇന്നുവരെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരമൊരു ഗൃഹപാഠം നടത്തി അധികാരത്തിലെത്തിയിട്ടില്ലെന്ന് നിസംശയം പറയാം. ഈ അടിത്തറയിൽ നിന്നാണ് സംഘപരിവാർ അവരുടെ അജണ്ട നടപ്പിലാക്കിയതും ബി.ജെ.പിയെ അധികാരത്തിലേറ്റിയതും,” അക്ഷയ മുകുളിന്റെ ‘Gita Press And The Making of Hindu India’ എന്ന പുസ്തകത്തിന്റെ വായന, ജെ. പ്രഭാഷ് എഴുതുന്നു.

നുഷ്യൻ അയാളുടെ വങ്കത്തരങ്ങളുടെയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ശരിതെറ്റുകളുടെയും ആകെ തുകയാണെന്ന് പറയാറുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വളരെ രസകരമായൊരു ചോദ്യം സൽമാൻ റുഷ്ദി ഉന്നയിക്കുന്നു. മനുഷ്യൻ, അയാളുടെ വങ്കത്തരങ്ങളുടെയും ശരിതെറ്റുകളുടെയും അഭാവത്തിൽ എന്താകുമായിരുന്നു എന്നതാണ് ചോദ്യം. “അവയുടെ അഭാവത്തിൽ അയാൾ ‘ഇന്നത്തെ അയാൾ’ ആകുമായിരുന്നില്ല” എന്നാണ് ഇതിന് അദ്ദേഹം നൽകുന്ന ഉത്തരം (Salman Rushdie, Knife Meditations After an Atempted Murder).

അങ്ങനെയെങ്കിൽ, അടരടരായി നമുക്ക് പിന്നിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഇത്തരം സംഭവങ്ങളെ തിരുത്താൻ നാം എന്തിന് മിനക്കെടണം? എത്ര തിരുത്തിയാലും യാതൊരു മാറ്റവുമില്ലാതെ അവ അയാളുടെ ഭൂതകാലത്തിൽ പതിഞ്ഞു കിടക്കും. ഇതൊക്കെ അറിയാമെങ്കിലും, പക്ഷേ, മനുഷ്യർ ഈ തമാശ ആവർത്തിക്കുന്നു. ഹിറ്റ്ലർ ജർമ്മനിയിലും മുസോളിനി ഇറ്റലിയിലും ചെയ്തത് അതാണ്. ഇപ്പോൾ അതേ പാത ഇന്ത്യയും പിന്തുടരുന്നു. നയൻതാര സൈഗാളിന്റെ കഥയിലെ ഒരു ജർമ്മൻ കഥാപാത്രം നമ്മോടായി പറയുന്ന വാചകം ഓർമ്മവരുന്നു: “ഞങ്ങളുടെ ഭൂതകാലം നിങ്ങളുടേതാണ്” (When the Moon Shines by Day). ഹിറ്റ്ലറുടെ ജർമ്മൻ കാലം നാം ഇന്ത്യയിൽ പുനരാവിഷ്ക്കരിക്കാൻ ശ്രമിക്കുന്നു എന്നാണ് സൈഗാൾ പറയുന്നത്.

അക്ഷയ മുകുള്‍
അക്ഷയ മുകുള്‍

ഇക്കാര്യത്തിൽ ചുക്കാൻ പിടിക്കുന്നത് സംഘപരിവാറും അവർ നേതൃത്വം നൽകുന്ന സർക്കാരുകളുമാണ്. ഇതിനുതകും വിധം ഒരു വലിയ രാഷ്ട്രീയ ശക്തിയായി സംഘപരിവാർ വളർന്നിരിക്കുന്നു. പരിവാറിന്റെ ഈ വളർച്ചയെക്കുറിച്ച് അനേകം പഠനങ്ങൾ ഉണ്ടെങ്കിലും അതിന്റെ ബൗദ്ധിക, പ്രത്യയശാസ്ത്ര അടിത്തറ പാകുന്നതിൽ ഗീത പ്രസ്സും അതിന്റെ പ്രസിദ്ധീകരണങ്ങളും വഹിച്ച പങ്ക് അധികമാരും പഠനവിധേയമാക്കിയിട്ടില്ല. ഈ പോരായ്മ പരിഹരിക്കാൻ ഉതകുന്ന പുസ്തകമാണ് അക്ഷയ മുകുളിന്റെ, ‘ഗീത പ്രസ് ആൻഡ് ദ മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ’ (Akshaya Mukul, Gita Press And The Making of Hindu India, Gurugram: HarperCollins).

