കെ. അരവിന്ദാക്ഷന്റെ ‘കുശിനാരയിലേക്ക്’, ‘ജീവഗാഥ’, ‘ഗോപ’ എന്നിവ ഓരോന്നും സ്വതന്ത്രമായിരിക്കുമ്പോഴും ഒരു നോവൽ ത്രയത്തിന്റെ ഭാഗമായി കാണാവുന്ന മൂന്ന് കൃതികളാണ്. ബൗദ്ധപ്രമേയങ്ങൾ മലയാള സാഹിത്യത്തിന്റെ എല്ലാ ശാഖകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നിട്ടുണ്ട്. എങ്കിലും ഒരു നോവൽ ത്രയം നേരിട്ട് ബുദ്ധന്റെ ജീവിതത്തെയും ദർശനത്തെയും കേന്ദ്രമാക്കി മലയാള സാഹിത്യത്തിൽ അപൂർവമാണ്. മൂന്നിൽ അവസാനത്തേതായ ‘ഗോപ’യുടെ നിരൂപണവായനയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
ചൂടുകാട്ടിൽ നിന്നാണ് ‘കുശിനാരയിലേക്ക്’ ആരംഭിക്കുന്നത്. കത്താൻ തുടങ്ങുന്ന ഒരു ചിതയിൽ നിന്ന് മൃതശരീരത്തിലെ വസ്ത്രം മോഷ്ടിക്കുകയാണ് ഒരു പാവപ്പെട്ടവൻ. ഇതു കാണുന്ന സിദ്ധാർത്ഥൻ സ്വന്തം വിലകൂടിയ അംഗവസ്ത്രം അവന് നൽകുന്നു. ആ ചിതയിലെ വെളിച്ചത്തിലൂടെ നടന്നകലുന്നു. പൂർവാശ്രമത്തിലെ ഉടുത്തുകെട്ടുകളാണ് സിദ്ധാർത്ഥൻ ഉരിഞ്ഞുകളയുന്നത്. ചുടുകാടെന്ന ആത്മവിദ്യാലയത്തിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. ‘ജീവഗാഥ’യിലെ സുധിനൻ, മറ്റുപല പിൻഗാമികളും, ആ പാത പിന്തുടരുകയാണ്. മൂന്നു കൃതികളും സ്ഥലത്തിലും, കാലത്തിലുമുള്ള അലച്ചിലുകളാണ്. പ്രവാഹങ്ങളാണ്. ഉൾപാതകളിലൂടെയും ഉൾചാലുകളിലൂടെയുമുള്ള അനന്തമായ യാത്രകൾ. ‘ഗോപ’യിലെത്തുമ്പോൾ ഈ അലച്ചിലുകളും അന്വേഷണങ്ങളും വെളിപാടുകളുമെല്ലാം ഗോപയിലേക്ക് കുറുകിക്കൂടുന്നുവെന്ന് മാത്രം. അതുവഴി സിദ്ധാർത്ഥനിലേക്കും ബുദ്ധനിലേക്കും അവരുടെ പ്രക്ഷുബ്ധമായ ബന്ധങ്ങളിലേക്കും.
മൂന്ന് കൃതികളെയും ചേർത്തുവായിക്കുമ്പോൾ ശ്രദ്ധയിലേക്ക് വരാവുന്ന ഒരു പ്രധാന കാര്യം; ‘ഗോപ’യിലെത്തുമ്പോൾ ഭാഷയ്ക്ക് സംഭവിക്കുന്ന പരിണതിയാണ്. ഇതിൽ വാചകങ്ങൾ പരമാവധി കുറുകിക്കൂടുന്നതായി അനുഭവപ്പെടും. എഴുത്തുകാരന്റെ ബോധപൂർവ്വമായ ഒരു ബാഹ്യ ഇടപെടൽ എന്നതിലുപരി, കൈകാര്യം ചെയ്യപ്പെടുന്ന വിഷയത്തിന്റെ തീക്ഷ്ണതയും വൈകാരികമായ സാന്ദ്രതയും സ്വയമേവ അത്തരം ഒരു ഭാഷയിലേക്ക് സ്വയം നീങ്ങുകയാണ്. ആന്തരികമായ ഒരു അനിവാര്യത അതിന്റെ ഭാഷയെ തിരഞ്ഞെടുക്കുകയാണ്. അല്ലെങ്കിൽ രൂപപ്പെടുത്തുകയാണ്. വാചകങ്ങളുടെ കൃശത, വാക്കുകൾക്കും പ്രയോഗങ്ങൾക്കും ചുറ്റിനുമുള്ള മുഴക്കം, വായനയെ ഏകാഗ്രമാക്കുന്നു. കുറച്ച് പറയുമ്പോഴും, പറഞ്ഞതിനപ്പുറമുള്ള, പറയാത്ത അധികത്തിലേക്ക് നോവലിലെ ഭാഷ ഉന്മുഖമാവുകയാണ്. നിശ്ശബ്ദമായി, പറയാത്തതിലേക്ക് ചൂണ്ടിയുള്ള ഭാഷയുടെ ഒരു നിൽപ്പ്.

പുരാതനമായ ഒരു കാലത്തിൽ, പ്രത്യേകിച്ചും ബുദ്ധനുമായി ബന്ധപ്പെട്ട പ്രമേയം പരിചരിക്കപ്പെടുന്ന ഒരു കൃതിയിൽ വൃക്ഷലതാദികളും തിര്യക്കുകളും സജീവസാന്നിധ്യം നേടുന്നതിൽ അൽഭുതത്തിന് അവകാശമില്ല. പക്ഷേ പലപ്പോഴും അതെല്ലാം പാശ്ചാത്തല വിവരണങ്ങളിൽ ഒതുങ്ങിപ്പോകുകയാണ് പതിവ്. ഈ കൃതിയിൽ അത് അങ്ങനെയല്ല സംഭവിക്കുന്നത്. പ്രമേയത്തിൽ സജീവമായിത്തന്നെ അവ ഇടപെടുകയും കേന്ദ്രകഥാപാത്രങ്ങളുമായി സ്വാഭാവികമെന്നോണം സംഭാഷണത്തിലേർപ്പെടുന്നതും കാണാം. ജഢായു എന്ന പക്ഷി എത്ര സ്വാഭാവികമായാണ് സീതയെ തട്ടിക്കൊണ്ടുപോകുന്ന രാവണനുമായി യുദ്ധത്തിൽ ഏർപ്പെടുന്നതും, അതിന്റെ വിലാപവും അത് നൽകുന്ന സംഭവവിവരണവും രാമന് സീതയെ തേടുന്നതിൽ നിർണായകമാകുന്നതും എന്ന് ഓർക്കുക. ഇതര ജീവിവർഗ്ഗങ്ങളുമായി മനുഷ്യർക്കുള്ള പരസ്പരാശ്രിതത്വത്തേയും, അല്ലാതൊരു വാഴ് വ് ഭൂമിയിൽ മനുഷ്യന് സാധ്യമല്ലെന്ന വിവേകത്തിന്റെയും ഫലമാണത്. സർവ്വചരാചരങ്ങളോടും കരുണയും കരുതലോടും കൂടിയ സഹവാസമാണ് ഉത്തമമെന്ന തിരിച്ചറിവിന്റെ വെളിച്ചം പരത്തുന്നതാണത്. പ്രപഞ്ചസൃഷ്ടികളെയെല്ലാം ഒരേ ജൈവ തുടർച്ചയുടെ ഭാഗമായിട്ട് വേണം കാണുക.