ഗീത പ്രസും സംഘപരിവാറിന്റെ പ്രത്യയശാസ്ത്രാടിത്തറയും

ഹിന്ദുമതത്തെ സംബന്ധിക്കുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും സനാതനധർമ്മം പ്രചരിപ്പിക്കുന്നതിലും തുടങ്ങി സംഘപരിവാറിന്റെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലപാടുകൾ ഹൈന്ദവർക്കിടയിൽ അവതരിപ്പിക്കുന്നതിലും അതിന് സമ്മതി നേടികൊടുക്കുന്നതിലും ഗീത പ്രസ്സ് വഹിച്ച പങ്ക് നിസ്തുലമാണ്. മതപഠനത്തിനാരംഭിച്ച (കൽക്കട്ടയിൽ,1922) ഒരു ചെറു കൂട്ടായ്മയിൽനിന്നാണ് കൽക്കത്തയിലെ ഗോബിന്ദ്ഭവൻ കാര്യാലയത്തിന്റെ അനുബന്ധ സ്ഥാപനമായി ഗീത പ്രസ് സ്ഥാപിതമാകുന്നത് (ഗോരഖ്പൂർ,1923). മാർവാടി ബിസിനസ്സുകാരായ ജയ്ദയാൽ ഗോയങ്കയും ഘനശ്യാംലാൽ ജലാനുമായിരുന്നു ഇതിന് മുൻകൈയെടുത്തത്. 1923 ഏപ്രിൽ മാസം ആദ്യ പ്രസിദ്ധീകരണമായ ഭഗവത് ഗീത പുറത്തുവന്നു.

ഇന്നിപ്പോൾ ഗീത പ്രസ് ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്നു. മുൻപ് സൂചിപ്പിച്ചതു പോലെ, കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി അത് നിറവേറ്റിയ ഏറ്റവും വലിയ ദൗത്യം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രാടിത്തറ ബലപ്പെടുത്തി അതിന് ഹൈന്ദവരുടെ ഇടയിൽ, പ്രത്യേകിച്ച് സ്ത്രീകളുടെയും യുവാക്കളുടെയും കുട്ടികളുടെയും ഇടയിൽ, പ്രചാരം നേടിക്കൊടുത്തു എന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ അത് അവതരിപ്പിച്ചതു തന്നെ ‘ന്യൂനപക്ഷ പ്രീണനത്തിനെ’തിരായ ഹിന്ദുക്കളുടെ സ്വാഭാവിക പ്രതികരണമായാണ്.

ഹിന്ദുമതത്തെ സംബന്ധിക്കുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും സനാതനധർമ്മം പ്രചരിപ്പിക്കുന്നതിലും തുടങ്ങി സംഘപരിവാറിന്റെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലപാടുകൾ ഹൈന്ദവർക്കിടയിൽ അവതരിപ്പിക്കുന്നതിലും അതിന് സമ്മതി നേടികൊടുക്കുന്നതിലും ഗീത പ്രസ്സ് വഹിച്ച പങ്ക് നിസ്തുലമാണ്.
ഹിന്ദുമതത്തെ സംബന്ധിക്കുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും സനാതനധർമ്മം പ്രചരിപ്പിക്കുന്നതിലും തുടങ്ങി സംഘപരിവാറിന്റെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലപാടുകൾ ഹൈന്ദവർക്കിടയിൽ അവതരിപ്പിക്കുന്നതിലും അതിന് സമ്മതി നേടികൊടുക്കുന്നതിലും ഗീത പ്രസ്സ് വഹിച്ച പങ്ക് നിസ്തുലമാണ്.