ചെറുപ്പം മുതലേ സിദ്ധാർത്ഥന് ഇഷ്ടമാണ്, ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും കൂടെ നടക്കുന്നത്. രാത്രി ഒറ്റയ്ക്ക് മേഘപാതകളിലൂടെ അത്തരമൊരു നടത്തത്തിൽ കൂടെ കൂടിയ പട്ടിയോട് ‘‘വേണ്ട, സഹോദരാ, ഞാൻ തനിച്ച് പൊയ്ക്കോളാം, രാത്രിയേറെയായി, നീ പോയി ഉറങ്ങിക്കോ’’ എന്ന് പറയുന്നുണ്ട് സിദ്ധാർത്ഥൻ. മഹാപ്രസ്ഥാനത്തിലുടനീളം യുധിഷ്ഠിരനൊപ്പം സന്തതസഹചാരിയായ പട്ടിയുമുണ്ട്. ലുംബിനിയിലെ സാലവൃക്ഷത്തോപ്പിലാണ് അമ്മ സിദ്ധാർത്ഥനെ പ്രസവിക്കുന്നത്. പാതയിലാണ് ജനനം. വൃക്ഷത്തണലിലാണ് ബോധോദയം. അലച്ചിൽ ശിരോലിഖിതം പോലെ കൂടെയുണ്ട്. സീത, ഭൂമിദേവിയും ഉഴവുചാലിൽ നിന്ന് കണ്ടെടുക്കപ്പെട്ടവളാണ്. എന്തൊരഴകും അർത്ഥസാന്ദ്രതയുമാണ് ഈ കല്പനകൾക്ക്. പുരാതനമായ ഒരു നാഗരികതയുടെ അടിപ്പടവുകൾ.
സിദ്ധാർത്ഥന്റെ അമ്മ: ‘‘എന്തിനാണ് നീ പകലും രാത്രിയും ഇങ്ങനെ അലയുന്നത്, സിദ്ധാർത്ഥാ?’’ ഇലകൾ പഠിപ്പിച്ച ധ്യാനം അവനിൽ മൗനമായി കൂർത്തു. അതായിരുന്നു അമ്മയ്ക്കുള്ള മറുപടി. പലപ്പോഴും ഗോപക്കും. അവനെങ്ങനെ മറുപടി കൊടുക്കും? ഇതെന്തിലേക്കുള്ള സൂചനകൾ ആണെന്ന് ബാലനായ, യുവാവായ സിദ്ധാർത്ഥനറിയില്ലല്ലോ. അവന്റെ വഴി തെളിയുന്നതല്ലേ ഉള്ളൂ.
എല്ലാത്തിനുമുള്ള ഉത്തരങ്ങളുമായി ബുദ്ധൻ വരുന്നതും കാത്ത് അന്ത്യനാളുകൾ തള്ളിനീക്കുന്ന ഗോപയിലാണ് നോവൽ സമാപിക്കുന്നത്.
അത്തരമൊരു അലച്ചിലിൽ കണ്ടുമുട്ടിയ തള്ളപ്പക്ഷി സിദ്ധാർത്ഥനോട് ചോദിക്കുന്നുണ്ട്: ‘‘എന്താ കുഞ്ഞേ ഇത്ര നേരത്തെ? നിനക്ക് തണുപ്പില്ലേ? ഉറക്കമില്ലേ?’’
‘‘അമ്മയ്ക്കും മക്കൾക്കും ഞാൻ കരടാകുന്നുണ്ടോ?’’ സിദ്ധാർത്ഥൻ ചോദിക്കുന്നു.
തള്ളപ്പക്ഷി ചിറകടിച്ചു: ‘‘മോനേ, ഞങ്ങൾക്ക് നിന്നെപ്രതിയാണ് വേദന’’.
ഇങ്ങനെ നോക്കിയാൽ ചോദ്യങ്ങൾ സിദ്ധാർത്ഥന് നേരെ നിരന്തരം ഉയർന്നിട്ടുണ്ട്.
ബുദ്ധന്റെ ജീവിതത്തെ വിശദമായി വർണിക്കുന്ന ലളിതവിസ്തര സൂത്രം (Lalitavistara Sutra) എന്ന ബുദ്ധന്റെ ജീവചരിത്രത്തിലാണ് യശോധരയെ ഗോപയെന്ന് വിളിക്കുന്നത്. പല പാരമ്പര്യങ്ങളിലായി പല പേരുകൾ യശോധരയ്ക്കുള്ളതായി കാണാം. ഭദ്ദകച്ഛന (Bhaddakaccana), രാഹുലമാത (Rahulamata), ബിംബ (Bimba) എന്നിങ്ങനെ. ടിബറ്റൻ, വടക്കേ ഇന്ത്യൻ ടെക്സ്റ്റുകളിൽ പലതിലും യശോധരയും ഗോപയും സിദ്ധാർത്ഥ രാജകുമാരന്റെ രണ്ട് വ്യത്യസ്ത ഭാര്യമാരായും പരാമർശിക്കപ്പെടുന്നുണ്ട്. ആനുഷംഗികമായി സൂചിപ്പിച്ചു എന്നു മാത്രം.
നമുക്ക് അരവിന്ദാക്ഷന്റെ ‘ഗോപ’യിലേക്ക് വരാം. അതിൽ യശോധരയും ഗോപയും ഒന്നുതന്നെ. 13 വർഷം നീണ്ട സിദ്ധാർത്ഥനും ഗോപയും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന്റെയും, 29-ാം വയസ്സിൽ കൊട്ടാരവും കുടുംബവുമുപേക്ഷിച്ചതിന്റെയും ഏഴ് ദിവസങ്ങൾ മാത്രം പ്രായമുള്ള രാഹുലന്റെയും അരനൂറ്റാണ്ടോളം വരുന്ന ഗോപയുടെ ഒറ്റപ്പെടലിന്റെയും ഓർമ്മകളിലേക്ക് തലങ്ങും വിലങ്ങും യാത്ര ചെയ്യുകയാണ് നോവൽ. ‘‘ഗൗതമ സിദ്ധാർത്ഥന്റെ പത്നിയായ യശോധരയെന്ന ഗോപ, ബുദ്ധനെ ചോദ്യം ചെയ്യുന്നതാണ്’’ ‘ഗോപ’ എന്ന് അരവിന്ദാക്ഷൻ കൃതിയെ അടയാളപ്പെടുത്തുന്നുണ്ട്.

‘‘എന്തുകൊണ്ട് അർദ്ധരാത്രിയിൽ കൊട്ടാരത്തിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ എന്നോട് പറഞ്ഞില്ല?’’, ഗോപയുടെ ഈ ചോദ്യത്തെയാണ് നോവൽ പിന്തുടരുന്നത്. ‘‘അത് കാമത്തിലേക്കും മാതൃത്വത്തിലേക്കും പ്രണയത്തിലേക്കും പ്രകൃതിയിലേക്കും പരിണാമത്തിലേക്കും, ബുദ്ധപാതയിൽ നിന്ന് വ്യത്യസ്തമായ വഴികളിലേക്കും സഞ്ചരിക്കുന്നു’’ എന്ന് പുസ്തകത്തിെൻ്റ ഒടുവിൽ അദ്ദേഹം വിശദീകരിക്കുന്നു. അതിന് തൊട്ടുമുൻപ് ഇങ്ങനെയും കാണാം: ‘‘ഒരു നല്ല വായനക്കാരൻ നോവലിസ്റ്റിനേക്കാൾ ആഴത്തിലുള്ള സർഗാത്മക പഥങ്ങളിലൂടെ യാത്ര ചെയ്യുന്നു, എഴുത്തുകാരനെ കണ്ടുമുട്ടുന്നു, കലഹിക്കുന്നു, നിരന്തരമായ സംവാദത്തിൽ ഏർപ്പെടുന്നു.’’
വായനയിൽ ഇത് നൽകുന്ന സ്വാതന്ത്ര്യം ഉപയോഗിക്കുവാനാണ് ഞാനിവിടെ ശ്രമിക്കുന്നത്.