ഇന്ത്യൻ ദേശീയതയെ ‘ഹിന്ദു- ഹിന്ദി - ഹിന്ദുസ്ഥാനായി’ ചിത്രീകരിച്ചും മതനിരപേക്ഷത ഹിന്ദുക്കളുടെ ആധിപത്യത്തെ തകർക്കാനുള്ള ഗൂഢനീക്കമായി വാഖ്യാനിച്ചും ഇന്ത്യൻ രാഷ്ട്രീയവും സമ്പദ്ഘടനയും ചാതുർവർണ്യത്തിൽ അധിഷ്ഠിതമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാദിച്ചും മനുസ്മൃതി അക്ഷരംപ്രതി പാലിക്കുന്നതിലാണ് രാജ്യത്തിന്റെ മോക്ഷം കുടികൊള്ളുന്നത് എന്ന് നിഷ്ക്കർഷിച്ചും അത് ലക്ഷ്യത്തിലേക്ക്, ക്രമാനുഗതമായി മുന്നേറി. ഈ വിധം, ഫ്രഞ്ച് ദാർശനികൻ റെനു ക്യാമുവിന്റെ (Renaud Camus) സിദ്ധാന്തത്തിന്റെ - The Great Replacement Theory: ബഹുസ്വരതയിലൂടെ സ്വന്തം സാംസ്കാരിക സ്വത്വം നഷ്ടമാകുമെന്നതിന്റെ - വക്താവായി അത് മാറി.

പ്രസിദ്ധീകരണങ്ങൾ

വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന ആനുകാലികങ്ങളും പുസ്തകങ്ങളുമുൾപ്പെടെ ഒട്ടനേകം പ്രസിദ്ധീകരണങ്ങൾ ഗീത പ്രസിന്റെതായുണ്ട്. ആനുകാലികങ്ങളിൽ ഏറ്റവും പഴക്കമുള്ളതും പ്രചാരണത്തിൽ മുൻപന്തിയിൽ നിൽക്കുന്നതും കല്യാൺ മാസികയും (1926) അതിന്റെ ഇംഗ്ലീഷ് പതിപ്പായ കല്യാൺ കല്പതാരുവുമാണ് (1934). പ്രസിദ്ധീകരണങ്ങൾ തുടങ്ങുന്നതിലും അവയുടെ പ്രചാരം സമാനതകളില്ലാത്ത വിധം വർദ്ധിപ്പിക്കുന്നതിലും നിർണ്ണായക പങ്കു വഹിച്ചത് രാജസ്ഥാൻകാരനായിരുന്ന ഹനുമാൻ പ്രസാദ് പൊദ്ദാറും (1892- 1971). 45 വർഷം (1926-1971) കല്യാണിന്റെ പത്രാധിപരും പ്രസിന്റെ ഇതര പ്രസിദ്ധീകരണങ്ങളുടെ മേൽനോട്ടം വഹിച്ചതും അദ്ദേഹമാണ്. തന്റെ വിപുലമായ സുഹൃദ്ബന്ധങ്ങൾ ഇതിനായി അദ്ദേഹം ഉപയോഗിക്കുകയും, മതനിരപേക്ഷതയിലും ജനാധിപത്യത്തിലും ബഹുസ്വരതയിലും വിശ്വസിച്ചിരുന്നവരെക്കൊണ്ടു പോലും മാസികകളിൽ ലേഖനങ്ങൾ എഴുതിക്കുകയും ചെയ്തു. ഇത്തരക്കാരുടെ ഒരു നീണ്ടനിര തന്നെയുണ്ട്: ഗാന്ധിജി, ടാഗോർ, അരവിന്ദ മഹർഷി, ആചാര്യ കൃപലാനി, ആചാര്യ നരേന്ദ്രദേവ്, ഡോ. എസ്. രാധാകൃഷ്ണൻ, വിനോബാ ഭാവേ,മുൻഷി പ്രേംചന്ദ്, സൂര്യകാന്ത് ത്രിപാഠി (നിരാല) സുമിത്രാനന്ദ് പന്ത്, മൈഥിലി ശരൺ ഗുപ്ത, ഹരിവംശറായ് ബച്ചൻ... ഇങ്ങനെ പോകുന്നു അവരുടെ പട്ടിക.