സിദ്ധാർത്ഥന്റെ സന്തത സഹചാരിയായിരുന്ന ചന്നനും വിരഹിയായ ഗോപക്കുമിടയിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെയും വാദപ്രതിവാദങ്ങളിലൂടെയും; രണ്ടുപേരുടെയും ആത്മഭാഷണങ്ങളിലൂടെയുമാണ് യാത്രാമൊഴി ചൊല്ലാതെയുള്ള സിദ്ധാർത്ഥന്റെ തിരോധാനത്തിൽ രണ്ടുപേരും അനുഭവിച്ച സങ്കടങ്ങളും സംശയങ്ങളും, പ്രത്യേകിച്ച് ഗോപയുടെ ചോദ്യങ്ങളും ഉപചോദ്യങ്ങളും അനാവരണം ചെയ്യപ്പെടുന്നത്. ജ്ഞാനിയായ ബുദ്ധൻ ഉപദേശിച്ച മോക്ഷമാർഗ്ഗങ്ങളെ സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള വിചാരണയും ഇതോടൊപ്പം നടക്കുന്നുണ്ട്.
എല്ലാത്തിനുമുള്ള ഉത്തരങ്ങളുമായി ബുദ്ധൻ വരുന്നതും കാത്ത് അന്ത്യനാളുകൾ തള്ളിനീക്കുന്ന ഗോപയിലാണ് നോവൽ സമാപിക്കുന്നത്. ബുദ്ധൻ നോവലിലുടനീളം ഒരു പ്രത്യക്ഷമല്ല. ഗോപയുടെ ചോദ്യങ്ങൾക്ക് കൃതിയിൽ ഉത്തരങ്ങൾ ലഭ്യവുമല്ല. അനാഥമായ അവരുടെ ചോദ്യങ്ങളിലൂടെയും ബുദ്ധന്റെ അസാന്നിദ്ധ്യത്തിലൂടെയും നോവൽ നല്കുന്ന തുറസ്സിനെ സംവാദാത്മകമായ ഒരു വായനയിലൂടെ, ബുദ്ധനെ പ്രത്യക്ഷമാക്കിയും ഉത്തരങ്ങൾ അദ്ദേഹം നല്കുന്നതായി നിരൂപിച്ചും നികത്താൻ ശ്രമിക്കുകയാണ്.
പുസ്തകത്തിന്റെ ആമുഖത്തിൽ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ഉദ്ധരണിയുണ്ട്:
‘‘Perhaps our greatest distinction as a species is our capacity, unique among animals, to make counter-evolutionary choices. Most of us choose to renounce murder, rape and genocide, despite their advantages as a means of transmitting our genes, and despite their wide spread occurrence among other animal species and earlier human societies’’.
(Why is Sex Fun? - The Evolution of Human Sexuality - Jared Diamond, 2001).
ഇതിന് കർണാട്ടിക് കച്ചേരിയിലെ തംബുരുവിന്റെ സ്ഥാനമാണ് ഈ നോവൽ പാരായണത്തിലുള്ളത് എന്ന് ഞാൻ വിചാരിക്കുന്നു. കൃതിയുടെ ആധാര ശ്രുതിയായി ഇതിനെ മനസ്സിലാക്കാവുന്നതാണ്.
നോവലിനകത്തേക്ക് പ്രവേശിക്കാം. ‘ഗോപയുടെ എഴുപത്തിയെട്ടാം ജന്മദിനമാണിന്ന്’- നോവൽ തുടങ്ങുകയാണ്. ‘‘എന്തുകൊണ്ടാണ് സിദ്ധാർത്ഥൻ എന്നോട് യാത്ര പറയാതെ ഇറങ്ങിപ്പോയത്? സിദ്ധാർത്ഥന് ഞാൻ അത്രയും അന്യയായിരുന്നോ?’’ ഗോപ ചോദിക്കുകയാണ്.
‘‘സ്ത്രീയും പുരുഷനും ഒന്നിക്കുമ്പോൾ മൂന്നാമതൊരു നക്ഷത്രമാണ് പിറക്കുന്നത്.’’ നക്ഷത്ര രാശികളിൽ തൊട്ടുമടങ്ങിയ ഒരു സംയോഗത്തിന്റെ സമതല ശാന്തിയിൽ സിദ്ധാർത്ഥൻ മന്ത്രിച്ചത് അവൾ ഓർക്കുന്നു. ആ നക്ഷത്രവും വീണ്ടും സംയോഗത്തിന്റെ നക്ഷത്രരാശിയെ തൊടുന്നു. വീണ്ടും നക്ഷത്രങ്ങൾ പിറക്കുന്നു. സർഗാത്മകമായ ഈ ആവർത്തനത്തിൽ നിന്നുപോലും മോചനം വേണം. അർദ്ധരാത്രിയിലെ മൂന്നാം യാമത്തിൽ, മാതൃവൃക്ഷത്തിൽ നിന്ന് ഒരില പൊഴിയും പോലെ സൗമ്യമായ നിന്റെ പ്രയാണത്തിന്റെ ലക്ഷ്യം അതായിരുന്നോ? പക്ഷേ ശരീരത്തിൽ നിന്ന് നീ എന്നെ പറിച്ചെടുത്തു കാണും. ഞാൻ ഇറക്കിവിടാതെ എന്റെ ഹൃദയത്തിൽ നിന്ന് നിനക്ക് മോചനം ഉണ്ടാവുമോ? സിദ്ധാർത്ഥനും ഗോപയ്ക്കും ഒരേ ലക്ഷ്യമായിരുന്നില്ലേ? എന്നിട്ടും ഒരു യാത്രാമൊഴി പോലുമില്ലാതെ, അത് തേടി നീ ഒറ്റയ്ക്ക് പുറപ്പെട്ടു പോയി. എന്റെ ചോദ്യത്തിന് നീ ഉത്തരം തന്നേ മതിയാകൂ. എഴുപത്തിയെട്ട് വയസ്സിന്റെ നിറവിലും, ക്ഷീണിച്ച അവസ്ഥയിലും ഈ ചോദ്യങ്ങൾ ഗോപയുടെ നിയന്ത്രണം വിട്ട് അവളിൽ നിന്ന് പുറത്തുവരുന്നു.
ഗോപ കുടിലിലെ മെത്തയിൽ കിടന്ന് കാത് കൂർപ്പിച്ചു.
‘‘അകലെ ചപ്പിലകളിൽ കാലടി ശബ്ദം കേൾക്കുന്നില്ലേ? അത് അടുത്തടുത്തു വരികയാണല്ലോ? മോളെ, കുടിലിന്റെ വാതിൽ തുറന്നിടൂ. അദ്ദേഹം അടുത്തെത്തിക്കഴിഞ്ഞു. അവൻ എന്റെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി വരികയാണ്’’, ബോധാബോധങ്ങളുടെ കുഴമറിച്ചിലിൽ അവൾ പറയുകയാണ്.
ഹിമവാനിൽ നിന്ന് പുറപ്പെട്ട കാറ്റ് കുടിലിെൻ്റ വാതിൽ മെല്ലെ തുറന്നിട്ടു. ശൈത്യം ചാലിച്ച നിലാവ് കുടിലിൽ സൗമ്യനിറവായി. ഗോപയുടെ മനം തുടിച്ചുവോ? ഹൃദയതാളം മുറുകിയോ? കാലടി ശബ്ദം തന്റെ മെത്തയുടെ അരികിലെത്തിയോ? അത് സിദ്ധാർത്ഥന്റെ കാലടികൾ തന്നെയാണല്ലോ? അതോ മരണത്തിന്റെയോ?
കാലടി ശബ്ദം നിലച്ചു. നെറ്റിയിൽ ഒരു കൈത്തലത്തിന്റെ തണുപ്പ് അവളറിഞ്ഞു. വാത്സല്യത്തിന്റെ പ്രസരണം ഉടലാകെ ഉലച്ചു. ഉൾക്കാമ്പിൽ ആഴത്തിൽ നിന്നൊരു തേങ്ങൽ കുറുകി ഉണർന്നു. അതിന്റെ വിങ്ങൽ മേലാസകലം പടർന്നുകയറി.
ആനന്ദൻ അവന്റെ സ്വന്തം അന്വേഷണങ്ങളിലൂടെ എന്നിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഒഴിഞ്ഞു കിടന്ന സ്ഥാനത്ത് അവനെ അവരോധിച്ചതല്ല. അത് സംഭവിക്കുകയാണ്. എന്തും സംഭവിക്കുകയാണ് വേണ്ടത്. നിയമനങ്ങൾ കൊട്ടാരങ്ങളിലും അധികാര സ്ഥാപനങ്ങളിലും ആണ്.
‘‘ആനന്ദന്റെ സ്ഥാനത്ത് കാണേണ്ടിയിരുന്ന ചന്നനെയെന്തിനാണ് നിങ്ങൾ മടക്കി അയച്ചത്? അന്വേഷണത്തിന്റെ ഏകാന്തയാത്രയിൽ അവനും നിങ്ങൾക്ക് ഭാരമാകുമെന്ന് തോന്നിയോ? നിഴലായി കൂടെ നടന്നിരുന്ന അവനോട് കൊട്ടാരമുപേക്ഷിക്കുന്ന തീരുമാനം അറിയിക്കാതിരുന്നതിൽ അവൻ എന്നും ഖിന്നനായിരുന്നു. ഞാനും അവനും എന്തേ പൊടുന്നനെ ഒരു നിമിഷം നിങ്ങളിൽ നിന്നും പറിച്ചെറിയപ്പെട്ടത്?’’ ചോദ്യങ്ങളും ഉപചോദ്യങ്ങളും അനിയന്ത്രിതമായി അവളിൽ നിന്നും പൊട്ടിച്ചിതറി.
ഗോപേ...
ആ വിളി കേട്ടതും അടിവയറ്റിൽ നിന്ന് ഉയർന്നുപൊങ്ങിയ തേങ്ങൽ അവൾ ഉള്ളിലൊതുക്കി. നിന്റെ ചോദ്യങ്ങൾ എന്നും എന്റെ കൂടെ ഉണ്ടായിരുന്നു. ബോധിസത്വൻ പറയുകയാണ്. എന്റെ പീഢനപർവ്വങ്ങളുടെ ആരംഭമല്ലേ അത്? അതെങ്ങിനെ ഞാൻ മറക്കും? മാതാപിതാക്കളെയും നിന്നെയും ചോരക്കുഞ്ഞായ രാഹുലനെയും എന്റെ ആത്മമിത്രം ചന്നനെയും വിട്ടിറങ്ങുമ്പോൾ എന്റെയുള്ളിൽ ആർത്തിരമ്പിയ സംഘർഷക്കടൽ, സങ്കടങ്ങളുടെ വേലിയേറ്റങ്ങൾ, അകം പിളർന്ന വേദനകൾ നീ അറിഞ്ഞില്ലെന്ന് ഞാൻ കരുതണോ? ഒന്നിച്ചു കഴിഞ്ഞ 13 വർഷങ്ങൾ എങ്കിൽ പാഴായി എന്നല്ലേ? എന്നെ അറിയുകയെന്നാൽ ആ രാത്രിയിലെ എന്റെ അകത്തെ പെരുക്കങ്ങളും കൂടി അറിയുക എന്നല്ലേ, ഗോപേ? ഞാൻ പരിഭവിക്കുകയല്ല. പരാതിയുമല്ല. മറ്റൊരു ദിശയിൽ നിന്ന് കാര്യങ്ങളെ കാണുക മാത്രമാണ്. എന്റെ കർമ്മങ്ങൾ എന്റെ മാത്രം ഉത്തരവാദിത്വമാണ്. നല്ലതായാലും ചീത്തയായാലും അവയുടെ ഫലങ്ങൾ ഞാൻ അനുഭവിക്കാതെ തരമില്ല. ആവശ്യമായ പരിശ്രമങ്ങളിലൂടെ അവയിൽ നിന്ന് മോചനം സാധിക്കുക മാത്രമല്ലേ ശ്രമണർക്ക് കരണീയമായിട്ടുള്ളത്. ശ്രമണന് സ്ഥാപനങ്ങൾ തടവറകളാണ്. അവയ്ക്കു പുറത്താണ് വിമോചനം. ഒന്നിച്ചുള്ളപ്പോൾ നാമിത് പലവുരു സംസാരിച്ചിട്ടുള്ളതാണ്. ഞാൻ സ്വീകരിച്ച വഴിയല്ലാതെ മറ്റൊരു വഴിയില്ലേയെന്ന് ചന്നൻ ചിന്തിച്ചിരുന്നതായി എനിക്കുമറിയാം. അവനത് മറ്റൊരാളുമായി, നീയായിട്ടുപോലും പങ്കുവെക്കാനായിട്ടില്ലല്ലോ!

‘‘ആത്മീയാന്വേഷണങ്ങളുടെ കഠിനമായ വഴികൾ മറ്റൊരാളുമായി പങ്കിടുക അസാധ്യമാണ്’’ ഇത് നിന്റെ വാക്കുകളാണ്. ഓർക്കുന്നോ? ഈ തിരിച്ചറിവിനെ അനുഗമിച്ചാൽ നിന്റെ പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ ലഭിച്ചേക്കാം. എന്റെ മാതാവിന്റെയും പിതാവിന്റെയും മരണങ്ങൾ ഞാൻ അറിഞ്ഞില്ലെന്ന് നീ കരുതുന്നുണ്ടോ? അത് എന്നെ ഒട്ടും സ്പർശിച്ചിട്ടില്ലെന്നും നീ കരുതുന്നുവോ? എങ്കിൽ എന്റെ ബുദ്ധത്തം കൊണ്ടെന്തു ഫലം? വികാരങ്ങളും വിചാരങ്ങളും തൃഷ്ണയും കാമവും ഒന്നും എനിക്കും അന്യമല്ല. അവ പ്രകൃതിയുടെ ലാളനകളല്ലേ? വൃക്ഷലതാദികളും തിര്യക്കുകളും ഒന്നുംതന്നെ അതിന് അതീതരല്ല. പക്ഷേ അവർക്കൊന്നുമില്ലാത്ത ഒരു അനുഗ്രഹവുമായാണ് മനുഷ്യൻ ഭൂമിയിൽ സംഭവിക്കുന്നത്. പരിണാമം വരച്ച വരയിൽ നിന്ന് തെന്നിമാറിയുള്ള തിരഞ്ഞെടുപ്പുകൾ മനുഷ്യനു മാത്രം സാധിക്കുന്നതാണ്. പരിണാമത്തിൽ അന്തസ്ഥിതമായ ഹിംസയെ വർജിക്കാനും അഹിംസയെ പുണരാനും സാധിക്കുന്നത് മനുഷ്യന് മാത്രമാണ്. തിരഞ്ഞെടുപ്പിനുള്ള ഈ സിദ്ധി മനുഷ്യന് മാത്രമുള്ള അനുഗ്രഹമാണ്. അതോ ശിക്ഷയോ? രണ്ടുമാകാം. രണ്ട് നോട്ടങ്ങളിൽ. തിരഞ്ഞെടുപ്പുകളെല്ലാം ദുഃഖകരമാണ് ഗോപേ. അതിൽ ഏതിന്റെയെങ്കിലുമൊക്കെ തിരസ്കാരമുണ്ട്. പക്ഷേ മനുഷ്യനായി തുടരണമെങ്കിൽ ആ സംത്രാസത്തിലൂടെ കടന്നുപോവുക തന്നെ വേണം.