ഇവർക്കു പുറമെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന ഗോൾവാൽക്കർ, ശ്യാമപ്രസാദ് മുഖർജി, പുരുഷോത്തം ദാസ് ടണ്ടൻ തുടങ്ങിയവരും. എന്നാൽ പട്ടികയിൽ അഭാവം കൊണ്ട് ശ്രദ്ധേയമായ രണ്ടു പേരുകളാണ് നെഹ്റുവും അംബേദ്കറും. ഇതിൽ നെഹ്റുവിനെക്കൊണ്ട് എഴുതിക്കാനും ഗീത പ്രസിന്റെ വേദികളിൽ കൊണ്ടുവരാനും പൊദ്ദാറും കൂട്ടാളികളും പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം അതിനു വഴങ്ങിയില്ല. അംബേദ്കറാവട്ടെ അവരുടെ ആജന്മ ശത്രുവും.

ജയ്ദയാൽ ഗോയങ്ക
ജയ്ദയാൽ ഗോയങ്ക

ഏറ്റവും പിന്തിരിപ്പൻ ആശയങ്ങളാണ് ഗീത പ്രസിന്റെ പ്രസിദ്ധീകരണങ്ങളിൽ ഉള്ളത് എന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു. അയിത്തത്തിന്റെ കാര്യം തന്നെ എടുത്താൽ, അതിന് ശാസ്ത്രങ്ങളുടെ (Shastras) പിൻബലമുണ്ടെന്നും അത് മറ്റാരോടുമുള്ള വെറുപ്പിന്റെ ഫലമല്ലെന്നും അവ വാദിക്കുന്നു. ഇതിലും വിചിത്രമായ ന്യായം ദലിതർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നത് മതവും രാഷ്ട്രീയവും തമ്മിൽ കലർത്തുന്നതിന് തുല്യമാണെന്നതും ഭക്തിക്ക് ക്ഷേത്രപ്രവേശനമാവശ്യമില്ലെന്നതുമാണ് (പേജ്, 56,271).

സ്ത്രീകളുടെ കാര്യത്തിലേക്കു വരുമ്പോൾ, പ്രസിന്റെ തനിനിറം വീണ്ടും വെളിപ്പെടുന്നു: വിധവാവിവാഹം പാപമാണ്, സതി അനുഷ്ഠിക്കുന്നത് പുണ്യകർമ്മമാണ്, സ്ത്രീകൾക്ക് സ്വത്തവകാശം നൽകുന്നത് കുടുംബത്തിൽ അന്തശ്ഛിദ്രമുണ്ടാക്കും, സ്ത്രീകളുടെ ഉത്തരവാദിത്വം പുരുഷന്റെ എല്ലാ ഇംഗിതങ്ങൾക്കും വഴങ്ങി കഴിയുന്നതാണ്, ഗർഭനിരോധനത്തെ എതിർക്കുന്നു എന്നാൽ ശിശുവിവാഹത്തെ ന്യായീകരിക്കുന്നു. സ്ത്രീയുടെ ഏറ്റവും പ്രാഥമികമായ ഉത്തരവാദിത്വം ആരോഗ്യമുള്ള ആൺകുട്ടികൾക്ക് ജന്മം നൽകുകയാണെന്നും ഇത് ക്രോമോസോമിന്റെ പ്രശ്നമല്ല, പിന്നെയോ സ്വയം നിയന്ത്രണത്തിന്റെയും ഈശ്വരഭക്തിയുടെയും പ്രശ്നമാണെന്നും സ്ത്രീ വിധവയാകുന്നത് മുജ്ജന്മ പാപത്തിന്റെ ഫലമാണെന്നും അവരുടെ വിദ്യാഭ്യാസം ഗൃഹവൃത്തി ഉത്തരവാദിത്വത്തോടെ ചെയ്യാനുള്ള പരിശീലനമാണെന്നുമുള്ള വാദമുഖങ്ങൾ പിന്നാലെ വരുന്നു (പേജ് 378, 474).