ആനന്ദൻ അവന്റെ സ്വന്തം അന്വേഷണങ്ങളിലൂടെ എന്നിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഒഴിഞ്ഞു കിടന്ന സ്ഥാനത്ത് അവനെ അവരോധിച്ചതല്ല. അത് സംഭവിക്കുകയാണ്. എന്തും സംഭവിക്കുകയാണ് വേണ്ടത്. നിയമനങ്ങൾ കൊട്ടാരങ്ങളിലും അധികാര സ്ഥാപനങ്ങളിലും ആണ്. ചന്നനല്ലേ അവന്റെ സ്വന്തം തിരഞ്ഞെടുപ്പുകൾ നടത്തേണ്ടത്? എന്റെ യാത്ര എന്റെ മാത്രം തിരഞ്ഞെടുപ്പാണല്ലോ. ആകണമല്ലോ. അവൻ എന്തിനെങ്കിലും അർഹനോ അനർഹനോ ആകേണ്ടത് എന്റെ തീരുമാനപ്രകാരമല്ല. ആയിരിക്കുകയുമരുത്. ‘‘അന്വേഷണത്തിന്റെ ഏകാന്തയാത്രയിൽ അവൻ ഒരു ഭാരമാകുമെന്ന് തോന്നിയോ?’’ എന്ന് നിന്റെ ചോദ്യമുന കൂർക്കുന്നു. ‘അന്വേഷണത്തിന്റെ ഏകാന്തയാത്ര’ എത്ര മനോഹരമായാണ്, എന്റെ, ആരുടെയും, ആത്മീയാന്വേഷണത്തെ, നീ മനസ്സിലാക്കിയത്. അതുതന്നെയാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരവും എന്ന് അറിയാവുന്ന വിവേകമതിയാണ് നീയെന്ന് എനിക്കറിയാം. ആത്മീയാന്വേഷണം നാടുകാണാനിറങ്ങുന്ന കേവല സഞ്ചാരമല്ലെന്നും നിനക്ക് നന്നായറിയാം. ഏത് യാത്രയിലും ഭാരം ഏറ്റവും കുറയുന്നത് തന്നെയാണ് ഉചിതം. ആത്മീയാന്വേഷണത്തിൽ വഴികാട്ടികൾക്ക്, സഹചാരികൾക്ക് സ്ഥാനമില്ല. പരിചിതവും അനേകം ആവർത്തി സഞ്ചരിച്ച് പതിഞ്ഞ വഴികളല്ലേ വഴികാട്ടികൾക്ക് അറിയാവുന്നത്. ആത്മീയാന്വേഷണത്തിേൻ്റത് ഏകാന്ത യാത്രയാണെങ്കിൽ പിന്നെ ചന്നന് എന്നോടൊപ്പം എങ്ങനെ സഞ്ചരിക്കാനാവും? പിന്നെയത് ഏകാന്തമല്ലല്ലോ? അതിൽ നീ യുക്തിഭംഗം കാണുന്നില്ലേ? ഞാൻ സ്വീകരിച്ച വഴിയല്ലാതെ മറ്റൊരു വഴിയില്ലേയെന്ന് അവൻ ചിന്തിച്ചിരുന്നതായും ഗോപയ്ക്കറിയാമെന്നു പറയുന്നു. അപ്പോൾ അതുതന്നെയല്ലേ എന്നെ അനുഗമിക്കാൻ ചന്നനെ അനർഹനാക്കിയിട്ടുണ്ടാവുക. അവെൻ്റ വഴി വേറെയാണ്. ഗോപയുടെതും. ഓരോരുത്തരും സ്വന്തം മാർഗ്ഗം കണ്ടെത്തുക തന്നെയല്ലേ വേണ്ടത്?
പീഢകരും ഇരകളും ഒരേ തടവറകളാണ് പങ്കിടുന്നത്. നാഗരികതകളും സംസ്കാരങ്ങളും കെട്ടിപ്പൊക്കിയ സ്ഥാപനങ്ങൾക്കകത്താണ് മനുഷ്യർ ഇരകളും പീഢിതരുമാക്കപ്പെടുന്നത്.
‘‘സിദ്ധാർത്ഥ, നിനക്ക് പരിപൂർണ്ണ നഗ്നനായി എന്റെ നഗ്നശരീരത്തോടൊപ്പം ശയിക്കാനാവുമോ?’’ നീ എന്നെ ഒരിക്കൽ വെല്ലുവിളിച്ചിട്ടുണ്ട്. ഗോപയ്ക്ക് ഓർമ്മയുണ്ടോ?
ആ ചോദ്യം മാത്രമല്ല, നിന്റെ ഏതു ചോദ്യവും ഉത്തരം അർഹിക്കുന്നില്ല എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല. അതുകൊണ്ടുമല്ല ആ ചോദ്യത്തിനുള്ള മറുപടി ഞാൻ ഒരു മന്ദഹാസത്തിൽ ഒതുക്കിയത്. എന്റെ മൗനമാണ് അതിനുള്ള ഉത്തരം എന്ന് നിന്നെ ഇകഴ്ത്തുകയുമായിരുന്നില്ല. എനിക്കുപോലും പൂർണ്ണ ബോദ്ധ്യമില്ലാതിരുന്ന ഒരു കാര്യത്തിൽ ഞാൻ എങ്ങനെ മറുപടി പറയും? ഞാൻ അതിന്റെ ഉത്തരത്തിലേക്കുള്ള യാത്ര തുടങ്ങിയതല്ലേ ഉണ്ടായിരുന്നുള്ളു. ആ മൗനത്തിന് അത്രയേ അർത്ഥമുള്ളു. ഇന്ന് എനിക്ക് പറയാനാവും, ഏത് നഗ്നനാരിക്കൊപ്പം ശയിച്ചാലും എന്റെ ശരീരം എന്റെ വരുതിയിലായിരിക്കും. പ്രകൃതിയുടെ പരിണാമ നിയമങ്ങളെ മറികടക്കാനാവുന്ന തലത്തിലേക്ക് പ്രജ്ഞയും ശരീരവും ഉണർന്നു കഴിഞ്ഞിരിക്കുന്നു. ജീവികളിൽ മനുഷ്യന് മാത്രം പ്രാപ്യമായ അന്തഃകരണത്തിന്റെ അനന്തസ്ഥലികളിലേക്ക് അതിനെ ഉണർത്തിയെടുക്കുവാൻ കഴിയുന്നതുകൊണ്ടാണ്. സിദ്ധാർത്ഥനു മാത്രമല്ല, നിനക്കും ചന്നനും, മറ്റ് ഏതൊരു മനുഷ്യനും പ്രതിബദ്ധതയോടെ ശ്രമിച്ചാൽ എത്തിച്ചേരാവുന്ന അവസ്ഥയാണത്. ഇന്ദ്രിയ സുഖങ്ങൾക്കുമേൽ ശാരീരിക തൃഷ്ണകൾക്കുമേൽ പ്രജ്ഞ നേടുന്ന ആധിപത്യം! കാമം പൂർണമായും അസ്തമിക്കും, അസ്തമിക്കണം എന്ന് ഞാൻ എവിടെ പറഞ്ഞു? കാമം, തൃഷ്ണകൾ, ലൈംഗിക സുഖങ്ങൾ എന്നിവ വ്യക്തിയെ കീഴ്പ്പെടുത്തരുത്. ഭരിക്കരുത്. അവയ്ക്ക് മേൽ നമുക്കായിരിക്കണം യജമാനത്തം. അത്രയേ വേണ്ടൂ. അതേ സാധ്യമാകൂ. ഭൂമിയിൽ എല്ലാവരും കാമത്തിൽ നിന്ന് ഓടിയൊളിച്ച് ബ്രഹ്മചാരികളായിത്തീർന്നാലത്തെ അവസ്ഥയെക്കുറിച്ചുള്ള നിന്റെ ഉൽകണ്ഠകൾ ന്യായം തന്നെ. കുഞ്ഞുങ്ങൾ ചിരിക്കാത്ത, കുഞ്ഞാടുകളുടെ തുള്ളിച്ചാടലുകളില്ലാത്ത ഭൂമി ഊഷരമല്ലേ? മനുഷ്യകുലം അറ്റു പോകില്ലേ? എന്തിൽനിന്നും, കാമത്തിൽ നിന്ന് മാത്രമല്ല, ഓടിയൊളിക്കുന്നതാണ് വിമോചനം എന്ന് ഞാൻ പറയുമെന്ന് ഗോപ കരുതുന്നുവോ? എന്തും അറിഞ്ഞവനല്ലേ അതിനെ അതിജീവിക്കാനാവുക. ജീവന്റെ തുടിപ്പിനും തുടർച്ചയ്ക്കുമെതിരല്ല ബോധിസത്വൻ.

ഭോഗ, ഉപഭോഗ തൃഷ്ണകൾക്ക് അന്ധമായി കീഴ്പ്പെടുന്ന, ചേതനയുടെ ഉപരിയാഥാർഥ്യങ്ങളിലേക്ക് തുറക്കാത്ത മനസ്സുകളെ ഉണർത്തുകയാണ് ഞാൻ ചെയ്യുന്നത്. കാമം പ്രപഞ്ച യാഥാർത്ഥ്യമായതിനാൽ, ജീവിവർഗ്ഗങ്ങളുടെ നിലനിൽപ്പിനും തുടർച്ചയ്ക്കും ആവശ്യമാണെന്നതിനാൽ അതിൽ മാത്രം മുങ്ങിനിവരണമെന്നില്ല. നിരാസത്തിനും സ്വീകരണത്തിനും ഇടയിലുള്ള മധ്യപഥത്തിലാണ് ഗൗതമൻ നിലകൊള്ളുന്നത്. ആസക്തിയും അനാസക്തിയും രണ്ട് അറ്റങ്ങൾ. രണ്ടും ഗൗതമന്റെ വഴികളല്ല. ഇത്രയും ജ്ഞാനമെങ്കിലും സിദ്ധമല്ലെങ്കിൽ ഞാൻ എങ്ങനെ ബോധി സത്വനാകും? എന്റെ ബോധോദയം എത്ര ശുഷ്കമായിരിക്കും. കേട്ടുകേൾവികളിലൂടെ നിന്നിലെത്തുന്ന അർദ്ധസത്യങ്ങൾ നിന്റെ മനസ്സിനെ കലുഷമാക്കിയതാവാം.
കാമങ്ങളിൽ നിന്നോ, അധികാരത്തിൽ നിന്നോ, കൊട്ടാരത്തിൽ നിന്നുപോലുമോ, അല്ലെങ്കിൽ നിന്നിൽ നിന്നോ രാഹുലനിൽ നിന്നോ; എനിക്ക് ബാഹ്യമായ എന്തിൽനിന്നെങ്കിലും പോലുമോ ഒളിച്ചോടുകയോ സ്വതന്ത്രമാവുകയോ ആയിരുന്നില്ല ഗോപേ എന്റെ പുറപ്പാടിന്റെ ലക്ഷ്യം. ഇതിൽ നിന്നെല്ലാം സ്വതന്ത്രമായ ഒരു നിലനില്പ് ബോധിസത്വനു പോലും അസാദ്ധ്യമല്ലേ? ചുറ്റിനുമുള്ളവയോടും തന്നിലുള്ളടങ്ങിയവയോടുമുള്ള പരസ്പരാശ്രിതത്വത്തിലല്ലേ ഭൂമിയിൽ മനുഷ്യവാഴ് വ് സാദ്ധ്യമാകൂ. കൊട്ടാരത്തിനുപുറത്ത്, തെരുവുകളിൽ കണ്ട കാഴ്ചകളല്ലേ സിദ്ധാർത്ഥനിൽ നിന്ന് ബുദ്ധനെ വിമോചിപ്പിക്കുന്നത്. സ്വാതന്ത്ര്യം മോഹിപ്പിക്കുന്ന ഒരു സങ്കല്പനം തന്നെ. പക്ഷേ അത് മനുഷ്യന്റെ ഒരു ഭ്രമചിന്തമാത്രമാണ്. സ്വാതന്ത്ര്യം ഭൂമിയിൽ ഒരു ജീവിക്കും വിധിച്ചിട്ടില്ലെന്നതല്ലേ യാഥാർത്ഥ്യം. പുൽക്കൊടി മുതൽ നക്ഷത്രരാശികൾ വരെയുള്ള എല്ലാമായുമുള്ള പരസ്പര ബന്ധുത്വം ഒരു വ്യകതി അറിയുന്നത് അയാൾ ചെറുവൃത്തങ്ങളിൽ നിന്ന്, ബൃഹദ് വൃത്തങ്ങളിലേക്ക് വ്യാപിക്കുമ്പോഴാണ്. നാം നിന്നിരുന്ന ചെറു വൃത്തങ്ങളുടെ തുച്ഛത അറിയുന്നതപ്പോൾ മാത്രം.
സ്വന്തം കുഞ്ഞ് മരിച്ചതിന്റെ വേദനയിൽ ആർത്തലച്ചെത്തിയ ഗോമതിയെന്ന സഹോദരിക്കും ഇതേ സത്യം പകർന്നു നൽകാനായിരുന്നു എന്റെ ശ്രമം. സ്വന്തം ഗ്രാമത്തിൽ പോയി മരണം സംഭവിക്കാത്ത ഏതെങ്കിലുമൊരു വീട്ടിൽ നിന്ന് ഒരു പിടി കടുക് കൊണ്ടുവരാനാണ് ഞാൻ അവരോട് ആവശ്യപ്പെട്ടത്. പകലന്തിയോളം അലഞ്ഞിട്ടും വീടുകൾ കയറിയിറങ്ങിയിട്ടും പ്രിയപ്പെട്ടവരുടെ ആരുടെയെങ്കിലും മരണം സംഭവിക്കാത്ത ഒരു വീടുപോലും അവൾക്ക് കണ്ടെത്താനായില്ല. കടുകില്ലാതെ ശൂന്യമായ കൈകളോടെ മടങ്ങിയെത്തിയ ഗോമതിയുടെ മനസ്സ് പക്ഷേ ശാന്തമായിരുന്നു. ആ സ്ത്രീക്ക് ഞാൻ നൽകിയത് വെറുമൊരു ഉപമയാണെന്ന് നീ പരിഭവിച്ചതും ഞാനറിഞ്ഞിരുന്നു. നീയായിരുന്നെങ്കിൽ അവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു ചെയ്യുകയെന്നും, എന്റെ പ്രവൃത്തിയെ നീ വിമർശിച്ചിരുന്നു. മറ്റൊരു വിധത്തിലാണെങ്കിലും അവരുടെ ദുഃഖനിവാരണം തന്നെയല്ലേ ഞാൻ നിർവഹിച്ചത്. അവരുടെ ദുഃഖം പങ്കിടുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതിനുമുള്ള മറ്റൊരു സാന്ത്വന ചികിത്സ എന്ന് എന്റെ പ്രവൃത്തിയെ മനസ്സിലാക്കാനാവില്ലേ? ചെറുവൃത്തത്തിൽ നിന്ന് അവളെ വലിയ വൃത്തത്തിലേക്ക് ബന്ധിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്.
സ്ഥാപനങ്ങൾ നിർവ്വചിച്ചുറപ്പിച്ചിരിക്കുന്ന അധികാര– അവകാശങ്ങളുടെയും, അവയുടെ ഉടുത്തുകെട്ടുകൾകക്കത്തല്ലാതെയും സംഭവിക്കുന്ന കാമം ധ്യാനമല്ലാതെ മറ്റെന്താണ്? അത് നീയും സമ്മതിക്കുന്നതല്ലേ? വീടുകളിലും ഗണികാഗൃഹങ്ങളിലും, കൊട്ടാരങ്ങളിലും നിത്യേന അരങ്ങേറുന്ന ബഹുസഹസ്രം കാമകേളികളിൽ ഉടുവസ്ത്രങ്ങൾ മാത്രമല്ലേ ഉരിഞ്ഞെറിയപ്പെടുന്നത്. ഉടലിലും അന്തക്കരണത്തിനകത്തും മുദ്രിതമായ സംസാരബന്ധങ്ങളുടെ ഉടുത്തുകെട്ടുകളല്ലല്ലോ. വിരഹമുണ്ടാക്കിയ വേപഥുകളും അലോസരങ്ങളും ഉൽകണ്ഠകളുമടങ്ങുന്ന ചെറുവൃത്തത്തിൽ നിന്ന് പുറത്തുകടന്നപ്പോൾ ഗോപേ, നീയും അറിഞ്ഞതല്ലേ എന്റെ ഇറങ്ങിപ്പോക്കിലുൾച്ചേർന്ന നിന്റെ വിമോചനവും? അധികാരത്തിന്റെ അനുഷ്ഠാനങ്ങൾക്ക് പുറത്ത്, ഒരു വ്യക്തിയെന്ന നിലയിൽ നിന്റെ ആത്മാവിന്റെ ശാസനകളെ മാത്രം അനുസരിക്കുന്നവളാകാൻ നിനക്കും സന്ദർഭമൊരുങ്ങിയില്ലേ? ഭൃത്യനായ ചന്നനിലുള്ള ആത്മമിത്രത്തെ നീ അല്ലെങ്കിൽ കണ്ടെത്തുമായിരുന്നോ? ഭൃത്യനും രാജകുമാരിക്കും സന്തതസഹചാരികളും, ആത്മീയാന്വേഷണത്തിന്റെ കഠിനയാത്രകളിൽ പരസ്പര സഹായികളുമാകാൻ അത് നിമിത്തമാകുകയായിരുന്നില്ലേ? രാജാവില്ലാത്ത രാജ്യത്ത് പ്രജകളുമില്ല. സ്വയം ഭരിക്കുന്ന വ്യകതികളുടെ അദ്വൈതം മാത്രമാണുള്ളത്.