സ്വാതന്ത്ര്യലബ്ദിയോടെ ഗീത പ്രസിന്റെയും ഹനുമാൻ പൊദ്ദാറിന്റെയും രാഷ്ട്രീയചായ്‌വും വർഗീയ നിലപാടും മറനീക്കി പുറത്തുവരാൻ തുടങ്ങിയതായി പുസ്തകം ചൂണ്ടിക്കാണിക്കുന്നു. നാല്പതുകളുടെ അവസാനത്തോടെയാണ് ആർ.എസ്.എസ്സും ഹിന്ദു മഹാസഭയുമായുള്ള അതിന്റെ ബന്ധം ദൃഢമാകുന്നതും ഒരു വലിയ കൂട്ടായ്മയായി അത് മാറുന്നതും. ഒരുവശത്ത്, ഇടക്കാല ഗവൺമെന്റ് ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും 99% ഹിന്ദുക്കൾ അംഗങ്ങളായുള്ള കോൺഗ്രസ് ഹിന്ദു പാർട്ടി എന്നതിനു പകരം ദേശീയ പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടെന്നും പൊദ്ദാർ അദ്ഭുതം കൂറുന്നു. അതേ ശ്വാസത്തിൽ അദ്ദേഹം ഗാന്ധിജിയുടെ നോഖാലി സന്ദർശനത്തെ എതിർക്കുകയും വർഗീയ സംഘർഷങ്ങളിൽ ബലാൽക്കാരത്തിന് വിധേയരായെന്ന് അവകാശപ്പെട്ട ഹിന്ദുക്കളുടെ കത്തുകൾ കല്യാണിൽ അച്ചടിക്കാനും തുടങ്ങി, പുസ്തകം തുടരുന്നു.

ഹനുമാൻ പ്രസാദ് പൊദ്ദാർ
ഹനുമാൻ പ്രസാദ് പൊദ്ദാർ

ഇതിനെ കടത്തിവെട്ടുന്ന രണ്ടു കാര്യങ്ങൾ അക്ഷയ മുകുൾ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേത് ഗാന്ധിജിയുടെ മരണത്തിൽ കല്യാണും ഗീത പ്രസും പുലർത്തിയ മൗനമാണ്. ഇതെക്കുറിച്ച് ഒരക്ഷരം പോലും എഴുതുകയോ പറയുകയോ ചെയ്തില്ലെന്നു മാത്രമല്ല പൊദ്ദാറിനെയും സഹപ്രവർത്തകനായ ജയ്ദാൽ ഗോയങ്കയെയും പൊലീസ് അറസ്റ്റു ചെയ്യുകയുമുണ്ടായി! ഇരുവരും ഗാന്ധിജി വധിക്കപ്പെട്ട ദിവസം സംശയാസ്പദമായ സാഹചര്യത്തിൽ ഡൽഹിയിലുണ്ടായിരുന്നുവത്രേ. പോരെങ്കിൽ, ജയിൽ മോചിതനായ ഗോൾവാൽക്കർക്ക് ബനാറസിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് പൊദ്ദാറാണ്.

രണ്ടാമത്തേത്, രാമജന്മഭൂമി പ്രശ്നവുമായി ബന്ധപ്പെട്ടതാണ്. 1949 ഡിസംബർ 22-ന് രാത്രിയാണല്ലോ രാമവിഗ്രഹം ബാബ്റി മസ്ജിദിനുള്ളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് അവിടെ എത്തിച്ചത് ഹനുമാൻ പൊദ്ദാറാണെന്ന് തന്നോട് ആർ.എസ്.എസ് നേതാവായിരുന്ന നാനാജി ദേശ്മുഖ് പറഞ്ഞതായി പ്രശസ്ത മാധ്യമപ്രവർത്തകൻ റാം ബഹ്ദൂർ റായ് എഴുതിയതിനെക്കുറിച്ച് പുസ്തകം പരാമർശിക്കുന്നു (പേജ് , 320). സംഘപരിവാറും ഗീത പ്രസും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധത്തിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലല്ലോ.

2024-ലെ കണക്കനുസരിച്ച്, ഗീത പ്രസ് ആനുകാലികങ്ങൾക്കു പുറമേ ഹിന്ദുയിസവുമായി ബന്ധപ്പെട്ട 1800-ഓളം പുസ്തകങ്ങൾ മലയാളം ഉൾപ്പെടെ 15 ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും അവയുടെ 91 കോടി കോപ്പികൾ വിറ്റഴിക്കുകയും ചെയ്തു. ഇതിൽ 71.9 ദശലക്ഷം ഭഗവത് ഗീതയും 70 ദശലക്ഷം രാമായണവും 19 ദശലക്ഷം പുരാണങ്ങളും ഉപനിഷത്തുകളും മാതൃകാ (ഹിന്ദു)സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന 94.8 ദശലക്ഷം പുസ്തങ്ങളും 65 ദശലക്ഷം പുരാണകഥകളും പെടുന്നു. ഹിന്ദുമതത്തെ സംബന്ധിക്കുന്ന ഒരു റഡി റെക്കണറാണ് (Ready Reckoner )മറ്റൊരു പ്രസിദ്ധീകരണം - ഹിന്ദു സൻസ്കൃതി അങ്ക് ( Hindu Sanskriti Ank). ഇപ്പോഴും അച്ചടിയിലുള്ള ഇതിന്റെ 1,47,200 കോപ്പികൾ ഇതിനോടകം വിറ്റുകഴിഞ്ഞു.

ഇന്ത്യയിൽ ഇന്നുവരെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരമൊരു ഗൃഹപാഠം നടത്തി അധികാരത്തിലെത്തിയിട്ടില്ലെന്ന് നിസംശയം പറയാം. ഈ അടിത്തറയിൽ നിന്നാണ് സംഘപരിവാർ അവരുടെ അജണ്ട നടപ്പിലാക്കിയതും ബി.ജെ.പിയെ അധികാരത്തിലേറ്റിയതും. ഈ ചരിത്രമാണ് ‘ഗീത പ്രസ് ആൻഡ് ദ മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ’ വിശദീകരിക്കുന്നത്.
ഇന്ത്യയിൽ ഇന്നുവരെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരമൊരു ഗൃഹപാഠം നടത്തി അധികാരത്തിലെത്തിയിട്ടില്ലെന്ന് നിസംശയം പറയാം. ഈ അടിത്തറയിൽ നിന്നാണ് സംഘപരിവാർ അവരുടെ അജണ്ട നടപ്പിലാക്കിയതും ബി.ജെ.പിയെ അധികാരത്തിലേറ്റിയതും. ഈ ചരിത്രമാണ് ‘ഗീത പ്രസ് ആൻഡ് ദ മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ’ വിശദീകരിക്കുന്നത്.

ഇതു കൂടാതെയാണ് കല്യാൺ മാസികയുടെ 2,00,000-ഉം കല്യാൺ കല്പതാരുവിന്റെ 1,00,000 സർക്കുലേഷനും. ലോകത്തെ ഏറ്റവും വലിയ ഹിന്ദുമത പ്രസിദ്ധീകരണ ശൃംഖലയായി ഗീത പ്രസ് മാറിയതോടെ, ഇന്ത്യൻ ആർമിയും പരിശീലനം പൂർത്തിയാക്കുന്ന ജവാന്മാർക്ക് നൽകാനായി ഗീതയുടെ സൗജന്യ കോപ്പികൾ ആവശ്യപ്പെടാൻ തുടങ്ങി (പേജ്, 129). ‘പ്രിന്റ് ഹിന്ദുയിസത്തിന്റെ ഏറ്റവും വലിയ വിതരണക്കാർ’ എന്നാണ് ഗീത പ്രസിനെ പോൾ ആർനി (Paul Arney) വിശേഷിപ്പിക്കുന്നത്.