പീഢകരും ഇരകളും ഒരേ തടവറകളാണ് പങ്കിടുന്നത്. നാഗരികതകളും സംസ്കാരങ്ങളും കെട്ടിപ്പൊക്കിയ സ്ഥാപനങ്ങൾക്കകത്താണ് മനുഷ്യർ ഇരകളും പീഢിതരുമാക്കപ്പെടുന്നത്. അവയ്ക്കകത്താണ് ഈ ദ്വിമാനത പരസ്പരം പോരടിച്ച് എതിർനില്ക്കുന്നത്. അവയ്ക്ക് പുറത്ത് കടക്കുമ്പോൾ തെളിനീർ പോലെ തെളിയുന്നതാണ് ആത്മാവിന്റെ ആദിമ നഗ്നത. ശേഷം കാണുന്നത് അതുവരെ കണ്ട സൂര്യോദയങ്ങളല്ല. പുറംതോടുകളുടെ സ്വാസ്ഥ്യം തകർക്കാതെ പുതുജന്മം അസംഭവ്യം. പക്ഷിക്കുഞ്ഞിന്റെയും ഏതൊരു മനുഷ്യക്കുഞ്ഞിന്റെയും ജന്മം പോലെ. ആ വേദന സഹനീയമാക്കുകയേ നിവൃത്തിയുള്ളൂ. ഒമ്പതു മാസങ്ങളിലെ സ്വാസ്ഥ്യം തകർത്തുകൊണ്ട് പിറക്കുന്ന കുഞ്ഞ് കരഞ്ഞുകൊണ്ടല്ലേ ഭൂമിയിലെത്തുന്നത്. അമ്മയും വേദനയുടെ കൊടുമുടി കയറിയിറങ്ങുന്നു. രണ്ടുപേരും അനന്ത വിസ്മയങ്ങൾ കാത്തുവെച്ചിരിക്കുന്ന ഒരു ലോകത്തേക്ക് പിറക്കുകയാണ്.
എന്റെ യാത്രയിലൊരിടത്തുണ്ടായ അനുഭവം ഞാൻ നീയുമായി പങ്കുവയ്ക്കാം. സമ്പത്തും അധികാരവും പുരുഷ പ്രാമാണികതയും കൊണ്ട് മത്തുപിടിച്ച ഒരു സംഘം യുവാക്കൾ ലൈംഗികമായി പിച്ചിച്ചീന്തുന്നതിനിടയിൽ ഓടിരക്ഷപ്പെട്ട് എന്റെ അരികിലെത്തിയ ഒരു അജ്ഞാതയായ സഹോദരിയോട് ഞാൻ പറഞ്ഞു: ഇനി നീ ആരിൽ നിന്നും ഓടേണ്ടതില്ല. കാരണം നീ നിന്നുകഴിഞ്ഞിരിക്കുന്നു. സ്വയം നിൽക്കാൻ പഠിച്ച സ്ത്രീയെ ഓടിക്കാൻ ഒരു പുരുഷനും ഒരു അധികാരമുഷ്കിനും ശകതിയില്ല. ആ സഹോദരിയുടെ മുഖത്ത് വിരിഞ്ഞ തിളക്കം, ഗോപേ ഞാൻ നിന്റെ മുഖത്തും കാണുന്നു. ഇത് നിനക്കുള്ള ഉത്തരമാകുമോ; മറുപടിയാകുമോ എന്ന് എനിക്കറിയില്ല.
‘‘സ്ത്രീയാണ് യഥാർത്ഥ അന്വേഷി, അവളിലൂടെയാണ് ഗോതമബുദ്ധൻ അതിജീവിക്കുക. ഭൂമിയിൽ പുരുഷനേക്കാൾ പൂർണ്ണത സ്ത്രീയിലാണ്. സ്ത്രീയിലൂടെയാണ് പൂർണതയിലേക്കുള്ള അന്വേഷണങ്ങൾ നടക്കേണ്ടത്’’ എന്നെല്ലാം ഗോപ പറഞ്ഞതായി ഞാൻ അറിയുന്നു. ഈ വിചാരങ്ങൾ ദ്വിമാന ചിന്തോപാധികൾക്കകത്ത് മാത്രം പ്രവർത്തനക്ഷമമാകുന്നതല്ലേ? എതിർനിർത്തപ്പെടുന്ന, ശത്രുതയിൽ വസിക്കുന്ന ദ്വിത്വങ്ങൾ മറികടക്കപ്പെടുമ്പോഴല്ലേ ആത്മീയ മോചനം സംഭവിക്കുക? ശത്രുതയുടെ പരുഷതയൊഴിഞ്ഞ് പുരുഷനും സ്ത്രീയും ആ തുഞ്ചത്തെത്തിയാൽ പിന്നെ സ്ത്രീയില്ല, പുരുഷനുമില്ല. സ്ഥാപന യുക്തികൾക്കകത്തു മാത്രമാണ് സ്ത്രീ / പുരുഷൻ, സ്ത്രൈണത /പൗരുഷം എന്നീ ഇരട്ടകൾ പരസ്പരം എതിർനിലയിൽ നിർത്തപ്പെടുന്നത്. സ്വതന്ത്രവും ഏകാന്തവുമായ ആത്മീയാന്വേഷണങ്ങളിലൂടെ അവർ രണ്ടുമല്ലാത്ത അവസ്ഥ പ്രാപിക്കുകയല്ലേ വേണ്ടത്? പിന്നീട് വൈവിധ്യങ്ങളേയുള്ളു. വൈജാത്യങ്ങളേയുള്ളു. ആത്മീയതക്കെന്ത് സ്ത്രൈണതയും പൗരുഷവും? അത് സമവർത്തിയായ, സമസ്ഥിതമായ ഒരു അവസ്ഥയാണ്. അപരിചിതമായതിനാൽ നമുക്കത് സങ്കൽപ്പ സാധ്യമാവണമെന്നില്ല.
പ്രകൃതിയിൽ ഭേദചിന്തകളില്ല. മേൽകീഴുകളില്ല. അനാദിയായ വൈവിധ്യങ്ങളെയുള്ളു. വൈവിധ്യങ്ങളുടെ ഉത്സവമാണ് പ്രകൃതി. ഒന്നിനെയും മറ്റൊന്നിനുമേൽ അത് പ്രതിഷ്ഠിക്കുന്നില്ല. ആ നീചത മാനുഷികമാണ്; കൂട്ടബലാത്സംഗം പോലെ. യഥാർത്ഥ അന്വേഷികൾ ഏകാകികളാണ്. ആഴിയോളം ആഴമുള്ള ഏകാന്തത അറിയുന്നവർ. പിന്നെന്തിന് സ്ത്രീയും പുരുഷനും തുല്യരാവണം? അവർ വ്യത്യസ്തരായാൽ പോരെ? മോഹിപ്പിക്കുന്നതെങ്കിലും തുല്യതാസങ്കൽപം അസാധ്യവും അനഭികാമ്യവുമല്ലേ?