Read More: ഗാന്ധി വധം, ഗീതാ പ്രസ്​, മോദിയുടെ ഗാന്ധി പുരസ്​കാരം: ലജ്ജാകരമായ ഒരു തിരുത്തൽ കൂടി…

ഇതിന് പുറമെ, രാമായണവും മഹാഭാരതവും ഗീതയും വാമൊഴിയായി പ്രചരിപ്പിക്കുന്നതിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ അച്ചടിച്ചു വിതരണം ചെയ്യുന്നതിലും അത് ഏർപ്പെട്ടിരിക്കുന്നു. ഇതിനായി ഗീത/രാമായണ സഭകൾ സ്ഥാപിക്കുകയും രാമനവമി ദിനത്തിൽ രാമായണ പാരായണത്തിനായി പോക്കറ്റ് സൈസ് രാമായണം അച്ചടിച്ചു വിതരണവും ചെയ്യുന്നു. ദേവീദേവന്മാരെ ചിത്രീകരിക്കുന്നതിൽ ബോധപൂർവ്വമായ ചില ഇടപെടലുകളും അത് നടത്തുന്നുണ്ട്. ഉപാസനാമൂർത്തികളെ അവരുടെ അധികാരവും പ്രൗഢിയും സൗന്ദര്യവും പ്രതിഫലിക്കുന്ന തരത്തിലാവണം ചത്രീകരിക്കേണ്ടതെന്ന് ചിത്രകാരർക്ക് അത് കർശന നിർദേശം നൽകിയിരിക്കുന്നു.

രാമനെയും കൃഷ്ണനെയും മാനവരാശിയുടെ സംരക്ഷകരായും ദേവതകളെ മാതൃഭാവത്തിലും തിന്മയെ ഇല്ലായ്മ ചെയ്യുന്നവരായുമാവണം ചിത്രീകരിക്കേണ്ടത്. കൂട്ടത്തിൽ, കർമ്മഫലത്തെയും പുനഃജന്മത്തെയും സ്വർഗത്തെയും ചിത്രീകരിക്കാനും ഹൈന്ദവ മാർഗം വെടിയുന്നവർക്ക് നരകത്തിൽ കാത്തിരിക്കുന്നത് എന്താണെന്ന് ബോധ്യപ്പെട്ടുത്താൻ ഉതകുന്ന ചിത്രങ്ങൾ വിതരണം ചെയ്യാനും അത് പ്രത്യേകം ശ്രദ്ധിക്കുന്നു, മുകുൾ വിശദീകരിക്കുന്നു.

ഇന്നിപ്പോൾ ഗീത പ്രസ് ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്നു. മുൻപ് സൂചിപ്പിച്ചതു പോലെ, കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി അത് നിറവേറ്റിയ ഏറ്റവും വലിയ ദൗത്യം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രാടിത്തറ ബലപ്പെടുത്തി അതിന് ഹൈന്ദവരുടെ ഇടയിൽ, പ്രത്യേകിച്ച് സ്ത്രീകളുടെയും യുവാക്കളുടെയും കുട്ടികളുടെയും ഇടയിൽ, പ്രചാരം നേടിക്കൊടുത്തു എന്നതാണ്.
ഇന്നിപ്പോൾ ഗീത പ്രസ് ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്നു. മുൻപ് സൂചിപ്പിച്ചതു പോലെ, കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി അത് നിറവേറ്റിയ ഏറ്റവും വലിയ ദൗത്യം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രാടിത്തറ ബലപ്പെടുത്തി അതിന് ഹൈന്ദവരുടെ ഇടയിൽ, പ്രത്യേകിച്ച് സ്ത്രീകളുടെയും യുവാക്കളുടെയും കുട്ടികളുടെയും ഇടയിൽ, പ്രചാരം നേടിക്കൊടുത്തു എന്നതാണ്.

ഹൈന്ദവ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലും ദൈവസങ്കല്പത്തിലും തുടങ്ങി ആരാധനാമൂർത്തികളുടെ രൂപത്തിലും ഭാവത്തിലും നിറത്തിലും വരെ ഒരു ഏകീകൃത സ്വഭാവം നൽകാൻ ഗീത പ്രസിന് കഴിഞ്ഞു എന്നതാണ് പരമപ്രധാനമായ കാര്യം. സനാതന ധർമ്മത്തെ ഉയർത്തിക്കാട്ടുമ്പോഴും, ജാതിക്കും പ്രാദേശീക വ്യത്യാസങ്ങൾക്കും സമ്പ്രദായങ്ങൾക്കും (sects) അതീതമായി ഒരു പൊതു ഹിന്ദുസ്വത്വത്തിന് ബീജാവാപം ചെയ്യുന്നതിൽ അത് വിജയിച്ചു. മുഴുവൻ ഹിന്ദുക്കൾക്കും വൈകാരികമായി ഐക്യപ്പെടാൻ ഒരു ചട്ടക്കൂട് തീർക്കാൻ അതിനായി എന്ന് സാരം.

തുടക്കത്തിൽ, വ്യത്യസ്ത നിലപാടുകൾ ഉണ്ടായിരുന്ന രാഷ്ട്രീയക്കാരെയും പണ്ഡിതരെയും എഴുത്തുകാരെയും സന്യാസിവര്യന്മാരെയും ഒരിമിച്ചുകൊണ്ടുവന്ന് തങ്ങളുടെ എഡിറ്റോറിയൽ നയങ്ങൾക്ക് വിരുദ്ധമല്ലാത്ത വിഷയങ്ങളിൽ എഴുതിക്കുകയും അതിലൂടെ ഹിന്ദു മധ്യവർഗത്തിന്റെ വിശ്വാസം അവർ ആർജിക്കുകയും ചെയ്തു. അടിത്തറ ഉറയ്ക്കുകയും വിപുലമാവുകയും ചെയ്തതോടെ, സാവധാനം തങ്ങളുടെ ശരിയായ മുഖം അവർ പുറത്തെടുത്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഹിന്ദു പൊതുമണ്ഡലത്തിൽ സ്വന്തം വിശ്വാസ്യത ഉറപ്പിക്കാൻ കളമൊരുക്കിയതിനു ശേഷമാണ് ഗീത പ്രസ് ഹിന്ദുത്വ പ്രത്യയശാസ്തത്തിന്റെ തുറുപ്പുചീട്ടുകൾ ഓരോന്നായി ഇറക്കാൻ തുടങ്ങിയത്. അപ്പോഴേക്കും ഹിന്ദുക്കളിൽ ഗണ്യമായൊരു വിഭാഗം, ബുദ്ധിജീവികളും സർക്കാർ ഉദ്യോഗസ്ഥരും വ്യത്യസ്ത രാഷ്രീയപ്പാർട്ടികളിൽ വിശ്വസിക്കുന്നവരും ഉൾപ്പെടെ, ആശയപരമായി ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് മാനസികമായി പരിവർത്തനപ്പെട്ട് കഴിഞ്ഞിരുന്നു.

തികച്ചും മതനിരപേക്ഷതയിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ഹൈന്ദവരുടെ വീടുകളിൽ പോലും പ്രസിന്റെ പ്രസിദ്ധീകരണങ്ങൾ ഇടം കണ്ടെത്തിയിരിക്കുന്നു എന്നറിയുമ്പോഴാണ് എത്ര കണിശതയോടെയും ആസൂത്രിതവുമായാണ് അവർ പ്രവർത്തിച്ചത് എന്ന് നമുക്ക് ബോധ്യമാവുന്നത്. ഇന്ത്യയിൽ ഇന്നുവരെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരമൊരു ഗൃഹപാഠം നടത്തി അധികാരത്തിലെത്തിയിട്ടില്ലെന്ന് നിസംശയം പറയാം. ഈ അടിത്തറയിൽ നിന്നാണ് സംഘപരിവാർ അവരുടെ അജണ്ട നടപ്പിലാക്കിയതും ബി.ജെ.പിയെ അധികാരത്തിലേറ്റിയതും. ഈ ചരിത്രമാണ് ‘ഗീത പ്രസ് ആൻഡ് ദ മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ’ വിശദീകരിക്കുന്നത്.

Comments