പ്രകൃതിക്കെതിരെ തുഴയാൻ ഈ ഗൗതമൻ ആരാണ്? മോഹിപ്പിക്കുന്ന എന്തിനോടുമുള്ള അപ്രതിരോധ്യമായ അഭിനിവേശമാണ് കാമം. അത് സ്ത്രീലൈംഗീകത മാത്രമാവണമെന്നില്ല. ധനം, അധികാരം, ജാത്യാഭിമാനം, ഹിംസ, അഹംഭാവം... എന്തുമാകാം. വിഹാരം ഉപേക്ഷിച്ചിറങ്ങിയ സുധിനനെ പറ്റി നീ കേട്ടിട്ടില്ലേ? അടക്കാനാവാത്ത ലൈംഗീക തൃഷ്ണയിൽ എരിഞ്ഞടങ്ങിയ ജീവിതമായിരുന്നു ആ സാധുവിന്റേത്. കാമത്തിൽ നിന്ന് ഒളിച്ചോടി ഭൂമിയിൽ എല്ലാവരും ബ്രഹ്മചാരികളായാൽ മനുഷ്യകുലം അസ്തമിക്കുകയല്ലേ ഫലം. അത്തരമൊരു മൗഢ്യം നിന്റെ സിദ്ധാർത്ഥൻ ഉപദേശിക്കുമെന്ന് നീ ധരിക്കുന്നതെങ്ങനെ? പ്രപഞ്ചവും ഭൂമിയും അവയുടെ നിയമങ്ങളും ഈ ബുദ്ധനും ബാധകമാണ്. ബുദ്ധനും ഒറ്റയടിവെച്ച് ഭൂമിയിൽ അമർന്നേ സഞ്ചരിക്കാനാവു. ഈ കാലുകൾ കൊണ്ടുപോകുന്നേടം മാത്രമേ എനിക്ക് സഞ്ചരിക്കേണ്ടതുമുള്ളു. അത് പ്രകൃതിയുടെ നിശ്ചയമാണ്.

യാത്രാമൊഴികളില്ലാതെ മാത്രം പോകാനാവുന്ന ചില യാത്രകളുണ്ട് ഗോപേ. നിന്നോടും രാഹുലനോടുമുള്ള ഉപേക്ഷയല്ല അത്. ചില യാത്രകൾ അങ്ങനെയാണ്. നിന്റെ വേദനയും ഒറ്റപ്പെടലും ഞാൻ ഒട്ടും കുറച്ചുകാണുകയല്ല. എനിക്കും വേദനയുണ്ടായിരുന്നില്ലെന്ന് നീ ധരിക്കേണ്ടതില്ല. കുഞ്ഞിന്റെ പിറവിയിൽ അമ്മ അനുഭവിക്കുന്ന വേദന പോലെ ചില വേദനകൾ ഒഴിവാക്കാവുന്നതല്ല. കൊട്ടാരം, രാജാവ്, അധികാരം, കുടുംബം, അവയുണ്ടാക്കുന്ന ബന്ധങ്ങൾ– ഇവയിൽ നിന്ന് എനിക്ക് പുറത്ത് കടന്നേ മതിയാകുമായിരുന്നുള്ളു. സ്ഥാപനങ്ങൾ നിയമങ്ങളും കീഴ് വഴക്കങ്ങളും കൊണ്ട് വ്യക്തികളെ ബന്ധനസ്ഥനാക്കുകയാണ്. സ്വതന്ത്രവും ഏകാന്തവുമായ അന്വേഷണങ്ങൾ അവയുടെ പ്രകൃതിയിലില്ല. ആസക്തികൾ ഒന്നൊന്നായി വളർന്ന് എനിക്ക് ചുറ്റും കൂറ്റൻ മതിലുകൾ തീർക്കുകയായിരുന്നു. എനിക്ക് പൊട്ടിച്ചെറിയാതെ നിർവ്വാഹമില്ലായിരുന്നു.
‘‘മക്കളുടെ വളർച്ചയ്ക്ക് അച്ഛന്റെയും അമ്മയുടെയും സാന്നിധ്യവും സ്നേഹവും ആവശ്യമാണ്’’ എന്ന് നീ പറയുന്നത് ആർക്ക് നിഷേധിക്കാനാവും? രാഹുലന്റെ നഷ്ടം അവനെപ്പോലുള്ള ബഹുസഹസ്രം രാഹുലന്മാർക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കുകയായിരുന്നോ എന്ന മറുചിന്തകൊണ്ടല്ലാതെ എങ്ങനെ നേരിടാനാവുമെന്ന് എനിക്കറിയില്ല. ബോധിസത്വന് മുൻപും ശേഷവും മനുഷ്യരാശിയുള്ളിടത്തോളം കാലം മഹാമനീഷികൾ, ഏകാന്തപഥികരായ അന്വേഷകർ നേരിടുന്ന ചോദ്യങ്ങളായിരിക്കുമിത്. ഒരു പൊതുഗണത്തിന്റെ സാമാന്യയുക്തിയിലേക്ക് ഉൾക്കൊള്ളാനാവാത്ത ഒറ്റതയാണത്. ചെറുവൃത്തത്തിൽ നിന്നും ആ കാഴ്ചയെ ബൃഹത് വൃത്തത്തിന്റെ കാഴ്ചപ്പാടിൽ കാണാൻ ശ്രമിക്കുക മാത്രമേ കരണീയമായിട്ടുള്ളു. എനിക്കോ ആ മനീഷികൾക്കോ തടഞ്ഞുവെക്കാനാവാത്ത പ്രപഞ്ചചൈതന്യ പ്രവാഹത്തിന്റെ ഇരകളാണ് ഞാനും അവരും.
മകനും പ്രിയ പത്നിക്കും നേരെ ഉപേക്ഷ കാണിച്ചവൻ എന്ന പഴി വിനയപൂർവ്വം സ്വീകരിക്കുവാനേ എനിക്ക് നിർവ്വാഹമുള്ളൂ. അതിന് ന്യായീകരണമായി കൂടുതലൊന്നും പറയാനില്ലാത്ത നിസ്സഹായനാണ് ഞാൻ. ഞാൻ നമ്രശിരസ്കനായി നിങ്ങളുടെ മുന്നിൽ നിൽക്കുകയാണ്. കൈയ്യിലൊരു ഭിക്ഷാപാത്രം മാത്രമാണ് എന്റെ ഏക സമ്പാദ്യം. അത് ഞാൻ രാഹുലന് നിവേദിക്കുന്നു. ബാക്കിയെല്ലാം എന്റെ മഹാപ്രയാണത്തിന്റെ ആരംഭത്തിൽ തന്നെ അഗ്നിക്കിരയാക്കിയല്ലോ? അതുകൊണ്ട് അവൻ പൊറുക്കുമെങ്കിൽ അങ്ങനെ. ഇല്ലെങ്കിൽ ആ ഭാരവും ഞാൻ ശിരസ്സേറ്റുന്നു. ഇതിൽ കൂടുതൽ ഇനി ഞാനെന്തു പറയാൻ!
എന്റെ ഉത്തരങ്ങൾ നിന്നെ തൃപ്തിപ്പെടുത്തിയോ എന്ന് എനിക്കറിയില്ല. ഗോപേ, ഞാൻ ഇറങ്ങുന്നു. ഇതിനകം ഗോപ മഹാമൗനത്തിലാണ്ടു കഴിഞ്ഞിരുന്നു. സിദ്ധാർത്ഥൻ തിരിച്ച് നടന്നു. ഗൗതമ ബുദ്ധന്റെ കാലടി ശബ്ദങ്ങൾ അകന്നു പോയി, കൂടെ കൂടിയ കാറ്റിൽ കുടിലിന്റെ വാതിലുകൾ ബുദ്ധന് പുറകിൽ സൗമ്യമായി അടഞ്ഞു. ഗോപയെ ഉണർത്താതിരിക്കാനുള്ള കരുതലെന്നപോലെ.